2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

നന്മയുടെ മാമരങ്ങള്‍ ഇല്ലാതാകുമ്പോള്‍.


വീട്ടില്‍ നിന്നും രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട ആ പെണ്‍കുട്ടി പതിനൊന്നു മണിയായിട്ടും സ്കൂളിലെത്തിയില്ല. വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്നെ ചില ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നത് കൊണ്ട് അമ്മ അപ്പോഴക്കും സ്കൂളില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ്  അവള്‍ ക്ലാസിലില്ലെന്ന വിവരം അധ്യാപകരും അറിയുന്നത്. ഉടന്‍ അന്വേഷണമായി... വീട്ടില്‍ നിന്നും പുറപ്പെട്ട അവള്‍ പിന്നീട് എവിടെപ്പോയി? ക്ലാസ്സിലെ അവളുടെ അടുത്ത ഒന്നുരണ്ടു കൂട്ടുകാരികളെ വിളിപ്പിച്ചു. അവള്‍ വല്ലെടുത്തും പോകുമെന്ന സൂചന തന്നിരുന്നോ? അവള്‍ക്കു ആരെങ്കിലുമായി വല്ല അടുപ്പവും ഉണ്ടായിരുന്നോ? അവരും ആകെ പേടിച്ചു വിറച്ചു.അവരുടെ അറിവില്‍ അത്തരം ഒരു ബന്ധവും അവള്‍ക്കില്ല. മാത്രമല്ല അവള്‍ ആരുടേയും മുഖത്തു പോലും നോക്കുന്നത് കണ്ടിട്ടില്ല. അത്രയ്ക്ക് പാവമാണ് അവള്‍. ആകെ വേവലാതിയായി. അപ്പോഴേക്കും അവളുടെ വീട്ടില്‍ നിന്നും ഒരാള്‍ കാര്യങ്ങള്‍ തിരക്കാന്‍ സ്കൂളിലെത്തി.  പോലീസില്‍ പരാതിപ്പെടണോ? കമ്യൂണിറ്റി പോലീസില്‍ അറിയിക്കണോ? ആലോചനകള്‍ ത്വരിതഗതിയില്‍ നടക്കെ അവളുടെ വീട്ടില്‍ നിന്നും വീണ്ടുംഫോണ്‍ വന്നു. അവള്‍ തൊട്ടടുത്ത തറവാട് വീട്ടില്‍ ഉണ്ട്. സ്കൂളിലെക്കെന്നു പറഞ്ഞു ഇറങ്ങിയ അവള്‍ നേരെ ഇന്ന് അങ്ങോട്ടാണ് പോയത്.

