2010, ഫെബ്രുവരി 20, ശനിയാഴ്‌ച

കവിയുടെ കാല്പാടുകള്‍

                                   പരിചിതമായ ചാരായശാലയില്‍
                                   നരകതീര്‍ത്ഥം പകര്‍ന്നു കൊടുക്കുന്ന
                                   പരിഷയോട് ഞാന്‍ ചോദിച്ചു,
                                   "ഇന്ന് ജോണിവിടെ വന്നുവോ?"

                                    പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു പരിചയം
                                    ഗ്ലാസ്സ് നീട്ടുന്നു
                                   " താനെവിടെയായിരുന്നിത്രനാളും കവേ?
                                   " ഇത് ചെകുത്താന്റെ രക്തം, കുടിക്കുക".
                                   "ഇവിടെയുണ്ടായിരുന്നു ജോണ്‍
                                    എപ്പോഴോ ഒരു ബൊഹീമിയന്‍ ഗാനം
                                    പകുതിയില്‍ പതറി നിര്‍ത്തി അവനിരങ്ങിപ്പോയി
                                    അവനു കാവലാളാര്? ഈ ഞങ്ങളോ?"

                                          ജലരഹിതമാം ചാരായം
                                          ഓര്‍ക്കാതെ ഒരു കവിള്‍മോന്തി.
                                          അന്നനാളത്തിലൂടെരിപൊരിക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി.
                                                                                   എവിടെ ജോണ്‍.
അനുഭവങ്ങളുടെ കരുത്താണ് എഴുത്തിന്റെ കാതല്‍ ( സ്നേഹവും?) എന്ന് സംശയമില്ലാതിരുന്ന ഒരു തലമുറയുടെ അവസാനത്തെ കണ്ണിയാകാം ബാലചന്ദ്രന്‍ ചുള്ളിക്കാട്. അനുഭവങ്ങളുടെ ഒരു വന്‍ കരയെത്തന്നെ  സാഹിത്യത്തിലേക്ക് കൊണ്ടുവന്നത്  ബഷീറായിരുന്നു  എന്ന് എം. എന്‍. വിജയന്‍ മാഷ്‌ നിരീക്ഷിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ തേടിയുള്ള യാത്രയായിരുന്നു അത്തരക്കാര്‍ക്കു ജീവിതത്തിലെ ഓരോ നിമിഷവും. 
അനുഭവങ്ങളുടെ മുള്‍മെത്തകള്‍ക്കു മുകളിലൂടെ നടക്കുക എന്നത്  പുതിയ കാലത്തിനു സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ശീതീകരിച്ച, സുഗന്ധപൂരിതമായ വാഹനങ്ങളില്‍, മുറികളില്‍ സഞ്ചരിച്ചും ഉണ്ടും ഉറങ്ങിയും കഴിയുമ്പോള്‍ ഇടയ്ക്ക് ഒരു ഷോക്ക് ചികിത്സപോലെ ചില അനുഭവകഥനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ഒരുകാലത്തിന്റെ ഉപ്പുപരലുകലുമായി  രുചിയില്‍ എത്തുമ്പോള്‍ നാം മുഖം കോട്ടുന്നു.പരിഹസിക്കുന്നു.  സാമ്പ്രദായിക ചിന്ത മലീമസമാക്കിയിട്ടില്ലാത്ത നവവും ഋജുവുമായ പരീക്ഷണങ്ങള്‍ക്കാക്കായി ഒരു തലമുറ തങ്ങളുടെ ജീവിതത്തെയാണ് അന്ന് വിട്ടുകൊടുത്തത്. പിന്നീട് കഥയായും കവിതയായും അനുഭവങ്ങളായും  അവ അച്ചടിച്ച്‌ വന്നപ്പോള്‍ മലയാളിയുടെ തനതു ഹിപ്പോക്രസി വച്ച് നമ്മള്‍ അവയെ വെറും ബഡായി എന്ന് ചിറികോട്ടി ചിരിച്ചു തള്ളി. ചുള്ളിക്കാടിന്റെ 'ചിദംബരസ്മരണ' യ്ക്കും ഈ ഗതി തന്നെയായിരുന്നു. അവയില്‍ എഴുതപ്പെട്ട സത്യത്തിന്റെ ചൂര് പിടിച്ചെടുക്കുവാനുള്ള ജന്തുസഹജമായ ഘ്രാണശക്തി ( കള്ളനാണയങ്ങള്‍ ക്കിടയില്‍ നിന്ന് എങ്ങിനെ യഥാര്‍ത്ഥ സാഹിത്യം തിരിച്ചറിയും എന്നതിന് ടോള്‍ സ്റ്റോയി   നല്‍കുന്ന ഉത്തരമാണിത് , എങ്ങിനെയാണോ മൃഗങ്ങള്‍ ആയിരക്കണക്കിന് വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് ആവശ്യമുള്ളത് മാത്രം സ്വാഭാവികമായി തിരെഞ്ഞെടുക്കുന്നത് അതുപോലെ യഥാര്‍ത്ഥ സാഹിത്യം തിരിച്ചറിയാന്‍ നമുക്ക് കഴിയും") നമ്മള്‍ക്ക് അപ്പോഴേക്കും കൈമോശം വന്നിരുന്നു. 

യൌവ്വനത്തെ അതിന്റെ എല്ലാ കരുത്തോടും അനുഭവിച്ച തലമുറകൂടിയായിരുന്നു അവരുടേത്. വിശ്വാസവും അതിന്റെ പേരിലുള്ള കലഹങ്ങളും അലഞ്ഞുതിരിയലും പട്ടിണിയും അവര്‍ക്ക് കൂടുതല്‍  കരുത്തു പകര്‍ന്നിട്ടെയുള്ളൂ. അവരുടെ ഓര്‍മ്മകള്‍ പോലെത്തന്നെയാണ് അവര്‍ അലഞ്ഞ ജനപഥങ്ങള്‍ അവരെക്കുറിച്ച് ഈട്ടം കൂട്ടിയിട്ടുള്ള കഥകളും. ബാലചന്ദ്രന്‍ 'ചിദംബര സ്മരണകളില്‍' ഇറക്കി വെക്കുന്നത് ഒരുകാലം നടന്നു തീര്‍ത്ത വഴികളില്‍ ഉരുകിവീണ വിയര്‍പ്പിനെക്കുറിച്ചും കണ്ണീരിനെക്കുറിച്ചും അപമാനങ്ങളെക്കുറിച്ചും ആണ്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിരല്‍ സ്പര്‍ശം നീണ്ടുചെന്ന ദുരിതക്കയങ്ങള്‍ ഒട്ടൊന്നുമല്ല അതിലുള്ളത്. ചിദംബര സ്മരണ ഖണ്ഡശ  പ്രസിദ്ധീകരിച്ചു വരുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നത് ഒരിക്കല്‍ അതില്‍ പരിവേഷങ്ങളൊന്നുമില്ലാതെ തോമാച്ചനും കയറി വരും എന്നാണ്‌. 
ബാലചന്ദ്രനുമൊത്തുള്ള തന്റെ ഹൃദയസ്പര്‍ശിയായ അനുഭവം അവന്‍ അത്ര  ആവേശത്തോടെയാണ് എന്നോട് വിവരിച്ചത്. 'ചിദംബര സ്മരണയിലെ' അനുഭവകഥകളെ അവിശ്വസിക്കാതിരിക്കാന്‍ എനിക്ക് തുണയായതും തോമാച്ചന്‍ പറഞ്ഞ ആ കഥയുടെ ചൂടും ചൂരും തന്നെയാണ്. മാത്രമല്ല അവന്‍ പറയുമ്പോള്‍ ബാലചന്ദ്രനിലെന്നത് പോലെ അതിനു കഥയുടെ ചാരുത തെല്ലും കൈവരുന്നുമില്ല. 'ചിദംബര സ്മരണ'യിലേതുപോലെ പരിണാമഗുപ്തിയൊന്നുമില്ലാതെ വഴിയില്‍ അത് അവസാനിക്കുകയും ചെയ്യും.

കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമായ കുടിയാന്മലയിലെ  ചാരായ ഷാപ്പിലെ മാനേജരും പ്രധാന എടുത്തുകൊടുപ്പുകാരനുമായിരുന്നു തോമാച്ചന്‍. സഹൃദയന്‍. നാട്ടിലെ പ്രധാനി.

അന്നും പതിവുപോലെ തോമാച്ചന്‍ രാവിലെ തന്നെ ഷാപ്പ്‌ തുറന്നു. രാവിലെയെത്തുന്ന ഒന്ന് രണ്ടു പതിവുകാരുണ്ട്. പുലര്‍ച്ചയ്ക്ക് തന്നെ ഒരു ഇരുനൂരെങ്കിലും അടിച്ചില്ലെങ്കില്‍ അന്ന് ഒന്നും നേരെയാകില്ല എന്ന് വിചാരിക്കുന്ന രണ്ടു ബ്രാൻറ് കുടിയന്മാര്‍. എപ്പോഴും നല്ല കൈനീട്ടം. അവരുടെ നാമം വാഴ്ത്തപ്പെടട്ടെ. തോമാച്ചന്‍ അടിച്ചു തളിച്ച് വിളക്ക് കൊളുത്തുമ്പോഴേക്കും ഒരാള്‍ റെഡി.
"തോമാച്ചാ, ഒരു ഇരുനൂറിങ്ങെടുത്തേ.."
തോമാച്ചന്‍ കര്‍ത്താവിനെയോര്‍ത്തു അന്നത്തെ ആദ്യത്തെ ഇരുനൂറ്‌ ഒഴിച്ചു. ഗ്ലാസും സോഡയും നീക്കിവെച്ചു തൊടാന്‍ വല്ലതും എടുക്കണോ എന്ന് ചോദിക്കാനായുമ്പോഴേക്കും പുറത്തു നിന്ന് അടുത്ത വിളി പൊങ്ങി.
"തോമാച്ചാ, എനിക്കും ഒരു ഇരുനൂറെടുക്കൂ..."
പുറത്തുനിന്നും ഉള്ളിലേക്ക് പ്രവേശിച്ച രൂപത്തെ അതിശയത്തോടെ തോമാച്ചന്‍ വീണ്ടും വീണ്ടും നോക്കി.

