2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

ഷേണായി ഡോക്ടര്‍

അവിചാരിതമായാണ് ഇന്നലെ ഷേണായി ഡോക്ടറെ വഴിയില്‍ വെച്ച് കണ്ടത്. തന്റെ പഴയ ചേതക് സ്കൂട്ടറില്‍ കാണുന്ന നാട്ടുകാരോടെല്ലാം ചിരിച്ചും ചിലരോടെല്ലാം "എന്തുണ്ട് ' എന്ന് കുശലം ചോദിച്ചും മൂപ്പര്‍ മെല്ലെ ബസാറിലേക്ക് പോകുകയായിരുന്നു.

ഞങ്ങളുടെ പ്രദേശത്തെ പഴയ ഡോക്ടര്‍മാരില്‍ പ്രധാനിയാണ്‌ ഷേണായി. എം. ബി. ബി. എസ്സും അതിനു മുന്‍പുള്ള ചികിത്സാ ബിരുദങ്ങളും മാത്രമുണ്ടായിരുന്ന കുപ്പാടക്കന്‍, കരുണാകരന്‍, യു. വി. ഷേണായി, ദാമോദരന്‍ എന്നിവര്‍ ആസ്ഥാന ഡോക്ടര്‍മാരായി പയറ്റുന്നതിനിടയിലാണ് മംഗാലാപുരത്തു നിന്നും ഷേണായി ഡോക്ടര്‍ എത്തുന്നത്. പേരുകേട്ട സര്‍ജന്‍. ഗവന്മെന്റ്റ് ആശുപത്രിക്ക് മുന്‍പിലെ അദ്ദേഹത്തിന്‍റെ ക്ലിനിക്കിനു മുന്നില്‍ അന്ന് മുതല്‍ രോഗികളുടെ നീണ്ട ക്യൂ ആയിരുന്നു. കന്നഡ കലര്‍ന്ന മലയാളത്തില്‍ "എന്റാ അമ്മാ .... വയറ്റീന്നു നല്ല മാതിരി പോക്ക് ശരിയില്ലേ ..." എന്ന മാതിരി സംസാര രീതി എല്ലാവര്‍ക്കും പെട്ടെന്ന് ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കൈപ്പുണ്യം പാടി നീട്ടി വലിയ സംഭവ കഥകളുണ്ടായി. ഞങ്ങളുടെ നാട്ടില്‍ അലിഞ്ഞു ചേര്‍ന്ന അദ്ദേഹം നാട്ടിലെ ഏതു ആഘോഷ പരിപാടികള്‍ക്കും കൈയയച്ചു സംഭാവനകള്‍ നല്‍കി, സമയം കിട്ടുമ്പോഴെല്ലാം പങ്കെടുത്തു.

ഷേണായി ഡോക്ടറെ കാണുമ്പോള്‍ പല സ്ത്രീകളും ചില പുരുഷന്മാരും നാണിച്ചു മുഖം കുനിക്കുന്നതിന്റെ രഹസ്യം എനിക്ക് പിന്നീടാണ് മനസ്സിലായത്‌. അദ്ദേഹത്തിന്റെ സര്‍ജറികളില്‍ വലിയൊരു ശതമാനവും പൈല്‍സിന്റെതായിരുന്നു. തലശ്ശേരിയിലെ ഭരതന്‍ ഡോക്ടര്‍ പേരെടുക്കുന്നതിനും നാട്ടില്‍ മൂലക്കുരു ക്ലിനിക്കുകള്‍ കൊച്ചു ലോഡ്ജു  മുറികളില്‍ പോലും പെരുകുന്നതിനും മുന്‍പ് ഇക്കാര്യത്തില്‍ ഞങ്ങളുടെ കണ്‍കണ്ട ദൈവം ഷേണായി ഡോക്ടറായിരുന്നു. തിരക്ക് വര്‍ദ്ദിച്ചു വര്‍ദ്ദിച്ച് രോഗികളുടെ മുഖം തന്നെ തിരിച്ചറിയാന്‍ കഴിയാതെയായി അദ്ദേഹത്തിന്.  ഇക്കാര്യത്തില്‍ അനേകം കഥകള്‍ അദ്ദേഹവുമായി ബന്ധപ്പെടുത്തി ഞങ്ങള്‍ നാട്ടുകാര്‍ പറഞ്ഞു രസിച്ചിരുന്നു. കുറിഞ്ഞിയിലെ കളിയാട്ടത്തിന്റെ വമ്പിച്ച തിരക്കില്‍ കണാരേട്ടന്‍ ഷേണായി ഡോക്ടറെ കാണുന്നു. ഓപ്പറേഷന്‍ ചെയ്ത് തന്റെ പ്രഭാതങ്ങളെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിച്ച ദൈവമാണ് കണാരേട്ടന് ഡോക്ടര്‍. ഓടിപ്പോയി ഡോക്ടറെ തൊഴുതു. എത്ര പരിചയപ്പെടുത്തിയിട്ടും ഡോക്ടര്‍ക്ക് ആളെ മനസ്സിലായില്ല. പിന്നെ കണാരേട്ടന്‍ മടിച്ചില്ല, മുണ്ടും പൊക്കി പിറകോട്ടു തിരിഞ്ഞു ആള്‍കൂട്ടത്തിനിടയില്‍  കുനിഞ്ഞൊരു നില്പാണ്. " ഓ.. കാനാരന്‍ .. " ഒരു നിമിഷം കൊണ്ട് ഡോക്ടര്‍ ആളെ തിരിച്ചറിഞ്ഞു.

