2010, നവംബർ 23, ചൊവ്വാഴ്ച

ആത്മകഥയില്‍ ഇല്ലാത്തത്


മുന്‍ സുഹൃത്തും സഖാവുമായ എ പി അബ്ദുള്ളക്കുട്ടിയുടെ ആത്മകഥ വായിച്ചപ്പോഴാണ്  ആത്മപീഢയാല്‍ സമീപകാലത്ത് ഏറ്റവും പുളഞ്ഞു പോയത്. തന്നെ എല്ലാ പുണ്യത്തോടെയും ഏറ്റെടുക്കാന്‍ ഒരു പ്രസ്ഥാനം തയ്യാറാവുമ്പോഴെങ്കിലും ചെയ്തുപോയ പിഴവുകളെല്ലാം ഏറ്റുപറയാന്‍ ഇദ്ദേഹം ഔചിത്യം കാണിക്കുമെന്നു വിചാരിച്ചിരുന്നു. എന്നാല്‍ എല്ലാപിഴവിന്റെയും രാക്ഷസന്‍ കോട്ടയായ സി പി എമ്മും അവിടത്തെ നിഷ്കളങ്കനായ കുട്ടിയായ താനും എന്ന പൈങ്കിളി ദ്വന്ദം ഉളുപ്പില്ലാതെ വിളമ്പുന്നത് കണ്ടാണ്‌ നേരത്തെ സൂചിപ്പിച്ച (ഇവിടെ ) കുറ്റബോധം ഇരട്ടിയായത്.

ഇപ്പോള്‍ മാത്രമല്ല, അനുഭവങ്ങളെ കീറിമുറിച്ചു പരതുമ്പോള്‍ പലപ്പോഴും രത്നമോതിരങ്ങളല്ല ലഭിക്കാറുള്ളത്. കുറ്റബോധത്തിന്റെ കട്ടപിടിച്ച ചോരപ്പാടുകള്‍ കാലങ്ങളോളം മനസ്സില്‍ കിടന്നു പഴകി ,കറുപ്പ് നിറത്തില്‍ ചിലപ്പോള്‍ ചിന്തയിലേക്ക് ഉയര്‍ന്നു വരുമ്പോള്‍ മിക്കപ്പോഴും സ്വയംപുച്ഛവും തന്നോട് തന്നെയുള്ള   അറപ്പും തോന്നിയിട്ടുണ്ട്. ഏറ്റവും നല്ല മനുഷ്യരുമായി ബന്ധമുള്ള കാലത്ത് തന്നെ അങ്ങേയറ്റം ഹീനമായ പ്രവൃത്തികള്‍ ചെയ്യാന്‍ എങ്ങിനെ കഴിഞ്ഞു എന്ന്  അതിശയത്തോടെ വിചാരപ്പെടാനല്ലാതെ ഇപ്പോള്‍ എന്ത് സാധിക്കും. പൊയ്ക്കാലുകെട്ടിത്തന്നു ചിലര്‍ നമ്മളെ ഉയര്‍ത്തിപ്പിടിക്കുന്നത് ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കാണെന്ന് ഇപ്പോള്‍ തിരിച്ചറിയാം. എന്നാല്‍ അന്ന് ലഹരി മരുന്ന് പോലെ അതിന്റെ മായികമായ ആകാശങ്ങളിലൂടെ ഒഴുകിനടക്കുമ്പോള്‍ അനുഭവിച്ചത് അഹന്ത, ആധിപത്യത്തിന്റെ സുഖം, വലിയവരുടെ അംഗീകാരം തുടങ്ങിയ അങ്ങേയറ്റം ചുരുങ്ങിയ ലോകത്തിലെ സന്തോഷങ്ങളായിരുന്നു. വലിയവരെന്നു അന്ന് വിചാരിച്ചിരുന്ന മനുഷ്യര്‍ എത്രമാത്രം ചെറിയവരാനെന്നു വെളിപ്പെട്ടപ്പോഴാണ് യഥാര്‍ത്ഥത്തില്‍ തല പാതാളത്തോളം താണു പോയത്.

ഒരു സുഹൃത്തിനോട്, സഹാപാഠിയോടു ചെയ്ത അങ്ങേയറ്റം നീചമായ പ്രവൃത്തിയുടെ കുറ്റബോധം പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരെ ഉള്‍വലിയാന്‍ നിമിത്തമായി. സൌഹൃദത്തെ എല്ലായ്പ്പോഴും രാഷ്ട്രീയ ബന്ധങ്ങല്‍ക്കൊപ്പമോ ഉപരിയോ ആയി പരിഗണിച്ചിരുന്ന ഒരാളായിട്ടു കൂടി വളഞ്ഞു പിടിച്ചുള്ള അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരുടെ വാക്ക് ധോരണിയില്‍  മയങ്ങിയതിന്റെ ഫലം. അതിനു മുന്‍കൈയെടുത്ത ചുക്കാന്‍ പിടിച്ച സഖാവാകട്ടെ ചവിട്ടിക്കയറിയ എല്ലാ പടവുകളിലും കാറിത്തുപ്പി ക്കൊണ്ട് ഉന്നതങ്ങളില്‍ അധികാരത്തിന്റെ  വെള്ളി വെളിച്ചത്തില്‍ ആരെയൊക്കെയോ കെട്ടിപ്പിടിച്ചു കൊണ്ട് വെളുക്കെ ചിരിക്കുന്നു. തന്നെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തിയതിന്റെ ഒതുക്കിയതിന്റെ ഈഗോയുടെ തീണ്ടാരിത്തുണികള്‍ ആത്മകഥാ രൂപത്തില്‍ എടുത്തു നിവര്‍ത്തുന്നു. പുണ്യാളന്റെ രക്തം പറ്റിയ ഉടുപ്പുകള്‍ മാലോകര്‍  അഞ്ചാം പതിപ്പിലായി ആഘോഷിക്കുന്നു.