താന്‍ ഷാപ്പ്‌ തുറക്കുന്നതിനു മുമ്പുതന്നെ പുറത്തു പമ്മി നില്‍ക്കുന്നതായി കണ്ട രൂപത്തെ തോമാച്ചന്‍ ഇപ്പോഴാണ് ശരിക്കും ശ്രദ്ധിച്ചത്. മുടിയും താടിയും കാടുപോലെ വളര്‍ന്നു ജഡപിടിച്ചിരിക്കുന്നു. മുഷിഞ്ഞു നാറിയ കുപ്പായവും നിലത്തിഴയുന്ന ചെളിപിടിച്ച മുണ്ടും. തോളില്‍ മുഷിഞ്ഞ ഒരു തുണി സഞ്ചി. കരഞ്ഞെന്നവണ്ണം കലങ്ങിയ കണ്ണുകള്‍. മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ മൂക്കിള മീശയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു. എത്രയോ ദിവസമായി വെള്ളം കണ്ടിട്ട് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാകും. ആഹാരമില്ലാതെ ദിവസങ്ങള്‍ എത്രയോ കഴിച്ചുകൂട്ടിയതിന്റെ ക്ഷീണം മുഖത്തുനിന്നും തൊട്ടെടുക്കാം. ഒരു യാചകനെക്കാള്‍  ദയനീയനായി തന്റെ നേര്‍ക്ക്‌ നടന്നു വരുന്ന രൂപത്തെ തോമാച്ചന്‍ അത്ഭുതത്തോടെ നോക്കിനിന്നു.
ആരാണിത്... എന്നെ എങ്ങിനെ പരിചയം... എവിടെവെച്ച്.... എപ്പോള്‍ ..
തോമാച്ചന്‍ ഓര്‍മയുടെ അരികുകളിലും മടക്കുകളിലും എല്ലാം വീണ്ടും വീണ്ടും തപ്പി നോക്കി. ഇല്ല തെളിയുന്നില്ല.. ആരാണിയാള്‍? അതിരാവിലെ ചാരയഷാപ്പിലെത്തുന്ന ഞാനറിയാത്ത ആരാണ് ഈ പ്രദേശത്ത്‌?
"തോമാച്ചാ, എനിക്കും ഒരു ഇരുനൂറെടുക്കൂ..."

അപ്പോഴേക്കും കൌണ്ടറിനു മുന്നിലെത്തിയ അയാള്‍ ശാന്തമായി ഒന്നുകൂടി ആവര്‍ത്തിച്ചു. സൌമ്യമെങ്കിലും പരുക്കനായ ആ ശബ്ദവും തോമാച്ചന്റെ ഹൃദയത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നതെങ്കിലും പിടിതരാതെ ലഹരിയിലെന്നവണ്ണം വേച്ചുകളിക്കുന്നു. ഇതിനിടയില്‍ ചാരായം പകരലും മറ്റു അനുസാരികള്‍ നിരത്തലും എല്ലാം തോമാച്ചന്‍ നിര്‍വഹിച്ചിരുന്നു. നരകതീര്‍ത്ഥത്തിന്റെ പാനോപചാരത്തില്‍ മുഴുകിയ ആഗതന്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. ഒടുവില്‍ ഷാപ്പില്‍ നിന്നും അയാള്‍ പുറത്തിറങ്ങും വരെ തോമാച്ചന്‍ തന്റെ ഏനക്കേടും കൊണ്ടു വെരുകിനെപ്പോലെ പൊറുതിമുട്ടി. നിരത്തിന്റെ അങ്ങേ ചെരുവില്‍ അപ്രത്യക്ഷമാകും വരെ തോമാച്ചന്‍ അയാളെത്തന്നെ നോക്കിനിന്നു. 

വഴിയില്‍ വേര്‍പിരിഞ്ഞു പോയ എന്തോ ഒന്നിന്റെ നഷ്ടത്താലെന്നവണ്ണം ഒരെത്തും പിടിയും കിട്ടാതെ, എടുത്താല്‍ ഒന്നും കയ്യില്‍ കിട്ടാതെ ആലോസരപ്പെടുന്നതിനിടയില്‍ ഒരു മിന്നായം പോലെ മനസ്സില്‍ തെളിഞ്ഞു; ബാലചന്ദ്രന്‍ ചുള്ളിക്കാട്!!... അതെ... അത് ചുള്ളിക്കാട് തന്നെ!! പിന്നെ ഷാപ്പും തുറന്നിട്ട്‌ ഒരോട്ടമായിരുന്നു. ബസ് സ്റ്റോപ്പിലേക്ക്  .. പ്രതീക്ഷ തെറ്റിയില്ല. കുനിഞ്ഞ മുഖവുമായി കവി ബസ് സ്റ്റോപ്പില്‍ ഒരു കടയുടെ തിണ്ണയില്‍ ഇരിക്കുന്നു. 
"നിങ്ങ കവിയല്ലേ.. ബാലചന്ദ്രന്‍ ചുള്ളിക്കാട്?"
കവി മുഖമുയര്‍ത്തി നോക്കി. ചാരായ ശാലയില്‍ നരകതീര്‍ത്ഥം പകുര്‍ന്നു തന്ന തോമാച്ചന്‍. അതെ എന്ന് കവി തലയാട്ടി.
"നിങ്ങ ഇപ്പൊ എന്റെ കൂടെ വരണം. വൈന്നേരം  ഞാന്‍ വേണെങ്കി വണ്ടി കേറ്റി വിട്ടേക്കാം."

തോമാച്ചന്റെ നിര്‍ബന്ധത്തിനു വഴങ്ങുക മാത്രമായിരുന്നു കവിക്കുള്ള ഏക വഴി. തളര്‍ന്നു അവശനായ കവിയുടെ കൈപിടിച്ച് തോമാച്ചന്‍ അങ്ങാടിയിലൂടെ നടന്നു.
                    'അധികനേരമായ്‌ സന്ദര്‍ശകര്‍ക്കുള്ള
                    മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം
                    ജനലിനപ്പുറം ജീവിതം പോലെ ഈ
                   പകല്‍ വെളിച്ചം പൊളിഞ്ഞു പോയെങ്കിലും
                   ചില നിമിഷത്തില്‍ ഏകാകിയാം പ്രാണന്‍
                   അലയുമാര്‍ത്തനായ്‌ ഭൂതായനങ്ങളില്‍.. '
തന്റെ ചേട്ടന്‍, പ്രിയപ്പെട്ട ബേബിച്ചായന്‍  തൊണ്ട പൊട്ടുമാറുറക്കെ ചൊല്ലുന്ന വരികള്‍ എഴുതിയ കവിയാണ്‌ ഇപ്പോള്‍ തന്റെ കൂടെ. വിപ്ലവ പ്രസ്ഥാനങ്ങളുടെ സഹചാരിയായിരുന്ന ബേബിച്ചായനു പക്ഷെ പ്രിയം മറ്റൊരു കവിതയോടായിരുന്നു. തോമാച്ചന്റെ മനസ്സില്‍ അപ്പോള്‍ മുഴങ്ങി കൊണ്ടിരുന്നത്  'മാപ്പുസാക്ഷി'യാണ്.
                   "ജോസഫ്,
                   ഓരോര്‍മ്മതന്‍ ക്രൂരമാം സൗഹൃദം.
                   ശ്വാസനാളം കീറുമന്ധവേഗങ്ങളില്‍ 
                   കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളില്‍
                   നിന്റെ നക്ഷത്രമുദിക്കുന്നു പിന്നെയും." 

വഴിനീളെ കവി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു.

ഷാപ്പിനു പിന്നിലെ തന്റെ സ്പെഷല്‍ വിശ്രമ മുറിയില്‍ ഭക്ഷണമടക്കം  എല്ലാ സൌകര്യങ്ങളും ഒരുക്കി കവിയെ തോമാച്ചന്‍ അവിടെയാക്കി. ഒപ്പം ശുദ്ധമായ അരക്കുപ്പി ചാരായവും.
"ഞാന്‍ എടയ്ക്കു വരാം. എന്തായാലും വൈന്നേരം വരെ ഈടെ വിശ്രമിക്കാം. എന്താ വേണ്ടെതെന്ന് വെച്ചാല്‍ എന്നോട് ചോദിക്കണം."
തോമാച്ചന്റെ സ്നേഹപ്രകടനം കണ്ട കവി പൊട്ടിപ്പോയി. പിന്നെ ഒരു നിലവിളിയായിരുന്നു. "എന്റെ വലം കൈ പോയെടാ.. എന്റെ വലം കൈ പോയി.. എന്റെ ജോണ്‍ പോയി.. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അവനെ കൊന്നു..."
കുറച്ചു ദിവസം മുമ്പ് പ്രശസ്ത ചലച്ചിത്ര സംവിധായകനായ ജോണ്‍ എബ്രഹാം കോഴിക്കോട് വെച്ച്  ഒരു ലോഡ്ജിനു മുകളില്‍ നിന്നു വീണുമരിച്ച വാര്‍ത്ത പത്രത്തില്‍ കണ്ടത് തോമാച്ചന്‍ ഓര്‍ത്തു.  കവിയുടെ കരച്ചിലിന്റെ രഹസ്യം ഇപ്പോഴാണ് തോമാച്ചന് മനസ്സിലായത്‌.   

വൈകുന്നെരമായപ്പോഴേക്കും തോമാച്ചന്റെ അടുത്ത ഒന്ന് രണ്ടു കൂട്ടുകാരും എത്തിച്ചേര്‍ന്നു. പിന്നെ ആഘോഷമായി കവിയെ കുളിപ്പിച്ച്, മുടിയും താടിയുമെല്ലാം വെട്ടി ഒതുക്കി, നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച്  ആളെ ഒരു മനുഷ്യക്കോലത്തിലാക്കി. ഷാപ്പില്‍ തത്കാലം വേറെ ഒരാളെ ആക്കി തോമാച്ചന്‍ കവിയെ നാടുകാണിക്കാന്‍ കൊണ്ടുപോയി. അതിനിടയില്‍ കവിയെ കുടിയാന്മല അങ്ങാടിയില്‍ പരിചയപ്പെടുത്തി. വലിയ പേരുകാരനായ ഒരാള്‍ തന്റെ ഒപ്പം നടക്കുന്നതിന്റെ ഗമ തോമാച്ചന്‍ രഹസ്യമായി ഉള്ളില്‍ അനുഭവിച്ചു. കുന്നിന്‍ മുകളിലും പുഴയോരാത്തും പറങ്കി മാവിന്‍ തോട്ടത്തിലുമെല്ലാം രാത്രിവരെ കവിയും കൊണ്ട് അലഞ്ഞുതിരിഞ്ഞു. 

അന്നുമുതല്‍ അങ്ങാടിയിലെ ഏതു കടയില്‍ നിന്നും കവിക്ക്‌ ബീടിയോ സിഗരറ്റോ എന്തുവേണമെങ്കിലും വാങ്ങാം. ആരും കാശ് വാങ്ങില്ല എന്നായി. എല്ലാം തോമാച്ചന്റെ ശട്ടംകെട്ടല്‍.

