2015, ജൂലൈ 3, വെള്ളിയാഴ്‌ച

മത്സ്യം: ചെറുതുകളുടെ വലിയ പോരാട്ടങ്ങള്‍

 
മനുഷ്യസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനമാണ് ടി.പി. രാജീവന്റെ മത്സ്യം എന്ന കവിതയുടെ ജീവന്‍. ഏതു വെല്ലുവിളികള്‍ക്കും മുന്നില്‍ പതറാതെ, പ്രലോഭനങ്ങളില്‍ വീഴാതെ സ്വന്തം അസ്തിത്വത്തിന്റെ കൊടിയടയാളം വാനോളം ഉയര്‍ത്തിപ്പിടിക്കുന്ന ആത്മബോധമാണ് മത്സ്യം ഉദാഹരിക്കുന്നത്. ഒപ്പം ചെറുതുകളുടെ ചെറുത്തുനില്‍പ്പിന്റെ, ജീവിതം തന്നെ നിരന്തരമായ പോരാട്ടമാവുന്ന ചെറിയവരുടെ പ്രതിനിധിയും ആകുന്നു മത്സ്യം.
            മണല്‍ത്തരിയോളം പോന്നൊരു
            മത്സ്യം
            കടല്‍ത്തിരയോട്
            ഒറ്റയ്ക്ക് പൊരുതി നിന്നു.

എന്ന നാല് വരികളുടെ വ്യാഖ്യാനമാണ് പിന്നീടുള്ള കാവ്യഭാഗം മുഴുവന്‍. ആ പോരാട്ടം എന്തിനു വേണ്ടിയാണ്? എങ്ങിനെയൊക്കെയുള്ളതാണ്? കവി വിശദീകരിക്കാന്‍ ശ്രമിക്കുന്നത് അതാണ്.
മത്സ്യത്തെ തുടക്കത്തില്‍ തന്നെ മണല്‍ത്തരിയോടാണ് കവി സാദൃശ്യപ്പെടുത്തുന്നത്. മത്സ്യത്തിന്റെ ചെറിയത് / നിസ്സാരമായത്/ എങ്കിലും കടല്‍ത്തിരയോട് ഏറെക്കാലമായി പൊരുതി നില്‍ക്കുന്നത് തുടങ്ങിയ ഭാവങ്ങള്‍ ഇതിലൂടെ വ്യക്തമാവുന്നു. ആ പോരാട്ടത്തിന്റെ ഗാംഭീര്യവും മാഹാത്മ്യവും കൂടി ഇതിലൂടെ വ്യഞ്ജിക്കുന്നു. സമന്മാര്‍ തമ്മിലുള്ള മത്സരമല്ലിത്. ദാവീദും ഗോലിയാത്തും പോലെ ഐതിഹാസികമായ മാനം ഈ പോരാട്ടത്തിനും കൈവരുന്നു. പടയാളികള്‍ എന്ന കവിതയില്‍ വൈലോപ്പിള്ളി, പ്രപഞ്ചശക്തികളോട് ഏറ്റുമുട്ടുന്ന സാധാരണക്കാരായ കര്‍ഷകത്തൊഴിലാളികളെ പെരുംപോരാളികള്‍ എന്നാണല്ലോ വിളിക്കുന്നത്. കടല്‍ത്തിര നൂറ്റാണ്ടുകളായി ശ്രമിച്ചിട്ടും മണല്‍ത്തരിയെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലനില്‍പ്പിനു വേണ്ടിയുള്ള ആ പോരാട്ടം മത്സ്യത്തിനും ബാധകമാണ്. കടല്‍ത്തിരയോട് മത്സ്യം പോരടിക്കുന്നതും അതിനെ കീഴടക്കാനോ അതിന്റെ മേല്‍ തന്റെ ആധിപത്യം ഉറപ്പിക്കാണോ അല്ല. ആ പോരാട്ടമാണ് മത്സ്യത്തിന്റെ ജീവന്റെ കാതല്‍. അതില്ലെങ്കില്‍ അവനില്ല. അതോടെ അവനും കടല്‍ത്തിരയുടെ ഭാഗം ആകും.

കടല്‍ത്തിരയും മത്സ്യവും തമ്മിലുള്ള ബന്ധവും സവിശേഷം ശ്രദ്ധിക്കെണ്ടാതാണ്. കടല്‍ മത്സ്യത്തിന് ഒരേ സമയം അതിന്റെ ആവാസസ്ഥാനവും എന്നാല്‍ തന്റെ സ്വതന്ത്രമായ നിലനില്‍പ്പിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ശത്രുവും ആണ്. മനുഷ്യസ്വാതന്ത്ര്യമാണ് മത്സ്യം പ്രധിനിധാനം ചെയ്യുന്നതെങ്കില്‍ കടല്‍ സമൂഹമാണ്, സമൂഹത്തിന്റെ പൊതു ബോധമാണ്. സ്വതന്ത്ര വ്യക്തി സമൂഹത്തിന്റെ ഭാഗമാകുമ്പോള്‍ തന്നെ സമൂഹത്തില്‍ നിന്നും ഭിന്നമായ വ്യക്തിത്വം അയാള്‍ക്കുണ്ട്. ഒപ്പം സമൂഹത്തിന്റെ പൊതു ബോധാവുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിലും ആണ് അയാള്‍. അതുകൊണ്ട് തന്നെ മത്സ്യത്തിന്റെ ആ പൊരുതിനില്‍പ്പ് പ്രസക്തമാണ്. ആ നില്‍പ്പ് തന്നെ വിജയത്തിന് തുല്യമാണ്, അവര്‍ തമ്മിലുള്ള വൈരുധ്യം പരിഗണിച്ചാല്‍. കവി ഊന്നല്‍ നല്‍കുന്നത് 'ഒറ്റയ്ക്ക്' എന്ന നിലയ്ക്കാണ്. ഒറ്റപ്പെട്ട വ്യക്തിയും ബൃഹദാകാരം പൂണ്ട സമൂഹതാത്പര്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വ്യക്തി പലപ്പോഴും ഒറ്റയ്ക്കാണ്. ഒറ്റയ്ക്ക് എന്ന ഈ നിലയാണ് അയാളുടെ നിലനില്‍പ്പിനും അതിജീവനത്തിനും ആയുള്ള പോരാട്ടങ്ങളെ ധീരോദാത്തമാക്കുന്നത്.

