2014, മാർച്ച് 11, ചൊവ്വാഴ്ച

ഗ്രേസ് : മാര്‍ക്കിനോ മികവിനോ?

ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉചിതവും കൃത്യവും ശാശ്വതവും ആയ പരിഹാരമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍നിന്നും ചില ഗുണങ്ങള്‍ അവയ്ക്ക് ഉണ്ടെന്ന് അക്കാദമികമായി ആലോചിക്കുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. കുട്ടിയുടെ പക്ഷത്തു നിന്നോ അധ്യാപക പക്ഷത്തു നിന്നോ അല്ല പൊതുവില്‍ പാഠ്യപദ്ധതി സമീപനത്തോട് ചേര്‍ത്തു നിര്‍ത്തിയാണ് ഈ വിഷയം പരിശോധിക്കേണ്ടത്. 

1. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് ശേഷം കായികമേളകള്‍ക്കല്ലാതെ മറ്റൊന്നിനും പഠ്യേതരം എന്ന പേരില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അതുതന്നെ വേണ്ടി വരുന്നത് നിരന്തരമൂല്യനിര്‍ണയത്തില്‍ നിന്ന് സമഗ്രം എന്ന ആശയം നാം എടുത്തു കളഞ്ഞതുകൊണ്ടാണ്. ശേഷിക്കുന്ന എല്ലാ കഴിവുകളും സ്കൂള്‍ തലത്തില്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തുകയും അത് കുട്ടിക്ക് ക്രെഡിറ്റ് ചെയ്തു കൊടുക്കുകയുമാണ് വേണ്ടത്. creative and academic writing, perfomance based, interaction based, investigative എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിരന്തര വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുകയോ അതില്‍ കൂടുതല്‍ മേഖലകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തു കുട്ടികളുടെ കഴിവുകള്‍ സ്കൂള്‍ തലത്തില്‍ വിലയിരുത്തുകയാണ് വേണ്ടത്. സംസ്ഥാന മേളകള്‍ പോലുള്ള കെട്ടുകാഴ്ച്ചകള്‍ക്കു അക്കാദമികമായി യാതൊരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല, അവ ജൈവമല്ലാത്ത പഠനകാലത്തിന്റെ ഉള്ള് പൊള്ളയായ പൊയ്ക്കുതിരകളുമാണ്. അശ്ലീല സമാനമായി അവിടെനടക്കുന്ന വൃത്തികേടുകള്‍ അക്കാദമികമായ അന്തരീക്ഷത്തിലേക്ക് കുടഞ്ഞിടാതിരിക്കുന്നതാണ് നല്ലത്.

2.സംസ്ഥാനതല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് എന്ത് വൃത്തികേടാണ്. ഇത് വളരെ ചെറിയൊരു ശതമാനത്തിന്റെ മാത്രം പ്രശ്നമാണെന്ന് ചുരുക്കിക്കാണാന്‍ കഴിയില്ല. എട്ടോ പത്തോ ശതമാനത്തിനാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതെങ്കിലും അതില്‍ രക്തസാക്ഷികളാകുന്നത് വലിയൊരു വിഭാഗമാണ്‌. ജില്ലയില്‍ ചെറിയ ഒരു മാര്‍ക്കിന് ഒന്നാംസ്ഥാനം (അവരാണല്ലോ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്) നഷ്ടപ്പെടുന്നവര്‍, ഏകദേശം സമാനമായി മികവുകാട്ടിയവര്‍ ഇവരുടെ കലാപരമായ മികവ്, പ്രയത്നം ഇതൊക്കെ എങ്ങിനെ അംഗീകരിക്കപ്പെടും. അതുപോലെ തന്നെ ഉപജില്ലകളിലും. അപ്പീലുകള്‍ വഴി എത്തി,  ഉപജില്ല / ജില്ല മത്സരങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ടവരെക്കാളും മികവുകാട്ടുന്നവര്‍  ജില്ലാ /സംസ്ഥാന മേളകളില്‍ ഉണ്ടാവാറുണ്ടല്ലോ? ഉപജില്ല / ജില്ല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയില്ലേ?
3. നൂറ് ശതമാനം എന്ന വാശിയാണ് വിവാദങ്ങള്‍ക്ക് പ്രധാനകാരണം. ഒരു വിഷയത്തിന് നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുക എന്നത് അപൂര്‍വ്വവും ശരിയായ പ്രതിഭയുള്ളവര്‍ക്കു മാത്രം സാധിക്കുന്നതും ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു വിഷയത്തില്‍ നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുന്ന ഒരാള്‍ക്ക്‌ മറ്റൊരു വിഷയത്തില്‍ അങ്ങിനെ ആവണമെന്നില്ല. അത് 97, 98, 99 ഇങ്ങനെ എന്തുമാകാം. എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറു എന്നത് അപ്രായോഗികമാണ്. ഒരു വിഷയത്തോട് അങ്ങേയറ്റം പ്രതിപത്തിയും താത്പര്യവും ഉണ്ടാകുമ്പോഴാണ് അതില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നത്. എല്ലാവിഷയങ്ങള്‍ക്കും അഞ്ചുമാര്‍ക്കുകള്‍ വീതം നല്‍കപ്പെടുമ്പോള്‍ എല്ലാത്തിലും നൂറില്‍ നൂറ് എന്ന, ചിലരുടെ കാര്യത്തിലെങ്കിലും അനുചിതവും അനര്‍ഹാവും ആവുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.  