അടുത്ത ദിവസം അച്ഛന്റെയും ഇളയമ്മയുടെയും കൂടെ സ്കൂളിലെത്തിയ അവളെ എന്താണ് ചെയ്യേണ്ടത് എന്ന് 'അവൈലബ്ള്‍ സീനിയേര്‍സ് ' കൂടിയാലോചിച്ചു. തറവാട്ടിലേക്കാണ് പോയത്‌ എന്നത് വീട്ടുകാരുടെ രക്ഷപ്പെടലായിരിക്കും. അവള്‍ മിക്കവാറും ആരുടെയെങ്കിലും കൂടെ പോയതായിരിക്കും. ഇനിയും അവളെ ക്ലാസിലിരുത്തിയാല്‍ മറ്റു കുട്ടികളെ കൂടി ഈ രോഗം ബാധിക്കും. അഭിപ്രായങ്ങള്‍ ഇത്തരത്തിലാണ് പോയത്. അവള്‍ അത്തരത്തില്‍ പെട്ട കുട്ടിയല്ലെന്നു ക്ലാസ് ടീച്ചര്‍ ആണയിട്ടു. എന്തായാലും വീട്ടുകാരെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കാന്‍ ക്ലാസ് ടീച്ചറടക്കം മൂന്നു നാലുപേരെ ചുമതലപ്പെടുത്തി. പേടിച്ചരണ്ട കണ്ണുകളോടെ അവള്‍ അധ്യാപകര്‍ക്കും ബന്ധുക്കള്‍ക്കും നടുവില്‍ തലതാഴ്ത്തി ഇരുന്നു. വൈകാരികമായി വല്ലാത്ത ഒരവസ്ഥയിലായിരുന്ന അച്ഛന്‍ കൈ മുഴുവന്‍ മൂടുന്ന അവളുടെ കുപ്പായത്തിന്റെ കൈ മുകളിലോട്ടു കയറ്റി. അവിടെ കൈത്തണ്ടയില്‍ വലിയൊരു ബാന്റേജ്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അവള്‍ ആളൊഴിഞ്ഞ തറവാട്ടു വീട്ടില്‍ ചെന്ന് കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ച് അവിടെക്കിടന്നു. ഭാഗ്യത്തിന് ഉച്ചകഴിഞ്ഞ് അതുവഴി വന്ന ആരോ കണ്ട് ആശുപത്രിയിലെത്തിച്ചത്  കൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടി. വഴിയരികില്‍ ചെരുപ്പ് വിറ്റ് ഉപജീവനം കഴിക്കുന്ന ആ മനുഷ്യന്‍  കുറച്ചൊന്നുമല്ല പൊട്ടിപ്പോയത്. അപമാനത്താലും കഠിനമായ മറ്റെന്തോ വ്യഥയാലും മകളും കണ്ണീരൊഴുക്കി കൊണ്ടേയിരുന്നു. ഒടുവില്‍ ചര്‍ച്ചകള്‍ക്കൊന്നും ഇടകൊടുക്കാതെ അവളെ ക്ലാസിലിരുത്താന്‍ തീരുമാനിച്ചു. എങ്കിലും കാതലായ പ്രശ്നങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ആരും തയ്യാറായില്ല. എന്തിനാണ് അവളിതു ചെയ്തത്? എന്താണ് അവളെ ഈ പ്രായത്തില്‍ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നത്? അത് എങ്ങിനെ പരിഹരിക്കാന്‍ കഴിയും? അവളെ നല്ലൊരു സൈക്കോളജിസ്റ്റിനെയോ കൌണ്‍സിലരെയോ കാണിക്കണമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും അത്തരക്കാര്‍ സമീപത്തൊന്നുമില്ലെന്നും ഉള്ളവര്‍ യാതൊരു ഗൌരവവുമില്ലാതെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സൈക്കോളജിസ്റ്റുകളെ കുറിച്ച് അധ്യാപകര്‍ക്ക് ഇത്തരം ഒരഭിപ്രായം ഉണ്ടായതിനു പിന്നില്‍ ഒറ്റ കാര്യമേയുള്ളൂ; അവരുടെ പരിശീലങ്ങളില്‍ വന്ന സൈക്കോളജിസ്റ്റുകള്‍ വിളമ്പിയ വിഡ്ഢിത്തങ്ങള്‍മാത്രം.  

സ്കൂള്‍ അതിന്റെ ഓരോ നിശ്വാസത്തിലും ഇന്ന് ഒരു മനസ്ശാത്രജ്ഞനെ ആവശ്യപ്പെടുന്നുണ്ട്. അത് ക്ലിനിക്കല്‍  സൈക്കൊളജിസ്റ്റു വേണോ എം. എസ്. ഡബ്ള്യൂ കഴിഞ്ഞ സോഷ്യല്‍ വര്‍ക്കര്‍    വേണോ എന്നതെല്ലാം അവരു തമ്മിലുള്ള കടിപിടികള്‍ക്ക് വിടാം. രണ്ടായാലും അത് കുട്ടികളുടെ മനസ്സു ശരിയായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളാവണം എന്നേയുള്ളൂ. അധ്യാപക പരിശീലനങ്ങളില്‍ സ്ഥിരം വേഷക്കാരായ കേരളത്തിലെ ചില വിദഗ്ദ്ധ സൈക്കൊളജിസ്റ്റുകളുടെ ക്ലാസ്സുകളില്‍ ഇരിക്കേണ്ടി വന്നപ്പോഴൊക്കെ ഇതിനേക്കാള്‍ നന്നായി കുട്ടികളുടെ മനസ്സിനെ കണ്ടറിഞ്ഞത്‌ അധ്യാപകരാണല്ലോ എന്ന് തോന്നിയിട്ടുണ്ട്.

