2010, മാർച്ച് 13, ശനിയാഴ്‌ച

സിനിമ കാണാന്‍ അദ്ധ്യാപകര്‍ എന്തിനു പഠിക്കണം?

'യു ടുബി''ല്‍ ആയിരക്കണക്കിന്‌ ആളുകള്‍ കണ്ട ഒരു വീഡിയോയുണ്ട്‌. വീ ആര്‍ ഡിജിറ്റല്‍ ലേണേര്‍സ്‌. പ്രീ പ്രൈമറി  മുതല്‍ ഹയര്‍ സെക്കന്ററി വരെ പഠിക്കുന്ന പതിനാറോളം കുട്ടികള്‍ അവരുടെ താത്‌പര്യങ്ങളെ ക്കുറിച്ച്‌ പറയുകയാണിതില്‍. ക്യാമറ ഓരോരുത്തരുടെ അടുത്തേക്കും ചെല്ലുമ്പോള്‍ അവരുടെ കൈയ്യിലുള്ള ബോര്‍ഡ്‌ അവര്‍ ഉയര്‍ത്തിക്കാട്ടും. കഴിഞ്ഞ ഒരാഴ്‌ച അവര്‍ എന്താണ്‌ ചെയ്‌തതെന്ന്‌ വ്യക്തമായി അതില്‍ എഴുതിയിട്ടുണ്ട്‌. മിക്കവാറും സമയം അവര്‍ കമ്പ്യുട്ടറിന്റെ മുന്നില്‍, ഇന്റെര്‍നെറ്റിന്റെ മുന്നില്‍, ടി.വി.യുടെ മുന്നില്‍ ആണ്‌. ബ്ലോഗ്‌ ചെയ്‌തും, പോട്‌കാസ്റ്റ്‌ ചെയ്‌തും, ഹാരിപോട്ടര്‍ കേട്ടും, ഇമെയില്‍ ചെയ്‌തും, വിക്കിയില്‍ വായിച്ചും ആണ്‌ അവര്‍ സമയം ചെലവഴിച്ചത്‌. സ്‌കൂളില്‍ അവര്‍ക്ക്‌ പകര്‍ത്തി എഴുതാനും വിരസമായ 'കഥാപ്രസംഗങ്ങള്‍' കേള്‍ക്കാനും, മാത്രമേ ഇടയുണ്ടായിരുന്നുള്ളൂ. ഡിജിറ്റലായി കഥ പറഞ്ഞുകൊണ്ട്‌ തങ്ങളെ എന്‍ഗേജ്‌ ചെയ്യാന്‍ അധ്യാപകരോട് ആവശ്യപ്പെട്ടുകൊണ്ടാണ്‌ ആ വിഡിയോ ക്ലിപ്പ്‌ അവസാനിക്കുന്നത്‌.
 

കാലത്തിന്റെ മാറ്റം, പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ ഏറ്റവും ആദ്യം തിരിച്ചറിഞ്ഞതും പ്രയോജനപ്പെടുത്തിയതും അതാത് കാലത്തെ വിദ്യാഭ്യാസമാണ്. താളിയോലകളില്‍ നിന്നും കടലാസിലേക്കും അച്ചടിയിലേക്കും ആദ്യം കാല്‍ വെച്ചത് അറിവ് പകരുന്ന പ്രക്രിയ കൂടിയാണ്. അത് സാങ്കേതിക വിദ്യയ്ക്ക് നേരെയുള്ള അഭിനിവേശം മാത്രമല്ല കാണിക്കുന്നത്. അറിവിനെ ജനാധിപത്യ വത്കരിക്കാനും അതിന്റെ വ്യാപ്തി പരമാവധി വര്‍ധിപ്പിക്കാനും ഇത് കൂടിയേ കഴിയു എന്ന് അതത് കാലത്തെ 'അറിവധികാരികള്‍ക്ക്' ബോധ്യമായിരുന്നു. ആധുനിക സാങ്കേതികവിദ്യ സാധ്യമാക്കിത്തീര്‍ത്ത ജ്ഞാനചക്രവാളങ്ങളെ പുതിയ കാലത്തെ  'അറിവധികാരികള്‍' എങ്ങിനെ നോക്കിക്കാണുന്നു എന്ന് ആലോചിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍മനസ്സിലെത്തിയത്. 