മത്സ്യത്തിന്റെ പോരാട്ടങ്ങളുടെ വഴികളുടെയും  അവനെതിരായി പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെയും വിശദാംശങ്ങളാണ് തുടര്‍ന്നുള്ള വരികളില്‍ ഉള്ളത്.
            വേലിയേറ്റങ്ങളുടെ
            വൈകുന്നേരങ്ങളില്‍
            അവന്‍
            എല്ലാ കൊടികള്‍ക്കും മുകളില്‍
            ഒഴുക്കുകള്‍ ഉള്‍വലിയുമ്പോള്‍
            എല്ലാ രഹസ്യങ്ങള്‍ക്കും അടിയില്‍.
കടല്‍ എന്ന പോലെ സമൂഹവും നിശ്ചലമല്ല. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സമൂഹത്തിലുമുണ്ട്. സാമൂഹികമായ വലിയ ചലനങ്ങള്‍ എല്ലാ വ്യക്തികളെയും അതിന്റെ തണലിലാക്കും. എന്നാല്‍ ആ സ്വാധീനത്തില്‍പ്പെടാതെ മാറിനില്‍ക്കുന്ന വ്യക്തികള്‍ ഉണ്ട്. ഒഴുക്കിനെതിരെയായിരിക്കും എപ്പോഴും അവര്‍ നീന്തുക. സമൂഹത്തെ ഒന്നാകെ ഉയരങ്ങളിലേക്ക് ഉയര്‍ത്തിയ അത്തരം ചരിത്ര സന്ധികളില്‍പ്പോലും അവന്‍ എല്ലാ കൊടികളുടെയും തണലുകളില്‍ നിന്ന് ഒഴിഞ്ഞു നിന്നു. ഒരു പ്രസ്ഥാനത്തിനും കൊടിക്കും കീഴില്‍ അവന്‍ ഒതുങ്ങിയില്ല. ചെറുതെങ്കിലും ആന്തരികമായ വലിപ്പം കൊണ്ട് അവന്‍ കൊടികള്‍ക്കു മുകളില്‍ തലയുയര്‍ത്തി നിന്നു. കൊടികള്‍ക്ക് കീഴില്‍ വിധേയരായി നിന്ന അനുയായികളെക്കാള്‍ പൊക്കം അപ്പോള്‍ അവനുണ്ടായിരുന്നു. ആകാശത്തോളം ഉയര്‍ന്ന തിരമാലകള്‍ക്ക് മുകളില്‍ ആയിരുന്നു അവന്‍ അന്നേരങ്ങളില്‍ സ്ഥാനം പിടിച്ചത്. വേലിയേറ്റത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളില്‍ നിന്ന് അതിനൊപ്പം ഉയര്‍ന്നാണ് നീന്തല്‍ അറിയുന്നവര്‍ രക്ഷപ്പെടുന്നത്. വേലിയേറ്റങ്ങള്‍ സ്ഥായിയല്ല. ഒഴുക്കുകള്‍ ഉള്‍വലിയും. അപ്പോള്‍ അവശേഷിക്കുന്നവയിലും അവനെ കണ്ടെത്താന്‍ കഴിയില്ല. ചാരക്കണ്ണുകള്‍ അരിച്ചുപെറുക്കിയാലും രഹസ്യങ്ങളുടെ ആഴങ്ങളില്‍ ഒളിച്ച അവനെ കണ്ടെത്തുക പ്രയാസമാവും.
            വലക്കണ്ണികള്‍ക്ക്
            അവനോളം
            ചെറുതാകാനായില്ല.
            ചൂണ്ടക്കൊളുത്തുകള്‍ക്കു
            അവനെപ്പോലെ വളയാനും.
            വായ്ത്തലകള്‍ക്ക്
            അവന്റെ വേഗവും കിട്ടിയില്ല.
മത്സ്യത്തിന്റെ സ്വാതന്ത്ര്യം നിഹനിക്കാനായി എന്തെന്ത് ആയുധങ്ങളാണ് ഒരുക്കൂട്ടിയത്. അവനെ കുടുക്കാനായി എങ്ങും വലകള്‍ ഉയര്‍ന്നു. പ്രലോഭനത്തിന്റെ രുചി ചുറ്റുംവിതറി ചൂണ്ടക്കൊളുത്തുകള്‍ തയ്യാറാക്കപ്പെട്ടു. വെട്ടിതുണ്ടുതുണ്ടാക്കാന്‍ വായ്ത്തലകള്‍ രാകിമിനുക്കി. എന്നാല്‍ ഇവയൊന്നും അവനെ ഒന്നും ചെയ്തില്ല. ഓരോ ഇടത്തും അവന്‍ സൂക്ഷ്മതയോടെ, ശ്രദ്ധയോടെ വഴുതിമാറി. സ്വതന്ത്രനായ മനുഷ്യനെ വ്യക്തിയെ കുരുക്കാനായി പലതരത്തിലുള്ള വലകള്‍ സമൂഹം വിരിച്ചിരിക്കയാണ്. കുരുങ്ങിയാല്‍ എളുപ്പം പൊട്ടിച്ചെറിയാന്‍ കഴിയാത്തതാണ് പുതിയ വലക്കണ്ണികള്‍. പുതിയകാലത്ത് എല്ലാം നെറ്റ് അധിഷ്ടിതമാണ്. നമ്മളറിയാതെ ഇത്തരം നെറ്റ് വര്‍ക്കുകളും നമ്മളെ കുടുക്കിയിടും. അവ ഏതെങ്കിലും ഒരിടത്തല്ല. അതിന്റെ കണ്ണികള്‍ സര്‍വ്വവ്യാപിയാണ്. ഈ ആഗോള നെറ്റ് വര്‍ക്കുകള്‍ക്ക് പിടികൂടാന്‍ കഴിയാത്തത്രയും ചെരുതാവും അവനപ്പോള്‍. ചെറുതാവുക, ഉള്‍വലിയുക ഒരു യുദ്ധതന്ത്രവുമാണ്.