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത് കൊണ്ട് തൊട്ടടുത്ത വര്‍ഷം തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍ എത്തിയപ്പോള്‍ യൂനിവേര്‍സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ സ്ഥാനം സുഹൃത്തുക്കള്‍ എന്നെ ഏല്‍പ്പിക്കുകയായിരുന്നു. നേരത്തെ തലശ്ശേരിയില്‍ ഉണ്ടായിരുന്നത് കൊണ്ടും അപ്പോള്‍ തലശ്ശേരി ക്രൈസ്റ്റ് കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടും ബി എഡ്ഡുകാരുടെ തലശ്ശേരിയുമായി ബന്ധപ്പെട്ട ദൈനംദിന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങള്‍ , കൂടെ വയനാട്ടുകാരനായ ജോസ് , മുക്കുന്നിലെ പ്രകാശന്‍ എന്നിവര്‍ , എപ്പോഴും ഉണ്ടാകാറുണ്ട്. ജോസ് അപ്പോള്‍ അവിടുത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സമാരാധ്യനായ സുഹൃത്ത് ആയിരുന്നു. ജോസ് ആയിരുന്നു ഞങ്ങളുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. എസ് എഫ് ഐ പ്രവര്‍ത്തകരായ ഞങ്ങള്‍ ഒഴിച്ചുള്ളവര്‍ ഒറ്റ പാനലിലാണ് മത്സരിക്കുന്നത്. ഞങ്ങളുടെ പാനല്‍ ക്ലീയറായി തോറ്റു. ഞാന്‍ മൂന്നു വോട്ടിന്. ജോസ് അഞ്ചു വോട്ടിന്. മറ്റുള്ളവര്‍ അതിലും ദയനീയമായി. എങ്കിലും ജയിച്ച സുഹൃത്തുക്കളുമായി ഒരു പരിഭവവും ഉണ്ടായില്ല. ട്രെയിനിംഗ് കോളേജ് ആയതു കൊണ്ടുതന്നെ പല തരത്തിലുള്ള നിലപാടുകള്‍ ഉള്ളവരുണ്ടെങ്കിലും മറ്റു സംഘടനാ പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നു. വൈകുന്നേരം 'കുയ്യാലി' ( ലോകത്തിലെ ഏറ്റവും കാല്പനികമായ കള്ള് ഷാപ്പ് കുയ്യാലിയിലാണ് എന്നാണു വരുംകാല നാരായണന്റെ അഭിപ്രായം )യിലേക്കുള്ള ആഹ്ലാദ പ്രകടനം ഒരുമിച്ചുതന്നെ. യു. യു. സി യായി ജയിച്ച പ്രിയസുഹൃത്തും നാട്ടുകാരനുമായ രാജീവ് തോമസ്‌ കുറച്ചു അധികമായപ്പോള്‍ കെട്ടിപ്പിടിച്ചു കരച്ചില്‍ തുടങ്ങി.
"പ്രേമാ .. നീയാണെടാ ജയിക്കേണ്ടത്. ഞാന്‍ ഈ സ്ഥാനത്തിനു യോഗ്യനല്ലടാ.. "
സമാനാവസ്ഥയിലായ ഞാന്‍ താങ്ങിപ്പിടിച്ചു പറഞ്ഞു,
"നീ അങ്ങിനെ പറയല്ലെടാ രാജീവേ ..നീ യോഗ്യനായത് കൊണ്ടല്ലേ നിന്നെ എല്ലാവരും ചേര്‍ന്ന് തിരഞ്ഞെടുത്തത്. ജയിച്ചത്‌ ആരായാലും നമുക്ക് ഈ യൂണിയന്‍ പ്രവര്‍ത്തനം ഗംഭീരമാക്കണം."
ഹോസ്റ്റലില്‍ താമസിക്കുന്ന ഞങ്ങള്‍ തമ്മില്‍ അപ്പോഴേക്കും ആഴത്തിലുള്ള സൗഹൃദം വളര്‍ന്നിരുന്നു. സ്വതവേ നക്സലൈറ്റും അതില്‍ വിശേഷിച്ച് രാമചന്ദ്രന്‍ ഗ്രൂപ്പുമായ വരുംകാല നാരയാണന്‍ ആണ് പലതരത്തില്‍പ്പെടുന്ന സൌഹൃദങ്ങളുടെ നടുവിലെ മുഖ്യകണ്ണി. യൂണിയന്‍ പ്രവര്‍ത്തനം സാംസ്കാരികവേദി പോലെ നിത്യം പലതരത്തിലുള്ള പരിപാടികളാല്‍ എല്ലാവരും ചേര്‍ന്ന് സമ്പന്നമാക്കി. അപ്പോഴാണ്‌ കാലിക്കറ്റ് യൂനിവേര്‍സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്. സഖാവ് അബ്ദുള്ളക്കുട്ടി, എന്റെ ജൂനിയറായി പയ്യന്നൂര്‍ കോളേജില്‍ ഉണ്ടായിരുന്ന ഷംസു എന്നിവര്‍ ഒരു ദിവസം ഹോസ്റ്റലില്‍ എത്തി. അബ്ദുള്ളക്കുട്ടി അതിനു മുന്‍പ് തന്നെ എസ് എഫ് ഐ വഴി സുഹൃത്തായിരുന്നു. എട്ടു വര്‍ഷമായി എസ് എഫ് ഐ ആണ് കാലിക്കറ്റ് യൂനിവേര്‍സിറ്റി ഭരിക്കുന്നത്‌. ഇക്കൊല്ലം ഭരണം മിക്കവാറും കൈവിടും. അതാണ്‌ അവസ്ഥ. അങ്ങിനെയും യൂണിയന്‍ പിടിക്കണം. മറ്റെല്ലായിടത്തും സംഘടനാ സംവിധാനം കെ എസ് യു വിനും ശക്തമാണ്. ഇവിടത്തെ യു യു സി യുടെ അവസ്ഥയെന്താണ്. അതറിയാനാണ് അവര്‍ വന്നത്. രാജീവ്‌ കെ എസ് യു ക്കാരനാനെങ്കിലും അതിന്റെ പ്രത്യക്ഷത്തിലുള്ള പ്രവര്‍ത്തകനോന്നും ആയിരുന്നില്ല. "ഞാന്‍ ചിലപ്പോഴെ വോട്ടു ചെയ്യാന്‍ വരൂ." രാജീവ്‌ സഖാക്കളോട് പറഞ്ഞു. എന്നെയും കൂട്ടി അബ്ദുള്ള ക്കുട്ടി ടൌണിലോളം നടന്നു. "പ്രേമാ .. ഇവന്റെ വോട്ട് നമുക്ക് എങ്ങിനെയെങ്കിലും ചെയ്യണം. അതിനു എന്ത് മാര്‍ഗം വേണമെങ്കിലും നോക്കണം. ഈ ഒരു വോട്ടുണ്ടെങ്കില്‍ നമ്മള്‍ ജയിക്കും. ഒരു കാരണവശാലും അവന്‍ വോട്ട് ചെയ്യാന്‍ വരാന്‍ പാടില്ല..." "നീ കഴിക്കാറുണ്ടോ?" ഇടയില്‍ എന്നോട് ചോദ്യം. "വല്ലപ്പോഴും.." ഞാന്‍ അപമാനിതനായി തലതാഴ്ത്തി. "അല്ല.. ഞാന്‍ അങ്ങിനെ ചോദിച്ചതല്ല. ഉണ്ടെങ്കില്‍ എത്ര പാര്‍ട്ടി വേണമെങ്കിലും അവനുമൊന്നിച്ച്‌ നടത്തിക്കോ. എന്താ വേണ്ടതെന്നു വിചാരിച്ചാല്‍ വാങ്ങിക്കൊടുത്തെക്കണം. അവന്‍ എന്തായാലും വോട്ടു ചെയ്യാന്‍ വരരുത്." ആകെ ധര്‍മ്മസങ്കടത്തിലായ ഞാന്‍ ജോസുമായി സംസാരിച്ചു. ജോസു പറഞ്ഞു പാര്‍ട്ടിനടത്തലൊന്നും ശരിയല്ല. നേരിട്ട് പറയാം. പോകരുത് എന്ന്. ജോസ് അവനുമായി സംസാരിച്ചു. അപ്പോഴേക്കും പറ്റുമെങ്കില്‍ പോകും, ഇല്ലെങ്കില്‍ ഇല്ല എന്നുമാത്രം അവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴേക്കും നിരന്തരമുള്ള ഫോണ്‍ വിളിയാല്‍ ഇത് വലിയൊരു ബാധ്യതയായി. അപ്പോഴേക്കും രാജീവിന്റെ ആടിക്കളി കെ. എസ്. യു ക്കാര്‍  മണത്തു. അവനെക്കാണാനും വോട്ടു ചെയ്യിക്കാനും അവരുടെ നേതാക്കന്മാരും വരവ് തുടങ്ങി.

ഇലക്ഷന് തലേ ദിവസം എന്ത് ചെയ്യണമെന്നു അറിയാതെ ഞാനും ജോസും തല പുകഞ്ഞു. അന്നത്തെ തലശ്ശേരി ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ പ്രേമരാജന്‍ എന്ത് സഹായം വേണമെങ്കിലും വാഗ്ദാനം ചെയ്തു. ഉച്ചമുതല്‍ അബ്ദുള്ളക്കുട്ടി തലശ്ശേരിയില്‍ തന്നെ ക്യാമ്പ് ചെയ്തു. വേണമെങ്കില്‍ കടുത്ത വല്ല പരിപാടിയും ആലോചിക്കാം എന്നായി. ഒരു കാരണവശാലും അത്തരം ഒരു അഭ്യാസവും വേണ്ട എന്ന് ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞു.  ഭാഗ്യത്തിന് അത് ബി. എഡ്ഡിന്റെ പരീക്ഷ അടുത്ത സമയമായിരുന്നു. ഒരു പഠിപ്പിസ്റ്റായ രാജീവിനെ അക്കാര്യം പറഞ്ഞു കൊണ്ട് സ്ഥലത്തുനിന്നും മാറ്റാം എന്ന് തീരുമാനിച്ചു. അപ്പോഴേക്കും കെ. എസ്. യു ക്കാര്‍ മുന്തിയ ഒരടവെടുത്തു. രാജീവിന്റെ അടുത്ത കൂട്ടുകാരനും മാടായി കോളേജിലെ യു. യു. സി യുമായ ഒരു ഘടാഘടിയനെ അവര്‍ ഹോസ്റ്റലിലാക്കി. രാവിലെ കാറില്‍ തലശ്ശേരിയില്‍ നിന്നും രാജീവിനെയും കൂട്ടി കോഴിക്കോടെക്ക് പോകുകയാണ് അവനെ ഏല്‍പ്പിച്ച ഡ്യൂട്ടി. രാജീവനെ മറ്റൊരാള്‍ കാണുന്നത് പോലും അവന്റെ മുന്‍പില്‍ വെച്ച് എന്നായി. സംഭവം, നാളെ ഇവന്‍ വോട്ടു ചെയ്യാന്‍ പോയാല്‍ അടി നടക്കും എന്ന് ഉറപ്പാണ്. കാരണം ഈ വോട്ടു മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാവും. അതുവരെയായും ഇക്കാര്യം രാജീവിനോട് ഞാന്‍ നേരിട്ട് സംസാരിച്ചിരുന്നില്ല. ഇനി മറ്റു വഴികളില്ല. വട്ടം കറങ്ങുന്ന സുഹൃത്ത് ടോയിലറ്റില്‍ പോയതക്കത്തിനു ഞാന്‍ രാജീവനെ മാറ്റി നിര്‍ത്തി സംസാരിച്ചു. " നാളെ നീ വോട്ടു ചെയ്യാന്‍ പോകുകയാണെങ്കില്‍ അവിടെ ഗുരുതരമായ അടിനടക്കും. നേരത്തെ എസ് എഫ് ഐ  ക്കാര്‍ വന്നപ്പോള്‍ വോട്ടു ചെയ്യാന്‍ വരില്ല എന്ന് നീ പറഞ്ഞതല്ലേ. അതുകൊണ്ട് നീ എത്തുമ്പോഴേക്കും അവര്‍ ചിലപ്പോള്‍ നിന്റെ വോട്ട് ചെയ്തിരിക്കും. പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ കഴിയില്ല." പാവം രാജീവ്‌ ആകെ വിഷമത്തിലായി. പോയാല്‍ അടി നടക്കും. പോയില്ലെങ്കില്‍ കൂട്ടുകാരനോട് എന്ത് പറയും. "നമുക്ക് തല്‍ക്കാലം ഇവിടുന്നു മാറാം. പിന്നെ എന്താണെന്ന് വെച്ചാല്‍ ചെയ്യാം. ഇന്ന് രാത്രി കമ്പൈന്‍ സ്റ്റഡിക്കായി നമ്മള്‍ ഇവിടുന്നു മാറുന്നു എന്ന് വിചാരിച്ചാല്‍ മതി." എന്റെ സ്വരത്തില്‍ സൌഹൃദത്തിനപ്പുറത്തു മറ്റേതോ ഭാവം കൂടി കലര്‍ന്നിരുന്നുവോ? രാജീവ് കൂടുതലൊന്നും ആലോചിച്ചില്ല. ഒരേ കട്ടിലില്‍ കിടന്ന കൂട്ടുകാരനറിയാതെ രാത്രി അവന്‍ എന്റെ കൂടെ ഇറങ്ങി വന്നു. ജോസും ഞാനും അവനെയും കൂട്ടി ഹോസ്റ്റലില്‍ നിന്ന്  പുറത്തിറങ്ങുമ്പോഴേക്കും, നേരത്തെതന്നെ ഹോസ്റ്റലിലിന് മുന്നിലൂടെ കറങ്ങിക്കൊണ്ടിരുന്ന കാറ് മുന്നിലെത്തുകയും അറിയാത്തത് പോലെ ഞങ്ങള്‍ ധര്‍മ്മടത്തെക്ക് ട്രിപ്പ് വിളിക്കുകയും ചെയ്തു. ധര്‍മ്മടത്തെ പി. എം. പ്രഭാകരന്‍ മാഷുടെ വീട്ടില്‍ ഞങ്ങള്‍ എത്തിച്ചേരുമെന്നു നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മറ്റൊരു നാടകത്തിന്റെ ഭാഗമായി ഒന്നും അറിയാത്ത മട്ടില്‍ പ്രഭാകരന്‍ മാഷ്‌ ധര്‍മ്മാ ടാക്കീസിലെക്കുള്ള വഴിയില്‍ കൂടി നടന്നു വന്നു. അന്ന് എന്തോ വിശേഷമുണ്ടായിരുന്നു. ന്യൂ ഇയറാണോ ഏപ്രില്‍ ഫൂള്‍ ആണോ എന്ന് ഇന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല. അതിന്റെ പേരിലാണ് നടത്തം.