എന്നും രാവിലെ കുളിച്ചു വൃത്തിയായി കവി ഗ്രാമത്തിന്റെ വഴികളിലൂടെ, പുഴക്കരയിലൂടെ പ്രകൃതിയെ അറിഞ്ഞു കൊണ്ട് നടന്നു. വൃത്തിയുള്ള തുണിസഞ്ചിയില്‍ എഴുതാനുള്ള പേപ്പറുകളും അരക്കുപ്പി ചാരായവും തോമാച്ചന്‍ സംഭരിച്ചു വെച്ചിരിക്കും. തോമാച്ചന്റെ അടുത്ത സുഹൃത്തായ കവി വന്നത് അപ്പോഴേക്കും ആ കുഗ്രാമത്തില്‍ വലിയ സംഭവമായി മാറിയിരുന്നു. കവിതയെഴുത്തിന്റെ  സര്‍ഗാത്മകമല്ലാത്ത ഒരു വശം അന്നാണ് തോമാച്ചന് മനസ്സിലായത്‌.  രാത്രിയില്‍ താന്‍ അന്ന് കുറിച്ചിട്ട വരികള്‍ കവി തോമാച്ചനെ ഏല്‍പ്പിക്കും. എന്നിട്ട് അതിനെ വാക്കുകളായി മുറിക്കാന്‍ പറയും. പിന്നെയാണ് പ്രശ്നം. അതില്‍ തനിക്കു തീരെ മോശമെന്ന് തോന്നുന്ന പദങ്ങള്‍ വെട്ടാന്‍ കവി ആവശ്യപ്പെടും. 'എന്റീശോയേ..ഞാന്‍ നോക്കുമ്പം നല്ല കലക്കന്‍ വാക്കുകളാ എല്ലാം.ഇതിലേതു വെട്ടാനാണ് ഞാന്‍ പറയുക'. പിന്നെ കവിതന്നെ അതിലെ വാക്കുകളുടെ ഓരോ പ്രശ്നവും പറഞ്ഞു ഓരോന്നായി വെട്ടും. ചിലപ്പോള്‍ കവിത മുഴുവനും.

അങ്ങിനെ സ്വപ്ന സമാനമായ നാലോ അഞ്ചോ ദിവസങ്ങള്‍. തന്റെ ചേട്ടന്‍ ബേബിച്ചായന്‍ അപ്പോള്‍ മറ്റെന്തോ ആവശ്യത്തിനു ദൂരെയെവിടെയോ പോയാരുന്നു. ബേബിച്ചായന്‍ വന്നിട്ട് വേണം ഒന്ന് ഞെട്ടിക്കാന്‍. ആരാധിക്കുന്ന കവിയിതാ മുമ്പില്‍. കഴിഞ്ഞ നാലഞ്ച് ദിവസമായി എന്റെ മാത്രം അതിഥി.

ആറാം ദിനവും രാവിലെ പതിവുപോലെ കവി സഞ്ചിയില്‍ പേപ്പറുകളും ചാരായവുമായി പുഴയോരത്തെക്ക് പോയി. വൈകുന്നേരം വരേണ്ട സമയമായിട്ടും അന്ന് കവി തിരിച്ചെത്തിയിട്ടില്ല. തോമാച്ചന് ആകെ പരിഭ്രമമായി. അദ്ദേഹത്തിനു വല്ലതും സംഭവിച്ചു കാണുമോ? എവിടെയെങ്കിലും വീണോ മറ്റോ കിടക്കുന്നുണ്ടാവുമോ? തോമ്മാച്ചന്‍ സുഹൃത്തുക്കളുമായി കവി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരക്കി. കുന്നും മലയും കയറിയിറങ്ങി. പുഴയോരത്തും കശുമാവിന്‍ കാടുകളിലും അരിച്ചു പെറുക്കി. എവിടെയും ഇല്ല. എല്ലായിടത്തും ഇരുട്ടു പരന്നു.

തന്നോട് ഒന്നും പറയാതെ കവി പോകുമോ? ഇത്ര ദിവസം താന്‍ പോന്നു പോലെ നോക്കിയിട്ട്? പിന്നെ ഒന്നും ആലോചിച്ചില്ല. ജീപ്പ് വിളിച്ച് മുപ്പതു കിലോ മീറ്ററോളം ദൂരെയുള്ള തളിപ്പറമ്പ്  ടൌണ്‍ വരെ പോവുക തന്നെ. തളിപ്പറമ്പ്, പിന്നെ കണ്ണൂര്‍, പയ്യന്നൂര്‍... ആ രാത്രി മുഴുവന്‍ തോമാച്ചന്‍ കവിയെ തിരഞ്ഞു നടന്നു. എവിടെയും കവിയുടെ പൊടിപോലുമില്ല. നാളെ ചിലപ്പോള്‍  ബേബിച്ചായന്‍ വരും; തന്റെ പ്രിയ കവിയെ നേരില്‍ കാണാന്‍ കൊതിച്ച്...

എന്തുകൊണ്ടായിരിക്കും തന്നോട് ഒരു വാക്ക് പോലും പറയാതെ കവി അപ്രത്യക്ഷനായത്? അവന്റെ മനസ്സ് സങ്കടം കൊണ്ട് പൊട്ടിപ്പോയി. 'വിലാപത്തിന്‍ നദിപോലിരുണ്ടൊരപ്പാതയില്‍' രാത്രിയില്‍ അവനിരുന്നു ഉറക്കെ കരഞ്ഞു.    

2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

നന്മയുടെ മാമരങ്ങള്‍ ഇല്ലാതാകുമ്പോള്‍.


വീട്ടില്‍ നിന്നും രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട ആ പെണ്‍കുട്ടി പതിനൊന്നു മണിയായിട്ടും സ്കൂളിലെത്തിയില്ല. വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്നെ ചില ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നത് കൊണ്ട് അമ്മ അപ്പോഴക്കും സ്കൂളില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ്  അവള്‍ ക്ലാസിലില്ലെന്ന വിവരം അധ്യാപകരും അറിയുന്നത്. ഉടന്‍ അന്വേഷണമായി... വീട്ടില്‍ നിന്നും പുറപ്പെട്ട അവള്‍ പിന്നീട് എവിടെപ്പോയി? ക്ലാസ്സിലെ അവളുടെ അടുത്ത ഒന്നുരണ്ടു കൂട്ടുകാരികളെ വിളിപ്പിച്ചു. അവള്‍ വല്ലെടുത്തും പോകുമെന്ന സൂചന തന്നിരുന്നോ? അവള്‍ക്കു ആരെങ്കിലുമായി വല്ല അടുപ്പവും ഉണ്ടായിരുന്നോ? അവരും ആകെ പേടിച്ചു വിറച്ചു.അവരുടെ അറിവില്‍ അത്തരം ഒരു ബന്ധവും അവള്‍ക്കില്ല. മാത്രമല്ല അവള്‍ ആരുടേയും മുഖത്തു പോലും നോക്കുന്നത് കണ്ടിട്ടില്ല. അത്രയ്ക്ക് പാവമാണ് അവള്‍. ആകെ വേവലാതിയായി. അപ്പോഴേക്കും അവളുടെ വീട്ടില്‍ നിന്നും ഒരാള്‍ കാര്യങ്ങള്‍ തിരക്കാന്‍ സ്കൂളിലെത്തി.  പോലീസില്‍ പരാതിപ്പെടണോ? കമ്യൂണിറ്റി പോലീസില്‍ അറിയിക്കണോ? ആലോചനകള്‍ ത്വരിതഗതിയില്‍ നടക്കെ അവളുടെ വീട്ടില്‍ നിന്നും വീണ്ടുംഫോണ്‍ വന്നു. അവള്‍ തൊട്ടടുത്ത തറവാട് വീട്ടില്‍ ഉണ്ട്. സ്കൂളിലെക്കെന്നു പറഞ്ഞു ഇറങ്ങിയ അവള്‍ നേരെ ഇന്ന് അങ്ങോട്ടാണ് പോയത്.

അടുത്ത ദിവസം അച്ഛന്റെയും ഇളയമ്മയുടെയും കൂടെ സ്കൂളിലെത്തിയ അവളെ എന്താണ് ചെയ്യേണ്ടത് എന്ന് 'അവൈലബ്ള്‍ സീനിയേര്‍സ് ' കൂടിയാലോചിച്ചു. തറവാട്ടിലേക്കാണ് പോയത്‌ എന്നത് വീട്ടുകാരുടെ രക്ഷപ്പെടലായിരിക്കും. അവള്‍ മിക്കവാറും ആരുടെയെങ്കിലും കൂടെ പോയതായിരിക്കും. ഇനിയും അവളെ ക്ലാസിലിരുത്തിയാല്‍ മറ്റു കുട്ടികളെ കൂടി ഈ രോഗം ബാധിക്കും. അഭിപ്രായങ്ങള്‍ ഇത്തരത്തിലാണ് പോയത്. അവള്‍ അത്തരത്തില്‍ പെട്ട കുട്ടിയല്ലെന്നു ക്ലാസ് ടീച്ചര്‍ ആണയിട്ടു. എന്തായാലും വീട്ടുകാരെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കാന്‍ ക്ലാസ് ടീച്ചറടക്കം മൂന്നു നാലുപേരെ ചുമതലപ്പെടുത്തി. പേടിച്ചരണ്ട കണ്ണുകളോടെ അവള്‍ അധ്യാപകര്‍ക്കും ബന്ധുക്കള്‍ക്കും നടുവില്‍ തലതാഴ്ത്തി ഇരുന്നു. വൈകാരികമായി വല്ലാത്ത ഒരവസ്ഥയിലായിരുന്ന അച്ഛന്‍ കൈ മുഴുവന്‍ മൂടുന്ന അവളുടെ കുപ്പായത്തിന്റെ കൈ മുകളിലോട്ടു കയറ്റി. അവിടെ കൈത്തണ്ടയില്‍ വലിയൊരു ബാന്റേജ്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അവള്‍ ആളൊഴിഞ്ഞ തറവാട്ടു വീട്ടില്‍ ചെന്ന് കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ച് അവിടെക്കിടന്നു. ഭാഗ്യത്തിന് ഉച്ചകഴിഞ്ഞ് അതുവഴി വന്ന ആരോ കണ്ട് ആശുപത്രിയിലെത്തിച്ചത്  കൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടി. വഴിയരികില്‍ ചെരുപ്പ് വിറ്റ് ഉപജീവനം കഴിക്കുന്ന ആ മനുഷ്യന്‍  കുറച്ചൊന്നുമല്ല പൊട്ടിപ്പോയത്. അപമാനത്താലും കഠിനമായ മറ്റെന്തോ വ്യഥയാലും മകളും കണ്ണീരൊഴുക്കി കൊണ്ടേയിരുന്നു. ഒടുവില്‍ ചര്‍ച്ചകള്‍ക്കൊന്നും ഇടകൊടുക്കാതെ അവളെ ക്ലാസിലിരുത്താന്‍ തീരുമാനിച്ചു. എങ്കിലും കാതലായ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ആരും തയ്യാറായില്ല. എന്തിനാണ് അവളിതു ചെയ്തത്? എന്താണ് അവളെ ഈ പ്രായത്തില്‍ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നത്? അത് എങ്ങിനെ പരിഹരിക്കാന്‍ കഴിയും? അവളെ നല്ലൊരു സൈക്കോളജിസ്റ്റിനെയോ കൌണ്‍സിലരെയോ കാണിക്കണമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും അത്തരക്കാര്‍ സമീപത്തൊന്നുമില്ലെന്നും ഉള്ളവര്‍ യാതൊരു ഗൌരവവുമില്ലാതെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സൈക്കോളജിസ്റ്റുകളെ കുറിച്ച് അധ്യാപകര്‍ക്ക് ഇത്തരം ഒരഭിപ്രായം ഉണ്ടായതിനു പിന്നില്‍ ഒറ്റ കാര്യമേയുള്ളൂ; അവരുടെ പരിശീലങ്ങളില്‍ വന്ന സൈക്കോളജിസ്റ്റുകള്‍ വിളമ്പിയ വിഡ്ഢിത്തങ്ങള്‍മാത്രം.  