ചൂണ്ടക്കൊളുത്തുകള്‍ക്ക് അവനെ പിടികൂടാന്‍ കഴിയാത്തത് അവനോളം വളയാന്‍ അതിനു കഴിയാത്തത് കൊണ്ടാണ്. ചൂണ്ടയ്ക്ക് പ്രത്യക്ഷാര്‍ത്ഥത്തില്‍ തന്നെ ചതിയുടെയും വഞ്ചനയുടെയും ആകൃതിയാനുള്ളത്. പ്രലോഭനങ്ങളെ മുന്‍ നിര്‍ത്തിയാണ് ചൂണ്ട പ്രവര്‍ത്തിക്കുന്നത്. നമ്മെ പ്രലോഭിപ്പിച്ച് ഇരകളാക്കാന്‍ അത് ഏതു വേഷവും സ്വീകരിക്കും. വിപണിയും കമ്പോള സംസ്‌കാരവും സ്വതന്ത്രരായ മനുഷ്യരെയാണ് ഭയപ്പെടുന്നത്. അതുകൊണ്ട് തന്നെ അവരെ വശീകരിച്ച് തങ്ങളുടെ ശീതീകരിച്ച മുറികളിലെ അതിഥികളാക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കും. മൂര്‍ച്ചയേറിയ ആയുധങ്ങളും അവനു നേരെ പ്രയോഗിക്കപ്പെട്ടു. പക്ഷെ അതിന്റെ ഗതിവേഗം അവന് നിശ്ചയമുണ്ടായിരുന്നു. വെട്ടിവീഴ്താനാഞ്ഞ വായ്തലകളില്‍ നിന്ന് തന്റെ ഗതിവേഗം കൊണ്ട് അവന്‍ ഒഴിഞ്ഞു മാറി.

അവനുനേരെ പ്രയോഗിക്കപ്പെട്ട ആയുധങ്ങളുടെയും അവനെ ഇല്ലാതാകാന്‍ യത്‌നിച്ച സ്ഥാപനങ്ങളെയും പട്ടിക ഇവിടെയും തീരുന്നില്ല.
            അവനെ
            പരുന്തിന്‍ കണ്ണുകള്‍ക്ക്
            കോര്‍ത്തെടുക്കാനോ
            ഉപ്പുവയലുകള്‍ക്ക്
            ഉണക്കിയെടുക്കാനോ
            ധ്രുവങ്ങള്‍ക്ക്
            മരവിപ്പിക്കാനോ കഴിഞ്ഞില്ല.
പരുന്തിന്‍ കണ്ണുകള്‍ക്ക് അവനെ കോര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. എന്തും എത്ര അകലെ നിന്നും സൂക്ഷ്മമായി പിടിച്ചെടുക്കുന്ന കാഴ്ചയാണ് പരുന്തിനു. എല്ലാം കാഴ്ച്ചയുടെ, സൂക്ഷ്മമായ നിരീക്ഷണ വലയങ്ങളുടെ അകത്താക്കുന്ന, പുതിയ കാലത്തിന്റെ ചാരക്കണ്ണുകള്‍ അവനു നേരെ ഉണര്‍ന്നിരുന്നു. പരുന്ത് കാല്‍നഖങ്ങളിലാണ് മത്സ്യത്തെ  കോര്‍ത്തെടുക്കുക. കവി പക്ഷെ കണ്ണുകള്‍ കൊണ്ട് കോര്‍ത്തടുത്തില്ല എന്നാണ് പറയുന്നത്. കണ്ണുകള്‍ കൊണ്ട് കാണുകയും പറന്നു താഴുകയും കാല്‍നഖങ്ങള്‍ കൊണ്ട് കോര്‍ത്തെടുക്കുകയും ചെയ്യുന്ന പ്രവൃത്തിയുടെ വേഗം മാത്രമല്ല കണ്ണുകള്‍ കൊണ്ട് കോര്‍ത്തെടുക്കുന്നതില്‍ ഉള്ളത്. എല്ലാവരും കാഴ്ച്ചയുടെ ഇരയായി മാറുന്ന പുതിയ കാലത്തിന്റെ രീതിശാസ്ത്രവും ഇവിടെയുണ്ട്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും ആരുടെയൊക്കെയോ നിരീക്ഷണങ്ങളിലാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനു മേലുള്ള ഭീതിദമായ കടന്നു കയറ്റമായി പക്ഷെ നാം ഈ നിരീക്ഷണ ക്യാമറകളുടെ സൂക്ഷ്മജാഗ്രതയെ തിരിച്ചറിയുന്നില്ല. അതുപോലെ ഉപ്പുവയലുകള്‍ക്ക് അവനെ ഉണക്കിയെടുക്കാന്‍ കഴിഞ്ഞില്ല. മത്സ്യത്തിന്റെ മറ്റൊരു വിപണനതലമാണ് ഉപ്പില്‍ ഉണക്കിയെടുക്കുക എന്നത്. ഉണങ്ങിയ മത്സ്യം അതിന്റെ പുറത്തുകാണുന്ന ശരീരം മാത്രമാണ്. അതിനെ അതാക്കിയ ചൈതന്യം, അതിന്റെ ഉള്‍ക്കരുത്തു അതിലില്ല. മനുഷ്യനെ ശരീരം മാത്രമായി ചുരുക്കുകയും അവന്റെ ആന്തരീകമായ ബലത്തെ ഇല്ലായ്മചെയ്യുകയും ആണ് പുതിയകാലം ചെയ്യുന്നത്. ധ്രുവങ്ങള്‍ ശ്രമിച്ചതും വേറൊന്നിനല്ല. ഉപ്പില്‍ ഉണക്കിയെടുക്കുന്നതിനു പകരം ശ്രമം മഞ്ഞില്‍ മരവിപ്പിക്കാനാണ് മുതിര്‍ന്നത് എന്ന് മാത്രം. ശരീരം മാത്രമാണ് ഇങ്ങിനെ മരവിപ്പിച്ച് നിര്‍ത്താന്‍ കഴിയുന്നത്.

