സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

വജ്ദയുടെ പ്രതിരോധങ്ങള്‍


എല്ലാ നല്ല ചലച്ചിത്രങ്ങളേയും ഏതെങ്കിലും തരത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാവുന്നതാണ്. കാരണം പുതിയ കാലത്തും സിനിമതന്നെയാണ് സാമൂഹിക വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്നത്. ചലച്ചിത്രങ്ങളെ അറിവുനിര്‍മ്മാണപ്രക്രിയയുടെ ഏറ്റവും സാധ്യതയുള്ള ഉപകരണമായി തിരിച്ചറിഞ്ഞുകൊണ്ടാണ് അവയ്ക്ക് ഇന്ന് ക്ലാസ് മുറികളിലടക്കം സുപ്രധാന സ്ഥാനം നല്‍കിവരുന്നത്. ലോകത്തിലെ മികച്ച പല ചിത്രങ്ങളും നേരിട്ട് വിദ്യാഭ്യാസത്തെ തന്നെ പ്രമേയമാക്കിയിട്ടുമുണ്ട്. വിദ്യാഭ്യാസ സിനിമകള്‍ എന്ന് വിഭാഗം തിരിച്ച് രേഖപ്പെടുത്താന്‍ മാത്രം എണ്ണപ്പെട്ട ചിത്രങ്ങള്‍ ഈ വഴിയില്‍ ഉണ്ടായിട്ടുണ്ട്. ത്യാഗപൂര്‍ണ്ണമായ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍, അതിലുള്‍പ്പെട്ടവര്‍ തമ്മിലുള്ള അതിശക്തമായ ഹൃദയ ബന്ധങ്ങള്‍, ആത്മസമര്‍പ്പണം തന്നെ നടത്തി ശരിയായ പാതകളിലേക്ക് പഠിതാക്കളെ നയിക്കുന്നവര്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ എന്നിങ്ങനെയുള്ള പ്രമേയങ്ങളാണ് ഇവയില്‍ ചിലതിനെങ്കില്‍ വിദ്യാഭ്യാസമെന്ന മര്‍ദ്ദകോപകരണം എങ്ങിനെയാണ് വിദ്യാര്‍ത്ഥികളെയും അതിലുള്‍പ്പെട്ട മറ്റുള്ളവരെയും ഭീകരമായി തകര്‍ത്തുകളയുന്നതാണ് മറ്റുചില ചിത്രങ്ങളുടെ പ്രമേയം. 2013 ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി നോമിനേഷന്‍ ലഭിച്ച സൗദി അറേബ്യന്‍ സിനിമയായ 'വജ്ദ', സ്‌കൂളിനെയും അതുദ്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും അതില്‍ അന്തര്‍ഭവിച്ച കാപട്യങ്ങളെയും വളരെ ലളിതമായി തുറന്നുകാട്ടിക്കൊണ്ടാണ് സമീപകാല ലോകസിനിമയില്‍ സുപ്രധാനമായ സ്ഥാനം നേടിയത്.

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികാട്ടി മാത്രമല്ല. അത് സ്വയം സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനവും ആണ്. ബാറ്റില്‍ഷിപ് പൊട്ടൈംകിന്‍ ലോകത്തെമ്പാടുമുള്ള പോരാളികളുടെ ആവേശമാണെങ്കില്‍ വജ്ദ പോലുള്ള ചിത്രങ്ങള്‍ സ്വയം സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കുകയാണ്. എവിടെയാണോ അടിച്ചമര്‍ത്തലുകളും നിയന്ത്രണങ്ങളും മനുഷ്യന്റെ അസ്തിത്വത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത് അവിടങ്ങളില്‍ അങ്ങേയറ്റം അപകടകരമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് ചലച്ചിത്ര പ്രതിഭകള്‍ സിനിമയെന്ന മാധ്യമത്തെ സ്വാതന്ത്ര്യത്തിന്റെ അപരലോകം കാട്ടികൊടുക്കാന്‍ എങ്ങിനെ പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ സമീപകാല നിദര്‍ശനം കൂടിയാണ് വജ്ദ.

ചലച്ചിത്രനിര്‍മ്മാണത്തിനും പ്രദര്‍ശനത്തിനും ഏറെ വിലക്കുകള്‍ ഉള്ള രാജ്യമാണ് സൗദി അറേബ്യ. ഇന്നും സജീവമായ ഒരു സിനിമാതിയേറ്റര്‍ പോലും അവിടില്ല. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് സൗദി സംവിധായകരുടെതായി പുറത്തുവന്നത്. പൊതുസ്ഥലങ്ങളില്‍ വെച്ച് സിനിമ ചിത്രീകരിക്കുന്നതിനും അവിടെ അനുവാദം ലഭിക്കില്ല. സ്ത്രീകള്‍ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നതിനും ഏറെ വിലക്കുകള്‍ ഉണ്ട്. ഈ പരിമിതികളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഹൈഫ അല്‍ മണ്‍സൂര്‍ എന്ന യുവ സംവിധായിക, അവര്‍ രാജ്യത്തെ ആദ്യവനിതാ സംവിധായിക കൂടിയാണ്, വജ്ദ എന്ന ഹൃദ്യമായ ചലച്ചിത്രം ഒരുക്കിയത്. അതീവ ലളിതമായ ഒരു പ്രമേയം തികച്ചും അനാര്‍ഭാടമായി പറയുന്നതിനിടയില്‍ തന്നെ ആ രാജ്യത്ത് നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കെതിരായ കാഴ്ചപ്പാടുകളെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപചയത്തെയും സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. പുരുഷന്മാരടക്കമുള്ള അഭിനേതാക്കള്‍ക്ക് ഒരു സ്ത്രീ നിര്‍ദ്ദേശങ്ങള്‍കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതിനാലും പൊതുസ്ഥലങ്ങളിലെ സിനിമാ ചിത്രീകരണം നിരോധിക്കപ്പെട്ടതായത് കൊണ്ടും ഒരു വാനില്‍ മറഞ്ഞിരുന്നു വാക്കി ടോക്കിയില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്താണ് ഈ ചിത്രം ഹൈഫ അല്‍ മണ്‍സൂര്‍ ഷൂട്ട് ചെയ്തത് എന്ന് കൂടി അറിയുമ്പോഴേ ഒരു സമരായുധമായ സിനിമ എന്ന നിലയില്‍ വജ്ദയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ.

റിയാദില്‍ താമസിക്കുന്ന വജ്ദ എന്ന പതിനൊന്നു വയസ്സുകാരിയുടെ സ്വപ്‌നങ്ങളെയും  അവള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെയും ആണ് ഈ സിനിമ ലളിതമായി പകര്‍ത്തുന്നത്. മദ്രസയില്‍ മതപാഠങ്ങള്‍ കൂട്ടമായി ഉരുവിടുന്ന കുട്ടികളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഈ ഏറ്റുചൊല്ലലില്‍ വജ്ദയ്ക്കുള്ള മടുപ്പ് അവളുടെ ചെറിയ ചലനങ്ങളിലൂടെ വ്യക്തമാക്കിക്കൊണ്ടാണ് സംവിധായിക തന്റെ കഥാപാത്രത്തിന്റെ റിബല്‍ സ്വഭാവം തുടക്കത്തിലെ നമ്മെ ബോധ്യപ്പെടുത്തുന്നത്. അവളുടെ കാന്‍വാസ് ഷൂവിനെയും സൂക്ഷ്മതയോടെ നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള സ്‌കൂള്‍ ഷൂസുകളാണ് മറ്റെല്ലാവരും അണിയുന്നതെങ്കില്‍ ആണ്‍കുട്ടികള്‍ അണിയുന്നതരം ക്യാന്‍വാസ് ഷൂസാണ് വജ്ദ ധരിക്കുന്നത്. പിന്നീട് ഈ ഷൂസ് ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പ്രിന്‍സിപ്പാള്‍ അവളോട് കര്‍ക്കശമായി പറയുന്നുമുണ്ട്. അപ്പോഴും വജ്ദ തന്റെ ഷൂസ് മാറ്റുന്നില്ല. മറ്റുകുട്ടികളുടെത് പോലെയാകാന്‍ അവള്‍ അതില്‍ കറുപ്പ് മഷിതേക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ഈ ഷൂസിനെയാണ് സംവിധായിക മുഖ്യമായും പ്രയോജനപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്‌കൂളില്‍ നിന്ന് ചെറിയ തെറ്റുകള്‍ക്ക് പോലും ലഭിക്കുന്ന വലിയ ശിക്ഷകള്‍ സിനിമയുടെ തുടക്കം മുതലേ സംവിധായിക കാട്ടിത്തരുന്നുണ്ട്. ശരിയാം വണ്ണം ഖുറാന്‍ വാക്യങ്ങള്‍ ഉരുവിടാന്‍ കഴിയാത്തതുകൊണ്ട് വജ്ദയെ സ്‌കൂളില്‍ പൊരിവെയിലത്ത് നിര്‍ത്തുകയാണ്. 'വിശ്വാസത്തിന്റെ വെളിച്ചത്തോടെ  എന്റെ ഹൃദയത്തെ ഞാന്‍ നിന്നിലേക്ക് ഉയര്‍ത്തുന്നു' എന്ന ഖുറാന്‍ വാക്യം കുട്ടികള്‍ ഉറക്കെ ചൊല്ലുമ്പോള്‍ വജ്ദ കത്തിക്കാളുന്ന ഉച്ചവെയിലിലേക്ക് തന്റെ കണ്ണുകള്‍ ഉയര്‍ത്തുകയാണ്.
വജ്ദയുടെ ഉമ്മ വീട്ടില്‍ നിന്നും വളരെ അകലെ ഒരു സ്‌കൂളിലാണ് ജോലിചെയ്യുന്നത്. ഉപ്പ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ മാത്രമേ വീട്ടിലെത്തൂ. വീടിന്റെ അകത്തളങ്ങള്‍ ഒരു അമേരിക്കന്‍ വസതിയെന്നപോലെ ആധുനികമായ അടുക്കള ഉപകരണങ്ങളാലും കമ്പ്യൂട്ടര്‍ ഗെയിമുകളാലും പോപ് സംഗീതത്തിനാലും നിറഞ്ഞതാണ്. എന്നാല്‍ വീടിനു പുറത്തു മതത്തിന്റെ കര്‍ശനമായ വിലക്കുകളും നിയന്ത്രണങ്ങളും എല്ലാ ചലനങ്ങളെയും നിയന്ത്രിച്ചുകൊണ്ടുണ്ട്. അയല്‍വീട്ടിലെ അബ്ദുള്ളയാണ് വജ്ദയുടെ കൂട്ട്. അവളെ പരാജയപ്പെടുത്താന്‍ അബ്ദുള്ളയുടെ കയ്യില്‍ പ്രധാനപ്പെട്ട ഒരായുധമുണ്ട് അവന്റെ സൈക്കിള്‍. സൈക്കിളില്‍ വന്നു അവളുടെ ശിരോവസ്ത്രം തട്ടിപ്പറിക്കുകയും അവളെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് അവന്‍. തനിക്കും ഒരു സൈക്കിള്‍ കിട്ടട്ടെ. അപ്പോള്‍ ഞാന്‍ നിന്നെ തോല്പ്പിച്ചിരിക്കും എന്ന് അവള്‍ ആത്മവിശ്വാസത്തോടെ അവനു മറുപടി കൊടുക്കുകയും ചെയ്യുന്നു. എന്തുതന്നെയായാലും ഞാന്‍ ഒരു സൈക്കിള്‍ സ്വന്തമാക്കുമെന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ച ഒരു രാജ്യത്ത് ഒരു പെണ്‍കുട്ടിക്ക് സൈക്കിള്‍ ലഭിക്കുക എന്നത് ക്ഷിപ്രസാധ്യമല്ല. എങ്കിലും അതിനായി അവള്‍ കഠിനമായി പ്രയാസപ്പെടാന്‍ തന്നെ തീരുമാനിക്കുന്നു.

സമീപത്തെ കടയില്‍ പുതുതായെത്തിയ സൈക്കിള്‍ അവളുടെ മനം കവരുന്നു. അത് മറ്റാര്‍ക്കും വില്‍ക്കാതിരിക്കാന്‍ അവള്‍ കടക്കാരനുമായി സൗഹൃദം സ്ഥാപിക്കുന്നു. സൈക്കിളിന്റെ വില 800 റിയാലാണ്. അമ്മയുടെ കയ്യില്‍ കുറച്ചു പണം ഇരിപ്പുണ്ടെന്ന് അവള്‍ക്കറിയാം. പക്ഷേ, പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്. സൈക്കിള്‍ ഓടിക്കുന്ന പെണ്‍കുട്ടികള്‍ പിന്നീട് പ്രസവിക്കില്ല എന്നുവരെ അവര്‍ ധരിച്ചിട്ടുണ്ട്. ബാപ്പയും കുടുംബത്തിലെ മറ്റാളുകളും മാത്രമല്ല സമൂഹം തന്നെ തന്റെ മകളെ സൈക്കിള്‍ ഓടിക്കുകയാണെങ്കില്‍ ഒറ്റപ്പെടുത്തും എന്ന് അവര്‍ സത്യമായും ഭയക്കുന്നു. ഭീഷണികളും മുന്നറിയിപ്പുകളും അവളെ തളര്‍ത്തുന്നില്ല. നൂലുകള്‍ കൊണ്ട് ബ്രേസ്ലറ്റുകള്‍ ഉണ്ടാക്കിയും ഓഡിയോ കാസറ്റുകളില്‍ പാട്ടുകള്‍ മിക്‌സ് ചെയ്‌തെടുത്തും കൂട്ടുകാരികള്‍ക്ക് നല്‍കി അവള്‍ സ്വന്തമായി പണം സമ്പാദിക്കാന്‍ ആരംഭിക്കുന്നു. സ്‌കൂളിലെ കൂട്ടുകാരിയായ അബീറിനെ കുറച്ചു റിയാലുകള്‍ക്ക് വേണ്ടി അവള്‍ സഹായിക്കുന്നു. തന്റെ സഹോദരനെന്ന് പറഞ്ഞ ചെറുപ്പക്കാരന് അബീറിന്റെ പുറത്തു നടക്കാനുള്ള പാസ് വജ്ദ എത്തിച്ചുകൊടുക്കുന്നു. അത് അബീറിന്റെ സഹോദരന്‍ അല്ലായിരുന്നെന്ന് പിന്നീടാണ് മനസ്സിലാവുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹുസ്സായുടെ വീട്ടില്‍ ഒരു കള്ളന്‍ കയറാന്‍ ശ്രമിച്ച വാര്‍ത്ത ഇതിനിടയില്‍ കുട്ടികളില്‍ പരക്കുന്നുണ്ട്. അത് കള്ളനൊന്നുമല്ല അവരുടെ കാമുകനാണെന്ന് കുട്ടികള്‍ക്കെല്ലാവര്‍ക്കും അറിയാം. വ്യക്തിജീവിതത്തില്‍, രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് കാമുകനെ വിളിച്ചു വരുത്തുന്ന അവര്‍ പക്ഷേ സ്‌കൂളില്‍ നടപ്പാക്കുന്നത് കര്‍ശനമായ മത/സദാചാര പാഠങ്ങളാണ്. ആണുങ്ങള്‍ കാണുന്നിടത്ത് പെണ്‍കുട്ടികള്‍ കളിക്കുന്നത് അവര്‍ വിലക്കുന്നു, പര്‍ദ്ദ ധരിക്കാതെ വരുന്നവരെ അവ ഇടീക്കുന്നു, ശബ്ദം താഴ്ത്തി സംസാരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നു. ചിരിച്ചുകൊണ്ട് സ്‌കൂളിലേക്ക് കയറി വരുന്ന കുട്ടികളോട് ഒരിക്കല്‍ അവര്‍ പറയുന്നുണ്ട്, 'സ്ത്രീകളുടെ ശബ്ദം പുറത്തുള്ള പുരുഷന്മാര്‍ കേള്‍ക്കാന്‍ പാടില്ലെന്നത് നിങ്ങള്‍ മറന്നോ? എത്ര തവണ ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്, ഒരു സ്ത്രീയുടെ ശബ്ദം എന്നത് അവളുടെ നഗ്‌നതയാണെന്ന്!' ക്ലാസ് മുറിയിലെ കര്‍ക്കശമായ ചിട്ടകള്‍, മതശാസനകള്‍ പുരോഹിതന്മാരേക്കാള്‍ നിഷ്ഠയോടെ സ്‌കൂളുകളില്‍ നടപ്പാക്കുന്നത്... എല്ലാം സൂക്ഷ്മമായി കാട്ടിത്തന്നുകൊണ്ട് രാജ്യത്തെ വിദ്യാഭ്യാസം എവിടെയാണ് നില്‍ക്കുന്നതെന്നാണ് ഹൈഫ അല്‍ മണ്‍സൂര്‍ തുറന്നുകാട്ടുന്നത്. അവിഹിതമായത് എന്തോ ചെയ്തു എന്ന സംശയത്താല്‍ രണ്ടു പെണ്‍കുട്ടികളെ വിചാരണ ചെയ്യുന്ന സന്ദര്‍ഭം സിനിമയിലുണ്ട്. അവര്‍ സ്‌കൂളിനു പിന്നിലിരുന്ന് നെയില്‍ പോളീഷ് ഇടുകയായിരുന്നു. പക്ഷേ, അത് അധ്യാപകരുടെ വ്യാഖ്യാനത്തില്‍ മറ്റെന്തൊക്കെയോ ആയി. സ്‌കൂള്‍ അസംബ്ലി വിളിച്ച് പ്രിന്‍സിപ്പാള്‍ പറയുന്നു, 'സ്‌കൂളെന്നാല്‍ അറിവിനൊപ്പം സദാചാരവും അഭ്യസിക്കാനുള്ള ഇടമാണ്. ഒരു പാപപ്രവൃത്തി ചെയ്യുമ്പോള്‍ രണ്ടു കുട്ടികളെ സ്‌കൂളിനു പിന്നില്‍ വെച്ച് പിടിക്കുകയുണ്ടായി. ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുന്നതിനായി, ഇനി മുതല്‍ പൂക്കള്‍ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ നിങ്ങളെ അനുവദിക്കുന്നതല്ല. അതുപോലെ, സ്‌നേഹവും ആരാധനയും പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തുകളും. കൈകള്‍ ചേര്‍ത്തുപിടിക്കാനും ആരെയും ഇനിമുതല്‍ അനുവദിക്കുന്നതല്ല.' അതേസമയം വജ്ദയുടെ ക്ലാസില്‍ പഠിക്കുന്ന, മതത്തിന്റെയും സ്‌കൂളിന്റെയും ചിട്ടവട്ടങ്ങള്‍ അനുകിടതെറ്റാതെ പെരുമാറുന്ന സല്‍മ എന്ന പെണ്‍കുട്ടിയുടെ വിവാഹം ഇതിനിടയില്‍ കഴിയുന്നുണ്ട്. അവളുടെ വിവാഹ ഫോട്ടോകള്‍ നോക്കി ഖുറാന്‍ പഠിപ്പിക്കുന്ന അധ്യാപിക അവളെ അഭിനന്ദിക്കുകയാണ്. വരന്റെ വയസ്സ് അവളോട് ടീച്ചര്‍ തിരക്കിയപ്പോള്‍ നാണത്തോടെ അവള്‍ പറഞ്ഞു, ഇരുപത്. സ്‌കൂളില്‍ നിന്ന് ആണ്‍കുട്ടികള്‍ പഠിക്കുന്ന പാഠം വജ്ദയോട് സുഹൃത്തായ അബ്ദുള്ള പറയുന്നുണ്ട്. അരയ്ക്കു ചുറ്റും സ്‌പോടകവസ്തുക്കള്‍ കെട്ടിവെച്ച് പൊട്ടിച്ചു മരിച്ച ഒരു കുട്ടിയെക്കുറിച്ച് അവന്‍ അവളോട് പറഞ്ഞു. 'അവനു വട്ടാണ്. അതെത്രമാത്രം വേദനയുണ്ടാക്കുന്നതായിരിക്കും!' എന്ന് വജ്ദ അതിശയം പ്രകടിപ്പിച്ചു. 'ദൈവത്തിനുവേണ്ടിയാണ് മരിക്കുന്നതെങ്കില്‍ ഒരു സൂചികുത്തുന്ന വേദനയെ കാണൂ. അതിനുശേഷം അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയരും, മാത്രമല്ല 70 വധുക്കളെയും അവന് ലഭിക്കും!' മതം നേരിട്ട് വിദ്യാഭ്യാസത്തില്‍ ഇടപെടുന്നമ്പോള്‍ അത് എങ്ങിനെയെല്ലാം നമ്മുടെ സ്‌കൂളുകളെയും കുഞ്ഞുങ്ങളെയും മാറ്റിത്തീര്‍ക്കും എന്നുള്ളതിന്റെ എവിടെക്കുമുള്ള തെളിവുകളാണ് 'വജ്ദ' എടുത്തുകാട്ടുന്നത്.