ഞങ്ങളുടെ റൂട്ടില്‍ ട്രക്കര്‍ സര്‍വീസ് നടത്തുന്ന രാജേട്ടനാണ് ഷേണായി ഡോക്ടറുടെ രണ്ടു മൂന്നു രസകരമായ കഥകള്‍ എന്നോട് പറഞ്ഞത്. പിന്നീട് ഡോക്ടറെ കാണുമ്പോഴൊക്കെ പരിചയത്തിനപ്പുറം ആ കഥകളുടെ അലയൊലിയാലും ആണ് ഞാന്‍ വിശദമായി ചിരിക്കാറുള്ളത്.  തന്റെ വണ്ടി തടഞ്ഞു നിര്‍ത്തി ഫസ്റ്റ്‌ ഐഡ് ബോക്സ് പരതി "എവിടെ ഇതിലെ സാധനങ്ങള്‍, ഈര്‍ക്കില്‍ എവിടെ?" എന്നെല്ലാം തിരക്കിയ പോലീസുകാരോട് ഞാന്‍ ഇന്ന് രാവിലെ നാവു തുടച്ചു കളഞ്ഞതെയുള്ളൂ സാര്‍ എന്ന് നിഷ്കളങ്കമായി മറുപടി പറഞ്ഞ അന്ന് മുതല്‍ രാജേട്ടന്റെ കഥകള്‍ക്കായി ഞങ്ങള്‍ കാത്തു കൂര്‍പ്പിക്കാരുണ്ടായിരുന്നു. ട്രക്കറിലെ സ്ഥിരമായ ഇരിപ്പും ഹോട്ടല്‍ ഭക്ഷണവും കാരണം ഷേണായി ഡോക്ടറെ കാണിക്കേണ്ടുന്ന വേദന ഒരിക്കല്‍ രാജേട്ടനും പിടിപെട്ടു. വിശദമായ പരിശോധനയാണ് ഈ രോഗത്തിന് ഡോക്ടര്‍ നടത്താറുള്ളത്. രോഗികളെ അടിവസ്ത്രമൊന്നുമില്ലാതെ കുനിച്ചു നിര്‍ത്തി ഇരു വിരലുകല്‍ക്കൊണ്ടും മലദ്വാരം വിടര്‍ത്തി നോക്കിയാണ് അദ്ദേഹം പരിശോധിക്കുക. ഇതിനിടയില്‍ അവിടുത്തെ പേശികളുടെ സങ്കോച വികാസങ്ങള്‍ അറിയുന്നതിന് വേണ്ടി അദ്ദേഹം രോഗികളോട് നിരന്തരമായി എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. അങ്ങിനെ രാജേട്ടനോട് ട്രക്കര്‍ സര്‍വീസിന്റെയും നാട്ടിലെ റോഡുകളുടെയും എല്ലാം കാര്യം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് "അല്ലാ നിങ്ങള്‍ പുകവലിക്കാറുണ്ടോ" എന്ന് ഡോക്ടര്‍ അന്വേഷിച്ചത്. രാജേട്ടന്‍ " ഇല്ല ഡോക്ടര്‍, എന്താ പുക വരുന്നുണ്ടോ " എന്ന് പതിവ് നിഷ്കളങ്കതയോടെ തന്നെയാണ് ഉത്തരവും പറഞ്ഞത്.