ഇപ്പോഴാണ് ഞാന്‍ എം. എന്‍. വിജയന്‍ മാഷെക്കുറിച്ച് ആലോചിക്കുന്നത്. പഠനകാലത്തും പിന്നീട് അധ്യാപനകാലത്തും മാനസികമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച എത്ര പേരുമായി 'കരുണ'യുടെ പടികള്‍ കയറിയിട്ടുണ്ട്. മാഷ്‌ അവര്‍ക്ക് കൊടുത്ത ആത്മവിശ്വാസം എത്ര വലുതായിരുന്നു. പില്‍ക്കാല ജീവിതത്തില്‍ വളരെ സമചിത്തതയോടെ തന്നെ അവര്‍ ഈ കാലഘട്ടത്തെ ഓര്‍ത്തെടുക്കാറുണ്ടായിരുന്നു. പലരും മാഷുമായി അവസാന കാലം വരെ അടുത്ത ബന്ധം പുലര്‍ത്തി. കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ വിജയന്‍ മാഷുടെ സ്ഥാനവും വലിപ്പവും അറിയുന്നവരല്ലായിരുന്നു അവരില്‍ പലരും. മാഷ്‌ എന്നിട്ടും അവരോരുത്തര്‍ക്കും മാതാപിതാക്കളൊപ്പം പ്രിയപ്പെട്ട ഒരാളായി. എന്തായിരുന്നു മാഷ്‌ പ്രയോഗിച്ച മരുന്നും മന്ത്രവും എന്ന് അക്കാലത്തും ഇന്നും അറിഞ്ഞുകൂടാ. പക്ഷെ അവരോടുള്ള സമീപനത്തില്‍ മാഷ്‌ സ്വീകരിച്ച ഒന്നുണ്ട്. ഒട്ടും കൈവിട്ടു പോകാതെ, അങ്ങേയറ്റം സ്നേഹത്തോടെയും വാത്സല്യത്തോടെയും അവരെ തന്റെ ഹൃദയത്തോട്  ചേര്‍ത്തു പിടിക്കുക എന്നതാണത്. പുതിയ കാലത്തെ നമ്മുടെ മനസ്ശാത്രജ്ഞന്മാര്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ നിന്നടക്കംനേടിയ ഉന്നതമായ എത്രയോ ബിരുദങ്ങളുണ്ടാകാം; ഡോക്ടറേറ്റും പോസ്റ്റുഡോക്ടറേറ്റും ഉണ്ടാകാം. എന്നാല്‍ അവര്‍ക്കില്ലാതെ പോകുന്നത് വിജയന്‍ മാഷെപ്പോലുള്ളവര്‍ തുറന്നിട്ട; ആര്‍ക്കും എപ്പോഴും കടന്നു വരാവുന്ന കരുണയുടെ വിശാലമായ വാതിലുകളാണ്.