സ്കൂള്‍ അതിന്റെ ഓരോ നിശ്വാസത്തിലും ഇന്ന് ഒരു മനസ്ശാത്രജ്ഞനെ ആവശ്യപ്പെടുന്നുണ്ട്. അത് ക്ലിനിക്കല്‍  സൈക്കൊളജിസ്റ്റു വേണോ എം. എസ്. ഡബ്ള്യൂ കഴിഞ്ഞ സോഷ്യല്‍ വര്‍ക്കര്‍    വേണോ എന്നതെല്ലാം അവരു തമ്മിലുള്ള കടിപിടികള്‍ക്ക് വിടാം. രണ്ടായാലും അത് കുട്ടികളുടെ മനസ്സു ശരിയായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളാവണം എന്നേയുള്ളൂ. അധ്യാപക പരിശീലനങ്ങളില്‍ സ്ഥിരം വേഷക്കാരായ കേരളത്തിലെ ചില വിദഗ്ദ്ധ സൈക്കൊളജിസ്റ്റുകളുടെ ക്ലാസ്സുകളില്‍ ഇരിക്കേണ്ടി വന്നപ്പോഴൊക്കെ ഇതിനേക്കാള്‍ നന്നായി കുട്ടികളുടെ മനസ്സിനെ കണ്ടറിഞ്ഞത്‌ അധ്യാപകരാണല്ലോ എന്ന് തോന്നിയിട്ടുണ്ട്.

ഇപ്പോഴാണ് ഞാന്‍ എം. എന്‍. വിജയന്‍ മാഷെക്കുറിച്ച് ആലോചിക്കുന്നത്. പഠനകാലത്തും പിന്നീട് അധ്യാപനകാലത്തും മാനസികമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച എത്ര പേരുമായി 'കരുണ'യുടെ പടികള്‍ കയറിയിട്ടുണ്ട്. മാഷ്‌ അവര്‍ക്ക് കൊടുത്ത ആത്മവിശ്വാസം എത്ര വലുതായിരുന്നു. പില്‍ക്കാല ജീവിതത്തില്‍ വളരെ സമചിത്തതയോടെ തന്നെ അവര്‍ ഈ കാലഘട്ടത്തെ ഓര്‍ത്തെടുക്കാറുണ്ടായിരുന്നു. പലരും മാഷുമായി അവസാന കാലം വരെ അടുത്ത ബന്ധം പുലര്‍ത്തി. കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ വിജയന്‍ മാഷുടെ സ്ഥാനവും വലിപ്പവും അറിയുന്നവരല്ലായിരുന്നു അവരില്‍ പലരും. മാഷ്‌ എന്നിട്ടും അവരോരുത്തര്‍ക്കും മാതാപിതാക്കളൊപ്പം പ്രിയപ്പെട്ട ഒരാളായി. എന്തായിരുന്നു മാഷ്‌ പ്രയോഗിച്ച മരുന്നും മന്ത്രവും എന്ന് അക്കാലത്തും ഇന്നും അറിഞ്ഞുകൂടാ. പക്ഷെ അവരോടുള്ള സമീപനത്തില്‍ മാഷ്‌ സ്വീകരിച്ച ഒന്നുണ്ട്. ഒട്ടും കൈവിട്ടു പോകാതെ, അങ്ങേയറ്റം സ്നേഹത്തോടെയും വാത്സല്യത്തോടെയും അവരെ തന്റെ ഹൃദയത്തോട്  ചേര്‍ത്തു പിടിക്കുക എന്നതാണത്. പുതിയ കാലത്തെ നമ്മുടെ മനസ്ശാത്രജ്ഞന്മാര്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ നിന്നടക്കംനേടിയ ഉന്നതമായ എത്രയോ ബിരുദങ്ങളുണ്ടാകാം; ഡോക്ടറേറ്റും പോസ്റ്റുഡോക്ടറേറ്റും ഉണ്ടാകാം. എന്നാല്‍ അവര്‍ക്കില്ലാതെ പോകുന്നത് വിജയന്‍ മാഷെപ്പോലുള്ളവര്‍ തുറന്നിട്ട; ആര്‍ക്കും എപ്പോഴും കടന്നു വരാവുന്ന കരുണയുടെ വിശാലമായ വാതിലുകളാണ്.

കൌമാര മനശ്ശാസ്ത്രം , മാനെജുമെൻറ് സൈക്കോളജി എന്നിവയില്‍ കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ശരിയായ പരിശീലനം ലഭിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍. പഴയകാലത്ത് കുട്ടികള്‍ സമൂഹത്തിന്റെ ഭാഗം തന്നെയായിരുന്നു. അവരെ പഠിക്കാന്‍ മാത്രമുള്ള ഉപകരണങ്ങളായി ആരും കണ്ടിരുന്നില്ല. 'പ്ലാവില എടുക്കാന്‍ കഴിയുന്ന പ്രായത്തിലെ ഞങ്ങള്‍ അത് എടുത്തിരുന്നു' എന്ന് അമ്മ എന്റെ മകളെ ഓര്‍മിപ്പിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് അതാണ്‌. അതുകൊണ്ട് തന്നെ അവര്‍ക്ക് പൊതു സമൂഹത്തിലുള്ള പ്രശ്നങ്ങള്‍ക്കുപരിയായി മറ്റൊരു ലോകമോ പ്രശ്നപരിസരമോ ഉണ്ടായിരുന്നില്ല. ഏതു പരുക്കന്‍ പ്രതലത്തിലും ഉരയ്കാവുന്ന കാതലുള്ള മുട്ടികളായിരുന്നു അന്നത്തെ കുട്ടികള്‍. ആരും അവരെ തലയില്‍ വെച്ചാല്‍ പേനരിച്ചാലോ താഴെ വെച്ചാല്‍ ഉറുമ്പരിച്ചാലോ  എന്ന ഈരടിയില്‍ പാടിനീട്ടിയിട്ടില്ല. പട്ടിണിയുടെ തീയില്‍ മുളച്ച അവര്‍ക്ക് കൌമാരത്തിന്റെ വെയില്‍ ആലോസരമുണ്ടാക്കിയില്ല. പത്തും പതിനഞ്ചും വയസ്സാകുമ്പോഴേക്കും കുടുംബത്തിന്റെ ഉത്തരവാദിത്വത്തില്‍ അവരുടെ പങ്കും നിശ്ചയിക്കപ്പെട്ടിരുന്നു.

ദീര്‍ഘദീര്‍ഘമായ ഒരു വിദ്യാര്‍ഥി ജീവിതം മണ്ണില്‍ നിന്നും യാഥാർത്ഥ്യത്തില്‍ നിന്നും നമ്മുടെ കുട്ടികളെ ഏതോ ആകാശ ഗംഗയിലേക്ക് ഒഴുക്കിവിട്ടിരിക്കയാണിപ്പോള്‍. അവര്‍ ജീവിക്കുന്നത് ആധുനിക മാധ്യമങ്ങള്‍ ഒരുക്കിയ ഒരു അതീന്ദ്രിയ ലോകത്താണ്. അതിലൊന്നും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ,  ടെലിവിഷനും ഇന്റര്‍നെറ്റും മൊബൈലും ഐപ്പോഡും തീര്‍ക്കുന്ന ആ മെറ്റാ ലോകത്ത് വിഹരിക്കുമ്പോള്‍ തിരക്കുള്ള ബസ്സില്‍ നിന്നോ സഹപാഠിയില്‍ നിന്നോ അധ്യാപകരില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഒരു ചെറിയ കുത്ത്; ഊതി വീര്‍പ്പിച്ച സങ്കല്പ ലോകത്തിന്റെ കുമിള ആരെയും ഞെട്ടിപ്പിക്കുമാറ് പോട്ടിത്തെറിക്കുകയായി. ഇതൊന്നും  ഇല്ലാത്തവര്‍ അപകര്‍ഷതയുടെ ഇരുളില്‍ കറുത്തുപോകുകയും ചെയ്യും. ഇത്തരം സന്ദര്‍ഭത്തിലാണ് കുട്ടികളെ തിരിച്ചറിയുന്ന ഒരു സൈക്കോളജിസ്റ്റിന്റെ സേവനം സ്കൂളില്‍ ആവശ്യമായി വരുന്നത്. പുതിയ രീതിയില്‍ ഇത്തരം പ്രശ്നങ്ങളെ നോക്കിക്കാണുന്ന അധ്യാപകര്‍ സ്കൂളില്‍ ഉണ്ടായിരിക്കും. എങ്കിലും വാക്കിലും പ്രവൃത്തിയിലും പ്രാധാന്യം പഴയകാലത്ത് ജീവിച്ചവര്‍ക്കായിരിക്കും. അവര്‍ക്ക് ഇത് മനസ്സിലാകുക തന്നെ പ്രയാസം. ഒന്നോ രണ്ടോ ഉപദേശം, തത്വപ്രബോധനം ഇതില്‍ എല്ലാം തീരുമെന്നാണ് അവര്‍ വിചാരിക്കുന്നത്.

