2009, മേയ് 28, വ്യാഴാഴ്‌ച

പാമരനാം പാട്ടുകാരന്‍


നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖഭോഗങ്ങളെ, സൗകര്യങ്ങളെ മൂര്‍ച്ചയുള്ള മുള്ളുകളാലെന്നവണ്ണം കുത്തിക്കീറി വിചാരണയക്ക്‌ പാത്രമാക്കുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിരിക്കണം. നമുക്കൊപ്പമുണ്ടായിരുന്ന കഴിവുറ്റവര്‍ ജീവിതവഴിയുടെ ജീര്‍ണഗര്‍ത്തങ്ങളില്‍ നിപതിച്ച്‌, അല്‌പം ആശ്വാസത്തിനായി പിടയുമ്പോഴാണ്‌ അനര്‍ഹമെന്നുപോലും പറയാവുന്ന ഉയരത്തില്‍ നാം അഹങ്കാരികളായി വിഹരിക്കുന്നത്‌. എന്തുകൊണ്ട്‌ നമ്മേക്കാള്‍ പ്രതിഭയുള്ളവരായിട്ടും ജീവിതത്തിന്റെ സൗവര്‍ണശോഭ അവരുടെ ശിരസ്സുകളില്‍ മാത്രം പതിയുന്നില്ല? ആരാണ്‌ അവരെ കഠിനാധ്വാനത്തിന്റെ കരിങ്കല്‍കുഴികളിലേക്ക്‌ തള്ളിയിട്ടത്‌?

ഞാന്‍ ഇങ്ങനെ കഠിനമായി പിടയാറുള്ള ഒരു സന്ദര്‍ഭം എന്റെ സഹപാഠിയായിരുന്ന ബാബുവിന്റെ സാന്നിധ്യമാകുന്ന നെരിപ്പോടിലാണ്‌. എന്നെ കാണുമ്പോള്‍ ഹൃദ്യമായി ചിരിക്കുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്ന അവന്‍ അറിയുന്നില്ല, തീ പൊള്ളലേറ്റ്‌ പിടഞ്ഞുകൊണ്ടാണ്‌ അവന്റെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നതെന്ന്‌. എന്റെ സമപ്രായമാണെങ്കിലും ജീവിതായാസത്തിന്റെ കഠിനവ്രണങ്ങളുടെ വടു അവന്റെ ശരീരത്തില്‍ തെറിച്ചുനിന്നിരുന്നു. തോളില്‍ കൈക്കോട്ടോ മഴുവോ ഗദപോലെ പിടിച്ച്‌, അവന്‍ ഉറച്ച കാല്‍വയ്‌പുകളോടെ മുന്നോട്ടു നടക്കുമ്പോള്‍, ആ ആയുധത്തിന്റെ പ്രഹരശേഷി പൂര്‍ണമായും എന്റെ തലയിലേക്ക്‌ ചരിയുന്നതായി എന്നിക്കുതോന്നും.

രണ്ടുമാസം മുമ്പ്‌, കുറിഞ്ഞിക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ സമാപനദിവസം, ചൈനീസ്‌ വെടിക്കെട്ടു കാണാന്‍ വിശാലമായ വയലില്‍ ഇരിപ്പിടം തേടി നടക്കുമ്പോള്‍ ഞാന്‍ ബാബുവിനേയും കുടുംബത്തേയും കണ്ടു. എന്തുതന്നെയായാലും അവന്റെ ചാരത്തുതന്നെയിരിക്കണം എന്ന്‌ തീരുമാനിച്ച്‌, അടുത്തുള്ള മറ്റൊരു കുടുംബത്തിന്റെ നീരസം പോലും പരിഗണിക്കാതെ തിക്കിത്തിരക്കി ഞാന്‍ കുടുംബസമേതം അവന്റെ സമീപത്തുതന്നെയിരുന്നു. ഞങ്ങള്‍ പഠിച്ച അതേ സ്‌കൂളിലെ പ്രൈമറിക്ലാസുകളില്‍ പഠിക്കുന്നു അവന്റെ രണ്ടുപെണ്‍കുട്ടികളും. ബാബുവിന്റെ ഭാര്യയോട്‌ ഞാന്‍ പറഞ്ഞു `ഞങ്ങള്‍ പഠിക്കുന്ന കാലത്ത്‌ സ്‌കൂളിലെ ഹീറോയായിരുന്നു ബാബു. ശരിക്കും ഒരു സകലകലാവല്ലഭന്‍ . ഇവന്‍ വല്ലതും പറഞ്ഞിരുന്നോ?' അവിശ്വസനീയമായ എന്തോകേട്ടതുപോലെ ആ പാവം സ്‌ത്രീ ഞങ്ങളെ മാറിമാറി നോക്കി എന്തായിപറയുന്നത്‌.. അതും ഇയാളോ...'

