2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

ഓര്‍മ്മച്ചുമരിലെ ഒറ്റച്ചിത്രം

സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകനായിട്ട്  ഇരുപതു വര്‍ഷമായി. ഇരുപതു അധ്യാപക ദിനങ്ങള്‍ ആഘോഷിച്ചു. ഈ ദിനത്തില്‍ പലപ്പോഴും കുട്ടികളെ കൊണ്ട് അവരുടെ ജീവിതത്തില്‍ അവരെ ഏറ്റവും സ്വാധീനിച്ച, അവര്‍ക്ക് ഇഷ്ടപ്പെട്ട അധ്യാപകരെക്കുരിച്ചുള്ള ഓര്‍മ്മകള്‍ എഴുതിച്ചിട്ടിണ്ട്. എപ്പോഴും എല്ലാവരും എഴുതിയിരുന്നത് അവരെ പ്രൈമറി ക്ലാസുകളിലോ ഹൈസ്കൂളിലോ പഠിപ്പിച്ച അധ്യാപകരെക്കുറിച്ചാണ്. അപ്പോഴൊക്കെ ആലോചിച്ചിട്ടുണ്ട്, എന്നോട് ഇത്തരം ഒരു കുറിപ്പെഴുതാന്‍ കുട്ടികള്‍ തിരിച്ചു ചോദിച്ചെങ്കില്‍ ഞാന്‍ ആരെക്കുറിച്ചാണ് എഴുതുക. ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന ഒരു സ്പര്‍ശം, ഒരു പ്രോത്സാഹനം, സൗഹൃദം അതിനായി എന്റെ സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിന്റെ എല്ലാ മൂലകളിലും അനേകം തവണ കുഴിച്ചു നോക്കിയിട്ടുണ്ട് ഞാന്‍. പരുക്കന്‍ പാറക്കഷ്ണങ്ങളല്ലാതെ മധുരമൂറുന്ന ഒരു കരിമ്പിന്‍ചണ്ടി പോലും അവിടെ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സ്കൂളിനെക്കുറിച്ച് എന്റെ ചേച്ചിമാര്‍ പറഞ്ഞു തന്ന ചില അവക്ത മധുരമായ ചിത്രങ്ങള്‍ പ്രൈമറി ജീവിതത്തിലുടനീളം ഞാന്‍ തിരഞ്ഞു കൊണ്ടിരുന്നതായി ഓര്‍ക്കുന്നു. അതെല്ലാം അനന്തന്‍മാഷുമായി ബന്ധപ്പെട്ടതായിരുന്നു. ആ പേരുപോലും ഞാന്‍ മറന്നിട്ടില്ല. സ്ലേറ്റ്‌ മായിക്കാന്‍ അന്ന് കൊണ്ടുപോകാറുണ്ടായിരുന്ന കൊച്ചുകുപ്പിയിലെ വെള്ളം ബെഞ്ചില്‍ മറിഞ്ഞാല്‍ " എന്തേ ബെഞ്ചേ, എന്റെ കുട്ടിയുടെ വെള്ളം തട്ടി മറിക്കാന്‍" എന്ന് ബെഞ്ചിനു ചുട്ട അടികൊടുക്കുന്ന അനന്തന്‍ മാഷ്‌. താന്‍ കൊണ്ടു വരുന്ന പലഹാരപ്പൊതിയില്‍ നിന്ന് കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കാന്‍ മധുരമുള്ള വിഭവങ്ങള്‍ ഊട്ടുന്ന, ആംഗ്യപ്പാട്ട് പാടിപ്പാടി കുട്ടികളെ ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്ന അനന്തന്‍ മാഷ്‌. എന്നാല്‍ എന്റെ പ്രൈമറി സ്കൂള്‍ കാലത്തൊന്നും എനിക്ക് വെള്ള മുണ്ടിലും കുപ്പായത്തിലും ചിരിച്ചുമാത്രം വരുന്ന അനന്തന്‍ മാഷെ കണ്ടെത്താനായില്ല. സത്യത്തില്‍ ഞങ്ങളുടെ സ്കൂളില്‍ അത്തരമൊരു മാഷ്‌ ഉണ്ടായിരുന്നോ? സ്കൂളില്‍ പോകാന്‍ മടിച്ചിരുന്ന എന്നെ പ്രലോഭിപ്പിക്കാന്‍,  അന്നേ കഥാപുസ്തകങ്ങള്‍ വായിച്ചിരുന്ന എന്റെ ചേച്ചിമാര്‍ ഉണ്ടാക്കിയ സൌമ്യ സങ്കല്പപമായിരുന്നോ അത്? അല്ല, എല്ലാ കുട്ടികളും മനസ്സില്‍ കാംക്ഷിക്കുന്ന അധ്യാപകനെ സംബന്ധിക്കുന്ന സ്നേഹരൂപമാണോ അനന്തന്‍ മാഷ്‌? അറിയില്ല.

