യുവജനോല്‍സവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 മാർച്ച് 11, ചൊവ്വാഴ്ച

ഗ്രേസ് : മാര്‍ക്കിനോ മികവിനോ?

ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള ഉചിതവും കൃത്യവും ശാശ്വതവും ആയ പരിഹാരമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍നിന്നും ചില ഗുണങ്ങള്‍ അവയ്ക്ക് ഉണ്ടെന്ന് അക്കാദമികമായി ആലോചിക്കുമ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും. കുട്ടിയുടെ പക്ഷത്തു നിന്നോ അധ്യാപക പക്ഷത്തു നിന്നോ അല്ല പൊതുവില്‍ പാഠ്യപദ്ധതി സമീപനത്തോട് ചേര്‍ത്തു നിര്‍ത്തിയാണ് ഈ വിഷയം പരിശോധിക്കേണ്ടത്. 

1. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് ശേഷം കായികമേളകള്‍ക്കല്ലാതെ മറ്റൊന്നിനും പഠ്യേതരം എന്ന പേരില്‍ നിലനില്‍ക്കാന്‍ കഴിയില്ല. അതുതന്നെ വേണ്ടി വരുന്നത് നിരന്തരമൂല്യനിര്‍ണയത്തില്‍ നിന്ന് സമഗ്രം എന്ന ആശയം നാം എടുത്തു കളഞ്ഞതുകൊണ്ടാണ്. ശേഷിക്കുന്ന എല്ലാ കഴിവുകളും സ്കൂള്‍ തലത്തില്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്തുകയും അത് കുട്ടിക്ക് ക്രെഡിറ്റ് ചെയ്തു കൊടുക്കുകയുമാണ് വേണ്ടത്. creative and academic writing, perfomance based, interaction based, investigative എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചുള്ള നിരന്തര വിലയിരുത്തലില്‍ ഉള്‍പ്പെടുത്തുകയോ അതില്‍ കൂടുതല്‍ മേഖലകള്‍ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തു കുട്ടികളുടെ കഴിവുകള്‍ സ്കൂള്‍ തലത്തില്‍ വിലയിരുത്തുകയാണ് വേണ്ടത്. സംസ്ഥാന മേളകള്‍ പോലുള്ള കെട്ടുകാഴ്ച്ചകള്‍ക്കു അക്കാദമികമായി യാതൊരു പ്രയോജനവും ഇല്ല എന്ന് മാത്രമല്ല, അവ ജൈവമല്ലാത്ത പഠനകാലത്തിന്റെ ഉള്ള് പൊള്ളയായ പൊയ്ക്കുതിരകളുമാണ്. അശ്ലീല സമാനമായി അവിടെനടക്കുന്ന വൃത്തികേടുകള്‍ അക്കാദമികമായ അന്തരീക്ഷത്തിലേക്ക് കുടഞ്ഞിടാതിരിക്കുന്നതാണ് നല്ലത്.

2.സംസ്ഥാനതല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് മാത്രം ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് എന്ത് വൃത്തികേടാണ്. ഇത് വളരെ ചെറിയൊരു ശതമാനത്തിന്റെ മാത്രം പ്രശ്നമാണെന്ന് ചുരുക്കിക്കാണാന്‍ കഴിയില്ല. എട്ടോ പത്തോ ശതമാനത്തിനാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നതെങ്കിലും അതില്‍ രക്തസാക്ഷികളാകുന്നത് വലിയൊരു വിഭാഗമാണ്‌. ജില്ലയില്‍ ചെറിയ ഒരു മാര്‍ക്കിന് ഒന്നാംസ്ഥാനം (അവരാണല്ലോ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്) നഷ്ടപ്പെടുന്നവര്‍, ഏകദേശം സമാനമായി മികവുകാട്ടിയവര്‍ ഇവരുടെ കലാപരമായ മികവ്, പ്രയത്നം ഇതൊക്കെ എങ്ങിനെ അംഗീകരിക്കപ്പെടും. അതുപോലെ തന്നെ ഉപജില്ലകളിലും. അപ്പീലുകള്‍ വഴി എത്തി,  ഉപജില്ല / ജില്ല മത്സരങ്ങളില്‍ തെരെഞ്ഞെടുക്കപ്പെട്ടവരെക്കാളും മികവുകാട്ടുന്നവര്‍  ജില്ലാ /സംസ്ഥാന മേളകളില്‍ ഉണ്ടാവാറുണ്ടല്ലോ? ഉപജില്ല / ജില്ല മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് ഗ്രേസ് മാര്‍ക്കിന് അര്‍ഹതയില്ലേ?
3. നൂറ് ശതമാനം എന്ന വാശിയാണ് വിവാദങ്ങള്‍ക്ക് പ്രധാനകാരണം. ഒരു വിഷയത്തിന് നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുക എന്നത് അപൂര്‍വ്വവും ശരിയായ പ്രതിഭയുള്ളവര്‍ക്കു മാത്രം സാധിക്കുന്നതും ആണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു വിഷയത്തില്‍ നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുന്ന ഒരാള്‍ക്ക്‌ മറ്റൊരു വിഷയത്തില്‍ അങ്ങിനെ ആവണമെന്നില്ല. അത് 97, 98, 99 ഇങ്ങനെ എന്തുമാകാം. എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നൂറു എന്നത് അപ്രായോഗികമാണ്. ഒരു വിഷയത്തോട് അങ്ങേയറ്റം പ്രതിപത്തിയും താത്പര്യവും ഉണ്ടാകുമ്പോഴാണ് അതില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നത്. എല്ലാവിഷയങ്ങള്‍ക്കും അഞ്ചുമാര്‍ക്കുകള്‍ വീതം നല്‍കപ്പെടുമ്പോള്‍ എല്ലാത്തിലും നൂറില്‍ നൂറ് എന്ന, ചിലരുടെ കാര്യത്തിലെങ്കിലും അനുചിതവും അനര്‍ഹാവും ആവുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.  

4. ഗ്രേസ് മാര്‍ക്ക് ഏറ്റവും കൂടുതലായി നല്‍കപ്പെടുന്നത് കലോല്‍സവങ്ങളിലും ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലും ഗ്രേഡ് നേടുന്നവര്‍ക്ക് ആണ്. മാത്രമല്ല എന്‍ എസ് എസ്, എസ് പി സി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഉണ്ട്. ഇവയിലെ പങ്കാളിത്തം ഇന്ന് ഗ്രേസ് മാര്‍ക്ക് എന്ന ഒറ്റലക്ഷ്യം മാത്രം ഉന്നം വെച്ചുള്ള ഒന്നായി മാറി എന്നത് കാണാതെ പോകരുത്. നമ്മുടെ കലോത്സവങ്ങളുടെയും മേളകളുടെയും പരിസരത്ത് ഇല്ലാത്തത് കലയുടെയും സര്‍ഗ്ഗാത്മകതയുടെയും യഥാര്‍ത്ഥത്തിലുള്ള കഴിവുകളുടെയും തെളിച്ചങ്ങളാണ്. അവ ഇല്ല എന്നല്ല, അവയൊന്നും പരിഗണിക്കപ്പെടുന്നത് നീതിപൂര്‍വകമായോ സത്യസന്ധമായോ അല്ല എന്നതാണ്. അതുകൊണ്ട് തന്നെ കല സര്‍ഗ്ഗാത്മകത എന്നിവയുമായി ബന്ധപ്പെട്ട മാനസിക വ്യാപാരങ്ങള്‍ക്കല്ല ഒരുതരം വൃത്തികെട്ട മത്സരങ്ങള്‍ക്കും കച്ചവടത്തിനും ലേലം വിളികള്‍ക്കും ഉള്ള ഇടമായി അവ തരാം താണിരിക്കുന്നു. പരിശീലകരുടെ താണ്ഡവനടനങ്ങളും രക്ഷിതാക്കളുടെ കരിവേഷങ്ങളും അവിടം പിടിച്ചടക്കിയിട്ട് കാലം ഏറെയായി. എല്ലാത്തിനും ഏജന്റുമാരും ഉണ്ട്. അടുത്തവര്‍ഷം നിങ്ങളുടെ മകള്‍ക്ക് മകന് നൂറ് ശതമാനം മാര്‍ക്ക് വേണോ? ഞങ്ങള്‍ പറയുന്ന പരിശീലകന്റെ അടുത്തു വരൂ.. വിധികര്‍ത്താക്കളെ അടക്കം സ്വാധീനിക്കാന്‍ കഴിയുന്ന ആളാണ്‌ അദ്ദേഹം... മുപ്പതു മാര്‍ക്ക് എന്നാല്‍ ചെറുതല്ല... പ്രവേശന പരീക്ഷകളില്‍ പോലും പരിഗണിക്കപ്പെടുന്ന മാര്‍ക്കാണ്.. എഞ്ചിനീയറിംഗിന് ഒരു നല്ല കോളേജില്‍ കിട്ടണമെങ്കില്‍ മാനജ്മെന്റില്‍ ലക്ഷങ്ങള്‍ വേണ്ടേ... ഇവിടെ അത്രയൊന്നും വേണ്ട... ഇങ്ങനെ പോകുന്നു അവരുടെ വിശദീകരണങ്ങള്‍... ഇത് തീര്‍ച്ചയായും അവസാനിപ്പിക്കണം. അതിനുള്ള ഒന്നാമത്തെ നടപടിയായി ഇതിനെ കാണാം. പരിശീലകര്‍ ഇന്ന് കലകള്‍ക്ക് മാത്രമല്ല. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലെ ഓരോ ഇനങ്ങള്‍ക്കും സ്പെഷലൈസ് ചെയ്ത പരിശീലകര്‍ ഉണ്ട്. അവരുടെ അടുത്തു നീണ്ട ക്യൂ ആണ്. അല്ലെങ്കില്‍ തന്നെ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന (കായിക മേഖലയില്‍ ഒഴികെ ) കുട്ടികള്‍ ഭൂരിഭാഗവും ഏതു വിഭാഗത്തില്‍ നിന്നാണ് വരുന്നത് എന്ന് ആലോചിച്ചാല്‍, ഈ വാദത്തിലുള്ള അപ്പര്‍ മിഡില്‍ ക്ലാസ് താത്പര്യം വ്യക്തമാകും.