ഇവിടെനിന്നു രക്ഷപ്പെട്ടു ഒരു സൈക്കോളജിസ്റ്റിന്റെ സമീപത്തു കുട്ടികളെ എത്തിക്കാം എന്ന് വിചാരിക്കുമ്പോഴാണ് അവരുടെ പൊങ്ങച്ചങ്ങള്‍ ഇതിലും ഭീകരമാണെന്ന് മനസ്സിലാകുന്നത്‌. പലരുടെയും ശരീരഭാഷ പോലും ആധിപത്യത്തിന്റെ മസിലും മനസ്സും എടുത്തു പിടിച്ചതും കടുത്ത നിറം ചേര്‍ന്നതുമാണ്. പറച്ചിലും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യം ഇവരുടെ സര്‍വേ നമ്പറില്‍ നിന്നും ആളുകളെ ഓടിയോളിപ്പിക്കാന്‍ പോന്നതാണ്. ഇവര്‍ക്ക് മുന്നിലാണോ കുട്ടികള്‍ അവരുടെ ഉത്കണ്ഠകള്‍, വിഹ്വലതകള്‍, പരിഭ്രാന്തികള്‍, ഉപദ്രവങ്ങള്‍ മുതലായവ ഇറക്കിവെക്കേണ്ടത്? നാഡികളെ തളര്‍ത്താനും സംഘര്‍ഷം അകറ്റാനും ഉള്ള ചില മരുന്നുകള്‍ക്കപ്പുറം ഇവരുടെ ചികിത്സ മിക്കപ്പോഴും ശാശ്വതമായ പരിഹാരങ്ങളെ ലക്ഷ്യമിടാറില്ല. വെട്ടൊന്ന് മുറിരണ്ട് എന്ന പാരസറ്റമോള്‍  വിദ്യതന്നെയാണ്  മനസ്സിന്റെ ചികിത്സകര്‍ക്കുംപഥ്യം.

വിജയന്‍ മാഷ്‌ പിരിയുമ്പോള്‍ അന്ന് ബ്രണ്ണനിലെ അധ്യാപകനായിരുന്ന പ്രശസ്ത കഥാകൃത്ത് എന്‍. പ്രഭാകരന്‍, മാഷെ വിശേഷിപ്പിച്ചത് 'നന്മയുടെ മാമരം'എന്നാണ് . ശരിയാണ്; എം. എന്‍. വിജയന്‍ അക്ഷരാര്‍ത്ഥത്തില്‍ നന്മയുടെയും കരുണയുടെയും മാമരമായിരുന്നു,  ബ്രണ്ണനിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല മനസ്സിന്റെ നേരിയ ചരടുകള്‍ അതിലോലമായെങ്കിലും ആടിക്കളിച്ചുകൊണ്ടിരുന്ന മലബാറിലെ എല്ലാ മനുഷ്യര്‍ക്കും. അതുപോലെയൊന്നുമല്ലെങ്കിലും ഇന്നും നമ്മുടെ സ്കൂളുകളില്‍ വേണ്ടത്,  കരുണയുടെ ഉറവവറ്റാത്ത മനുസ്സുള്ള ഒന്നോ രണ്ടോ മുഖങ്ങളാണ്; അധ്യാപകരായാലും മനശ്ശാസ്ത്രജ്ഞന്മാരായാലും. പുതിയ കാലത്തിന്റെ പൊള്ളിക്കുന്ന വെയിലില്‍ നിന്നും ആശ്വാസത്തിന്റെ, സ്വാന്തനത്തിന്റെ  ചെറിയൊരു തണല്‍ നല്‍കുന്ന ഒരു മാവിന്‍ ചുവട്.

2010, ഫെബ്രുവരി 9, ചൊവ്വാഴ്ച

യാഹിയമാഷുടെ ആശുപത്രിയാത്ര.


വാല്വേഷന്‍ ക്യാമ്പുകള്‍ എന്റെ ചില  അധ്യാപക സുഹൃത്തുക്കള്‍ക്ക് സുഖചികിത്സയാണ്.  അടുത്ത ഒരുവര്‍ഷത്തെക്കുള്ള ഉര്‍ജ്ജം സംഭരിക്കലല്ല, ഒരു വര്‍ഷത്തെ കഠിന ജീവിതപ്രയാസങ്ങള്‍ ഇറക്കിവെക്കല്‍. നാട്ടിലെ മാന്യനായ അദ്ധ്യാപകന്‍ എന്ന ഇരുമ്പ് കവചവും വീട്ടിലെ ഉത്തരവാദിത്വം നിറഞ്ഞ, സ്നേഹനിധിയായ, കണ്‍കണ്ട ദൈവമായ എന്നൊക്കെയുള്ള പരിവേഷങ്ങളും കൊണ്ട് വശം കെട്ട് ആത്മഹത്യയുടെ വക്കിലെത്തിയ മാഷന്മാര്‍ക്കെ ഇത് മനസ്സിലാവൂ.  ഇവിടെ കിട്ടുന്ന ഒരു മാസമെങ്കില്‍ ഒരു മാസം അത് ആര്‍ഭാടമാക്കിയിട്ടു  തന്നെ കാര്യം. അതിനായുള്ള എന്ത് ത്യാഗവും ഇവരെ സംബന്ധിച്ചിടത്തോളം വെറും തൃണമാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ സുഹൃത്തുക്കള്‍ എല്ലായ്പ്പോഴും തിരഞ്ഞെടുക്കുക സ്കൂളിനടുത്തുനിന്നും വീട്ടിനടുത്തുനിന്നും പരമാവധി ദൂരെയുള്ള വാല്വേഷന്‍ സെന്ററുകളാണ്.

വാല്വേഷന്‍ ക്യാമ്പുകളിലെ സ്ഥിരം ഹീറോയാണ്  നമ്മുടെ യഹിയ മാഷ്‌. ( മാഷുടെ ആദ്യകാല വിക്രമങ്ങളെക്കുറിച്ചറിയാന്‍  ഇവിടെ ഞെക്കുക ) 'ചൊറയാനെങ്കില്‍ ചൊറ കച്ചറയാണെങ്കില്‍ കച്ചറ' എന്നതാണ് മൂപ്പരുടെ സ്റ്റൈൽ‍. പേപ്പറിന്റെ കെട്ട് എത്ര ചെറുതായാലും ശരി വലുതായാലും ശരി അര മുക്കാല്‍ മണിക്കൂറാകുമ്പോഴേക്കും അദ്ദേഹം കിട്ടിയ പേപ്പര്‍ ഒക്കെ നോക്കിത്തീര്‍ത്ത്  മറ്റുള്ളവരെ പുച്ഛഭാവത്തിലൊന്നു നോക്കി പിന്നില്‍ കൈയും കെട്ടി വരാന്തയിലൂടെ ഒരു നടപ്പുണ്ട്. ഒരിക്കല്‍, 'മാഷ്‌ സ്കൂളില്‍ നിന്നും കോമ്പോസിഷന്‍ നോക്കുമ്പോലെ, ചീര്‍പ്പില്‍ ചുവന്ന മഷിയും പുരട്ടി ഒറ്റ വലിയില്‍ നൂറു ചുവന്ന വരയിട്ടു  കാര്യം ഒതുക്കുന്നത് ശരിയല്ല' എന്ന് സൂചിപ്പിച്ച ചീഫിനെ മാഷും സംഘവും ചേര്‍ന്ന് വൈകുന്നേരം ഭീഷണിപ്പെടുത്തിയതോടെ അദ്ദേഹത്തിന്‍റെ നെഞ്ച് വിരിപ്പ് ഒന്നുകൂടെ കൂടിയിരുന്നു.

ഇവിടെ പരാമര്‍ശിക്കുന്ന സംഭവം കണ്ണൂര്‍ ചൊവ്വ വാല്വേഷന്‍ ക്യാമ്പിലാണ് നടക്കുന്നത്. കലശലായ ഒരു നടുവേദനയെത്തുടര്‍ന്ന് അക്കൊല്ലം എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുന്നേ മാഷ്‌ ലീവിലായിരുന്നു. മാഷുടെ അസാന്നിധ്യം ക്യാമ്പിന്റെ മൊത്തം നിറം കെടുത്തുമെന്നു ഉറപ്പുള്ള സംഘം എന്ത് ചെയ്യണമെന്നു പിടുത്തമില്ലാതെ കുറെ ദിവസം ചര്‍ച്ച നടത്തി. എങ്കിലും അടുത്ത ഒരു വര്‍ഷത്തിനു ശേഷമേ ഈ സുവര്‍ണാവസരം കൈവരൂ എന്ന പ്രായോഗികബുദ്ധി തന്നെ ഒടുവില്‍ വിജയിച്ചു. മാഷെ കണ്ണീരോടെ വിളിച്ചു യാത്രചോദിച്ച്  കോഴിക്കോട്ടെ  റെയില്‍വേ സ്റ്റേഷനിലെത്തിയ  സംഘം ഞെട്ടിത്തരിച്ചുപോയി. ഭാര്യാപിതാവ് തള്ളുന്ന വീല്‍ചെയറില്‍ അന്തസ്സോടെ ഇരുന്നു കണ്ണിറുക്കി ചിരിക്കുന്നു പഹയന്‍. സാമാന്യം തടിയുംവണ്ണവുമുള്ള പുള്ളിക്കാരനെ ഏറെനേരം തള്ളി നടന്ന ക്ഷീണം കാരണവരുടെ മുഖത്തു പ്രകടമായുണ്ട്. മാത്രമല്ല നടുവനക്കാന്‍ വയ്യാത്ത ഈ അവസ്ഥയില്‍ ഇങ്ങനെയൊരു യാത്രയും പുള്ളിക്കാരന് തീരെ പിടിച്ചമട്ടില്ല. ക്ഷീണവും പരിഭവവും ഇരുള് പിടിപ്പിച്ച മുഖത്തോടെ അദ്ദേഹം വീല്‍ചെയറിന്റെ പിടി സുഹൃത്തുക്കള്‍ക്ക് കൈമാറി. ബാറ്റന്‍  ഏറ്റുവാങ്ങിയ ചങ്ങായിമാര്‍ക്കു സന്തോഷം അടക്കാനായില്ല. 'സാറ് ഇനി ഒന്ന് കൊണ്ടും പേടിക്കേണ്ട. പൊന്നുപോലെ ഞങ്ങള്‍ നോക്കികൊള്ളാം. കുഴമ്പ് പുരട്ടലും ചൂടുവെള്ളം മുക്കിപ്പിടിക്കലും എല്ലാം ഇനി ഞങ്ങളുടെ ഡ്യൂട്ടിയാണ്. വരുമ്പോഴേക്കും യഹിയ മാഷുടെ നടുവേദന ഞങ്ങള്‍ പമ്പ കടത്തിയിരിക്കും' കോറസ് ഒന്നിച്ച്ആണയിട്ടു.