4. ഗ്രേസ് മാര്‍ക്ക് ഏറ്റവും കൂടുതലായി നല്‍കപ്പെടുന്നത് കലോല്‍സവങ്ങളിലും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും ഗ്രേഡ് നേടുന്നവര്‍ക്ക് ആണ്. മാത്രമല്ല എന്‍ എസ് എസ്, എസ് പി സി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ട്. ഇവയിലെ പങ്കാളിത്തം ഇന്ന് ഗ്രേസ് മാര്‍ക്ക് എന്ന ഒറ്റലക്ഷ്യം മാത്രം ഉന്നം വെച്ചുള്ള ഒന്നായി മാറി എന്നത് കാണാതെ പോകരുത്. നമ്മുടെ കലോത്സവങ്ങളുടെയും മേളകളുടെയും പരിസരത്ത് ഇല്ലാത്തത് കലയുടെയും സര്‍ഗ്ഗാത്മകതയുടെയും യഥാര്‍ത്ഥത്തിലുള്ള കഴിവുകളുടെയും തെളിച്ചങ്ങളാണ്. അവ ഇല്ല എന്നല്ല, അവയൊന്നും പരിഗണിക്കപ്പെടുന്നത് നീതിപൂര്‍വകമായോ സത്യസന്ധമായോ അല്ല എന്നതാണ്. അതുകൊണ്ട് തന്നെ കല സര്‍ഗ്ഗാത്മകത എന്നിവയുമായി ബന്ധപ്പെട്ട മാനസിക വ്യാപാരങ്ങള്‍ക്കല്ല ഒരുതരം വൃത്തികെട്ട മത്സരങ്ങള്‍ക്കും കച്ചവടത്തിനും ലേലം വിളികള്‍ക്കും ഉള്ള ഇടമായി അവ തരാം താണിരിക്കുന്നു. പരിശീലകരുടെ താണ്ഡവനടനങ്ങളും രക്ഷിതാക്കളുടെ കരിവേഷങ്ങളും അവിടം പിടിച്ചടക്കിയിട്ട് കാലം ഏറെയായി. എല്ലാത്തിനും ഏജന്റുമാരും ഉണ്ട്. അടുത്തവര്‍ഷം നിങ്ങളുടെ മകള്‍ക്ക് മകന് നൂറ് ശതമാനം മാര്‍ക്ക് വേണോ? ഞങ്ങള്‍ പറയുന്ന പരിശീലകന്റെ അടുത്തു വരൂ.. വിധികര്‍ത്താക്കളെ അടക്കം സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ്‌ അദ്ദേഹം... മുപ്പതു മാര്‍ക്ക് എന്നാല്‍ ചെറുതല്ല... പ്രവേശന പരീക്ഷകളില്‍ പോലും പരിഗണിക്കപ്പെടുന്ന മാര്‍ക്കാണ്.. എഞ്ചിനീയറിംഗിന് ഒരു നല്ല കോളേജില്‍ കിട്ടണമെങ്കില്‍ മാനജ്മെന്റില്‍ ലക്ഷങ്ങള്‍ വേണ്ടേ... ഇവിടെ അത്രയൊന്നും വേണ്ട... ഇങ്ങനെ പോകുന്നു അവരുടെ വിശദീകരണങ്ങള്‍... ഇത് തീര്‍ച്ചയായും അവസാനിപ്പിക്കണം. അതിനുള്ള ഒന്നാമത്തെ നടപടിയായി ഇതിനെ കാണാം. പരിശീലകര്‍ ഇന്ന് കലകള്‍ക്ക് മാത്രമല്ല. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലെ ഓരോ ഇനങ്ങള്‍ക്കും സ്പെഷലൈസ് ചെയ്ത പരിശീലകര്‍ ഉണ്ട്. അവരുടെ അടുത്തു നീണ്ട ക്യൂ ആണ്. അല്ലെങ്കില്‍ തന്നെ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന (കായിക മേഖലയില്‍ ഒഴികെ ) കുട്ടികള്‍ ഭൂരിഭാഗവും ഏതു വിഭാഗത്തില്‍ നിന്നാണ് വരുന്നത് എന്ന് ആലോചിച്ചാല്‍, ഈ വാദത്തിലുള്ള അപ്പര്‍ മിഡില്‍ ക്ലാസ് താത്പര്യം വ്യക്തമാകും.