            നക്ഷത്രങ്ങളും
            അവതാരങ്ങളും
            അവന്റെ
            തലയ്‌ക്കോ വാലിനോ
            മുകളിലൂടെ കടന്നു പോയി
എന്നെഴുതുമ്പോള്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ക്കപ്പുറം മതത്തിന്റെ സംഘടിത വലയങ്ങളും മത്സ്യത്തെ അതിനു കീഴില്‍ അമര്‍ത്താന്‍ ശ്രമിച്ചതിന്റെ  ചരിത്രത്തിലേക്കാണ് കവി ദൃഷ്ടിപായിക്കുന്നത്. നക്ഷത്രങ്ങളും അവതാരങ്ങളും പ്രകടമായി മതസൂചനകള്‍ ഉള്‍ക്കൊള്ളുന്നതാണ്. കൃസ്ത്യന്‍, ഇസ്ലാം മതങ്ങളില്‍ നക്ഷത്രത്തിന് വലിയ പ്രാധാന്യമുണ്ട്. യേശുവിന്റെ പിറവി ലോകത്തെ അറിയിച്ചുകൊണ്ട് ദൈവം ജ്ഞാനികള്‍ക്കു നല്കിയ അടയാളമായിരുന്ന, കിഴക്ക് പ്രത്യക്ഷപെട്ട ഒരു നക്ഷത്രത്തെക്കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്. ആ വഴികാട്ടി ആ നക്ഷത്രത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍ യേശു പിറന്ന കാലിത്തൊഴുത്തില്‍ എത്തുകയും അവനെ ആരാധിച്ച്, അവനു കാഴ്ച ദ്രവ്യങ്ങള്‍ സമര്‍പിച്ചിട്ടു മടങ്ങിപോകുകയും ചെയ്യുന്നു. അനന്തവിശാലമായ പ്രപഞ്ചത്തില്‍ ഒന്നായ ഭൂമിയുടെ ആകാശത്തില്‍ മാത്രമാണ് അല്ലാഹു നക്ഷത്രങ്ങളെ വിന്യസിച്ചിട്ടുള്ളതെന്ന് ഖുര്‍ ആന്‍ പറയുന്നു. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നാമാത്തെതാണ് മത്സ്യാവതാരം. ബ്രഹ്മസന്നിധിയില്‍ നിന്ന് വേദസംഹിതകള്‍ അപഹരിച്ച ഹയഗ്രീവന്‍ എന്ന അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായാണ് മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടത്.

മതത്തിന്റെ പ്രഭാവലയങ്ങള്‍ മത്സ്യത്തിന്റെ തലയ്ക്കും വാലിനും മുകളിലൂടെ അവനെ സ്പര്‍ശിക്കാതെ കടന്നു പോയി. സ്വതന്ത്രനായ മനുഷ്യന് മേല്‍ മതങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. മനുഷ്യ സ്വാതന്ത്രത്തെ നിഹനിക്കാന്‍ എക്കാലത്തും മുന്നില്‍ നിന്നത് മതവും അതിന്റെ അനുശാസനങ്ങളും ആണ്. ചിന്തയുടെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുകയും മതത്തിന്റെ പേരില്‍ പ്രചരിക്കപ്പെട്ട സംഹിതകളെ അവിശ്വസിക്കുകയുംചെയ്ത ഒറ്റപ്പെട്ട മനുഷ്യരെ മതം എല്ലായ്‌പ്പോഴും വിചാരണ ചെയ്തിരുന്നു.
ഈ വിചാരങ്ങളുടെ തുടര്‍ച്ചതന്നെയാണ് അടുത്ത വരികളിലും കടന്നുവരുന്നത്.
            അവന്‍
            ഒരു കഥയിലും
            പിടികൊടുത്തില്ല
            ഒരു കണ്ണാടിയിലും
            കാഴ്ചയായില്ല
            ഒരു ചന്തയിലും നാണം കെട്ടില്ല.
കഥയും കണ്ണാടിയും ചന്തയും മനുഷ്യനെ വശീകരിക്കുന്ന ഉപാധികള്‍ തന്നെയാണ്. സ്വത്വബോധം ഉറച്ച മനുഷ്യര്‍ക്കല്ലാതെ അതിന്റെ പ്രലോഭനങ്ങളില്‍ നിന്ന് മാറിനടക്കാന്‍ കഴിയില്ല. മത്സ്യം ഒരു കഥയിലും പിടികൊടുത്തില്ല. കഥകള്‍ മറ്റുള്ളവര്‍ക്ക് പിടികൂടാനുള്ള ഉപാധിയാവുന്നത് എപ്പോഴാണ്? കഥകള്‍ ഒന്നിനെ ശാശ്വതമാക്കാനുള്ള കുറുക്കു വഴികൂടിയാണ്. പക്ഷെ, അവ നിലനില്‍ക്കുന്നത് യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒട്ട് അകന്നുമാണ്. കഥയാവുമ്പോള്‍ സത്യത്തില്‍ നിന്ന് കൂടിയാണ് നാം വഴിമാറുന്നത്. ഒറ്റയായും സ്വതന്ത്രമായും ജീവിച്ചിരിക്കുന്നത്, പ്രവര്‍ത്തിക്കുന്നത്, സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കുന്നത് ആണ് പൊതു സാമൂഹിക ബോധത്തിന് പേടിക്കാനുള്ളത്. സാമൂഹികപ്രവര്‍ത്തനം നടത്തുമ്പോള്‍ വലിയ വിപ്ലവകാരികളെ ക്രൂരമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ അവര്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍, കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ അവരെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളില്‍ അഭിരമിക്കും. കഥകളില്‍ ജീവിക്കുക മറ്റൊന്നും പ്രവര്‍ത്തിക്കാനില്ലാതാവുമ്പോള്‍ ആണ്. ഗുണപാഠകഥകളെക്കുറിച്ച് ആലോചിച്ചു നോക്കിയാല്‍ കഥകളില്‍ പിടികൊടുക്കാത്തതിനു മറ്റൊരു അര്‍ഥം കൂടി ലഭിക്കും. ആമയും മുയലും കുറുക്കനും സിംഹവും കാക്കയും പൂച്ചയും ഈച്ചയും എല്ലാം ഗുണപാഠകഥകളിലെ കഥാപാത്രങ്ങളായി എട്ടിലെ പശുക്കളെപ്പോലെ വ്യവസ്ഥകള്‍ക്ക് കീഴ്‌പ്പെട്ടുനില്‍ക്കുന്നവരാണ്. കഥകളില്‍ വാഴ്തപ്പെടുക വ്യവസ്ഥയുടെ ഗുണപാഠങ്ങള്‍ക്ക് അപദാനമാവുന്നവരാണ്. മത്സ്യം പക്ഷെ കഥകളില്‍ മരവിച്ച് കാലങ്ങളോളം ഇരിക്കാനല്ല, മറിച്ച് തന്റെ പോരാട്ടത്തിന്റെ ജാഗ്രതയില്‍ സമകാലികമായി ജീവിക്കാനാണ് ശ്രമിക്കുന്നത്.