അച്ചടിയില്‍ വന്ന മാറ്റം പോലും പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും അതിന്റെ ധര്‍മം വ്യത്യസ്ത രീതിയില്‍ നിറവേറ്റുന്നതിലും പ്രയോജനപ്പെടുത്തിയിരുന്നു. ഡി.ടി.പി. വന്നതോടുകൂടി പാഠപുസ്തകങ്ങളുടെ രൂപകല്‍പ്പനയില്‍ വന്ന മാറ്റം ശ്രദ്ധേയമാണല്ലോ.  ചിത്രങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഭാവനാ ലോകം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍. പാഠപുസ്തകത്താളുകളില്‍ത്തന്നെ വരയ്കാനും എഴുതാനുമുള്ള സൌകര്യങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. എന്നാല്‍ അവിടുന്ന് മുന്നോട്ട് സാങ്കേതികവിദ്യ യുടെ വളര്‍ച്ചയെ തൊടാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‌ കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്.


അതിന് സാങ്കേതിക വിദ്യയുടെ വികാസം ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത് എന്ന സാമാന്യബോധം നമ്മുടെ സയന്‍സ് അധ്യാപകര്‍ക്ക് പോലും ഇല്ല. മാത്രമല്ല ആധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ സാധ്യമാക്കുന്ന വിശാലമായ ലോകങ്ങളെക്കുറിച്ചുള്ള അജ്ഞതയെ ഭൂഷണമായാണ് അവര്‍ കാണുന്നത്. ഓരോ വസ്തുവിനെയും സിദ്ധാന്തത്തെയും വിവരിച്ചുകൊണ്ട് നടത്തുന്ന കഥാപ്രസംഗത്തിനപ്പുറം മറ്റൊരു രീതിശാസ്ത്രം അന്വേഷിക്കാന്‍ പോലും അവര്‍ തയ്യാറല്ല. (മള്‍ടി മീഡിയയുടെ സാദ്ധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തുന്ന അപൂര്‍വ്വം അധ്യാപകര്‍ ക്ഷമിക്കട്ടെ )  ഡിജിറ്റല്‍ സാങ്കേതിക വിദ്യയും ദൃശ്യമാധ്യമങ്ങളും നമ്മുടെ ക്ലാസ് മുറിയെ എത്രമാത്രം സര്‍ഗാത്മകവും ആവേശഭരിതവും ആക്കിത്തീര്‍ക്കും എന്ന് ആരാണ് അവരെബോധ്യപ്പെടുത്തുക.  


ഡിജിറ്റല്‍ സാങ്കേതികവിദ്യയും ദൃശ്യമാധ്യമങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിനുമേല്‍ തന്നെ കാര്‍മേഘമായും  മഴവില്ലായും മാറി മാറി ഇരുണ്ടും തെളിഞ്ഞും വന്നു മൂടുകയാണ്. സത്യത്തില്‍ അധ്യാപകന്റെ റോള്‍ തന്നെ ഈ കാലത്ത് എന്താണ് എന്ന് പുനര്‍നിര്‍വചിക്കേണ്ടതുണ്ട്‌. കേവലം വിജ്ഞാനം വിതരണം ചെയ്തുകൊണ്ട് അവനു പുലരാന്‍ സാധ്യമല്ലതന്നെ. വിജ്ഞാനം ഏറ്റവും സഫലമായി അവന്റെ ഉള്ളിലെത്തിക്കാന്‍ എത്രയോ മാര്‍ഗങ്ങള്‍ ഇന്നുണ്ട്. കമ്പ്യുട്ടറും ഇന്റര്‍നെറ്റും ആയിരക്കണക്കിനുള്ള സി ഡി / ഡി വി ഡി കളും സംഭരിച്ചിട്ടുള്ള വിജ്ഞാനത്തിന്റെ പതിനായിരത്തില്‍ ഒന്ന് പോലും നമ്മുടെ മിക്ക അധ്യാപകരുടെയും സമീപത്തുകൂടെ പോലും പോയിട്ടില്ല. അത് മുഴുവന്‍ ആര്ജിക്കുക  ആര്‍ക്കും സാധ്യവുമല്ല. പക്ഷെ ഒരു വിരല്‍ സ്പര്‍ശത്തിനപ്പുറത്ത് അതുണ്ട്, തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ഥിക്ക് ഏറ്റവും എളുപ്പത്തില്‍ അത് ലഭ്യമാണ് എന്ന ബോധ്യം അവര്‍ക്ക് വേണം. അപ്പോള്‍ മനസ്സിലാവും കേവലം വിജ്ഞാനം വിളമ്പുക മാത്രമല്ല തന്റെ ദൌത്യമെന്ന്; അതിനും അപ്പുറം എത്രയോ ഗൌരവത്തിലുള്ള ചുമതലകളാണ് കാലം തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന്.