5. പൂരക്കളി വടക്കേ മലബാറിലെ ഒരു അനുഷ്ഠാന കലയാണ്‌. ഇത്തവണ പതിനാലു ജില്ലകള്‍ക്കും പൂരക്കളി ഉണ്ടായിരുന്നു എന്ന് മാത്രമല്ല അത്രയും തന്നെ അപ്പീലുകള്‍ വഴിയും എത്തി. പൂരം എന്നാല്‍ എന്ത് എന്ന് ഒരുചുക്കും ചുണ്ണാമ്പും അറിയാതെ, ഏതെങ്കിലും പരിശീലകരെ കൊണ്ട് വന്ന് കുറച്ചു സ്റ്റെപ്പുകള്‍ പഠിച്ചെടുത്താല്‍ ഇരുപതോളം പേര്‍ക്ക് മുപ്പതു മാര്‍ക്ക് വീതം ലഭിക്കും. എന്റെ നാട്ടിലെ ഒരു പരിശീലകന്‍ നാല് ജില്ലയില്‍ ഇത് പഠിപ്പിക്കും. മൂന്നോ നാലോ ലക്ഷം ഒരു മാസം കൊണ്ട് സമ്പാദിക്കും. കന്നഡ പദ്യം ചൊല്ലല്‍, യക്ഷഗാനം ഇവയ്ക്കൊന്നിനും കാസര്‍ഗോഡ്‌കാര്‍ക്കല്ല സമ്മാനം കിട്ടുക. മാര്‍ക്ക് എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് ഇത്തരം കലാ താത്പര്യങ്ങള്‍ക്ക് പിറകില്‍ ഉള്ളത്. ഈ കോപ്രായങ്ങള്‍ തടരാണോ?

6. നേരത്തെ എസ് എസ് എല്‍ സി ക്ക് മാര്‍ക്ക് സമ്പ്രദായം ഉണ്ടായിരുന്നപ്പോള്‍ 550 മാര്‍ക്കിനു മേല്‍ വരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ലല്ലോ. ഇത് ഒരു സമീപനത്തിന്റെ ഭാഗമായിരുന്നു. ഒരു വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുക എന്നത് മറ്റേത് മേഖലയിലും എന്നത് പോലെതന്നെ ആ വിഷയത്തിലുള്ള പ്രതിഭയുടെ വലിയ തെളിച്ചമാണ്.

7. കലാ കായിക പരമായ മികവുകളെ പരിഗണിക്കുന്നത് മറ്റ് രീതിയിലാവണം. ഹയര്‍ കോഴ്സുകള്‍ക്ക് പോകുമ്പോള്‍ ഇത്തരം കഴിവുകളെ പരിഗണിക്കുന്നതാകും ഉചിതം. എങ്കിലും പൊതുവേ പഠനത്തില്‍ പരിശീലനങ്ങള്‍ക്കും മറ്റും പോയി എന്തെങ്കിലും കോട്ടം പറ്റുന്ന കലാ കായിക പ്രതിഭകള്‍ക്ക് എ പ്ലസ് മാര്‍ക്ക് ലഭിക്കാന്‍ (തൊണ്ണൂറു ശതമാനം) ഇത് സഹായകമാകും. (തൊണ്ണൂറു ശതമാനം വരെ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും ശാസ്ത്രീയമല്ല.)