വെള്ളാട്ടത്തിന്റെ  പുറപ്പാട്  പോലെ, രണ്ടു പോരുടെ തോളില്‍ പിടിച്ച്, വമ്പിച്ച ഭാണ്ഡകെട്ടുകളോടെ പരിവാരസമേതം മാഷുടെ അവതാരം വീരരസത്തോടെ പ്രവേശിക്കുന്നത്  ട്രെയിനിലെ യാത്രക്കാര്‍ ഒട്ടൊരു അത്ഭുതത്തോടെ നോക്കിനിന്നു. ഒരു മൊത്തം സീറ്റിലെ യാത്രക്കാര്‍ ഈ വേഷത്തെ കണ്ടു ജീവനും കൊണ്ട് കഴിച്ചലായി. മാഷിനും സംഘത്തിനും ആവശ്യത്തിനു സ്ഥലമായി. ഒരുവിധം ഒപ്പിച്ചു ഇരുന്നതോടെ മാഷിന്റെ ഒച്ച പൊങ്ങി " എന്നാ ചീട്ടിടാന്‍ തുടങ്ങുകയല്ലേ?"

സ്കൂളിലെത്തിയ ഉടനെ സുഹൃത്തുക്കള്‍ മാഷിനു ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതരായി. കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച- എന്നുവെച്ചാല്‍ ആട്ടം കുറവുള്ള എന്നര്‍ത്ഥം- രണ്ടു ബെഞ്ചുകള്‍, തൊട്ടടുത്ത വീട്ടില്‍ യൂറോപ്യന്‍ ക്ലോസറ്റ് ഉപയോഗിക്കാനുള്ള അനുവാദം എന്നിവ എളുപ്പത്തില്‍ ഒപ്പിച്ചു. വാല്വേഷന്‍ ക്യാമ്പിലെ റൂമില്‍ മാഷെ ഒന്ന് പ്രദര്‍ശിപ്പിച്ച ശേഷം പേപ്പറുകള്‍ സുഹൃത്തുക്കള്‍ പങ്കിട്ടെടുത്തു നോക്കിത്തീര്‍ത്തു. വൈകുന്നേരത്തിനു മുന്നേ ചങ്ങായികളില്‍ ഒരുവന്‍ കണ്ണൂര്‍ നഗരത്തിലെ ചില പ്രധാന സിനിമാ തിയേറ്ററുകള്‍ നോക്കാന്‍ പോയിരുന്നു. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമ റിലീസായ ടാക്കീസിലെക്കുള്ള റൂട്ട് മാപ്പ് അടക്കം സംഘടിപ്പിച്ചാണ് പുള്ളി വന്നത്. സന്ധ്യയായതോടെ സിനിമക്ക് പോകാന്‍ തയ്യാറായ സുഹൃത്തുക്കള്‍ മാഷോട്  കാര്യം പറഞ്ഞു.
'ഞങ്ങള്‍ വരുന്നത് വരെ എഴുന്നെല്‍ക്കനോന്നും ശ്രമിച്ച് ഉരുണ്ടു വീഴരുത്''.
'അതെന്തു പണിയാണെടാ! ഞാന്‍ പിന്നെ എന്ത് കുന്തത്തിനാ കഷ്ടപ്പെട്ട് ഇവിടെ വരെ വന്നത്. ഇവിടെക്കിടന്നു കൊതുക് കടി കൊള്ളാനോ? ഞാനും വരുന്നു. നിങ്ങള്‍ എങ്ങിനെയെങ്കിലും എന്നെയും കൊണ്ട് പോയേ പറ്റൂ.'
പരസ്പരം മുഖത്ത് നോക്കി കൂട്ടുകാര്‍ അന്തം വിട്ടു നില്‍കെ, കിടന്ന കിടപ്പില്‍ തന്നെ കത്രിക പോലെ  കാലു വിടര്‍ത്തിവീശി മാഷ്‌ നടുവിന്റെ മെച്ചം പൊതു പ്രദര്‍ശനം നടത്തി. പിന്നെ രക്ഷയില്ലെന്നു സുഹൃത്തുക്കള്‍ക്ക് അറിയാവുന്നത് കൊണ്ട് അവര്‍ അടുത്തപടി ചെയ്യേണ്ടുന്ന കാര്യംആലോചിച്ചു.

ഒട്ടും കുലുക്കമില്ലാത്ത ബജാജ് ഓട്ടോറിക്ഷ വിളിക്കാം, പരമാവധി സ്കൂളിനോട് അടുപ്പിച്ചു നിര്‍ത്താം, ഡ്രൈവറോട് മെല്ലെ വിടാന്‍ പറയാം എന്നിത്യാതി തീരുമാനങ്ങള്‍ പെട്ടെന്ന് തന്നെ എടുക്കാന്‍ കഴിഞ്ഞു. 'സുഖമില്ലാത്ത ഒരാളുണ്ട് സ്കൂളില്‍, ഓട്ടോ ഒന്ന് സ്കൂളിനോട്  അടുപ്പിച് നിര്‍ത്തണം'  എന്നൊക്കെ താണുവീണു പറഞ്ഞപ്പോള്‍ വണ്ടിക്കാരന്‍ അലിഞ്ഞു. സ്കൂളിനോട് ചേര്‍ന്ന് തന്നെ വണ്ടി നിര്‍ത്തി. രണ്ടുപേരുടെ തോളില്‍ തൂങ്ങി മാഷ്‌ വീണ്ടും പുറപ്പെട്ടു. ഒട്ടോയിലേക്ക് ഒരുവിധം ഈ ശരീരത്തെ തള്ളി കയറ്റിയപ്പോള്‍ ഡ്രൈവര്‍ മനസ്സലിവോടെ ചോദിച്ചു,
"എന്നാ വിടുകയല്ലേ സാര്‍"
"നോക്കിയും കണ്ടും പോകണേ, തീരെ നടുവനക്കാന്‍ പറ്റാത്ത ആളാ... "
"ഹൈവേ കഴിയും വരെ പ്രശ്നമില്ല. ടൌണിലെത്തിയാല്‍ മുഴുവന്‍ ഘട്ടറാ...എങ്കിലും ശ്രദ്ധിക്കാം സാര്‍ " ഡ്രൈവറുടെ ശ്രദ്ധകണ്ട് സുഹൃത്തുക്കള്‍ മുഖത്തോട് മുഖംനോക്കി.
ഡ്രൈവര്‍ പരമാവധി ശ്രദ്ധിച്ച് ഒറ്റ കുഴിയിലും വണ്ടി ചാടിക്കാതെ വിദഗ്ദനായ അഭ്യാസിയെപ്പോലെ മെല്ലെ മുന്നോട്ടു നീങ്ങി.
നഗരത്തോട് അടുത്തപ്പോള്‍ ഡ്രൈവര്‍ തിരക്കി,  "ഏതു ആശുപത്രിയിലേക്കാണ് സാര്‍?"
"ആശുപത്രിയിലെക്കോ; വിടെടോ വണ്ടി അമ്പിളി ടാക്കീസിലേക്ക്  .." സംഘം ഒന്നടങ്കം ആര്‍ത്തുവിളിച്ചു.
തനിക്കു പറ്റിയ അബദ്ധം ഡ്രൈവര്‍ക്ക് അപ്പോഴാണ്‌ ബോധ്യപ്പെട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല, വണ്ടി പോയാലും വേണ്ടില്ല; പറശ്ശിനി മുത്തപ്പനാണെ, ഇവനെ ആശുപത്രിയിലെത്തിച്ചിട്ടു തന്നെ കാര്യം. ആദ്യത്തെ പടുകൂറ്റന്‍ ഘട്ടറിലേക്ക് തന്നെ വണ്ടി എടുത്തുതുള്ളി. നഗരത്തെ ആകമാനം ഞെട്ടിച്ചുകൊണ്ട് ഒപ്പം മാഷുടെ നിലവിളിയുംപൊന്തി.

2010, ഫെബ്രുവരി 3, ബുധനാഴ്‌ച

വളയുന്ന മോന്തായങ്ങള്‍ നിവര്‍ത്തുന്നതെങ്ങിനെ?

സ്കൂളുകള്‍ ഇന്ന് വിജ്ഞാന വിതരണ കേന്ദ്രങ്ങള്‍ മാത്രമല്ല. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന ഒട്ടേറെ വസ്തുതകള്‍ ഇതെഴുതിക്കഴിയുമ്പോഴേക്കും മനസ്സില്‍ നിറയുകയാണ് . ഒന്ന്. വിവരവിനിമയ സാങ്കേതിക വിദ്യ സാധ്യമാക്കിയ വിജ്ഞാനത്തിന്റെ വ്യാപനവും എളുപ്പം പ്രാപ്യമെന്ന അവസ്ഥയും. രണ്ട്, പുതിയകാലം ആവശ്യപ്പെടുന്ന ജ്ഞാനം വിനിമയം ചെയ്യുന്നതില്‍ സ്കൂളുകള്‍ക്കുള്ള ദൌര്‍ബല്യങ്ങള്‍. മൂന്നു, വിജ്ഞാനത്തിനു പുറത്ത് സ്കൂളുകള്‍ക്ക് മാത്രം സാധ്യമാക്കാവുന്ന ഒട്ടേറെ ശേഷികളുടെയും മനോഭാവങ്ങളുടെയും രൂപീകരണം. ഇത്തരം കാര്യങ്ങളെ അടുത്തുനിന്നു നോക്കിക്കാണാതെയും അഭിമുഖീകരിക്കാതെയും നമുക്ക് ഈ പ്രസ്ഥാനവുമായി ഏറെ മുന്നോട്ടു പോകാന്‍ കഴിയില്ല.

