വിദ്യാഭ്യാസം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിദ്യാഭ്യാസം. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ജൂലൈ 16, തിങ്കളാഴ്‌ച

വിദ്യാഭ്യാസം: സങ്കീര്‍ണമാകുന്ന പരിഷ്‌കരണങ്ങളും ലളിതമായ സത്യങ്ങളും.



വിദ്യാഭ്യാസം ഒരു ചെളിക്കുളമല്ല. നിരന്തരമായ അന്വേഷണങ്ങളും കണ്ടെത്തലുകളും ആണ് അതിന്റെ ജീവന്‍ . ശരിയായ ആരോഗ്യമാണ് അതിന്റെ ലക്ഷ്യമെങ്കില്‍ കെട്ടിക്കിടന്നു മലിനമായ വെള്ളത്തോടൊപ്പം കാലങ്ങളായുള്ള അഴുക്കും ചെളിയും മറ്റു ചണ്ടിപണ്ടാരങ്ങളും അതില്‍ നിന്നും കോരിമാറ്റുകയും പുതിയ ചാലുകളില്‍ നിന്നും ഒഴികിയെത്തുന്ന തെളിനീരിനായി കാത്തിരിക്കുകയും വേണം. പഠനബോധന സമീപനങ്ങളില്‍ ,ഘടനാപരമായ ക്രമീകരണങ്ങളില്‍ എല്ലാം പുതിയ തെളിച്ചങ്ങളില്‍ നിന്നുവരുന്ന പരിഷ്‌കരണങ്ങള്‍ ചിലപ്പോള്‍ അമ്പരപ്പുണ്ടാക്കിയേക്കാം. പുതിയ വെള്ളത്തിലുള്ള കുളി ചിലരെയെങ്കിലും പനിക്കിടക്കയിലുമാക്കിയേക്കാം. അപ്പോഴും, മാറ്റം ഞങ്ങള്‍ക്ക് മാത്രം ബാധകമല്ല എന്ന സമീപനം വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് ഒരിക്കിലും കൈക്കൊള്ളാന്‍ കഴിയില്ല. അതോടൊപ്പം അതിനെ യുക്തിസഹമായി വിലയിരുത്താനും എല്ലാ പരിഷ്‌കരണങ്ങളും ഏതു  പക്ഷത്തിനൊപ്പമാണ്, ആരുടെ താത്പര്യങ്ങളാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത് എന്ന് വിലയിരുത്താനും അവര്‍ക്ക് വലിയ ബാധ്യതയുമുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി വരുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ , വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ലക്ഷ്യമാക്കിക്കൊണ്ട് നടപ്പിലാക്കുന്ന നിയമങ്ങള്‍ , വിദ്യാഭ്യാസമെന്ന പ്രക്രിയയോടുതന്നെ ഭരണകൂടം വെച്ചുപുലര്‍ത്തുന്ന അടിസ്ഥാന കാഴ്ചപ്പാടുകള്‍ എന്നിവ പൊതുസമൂഹത്തില്‍ വലിയ രീതിയിലുള്ള ആശങ്കകളും സംശയങ്ങളും ഉണ്ടാക്കിയിരിക്കുന്ന ഒരു കാലമാണ് ഇത്. വിദ്യാഭ്യാസം ഉത്കണ്ഠയാകേണ്ടത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമല്ല. പൊതുസമൂഹത്തിന്റെ ദൃഡപേശികളില്‍ നിന്നുള്ള പോഷകങ്ങളാണ് അത് വലിച്ചെടുക്കുന്നത്. ആ ഊര്‍ജ്ജം കൊണ്ട് അത് രൂപപ്പെടുത്തുന്നത്, അതെ സമൂഹത്തിനു നേരെ കൊഞ്ഞനംകുത്തുന്ന, അതിനെ ശത്രുപക്ഷത്തു നിര്‍ത്തുന്ന, തന്റെ മാത്രം ഉയര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കാവുന്ന വെറുമൊരു കോണിയായി അതിനെ കാണുന്ന ഒരു വിഭാഗത്തെ/ തലമുറയെ ആണെന്ന് വരുമ്പോഴോ? തീര്‍ച്ചയായും ജാഗ്രതയുടെ അണയാത്ത പന്തങ്ങളുമായി രാപ്പകല്‍ നാം കാവല്‍ നില്‍ക്കേണ്ട അമൂല്യമായ സമ്പത്താണ് നമ്മുടെ പൊതുവിദ്യാഭ്യാസം. അതില്‍ വളര്‍ന്നുവരുന്ന സാധാരണക്കാരായ പരല്‍മീനുകളെ ഭക്ഷിക്കാനായി മാത്രം ആ കുളത്തിലേക്ക് വലിയ പിരാനകളെ ഇറക്കിവിടുന്ന കരങ്ങളെ കണ്ടെത്താനും അതിനെ ചെറുക്കാനും നമുക്ക് കഴിയണം.
കേന്ദ്ര സര്‍ക്കാര്‍ സമീപനാളുകളില്‍ എടുത്ത പല തീരുമാനങ്ങളും രാജ്യത്തെ വിദ്യാഭ്യാസത്തെ ദൂരവ്യാപകമായ രീതിയില്‍ സ്വാധീനിക്കാവുന്നവയാണ്. അവയ്ക്ക് പലതിനും അക്കാദമികമായി വലിയ പ്രാധാന്യമുണ്ടുതാനും. വിദ്യാഭ്യാസ വിഷയത്തില്‍ സ്വാതന്ത്ര പ്രാപ്തിക്കു ശേഷവും വലിയ മുന്നേറ്റങ്ങള്‍ കൈവരിക്കാന്‍ കഴിയാതെ പോയ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളവും വിദ്യാഭ്യാസ അവകാശ നിയമം പുരോഗമനപരം തന്നെയാണ്. ഗുണനിലവാരമുള്ള അധ്യാപക പരിശീലനം ഉറപ്പുവരുത്തുക, സംസ്ഥാന ഗവണ്‍മെന്റിന് സാങ്കേതികവും ധനപരവുമായ സഹായം നല്‍കുക, ദുര്‍ബ്ബല വിഭാഗങ്ങളില്‍ (Weaker section) പ്പെട്ട കുട്ടികളും അവശവിഭാഗങ്ങളില്‍ (Disadvantaged group)പ്പെട്ട കുട്ടികളും യാതൊരുവിധത്തിലുമുള്ള വിവേചനത്തിനും വിധേയമാവുന്നില്ലായെന്ന് ഉറപ്പിക്കുക, അണ്‍ എയിഡഡ് സ്‌കൂളില്‍ ചേരുന്ന പാവപ്പെട്ട കുട്ടികളുടെ  ചിലവ് സര്‍ക്കാര്‍ വഹിക്കുക, പ്രവേശനത്തിന് യാതൊരുവിധ ക്യാപ്പിറ്റേഷന്‍ ഫീസും സ്‌ക്രീനിംഗും പാടില്ല തുടങ്ങിയ നിയമങ്ങള്‍ ദേശീയ സാഹചര്യത്തില്‍ പ്രസക്തമായവ തന്നെയാണ്. എന്നാല്‍ കേരളം പോലുള്ള, വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച മാതൃക മുന്നോട്ടുവെച്ച ഒരു സംസ്ഥാനത്തിന് ഇത്തരം കാര്യങ്ങളില്‍ വലിയ പുതുമ ഒന്നും കാണാന്‍ കഴിയില്ലെന്ന് മാത്രമല്ല അത് നിര്‍ദ്ദേശിക്കുന്ന ഘടനാപരമായ പല മാറ്റങ്ങളും നാം ഇന്നുവരെ തനതായ രീതിയില്‍ കെട്ടിയുയര്‍ത്തിക്കൊണ്ടുവന്ന നമ്മുടെ അസ്ഥിവാരങ്ങളെ പിടിച്ചുകുലുക്കുകയും ചെയ്യും. ഉദാഹരണത്തിന് അഞ്ചാം ക്ലാസ് ലോവര്‍പ്രൈമറിയോടും എട്ടാം ക്ലാസ് അപ്പര്‍പ്രൈമറിയോടും ചേര്‍ക്കണം എന്ന