വജ്ദയുടെ ഉമ്മ ഒന്നിനെയും ചോദ്യം ചെയ്യാന്‍ കെല്പില്ലാത്തവരും ഭര്‍ത്താവിന്റെ ഹിതത്തിനനുസരിച്ച് ജീവിക്കുന്നവരും ആണ്. ഉമ്മ ഇറങ്ങാനായി താമസിച്ചു എന്ന് പറഞ്ഞ് അവരെ ശകാരിക്കുന്ന കാര്‍ െ്രെഡവറോട് വജ്ദയാണ് ഉത്തരം പറയുന്നത്. പരപുരുഷന്‍മാരുടെ മുന്നില്‍ ഇറങ്ങാത്ത സദാചാരനിഷ്ഠയുണ്ട് അവര്‍ക്ക്. ദിവസവും തന്നെ കൊന്നുകളയുന്ന സ്‌കൂളിലേക്കുള്ള കഠിനമായ യാത്ര ഒഴിവാക്കാന്‍ കഴിയുന്ന, മാന്യമായ ജോലി വീട്ടിനടുത്ത് കിട്ടുവാനുള്ള ഒരവസരം അവരുടെ കൂട്ടുകാരി ഒരുക്കിക്കൊടുക്കുന്നുണ്ട്. എന്നാല്‍ അവിടെ ജോലിചെയ്യുമ്പോള്‍ അന്യപുരുഷന്മാരോട് സംസാരിക്കേണ്ടി വരും, അത് തന്റെ ഭര്‍ത്താവിന് ഇഷ്ടമാകില്ല എന്ന് പറഞ്ഞ് അവള്‍ അത് തട്ടിക്കളയുന്നു. അദ്ദേഹത്തിന് ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യാന്‍ പാടില്ല എന്ന് വജ്ദയെ താക്കീത് ചെയ്യുന്നു. ഭര്‍ത്താവിനും കൂട്ടുകാര്‍ക്കും വേണ്ടി ഭക്ഷണം പാകം ചെയ്ത്, വാതിലിനിപ്പുറം വെച്ച് മടങ്ങുകയും അവരുടെ ഉച്ഛിഷ്ടം ഭുജിക്കുകയും ചെയ്യുന്നു. എന്നിട്ടും എന്തുകാര്യം? ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നില്ല എന്ന ന്യായവും പറഞ്ഞ്, അയാള്‍ക്കായി അയാളുടെ ഉമ്മ കണ്ടെത്തിയ യുവതിയെ വിവാഹം കഴിക്കാനായി അവരെ ഉപേക്ഷിച്ച് ദാക്ഷിണ്യമില്ലാതെ അയാള്‍ കടന്നുകളയുന്നു.

സ്‌കൂളിലെ 'റിലിജിയസ് ക്ലബ്ബിന്റെ' ആഭിമുഖ്യത്തില്‍ നടക്കുന്ന ഖുറാന്‍ പാരായണ മത്സരമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. മത്സര വിജയിക്ക് ആയിരം റിയാലാണ് സമ്മാനമായി ലഭിക്കുക എന്ന പ്രലോഭനത്താല്‍ വജ്ദയും അതില്‍ പങ്കെടുക്കാന്‍ പേര് നല്‍കുന്നു. അന്നുവരെ ഖുറാന്‍ അവളുടെ വിഷയമേ അല്ലായിരുന്നു. സൈക്കിളിനോടുള്ള അടക്കാനാവാത്ത അഭിനിവേശമാണ് കഠിനമായ പരിശീലനത്തിന് അവള്‍ക്ക് തുണയായത്. അടുക്കളയില്‍ മാത്രം പാടാന്‍ വിധിക്കപ്പെട്ട മനോഹരമായി പാടുന്ന ഉമ്മയുടെ സഹായവും അവള്‍ക്ക് ലഭിക്കുന്നുണ്ട്. താന്‍ കാസറ്റും ബ്രേസ്ലറ്റും ഉണ്ടാക്കി വിറ്റ് സമ്പാദിച്ച പണം കൊണ്ട് ഖുറാന്‍ പഠിക്കാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം അവള്‍ വാങ്ങി. വജ്ദയുടെ മാറ്റം പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സന്തോഷിപ്പിക്കുന്നുപോലുമുണ്ട്. ഖുറാന്‍ പാരായണ മത്സരത്തില്‍ അവള്‍ വിജയിച്ചു. വജ്ദ സ്‌കൂളിന്റെ അഭിമാനമാണെന്നും അവള്‍ മറ്റുകുട്ടികള്‍ക്ക് മാതൃകയാണെന്നും പ്രിന്‍സിപ്പാള്‍ സമ്മാനദാന ചടങ്ങില്‍ പ്രസ്താവിക്കുന്നു. സമ്മാനമായികിട്ടിയ 1000 റിയാല്‍ കൊണ്ട് നീ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വേദിയില്‍ വെച്ച് തന്നെ പ്രിന്‍സിപ്പല്‍ വജ്ദയോട് ചോദിച്ചു. അവള്‍ക്ക് ആലോചിക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. 'അങ്ങാടിയില്‍ നിന്ന് താന്‍ ഒരു സൈക്കിള്‍ വാങ്ങിക്കാന്‍ പോകുന്നു. പഠിക്കുവാനുള്ള സൈഡിലുള്ള പെഡലുകള്‍ ഇല്ലാത്തത്. കാരണം താന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചുകഴിഞ്ഞു.' വേദിയിലും സദസ്സിലുമുള്ള മുഴുവാനാളുകളും സ്തംഭിച്ചുനില്‍ക്കെ, പതറാത്തതും അരുതാത്തതാണ് ചെയ്യുന്നതെന്ന കുറ്റബോധം ഇല്ലാത്തതും ആയ വാക്കുകളാല്‍ അവള്‍ തലയുയര്‍ത്തിത്തന്നെ പറഞ്ഞുനിര്‍ത്തി. കര്‍ക്കശമായ മതപാഠങ്ങളാല്‍ വിധേയരായ ഒരു തലമുറയെ കെട്ടിപ്പടുക്കാനുള്ള തന്റെയും വിദ്യാഭ്യാസമെന്ന വ്യവസ്ഥയുടെയും തന്നെ താത്പര്യങ്ങളുടെ കോട്ടകളെയാണ് ചങ്കൂറ്റത്തോടെ ഒരു കൊച്ചുപെണ്‍കുട്ടി പൊളിച്ചടുക്കതെന്ന് പ്രിന്‍സിപ്പലിന് അറിയാമായിരുന്നു. അവളുടെ ആഗ്രഹങ്ങളെ ചവിട്ടിയരച്ചുകൊണ്ട് അവര്‍ പ്രഖ്യാപിക്കുന്നു, 'സൈക്കിള്‍ പെണ്‍കുട്ടികളുടെ കളിപ്പാട്ടമേ അല്ല. പ്രത്യേകിച്ചും സ്വന്തം ആത്മാവിനെയും കുലീനതയെയും പരിപാലിക്കുന്ന, അടക്കവും ഒതുക്കവുമുള്ള വിശ്വാസികളായ പെണ്‍കുട്ടികള്‍ക്ക്. നിന്റെ കുടുംബം ഇതിനു ഒരിക്കലും അനുവദിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ നമ്മള്‍ ആ തുക പലസ്തീനിലുള്ള നമ്മുടെ സഹോദരങ്ങള്‍ക്ക് സംഭാവന ചെയ്യുന്നു.' വജ്ദ കരയുകയോ തളരുകയോ ചെയ്തില്ല. പ്രിന്‍സിപ്പല്‍ രൂക്ഷമായി നോക്കിക്കൊണ്ട് അവളോട് പറഞ്ഞു, 'നിന്റെ ഈ വൃത്തികെട്ട സ്വഭാവം നിന്നെ ജീവിതകാലം മുഴുവന്‍ വേട്ടയാടും.' പരിഹാസം ധ്വനിക്കുന്ന മുഖഭാവത്തോടെ അവള്‍ എടുത്തുചോദിച്ചു, 'നിങ്ങളുടെ 'സുന്ദരനായ' കള്ളനെപ്പോലെ എന്നാണോ ഉദ്ദേശിച്ചത്?'

സ്ത്രീ സ്വത്വത്തിന്റെ ഉദ്‌ഘോഷണമാണ് ചിത്രത്തിന്റെ അന്ത്യം. ഖുറാന്‍ പാരായണമത്സര ദിവസം രാത്രിയാണ് ഉപ്പയുടെ പുതിയ വിവാഹവും. അന്ന് പകല്‍ മുഴുവന്‍ ഉമ്മ എവിടെയോ ആയിരുന്നു. വീട്ടില്‍ ആ രാത്രി വജ്ദ തനിച്ചായിരുന്നു. തന്റെ കഠിനമായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിലല്ല, ഇനി ഒരിക്കലും തനിക്ക് ഒരു സൈക്കിള്‍ സ്വന്തമാക്കാന്‍ കഴിയില്ലല്ലോ എന്ന അകംപൊള്ളുന്ന നീറ്റല്‍ അവളെ ഒട്ടൊക്കെ ഉലയ്ക്കുന്നുണ്ട്. തളര്‍ന്നുറങ്ങിയ അവള്‍ രാത്രിയിലെപ്പോഴോ കണ്ണ് തുറന്ന്! നോക്കിയപ്പോള്‍ ഉമ്മ വീടിന്റെ മട്ടുപ്പാവില്‍ അസ്വസ്ഥയായി ഉലാത്തുകയാണ്. ഖുറാന്‍ പാരായണ മത്സരത്തില്‍ അവള്‍ വിജയിച്ചതും അവള്‍ അരുതാത്ത ആവശ്യം പരസ്യമായി ഉന്നയിച്ചതുമെല്ലാം അപ്പോഴേക്കും ഉമ്മ അറിഞ്ഞിരുന്നു. തനിക്ക് സമ്മാനത്തുക ലഭിക്കാത്തതില്‍ വിഷമിക്കുന്ന മകളെ കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ പറയുന്നു, 'അവരെയോ അവരുടെ പണമോ നിനക്ക് ആവശ്യമില്ല.' ഇന്നാണ് ഉപ്പയുടെ വിവാഹം എന്ന് അറിഞ്ഞപ്പോള്‍ ഉമ്മയോട് അവള്‍ പറയുന്നു, 'ഉപ്പയെ ഏറ്റവും ആകര്‍ഷിക്കുന്ന ആ ചുവന്ന പട്ടുകുപ്പായം വാങ്ങി അവിടെപ്പോയി നമുക്ക് ഉപ്പയെ കൂട്ടാം'എന്ന്. 'ഇനി അതിന്റെ ഒരാവശ്യവുമില്ല. നമുക്കിനി നമ്മള്‍ മാത്രമേയുള്ളൂ. മാത്രമല്ല, ആ പണം ഞാന്‍ ചെലവാക്കുകയും ചെയ്തു. ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തി നീ ആയിരിക്കണം എന്നാണെന്റെ ആഗ്രഹം. ഈ ലോകത്ത് എനിക്കായി അവശേഷിച്ചിട്ടുള്ളത് ഇനി നീ മാത്രമാണ്.' ഉമ്മ അവളുടെ ഏറെനാളത്തെ സ്വപ്‌നം അവളുടെ മുന്നിലേക്ക് നീക്കിവെച്ചു. അവള്‍ വാങ്ങാന്‍ കൊതിച്ച സൈക്കിള്‍! 'ചുണക്കുട്ടിയായ ഒരു കൊച്ചു പെണ്‍കുട്ടിക്കുവേണ്ടി ആ കടക്കാരന്‍ ആഴ്ചകളായി ഇത് പിടിച്ചു വെച്ചിരിക്കയാണ്..' എന്ന് കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു. വിശാലമായ ലോകത്ത് പൊടുന്നനെ തനിച്ചായിപ്പോയ അമ്മയും മകളും പരസ്പരം പുണര്‍ന്നു നില്‍ക്കുമ്പോള്‍ അവര്‍ക്ക് പിന്നില്‍ ആകാശത്തില്‍ ഏതോ വെടിക്കെട്ടിലെ പ്രകാശങ്ങള്‍ ആഹ്ലാദത്തിന്റെ അമിട്ടുകള്‍ പൊട്ടിക്കുന്നുണ്ടായിരുന്നു. സ്വന്തം സൈക്കിളോടിച്ച്, അബ്ദുല്ലയെ തോല്‍പ്പിച്ച്, കാറുകളും മറ്റുവാഹനങ്ങളും ചീറിപ്പായുന്ന വിസ്തൃതമായ പൊതുനിരത്തിലെത്തി ആത്മവിശ്വാസത്തോടെ ലോകത്തെനോക്കി പുഞ്ചിരിക്കുന്ന മനോഹരമായ ഷോട്ടിലാണ് വജ്ദ അവസാനിക്കുന്നത്. 

കഥകൊണ്ടല്ല, കഥയിലെ ചില സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി സവിശേഷമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് കൊണ്ടാണ് വജ്ദ നമ്മുടെ ശ്രദ്ധയെ പിടിച്ചെടുക്കുന്നത്. സിനിമ നിഷിദ്ധമായ സൌദി അറേബ്യയിലെ ഒരു സ്‌കൂളില്‍ നിന്നാണ് വജ്ദയായി വേഷമിട്ട വാദ് മുഹമ്മദ് എന്ന പെണ്‍കുട്ടിയെ സംവിധായിക കണ്ടെത്തിയത്. ആദ്യമായി ക്യാമറയെ കാണുന്ന ആ പെണ്‍കുട്ടി അസാധാരണമായ അഭിനയ മികവാണ് കാട്ടുന്നത്. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയ്ക്ക് കീഴില്‍ ജീവിക്കുന്ന ഏതൊരു നാട്ടിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഹൃദയത്തെ ഈ ചിത്രം ആഴത്തില്‍ സ്പര്‍ശിക്കും. അത് സ്ത്രീവിമോചനത്തിന്റെ കാഹളം വിളി ഉച്ചത്തില്‍ കേള്‍പ്പിക്കുന്നത് കൊണ്ടല്ല, അതിസാധാരണമായ സന്ദര്‍ഭങ്ങളിലൂടെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ കാഴ്ചയിലൂടെ അതിതീവ്രമായ ഇതേ പ്രശ്‌നങ്ങള്‍   യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിച്ചത് കൊണ്ടാണ്. 'അത് നീ ചെയ്യരുത്', 'അത് നിനക്ക് പറ്റിയതല്ല' എന്നിങ്ങനെ ചുറ്റിലുമുയരുന്ന കര്‍ശനമായ വിലക്കുകള്‍ക്കുള്ളില്‍ 'ഞാന്‍ ഇവിടെയുണ്ട്, ഞാന്‍ ഞാന്‍ മാത്രമാണ്, എനിക്ക് സാധിക്കാത്തതായി ഒന്നുമില്ല' എന്നൊക്കെ വിളിച്ചുപറയാന്‍ ശ്രമിക്കുന്ന വജ്ദയുടെ നിശ്ചയദാര്‍ഢ്യവും അവളുടെ കണ്ണുകളില്‍ സ്പുരിക്കുന്ന ആത്മവിശ്വാസവുമാണ് ഈ ചിത്രം പ്രേക്ഷകന്റെ മനസ്സില്‍ അവശേഷിപ്പിക്കുക. ആ സ്വപ്‌നങ്ങളെയും അത് നേടിയെടുക്കാനുള്ള ആത്മവിശ്വാസത്തെയും ഊതിത്തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് തല്ലിക്കെടുത്താതിരിക്കാനെങ്കിലും നാം ശ്രമിക്കേണ്ടതുണ്ടെന്ന് നിശ്ശബ്ദമായി ഈ സിനിമ അധ്യാപകരെയും ബോധ്യപ്പെടുത്തും.


