2012, ഏപ്രിൽ 11, ബുധനാഴ്‌ച

നിലക്കുമോ ഈ മലക്കങ്ങള്‍ ?കളരിപ്പയറ്റിലെ സവിശേഷമായ ഒരു വടക്കന്‍ സമ്പ്രദായമാണ് 'വട്ടേന്‍തിരിപ്പ് '. മലക്കങ്ങളാണ് ഈ രീതിയുടെ ജീവന്‍ . അറപ്പക്കൈ, പിള്ളതാങ്ങി, ദ്രോണമ്പള്ളി തുടങ്ങിയ മറ്റ് കളരി സമ്പ്രദായങ്ങളിലൊന്നും മലക്കങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം ഇല്ല. വട്ടേന്‍തിരിപ്പിനെ അതുകൊണ്ട് തന്നെയാണ് മലക്കക്കളരി എന്നും വിളിച്ചുവരുന്നത്. അഞ്ചോ, ആറോ ചുവടുകള്‍ മാത്രം ഓടി വന്ന് ആകാശത്തിലേക്കുയര്‍ന്ന് അവിടെ നിന്ന് പലതരത്തിലുള്ള തിരിച്ചലുകളും മറിച്ചലുകളും നടത്തി നിലത്തുവന്നു നില്‍ക്കുന്ന മലക്കങ്ങള്‍ കളരിപ്പയറ്റിലെ വിസ്മയങ്ങളാണ്. ജിംനാസ്റ്റിക്കുകളില്‍ മാത്രമാണ് കളരിപ്പയറ്റിന് പുറത്ത് ഇന്ന് ഇത്തരം പ്രകടനങ്ങള്‍ കാണാവുന്നത്.
മലക്കങ്ങളെ പരിഗണിച്ചുകൊണ്ടാണ് വട്ടേന്‍തരിപ്പ് സമ്പ്രദായത്തില്‍ കളരിനിര്‍മ്മാണം മുതല്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. കുഴിക്കളരി, തറക്കളരി എന്നിങ്ങനെ രണ്ടുതരത്തിലാണ് കളരി നിര്‍മ്മിച്ചു വരുന്നത്. ഇതില്‍ കുഴിക്കളരി, ഭൂമിയില്‍ നിന്നും കുഴിച്ചു പണിയുന്നതുകൊണ്ടു തന്നെ അതില്‍ വീണ്ടും കുഴിയെടുത്ത് 'ഒത്തക്കുണ്ട് ' പണിയുന്നതിന് നിര്‍വ്വാഹമില്ലാത്തതുകൊണ്ടും, മലക്കസമയത്ത് ചുറ്റുമുള്ള മണ്‍ഭിത്തിയില്‍ തട്ടാന്‍ സാധ്യതയുള്ളതുകൊണ്ടും മലക്കളരിക്ക് യോജിച്ചതല്ല. തറക്കളരിയാണ് അതുകൊണ്ടുതന്നെ വട്ടേന്‍ തിരിപ്പില്‍ നിര്‍മ്മിച്ചു വരുന്നത്.
ദൈവത്തറ വന്ദനത്തില്‍ നിന്നാണ് കളരിവിദ്യ അഭ്യസിച്ചു തുടങ്ങുന്നത്. ദൈവത്തറ വന്ദനത്തിലെ 'മിന്നിടേറ്റലില്‍ ' മലക്കത്തിന്റെ ആദ്യപാഠങ്ങളും ഉള്‍പ്പെടുന്നു. 'മിന്നിടേറ്റല്‍ ' പാദത്തിന്റെ മിന്നടിയും വിരലും മാത്രം നിലത്തുന്നിയുള്ള നില്‍പ്പാണ്. അഭ്യാസി 'മിന്നടിയല്‍' ഊന്നിനിന്ന് ശക്തി സംഭരിച്ചാണ് ആകാശത്തേക്ക് ഉയരുന്നത്. ഇവിടെ മിന്നടിയും വിരലും ചേര്‍ന്ന് ഒരു സ്പ്രിംഗ് ആക്ഷന്‍ ലഭിക്കുന്നു. ഓരോ വിരലിലും അനേകും എല്ലുകളുടെ ചേര്‍ച്ചയുണ്ട്. ഇതോടുചേര്‍ന്നുള്ള പേശികളാണ് ഈ ആക്ഷന്‍ നല്‍കുന്നത്. മലക്കത്തിനായി അഭ്യാസി ഓടിവന്ന് 'ഒത്തിക്കൂട്ടു'മ്പോള്‍ ( മലക്കത്തിനായി ആകാശത്തിലേക്ക് ഉയരുന്നതിന് തൊട്ടു മുന്‍പുള്ള നില) കാലിന്റെ മിന്നടിയിലാണ് ഉണ്ടാവുക. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് 'ഒതക്കലും'. രണ്ടോ മൂന്നോ ചുവടുകള്‍ മാത്രം വേഗത്തില്‍ വെച്ച്, ഒതച്ച് അവിടെ നിന്നും അഭ്യാസി മേല്‍പ്പോട്ട് ഉയരുന്നു. ഒതക്കലില്‍ പിഴച്ചാല്‍ ചാട്ടത്തിലും മലക്കത്തിലും പിഴക്കും.
മിന്നടിയേറ്റതിലൂടെ കാലില്‍ ശക്തികൊടുത്ത് ആകാശത്തേക്ക് ഉയരുന്നതുപോലെ ചില മലക്കങ്ങളില്‍ കൈയുടെ ആക്ഷനില്‍ നിന്നും ശക്തി സംഭരിച്ച് മറിയുന്ന രീതിയും ഉണ്ട്. 'കൈകുത്താത്ത ഓതിരം' മറിയുമ്പോള്‍ കൈയ്യുടെ വീശലില്‍ നിന്നും ആര്‍ജിക്കുന്ന ശക്തിയാണ് ഉപയോഗപ്പെടുന്നത്. അതുപോലെ കൈകൊണ്ടുള്ള പിടുത്തങ്ങളും ചലനങ്ങളും, ആകാശത്തില്‍ വെച്ച് പമ്പരം പോലെ കറങ്ങുന്ന മുട്ടുപിടിച്ചുള്ള മലക്കങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്നുണ്ട്. കൂടാതെ അന്തരീക്ഷത്തിലേയ്ക്കുയര്‍ന്ന ശേഷം മലക്കത്തിന്റെ ഗതിതന്നെ മാറ്റി വിടുന്ന ചില അത്ഭുത പ്രകടനങ്ങള്‍ക്കും കൈയ്യുടെ ആക്ഷനുകള്‍ സഹായിക്കും.
വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിന്റെ തനതായ ഇനമായ 'അരുവത്തെപ്പയറ്റിലും' മലക്കത്തിന് പിന്നീട് സഹായകമായ അഭ്യാസ ഇനങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാലിന്റെ ഉയര്‍ത്തി വീശലാണ് അരുവത്തെപ്പയറ്റിലെ മുഖ്യ ഇനം. അതുപോലെ തൊഴുക്കുത്തല്‍ , വളച്ചിടല്‍ തുടങ്ങിയ അരുവത്തെ പയറ്റിലെ ഇനങ്ങള്‍ തന്നെയാണ് പിന്നീട് മുന്‍പിലോട്ടും പിന്നിലോട്ടുമുള്ള പ്രധാന മലക്കങ്ങള്‍ക്ക് അടിത്തറയാവുന്നത്. തൊഴുകുത്തല്‍ എന്നത് നിന്നനിലയില്‍ നിന്ന് കൈ നേരെ മുകളിലേക്കുയര്‍ത്തി പിറകിലോട്ട് വളഞ്ഞ് നിലത്ത് കൈകുത്തി നിന്നശേഷം കാലുകള്‍ പിറകിലോട്ട് മറിച്ചിടുന്ന വിദ്യയാണ്. വളച്ചിടല്‍ കൈകള്‍ നേരെ മുന്നില്‍ കുത്തിയശേഷം കാലെടുത്ത് മുന്നോട്ടേക്ക് മറിച്ചിടുന്നതും.