ചെറിയ ക്ലാസുമുതല്‍ പരിചയപ്പെട്ട മിക്ക മാഷന്മാരുടെയും കയ്യില്‍ നല്ല വടിയുണ്ടായിരുന്നു. വടിയെടുക്കാതെ വരുന്നവര്‍ ക്ലാസ്സില്‍ എത്തിയ ഉടനെ വടിപൊട്ടിക്കാന്‍ ലീഡറെ പുറത്തേക്കോടിച്ചു. സ്കൂളിനു മുന്നില്‍ നിരനിരയായി നില്‍ക്കുന്ന പേരമരത്തിന്റെ മിക്ക ശാഖകളും പൊട്ടിത്തെറിച്ചത് ഞങ്ങളില്‍ ചിലരുടെ കൈവെള്ളയിലും പുറത്തും ചന്തിയിലും വെച്ചായിരുന്നു. ഒരു വടിക്ക് പകരം അഞ്ചും പത്തും വടികള്‍ പൊട്ടിച്ചു കൊണ്ട് വന്നു ലീഡര്‍മാര്‍ അവര്‍ക്കുള്ള അടിയില്‍ ഇളവുനേടി. വടിയില്ലാത്തവര്‍ രസം കണ്ടെത്തിയത് പൂഴിമണ്ണ്  ചേര്‍ത്തു കുപ്പായകൈ കയറ്റി തോല് പോകും വരെ തിരുമ്മി നുള്ളുന്നതിലായിരുന്നു. വെറുംകൈ പ്രയോഗക്കാര്‍ ചെവിയില്‍ നുള്ളിയും ചെകിടത്തടിച്ചും തൃപ്തിപ്പെട്ടു. ബെഞ്ചില്‍ കയറ്റിയും ക്ലാസിനു പുറത്തു നിര്‍ത്തിയും പെണ്‍കുട്ടികളുടെ സൈഡില്‍ കൊണ്ട് പോയി നിര്‍ത്തിയും അപമാനിച്ചവരും കുറവല്ല. എന്തോ ചെറിയൊരു വികൃതിക്ക് എനിക്ക് ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ ഹെഡ് മാഷുടെ മുറിക്കു മുന്നില്‍ നില്‍ക്കേണ്ടി വന്നു. അതുവഴി വന്ന ചെറു ബാല്യക്കാരനായ മാഷ്‌ "ഇതൊക്കെ കോളേജില്‍ എത്തിയിട്ട് പോരെ മോനെ" എന്ന ഒരു സുയിപ്പ്. ഇവനൊക്കെ കൊളെജിലെത്തിയാല്‍ ആ കോളേജു തന്നെ മറിച്ചിടും എന്ന് ഹെഡ് മാഷുടെ കമന്റ് . 'കേരളാ കരിക്കുലം ഫ്രെയിം വര്‍ക്കിനെ'ക്കുറിച്ച് അതേ ഹെഡ് മാസ്റ്റര്‍ക്ക്  ക്ലാസെടുക്കാന്‍ അവസരമുണ്ടായപ്പോള്‍ 'ഇവന്‍ എന്റെ ശിഷ്യനാണ് 'എന്ന് മാഷ്‌ അഭിമാനം കൊണ്ടു. പണ്ട് അനുഭവിച്ച വിഷമം അപ്പോള്‍ ഓര്‍മ്മയില്‍ വന്നതേയില്ല. അന്ന് ഏറ്റവും മോശം എന്ന് പേരുകേട്ട ഒരു എയിഡഡ് സ്കൂളില്‍ നിന്നും നിരന്തരമായ അടിയും അപമാനിക്കലുമാല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ലായിരുന്നു.