ഞങ്ങള്‍ ഒരുമിച്ച്‌ പഠിച്ചത്‌ പയ്യന്നുരിനടുത്ത തായിനേരിയിലെ എസ്‌. എ. ബി.ടി. എം ഹൈസ്‌കൂളിലാണ.്‌ തായിനേരിയിലെ പള്ളിക്കമ്മറ്റി നടത്തിയിരുന്നതുകൊണ്ടുതന്നെ പഴയ തലമുറയിലെ ആളുകള്‍ മാപ്പിളസ്‌കൂള്‍ എന്നാണ്‌ വിളിക്കാറ്‌. നാലാം ക്ലാസ്സില്‍ വച്ചുതന്നെ സ്‌കൂളിലെ ആസ്ഥാന ഗായകപ്പട്ടം ബാബു സ്വന്തമാക്കിയിരുന്നു. ബാബുവിന്റെ ബന്ധുവായ വേലായുധനായിരുന്നു മറ്റൊരു പാട്ടുകാരന്‍ . രണ്ടുപേരും പുലയസമുദായത്തില്‍പെട്ടവര്‍. ബാബു ശരിക്കും സ്‌കൂളില്‍ ഒരു സ്റ്റാര്‍ തന്നെയായിരുന്നു. സമൃദ്ധമായ മുടി നെറ്റിയിലേക്ക്‌ കുരുവിക്കൂടുപോലെ ചീകിവെച്ച്‌, നിറം മങ്ങിയതെങ്കിലും വൃത്തിയുള്ള വസ്‌ത്രം ധരിച്ച്‌ അവന്‍ സ്‌കൂളില്‍ ഒഴുകി നടന്നു. എത്രമാത്രം മധുരമുള്ളതായിരുന്നു അവന്റെ പാട്ടുകള്‍! സ്‌കൂളിലെ ഏത്‌ പരിപാടിയുണ്ടെങ്കിലും അവന്റെ പാട്ടുണ്ടാകും. അന്ന്‌ ഞങ്ങളുടെ സ്‌കൂളിലെ പ്യൂണായ അസീസ്‌ക്കായ്‌ക്ക്‌ ഒരു ഗാനമേള ട്രൂപ്പ്‌ ഉണ്ടായിരുന്നു. (പില്‍കാലത്ത്‌ മാപ്പിളപ്പാട്ടുരംഗത്തെ അതികായനായി മാറിയ, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവ്‌ അസീസ്‌ തായിനേരി. ഇന്ന്‌ അതേ സ്‌കൂളിന്റെ മാനേജര്‍) ആ ട്രുപ്പിലെ ഗായകനായിരുന്നു ബാബു. സ്‌കൂള്‍ വാര്‍ഷികത്തിന്‌ മറ്റാര്‍ക്കും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത അലങ്കരിച്ച സ്റ്റേജില്‍ ഓര്‍ഗന്‍ , തബല, ട്രപ്പിള്‍, ജാസ്‌, വയലിന്‍ , ഗിറ്റാര്‍ തുടങ്ങിയ സംഗീതോപകരണങ്ങളുടെ നടുവില്‍ നിന്ന്‌ ബാബു പാടി ``കാഞ്ചീരേ..