വാര്‍ത്തകളായും വിവരങ്ങളായും അനുനിമിഷം പെരുകുന്ന അറിവുകളുടെ ഈ പെരുമഴയില്‍ ഒലിച്ചുപോകാതെ ആരാണ് അവര്‍ക്ക് നേരെ സത്യത്തിന്റെയും തെളിച്ചത്തിന്റെയും നേര്‍ത്ത വിരല്‍ നീട്ടുക. ഈ വിജ്ഞാനം എങ്ങിനെയാണ് സ്വീകരിക്കേണ്ടത്, എത്രമാത്രം സ്വീകരിക്കണം എന്ന് പരിശോധിക്കാനുള്ള സൂക്ഷ്മദര്‍ശിനികള്‍ അവരുടെ ചിന്തയില്‍ ആരാണ് നിക്ഷേപിക്കുക. ആധികാരികമെന്ന് നിങ്ങള്‍ ആണയിടുന്ന എല്ലാ ഗ്രന്ഥവും അവര്‍ക്ക്  ചതുര്‍ഥിയുമാണ്‌. എളുപ്പത്തില്‍ മറികടക്കാന്‍ കഴിയാത്ത ഈ സമസ്യക്ക് മുന്നില്‍ അധ്യാപകരും കൈമലര്‍ത്തി നിന്നാല്‍ നാളെ നമ്മള്‍ അശാസ്യമെന്നു കരുതുന്ന ഒന്നല്ല നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളില്‍ വിരിയുക. അതുകൊണ്ട് തന്നെ സാങ്കേതികവിദ്യയുടെയും  ദൃശ്യമാധ്യമങ്ങളുടെയും ശക്തിയെയും സാധ്യതയും കുറിച്ച് മറ്റൊന്നിനും നല്‍കാത്ത പ്രാധാന്യം കൊടുത്തുതന്നെ നമ്മുടെ അധ്യാപക സുഹൃത്തുക്കള്‍ പഠിക്കാന്‍ തയ്യാറാവണം.


ഏതൊരു സംഗതിയുടെയും അപ്പുറവും ഇപ്പുറവും നില്‍കുന്ന കാഴ്ചപ്പാടുകളെ പരിചയപ്പെടുത്തുമ്പോള്‍ താന്‍ അറിഞ്ഞ ഒന്നാണ് പരമ യാഥാര്‍ത്ഥ്യം എന്ന   മിഥ്യാബോധത്തിന്റെ തൂവലുകള്‍ കോഴിയും. ഇതിനു കേവലമായ വിവരണം മാത്രം പോര. ഇതൊരു ശക്തമായ ബോധ്യമായി അവുരുടെ ഉള്ളില്‍ നിറയണം. നന്നായി സംവിധാനം ചെയ്യപ്പെട്ട ചലച്ചിത്രങ്ങളുടെയും മറ്റും പ്രസക്തി ഇവിടെയാണ്‌. ഒരു വ്യക്തിയുടെതന്നെ ജീവിതത്തെ പലകാഴ്ച്ചപ്പാടുകളില്‍ നിന്നും നോക്കിക്കാണുന്ന, ഒരു സംഭവത്തെ തന്നെ പലകാഴ്ച്ചപ്പാടുകളില്‍ നിന്നും നോക്കിക്കാണുന്ന എത്രയോ നല്ല ചലച്ചിത്രങ്ങള്‍ നമുക്കുണ്ട്. അനന്തരം, രാഷാമോണ്‍ തുടങ്ങിയവ പെട്ടെന്ന് തോന്നുന്ന ഉദാഹരണങ്ങള്‍. ഹയര്‍ സെക്കന്ററി തലത്തിലെങ്കിലും ഇത്തരം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അവയുടെ ഉള്ളടക്കം, ശൈലി എന്നിവയെ സംബന്ധിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയും വേണം.


വിമര്‍ശനാത്മകമായി നമുക്ക് ചുറ്റുമുള്ള ഓരോന്നിനെയും നോക്കിക്കാണാനുള്ള മനോഭാവം രൂപീകരിക്കുക എന്നത് ലോകമെമ്പാടുമുള്ള കരിക്കുലത്തിന്റെ ഇന്നത്തെ പ്രധാന ലക്ഷ്യമാണ്‌. സാങ്കേതിക വിദ്യയുടെയും മാധ്യമങ്ങളുടെയും ഒരു സവിശേഷത അതിനെത്തന്നെ ചോദ്യം ചെയ്യുന്നതിനുള്ള ടൂളുകളും അത് തയ്യാറാക്കി തന്നിട്ടുണ്ട് എന്നതാണ്. ഒരു ഭാഗത്ത് നിലയും പിടുത്തവും കിട്ടാത്ത ജീര്‍ണതയുടെ ആഴങ്ങളിലേക്ക് അത് നമ്മളെ പിടിച്ചു വലിക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് അനുഭൂതിയുടെ, സൌന്ദര്യത്തിന്റെ തീരങ്ങളിലേക്ക് അത് നമ്മളെ കൈപിടിച്ച് കയറ്റുകയും ചെയ്യും. ഉചിതമായ മനോഭാവം രൂപീകരിക്കാനും, സ്നേഹം സഹാനുഭൂതി, കാരുണ്യം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും സഹായകമാകുന്ന ചലച്ചിത്രങ്ങള്‍ കൊണ്ടേ അക്രമവും ലൈംഗിക അരാജകത്വവും നിറഞ്ഞ കച്ചവടചിത്രങ്ങളുടെ സ്വാധീനത്തില്‍ നിന്ന് അവരെ തിരിച്ചു കൊണ്ടുവരാന്‍ കഴിയൂ. 