കൌമാര മനശ്ശാസ്ത്രം , മാനെജുമെൻറ് സൈക്കോളജി എന്നിവയില്‍ കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ശരിയായ പരിശീലനം ലഭിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇന്നത്തെ നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍. പഴയകാലത്ത് കുട്ടികള്‍ സമൂഹത്തിന്റെ ഭാഗം തന്നെയായിരുന്നു. അവരെ പഠിക്കാന്‍ മാത്രമുള്ള ഉപകരണങ്ങളായി ആരും കണ്ടിരുന്നില്ല. 'പ്ലാവില എടുക്കാന്‍ കഴിയുന്ന പ്രായത്തിലെ ഞങ്ങള്‍ അത് എടുത്തിരുന്നു' എന്ന് അമ്മ എന്റെ മകളെ ഓര്‍മിപ്പിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് അതാണ്‌. അതുകൊണ്ട് തന്നെ അവര്‍ക്ക് പൊതു സമൂഹത്തിലുള്ള പ്രശ്നങ്ങള്‍ക്കുപരിയായി മറ്റൊരു ലോകമോ പ്രശ്നപരിസരമോ ഉണ്ടായിരുന്നില്ല. ഏതു പരുക്കന്‍ പ്രതലത്തിലും ഉരയ്കാവുന്ന കാതലുള്ള മുട്ടികളായിരുന്നു അന്നത്തെ കുട്ടികള്‍. ആരും അവരെ തലയില്‍ വെച്ചാല്‍ പേനരിച്ചാലോ താഴെ വെച്ചാല്‍ ഉറുമ്പരിച്ചാലോ  എന്ന ഈരടിയില്‍ പാടിനീട്ടിയിട്ടില്ല. പട്ടിണിയുടെ തീയില്‍ മുളച്ച അവര്‍ക്ക് കൌമാരത്തിന്റെ വെയില്‍ ആലോസരമുണ്ടാക്കിയില്ല. പത്തും പതിനഞ്ചും വയസ്സാകുമ്പോഴേക്കും കുടുംബത്തിന്റെ ഉത്തരവാദിത്വത്തില്‍ അവരുടെ പങ്കും നിശ്ചയിക്കപ്പെട്ടിരുന്നു.

ദീര്‍ഘദീര്‍ഘമായ ഒരു വിദ്യാര്‍ഥി ജീവിതം മണ്ണില്‍ നിന്നും യാഥാർത്ഥ്യത്തില്‍ നിന്നും നമ്മുടെ കുട്ടികളെ ഏതോ ആകാശ ഗംഗയിലേക്ക് ഒഴുക്കിവിട്ടിരിക്കയാണിപ്പോള്‍. അവര്‍ ജീവിക്കുന്നത് ആധുനിക മാധ്യമങ്ങള്‍ ഒരുക്കിയ ഒരു അതീന്ദ്രിയ ലോകത്താണ്. അതിലൊന്നും അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ,  ടെലിവിഷനും ഇന്റര്‍നെറ്റും മൊബൈലും ഐപ്പോഡും തീര്‍ക്കുന്ന ആ മെറ്റാ ലോകത്ത് വിഹരിക്കുമ്പോള്‍ തിരക്കുള്ള ബസ്സില്‍ നിന്നോ സഹപാഠിയില്‍ നിന്നോ അധ്യാപകരില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഒരു ചെറിയ കുത്ത്; ഊതി വീര്‍പ്പിച്ച സങ്കല്പ ലോകത്തിന്റെ കുമിള ആരെയും ഞെട്ടിപ്പിക്കുമാറ് പോട്ടിത്തെറിക്കുകയായി. ഇതൊന്നും  ഇല്ലാത്തവര്‍ അപകര്‍ഷതയുടെ ഇരുളില്‍ കറുത്തുപോകുകയും ചെയ്യും. ഇത്തരം സന്ദര്‍ഭത്തിലാണ് കുട്ടികളെ തിരിച്ചറിയുന്ന ഒരു സൈക്കോളജിസ്റ്റിന്റെ സേവനം സ്കൂളില്‍ ആവശ്യമായി വരുന്നത്. പുതിയ രീതിയില്‍ ഇത്തരം പ്രശ്നങ്ങളെ നോക്കിക്കാണുന്ന അധ്യാപകര്‍ സ്കൂളില്‍ ഉണ്ടായിരിക്കും. എങ്കിലും വാക്കിലും പ്രവൃത്തിയിലും പ്രാധാന്യം പഴയകാലത്ത് ജീവിച്ചവര്‍ക്കായിരിക്കും. അവര്‍ക്ക് ഇത് മനസ്സിലാകുക തന്നെ പ്രയാസം. ഒന്നോ രണ്ടോ ഉപദേശം, തത്വപ്രബോധനം ഇതില്‍ എല്ലാം തീരുമെന്നാണ് അവര്‍ വിചാരിക്കുന്നത്.