കാഞ്ചീരേ... ഗീത്‌ മെരാ സാത്‌...'' ഞങ്ങളുടെ ക്ലാസിലാണ്‌ ഈ ഗായകന്‍ പഠിക്കുന്നതെന്ന അഭിമാനം ഞങ്ങള്‍ കുട്ടുകാര്‍ നെഞ്ചേറ്റി. പാടുന്നതില്‍ മാത്രമല്ല നിമിഷനേരം കൊണ്ട്‌ പാരഡിയുണ്ടാക്കുന്നതിലും ബാബുവും വേലായുധനും മിടുക്കരായിരുന്നു. ഔപചാരികമായ യാതൊരു സംഗീതാഭ്യസനവും ഇല്ലാതെയാണ്‌ ബാബു അന്ന്‌ ശാസ്‌ത്രീയഗാനങ്ങളടക്കം പാടിയിരുന്നത്‌. ബാബുവിന്റെ പ്രതിഭ ഒഴുകിപരന്ന മറ്റൊരു മണ്ണ്‌ ഫുട്‌ബോള്‍ കളിയുടേതായിരുന്നു. വേഗതയിലും പന്തടക്കത്തിലും ഫിനിഷിംഗിലും അവന്‍ മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കിയിരുന്നു. യാതൊരു ബഹളങ്ങളിലും ചെന്നുചാടാത്ത, മിതഭാഷിയായ അവന്‍ ഞങ്ങള്‍ കുട്ടുകാരുടെ ആരാധനപാത്രമായിരുന്നു.

ഓര്‍മ്മയില്‍ കണ്ണീരുകിനിയുന്ന മറ്റൊരു ഭീകരരംഗമാണ്‌ എപ്പോഴും ഇതിനെ തുടര്‍ന്ന്‌ വരാറ്‌. അന്ന്‌ ഞങ്ങള്‍ ആറിലാണ്‌ പഠിക്കുന്നത്‌ .പഠിപ്പിക്കുന്ന കാര്യത്തില്‍ അങ്ങേയറ്റം മുഷിപ്പനായ ഞങ്ങളുടെ സാമൂഹ്യം മാഷ്‌ ടെക്‌സ്റ്റ്‌ ബുക്കിലെ ഏകദേശം ഒരു പേജോളം പകര്‍ത്താന്‍ പറഞ്ഞ്‌ കുറച്ചുദൂരെ മറ്റൊരു മാഷുമായി എന്തോ വിശദമായ ചര്‍ച്ചയിലായിരുന്നു. ഒരു കാര്യമില്ലാത്ത, അങ്ങേയറ്റം മടുപ്പിക്കുന്ന ഈ നോക്കിയെഴുത്ത്‌ ഞങ്ങളിലുണ്ടാക്കിയ അലോസരം ചില്ലറയല്ല. പിറുപിറുക്കലുകള്‍ അടക്കിയ ചിരിയിലേക്കും ചെറുവര്‍ത്തമാനങ്ങളിലേക്കും പതുക്കെ നല്ല ബഹളത്തിലേക്കും നീങ്ങി. ബഹളം തട്ടിയില്ലാത്ത തൊട്ടപ്പുറത്തെ ക്ലാസിനേയും ബാധിച്ചപ്പോള്‍ കുപിതനായി മാഷ്‌ കിതച്ചെത്തി. എഴുതിയഭാഗം എടുത്തു കാണിക്കാന്‍ ആവശ്യപ്പെട്ടു. ഓരോരുത്തരും വരുത്തിയ തെറ്റിന്‌, വിട്ടുപോയ വരികള്‍ക്ക്‌ എണ്ണിയെണ്ണിയുള്ള അടി, ഞാനും ബാബുവും ഒരേ പോലെയാണ്‌ എഴുതിയിരുന്നത്‌. അതിശയകരമായ ഒരു കാര്യം എനിക്ക്‌ കിട്ടിയതിനേക്കാള്‍ എണ്ണത്തിലും കനത്തിലും എത്രയോ അധികമായിരുന്നു ബാബുവിന്‌ കിട്ടിയ അടി.