5. പൂരക്കളി വടക്കേ മലബാറിലെ ഒരു അനുഷ്ഠാന കലയാണ്‌. ഇത്തവണ പതിനാലു ജില്ലകള്‍ക്കും പൂരക്കളി ഉണ്ടായിരുന്നു എന്ന് മാത്രമല്ല അത്രയും തന്നെ അപ്പീലുകള്‍ വഴിയും എത്തി. പൂരം എന്നാല്‍ എന്ത് എന്ന് ഒരുചുക്കും ചുണ്ണാമ്പും അറിയാതെ, ഏതെങ്കിലും പരിശീലകരെ കൊണ്ട് വന്ന് കുറച്ചു സ്റ്റെപ്പുകള്‍ പഠിച്ചെടുത്താല്‍ ഇരുപതോളം പേര്‍ക്ക് മുപ്പതു മാര്‍ക്ക് വീതം ലഭിക്കും. എന്റെ നാട്ടിലെ ഒരു പരിശീലകന്‍ നാല് ജില്ലയില്‍ ഇത് പഠിപ്പിക്കും. മൂന്നോ നാലോ ലക്ഷം ഒരു മാസം കൊണ്ട് സമ്പാദിക്കും. കന്നഡ പദ്യം ചൊല്ലല്‍, യക്ഷഗാനം ഇവയ്ക്കൊന്നിനും കാസര്‍ഗോഡ്‌കാര്‍ക്കല്ല സമ്മാനം കിട്ടുക. മാര്‍ക്ക് എന്ന ഒറ്റ ലക്‌ഷ്യം മാത്രമാണ് ഇത്തരം കലാ താത്പര്യങ്ങള്‍ക്ക് പിറകില്‍ ഉള്ളത്. ഈ കോപ്രായങ്ങള്‍ തടരാണോ?

6. നേരത്തെ എസ് എസ് എല്‍ സി ക്ക് മാര്‍ക്ക് സമ്പ്രദായം ഉണ്ടായിരുന്നപ്പോള്‍ 550 മാര്‍ക്കിനു മേല്‍ വരുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ലല്ലോ. ഇത് ഒരു സമീപനത്തിന്റെ ഭാഗമായിരുന്നു. ഒരു വിഷയത്തില്‍ മുഴുവന്‍ മാര്‍ക്കും ലഭിക്കുക എന്നത് മറ്റേത് മേഖലയിലും എന്നത് പോലെതന്നെ ആ വിഷയത്തിലുള്ള പ്രതിഭയുടെ വലിയ തെളിച്ചമാണ്.

7. കലാ കായിക പരമായ മികവുകളെ പരിഗണിക്കുന്നത് മറ്റ് രീതിയിലാവണം. ഹയര്‍ കോഴ്സുകള്‍ക്ക് പോകുമ്പോള്‍ ഇത്തരം കഴിവുകളെ പരിഗണിക്കുന്നതാകും ഉചിതം. എങ്കിലും പൊതുവേ പഠനത്തില്‍ പരിശീലനങ്ങള്‍ക്കും മറ്റും പോയി എന്തെങ്കിലും കോട്ടം പറ്റുന്ന കലാ കായിക പ്രതിഭകള്‍ക്ക് എ പ്ലസ് മാര്‍ക്ക് ലഭിക്കാന്‍ (തൊണ്ണൂറു ശതമാനം) ഇത് സഹായകമാകും. (തൊണ്ണൂറു ശതമാനം വരെ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതും ശാസ്ത്രീയമല്ല.)

8. പൂരക്കളിയില്‍ എ ഗ്രേഡ് കിട്ടിയ കുട്ടിക്ക് കെമിസ്ട്രിയിലും ഫിസിക്സിലും അഞ്ച് മാര്‍ക്ക് വീതം നല്‍കി നൂറു ശതമാനം ആക്കുമ്പോള്‍ തീര്‍ച്ചയായും ആ വിഷയങ്ങളോട് നാം ഏതെങ്കിലും തരത്തില്‍ നീതി പുലര്‍ത്തുന്നുണ്ട് എന്ന് പറയാന്‍ കഴിയുമോ? പഠന വിഷയങ്ങളുടെ ആന്തരികമായ ഗൌരവം ആണ് ഇങ്ങനെ ചോര്‍ന്നു പോകുന്നത് എന്നതും തിരിച്ചറിയണം. കലകള്‍ക്കും മറ്റു ശേഷികള്‍ക്കും മാത്രമല്ല, വെള്ളം ചേര്‍ക്കാന്‍ കഴിയാത്ത അന്തസ്സ് എല്ലാ വിഷയങ്ങള്‍ക്കും ഉണ്ട്. ഈ മാര്‍ക്ക് ദാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദൂഷ്യം ഇതാണ്. (മറ്റെല്ലാ തരത്തിലും ഇപ്പോള്‍ അത് നില നില്‍ക്കുന്നുണ്ട് എന്ന അഭിപ്രായമൊന്നും എനിക്കില്ല എന്നത് പ്രത്യേകം പ്രസ്താവിക്കുന്നു)

9. നൂറു ശതമാനം ഉറപ്പിക്കാനാണ് ഇന്ന് ഇത്തരം മേളകള്‍ക്കും സേവന മേഖലകള്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ പ്രിയം കൂടാന്‍ കാരണം. ഗ്രേഡിംഗ് എന്ന സമീപനം തന്നെ ഒന്നോ രണ്ടോ മാര്‍ക്കുകള്‍ക്ക് വേണ്ടിയുള്ള ഈ കഴുത്തറുപ്പന്‍ മത്സരത്തെ കുറയ്ക്കുക എന്നതാണല്ലോ? എ പ്ലസ് എന്ന ഉയര്‍ന്ന ഗ്രേഡിലേക്ക് വരാന്‍ ഗ്രേസ് മാര്‍ക്ക് പരിഗണിക്കുന്നും ഉണ്ട്. മാര്‍ക്കിനു വേണ്ടിയുള്ള ഈ അവസാനത്തെ പരക്കം പാച്ചില്‍ നമ്മെ ആശയപരമായി ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. 

10. സി ബി എസ് ഇ ലോബിയുടെ താത്പര്യമായി ഇതിനെ കുറച്ചു കാണരുത്. അവര്‍ ആവശ്യപ്പെടുന്നത് ആര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കരുതെന്നാണ്. തുടര്‍ പഠനവുമായി ബന്ധപ്പെട്ട് ഒരു തലം വരെ മത്സരിക്കാന്‍ ഇപ്പോഴത്തെ ഗ്രേസ് മാര്‍ക്ക് സമീപനം കലാ കായിക പ്രതിഭകളെ സഹായിക്കും. എ പ്ലസ് വരെ ഈ ഗ്രേസ് വെച്ച് ലഭിക്കുമല്ലോ. പൊതു വിദ്യാലയങ്ങളില്‍ പഠിച്ച കുട്ടികളുടെ ഉന്നത പഠനത്തിനുള്ള അവസരം സി ബി എസ് ഇ കുട്ടികള്‍ തട്ടിയെടുക്കുന്നത് തടയുന്നതിനുള്ള ഉപായമാകാന്‍ ഒരിക്കലും ഗ്രേസ് മാര്‍ക്ക് ദാനത്തിന് കഴിയില്ല. അതിനു വഴി വേറെ നോക്കണം. ഇത്തരത്തില്‍ ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്ന പരിപാടികൊണ്ടൊന്നും കുറേക്കാലം നമുക്ക് അതിനെ ചെറുക്കാന്‍ കഴിയില്ല. 

11. സംഘടനകള്‍ ഈ തീരുമാനത്തെ എതിര്‍ക്കും. ഒന്നാമതായി, ഇത്തരം കേട്ടുകാഴ്ചകളിലൂടെയാണെങ്കിലും പൊതുവിദ്യാഭ്യാസത്തിന് ഒരു ഊര്‍ജ്ജം ലഭിക്കുന്നത് അവരെ ആശ്വാസം കൊള്ളിക്കും. അത് അത്രമാത്രം മാനിക്കണം. (അത്രമാത്രം.) രണ്ട്, മേളകളുടെ നടത്തിപ്പ്‌ അവരുടെ ഏറ്റവും വലിയ തിണ്ണമിടുക്ക് ആണല്ലോ?

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ചരടറ്റത്തെ കോമാളിപ്പാവകള്‍

മാതൃഭുമിയില്‍ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.

ഒരു ഓപ്പറയുടെ റിഹേഴ്‌സല്‍ കാണാനിടയായ അനുഭവം ഓര്‍മ്മിച്ചുകൊണ്ടാണ്‌ ലിയോ ടോള്‍സ്റ്റോയ്‌ തന്റെ വിഖ്യാതഗ്രന്ഥം `എന്താണ്‌ കല' ആരംഭിക്കുന്നത്‌. ഒരു ഇന്ത്യന്‍ രാജാവിന്റെ വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള ഓപ്പറയുടെ ഗാനരംഗം ചിട്ടപ്പെടുത്തുകയാണവിടെ. പരിശീലനം ശരിയാകാതെ വരുന്നതില്‍ സംഘര്‍ഷഭരിതനായ സംവിധായകന്‍ നടീനടന്മാര്‍, സംഗീതസംവിധായകര്‍, നര്‍ത്തകികള്‍, സംഗീതവിദഗ്‌ധര്‍, എന്നിവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ചെയ്‌ത്‌, മടുപ്പിന്റെ അങ്ങേത്തലയ്‌ക്കലെത്തിയ കലാകാരന്മാര്‍ സംവിധായകന്റെ ശകാരം നിശ്ശബ്‌ദമായി സഹിച്ച്‌ തലതാഴ്‌ത്തിനില്‌കുന്നു. തന്റെ പ്രസക്തമായ ചോദ്യം ഉന്നയിക്കാന്‍ ടോള്‍സ്റ്റോയ്‌ തിരഞ്ഞെടുക്കുന്ന സന്ദര്‍ഭമാണിത്‌. ``ഈ പാടെല്ലാം പെടുന്നത്‌ ആര്‍ക്കുവേണ്ടിയാണ്‌? ഇതിന്‌ ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിയുമോ?'' കല മുന്നോട്ട്‌ വെക്കുന്ന ആനന്ദമോ സരളതയോ അല്ല ഒരു സാധാരണ ഓപ്പറയുടെ റിഹേഴ്‌സലില്‍പ്പോലും കാണാന്‍ കഴിയുന്നതെന്ന തിരിച്ചറിവില്‍ നിന്നാണ്‌ `കല എന്തെന്ന' അത്യന്തം ലളിതവും നിശിതവുമായ ചോദ്യത്തിലേക്കും തുടര്‍ന്ന്‌ തന്റെതടക്കമുള്ള വിഖ്യാതരചനകള്‍ വെറും കലാഭാസം മാത്രമാണെന്നുള്ള കണ്ടെത്തലിലേക്കും അദ്ദേഹം ചെന്നെത്തുന്നത്‌. എങ്കില്‍ കലയുടെ പേരില്‍ നമ്മുടെ സ്‌കൂള്‍കലോത്സവങ്ങള്‍ക്കു പിറകില്‍ നടക്കുന്ന സമാനതകളില്ലാത്ത സംഘര്‍ഷങ്ങളുടേയും കാപട്യങ്ങളുടേയും കഥയറിയുമ്പോള്‍ എന്തെന്ത്‌ കടുത്തതീരുമാനങ്ങള്‍ നിങ്ങളില്‍ നിന്ന്‌ ഉണ്ടാകില്ല!