അപ്രതീക്ഷിതമായി കാണുന്ന നാടകത്തില്‍ ഞങ്ങള്‍ പ്രഭാകരന്‍ മാഷോട് അപേക്ഷിക്കുന്നു. രണ്ടു ദിവസം ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരിടം വേണം. മാഷ്‌ സന്തോഷത്തോടെ എന്റെ വീട്ടിന്റെ മുകള്‍ നിലയില്‍ താമസിക്കാമല്ലോ എന്ന് സൌമനസ്യം കാട്ടുന്നു. ഞങ്ങള്‍ മാഷിന്റെ പഴയ തറവാട്ടിലെ മുകളിലെ നിലയില്‍ 'പെട്ടെന്ന് തരപ്പെട്ട ' സൌകര്യത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. മച്ചിന്റെ മുകളിലെ മുറിയില്‍ ഞാനും ജോസും രാജീവനും മാത്രം. അടുത്ത കൂട്ടുകാരന്‍ നാളെ ഉണര്‍ന്നു നോക്കുമ്പോള്‍ തന്നെ കാണാത്തതോര്‍ത്തു രാജീവ്‌ വിഷമിക്കുമ്പോള്‍ അതെ കാരണം കൊണ്ട് തന്നെ ഞങ്ങള്‍ ഉള്ളാലെ സന്തോഷിച്ചു. മുറിയിലെ ചെറിയ ജനാലക്കപ്പുറം കടലിന്റെ ഇരമ്പം. ധര്‍മ്മടം തുരുത്തും കടന്നു വരുന്ന തണുത്ത കാറ്റ്. പ്രഭാകരന്‍ മാഷ്‌ എന്നെ താഴത്തേക്ക്‌ വിളിച്ചപ്പോള്‍ ഷര്‍ട്ട്‌ പോലും ഇടാതെ ഞാന്‍ താഴേക്കിറങ്ങി. അവിടെ അപ്പോള്‍ സാക്ഷാല്‍ അബ്ദുള്ളക്കുട്ടി സഖാവ് ഹാജരുണ്ടായിരുന്നു. എന്നെ കണ്ടതും ഈ വീരോചിതമായ പ്രവൃത്തിയുടെ പേരില്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു. വാനോളം പുകഴ്ത്തി. വിജയ ലഹരിയുടെ അലകള്‍ അപ്പോഴേക്കും കവിളുകളില്‍ തുടിച്ചു തുടങ്ങിയിരുന്നു. ഉടന്‍ അടുത്ത ദൌത്യം എല്പിക്കപ്പെട്ടു. ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുന്ന രാജീവിന്റെ ചങ്ങാതിയുടെ ഐ. ഡി കാര്‍ഡും പൊക്കണം. അത് ഒരിക്കലും നടക്കില്ലെന്നു ഒഴിയാന്‍ നോക്കിയിട്ടും പറ്റിയില്ല. ഇല്ലെങ്കില്‍ പോട്ടെ ഒരു ശ്രമം നടത്തണമെന്നായി സഖാവിന്റെ നിര്‍ബന്ധം. ഷര്‍ട്ട്‌ മുകളിലെ മുറിയില്‍ അഴിച്ചുവേച്ചാണ് താഴെ ഇറങ്ങിയത്‌. അതെടുക്കാന്‍ മോളില്‍ പോയി താഴെ ഇറങ്ങുമ്പോള്‍ അവന്‍ അറിയില്ലേ? പിന്നെ എപ്പോഴെങ്കിലും അറിഞ്ഞാല്‍ .. ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ട്. ഒന്നും കേള്‍ക്കാന്‍ സത്യസന്ധന്‍ തയ്യാറായിരുന്നില്ല. മറ്റാരുടെയോ കുപ്പായവുമിട്ടു കാറില്‍ അടുത്ത ലക്ഷ്യത്തിനായി പുറപ്പെട്ടു.

സമയം രണ്ടു മണി. കൂരിരുട്ടില്‍ പഴയ ഹോസ്റ്റല്‍ പ്രേതഭവനം പോലെ ഭീതി വിരിച്ചു നിന്നു. ഹോസ്റ്റലിന്റെ ഒന്നാം നിലയിലാണ് രാജീവിന്റെ മുറി. അവിടെയാണ് മറ്റേ നേതാവ് കിടന്നുറങ്ങുന്നത്. ഞാന്‍ കോണികയറി ഹാളിലേക്ക് കടക്കാനായി പതുക്കെ വാതിലില്‍ കൈവെച്ചു. അപ്പോഴേക്കും വാതില്‍ തനിയെ തുറന്നു വന്നു. അമ്പരന്ന എന്റെ മുന്നില്‍ പ്രതീഷ്. ഹോസ്റ്റലിലെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു പ്രതീഷ്. ആ സമയത്ത് പുറത്തു എന്നെക്കണ്ട് അവനും ഉള്ളില്‍ അവനെക്കാണ്ട് ഞാനും ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു. രാത്രിയില്‍ ഉറക്കമില്ലാതെ അശാന്തമായ മനസ്സുമായി നടക്കുന്ന പ്രതീഷ് നല്ല സഖാവുമാണ്. എന്താണ് സംഭവം എന്ന് അവനോടും പറഞ്ഞു. അവന്‍ 'ഇതാണോടാ നിന്റെയൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം' എന്ന് മുഖമടച്ചു സുയിപ്പാക്കി. എന്ത് തന്നെയായാലും ചെയ്തെ മതിയാവൂ എന്ന് പറഞ്ഞു ഞാന്‍ 'ഡ്യൂട്ടി'ക്കായി മുന്നേറി. രണ്ടു കട്ടിലുകളിലായി മൂന്നു പേര്‍ കിടപ്പുണ്ട്. ബേഗുകളും പുസ്തകങ്ങളും കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നു. ഇതില്‍ ഏതിലാണ് ഇവന്റെ ഐ ഡി കാര്‍ഡ്. പതുക്കെ ഒരൊന്നിലായി തിരയാന്‍ തുടങ്ങി. പെട്ടെന്ന് മേശപ്പുറത്തിരുന്ന ഒരു സൂട്ട്കേസ് കൈ തട്ടി താഴേക്ക്‌ വീണു. മുറിയിലെ മറ്റുള്ളവര്‍ എഴുന്നേറ്റു. എന്താണെന്ന് തിരക്കുന്നതിനിടയില്‍ ഞാന്‍ പുറത്തെത്തിയിരുന്നു. ആദ്യത്തെ മോഷണ ശ്രമം. ഉള്ളില്‍ സ്വയം പുച്ഛം കൊണ്ട് ഉരുകിക്കൊണ്ട് കാറില്‍ മടങ്ങി.

രാവിലെ ഹോസ്റ്റലില്‍ രാജീവിനെക്കൂട്ടാനായി കെ ഏസ് യു ക്കാര്‍ വണ്ടിയുമായി എത്തി. തലേ ദിവസം നടന്ന സംഭവങ്ങള്‍ അവര്‍ ഊഹിച്ചുകാണും. തിരയാവുന്നിടത്തോക്കെ അവര്‍ രാജീവിനെ തിരഞ്ഞു. ഹോസ്റ്റല്‍ അരിച്ചു പെറുക്കിയത്തിനു പുറമേ സെയ്താര്‍പള്ളിയില്‍ ഞാന്‍ ഇടയ്ക് താമാസിക്കാറുള്ള മുറിയിലും ഭീഷണിയുമായി കയറിയിറങ്ങി.

ഞങ്ങള്‍ പ്രഭാകരന്‍ മാഷുടെ വീട്ടിലും ധര്‍മ്മടം ബീച്ചിലും ആയി വൈകുന്നേരം വരെ ചിലവഴിച്ചു. ഞങ്ങളെ എതിര്‍ക്കാന്‍ കഴിയാതെയും നാളെ കെ ഏസ് യു സുഹൃത്തുക്കളെ അഭിമുഖീകരിക്കേണ്ടത് ഓര്‍ത്തും രാജീവ്‌ മുഖം താഴ്ത്തിത്തന്നെയിരുന്നു. താന്‍ അകപ്പെട്ട അപമാനകരമായ അവസ്ഥയില്‍ വൈകുന്നേരം വരെ ഞങ്ങളുടെ മുന്നില്‍ അവന്‍ ഉരുകിത്തീരുന്നതിനു മനസ്സാക്ഷിക്കുത്തോടെ ഞങ്ങള്‍ കാവല്‍ നിന്നു. വൈകുന്നേരം തിരിച്ചു ഞങ്ങളോടൊപ്പം ഹോസ്റ്റലില്‍ എത്തിയപ്പോള്‍ , അവനെ വിജയിപ്പിക്കാനായി ഏറ്റവും അധികം പണിയെടുത്ത, എല്ലാവരും 'താവു' എന്ന് വിളിക്കുന്ന വിജയകുമാര്‍ രാജീവിന്റെ കോളറില്‍ പിടിച്ചു "ഇതിലും ഭേദം നിനക്ക് തൂങ്ങിച്ചാവുന്നതല്ലേടാ.." എന്ന് ചോദിച്ച് അലറി. അപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ശാരീരികമായി ഞങ്ങളില്‍ ഏറ്റവും കരുത്തനായ രാജീവ്‌ മുഖം പൊത്തി ഏങ്ങലടിച്ചു കൊണ്ട് കരഞ്ഞു. ഹോസ്റ്റലിലെ മുഴുവന്‍ കുട്ടികളുടെയും വെറുപ്പ്‌ നിറഞ്ഞ കണ്ണിനു മുന്നിലൂടെ തലകുനിച്ചു കൊണ്ട് ഞാനും ജോസും മുറിയിലേക്ക് കയറി.