2010 ഡിസംബർ 23, വ്യാഴാഴ്‌ച

ചലച്ചിത്രോത്സവത്തിലെ ഹരിതമുദ്രകള്‍


പാരിസ്ഥിതികമായ ആശങ്കകള്‍ ആഗോളതലത്തിലും പ്രാദേശികമായും നമ്മെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പതിനഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞത്. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷാചരണത്തിനിടയിലും, എന്‍ഡോസള്‍ഫാന് വീണ്ടുമൊരിക്കല്‍ കൂടി ക്ലീന്‍ ചിറ്റ് നല്‍കാനുള്ള 'സി.ഡി. മായി കമ്മറ്റിയെ' ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന സമരജ്വാല ആളിക്കത്തിച്ചു കൊണ്ട് കാസര്‍ഗോട്ടെ ഗ്രാമങ്ങള്‍ ഉറക്കമൊഴിക്കുകയായിരുന്നു അപ്പോഴും. അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങു തിരുവനന്തപുരത്തും, കാസര്‍ഗോടുനിന്നെത്തിയ സുഹൃത്തുക്കള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കണ്ണിനെ കലക്കുന്ന ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കാന്‍ കൈരളി തിയേറ്ററിന്റെ നടയില്‍ സ്വന്തം കാറ് തന്നെ ഗാലറിയായി നല്‍കി ബിനുലാലിനെപ്പോലുള്ള യുവാക്കള്‍ മുന്നോട്ടുവന്നു. അപ്പോള്‍ അക്കാദമി ചലച്ചിത്രോല്‍സവത്തിന്റെ ശുഭ്രവും കുലീനവുമായ തിരശ്ശീലയെ മറയാക്കി എങ്ങിനെ ഈ തപിക്കുന്ന ചിത്രങ്ങളുടെ ചൂടില്‍ നിന്നും രക്ഷപ്പെടും. ഭാഗ്യമെന്നു പറയട്ടെ, പ്രത്യക്ഷത്തിലല്ലെങ്കിലും അക്കാദമിയുടെ ഈ വര്‍ഷത്തെ ചലച്ചിത്രോല്‍സവ അടയാളങ്ങലിലെല്ലാം ജൈവവൈവിദ്യ വര്‍ഷാചരണത്തിന്റെയും പ്രകൃതിയോടുള്ള കനിവാര്‍ന്ന സമീപനത്തിന്റെയും മുദ്രകള്‍ തെളിഞ്ഞു കാണാമായിരുന്നു.

ചലച്ചിത്രോല്‍സവത്തിന്‍റെ പ്രധാന പ്രസാദമായ 'നമ്പര്‍ ' സഞ്ചി യിലാണ് വ്യത്യാസം ആദ്യം ‘മണത്തത്’. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായി പരുത്തിത്തുണി കൊണ്ടുള്ള ബേഗ്. ഒന്നാന്തരം നാടന്‍ പരുത്തിസഞ്ചിയുടെ മണം ചലച്ചിത്രോല്‍സവം കഴിയുന്നത് വരെ തോളിലും മനസ്സിലും തങ്ങിനിന്നു. അതില്‍ പച്ചയില്‍ അഴക്‌ വിടര്‍ത്തിയ 'പതിനഞ്ച് 'എന്ന തവണ സംഖ്യക്ക് പുറമേ പച്ചവിരലടയാളം മാത്രം. സ്വാഭാവിക പരുത്തിയുടെ ക്രീം നിറത്തിനു മേല്‍ ഹരിതമുദ്രകള്‍ കട്ടിയില്‍ തെളിഞ്ഞു നിന്നു. കറുപ്പിലും മറ്റു കടുംനിറത്തിലും പതിവായി കിട്ടികൊണ്ടിരുന്ന സിന്തറ്റിക്ക് വസ്തുകൊണ്ടുള്ള സഞ്ചിയുടെ സ്ഥാനത്താണിത് എന്നതാണ് ഇതിനെ എടുത്തു പറയത്തക്കതാക്കുന്നത്. തിരുവനതപുരത്തെക്ക് ഫിലിം ഫെസ്റ്റിവെലിനായി മാത്രം എത്തിച്ചേരുന്ന  പത്തായിരത്തിനടുത്തു ഡെലിഗേറ്റുകള്‍ക്ക് നല്‍കാറുള്ള സിന്തറ്റിക്ക് സഞ്ചികളാണ് ഓരോ വര്‍ഷവും ചലച്ചിത്ര അക്കാദമിയുടെ പാരിസ്ഥിക സംഭാവനയായി ഉണ്ടാകാറുള്ളത്. 

ചലച്ചിത്രോത്സവത്തിന്‍റെ ഈ വര്‍ഷത്തെ മുദ്രകളില്‍ എല്ലാം നിറഞ്ഞു നിന്നത് വിരലടയാളങ്ങള്‍ മാത്രമാണ്. കട്ടിയിലും ഇളം നിറത്തിലും അവ പ്രതലമാകെ മൂടി നിന്നു. കറുപ്പിലും വെളുപ്പിനും പുറമേ പച്ചയും അല്‍പ്പം ചുകപ്പും ചാലിച്ചുചേര്‍ത്തു നെയ്തെടുത്ത ഇത്തവണത്തെ പോസ്റ്ററുകള്‍ ആരുടെ മനസ്സിലും പച്ചയുടെ കുളിര്‍മ്മ നിറക്കുന്നതായിരുന്നു. കടും പച്ചയിലും ഇളം പച്ചയിലും ഉള്ള ചുണ്ടൊപ്പുകള്‍ ഇലകളെപ്പോലെ മനസ്സില്‍ തണല് വിരിച്ചു. താഴെ നരച്ച നിറത്തില്‍ കൈമുദ്രകള്‍ തന്നെ ആകാശവും തീര്‍ത്തു. IFFK എന്ന ഐക്കണ്‍ എഴുത്തിന് മുകളില്‍ , തുടുത്ത സൂര്യന്‍റെ മുട്ടയിട്ടെന്നോണം ചകോരം പാറിപ്പറന്നു. ഒറ്റ ലിപി പോലുമില്ലാതെ പോസ്റ്ററുകളുടെ പകുതി സ്ഥലം പച്ചയുടെ കാട് കയറി പടര്‍ന്നു നിന്നു. ഭീതിതമായ ഡിസൈനുകളിലും നിറച്ചാര്‍ത്തുകളിലും അഭിരമിക്കുന്ന ഫെസ്റ്റിവല്‍ പോസ്റ്ററുകളും ബോര്‍ഡുകളും ജൈവവൈവിദ്യ വര്‍ഷത്തിലെങ്കിലും ഇപ്രകാരം മാറ്റാന്‍ തോന്നിയതില്‍ അക്കാദമിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. കൈരളിയുടെ മുന്നിലെ ഗേറ്റില്‍ ,ന്യൂവിനു മുന്നിലെ നീണ്ട അലങ്കാരങ്ങളില്‍ പച്ച നിറഞ്ഞു നിന്നു. മീഡിയാ സെന്ററുകളും സ്റ്റാളുകളും മുളകൊണ്ടും തുണികൊണ്ടും കെട്ടിയുയര്‍ത്തി.   

ഈ വിചാരത്തിനു ആക്കം കൂട്ടുന്നതായിരുന്നു ചലച്ചിത്രോത്സവത്തിന്റെ ഒപ്പ് ചിത്രം ( signature film ). കടലിന്റെ അടിത്തട്ടില്‍ നിന്ന് ആരംഭിക്കുന്ന ഈ അനിമേഷന്‍ ചിത്രത്തില്‍ ആദ്യ ദൃശ്യത്തില്‍ തെളിഞ്ഞു വരുന്നത് ജീവി വര്‍ഗത്തിന്റെ ആദ്യ മുകുളങ്ങളാണ്. നിറച്ചാര്‍ത്തില്‍ കൊച്ചു മീനുകളും ചെടികളും വെള്ളത്തില്‍ തലയാട്ടി നിന്നു. അടുത്ത ദൃശ്യത്തില്‍ കരയുടെ ഉപരിതലത്തില്‍ താമരയ്ക്കും മറ്റു പൂക്കള്‍ക്കും വള്ളികള്‍ക്കുമിടയില്‍ ചെറുപക്ഷികളും ചിറകുവിരിച്ച കൌതുകങ്ങളും പറന്നു നടന്നു. അവിടെ നിന്ന് നിറങ്ങളില്‍ നീരാടിയ ചെറു പൂമ്പാറ്റകള്‍ ആകാശത്തേക്ക് തിരക്ക് കൂട്ടി. മേഘപടലങ്ങള്‍ക്കും മുകളില്‍ ചിരിച്ചുനിന്ന ചന്ദ്രനെ വലംവെച്ചു അവ സ്ക്രീനിലാകെ നിറഞ്ഞു മിടിച്ചു. ഒരിക്കല്‍ കൂടി സ്ക്രീന്‍ ഇരുണ്ടു തെളിഞ്ഞപ്പോള്‍ മിന്നാമിനിങ്ങുകള്‍ മിന്നുകയും കെടുകയും ചെയ്തു കൊണ്ടിരുന്നു. അവ, ചലച്ചിത്രോത്സവത്തിനു അരവിന്ദന്‍ തുല്യം ചാര്‍ത്തിക്കൊടുത്ത തോല്പാവക്കൂത്തിലെ വേഷത്തിന്റെ അലങ്കാരപ്പൊട്ടുകളായി പരിണമിക്കുമ്പോള്‍  ആ രൂപത്തില്‍ നിന്ന് പൂമ്പാറ്റകള്‍ മെല്ലെ പറന്നകലുന്നു. അപ്പോള്‍ അക്കാദമിയുടെ സ്വന്തം പക്ഷിയായ ചകോരം ശുഭ സൂചനയായി സ്ക്രീനിന്റെ ഇടത്ത് നിന്ന് വലത്തോട്ടു ചിറകടിച്ചു കൊലാഹലത്തോടെ പറന്നു ചെന്നു. 'ചാലേ വലത്തോട്ടൊഴിഞ്ഞ ചകോരാദി പക്ഷികളുടെ കോലാഹലം കേട്ടുകൊണ്ട് വിനിര്‍ഗമിച്ചു' എന്നാണല്ലോ കുചേലന്റെ കൃഷ്ണനെ കാണാനുള്ള പുറപ്പാട് വര്‍ണിക്കപ്പെട്ടിട്ടുള്ളത്. മറ്റു തരത്തില്‍ ദരിദ്രരായ പ്രേക്ഷകരെ സൌന്ദര്യത്തിന്റെ കൊട്ടാരങ്ങള്‍ക്കു അവകാശികളാക്കുകയാണല്ലോ ചലച്ചിത്രോല്‍സവയാത്രയും. ജലം, ഭൂമി, ആകാശം എന്നിവിടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ജീവന്റെ തുടിപ്പുകളെ, ജൈവ വൈവിധ്യത്തെ സമഞ്ജസമായി കൂട്ടിയിണക്കാന്‍ ഒപ്പ് ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ഒന്‍പതു തിയേറ്ററുകളില്‍ രാപ്പകല്‍ അതിശക്തിയുള്ള എ. സി. പ്രവര്‍ത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന ഫ്ലോറോ യൂറോ കാര്‍ബണ്‍ , അതാതു ദിവസം ഒന്‍പതു തിയേറ്ററുകളിലും പതിക്കുന്ന ചലച്ചിത്രപ്രദര്‍ശനത്തിന്റെ വിശദാംശങ്ങളുടെ ഫ്ലക്സ് ബോര്‍ഡ്, പന്ത്രണ്ടായിരത്തില്‍ പരം ആളുകള്‍ നഗരത്തില്‍ എത്തിച്ചേരുമ്പോള്‍ ഉണ്ടാകുന്ന മറ്റു മാലിന്യങ്ങള്‍ എന്നിവ കാണാതെയല്ല ഈ കുറിപ്പ്. ആള്‍ക്കൂട്ടത്തിനെ വിളിച്ചുകൂട്ടുന്ന ഏതു ഉത്സവവും തീര്‍ച്ചയായും പരിസ്ഥിതിക്ക് ഏറെ കോട്ടങ്ങള്‍ നല്‍കും. അത് മുന്കൂട്ടിക്കാണാനും കഴിയുന്നത്രയെങ്കിലും കുറച്ചു കൊണ്ടുവരാനും ഒപ്പം പാരിസ്ഥിതികമായ ഒരവബോധം സൃഷ്ടിക്കാനും സംഘാടകര്‍ ഈ അവസരത്തില്‍ എത്രമാത്രം പരിശ്രമിക്കുന്നു എന്നതാണ് പ്രധാനം. പ്ലാസ്റ്റിക് മാലിന്യങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയും, വൈകുന്നേരം മുതലുള്ള പ്രദര്‍ശനങ്ങള്‍ തുറന്ന ഓഡിറ്റോറിയങ്ങളില്‍ ആക്കിയും കേരളത്തിന്റെ അഭിമാനമായ അന്താരാഷ്‌ട്ര ചലച്ചിത്രോല്സവത്തിനെ, മറ്റെല്ലാ തരത്തിലും നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ ചുറ്റുപാടുകള്‍ക്ക് ഇണക്കാന്‍ ചലച്ചിത്ര അക്കാദമി കൂടുതല്‍ ശ്രദ്ധ ചെലുത്തിയെ മതിയാകൂ.     

2010 നവംബർ 15, തിങ്കളാഴ്‌ച

രാത്രിയും മൂടല്‍മഞ്ഞും

ചലച്ചിത്രങ്ങള്‍  ക്ലാസ് മുറിയില്‍ 
2. നൈറ്റ് ആന്‍ഡ്‌ ഫോഗ്

"  ഹോളോകാസ്റ്റിന്റെ സമയത്ത് ദൈവം തീര്‍ച്ചയായും അവധിയിലായിരുന്നിരിക്കണം"

ആസ്ത്രിയന്‍ ഹോളോകാസ്റ്റ് സര്‍വൈവര്‍ സിമോണ്‍ വീസെന്താല്‍

ലോക മനസ്സാക്ഷിയുടെ മായ്ക്കാന്‍ കഴിയാത്ത വ്രണമാണ് ഹോളോകാസ്റ്റ്. നാസി കൊണ്സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഞെരിഞ്ഞമര്‍ന്ന നിലവിളികള്‍ , അന്തമില്ലാത്ത പീഡനങ്ങള്‍ , പിടഞ്ഞു വീണ ജീവനുകള്‍ .. ഇനി ഒരിക്കലും തിരിച്ചു വരരുതേ എന്ന് ലോകം ഒന്നടങ്കം ആഗ്രഹിക്കുന്ന ഒന്ന് . അത് കൊണ്ട് തന്നെ കലാകാരന്മാരെ ഏറെ ആലോസരപ്പെടുത്തിയിട്ടുള്ളതും അവര്‍ ഏറ്റവും കൂടുതല്‍ ആവിഷ്കാരം നടത്തിയിട്ടുല്ലതുമായ വിഷയവും ഇരുപതാം നൂറ്റാണ്ടിലും  തുടര്‍ന്നും ഇത് തന്നെയാണ്. 'ഹോളോകാസ്റ്റിനുശേഷം കവിതയെഴുതുക എന്നത് പ്രാകൃതമാണ് ' എന്ന തിയഡോര്‍ അഡോണയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തിലല്ല കലാലോകം ചെവിക്കൊണ്ടത്. നോവലുകളായും, കവിതകളായും, കഥകളായും പുറത്തു വന്നിട്ടുള്ള സാഹിത്യകൃതികള്‍ , ചിത്രങ്ങള്‍ ‍, ചലച്ചിത്രങ്ങള്‍ .. എണ്ണിയാല്‍ ഒടുങ്ങാത്തതാണ് ഇവയുടെ അളവ്. ആസ്വാദകരെ ഞെട്ടിച്ചു കൊണ്ട് യുദ്ധവെറിയുടെ ഭീഭത്സമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി സൃഷ്ടിച്ച ഡോക്യുമെന്‍ററികള്‍ , കണ്ണീരിന്റെ ആഴങ്ങളിലേക്ക് തള്ളിയിട്ട കഥാചിത്രങ്ങള്‍ എന്നിങ്ങനെ  ഹോളോകാസ്റ്റിന്റെ വൈകാരികാനുഭവം ഹൃദയസ്പര്‍ശിയായി അനുഭവിപ്പിക്കാന്‍ അതില്‍ മുന്നില്‍ നിന്ന കലയാണ്‌ ചലച്ചിത്രം. അലന്‍ റെനെയുടെ 'നൈറ്റ് ആന്‍ഡ്‌ ഫോഗ് ', ക്ലോഡ് ലാന്‍സ് മാന്റെ 'സോഹ് 'എന്നിവ ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ള ഡോക്യുമെന്‍ററികളില്‍ എക്കാലത്തെയും മികച്ച സൃഷ്ടികളാണ്. പോളാന്‍സ്കിയുടെ 'ദ പിയാനിസ്റ്റ്‌', റോബര്‍ട്ടോ ബെനീഞ്ഞിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ', ജോസഫ് സര്‍ജന്റിന്റെ  'ഔട്ട്‌ ഓഫ് ആഷസ്', സ്പില്‍ ബര്‍ഗിന്റെ 'ഷിന്റ് ലേര്‍സ് ലിസ്റ്റ് ', മാര്‍ഗരീത്ത വോണ്‍ ട്രോട്ടയുടെ 'റോസന്‍ട്രാസ് ',എഡ് വേര്‍ഡ് സ്വിക്കിന്റെ 'ഡെഫിയന്‍സ് ', അലന്‍ ജെ പെക്കുലയുടെ ' സോഫീസ് ചോയിസ് ', മാര്‍ക്ക് ഹെര്‍മാന്റെ ' ദ ബോയ്‌ ഇന്‍ ദ സ്ട്രിപ്ഡ് പൈജാമ' എന്നിവ എടുത്തു പറയേണ്ട ഫീച്ചര്‍ സിനിമകളാണ്. ഏതൊരു പ്രിന്റ്‌ ടെക്സ്റ്റ്‌നെക്കാളും നമ്മുടെ ഹൃദയത്തെ ചലിപ്പിക്കാനും യുദ്ധത്തിന്റെ ഫാസിസത്തിന്റെ ക്രൌര്യം അനുഭവവേദ്യമാക്കാനും ഈ ചലച്ചിത്രങ്ങള്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ നല്ല ക്ലാസ് മുറികള്‍ക്ക് ഇവയില്‍ പലതും ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്.