ആയിടക്ക്‌ കുറച്ചു ദിവസം ഡോക്ടറുടെ കഴുത്തു ഒരു വശത്തേക്ക്  തിരിഞ്ഞിരുന്നു. പൈല്‍സ് കാണാന്‍ കുനിഞ്ഞു കുനിഞ്ഞു ചഞ്ഞും ചെരിഞ്ഞും നോക്കി പറ്റിയതാവനാണ് വഴിയെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. രാജേട്ടനാണ് സംഭവം എന്താണെന്ന് വ്യക്തമാക്കിയത്. ഡോക്ടര്‍ ഒരു ദിവസം തന്റെ പ്രിയപ്പെട്ട ചേതക്കില്‍ വരികയായിരുന്നു. നേരിയ ചാറ്റല്‍ മഴയുള്ളത്‌ കൊണ്ട് റെയിന്‍ കോട്ടും ഇട്ടായിരുന്നു വരവ്. ഒരു നല്ല വളവില്‍ ലക്കും ലഗാനുമില്ലാതെ വരുന്ന ജീപ്പുമായി ഡോക്ടറുടെ സ്കൂട്ടര്‍ ഇടിച്ചു. ഡോക്ടര്‍ സ്കൂട്ടറില്‍ നിന്നും തെറിച്ചു ദൂരേക്ക്‌ വീണു. വീഴ്ചയില്‍ തന്നെ ബോധവും പോയി. ആളുകള്‍ ഓടിക്കൂടി. നോക്കുമ്പോള്‍ ശരീരത്തില്‍ മുറിവോ ചതവോ ഒന്നുമില്ല, പക്ഷെ വീഴ്ചയില്‍ കഴുത്തു പൂര്‍ണമായും തിരിഞ്ഞു പോയിരുന്നു. മുഖം നേരെ പിറകോട്ടു തിരിഞ്ഞാണ് ഇരിക്കുന്നത്. എന്തുചെയ്യണ മെന്നറിയാതെ ആളുകള്‍ അമ്പരന്നു നില്‍ക്കെ അവിടുത്തെ പ്രധാനിയായ ചന്തു ഗുരുക്കള്‍ മുന്നോട്ടു വന്നു. "ഇത് വീഴ്ചയില്‍ പറ്റിയത്താണ്. പ്രശ്നമൊന്നുമില്ല. ഇപ്പൊ ശരിയാക്കാം" എന്ന് പറഞ്ഞു ഡോക്ടറുടെ അടുത്തു തന്നെ മുട്ടുകുത്തി ഇരുന്നു. ഗുരുക്കളുടെ കാല്‍മുട്ടെടുത്തു ഡോക്ടറുടെ കഴുത്തില്‍ അമര്‍ത്തിവെച്ച് ഇരു കൈകള്‍ കൊണ്ടും തലയില്‍ മുറുകെപ്പിടിച്ച്  മെല്ലെ തിരിച്ചു ശിരസ്സ്‌ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ തുടങ്ങി. തല മുക്കാല്‍ ഭാഗത്തോളം തിരിഞ്ഞതും ബോധംപോയ ഡോക്ടര്‍ ഞെട്ടി ഉണര്‍ന്നു പരിസരം ഞെടുങ്ങു മാറ് ഉറക്കെ നിലവിളിച്ചു. പേടിച്ചു പോയ ഗുരുക്കള്‍ ഞെട്ടി പിറകോട്ടു മാറി. അപ്പോഴാണ്‌ ആരോ വിളിച്ചു പറഞ്ഞത്. "അയ്യോ ഡോക്ടറുടെ തല തിരിഞ്ഞതല്ല; അദ്ദേഹം ഓവര്‍ കോട്ട് തിരിച്ചിട്ടതാണ്."
പിന്നീട്‌ ഇന്നുവരെ ഏതു പെരുമഴയത്തും അദ്ദേഹം ഓവര്‍ കോട്ട് ഇട്ടിട്ടില്ല എന്നാണു രാജേട്ടന്‍ പറഞ്ഞത്.