കണ്ണാടിയില്‍ കാഴ്ചയായില്ല എന്ന വരികള്‍ ഇതിന്റെ തുടര്‍ച്ചതന്നെയാണ്. എല്ലാം കണ്ണാടിക്കൂട്ടില്‍ അടച്ച കാഴ്ചകള്‍ മാത്രമാണ്. ടെലിവിഷന്‍ സെറ്റുകളുടെ കണ്ണാടി പ്രതലം മുതല്‍ ചില്ലുകൂടുകളിലെ കണ്ണാടിക്കാഴ്ചകള്‍ വരെ കവിയുടെ നിരീക്ഷണത്തില്‍ ഉള്‍പ്പെടും. കണ്ണാടി നിശ്ചിത അളവുള്ള ഒരു പരിധിയാണ്. എല്ലാം അത് അതിലേക്കു ചുരുക്കും. കഥകളില്‍ പറഞ്ഞപോലെത്തന്നെ യാഥാര്‍ഥ്യത്തിന്റെ, സത്യത്തിന്റെ പ്രതിനിധാനങ്ങള്‍ മാത്രമാണ് കണ്ണാടിയില്‍ ഉള്ളത്. അത് തോന്നലുകള്‍ മാത്രമാണ്. സത്യം അതല്ല. ആന്തരിക ബാലമല്ല അതില്‍ തെളിയുക. ബാഹ്യരൂപത്തിന്റെ വടിവുകളും ചുളിവുകളും ആണ് കാഴ്ചക്കാര്‍ അതില്‍ അന്വേഷിക്കുന്നത്. വലിയ സാമൂഹിക വിപ്ലവകാരികള്‍ പിന്നീട് കണ്ണാടികൂടുകളിലെ കാഴ്ച്ചമാത്രമായത് കേരളത്തിലെ സമകാലിക ചരിത്രത്തിലെയും ദുരന്തങ്ങളില്‍ ഒന്നാണ്. പൊതു സമൂഹത്തിന്റെ താത്പര്യങ്ങളെ അടിച്ചു തകര്‍ക്കാന്‍ മുതിര്‍ന്നവരെപ്പോലും കേവലം കാഴ്ചപ്പണ്ടങ്ങളായി വേഷം കെട്ടിച്ച് കണ്ണാടിക്കൂടുകള്‍ക്കുള്ളില്‍ അടക്കാന്‍ കേരളീയ സമൂഹം തയ്യാറായി. കേവലം ഒരു കാഴ്ചവസ്തുവായി മാത്രം നില്‍ക്കാന്‍ പക്ഷെ മത്സ്യത്തിന് കഴിയുമായിരുന്നില്ല.
ഇതിന്റെ തുടര്‍ച്ചയായി വരുന്ന 'ഒരു ചന്തയിലും നാണം കെട്ടില്ല' എന്ന വരിയും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. ചന്തയെ കവി നാണം കെടാനുള്ള ഇടമായി കല്‍പ്പിക്കുന്നു. നാണവും മാനവും ഉണ്ടായിരിക്കുക എന്നത് ആത്മാഭിമാനത്തിന്റെ അളവായി നാട്ടില്‍ പറഞ്ഞുവരുന്ന പ്രയോഗമാണ്. സ്വന്തം വ്യക്തിത്വത്തില്‍ മതിപ്പുണ്ടാവുകയും അത് എന്തിനു മുന്നിലും അടിയറവെക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്നവരാണ് നാണം കെടാന്‍ നില്‍ക്കാത്തവര്‍. ചന്തയെ എന്നാല്‍ ഇതിന് നേരെ വിപരീതമായി നില്‍ക്കുന്ന യുക്തിയാണ് നയിക്കുന്നത്. പണം എല്ലാ നാണക്കേടിനെയും ഇല്ലാതാക്കും എന്നതാണ് ചന്തയുടെ രീതിശാസ്ത്രം. ഇത് അറിയുന്നതുകൊണ്ടുതന്നെ മത്സ്യം ചന്തയില്‍ നാണംകെടാന്‍ നിന്നില്ല. ചന്തയില്‍ സ്വയം വില്‍പ്പനയ്ക്ക് വെച്ച വലിയ മല്‌സ്യങ്ങളുണ്ട്. പുതിയ കാലം വില്പ്പനയുടെതാണ്. ഓരോരുത്തരും തന്നെ ത്തന്നെ പരസ്യപ്പെടുത്തുകയും വില്പ്പനയ്കായി അണിഞ്ഞൊരുങ്ങുകയും ചെയ്യുകയാണിവിടെ. മാര്‍ക്കറ്റ് ആവശ്യപ്പെടുന്ന, യോഗ്യതയും വിലയും ഉള്ള ടാഗുകള്‍ ഓരോരുത്തരുടെ കഴുത്തിലും ഉണ്ട്. പുറം പകിട്ടുകള്‍ തന്നെയാണ് അവിടെയും വിലയുടെ അടിസ്ഥാനം. ആന്തരികമായ ബലം, ശേഷി എന്നിവ ഈ മാര്‍ക്കറ്റില്‍ പരിഗണിക്കപ്പെടില്ല. ചെറുതുകള്‍ക്ക് യോജിച്ച ഇടമല്ല ചന്ത. പുതിയ ലോകത്തെ കണ്ണഞ്ചിപ്പിക്കുന്ന മാളുകള്‍ അവരില്‍ അപമാനം മാത്രമേ നിറയ്ക്കുകയുള്ളൂ.

മത്സ്യത്തെ അപായപ്പെടുത്താന്‍ മുതിര്‍ന്ന ആയുധങ്ങള്‍ക്കും ശ്രമങ്ങള്‍ക്കും എങ്ങിനെ അവനെ വീഴ്ത്താന്‍ കഴിഞ്ഞില്ല എന്ന്, അവയില്‍ നിന്ന് എങ്ങിനെ അവന്‍ വിദഗ്ദമായി രക്ഷപ്പെട്ടു എന്ന് പറഞ്ഞ രീതിയില്‍ നിന്നും ചെറിയൊരു വ്യത്യാസവും ആഖ്യാനത്തില്‍ ഇവിടെ കാണാം. അവ അവനെ വീഴ്ത്താന്‍ ആണ് ശ്രമിച്ചത് എങ്കില്‍ കഥയിലും കണ്ണാടിയിലും ചന്തയിലും അവന്‍ സ്വയം വീഴാതിരിക്കുകയാണ് ചെയ്തത്. ആത്മബോധമില്ലാത്ത മനുഷ്യര്‍ വീഴുന്ന പടുകുഴികളാണ് ഇവ. മൂര്‍ച്ചയേറിയ ആയുധങ്ങളാല്‍ മാത്രമല്ല ഇന്ന് നാം പരാജയപ്പെടുത്തപ്പെടുന്നത്. ഇക്കിളിപ്പെടുത്തിയാണ് പുതിയ ലോകം നമ്മെ കീഴ്‌പ്പെടുത്തുന്നത് എന്ന വിജയന്‍ മാഷുടെ വാക്കുകള്‍ ഇവിടെ ഓര്‍ക്കാം. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കൂടി ചതിക്കുഴികള്‍ ആണ്. പുറമേ അലങ്കരിക്കപ്പെട്ട ഈ കുഴികളുടെ യാഥാര്‍ഥ്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതുമാണ്. ആയുധങ്ങളില്‍ നിന്നും ഒഴിഞ്ഞുമാരുന്നതുപോലെ എളുപ്പവുമല്ല അത്.

