2011, ജൂലൈ 7, വ്യാഴാഴ്‌ച

മള്‍ട്ടി മീഡിയ ഉപയോഗിച്ചുള്ള സാഹിത്യ ക്വിസ്വായനാവാരത്തോടനുബന്ധിച്ചു  സ്കൂളില്‍ നടത്തിയ സാഹിത്യ ക്വിസ് സവിശേഷ ശ്രദ്ധ നേടുകയുണ്ടായി.
സാധാരണ സാഹിത്യ ക്വിസ്സുകളില്‍ നിന്നും വ്യത്യസ്തമായി കടലാസും പെന്നുമെല്ലാം മാറ്റിവെച്ചു ആലോചനയുടെയും യുക്തിപൂര്‍വ്വമുള്ള തീരുമാനങ്ങളെയും മുന്നില്‍ നിര്‍ത്തി നടത്തിയ സാഹിത്യ ക്വിസ് മള്‍ട്ടിമീഡിയയുടെ ക്ലാസ് റൂം സാധ്യതയിലെക്കുള്ള താക്കോല് കൂടിയായി.

രണ്ടു ഘട്ടമാണ് ക്വിസ്സിനു ഉണ്ടായിരുന്നത്. സ്കൂളിലെ സാഹിത്യതത്പരരായ മുഴുവന്‍ വിദ്യാര്‍ത്ഥിനികളേയും പങ്കെടുപ്പിച്ചു നടത്തിയ ആദ്യ ഘട്ടത്തില്‍ , എഴുത്തുകാരികളെ തിരിച്ചറിയാം, കഥാപാത്രങ്ങള്‍ കൃതികള്‍ , വായനശാല എന്നീ മൂന്നു റൌണ്ടുകളിലായി ഇരുപത്തഞ്ചു ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി. മികച്ച സ്കൂര്‍ നേടിയ പന്ത്രണ്ടു പേരെ ഇതിലൂടെ തെരഞ്ഞെടുത്തു. ഹൈസ്കൂളില്‍ നിന്ന് നാലുപേരും ഹയര്‍ സെക്കന്ററിയില്‍ നിന്ന് എട്ടുപേരും.
ഇവരെ ആറ് ടീമുകളായി തിരിച്ചു കൊണ്ടായിരുന്നു രണ്ടാംഘട്ട മത്സരം.
രണ്ടാം ഘട്ടത്തില്‍ അഞ്ചു റൌണ്ടുകളായിരുന്നു ഉണ്ടായിരുന്നത്.

ആദ്യ റൌണ്ട്‌ കള്ളികളില്‍ ഒതുങ്ങാത്തവര്‍ .


ടീം ഒന്നിനാണ് ആദ്യത്തെ സെലെക്ഷന്‍ . അവര്‍ തെരഞ്ഞെടുത്ത നമ്പരില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മലയാളത്തിലെ പ്രശസ്തനായ ഒരെഴുത്തുകാരന്റെ ചിത്രം ഒന്‍പതു കളങ്ങളാല്‍  മറച്ചിരിക്കുന്നതായി  കാണാം. ടീം പറയുന്ന കളങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഓരോ കളങ്ങളായി മാറിപ്പോയ്ക്കൊണ്ടിരിക്കും.


നാലു കളങ്ങള്‍ നീക്കാനുള്ള അവസരമാണ് അവര്‍ക്കുണ്ടാവുക. ഇതിനിടയില്‍ ശരിയായ ഉത്തരം പറഞ്ഞിരിക്കണം. എപ്പോള്‍ തെറ്റായ ഉത്തരം പറയുന്നുവോ അതോടെ അവരുടെ ചാന്‍സ് ഇല്ലാതാവുന്നു.
20 /15 /10 / 5 എന്നിങ്ങനെയാണ് കളങ്ങള്‍ നീക്കുമ്പോള്‍ ലഭിക്കുന്ന സ്കോര്‍ . ഇത്രയുമായിട്ടും ശരിയായ ഉത്തരം ലഭിച്ചില്ലെങ്കില്‍ ചോദ്യം അടുത്ത ടീമിന് നല്‍കും. അവര്‍ക്ക് അഞ്ചു സ്കോര്‍ മാത്രമേ ലഭിക്കൂ. ശരിയായ ഉത്തരം ലഭിച്ചതിനു ശേഷം അദ്ദേഹത്തിന്‍റെ പ്രധാന സാഹിത്യ സംഭാവനകള്‍ ചുരുക്കി ക്വിസ് മാസ്റ്റര്‍ വ്യക്തമാക്കും.


രണ്ടാം റൌണ്ട് തെളിഞ്ഞ് തെളിഞ്ഞ്. ഇവിടെയും മലയാളത്തിലെ പ്രശസ്തരായ ചില എഴുത്തുകാരെ പരിചയപ്പെടുക തന്നെയാണ്. ആദ്യ ക്ലിക്കില്‍ മങ്ങിയ രൂപം, രണ്ടാം ക്ലിക്കില്‍ കുറച്ചുകൂടെ തെളിയുന്നു, മൂന്നാമത് ശരിയായ ചിത്രം. സ്കോര്‍ 15 /10 / 5 എന്നിങ്ങനെ.