1955 ലാണ് അലന്‍ റെനെയുടെ നൈറ്റ് ആന്‍ഡ്‌ ഫോഗ് പുറത്തിറങ്ങുന്നത് . ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്‍ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും 'പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. 'കാവ്യാത്മകമായ മുഖപ്രസംഗം' എന്നും ഈ ചിത്രത്തെ വിളിച്ചവരുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂടിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകളെയാണ് ഇതിലെ ഇരുണ്ട ചിത്രങ്ങല്‍ക്കൊണ്ട് റെനെ ഇളക്കി മറിക്കുന്നത്‌. ചലച്ചിത്ര ഭാഷയ്ക്ക് അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടെജുകളുടെയും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളുടെയും ചേരുവയാണ് വര്‍ത്തമാനത്തെയും ഭൂതത്തെയും വിളക്കിചേര്‍ക്കാന്‍ റെനെ പ്രയോജനപ്പെടുത്തിയത്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ നിര്‍മ്മാണത്തില്‍ തുടങ്ങി അവ മരണത്തിന്റെ ഫാക്ടറികള്‍ ആകുന്നതു വരെയുള്ള വളര്‍ച്ച പടിപടിയായി വിവരിക്കപ്പെടുമ്പോള്‍ , മനുഷ്യന് സാധ്യമാകുന്ന ക്രൂരതകളുടെ വിഷപ്പാടുകള്‍ കണ്ടു നടുങ്ങാതിരിക്കാന്‍ മനസ്സുള്ളവര്‍ക്ക് കഴിയില്ല. ഒരു തരത്തിലും സംഗ്രഹിക്കാന്‍ കഴിയാത്ത നിസ്സഹായതയുടെ മിടിപ്പുകളാണ് നൈറ്റ് ആന്‍ഡ്‌ ഫോഗിന്റെ അവസാന ദൃശ്യം വരെ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക. ഇത്തരമൊരു ചിത്രം നിര്‍മ്മിക്കുന്നതിന് താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ റെനെ ഒരു അഭിമുഖത്തില്‍ ഓര്‍ക്കുന്നുണ്ട്. ഓഷ് വിറ്റ്സിലെ തടങ്കല്‍ പാളയങ്ങളില്‍ ചിത്രീകരിക്കുന്നതിനുള്ള അനുവാദം നിരന്തരം നിരസിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്ര നിര്‍മ്മാണ സഭയുടെ പ്രത്യേകമായ ഉത്തരവുണ്ടായിട്ടും വളരെക്കുറച്ചു സമയം മാത്രമാണ് ചിത്രീകരണത്തിനു അനുവദിച്ചത്. ചിത്രത്തിന്റെ പലഭാഗങ്ങളും മുറിച്ചുമാറ്റുന്നതിനു ഭരണാധികാരികളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. എങ്കിലും ലോകമനസ്സാക്ഷിയെ ഉണര്‍ത്താന്‍ ഇത്തരമൊരു ചിത്രം കൂടിയേ കഴിയൂ എന്ന് താന്‍ തീരുമാനിക്കുകയായിരുന്നു. ചരിത്രത്തോട് റെനെക്കുള്ള  അഗാധമായ താത്പര്യത്തിന്റെ പ്രതിഫലനം തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയും സാക്ഷ്യപ്പെടുത്തുന്നത്, 'ഹിരോഷിമാ മോണ്‍ അമാര്‍ '. നാസി തടങ്കല്‍പാളയത്തില്‍ നിന്നും രക്ഷപ്പെട്ട കവിയും നോവലിസ്റ്റുമായ ജീന്‍ കേറോള്‍ ആണ്  നൈറ്റ് ആന്‍ഡ്‌ ഫോഗിന്റെ രചന നിര്‍വഹിച്ചത്. ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരു തടവുകാരനാണ് ചിത്രത്തിന്റെ നരേഷന്‍ നിര്‍വഹിച്ച മൈക്കല്‍ ബൌക്കറ്റ്.

സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തുനിന്നും മുള്ള് വേലികളുടെ അതിരുകളിലേക്ക് താണു വരുന്ന ക്യാമറ, ആദ്യം കാണിച്ചു തരുന്നത് ഒരു ടൂറിസ്റ്റ് കേന്ദ്രം പോലെ മനോഹരമായ പ്രദേശത്തെയാണ്. ഒരു പോസ്റ്റ്‌ കാര്‍ഡില്‍ കാണുന്നത് പോലെ ആകര്‍ഷകമായ ആ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ഇപ്പോള്‍ സഞ്ചാരികള്‍ തിരക്ക് കൂട്ടാറുണ്ടെന്നു നരേറ്റര്‍ പറയുന്നുമുണ്ട്. എന്നാല്‍ അത് എന്താണെന്നും എന്തിനാണ് അത് പണിതതെന്നും മെല്ലെ വിശദമാക്കിത്തരുമ്പോള്‍ നാം അമ്പരക്കുന്നത്, താന്‍ നേടിയ അറിവും അനുഭവവും മനുഷ്യക്കുരുതിക്ക് സമര്‍ത്ഥമായി പ്രയോജനപ്പെടുത്താന്‍ കൂട്ടുനിന്ന എഞ്ചിനീയര്‍മാരെയും ആര്‍ക്കിടെക്റ്റുകളെയും ഓര്‍ത്തിട്ടുകൂടിയാണ്. ഒരു സ്റ്റേഡിയമോ ഹോട്ടലോ പണിയുന്നത് പോലെ സാധാരണമായിരുന്നു അവയുടെ നിര്‍മ്മാണം. മനോഹരവും വിദഗ്ധവും ആയ അതിന്റെ ഗേറ്റിനെ ക്കുറിച്ച് അവ ഒരിക്കല്‍ മാത്രം പ്രവേശിക്കാന്‍ കഴിയുന്നവയാണ് എന്ന നരേറ്റരുടെ വാക്കുകളുടെ അര്‍ത്ഥം പിന്നീടാണ് വെളിവാകുന്നത്. പരന്നു കിടക്കുന്ന മനോഹരമായ നൂറുകണക്കിന് കെട്ടിടങ്ങള്‍ ..  അവയുടെ വിവിധ കോണുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിച്ചുതരുമ്പോള്‍ റെനെ കൂട്ടിച്ചേര്‍ക്കുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരപരാധികളായ ജൂതന്മാര്‍ അറിഞ്ഞിരുന്നില്ല, ഭാവിയില്‍ അവര്‍ക്ക് കഴിയേണ്ട നരകപീഡനശാലകള്‍ ഇങ്ങു ദൂരെ ഒരുങ്ങുന്നുണ്ടെന്ന്.
ഹിറ്റ് ലര്‍ ആധിപത്യം സ്ഥാപിച്ച പ്രദേശങ്ങളില്‍ നിന്ന് ജൂതര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. പട്ടാളക്കാര്‍ക്കൊപ്പം പോകുമ്പോള്‍ അവര്‍ വിചാരിക്കുന്നു, 'എന്തോ തെറ്റ് പിണഞ്ഞത് കൊണ്ടോ സംശയം തോന്നിയത് കൊണ്ടോ ആണ് തങ്ങളെ പിടികൂടിയിരിക്കുന്നത്. അത് വ്യക്തമായാല്‍ ഉടന്‍ തങ്ങളെ വിട്ടയക്കും.' എന്നാല്‍ തങ്ങളെ കാത്തിരിക്കുന്ന ഭയാനകമായ പീഡനങ്ങളുടെ കറുപ്പും ശ്വാസംമുട്ടലും അവര്‍ തിരിച്ചറിഞ്ഞത്, കോണ്‍സണ്‍ട്രേഷന്‍  ക്യാമ്പുകളിലേക്ക് അവരെ കയറ്റിയയച്ച തീവണ്ടി ബോഗികളില്‍ നിന്നാണ്. രാത്രിയും പകലുമില്ലാത്ത, കൊട്ടിയടച്ച ഗുഡ്സ് വാഗണിന്റെ ഇരുട്ടില്‍ വിശപ്പും ദാഹവും ശ്വാസംമുട്ടും ഭ്രാന്തുമായി അവര്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. രാത്രിയും മൂടല്‍മഞ്ഞും കട്ടപിടിച്ച ഏതോ സമയത്ത് അവരുടെ തീവണ്ടി ഓള്‍ഷിവിറ്റ്സ് അടക്കമുള്ള ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്നു.

ഇറ്റു സൂപ്പുമാത്രം കഴിച്ച്, കഠിനാധ്വാനത്തിന് നിര്‍ബന്ധിക്കപ്പെട്ട്, ട്രേ പോലെ അടുക്കിയ തട്ടുകളില്‍ തിങ്ങിപ്പാര്‍ത്ത് സമൂഹത്തില്‍ അതുവരെ നല്ല നിലയില്‍ കഴിഞ്ഞിരുന്ന മനുഷ്യര്‍ , ഒരു പ്രത്യേക വംശത്തില്‍ ജനിച്ചു എന്നത് കൊണ്ട് മാത്രം അവസാനവും തടസ്സമില്ലാത്തതുമായ ഭയത്തിന്റെ തടവറയില്‍ നരകിക്കുകയായി. ഇപ്പുറത്തു 'കപു' അടക്കമുള്ള നാസി സൈനികോദ്യോഗസ്ഥര്‍ ഓര്‍ക്കസ്ട്രയും മൃഗശാലയും വേശ്യാലയവും കെട്ടിപ്പൊക്കി ആസക്തികളില്‍ മുഴുകി. ഈ രണ്ടു ചിത്രങ്ങളും ചേര്‍ത്തു വെക്കുമ്പോള്‍ റെനെ തൊടുന്നത് അധികാരത്തിന്റെ എക്കാലത്തെയും വിഭജനങ്ങള്‍ ആണ്. ഇവിടെ അദ്ദേഹം നമ്മളെ ഒരു ആശുപത്രിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നുണ്ട്. പുറമേ നിന്ന് കാണുമ്പോള്‍ ശരിയായ ആതുരാലയം. എന്നാല്‍ അകത്തോ? മരുന്നായി വിശ്വാസം മാത്രം ; പേപ്പറുകളാണ് വസ്ത്രങ്ങള്‍ . വിശപ്പുപോലും അടക്കാന്‍ കഴിയാതെ രോഗികള്‍ സ്വന്തം കമ്പളിപ്പുതപ്പ് ഭക്ഷിക്കുന്നു.ഗിനിപ്പന്നികളായി കണ്ടുകൊണ്ടു മരുന്ന് കമ്പനികള്‍ ഇവരില്‍ മാരകമായ രാസവസ്തുക്കള്‍ പരീക്ഷണം നടത്തുന്നു.

ക്യാമ്പുകളില്‍ ആളുകള്‍ കൂടിയപ്പോള്‍ എളുപ്പത്തില്‍ അവരെ കോന്നൊടുക്കുന്നതിനായാണ് ഗ്യാസ് ചേമ്പറുകള്‍ തീര്‍ത്തത്. അതിന്റെ ഉള്ളറകളിലെ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയതും പ്രഗത്ഭരായ എന്‍ജിനീയര്‍മാര്‍ തന്നെയായിരുന്നു! വിഷവാതകമേറ്റ് പ്രാണനായി പിടയുന്ന മനുഷ്യര്‍ കൈവിരല്‍ കൊണ്ട് മാന്തിപ്പോളിച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ , ചുമരുകള്‍ ഇവിടെക്കെല്ലാം റെനെയുടെ ക്യാമറ നീണ്ടു ചെല്ലുന്നുണ്ട്. ഇവിടെ എത്തുമ്പോള്‍ പിടഞ്ഞു വീണ ആ മനുഷ്യര്‍ക്കൊപ്പം നമുക്കും ശ്വാസം മുട്ടും. കൊല്ലപ്പെട്ട തടവുകാരുടെ കണ്ണടകള്‍ , ഷേവിംഗ് ബ്രഷുകള്‍ ,ചെരുപ്പുകള്‍ , സ്ത്രീകളുടെ തലമുടി ... ഇവയുടെ കുന്നുകള്‍ കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ചു കിടക്കുന്നു. ഈ ദൃശ്യങ്ങള്‍ക്ക് അകമ്പടിയായി റെനെ ഉപയോഗിക്കുന്ന സംഗീതം ഹൃദയദ്രവീകരണക്ഷമമാണ്. തലമുടി ഉപയോഗിച്ചുകൊണ്ട് പുതപ്പുകള്‍ , മനുഷ്യന്റെ കൊഴുപ്പില്‍ നിന്ന് ..( ഇവിടെ വാക്കുകള്‍ കിട്ടാതെ പിടഞ്ഞു നരേറ്റര്‍ പോലും ഒരു നിമിഷം നിശ്ശബ്ദനാകുന്നു.) .. സോപ്പുകള്‍ .അറുത്തുമാറ്റപ്പെട്ട ശിരസ്സുകള്‍ ഒരു കൊട്ടയില്‍ അടുക്കി വെച്ചിരിക്കുന്നു... തൊട്ടടുത്ത് ശിരസ്സ് പിഴുതെടുക്കപ്പെട്ട ഉടലുകള്‍ ... വരിവരിയായി നില്‍ക്കുന്ന പട്ടിണിക്കോലങ്ങള്‍ ... ദഹിപ്പിക്കാന്‍ വിറകില്ലാതെ കൂട്ടിയിട്ട പാതിവെന്ത ശവക്കൂനകള്‍ ..റെനെ ഈ ഭാഗത്ത് കാട്ടുന്ന ഏതാനും ദൃശ്യങ്ങള്‍ മതി ഹിറ്റ്‌ലറുടെ കൊടും പാതകങ്ങളുടെയും നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടന്ന ഉള്ളുലയ്ക്കുന്ന ക്രൂരതകളുടെയും നേര്‍ചിത്രം ലഭിക്കാന്‍ . യുദ്ധത്തില്‍ ഹിറ്റ്‌ലര്‍ ജയിച്ചിരുന്നെങ്കില്‍ ജര്‍മ്മനിയുടെ സമ്പത്തിന്റെ പ്രധാന സ്രോതസ് ഈ ഇരുട്ടറകളായേനെ എന്ന് റെനെ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്നുണ്ട്.

സഖ്യകക്ഷികള്‍ ക്യാമ്പുകളില്‍ കടന്നതിനു ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ക്യാമറയിലൂടെ മനുഷ്യന്‍ കണ്ട ഏറ്റവും ഭയാനകമായ രംഗങ്ങള്‍ ആയിരിക്കും. പട്ടിണി കിടന്നു മരിച്ച പതിനായിരങ്ങളുടെ ശരീരങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വലിയ കുഴികളിലേക്ക് നീക്കുന്നു. ജീവന്‍ ബാക്കിയുള്ളവര്‍ മരിച്ചവരുടെ തലയോട്ടികള്‍ അടുക്കിവെക്കുന്നു. ഈ ദൃശ്യങ്ങള്‍ രക്ഷപ്പെട്ട അന്തേവാസികള്‍ കമ്പിവേലിയിലൂടെ നോക്കി നില്‍ക്കുന്നു." ഇവര്‍ സ്വതന്ത്രരായോ? സാധാരണ ജീവിതം ഇനി ഇവരെ തിരിച്ചറിയുമോ? എന്ന ആശ്ചര്യം റെനെ മറച്ചു വെക്കുന്നില്ല. ഇരുപത്താറു രാജ്യങ്ങളിലെ ഒന്‍പതു മില്ല്യന്‍ നിരപരാധികളാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പൊലിഞ്ഞത് എന്നോര്‍ക്കണം.
 
ന്യൂറന്ബര്‍ഗിലെ അന്താരാഷ്‌ട്ര യുദ്ധവിചാരണക്കോടതിയില്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ ചുമതലക്കാരനായ കപുവും ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞു, ' ഇതിനു ഞാന്‍ ഉത്തരവാദിയല്ല' ..' ഞാന്‍ ഉത്തരവാദിയല്ല '.. ഈ ദൃശ്യത്തിനൊപ്പം റെനെ കട്ട് ചെയ്തു ചേര്‍ക്കുന്നത് കൂമ്പാരം കൂട്ടിയ നഗ്നമായ ശവശരീരങ്ങള്‍ ആണ്. എന്നിട്ട് അദ്ദേഹം ചോദിക്കുന്നു 'എങ്കില്‍ ആരാണ് ഉത്തരവാദി?'