കുട്ടികളുടെ കലാപരമായ കഴിവുകളുടെ മാറ്റുരയ്‌ക്കല്‍ വേദികള്‍ എന്ന നിലയ്‌ക്ക്‌ യുവജനോത്സങ്ങള്‍ക്ക്‌ എത്രമാത്രം പ്രസക്തിയുണ്ട്‌? വിദ്യാഭ്യാസ ലക്ഷ്യങ്ങളേയും രീതികളേയും കുറിച്ച്‌ ഇന്ന്‌ നാം മുന്നോട്ട്‌ വെക്കുന്ന കാഴ്‌ചപ്പാടുകള്‍ക്ക്‌ എത്രമാത്രം വിരുദ്ധമായാണ്‌ ഇതിന്റെ നടത്തിപ്പ്‌? യുവജനോത്സവ വേദികളിലും അതിന്റെ തയ്യാറെടുപ്പുകളിലും കലയുടെ ഉത്‌കൃഷ്‌ടമായ മൂല്യങ്ങള്‍ തന്നെയാണോ തിളങ്ങിനില്‍ക്കുന്നത്‌? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
യുവജനോത്സവങ്ങള്‍ പേരും ചേരുവകളും മാറ്റി കേരളാസ്‌കൂള്‍ കലോത്സവം എന്ന പേരിലാണ്‌ ഇപ്പോള്‍ അറിയപ്പെടുന്നത്‌. പ്രൈമറി മുതല്‍ ഹയര്‍സൈക്കന്ററി വരെയുള്ള കുട്ടികളെയും, അറബിക്‌, സംസ്‌കൃതം മുതലായ ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മത്സരഇനങ്ങളേയും ഉള്‍പ്പെടുത്തി നേരത്തെ ഉള്ളതിനേക്കാള്‍ വിപുമായാണ്‌ ഇപ്പോള്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നടത്തി വരുന്നത്‌.പേരല്ലാതെ സ്വഭാവത്തില്‍ കാതലായ ഒരു മാറ്റവും വരുത്താന്‍ ഇപ്പോഴും നമുക്കായിട്ടില്ല.

സ്‌കൂള്‍ തലംമുതലുള്ള കലോത്സവങ്ങളുടെ സംഘാടന രീതിയെക്കുറിച്ച്‌ സാമാന്യധാരണയുള്ള ആര്‍ക്കും അത്‌ എത്രമാത്രം വിദ്യാര്‍ത്ഥിവിരുദ്ധമാണെന്ന തിരിച്ചറിവുണ്ടാവും. കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ മത്സരഇനങ്ങളുടെ ദൈര്‍ഘ്യമേറിയ പട്ടികയില്‍ കൃത്യമായ പരിശീലനമുള്ളവര്‍ക്കല്ലാതെ, ഒരു സാധാരണവിദ്യാര്‍ത്ഥിക്ക്‌ പങ്കെടുക്കാന്‍ കഴിയുന്ന എത്ര ഇനങ്ങളുണ്ട്‌? സ്‌കൂളിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ കലോത്സവ പങ്കാളികള്‍ (കൃത്യമായ ആസൂത്രണത്തോടെ പങ്കെടുക്കുന്നവര്‍) അതുകൊണ്ടുതന്നെ അഞ്ച്‌ ശതമാനത്തിലും താഴെയാണ്‌. മുഴുവന്‍ കുട്ടികളില്‍ നിന്നും ഭീമമായ തുകപിരിച്ചാണ്‌ ഈ മഹോത്സവം സ്‌കൂളില്‍ നടത്തപ്പെടുന്നതെന്നോര്‍ക്കണം. സ്‌കൂളിലെ എത്രയോ പഠനസമയം നഷ്‌ടപ്പെടുത്തിയാണ്‌ ഇതിന്റെ സംഘാടനം. സ്‌കൂള്‍തലത്തില്‍ഹൗസ്‌ അടിസ്ഥാനത്തിലുള്ള മത്സരമായതുകൊണ്ട്‌, തങ്ങളുടെ ഹൗസുകളുടെ പേര്‌ മൈക്കിലുടെ ` ഭാവാത്മകമായി' അനൗണ്‍സ്‌ ചെയ്യുമ്പോള്‍ (മൈക്ക്‌ വിഴുങ്ങികളായ ചില അധ്യാപകരുടെ ഓളിയിടലുകള്‍ക്കില്‍ പോയിന്റ്‌ നില അനൗണ്‍സ്‌ ചെയ്യാനുള്ള പ്രത്യേകാവകാശം അക്കൊല്ലത്തെ കലോത്സവകണ്‍വീനര്‍ക്ക്‌ ആണ്‌) കയ്യടിക്കല്‍ മാത്രമായി കലോത്സവം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം സാധാരണകുട്ടികള്‍ക്കും, രണ്ടുദിവസം പഠിപ്പില്ലാത്തതിന്റെ സന്തോഷം മാത്രമാണ്‌ സ്‌കൂള്‍ കലോത്സവം. വൈകുന്നതിനുമുമ്പ്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്ന ഒറ്റലക്ഷ്യമേ സംഘടിപ്പിക്കാന്‍ ഓടിനടക്കുന്ന അധ്യാപര്‍ക്കുമുള്ളൂ.

വിധി നിര്‍ണയമെന്ന നേരമ്പോക്ക്‌ :

കലോത്സവങ്ങളിലെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ട തമാശകള്‍ അധ്യാപകര്‍ക്കിടയിലെ നേരംകൊല്ലി കഥകളിലെ മുഖ്യഇനമാണ്‌. സ്‌കൂള്‍ തലത്തിലെ വിധികര്‍ത്താക്കള്‍ അതത്‌ സ്‌കൂളിലെ അധ്യാപകരാണ്‌. പഠിക്കുന്നകാലത്തൊരിക്കലും കലോത്സവേദികളുടെയോ കലാപ്രവര്‍ത്തനത്തിന്റേയോ നാലയലത്തുപോലും ചെന്നിട്ടില്ലാത്ത പാവം പിടിച്ച അധ്യാപികമാരെയാണ്‌, അത്യന്തം ശ്രദ്ധയും വൈദഗ്‌ധ്യവും ആസ്വാദനക്ഷമതയും വേണ്ടുന്ന ഇനങ്ങളുടെ പോലും വിധികര്‍ത്താക്കളായി ഇരുത്തുന്നത്‌. (മിമിക്രി, മോണോ ആക്‌ട്‌, നാടകം, മൈം തുടങ്ങിയ ഇനങ്ങള്‍ക്ക്‌ നിലയവിദ്വാന്‍മാരായ ബു.ജികള്‍ ഇരിക്കാന്‍ അര്‍ദ്ധ സമ്മതം മൂളും) മിക്കവരും അബദ്ധത്തില്‍പ്പോലും അതുവരെ സ്റ്റേജില്‍ കയറിയവരായിരിക്കില്ല. (പി.ടി.എ യോഗത്തില്‍ സ്വാഗതം പറയുമ്പോള്‍ വിയര്‍ത്ത്‌ കളിച്ച്‌ വിക്കി വിക്കി ഒപ്പിച്ച ടിച്ചറാണ്‌ പ്രസംഗമത്സരത്തിന്റെ `ജഡ്‌ജ്‌'). ചില ഇനങ്ങളെക്കുറിച്ച്‌, നീന്തല്‍ പോസ്റ്റലായി പഠിച്ചപോലുള്ള വിവരമൊക്കെ ഉള്ള ആളുകള്‍ സ്‌കൂളിലില്ലെന്നല്ല. കുടുതല്‍ കുട്ടികള്‍ മത്സരിക്കുന്ന ഇനങ്ങള്‍ക്ക്‌ ഇവരൊന്നും ഇരുന്നുതരില്ല!