പാട്ടുപാടുന്ന സന്ദര്‍ഭങ്ങളിലൊഴികെ ബാബുവിനേയും വേലായുധനേയും പോലുള്ള കുട്ടികള്‍ അധ്യാപകരുടെ പരിഹാസ്യകഥാപാത്രങ്ങളാണെന്ന്‌ വേദനയോടെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. സ്‌കൂളിലേക്ക്‌ പണവും തേങ്ങയും സംഭാവനയായി കൊണ്ടുവരേണ്ടസന്ദര്‍ഭങ്ങളില്‍ പലപ്പോഴും അതിനു കഴിയാതിരുന്ന ഇവര്‍ അധ്യാപകരുടെ അതിനിശിതനായ പരിഹാസത്തിന്‌ ഇരകളായി. ക്ലാസ്‌പരീക്ഷയുടെ മാര്‍ക്കുകള്‍ വായിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയരായി. ഗൃഹപാഠങ്ങള്‍ നിവര്‍ത്തിപിടിച്ച ഇവരുടെ പുസ്‌തകങ്ങള്‍ അന്തരീക്ഷത്തില്‍ പറന്നുകളിച്ചു .ഡ്രോയിംഗ്‌ പുസ്‌തകങ്ങള്‍ എടുക്കാത്തതിന്റെ പേരില്‍, ഇന്‍സ്‌ട്രമെന്റ്‌ ബോക്‌സുകള്‍ കൊണ്ടുവരാത്തതിന്റെ പേരില്‍ ക്രൂരമായ പരിഹാസങ്ങള്‍ക്കും ശിക്ഷകള്‍ക്കും ഇവര്‍ ഇരയായി. ഉയര്‍ന്ന ക്ലാസിന്റെ പടവുകള്‍ കയറുന്തോറും കറുത്തുമെലിഞ്ഞ എന്റെ ഈ കുട്ടുകാര്‍ ഓരോരുത്തരായി കുറഞ്ഞുവന്നു. കുമാരന്‍ , കുഞ്ഞികൃഷണന്‍ ,ജനാര്‍ദ്ദനന്‍ , ബാലന്‍ .... (പാട്ടുകാരനായ വേലായുധന്‍ ആറാം ക്ലാസില്‍ വെച്ചുതന്നെ ഞങ്ങളെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞിരുന്നു.)
അത്യന്തം ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്നാണ്‌ ഇവരെല്ലാവരും വന്നിരുന്നത്‌. ചെറ്റക്കുരകള്‍ എന്ന്‌ മാത്രം വിളിക്കാവുന്ന വീടുകള്‍. സ്‌കൂള്‍ സമയത്തിനുശേഷം മീന്‍ പിടിക്കാനും കൃഷിപ്പണിക്കും അച്ഛനമ്മമാരെ സഹായിക്കണം. നിരക്ഷരരായ രക്ഷകര്‍ത്താക്കള്‍. ഈ സാഹചര്യങ്ങള്‍ മനസിലാക്കാനോ, അനുഭാവപൂര്‍വ്വം അവരുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാനോ ചെറിയൊരു ശ്രമം പോലും അന്നത്തെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സാമ്പത്തികമായോ ജാതീയമായോ ഉന്നതരായ വിഭാഗത്തോടുമാത്രമായിരുന്നു അവരുടെ പരിഗണന. അവരുമായി താരതമ്യം ചെയ്യപ്പെട്ട്‌ നിരന്തരം ഇവര്‍ അപമാനിക്കപ്പെട്ടു. സ്‌കൂളിലെ അന്തസ്സുകെട്ട പ്രവൃത്തികള്‍ ഇവരെ ഏല്‍പ്പിക്കാന്‍ അധ്യാപകന്‍ മത്സരിച്ചു. പതിനൊന്ന്‌ മണിയാകുമ്പോള്‍ ആറോ ഏഴോ അധ്യാപകര്‍ക്കുള്ള കുറ്റന്‍ ടിഫിന്‍കാരിയറുമായി രണ്ട്‌ കിലോമിറ്റര്‍ ദൂരെയുള്ള ടൗണിലേക്ക്‌ രുചികരമായ ഉച്ചഭക്ഷണം വാങ്ങിക്കാന്‍ വിജയന്‍ എന്ന കുട്ടിയെ ലജ്ജയില്ലാതെ പറഞ്ഞയക്കും (മാസം എല്ലാവരും ചേര്‍ന്ന്‌ അഞ്ചോ പത്തോ രുപ വിജയന്‌ ശമ്പളവും നിശ്ചയിച്ചിരുന്നു)
ഓം പ്രകാശ്‌ വാത്മീകിയും (എച്ചില്‍)ശരണ്‍കുമാര്‍ ലിംബാലെയും (അക്കര്‍മാശി) ലക്ഷ്‌മണന്‍ ഗെയ്‌ക്ക്‌വാദും (ഉചല്യ) പാമയും (സംഗതി) വര്‍ണിക്കുന്ന അതന്ത്യം ക്രൂരമായ ജാതി വിവേചനങ്ങള്‍ നമ്മുടെ സ്‌കൂള്‍ ക്ലാസുമുറികളിലും പ്രത്യക്ഷമായും പ്രച്ഛന്നമായും നിലനിന്നിരുന്നു എന്നത്‌ ഒരു യാഥാര്‍ത്ഥ്യമാണ്‌. ഒരുപാട്‌ ദലിത്‌ കുട്ടികളുടെ കണ്ണുനീരുവീണ്‌ നമ്മുടെ വിദ്യാലയങ്ങളിലെ പിന്‍ബഞ്ചുകളും കുതിര്‍ന്നിരുന്നു. ശരാശരിക്കാരായ ഒട്ടേറെപ്പേര്‍ പഠനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. അവരുടെ കലാപരമായും കായികപരമായും ഉള്ള കഴിവുകള്‍ കണ്ടെത്തുന്നതിലോ വളര്‍ത്തിയെടുക്കുന്നതിലോ ഉള്ള ഗൗരവമായ ഒരു ശ്രമവും ഉണ്ടായിരുന്നില്ല. സമ്പത്തിന്റേയും ജാതിയുടേയും പേരില്‍ നിരന്തരം അപമാനിക്കപ്പെട്ട്‌, ഉള്ള കഴിവുകള്‍ തന്നെ മുരടിച്ചുപോയ എത്രയോ ദലിതുകുട്ടുകാര്‍, ഇന്ന്‌ ഇടത്തരം ഉദ്യോഗങ്ങള്‍ ലഭിച്ചു കഴിയുന്ന മറ്റുള്ളവരെപ്പോലെത്തന്നെ ശരാശരിക്കാരായിരുന്നു. അധ്യാപകരുടെ ഭാഗത്തുനിന്നും ഉള്ള അല്‌പം പരിഗണന, പഠനകാര്യത്തില്‍ കുറച്ചുകൂടെ ശ്രദ്ധ, വരുത്തുന്ന തെറ്റുകളില്‍ കുറച്ച്‌ അനുഭാവം, അപമാനിക്കാന്‍ മാത്രം ഉച്ചരിക്കുന്ന വാക്കുകളില്‍ മിതത്വം എന്നിവയുണ്ടായിരുന്നെങ്കില്‍ ഇവരില്‍ മിക്കവരും ജീവിതത്തിന്റെ കുറച്ചുകുടി പ്രസന്നമായ ഇടങ്ങളില്‍ എത്തിച്ചേരുമെന്നത്‌ ഉറപ്പാണ്‌. ഇത്തരം ഒരു മനോഭാവം എന്തുകൊണ്ടാണ്‌ അക്കാലത്തെ നമ്മുടെ അധ്യാപകര്‍ക്ക്‌ ഇല്ലാതെ പോയത്‌? ഇതിനുള്ള പ്രധാനകാരണമായി എനിക്കുതോന്നുന്നത്‌ അന്നത്തെ അധ്യാപകരില്‍ മിക്കവരും സവര്‍ണരായിരുന്നു എന്നതാണ്‌. ഇത്തരം പ്രവൃത്തികള്‍ അപമാനകരമാണെന്നോ കുറ്റകരമാണെന്നോ ഉള്ള ചിന്തകള്‍ അവരെ സ്‌പര്‍ശിച്ചില്ല. വിദ്യാലയ നടത്തിപ്പിന്റെ ഒരു മേഖലയിലും ദലിതുകള്‍ക്ക്‌ സ്ഥാനമുണ്ടായിരുന്നില്ല; മാനേജുമെന്റിലായാലും ഉദ്യോഗസ്ഥരിലായാലും അധ്യാപകരിലായാലും. സവര്‍ണരായ മിക്ക അധ്യാപകരും ഇവരുടെ ഉയര്‍ച്ചയെ ഭയപ്പെടുകപോലും ചെയ്‌തിരുന്നു. പുരോഗമനാത്മകവും