നിര്‍ദ്ദേശം. കുട്ടിയുടെ പക്ഷത്തുനിന്നു നോക്കിയാല്‍ കുറേക്കൂടി ശ്രദ്ധയും പരിചരണവും ലഭിക്കുന്ന ഒരന്തരീക്ഷത്തില്‍ ഒരു വര്‍ഷം കൂടി പഠിക്കാന്‍ ലഭിക്കുന്ന അവസരം സ്വാഗതം ചെയ്യപ്പെടാം. എന്നാല്‍ ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകരുടെ സേവനമാണ് ഓരോ വര്‍ഷം കൂടി അവര്‍ക്ക് താമസിച്ചു ലഭിക്കുന്നത്. കേരളത്തില്‍ അധ്യാപകരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളും ഇതുണ്ടാക്കും. അതിശക്തമായ പൊതു വിദ്യാഭ്യാസം നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത്, അണ്‍ എയിഡഡ് സ്‌കൂളില്‍ ചേരുന്ന പാവപ്പെട്ട കുട്ടികളുടെ  ചിലവ് സര്‍ക്കാര്‍ വഹിക്കുക പോലുള്ള നിയമങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. വിദ്യാഭ്യാസ വിഷയത്തില്‍ തന്നെ പുതിയ ആഗോളവത്കരണ-സ്വകാര്യ വത്കരണ സാഹചര്യം സൃഷ്ടിച്ച അലകളാണ് ഇവിടെയും ആഞ്ഞടിക്കുന്നത്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാകുന്നതില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുകയാണ് ഭരണകൂടത്തിന്റെ പൊതുനിലപാട്. പ്രാഥമിക വിദ്യാഭ്യാസമായാലും ഉന്നത വിദ്യാഭ്യാസമായാലും അത് നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകാന്‍ സ്വകാര്യമേഖലക്ക് മാത്രമേ കഴിയൂ എന്ന കോര്‍പ്പറേറ്റ് കാഴ്ചപ്പാടുകള്‍ക്കു കീഴില്‍ മുദ്രവെക്കുകയാണ് സര്‍ക്കാരും. ഇതിനിടെ കോര്‍പ്പറേറ്റുകളുടെ വളര്‍ത്തു പുത്രനായ ആത്മീയാചാര്യന്‍ 'സര്‍ക്കാര്‍ സ്‌കൂളുകള്‍ ക്രിമിനലുകളെയും നക്‌സലേറ്റുകളേയും ആണ് സൃഷ്ടിക്കുന്നതെന്നും വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയല്ലെന്നും അത് സന്നദ്ധസംഘടനകളുടെ കുത്തകയാണെന്നും' പ്രഖ്യാപിച്ചത് അതിന്റെ മറ്റൊരു രൂപത്തിലുള്ള പ്രകാശനമാണ്. ഇന്ത്യയിലെ വിവിധ ജാതി-മത സംഘടനകളിലെ പുതിയ ആത്മീയാചാര്യന്മാര്‍ നടത്തുന്ന സ്‌കൂളുകളിലെ കരിക്കുലവും സിലബസും എത്രമാത്രം ദേശവിരുദ്ധവും പരസ്പര സ്പര്‍ദ്ധ വളര്‍ത്തുന്നതും ആണെന്ന് തിരിച്ചറിയുമ്പോഴാണ് പൊതുവിദ്യാഭ്യാസത്തിനെതിരായി ഇവര്‍ നടത്തുന്ന ഒറ്റക്കെട്ടായുള്ള ആക്രമണത്തിന്റെ ഉള്ളുകള്ളി തിരിച്ചറിയാനാവുക.
പൊതുവിദ്യാലയങ്ങള്‍ അരാജകത്വവും ആക്രമണവും വളര്‍ത്തുന്നവയാണെന്നും നല്ല വിദ്യാഭ്യാസം നല്‍കാന്‍ സ്വകാര്യ മേഖലയ്ക്കു മാത്രമേ കഴിയുകയുള്ളൂ എന്നുമുള്ള മധ്യവര്‍ഗ്ഗ സങ്കല്‍പ്പങ്ങള്‍ക്ക് വാഗ്രൂപം നല്‍കുക മാത്രമാണ് അവരുടെ ആത്മീയാചാര്യന്‍ ചെയ്തിട്ടുള്ളത്. ഇത്രയും അസംബന്ധമായ ഒരു പ്രസ്താവനയുടെ പക്ഷം ചേര്‍ന്ന്, ഇതുസംബന്ധിച്ച്  ഇന്റര്‍നെറ്റില്‍ നടക്കുന്ന സംവാദങ്ങളില്‍ പ്രതികരിക്കാന്‍ കേരളത്തില്‍ നിന്നുപോലും ഒട്ടേറെപ്പേര്‍ ഉണ്ടായി എന്നതാണ് അതിശയകരം. കേരളത്തിലെ മധ്യവര്‍ഗ്ഗത്തിന്റെ വിമോചന സ്വപ്നം തുടങ്ങുന്നതും ഒടുങ്ങുന്നതും വിദ്യാഭ്യാസത്തില്‍ ആയതുകൊണ്ടാവാം അത്; പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ നമ്മുടെ യുവാക്കളായ/ മധ്യവയസ്‌കരായ രക്ഷകര്‍ത്താക്കളുടെ. നല്ല വിദ്യാഭ്യാസത്തിന്റെ തെളിവായി അവര്‍ മിക്കപ്പോഴും വാഴ്ത്തിപ്പാടുന്നത് സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങലെയാണ്. പഴയ തലമുറയില്‍പ്പെട്ട കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയടക്കം മിക്കരാഷ്ട്രീയ നേതാക്കളും ശങ്കയില്ലാതെ ആത്മീയാചാര്യന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞു. തങ്ങള്‍ അടക്കമുള്ള ഇന്ന് രാജ്യത്തിന്റെ അഭിമാനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെല്ലാം സര്‍ക്കാര്‍ സ്‌കൂളുകളുടെ ഉത്പന്നങ്ങളാനെന്നു അവര്‍ തുറന്നു പറഞ്ഞു. (പക്ഷെ വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുകയാണ് വേണ്ടത് എന്ന പ്രഭാഷണത്തിന്റെ ഒന്നാംഭാഗത്തെ അവര്‍ സ്പര്‍ശിച്ചില്ല. അക്കാര്യത്തില്‍ ആത്മീയക്കച്ചവടക്കാരും വലതുപക്ഷ രാഷ്ട്രീയനേതൃത്വവും ഒരേപാത്രത്തില്‍ നിന്നു ഉണ്ണുന്നവരാണല്ലോ?) യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ സിലബസ്-പഠനരീതി എന്നിവ എങ്ങിനെയുള്ളതാണ്? അവര്‍ കുട്ടികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് എന്താണ്? അവിടുത്തെ പരീക്ഷാരീതി എങ്ങിനെയുള്ളതാണ്? അത് പുതിയ കാലത്ത് കുട്ടികളെ നമ്മുടെ സമൂഹത്തില്‍ ജീവിക്കാന്‍ പര്യാപ്തമാക്കുന്നതാണോ? അവിടുത്തെ അധ്യാപകരുടെ യോഗ്യതകള്‍ എന്താണ്? കുട്ടികളുടെ മാനസികമായ സംഘര്‍ഷങ്ങള്‍ എന്തൊക്കെയാണ്? എന്നതിലൊക്കെ എത്രമാത്രം അജ്ഞരാണ് നമ്മുടെ യുവ/മധ്യവര്‍ഗ്ഗ രക്ഷാകര്‍ത്തൃസുഹൃത്തുക്കള്‍ എന്നത് ആശ്ച്ചര്യപ്പെടു ത്തുന്നതാണ്.