തനിക്കു ലഭിച്ച ആര്‍ക്കേവ്‌ ദൃശ്യങ്ങളെ കേവലമായി ചെര്‍ത്തുവെച്ചുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയല്ല 'നൈറ്റ് ആന്‍ഡ്‌ ഫോഗ് .'  മനുഷ്യമനസ്സാക്ഷിക്കു നേരെത്തൊടുക്കുന്ന കനമുള്ള ചില ചോദ്യങ്ങള്‍ , ചരിത്രത്തെക്കുറിച്ചുള്ള ദാര്‍ശനികമായ ഉള്‍ക്കാഴ്ചകള്‍ ഇവയാണ് ഈ സിനിമയെ ഹോളോകാസ്റ്റിനെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട നൂറുകണക്കിന് ഡോക്യുമെന്ററികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. യഥാര്‍ത്തത്തില്‍ നമ്മുടെ പായല്‍ മൂടിയ ഓര്‍മ്മകളെ ക്രൂരദൃശ്യങ്ങളിലൂടെ കുത്തി മുരിവേല്പിക്കുന്നത്  കാലികമായ ചില മുന്നറിയിപ്പുകള്‍ നല്‍കാന്‍ കൂടിയാണ്. അവിടെയുള്ള പൊളിഞ്ഞു വീണ കാവല്പുരകളില്‍ ഇരുന്നു ആരോ മുന്നറിയിപ്പ് നല്‍കുന്നതായി അദ്ദേഹത്തിനു തോന്നുന്നു. അത് വരാനിരിക്കുന്ന എകാധിപതികളെ ചെറുത്തു നില്‍ക്കേണ്ടതിനെക്കുറിച്ചാവാം. അതുകൊണ്ട് തന്നെയാണ് റെനെ ഈ ചിത്രം ഇങ്ങനെ അവസാനിപ്പിക്കുന്നത്, 'യുദ്ധം ഉറക്കം തൂങ്ങുന്നതെയുള്ളൂ.. നമ്മളില്‍ ചാടി വീഴാന്‍ അവസരം പാര്‍ത്തുകൊണ്ട് അപ്പോഴും അത് ഒരു കണ്ണ്  തുറന്നു തന്നെ വച്ചിരിക്കുന്നു'.

യുദ്ധം, ഫാസിസം, ഏകാധിപത്യം എന്നിവ ഭാഷാ- സാമൂഹ്യശാസ്ത്ര ക്ലാസ് മുറികളില്‍ ആവര്‍ത്തിച്ചു വരുന്ന പ്രമേയമാണ്. യുദ്ധം മനുഷ്യരാശിക്ക് വരുത്തി വെക്കുന്ന വമ്പിച്ച നഷ്ടങ്ങള്‍ , കേവലമായ സ്ഥിതിവിവരം എന്നതിലുപരി വൈകാരികമായി കുട്ടികള്‍ അനുഭവിക്കേണ്ടതുണ്ട്. ലോകസാഹിത്യത്തില്‍ യുദ്ധത്തിന്റെ, വിഭജനത്തിന്റെ, കലാപങ്ങളുടെ രക്തം പുരണ്ട അദ്ധ്യായങ്ങള്‍ എത്രയോ ഉണ്ട്. ( പന്ത്രണ്ടാം ക്ലാസിലെ മലയാളം ടെക്സ്റ്റിലെ ലൂയി പിരാന്തല്ലോയുടെ 'യുദ്ധം' എന്നാ കഥ നോക്കുക ). മലയാളത്തില്‍ എഴുത്തച്ഛന്റെ ഗാന്ധാരീ വിലാപം ( ശ്രീമഹാഭാരതം ) മുതല്‍ മാരാരുടെ യുദ്ധത്തിന്റെ പരിണാമവും അര്‍ജുന വിഷാദയോഗവും ( ഭാരതപര്യടനത്തിലെ ഉപന്യാസങ്ങള്‍ ) തകഴിയുടെ പട്ടാളക്കാരനും, ബഷീറിന്റെ ഭൂമിയുടെ ചോരയും ( ശബ്ദങ്ങള്‍ ) ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇവയില്‍ ചിലതിന്റെ പാരായണവും പൊതുവായ ചര്‍ച്ചയും നടന്നതിനു ശേഷം യുദ്ധരംഗങ്ങളില്‍ നിന്ന് ടുത്ത ലോകപ്രശസ്തമായ ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശിപ്പിക്കാം. അവരില്‍ അതുണ്ടാക്കിയ വികാരങ്ങള്‍ പങ്കുവെക്കട്ടെ. ചിലതിന്റെ ലിങ്കുകള്‍ ഇവിടെ കിട്ടും.

തുടര്‍ന്ന് നൈറ്റ് ആന്‍ഡ്‌ ഫോഗിനെ ക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കിയതിനു ശേഷം ചലച്ചിത്രം പ്രദര്‍ശിപ്പിക്കാവുന്നതാണ്.
  • ചലച്ചിത്ര പ്രദര്‍ശനത്തിനു ശേഷം ചിത്രം അവരിലുണ്ടാക്കിയ വൈകാരികാനുഭാവത്തെ കുറിച്ച് കുട്ടികള്‍ സംസാരിക്കട്ടെ. സ്പര്‍ശിച്ച രംഗങ്ങള്‍ , വിവരണങ്ങള്‍ എന്നിവ വിശദമാക്കട്ടെ.
  • സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയെക്കുറിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കട്ടെ.
  • യുദ്ധം ഉറക്കം തൂങ്ങുന്നതെയുള്ളൂ.. അപ്പോഴും അത് ഒരു കണ്ണ്  തുറന്നു തന്നെ വച്ചിരിക്കുന്നു'. എന്ന റെനെയുടെ ഉത്കണ്ടയുടെ അര്‍ത്ഥതലങ്ങള്‍ എന്തൊക്കെയാണ്? ഇത്തരം വംശഹത്യകള്‍ പിന്നീട് നടന്നിട്ടുണ്ടോ?
  • വ്യക്തികളെക്കാളും വ്യത്യസ്ത ഗ്രൂപ്പുകളെക്കാളും മനുഷ്യന് വേദനകളും നഷ്ടങ്ങളും വരുത്തുന്നത് രാഷ്ട്രങ്ങള്‍ ആണ്. ഈ കാഴ്ചപ്പാട് ശരിയോ?
  • എങ്ങിനെയാണ് ഇത്തരം വംശഹത്യകള്‍ സംഭവിക്കുന്നത്‌? രാഷ്ട്രം എങ്ങിനെ ജനാഭിപ്രായങ്ങളെ സ്വാധീനിക്കുന്നു?
തുടങ്ങിയ ചര്‍ച്ചകളും ഉയര്‍ന്ന ക്ലാസുകളില്‍ ഉയര്‍ത്തിക്കൊണ്ടു വരാവുന്നതാണ്.

നൈറ്റ് ആന്‍ഡ്‌ ഫോഗ് യു ട്യൂബില്‍ ലഭ്യമാണ്. ടോറന്റായി ലഭിക്കാന്‍ ഇവിടെയുള്ള 'ഡൌണ്‍ലോഡ് ദിസ് ടോറന്റ് ' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2010 നവംബർ 2, ചൊവ്വാഴ്ച

സിനിമാ ടിക്കറ്റ്

'ദ സിനിമാ ടിക്കറ്റ് '
ചലച്ചിത്രങ്ങള്‍  ക്ലാസ് മുറിയില്‍
1 .  'ദ സിനിമാ ടിക്കറ്റ് '

സിനിമയോടുള്ള തങ്ങളുടെ അടക്കാനാകാത്ത അഭിനിവേശം മഹാന്മാരായ ചിലച്ചിത്രകാരന്മാര്‍ പ്രകാശിപ്പിച്ചിട്ടുള്ളത് മനോഹരമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടു മാത്രമല്ല. കഴിയുമ്പോഴൊക്കെ അവര്‍ സിനിമയെ തന്നെ പ്രമേയവുമാക്കി. സിനിമ അതിന്റെ ആരംഭം തൊട്ടുതന്നെ ജനങ്ങളെ അതിന്റെ കാന്തികമായ പ്രഭാവലയങ്ങളാല്‍ വലിച്ചെടുത്ത കലയാണ്‌. സിനിമയോടുള്ള ഉന്മാദസമമായ പ്രണയവും അതിനായി അലഞ്ഞ വഴികളും ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച ഓരോരുത്തരുടെയും ഓര്‍മ്മയിലെ വര്‍ണക്കാഴ്ചകളാണ്. ചലച്ചിത്രത്തെ പ്രമേയമാക്കി എടുക്കപ്പെട്ട സിനിമകളിലെല്ലാം ഈ അഭിനിവേശം, അനുഭവം പകര്‍ത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകസിനിമയില്‍ ഒരു പ്രത്യേക വിഭാഗമായി നില്‍ക്കത്തക്ക വിധത്തില്‍ 'സിനിമയെക്കുറിച്ചുള്ള സിനിമകള്‍ ' സമ്പന്നമാണ്. ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ 'ക്യാമറാ ബഫ് ', ഗിസ്സപ്പേ ടെര്‍നാട്ടോറയുടെ ' സിനിമാ പാരഡൈസോ', അബ്ബാസ് കിയറസ്താമിയുടെ 'ക്ലോസ് അപ്പ് ', ഗൊദാര്‍ദിന്റെ ' കണ്‍ഡംപ്റ്റ് ', വെര്‍ത്തോവിന്റെ ' മാന്‍ വിത്ത്‌ മൂവീ ക്യാമറാ', മക് മല്‍ ബഫിന്റെ 'വണ്‍സ് അപ്പോണ്‍ എ ടൈം സിനിമ', ഒസാമ ഫൌസിയുടെ 'ഐ ലവ് സിനിമ ' എന്നിവ ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ചലച്ചിത്രങ്ങളാണ്. സിനിമയോടുള്ള ബാല്യകാലത്തെ അടക്കാനാകാത്ത ആകര്‍ഷണത്തെ അതീവ ഹൃദ്യമായി പകര്‍ത്തിയ ചിത്രങ്ങളാണ് ഇതില്‍ 'സിനിമാ പാരഡൈസോ'യും 'ഐ ലവ് സിനിമ'യും. ഈ ഗണത്തില്‍ പെടുത്താവുന്ന അതിമനോഹരമായൊരു ഹ്രസ്വചിത്രമാണ് നോര്‍വീജിയന്‍ ചിത്രമായ 'ദ സിനിമാ ടിക്കറ്റ് '.

പത്തു വയസ്സിനടുത്ത് പ്രായം വരുന്ന കുട്ടിയാണ് ഇതിലെ മുഖ്യ കഥാപാത്രം. അവന്റെയോ സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെയോ പേര് സിനിമയില്‍ ഉപയോഗിക്കുന്നില്ല. ഏതു പേരില്‍ ഏതു നാട്ടില്‍ ആയാലും ബാല്യത്തിന്റെ കുതൂഹലങ്ങളില്‍ ഒന്നാമത് സിനിമതന്നെയെന്നാവണം സംവിധായകന്‍ ഓര്‍മ്മിപ്പിക്കുന്നത്. പാതയോരത്ത് സ്ഥാപിച്ച ബോര്‍ഡില്‍ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നിടതാണ് 'സിനിമാ ടിക്കറ്റ് 'ആരംഭിക്കുന്നത്. പോസ്റ്ററൊട്ടിച്ചു  കഴിഞ്ഞു അയാള്‍ പോയപ്പോഴേക്കും തൊട്ടു പിന്നിലെ മരത്തില്‍ നിന്നും അവന്‍ ഉര്‍ന്നിറങ്ങി. ഉടന്‍ പ്രദര്‍ശനം ആരംഭിക്കുന്ന 'ഫ്ലാക്ലിപ്പാ ഗ്രാന്റ് പ്രിക്സ് ' എന്നാ സിനിമയുടെ പോസ്റ്റരാണ് അത്. ടിക്കറ്റ് നിരക്കില്‍ ഏറ്റവും താഴ്ന നിരക്ക് പത്തു ക്രോണ്‍ ആണ്. അവന്റെ കയ്യില്‍ മൂന്നു ക്രോണ്‍ ഉണ്ട്. ശേഷിക്കുന്ന പണം ഉണ്ടാക്കാന്‍ അവന്‍ നടത്തുന്ന ശ്രമങ്ങളും അതില്‍ അനുഭവിക്കുന്ന വ്യത്യസ്ത വികാരങ്ങളും ആണ് സിനിമാ ടിക്കറ്റിന്റെ ശേഷിക്കുന്ന ഭാഗം.

പണം കണ്ടെത്തുന്നുതിനുള്ള ആദ്യ ശ്രമം അമ്മയുടെ പണക്കുടുക്കയില്‍ നിന്നുള്ള മോഷണം തന്നെ. അത് കയ്യോടെ പിടിക്കപ്പെടുന്നു. ചലച്ചിത്ര ഭാഷയുടെ അത്യന്തം ധ്വന്യാത്മകമായ ആവിഷ്കാരനാണ് ഇവിടെ കാണുന്നത്. അവന്‍ വീട്ടിലെത്തുമ്പോള്‍ കാണുന്നത് അമ്മ അയയില്‍ ഉണങ്ങാനിട്ട പുതപ്പുകള്‍ , വളച്ചു കെട്ടിയ ചൂരല്‍ വടികളാല്‍ തല്ലി വൃത്തിയാക്കുന്നതാണ്. അവന്‍ കുടുക്കയില്‍ നിന്നും പണം മോഷ്ടിക്കുന്നത് കാണുന്ന അമ്മ ആ വടിയില്‍ മുറുകെ പിടിക്കുന്നതെയുള്ളൂ. അടുത്ത ദൃശ്യം അടിവീണു തിണര്‍ത്ത പിന്നാമ്പുറം വെള്ളത്തില്‍ വെച്ച് കണ്ണീരൊലിപ്പിച്ചു ഇരിക്കുന്ന അവനെയാണ്‌. കണ്ണീരിനിടയിലും  കിട്ടിയ ഒന്നോ രണ്ടോ നാണയം ഗൂഢമായി അവന്‍ എടുത്തു നോക്കുന്നുണ്ട്. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് അതുവരെ കിട്ടിയ നാണയങ്ങള്‍ തൊട്ടു തലോടിയാണ് അവന്‍ ഉറക്കത്തിലേക്ക് പോകുന്നത്.

തൊട്ടടുത്ത ദിവസം മുതല്‍ ബാക്കി പണം ഉണ്ടാക്കുന്നതിനുള്ള കഠിനാധ്വാനത്തില്‍ അവന്‍ ഏര്‍പ്പെടുകയാണ്. അയല്‍വാസികള്‍ക്ക് സാധനങ്ങള്‍ വാങ്ങിച്ചു കൊടുത്തും ഉപേക്ഷിക്കപ്പെടുന്ന മദ്യക്കുപ്പികള്‍ ശേഖരിച്ചും അവന്‍ ഓരോ നാണയമായി സമ്പാദിക്കുന്നു. വലിയ പ്രോലോഭനങ്ങളെ അതിജീവിച്ചാണ് അവന്‍ ആ നാണയം കൈക്കലാക്കുന്നത്. നാണയത്തിന് പകരമായി കടക്കാരന്‍ നീട്ടുന്ന മിഠായികള്‍ നിരസിക്കാന്‍ അവനു പിന്ബലമാകുന്നത് സിനിമയുടെ കൂടിയ മധുരമാണ്. ഒടുവില്‍ ടിക്കറ്റിനു വേണ്ട പണം ഒത്തുവന്നപ്പോള്‍ അവന്‍ സൈക്കിളുമായി തിയേറ്ററിലേക്ക് കുതിക്കുന്നു. വഴിയില്‍ കാത്തിരുന്ന നിര്‍ഭാഗ്യത്തില്‍ കൊണ്ട് അവന്റെ സൈക്കിളിന്റെ ടയര്‍ പഞ്ചാറായെങ്കിലും ആ സൈക്കിളും ഉരുട്ടിത്തന്നെ ഓടി അവന്‍ തിയേറ്ററിലെത്തി. ക്യൂവില്‍ അവന്റെ ഊഴം എത്തുമ്പോഴേക്കും ഷോയ്ക്കുള്ള ടിക്കറ്റുകള്‍ തീര്‍ന്നു കഴിഞ്ഞിരിന്നു. പക്ഷെ അവനെ സഹായിക്കാനായി തിയേറ്ററിലെ ഓപ്പറേറ്റര്‍ താന്നെയെത്തുന്നു. ഓപ്പറേറ്റരുടെ മുറിയില്‍ നിന്നുതന്നെ രാജകീയമായി അവന്‍ സിനിമ കാണുന്നിടത്താണ് 'സിനിമാ ടിക്കറ്റ് ' അവസാനിക്കുന്നത്.

'സിനിമാ ടിക്കറ്റ് ' എന്ന കൊച്ചു സിനിമ അതിന്റെ സവിശേഷമായ ചലച്ചിത്ര ഭാഷ കൊണ്ടാണ് നമ്മുടെ ഹൃദയം കവരുന്നത്. ഈ ചിത്രത്തില്‍ ഒരു സംഭാഷണശകലം പോലും സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമയുടെ ഭാഷ കേവലമായ സംഭാഷണമല്ലെന്ന് കൂടിയാവാം ദൃശ്യങ്ങളിലൂടെ അതിമനോഹരമായ വിധത്തില്‍ വിനിമയം സാധ്യമാക്കി ക്കൊണ്ട് 'സിനിമാ ടിക്കറ്റ് ' തെളിയിക്കുന്നത്. അതിശയിപ്പിക്കുന്ന സൂക്ഷ്മതയാണ് സംവിധായകന്‍ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതില്‍ കാണിച്ചിരിക്കുന്നത്. രണ്ടു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന തിയേറ്ററിലെ ജീവിനക്കാരനെ നോക്കൂ. പോസ്റ്റര്‍ ഒട്ടിക്കുമ്പോഴും സിനിമയുടെ റീലുകള്‍ കൊണ്ട് വരുമ്പോഴും അയാളുടെ മുഖത്തു നിഴലിക്കുന്നത് ജീവിത പ്രയാസങ്ങളാണ്. എന്നാല്‍ ഇതെല്ലാം സിനിമയുമായി ബന്ധപ്പെട്ടതായത് കൊണ്ട് തന്നെ കണ്ടു നില്‍ക്കുന്ന കുട്ടിക്ക് അയാളോട് ആരാധനയാണ്. ശബ്ദ പഥത്തിന്റെ മനോഹരമായ ഉപയോഗം ഈ സിനിമയുടെ വിനിമയത്തില്‍ നിര്‍ണായക സ്ഥാനം കൈവരിക്കുന്നുണ്ട്‌. നാണയങ്ങള്‍ അട്ടിവെക്കുന്ന വൃദ്ധനായ കച്ചവടക്കാരന്‍ മിഠായി കാട്ടി പ്രലോഭിപ്പിച്ചിട്ടും അവന്‍ അത് വാങ്ങാതെ നാണയം തന്നെ വാങ്ങുമ്പോള്‍ ദേഷ്യം വന്ന് ഓരോതവണയും അയാള്‍ മേശമേല്‍ ഇടിക്കുന്ന ദൃശ്യത്തില്‍ ശബ്ദവും മനോഹരമായി ഇടപെടുന്നുണ്ട്. സിനിമയുടെ മായികമായ ആകര്‍ഷണത്തില്‍ കുടുങ്ങിയ കുട്ടിയുടെ വേദനകളും സിനിമയോടുള്ള അഭിനിവേശവും നിഗൂഡമായ ആനന്ദവും നമ്മെ അനുഭവിപ്പിക്കുന്ന ബാലനടന്‍ അസാമാന്യമായ അഭിനയ ശേഷിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

സിനിമാ ടിക്കറ്റ് സംവിധാനം ചെയ്തത് ഗുണ്ണാര്‍ വികനെയാണ്. സിനിമയുടെ ശതാബ്ദി വര്‍ഷമായ 1995 ല്‍ നോര്‍വെയിലെ പ്രശസ്ത സിനിമാ തിയറ്റരായ 'ബെര്‍ജാന്‍ മുനിസിപ്പല്‍ സിനിമ'യാണ് ഈ ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. സിനിമയുടെ ചരിത്രത്തെയും ഒപ്പം ഭാവിയേയും ഉള്‍ക്കൊള്ളുന്ന ഒരു സിനിമയ്ക്കയുള്ള തിരക്കഥാ മത്സരത്തിലൂടെയാണ് ഇതിന്റെ നിര്‍മ്മാണം നടത്തപ്പെട്ടിട്ടുള്ളത്. നോര്‍വെയിലെ എക്കാലത്തെയും ജനപ്രിയ സിനിമയായ 'ഫ്ലാക്ലിപ്പാ ഗ്രാന്റ് പ്രിക്സ് ' എന്നാ കാര്‍ റേസിങ്ങുമായി ബന്ധപ്പെട്ട ചലച്ചിത്രത്തിനുള്ള സ്മരണാഞ്ജലി കൂടിയാണ് ഈ കൊച്ചു ചിത്രം.