അതുകൊണ്ട് തന്നെ പയ്യന്നൂര്‍ കോളേജില്‍ വെച്ച് പവിത്രന്‍ മാഷെ കാണുന്നത് വരെ അധ്യാപകരെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അന്ന് റബല്‍ സങ്കല്‍പ്പത്തിനു ഞങ്ങള്‍ക്ക് മാഷിനപ്പുറം കൊടുമുടികളുണ്ടായിരുന്നില്ല. കുടുക്ക് പൊട്ടിയ പരുക്കന്‍ ഖദര്‍ കുപ്പായം പിന്നുകുത്തിയിടുന്നതു അഭിമാനമായി കണ്ടിരുന്ന, ചെരുപ്പ് ഇട്ടാലും ഇട്ടില്ലെങ്കിലും പ്രശ്നമില്ലാത്ത, താടിയും മുടിയും അലസമായി അതിന്റെ പാട്ടിനു വിട്ടിരുന്ന മാഷുമായി സൗഹൃദം എളുപ്പമായിരുന്നു. അത് ഒരു ആളിക്കത്തലായിരുന്നു. മാഷുടെ എരിപുരത്തെ വാടക വീട്ടില്‍, ഇരിണാവിലെ തറവാട്ടില്‍ ഞങ്ങള്‍ അഭിമാനപൂര്‍വ്വം കയറിയിറങ്ങി. അന്നൂരിലെ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയത്തില്‍ നിന്നും വായിച്ച പുസ്തകങ്ങള്‍ക്കപ്പുറമുള്ള  സാഹിത്യത്തെക്കുറിച്ച്, നാടകത്തെക്കുറിച്ച്, സിനിമയെക്കുറിച്ച് മാഷ്‌ പറഞ്ഞു കൊണ്ടേയിരുന്നു. ഞങ്ങളില്‍ നല്ല കേള്‍വിക്കാരെ മാഷിനു പിന്നീടു ഒരിക്കലും കിട്ടിയിട്ടുണ്ടാവില്ല. ബീഡി വലിക്കാന്‍ സ്വാതന്ത്ര്യം തന്നതുകൊണ്ടു തന്നെ എത്ര സമയം വേണമെങ്കിലും മാഷുടെ ചുറ്റുവട്ടത്ത് തന്നെ കഴിച്ചു കൂട്ടാന്‍ പ്രയാസവുമുണ്ടായില്ല. ഞാന്‍, കണ്ണഞ്ചേരി പ്രദീപന്‍ എന്നിവര്‍ മാഷുടെ ശിങ്കിടികള്‍ എന്ന് വിളികൊള്ളുന്നതില്‍ അഭിമാനിച്ചു. കോളേജ് കാന്റീനില്‍ നിന്ന് ഒരുമിച്ചു ചായകുടിച്ച്‌, വലിച്ച ബീഡികുറ്റി വലിച്ചെറിഞ്ഞ് മാഷ്‌ ക്ലാസെടുക്കാനും ഞങ്ങള്‍ ക്ലാസ്സില്‍ ഇരിക്കാനും മാത്രം രണ്ടായി. തന്റെ തിരക്കില്‍ മിക്കപ്പോഴും കോളേജില്‍ വരാതിരിക്കുകയും നാട്ടിലെത്തിയാല്‍ ഞങ്ങള്‍ക്ക് ഭക്ഷണം വരെ വാങ്ങിത്തന്നു തുടര്‍ച്ചയായി സ്പെഷല്‍ ക്ലാസുകള്‍ എടുത്തുതരികയും ചെയ്തിരുന്ന എം. ആര്‍. സി മാഷ്‌, സി വി യും  കേരള പാണിനീയവും വള്ളിപുള്ളി തെറ്റാതെ പഠിപ്പിച്ചിരുന്ന പട്ടേരി മാഷ്‌, ക്ലാസ് മുറിയെ പ്രഭാഷണവേദിപോലെ കണ്ടിരുന്ന മേലത്ത് മാഷ്‌ .... പയ്യന്നൂര്‍ കോളേജില്‍ മലയാള വിഭാഗത്തില്‍ അന്ന് പ്രഗത്ഭര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍, ഒരിക്കലും സിലബസ്സിന്റെ സര്‍വേ നമ്പറില്‍ കൂടി പോകാത്ത, ഒന്ന് പറഞ്ഞാല്‍ മുന്നൂറിലേക്ക്‌ യാതൊരു ആസ്പദവുമില്ലാതെ കൈവിട്ടു ചാടിക്കൊണ്ടിക്കൊണ്ടിരുന്ന, ബഷീര്‍ പുസ്തകത്തെക്കുറിച്ച് പറഞ്ഞപ്രകാരം ദൈവത്തെപ്പോലെ ആദിയും അന്തവുമില്ലാത്ത, പവിത്രന്‍ മാഷുടെ ക്ലാസായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ടം. പഠിക്കാന്‍ സീരിയസ്സായി വരുന്ന മിക്ക പെണ്‍കുട്ടികള്‍ക്കും പക്ഷേ മാഷുടെ ക്ലാസ് തീരെ ദഹിക്കാറില്ല.