സ്വതന്ത്രവുമായ കാഴ്‌ചപ്പാട്‌ എന്നെ ഹൈസ്‌കൂള്‍ ക്ലാസുവരെ പഠിപ്പിച്ച ഒരൊറ്റ അധ്യാപകനിലും ഞാന്‍ കണ്ടിട്ടില്ല. ജാതിയും നിറവും തൊട്ടുള്ള അപമാനിക്കല്‍, തെറ്റുകള്‍ക്കുള്ള കഠിന ശിക്ഷകള്‍, പുസ്‌തകങ്ങളും പഠനസാമഗ്രികളും കൊണ്ടുവരാത്തതിന്‌ ക്ലാസിന്‌ പുറത്തുനിര്‍ത്തല്‍ എന്നിവ എല്ലാവരും തങ്ങളുടെ അവകാശമായെണ്ണി.
ഇരുപത്തിയഞ്ച്‌ വര്‍ഷത്തിനിപ്പുറം നിന്ന്‌ ആലോചിക്കുമ്പോള്‍, ഇത്തരം ശാപവാക്കുകള്‍ നമ്മുടെ വിദ്യാലയപരിസരത്തുനിന്ന്‌ അപ്രത്യക്ഷമായോ എന്ന കുത്തിമുറിവേല്‌പിക്കുന്ന ചോദ്യം എന്റെ നേര്‍ക്കു തന്നെ ഉയര്‍ന്നവരുന്നുണ്ട്‌. നേരിട്ടല്ലെങ്കിലും, സ്റ്റാഫ്‌മുറിയില്‍, പ്രിന്‍സിപ്പാളിന്റെയും ഹെഡ്‌മാഷുടെയും മേശക്കുചുറ്റും, വിവിധ ഓഫീസുകളില്‍ മണ്ടന്മാര്‍, ഒന്നിനും കൊള്ളാത്തവര്‍, വഴക്കാളികള്‍, ബഹളക്കാര്‍ എന്നൊക്കെ വിളിച്ച്‌ ഇന്നും പരിഹസിക്കപ്പെടുന്നത്‌ ബാബുമാര്‍ തന്നെയല്ലേ ?

സ്‌കൂളിന്റെ വിജയശതമാനം കുറക്കുന്നവര്‍, സ്റ്റൈപ്പന്റിനുവേണ്ടിമാത്രം വരുന്നവര്‍ എന്നിത്യാദി ക്രൂരവര്‍ത്തമാനങ്ങള്‍ ഉയരുമ്പോള്‍, എത്രയടുത്തസുഹൃത്താണ്‌ പറഞ്ഞതെങ്കിലും അയാളെ ശക്തിയായി എതിര്‍ക്കാന്‍ ഞാന്‍ എത്രമാത്രം ശ്രമിക്കാറുണ്ട്‌? പഠനത്തില്‍ പിന്നാക്കമാണ്‌ അവരെങ്കില്‍ അവര്‍ക്കുവേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ മെനക്കെടാറുണ്ടോ? അവരുടെ ഓരോരുത്തരുടെയും കുടുംബപരവും സാമൂഹികവുമായി ചുറ്റുപാടുകളെ തിരിച്ചറിയാന്‍ ഞാന്‍ എന്ത്‌ ശ്രമമാണ്‌ നടത്താറുള്ളത്‌? അവരുടെ സഹജമായ കഴിവുകളെ പരിപോഷിപ്പിക്കാന്‍ എത്ര മാത്രം ശ്രമം എന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവാറുണ്ട്‌? അവര്‍ക്ക്‌ പ്രത്യേകമായുള്ള അവകാശങ്ങളെക്കുറിച്ച്‌ അവരെ ബോധവത്‌കരിക്കാന്‍ ഞാന്‍ എന്തെങ്കിലും ചെയ്യാറുണ്ടോ? അവരോട്‌ അനൂകുലമായ മനോഭാവം മറ്റ്‌ വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കിയെടുക്കാനായി ഞാന്‍ എന്താണ്‌ ചെയ്യാറുള്ളത്‌? ഓരോ അധ്യാപകരും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണിതൊക്കെ. എല്ലാത്തിനും ഒന്നുമില്ല എന്നാണ്‌ ഉത്തരമെങ്കില്‍ മറ്റൊരു കാലം നമ്മെ മുക്കാലിയില്‍ കെട്ടി വിചാരണ ചെയ്യുകതന്നെ ചെയ്യും.