സബ്‌ജില്ലാ, ജില്ലാതലങ്ങളിലെ കാര്യം കുറേക്കൂടി രസകരമാണ്‌. മാര്‍ഗ്ഗംകളി ഏത്‌ സംസ്‌കാരവുമായി ബന്ധപ്പെട്ട കലാരൂപമാണെന്ന അറിവു പോലുമില്ലാത്ത, ആദ്യമായി വേദിയില്‍ വെച്ച്‌ ഈ ഇനം കാണുന്ന ആളുകളടക്കം മുന്നിലെ `വിദ്‌ഗധനിരയില്‍' ഉണ്ടാകും. (ഇപ്പോഴത്തെ പല പ്രഗത്ഭജഡ്‌ജികളും മിക്കഇനങ്ങളും ജഡ്‌ജായി ഇരുന്ന്‌ മാത്രം കണ്ട്‌ പരിചയിച്ചവരാണ്‌). മലയാള പദ്യരചനയ്‌ക്കുവന്ന പാവത്താന്‍ അറബി, ഉറുദു, കന്നട പദ്യങ്ങള്‍ക്കും~ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കുത്ത്‌ തുടങ്ങിയ ഇനങ്ങള്‍ക്കും മാര്‍ക്കിട്ടുവന്ന്‌ ക്ഷീണം തീര്‍ക്കുമ്പോഴാണ്‌ കണ്‍വീനറുടെ അടുത്ത തല ചൊറിയല്‍,``സര്‍, രണ്ട്‌ പഞ്ചവാദ്യമേയുള്ളൂ. അതുകൂടി ഒന്ന്‌... ''അധ്യാപകരായാല്‍ ഏതിനത്തിനും മാര്‍ക്കിടാം എന്ന്‌ ഉളുപ്പില്ലാത്ത ചിലര്‍ താന്‍ വിധിനിര്‍ണയം നടത്തിയ ഇനങ്ങളുടെ ലിസ്റ്റ്‌ നെഞ്ചുവിരിച്ച്‌ പ്രഖ്യാപിക്കുന്ന കാഴ്‌ച സ്‌കൂളിലെ അരോചക ദൃശ്യങ്ങളില്‍ ഒന്നാണ്‌. ജില്ലാതല മത്സരങ്ങളിലടക്കം ഇതാണ്‌ സ്ഥിതി. എങ്ങിനേയും ഒരു വിദഗ്‌ധനെ സംഘടിപ്പിക്കുക. ശേഷിക്കുന്ന രണ്ടുപേര്‍ ആരായാലും പ്രശ്‌നമില്ല. മാര്‍ക്കിടാനും അത്യാവശ്യത്തിന്‌ റിസല്‍ട്ട്‌ പ്രഖ്യാപിക്കാനും ഒരാളുണ്ടല്ലോ! പതിനായിരങ്ങള്‍ പരിശീലകനു ദക്ഷിണവെച്ച ്‌ വേദിയില്‍ ആടിപ്പാടുന്ന കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും അറിയില്ല; ജഡ്‌ജിവേഷം കെട്ടിയ മണ്ടന്‍മാരുടെ മുന്നിലാണ്‌ തങ്ങളുടെ പ്രകടനമെന്നത്‌. സമ്പത്തും ബന്ധവും ഉപയോഗിച്ചുള്ള സ്വാധീനിക്കല്‍പ്പോലുള്ള അടികലശലിലെത്താറുള്ള ആരോപണങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.

സ്വാഭിമാനമുള്ള ഒരു വിധക്കാരൊന്നും ഇപ്പോള്‍ ഈ പണിക്ക്‌ പോകാറില്ല. എന്നാല്‍ ഇതൊരു വരുമാനമാര്‍ഗ്ഗമായി കാണുന്ന കുറച്ചുപേരും ഉണ്ട്‌. ഏതെങ്കിലും ഒരു രംഗത്തുപോലും സാമാന്യമായ പ്രാഗത്ഭ്യം തെളിയിക്കാത്ത ഇക്കൂട്ടര്‍ നിരന്തരം ജഡ്‌ജിപ്പണി ചെയ്‌ത്‌ `തയക്കവും പയക്കവും' നേടിയവരാണ്‌. അവര്‍ ആധികാരികമായി, വിധിപ്രഖ്യാപനത്തോടൊപ്പം വിളമ്പുന്ന മണ്ടത്തരങ്ങള്‍ കുട്ടികളില്‍ കനത്ത തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നവയാണ്‌. ഇവിടേക്ക്‌ ഇവരെ വിളിക്കുന്ന സബ്‌ജില്ലാ/ജില്ലാ കണ്‍വീനര്‍മാര്‍ തിരിച്ച്‌ അവരുടെ സബ്‌ ജില്ലകളില്‍/ജില്ലകളില്‍ ജഡ്‌ജായിരിക്കുമെന്നത്‌ തീര്‍ച്ച. സദ്യയ്‌ക്കു ദേഹണ്ഡിക്കുന്നവര്‍ തായ്യാറാക്കി സൂക്ഷിച്ച ചാര്‍ത്തുപോലെ, താന്‍ വിധി നിര്‍ണയം നടത്തിവരുന്ന നാല്‌പതോളം ഇനങ്ങളുടെ അച്ചടിച്ച ചാര്‍ത്തുമായി എത്തുന്ന ചില വിദ്വാന്‍മാരും ഉണ്ട്‌. ഇത്തരക്കാര്‍ കലോത്സവ സംഘാടകരുടെ കണ്ണിലുണ്ണികളാണ്‌. ഏതിനത്തിനും ഇരുത്താം. ഏത്‌ ബ്ലാങ്ക്‌ വൗച്ചറിലും ഒപ്പിടീക്കാം.

പരിശീലകരാണ്‌ താരങ്ങള്‍:

കലാപരിശീലകരാണ്‌ ശരിക്കും യുവജനോത്സവത്തിന്റെ താരങ്ങള്‍. ഈ കാലയളവില്‍ ഇവരുടെ വില വാനോളം ഉയരും. കലാതിലകങ്ങളെയും പ്രതിഭകളെയും പടച്ചുവിട്ടിരുന്ന സൂപ്പര്‍ ഗുരുക്കന്മാരെക്കുറിച്ച്‌ വന്ന ഫീച്ചറുകള്‍ എത്ര! ഇപ്പോള്‍ ഔദ്യോഗിക തിലക പ്രതിഭാപ്പട്ടങ്ങള്‍ ഇല്ലെങ്കിലും മാധ്യമങ്ങള്‍ പോയന്റെണ്ണി അവരെ കണ്ടെത്തുകതന്നെ ചെയ്യും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, കഥകളി, നാടകം തുടങ്ങിയ ഇനങ്ങള്‍ക്കുമാത്രമല്ല; നേരത്തെ അന്തസ്സ്‌ കുറവായിരുന്ന പ്രസംഗം, പദ്യം ചൊല്ലല്‍, മോണോ ആകട്‌, മിമിക്രി തുടങ്ങിയവയ്‌ക്കുപോലും ഇന്ന്‌ പ്രൊഫഷണല്‍ പരിശീലകരുണ്ട്‌. പരിശീലകരോട്‌ ചേര്‍ന്നാണ്‌ എല്ലാ ഒന്നാംസമ്മാനക്കാരും ക്യാമറയുടെ മുന്നില്‍ എത്തുന്നത്‌. കുട്ടികളുടെ സ്വാഭാവികമായ കഴിവുകളുടെ പ്രകാശനമെന്ന നിലയിലുള്ള വിരലിലെണ്ണാവുന്ന ഇനങ്ങള്‍പ്പോലും ഇപ്പോള്‍ കലോത്സവങ്ങളില്ല. കലോത്സവേദികളില്‍ ചൊല്ലാന്‍ മാത്രം എഴുതപ്പെടുന്ന കവിതകളും അവയുടെ ഘനഗംഭീരമായ ആലാപനങ്ങളും സി.ഡി.യില്‍ തയ്യാര്‍. രചനാമത്സരങ്ങളില്‍ പ്രയോഗിക്കേണ്ട തന്ത്രളെക്കുറിച്ചുള്ള വിദഗ്‌ധോപദേശത്തിനും ആളുകളുണ്ട്‌. വിധികര്‍ത്താക്കളെ വീഴ്‌ത്താനുള്ള തന്ത്രങ്ങളാണ്‌ പരിശീലകരുടെ ആയുധപ്പുരയിലെ ബ്രഹ്മാസ്‌ത്രം.
ഓരോ അവതരണങ്ങളും അതുകൊണ്ടുതന്നെ ഇന്ന്‌ മുറുക്കിക്കെട്ടിയ നിലയിലാണ്‌. സ്വാഭാവികമായ ചലനമോ വാക്കോ വികാരങ്ങളോ ഒന്നിലുമില്ല. എല്ലാം പ്രൊഷണല്‍ സ്‌പാര്‍ശമുള്ളത്‌; മുറുകിയത.്‌ താക്കോല്‍ കൊടുത്തു വിട്ട പാവകളെപ്പോലെ ഒരു ചുവട്‌ മാറാതെ അവര്‍ ആടിത്തിമിര്‍ക്കും; പാടിക്കുളിര്‍ക്കും. ഒരു സാക്ഷാത്‌കാരത്തെ കലായാക്കുന്നതിലെ അപൂര്‍വ്വത, കൈക്കാര്യം ചെയ്യുന്ന വ്യക്തിയുടെ ആത്മാവിന്റെ മുദ്രകൂടി അത്‌ വഹിക്കുമ്പോഴാണ്‌. എന്നാല്‍ തന്റേതായ ഒന്നുമില്ലാത്ത ഒരു കുട്ടിയെ സമ്പത്തിന്റെ ബലത്തില്‍ നിരന്തര പരിശീലനത്തിലൂടെ പ്രതിഭയാക്കിയെടുക്കുന്ന, പുഴുവിനെ പൂമ്പാറ്റയാക്കുന്ന വിദ്യ സ്‌കൂള്‍ കലോത്സവത്തിന്റെ കണ്ടുപിടുത്തമാണ്‌.