പവിത്രന്‍ മാഷ്‌ ഞങ്ങള്‍ക്ക് അന്ന് നല്‍കിയത് ഒരിക്കലും അക്കാദമികമായ ഒരു പിന്തുണയായിരുന്നില്ല. മാഷുടെ ക്ലാസില്‍ ചര്‍ച്ചയ്ക്കു വന്ന വിഷയങ്ങളൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്ക് മനസിലാകുന്നവയായിരുന്നില്ല. പക്ഷെ അത് നല്‍കിയ ലോകബോധം വലുതായിരുന്നു. അന്ന് മാഷുടെ സാമീപ്യം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കുറച്ചു പേരുടെയെങ്കിലും ജീവിതവീക്ഷണം ഇപ്രകാരമാകുമായിരുന്നില്ല. ചരിത്രത്തില്‍, പ്രത്യേകിച്ചും പ്രാദേശിക ചരിത്രത്തില്‍ നല്ല താത്പര്യമുണ്ടായിരുന്ന മാഷ്‌ ഞങ്ങളെ എരമത്തെ മുനിമടകളിലേക്ക് കയറ്റുകയും മാടായിപ്പാറയിലെ ജൂതക്കുളത്തിലേക്ക് ഇറക്കുകയും ചെയ്തു. നാട്ടിന്റെ വിപ്ലവ ചരിത്രങ്ങളില്‍ ആവേശം കൊള്ളുകയും പഴയ വീരസഖാക്കളെ കണ്‍മുന്‍പില്‍ കാണിച്ചു തരികയും ചെയ്തു. 'മൂവീമാനിയ' എന്ന ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതില്‍ ഞങ്ങളെക്കാള്‍ മുന്‍കൈയെടുത്തു. എ സോണിനും ഇന്റര്‍ സോണിനും ഞങ്ങളെ അനുഗമിച്ചു.

ഒരു പക്ഷെ ഇതിനെക്കാളൊക്കെ ഞങ്ങളെ മാഷിലേക്ക് വലിച്ചടുപ്പിച്ചത് മാഷുടെ കുടുംബമാണ്. സ്വന്തം വീട്ടിനെക്കാളും സ്വാതന്ത്ര്യം എടുത്തു ഞങ്ങള്‍ പെരുമാറുന്നതിന് ഒരിക്കലും തടസ്സം നിന്നില്ല രതി ടീച്ചര്‍. മാഷിനോപ്പം വായനയിലും ഞങ്ങളുടെ ചര്‍ച്ചകളിലും ടീച്ചറും പങ്കുകൊണ്ടു. കോളേജു കഴിഞ്ഞിട്ട് എത്രയോ വര്‍ഷം, ഏറ്റവും അടുത്ത ബന്ധുക്കളെക്കാള്‍ ഞങ്ങളുടെ ഓരോരുത്തരുടെയും സന്തോഷങ്ങളിലും സങ്കടങ്ങളിലും അവര്‍ പങ്കാളികളായി. എന്റെ വീട്ടിലെ വിരുന്നുകള്‍ക്ക് അടുക്കളക്കാരിയായി പലപ്പോഴും രതിടീച്ചര്‍. അന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സുരേന്ദ്രന്‍ രഹസ്യമായി പറയുമായിരുന്നു, മാഷും രതിടീച്ചറും ഒരു പെരുമഴയത്ത്  ഒറ്റക്കുടയില്‍ വരുന്ന ഒരു നിമിഷത്തിലാണ് ഞാന്‍ ഒരു കുടുംബ ജീവിതം സ്വപ്നം കാണാന്‍ തുടങ്ങിയതെന്ന്.