ഇവിടെനിന്നു രക്ഷപ്പെട്ടു ഒരു സൈക്കോളജിസ്റ്റിന്റെ സമീപത്തു കുട്ടികളെ എത്തിക്കാം എന്ന് വിചാരിക്കുമ്പോഴാണ് അവരുടെ പൊങ്ങച്ചങ്ങള്‍ ഇതിലും ഭീകരമാണെന്ന് മനസ്സിലാകുന്നത്‌. പലരുടെയും ശരീരഭാഷ പോലും ആധിപത്യത്തിന്റെ മസിലും മനസ്സും എടുത്തു പിടിച്ചതും കടുത്ത നിറം ചേര്‍ന്നതുമാണ്. പറച്ചിലും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യം ഇവരുടെ സര്‍വേ നമ്പറില്‍ നിന്നും ആളുകളെ ഓടിയോളിപ്പിക്കാന്‍ പോന്നതാണ്. ഇവര്‍ക്ക് മുന്നിലാണോ കുട്ടികള്‍ അവരുടെ ഉത്കണ്ഠകള്‍, വിഹ്വലതകള്‍, പരിഭ്രാന്തികള്‍, ഉപദ്രവങ്ങള്‍ മുതലായവ ഇറക്കിവെക്കേണ്ടത്? നാഡികളെ തളര്‍ത്താനും സംഘര്‍ഷം അകറ്റാനും ഉള്ള ചില മരുന്നുകള്‍ക്കപ്പുറം ഇവരുടെ ചികിത്സ മിക്കപ്പോഴും ശാശ്വതമായ പരിഹാരങ്ങളെ ലക്ഷ്യമിടാറില്ല. വെട്ടൊന്ന് മുറിരണ്ട് എന്ന പാരസറ്റമോള്‍  വിദ്യതന്നെയാണ്  മനസ്സിന്റെ ചികിത്സകര്‍ക്കുംപഥ്യം.

വിജയന്‍ മാഷ്‌ പിരിയുമ്പോള്‍ അന്ന് ബ്രണ്ണനിലെ അധ്യാപകനായിരുന്ന പ്രശസ്ത കഥാകൃത്ത് എന്‍. പ്രഭാകരന്‍, മാഷെ വിശേഷിപ്പിച്ചത് 'നന്മയുടെ മാമരം'എന്നാണ് . ശരിയാണ്; എം. എന്‍. വിജയന്‍ അക്ഷരാര്‍ത്ഥത്തില്‍ നന്മയുടെയും കരുണയുടെയും മാമരമായിരുന്നു,  ബ്രണ്ണനിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമല്ല മനസ്സിന്റെ നേരിയ ചരടുകള്‍ അതിലോലമായെങ്കിലും ആടിക്കളിച്ചുകൊണ്ടിരുന്ന മലബാറിലെ എല്ലാ മനുഷ്യര്‍ക്കും. അതുപോലെയൊന്നുമല്ലെങ്കിലും ഇന്നും നമ്മുടെ സ്കൂളുകളില്‍ വേണ്ടത്,  കരുണയുടെ ഉറവവറ്റാത്ത മനുസ്സുള്ള ഒന്നോ രണ്ടോ മുഖങ്ങളാണ്; അധ്യാപകരായാലും മനശ്ശാസ്ത്രജ്ഞന്മാരായാലും. പുതിയ കാലത്തിന്റെ പൊള്ളിക്കുന്ന വെയിലില്‍ നിന്നും ആശ്വാസത്തിന്റെ, സ്വാന്തനത്തിന്റെ  ചെറിയൊരു തണല്‍ നല്‍കുന്ന ഒരു മാവിന്‍ ചുവട്.

7 അഭിപ്രായങ്ങൾ:

  1. സ്കൂളുകള്‍ കുട്ടികളുടെ മനസ്സിന്റെ താളപ്പിഴകള്‍ കാണാതെ പോകുന്നതിനെക്കുറിച്ച്.