വിജ്ഞാനം നമ്മുടെ കൈ വിരല്‍ തുമ്പത്താണ് എന്നത് തീര്‍ത്തും ഉത്തരവാദിത്യരഹിതമായി എല്ലാ ഹെഡ് മാഷന്മാരും സാധാരണ മാഷന്മാരും എടുത്തു പ്രയോഗിക്കുന്ന ഒരടിയാണ്. ഇങ്ങനെ പ്രസ്താവിക്കുമ്പോള്‍തന്നെ  അത് സാധ്യമാക്കിയ സംവിധാനങ്ങളെക്കുറിച്ചും  അത് എങ്ങിനെയൊക്കെയാണ് പ്രാപ്യമാകുന്നത് എന്നതിനെക്കുറിച്ചും അവര്‍ വച്ച് പുലര്‍ത്തുന്ന അജ്ഞത നമ്മെ അമ്പരപ്പിക്കും. മാത്രമല്ല വിജ്ഞാനത്തിന്റെ ഈ പുതിയ പ്രവാഹത്തില്‍ നിന്ന് ഒരു കൈക്കുടന്ന വെള്ളം കോരിയെടുക്കാന്‍ വിദ്യാര്‍ഥികളെ എന്തെങ്കിലും വിധത്തില്‍ സഹായിക്കാന്‍ തനിക്കു കഴിയുമോ എന്ന ചിന്തയും ഇവരെ അല്പം പോലും അലട്ടാറില്ല. മറ്റെല്ലാത്തിലും എന്നപോലെ ഇതിലും അവിടെനിന്നും ഇവിടെനിന്നും കേട്ട ചില വിജ്ഞാന ശകലങ്ങള്‍ ആധികാരികമായി വിളമ്പുന്നു എന്നുമാത്രം.

കേരളത്തിലെ ഒട്ടുമിക്ക ഹൈസ്കൂളുകളും ഹയര്‍ സെക്കന്ററി സ്കൂളുകളായി ഉയര്‍ത്തപ്പെട്ടിരിക്കുന്ന സവിശേഷമായ സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കുന്നതിന് കൂടുതല്‍ സാംഗത്യം ഉണ്ടെന്നു തോന്നുന്നു. സ്കൂള്‍ ആത്യന്തികമായി കുട്ടിക്ക് എന്തൊക്കെ നല്‍കണം എന്ന് കൃത്യമായ കാഴ്ചപ്പാടില്ലാത്ത ഭരണാധികാരികളാണ് ഇന്ന് മിക്ക സ്കൂളുകളുടെയും തലപ്പത്ത് ഇരിക്കുന്നത്. കുട്ടികളുടെയും സ്കൂളിനെ നിലനിര്‍ത്തുന്ന പൊതു സമൂഹത്തിന്റെയും അവകാശങ്ങളെക്കുറിച്ച്, ഓരോകാലത്തും മാറി വരുന്ന പാഠ്യപദ്ധതി സമീപനങ്ങളെക്കുറിച്ച്, സ്കൂളില്‍ വിനിമയം ചെയ്യുന്ന ഓരോ വിഷയത്തിന്റെയും ജ്ഞാനതലങ്ങലെക്കുറിച്ച്, കുട്ടികളില്‍ ഓരോ കാലത്തും പാകി മുളപ്പിക്കേണ്ട മൂല്യങ്ങളെയും മനോഭാവങ്ങളെയും കുറിച്ച്  അവര്‍ വച്ച് പുലര്‍ത്തുന്ന അജ്ഞത അങ്ങേയറ്റം പരിതാപകരമാണ്. ഇത് സ്കൂളിലും കുട്ടികളിലും ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ഏറെയാണ്‌.  ഇതു എങ്ങിനെ പരിഹരിക്കും എന്നത് അഭിസംബോധന ചെയ്യാതെ, വീണ്ടും വീണ്ടും സ്കൂള്‍ പരിഷ്കരണത്തിനായി നമ്മള്‍ കോടികള്‍ തുലച്ചുകൊണ്ടിരിക്കുന്നത്, നികുതിയൊടുക്കുന്ന ഓരോ പൌരനോടും ഈ നാടിനോടും നാം ചെയ്യുന്ന കഠിനമായ വഞ്ചനയാണ്.

സ്വാതന്ത്ര്യത്തിലേക്ക് എളുപ്പ വഴിയില്ല എന്ന് പറഞ്ഞത്  പോലെ സ്കൂളുകള്‍ സമഗ്രമായി പരിഷ്കരിക്കുന്നതിനും എളുപ്പവഴികളൊന്നുമില്ല. അധ്യാപക ശാക്തീകരണം മാത്രമാണ് അതിന്റെ വഴി. അധ്യാപക പരിശീലനങ്ങളുടെ നിലവാരവും  ചര്‍ച്ച ചെയ്യേണ്ടത് തന്നെ. എന്നാല്‍ പരിശീലനത്തിന് അധ്യാപകരെ അയക്കാന്‍ പോലും വൈമുഖ്യമുള്ള ഹെഡ്ഡുമാരും പ്രിന്‍സിപ്പല്‍മാരും ആണ് ഉള്ളതെങ്കിലോ? ഒരു അദ്ധ്യാപകന്‍ പരിശീലനത്തിന് പോയില്ലെങ്കില്‍, അതൊരു നല്ല പരിശീലനമാണെങ്കില്‍ നഷ്ടം കുട്ടികള്‍ക്കാണെന്നു ചിന്തിക്കാന്‍ പോലും ഇവര്‍ തയാറാകുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ഗൌരവപൂര്‍വ്വം ആലോചിക്കേണ്ടത് സ്കൂള്‍ ഭരണ മേധാവി എന്നത് , നിശ്ചിത വയസ്സെത്തുമ്പോള്‍ ആര്‍ക്കും ലഭിക്കുന്ന ഒരു മധുരമുള്ള കേയ്ക്കായി ഇനിയും നിലനിര്‍ത്തണോ എന്നതാണ് . സ്കൂള്‍ അധ്യാപന കാലത്ത് ആകമാനം ഏറ്റവും നിരുത്തരവാദമായും വൃത്തികെട്ടനിലയിലും പെരുമാറിയ വിധ്വന്മാര്‍ക്ക് പോലും ഒരു ദിവസം താലത്തില്‍ വെച്ച് നീട്ടുന്ന പദവിയാണിത് എന്ന അവസ്ഥമാറിയേ കഴിയൂ.

സ്കൂളുകള്‍ ഇന്ന് അധ്യാപകനും വിദ്യാര്‍ഥികളും തമ്മില്‍ വിജ്ഞാനം കൈമാറ്റം ചെയ്യുന്ന ലളിതമായ ഒരാലയം മാത്രമല്ല. ഒരു കഷണം ചോക്കുകൊണ്ടും മഷി പുരളാത്ത നരച്ച ബോര്‍ഡു  കൊണ്ടും തീരുന്ന ഒരേര്‍പ്പാട് മാത്രവുമല്ല അത്. പരസ്പര ബന്ധത്തിന്റെയും  നാളെ കൈ മുതലാകേണ്ട ആത്മവിശ്വാസത്തിന്റെയും വിനിമയ പാഠത്തിന്റെയും വളര്‍ത്തുശാലയും  പ്രയോഗവേദിയും ആണത്.  ക്ലാസ് മുറിയിലും സ്കൂളിലും ലഭിക്കുന്ന ഓരോ അനുഭവവും വ്യക്തിത്വത്തിന്റെ രൂപീകരണത്തിലെ നിര്‍ണായക പടവുകള്‍ ആണ്. വാക്കിലും പ്രവൃത്തിയിലും അവര്‍ എല്ലായിടത്തുനിന്നും പ്രതീക്ഷിക്കുന്നത് ഉചിതമായ ജീവിത മാതൃകകളാണ്. അവരുടെ കാഴ്ചപ്പാടുകളുടെ ആകാശങ്ങളെ സൗന്ദര്യത്തിന്റെയും ഉദാത്തസ്നേഹത്തിന്റെയും ആദര്‍ശത്തിന്റെയും മഴവില്ലുകൊണ്ട് വിസ്മയിപ്പിക്കാന്‍ ഇന്നത്തെ നമ്മുടെ സ്കൂള്‍ അന്തരീക്ഷത്തില്‍ ആര്‍ക്കു കഴിയും? അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍, നേതൃത്വം നല്‍കാന്‍ നമ്മുടെ സ്കൂള്‍ ഭരണത്തലവന്മാര്‍ക്ക് കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ ആരെയാണ് സ്കൂളുകളില്‍ ഇതിനു ചുമതലപ്പെടുത്തിയിട്ടുള്ളത്?

സ്കൂളുകളുടെ ഭരണത്തലവന്മാര്‍ ശരിയായ കാഴ്ചപ്പാട് ഉള്ളവരാണെങ്കില്‍ തന്നെ ഇന്ന് പൊതുവിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന ഒട്ടേറെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ കഴിയും.  ഓരോ വിഷയവുമായും ബന്ധപ്പെട്ടു ഏറ്റവും ചുരുങ്ങിയത് ക്ലാസ്സില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍, അതിന്റെ വിനിമയ രീതികള്‍ ,വിത്യസ്ത വിഷയങ്ങളുടെ മൂല്യനിര്‍ണയ സമീപനം, വ്യത്യസ്ത ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു ഓരോ വിഷയത്തിന്റെയും സാധ്യതകള്‍ എന്നിവയെക്കുറിച്ച് ധാരണയുള്ള ഒരു ഭരണ മേധാവിക്ക് മാത്രമേ മികച്ച ഒരു അക്കാദമിക് നേതൃത്യ്വം സ്കൂളില്‍ നല്‍കാനാവൂ." ' ഈ മാസം സയന്‍സ് ക്ലബ്ബുമായി ബന്ധപ്പെട്ടു പരിപാടികളൊന്നും നടന്നില്ലല്ലോ മാഷേ, നമുക്ക്  ഒരു സി. ഡി. പ്രദര്‍ശനവും ചര്‍ച്ചയും വെച്ചാലോ?' ' മലയാളത്തില്‍ ഈ മാസമല്ലേ സാര്‍  നാടക ക്യാമ്പ് സംഘടിപ്പിക്കേണ്ടത്. അതിനു പി. റ്റി എ യോഗം വിളിക്കാനുള്ള സമയമായില്ലേ? ' " എന്ന് ഓര്‍മിപ്പിക്കുന്ന ഒരു മേലധികാരിയെക്കുറിച്ച് ആലോചിച്ചു നോക്കൂ.  അവിടെ ആര്‍ക്കു ഉഴാപ്പാനാവും; സ്വന്തം ചുമതലകള്‍ മറക്കാന്‍ കഴിയും?