പിന്നീടു സഖാവ് അബ്ദുള്ളക്കുട്ടി ലോകസഭയിലേക്ക് മത്സരിച്ചു. സംസ്ഥാനത്തിനകത്തെ എല്ലാ എസ് എഫ് ഐ പ്രവര്‍ത്തകരും കണ്ണൂരില്‍ എത്തി രാപ്പകലില്ലാതെ പണിയെടുത്തു. തൊട്ടടുത്തായിട്ടും ഒരിക്കല്‍ പോലും വിളിക്കാനോ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് പോകാനോ മനസ്സ് വന്നില്ല. രാജീവിനെ പിന്നീടും പലപ്പോഴും കണ്ടു. ഉള്ളില്‍ ഒട്ടും വെറുപ്പില്ലാതെ അവന്‍ നന്നായി പെരുമാറി. ആ സുഹൃത്തിന്റെ ഹൃദയ വിശാലതയുടെ പത്തിലൊന്നെങ്കിലും എനിക്ക് ഇല്ലല്ലോ എന്ന് സ്വയം നോക്കിക്കണ്ടു. എപ്പോള്‍ അബ്ദുള്ളക്കുട്ടി എന്ന് ഓര്‍ക്കുന്നുവോ അപ്പോഴെല്ലാം മുഖം പൊത്തിക്കരയുന്ന രാജീവിനെയും ഓര്‍ത്തു.

2010, നവംബർ 15, തിങ്കളാഴ്‌ച

രാത്രിയും മൂടല്‍മഞ്ഞും

ചലച്ചിത്രങ്ങള്‍  ക്ലാസ് മുറിയില്‍ 
2. നൈറ്റ് ആന്‍ഡ്‌ ഫോഗ്

"  ഹോളോകാസ്റ്റിന്റെ സമയത്ത് ദൈവം തീര്‍ച്ചയായും അവധിയിലായിരുന്നിരിക്കണം"

ആസ്ത്രിയന്‍ ഹോളോകാസ്റ്റ് സര്‍വൈവര്‍ സിമോണ്‍ വീസെന്താല്‍

ലോക മനസ്സാക്ഷിയുടെ മായ്ക്കാന്‍ കഴിയാത്ത വ്രണമാണ് ഹോളോകാസ്റ്റ്. നാസി കൊണ്സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഞെരിഞ്ഞമര്‍ന്ന നിലവിളികള്‍ , അന്തമില്ലാത്ത പീഡനങ്ങള്‍ , പിടഞ്ഞു വീണ ജീവനുകള്‍ .. ഇനി ഒരിക്കലും തിരിച്ചു വരരുതേ എന്ന് ലോകം ഒന്നടങ്കം ആഗ്രഹിക്കുന്ന ഒന്ന് . അത് കൊണ്ട് തന്നെ കലാകാരന്മാരെ ഏറെ ആലോസരപ്പെടുത്തിയിട്ടുള്ളതും അവര്‍ ഏറ്റവും കൂടുതല്‍ ആവിഷ്കാരം നടത്തിയിട്ടുല്ലതുമായ വിഷയവും ഇരുപതാം നൂറ്റാണ്ടിലും  തുടര്‍ന്നും ഇത് തന്നെയാണ്. 'ഹോളോകാസ്റ്റിനുശേഷം കവിതയെഴുതുക എന്നത് പ്രാകൃതമാണ് ' എന്ന തിയഡോര്‍ അഡോണയുടെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തിലല്ല കലാലോകം ചെവിക്കൊണ്ടത്. നോവലുകളായും, കവിതകളായും, കഥകളായും പുറത്തു വന്നിട്ടുള്ള സാഹിത്യകൃതികള്‍ , ചിത്രങ്ങള്‍ ‍, ചലച്ചിത്രങ്ങള്‍ .. എണ്ണിയാല്‍ ഒടുങ്ങാത്തതാണ് ഇവയുടെ അളവ്. ആസ്വാദകരെ ഞെട്ടിച്ചു കൊണ്ട് യുദ്ധവെറിയുടെ ഭീഭത്സമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി സൃഷ്ടിച്ച ഡോക്യുമെന്‍ററികള്‍ , കണ്ണീരിന്റെ ആഴങ്ങളിലേക്ക് തള്ളിയിട്ട കഥാചിത്രങ്ങള്‍ എന്നിങ്ങനെ  ഹോളോകാസ്റ്റിന്റെ വൈകാരികാനുഭവം ഹൃദയസ്പര്‍ശിയായി അനുഭവിപ്പിക്കാന്‍ അതില്‍ മുന്നില്‍ നിന്ന കലയാണ്‌ ചലച്ചിത്രം. അലന്‍ റെനെയുടെ 'നൈറ്റ് ആന്‍ഡ്‌ ഫോഗ് ', ക്ലോഡ് ലാന്‍സ് മാന്റെ 'സോഹ് 'എന്നിവ ഈ വിഷയത്തില്‍ ഉണ്ടായിട്ടുള്ള ഡോക്യുമെന്‍ററികളില്‍ എക്കാലത്തെയും മികച്ച സൃഷ്ടികളാണ്. പോളാന്‍സ്കിയുടെ 'ദ പിയാനിസ്റ്റ്‌', റോബര്‍ട്ടോ ബെനീഞ്ഞിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ', ജോസഫ് സര്‍ജന്റിന്റെ  'ഔട്ട്‌ ഓഫ് ആഷസ്', സ്പില്‍ ബര്‍ഗിന്റെ 'ഷിന്റ് ലേര്‍സ് ലിസ്റ്റ് ', മാര്‍ഗരീത്ത വോണ്‍ ട്രോട്ടയുടെ 'റോസന്‍ട്രാസ് ',എഡ് വേര്‍ഡ് സ്വിക്കിന്റെ 'ഡെഫിയന്‍സ് ', അലന്‍ ജെ പെക്കുലയുടെ ' സോഫീസ് ചോയിസ് ', മാര്‍ക്ക് ഹെര്‍മാന്റെ ' ദ ബോയ്‌ ഇന്‍ ദ സ്ട്രിപ്ഡ് പൈജാമ' എന്നിവ എടുത്തു പറയേണ്ട ഫീച്ചര്‍ സിനിമകളാണ്. ഏതൊരു പ്രിന്റ്‌ ടെക്സ്റ്റ്‌നെക്കാളും നമ്മുടെ ഹൃദയത്തെ ചലിപ്പിക്കാനും യുദ്ധത്തിന്റെ ഫാസിസത്തിന്റെ ക്രൌര്യം അനുഭവവേദ്യമാക്കാനും ഈ ചലച്ചിത്രങ്ങള്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ നല്ല ക്ലാസ് മുറികള്‍ക്ക് ഇവയില്‍ പലതും ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്.

1955 ലാണ് അലന്‍ റെനെയുടെ നൈറ്റ് ആന്‍ഡ്‌ ഫോഗ് പുറത്തിറങ്ങുന്നത് . ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്‍ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും 'പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. 'കാവ്യാത്മകമായ മുഖപ്രസംഗം' എന്നും ഈ ചിത്രത്തെ വിളിച്ചവരുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂടിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകളെയാണ് ഇതിലെ ഇരുണ്ട ചിത്രങ്ങല്‍ക്കൊണ്ട് റെനെ ഇളക്കി മറിക്കുന്നത്‌. ചലച്ചിത്ര ഭാഷയ്ക്ക് അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടെജുകളുടെയും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളുടെയും ചേരുവയാണ് വര്‍ത്തമാനത്തെയും ഭൂതത്തെയും വിളക്കിചേര്‍ക്കാന്‍ റെനെ പ്രയോജനപ്പെടുത്തിയത്. കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ നിര്‍മ്മാണത്തില്‍ തുടങ്ങി അവ മരണത്തിന്റെ ഫാക്ടറികള്‍ ആകുന്നതു വരെയുള്ള വളര്‍ച്ച പടിപടിയായി വിവരിക്കപ്പെടുമ്പോള്‍ , മനുഷ്യന് സാധ്യമാകുന്ന ക്രൂരതകളുടെ വിഷപ്പാടുകള്‍ കണ്ടു നടുങ്ങാതിരിക്കാന്‍ മനസ്സുള്ളവര്‍ക്ക് കഴിയില്ല. ഒരു തരത്തിലും സംഗ്രഹിക്കാന്‍ കഴിയാത്ത നിസ്സഹായതയുടെ മിടിപ്പുകളാണ് നൈറ്റ് ആന്‍ഡ്‌ ഫോഗിന്റെ അവസാന ദൃശ്യം വരെ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുക. ഇത്തരമൊരു ചിത്രം നിര്‍മ്മിക്കുന്നതിന് താന്‍ അനുഭവിച്ച പ്രയാസങ്ങള്‍ റെനെ ഒരു അഭിമുഖത്തില്‍ ഓര്‍ക്കുന്നുണ്ട്. ഓഷ് വിറ്റ്സിലെ തടങ്കല്‍ പാളയങ്ങളില്‍ ചിത്രീകരിക്കുന്നതിനുള്ള അനുവാദം നിരന്തരം നിരസിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്ര നിര്‍മ്മാണ സഭയുടെ പ്രത്യേകമായ ഉത്തരവുണ്ടായിട്ടും വളരെക്കുറച്ചു സമയം മാത്രമാണ് ചിത്രീകരണത്തിനു അനുവദിച്ചത്. ചിത്രത്തിന്റെ പലഭാഗങ്ങളും മുറിച്ചുമാറ്റുന്നതിനു ഭരണാധികാരികളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി. എങ്കിലും ലോകമനസ്സാക്ഷിയെ ഉണര്‍ത്താന്‍ ഇത്തരമൊരു ചിത്രം കൂടിയേ കഴിയൂ എന്ന് താന്‍ തീരുമാനിക്കുകയായിരുന്നു. ചരിത്രത്തോട് റെനെക്കുള്ള  അഗാധമായ താത്പര്യത്തിന്റെ പ്രതിഫലനം തന്നെയാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയും സാക്ഷ്യപ്പെടുത്തുന്നത്, 'ഹിരോഷിമാ മോണ്‍ അമാര്‍ '. നാസി തടങ്കല്‍പാളയത്തില്‍ നിന്നും രക്ഷപ്പെട്ട കവിയും നോവലിസ്റ്റുമായ ജീന്‍ കേറോള്‍ ആണ്  നൈറ്റ് ആന്‍ഡ്‌ ഫോഗിന്റെ രചന നിര്‍വഹിച്ചത്. ക്യാമ്പില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരു തടവുകാരനാണ് ചിത്രത്തിന്റെ നരേഷന്‍ നിര്‍വഹിച്ച മൈക്കല്‍ ബൌക്കറ്റ്.

സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തുനിന്നും മുള്ള് വേലികളുടെ അതിരുകളിലേക്ക് താണു വരുന്ന ക്യാമറ, ആദ്യം കാണിച്ചു തരുന്നത് ഒരു ടൂറിസ്റ്റ് കേന്ദ്രം പോലെ മനോഹരമായ പ്രദേശത്തെയാണ്. ഒരു പോസ്റ്റ്‌ കാര്‍ഡില്‍ കാണുന്നത് പോലെ ആകര്‍ഷകമായ ആ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ഇപ്പോള്‍ സഞ്ചാരികള്‍ തിരക്ക് കൂട്ടാറുണ്ടെന്നു നരേറ്റര്‍ പറയുന്നുമുണ്ട്. എന്നാല്‍ അത് എന്താണെന്നും എന്തിനാണ് അത് പണിതതെന്നും മെല്ലെ വിശദമാക്കിത്തരുമ്പോള്‍ നാം അമ്പരക്കുന്നത്, താന്‍ നേടിയ അറിവും അനുഭവവും മനുഷ്യക്കുരുതിക്ക് സമര്‍ത്ഥമായി പ്രയോജനപ്പെടുത്താന്‍ കൂട്ടുനിന്ന എഞ്ചിനീയര്‍മാരെയും ആര്‍ക്കിടെക്റ്റുകളെയും ഓര്‍ത്തിട്ടുകൂടിയാണ്. ഒരു സ്റ്റേഡിയമോ ഹോട്ടലോ പണിയുന്നത് പോലെ സാധാരണമായിരുന്നു അവയുടെ നിര്‍മ്മാണം. മനോഹരവും വിദഗ്ധവും ആയ അതിന്റെ ഗേറ്റിനെ ക്കുറിച്ച് അവ ഒരിക്കല്‍ മാത്രം പ്രവേശിക്കാന്‍ കഴിയുന്നവയാണ് എന്ന നരേറ്റരുടെ വാക്കുകളുടെ അര്‍ത്ഥം പിന്നീടാണ് വെളിവാകുന്നത്. പരന്നു കിടക്കുന്ന മനോഹരമായ നൂറുകണക്കിന് കെട്ടിടങ്ങള്‍ ..  അവയുടെ വിവിധ കോണുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണിച്ചുതരുമ്പോള്‍ റെനെ കൂട്ടിച്ചേര്‍ക്കുന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരപരാധികളായ ജൂതന്മാര്‍ അറിഞ്ഞിരുന്നില്ല, ഭാവിയില്‍ അവര്‍ക്ക് കഴിയേണ്ട നരകപീഡനശാലകള്‍ ഇങ്ങു ദൂരെ ഒരുങ്ങുന്നുണ്ടെന്ന്.
ഹിറ്റ് ലര്‍ ആധിപത്യം സ്ഥാപിച്ച പ്രദേശങ്ങളില്‍ നിന്ന് ജൂതര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു. പട്ടാളക്കാര്‍ക്കൊപ്പം പോകുമ്പോള്‍ അവര്‍ വിചാരിക്കുന്നു, 'എന്തോ തെറ്റ് പിണഞ്ഞത് കൊണ്ടോ സംശയം തോന്നിയത് കൊണ്ടോ ആണ് തങ്ങളെ പിടികൂടിയിരിക്കുന്നത്. അത് വ്യക്തമായാല്‍ ഉടന്‍ തങ്ങളെ വിട്ടയക്കും.' എന്നാല്‍ തങ്ങളെ കാത്തിരിക്കുന്ന ഭയാനകമായ പീഡനങ്ങളുടെ കറുപ്പും ശ്വാസംമുട്ടലും അവര്‍ തിരിച്ചറിഞ്ഞത്, കോണ്‍സണ്‍ട്രേഷന്‍  ക്യാമ്പുകളിലേക്ക് അവരെ കയറ്റിയയച്ച തീവണ്ടി ബോഗികളില്‍ നിന്നാണ്. രാത്രിയും പകലുമില്ലാത്ത, കൊട്ടിയടച്ച ഗുഡ്സ് വാഗണിന്റെ ഇരുട്ടില്‍ വിശപ്പും ദാഹവും ശ്വാസംമുട്ടും ഭ്രാന്തുമായി അവര്‍ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. രാത്രിയും മൂടല്‍മഞ്ഞും കട്ടപിടിച്ച ഏതോ സമയത്ത് അവരുടെ തീവണ്ടി ഓള്‍ഷിവിറ്റ്സ് അടക്കമുള്ള ക്യാമ്പുകളില്‍ എത്തിച്ചേര്‍ന്നു.

ഇറ്റു സൂപ്പുമാത്രം കഴിച്ച്, കഠിനാധ്വാനത്തിന് നിര്‍ബന്ധിക്കപ്പെട്ട്, ട്രേ പോലെ അടുക്കിയ തട്ടുകളില്‍ തിങ്ങിപ്പാര്‍ത്ത് സമൂഹത്തില്‍ അതുവരെ നല്ല നിലയില്‍ കഴിഞ്ഞിരുന്ന മനുഷ്യര്‍ , ഒരു പ്രത്യേക വംശത്തില്‍ ജനിച്ചു എന്നത് കൊണ്ട് മാത്രം അവസാനവും തടസ്സമില്ലാത്തതുമായ ഭയത്തിന്റെ തടവറയില്‍ നരകിക്കുകയായി. ഇപ്പുറത്തു 'കപു' അടക്കമുള്ള നാസി സൈനികോദ്യോഗസ്ഥര്‍ ഓര്‍ക്കസ്ട്രയും മൃഗശാലയും വേശ്യാലയവും കെട്ടിപ്പൊക്കി ആസക്തികളില്‍ മുഴുകി. ഈ രണ്ടു ചിത്രങ്ങളും ചേര്‍ത്തു വെക്കുമ്പോള്‍ റെനെ തൊടുന്നത് അധികാരത്തിന്റെ എക്കാലത്തെയും വിഭജനങ്ങള്‍ ആണ്. ഇവിടെ അദ്ദേഹം നമ്മളെ ഒരു ആശുപത്രിയിലേക്ക് കൂട്ടി കൊണ്ട് പോകുന്നുണ്ട്. പുറമേ നിന്ന് കാണുമ്പോള്‍ ശരിയായ ആതുരാലയം. എന്നാല്‍ അകത്തോ? മരുന്നായി വിശ്വാസം മാത്രം ; പേപ്പറുകളാണ് വസ്ത്രങ്ങള്‍ . വിശപ്പുപോലും അടക്കാന്‍ കഴിയാതെ രോഗികള്‍ സ്വന്തം കമ്പളിപ്പുതപ്പ് ഭക്ഷിക്കുന്നു.ഗിനിപ്പന്നികളായി കണ്ടുകൊണ്ടു മരുന്ന് കമ്പനികള്‍ ഇവരില്‍ മാരകമായ രാസവസ്തുക്കള്‍ പരീക്ഷണം നടത്തുന്നു.