എന്തിനും ഏതിനും പരിശീലകരെ ലഭിക്കുന്ന അവസ്ഥയാണ്‌ ചില പ്രത്യേക വിഭാഗങ്ങളെ പരിഗണിക്കാനായി ഉള്‍പ്പെടുത്തിയ ഇനങ്ങള്‍ക്ക്‌ (തമിഴ്‌, കന്നട ഇവ മാതൃഭാഷയായുള്ളവര്‍ക്കുള്ള പദ്യപരായണം, വടക്കേ മലബാറിലെ അനുഷ്‌ഠാനകലാരൂപമായ പൂരക്കളി മുതലായവ), വിഭാഗമോ ദേശമോ ഒന്നുമില്ലാതെ മറ്റേതൊരു ഇനത്തേയുംപോലെ കൈയാങ്കളിവരെയെത്തുന്ന വാശിയേറിയ മത്സരയിനമായി സംസ്ഥാനതലത്തില്‍ സ്ഥാനം നേടിക്കൊടുത്തത്‌. അത്യുത്തര കേരളത്തിലെ പൂരോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന പൂരക്കളിക്ക്‌, ഇവിടുത്തെ പൂരമോ പാടുന്നപാട്ടിലെ സാംസ്‌കാരിക ചിഹ്നങ്ങളോ ഒന്നും പരിചയമില്ലാത്ത, കോട്ടയത്തേയും ഇടുക്കിയിലേയും കുട്ടികള്‍ ഒന്നാംസ്ഥാനം നേടുന്നതും (അവരുടെ ഭാഷയില്‍ തുള്ളിക്കളി), ഒരിക്കല്‍ മത്സരിക്കാന്‍ ആളില്ലാതിരുന്ന തമിഴ്‌, കന്നട പദ്യം ചൊല്ലലുകളെ കലോത്സവതാരങ്ങളുടെ ഇഷ്‌ടഇനമായി മാറ്റിയതും പരിശീലകരുടെ അപദാനകഥകളില്‍ ചിലതുമാത്രം. തനിമയുള്ള കലാരൂപങ്ങളെ അതിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിന്നകറ്റി അഞ്ചും പത്തും മിനിറ്റിലൊതുക്കി കച്ചവടം ചെയ്യുമ്പോള്‍, ഒരു ജനതയുടെ കൂട്ടായ്‌മയേയും അതിലുടെ അവര്‍ വളര്‍ത്തിയെടുത്ത ചുവടുകളെയും താളങ്ങളെയും വായ്‌ത്താരികളെയുമാണ്‌ വിറ്റുതിന്നുന്നതെന്ന്‌ ഇവര്‍ അറിയുന്നില്ല. ഓരോ കലാരൂപത്തിനും അതിന്റേതായ തുടക്കവും വളര്‍ച്ചയും സമാപനവും അവതരണത്തിലുണ്ടാവും കലോത്സവങ്ങള്‍ക്കാവശ്യം ഇതില്‍ നടുക്കഷണം മാത്രമാണ്‌. മുന്‍പിന്‍ ബന്ധമില്ലാത്തതും എന്നാല്‍ മാംസളവുമായ ഈ നടുക്കഷണമാണ്‌ ഒരു കലാരൂപമെന്ന നിലയില്‍, അത്‌ പ്രചാരത്തിലില്ലാത്ത മറ്റിടങ്ങളില്‍ അറിയപ്പെടുന്നത്‌. സമ്മാനം മാത്രം ലക്ഷ്യമാകുമ്പോള്‍ സ്വാഭാവികമായും അയഞ്ഞ ഭാഗങ്ങള്‍ക്ക്‌ പഥ്യം കുറയുകയും വിധികര്‍ത്താക്കളെ പിടിച്ചിരുത്താനുള്ള ചുവടുകള്‍ക്കും താളങ്ങള്‍ക്കും രസങ്ങള്‍ക്കും പ്രിയമേറുകയും ചെയ്യും. മാത്രമല്ല,സമ്മാനം വാങ്ങിച്ചുകൊടുത്താല്‍ മാത്രമേ കരാര്‍ പ്രകാരം ഉറപ്പിച്ച മുഴുവന്‍ തുകയും പരിശീലകന്‌ ലഭിക്കു.

കല സംഘാടനത്തിനുവേണ്ടി:

സ്‌കൂള്‍ തലം മുതലുള്ള കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനായി എത്രമാത്രം പണവും മനുഷ്യാധ്വാനവും ചെലവഴിക്കുന്നണ്ടെന്നാലോചിച്ചിട്ടുണ്ടോ? കുട്ടികളുടെ ആവശ്യത്തിനായി സ്‌കൂളില്‍ ചെലവിടുന്ന ഏറ്റവും വലിയ തുക കലോത്സവവുമായി ബന്ധപ്പെട്ടാണ്‌. സംസ്ഥാനയുവജനനോത്സവം കഴിഞ്ഞെത്തുമ്പോഴേക്കും പല സ്‌കൂളുകളുടേയും കലോത്സവ ഫണ്ട്‌ രണ്ടും മൂന്നും ലക്ഷം കഴിഞ്ഞിട്ടുണ്ടാവും. സ്‌കൂള്‍തലത്തില്‍ തന്നെ വിശാലമായ പന്തല്‍, ലൈറ്റ്‌& സൗണ്ട്‌, മേക്കപ്പ്‌, വാടകയ്‌ക്കെടുക്കുന്ന വസ്‌ത്രങ്ങള്‍, വാങ്ങിക്കൂട്ടുന്ന ഫാന്‍സി ഇനങ്ങള്‍..മിക്ക സ്‌കൂളുകള്‍ക്കും പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയ്‌ക്കുള്ളതുക ഇവിടെത്തന്നെ ചെലവാകും. ഓരോ രക്ഷകര്‍ത്താവും പരിശീലനത്തിനും മറ്റും ചെലവിടുന്ന പണം ഇതിനുപുറമെയാണ്‌. സബ്‌ജില്ലാ, ജില്ലാ യുവജനോത്സവങ്ങളുടെ ബഡ്‌ജറ്റ്‌ പത്ത്‌ ലക്ഷത്തിനടുത്തുവരും. സംസ്ഥാനയുവജനോത്സവത്തിന്‌ കോടിയിലധികവും. ഓരോ ഘട്ടത്തിലും, ഇത്‌ എന്തിനാണ്‌ ?ഇതിന്റെ പ്രയോജനമെന്താണ്‌ ?എന്നൊന്നും ആലോചിക്കാതെ അതതുപ്രദേശത്തെ ജനങ്ങള്‍ രാപ്പകല്‍ അധ്വാനിച്ചാണ്‌ കലോത്സവം ഗംഭീര വിജയമാക്കിത്തീര്‍ക്കുന്നത്‌. സ്‌കൂളില്‍ കലോത്സവ കാര്യങ്ങളില്‍ താത്‌പര്യമെടുക്കുന്ന അധ്യാപകര്‍ക്ക്‌ നഷ്‌ടപ്പെടുന്ന ക്ലാസുകളെത്ര! ഗ്രൂപ്പ്‌ ഇനങ്ങളുടെ പരിശീലനത്തിനായി കലോത്സവംമടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ ക്ലാസുകള്‍ നടക്കാറേയില്ല. ഒക്‌ടോബര്‍, നവമ്പര്‍ മാസങ്ങളിലെ എല്ലാ സ്‌കൂള്‍ പ്രവര്‍ത്തനവും കലോത്സവത്തെ ചുറ്റിപ്പറ്റിയാണ്‌.

സംഘടാനമികവിന്റെ അടിസ്ഥാനത്തിലാണ്‌ സബ്‌ജില്ല മുതല്‍ സംസ്ഥാനതലം വരെയുള്ള കലോത്സവങ്ങള്‍ വിജയമാണോ പരാജയമാണോ എന്ന്‌ വിലയിരുത്തപ്പെടുന്നത്‌. സബ്‌ജില്ല മുതല്‍ വിവിധ സബ്‌കമ്മറ്റികളുടെ ചുമതല അധ്യാപകസംഘടനകള്‍ക്കാണ്‌. പ്രോംഗ്രാം, ദക്ഷണം എന്നീ അഭിമാനക്കമ്മറ്റികള്‍ പ്രബല അധ്യാപക സംഘടനകള്‍ വര്‍ഷതോറും വീതം വെക്കാറാണ്‌ പതിവ്‌. ശേഷിക്കുന്ന കമ്മറ്റികള്‍ ദുര്‍ബലവിഭാഗങ്ങള്‍ നോക്കിക്കൊള്ളും. ആരുടെയൊക്കെയോ ദയാദാക്ഷിണ്യം കൊണ്ട്‌ വീണുകിട്ടിയ അംഗീകാരത്തിന്റെ ബലത്തില്‍ നിലനില്‌ക്കുന്ന ഈര്‍ക്കിലി സംഘടനകള്‍ക്ക്‌ ആളും അര്‍ത്ഥവും കുട്ടാനുള്ള സുവര്‍ണാവസരമാണ്‌ കലോത്സവ നടത്തിപ്പ്‌. കമ്മറ്റികളുടെ ചുമതലകളുള്ള അധ്യാപക സംഘടനകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കുട്ടികളെയാണ്‌ പലപ്പോഴും ബാധിക്കാറുള്ളത്‌. തങ്ങളുടെ സംഘടനാബലത്തിന്റെയും സംഘടകമികവിന്റെയും കൊടിയടയാളമായി കലോത്സവ നടത്തിപ്പിനെ കാണുമ്പോള്‍ പലപ്പോഴും അയവില്ലാത്തതും കര്‍ക്കശവുമായ നിലപാടിലേക്ക്‌ അവര്‍ എത്തപ്പെടുന്നു. വിജയത്തിന്റെ അടിസ്ഥാനം അതാണ്‌. ഒരുങ്ങിയിറങ്ങിയ കുട്ടിയുടെ പ്രകടനത്തേക്കാള്‍ പ്രധാനം നിശ്ചയിച്ച സമയത്ത്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്നതാണ്‌, യോഗ്യരായ വിധികര്‍ത്താക്കളെകൊണ്ടു വരിക എന്നതിനുപകരം വിശ്വസ്‌തരായവരെ വിളിക്കുക എന്നതാണ്‌.

കലോത്സവങ്ങളുടെ ഇര:

കലോത്സവങ്ങളെപ്പോലെ കുട്ടികളില്‍ സംഘര്‍ഷം സൃഷ്‌ടിക്കുന്ന മറ്റൊന്നും സ്‌കൂളുകളില്‍ ഇന്നുണ്ടെന്നു തോന്നുന്നില്ല. അമിതമായ ഉത്‌കണ്‌ഠകള്‍ കുട്ടികളുടെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ,്‌ നിലനിന്നുപോന്നിരുന്ന മൂന്ന്‌ പരീക്ഷകളെ രണ്ടാക്കിചുരുക്കാന്‍ പോലും സര്‍ക്കാറിനെ പ്രേരിപ്പിച്ചത്‌. കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വിവിധഘട്ടങ്ങളില്‍ അനുഭവിക്കുന്ന ഭീകരമായ സംഘര്‍ഷങ്ങളുമായി താരതമ്യം ചെയ്‌താല്‍ പരീക്ഷപ്പേടി വെറും ഉമ്മാക്കി മാത്രം. കലോത്സവവേദിയുടെ അരങ്ങില്‍ നിന്നും അണിയറയില്‍ നിന്നും മാത്രമല്ല, ഒരു ഇനത്തിന്റെ പരിശീലനം ആരംഭിക്കുന്ന ദിവസം മുതല്‍ കുട്ടി ഇതിന്‌ വിധേയനാണ്‌ വിധേയയാണ്‌. അക്കാദമിക്‌ മികവില്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ വരാന്‍ കഴിയാത്ത മധ്യവര്‍ഗ്ഗമാണ്‌, കുട്ടികളെ ഈ ബഢവാഗ്‌നിയിലേക്ക്‌ തള്ളിവിടുന്നത്‌. സ്‌കൂളിലെ അധ്യാപകരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്ന പൊങ്ങച്ചം ഭാഗ്യമുണ്ടെങ്കില്‍ സംസ്ഥാന തലം വരെ കൊണ്ടുപോകാവുന്നതാണ്‌.