8. പൂരക്കളിയില്‍ എ ഗ്രേഡ് കിട്ടിയ കുട്ടിക്ക് കെമിസ്ട്രിയിലും ഫിസിക്സിലും അഞ്ച് മാര്‍ക്ക് വീതം നല്‍കി നൂറു ശതമാനം ആക്കുമ്പോള്‍ തീര്‍ച്ചയായും ആ വിഷയങ്ങളോട് നാം ഏതെങ്കിലും തരത്തില്‍ നീതി പുലര്‍ത്തുന്നുണ്ട് എന്ന് പറയാന്‍ കഴിയുമോ? പഠന വിഷയങ്ങളുടെ ആന്തരികമായ ഗൌരവം ആണ് ഇങ്ങനെ ചോര്‍ന്നു പോകുന്നത് എന്നതും തിരിച്ചറിയണം. കലകള്‍ക്കും മറ്റു ശേഷികള്‍ക്കും മാത്രമല്ല, വെള്ളം ചേര്‍ക്കാന്‍ കഴിയാത്ത അന്തസ്സ് എല്ലാ വിഷയങ്ങള്‍ക്കും ഉണ്ട്. ഈ മാര്‍ക്ക് ദാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൂഷ്യം ഇതാണ്. (മറ്റെല്ലാ തരത്തിലും ഇപ്പോള്‍ അത് നില നില്‍ക്കുന്നുണ്ട് എന്ന അഭിപ്രായമൊന്നും എനിക്കില്ല എന്നത് പ്രത്യേകം പ്രസ്താവിക്കുന്നു)

9. നൂറു ശതമാനം ഉറപ്പിക്കാനാണ് ഇന്ന് ഇത്തരം മേളകള്‍ക്കും സേവന മേഖലകള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ പ്രിയം കൂടാന്‍ കാരണം. ഗ്രേഡിംഗ് എന്ന സമീപനം തന്നെ ഒന്നോ രണ്ടോ മാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള ഈ കഴുത്തറുപ്പന്‍ മത്സരത്തെ കുറയ്ക്കുക എന്നതാണല്ലോ? എ പ്ലസ് എന്ന ഉയര്‍ന്ന ഗ്രേഡിലേക്ക് വരാന്‍ ഗ്രേസ് മാര്‍ക്ക് പരിഗണിക്കുന്നും ഉണ്ട്. മാര്‍ക്കിനു വേണ്ടിയുള്ള ഈ അവസാനത്തെ പരക്കം പാച്ചില്‍ നമ്മെ ആശയപരമായി ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. 

10. സി ബി എസ് ഇ ലോബിയുടെ താത്പര്യമായി ഇതിനെ കുറച്ചു കാണരുത്. അവര്‍ ആവശ്യപ്പെടുന്നത് ആര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കരുതെന്നാണ്. തുടര്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു തലം വരെ മത്സരിക്കാന്‍ ഇപ്പോഴത്തെ ഗ്രേസ് മാര്‍ക്ക് സമീപനം കലാ കായിക പ്രതിഭകളെ സഹായിക്കും. എ പ്ലസ് വരെ ഈ ഗ്രേസ് വെച്ച് ലഭിക്കുമല്ലോ. പൊതു വിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികളുടെ ഉന്നത പഠനത്തിനുള്ള അവസരം സി ബി എസ് ഇ കുട്ടികള്‍ തട്ടിയെടുക്കുന്നത് തടയുന്നതിനുള്ള ഉപായമാകാന്‍ ഒരിക്കലും ഗ്രേസ് മാര്‍ക്ക് ദാനത്തിന് കഴിയില്ല. അതിനു വഴി വേറെ നോക്കണം. ഇത്തരത്തില്‍ ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്ന പരിപാടികൊണ്ടൊന്നും കുറേക്കാലം നമുക്ക് അതിനെ ചെറുക്കാന്‍ കഴിയില്ല. 

11. സംഘടനകള്‍ ഈ തീരുമാനത്തെ എതിര്‍ക്കും. ഒന്നാമതായി, ഇത്തരം കേട്ടുകാഴ്ചകളിലൂടെയാണെങ്കിലും പൊതുവിദ്യാഭ്യാസത്തിന് ഒരു ഊര്‍ജ്ജം ലഭിക്കുന്നത് അവരെ ആശ്വാസം കൊള്ളിക്കും. അത് അത്രമാത്രം മാനിക്കണം. (അത്രമാത്രം.) രണ്ട്, മേളകളുടെ നടത്തിപ്പ്‌ അവരുടെ ഏറ്റവും വലിയ തിണ്ണമിടുക്ക് ആണല്ലോ?