ഒരു ദൃശ്യസാക്ഷരതയുടെ അഭാവമാണ് ഈ കാര്യങ്ങള്‍ ശരിയായി വിനിമയം ചെയ്യുന്നതിന് നമ്മുടെ അധ്യാപകര്‍ക്ക് തടസ്സമായി നില്‍ക്കുന്നത്. അത് നീക്കിയെ പറ്റൂ. യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ത്ത മുള്ളുകൊണ്ട് അയുക്തിയുടെയും ആലങ്കാരിതയുടെയും കാറ്റുനിറച്ച ഇത്തരം കാഴ്ചകളെ മെല്ലെ ഒന്ന് കുത്തി നോക്കുകയെ വേണ്ടൂ. കാഴ്‌ച മറ്റേത്‌ ഇന്ദ്രിയബോധത്തേക്കാളും ഉപരിനില്‍ക്കും. നേരിന്റെ പര്യായമായി കാഴ്‌ച സ്വീകരിക്കപ്പെടുന്നു. പുതിയ കാലത്ത്‌ സംസ്‌കാരം, കല, ചരിത്രം, പരിസ്ഥിതി പ്രവര്‍ത്തനം എല്ലാം കാഴ്‌ചക്കുവേണ്ടിയും കാഴ്‌ചയുടെ രീതിശാസ്‌ത്രമനുസരിച്ചും ആണ്‌. എല്ലാം കാഴ്‌ചയ്‌ക്കുവേണ്ടി പാകം ചെയ്യുന്ന വിഭവങ്ങളാകുമ്പോള്‍ അവയില്‍ കലക്കിയ വിഷാംശത്തെ നാം എങ്ങിനെ തിരിച്ചറിയും. കാഴ്‌ചകളെ ശരിയായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യുക മാത്രമാണ്‌ ഇതിനുള്ള പോംവഴി.
 

*  ഓരോ ദൃശ്യവും ആരാണ്‌ നമുക്കുവേണ്ടി ഒരുക്കുന്നത്‌? അതിന്‌ പിറകിലെ പ്രബല താല്‌പര്യങ്ങള്‍ എന്ത്‌ ?
*  ദൃശ്യങ്ങള്‍ നിഷ്‌ക്കളങ്കമാണോ ?
*  പതിവ്‌ ഘടനയിലൂടെ ആവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ ഉറപ്പിക്കുന്ന ആശയതലം എന്ത്‌ ?
*  ഓരോ ദൃശ്യവും രുചികരമാക്കാന്‍ ചേര്‍ക്കുന്ന ചേരുവകള്‍ എന്ത്‌ ?
*  ഓരോ ദൃശ്യത്തെയും എങ്ങിനെ വ്യാഖ്യാനിക്കും ? ധ്വന്യാത്മകമായി അവ വിരല്‍ ചൂണ്ടുന്നത്‌ ഏതിലേക്ക്‌ ?
*  ദൃശ്യങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന ആന്തരികാര്‍ത്ഥം സമൂഹത്തിന്‌ അനുഗുണമാണോ ?
*  എന്തുകൊണ്ടാണ്‌ ക്യാമറ പലതും കാണാതെ പോകുന്നത്‌ ?

ഇത്തരം ചോദ്യങ്ങല്‍ നാം ശരിയായ രീതിയില്‍ ഉയര്‍ത്തേണ്ടതുണ്ട്‌. വിമര്‍ശനാത്മകമായി ഉന്നയിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ ഓരോരുത്തരുടെയും കൈമുതലാകണം.