മാഷുടെ വീട് പണി തകൃതിയായി നടക്കുന്ന സമയമായിരുന്നു അത്. പ്രായോഗിക കാര്യങ്ങളില്‍ അന്ന് ഏറ്റവും പിന്നിലായിരുന്നു മാഷുടെ നടപ്പ്. അതുകൊണ്ട് തന്നെ വീടിന്റെ പണിയുടെ മേല്‍നോട്ടം, സഖാവ് എന്ന് മാത്രം എല്ലാവരും വിളിച്ചിരുന്ന മാഷുടെ അച്ഛനായിരുന്നു. ആ വീടിന് ഒരു ഗേറ്റുണ്ടാക്കാന്‍ മുള കൊത്താന്‍ പോയ സംഭവം മറക്കാന്‍ കഴിയാത്തതാണ്. വലിയൊരു കൂട്ടം മുളയില്‍ നിന്നാണ് രണ്ടോ മൂന്നോ മുള കൊത്തേണ്ടത്. സീമക്കൊന്ന കൊത്തുന്ന ലാഘവത്തോടെ മുള കൊത്താന്‍ പോയ ഞങ്ങള്‍ പെട്ട് പോയെന്നു പറഞ്ഞാല്‍ മതിയല്ലോ. നല്ലത് നോക്കി മുളങ്കൂട്ടത്തിന്റെ സൈഡില്‍ മൂന്നു മുളകള്‍ അടിയില്‍ നിന്ന് തന്നെ ആദ്യം കൊത്തിവെച്ചു. വലിച്ചപ്പോള്‍ ഓരോന്നും ഓപ്പറേഷന്‍ ചെയ്താലും വിടാത്ത മട്ടില്‍ കൂട്ടിപ്പിടിച്ചിരിക്കുന്നു. എത്ര കൊച്ചു ശിഖരങ്ങള്‍ കൊത്തി വിടര്‍ത്തിയാലും സംഭവും വീണ്ടും പഴയത് പോലെ തന്നെ . മുളയുടെ മുള്ളുകള്‍ കൊണ്ട് ശരീരം അവിടവിടെ കീറിമുറിഞ്ഞു. ഒടുവില്‍ പടുകൂറ്റന്‍ മുളയുടെ നമുക്കാവശ്യമുള്ള ഉയരം മാത്രം കൊത്തിയെടുത്ത്, ഉടമസ്ഥന്‍ കാണുന്നതിനു മുന്‍പ് ഞങ്ങള്‍ സ്ഥലം വിട്ടു. അതുപോലെ മാഷുടെ പറമ്പില്‍  പ്രദീപന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന കുഞ്ഞിമംഗലം മാവുകള്‍ വെക്കാനായി ഉത്സാഹിച്ചത്‌. ഒന്നും ഒരുകാലത്തും മറക്കാന്‍ കഴിയാത്ത, ഓര്‍മ്മയിലെ മധുരചിത്രങ്ങളാണ്.

മാഷുടെ വീടിന്റെ കുടിയോലിനു ഞാന്‍ വലിയൊരു കടലാസ് പൊതിയും കൊണ്ടാണ് പോയത്. "എന്താണിത് ; നീ ഞങ്ങള്‍ക്ക് സമ്മാനമോ?" എന്ന് ദേഷ്യപ്പെടാനൊരുങ്ങിയ മാഷിന്റെയും ടീച്ചറിന്റെയും മുന്നില്‍ ഞാന്‍ മടിച്ചുമടിച്ച് പൊതിയഴിച്ചു. എ. എസ്. മാതൃഭൂമിയില്‍ യയാതിക്ക് വേണ്ടി വരച്ച ചിത്രം വലുതാക്കി ഒരു ക്യാന്‍വാസില്‍ ഞാന്‍ തീര്‍ത്ത പകര്‍പ്പായിരുന്നു അത്. എത്രയോ നാളുകള്‍ ആ വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് ആ ചിത്രം തൂങ്ങിക്കിടന്നു. പിന്നീട് മാഷുടെ വീട് ഇരുനിലയാക്കിയുയര്‍ത്തി ആകമാനം പരിഷ്കരിച്ചെങ്കിലും എടുത്തുമാറ്റാതെ, അപ്പോഴേക്കും എനിക്ക് തന്നെ അപകര്‍ഷത തോന്നിക്കുന്ന അമെച്വറായ ആ ചിത്രം അവിടെ തന്നെ മാഷ്‌ തൂക്കിയിട്ടു.

ഇപ്പോഴും അത് അവിടെത്തന്നെയുണ്ടോ? സാധ്യതയില്ല.ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഏറ്റവും വിലകുറഞ്ഞ ക്യാന്‍വാസില്‍ വരച്ച, വളരെ നേരിയ ഫ്രെയിം മാത്രമുള്ള ആ ചിത്രം മാഷ്‌ ഹൃദയത്തോട് എത്ര ചേര്‍ത്തു പിടിച്ചാലും നില നില്‍ക്കാന്‍ സാധ്യതയില്ല. അതിനു പകരമായി മാഷ്ക്ക്, എനിക്ക് വരക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും മനോഹരമായ ചിത്രം സമ്മാനിക്കണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് തന്നെ എത്ര കാലമായി.
അല്ല, മാഷുടെ വീട്ടിലേക്കുള്ള വഴി ഇപ്പോള്‍ ഏതു ഭാഗത്ത് കൂടിയാണ്?