പക്കമേളക്കാരുടെ താന്‍ പോരിമയ്‌ക്ക്‌ മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞെങ്കിലും, മൈക്ക്‌ സെറ്റ്‌കാരന്റെ ലോക്കല്‍ പ്ലെയറില്‍ എപ്പോഴും നിന്നുപോകാവുന്ന സി.ഡി. നൃത്ത ഇനത്തിലെ കുട്ടിക്ക്‌ നല്‍ക്കുന്ന ഉത്‌കണ്‌ഠ വിവരണാധീതമാണ്‌. എത്രകഴിവുണ്ടെങ്കിലും സ്‌കൂളില്‍ത്തന്നെ പരിശീനം ഏര്‍പ്പെടുത്തിയ ഇനങ്ങളില്‍ പങ്കാളികളാവണമെങ്കില്‍ ഓരോ കുട്ടിയും നിശ്ചിതതുക കണ്ടെത്തിയേ പറ്റൂ. കഴിവും താത്‌പര്യവും കൊണ്ടുമാത്രം ഏതെങ്കിലും ദരിദ്രനായ ഒരു കുഞ്ഞ്‌ ഈ ഇനത്തില്‍പെട്ടുപോയിട്ടുണ്ടങ്കില്‍ അവന്‍ അനുഭവിക്കേണ്ടി വരുന്ന അപമാനം ഭീകരമായിരിക്കും. മിക്ക പരിശീലകരുടേയും ഭാവവും ഭാഷയും സര്‍ക്കസ്സിലെ മൃഗശിക്ഷകന്‍മാരില്‍ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ല. പത്ത്‌ രൂപ കുട്ടികളുടെ പരിപാടിക്കായി സംഭവന ചെയ്യണമെന്ന ചര്‍ച്ച സ്റ്റാഫ്‌ റൂമില്‍ എത്തിയാല്‍, `കാശുള്ളവരെ കുട്ടിയാല്‍മതി, ഇതൊന്നും സ്റ്റാഫിന്റെ ചുലതലയല്ലെന്ന്‌' എടുത്തടിക്കുന്ന സാറമ്മാരാണല്ലോ മിക്കയിടത്തും. ആരുടെ താത്‌പര്യങ്ങള്‍ക്കാണ്‌ നമ്മുടെ സ്‌കൂള്‍ കലോത്സവത്തില്‍ മുന്‍തൂക്കം എന്ന്‌ ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്‌. ഏറ്റവും ചുരുക്കത്തില്‍ എന്തായാലും അത്‌ കുഞ്ഞുങ്ങളുടേതല്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. വേദികള്‍ക്കുപിന്നിലും പ്രോംഗ്രാം കമ്മറ്റി ഓഫീസിലും പൊട്ടിച്ചിതറുന്ന കണ്ണീരിന്റെ പരലുകള്‍ക്ക്‌ വര്‍ഷം കഴിയുന്തോറും വര്‍ദ്ധന മാത്രമേ ഉണ്ടാകുന്നുള്ളൂ. നിസ്സാരമായ പിഴവുകള്‍ക്കുകൂടി ഇവിടെ ശിക്ഷ കനത്തതാണ്‌. സാങ്കേതികമായി വരുന്ന എല്ലാ പിഴവിന്റെയും രക്തസാക്ഷി കുഞ്ഞുങ്ങളാണ്‌. രാത്രി വൈകിവരെ നീളുന്ന അവതരണങ്ങള്‍, വേഷവും മേക്കപ്പുമിട്ട്‌, മറ്റ്‌ ചിലപ്പോള്‍ മേക്കപ്പ്‌ മുഴുമിപ്പിക്കും മുമ്പേ സ്റ്റേജിലേക്കുള്ള ഓട്ടം (തിരക്കില്‍ ഉടുത്ത കെട്ടിയ വേഷ്‌ടിയും മുണ്ടും അഴിഞ്ഞു വീഴുമോ എന്നതിലല്ലാതെ തിരുവാതിരക്കളിയുടെ പാട്ടിലോ താന്‍ ശ്രദ്ധിച്ചേയില്ലെന്ന്‌ ഒരു കുട്ടിയുടെ സാക്ഷ്യം), ചാക്യാര്‍കൂത്തിന്റെ വേഷമഴിക്കാതെ അറബിപദ്യം ചൊല്ലാനുള്ള ജാള്യത, അര്‍ഹതയുടെ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനങ്ങള്‍, ചിലപ്പോള്‍ കാരണ്യം തേടി ഹൈക്കോടതിവരെയുള്ള യാത്ര... ഇതിലും തീക്ഷ്‌ണമായ സങ്കടങ്ങളിലേക്ക്‌ ഒരു കുട്ടിയെ കലോത്സവത്തിനല്ലാതെ മറ്റെന്തിന്‌ തള്ളിവിടാനാകും.

കലാപ്രകടനങ്ങള്‍ക്കുള്ള വേദിയെന്ന നിലയില്‍ ഇന്ന്‌ ആരെങ്കിലും കലോത്സവവേദികളെ പരിഗണിക്കാറുണ്ടോ? ആരാണ്‌ സബ്‌ ജില്ലാ, ജില്ലാ, സംസ്ഥാനകലോത്സവങ്ങളിലെ പ്രേക്ഷകര്‍? വേദികളില്‍ നിന്നും വേദികളിലേക്കുള്ള മത്സരാര്‍ത്ഥികളുടേയും അകമ്പടിക്കരുടേയും ഓട്ടത്തിനിടയില്‍ ഏകാഗ്രമായി നടക്കേണ്ട കലാസ്വാദനത്തിന്‌ ആര്‍ക്കാണ്‌ നേരം. തങ്ങളുടെ ഊഴമാകാന്‍ കാത്തിരിക്കുന്ന കുറേ കുട്ടികളും അവരൊത്തുവന്ന രക്ഷകര്‍ത്താക്കളും അധ്യാപകരുമല്ലാതെ ആരാണ്‌ വേദികള്‍ക്കുമുന്നില്‍ ഉള്ളത്‌. അവര്‍ അന്വേഷിക്കുന്നതാവട്ടെ തങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ മെച്ചമാണോ ഇത്‌? ഇവര്‍ക്ക്‌ വല്ല ചുവടും പിഴക്കുന്നണ്ടോ? ആര്‍ക്കാവും സമ്മാനം? എന്നതുമാത്രം. മാധ്യമപ്രവര്‍ത്തകരും, അവതരണമികവിനപ്പുറം, ബൈലൈന്‍ സ്റ്റോറിയായി വല്ലതും കിടയ്‌ക്കുമോ എന്ന കഴുകന്‍ കണ്ണുകളുമായാണ്‌ വേദിക്കരികിലൂടെ പറന്നു നടക്കുന്നത്‌. കലോത്സവത്തിന്റെ പേരില്‍ അല്ലാതെ, കലയുമായി ബന്ധപ്പെട്ട മറ്റൊന്നിനും- അത്‌ കല പകരുന്ന അനുഭൂതികളാവട്ടെ, മറ്റെന്തുമാവട്ടെ- ഈ സര്‍വ്വേ നമ്പറില്‍ പ്രവേശനമില്ലെന്ന കാര്യം ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും- കുട്ടികള്‍ക്കൊഴികെ -ഇന്നറിയാം.