അനുഭവങ്ങളെ രേഖപ്പെടുത്തുന്നതിന് ഓരോ മാധ്യമത്തിനും അതിന്റേതായ സവിശേഷതകള്‍ ഉണ്ട്. ആവിഷ്കരിക്കേണ്ട അനുഭവത്തിന്റെ ഒരുപാട് മുഹൂര്‍ത്തങ്ങളില്‍ നിന്ന് ഏറ്റവും തീവ്രമായവയെയും വൈകാരിക വിനിമയത്തിന് പ്രാപ്തമായവയെയും കണ്ടെത്തുക എന്നത് പ്രധാനമാണ്. ഈ ഒരു തിരിച്ചറിവിലേക്ക് കൊണ്ട് വരുന്നതിനു 'സിനിമാ ടിക്കറ്റ് ' പ്രയോജനപ്പെടുത്താവുന്നതാണ്. എം ടി യുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം പോലുള്ള കൃതികളില്‍നിന്ന് ചിലവ വായിക്കാം. അത്തരം ചര്‍ച്ചയുടെ തുടര്‍ച്ചയായി ചലച്ചിത്രത്തിലൂടെ ആവിഷ്കരിക്കപ്പെട്ട ഒരനുഭവം എന്നാ നിലയില്‍ ഈ കൊച്ചു ചിത്രം പ്രദര്‍ശിപ്പിക്കാം.
ചലച്ചിത്ര പ്രദര്‍ശനത്തിനു ശേഷം സാധ്യതയുള്ള ക്ലാസ് റൂം ചര്‍ച്ചകള്‍ ‍, പ്രവര്‍ത്തനങ്ങള്‍  
  • അനുഭവങ്ങളെ ആവിഷ്കരിക്കുന്നതില്‍ വ്യത്യസ്ത മാധ്യമങ്ങള്‍ക്കുള്ള വഴികള്‍ , ശക്തി ദൌര്‍ബല്യങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യാം.
സാമഗ്രികള്‍ : നിഴലാട്ടം: ഒരു ചലച്ചിത്ര പ്രേക്ഷകന്റെ ആത്മകഥ
(കല്‍പ്പറ്റ നാരായണന്‍ , മാതൃഭൂമി ഓണപ്പതിപ്പ് 2010) , ദ സിനിമാ ടിക്കറ്റ് ( DVD - short 8 vision )
  •  എങ്ങിനെയാണ് സംഭാഷണഭാഷയെ പ്രയോജനപ്പെടുത്താതെ തന്നെ സിനിമ ആശയ വിനിമയം സാധ്യമാക്കുന്നത്? ചര്‍ച്ച
  •  'ദ സിനിമാ ടിക്കറ്റ് ' എന്ന ചലച്ചിത്രത്തിന് ഒരു ആസ്വാദനം തയ്യാറാക്കുക.
  • ഈ സിനിമയിലെ കുട്ടിയുടെ സിനിമയോടുള്ള ഉത്കടമായ അഭിനിവേശത്തെ എങ്ങിനെയാണ് സംവിധായകന്‍ നമ്മെ അനുഭവിപ്പിക്കുന്നത്?
    • ദൃശ്യങ്ങള്‍ ഉദാഹരിച്ചു വിശദീകരിക്കുക. 
    • ദൃശ്യങ്ങള്‍ക്ക് സംഭാഷണം ഒരുക്കാം
    • അടികിട്ടി കരയുന്ന മകനെ ആശ്വസിപ്പിക്കുന്ന അമ്മയും അവനും തമ്മില്‍ നടന്നിരിക്കാവുന്ന സംഭാഷണം.
    • കടക്കാരനും കുട്ടിയും തമ്മിലുള്ള ഓരോ ദൃശ്യത്തിന്റെയും സംഭാഷണം. 

2010 മാർച്ച് 13, ശനിയാഴ്‌ച

സിനിമ കാണാന്‍ അദ്ധ്യാപകര്‍ എന്തിനു പഠിക്കണം?

'യു ടുബി''ല്‍ ആയിരക്കണക്കിന്‌ ആളുകള്‍ കണ്ട ഒരു വീഡിയോയുണ്ട്‌. വീ ആര്‍ ഡിജിറ്റല്‍ ലേണേര്‍സ്‌. പ്രീ പ്രൈമറി  മുതല്‍ ഹയര്‍ സെക്കന്ററി വരെ പഠിക്കുന്ന പതിനാറോളം കുട്ടികള്‍ അവരുടെ താത്‌പര്യങ്ങളെ ക്കുറിച്ച്‌ പറയുകയാണിതില്‍. ക്യാമറ ഓരോരുത്തരുടെ അടുത്തേക്കും ചെല്ലുമ്പോള്‍ അവരുടെ കൈയ്യിലുള്ള ബോര്‍ഡ്‌ അവര്‍ ഉയര്‍ത്തിക്കാട്ടും. കഴിഞ്ഞ ഒരാഴ്‌ച അവര്‍ എന്താണ്‌ ചെയ്‌തതെന്ന്‌ വ്യക്തമായി അതില്‍ എഴുതിയിട്ടുണ്ട്‌. മിക്കവാറും സമയം അവര്‍ കമ്പ്യുട്ടറിന്റെ മുന്നില്‍, ഇന്റെര്‍നെറ്റിന്റെ മുന്നില്‍, ടി.വി.യുടെ മുന്നില്‍ ആണ്‌. ബ്ലോഗ്‌ ചെയ്‌തും, പോട്‌കാസ്റ്റ്‌ ചെയ്‌തും, ഹാരിപോട്ടര്‍ കേട്ടും, ഇമെയില്‍ ചെയ്‌തും, വിക്കിയില്‍ വായിച്ചും ആണ്‌ അവര്‍ സമയം ചെലവഴിച്ചത്‌. സ്‌കൂളില്‍ അവര്‍ക്ക്‌ പകര്‍ത്തി എഴുതാനും വിരസമായ 'കഥാപ്രസംഗങ്ങള്‍' കേള്‍ക്കാനും, മാത്രമേ ഇടയുണ്ടായിരുന്നുള്ളൂ. ഡിജിറ്റലായി കഥ പറഞ്ഞുകൊണ്ട്‌ തങ്ങളെ എന്‍ഗേജ്‌ ചെയ്യാന്‍ അധ്യാപകരോട് ആവശ്യപ്പെട്ടുകൊണ്ടാണ്‌ ആ വിഡിയോ ക്ലിപ്പ്‌ അവസാനിക്കുന്നത്‌.
 

കാലത്തിന്റെ മാറ്റം, പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ ഏറ്റവും ആദ്യം തിരിച്ചറിഞ്ഞതും പ്രയോജനപ്പെടുത്തിയതും അതാത് കാലത്തെ വിദ്യാഭ്യാസമാണ്. താളിയോലകളില്‍ നിന്നും കടലാസിലേക്കും അച്ചടിയിലേക്കും ആദ്യം കാല്‍ വെച്ചത് അറിവ് പകരുന്ന പ്രക്രിയ കൂടിയാണ്. അത് സാങ്കേതിക വിദ്യയ്ക്ക് നേരെയുള്ള അഭിനിവേശം മാത്രമല്ല കാണിക്കുന്നത്. അറിവിനെ ജനാധിപത്യ വത്കരിക്കാനും അതിന്റെ വ്യാപ്തി പരമാവധി വര്‍ധിപ്പിക്കാനും ഇത് കൂടിയേ കഴിയു എന്ന് അതത് കാലത്തെ 'അറിവധികാരികള്‍ക്ക്' ബോധ്യമായിരുന്നു. ആധുനിക സാങ്കേതികവിദ്യ സാധ്യമാക്കിത്തീര്‍ത്ത ജ്ഞാനചക്രവാളങ്ങളെ പുതിയ കാലത്തെ  'അറിവധികാരികള്‍' എങ്ങിനെ നോക്കിക്കാണുന്നു എന്ന് ആലോചിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍മനസ്സിലെത്തിയത്. 


അച്ചടിയില്‍ വന്ന മാറ്റം പോലും പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും അതിന്റെ ധര്‍മം വ്യത്യസ്ത രീതിയില്‍ നിറവേറ്റുന്നതിലും പ്രയോജനപ്പെടുത്തിയിരുന്നു. ഡി.ടി.പി. വന്നതോടുകൂടി പാഠപുസ്തകങ്ങളുടെ രൂപകല്‍പ്പനയില്‍ വന്ന മാറ്റം ശ്രദ്ധേയമാണല്ലോ.  ചിത്രങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഭാവനാ ലോകം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍. പാഠപുസ്തകത്താളുകളില്‍ത്തന്നെ വരയ്കാനും എഴുതാനുമുള്ള സൌകര്യങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. എന്നാല്‍ അവിടുന്ന് മുന്നോട്ട് സാങ്കേതികവിദ്യ യുടെ വളര്‍ച്ചയെ തൊടാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്.


അതിന് സാങ്കേതിക വിദ്യയുടെ വികാസം ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത് എന്ന സാമാന്യബോധം നമ്മുടെ സയന്‍സ് അധ്യാപകര്‍ക്ക് പോലും ഇല്ല. മാത്രമല്ല ആധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ സാധ്യമാക്കുന്ന വിശാലമായ ലോകങ്ങളെക്കുറിച്ചുള്ള അജ്ഞതയെ ഭൂഷണമായാണ് അവര്‍ കാണുന്നത്. ഓരോ വസ്തുവിനെയും സിദ്ധാന്തത്തെയും വിവരിച്ചുകൊണ്ട് നടത്തുന്ന കഥാപ്രസംഗത്തിനപ്പുറം മറ്റൊരു രീതിശാസ്ത്രം അന്വേഷിക്കാന്‍ പോലും അവര്‍ തയ്യാറല്ല. (മള്‍ടി മീഡിയയുടെ സാദ്ധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തുന്ന അപൂര്‍വ്വം അധ്യാപകര്‍ ക്ഷമിക്കട്ടെ )  ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ദൃശ്യമാധ്യമങ്ങളും നമ്മുടെ ക്ലാസ് മുറിയെ എത്രമാത്രം സര്‍ഗാത്മകവും ആവേശഭരിതവും ആക്കിത്തീര്‍ക്കും എന്ന് ആരാണ് അവരെബോധ്യപ്പെടുത്തുക.  


ഡിജിറ്റല്‍ സാങ്കേതികവിദ്യയും ദൃശ്യമാധ്യമങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിനുമേല്‍ തന്നെ കാര്‍മേഘമായും  മഴവില്ലായും മാറി മാറി ഇരുണ്ടും തെളിഞ്ഞും വന്നു മൂടുകയാണ്. സത്യത്തില്‍ അധ്യാപകന്റെ റോള്‍ തന്നെ ഈ കാലത്ത് എന്താണ് എന്ന് പുനര്‍നിര്‍വചിക്കേണ്ടതുണ്ട്‌. കേവലം വിജ്ഞാനം വിതരണം ചെയ്തുകൊണ്ട് അവനു പുലരാന്‍ സാധ്യമല്ലതന്നെ. വിജ്ഞാനം ഏറ്റവും സഫലമായി അവന്റെ ഉള്ളിലെത്തിക്കാന്‍ എത്രയോ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. കമ്പ്യുട്ടറും ഇന്റര്‍നെറ്റും ആയിരക്കണക്കിനുള്ള സി ഡി / ഡി വി ഡി കളും സംഭരിച്ചിട്ടുള്ള വിജ്ഞാനത്തിന്റെ പതിനായിരത്തില്‍ ഒന്ന് പോലും നമ്മുടെ മിക്ക അധ്യാപകരുടെയും സമീപത്തുകൂടെ പോലും പോയിട്ടില്ല. അത് മുഴുവന്‍ ആര്ജിക്കുക  ആര്‍ക്കും സാധ്യവുമല്ല. പക്ഷെ ഒരു വിരല്‍ സ്പര്‍ശത്തിനപ്പുറത്ത് അതുണ്ട്, തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ഥിക്ക് ഏറ്റവും എളുപ്പത്തില്‍ അത് ലഭ്യമാണ് എന്ന ബോധ്യം അവര്‍ക്ക് വേണം. അപ്പോള്‍ മനസ്സിലാവും കേവലം വിജ്ഞാനം വിളമ്പുക മാത്രമല്ല തന്റെ ദൌത്യമെന്ന്; അതിനും അപ്പുറം എത്രയോ ഗൌരവത്തിലുള്ള ചുമതലകളാണ് കാലം തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന്.


വാര്‍ത്തകളായും വിവരങ്ങളായും അനുനിമിഷം പെരുകുന്ന അറിവുകളുടെ ഈ പെരുമഴയില്‍ ഒലിച്ചുപോകാതെ ആരാണ് അവര്‍ക്ക് നേരെ സത്യത്തിന്റെയും തെളിച്ചത്തിന്റെയും നേര്‍ത്ത വിരല്‍ നീട്ടുക. ഈ വിജ്ഞാനം എങ്ങിനെയാണ് സ്വീകരിക്കേണ്ടത്, എത്രമാത്രം സ്വീകരിക്കണം എന്ന് പരിശോധിക്കാനുള്ള സൂക്ഷ്മദര്‍ശിനികള്‍ അവരുടെ ചിന്തയില്‍ ആരാണ് നിക്ഷേപിക്കുക. ആധികാരികമെന്ന് നിങ്ങള്‍ ആണയിടുന്ന എല്ലാ ഗ്രന്ഥവും അവര്‍ക്ക്  ചതുര്‍ഥിയുമാണ്‌. എളുപ്പത്തില്‍ മറികടക്കാന്‍ കഴിയാത്ത ഈ സമസ്യക്ക് മുന്നില്‍ അധ്യാപകരും കൈമലര്‍ത്തി നിന്നാല്‍ നാളെ നമ്മള്‍ അശാസ്യമെന്നു കരുതുന്ന ഒന്നല്ല നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളില്‍ വിരിയുക. അതുകൊണ്ട് തന്നെ സാങ്കേതികവിദ്യയുടെയും  ദൃശ്യമാധ്യമങ്ങളുടെയും ശക്തിയെയും സാധ്യതയും കുറിച്ച് മറ്റൊന്നിനും നല്‍കാത്ത പ്രാധാന്യം കൊടുത്തുതന്നെ നമ്മുടെ അധ്യാപക സുഹൃത്തുക്കള്‍ പഠിക്കാന്‍ തയ്യാറാവണം.


ഏതൊരു സംഗതിയുടെയും അപ്പുറവും ഇപ്പുറവും നില്‍കുന്ന കാഴ്ചപ്പാടുകളെ പരിചയപ്പെടുത്തുമ്പോള്‍ താന്‍ അറിഞ്ഞ ഒന്നാണ് പരമ യാഥാര്‍ത്ഥ്യം എന്ന   മിഥ്യാബോധത്തിന്റെ തൂവലുകള്‍ കോഴിയും. ഇതിനു കേവലമായ വിവരണം മാത്രം പോര. ഇതൊരു ശക്തമായ ബോധ്യമായി അവുരുടെ ഉള്ളില്‍ നിറയണം. നന്നായി സംവിധാനം ചെയ്യപ്പെട്ട ചലച്ചിത്രങ്ങളുടെയും മറ്റും പ്രസക്തി ഇവിടെയാണ്‌. ഒരു വ്യക്തിയുടെതന്നെ ജീവിതത്തെ പലകാഴ്ച്ചപ്പാടുകളില്‍ നിന്നും നോക്കിക്കാണുന്ന, ഒരു സംഭവത്തെ തന്നെ പലകാഴ്ച്ചപ്പാടുകളില്‍ നിന്നും നോക്കിക്കാണുന്ന എത്രയോ നല്ല ചലച്ചിത്രങ്ങള്‍ നമുക്കുണ്ട്. അനന്തരം, രാഷാമോണ്‍ തുടങ്ങിയവ പെട്ടെന്ന് തോന്നുന്ന ഉദാഹരണങ്ങള്‍. ഹയര്‍ സെക്കന്ററി തലത്തിലെങ്കിലും ഇത്തരം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉള്ളടക്കം, ശൈലി എന്നിവയെ സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയും വേണം.