കവിത മറ്റൊരു പരിവര്‍ത്തനത്തിലേക്ക് കടക്കുകയാണ്. നടന്നു കഴിഞ്ഞതില്‍ നിന്ന് നടന്നുകൊണ്ടിരിക്കുന്നതിലേക്കും നടക്കാനിരിക്കുന്നതിലേക്കും അത് ശ്രദ്ധിക്കുന്നു.
            കടലിന്റെ
            ഭ്രാന്തു പിടിച്ച രക്തത്തിലൂടെ
            ചുട്ടുപഴുത്ത സൂചിപ്പൊട്ടുപോലെ
            ഓടിക്കൊണ്ടിരുന്നു

            പിന്നില്‍
            തന്നേക്കാള്‍ വേഗത്തില്‍
            കടല്‍
            ദഹിച്ചു ദഹിച്ചു വരുന്നത്
            അറിയാതെ.

കടലിന്റെ ഭ്രാന്തു പിടിച്ച രക്തമെന്നത് സവിശേഷം ശ്രദ്ധിക്കേണ്ട പ്രയോഗമാണ്. ഭ്രാന്തുപിടിച്ച രക്തം വര്‍ത്തമാന കാലത്തിന്റെ പ്രത്യക്ഷ ചിഹ്നം തന്നെ. പൊതു സമൂഹത്തെ കീഴ്‌പ്പെടുത്തിയ ഭ്രാന്തുകളെ ഇത് നമ്മെ ഓര്‍മ്മിപ്പിക്കും. പല തരത്തിലുള്ള ഭ്രാന്തുകള്‍ക്ക് കീഴ്‌പ്പെട്ടിരിക്കുകയാണ് സമകാലിക സമൂഹം. ഉപഭോഗാസക്തിയുടെ, കാമത്തിന്റെ, സ്വാര്‍ത്ഥതയുടെ ഭ്രാന്തുകള്‍, മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള ഭ്രാന്തുകള്‍ തുടങ്ങിയവ നിയന്ത്രിക്കാനാവാത്ത വിധം സമൂഹത്തിന്റെ രക്തത്തില്‍ പെരുകിയിക്കുന്നു. ഈ ഭ്രാന്താണ് സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ഭീതിതമായ രോഗം. അതിന്റെ പ്രതിഫലനമാണ് വാര്‍ത്തകളായും ദൃശ്യങ്ങളായും നമുക്കുചുറ്റും പെരുകുന്നത്. പൊതുസമൂഹമെന്ന കടലിന്റെ സിരകളിലൂടെ ഒഴുകുന്ന ഉന്മാദത്തിന്റെ രോഗാണുക്കള്‍ നിറഞ്ഞ രക്തം എല്ലാത്തിനെയും അതിനു കീഴ്‌പ്പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ മത്സ്യം അതില്‍ അലിഞ്ഞു ചേരുന്നില്ല. അത് ചുട്ടുപഴുത്ത ഒരു സൂചിപ്പൊട്ടുപോലെ അതിനെതിരായി നീന്തിക്കൊണ്ടിരുന്നു. രക്തത്തിന്റെയും ചുട്ടുപഴുത്ത സൂചിപ്പൊട്ടിന്റെയും നിറം ഒന്നുതന്നെയെങ്കിലും അവ വ്യത്യസ്തമായ സ്വഭാവങ്ങളുടെ പ്രതിനിധാനങ്ങള്‍ ആണ്. സൂചി ഒന്നിലും അലിഞ്ഞുചേരാത്തതും എന്തിനെയും കീറി മുറിച്ചുപോകാന്‍ ത്രാണിയുള്ളതുമാണ്. മണല്‍ത്തരി കടലിനോട് പൊരുതുന്നത് പോലെയല്ല ഇത്, മണല്‍ത്തരി നിശ്ചലമാണെങ്കില്‍ സൂചിപ്പോട്ട് കടലിനെ കീറിമുറിച്ച് മുന്നോട്ടുപോവുകയാണ്. രണ്ടും നിസ്സാരവും ചെറുതുമെങ്കിലും ആദ്യത്തെ സാദൃശ്യത്തില്‍ നിന്ന് അവസാനത്തെ കല്‍പ്പനയിലേക്ക് എത്തുമ്പോള്‍ അതിനു വരുന്ന ചലനാത്മകത ശ്രദ്ധിക്കപ്പെടെണ്ടാതാണ്. ശരീരത്തില്‍ കയറിയ സൂചി രക്തത്തിലൂടെ അതിവേഗം സഞ്ചരിക്കുമെന്ന വായനക്കാരുടെ അറിവ് ഈ പ്രയോഗത്തിന്റെ യുക്തിയെ അംഗീകരിക്കും. ചുട്ടുപഴുത്ത സൂചിപ്പോട്ട് ഏതു പ്രതിരോധത്തെയും കീറിമുറിച്ച് കടന്നുപോകാന്‍ ശേഷിയുള്ളതും ആണ്.