    മറുപടിഇല്ലാതാക്കൂ
  2. >>>ഏതു പരുക്കന്‍ പ്രതലത്തിലും ഉരയ്കാവുന്ന കാതലുള്ള മുട്ടികളായിരുന്നു അന്നത്തെ കുട്ടികള്‍. ആരും അവരെ തലയില്‍ വെച്ചാല്‍ പേനരിച്ചാലോ താഴെ വെച്ചാല്‍ ഉറുമ്പരിച്ചാലോ എന്ന ഈരടിയില്‍ പാടിനീട്ടിയിട്ടില്ല. പട്ടിണിയുടെ തീയില്‍ മുളച്ച അവര്‍ക്ക് കൌമാരത്തിന്റെ വെയില്‍ ആലോസരമുണ്ടാക്കിയില്ല. പത്തും പതിനഞ്ചും വയസ്സാകുമ്പോഴേക്കും കുടുംബത്തിന്റെ ഉത്തരവാദിത്വത്തില്‍ അവരുടെ പങ്കും നിശ്ചയിക്കപ്പെട്ടിരുന്നു.<<<

    വളരെ വാസ്തവം.. ഇന്ന് കുട്ടികൾക്ക് പഠനം മാത്രമാണ് ഒരേ ഒരു ബാധ്യത. അവളെ/അവനെ മറ്റുള്ളവർ കുടുംബകാര്യങ്ങളിൽ തലയിടുവാൻ സമ്മതിക്കുന്നില്ല. അവന് അതിൽ താല്പര്യവുമില്ല. ഒടുവിൽ എല്ലാം പഠിച്ച് തിരിച്ചുവരുമ്പോൾ ‘വീട്’ എന്ന സ്ഥാപനം എങ്ങനെ നടത്തണം എന്ന് അവൾക്കോ അവനോ അറിയില്ല.

    മറുപടിഇല്ലാതാക്കൂ
  3. പ്രേമന്‍ മാഷേ,

    വിജന്‍ മാഷിനെ കുറിച്ച് എഴുതികണ്‍റ്റപ്പോള്‍ അദ്ദേഹവുമായുണ്ടായിരുന്ന് ആത്മബന്ധത്തെക്കുറിച്ച് പറയാതെ വയ്യാ എന്നായിരിക്കുന്നു. ഇപ്പോള്‍ മാഷിന്‍റെ മകന്‍ അനിലേട്ടനുമായുള്ള ബന്ധവും മാഷിലൂടെ ലഭ്യമായതാണ്‌.

    മാഷിനെ ഞാന്‍ ആദ്യം കാണുന്നത് ഹരിപ്പാട്ട് വെച്ച് നടന്ന് പു,ക,സായുടെ പരിപാടിയില്‍ വെച്ചായിരുന്നു. അതിന്‌ ശേഷം എറണാകുളത്ത് ജോലി ലഭിച്ച്പ്പോള്‍ മാഷ് പങ്കെടുക്കുന്ന പരിപാടികളില്‍ സജീവസാന്നിദ്ധ്യമാകാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു.

    മാഷിനേ ഞങ്ങള്‍ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത് : "കരുണയുടെ വിശറി" എന്നായിരുന്നു.
    പ്രേനം മാഷേ, നന്ദി പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച്തിനും, നല്ല ഒരു വായനയ്ക്കും.

    മറുപടിഇല്ലാതാക്കൂ
  4. പ്രേമേട്ടാ..
    ഇതുപോലെ വിജയന്മാഷുടെ സാമീപ്യം ആവശ്യപ്പെടുന്ന സന്ദർഭങ്ങൾ കൂടിവരുന്നുണ്ടെന്നു തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  5. വിജയന്മാഷ് നന്മയുടെ ഒരു വടവൃക്ഷമായിരുന്നു
    ഓര്മപ്പെടുതിയത്തിനു നന്ദി
    അനികറ്റ്‌

    മറുപടിഇല്ലാതാക്കൂ
  6. Preman Mash,

    U r the only one person(our school) to understand the importance of counselling in school in the present condition.

    മറുപടിഇല്ലാതാക്കൂ
  7. U r the only one person(our school) to understand the importance of counselling in school in the present condition.

    മറുപടിഇല്ലാതാക്കൂ