വിമര്‍ശനാത്മകമായി നമുക്ക് ചുറ്റുമുള്ള ഓരോന്നിനെയും നോക്കിക്കാണാനുള്ള മനോഭാവം രൂപീകരിക്കുക എന്നത് ലോകമെമ്പാടുമുള്ള കരിക്കുലത്തിന്റെ ഇന്നത്തെ പ്രധാന ലക്ഷ്യമാണ്‌. സാങ്കേതിക വിദ്യയുടെയും മാധ്യമങ്ങളുടെയും ഒരു സവിശേഷത അതിനെത്തന്നെ ചോദ്യം ചെയ്യുന്നതിനുള്ള ടൂളുകളും അത് തയ്യാറാക്കി തന്നിട്ടുണ്ട് എന്നതാണ്. ഒരു ഭാഗത്ത് നിലയും പിടുത്തവും കിട്ടാത്ത ജീര്‍ണതയുടെ ആഴങ്ങളിലേക്ക് അത് നമ്മളെ പിടിച്ചു വലിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് അനുഭൂതിയുടെ, സൌന്ദര്യത്തിന്റെ തീരങ്ങളിലേക്ക് അത് നമ്മളെ കൈപിടിച്ച് കയറ്റുകയും ചെയ്യും. ഉചിതമായ മനോഭാവം രൂപീകരിക്കാനും, സ്നേഹം സഹാനുഭൂതി, കാരുണ്യം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും സഹായകമാകുന്ന ചലച്ചിത്രങ്ങള്‍ കൊണ്ടേ അക്രമവും ലൈംഗിക അരാജകത്വവും നിറഞ്ഞ കച്ചവടചിത്രങ്ങളുടെ സ്വാധീനത്തില്‍ നിന്ന് അവരെ തിരിച്ചു കൊണ്ടുവരാന്‍ കഴിയൂ. 


ഒരു ദൃശ്യസാക്ഷരതയുടെ അഭാവമാണ് ഈ കാര്യങ്ങള്‍ ശരിയായി വിനിമയം ചെയ്യുന്നതിന് നമ്മുടെ അധ്യാപകര്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. അത് നീക്കിയെ പറ്റൂ. യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ത്ത മുള്ളുകൊണ്ട് അയുക്തിയുടെയും ആലങ്കാരിതയുടെയും കാറ്റുനിറച്ച ഇത്തരം കാഴ്ചകളെ മെല്ലെ ഒന്ന് കുത്തി നോക്കുകയെ വേണ്ടൂ. കാഴ്‌ച മറ്റേത്‌ ഇന്ദ്രിയബോധത്തേക്കാളും ഉപരിനില്‍ക്കും. നേരിന്റെ പര്യായമായി കാഴ്‌ച സ്വീകരിക്കപ്പെടുന്നു. പുതിയ കാലത്ത്‌ സംസ്‌കാരം, കല, ചരിത്രം, പരിസ്ഥിതി പ്രവര്‍ത്തനം എല്ലാം കാഴ്‌ചക്കുവേണ്ടിയും കാഴ്‌ചയുടെ രീതിശാസ്‌ത്രമനുസരിച്ചും ആണ്‌. എല്ലാം കാഴ്‌ചയ്‌ക്കുവേണ്ടി പാകം ചെയ്യുന്ന വിഭവങ്ങളാകുമ്പോള്‍ അവയില്‍ കലക്കിയ വിഷാംശത്തെ നാം എങ്ങിനെ തിരിച്ചറിയും. കാഴ്‌ചകളെ ശരിയായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യുക മാത്രമാണ്‌ ഇതിനുള്ള പോംവഴി.
 

*  ഓരോ ദൃശ്യവും ആരാണ്‌ നമുക്കുവേണ്ടി ഒരുക്കുന്നത്‌? അതിന്‌ പിറകിലെ പ്രബല താല്‌പര്യങ്ങള്‍ എന്ത്‌ ?
*  ദൃശ്യങ്ങള്‍ നിഷ്‌ക്കളങ്കമാണോ ?
*  പതിവ്‌ ഘടനയിലൂടെ ആവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ ഉറപ്പിക്കുന്ന ആശയതലം എന്ത്‌ ?
*  ഓരോ ദൃശ്യവും രുചികരമാക്കാന്‍ ചേര്‍ക്കുന്ന ചേരുവകള്‍ എന്ത്‌ ?
*  ഓരോ ദൃശ്യത്തെയും എങ്ങിനെ വ്യാഖ്യാനിക്കും ? ധ്വന്യാത്മകമായി അവ വിരല്‍ ചൂണ്ടുന്നത്‌ ഏതിലേക്ക്‌ ?
*  ദൃശ്യങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന ആന്തരികാര്‍ത്ഥം സമൂഹത്തിന്‌ അനുഗുണമാണോ ?
*  എന്തുകൊണ്ടാണ്‌ ക്യാമറ പലതും കാണാതെ പോകുന്നത്‌ ?

ഇത്തരം ചോദ്യങ്ങല്‍ നാം ശരിയായ രീതിയില്‍ ഉയര്‍ത്തേണ്ടതുണ്ട്‌. വിമര്‍ശനാത്മകമായി ഉന്നയിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ ഓരോരുത്തരുടെയും കൈമുതലാകണം.

സംവിധായകന്റെ (സംശയമില്ല, അയാള്‍ നിര്‍മ്മാതാവിന്റെ പ്രതിനിധിമാത്രം) അനുവാദം കൂടാതെ ഒരു ഫ്രെയിമിനകത്തേക്ക്‌ ഈച്ചപോലും കടക്കില്ല എന്നത്‌ ചിത്രീകരണത്തിന്റെ യാഥാര്‍ത്ഥ്യം. നന്മയുടെ പ്രതിരൂപമായ നായകന്റെ (സിനിമയിലല്ലാതെ ജീവിതത്തില്‍ എവിടെയുണ്ടാകും അത്തരമൊരാള്‍) വീടിന്റെ ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ഒരു പ്രത്യേക ആശയസംഹിതയുടെ അടയാളമാണെങ്കില്‍ നായകന്റെ നന്മയുടെ അടിസ്ഥാനം ആ പ്രസ്ഥാനത്തിന്റേതുകൂടിയാകുന്നു. ഇപ്രകാരം കലണ്ടുറുകള്‍കൊണ്ട്‌ ഒളിച്ചുവെച്ച ഫാസിസത്തിന്റെ ദംഷ്‌ട്രകള്‍, ദൃശ്യങ്ങളുടെ സൂക്ഷ്‌മവിശകലനത്തില്‍ ചോരപ്പാടോടെ പുറത്തു കാണാനാകും. ഓരോ ദൃശ്യങ്ങളെയും ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ ആദ്യം പരിശീലിപ്പി
ക്കേണ്ടത് നമ്മുടെ അധ്യാപകരെയാണ്. പൊള്ളയായ ദൃശ്യങ്ങളൊരുക്കുന്ന വിശ്രമക്കസേരകളില്‍ അവരും ചടഞ്ഞിരുന്നാല്‍ ആരാണ്‌ ഇതേറ്റെടുക്കുക.
നമുക്ക്‌ ഒന്നും വ്യാഖ്യാനിക്കാനില്ലാത്ത, മനസ്സിനെയും ചിന്തയേയും മാറ്റിവെച്ച്‌ സ്വീകരിക്കാവുന്ന, അശ്ലീലസമമായ സുതാര്യതയില്‍ പരത്തിപ്പറയുന്ന ഒരു മാധ്യമരീതിശാസ്‌ത്രം ബോധപൂര്‍വ്വം തന്നെയാണ്‌ സ്വീകരിക്കപ്പെടുന്നത്‌. മാധ്യമദൃശ്യങ്ങള്‍ മാത്രമല്ല, ജീവിതക്കാഴ്‌ചകളെ ചേര്‍ത്തുവയ്‌ക്കുകയോ കാഴ്‌ചക്കപ്പുറത്തേക്ക്‌ ചിന്തിക്കുകയോ അരുത്‌. `ഒറ്റയൊറ്റയായ്‌ കാണുന്ന ആകുലികളെ' പറ്റി പാടുകമാത്രമാണ്‌ പുതിയ കാലത്തിന്റെ വീണയ്‌ക്ക്‌ ചെയ്യാനുള്ളത്‌.
യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്‌ചകളെന്നവകാശപ്പെടുന്ന ഡോക്യുമെന്ററികള്‍ പോലും സൃഷ്‌ടാവിന്റെ മനസ്സിനൊപ്പിച്ച്‌ `എഡിറ്റ്‌' ചെയ്‌താണ്‌ പ്രേക്ഷകന്‌ മുന്നിലെത്തുന്നത്‌. മുറിക്കലും ചേര്‍ക്കലും കലാപരത നിശ്ചയിക്കുന്ന ഒരു മാധ്യമത്തില്‍ അതുകൊണ്ടുതന്നെ അത്‌ ചെയ്യുന്ന വ്യക്തിത്വത്തിന്റെ കാഴ്‌ചപ്പാട്‌ മുന്നില്‍ നില്‍ക്കും. ഒരേ ദൃശ്യത്താല്‍ തന്നെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുണ്ടാക്കാന്‍ ഈ മാധ്യമത്തിന്‌ കഴിയും. ചിത്രസംയോജനം, ശബ്‌ദപഥം, ക്യമറയുടെ ആംഗിളുകള്‍ എന്നിവയെല്ലാം ആശയരൂപീകരണത്തില്‍ വമ്പിച്ച പ്രാധാന്യം നേടുന്നുണ്ട്‌ ഈ മാധ്യമത്തില്‍.
 

ഇത്തരം ആലോചനകളും ചര്‍ച്ചകളും തെളിവുകളും ക്ലാസ്‌ മുറിയില്‍ ചര്‍ച്ച ചെയ്യപ്പെടണം. പരസ്യങ്ങള്‍ മാത്രമല്ല സിനിമകളും ദൃശ്യമാധ്യമങ്ങളില്‍ വരുന്ന മറ്റ്‌ പരിപാടികളും വിശകലനവിധേയമാക്കണം. (അവയും ആശയങ്ങളുടെ പ്രച്ഛന്നമായ പരസ്യപ്പലകകള്‍ തന്നെ) ഇത്തരം ചര്‍ച്ചകളുടെയും വിമര്‍ശനചിന്തയുടെയും അഭാവത്തില്‍ വളര്‍ന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ സാംസ്‌കാരിക സത്വരൂപീകരണം മാധ്യമപ്രഭുക്കളുടെ തലോടലുകളേറ്റാവും പരുവപ്പെടുക. വ്യക്ത്യാധിഷ്‌ഠിതമായ അവ തീര്‍ച്ചയായും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവും സമൂഹവിരുദ്ധവും ആയിരിക്കും. എല്ലാ നെഗറ്റീവുകളേയും ചേര്‍ത്തുവെച്ച്‌ പോസിറ്റീവുകളാക്കുന്ന ഈ ഇക്കിളിപ്പെടുത്തലിനെയല്ലാതെ എന്തിനെയാണ്‌ ഇതിലധികം ഭയപ്പെടാനുള്ളത്‌. മാധ്യമങ്ങളിലെ ഓരോ ദൃശ്യവും ഒരുക്കൂട്ടുന്ന സാങ്കേതികവിദ്യകൂടി കുട്ടികളെ ധരിപ്പിക്കേണ്ടതുണ്ട്‌. ഇത്‌ അവരെ സംവിധായകനോ ഛായാഗ്രാഹകനോ ആക്കിത്തീര്‍ക്കുന്നതിനല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഈ കലയുടെ അടിസ്ഥാനം തന്നെ സാങ്കേതികം തന്നെയാണ്‌. അസാധ്യമായതിനെ സുസാധ്യമാക്കുന്ന ചെറുചലനങ്ങളെ ഇടിമിന്നലുകളാക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ്‌ വാപൊളിച്ച്‌ വിഴുങ്ങുന്ന വിസ്‌മയങ്ങളെ ചവച്ചരയ്‌ക്കാന്‍ അവരെ പ്രാപ്‌തരാക്കും. അതിന് ആദ്യം വേണ്ടത് ഇവയെ സൂക്ഷ്മമായി അനുധാവനം ചെയ്യാന്‍ നമ്മുടെ അധ്യാപകര്‍ ക്ഷമ കാണിക്കണം എന്നതാണ്. താന്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട ഗൈഡുകല്‍ക്കപ്പുറം ലോകം വളര്ന്നെന്നും നിഭാഗ്യവശാല്‍  ആ ലോകത്ത് ജീവിക്കേണ്ട പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ട ചുമതല തന്നില്‍ വന്നുചെര്‍ന്നെന്നും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. തന്റെ വിഷയത്തിന്റെ പെനാല്‍റ്റി ഏരിയ വിട്ട് കളിക്കളത്തിന്റെ പുതിയ ആകാശത്തേക്ക് ഹ്വിഗ്വിറ്റയെപ്പോലെ കുതിക്കാനും,സിനിമയും ടെലിവിഷന്‍ പരിപാടികളും ഇന്റര്‍നെറ്റും എന്തെന്ന് പഠിച്ചുകൊണ്ട് അവയെ വിശകലനം ചെയ്യാനും അപ്പോള്‍ മാത്രമേ അവര്‍ ഇരിന്നിടത്തുനിന്നു അനങ്ങുകയുള്ളൂ.


 
   