മത്സ്യത്തിന്റെ അപരാജിതമായ ചെറുത്തുനില്പ് ആവേശം പകരുന്നതാണ്. ധീരമായ ചെറുത്തുനല്‍പ്പുകള്‍ അര്‍ഹിക്കുന്ന കാവ്യനീതി അതിനു ലഭിക്കുമെന്ന് വായനക്കാര്‍ പ്രത്യാശിക്കുകയും ചെയ്യും. ഒറ്റപ്പെട്ട മനുഷ്യരുടെ വിജയം, ആത്മാവിനെ പണയപ്പെടുത്താത്ത വ്യക്തിയുടെ അജയ്യത കവിതയെ ശുഭപര്യവസായി ആക്കും.  ധീരതയെ മനസാകൊണ്ടുനടക്കുന്ന അധീരനായ വായനക്കാരന്/ ക്കാരിക്ക് അത് വ്യാജമായ തൃപ്തി നല്‍കും. എന്നാല്‍ അത് ആയുക്തികവും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതുമായിരിക്കില്ല. കാലത്തിന്റെ ചലനങ്ങളെ ഒപ്പിയെടുക്കുന്ന കവിക്ക് വിജയത്തിന്റെ വ്യാജമായ പതാക എളുപ്പത്തില്‍ നാട്ടി കവിതയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അതുകൊണ്ട് തന്നെ കവിയുടെ കാഴ്ച ഇപ്പോള്‍ മത്സ്യത്തേയും കടലിനെയും ഒരേ പോലെ കാണുന്നു. മത്സ്യം ഒഴിഞ്ഞുനടക്കുന്നതിന്റെയും പലതില്‍ നിന്നും രക്ഷപ്പെടുന്നതിന്റെയും ക്ലോസപ്പ് ഷോട്ടുകള്‍ അവസാനിക്കുകയും, ഒരു ചലച്ചിത്രത്തിന്റെ അന്ത്യം പോലെ അത് അതിവിദൂര ദൃശ്യത്തിലേക്ക് പിന്‍ വാങ്ങുകയും ചെയ്യുന്നു. ആ വിദൂരക്കാഴ്ചയില്‍ പക്ഷെ നടുക്കുന്ന ദൃശ്യമാണ് കവിക്ക് ആസ്വാദകനെ കാട്ടിത്തരാനുള്ളത്. തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളില്‍ നിന്ന് സൂക്ഷ്മതയോടെ രക്ഷപ്പെട്ട് മുന്നിലോട്ടു കുതിക്കുന്ന മത്സ്യത്തിന് പിറകില്‍ കടല്‍ ദഹിച്ചുദഹിച്ച് വരികയാണ്. രണ്ട് പരാമര്‍ശങ്ങളും ശ്രദ്ധ ആവശ്യപ്പെടുന്നു. ഒന്ന്, കടല്‍ ദഹിച്ചുദഹിച്ച് വരുന്നു. രണ്ട്, പക്ഷെ മത്സ്യം അത് അറിയുന്നില്ല. കടലല്ല, കടലിലെ വെള്ളമല്ല ഒന്നിനെയും ദഹിപ്പിക്കുന്നത്. ദഹിപ്പിക്കുന്നത് തീയാണ്. ഒന്നിനെ സമ്പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ദാഹിപ്പിക്കുന്നതിലൂടെ നടക്കുന്നത്. അഗ്‌നിയുടെ രൗദ്രതയും കടലിന്റെ ശക്തിയും ഒരു കൊച്ചു മത്സ്യത്തിന് എതിരായി ഐക്യപ്പെടുന്നു. മുന്നിലെ തടസ്സങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി ഓടിക്കൊണ്ടിരിക്കുന്ന മത്സ്യത്തെ അറിയാതെ പിറകിലൂടെ ആഞ്ഞടിച്ചാണ് കടല്‍ നേരിടുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ കടല്‍ മത്സ്യത്തിന്റെ ആവാസ സ്ഥാനവുമാണ്. സ്വന്തം ആവാസ വ്യവസ്ഥ തന്നെ എതിരാവുന്ന, അതുതന്നെ തന്റെ നിലനില്‍പ്പിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വലിയ ദുര്യോഗമാണ് മത്സ്യത്തിന് ഉണ്ടാവുന്നത്.
ചെറുതുകളുടെ പോരാട്ടങ്ങളുടെ ഫലശ്രുതി പ്രവചനാധീതമാണ്. അവയുടെ വിജയങ്ങള്‍ ചിലപ്പോള്‍ താത്കാലികമാവാം. ആസുരഭാവം പൂണ്ട പുതിയ സാമൂഹികവ്യവസ്ഥിതിയോട് അതിനു എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയും എന്ന് പറയാന്‍ കഴിയില്ല. എല്ലാത്തിനെയും വിഴുങ്ങാനും ചുട്ടുചാമ്പലാക്കാനും ഉള്ള കരുത്ത് ഇന്നത്തെ പുതിയ സാമൂഹിക സാമ്പത്തിക ശക്തികള്‍ക്കു ഉണ്ട്. ചെറുതുകള്‍ക്ക് പഴകാലത്തെപ്പോലെ നേരിട്ടുള്ള ശക്തികളോട് മാത്രം ഇന്ന് എതിരിട്ടാല്‍ പോരതാനും. വലിയ അടയാളങ്ങള്‍ അവശേഷിപ്പിച്ചവയാണ്   ചരിത്രത്തില്‍ പക്ഷേ, ചെറുതുകളുടെ ചെറുത്തുനില്‍പ്പുകളും പോരാട്ടങ്ങളും. അവ നിര്‍വ്വഹിച്ച സാമൂഹിക ദൗത്യങ്ങളും ചെറുതല്ലായിരുന്നു. ശത്രുവാണോ മിത്രമാണോ എന്ന് തിരിച്ചറിയാന്‍ പോലുമാകാത്തമട്ടിലാണ് ഇന്നത്തെ എതിരാളികളുടെ രൂപവും ഭാവവും. ചെറുതുകള്‍ക്ക് പുതിയ പോരിടങ്ങളില്‍ എന്തെങ്കിലും അവശേഷിപ്പിക്കാനോ സ്വയം ശേഷിക്കാനോ കഴിയുമെന്ന് കവിക്ക് യാതൊരു ഉറപ്പുമില്ല.