16 അഭിപ്രായങ്ങൾ:

 1. ഞങ്ങളുടെ പ്രദേശത്തെ പഴയ ഡോക്ടര്‍മാരില്‍ പ്രധാനിയാണ്‌ ഷേണായി. എം. ബി. ബി. എസ്സും അതിനു മുന്‍പുള്ള ചികിത്സാ ബിരുദങ്ങളും മാത്രമുണ്ടായിരുന്ന കുപ്പാടക്കന്‍, കരുണാകരന്‍, യു. വി. ഷേണായി, ദാമോദരന്‍ എന്നിവര്‍ ആസ്ഥാന ഡോക്ടര്‍മാരായി പയറ്റുന്നതിനിടയിലാണ് മംഗാലാപുരത്തു നിന്നും ഷേണായി ഡോക്ടര്‍ എത്തുന്നത്. പേരുകേട്ട സര്‍ജന്‍. ഗവന്മെന്റ്റ് ആശുപത്രിക്ക് മുന്‍പിലെ അദ്ദേഹത്തിന്‍റെ ക്ലിനിക്കിനു മുന്നില്‍ അന്ന് മുതല്‍ രോഗികളുടെ നീണ്ട ക്യൂ ആയിരുന്നു.

  മറുപടിഇല്ലാതാക്കൂ
 2. പ്രഭാകരന്‍ മാഷ്‌, സത്യത്തില്‍ ഇത് എഴുതിയപ്പോഴല്ല ചിരിവന്നത്, മാഷിന്റെ കമന്റു വായിച്ചു എനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ചിരിച്ചു ചിരിച്ചു പൊക വരുമെന്നു തോന്നുന്നു.നന്ദി.

  മറുപടിഇല്ലാതാക്കൂ
 3. സ്കൂട്ടറില്‍ സഞ്ചരിക്കരുത്, മഴയുള്ളപ്പോള്‍ പ്രത്യേകിച്ചും. സഞ്ചരിക്കുകയാണെങ്കിലോ കോട്ട് ഇടരുത്, തല തിരിച്ച് ഇടുകയേ അരുത്. ഗുരുക്കള്‍ അടുത്ത് എവിടേയെങ്കിലും ഉണ്ടാവും.

  രാജേട്ടന്‍ പറഞ്ഞു തന്ന കഥകള്‍ മറക്കില്ല.

  മറുപടിഇല്ലാതാക്കൂ
 4. രാജേട്ടന്മാരും ഷേണായി ഡോക്റ്റര്‍ മാരും പിന്നെ കുറെ ഗുരുക്കന്മാരും ഉള്ളത് നാടിന്റെ ഭാഗ്യം.

  മറുപടിഇല്ലാതാക്കൂ
 5. പ്രേമാ, ഈ കഥകളെല്ലാം വേറെ പലരുമായി ചേര്‍ത്ത് പലകുറി കേട്ടിട്ടുണ്ട്. ഒരു പക്ഷെ ഇതൊക്കെയായിരിക്കാം നമ്മുടെ കാലത്തെ ഫോക് ലോര്‍.

  മറുപടിഇല്ലാതാക്കൂ
 6. ഇങ്ങനെ നിസ്വര്തമതികളായ കുറെ പേരുടെ സ്ഥാനത്താണ്‌ ഇപ്പോഴത്തെ കഴുത്ത്അറുപ്പന്മാര്‍ ഉള്ളത്, അതുകൊണ്ട് പഴയ ആളുകളെ വെറുതെ വിടുക..അവര്‍ ആയിരുന്നു ഭേദം, എന്നല്ല അവര്‍ ആയിരുന്നു യഥാര്‍ത്ഥ ആതുര ശുശ്രുഷകര്‍ .. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 7. മൂലക്കുരു മാന്യമായ കച്ചവടമാക്കാനുള്ള ഗൂഢാലോചന...

  മറുപടിഇല്ലാതാക്കൂ
 8. യഹിയ മാഷിനു ഒരു കൂട്ടുകാരനായി അല്ലെ പ്രേമന് മാഷെ..
  സ്മിത അരവിന്ദ്

  മറുപടിഇല്ലാതാക്കൂ
 9. Very good. Both Dr.shenoy and Rajettan are very interesting characters.Our life would have been very boring if we do not have such people. Yatheedran will be the right person to add flavor to the above stories. Eventhough I do have some, I fear the narrative may kill the humor. Murali R

  മറുപടിഇല്ലാതാക്കൂ
 10. ഷേണായ് ഡോക്റ്റര്‍ ഇപ്പോഴുമുണ്ട് ...ജാഗ്രതേ......

  മറുപടിഇല്ലാതാക്കൂ