പുറംപകിട്ടില്‍ ഊന്നുന്നതും അകം പൊള്ളയുമായ കച്ചവട കേന്ദ്രങ്ങള്‍ മാത്രമാണ് നമ്മുടെ ബഹുഭൂരിപക്ഷം സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങളും. തിളക്കമാര്‍ന്ന യൂണിഫോമുകളും ടൈയും ഷൂസും വാഹനങ്ങളും വിലകൂടിയ പുസ്തകങ്ങളും പതിനായിരങ്ങള്‍ വരുന്ന പ്രതിമാസ ഫീസുകളും രാവേറെ നീളുന്ന ഹോം വര്‍ക്കുകളും ഇമ്പോസിഷനുകളും ശിക്ഷകളും അല്ല വിദ്യാഭ്യാസം എന്ന് ഈ രക്ഷകര്‍ത്താക്കള്‍ തിരിച്ചറിയുകതന്നെ ചെയ്യും. തലേദിവസംതന്നെ പറഞ്ഞു കൊടുക്കുന്ന ചോദ്യങ്ങള്‍ കാണാതെ പഠിച്ചു ഉത്തരമെഴുതി യൂനിറ്റ് ടെസ്റ്റുകളില്‍ വാങ്ങുന്ന മാര്‍ക്കുകളല്ല തങ്ങളുടെ അന്തസ്സ് എന്ന് തിരിച്ചറിയേണ്ടത് രക്ഷകര്‍ത്താക്കളാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന താന്‍ , തന്റെ കുട്ടികളെ സര്‍ക്കാര്‍ / എയിഡഡ് സ്‌കൂളിലാണ് പഠിപ്പിക്കുന്നത് എന്ന് പറയുന്നതിലാണ് അന്തസ്സ് എന്ന വീണ്ടുവിചാരമാണ് അവരില്‍ ഉണ്ടാകേണ്ടത്. ഇത് അധ്യാപകര്‍ക്ക് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ അല്ല. എന്ത് ചീത്തയായാലും, അവിടെയുള്ള, നന്മയേയും തിന്മയേയും കുറിച്ച് ആലോചിക്കാനുതകുന്ന, ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന, പരസ്പരമുള്ള സഹകരണത്തെയും ബന്ധത്തെയും ഊട്ടിയുറപ്പിക്കാനായുന്ന ഒരു പഠനരീതി ഭാവിയില്‍ തനിക്കു മക്കളില്‍ നിന്നും ഇറ്റുവെള്ളം കിട്ടാന്‍ സഹായകമായേക്കാം എന്ന ബോധ്യത്തിനു വേണ്ടിക്കൂടിയാണ്. അവനവനെക്കുറിച്ചുള്ള ചിന്തയും  എന്ത് ചെയ്താലും തനിക്കു ഉയരത്തിലെത്തണം എന്ന മത്സര ബുദ്ധിയും മാത്രം കാണാപ്പാഠമുള്ള പഠനത്തോടൊപ്പം മുളപ്പിച്ചെടുക്കുന്ന, എല്ലാം പണം കൊടുത്ത് മാത്രം നടക്കുന്ന സ്‌കൂളിലെ വിദ്യാഭ്യാസം ചിലപ്പോള്‍ തുറന്നിടുന്നത് അഗതി മന്ദിരത്തിലേക്കുള്ള തങ്ങളുടെ വാതിലുകള്‍ കൂടിയാണെന്ന് ഇന്നത്തെ രക്ഷകര്‍ത്താക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.
കേരളം സന്ദര്‍ശിക്കാനെത്തിയ ലോകത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ പണ്ഡിതന്മാരുടെ സംഘം നമ്മുടെ അതിപ്രശസ്തമായ പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സന്ദര്‍ശിച്ചു. അവര്‍ അന്തംവിട്ട ഒരെയോരുകാര്യം, എന്തിനാണ് ചെറിയ ക്ലാസുകളില്‍ ഇത്രയും ഭാരിച്ച സിലബസ് കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന കാര്യത്തിലാണ്. എവിടെയാണ് ഇക്കാര്യങ്ങള്‍ ജീവിതത്തില്‍ പിന്നീട് ആവശ്യമായി വരുന്നത്? അപ്പോള്‍ ഇത് ഈ രൂപത്തില്‍ അവരില്‍ ഉണ്ടാകുമോ? ഇത്തരം കടുകട്ടി വിഷയങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കാന്‍ ഈ പ്രായത്തില്‍ അവര്‍ക്ക് കഴിയുമോ? അറിയാനുള്ള അവരുടെ സ്വാഭാവികമായ ത്വര നഷ്ടപ്പെടുകയല്ലേ ഈ ഭാരം ചുമക്കുമ്പോള്‍ സംഭവിക്കുക? ആത്മവിശ്വാസവും ആശയ വിനിമയ ശേഷിയും യുക്തിചിന്തയുമല്ലേ അവരില്‍ തിടംവെച്ച്  വളരേണ്ടത്? മാതൃഭാഷയില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയാത്ത കുട്ടിക്കെങ്ങിനെ ഒരു വിദേശ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കഴിയും? കേരളത്തിലെ പുതിയ രക്ഷാകര്‍ത്തൃ തലമുറയുടെ ഭ്രാന്തുകള്‍ക്ക് മുന്നില്‍ അവര്‍ മൂക്കത്ത് വിരല്‍ വെച്ച് അതിശയപ്പെട്ടുനിന്നു.
സ്വകാര്യവത്കരണമാണ് നല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന സങ്കല്‍പ്പത്തെ അടുത്തു നിന്നു നോക്കിക്കാണാനാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. മറ്റേതു സംസ്ഥാനങ്ങളിലേതു പോലെയല്ല കേരളത്തിലെ പൊതുവിദ്യാഭ്യാസം. നമ്മുടെ സര്‍ക്കാരുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരിതര ഏജന്‍സികളുമെല്ലാം കൈമെയ്  മറന്നു സഹായിച്ചതിന്റെ സത്ഫലങ്ങള്‍ അവിടെ ഒരുപാടുണ്ട്. ഇപ്പോള്‍ കേന്ദ്ര സിലബസ്സിനെക്കാലും മുകളില്‍ നില്‍ക്കുന്ന ഒരു പാഠ്യപദ്ധതിയും സിലബസ്സും ( കെ എസ് ടി എ പ്രസിദ്ധീകരിച്ച 'കേരളാ പാഠ്യപദ്ധതി സംരക്ഷണം എന്തിന്? കേരള സി.ബി.എസ്.ഇ സിലബസ്സുകള്‍ ഒരു താരതമ്യം' എന്ന പുസ്തകം ഇക്കാര്യത്തിന്റെ സൂക്ഷ്മപഠനമാണ്.) യോഗ്യതയുള്ള അധ്യാപകര്‍ , അധ്യാപകര്‍ക്കുള്ള നിരന്തരമായ പരിശീലനങ്ങള്‍ , കുട്ടികളുടെ കലാപരവും കായികവും ആയ കഴിവുകള്‍ പരിപോഷിക്കാനുയുള്ള ഒട്ടനവധി സൌകര്യങ്ങള്‍ , മള്‍ട്ടി മീഡിയാ ക്ലാസുമുറികള്‍ , കമ്പ്യൂട്ടര്‍ ലാബുകള്‍ , ഐ ടി വിദ്യാഭ്യാസം.. സത്യത്തില്‍ ഒരു സ്വകാര്യ വിദ്യാലയത്തിനും സ്വപ്നം കാണാന്‍ കഴിയാത്ത സൗകര്യങ്ങള്‍ ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കുണ്ട്. രക്ഷകര്‍ത്താക്കളുടെ നിതാന്തമായ ജാഗ്രതയും ഇടപെടലും കൂടി ഉണ്ടെങ്കില്‍ അവിടുത്തെ വിദ്യാഭ്യാസ പ്രക്രിയയെ ഏറ്റവും കാര്യക്ഷമമാക്കി നിലനിര്‍ത്താന്‍ നമുക്കാവും.
കേന്ദ്രം എസ് എസ് എല്‍ സി പരീക്ഷ ഉപേക്ഷിച്ചത്, സര്‍വീസിലുള്ള അധ്യാപകരുടെ യോഗ്യതവിലയിരുത്താന്‍ പരീക്ഷ കൊണ്ടുവരുന്നത്, സ്‌കൂളില്‍ നല്‍കുന്ന ശിക്ഷകള്‍ ക്രിമിനല്‍ കുറ്റമായി കണ്ടു അധ്യാപകര്‍ക്ക് വലിയ ശിക്ഷകള്‍ ശുപാര്‍ശ ചെയ്യുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഇതെല്ലാം കേന്ദ്രം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കേരളത്തില്‍ നടപ്പിലാക്കുകയാണെങ്കില്‍ ഏറെ സങ്കീര്‍ണ്ണതകള്‍ നാം അഭിമുഖീകരിക്കേണ്ടി വരും. അപ്പോഴെല്ലാം ആര് നിര്‍ദ്ദേശിച്ചു എന്നതായിരിക്കരുത് വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രധാന പരിഗണന. എന്ത് നിര്‍ദ്ദേശിച്ചു? നമ്മുടെ നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ അത് എന്തെന്തു പ്രശ്‌നങ്ങള്‍ ഉണ്ടാക്കും? അത് ഗുണപരമാണോ? എന്നിങ്ങനെയുള്ള, എല്ലാ സങ്കുചിത പരിഗണനകള്‍ക്കും അപ്പുറമുള്ള കാര്യങ്ങളായിരിക്കണം. ആത്യന്തികമായി കുട്ടികളെ നാളത്തെ ലോകത്ത് ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ , അപകര്‍ഷതയില്ലാതെ ആരെയും അഭിമുഖീകരിക്കാന്‍ , ഏതു സ്വര്‍ണ്ണപ്പാത്രങ്ങള്‍ക്കകത്ത് ഒളിപ്പിച്ചുവെച്ചതായാലും അതിനകത്തെ സത്യത്തെ തിരയാന്‍ പ്രേരിപ്പിക്കുന്ന, സ്വന്തം ചിന്തയുടെ നിതാന്തമായി ജ്വലിക്കുന നാളങ്ങള്‍ അണയാതിരിക്കാന്‍ സഹായകമാവുന്ന ഒന്നായിരിക്കണം ഇന്ന് അവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം. ഒരു സ്വകാര്യ കച്ചവടസ്ഥാപനതിനും താത്പര്യമുണ്ടാവില്ല നമ്മുടെ കുട്ടികള്‍ക്ക് ഈ ഉയര്‍ന്ന ശേഷികള്‍ ഉണ്ടാവണം എന്നതാണ്  ഏതു വിദ്യാഭ്യാസമാണ് നല്ലത് എന്ന ചോദ്യത്തിന്റെ ഏറ്റവും ലളിതമായ ഉത്തരം.
(എന്‍ ജി ഒ യൂണിയന്റെ മുഖപത്രമായ കേരള സര്‍വ്വീസില്‍ പ്രസിദ്ധീകരിച്ചത്.)

2010 മേയ് 29, ശനിയാഴ്‌ച

ഏകജാലകത്തിലൂടെ കടക്കാന്‍ പാടുപെടുന്ന ഒട്ടകങ്ങള്‍

ഒട്ടകത്തിനു കൂടാരത്തില്‍ ഇടം കൊടുത്ത യാത്രികന്റെ കഥ എന്ത് ഗുണപാഠമാണ്
മുന്നോട്ടു വെക്കുന്നതെന്നറിയില്ല. എങ്കിലും പെരുമഴയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ കെട്ടിയുണ്ടാക്കിയ കൂടാരത്തില്‍ നിന്ന്, അതിനുള്ളിലേക്ക്‌ തല ഒന്നിടാന്‍ മാത്രം സൗകര്യം കൊടുത്തതിന്റെ പേരില്‍ പുറത്താക്കപ്പെടുന്ന അയാള്‍ മണ്ടനും സഹതാപാര്‍ദ്രനും ആണെന്ന് ഏതു കുട്ടിക്കും തോന്നുമായിരിക്കും. വിദ്യാഭ്യാസത്തെക്കുറിച്ചാണ് ഇക്കഥയെങ്കില്‍  പൊതു പാഠ്യപദ്ധതിയില്‍ പഠിക്കുന്ന കുട്ടികളാണ് എപ്പോഴും ഇത്തരം മണ്ടത്തരത്തിനു വിധേയരാവാരുള്ളത്. ഏതിന്റെയും ഫലം അനുഭവിക്കേണ്ട ഘട്ടമാവുമ്പോഴേക്കും മുന്തിയ കഷണത്തിനായി തലനീട്ടാന്‍, അതുവരെ കാത്തിരുന്നവരെ തള്ളി താഴെയിട്ടു കൊണ്ട് ഉന്നതരായ ഒട്ടകങ്ങള്‍ എത്തും. ഹയര്‍ സെക്കന്ററിയായാലും പ്രൊഫഷനല്‍ വിദ്യാഭ്യാസമായാലും നടപ്പ് ഇതുതന്നെ.

ഇക്കാര്യങ്ങള്‍ ആലോചിക്കാന്‍ ഇടയായത് ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പ്രവേശനവുമായി ബന്ധപ്പെട്ട ഏറ്റവും സുപ്രധാനവും നിര്‍ണായകവും അതിശയപ്പെടുത്തുന്നതുമായ ഒരു പ്രസ്താവന നമ്മുടെ ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ഉണ്ടായതാണ്. സി ബി എസ് സി യുടെ  പത്താം തരം റിസള്‍ട്ട് വരുന്നതുവരെ പ്ലസ് വണ്‍  പ്രവേശനം വൈകിപ്പിക്കില്ല എന്നതാണത്. കൃത്യമായും സമയ ബന്ധിതമായും പൂര്‍ത്തീകരിക്കേണ്ട ഒന്നാണ് ഏകജാലകം വഴിയുള്ള പ്ലസ് വണ്‍ പ്രവേശനം.

അനിശ്ചിതമായി നീണ്ടുപോകുന്ന  സി ബി എസ് സി റിസള്‍ട്ടിനായി  ലക്ഷക്കണക്കിനുള്ള പൊതുവിദ്യാലയത്തിലെ  കുട്ടികള്‍ കാത്തുനില്‍ക്കുകയും 'നല്ല സ്കൂളുകളിലെ നല്ല കോഴ്സുകള്‍' ( അവരുടെ അഭിപ്രായത്തില്‍ )എല്ലാം സി ബി എസ് സി ക്കാര്‍ കൊണ്ട് പോവുകയും ചെയ്യുന്നത് ഇവിടെ പതിവായിരുന്നു. പത്തു വര്‍ഷം പൊതു വിദ്യാലയത്തിലെ എല്ലാ സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത കുട്ടികള്‍ പിന്‍തള്ളപ്പെടുകയും NCERT യുടെയോ ICSE യുടെയോ സിലബസ്സുകള്‍ മനപ്പാഠമാക്കുകയും ഇംഗ്ലീഷ് മീഡിയം വഴി വരികയും ചെയ്ത 'മിടുക്കര്‍' പ്രധാനികളാവുകയും ചെയ്യുന്നത് ഹയര്‍ സെക്കന്ററിയിലെ പതിവ് കാഴ്ചയാണ്. എന്തായാലും അതാണ്‌ ഇക്കൊല്ലം തകരുന്നത്. ഏകജാലക പ്രവേശനത്തിന്റെ ആദ്യ ഘട്ട അലോട്ട് മെന്റുകള്‍ കഴിഞ്ഞ് 'സേ' (SAY) പരീക്ഷ എഴുതന്നവര്‍ക്കുള്ള അവസരത്തിനൊപ്പം സി ബി എസ് സി ക്കാര്‍ക്കും പ്ലസ് വണ്ണിനു അപേക്ഷിക്കാം എന്നാണു മന്ത്രി വ്യക്തമാക്കിയത്. അപ്പോഴേക്കും  'നല്ല സ്കൂളുകളിലെ നല്ല കോഴ്സുകളില്‍ ‍' മിക്കതിലും പ്രവേശനം പൂര്‍ത്തിയായിട്ടുണ്ടാകും


കേരളത്തിലെ മധ്യവര്‍ഗം ഏക രക്ഷാമാര്‍ഗം ഇതാണെന്നുറച്ച്  സി ബി എസ് സി ദേവതയെ  ആരാധിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷമേറെയായി. അപ്പോഴും പത്താം തരത്തിന് ശേഷം അവര്‍ കേരളത്തിലെ ഹയര്‍ സെക്കന്ററി തന്നെയാണ് തെരഞ്ഞെടുത്തത്. ഇതിനു അടിസ്ഥാനപരമായി പല കാരണങ്ങളുമുണ്ട്. ഒന്നാമതായി കേരളം ആദ്യകാലം മുതല്‍ക്കു തന്നെ ഹയര്‍ സെക്കന്റരിയില്‍ പിന്തുടര്‍ന്നിരുന്ന NCERT സിലബസ്സാണ്. സംഗതി അടുത്ത കാലം വരെ അതൊക്കെ വളരെ ലഘൂകരിച്ചു ഗൈഡ് പരുവത്തിലുള്ള സാധനമാണ് പഠിപ്പിച്ചത് എന്നതൊന്നും പുറത്തു അറിയാറില്ല. മറ്റൊന്ന്, സെന്‍ട്രല്‍ സ്കൂള്‍ പോലെ അപൂര്‍വ്വം ഇടത്തല്ലാതെ മറ്റു നാടന്‍ സി ബി എസ് സി  പ്രസ്ഥാനങ്ങള്‍ക്കൊന്നും അടിസ്ഥാന സൌകര്യങ്ങളില്‍ ആകട്ടെ അധ്യാപകരുടെ  നിലവാരത്തില്‍ ആകട്ടെ പൊതു വിദ്യാലയത്തിന്റെ പകുതി പോലും എത്താന്‍ കഴിയില്ല എന്നും അവര്‍ക്കറിയാം. എങ്കിലും അവിടെ നടക്കുന്ന സ്ഥിരം ഹോം വര്‍ക്കുകളും പരീക്ഷകളും മറ്റു ശിക്ഷാ രീതികളും 'അവിടം സ്വര്‍ഗമാണ്' എന്ന ചിന്താഗതി  പൊതുവേ  ഉണ്ടാക്കുന്നുണ്ട്.

എന്നാല്‍ കളി കാര്യത്തോടടുക്കുമ്പോള്‍ ഇതെല്ലാം വളരെ പ്രധാനപ്പെട്ടതാകുന്നു. പ്രൊഫഷനല്‍ വിദ്യാഭ്യാസത്തിന്റെ മുന്നൊരുക്കമാണ്‌ പ്ലസ് ടു. അപ്പോള്‍ നല്ല അധ്യാപകര്‍ വേണം. പോസ്റ്റ്‌ ഗ്രാജ്വേഷനും സെറ്റും ബിഎഡും ഒക്കെയുള്ളത്‌ കേരള ഹയര്‍ സെക്കന്ററിയില്‍ ആണ്. സ്കൂളുകളുടെ ഭൌതിക സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ പൊതു സമൂഹം ഇപ്പോള്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്നത് ഹയര്‍ സെക്കന്ററിക്കാണ്. നല്ല ലാബുകള്‍ കമ്പ്യൂട്ടര്‍ സൗകര്യം ഇതൊക്കെ അവിടെയുണ്ട്. അപ്പോള്‍ ആ നടുക്കഷണം 'ഞമ്മക്കല്ലാതെ മറ്റാര്‍ക്ക്'.

കേരള എന്‍ട്രന്‍സിന് ഇപ്പോള്‍  പ്ലസ് ടു ക്ലാസ്സുകളെക്കാള്‍ വേണ്ടത് 'കോച്ചിംഗ്' ആണ്. അതിന്റെ മുന്‍നിരയില്‍ താരങ്ങളായി നില്‍ക്കുന്നത് ഹയര്‍ സെക്കന്ററിയിലെ ചെറു ബാല്യക്കാരായ മാഷന്‍മാരാണ്. സ്വകാര്യ കൊച്ചിങ്ങിനു പോകാന്‍ സൗകര്യം ഹയര്‍ സെക്കന്ററിയിലാണ് കൂടുതല്‍. ഇതും സി ബി എസ് സി വിട്ടു ഹയര്‍ സെക്കന്ററിയിലേക്ക് ചാടാന്‍ പ്രചോദിപ്പിക്കുന്ന കാര്യമാണ്.

ചുരുക്കത്തില്‍ ഈ വിളവുണ്‍മാനാണ്  ഇത്രയും കാലം കുളിച്ചു കുറിയിട്ട് ആറ്റു നോറ്റിരുന്നത്. അടുത്ത വര്‍ഷം മുതല്‍ ഹയര്‍ സെക്കന്ററിയിലെ മാര്‍ക്ക് കൂടെ പരിഗണിച്ചാവും എന്‍ട്രന്‍സിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് എന്നും കേള്‍ക്കുന്നു. ഈ സമയത്ത് തന്നെ ഇങ്ങനെയൊരു കൊലച്ചതി വകുപ്പിന്റെയും മന്ത്രിയുടെയും ഭാഗത്തുനിന്നു ഉണ്ടാകുമെന്നാരു കണ്ടു. ഇനി എന്ത് ചെയ്യുംഭഗവാനെ? ഡി പ്ലസ് പോലും കിട്ടാതെ SAY എഴുതുന്ന വിവരമില്ലാത്ത'വര്‍ക്കൊപ്പമാണല്ലോ  ഞങ്ങളുടെ പോന്നുപോലത്തെ കുട്ടികളെയും ഇവര്‍ പരിഗണിക്കുന്നത്!!! ഇവരോട് ദൈവം ചോദിക്കും!!

2009 ഏപ്രിൽ 24, വെള്ളിയാഴ്‌ച

ക്ലാസുമുറിയിലെത്തുന്ന സിനിമ

'Film was the backbone of mass culture'
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന പാഠ്യപദ്ധതി അവലോകനം ചെയ്യുകയും ദൗര്‍ബല്യങ്ങളെ മറികടക്കാനുള്ള വഴികള്‍ ആരായുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്‌. സ്‌കൂള്‍ പാഠ്യപദ്ധതിക്ക്‌ അകത്തുനിന്നുമാത്രം വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുക ഇന്ന്‌ എളുപ്പമല്ല. സമൂഹവുമായി ബന്ധപ്പെട്ട്‌ മാത്രമേ ഏത്‌ അറിവും ഉല്‍പ്പാദിപ്പിക്കാനും വിനിമയം ചെയ്യാനും കഴിയൂ എന്ന സാമൂഹിക ജ്‌ഞാനനിര്‍മ്മിതി വാദത്തിന്റെ (Social Constructivism) അടിത്തറിയിലാണ്‌ പുതിയ പാഠ്യപദ്ധതിയും പടുത്തുയര്‍ത്തിയിരിക്കുന്നത്‌. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ പൊതുബോധം രൂപീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും ദൃശ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ കാണാതെ പാഠ്യപദ്ധതി രൂപീകരണ പ്രക്രിയക്ക്‌ മുന്നോട്ടുപോകാന്‍ കഴിയില്ല.
കേവലം ചില വസ്‌തുതകളോ ആശയങ്ങളോ കാണാപ്പാഠം പഠിക്കലല്ല വിദ്യാഭ്യാസം എന്ന്‌ ഇന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സാമൂഹിക ജ്ഞാന നിര്‍മ്മിതി വാദത്തിനു പുറമെ ബഹുമുഖ ബുദ്ധി, വൈകാരിക ബുദ്ധി എന്നീ ആശയങ്ങളുടെ സാധ്യതകളേയും ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചിട്ടുള്ള, നിലനില്‍ക്കുന്ന പാഠ്യപദ്ധതിയില്‍ തന്നെ സാംസ്‌കാരികമായും ചരിത്രപരമായും ഉന്നതബോധമുള്ള പൗരനെ വളര്‍ത്തിയെടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ ഉണ്ട്‌. തന്റെ നാടിന്റെ സാംസ്‌കാരികവും ചരിത്രപരവും പാരിസ്ഥിതകവുമായുള്ള സവിശേഷതകള്‍ തിരിച്ചറിയുകയും അതിനെതിരെ നടക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ അധിനിവേശങ്ങളെ ചെറുക്കുകയും ചെയ്യേണ്ടുന്ന ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്‌.
ഇവിടെയെത്തുമ്പോള്‍ ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. ഒരു കുട്ടിയെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പ്രാപ്‌തനായ പൗരനായി വളര്‍ത്തിയെടുക്കുക നമ്മുടെ വിദ്യഭ്യാസത്തിന്റെ ലക്ഷ്യമായിട്ടുണ്ടോ ? ഉണ്ടെങ്കില്‍ എത്രമാത്രം നമുക്കതിന്‌ കഴിഞ്ഞിട്ടുണ്ട്‌ ? ജീവിതത്തോടുള്ള കാഴ്‌ചപ്പാട്‌, തൊഴില്‍ സംസ്‌കാരം, മനോഭാവങ്ങള്‍, മൂല്യങ്ങള്‍, പുരോഗമനാശയങ്ങള്‍ ഇവ കരുപ്പിടിപ്പിക്കുന്നതിന്‌ എന്ത്‌ പങ്കാണ്‌ നിലനില്‍ക്കുന്ന വിദ്യാഭ്യാസത്തിന്‌ ഉള്ളത്‌ ? പഠനത്തിനകത്ത്‌ ഇവയ്‌ക്കൊന്നും സ്ഥാനമില്ലെങ്കില്‍ പിന്നീട്‌ ആര്‌, എങ്ങിനെ ഇവ അവരില്‍ പാകി വിളയിക്കും ? അവ സമൂഹ പുരോഗതിക്ക്‌ അനുഗുണമായിരിക്കുമോ ? ദൃശ്യമാദ്ധ്യമങ്ങളും ഇന്റര്‍നെറ്റ്‌ മൊബൈല്‍ എന്നിവ കൂടി വരുന്ന നവ മാധ്യമങ്ങളും (New Media) ആണ്‌, വിദ്യാഭ്യാസത്തില്‍ നാം പരിഗണിക്കാതെയിരുന്ന ഈ വിടവിലേക്ക്‌ സര്‍വ്വ ശക്തിയോടുംകൂടി കടന്നുവരുന്നത്‌.
ദൃശ്യസാക്ഷരത
അക്ഷരം എഴുതാനും വായിക്കാനും ഉള്ള കഴിവിനെയാണ്‌ നാം സാക്ഷരത എന്ന ഓമനപ്പേരില്‍ വിളിച്ചുവരുന്നത്‌. സമ്പൂര്‍ണ്ണ സാക്ഷരരാണെന്ന്‌ പറയുമ്പോഴും ഇതിനപ്പുറം നമുക്ക്‌ കടക്കാന്‍ കഴിഞ്ഞുവോ എന്ന്‌ ആലോചിക്കേണ്ടതാണ്‌. അക്ഷരങ്ങള്‍ കൂടിച്ചേരുമ്പോള്‍ നമുക്ക്‌ മുന്നില്‍ തെളിയുന്ന ആശയലോകത്തെ വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനും കഴിയുമ്പോഴാണ്‌ നാം യഥാര്‍ത്ഥത്തില്‍ സാക്ഷരരാവുന്നത്‌. എന്നാല്‍ ഇന്ന്‌ അക്ഷരത്തേക്കാള്‍ അളവിലും ശക്തിയിലും നമുക്ക്‌ മുന്നിലെത്തുന്നത്‌ ദൃശ്യങ്ങളാണ്‌. നമ്മുടെ യഥാര്‍ത്ഥ കാഴ്‌ചകളെപ്പോലും രൂപപ്പെടുത്തുന്നതില്‍ ഇത്തരം ദൃശ്യമാധ്യമങ്ങള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. അക്ഷരങ്ങള്‍ നേരിട്ട്‌ ഒന്നും ബോധിപ്പിക്കുന്നില്ല. അവയെ ആശയങ്ങളായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഒരാളുടെ മനസ്സിനുള്ള സ്ഥാനം ചെറുതല്ല. എത്ര ലളിതമായ വായനയിലും ഇത്‌ പ്രസക്തമാണ്‌. ആഴത്തിലുള്ള വായനക്കായി നിതാന്തമായ ജാഗ്രതയും ചിന്തയുടെയും യുക്തിയുടെയും മിനുസപ്പെടുത്താത്ത ഉരകല്ലും സജ്ജമാക്കേണ്ടതുണ്ട്‌. എന്നാല്‍ ദൃശ്യമാധ്യമങ്ങളിലൂടെ പെയ്യുന്ന നിറവാര്‍ന്ന ദൃശ്യങ്ങളുടെ പെരുമഴ നനയാന്‍ ഇതൊന്നും ആവശ്യമില്ല. അതുകൊണ്ടുതന്നെ ഇത്തരം മാധ്യമദൃശ്യങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങുന്ന രീതിയാണ്‌ സാമാന്യ ജനത്തിനുള്ളത്‌.
കാഴ്‌ച മറ്റേത്‌ ഇന്ദ്രിയബോധത്തേക്കാളും ഉപരിനില്‍ക്കും. നേരിന്റെ പര്യായമായി കാഴ്‌ച സ്വീകരിക്കപ്പെടുന്നു. പുതിയ കാലത്ത്‌ സംസ്‌കാരം, കല, ചരിത്രം, പരിസ്ഥിതി പ്രവര്‍ത്തനം എല്ലാം കാഴ്‌ചക്കുവേണ്ടിയും കാഴ്‌ചയുടെ രീതിശാസ്‌ത്രമനുസരിച്ചും ആണ്‌. എല്ലാം കാഴ്‌ചയ്‌ക്കുവേണ്ടി പാകം ചെയ്യുന്ന വിഭവങ്ങളാകുമ്പോള്‍ അവയില്‍ കലക്കിയ വിഷാംശത്തെ നാം എങ്ങിനെ തിരിച്ചറിയും. കാഴ്‌ചകളെ ശരിയായ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യുക മാത്രമാണ്‌ ഇതിനുള്ള പോംവഴി.
* ഓരോ ദൃശ്യവും ആരാണ്‌ നമുക്കുവേണ്ടി ഒരുക്കുന്നത്‌? അതിന്‌ പിറകിലെ പ്രബല താല്‌പര്യങ്ങള്‍ എന്ത്‌ ?
* ദൃശ്യങ്ങള്‍ നിഷ്‌ക്കളങ്കമാണോ ?
*പതിവ്‌ ഘടനയിലൂടെ ആവര്‍ത്തിക്കുന്ന ദൃശ്യങ്ങള്‍ ഉറപ്പിക്കുന്ന ആശയതലം എന്ത്‌ ?
*ഓരോ ദൃശ്യവും രുചികരമാക്കാന്‍ ചേര്‍ക്കുന്ന ചേരുവകള്‍ എന്ത്‌ ?
*ഓരോ ദൃശ്യത്തെയും എങ്ങിനെ വ്യാഖ്യാനിക്കും ? ധ്വന്യാത്മകമായി അവ വിരല്‍ ചൂണ്ടുന്നത്‌ ഏതിലേക്ക്‌ ?
*ദൃശ്യങ്ങള്‍ ഉല്‌പാദിപ്പിക്കുന്ന ആന്തരികാര്‍ത്ഥം സമൂഹത്തിന്‌ അനുഗുണമാണോ ?
*എന്തുകൊണ്ടാണ്‌ ക്യാമറ പലതും കാണാതെ പോകുന്നത്‌ ?
ഇത്തരം ചോദ്യങ്ങല്‍ നാം ശരിയായ രീതിയില്‍ ഉയര്‍ത്തേണ്ടതുണ്ട്‌. വലിയ കുമിളകളെ ഉടക്കാന്‍ ചെറിയ മുള്ളുമതി. വിമര്‍ശനാത്മകമായി ഉന്നയിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഓരോരുത്തരുടെയും കൈമുതലാകണം. സംവിധായകന്റെ (സംശയമില്ല, അയാള്‍ നിര്‍മ്മാതാവിന്റെ പ്രതിനിധിമാത്രം) അനുവാദം കൂടാതെ ഒരു ഫ്രെയിമിനകത്തേക്ക്‌ ഈച്ചപോലും കടക്കില്ല എന്നത്‌ ചിത്രീകരണത്തിന്റെ യാഥാര്‍ത്ഥ്യം. നന്മയുടെ പ്രതിരൂപമായ നായകന്റെ (സിനിമയിലല്ലാതെ ജീവിതത്തില്‍ എവിടെയുണ്ടാകും അത്തരമൊരാള്‍) വീടിന്റെ ചുമരില്‍ തൂങ്ങുന്ന കലണ്ടര്‍ ഒരു പ്രത്യേക ആശയസംഹിതയുടെ അടയാളമാണെങ്കില്‍ നായകന്റെ നന്മയുടെ അടിസ്ഥാനം ആ പ്രസ്ഥാനത്തിന്റേതുകൂടിയാകുന്നു. ഇപ്രകാരം കലണ്ടുറുകള്‍കൊണ്ട്‌ ഒളിച്ചുവെച്ച ഫാസിസത്തിന്റെ ദംഷ്‌ട്രകള്‍, ദൃശ്യങ്ങളുടെ സൂക്ഷ്‌മവിശകലനത്തില്‍ ചോരപ്പാടോടെ പുറത്തു കാണാനാകും. ഓരോ ദൃശ്യങ്ങളെയും ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ നമുക്ക്‌ എന്തുകൊണ്ട്‌ കഴിയുന്നില്ല. പൊള്ളയായ ദൃശ്യങ്ങളൊരുക്കുന്ന വിശ്രമക്കസേരകളില്‍ നമ്മളും ചടഞ്ഞിരുന്നാല്‍ ആരാണ്‌ ഇതേറ്റെടുക്കുക.
നമുക്ക്‌ ഒന്നും വ്യാഖ്യാനിക്കാനില്ലാത്ത, മനസ്സിനെയും ചിന്തയേയും മാറ്റിവെച്ച്‌ സ്വീകരിക്കാവുന്ന, അശ്ലീലസമമായ സുതാര്യതയില്‍ പരത്തിപ്പറയുന്ന ഒരു മാധ്യമരീതിശാസ്‌ത്രം ബോധപൂര്‍വ്വം തന്നെയാണ്‌ സ്വീകരിക്കപ്പെടുന്നത്‌. മാധ്യമദൃശ്യങ്ങള്‍ മാത്രമല്ല, ജീവിതക്കാഴ്‌ചകളെ ചേര്‍ത്തുവയ്‌ക്കുകയോ കാഴ്‌ചക്കപ്പുറത്തേക്ക്‌ ചിന്തിക്കുകയോ അരുത്‌. `ഒറ്റയൊറ്റയായ്‌ കാണുന്ന ആകുലികളെ' പറ്റി പാടുകമാത്രമാണ്‌ പുതിയ കാലത്തിന്റെ വീണയ്‌ക്ക്‌ ചെയ്യാനുള്ളത്‌.
യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്കാഴ്‌ചകളെന്നവകാശപ്പെടുന്ന ഡോക്യുമെന്ററികള്‍ പോലും സൃഷ്‌ടാവിന്റെ മനസ്സിനൊപ്പിച്ച്‌ `എഡിറ്റ്‌' ചെയ്‌താണ്‌ പ്രേക്ഷകന്‌ മുന്നിലെത്തുന്നത്‌. മുറിക്കലും ചേര്‍ക്കലും കലാപരത നിശ്ചയിക്കുന്ന ഒരു മാധ്യമത്തില്‍ അതുകൊണ്ടുതന്നെ അത്‌ ചെയ്യുന്ന വ്യക്തിത്വത്തിന്റെ കാഴ്‌ചപ്പാട്‌ മുന്നില്‍ നില്‍ക്കും. ഒരേ ദൃശ്യത്താല്‍ തന്നെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുണ്ടാക്കാന്‍ ഈ മാധ്യമത്തിന്‌ കഴിയും. ചിത്രസംയോജനം, ശബ്‌ദപഥം, ക്യമറയുടെ ആംഗിളുകള്‍ എന്നിവയെല്ലാം ആശയരൂപീകരണത്തില്‍ വമ്പിച്ച പ്രാധാന്യം നേടുന്നുണ്ട്‌ ഈ മാധ്യമത്തില്‍.
ഇത്തരം ആലോചനകളും ചര്‍ച്ചകളും തെളിവുകളും ക്ലാസ്‌ മുറിയില്‍ ചര്‍ച്ച ചെയ്യപ്പെടണം. പരസ്യങ്ങള്‍ മാത്രമല്ല സിനിമകളും ദൃശ്യമാധ്യമങ്ങളില്‍ വരുന്ന മറ്റ്‌ പരിപാടികളും വിശകലനവിധേയമാക്കണം. (അവയും ആശയങ്ങളുടെ പ്രച്ഛന്നമായ പരസ്യപ്പലകകള്‍ തന്നെ) ഇത്തരം ചര്‍ച്ചകളുടെയും വിമര്‍ശനചിന്തയുടെയും അഭാവത്തില്‍ വളര്‍ന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ സാംസ്‌കാരിക സത്വരൂപീകരണം മാധ്യമപ്രഭുക്കളുടെ തലോടലുകളേറ്റാവും പരുവപ്പെടുക. വ്യക്ത്യാധിഷ്‌ഠിതമായ അവ തീര്‍ച്ചയായും പ്രകൃതിവിരുദ്ധവും മനുഷ്യവിരുദ്ധവും സമൂഹവിരുദ്ധവും ആയിരിക്കും. എല്ലാ നെഗറ്റീവുകളേയും ചേര്‍ത്തുവെച്ച്‌ പോസിറ്റീവുകളാക്കുന്ന ഈ ഇക്കിളിപ്പെടുത്തലിനെയല്ലാതെ എന്തിനെയാണ്‌ ഇതിലധികം ഭയപ്പെടാനുള്ളത്‌. മാധ്യമങ്ങളിലെ ഓരോ ദൃശ്യവും ഒരുക്കൂട്ടുന്ന സാങ്കേതികവിദ്യകൂടി കുട്ടികളെ ധരിപ്പിക്കേണ്ടതുണ്ട്‌. ഇത്‌ അവരെ സംവിധായകനോ ഛായാഗ്രാഹകനോ ആക്കിത്തീര്‍ക്കുന്നതിനല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഈ കലയുടെ (art of the late capitalism) അടിസ്ഥാനം തന്നെ സാങ്കേതികം തന്നെയാണ്‌. അസാധ്യമായതിനെ സുസാധ്യമാക്കുന്ന ചെറുചലനങ്ങളെ ഇടിമിന്നലുകളാക്കുന്ന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ്‌ വാപൊളിച്ച്‌ വിഴുങ്ങുന്ന വിസ്‌മയങ്ങളെ ചവച്ചരയ്‌ക്കാന്‍ അവരെ പ്രാപ്‌തരാക്കും.
ദൃശ്യമാധ്യമങ്ങള്‍ ക്ലാസ്‌ മുറിയില്‍
ദൃശ്യസാക്ഷരതയ്‌ക്കായി മാധ്യമങ്ങളുടെ സാങ്കേതികവും സൗന്ദര്യാത്മകവുമായ തലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളോടൊപ്പം തന്നെ ഫലവത്തായ ഏറെ കാര്യങ്ങള്‍ക്കായി ഇവയെ നേരിട്ട്‌ ക്ലാസില്‍ ഉപയോഗിക്കാനും കഴിയും. ചലച്ചിത്രത്തെ മറ്റ്‌ രചനകള്‍ പോലെ തന്നെ ഒരു ടെക്‌സ്‌റ്റ്‌ ആയി കാണാം. മറ്റേതൊരു കലാസൃഷ്‌ടിയെയും പോലെതന്നെ ക്ലാസ്‌ മുറിയിലേക്ക്‌ കടന്നുവരാന്‍ ഇന്ന്‌ സിനിമ യോഗ്യത തെളിയിച്ചിട്ടുണ്ട്‌. പാഠപുസ്‌തകങ്ങളില്‍ സിനിമകളെ സംബന്ധിച്ച ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനപ്പുറം സിനിമകള്‍ തന്നെ ടെക്‌ ആയി നിര്‍ദേശിക്കപ്പെടണം. ക്ലാസിക്‌ ചലച്ചിത്രങ്ങള്‍ പലതവണ കണ്ടുകൊണ്ട്‌, ഒരു കലാസൃഷ്‌ടി എന്ന നിലയില്‍ സിനിമയിലൂടെ ലഭിക്കുന്ന ആഹ്ലാദം, വികാരവിമലീകരണത്തിന്റെ മുഹൂര്‍ത്തങ്ങള്‍ ഇവ അനുഭവപ്പെടുത്താന്‍ കഴിയണം. അവയിലെ സാമൂഹിക പരിസരം, നിലപാടുകള്‍, ഊന്നലുകള്‍ ഇവയെല്ലാം വിശകലനവിധേയമാക്കാം. ഭാഷാപഠനത്തില്‍ ഒരു കഥയോ കവിതയോ ഉപയോഗിക്കുന്നതുപോലെ അവധാരണം ചെയ്യുന്നതിന്‌, കഥാപാത്ര പഠനം നടത്തുന്നതിന്‌, ധ്വന്യാത്മക തലം കണ്ടെത്തുന്നതിന്‌, ദൃശ്യങ്ങളെ വ്യാഖ്യാനിക്കുന്നതിന്‌ ഒക്കെ സിനിമയെ ഉപയോഗപ്പെടുത്തണം.
ഏതൊരു പഠനത്തിന്റെയും മികച്ച റഫറന്‍സ്‌ കൂടിയാണ്‌ ഇന്ന്‌ സിനിമ. ഏത്‌ പഠനമേഖലയുടെ താരതമ്യത്തിനും ഉപയോഗിക്കാവുന്ന ഒന്ന്‌, വായിച്ചറിഞ്ഞ ഒന്നിനെ ആഴത്തിലറിയാന്‍, മറ്റൊരു കോണില്‍ നിന്നും നോക്കിക്കാണാന്‍ സഹായിക്കുന്ന ഒന്ന്‌, അപരിചിതമായ പരിസരങ്ങളെ അടുത്തറിയിക്കുന്ന ഒന്ന്‌. ചരിത്രസംഭവങ്ങളെ മഹത്‌വ്യക്തിത്വങ്ങളെ, കേട്ടറിഞ്ഞ വാമൊഴി ഭേദങ്ങളെ തൊട്ടറിയാന്‍ കുട്ടികള്‍ക്ക്‌ ഏറെ പഥ്യമാവുക കലയുടെ ഈ കൈവഴി തന്നെയാകാം. (Did not go to the movies to dream, but to learn) ഡിജിറ്റല്‍ യുഗമെന്ന്‌ കേളികേട്ട ഇന്ന്‌ കേവലം പ്രേക്ഷകനായിരിക്കുക എന്നിടത്തുനിന്ന്‌ ഒരു ചലച്ചിത്രകാരനാവുക എന്നത്‌ നല്ലൊരു ചലച്ചിത്ര വിദ്യാര്‍ത്ഥിക്ക്‌ അപ്രാപ്യമായ സംഗതിയല്ല. തന്റെ ചുറ്റിലുമുള്ള ജനകീയ പ്രശ്‌നങ്ങളിലേക്ക്‌ സമൂഹത്തിന്റെ ശ്രദ്ധയെത്തിക്കാന്‍ ക്യാമറയുമായി തുനിഞ്ഞിറങ്ങിയ `ക്യാമറാ ബഫു' കളെ ഇന്ന്‌ സര്‍വ്വകലാശാലകളില്‍ മാത്രമല്ല സ്‌കൂളുകളിലും കണ്ടെത്താം.
സിനിമയുടെ ജനപ്രിയ ചേരുവകളുടെ ആരാധകരാക്കി ഫിലിം പെട്ടിയെ തലമൊട്ടയടിച്ച്‌ പൂജിച്ച്‌ പ്രാര്‍ത്ഥനാപൂര്‍വ്വം എഴുന്നള്ളിക്കേണ്ട ദിവ്യവസ്‌തുവായി പരിഗണിക്കുന്ന ബുദ്ധിമാന്ദ്യത്തിലേക്ക്‌ പുതുതലമുറയെ എത്തിക്കുന്നതില്‍, ഈ വിഷയത്തെക്കുറിച്ച്‌ ക്ലാസ്‌ മുറിക്കകത്തും പുറത്തും മൗനം പാലിച്ച നമ്മുടെ വിദ്യാഭ്യാസ പണ്ഡിതരും അധ്യാപകരും തന്നെയാണ്‌ കുറ്റവാളികള്‍ . ദൃശ്യമാധ്യമങ്ങളുടെ സാങ്കേതികവും സൗന്ദര്യാത്മകവും ധ്വന്യാത്മകവുമായ അംശങ്ങളെ സംബന്ധിച്ച്‌ വായിച്ചും കണ്ടും അറിയാന്‍ ഇനിയും അവര്‍ ശ്രമിക്കുന്നില്ലെങ്കില്‍ `സാമ്പ്രദായിക ആര്‍ട്ട്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളേക്കാള്‍ വിജനമായിരിക്കും അവരുടെ ക്ലാസ്‌ മുറികള്‍.