സംവിധായകന്റെ (സംശയമില്ല, അയാള്‍ നിര്‍മ്മാതാവിന്റെ പ്രതിനിധിമാത്രം) അനുവാദം കൂടാതെ ഒരു ഫ്രെയിമിനകത്തേക്ക്‌ ഈച്ചപോലും കടക്കില്ല എന്നത്‌ ചിത്രീകരണത്തിന്റെ യാഥാര്‍ത്ഥ്യം. നന്മയുടെ പ്രതിരൂപമായ നായകന്റെ (സിനിമയിലല്ലാതെ ജീവിതത്തില്‍ എവിടെയുണ്ടാകും അത്തരമൊരാള്‍) വീടിന്റെ ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ഒരു പ്രത്യേക ആശയസംഹിതയുടെ അടയാളമാണെങ്കില്‍ നായകന്റെ നന്മയുടെ അടിസ്ഥാനം ആ പ്രസ്ഥാനത്തിന്റേതുകൂടിയാകുന്നു. ഇപ്രകാരം കലണ്ടുറുകള്‍കൊണ്ട്‌ ഒളിച്ചുവെച്ച ഫാസിസത്തിന്റെ ദംഷ്‌ട്രകള്‍, ദൃശ്യങ്ങളുടെ സൂക്ഷ്‌മവിശകലനത്തില്‍ ചോരപ്പാടോടെ പുറത്തു കാണാനാകും. ഓരോ ദൃശ്യങ്ങളെയും ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ ആദ്യം പരിശീലിപ്പി
ക്കേണ്ടത് നമ്മുടെ അധ്യാപകരെയാണ്. പൊള്ളയായ ദൃശ്യങ്ങളൊരുക്കുന്ന വിശ്രമക്കസേരകളില്‍ അവരും ചടഞ്ഞിരുന്നാല്‍ ആരാണ്‌ ഇതേറ്റെടുക്കുക.
നമുക്ക്‌ ഒന്നും വ്യാഖ്യാനിക്കാനില്ലാത്ത, മനസ്സിനെയും ചിന്തയേയും മാറ്റിവെച്ച്‌ സ്വീകരിക്കാവുന്ന, അശ്ലീലസമമായ സുതാര്യതയില്‍ പരത്തിപ്പറയുന്ന ഒരു മാധ്യമരീതിശാസ്‌ത്രം ബോധപൂര്‍വ്വം തന്നെയാണ്‌ സ്വീകരിക്കപ്പെടുന്നത്‌. മാധ്യമദൃശ്യങ്ങള്‍ മാത്രമല്ല, ജീവിതക്കാഴ്‌ചകളെ ചേര്‍ത്തുവയ്‌ക്കുകയോ കാഴ്‌ചക്കപ്പുറത്തേക്ക്‌ ചിന്തിക്കുകയോ അരുത്‌. `ഒറ്റയൊറ്റയായ്‌ കാണുന്ന ആകുലികളെ' പറ്റി പാടുകമാത്രമാണ്‌ പുതിയ കാലത്തിന്റെ വീണയ്‌ക്ക്‌ ചെയ്യാനുള്ളത്‌.
യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്‌ചകളെന്നവകാശപ്പെടുന്ന ഡോക്യുമെന്ററികള്‍ പോലും സൃഷ്‌ടാവിന്റെ മനസ്സിനൊപ്പിച്ച്‌ `എഡിറ്റ്‌' ചെയ്‌താണ്‌ പ്രേക്ഷകന്‌ മുന്നിലെത്തുന്നത്‌. മുറിക്കലും ചേര്‍ക്കലും കലാപരത നിശ്ചയിക്കുന്ന ഒരു മാധ്യമത്തില്‍ അതുകൊണ്ടുതന്നെ അത്‌ ചെയ്യുന്ന വ്യക്തിത്വത്തിന്റെ കാഴ്‌ചപ്പാട്‌ മുന്നില്‍ നില്‍ക്കും. ഒരേ ദൃശ്യത്താല്‍ തന്നെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുണ്ടാക്കാന്‍ ഈ മാധ്യമത്തിന്‌ കഴിയും. ചിത്രസംയോജനം, ശബ്‌ദപഥം, ക്യമറയുടെ ആംഗിളുകള്‍ എന്നിവയെല്ലാം ആശയരൂപീകരണത്തില്‍ വമ്പിച്ച പ്രാധാന്യം നേടുന്നുണ്ട്‌ ഈ മാധ്യമത്തില്‍.
 

