2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

ചരടറ്റത്തെ കോമാളിപ്പാവകള്‍

മാതൃഭുമിയില്‍ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.




ഒരു ഓപ്പറയുടെ റിഹേഴ്‌സല്‍ കാണാനിടയായ അനുഭവം ഓര്‍മ്മിച്ചുകൊണ്ടാണ്‌ ലിയോ ടോള്‍സ്റ്റോയ്‌ തന്റെ വിഖ്യാതഗ്രന്ഥം `എന്താണ്‌ കല' ആരംഭിക്കുന്നത്‌. ഒരു ഇന്ത്യന്‍ രാജാവിന്റെ വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള ഓപ്പറയുടെ ഗാനരംഗം ചിട്ടപ്പെടുത്തുകയാണവിടെ. പരിശീലനം ശരിയാകാതെ വരുന്നതില്‍ സംഘര്‍ഷഭരിതനായ സംവിധായകന്‍ നടീനടന്മാര്‍, സംഗീതസംവിധായകര്‍, നര്‍ത്തകികള്‍, സംഗീതവിദഗ്‌ധര്‍, എന്നിവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ചെയ്‌ത്‌, മടുപ്പിന്റെ അങ്ങേത്തലയ്‌ക്കലെത്തിയ കലാകാരന്മാര്‍ സംവിധായകന്റെ ശകാരം നിശ്ശബ്‌ദമായി സഹിച്ച്‌ തലതാഴ്‌ത്തിനില്‌കുന്നു. തന്റെ പ്രസക്തമായ ചോദ്യം ഉന്നയിക്കാന്‍ ടോള്‍സ്റ്റോയ്‌ തിരഞ്ഞെടുക്കുന്ന സന്ദര്‍ഭമാണിത്‌. ``ഈ പാടെല്ലാം പെടുന്നത്‌ ആര്‍ക്കുവേണ്ടിയാണ്‌? ഇതിന്‌ ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിയുമോ?'' കല മുന്നോട്ട്‌ വെക്കുന്ന ആനന്ദമോ സരളതയോ അല്ല ഒരു സാധാരണ ഓപ്പറയുടെ റിഹേഴ്‌സലില്‍പ്പോലും കാണാന്‍ കഴിയുന്നതെന്ന തിരിച്ചറിവില്‍ നിന്നാണ്‌ `കല എന്തെന്ന' അത്യന്തം ലളിതവും നിശിതവുമായ ചോദ്യത്തിലേക്കും തുടര്‍ന്ന്‌ തന്റെതടക്കമുള്ള വിഖ്യാതരചനകള്‍ വെറും കലാഭാസം മാത്രമാണെന്നുള്ള കണ്ടെത്തലിലേക്കും അദ്ദേഹം ചെന്നെത്തുന്നത്‌. എങ്കില്‍ കലയുടെ പേരില്‍ നമ്മുടെ സ്‌കൂള്‍കലോത്സവങ്ങള്‍ക്കു പിറകില്‍ നടക്കുന്ന സമാനതകളില്ലാത്ത സംഘര്‍ഷങ്ങളുടേയും കാപട്യങ്ങളുടേയും കഥയറിയുമ്പോള്‍ എന്തെന്ത്‌ കടുത്തതീരുമാനങ്ങള്‍ നിങ്ങളില്‍ നിന്ന്‌ ഉണ്ടാകില്ല!