ക്രേന്ദീകരിച്ചുള്ള കലോത്സവങ്ങള്‍ പ്രസക്തമായ ഭൂതകാലത്തില്‍ നിന്നും ഭിന്നമാണ്‌ ഇന്നത്തെ സാധ്യതകളും പഠനത്തോടുള്ള നമ്മുടെ സമീപനവും. കുട്ടികളുടെ സര്‍ഗാത്മകമായ മികവുകളെ അന്ന്‌ ക്ലാസ്‌ മുറിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. കാണാപ്പാഠം പഠിക്കലും ആവര്‍ത്തിച്ചുറപ്പിക്കലും മുറജപമായിരുന്ന അക്കാലത്ത്‌ ഇത്തരം വേദികള്‍ക്ക്‌ പ്രതിഭകളുടെ അവതരണസ്ഥലങ്ങളെന്ന നിലയ്‌ക്ക്‌ സാംഗത്യമുണ്ടായിരുന്നു. അന്ന്‌ യുവജനോത്സവ വിജയികള്‍ക്ക്‌ ഗ്ലാമറോ, മുന്‍പേജിലെ കളര്‍ചിത്രമാവാനുള്ള യോഗമോ, സിനിമ/സീരിയല്‍ സ്വപ്‌നങ്ങളോ, ഗ്രേസ്‌ മാര്‍ക്കുകളോ, പ്രൊഷണല്‍ സീറ്റുകളിലെ സംവരണമോ ഉന്നമല്ലായിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ കൊട്ടിഘോഷിക്കപ്പെട്ട്‌ നടത്തപ്പെടുന്ന മേളകളിലല്ല സ്‌കൂളിലെ സര്‍ഗാത്മകതയുടെ മുളകള്‍ അന്വേഷിക്കേണ്ടത്‌. ക്ലാസ്‌മുറിക്കകത്തും പുറത്തും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന എത്രയോ ചെറിയ ചെറിയ ആഘോഷങ്ങള്‍, ദിനാചരണങ്ങള്‍, ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ സജീവമായ പങ്കാളിത്തവും ആവിഷ്‌കരണങ്ങളും പ്രതിഭയുടെ തിളക്കമല്ലെങ്കില്‍ പിന്നെന്താണത്‌? ഭാഷാ ക്ലാസുമുറികളില്‍ നടക്കേണ്ടുന്ന രചനാപ്രവര്‍ത്തനങ്ങള്‍, ആടാനും പാടാനുമുള്ള നിരന്തരമായ സന്ദര്‍ഭങ്ങള്‍, ശാസ്‌ത്ര സാമൂഹിക ശാസ്‌ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കുന്ന ഉത്‌പന്നങ്ങള്‍, കണ്ടെത്തലുകള്‍ ഇവയിലൊക്കെക്കൂടിയും ഒരു കുട്ടിയുടെ സര്‍ഗാത്മകതയുടെ ആഴം കണ്ടെത്താന്‍ സ്‌കൂളില്‍ കഴിയില്ലേ? ഭീമമായ പണചെലവോ, നിരവധി വര്‍ഷം നിണ്ടുനില്‍ക്കുന്ന.പരിശീലനമോ ഇവിടെ വിജയിയെ നിശ്ചയിക്കുന്നതിന്‌ അടിസ്ഥാനമാകുന്നില്ല. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ വിശ്വാസത്തിലെടുക്കാനും ഏറ്റെടുക്കാനും നമുക്ക്‌ കഴിയുമോ എന്നതാണ്‌ ചോദ്യം ഇങ്ങനെ കണ്ടെത്തുന്ന പ്രതിഭകളുടെ സര്‍ഗാത്മകായ ആവിഷ്‌കാരത്തിന്‌, നാം കെട്ടിപ്പൂട്ടിവെച്ച സ്‌കൂള്‍ വാര്‍ഷികങ്ങളെ ഒന്ന്‌ മിനുക്കിയെടുക്കുകയേ വേണ്ടതുള്ളൂ. വാര്‍ഷികാഘോഷങ്ങളും നാടിന്റെ ഉത്സവങ്ങളാവട്ടെ. അവിടെ മത്സരങ്ങളില്ല. തെരഞ്ഞെടുപ്പില്ല. പ്രതിഭാപട്ടമില്ല. രക്ഷകര്‍ത്താക്കളും നാട്ടുകാരും സമീപസ്‌കൂളിലെ കുട്ടികളും സ്‌കൂളിലെത്തട്ടെ. മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ അവര്‍ ഉല്ലാസത്തോടെ അവരുടെ സര്‍ഗാത്മകതയ്‌ക്ക്‌ ചിറകുനല്‍കുക തന്നെ ചെയ്യും.

2009 ജൂലൈ 19, ഞായറാഴ്‌ച

2009 മേയ് 22, വെള്ളിയാഴ്‌ച

ഒരു പ്രസംഗ മത്സരവുംചില`വിധി' വിചാരങ്ങളും

സ്കൂള്‍ കലോത്സവത്തിലെ മലയാളപ്രസംഗമത്സരത്തിനുശേഷം ഒരു രക്ഷാകര്‍ത്താവും വിധികര്‍ത്താവായ അധ്യാപികയും തമ്മില്‍ നടന്ന സംഭാഷണം.

(ഇത്‌ തികച്ചും സാങ്കല്‌പികം. ജിവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും ഇവിടെ പരാമര്‍ശിക്കുന്ന സംഭവത്തിലെ കഥാപാത്രങ്ങള്‍ക്ക്‌ യാതൊരു ബന്ധവുമില്ലെന്നും ഉണ്ടെന്നു തോന്നുന്നെങ്കില്‍ അത്‌ തികച്ചും യാദൃശ്ചികമാണെന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു)

രക്ഷകര്‍ത്താവ്‌ : ടീച്ചര്‍, ഞാന്‍ എട്ടാംക്ലാസിലെ ഗീതുവിന്റെ അമ്മയാണ്‌. മോള്‌ ഇപ്പോള്‍കഴിഞ്ഞ മലയാള പ്രസംഗമത്സരത്തിനുണ്ടായിരുന്നു.

ടീച്ചര്‍ : അതെയോ? മോള്‍ക്ക്‌ സമ്മാനമുണ്ടോ?

രക്ഷകര്‍ത്താവ്‌ : ഇല്ല. അതിനെക്കുറിച്ചുള്ള ചില സംശയങ്ങള്‍ തീര്‍ക്കാനാണ്‌ ഞാന്‍ ടീച്ചറെ കാണാന്‍ വന്നത്‌.

ടീച്ചര്‍ : (വിചാരം : എന്റീശ്വരാ... പ്രസംഗത്തിനിരിക്കില്ലാ എന്ന്‌ ഞാന്‍ അപ്പഴേ പറഞ്ഞതാണ്‌. ആ ദുഷ്‌ടന്‍ ഗംഗാധരന്‍ മാഷാണ്‌ എല്ലാത്തിനും കാരണം) അതിനെന്താ? നമുക്ക്‌ ആ തിരക്കില്ലാത്ത മൂലയിലോട്ടിരിക്കാം.

രക്ഷകര്‍ത്താവ്‌ : മോളുടെ പ്രസംഗത്തിന്റെ പ്രധാനകുഴപ്പങ്ങളെന്തായിരുന്നു ടീച്ചര്‍?

ടീച്ചര്‍ : ഹേയ്‌.. അങ്ങിനെ കുഴപ്പമൊന്നുമില്ലായിരുന്നു. എ ഗ്രേഡ്‌ ലഭിച്ചില്ലേ?

രക്ഷകര്‍ത്താവ്‌ : ഇല്ല, ബി ഗ്രേഡാണ്‌. ഞാന്‍ മുഴുവന്‍ പ്രസംഗങ്ങളും കേട്ടിരുന്നു. രണ്ടോ മൂന്നോ കുട്ടികള്‍ക്കല്ലേ ബി ഗ്രേഡുള്ളൂ. അതിലൊന്ന്‌ മോള്‍ക്കാണ്‌. അവള്‍ക്ക്‌ എന്തൊക്കെ പിശക്‌ സംഭവിച്ചൂവെന്നറിയാനാണ്‌ ടീച്ചറോട്‌ സംസാരിക്കാമെന്ന്‌ വിചാരിച്ചത്‌. ടീച്ചര്‍ക്ക്‌ പ്രയാസമൊന്നുമില്ലല്ലോ?

ടീച്ചര്‍ : ഹേയ്‌ എനിക്കെന്തു പ്രയാസം... നല്ലകാര്യം (ഇതു മിക്കവാറും പ്രശ്‌നമാകുമെന്നാണ്‌ തോന്നുന്നത്‌. കൂടെയിരുന്ന ആ സുശീലടീച്ചറേയും മാലിനിടീച്ചറേയും കാണാനുമില്ല. എവിടേക്കാണാവോ ഇത്രവേഗം മുങ്ങിയത്‌) മോളുടേത്‌ എത്രാമത്തെ പ്രസംഗമായിരുന്നു?

രക്ഷകര്‍ത്താവ്‌ : ആദ്യത്തെ.

ടീച്ചര്‍ : ശരിയാ.. എനിക്ക്‌ ഓര്‍മ്മയുണ്ട്‌. ശ്ശൊ! അവളെന്തിനാ ആദ്യത്തെ നമ്പെറെടുക്കാന്‍ പോയത്‌. അതാണ്‌ അവള്‍ക്ക്‌ പറ്റിയ പ്രശ്‌നം.

രക്ഷകര്‍ത്താവ്‌ : അതെന്താ ടീച്ചര്‍.. ആദ്യത്തെ നമ്പറിന്‌ മാര്‍ക്കിടാറില്ലേ?

ടീച്ചര്‍ : അതല്ല. ആദ്യത്തെ നമ്പറിന്‌ ഒരു ശരാശരി മാര്‍ക്കിടും. പിന്നെ അതുവെച്ചാണ്‌ മറ്റേതിനൊക്കെ മാര്‍ക്കിടുന്നത്‌. അവസാനത്തിന്‌ തൊട്ടുമുമ്പു പ്രസംഗിച്ച കുട്ടിക്കല്ലേ ഒന്നാം സമ്മാനം? നിങ്ങള്‌ ഇനിയെങ്കിലും ശ്രദ്ധിക്കണം. ഒരിക്കലും ഒന്നാമത്തെ നമ്പര്‍ എടുക്കരുത്‌. അഥവാ കിട്ടിയാലും എന്തെങ്കിലും പറഞ്ഞ്‌ സ്റ്റേജീന്ന്‌ മാറ്റാന്‍ നോക്കണം.

രക്ഷകര്‍ത്താവ്‌ : അല്ല ടീച്ചര്‍, പ്രസംഗത്തിന്‌ മാര്‍ക്കിടാന്‍ value points ഉണ്ടാവില്ലേ? അതുപ്രകാരം മാര്‍ക്കിടുമ്പോള്‍ ഇങ്ങിനെ വരുമോ?

ടീച്ചര്‍ : അതൊക്കെ സബ്‌ജില്ലാ, ജില്ലാ യൂത്ത്‌ ഫെസ്റ്റിവലിലേ നടക്കൂ. സ്‌കൂളില്‍ നമ്മള്‍ നോക്കുന്നത്‌ മൊത്തത്തിലുള്ള ഭംഗിയാണ്‌.

രക്ഷകര്‍ത്താവ്‌ : കലോത്സവ മാന്വലില്‍ ഓരോ ഇനത്തിന്റെയും value points ഉണ്ടെന്നാണല്ലോ പറയുന്നത്‌. സ്‌കൂളിലും അതൊക്കെ നോക്കേണ്ടതല്ലേ?

ടീച്ചര്‍ : (എന്റ ദൈവമേ.. ഇവരെല്ലാം പഠിച്ചിട്ട്‌ വന്നവരാണ്‌. ഏത്‌ സ്‌കൂളില്‍ നിന്നാണാവോ ഇക്കൊല്ലം ഇങ്ങോട്ട്‌ കെട്ടിയെടുത്തത്‌? ഈ മാന്വല്‍ എന്ന സാധനം ഇതുവരെ കണ്ടിട്ടില്ലാ എന്ന്‌ പറഞ്ഞാലോ?) നോക്കാറില്ലെന്നല്ല. അല്ല.. മൊത്തത്തില്‍ നോക്കുമ്പോഴും അതൊക്കത്തന്നെയാണല്ലോ വരുന്നത്‌?