പിന്‍കുറിപ്പ്‌: ക്ലാസ്‌ നടന്നുകൊണ്ടിരിക്കെ വലിയൊരു ലിസ്റ്റുമായി കയറിവന്ന പ്രിന്‍സിപ്പാള്‍`ഞാന്‍ പേരുവായിക്കുന്ന എസ്‌. സി, എസ്‌.ടി കുട്ടികള്‍ എഴുന്നേറ്റുനില്‍ക്കണം. അവര്‍ സ്റ്റൈപ്പന്റ്‌ വാങ്ങിക്കാന്‍ നാളെത്തന്നെ രക്ഷകര്‍ത്താക്കളേയും കുട്ടിവരണം: സ്റ്റൈപ്പന്റൊക്കെ കഴിഞ്ഞകൊല്ലത്തേക്കാള്‍ നന്നായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌ കേട്ടോ എന്ന ആമുഖത്തോടെ കുട്ടികളുടെ പേരുവായിക്കാന്‍ തുടങ്ങി. കുനിഞ്ഞ ശിരസ്സുമായി കുറേ കുട്ടികള്‍ എഴുന്നേറ്റുനിന്നു. പുറത്തിറങ്ങിയ പ്രിന്‍സിപ്പാളിനോട്‌ `ഇത്‌ ശരിയല്ല. ക്ലാസില്‍ കുട്ടികളെ ജാതിയുടെ അടിസ്ഥാനത്തില്‍ ഒരിക്കലും എഴുന്നേല്‌പിച്ച്‌ നിര്‍ത്തരുത്‌' എന്ന്‌ പറഞ്ഞതിന്‌ അദ്ദേഹം ഒരാഴ്‌ച മുഖം വീര്‍പ്പിച്ചു നടന്നെങ്കെിലും രീതി പിന്നീട്‌ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടു.

4 അഭിപ്രായങ്ങൾ:

  1. മാഷേ വളരെ നല്ലൊരു ലേഖനം. സ്കൂളിലേക്കും പല സാമ്പത്തികസ്ഥിതിലുള്ളവരായ സഹപാഠികളിലേക്കും വലിച്ചുകൊണ്ടു പോയി മനസ്സിനെ നീറ്റിയ എഴുത്തു്, വായിച്ചു തീർന്നിട്ടും മനസ്സിൽ ഒരു വിങ്ങലായി അവശേഷിക്കുന്നു. ഇങ്ങനെ ചിന്തിക്കുന്ന പുതിയ തലമുറയാണ് നാളത്തെ വിദ്യാർത്ഥി സമൂഹത്തിന്റെ പ്രതീക്ഷ. വിദ്യാർത്ഥികൾക്ക്‌ അറിവും ആത്മാഭിമാനവും പകരുന്ന അധ്യാപകർക്ക്‌ സല്യൂട്ട്.

    മറുപടിഇല്ലാതാക്കൂ
  2. ഈ ലേഖനത്തില്‍ ഒരു മനുഷ്യ പക്ഷ ചിന്തകനെ കാണാം..
    .നമുക്ക് അന്യമാകുന്ന മനുഷ്യത്വവും..
    ഈ നല്ല മനസ്സ് ഒരിക്കലും സങ്കുചിതമാകതിരിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