ക്യാമ്പുകളില്‍ ആളുകള്‍ കൂടിയപ്പോള്‍ എളുപ്പത്തില്‍ അവരെ കോന്നൊടുക്കുന്നതിനായാണ് ഗ്യാസ് ചേമ്പറുകള്‍ തീര്‍ത്തത്. അതിന്റെ ഉള്ളറകളിലെ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയതും പ്രഗത്ഭരായ എന്‍ജിനീയര്‍മാര്‍ തന്നെയായിരുന്നു! വിഷവാതകമേറ്റ് പ്രാണനായി പിടയുന്ന മനുഷ്യര്‍ കൈവിരല്‍ കൊണ്ട് മാന്തിപ്പോളിച്ച കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ , ചുമരുകള്‍ ഇവിടെക്കെല്ലാം റെനെയുടെ ക്യാമറ നീണ്ടു ചെല്ലുന്നുണ്ട്. ഇവിടെ എത്തുമ്പോള്‍ പിടഞ്ഞു വീണ ആ മനുഷ്യര്‍ക്കൊപ്പം നമുക്കും ശ്വാസം മുട്ടും. കൊല്ലപ്പെട്ട തടവുകാരുടെ കണ്ണടകള്‍ , ഷേവിംഗ് ബ്രഷുകള്‍ ,ചെരുപ്പുകള്‍ , സ്ത്രീകളുടെ തലമുടി ... ഇവയുടെ കുന്നുകള്‍ കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ചു കിടക്കുന്നു. ഈ ദൃശ്യങ്ങള്‍ക്ക് അകമ്പടിയായി റെനെ ഉപയോഗിക്കുന്ന സംഗീതം ഹൃദയദ്രവീകരണക്ഷമമാണ്. തലമുടി ഉപയോഗിച്ചുകൊണ്ട് പുതപ്പുകള്‍ , മനുഷ്യന്റെ കൊഴുപ്പില്‍ നിന്ന് ..( ഇവിടെ വാക്കുകള്‍ കിട്ടാതെ പിടഞ്ഞു നരേറ്റര്‍ പോലും ഒരു നിമിഷം നിശ്ശബ്ദനാകുന്നു.) .. സോപ്പുകള്‍ .അറുത്തുമാറ്റപ്പെട്ട ശിരസ്സുകള്‍ ഒരു കൊട്ടയില്‍ അടുക്കി വെച്ചിരിക്കുന്നു... തൊട്ടടുത്ത് ശിരസ്സ് പിഴുതെടുക്കപ്പെട്ട ഉടലുകള്‍ ... വരിവരിയായി നില്‍ക്കുന്ന പട്ടിണിക്കോലങ്ങള്‍ ... ദഹിപ്പിക്കാന്‍ വിറകില്ലാതെ കൂട്ടിയിട്ട പാതിവെന്ത ശവക്കൂനകള്‍ ..റെനെ ഈ ഭാഗത്ത് കാട്ടുന്ന ഏതാനും ദൃശ്യങ്ങള്‍ മതി ഹിറ്റ്‌ലറുടെ കൊടും പാതകങ്ങളുടെയും നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടന്ന ഉള്ളുലയ്ക്കുന്ന ക്രൂരതകളുടെയും നേര്‍ചിത്രം ലഭിക്കാന്‍ . യുദ്ധത്തില്‍ ഹിറ്റ്‌ലര്‍ ജയിച്ചിരുന്നെങ്കില്‍ ജര്‍മ്മനിയുടെ സമ്പത്തിന്റെ പ്രധാന സ്രോതസ് ഈ ഇരുട്ടറകളായേനെ എന്ന് റെനെ ഉള്‍ക്കിടിലത്തോടെ ഓര്‍ക്കുന്നുണ്ട്.

സഖ്യകക്ഷികള്‍ ക്യാമ്പുകളില്‍ കടന്നതിനു ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ക്യാമറയിലൂടെ മനുഷ്യന്‍ കണ്ട ഏറ്റവും ഭയാനകമായ രംഗങ്ങള്‍ ആയിരിക്കും. പട്ടിണി കിടന്നു മരിച്ച പതിനായിരങ്ങളുടെ ശരീരങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വലിയ കുഴികളിലേക്ക് നീക്കുന്നു. ജീവന്‍ ബാക്കിയുള്ളവര്‍ മരിച്ചവരുടെ തലയോട്ടികള്‍ അടുക്കിവെക്കുന്നു. ഈ ദൃശ്യങ്ങള്‍ രക്ഷപ്പെട്ട അന്തേവാസികള്‍ കമ്പിവേലിയിലൂടെ നോക്കി നില്‍ക്കുന്നു." ഇവര്‍ സ്വതന്ത്രരായോ? സാധാരണ ജീവിതം ഇനി ഇവരെ തിരിച്ചറിയുമോ? എന്ന ആശ്ചര്യം റെനെ മറച്ചു വെക്കുന്നില്ല. ഇരുപത്താറു രാജ്യങ്ങളിലെ ഒന്‍പതു മില്ല്യന്‍ നിരപരാധികളാണ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ പൊലിഞ്ഞത് എന്നോര്‍ക്കണം.
 
ന്യൂറന്ബര്‍ഗിലെ അന്താരാഷ്‌ട്ര യുദ്ധവിചാരണക്കോടതിയില്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ ചുമതലക്കാരനായ കപുവും ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞു, ' ഇതിനു ഞാന്‍ ഉത്തരവാദിയല്ല' ..' ഞാന്‍ ഉത്തരവാദിയല്ല '.. ഈ ദൃശ്യത്തിനൊപ്പം റെനെ കട്ട് ചെയ്തു ചേര്‍ക്കുന്നത് കൂമ്പാരം കൂട്ടിയ നഗ്നമായ ശവശരീരങ്ങള്‍ ആണ്. എന്നിട്ട് അദ്ദേഹം ചോദിക്കുന്നു 'എങ്കില്‍ ആരാണ് ഉത്തരവാദി?'

തനിക്കു ലഭിച്ച ആര്‍ക്കേവ്‌ ദൃശ്യങ്ങളെ കേവലമായി ചെര്‍ത്തുവെച്ചുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയല്ല 'നൈറ്റ് ആന്‍ഡ്‌ ഫോഗ് .'  മനുഷ്യമനസ്സാക്ഷിക്കു നേരെത്തൊടുക്കുന്ന കനമുള്ള ചില ചോദ്യങ്ങള്‍ , ചരിത്രത്തെക്കുറിച്ചുള്ള ദാര്‍ശനികമായ ഉള്‍ക്കാഴ്ചകള്‍ ഇവയാണ് ഈ സിനിമയെ ഹോളോകാസ്റ്റിനെക്കുറിച്ച് നിര്‍മ്മിക്കപ്പെട്ട നൂറുകണക്കിന് ഡോക്യുമെന്ററികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. യഥാര്‍ത്തത്തില്‍ നമ്മുടെ പായല്‍ മൂടിയ ഓര്‍മ്മകളെ ക്രൂരദൃശ്യങ്ങളിലൂടെ കുത്തി മുരിവേല്പിക്കുന്നത്  കാലികമായ ചില മുന്നറിയിപ്പുകള്‍ നല്‍കാന്‍ കൂടിയാണ്. അവിടെയുള്ള പൊളിഞ്ഞു വീണ കാവല്പുരകളില്‍ ഇരുന്നു ആരോ മുന്നറിയിപ്പ് നല്‍കുന്നതായി അദ്ദേഹത്തിനു തോന്നുന്നു. അത് വരാനിരിക്കുന്ന എകാധിപതികളെ ചെറുത്തു നില്‍ക്കേണ്ടതിനെക്കുറിച്ചാവാം. അതുകൊണ്ട് തന്നെയാണ് റെനെ ഈ ചിത്രം ഇങ്ങനെ അവസാനിപ്പിക്കുന്നത്, 'യുദ്ധം ഉറക്കം തൂങ്ങുന്നതെയുള്ളൂ.. നമ്മളില്‍ ചാടി വീഴാന്‍ അവസരം പാര്‍ത്തുകൊണ്ട് അപ്പോഴും അത് ഒരു കണ്ണ്  തുറന്നു തന്നെ വച്ചിരിക്കുന്നു'.

യുദ്ധം, ഫാസിസം, ഏകാധിപത്യം എന്നിവ ഭാഷാ- സാമൂഹ്യശാസ്ത്ര ക്ലാസ് മുറികളില്‍ ആവര്‍ത്തിച്ചു വരുന്ന പ്രമേയമാണ്. യുദ്ധം മനുഷ്യരാശിക്ക് വരുത്തി വെക്കുന്ന വമ്പിച്ച നഷ്ടങ്ങള്‍ , കേവലമായ സ്ഥിതിവിവരം എന്നതിലുപരി വൈകാരികമായി കുട്ടികള്‍ അനുഭവിക്കേണ്ടതുണ്ട്. ലോകസാഹിത്യത്തില്‍ യുദ്ധത്തിന്റെ, വിഭജനത്തിന്റെ, കലാപങ്ങളുടെ രക്തം പുരണ്ട അദ്ധ്യായങ്ങള്‍ എത്രയോ ഉണ്ട്. ( പന്ത്രണ്ടാം ക്ലാസിലെ മലയാളം ടെക്സ്റ്റിലെ ലൂയി പിരാന്തല്ലോയുടെ 'യുദ്ധം' എന്നാ കഥ നോക്കുക ). മലയാളത്തില്‍ എഴുത്തച്ഛന്റെ ഗാന്ധാരീ വിലാപം ( ശ്രീമഹാഭാരതം ) മുതല്‍ മാരാരുടെ യുദ്ധത്തിന്റെ പരിണാമവും അര്‍ജുന വിഷാദയോഗവും ( ഭാരതപര്യടനത്തിലെ ഉപന്യാസങ്ങള്‍ ) തകഴിയുടെ പട്ടാളക്കാരനും, ബഷീറിന്റെ ഭൂമിയുടെ ചോരയും ( ശബ്ദങ്ങള്‍ ) ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇവയില്‍ ചിലതിന്റെ പാരായണവും പൊതുവായ ചര്‍ച്ചയും നടന്നതിനു ശേഷം യുദ്ധരംഗങ്ങളില്‍ നിന്ന് ടുത്ത ലോകപ്രശസ്തമായ ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശിപ്പിക്കാം. അവരില്‍ അതുണ്ടാക്കിയ വികാരങ്ങള്‍ പങ്കുവെക്കട്ടെ. ചിലതിന്റെ ലിങ്കുകള്‍ ഇവിടെ കിട്ടും.