അക്കാദമിക മോണിട്ടറിംഗ്  എന്ന ഒരു പരിപാടിയാണ് ഇന്ന് പോതുവിദ്യാലയങ്ങളില്‍ തീര്‍ത്തും നടക്കാത്തത്. അത് എന്താണ്, എങ്ങിനെ - എപ്പോള്‍ നടത്തും എന്നതിനെ സംബന്ധിച്ച യാതൊരു ധാരണയും വിധിവശാല്‍ മിക്ക ഹെഡ്ഡിനും പ്രിന്‍സിക്കും ഇല്ല. അതോകൊണ്ടുതന്നെ അങ്ങേയറ്റം ഭീകരമായ ക്ലാസ്സുകളെപ്പോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ സഹിക്കേണ്ടിവരുന്നു. അവരുടെ മണ്ടത്തരങ്ങള്‍, ക്രൂര പരിഹാസങ്ങള്‍ എന്നിവയുടെ ഇരകളായ കുട്ടികള്‍ക്ക് ഒന്ന് പരാതിപ്പെടാനോ ആശ്വാസം ലഭിക്കാനോ ഇന്ന് ഇടങ്ങളില്ല. ഹെഡ്മാസ്റര്‍ എന്ന ബിംബം തന്നെ വാര്‍ത്തെടുക്കപ്പെട്ടിട്ടുളളത് കാരിരുമ്പ് പരുവത്തിലുള്ള പരുക്കന്‍ ചേരുവകള്‍ കൊണ്ടാണ്. ഇവരെ അനുകരിച്ച്  ഹെഡ് മിസ്‌ട്രസ്  മാരും ആ ഷേപ്പിലേക്ക്  പരുവപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇവരുടെ ബ്രാന്‍ഡ് ഐക്കണ്‍ തന്നെ പിറകില്‍ ഒളിച്ചുപിടിച്ച ചൂരലും അകം തുളയ്കുന്ന നോട്ടവും ആണ്. കുട്ടികളുടെ  പ്രശ്നങ്ങളെ  മനശ്ശാസ്ത്രപരമായി  സമീപിക്കാന്‍ അധ്യാപകരെ ഉപദേശിക്കേണ്ട കക്ഷിയാണ്, ഒരു പുസ്തകമെടുക്കാന്‍ മറന്നു പോയതിന്, ഇടയില്‍ ഉച്ചത്തിലൊന്ന് സംസാരിച്ചതിന് അവരെ വെയിലത്ത് നിറുത്തി പോരിച്ചെടുക്കുന്നത്. അവര്‍ കണ്ടും കെട്ടും പഠിച്ചത് അതുമാത്രമാണല്ലോ! അക്കാദമിക മോണിട്ടരിംഗ് ആണ് സ്കൂള്‍ മേലധികാരിയുടെ പ്രഥമവും പ്രധാനവുമായ ചുമതലയെന്നു ക്ലാര്‍ക്കിനു സമീപമിരുന്നിരുന്നു അവര്‍മറന്നുപോയിരിക്കുകയാണ്. 


സ്കൂളിന്റെ സമഗ്രപുരോഗതിയെക്കുറിച്ച് ശരിയായ കാഴ്ചപ്പാടില്ലാത്ത  ഭരണ മേലധികാരിയുടെ നടപടികള്‍ സ്കൂളുകളുടെ അവസ്ഥയെ എത്രമാത്രം പിന്നോട്ടടിപ്പിക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്, കൊഴിഞ്ഞു പോക്കിന്റെ ശതമാനത്തിലുണ്ടാകുന്ന വര്‍ഷം പ്രതിയുള്ള വര്‍ധന. എന്താണ് ഈ പദവിയിലിരുന്നു തനിക്കു ചെയ്യാന്‍ കഴിയുക, അതിനു താന്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തണം എന്ന് ആലോചിക്കുന്നതിനു പകരം യാതൊരു കച്ചറയും കൂടാതെ തനിക്കു എങ്ങിനെ പെന്‍ഷന്‍ പറ്റാം എന്നതാണ് പലരുടെയും ചിന്താവിഷയം.
ഇന്ന് സ്കൂളുകള്‍ക്ക് മുട്ടില്ലാത്തത് കെട്ടിടങ്ങള്‍ക്കും മറ്റ് ഭൌതിക സംവിധാനങ്ങള്‍ക്കുമാണ്. എം. പി, എം. എല്‍. എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എസ്. എസ്. എ എന്നിവരൊക്കെ സ്കൂള്‍ അധികൃതര്‍ ഭൌതിക സംവിധാനങ്ങള്‍ക്ക്‌ ആവശ്യപ്പെടാത്തതിനു ഇങ്ങോട്ട് പേടിപ്പിക്കുകയാണിപ്പോള്‍. എന്നാല്‍ ഇവ ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കാന്‍ സ്കൂള്‍ അധികാരികള്‍ക്ക് താത്പര്യമില്ല. സ്കൂളിന്റെ സമഗ്രമായ പുരോഗതിയേക്കാള്‍ തത്കാലം പെന്‍ഷന്‍ ഉറപ്പിക്കട്ടെ. ഇതാണവരുടെ മനോഭാവം!

തന്റെ  സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാനും ചുമതലകള്‍ വിഭജിച്ച് കൊടുക്കാനും താത്പര്യമുള്ള എത്ര സ്കൂള്‍ മേലധികാരികളുണ്ട്?  തന്റെ സഹപ്രവത്തകര്‍ ചെയ്ത ഒരു നല്ല  കാര്യത്തെ സര്‍വാത്മനാ പിന്തുണക്കുകയും അവരെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്യാന്‍ ഇവരില്‍ എത്ര പേര്‍ തയ്യാറാകും. അങ്ങിനെ ചെയ്‌താല്‍ താന്‍ മോശക്കാരനായിപ്പോവുമെന്ന ഭയമില്ലത്തവര്‍ ആരുണ്ട്‌. സ്കൂളിലെത്തുന്ന രക്ഷകര്‍ത്താക്കളോടുള്ള നമ്മുടെ സ്കൂള്‍ തലവന്മാരുടെ പെരുമാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ. തന്റെ സ്ഥാപനത്തില്‍ അവര്‍ കുട്ടികളെ ചെര്‍ത്തതുകൊണ്ടാണ് താന്‍ മാസം പത്തിരുപതിനായിരം എണ്ണിവാങ്ങുന്നതെന്ന ചിന്ത അപ്പോള്‍ അവരുടെ സമീപത്തുകൂടെപ്പോലും പോകില്ല. ഇങ്ങോട്ട് വല്ല പരതിയുമായാണ് വന്നതെങ്കില്‍ ഇര കണ്ട കഴുകനെപ്പോലെ തലവനും ഉപതലവന്മാരും ചേര്‍ന്ന് ചാടിവീഴും, ഇവനെ കൊത്തിക്കീറിയിട്ടു തന്നെകാര്യം.

എന്തുകൊണ്ട്  ഇതെല്ലാം? നേരത്തെ പറഞ്ഞത് പോലെ, സ്കൂള്‍ മേധാവി എന്ന സ്ഥാനം വിദ്യാഭ്യാസമെന്ന പ്രക്രിയയോട് പോലും കമിറ്റഡല്ലാത്ത ഒരു വിഭാഗത്തിന്റെ കയ്യില്‍ ഒരു സുപ്രഭാതത്തില്‍ വന്നു ചേരുന്നതാണ് ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ കാരണം. നിശ്ചിതമായ ഒരു പ്രായമെത്തുമ്പോള്‍, സര്‍വീസ് പൂര്‍ത്തിയാവുമ്പോള്‍ ഒരവകാശമെന്നപോലെ ലഭിക്കുന്നതാണ് സ്ഥാപനമേധാവി എന്ന അവസ്ഥ മാറിയെ പറ്റൂ. ഇത് കേവലം ഫയലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരാപ്പീസ് അല്ല. ഒരു തലമുറയെ ആകെത്തന്നെ ഒരു രാഷ്ട്രത്തിന്റെ ഭൌതികവും  സാംസ്കാരികവുമായ ഉന്നമനത്തിനു വേണ്ടി പരുവപ്പെടുത്തെണ്ട വിളഭൂമിയാണ്. മണ്ണിനെയും വിളയെയേയും പരിചരണത്തെയും  നാളും തിഥിയും അനുസരിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന, മണ്ണിനെ കച്ചവടച്ചരക്കാക്കാന്‍ ഒരിക്കലും മനസ്സനുവദിക്കാത്ത തകഴിയുടെ 'കൃഷിക്കരനെ'പ്പോലെ തന്നെയാണ് ഒരു നല്ല പ്രധാനാധ്യാപകനും. അപ്പോള്‍ ആ സ്ഥാനത്തേക്ക് കയറിയിരിക്കാന്‍ വരുന്നത് ആരെന്നു നോക്കിയേ മതിയാവൂ. സര്‍വീസിന്റെ വയസ്സറിയിച്ച ആര്‍ക്കും ഇരിക്കാവുന്ന വഴിയിലെ സര്‍വേക്കല്ലാവരുത് ആ സീറ്റ്.


വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല ഉദ്യോഗസ്ഥരായി പകുതിപ്പേരെ നേരിട്ട് നിയമിക്കുന്ന രീതി ഉണ്ട്. സര്‍ക്കാര്‍ വകുപ്പുകളില്‍പ്പോലും സ്ഥാപന  മേധാവിയായി  വരുന്നത് പകുതിപ്പേരെങ്കിലും നേരിട്ടോ അഭിരുചി നിര്‍ണയിക്കപ്പെട്ടോ ആയിരിക്കും. മത്സരധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ കഴിവ് മാത്രമാണ് ഉയര്‍ച്ചകള്‍ക്ക്  അടിസ്ഥാനം. സ്കൂള്‍ മേധാവിയായി വരേണ്ടുന്നതും കഴിവും അഭിരുചിയും ഉള്ള ആളുകള്‍ തന്നെയാണ്. പ്രത്യേകിച്ചും അക്കാദമികതലത്തിലും  മാനേജ് മെന്റ്  തലത്തിലും ഒട്ടു വളരെ കാര്യങ്ങള്‍ ചെയ്യേണ്ടുന്ന പുതിയ സ്കൂള്‍ സാഹചര്യത്തില്‍. ഈ തലങ്ങളിലോക്കെ നടക്കുന്ന പരിശീലനങ്ങളില്‍ പങ്കെടുക്കയും തന്റെ അക്കാദമികവും ദാര്‍ശനികവുമായ കാഴ്ചപ്പാടുകള്‍ തുറന്നു വെളിപ്പെടുത്തുകയും ചെയ്യുന്ന നിശ്ചിത അധ്യാപന പരിചയമുള്ള ആളുകള്‍ക്ക് കൂടി കടന്നു വരാന്‍ പാകത്തില്‍ ഈ പദവിയെ പുനര്‍ നിര്‍ണയിച്ചില്ലെങ്കില്‍, നമ്മുടെ സ്കൂള്‍ മേലധിക്കരികളുടെ കസേരയുടെ മുകളില്‍ ഇങ്ങനെ ഒരു ബോര്‍ഡു കൂടി തൂക്കിയിടാം; 'റിട്ടയര്‍മെന്റ് അടുത്തവര്‍ക്കുള്ള സുഖവാസ സ്ഥലം'.