28 അഭിപ്രായങ്ങൾ:

 1. ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഏറ്റവും വിലകുറഞ്ഞ ക്യാന്‍വാസില്‍ വരച്ച, വളരെ നേരിയ ഫ്രെയിം മാത്രമുള്ള ആ ചിത്രം മാഷ്‌ ഹൃദയത്തോട് എത്ര ചേര്‍ത്തു പിടിച്ചാലും നില നില്‍ക്കാന്‍ സാധ്യതയില്ല. അതിനു പകരമായി മാഷ്ക്ക്, എനിക്ക് വരക്കാന്‍ കഴിയുന്നതില്‍ വച്ച് ഏറ്റവും മനോഹരമായ ചിത്രം സമ്മാനിക്കണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട് തന്നെ എത്ര കാലമായി.

  മറുപടിഇല്ലാതാക്കൂ
 2. നല്ല ഓര്‍മ്മകള്‍... അങ്ങനെ കുറെ പേരാണല്ലോ നമ്മളെ ഈ വിധത്തില്‍ ആക്കിതീര്‍ത്തത്‌... പിന്നെ ശാസിച്ചവരും അടിച്ചവരും പോലും നന്നാവണം എന്ന ഒരേ ഒരു point of view-വില്‍ നിന്ന് തന്നെ ആയിരിക്കും ചെയ്തിരിക്കുക, അതാണ്‌ എന്റെ കാഴ്ചപ്പാട്.പിന്നെ പുകവലിക്കാന്‍ സമ്മതിക്കുക എന്നത് ഒരു നല്ല പ്രവണത ആയി തോന്നിയില്ല. കുറഞ്ഞ പക്ഷം ആ പുക മറ്റുള്ളവരെയും ബുദ്ധിമുട്ടിക്കുന്നുണ്ടല്ലോ.ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. i always think of what Albert Einstein had famously said about Mahatma Gandhi, "Generations to come will scarce believe that such a one as this walked the earth in flesh and blood" when ever i think of pavithran mash.
  we, payyanur college, miss him a lot.
  he is now professor and head of the dept. of malayalam and kerala studies of calicut university!

  മറുപടിഇല്ലാതാക്കൂ
 4. എത്ര രസമാണ് സാറിന്റെ ഭാഷ.എന്തിനധികം ഒരു പവിത്രന്‍ മാഷ് തന്നെ തന്നില്ലേ ഒരായുസിലെ അധ്യാപകദിന,അല്ലാത്തദിന ചിന്തകളും...ട്രാക്കിറങ്ങിയോടിയ വണ്ടികളാണല്ലോ ഓര്‍മകള്‍ക്ക് അരങ്ങൊരുക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 5. പവിത്രന്‍ മാഷെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.ആ സൗഹൃദം അനുഭവിക്കാന്‍ കഴിയാത്തതിലുള്ള ദുഖം ഇപ്പോഴുമുണ്ട്. എന്റെ സുഹൃത്ത്‌ പ്രകാശന്‍ മണ്ടൂര്‍ ഒരു തവണ പറഞ്ഞത് ഓര്‍മ്മ വരുന്നു.പവിത്രന്‍ മാഷും ജോണ്‍സിമാഷും ഇല്ലാത്ത കോളേജ് സങ്കല്പിക്കാനേ വയ്യെന്ന്.

  മറുപടിഇല്ലാതാക്കൂ
 6. പവിത്രന്‍ മാഷിന്റെ സ്‌നേഹം അനുഭവിപ്പിക്കുന്ന എഴുത്ത്...
  ആശംസകള്‍...
  സ്നേഹപൂര്‍വ്വം
  ഷാജികുമാര്‍

  മറുപടിഇല്ലാതാക്കൂ
 7. പവിത്രന്‍ മാഷുടെ ശിഷ്യയാകാനുള്ള ഭാഗ്യം ഉണ്ടായില്ലെങ്കിലും, ആരെങ്കിലും പ്രിയപ്പെട്ട അധ്യാപകനെ കുറിച്ച് ചോദിച്ചാല്‍ ആദ്യം ഓര്‍മവരുന്നത് എന്നും മാഷുടെ മുഖമായിരിക്കും.

  മറുപടിഇല്ലാതാക്കൂ
 8. പ്രേംജീ, പവിത്രന്‍ മാഷെ പരിചയമില്ലെങ്കിലും ഫാറൂഖ്‌ കോളജില്‍ എനിക്കു കഠിനകൂട്ടായ കണ്ണൂര്‍ക്കാരന്‍ ബാലന്‍സാറിനെ മറക്കുന്നതെങ്ങനെ! 22 ദിവസം ബോധമറ്റുകിടന്ന മാഷെ കോ. മെഡി.കോളജ്‌ ആശുപത്രിയില്‍ പരിചരിക്കാനും സാധിച്ചല്ലോ... മനോഹരഭാഷയിലെഴുതിയെഴുതി ബ്ലോഗിനു പുറത്തുചാടി താങ്കള്‍ ഈ വിനീതവായനക്കാര്‍ക്ക്‌ അപ്രാപ്യനാവുമോ?