തുടര്‍ന്ന് നൈറ്റ് ആന്‍ഡ്‌ ഫോഗിനെ ക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കിയതിനു ശേഷം ചലച്ചിത്രം പ്രദര്‍ശിപ്പിക്കാവുന്നതാണ്.
 • ചലച്ചിത്ര പ്രദര്‍ശനത്തിനു ശേഷം ചിത്രം അവരിലുണ്ടാക്കിയ വൈകാരികാനുഭാവത്തെ കുറിച്ച് കുട്ടികള്‍ സംസാരിക്കട്ടെ. സ്പര്‍ശിച്ച രംഗങ്ങള്‍ , വിവരണങ്ങള്‍ എന്നിവ വിശദമാക്കട്ടെ.
 • സിനിമയെന്ന മാധ്യമത്തിന്റെ ശക്തിയെക്കുറിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കട്ടെ.
 • യുദ്ധം ഉറക്കം തൂങ്ങുന്നതെയുള്ളൂ.. അപ്പോഴും അത് ഒരു കണ്ണ്  തുറന്നു തന്നെ വച്ചിരിക്കുന്നു'. എന്ന റെനെയുടെ ഉത്കണ്ടയുടെ അര്‍ത്ഥതലങ്ങള്‍ എന്തൊക്കെയാണ്? ഇത്തരം വംശഹത്യകള്‍ പിന്നീട് നടന്നിട്ടുണ്ടോ?
 • വ്യക്തികളെക്കാളും വ്യത്യസ്ത ഗ്രൂപ്പുകളെക്കാളും മനുഷ്യന് വേദനകളും നഷ്ടങ്ങളും വരുത്തുന്നത് രാഷ്ട്രങ്ങള്‍ ആണ്. ഈ കാഴ്ചപ്പാട് ശരിയോ?
 • എങ്ങിനെയാണ് ഇത്തരം വംശഹത്യകള്‍ സംഭവിക്കുന്നത്‌? രാഷ്ട്രം എങ്ങിനെ ജനാഭിപ്രായങ്ങളെ സ്വാധീനിക്കുന്നു?
തുടങ്ങിയ ചര്‍ച്ചകളും ഉയര്‍ന്ന ക്ലാസുകളില്‍ ഉയര്‍ത്തിക്കൊണ്ടു വരാവുന്നതാണ്.

നൈറ്റ് ആന്‍ഡ്‌ ഫോഗ് യു ട്യൂബില്‍ ലഭ്യമാണ്. ടോറന്റായി ലഭിക്കാന്‍ ഇവിടെയുള്ള 'ഡൌണ്‍ലോഡ് ദിസ് ടോറന്റ് ' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2010, നവംബർ 2, ചൊവ്വാഴ്ച

സിനിമാ ടിക്കറ്റ്

'ദ സിനിമാ ടിക്കറ്റ് '
ചലച്ചിത്രങ്ങള്‍  ക്ലാസ് മുറിയില്‍
1 .  'ദ സിനിമാ ടിക്കറ്റ് '

സിനിമയോടുള്ള തങ്ങളുടെ അടക്കാനാകാത്ത അഭിനിവേശം മഹാന്മാരായ ചിലച്ചിത്രകാരന്മാര്‍ പ്രകാശിപ്പിച്ചിട്ടുള്ളത് മനോഹരമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടു മാത്രമല്ല. കഴിയുമ്പോഴൊക്കെ അവര്‍ സിനിമയെ തന്നെ പ്രമേയവുമാക്കി. സിനിമ അതിന്റെ ആരംഭം തൊട്ടുതന്നെ ജനങ്ങളെ അതിന്റെ കാന്തികമായ പ്രഭാവലയങ്ങളാല്‍ വലിച്ചെടുത്ത കലയാണ്‌. സിനിമയോടുള്ള ഉന്മാദസമമായ പ്രണയവും അതിനായി അലഞ്ഞ വഴികളും ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച ഓരോരുത്തരുടെയും ഓര്‍മ്മയിലെ വര്‍ണക്കാഴ്ചകളാണ്. ചലച്ചിത്രത്തെ പ്രമേയമാക്കി എടുക്കപ്പെട്ട സിനിമകളിലെല്ലാം ഈ അഭിനിവേശം, അനുഭവം പകര്‍ത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകസിനിമയില്‍ ഒരു പ്രത്യേക വിഭാഗമായി നില്‍ക്കത്തക്ക വിധത്തില്‍ 'സിനിമയെക്കുറിച്ചുള്ള സിനിമകള്‍ ' സമ്പന്നമാണ്. ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ 'ക്യാമറാ ബഫ് ', ഗിസ്സപ്പേ ടെര്‍നാട്ടോറയുടെ ' സിനിമാ പാരഡൈസോ', അബ്ബാസ് കിയറസ്താമിയുടെ 'ക്ലോസ് അപ്പ് ', ഗൊദാര്‍ദിന്റെ ' കണ്‍ഡംപ്റ്റ് ', വെര്‍ത്തോവിന്റെ ' മാന്‍ വിത്ത്‌ മൂവീ ക്യാമറാ', മക് മല്‍ ബഫിന്റെ 'വണ്‍സ് അപ്പോണ്‍ എ ടൈം സിനിമ', ഒസാമ ഫൌസിയുടെ 'ഐ ലവ് സിനിമ ' എന്നിവ ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ചലച്ചിത്രങ്ങളാണ്. സിനിമയോടുള്ള ബാല്യകാലത്തെ അടക്കാനാകാത്ത ആകര്‍ഷണത്തെ അതീവ ഹൃദ്യമായി പകര്‍ത്തിയ ചിത്രങ്ങളാണ് ഇതില്‍ 'സിനിമാ പാരഡൈസോ'യും 'ഐ ലവ് സിനിമ'യും. ഈ ഗണത്തില്‍ പെടുത്താവുന്ന അതിമനോഹരമായൊരു ഹ്രസ്വചിത്രമാണ് നോര്‍വീജിയന്‍ ചിത്രമായ 'ദ സിനിമാ ടിക്കറ്റ് '.

പത്തു വയസ്സിനടുത്ത് പ്രായം വരുന്ന കുട്ടിയാണ് ഇതിലെ മുഖ്യ കഥാപാത്രം. അവന്റെയോ സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെയോ പേര് സിനിമയില്‍ ഉപയോഗിക്കുന്നില്ല. ഏതു പേരില്‍ ഏതു നാട്ടില്‍ ആയാലും ബാല്യത്തിന്റെ കുതൂഹലങ്ങളില്‍ ഒന്നാമത് സിനിമതന്നെയെന്നാവണം സംവിധായകന്‍ ഓര്‍മ്മിപ്പിക്കുന്നത്. പാതയോരത്ത് സ്ഥാപിച്ച ബോര്‍ഡില്‍ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നിടതാണ് 'സിനിമാ ടിക്കറ്റ് 'ആരംഭിക്കുന്നത്. പോസ്റ്ററൊട്ടിച്ചു  കഴിഞ്ഞു അയാള്‍ പോയപ്പോഴേക്കും തൊട്ടു പിന്നിലെ മരത്തില്‍ നിന്നും അവന്‍ ഉര്‍ന്നിറങ്ങി. ഉടന്‍ പ്രദര്‍ശനം ആരംഭിക്കുന്ന 'ഫ്ലാക്ലിപ്പാ ഗ്രാന്റ് പ്രിക്സ് ' എന്നാ സിനിമയുടെ പോസ്റ്റരാണ് അത്. ടിക്കറ്റ് നിരക്കില്‍ ഏറ്റവും താഴ്ന നിരക്ക് പത്തു ക്രോണ്‍ ആണ്. അവന്റെ കയ്യില്‍ മൂന്നു ക്രോണ്‍ ഉണ്ട്. ശേഷിക്കുന്ന പണം ഉണ്ടാക്കാന്‍ അവന്‍ നടത്തുന്ന ശ്രമങ്ങളും അതില്‍ അനുഭവിക്കുന്ന വ്യത്യസ്ത വികാരങ്ങളും ആണ് സിനിമാ ടിക്കറ്റിന്റെ ശേഷിക്കുന്ന ഭാഗം.

പണം കണ്ടെത്തുന്നുതിനുള്ള ആദ്യ ശ്രമം അമ്മയുടെ പണക്കുടുക്കയില്‍ നിന്നുള്ള മോഷണം തന്നെ. അത് കയ്യോടെ പിടിക്കപ്പെടുന്നു. ചലച്ചിത്ര ഭാഷയുടെ അത്യന്തം ധ്വന്യാത്മകമായ ആവിഷ്കാരനാണ് ഇവിടെ കാണുന്നത്. അവന്‍ വീട്ടിലെത്തുമ്പോള്‍ കാണുന്നത് അമ്മ അയയില്‍ ഉണങ്ങാനിട്ട പുതപ്പുകള്‍ , വളച്ചു കെട്ടിയ ചൂരല്‍ വടികളാല്‍ തല്ലി വൃത്തിയാക്കുന്നതാണ്. അവന്‍ കുടുക്കയില്‍ നിന്നും പണം മോഷ്ടിക്കുന്നത് കാണുന്ന അമ്മ ആ വടിയില്‍ മുറുകെ പിടിക്കുന്നതെയുള്ളൂ. അടുത്ത ദൃശ്യം അടിവീണു തിണര്‍ത്ത പിന്നാമ്പുറം വെള്ളത്തില്‍ വെച്ച് കണ്ണീരൊലിപ്പിച്ചു ഇരിക്കുന്ന അവനെയാണ്‌. കണ്ണീരിനിടയിലും  കിട്ടിയ ഒന്നോ രണ്ടോ നാണയം ഗൂഢമായി അവന്‍ എടുത്തു നോക്കുന്നുണ്ട്. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് അതുവരെ കിട്ടിയ നാണയങ്ങള്‍ തൊട്ടു തലോടിയാണ് അവന്‍ ഉറക്കത്തിലേക്ക് പോകുന്നത്.