മത്സ്യം കാവ്യചരിത്രത്തില്‍ നീന്തിത്തുടിക്കുന്നത് ഏതു പ്രസ്ഥാനവഴികളിലാണ് എന്നതിന് കവിതയിലെ പ്രയോഗ സവിശേഷതകളും അതിന്റെ ഘടനയും വിഷയസ്വീകരണവും തന്നെ തെളിവ്. ഉത്തരാധുനിക കാവ്യശീലങ്ങളുടെ കൃത്യമായ ലക്ഷണങ്ങള്‍ ഉദാഹരിക്കാന്‍ മലയാളത്തിലെ തികവുറ്റ മാതൃകകളിലൊന്നാണ് ഈ കൊച്ചുകവിത. ഘടനയിലെയും ഭാഷയിലെയും ലാളിത്യത്തില്‍ പൊതിഞ്ഞുവെച്ച ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ ദര്‍ശനമാണ് മത്സ്യത്തിന്റെ കാവ്യസ്വഭാവം. ഋജുവും എന്നാല്‍ സൂചിമുനയോളം കൂര്‍ത്തതുമാണ് കവിതയുടെ ഘടന. പ്രമേയത്തിന്റെ മര്‍മ്മങ്ങളില്‍ മാത്രമേ കവി സ്പര്‍ശിക്കുന്നുള്ളൂ. വലിച്ചുനീട്ടിയാല്‍ മഹാകാവ്യമാക്കാവുന്ന നമ്മുടെ തന്നെ ചരിത്രമാണ് മത്സ്യത്തിന്റെ പാശ്ചാത്തലം. കുറച്ചുപറയുക ഒരു കാവ്യലക്ഷണമാകുന്ന പ്രസ്ഥാനത്തിന് പക്ഷേ അവയില്‍ ഒന്നോ രണ്ടോ മാത്രകള്‍ മാത്രം മതി. കാവ്യശരീരത്തിലെ ധമനികളില്‍ മാത്രം കൈവിരലുകള്‍ വെക്കാന്‍ പുതുകവിത പുലര്‍ത്തുന്ന സൂക്ഷ്മനിരീക്ഷണമാണ് ഇവിടെയും കവിക്ക് തുണ. കടലുപോലെ പരന്ന ബൃഹദാഖ്യാനങ്ങള്‍ക്ക് പകരം തിളക്കവും ചൈതന്യവുമുള്ള, ജീവിതത്തിന്റെ തന്നെ രുചിയായ ചെറുമത്സ്യങ്ങളെപ്പോലുള്ള പ്രമേയങ്ങളാണ് അവര്‍ക്ക് പഥ്യം. വ്യാഖ്യാനത്തിന്റെ എല്ലാ അതിരുകളിലേക്കും വലിച്ചുനീട്ടാന്‍ പുതുകവിതയെ സമര്‍ത്ഥമാക്കുന്നത് അതിന്റെ തുറന്ന ആഖ്യാനമാണ്. കാഴ്ചയുടെ ഭാഷയാണ് പുതുകവിതയുടെ കാവ്യാദര്‍ശങ്ങളില്‍ മറ്റൊന്ന്. മത്സ്യം എഴുതപ്പെട്ടതും അത്യന്തം ദൃശ്യപരതയോട് കൂടിയാണ്. സമീപ, മധ്യസ്ഥ, വിദൂര ദൃശ്യങ്ങളിലൂടെ കവി മത്സ്യത്തിന്റെ കുതിപ്പും വഴുതിമാറലുകളും നമ്മെ കാട്ടിത്തരികയാണ്. കാഴ്ചയുടെ രീതിശാസ്ത്രത്തെ പിന്‍പറ്റിക്കൊണ്ട് തന്നെ പുതുകവിതകള്‍ കാഴ്ചയുടെ ശീലങ്ങളെ വിമര്‍ശിക്കുകയും പുറം കാഴ്ചകള്‍ നഷ്ടപ്പെടുത്തുന്ന ഉള്‍ക്കാഴ്ചകളെക്കുറിച്ച് ആധികൊള്ളൂകയുംചെയ്യും. മത്സ്യത്തിലും ഈ തലം പ്രകടമാണ്. വലക്കണ്ണിയുടെയും ചൂണ്ടക്കൊളുത്തുകളുടെയും തിളങ്ങുന്ന വായ്ത്തലകളുടെയും പരുന്തിന്‍ കണ്ണുകളുടെയും സമീപദൃശ്യങ്ങളില്‍ നിന്ന് പൊടുന്നനെ സൂചിപ്പൊട്ടുപോലെ മുന്നിലേക്ക് കുതിക്കുന്ന കൊച്ചുമത്സ്യത്തിന് പിന്നില്‍ ദഹിച്ചുകൊണ്ട് ആഞ്ഞുയരുന്ന കടലിന്റെ അതിവിദൂരദൃശ്യമാണ് കവി കാട്ടിത്തരുന്നത്. ദൃശ്യഭാഷയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ കാഴ്ചയെ, അതിനു പിന്നിലുള്ള പ്രത്യയശാസ്ത്രത്തെ 'മത്സ്യം'വിമര്‍ശന വിധേയമാക്കുകയും ചെയ്യുന്നു.
പുതുകവിത ഗുണപാഠങ്ങളെ അടക്കം ചെയ്തല്ല നിര്‍മ്മിക്കപ്പെടുന്നത്. സാരോപദേശം മത്സ്യത്തിന്റെയും വഴിയല്ല. എങ്കിലും മത്സ്യം മുന്നോട്ടുവെക്കുന്ന ജീവിതാദര്‍ശം വായനക്കാരുടെ കണ്ണില്‍ തറക്കാതിരിക്കില്ല. 'ഏതിരുല്‍ക്കുഴിമേല്‍ ഉരുളട്ടെ വിടില്ല ഞാനീ രശ്മികളെ' എന്ന്! വായിക്കുമ്പോള്‍ കവിയോടൊപ്പം ജ്വലിക്കുന്ന വിവേകം മത്സ്യത്തിന്റെ പാരായണത്തിലും അനുഭവിക്കാം. കടലുപോലെ വിശാലവും ശക്തവും ആയ പൊതുബോധത്തിന് മുന്നില്‍ സ്വന്തം സ്വത്വത്തെ ഉറച്ചുപിടിക്കാന്‍ ഈ ലഘുകവിത നമ്മെ പ്രചോദിപ്പിക്കും. പ്രലോഭനങ്ങളിലും ഭീഷണികളിലും ചതിക്കുഴികളിലും വീഴാത്ത മനുഷ്യസ്വാതന്ത്ര്യന്റെ തിളക്കം മത്സ്യത്തിന്റെ കുതിപ്പുകള്‍ നമ്മെ അനുഭവിപ്പിക്കും. ചെറുതെങ്കിലും പ്രതിരോധം തന്നെ ജീവിതമാകുന്നതിന്റെ അന്തസ്സാരം അത് നമുക്ക് പകര്‍ന്നുതരും. ചെറിയ ചെറുത്തുനില്‍പ്പുകള്‍ക്കും ചരിത്രത്തില്‍ അതിന്റേതായ സ്ഥാനപ്പെടുത്തലുകള്‍ ഉണ്ടെന്ന തിരിച്ചറിവ് ജീവിതം കൊണ്ട് ഉദാഹരിക്കുന്ന മത്സ്യം വായനക്കാരെ എക്കാലത്തും അങ്ങിനെയായി മാത്രം തുടരുന്നതില്‍ ലജ്ജിപ്പിക്കും.

1 അഭിപ്രായം: