2012, ജൂലൈ 16, തിങ്കളാഴ്‌ച

വിദ്യാഭ്യാസം: സങ്കീര്‍ണമാകുന്ന പരിഷ്‌കരണങ്ങളും ലളിതമായ സത്യങ്ങളും.വിദ്യാഭ്യാസം ഒരു ചെളിക്കുളമല്ല. നിരന്തരമായ അന്വേഷണങ്ങളും കണ്ടെത്തലുകളും ആണ് അതിന്റെ ജീവന്‍ . ശരിയായ ആരോഗ്യമാണ് അതിന്റെ ലക്ഷ്യമെങ്കില്‍ കെട്ടിക്കിടന്നു മലിനമായ വെള്ളത്തോടൊപ്പം കാലങ്ങളായുള്ള അഴുക്കും ചെളിയും മറ്റു ചണ്ടിപണ്ടാരങ്ങളും അതില്‍ നിന്നും കോരിമാറ്റുകയും പുതിയ ചാലുകളില്‍ നിന്നും ഒഴികിയെത്തുന്ന തെളിനീരിനായി കാത്തിരിക്കുകയും വേണം. പഠനബോധന സമീപനങ്ങളില്‍ ,ഘടനാപരമായ ക്രമീകരണങ്ങളില്‍ എല്ലാം പുതിയ തെളിച്ചങ്ങളില്‍ നിന്നുവരുന്ന പരിഷ്‌കരണങ്ങള്‍ ചിലപ്പോള്‍ അമ്പരപ്പുണ്ടാക്കിയേക്കാം. പുതിയ വെള്ളത്തിലുള്ള കുളി ചിലരെയെങ്കിലും പനിക്കിടക്കയിലുമാക്കിയേക്കാം. അപ്പോഴും, മാറ്റം ഞങ്ങള്‍ക്ക് മാത്രം ബാധകമല്ല എന്ന സമീപനം വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് ഒരിക്കിലും കൈക്കൊള്ളാന്‍ കഴിയില്ല. അതോടൊപ്പം അതിനെ യുക്തിസഹമായി വിലയിരുത്താനും എല്ലാ പരിഷ്‌കരണങ്ങളും ഏതു  പക്ഷത്തിനൊപ്പമാണ്, ആരുടെ താത്പര്യങ്ങളാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത് എന്ന് വിലയിരുത്താനും അവര്‍ക്ക് വലിയ ബാധ്യതയുമുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി വരുന്ന ഘടനാപരമായ പരിഷ്‌കാരങ്ങള്‍ , വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ലക്ഷ്യമാക്കിക്കൊണ്ട് നടപ്പിലാക്കുന്ന നിയമങ്ങള്‍ , വിദ്യാഭ്യാസമെന്ന പ്രക്രിയയോടുതന്നെ ഭരണകൂടം വെച്ചുപുലര്‍ത്തുന്ന അടിസ്ഥാന കാഴ്ചപ്പാടുകള്‍ എന്നിവ പൊതുസമൂഹത്തില്‍ വലിയ രീതിയിലുള്ള ആശങ്കകളും സംശയങ്ങളും ഉണ്ടാക്കിയിരിക്കുന്ന ഒരു കാലമാണ് ഇത്. വിദ്യാഭ്യാസം ഉത്കണ്ഠയാകേണ്ടത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമല്ല. പൊതുസമൂഹത്തിന്റെ ദൃഡപേശികളില്‍ നിന്നുള്ള പോഷകങ്ങളാണ് അത് വലിച്ചെടുക്കുന്നത്. ആ ഊര്‍ജ്ജം കൊണ്ട് അത് രൂപപ്പെടുത്തുന്നത്, അതെ സമൂഹത്തിനു നേരെ കൊഞ്ഞനംകുത്തുന്ന, അതിനെ ശത്രുപക്ഷത്തു നിര്‍ത്തുന്ന, തന്റെ മാത്രം ഉയര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കാവുന്ന വെറുമൊരു കോണിയായി അതിനെ കാണുന്ന ഒരു വിഭാഗത്തെ/ തലമുറയെ ആണെന്ന് വരുമ്പോഴോ? തീര്‍ച്ചയായും ജാഗ്രതയുടെ അണയാത്ത പന്തങ്ങളുമായി രാപ്പകല്‍ നാം കാവല്‍ നില്‍ക്കേണ്ട അമൂല്യമായ സമ്പത്താണ് നമ്മുടെ പൊതുവിദ്യാഭ്യാസം. അതില്‍ വളര്‍ന്നുവരുന്ന സാധാരണക്കാരായ പരല്‍മീനുകളെ ഭക്ഷിക്കാനായി മാത്രം ആ കുളത്തിലേക്ക് വലിയ പിരാനകളെ ഇറക്കിവിടുന്ന കരങ്ങളെ കണ്ടെത്താനും അതിനെ ചെറുക്കാനും നമുക്ക് കഴിയണം.
കേന്ദ്ര സര്‍ക്കാര്‍ സമീപനാളുകളില്‍ എടുത്ത പല തീരുമാനങ്ങളും രാജ്യത്തെ വിദ്യാഭ്യാസത്തെ ദൂരവ്യാപകമായ രീതിയില്‍ സ്വാധീനിക്കാവുന്നവയാണ്. അവയ്ക്ക് പലതിനും അക്കാദമികമായി വലിയ പ്രാധാന്യമുണ്ടുതാനും. വിദ്യാഭ്യാസ വിഷയത്തില്‍ സ്വാതന്ത്ര പ്രാപ്തിക്കു ശേഷവും വലിയ മുന്നേറ്റങ്ങള്‍ കൈവരിക്കാന്‍ കഴിയാതെ പോയ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളവും വിദ്യാഭ്യാസ അവകാശ നിയമം പുരോഗമനപരം തന്നെയാണ്. ഗുണനിലവാരമുള്ള അധ്യാപക പരിശീലനം ഉറപ്പുവരുത്തുക, സംസ്ഥാന ഗവണ്‍മെന്റിന് സാങ്കേതികവും ധനപരവുമായ സഹായം നല്‍കുക, ദുര്‍ബ്ബല വിഭാഗങ്ങളില്‍ (Weaker section) പ്പെട്ട കുട്ടികളും അവശവിഭാഗങ്ങളില്‍ (Disadvantaged group)പ്പെട്ട കുട്ടികളും യാതൊരുവിധത്തിലുമുള്ള വിവേചനത്തിനും വിധേയമാവുന്നില്ലായെന്ന് ഉറപ്പിക്കുക, അണ്‍ എയിഡഡ് സ്‌കൂളില്‍ ചേരുന്ന പാവപ്പെട്ട കുട്ടികളുടെ  ചിലവ് സര്‍ക്കാര്‍ വഹിക്കുക, പ്രവേശനത്തിന് യാതൊരുവിധ ക്യാപ്പിറ്റേഷന്‍ ഫീസും സ്‌ക്രീനിംഗും പാടില്ല തുടങ്ങിയ നിയമങ്ങള്‍ ദേശീയ സാഹചര്യത്തില്‍ പ്രസക്തമായവ തന്നെയാണ്. എന്നാല്‍ കേരളം പോലുള്ള, വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച മാതൃക മുന്നോട്ടുവെച്ച ഒരു സംസ്ഥാനത്തിന് ഇത്തരം കാര്യങ്ങളില്‍ വലിയ പുതുമ ഒന്നും കാണാന്‍ കഴിയില്ലെന്ന് മാത്രമല്ല അത് നിര്‍ദ്ദേശിക്കുന്ന ഘടനാപരമായ പല മാറ്റങ്ങളും നാം ഇന്നുവരെ തനതായ രീതിയില്‍ കെട്ടിയുയര്‍ത്തിക്കൊണ്ടുവന്ന നമ്മുടെ അസ്ഥിവാരങ്ങളെ പിടിച്ചുകുലുക്കുകയും ചെയ്യും. ഉദാഹരണത്തിന് അഞ്ചാം ക്ലാസ് ലോവര്‍പ്രൈമറിയോടും എട്ടാം ക്ലാസ് അപ്പര്‍പ്രൈമറിയോടും ചേര്‍ക്കണം എന്ന നിര്‍ദ്ദേശം. കുട്ടിയുടെ പക്ഷത്തുനിന്നു നോക്കിയാല്‍ കുറേക്കൂടി ശ്രദ്ധയും പരിചരണവും ലഭിക്കുന്ന ഒരന്തരീക്ഷത്തില്‍ ഒരു വര്‍ഷം കൂടി പഠിക്കാന്‍ ലഭിക്കുന്ന അവസരം സ്വാഗതം ചെയ്യപ്പെടാം. എന്നാല്‍ ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകരുടെ സേവനമാണ് ഓരോ വര്‍ഷം കൂടി അവര്‍ക്ക് താമസിച്ചു ലഭിക്കുന്നത്. കേരളത്തില്‍ അധ്യാപകരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളും ഇതുണ്ടാക്കും. അതിശക്തമായ പൊതു വിദ്യാഭ്യാസം നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത്, അണ്‍ എയിഡഡ് സ്‌കൂളില്‍ ചേരുന്ന പാവപ്പെട്ട കുട്ടികളുടെ  ചിലവ് സര്‍ക്കാര്‍ വഹിക്കുക പോലുള്ള നിയമങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. വിദ്യാഭ്യാസ വിഷയത്തില്‍ തന്നെ പുതിയ ആഗോളവത്കരണ-സ്വകാര്യ വത്കരണ സാഹചര്യം സൃഷ്ടിച്ച അലകളാണ് ഇവിടെയും ആഞ്ഞടിക്കുന്നത്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം സര്‍ക്കാരിന്റെ ഉത്തരവാദിത്വമാകുന്നതില്‍ നിന്നു ഒഴിഞ്ഞു നില്‍ക്കുകയാണ് ഭരണകൂടത്തിന്റെ പൊതുനിലപാട്. പ്രാഥമിക വിദ്യാഭ്യാസമായാലും ഉന്നത വിദ്യാഭ്യാസമായാലും അത് നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകാന്‍ സ്വകാര്യമേഖലക്ക് മാത്രമേ കഴിയൂ എന്ന കോര്‍പ്പറേറ്റ് കാഴ്ചപ്പാടുകള്‍ക്കു കീഴില്‍ മുദ്രവെക്കുകയാണ് സര്‍ക്കാരും. ഇതിനിടെ കോര്‍പ്പറേറ്റുകളുടെ വളര്‍ത്തു പുത്രനായ ആത്മീയാചാര്യന്‍ 'സര്‍ക്കാര്‍ സ്‌കൂളുകള്‍ ക്രിമിനലുകളെയും നക്‌സലേറ്റുകളേയും ആണ് സൃഷ്ടിക്കുന്നതെന്നും വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയല്ലെന്നും അത് സന്നദ്ധസംഘടനകളുടെ കുത്തകയാണെന്നും' പ്രഖ്യാപിച്ചത് അതിന്റെ മറ്റൊരു രൂപത്തിലുള്ള പ്രകാശനമാണ്. ഇന്ത്യയിലെ വിവിധ ജാതി-മത സംഘടനകളിലെ പുതിയ ആത്മീയാചാര്യന്മാര്‍ നടത്തുന്ന സ്‌കൂളുകളിലെ കരിക്കുലവും സിലബസും എത്രമാത്രം ദേശവിരുദ്ധവും പരസ്പര സ്പര്‍ദ്ധ വളര്‍ത്തുന്നതും ആണെന്ന് തിരിച്ചറിയുമ്പോഴാണ് പൊതുവിദ്യാഭ്യാസത്തിനെതിരായി ഇവര്‍ നടത്തുന്ന ഒറ്റക്കെട്ടായുള്ള ആക്രമണത്തിന്റെ ഉള്ളുകള്ളി തിരിച്ചറിയാനാവുക.
പൊതുവിദ്യാലയങ്ങള്‍ അരാജകത്വവും ആക്രമണവും വളര്‍ത്തുന്നവയാണെന്നും നല്ല വിദ്യാഭ്യാസം നല്‍കാന്‍ സ്വകാര്യ മേഖലയ്ക്കു മാത്രമേ കഴിയുകയുള്ളൂ എന്നുമുള്ള മധ്യവര്‍ഗ്ഗ സങ്കല്‍പ്പങ്ങള്‍ക്ക് വാഗ്രൂപം നല്‍കുക മാത്രമാണ് അവരുടെ ആത്മീയാചാര്യന്‍ ചെയ്തിട്ടുള്ളത്. ഇത്രയും അസംബന്ധമായ ഒരു പ്രസ്താവനയുടെ പക്ഷം ചേര്‍ന്ന്, ഇതുസംബന്ധിച്ച്  ഇന്റര്‍നെറ്റില്‍ നടക്കുന്ന സംവാദങ്ങളില്‍ പ്രതികരിക്കാന്‍ കേരളത്തില്‍ നിന്നുപോലും ഒട്ടേറെപ്പേര്‍ ഉണ്ടായി എന്നതാണ് അതിശയകരം. കേരളത്തിലെ മധ്യവര്‍ഗ്ഗത്തിന്റെ വിമോചന സ്വപ്നം തുടങ്ങുന്നതും ഒടുങ്ങുന്നതും വിദ്യാഭ്യാസത്തില്‍ ആയതുകൊണ്ടാവാം അത്; പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ നമ്മുടെ യുവാക്കളായ/ മധ്യവയസ്‌കരായ രക്ഷകര്‍ത്താക്കളുടെ. നല്ല വിദ്യാഭ്യാസത്തിന്റെ തെളിവായി അവര്‍ മിക്കപ്പോഴും വാഴ്ത്തിപ്പാടുന്നത് സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങലെയാണ്. പഴയ തലമുറയില്‍പ്പെട്ട കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയടക്കം മിക്കരാഷ്ട്രീയ നേതാക്കളും ശങ്കയില്ലാതെ ആത്മീയാചാര്യന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞു. തങ്ങള്‍ അടക്കമുള്ള ഇന്ന് രാജ്യത്തിന്റെ അഭിമാനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെല്ലാം സര്‍ക്കാര്‍ സ്‌കൂളുകളുടെ ഉത്പന്നങ്ങളാനെന്നു അവര്‍ തുറന്നു പറഞ്ഞു. (പക്ഷെ വിദ്യാഭ്യാസം സ്വകാര്യവത്കരിക്കുകയാണ് വേണ്ടത് എന്ന പ്രഭാഷണത്തിന്റെ ഒന്നാംഭാഗത്തെ അവര്‍ സ്പര്‍ശിച്ചില്ല. അക്കാര്യത്തില്‍ ആത്മീയക്കച്ചവടക്കാരും വലതുപക്ഷ രാഷ്ട്രീയനേതൃത്വവും ഒരേപാത്രത്തില്‍ നിന്നു ഉണ്ണുന്നവരാണല്ലോ?) യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങളിലെ സിലബസ്-പഠനരീതി എന്നിവ എങ്ങിനെയുള്ളതാണ്? അവര്‍ കുട്ടികള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് എന്താണ്? അവിടുത്തെ പരീക്ഷാരീതി എങ്ങിനെയുള്ളതാണ്? അത് പുതിയ കാലത്ത് കുട്ടികളെ നമ്മുടെ സമൂഹത്തില്‍ ജീവിക്കാന്‍ പര്യാപ്തമാക്കുന്നതാണോ? അവിടുത്തെ അധ്യാപകരുടെ യോഗ്യതകള്‍ എന്താണ്? കുട്ടികളുടെ മാനസികമായ സംഘര്‍ഷങ്ങള്‍ എന്തൊക്കെയാണ്? എന്നതിലൊക്കെ എത്രമാത്രം അജ്ഞരാണ് നമ്മുടെ യുവ/മധ്യവര്‍ഗ്ഗ രക്ഷാകര്‍ത്തൃസുഹൃത്തുക്കള്‍ എന്നത് ആശ്ച്ചര്യപ്പെടു ത്തുന്നതാണ്.
പുറംപകിട്ടില്‍ ഊന്നുന്നതും അകം പൊള്ളയുമായ കച്ചവട കേന്ദ്രങ്ങള്‍ മാത്രമാണ് നമ്മുടെ ബഹുഭൂരിപക്ഷം സ്വകാര്യ അണ്‍ എയിഡഡ് വിദ്യാലയങ്ങളും. തിളക്കമാര്‍ന്ന യൂണിഫോമുകളും ടൈയും ഷൂസും വാഹനങ്ങളും വിലകൂടിയ പുസ്തകങ്ങളും പതിനായിരങ്ങള്‍ വരുന്ന പ്രതിമാസ ഫീസുകളും രാവേറെ നീളുന്ന ഹോം വര്‍ക്കുകളും ഇമ്പോസിഷനുകളും ശിക്ഷകളും അല്ല വിദ്യാഭ്യാസം എന്ന് ഈ രക്ഷകര്‍ത്താക്കള്‍ തിരിച്ചറിയുകതന്നെ ചെയ്യും. തലേദിവസംതന്നെ പറഞ്ഞു കൊടുക്കുന്ന ചോദ്യങ്ങള്‍ കാണാതെ പഠിച്ചു ഉത്തരമെഴുതി യൂനിറ്റ് ടെസ്റ്റുകളില്‍ വാങ്ങുന്ന മാര്‍ക്കുകളല്ല തങ്ങളുടെ അന്തസ്സ് എന്ന് തിരിച്ചറിയേണ്ടത് രക്ഷകര്‍ത്താക്കളാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന താന്‍ , തന്റെ കുട്ടികളെ സര്‍ക്കാര്‍ / എയിഡഡ് സ്‌കൂളിലാണ് പഠിപ്പിക്കുന്നത് എന്ന് പറയുന്നതിലാണ് അന്തസ്സ് എന്ന വീണ്ടുവിചാരമാണ് അവരില്‍ ഉണ്ടാകേണ്ടത്. ഇത് അധ്യാപകര്‍ക്ക് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ അല്ല. എന്ത് ചീത്തയായാലും, അവിടെയുള്ള, നന്മയേയും തിന്മയേയും കുറിച്ച് ആലോചിക്കാനുതകുന്ന, ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന, പരസ്പരമുള്ള സഹകരണത്തെയും ബന്ധത്തെയും ഊട്ടിയുറപ്പിക്കാനായുന്ന ഒരു പഠനരീതി ഭാവിയില്‍ തനിക്കു മക്കളില്‍ നിന്നും ഇറ്റുവെള്ളം കിട്ടാന്‍ സഹായകമായേക്കാം എന്ന ബോധ്യത്തിനു വേണ്ടിക്കൂടിയാണ്. അവനവനെക്കുറിച്ചുള്ള ചിന്തയും  എന്ത് ചെയ്താലും തനിക്കു ഉയരത്തിലെത്തണം എന്ന മത്സര ബുദ്ധിയും മാത്രം കാണാപ്പാഠമുള്ള പഠനത്തോടൊപ്പം മുളപ്പിച്ചെടുക്കുന്ന, എല്ലാം പണം കൊടുത്ത് മാത്രം നടക്കുന്ന സ്‌കൂളിലെ വിദ്യാഭ്യാസം ചിലപ്പോള്‍ തുറന്നിടുന്നത് അഗതി മന്ദിരത്തിലേക്കുള്ള തങ്ങളുടെ വാതിലുകള്‍ കൂടിയാണെന്ന് ഇന്നത്തെ രക്ഷകര്‍ത്താക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.
കേരളം സന്ദര്‍ശിക്കാനെത്തിയ ലോകത്തെ പ്രഗത്ഭരായ വിദ്യാഭ്യാസ പണ്ഡിതന്മാരുടെ സംഘം നമ്മുടെ അതിപ്രശസ്തമായ പല ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സന്ദര്‍ശിച്ചു. അവര്‍ അന്തംവിട്ട ഒരെയോരുകാര്യം, എന്തിനാണ് ചെറിയ ക്ലാസുകളില്‍ ഇത്രയും ഭാരിച്ച സിലബസ് കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന കാര്യത്തിലാണ്. എവിടെയാണ് ഇക്കാര്യങ്ങള്‍ ജീവിതത്തില്‍ പിന്നീട് ആവശ്യമായി വരുന്നത്? അപ്പോള്‍ ഇത് ഈ രൂപത്തില്‍ അവരില്‍ ഉണ്ടാകുമോ? ഇത്തരം കടുകട്ടി വിഷയങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കാന്‍ ഈ പ്രായത്തില്‍ അവര്‍ക്ക് കഴിയുമോ? അറിയാനുള്ള അവരുടെ സ്വാഭാവികമായ ത്വര നഷ്ടപ്പെടുകയല്ലേ ഈ ഭാരം ചുമക്കുമ്പോള്‍ സംഭവിക്കുക? ആത്മവിശ്വാസവും ആശയ വിനിമയ ശേഷിയും യുക്തിചിന്തയുമല്ലേ അവരില്‍ തിടംവെച്ച്  വളരേണ്ടത്? മാതൃഭാഷയില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയാത്ത കുട്ടിക്കെങ്ങിനെ ഒരു വിദേശ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കഴിയും? കേരളത്തിലെ പുതിയ രക്ഷാകര്‍ത്തൃ തലമുറയുടെ ഭ്രാന്തുകള്‍ക്ക് മുന്നില്‍ അവര്‍ മൂക്കത്ത് വിരല്‍ വെച്ച് അതിശയപ്പെട്ടുനിന്നു.
സ്വകാര്യവത്കരണമാണ് നല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന സങ്കല്‍പ്പത്തെ അടുത്തു നിന്നു നോക്കിക്കാണാനാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. മറ്റേതു സംസ്ഥാനങ്ങളിലേതു പോലെയല്ല കേരളത്തിലെ പൊതുവിദ്യാഭ്യാസം. നമ്മുടെ സര്‍ക്കാരുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാരിതര ഏജന്‍സികളുമെല്ലാം കൈമെയ്  മറന്നു സഹായിച്ചതിന്റെ സത്ഫലങ്ങള്‍ അവിടെ ഒരുപാടുണ്ട്. ഇപ്പോള്‍ കേന്ദ്ര സിലബസ്സിനെക്കാലും മുകളില്‍ നില്‍ക്കുന്ന ഒരു പാഠ്യപദ്ധതിയും സിലബസ്സും ( കെ എസ് ടി എ പ്രസിദ്ധീകരിച്ച 'കേരളാ പാഠ്യപദ്ധതി സംരക്ഷണം എന്തിന്? കേരള സി.ബി.എസ്.ഇ സിലബസ്സുകള്‍ ഒരു താരതമ്യം' എന്ന പുസ്തകം ഇക്കാര്യത്തിന്റെ സൂക്ഷ്മപഠനമാണ്.) യോഗ്യതയുള്ള അധ്യാപകര്‍ , അധ്യാപകര്‍ക്കുള്ള നിരന്തരമായ പരിശീലനങ്ങള്‍ , കുട്ടികളുടെ കലാപരവും കായികവും ആയ കഴിവുകള്‍ പരിപോഷിക്കാനുയുള്ള ഒട്ടനവധി സൌകര്യങ്ങള്‍ , മള്‍ട്ടി മീഡിയാ ക്ലാസുമുറികള്‍ , കമ്പ്യൂട്ടര്‍ ലാബുകള്‍ , ഐ ടി വിദ്യാഭ്യാസം.. സത്യത്തില്‍ ഒരു സ്വകാര്യ വിദ്യാലയത്തിനും സ്വപ്നം കാണാന്‍ കഴിയാത്ത സൗകര്യങ്ങള്‍ ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കുണ്ട്. രക്ഷകര്‍ത്താക്കളുടെ നിതാന്തമായ ജാഗ്രതയും ഇടപെടലും കൂടി ഉണ്ടെങ്കില്‍ അവിടുത്തെ വിദ്യാഭ്യാസ പ്രക്രിയയെ ഏറ്റവും കാര്യക്ഷമമാക്കി നിലനിര്‍ത്താന്‍ നമുക്കാവും.
കേന്ദ്രം എസ് എസ് എല്‍ സി പരീക്ഷ ഉപേക്ഷിച്ചത്, സര്‍വീസിലുള്ള അധ്യാപകരുടെ യോഗ്യതവിലയിരുത്താന്‍ പരീക്ഷ കൊണ്ടുവരുന്നത്, സ്‌കൂളില്‍ നല്‍കുന്ന ശിക്ഷകള്‍ ക്രിമിനല്‍ കുറ്റമായി കണ്ടു അധ്യാപകര്‍ക്ക് വലിയ ശിക്ഷകള്‍ ശുപാര്‍ശ ചെയ്യുന്ന നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഇതെല്ലാം കേന്ദ്രം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കേരളത്തില്‍ നടപ്പിലാക്കുകയാണെങ്കില്‍ ഏറെ സങ്കീര്‍ണ്ണതകള്‍ നാം അഭിമുഖീകരിക്കേണ്ടി വരും. അപ്പോഴെല്ലാം ആര് നിര്‍ദ്ദേശിച്ചു എന്നതായിരിക്കരുത് വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രധാന പരിഗണന. എന്ത് നിര്‍ദ്ദേശിച്ചു? നമ്മുടെ നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ അത് എന്തെന്തു പ്രശ്‌നങ്ങള്‍ ഉണ്ടാക്കും? അത് ഗുണപരമാണോ? എന്നിങ്ങനെയുള്ള, എല്ലാ സങ്കുചിത പരിഗണനകള്‍ക്കും അപ്പുറമുള്ള കാര്യങ്ങളായിരിക്കണം. ആത്യന്തികമായി കുട്ടികളെ നാളത്തെ ലോകത്ത് ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ , അപകര്‍ഷതയില്ലാതെ ആരെയും അഭിമുഖീകരിക്കാന്‍ , ഏതു സ്വര്‍ണ്ണപ്പാത്രങ്ങള്‍ക്കകത്ത് ഒളിപ്പിച്ചുവെച്ചതായാലും അതിനകത്തെ സത്യത്തെ തിരയാന്‍ പ്രേരിപ്പിക്കുന്ന, സ്വന്തം ചിന്തയുടെ നിതാന്തമായി ജ്വലിക്കുന നാളങ്ങള്‍ അണയാതിരിക്കാന്‍ സഹായകമാവുന്ന ഒന്നായിരിക്കണം ഇന്ന് അവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസം. ഒരു സ്വകാര്യ കച്ചവടസ്ഥാപനതിനും താത്പര്യമുണ്ടാവില്ല നമ്മുടെ കുട്ടികള്‍ക്ക് ഈ ഉയര്‍ന്ന ശേഷികള്‍ ഉണ്ടാവണം എന്നതാണ്  ഏതു വിദ്യാഭ്യാസമാണ് നല്ലത് എന്ന ചോദ്യത്തിന്റെ ഏറ്റവും ലളിതമായ ഉത്തരം.
(എന്‍ ജി ഒ യൂണിയന്റെ മുഖപത്രമായ കേരള സര്‍വ്വീസില്‍ പ്രസിദ്ധീകരിച്ചത്.)

3 അഭിപ്രായങ്ങൾ:

 1. ദിനേശന്‍ എം2012, ജൂലൈ 16 7:55 AM

  "എന്നാല്‍ ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകരുടെ സേവനമാണ് ഓരോ വര്‍ഷം കൂടി അവര്‍ക്ക് താമസിച്ചു ലഭിക്കുന്നത്. കേരളത്തില്‍ അധ്യാപകരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളും ഇതുണ്ടാക്കും" എന്ന അഭിപ്രായത്തോട് വിയോജിക്കുന്നു.6 മുതല്‍ 8 വരെ ക്ലാസുകളില്‍ ഗ്രാജ്വേറ്റ് ആവണം എന്നത് ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകരുടെ സേവനം നേരത്തെ ലഭിക്കുകയല്ലേ? ഇത് കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടേ? പിന്നെ,അധ്യാപകരുടെ പുനര്‍വിന്യാസം അധ്യാപകരുടെമാത്രം പ്രശ്‌നമാണ്,വിദ്യാര്‍ത്ഥികളുടേതല്ല.യോഗ്യതാ പുനര്‍നിണ്ണയം എത്രയും വേഗം നടപ്പിലാക്കേണ്ടതുണ്ട്.
  മറ്റൊന്ന് പ്രൈമറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളാണ്. കഷ്ടമാണ് കാര്യം.അടിമുടി ഒരു മാറ്റം കേരളത്തിലും ഉണ്ടാവണം.

  മറുപടിഇല്ലാതാക്കൂ
 2. ദിനേശന്‍ സാര്‍ ,
  ഇപ്പോഴും എല്‍ പി യു പി ഒരുമിച്ചുള്ള സ്ഥലങ്ങളില്‍ ബി എഡുകാരെ മുഴുവനായി യു പി യില്‍ കുടിയിരുത്തിയിരിക്കയല്ലേ.. എങ്കിലും സാങ്കേതികമായി അത് ശരിയാണ്. മാറ്റങ്ങളെ വളരെ പോസിറ്റീവായി സമീപിക്കുന്ന ഒരു നയമാണ് അഭികാമ്യം. അത് പക്ഷെ നമ്മള്‍ നേടിയ മെച്ചങ്ങള്‍ കടലിലൊഴുക്കി ആവരുത് എന്നുമാത്രം

  മറുപടിഇല്ലാതാക്കൂ
 3. കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ചു മനസിലാക്കാൻ ശ്രമിക്കുന്നവർക്ക്, പലതും മൻസിലക്കാൻ കഴിയും ഈ ലേഖനത്തിൽ നിന്ന്. വളരെ സന്തോഷം. പലപ്പോഴും പത്രങ്ങളിൽ വരുന്ന് വാർത്തകൾ വളരെ ശുഷ്കമാണ്. കാര്യമായി ഒന്നും മനസിലാക്കൻ കഴിയില്ല.

  കച്ചവടത്തിൽ അധിഷ്ഠിധമായ നവ ലിബറൽ ആശയങ്ങൾ അങ്ങനെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്, ആളുകളെ അവരുടെ സ്വകാര്യ തലത്തിലെ നേട്ടങ്ങളൂമായി മാത്രം കൂട്ടിക്കെട്ടുക. അതിന്റ് മറുവശം കാണാൻ കണ്ണുണ്ടാവണം, അദ്ധ്യാപകന് ആ കണ്ണൂ കൂടുതൽ ഉണ്ടാകണം. കാരണം അവരാണ് സമൂഹത്തെ സൃഷ്ടീക്കുന്നത്, ശമ്പളത്തിനു വേണ്ടി മാത്രമാണ് എന്നു വിചാരിച്ചാൽ എളുപ്പമാണ് എല്ലാം.

  സ്വന്തം മക്കൾക്ക് പൊട്ടൻ വിദ്യാഭ്യാസമാണോ എന്നന്വേഷിക്കാൻ രക്ഷകർത്താക്കൾ പോലും കൂട്ടാക്കുന്നില്ല. കേരളം സാക്ഷരതയുറ്റെ നാടായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്, സർട്ടിഫികേഡ് മാസ് അതല്ലാതെ ഒന്നും പറയാൻ കഴിയില്ല.

  മറുപടിഇല്ലാതാക്കൂ