തൊട്ടടുത്ത ദിവസം മുതല്‍ ബാക്കി പണം ഉണ്ടാക്കുന്നതിനുള്ള കഠിനാധ്വാനത്തില്‍ അവന്‍ ഏര്‍പ്പെടുകയാണ്. അയല്‍വാസികള്‍ക്ക് സാധനങ്ങള്‍ വാങ്ങിച്ചു കൊടുത്തും ഉപേക്ഷിക്കപ്പെടുന്ന മദ്യക്കുപ്പികള്‍ ശേഖരിച്ചും അവന്‍ ഓരോ നാണയമായി സമ്പാദിക്കുന്നു. വലിയ പ്രോലോഭനങ്ങളെ അതിജീവിച്ചാണ് അവന്‍ ആ നാണയം കൈക്കലാക്കുന്നത്. നാണയത്തിന് പകരമായി കടക്കാരന്‍ നീട്ടുന്ന മിഠായികള്‍ നിരസിക്കാന്‍ അവനു പിന്ബലമാകുന്നത് സിനിമയുടെ കൂടിയ മധുരമാണ്. ഒടുവില്‍ ടിക്കറ്റിനു വേണ്ട പണം ഒത്തുവന്നപ്പോള്‍ അവന്‍ സൈക്കിളുമായി തിയേറ്ററിലേക്ക് കുതിക്കുന്നു. വഴിയില്‍ കാത്തിരുന്ന നിര്‍ഭാഗ്യത്തില്‍ കൊണ്ട് അവന്റെ സൈക്കിളിന്റെ ടയര്‍ പഞ്ചാറായെങ്കിലും ആ സൈക്കിളും ഉരുട്ടിത്തന്നെ ഓടി അവന്‍ തിയേറ്ററിലെത്തി. ക്യൂവില്‍ അവന്റെ ഊഴം എത്തുമ്പോഴേക്കും ഷോയ്ക്കുള്ള ടിക്കറ്റുകള്‍ തീര്‍ന്നു കഴിഞ്ഞിരിന്നു. പക്ഷെ അവനെ സഹായിക്കാനായി തിയേറ്ററിലെ ഓപ്പറേറ്റര്‍ താന്നെയെത്തുന്നു. ഓപ്പറേറ്റരുടെ മുറിയില്‍ നിന്നുതന്നെ രാജകീയമായി അവന്‍ സിനിമ കാണുന്നിടത്താണ് 'സിനിമാ ടിക്കറ്റ് ' അവസാനിക്കുന്നത്.

'സിനിമാ ടിക്കറ്റ് ' എന്ന കൊച്ചു സിനിമ അതിന്റെ സവിശേഷമായ ചലച്ചിത്ര ഭാഷ കൊണ്ടാണ് നമ്മുടെ ഹൃദയം കവരുന്നത്. ഈ ചിത്രത്തില്‍ ഒരു സംഭാഷണശകലം പോലും സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമയുടെ ഭാഷ കേവലമായ സംഭാഷണമല്ലെന്ന് കൂടിയാവാം ദൃശ്യങ്ങളിലൂടെ അതിമനോഹരമായ വിധത്തില്‍ വിനിമയം സാധ്യമാക്കി ക്കൊണ്ട് 'സിനിമാ ടിക്കറ്റ് ' തെളിയിക്കുന്നത്. അതിശയിപ്പിക്കുന്ന സൂക്ഷ്മതയാണ് സംവിധായകന്‍ കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതില്‍ കാണിച്ചിരിക്കുന്നത്. രണ്ടു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന തിയേറ്ററിലെ ജീവിനക്കാരനെ നോക്കൂ. പോസ്റ്റര്‍ ഒട്ടിക്കുമ്പോഴും സിനിമയുടെ റീലുകള്‍ കൊണ്ട് വരുമ്പോഴും അയാളുടെ മുഖത്തു നിഴലിക്കുന്നത് ജീവിത പ്രയാസങ്ങളാണ്. എന്നാല്‍ ഇതെല്ലാം സിനിമയുമായി ബന്ധപ്പെട്ടതായത് കൊണ്ട് തന്നെ കണ്ടു നില്‍ക്കുന്ന കുട്ടിക്ക് അയാളോട് ആരാധനയാണ്. ശബ്ദ പഥത്തിന്റെ മനോഹരമായ ഉപയോഗം ഈ സിനിമയുടെ വിനിമയത്തില്‍ നിര്‍ണായക സ്ഥാനം കൈവരിക്കുന്നുണ്ട്‌. നാണയങ്ങള്‍ അട്ടിവെക്കുന്ന വൃദ്ധനായ കച്ചവടക്കാരന്‍ മിഠായി കാട്ടി പ്രലോഭിപ്പിച്ചിട്ടും അവന്‍ അത് വാങ്ങാതെ നാണയം തന്നെ വാങ്ങുമ്പോള്‍ ദേഷ്യം വന്ന് ഓരോതവണയും അയാള്‍ മേശമേല്‍ ഇടിക്കുന്ന ദൃശ്യത്തില്‍ ശബ്ദവും മനോഹരമായി ഇടപെടുന്നുണ്ട്. സിനിമയുടെ മായികമായ ആകര്‍ഷണത്തില്‍ കുടുങ്ങിയ കുട്ടിയുടെ വേദനകളും സിനിമയോടുള്ള അഭിനിവേശവും നിഗൂഡമായ ആനന്ദവും നമ്മെ അനുഭവിപ്പിക്കുന്ന ബാലനടന്‍ അസാമാന്യമായ അഭിനയ ശേഷിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

സിനിമാ ടിക്കറ്റ് സംവിധാനം ചെയ്തത് ഗുണ്ണാര്‍ വികനെയാണ്. സിനിമയുടെ ശതാബ്ദി വര്‍ഷമായ 1995 ല്‍ നോര്‍വെയിലെ പ്രശസ്ത സിനിമാ തിയറ്റരായ 'ബെര്‍ജാന്‍ മുനിസിപ്പല്‍ സിനിമ'യാണ് ഈ ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. സിനിമയുടെ ചരിത്രത്തെയും ഒപ്പം ഭാവിയേയും ഉള്‍ക്കൊള്ളുന്ന ഒരു സിനിമയ്ക്കയുള്ള തിരക്കഥാ മത്സരത്തിലൂടെയാണ് ഇതിന്റെ നിര്‍മ്മാണം നടത്തപ്പെട്ടിട്ടുള്ളത്. നോര്‍വെയിലെ എക്കാലത്തെയും ജനപ്രിയ സിനിമയായ 'ഫ്ലാക്ലിപ്പാ ഗ്രാന്റ് പ്രിക്സ് ' എന്നാ കാര്‍ റേസിങ്ങുമായി ബന്ധപ്പെട്ട ചലച്ചിത്രത്തിനുള്ള സ്മരണാഞ്ജലി കൂടിയാണ് ഈ കൊച്ചു ചിത്രം.

അനുഭവങ്ങളെ രേഖപ്പെടുത്തുന്നതിന് ഓരോ മാധ്യമത്തിനും അതിന്റേതായ സവിശേഷതകള്‍ ഉണ്ട്. ആവിഷ്കരിക്കേണ്ട അനുഭവത്തിന്റെ ഒരുപാട് മുഹൂര്‍ത്തങ്ങളില്‍ നിന്ന് ഏറ്റവും തീവ്രമായവയെയും വൈകാരിക വിനിമയത്തിന് പ്രാപ്തമായവയെയും കണ്ടെത്തുക എന്നത് പ്രധാനമാണ്. ഈ ഒരു തിരിച്ചറിവിലേക്ക് കൊണ്ട് വരുന്നതിനു 'സിനിമാ ടിക്കറ്റ് ' പ്രയോജനപ്പെടുത്താവുന്നതാണ്. എം ടി യുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം പോലുള്ള കൃതികളില്‍നിന്ന് ചിലവ വായിക്കാം. അത്തരം ചര്‍ച്ചയുടെ തുടര്‍ച്ചയായി ചലച്ചിത്രത്തിലൂടെ ആവിഷ്കരിക്കപ്പെട്ട ഒരനുഭവം എന്നാ നിലയില്‍ ഈ കൊച്ചു ചിത്രം പ്രദര്‍ശിപ്പിക്കാം.
ചലച്ചിത്ര പ്രദര്‍ശനത്തിനു ശേഷം സാധ്യതയുള്ള ക്ലാസ് റൂം ചര്‍ച്ചകള്‍ ‍, പ്രവര്‍ത്തനങ്ങള്‍  
 • അനുഭവങ്ങളെ ആവിഷ്കരിക്കുന്നതില്‍ വ്യത്യസ്ത മാധ്യമങ്ങള്‍ക്കുള്ള വഴികള്‍ , ശക്തി ദൌര്‍ബല്യങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യാം.
സാമഗ്രികള്‍ : നിഴലാട്ടം: ഒരു ചലച്ചിത്ര പ്രേക്ഷകന്റെ ആത്മകഥ
(കല്‍പ്പറ്റ നാരായണന്‍ , മാതൃഭൂമി ഓണപ്പതിപ്പ് 2010) , ദ സിനിമാ ടിക്കറ്റ് ( DVD - short 8 vision )
 •  എങ്ങിനെയാണ് സംഭാഷണഭാഷയെ പ്രയോജനപ്പെടുത്താതെ തന്നെ സിനിമ ആശയ വിനിമയം സാധ്യമാക്കുന്നത്? ചര്‍ച്ച
 •  'ദ സിനിമാ ടിക്കറ്റ് ' എന്ന ചലച്ചിത്രത്തിന് ഒരു ആസ്വാദനം തയ്യാറാക്കുക.
 • ഈ സിനിമയിലെ കുട്ടിയുടെ സിനിമയോടുള്ള ഉത്കടമായ അഭിനിവേശത്തെ എങ്ങിനെയാണ് സംവിധായകന്‍ നമ്മെ അനുഭവിപ്പിക്കുന്നത്?
  • ദൃശ്യങ്ങള്‍ ഉദാഹരിച്ചു വിശദീകരിക്കുക. 
  • ദൃശ്യങ്ങള്‍ക്ക് സംഭാഷണം ഒരുക്കാം
  • അടികിട്ടി കരയുന്ന മകനെ ആശ്വസിപ്പിക്കുന്ന അമ്മയും അവനും തമ്മില്‍ നടന്നിരിക്കാവുന്ന സംഭാഷണം.
  • കടക്കാരനും കുട്ടിയും തമ്മിലുള്ള ഓരോ ദൃശ്യത്തിന്റെയും സംഭാഷണം.