ഇത്തരം ആലോചനകളും ചര്‍ച്ചകളും തെളിവുകളും ക്ലാസ്‌ മുറിയില്‍ ചര്‍ച്ച ചെയ്യപ്പെടണം. പരസ്യങ്ങള്‍ മാത്രമല്ല സിനിമകളും ദൃശ്യമാധ്യമങ്ങളില്‍ വരുന്ന മറ്റ്‌ പരിപാടികളും വിശകലനവിധേയമാക്കണം. (അവയും ആശയങ്ങളുടെ പ്രച്ഛന്നമായ പരസ്യപ്പലകകള്‍ തന്നെ) ഇത്തരം ചര്‍ച്ചകളുടെയും വിമര്‍ശനചിന്തയുടെയും അഭാവത്തില്‍ വളര്‍ന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ സാംസ്‌കാരിക സത്വരൂപീകരണം മാധ്യമപ്രഭുക്കളുടെ തലോടലുകളേറ്റാവും പരുവപ്പെടുക. വ്യക്ത്യാധിഷ്‌ഠിതമായ അവ തീര്‍ച്ചയായും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവും സമൂഹവിരുദ്ധവും ആയിരിക്കും. എല്ലാ നെഗറ്റീവുകളേയും ചേര്‍ത്തുവെച്ച്‌ പോസിറ്റീവുകളാക്കുന്ന ഈ ഇക്കിളിപ്പെടുത്തലിനെയല്ലാതെ എന്തിനെയാണ്‌ ഇതിലധികം ഭയപ്പെടാനുള്ളത്‌. മാധ്യമങ്ങളിലെ ഓരോ ദൃശ്യവും ഒരുക്കൂട്ടുന്ന സാങ്കേതികവിദ്യകൂടി കുട്ടികളെ ധരിപ്പിക്കേണ്ടതുണ്ട്‌. ഇത്‌ അവരെ സംവിധായകനോ ഛായാഗ്രാഹകനോ ആക്കിത്തീര്‍ക്കുന്നതിനല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഈ കലയുടെ അടിസ്ഥാനം തന്നെ സാങ്കേതികം തന്നെയാണ്‌. അസാധ്യമായതിനെ സുസാധ്യമാക്കുന്ന ചെറുചലനങ്ങളെ ഇടിമിന്നലുകളാക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ്‌ വാപൊളിച്ച്‌ വിഴുങ്ങുന്ന വിസ്‌മയങ്ങളെ ചവച്ചരയ്‌ക്കാന്‍ അവരെ പ്രാപ്‌തരാക്കും. അതിന് ആദ്യം വേണ്ടത് ഇവയെ സൂക്ഷ്മമായി അനുധാവനം ചെയ്യാന്‍ നമ്മുടെ അധ്യാപകര്‍ ക്ഷമ കാണിക്കണം എന്നതാണ്. താന്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട ഗൈഡുകല്‍ക്കപ്പുറം ലോകം വളര്ന്നെന്നും നിഭാഗ്യവശാല്‍  ആ ലോകത്ത് ജീവിക്കേണ്ട പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ട ചുമതല തന്നില്‍ വന്നുചെര്‍ന്നെന്നും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. തന്റെ വിഷയത്തിന്റെ പെനാല്‍റ്റി ഏരിയ വിട്ട് കളിക്കളത്തിന്റെ പുതിയ ആകാശത്തേക്ക് ഹ്വിഗ്വിറ്റയെപ്പോലെ കുതിക്കാനും,സിനിമയും ടെലിവിഷന്‍ പരിപാടികളും ഇന്റര്‍നെറ്റും എന്തെന്ന് പഠിച്ചുകൊണ്ട് അവയെ വിശകലനം ചെയ്യാനും അപ്പോള്‍ മാത്രമേ അവര്‍ ഇരിന്നിടത്തുനിന്നു അനങ്ങുകയുള്ളൂ.


 
   
11 അഭിപ്രായങ്ങൾ:

 1. താന്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട ഗൈഡുകല്‍ക്കപ്പുറം ലോകം വളര്ന്നെന്നും നിഭാഗ്യവശാല്‍ ആ ലോകത്ത് ജീവിക്കേണ്ട പുതിയ തലമുറയെ വാര്‍ത്തെടുക്കേണ്ട ചുമതല തന്നില്‍ വന്നുചെര്‍ന്നെന്നും തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. തന്റെ വിഷയത്തിന്റെ പെനാല്‍റ്റി ഏരിയ വിട്ട് കളിക്കളത്തിന്റെ പുതിയ ആകാശത്തേക്ക് ഹ്വിഗ്വിറ്റയെപ്പോലെ കുതിക്കാനും,സിനിമയും ടെലിവിഷന്‍ പരിപാടികളും ഇന്റര്‍നെറ്റും എന്തെന്ന് പഠിച്ചുകൊണ്ട് അവയെ വിശകലനം ചെയ്യാനും അപ്പോള്‍ മാത്രമേ അവര്‍ ഇരിന്നിടത്തുനിന്നു അനങ്ങുകയുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 2. കുട്ടികള്‍ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടാണ് പഠിക്കേണ്ടത്. അല്ലാതെ സ്കിടീനില്‍ തെളിയുന്ന ദൃശ്യങ്ങളില്‍ നിന്നല്ല.