രചനകളില്‍ നിന്ന് രചയിതാക്കളിലേക്ക് എന്നാ മൂന്നാമത്തെ റൌണ്ടില്‍ ഒരെഴുത്തുകാരന്റെ മൂന്നു കൃതികളുടെ പേരും ചിത്രവും ആണ് നല്‍കുക. മൂന്നു ബോക്സുകളാല്‍ പുസ്തകങ്ങളുടെ പേര് മറച്ചുവെച്ചിരിക്കും. ടീം ആവശ്യപ്പെടുന്ന ബോക്സ് മാറ്റും. പുസ്തകങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നില്ലെങ്കില്‍ ചിത്രം കാണിക്കും. പാസ് ചെയ്യുന്നത് നേരത്തെ പറഞ്ഞത് പോലെത്തന്നെ. 20 /15 /10 / 5 എന്നിങ്ങനെയാണ് ഇവിടെയും കളങ്ങള്‍ നീക്കുമ്പോള്‍ ലഭിക്കുന്ന സ്കോര്‍ .

ദൃശ്യലോകമെന്ന നാലാം റൌണ്ടില്‍ പന്ത്രണ്ടു വീഡിയോകളാണ് നല്‍കിയത്. വീഡിയോ കാണിച്ച് ഉചിതമായ ചോദ്യങ്ങള്‍ ചോദിക്കും. ടീമുകള്‍ തെരഞ്ഞെടുത്ത നമ്പരുകള്‍ സ്ലൈഡില്‍ നിന്ന് മാഞ്ഞുകൊണ്ടിരിക്കും. ഓരോ ചോദ്യത്തിനും 5 സ്കോര്‍ . അടുത്തു ടീമിനു കൈമാറിയാല്‍ അവര്‍ക്കും 5 സ്കോര്‍ .


രസകരമായതും അവസാനത്തേതുമായ അഞ്ചാം റൌണ്ടില്‍ ഉള്‍പ്പെടുത്തിയത് ആറ് മേഖലകളിലായി പത്തു ചോദ്യങ്ങള്‍ വീതമുള്ള ഓരോ കൊട്ടയാണ്. കല, സംസ്കാരം, കവിത, നോവല്‍ , സിനിമ, ഗ്രന്ഥശാല എന്നിവയാണ് ആറ് മേഖലകള്‍ . ഓരോന്നിലും ആദ്യത്തെ അഞ്ചു ചോദ്യത്തിന് ഉത്തരം ശരിയായാലും തെറ്റായാലും പ്രശ്നമില്ല. ശരിക്ക് അഞ്ചു സ്കോര്‍ . ഇവിടെ ഉത്തരം പാസ് ചെയ്യില്ല. 'വേഗം കൃത്യം' എന്ന പേരില്‍ തന്നെ ഉത്തരങ്ങള്‍ വേഗത്തില്‍ പറയണമെന്ന സൂചനയുണ്ട്. അഞ്ചു ചോദ്യങ്ങള്‍ കഴിഞ്ഞാല്‍ ധൈര്യപൂര്‍വ്വം മുന്നോട്ട്? എന്ന ചോദ്യം വരും. ഇനിയുള്ള അഞ്ചു ചോദ്യങ്ങള്‍ക്ക് പത്തു സ്കോര്‍ വീതമാണ്. തെറ്റിയാല്‍ പത്തു സ്കോര്‍ ആകെയുള്ള സ്കോറില്‍ നിന്ന് കുറയും. ധൈര്യശാലികള്‍ക്ക് വലിയ സ്കോര്‍ നേടാവുന്ന റൌണ്ടാണിത്.
കേവലമായ ഒരു ചോദ്യോത്തര പരിപാടി എന്നതിനപ്പുറം രണ്ടോ മൂന്നോ മണിക്കൂര്‍ എടുത്ത് മലയാള സാഹിത്യത്തിലെ മികച്ച എഴുത്തുകാരെയും കൃതികളെയും കൂടുതല്‍ മള്‍ട്ടി മീഡിയ സഹായത്തോടെ പരിചയപ്പെടുത്താന്‍ ഈ സന്ദര്‍ഭം സഹായകമാകും.
ഒന്ന് രണ്ടു മൂന്ന് സമ്മാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് പയ്യന്നൂരിലെ ഡി സി ബുക്സ്‌ ഏജന്‍സിയായ ബുക്ക്‌ ലൈന്‍ അറുനൂറ്റമ്പതോളം രൂപ വിലവരുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.
പ്രസന്റേഷന്‍ സോഫ്ട്വെയര്‍ ഉപയോഗിച്ച് മള്‍ട്ടിമീഡിയ ക്വിസ്‌ തയ്യാറാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും പരസഹായമില്ലാതെ ആ വിദ്യ പഠിച്ചു.

6 അഭിപ്രായങ്ങൾ:

 1. പ്രസന്റേഷന്‍ സോഫ്ട്വെയര്‍ ഉപയോഗിച്ച് മള്‍ട്ടിമീഡിയ ക്വിസ്‌ തയ്യാറാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടിയെങ്കിലും പരസഹായമില്ലാതെ ആ വിദ്യ പഠിച്ചു.

  മറുപടിഇല്ലാതാക്കൂ
 2. വളരെ നന്നായി പ്രേമന്‍മാഷേ..
  സാങ്കേതികവിദ്യയുടെ ഗുണഫലങ്ങളോടൊപ്പം കൂടാന്‍ ഹയര്‍സെക്കന്ററി അധ്യാപകര്‍ മുന്നോട്ടുവരുന്നതില്‍ അനല്പമായ സന്തോഷം!
  പൊതുവിദ്യാലയങ്ങളുടെ ഉയിര്‍ത്തെഴുന്നേല്പിന് താങ്കളുടെ സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണ്.(മാതൃഭൂമി ലേഖനം വായിച്ചു, ഒരു വലിയ താങ്ക്സ്)

  മറുപടിഇല്ലാതാക്കൂ
 3. നനായി പ്രേമന്‍ മാഷേ, കാലോചിതമായി മാറിയില്ലെങ്കില്‍ നമ്മള്‍ നിന്നിടത്ത് തന്നെ നിന്ന് പോകും..ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