കുട്ടികളുടെ കലാപരമായ കഴിവുകളുടെ മാറ്റുരയ്‌ക്കല്‍ വേദികള്‍ എന്ന നിലയ്‌ക്ക്‌ യുവജനോത്സങ്ങള്‍ക്ക്‌ എത്രമാത്രം പ്രസക്തിയുണ്ട്‌? വിദ്യാഭ്യാസ ലക്ഷ്യങ്ങളേയും രീതികളേയും കുറിച്ച്‌ ഇന്ന്‌ നാം മുന്നോട്ട്‌ വെക്കുന്ന കാഴ്‌ചപ്പാടുകള്‍ക്ക്‌ എത്രമാത്രം വിരുദ്ധമായാണ്‌ ഇതിന്റെ നടത്തിപ്പ്‌? യുവജനോത്സവ വേദികളിലും അതിന്റെ തയ്യാറെടുപ്പുകളിലും കലയുടെ ഉത്‌കൃഷ്‌ടമായ മൂല്യങ്ങള്‍ തന്നെയാണോ തിളങ്ങിനില്‍ക്കുന്നത്‌? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
യുവജനോത്സവങ്ങള്‍ പേരും ചേരുവകളും മാറ്റി കേരളാസ്‌കൂള്‍ കലോത്സവം എന്ന പേരിലാണ്‌ ഇപ്പോള്‍ അറിയപ്പെടുന്നത്‌. പ്രൈമറി മുതല്‍ ഹയര്‍സൈക്കന്ററി വരെയുള്ള കുട്ടികളെയും, അറബിക്‌, സംസ്‌കൃതം മുതലായ ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മത്സരഇനങ്ങളേയും ഉള്‍പ്പെടുത്തി നേരത്തെ ഉള്ളതിനേക്കാള്‍ വിപുമായാണ്‌ ഇപ്പോള്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നടത്തി വരുന്നത്‌.പേരല്ലാതെ സ്വഭാവത്തില്‍ കാതലായ ഒരു മാറ്റവും വരുത്താന്‍ ഇപ്പോഴും നമുക്കായിട്ടില്ല.

സ്‌കൂള്‍ തലംമുതലുള്ള കലോത്സവങ്ങളുടെ സംഘാടന രീതിയെക്കുറിച്ച്‌ സാമാന്യധാരണയുള്ള ആര്‍ക്കും അത്‌ എത്രമാത്രം വിദ്യാര്‍ത്ഥിവിരുദ്ധമാണെന്ന തിരിച്ചറിവുണ്ടാവും. കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ മത്സരഇനങ്ങളുടെ ദൈര്‍ഘ്യമേറിയ പട്ടികയില്‍ കൃത്യമായ പരിശീലനമുള്ളവര്‍ക്കല്ലാതെ, ഒരു സാധാരണവിദ്യാര്‍ത്ഥിക്ക്‌ പങ്കെടുക്കാന്‍ കഴിയുന്ന എത്ര ഇനങ്ങളുണ്ട്‌? സ്‌കൂളിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ കലോത്സവ പങ്കാളികള്‍ (കൃത്യമായ ആസൂത്രണത്തോടെ പങ്കെടുക്കുന്നവര്‍) അതുകൊണ്ടുതന്നെ അഞ്ച്‌ ശതമാനത്തിലും താഴെയാണ്‌. മുഴുവന്‍ കുട്ടികളില്‍ നിന്നും ഭീമമായ തുകപിരിച്ചാണ്‌ ഈ മഹോത്സവം സ്‌കൂളില്‍ നടത്തപ്പെടുന്നതെന്നോര്‍ക്കണം. സ്‌കൂളിലെ എത്രയോ പഠനസമയം നഷ്‌ടപ്പെടുത്തിയാണ്‌ ഇതിന്റെ സംഘാടനം. സ്‌കൂള്‍തലത്തില്‍ഹൗസ്‌ അടിസ്ഥാനത്തിലുള്ള മത്സരമായതുകൊണ്ട്‌, തങ്ങളുടെ ഹൗസുകളുടെ പേര്‌ മൈക്കിലുടെ ` ഭാവാത്മകമായി' അനൗണ്‍സ്‌ ചെയ്യുമ്പോള്‍ (മൈക്ക്‌ വിഴുങ്ങികളായ ചില അധ്യാപകരുടെ ഓളിയിടലുകള്‍ക്കില്‍ പോയിന്റ്‌ നില അനൗണ്‍സ്‌ ചെയ്യാനുള്ള പ്രത്യേകാവകാശം അക്കൊല്ലത്തെ കലോത്സവകണ്‍വീനര്‍ക്ക്‌ ആണ്‌) കയ്യടിക്കല്‍ മാത്രമായി കലോത്സവം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം സാധാരണകുട്ടികള്‍ക്കും, രണ്ടുദിവസം പഠിപ്പില്ലാത്തതിന്റെ സന്തോഷം മാത്രമാണ്‌ സ്‌കൂള്‍ കലോത്സവം. വൈകുന്നതിനുമുമ്പ്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്ന ഒറ്റലക്ഷ്യമേ സംഘടിപ്പിക്കാന്‍ ഓടിനടക്കുന്ന അധ്യാപര്‍ക്കുമുള്ളൂ.