മെയ്ത്താരിയിലെ എല്ലാ അഭ്യാസങ്ങളും മലക്കത്തിന് ആവശ്യമായ വടിവും വഴക്കവും ശരീരത്തിന് ലഭിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണ്. അതുപോലെ മിക്ക മലക്കങ്ങളും വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിലെ അങ്കത്താരിയിലും ഉള്‍പ്പെടുന്നു. ഉറുമി, വാള്‍ ഇവയുമായി അഭ്യാസി ജനക്കൂട്ടത്തിനിടയില്‍ നിന്നും പറന്നുയര്‍ന്ന് അങ്കത്തട്ടിലേക്ക് പറന്നിറങ്ങുന്നത് വലവീശല്‍ എന്ന മലക്കമുപയോഗിച്ചാണ്.
ഒത്തക്കുണ്ട് വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിലുള്ള കളരികള്‍ക്ക് നിര്‍ബന്ധമാണ്. കളരിയുടെ കിഴക്ക് തെക്കെ മൂലയിലാണ് ഒത്തക്കുണ്ട് തീര്‍ക്കുന്നത്. അര അടിയോളം ആഴത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഈ കുഴി വണ്ടും (പതിര് ) ഉമിയും ഉപയോഗിച്ചാണ് നിറക്കുക. പഴയകാലത്ത് ഇവ യഥേഷ്ടം ലഭിച്ചിരുന്നുവല്ലോ. ഒത്തക്കുണ്ടിന്റെ തെട്ടുമുന്നില്‍ 'ഒത്തിക്കുട്ടി' അന്തരീക്ഷത്തിലേക്കുയര്‍ന്ന്, മറിഞ്ഞ് ഒത്തക്കുണ്ടിലേക്കാണ് വീഴുക. വണ്ട് നിറച്ചകുഴിയില്‍ വീഴുമ്പോള്‍ അഭ്യാസിക്ക് യാതൊരുവിധ പരിക്കും ഉണ്ടാവുന്നില്ല.
സാധാരണയായി കളരികളില്‍ വൈകുന്നേരങ്ങളിലാണ് മലക്കം പഠിച്ചു വരുന്നത്. രാവിലെ ശരീരം കൊണ്ടുള്ള അഭ്യാസങ്ങളാണ് പഠിക്കുക. വൈകുന്നേരത്തെ കളരിപ്പയറ്റ് കോല്‍ക്കളിയോടെയാണ് തുടങ്ങുന്നത്. ശരീരത്തിനും മനസ്സിനും സുഖം തരുന്ന കോല്‍ക്കളി അവസാനിക്കുമ്പോഴേക്കും ശരീരം ചൂടായിട്ടുണ്ടാകും പിന്നീടാണ് മലക്കത്തിന് പിടിക്കുക.
കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ എത്തിക്കുന്ന പല മലക്കങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. അത്തരത്തിലുള്ള മലക്കങ്ങള്‍ അടുത്ത തലമുറയെ പഠിപ്പിക്കാന്‍ അറിവും ആരോഗ്യവുമുള്ള ഗുരുനാഥന്മാരുടെ അഭാവമാണ് ഇതിനുള്ള പ്രധാന കാരണം. ഞങ്ങളുടെ സ്വന്തം ഗുരുനാഥനും ജീവന്‍ മശായിയുമായ പി പി നാരായണന്‍ ഗുരുക്കള്‍ക്ക്‌ ഇപ്പോള്‍ പഴതുപോലെ കുട്ടികളെ കൈവെള്ളയിലിട്ടു ആകാശത്തേക്ക് ഉയര്‍ത്തിത്തട്ടാന്‍ കഴിയുന്നില്ല. ശിഷ്യന്‍മാരായ മുരാരിയും വിനുവും ശ്രീകുമാറും ഉത്തമനും ബാബുരാജും പക്ഷെ ഈ  വിദ്യകള്‍ ഇനിയും വറ്റിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. അത്യന്തം ശ്രദ്ധാപൂര്‍വ്വമായും ഏകാഗ്രതയോടെയും വേണം മലക്കത്തിന് പിടിക്കാന്‍ . പിടിക്കുന്ന ആളുടെ ശ്രദ്ധ അല്‍പമൊന്നു പാളിയാല്‍ പറ്റുന്ന വീഴ്ചകളില്‍ ചിലപ്പോള്‍ ജീവാപായം പോലും സംഭവിക്കാം. അതോടൊപ്പം പഠിതാവിനൊപ്പം ഓടിവരാനും അയാളെ പിടിച്ചുനിര്‍ത്തി അന്തരീക്ഷത്തില്‍ പല മറിച്ചലുകള്‍ മറിയിക്കാനും ഉള്ള ശരീരാരോഗ്യവും മലക്കത്തിനു പിടിക്കുന്ന ഗുരുനാഥനുണ്ടാവണം. കുട്ടികള്‍ അരയില്‍ കെട്ടുന്ന കച്ച പിടിച്ചാണ് മലക്കം മറിയിക്കുന്നത്. പിറകില്‍ വാലോടു കൂടിയുള്ള കച്ചകെട്ടിലും വട്ടേന്‍ തിരിപ്പ് സമ്പ്രദായം മറ്റു കളരി രീതികളില്‍ നിന്നും വ്യത്യസ്തമാണ്. പക്ഷെ ഈ അസാധാരണമായ വിദ്യകള്‍ പഠിച്ചെടുക്കാന്‍ കളരിയില്‍ അവശേഷിച്ചിരിക്കുന്ന കുട്ടികള്‍ എത്ര കുറവാണ്!   രാവിലെയും വൈകുന്നേരവുമായി മൂന്നും നാലും മണിക്കൂര്‍ കളരിയില്‍ ചിലവഴിക്കാന്‍ ഇന്നത്തെ തിരക്കില്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നുമില്ല.