2009 ഏപ്രിൽ 24, വെള്ളിയാഴ്‌ച

ക്ലാസുമുറിയിലെത്തുന്ന സിനിമ

'Film was the backbone of mass culture'
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന പാഠ്യപദ്ധതി അവലോകനം ചെയ്യുകയും ദൗര്‍ബല്യങ്ങളെ മറികടക്കാനുള്ള വഴികള്‍ ആരായുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്‌. സ്‌കൂള്‍ പാഠ്യപദ്ധതിക്ക്‌ അകത്തുനിന്നുമാത്രം വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുക ഇന്ന്‌ എളുപ്പമല്ല. സമൂഹവുമായി ബന്ധപ്പെട്ട്‌ മാത്രമേ ഏത്‌ അറിവും ഉല്‍പ്പാദിപ്പിക്കാനും വിനിമയം ചെയ്യാനും കഴിയൂ എന്ന സാമൂഹിക ജ്‌ഞാനനിര്‍മ്മിതി വാദത്തിന്റെ (Social Constructivism) അടിത്തറിയിലാണ്‌ പുതിയ പാഠ്യപദ്ധതിയും പടുത്തുയര്‍ത്തിയിരിക്കുന്നത്‌. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ പൊതുബോധം രൂപീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും ദൃശ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ കാണാതെ പാഠ്യപദ്ധതി രൂപീകരണ പ്രക്രിയക്ക്‌ മുന്നോട്ടുപോകാന്‍ കഴിയില്ല.
കേവലം ചില വസ്‌തുതകളോ ആശയങ്ങളോ കാണാപ്പാഠം പഠിക്കലല്ല വിദ്യാഭ്യാസം എന്ന്‌ ഇന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സാമൂഹിക ജ്ഞാന നിര്‍മ്മിതി വാദത്തിനു പുറമെ ബഹുമുഖ ബുദ്ധി, വൈകാരിക ബുദ്ധി എന്നീ ആശയങ്ങളുടെ സാധ്യതകളേയും ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചിട്ടുള്ള, നിലനില്‍ക്കുന്ന പാഠ്യപദ്ധതിയില്‍ തന്നെ സാംസ്‌കാരികമായും ചരിത്രപരമായും ഉന്നതബോധമുള്ള പൗരനെ വളര്‍ത്തിയെടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഉണ്ട്‌. തന്റെ നാടിന്റെ സാംസ്‌കാരികവും ചരിത്രപരവും പാരിസ്ഥിതകവുമായുള്ള സവിശേഷതകള്‍ തിരിച്ചറിയുകയും അതിനെതിരെ നടക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ അധിനിവേശങ്ങളെ ചെറുക്കുകയും ചെയ്യേണ്ടുന്ന ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്‌.
ഇവിടെയെത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. ഒരു കുട്ടിയെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്‌തനായ പൗരനായി വളര്‍ത്തിയെടുക്കുക നമ്മുടെ വിദ്യഭ്യാസത്തിന്റെ ലക്ഷ്യമായിട്ടുണ്ടോ ? ഉണ്ടെങ്കില്‍ എത്രമാത്രം നമുക്കതിന്‌ കഴിഞ്ഞിട്ടുണ്ട്‌ ? ജീവിതത്തോടുള്ള കാഴ്‌ചപ്പാട്‌, തൊഴില്‍ സംസ്‌കാരം, മനോഭാവങ്ങള്‍, മൂല്യങ്ങള്‍, പുരോഗമനാശയങ്ങള്‍ ഇവ കരുപ്പിടിപ്പിക്കുന്നതിന്‌ എന്ത്‌ പങ്കാണ്‌ നിലനില്‍ക്കുന്ന വിദ്യാഭ്യാസത്തിന്‌ ഉള്ളത്‌ ? പഠനത്തിനകത്ത്‌ ഇവയ്‌ക്കൊന്നും സ്ഥാനമില്ലെങ്കില്‍ പിന്നീട്‌ ആര്‌, എങ്ങിനെ ഇവ അവരില്‍ പാകി വിളയിക്കും ? അവ സമൂഹ പുരോഗതിക്ക്‌ അനുഗുണമായിരിക്കുമോ ? ദൃശ്യമാദ്ധ്യമങ്ങളും ഇന്റര്‍നെറ്റ്‌ മൊബൈല്‍ എന്നിവ കൂടി വരുന്ന നവ മാധ്യമങ്ങളും (New Media) ആണ്‌, വിദ്യാഭ്യാസത്തില്‍ നാം പരിഗണിക്കാതെയിരുന്ന ഈ വിടവിലേക്ക്‌ സര്‍വ്വ ശക്തിയോടുംകൂടി കടന്നുവരുന്നത്‌.
ദൃശ്യസാക്ഷരത
അക്ഷരം എഴുതാനും വായിക്കാനും ഉള്ള കഴിവിനെയാണ്‌ നാം സാക്ഷരത എന്ന ഓമനപ്പേരില്‍ വിളിച്ചുവരുന്നത്‌. സമ്പൂര്‍ണ്ണ സാക്ഷരരാണെന്ന്‌ പറയുമ്പോഴും ഇതിനപ്പുറം നമുക്ക്‌ കടക്കാന്‍ കഴിഞ്ഞുവോ എന്ന്‌ ആലോചിക്കേണ്ടതാണ്‌. അക്ഷരങ്ങള്‍ കൂടിച്ചേരുമ്പോള്‍ നമുക്ക്‌ മുന്നില്‍ തെളിയുന്ന ആശയലോകത്തെ വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും കഴിയുമ്പോഴാണ്‌ നാം യഥാര്‍ത്ഥത്തില്‍ സാക്ഷരരാവുന്നത്‌. എന്നാല്‍ ഇന്ന്‌ അക്ഷരത്തേക്കാള്‍ അളവിലും ശക്തിയിലും നമുക്ക്‌ മുന്നിലെത്തുന്നത്‌ ദൃശ്യങ്ങളാണ്‌. നമ്മുടെ യഥാര്‍ത്ഥ കാഴ്‌ചകളെപ്പോലും രൂപപ്പെടുത്തുന്നതില്‍ ഇത്തരം ദൃശ്യമാധ്യമങ്ങള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. അക്ഷരങ്ങള്‍ നേരിട്ട്‌ ഒന്നും ബോധിപ്പിക്കുന്നില്ല. അവയെ ആശയങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഒരാളുടെ മനസ്സിനുള്ള സ്ഥാനം ചെറുതല്ല. എത്ര ലളിതമായ വായനയിലും ഇത്‌ പ്രസക്തമാണ്‌. ആഴത്തിലുള്ള വായനക്കായി നിതാന്തമായ ജാഗ്രതയും ചിന്തയുടെയും യുക്തിയുടെയും മിനുസപ്പെടുത്താത്ത ഉരകല്ലും സജ്ജമാക്കേണ്ടതുണ്ട്‌. എന്നാല്‍ ദൃശ്യമാധ്യമങ്ങളിലൂടെ പെയ്യുന്ന നിറവാര്‍ന്ന ദൃശ്യങ്ങളുടെ പെരുമഴ നനയാന്‍ ഇതൊന്നും ആവശ്യമില്ല. അതുകൊണ്ടുതന്നെ ഇത്തരം മാധ്യമദൃശ്യങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങുന്ന രീതിയാണ്‌ സാമാന്യ ജനത്തിനുള്ളത്‌.
കാഴ്‌ച മറ്റേത്‌ ഇന്ദ്രിയബോധത്തേക്കാളും ഉപരിനില്‍ക്കും. നേരിന്റെ പര്യായമായി കാഴ്‌ച സ്വീകരിക്കപ്പെടുന്നു. പുതിയ കാലത്ത്‌ സംസ്‌കാരം, കല, ചരിത്രം, പരിസ്ഥിതി പ്രവര്‍ത്തനം എല്ലാം കാഴ്‌ചക്കുവേണ്ടിയും കാഴ്‌ചയുടെ രീതിശാസ്‌ത്രമനുസരിച്ചും ആണ്‌. എല്ലാം കാഴ്‌ചയ്‌ക്കുവേണ്ടി പാകം ചെയ്യുന്ന വിഭവങ്ങളാകുമ്പോള്‍ അവയില്‍ കലക്കിയ വിഷാംശത്തെ നാം എങ്ങിനെ തിരിച്ചറിയും. കാഴ്‌ചകളെ ശരിയായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യുക മാത്രമാണ്‌ ഇതിനുള്ള പോംവഴി.
* ഓരോ ദൃശ്യവും ആരാണ്‌ നമുക്കുവേണ്ടി ഒരുക്കുന്നത്‌? അതിന്‌ പിറകിലെ പ്രബല താല്‌പര്യങ്ങള്‍ എന്ത്‌ ?
* ദൃശ്യങ്ങള്‍ നിഷ്‌ക്കളങ്കമാണോ ?
*പതിവ്‌ ഘടനയിലൂടെ ആവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ ഉറപ്പിക്കുന്ന ആശയതലം എന്ത്‌ ?
*ഓരോ ദൃശ്യവും രുചികരമാക്കാന്‍ ചേര്‍ക്കുന്ന ചേരുവകള്‍ എന്ത്‌ ?
*ഓരോ ദൃശ്യത്തെയും എങ്ങിനെ വ്യാഖ്യാനിക്കും ? ധ്വന്യാത്മകമായി അവ വിരല്‍ ചൂണ്ടുന്നത്‌ ഏതിലേക്ക്‌ ?
*ദൃശ്യങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന ആന്തരികാര്‍ത്ഥം സമൂഹത്തിന്‌ അനുഗുണമാണോ ?
*എന്തുകൊണ്ടാണ്‌ ക്യാമറ പലതും കാണാതെ പോകുന്നത്‌ ?
ഇത്തരം ചോദ്യങ്ങല്‍ നാം ശരിയായ രീതിയില്‍ ഉയര്‍ത്തേണ്ടതുണ്ട്‌. വലിയ കുമിളകളെ ഉടക്കാന്‍ ചെറിയ മുള്ളുമതി. വിമര്‍ശനാത്മകമായി ഉന്നയിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഓരോരുത്തരുടെയും കൈമുതലാകണം. സംവിധായകന്റെ (സംശയമില്ല, അയാള്‍ നിര്‍മ്മാതാവിന്റെ പ്രതിനിധിമാത്രം) അനുവാദം കൂടാതെ ഒരു ഫ്രെയിമിനകത്തേക്ക്‌ ഈച്ചപോലും കടക്കില്ല എന്നത്‌ ചിത്രീകരണത്തിന്റെ യാഥാര്‍ത്ഥ്യം. നന്മയുടെ പ്രതിരൂപമായ നായകന്റെ (സിനിമയിലല്ലാതെ ജീവിതത്തില്‍ എവിടെയുണ്ടാകും അത്തരമൊരാള്‍) വീടിന്റെ ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ഒരു പ്രത്യേക ആശയസംഹിതയുടെ അടയാളമാണെങ്കില്‍ നായകന്റെ നന്മയുടെ അടിസ്ഥാനം ആ പ്രസ്ഥാനത്തിന്റേതുകൂടിയാകുന്നു. ഇപ്രകാരം കലണ്ടുറുകള്‍കൊണ്ട്‌ ഒളിച്ചുവെച്ച ഫാസിസത്തിന്റെ ദംഷ്‌ട്രകള്‍, ദൃശ്യങ്ങളുടെ സൂക്ഷ്‌മവിശകലനത്തില്‍ ചോരപ്പാടോടെ പുറത്തു കാണാനാകും. ഓരോ ദൃശ്യങ്ങളെയും ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ നമുക്ക്‌ എന്തുകൊണ്ട്‌ കഴിയുന്നില്ല. പൊള്ളയായ ദൃശ്യങ്ങളൊരുക്കുന്ന വിശ്രമക്കസേരകളില്‍ നമ്മളും ചടഞ്ഞിരുന്നാല്‍ ആരാണ്‌ ഇതേറ്റെടുക്കുക.
നമുക്ക്‌ ഒന്നും വ്യാഖ്യാനിക്കാനില്ലാത്ത, മനസ്സിനെയും ചിന്തയേയും മാറ്റിവെച്ച്‌ സ്വീകരിക്കാവുന്ന, അശ്ലീലസമമായ സുതാര്യതയില്‍ പരത്തിപ്പറയുന്ന ഒരു മാധ്യമരീതിശാസ്‌ത്രം ബോധപൂര്‍വ്വം തന്നെയാണ്‌ സ്വീകരിക്കപ്പെടുന്നത്‌. മാധ്യമദൃശ്യങ്ങള്‍ മാത്രമല്ല, ജീവിതക്കാഴ്‌ചകളെ ചേര്‍ത്തുവയ്‌ക്കുകയോ കാഴ്‌ചക്കപ്പുറത്തേക്ക്‌ ചിന്തിക്കുകയോ അരുത്‌. `ഒറ്റയൊറ്റയായ്‌ കാണുന്ന ആകുലികളെ' പറ്റി പാടുകമാത്രമാണ്‌ പുതിയ കാലത്തിന്റെ വീണയ്‌ക്ക്‌ ചെയ്യാനുള്ളത്‌.
യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്‌ചകളെന്നവകാശപ്പെടുന്ന ഡോക്യുമെന്ററികള്‍ പോലും സൃഷ്‌ടാവിന്റെ മനസ്സിനൊപ്പിച്ച്‌ `എഡിറ്റ്‌' ചെയ്‌താണ്‌ പ്രേക്ഷകന്‌ മുന്നിലെത്തുന്നത്‌. മുറിക്കലും ചേര്‍ക്കലും കലാപരത നിശ്ചയിക്കുന്ന ഒരു മാധ്യമത്തില്‍ അതുകൊണ്ടുതന്നെ അത്‌ ചെയ്യുന്ന വ്യക്തിത്വത്തിന്റെ കാഴ്‌ചപ്പാട്‌ മുന്നില്‍ നില്‍ക്കും. ഒരേ ദൃശ്യത്താല്‍ തന്നെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുണ്ടാക്കാന്‍ ഈ മാധ്യമത്തിന്‌ കഴിയും. ചിത്രസംയോജനം, ശബ്‌ദപഥം, ക്യമറയുടെ ആംഗിളുകള്‍ എന്നിവയെല്ലാം ആശയരൂപീകരണത്തില്‍ വമ്പിച്ച പ്രാധാന്യം നേടുന്നുണ്ട്‌ ഈ മാധ്യമത്തില്‍.
ഇത്തരം ആലോചനകളും ചര്‍ച്ചകളും തെളിവുകളും ക്ലാസ്‌ മുറിയില്‍ ചര്‍ച്ച ചെയ്യപ്പെടണം. പരസ്യങ്ങള്‍ മാത്രമല്ല സിനിമകളും ദൃശ്യമാധ്യമങ്ങളില്‍ വരുന്ന മറ്റ്‌ പരിപാടികളും വിശകലനവിധേയമാക്കണം. (അവയും ആശയങ്ങളുടെ പ്രച്ഛന്നമായ പരസ്യപ്പലകകള്‍ തന്നെ) ഇത്തരം ചര്‍ച്ചകളുടെയും വിമര്‍ശനചിന്തയുടെയും അഭാവത്തില്‍ വളര്‍ന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ സാംസ്‌കാരിക സത്വരൂപീകരണം മാധ്യമപ്രഭുക്കളുടെ തലോടലുകളേറ്റാവും പരുവപ്പെടുക. വ്യക്ത്യാധിഷ്‌ഠിതമായ അവ തീര്‍ച്ചയായും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവും സമൂഹവിരുദ്ധവും ആയിരിക്കും. എല്ലാ നെഗറ്റീവുകളേയും ചേര്‍ത്തുവെച്ച്‌ പോസിറ്റീവുകളാക്കുന്ന ഈ ഇക്കിളിപ്പെടുത്തലിനെയല്ലാതെ എന്തിനെയാണ്‌ ഇതിലധികം ഭയപ്പെടാനുള്ളത്‌. മാധ്യമങ്ങളിലെ ഓരോ ദൃശ്യവും ഒരുക്കൂട്ടുന്ന സാങ്കേതികവിദ്യകൂടി കുട്ടികളെ ധരിപ്പിക്കേണ്ടതുണ്ട്‌. ഇത്‌ അവരെ സംവിധായകനോ ഛായാഗ്രാഹകനോ ആക്കിത്തീര്‍ക്കുന്നതിനല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഈ കലയുടെ (art of the late capitalism) അടിസ്ഥാനം തന്നെ സാങ്കേതികം തന്നെയാണ്‌. അസാധ്യമായതിനെ സുസാധ്യമാക്കുന്ന ചെറുചലനങ്ങളെ ഇടിമിന്നലുകളാക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ്‌ വാപൊളിച്ച്‌ വിഴുങ്ങുന്ന വിസ്‌മയങ്ങളെ ചവച്ചരയ്‌ക്കാന്‍ അവരെ പ്രാപ്‌തരാക്കും.
ദൃശ്യമാധ്യമങ്ങള്‍ ക്ലാസ്‌ മുറിയില്‍
ദൃശ്യസാക്ഷരതയ്‌ക്കായി മാധ്യമങ്ങളുടെ സാങ്കേതികവും സൗന്ദര്യാത്മകവുമായ തലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളോടൊപ്പം തന്നെ ഫലവത്തായ ഏറെ കാര്യങ്ങള്‍ക്കായി ഇവയെ നേരിട്ട്‌ ക്ലാസില്‍ ഉപയോഗിക്കാനും കഴിയും. ചലച്ചിത്രത്തെ മറ്റ്‌ രചനകള്‍ പോലെ തന്നെ ഒരു ടെക്‌സ്‌റ്റ്‌ ആയി കാണാം. മറ്റേതൊരു കലാസൃഷ്‌ടിയെയും പോലെതന്നെ ക്ലാസ്‌ മുറിയിലേക്ക്‌ കടന്നുവരാന്‍ ഇന്ന്‌ സിനിമ യോഗ്യത തെളിയിച്ചിട്ടുണ്ട്‌. പാഠപുസ്‌തകങ്ങളില്‍ സിനിമകളെ സംബന്ധിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനപ്പുറം സിനിമകള്‍ തന്നെ ടെക്‌ ആയി നിര്‍ദേശിക്കപ്പെടണം. ക്ലാസിക്‌ ചലച്ചിത്രങ്ങള്‍ പലതവണ കണ്ടുകൊണ്ട്‌, ഒരു കലാസൃഷ്‌ടി എന്ന നിലയില്‍ സിനിമയിലൂടെ ലഭിക്കുന്ന ആഹ്ലാദം, വികാരവിമലീകരണത്തിന്റെ മുഹൂര്‍ത്തങ്ങള്‍ ഇവ അനുഭവപ്പെടുത്താന്‍ കഴിയണം. അവയിലെ സാമൂഹിക പരിസരം, നിലപാടുകള്‍, ഊന്നലുകള്‍ ഇവയെല്ലാം വിശകലനവിധേയമാക്കാം. ഭാഷാപഠനത്തില്‍ ഒരു കഥയോ കവിതയോ ഉപയോഗിക്കുന്നതുപോലെ അവധാരണം ചെയ്യുന്നതിന്‌, കഥാപാത്ര പഠനം നടത്തുന്നതിന്‌, ധ്വന്യാത്മക തലം കണ്ടെത്തുന്നതിന്‌, ദൃശ്യങ്ങളെ വ്യാഖ്യാനിക്കുന്നതിന്‌ ഒക്കെ സിനിമയെ ഉപയോഗപ്പെടുത്തണം.
ഏതൊരു പഠനത്തിന്റെയും മികച്ച റഫറന്‍സ്‌ കൂടിയാണ്‌ ഇന്ന്‌ സിനിമ. ഏത്‌ പഠനമേഖലയുടെ താരതമ്യത്തിനും ഉപയോഗിക്കാവുന്ന ഒന്ന്‌, വായിച്ചറിഞ്ഞ ഒന്നിനെ ആഴത്തിലറിയാന്‍, മറ്റൊരു കോണില്‍ നിന്നും നോക്കിക്കാണാന്‍ സഹായിക്കുന്ന ഒന്ന്‌, അപരിചിതമായ പരിസരങ്ങളെ അടുത്തറിയിക്കുന്ന ഒന്ന്‌. ചരിത്രസംഭവങ്ങളെ മഹത്‌വ്യക്തിത്വങ്ങളെ, കേട്ടറിഞ്ഞ വാമൊഴി ഭേദങ്ങളെ തൊട്ടറിയാന്‍ കുട്ടികള്‍ക്ക്‌ ഏറെ പഥ്യമാവുക കലയുടെ ഈ കൈവഴി തന്നെയാകാം. (Did not go to the movies to dream, but to learn) ഡിജിറ്റല്‍ യുഗമെന്ന്‌ കേളികേട്ട ഇന്ന്‌ കേവലം പ്രേക്ഷകനായിരിക്കുക എന്നിടത്തുനിന്ന്‌ ഒരു ചലച്ചിത്രകാരനാവുക എന്നത്‌ നല്ലൊരു ചലച്ചിത്ര വിദ്യാര്‍ത്ഥിക്ക്‌ അപ്രാപ്യമായ സംഗതിയല്ല. തന്റെ ചുറ്റിലുമുള്ള ജനകീയ പ്രശ്‌നങ്ങളിലേക്ക്‌ സമൂഹത്തിന്റെ ശ്രദ്ധയെത്തിക്കാന്‍ ക്യാമറയുമായി തുനിഞ്ഞിറങ്ങിയ `ക്യാമറാ ബഫു' കളെ ഇന്ന്‌ സര്‍വ്വകലാശാലകളില്‍ മാത്രമല്ല സ്‌കൂളുകളിലും കണ്ടെത്താം.
സിനിമയുടെ ജനപ്രിയ ചേരുവകളുടെ ആരാധകരാക്കി ഫിലിം പെട്ടിയെ തലമൊട്ടയടിച്ച്‌ പൂജിച്ച്‌ പ്രാര്‍ത്ഥനാപൂര്‍വ്വം എഴുന്നള്ളിക്കേണ്ട ദിവ്യവസ്‌തുവായി പരിഗണിക്കുന്ന ബുദ്ധിമാന്ദ്യത്തിലേക്ക്‌ പുതുതലമുറയെ എത്തിക്കുന്നതില്‍, ഈ വിഷയത്തെക്കുറിച്ച്‌ ക്ലാസ്‌ മുറിക്കകത്തും പുറത്തും മൗനം പാലിച്ച നമ്മുടെ വിദ്യാഭ്യാസ പണ്ഡിതരും അധ്യാപകരും തന്നെയാണ്‌ കുറ്റവാളികള്‍ . ദൃശ്യമാധ്യമങ്ങളുടെ സാങ്കേതികവും സൗന്ദര്യാത്മകവും ധ്വന്യാത്മകവുമായ അംശങ്ങളെ സംബന്ധിച്ച്‌ വായിച്ചും കണ്ടും അറിയാന്‍ ഇനിയും അവര്‍ ശ്രമിക്കുന്നില്ലെങ്കില്‍ `സാമ്പ്രദായിക ആര്‍ട്ട്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളേക്കാള്‍ വിജനമായിരിക്കും അവരുടെ ക്ലാസ്‌ മുറികള്‍.