  മറുപടിഇല്ലാതാക്കൂ
 9. Fine! I DONT THINK ALL STUDENTS OF PAVITHRAN MASH WILL AGREE WITH PREMAN MASH. Still the memoir is a good tribute to a teacher of substance.Pavithran mash is a legend. He will never fit into our concept of a teacher. He is totally ego free. He mingles with anyone. He dissolves into any group without leaving any taint. He starts with a smile speaks of anything under the sun and the beholder is at a loss to reach at a conclusion whether this man is an expert in anthropology, history, cryptologist, astrologer , revolutionary or just a freak!But he continues to smile. Thanks Muralidharan R

  മറുപടിഇല്ലാതാക്കൂ
 10. എനിക്ക്‌ പവിത്രന്‍മാഷെ അറിയില്ല. എന്നെ പഠിപ്പിച്ചിട്ടുമില്ല. പക്ഷെ ഈ നല്ല കുറിപ്പ്‌ വായിച്ചപ്പോള്‍ എനിക്ക്‌ മാഷുടെ ക്ളാസ്സില്‍ ഇരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം തോന്നി.

  ഒരു സംശയം മാത്രം എന്താണ്‌ കൂടുതല്‍ നന്നായി തോന്നിയത്‌, മാഷോ അതോ മാഷെക്കുറിച്ചുള്ള എഴുത്തോ?

  മറുപടിഇല്ലാതാക്കൂ
 11. ഓറ്മകളിലേക്കു പ്രീഡിഗ്രിക്ലാസ്സിലെ തമ്പി മാഷെ കൊണ്ട്വന്നു ഈ ഓറ്മ്മചെപ്പ്...... വളരെ നന്നായി......
  പവിത്രന് മാഷെ പോലെ ഒരുപിടി കുട്ടികള്ക്കും ഒരു പ്രേമന് മാഷെ മധുരമുള്ള കുറെ ചിത്രങ്ങളായി മനസ്സില് നെയ്തിടാന് ഈ അധ്യാപനജീവിതത്തില് തന്നെ കഴിയട്ടെ എന്ന് ആശംസിക്കുന്നു
  സ്മിത അരവിന്ദ്

  മറുപടിഇല്ലാതാക്കൂ
 12. ഓർമ്മകൾ വായിച്ചു, നന്നായിട്ടുണ്ട്. പിന്നെ സമയം കിട്ടിയാൽ
  ഇവിടെ
  വന്ന് ഓർമ്മകൾ പങ്ക് വെക്കാം.

  മറുപടിഇല്ലാതാക്കൂ
 13. നന്ദി. പവിത്രന്‍ മാഷെ ഞാനും ഓര്‍ക്കാറുണ്ട,്‌ ഇടയ്‌ക്കിടെ. എന്റെ ജീവിതത്തിലെ മാഷുടെ സ്വാധീനമെന്താണെന്ന്‌ വിലയിരുത്താന്‍ ശ്രമിച്ചിട്ടുമുണ്ട്‌. വിദ്യാര്‍ത്ഥികളെ വ്യക്തിത്വം അംഗീകരിക്കാനും അവരെ കൂട്ടുകാരായോ തുല്യരായ മനുഷ്യരായോ കാണാനും നമുക്ക്‌ ഇന്ന്‌ കഴിയുന്നുണ്ടെങ്കില്‍ അതിന്‌ പവിത്രന്‍ മാഷല്ലാതെ വേറെയധികം മാതൃകകളൊന്നും നമുക്കില്ലല്ലോ. എന്നിട്ടും നമ്മളങ്ങോട്ടുള്ള വഴി മറന്നതെന്താ
  Kunhi

  മറുപടിഇല്ലാതാക്കൂ
 14. പ്രേമന്‍ മാഷ്‌!

  പവിത്രന്‍ മാഷെ പോല്‍

  അവനവനാത്മസുഖത്തിനായാചരിക്കുന്നവ
  അപരന്നു സുഖത്തിനായ് വരേണം

  എന്ന് ആശംസിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 15. പ്രേംജീ
  മാഷുടെ സാമീപ്യം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കുറച്ചു പേരുടെയെങ്കിലും ജീവിതവീക്ഷണം ഇപ്രകാരമാകുമായിരുന്നില്ല...
  നല്ല കുറിപ്പ്‌

  മറുപടിഇല്ലാതാക്കൂ
 16. a good teacher is not the one who satisfies the thirst of his students but the one who makes them thirsty!