മലക്കത്തില്‍ പറ്റുന്ന പലതരത്തിലുള്ള അസ്ഥിഭംഗങ്ങള്‍ക്കും ചതവുകള്‍ക്കും പരിക്കുകള്‍ക്കും ചികിത്സിക്കുന്നതിനുള്ള ഒന്നാന്തരം അസ്ഥിഭംഗചികിത്സാ രീതിയും വട്ടേന്‍തിരിപ്പ് വികസിപ്പിച്ചെടുത്തിരുന്നു. ഏറെ മലക്കങ്ങള്‍ അപ്രത്യക്ഷമായെങ്കിലും വീഴ്ചകള്‍ക്കും പരിക്കുകള്‍ക്കും ഉള്ള ചികില്‍സ ഇന്ന് കൂടുതല്‍ ആവശ്യമായി വന്നിരിക്കുന്നു. എല്ലാ വീഴ്ചകളും ഗുരുക്കളുടെ നെഞ്ചത്ത് നിന്നും കളരിക്ക് പുറത്തേക്ക് വന്നല്ലോ?

ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം കിട്ടിയിട്ട് വേണ്ടേ ഗുരുക്കളെ മലക്കം പഠിക്കാന്‍ . ഇതിന്മേലാണെങ്കില്‍ ഏതു മലക്കവും ഒരു കൈ നോക്കാം...

13 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. ആയകാലത്ത് തന്നെ മാഷ്‌ ഒരു മലക്കം മറിയുന്ന കാര്യം ചിന്തിച്ചൂടാ...........

   ഇല്ലാതാക്കൂ
 2. padikkanamennunde...pakshe.............samayamilla!!!!!!!!!!!!