രക്ഷകര്‍ത്താവ്‌ : ഒന്നാം സമ്മാനവും എ ഗ്രേഡും നേടിയ കുട്ടിയുടെ പ്രസംഗം ഞാന്‍ കേട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട ഒരു കാര്യവും അവന്‍ പറഞ്ഞില്ലല്ലോ ടീച്ചര്‍. പിന്നെങ്ങനെ... അവന്‌..?

ടീച്ചര്‍ : (ഓ... സ്‌കൂളിലെ നേതാവ്‌ ഷാഫി. അവനെങ്ങാനും സമ്മാനം കൊടുത്തില്ലെങ്കില്‍ കാണാമായിരുന്നു പിള്ളേരുടെ പുകില്‌. വൈകുന്നേരം ഞാന്‍ തനിയെയാ വീട്ടിലേക്ക്‌ പോകുന്നത്‌.. അവന്‍ വല്ല പ്രശ്‌നവും ആക്കിയാല്‍.. എന്തായിരുന്നു വിഷയം.. ങാ.. വായനയുടെ പ്രസക്തി) അതോ.. അത്‌.. അവന്റെ പ്രസംഗത്തിന്റെ ആക്ഷന്‍ ശ്രദ്ധിച്ചിരുന്നില്ലേ. പ്രസംഗമാവുമ്പോള്‍ ഇരുകൈകൊണ്ടും നന്നായി ആക്ഷന്‍ കാണിക്കണം. ശബ്‌ദം നന്നായി കൂട്ടിപ്പറയണം. രാഷ്‌ട്രീയ നേതാക്കന്മാരുടെ പ്രസംഗം ടി.വിയിലും മറ്റും കണ്ടിട്ടില്ലേ? അതുപോലെ.. അതുകൊണ്ടാ അവന്‌ സമ്മാനം കൊടുത്തത്‌.

രക്ഷകര്‍ത്താവ്‌ : ഓരോ പ്രസംഗത്തിനും ഓരോ ശൈലിയല്ലേ ടീച്ചര്‍. രാഷ്‌ട്രീയ പ്രസംഗത്തിന്റെ ശൈലിയിലാണോ ` വായനയുടെ പ്രസക്തി' എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിക്കുക? മാത്രമല്ല, അവശ്യം വേണ്ടുന്ന ചലനങ്ങളും ഭാവവും ഒക്കെ മോളുടെ പ്രസംഗത്തിനും ഉണ്ടായിരുന്നു.

ടീച്ചര്‍ : ( ആ സുശീലടീച്ചര്‍ എവിടെപ്പോയി കിടക്കുകയാണീശ്വരാ.. ആരെങ്കിലും ഒന്നു വന്നെങ്കില്‍) ഇല്ലാന്നല്ല.. പിന്നെ അവള്‍ വിഷയവുമായി ബന്ധമില്ലാത്ത കുറേകാര്യങ്ങളല്ലേ അവസാനം പറഞ്ഞത്‌. കമ്പ്യൂട്ടറും.. ഇന്റര്‍നെറ്റും.. അങ്ങിനെ.. വായനയുടെ കാര്യം പറയുമ്പോള്‍ അതൊന്നും പറയേണ്ടിയിരുന്നില്ല.

രക്ഷകര്‍ത്താവ്‌ : അത്‌ പുതിയതരം വായനയെക്കുറിച്ച്‌ പറഞ്ഞതല്ലേ. ടീച്ചര്‍ കേട്ടിട്ടില്ലേ e-reading എന്നൊക്കെ? അവള്‍ പതിവായി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാറുണ്ട്‌. അവള്‍ക്ക്‌ സ്വന്തമായി ഒരു ബ്ലോഗ്‌ തന്നെയുണ്ട്‌.

ടീച്ചര്‍ : (ഇ-റീഡിംഗോ.. അതെന്താ ഭഗവാനേ സാധനം? ഈ ബ്ലോഗെന്നു പറയുന്നത്‌ എന്തു കുന്തമാണാവോ?) അതൊക്കെ കേട്ടിട്ടുണ്ട്‌... അതുമാത്രമല്ല അവള്‍ പറഞ്ഞ പലപുസ്‌തകങ്ങളുടെയും പേര്‌ ഞങ്ങള്‍ കേട്ടിട്ടുപോലുമില്ല.

രക്ഷകര്‍ത്താവ്‌ : അതെല്ലാം അവള്‍ വായിച്ചതാ ടീച്ചറേ... ടീച്ചര്‍ക്ക്‌ ഓര്‍മ്മയുണ്ടോയെന്നറിയില്ല. കഴിഞ്ഞ പി.ടി.എ. മീറ്റിംഗില്‍ സ്വാഗതം പറയുമ്പോള്‍ ടീച്ചര്‍ വിയര്‍ത്ത്‌ വിറച്ച്‌ വീഴാമ്പോയത്‌. സ്വാഗതത്തിന്‌ പകരം നന്ദീന്നല്ലേ അന്ന്‌ ടീച്ചര്‍ പറഞ്ഞത്‌. പി.ടി.എ. പ്രസിഡണ്ടിന്റെ പേരുപോലും തെറ്റിയാ പറഞ്ഞത്‌. അങ്ങിനെയുള്ള ടീച്ചര്‍ക്ക്‌ മനസ്സിലാവില്ലേ, യാതൊരു പേടിയും കൂടാതെ കുട്ടികള്‍ സ്റ്റേജില്‍ നിന്ന്‌, ആലോചിച്ച്‌ ഇങ്ങനെയൊക്കെ പറയുന്നതിന്റെ പ്രയാസം. എന്നിട്ടും ഒട്ടും ഗൗരവമില്ലാതെ, അറിയാത്ത കാര്യങ്ങളെക്കുറിച്ച്‌ വിധിപ്രഖ്യാപിക്കുന്നത്‌ ശരിയാണോ?

ടീച്ചര്‍ : എന്റെ പൊന്നു ചേച്ചീ, സത്യം ഞാന്‍ നിങ്ങളോട്‌ തുറന്നുപറയാം പ്രസംഗമത്സരത്തിന്‌ ജഡ്‌ജായി ഇരിക്കില്ലെന്ന്‌ ഗംഗാധരന്‍ മാഷോട്‌ ഞാന്‍ നൂറുവട്ടം പറഞ്ഞതാ. ഒന്നാമത്‌ നല്ല പഠിക്കുന്ന പിള്ളേരാ പ്രസംഗമത്സരത്തില്‍ പങ്കെടുക്കുന്ന മിക്കതും. അവര്‍ എവിടെ നിന്നെല്ലാം എടുത്ത എന്തെല്ലാം കാര്യങ്ങളാണ്‌ പറയുക എന്ന്‌ ആര്‍ക്കും നിശ്ചയിക്കാന്‍ കഴിയില്ല. അതില്‍ ഏതൊക്കെയാണ്‌ ശരി, ഏതൊക്കെയാണ്‌ തെറ്റ്‌ എന്നൊന്നും ഞങ്ങള്‍ക്ക്‌ ഒരു പിടിയും ഇല്ല. പിന്നെ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോള്‍ കലാപരിപാടിയുടെ അടുത്തുകൂടി ഞാന്‍ പോയിട്ടില്ല. പറഞ്ഞിട്ടെന്താ... ഇവിടെ വന്നതുമുതല്‍ യൂത്ത്‌ ഫെസ്റ്റ്‌വലിന്റെ ഒരു സ്ഥിരം ജഡ്‌ജ്‌ ഞാനാണ്‌... അവര്‍ക്കറിയാം എനിക്ക്‌ കുട്ടികളെ പരിപാടിക്കായി ഒരുക്കിയിറക്കാനോ മേക്കപ്പിന്‌ സഹായിക്കാനോ കഴിയില്ലെന്ന്‌... എന്നാല്‍ പിന്നെ ഒരു പണി ഏല്‍പ്പിക്കണമെന്ന്‌ വിചാരിച്ചാണ്‌ രാവിലെമുതല്‍ വൈകുന്നേരം വരെയുള്ള ഈ ജഡ്‌ജിപ്പണി എന്റെ മേല്‍ വെച്ചുകെട്ടിയത്‌. ഈ ആണ്‍മാഷന്മാര്‍ ആകെ മോണോആക്‌ടിനും മിമിക്രിക്കും നാടകത്തിനും മൈമിനും മാത്രമേ ഇരിക്കൂ. ബാക്കിയെല്ലാം ഞങ്ങള്‍ ലേഡിടീച്ചര്‍മാരാ മാര്‍ക്കിടുന്നത്‌. ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും മാത്രമേ പണ്ടെല്ലാം പ്രശ്‌നമുണ്ടാകാറുള്ളൂ. അതിന്‌ മാത്രം പുറത്തുനിന്ന്‌ ആളുകളെ വിളിക്കും. പിന്നെ.. ആരെങ്കിലും മാര്‍ക്കിട്ട്‌ കുറച്ചെണ്ണത്തിനെ സബ്‌ജില്ലയില്‍ എത്തിക്കണമല്ലോ. ഇന്ന്‌ തന്നെ ആറാമത്തെ ഇനത്തിനാണ്‌ ഞാന്‍ മാര്‍ക്കിട്ടുവരുന്നത്‌.അതാ സുശീലടീച്ചര്‍ വരുന്നുണ്ട്‌. എനിക്ക്‌ ഇംഗ്ലീഷ്‌ പ്രസംഗം നോക്കാന്‍ പോകണം. അത്‌ ഇതിനേക്കാള്‍ പൊല്ലാപ്പാ. ഇംഗ്ലീഷിന്റെ എബിസിഡി എനിക്ക്‌ അറിഞ്ഞുകൂട. എല്ലാം എന്റെ വിധി. നമുക്ക്‌ ഇതിന്റെ എല്ലാകാര്യവും വിശദമായി പിന്നീട്‌ സംസാരിക്കാം. എന്നാല്‍ ഞാന്‍ പോകട്ടെ.