  മറുപടിഇല്ലാതാക്കൂ
 17. thank u one and all...
  the making of a good teacher
  is an activity of his/her students...
  all of you have been working hard to make me to become one! thanks and remain...

  മറുപടിഇല്ലാതാക്കൂ
 18. നന്നായി എഴുതിയിരിക്കുന്നു !
  ഏതൊരു ടീച്ചറും വായിക്കാന്‍ ഇഷ്ടപ്പെടുന്ന വരികള്‍ !
  വായന ഒക്കെ അറിയാവുന്നവരെ കുറിച്ചാവുമ്പോള്‍ വായനക്ക് മധുരം ഏറുന്നു !
  -p@tteri

  മറുപടിഇല്ലാതാക്കൂ
 19. ഹൃദയസ്പര്‍ശി..ഒരു വാക്കില്‍ ഒതുക്കാനാവില്ല

  മറുപടിഇല്ലാതാക്കൂ
 20. ഹൃദ്യമായ ഭാഷ. ഒരു വായനയില്‍ തന്നെ മാഷെയും പവിത്രന്‍മാഷെയും കാണാം.

  മറുപടിഇല്ലാതാക്കൂ
 21. പവിത്രന്‍ മാഷെ വളരെ നന്നായി വരച്ചു കാണിച്ചു-പിന്നീടെന്തേ ഈയിടെയൊന്നും ആ വഴി പോകാതിരുന്നത്?

  മറുപടിഇല്ലാതാക്കൂ
 22. valare manoharam sarinte basha...pinne aa sunthara kalalaya ormakalum....chithalarikathe ennum undavatte aa ormakal.

  മറുപടിഇല്ലാതാക്കൂ
 23. mathirboomiyile blogana pagil ngan vaichirunnu sarint ee cheru katha.

  മറുപടിഇല്ലാതാക്കൂ
 24. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 25. പയ്യനൂര്‍ കോളേജില്‍ ഉണ്ടായിരുന്ന കാലത്ത്, വിശേഷിച്ചു മാഗസിനുമായി
  ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ കാലത്തുപോലും പ്രേമന്മാഷിനെപ്പോലെ പ്രദീപ്‌ കണ്ണംചെരിയെപ്പോലെ ആഴത്തിലുള്ള ഒരു ബന്ധം പവിത്രന്‍ മാഷുമായി ഉണ്ടാക്കാന്‍ അന്ന് എനിക്ക് സാധിച്ചിരുന്നില്ല. പലപ്പോഴും ഇവരൊക്കെ തമ്മില്‍ സംസാരിക്കുന്നത് പലതും എനിക്ക് മനസ്സിലായതുമില്ല. ഒരിക്കല്‍ മാഷോട് ഞാന്‍ അത് പറയുകയും ചെയ്തു. എം എന്‍ വിജയന്‍ മാഷിന്റെ ഒരു പുസ്തകത്തെ പ്രതിയായിരുന്നു അത്. അറിവിന്റെ , മനസ്സിലാക്കലിന്റെ ഒരു ഉയര്‍ന്ന പ്രതലത്തില്‍ ഇരുന്നാണ് നിങ്ങളെല്ലാവരും അന്ന് സംസാരിച്ചിരുന്നത്. അതൊക്കെയും മനസ്സിലാക്കാന്‍ ഞാന്‍ എന്നെങ്കിലും വളരുമെന്ന് സ്വപ്നം കണ്ടിരുന്നു. അത് നടന്നില്ല. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം പവിത്രന്‍ മാഷ്‌ എന്റെ അയല്‍പക്കത്തെ ഒരു കല്യാണത്തിന് സംബന്ധിച്ചപ്പോള്‍ ഉമ്മറത്തു എന്നെ കണ്ട് എന്റെ വീട്ടിലും കയറി. ഗള്‍ഫിലെ വരള്‍ച്ചയില്‍ നിന്നും അവധിക്കു വന്നതായിരുന്നു ഞാന്‍. ആ മനസ്സിന്റെ കുളിര്‍മ അപ്പോള്‍ എന്നെ പരവശനാക്കി. ആയിടെ പ്രിയനന്ദനന്റെ സിനിമയുമായി സഹകരിച്ച വിശേഷങ്ങളൊക്കെ മാഷ്‌ പറഞ്ഞു.
  ഇന്നിപ്പോള്‍ ഇതൊക്കെ വായിക്കുമ്പോള്‍ നഷ്ടങ്ങള്‍ എന്തോക്കെയായിരുന്നുവേന്നെങ്കിലും തിരിച്ചറിയാന്‍ കഴിയുന്നു

  മറുപടിഇല്ലാതാക്കൂ