  മറുപടിഇല്ലാതാക്കൂ
 3. അത് നല്ലൊരാശയം തന്നെ!! പലരും അത് പരീക്ഷിച്ചു വിജയിച്ചിട്ടുമുണ്ട്. പിന്നെ സ്ക്രീനില്‍ കാണുന്നത് യാഥാര്‍ത്യമല്ല എന്ന് പറയാന്‍ പറ്റില്ല. സോഡിയം അല്ലെങ്കില്‍ പൊട്ടാസിയം വെള്ളത്തില്‍ ഇട്ടാല്‍ എന്ത് പറ്റുമെന്ന് വെറുതെ പറഞ്ഞു കൊടുക്കുന്നതിലും നല്ലതല്ലേ ഒരു വീഡിയോയുടെ സഹായത്തോടെ ചെയ്യുന്നത്.

  മറുപടിഇല്ലാതാക്കൂ
 4. സോഡിയം വെള്ളത്തിലിട്ടാല്‍ എന്തുണ്ടാകുമെന്ന് സോഡിയം വെള്ളത്തിലിട്ട് കാണിക്കുകയാണ് വേണ്ടത്..അല്ലാതെ സ്ക്രീനില്‍ കാണിക്കുകയല്ല.

  മറുപടിഇല്ലാതാക്കൂ
 5. ഇക്കണ്ട കുട്ടികളെയൊക്കെ കത്തിച്ചുകാണിക്കാൻ സോഡിയത്തിനെവിടെപ്പോകും? ഇതിനൊന്നും നമ്മുടെ വി'ദ്യാഭ്യാസ' ബഡ്ജറ്റിൽ ഫണ്ട്‌ ഇല്ല. വീഡീയോ അല്ലേ തമ്മിൽ ഭേദം...!! കാശില്ലാത്തതുകൊണ്ടല്ലേ പ്രായോഗിക പഠനം വേണ്ട ശാസ്ത്ര പഠനത്തിനു കൂടുതലും ബൂക്കുകളും എഴുത്തു പരീക്ഷകളും കൊണ്ടു നമ്മളങ്ങു അഡ്ജസ്റ്റ്‌ ചെയ്യുന്നത്‌...!!!!

  മറുപടിഇല്ലാതാക്കൂ
 6. പുല്ലു തിന്നുകയുമരുത് തീറ്റുകയു മരുത് എന്ന വല്ലത്തിലെ പട്ടിയുടെ നയം എന്തായാലും ഗുണമല്ല എന്നുള്ള സത്യം ചില അധ്യാപക മഹാന്മാര്‍ എപ്പോഴാണാവോ ഇനി തിരിച്ചറിയുക!
  K.Ramachandran

  മറുപടിഇല്ലാതാക്കൂ
 7. രാജേഷ്‌ പറഞ്ഞത് പോലെ സോഡിയം വെള്ളത്തിലിട്ടു കാണിച്ചു കൊടുക്കുന്നതാണ് ഏറ്റവും നല്ല വഴി പക്ഷെ അത് എത്രത്തോളം പ്രായോഗികമാവും, എന്തുമാത്രം സോഡിയം ഇതിനായി നാം കരുതണം?

  സോഡിയത്തിന്റെ കാര്യം വിടൂ അതു ക്ലാസ് മുറിയില്‍ ചെയ്യാവുന്നതാണ് പക്ഷെ വ്യാവസായികാടിസ്ഥാനത്തില്‍ അയിരില്‍ നിന്നും ലോഹങ്ങളെ വേര്‍തിരിച്ചെടുക്കുന്ന രീതി എങ്ങനെ നാം അവര്‍ക്ക് കാണിച്ചു കൊടുക്കും? കൂടുതല്‍ താപം ഉല്‍പ്പാദിപ്പിക്കുന്ന/അപകട സാധ്യതയുള്ള പരീക്ഷണങ്ങള്‍ എങ്ങനെ നാം കുട്ടികളുടെ സാന്നിധ്യത്തില്‍ നടത്തും? ഷഡ്പദങ്ങള്‍ വഴി പരാഗണം നടക്കുന്നതു എങ്ങനെ കാണിച്ചു കൊടുക്കും, കേരളത്തിലെ എത്ര കുട്ടികള്‍ അഗ്നിപര്‍വ്വതങ്ങളും, മരുഭൂമികളും നേരിട്ട് കണ്ടിട്ടുണ്ട്?