  മറുപടിഇല്ലാതാക്കൂ
 3. നാട്ടിൽ ജിമ്മുകൾ കൂണുപോലെ മുളച്ച് പൊന്തുകയും സിക്സ്പാക്ക് മസിലു വീരൻമാരെ തേടി പെൺമണികൾ പരക്കം പായുകയും ചെയ്യുമ്പോൾ ഈ വക മലക്കങ്ങൾക്ക് എവിടെയാ നമൂക്കു നേരം? അതു പ്രകൃതിയുടെ സ്വാഭാവിക ആരോഗ്യരീതികൾ തേടി ഇവിടെയെത്തുന്ന വിദേശികൾക്കു കൊള്ളാം നമുക്ക് നമ്മുടേതായ ഒന്നു വേണ്ടല്ലോ ഇപ്പോൾ

  മറുപടിഇല്ലാതാക്കൂ
 4. സ്റ്റേജ് ഷോ ആകാൻ വല്ല സാധ്യതയുമുണ്ടെങ്കിൽ നോക്കാം...

  മറുപടിഇല്ലാതാക്കൂ
 5. Valare nalla oru lekhanam. Vaayikkaan rasamundu. Pakshe cheithu nokkaanulla dhairyam pora.

  Visit my blog: http://www.najeemudeenkp.blogspot.in/

  മറുപടിഇല്ലാതാക്കൂ
 6. മലക്കത്തെക്കുറിച്ചാണെങ്കിലും മലക്കം മറിയാത്ത ലേഖനം.....പണ്ട് കളരിയഭ്യാസിയ്ക്ക് അടികിട്ടിയതിനെപ്പറ്റിചോദിച്ചപ്പോൾ..."ഒന്നു നിലത്തു നിർത്തിയിട്ടു വേണ്ടേ....???"എന്ന മറുപടി ഓർമ്മവരുന്നു...പ്രേമേട്ടാ, നന്നായി........

  മറുപടിഇല്ലാതാക്കൂ
 7. കളരിയെ പറ്റി പതിനെട്ടടവും കഴിഞ്ഞുള്ള അടവ് മാത്രമേ എനിക്ക് നിശ്ചയമുള്ളൂ .[ഓടി തടി എടുക്കുക ]അത് കൊണ്ട് ഞാന്‍ കുടുതല്‍ ഒന്ന് പറയുന്നില്ല .

  മറുപടിഇല്ലാതാക്കൂ
 8. വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിന്റെ തനതായ ഇനമായ 'അരുവത്തെപ്പയറ്റിലും' മലക്കത്തിന് പിന്നീട് സഹായകമായ അഭ്യാസ ഇനങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാലിന്റെ ഉയര്‍ത്തി വീശലാണ് അരുവത്തെപ്പയറ്റിലെ മുഖ്യ ഇനം. അതുപോലെ തൊഴുക്കുത്തല്‍ , വളച്ചിടല്‍ തുടങ്ങിയ അരുവത്തെ പയറ്റിലെ ഇനങ്ങള്‍ തന്നെയാണ് പിന്നീട് മുന്‍പിലോട്ടും പിന്നിലോട്ടുമുള്ള പ്രധാന മലക്കങ്ങള്‍ക്ക് അടിത്തറയാവുന്നത്. തൊഴുകുത്തല്‍ എന്നത് നിന്നനിലയില്‍ നിന്ന് കൈ നേരെ മുകളിലേക്കുയര്‍ത്തി പിറകിലോട്ട് വളഞ്ഞ് നിലത്ത് കൈകുത്തി നിന്നശേഷം കാലുകള്‍ പിറകിലോട്ട് മറിച്ചിടുന്ന വിദ്യയാണ്. വളച്ചിടല്‍ കൈകള്‍ നേരെ മുന്നില്‍ കുത്തിയശേഷം കാലെടുത്ത് മുന്നോട്ടേക്ക് മറിച്ചിടുന്നതും.
  മെയ്ത്താരിയിലെ എല്ലാ അഭ്യാസങ്ങളും മലക്കത്തിന് ആവശ്യമായ വടിവും വഴക്കവും ശരീരത്തിന് ലഭിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണ്.......

  കുറെ അറിവുകള്‍ നല്കി ...
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. കൗതുകകരമായ വിവരങ്ങൾ തരുന്ന പോസ്റ്റ്. വലിഞ്ഞമർന്ന് തൊഴുന്നു.

  മറുപടിഇല്ലാതാക്കൂ