  ഇന്നത്തെ ഭൂരിഭാഗം വിദ്യാലയങ്ങളിലും ശാസ്ത്ര പരീക്ഷണങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് വെറുതെ പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. അപൂര്‍വ്വം ചിലയിടത്ത് മാത്രം അത് കാണാനുള്ള ഭാഗ്യം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട് എന്നത് തള്ളിക്കളയുന്നില്ല. എന്നാല്‍ ആ ഭാഗ്യം ലഭിക്കാത്ത എത്രയോ കുട്ടികള്‍ ഉണ്ട്. അവര്‍ക്കെല്ലാവര്‍ക്കും നേരിട്ട് കണ്ടും ചെയ്തും പഠിക്കാനുള്ള സാഹചര്യമൊരുക്കാന്‍ കഴിയില്ല എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ ഉള്‍ക്കൊള്ളണം. പകരം ചെയ്യാവുന്ന ഒരു കാര്യമാണ് മേല്‍ പ്രസ്താവിച്ചത്.

  അനുഭവം തന്നെ ഏറ്റവും വലിയ ഗുരു, പക്ഷെ എല്ലാം അനുഭവിച്ചു മാത്രം പഠിക്കുന്നവനെ നാം എങ്ങനെ വിവേകശാലി എന്ന് വിളിക്കും?

  മറുപടിഇല്ലാതാക്കൂ
 8. "സാങ്കേതിക വിദ്യയുടെ വികാസം ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത് എന്ന സാമാന്യബോധം നമ്മുടെ സയന്‍സ് അധ്യാപകര്‍ക്ക് പോലും ഇല്ല. മാത്രമല്ല ആധുനിക വാര്‍ത്താവിനിമയ സൌകര്യങ്ങള്‍ സാധ്യമാക്കുന്ന വിശാലമായ ലോകങ്ങളെക്കുറിച്ചുള്ള അജ്ഞതയെ ഭൂഷണമായാണ് അവര്‍ കാണുന്നത്. ഓരോ വസ്തുവിനെയും സിദ്ധാന്തത്തെയും വിവരിച്ചുകൊണ്ട് നടത്തുന്ന കഥാപ്രസംഗത്തിനപ്പുറം മറ്റൊരു രീതിശാസ്ത്രം അന്വേഷിക്കാന്‍ പോലും അവര്‍ തയ്യാറല്ല."
  നല്ല നിരീക്ഷണം
  ജഗദീശ്.എസ്സ്,vrajesh എന്നിവര്‍ അധ്യാപകര്‍ തന്നെയയിരിക്കുമെന്ന്‌ ഊഹിക്കാമോ? കുട്ടികലുടെ പഠനനുഭവങ്ങള്‍ മെചപ്പെടുത്താനുള്ള എല്ലാ സാധ്യതകളും നല്ല അധ്യാപകര്‍ എന്നും തിരഞ്ഞുകൊണ്ടിരിക്കും. ഒരിക്കലും ഇത്തരതിലുള്ള സാങ്കേതികമുന്നേറ്റങ്ങളുടെ വലിയ സാധ്യതകള്‍ തല്ലിക്കളയരുത്‌. വളരെയേറെ കാലിക പ്രധാന്യമുള്ള ഒരു കാര്യമാണിവിടെ പറഞ്ഞിരിക്കുന്നത്‌.

  മറുപടിഇല്ലാതാക്കൂ
 9. കേരളത്തിലെ പത്ത്‌ ശതമാനം അധ്യാപകര്‍ക്കു പോലും പുതിയ സാങ്കേതിക വിദ്യകളോ, എന്തിനു, മൌസ്‌ ഒന്നു ചലിപ്പിക്കാന്‍ പോലും അറിയില്ല. പ്രത്യേകിച്ച്‌ അധ്യാപികമാര്‍ക്ക്‌.കച്ചവട സിനിമകളില്‍ നിന്നും സീരിയലുകളില്‍നിന്നും പുറത്തുകടക്കാത്തവരാണൂ അവരില്‍ ഭൂരിഭാഗവും എന്നത്‌ ഒരു ഭീകരമായ നഗ്നസത്യമാണു.

  മറുപടിഇല്ലാതാക്കൂ
 10. സിനിമയെന്ന കല വളരെ നിസാരമായും,ലാഘവപൂർണമായും കണ്ട് , സ്കൂളിലെല്ലാം സിനിമയുണ്ടാക്കുന്ന അഭിനവ കുറൊസവ മാഷന്മാർ സിനിമക്ക് അപകടമാണ്

  മറുപടിഇല്ലാതാക്കൂ