വിധി നിര്‍ണയമെന്ന നേരമ്പോക്ക്‌ :

കലോത്സവങ്ങളിലെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ട തമാശകള്‍ അധ്യാപകര്‍ക്കിടയിലെ നേരംകൊല്ലി കഥകളിലെ മുഖ്യഇനമാണ്‌. സ്‌കൂള്‍ തലത്തിലെ വിധികര്‍ത്താക്കള്‍ അതത്‌ സ്‌കൂളിലെ അധ്യാപകരാണ്‌. പഠിക്കുന്നകാലത്തൊരിക്കലും കലോത്സവേദികളുടെയോ കലാപ്രവര്‍ത്തനത്തിന്റേയോ നാലയലത്തുപോലും ചെന്നിട്ടില്ലാത്ത പാവം പിടിച്ച അധ്യാപികമാരെയാണ്‌, അത്യന്തം ശ്രദ്ധയും വൈദഗ്‌ധ്യവും ആസ്വാദനക്ഷമതയും വേണ്ടുന്ന ഇനങ്ങളുടെ പോലും വിധികര്‍ത്താക്കളായി ഇരുത്തുന്നത്‌. (മിമിക്രി, മോണോ ആക്‌ട്‌, നാടകം, മൈം തുടങ്ങിയ ഇനങ്ങള്‍ക്ക്‌ നിലയവിദ്വാന്‍മാരായ ബു.ജികള്‍ ഇരിക്കാന്‍ അര്‍ദ്ധ സമ്മതം മൂളും) മിക്കവരും അബദ്ധത്തില്‍പ്പോലും അതുവരെ സ്റ്റേജില്‍ കയറിയവരായിരിക്കില്ല. (പി.ടി.എ യോഗത്തില്‍ സ്വാഗതം പറയുമ്പോള്‍ വിയര്‍ത്ത്‌ കളിച്ച്‌ വിക്കി വിക്കി ഒപ്പിച്ച ടിച്ചറാണ്‌ പ്രസംഗമത്സരത്തിന്റെ `ജഡ്‌ജ്‌'). ചില ഇനങ്ങളെക്കുറിച്ച്‌, നീന്തല്‍ പോസ്റ്റലായി പഠിച്ചപോലുള്ള വിവരമൊക്കെ ഉള്ള ആളുകള്‍ സ്‌കൂളിലില്ലെന്നല്ല. കുടുതല്‍ കുട്ടികള്‍ മത്സരിക്കുന്ന ഇനങ്ങള്‍ക്ക്‌ ഇവരൊന്നും ഇരുന്നുതരില്ല!

സബ്‌ജില്ലാ, ജില്ലാതലങ്ങളിലെ കാര്യം കുറേക്കൂടി രസകരമാണ്‌. മാര്‍ഗ്ഗംകളി ഏത്‌ സംസ്‌കാരവുമായി ബന്ധപ്പെട്ട കലാരൂപമാണെന്ന അറിവു പോലുമില്ലാത്ത, ആദ്യമായി വേദിയില്‍ വെച്ച്‌ ഈ ഇനം കാണുന്ന ആളുകളടക്കം മുന്നിലെ `വിദ്‌ഗധനിരയില്‍' ഉണ്ടാകും. (ഇപ്പോഴത്തെ പല പ്രഗത്ഭജഡ്‌ജികളും മിക്കഇനങ്ങളും ജഡ്‌ജായി ഇരുന്ന്‌ മാത്രം കണ്ട്‌ പരിചയിച്ചവരാണ്‌). മലയാള പദ്യരചനയ്‌ക്കുവന്ന പാവത്താന്‍ അറബി, ഉറുദു, കന്നട പദ്യങ്ങള്‍ക്കും~ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കുത്ത്‌ തുടങ്ങിയ ഇനങ്ങള്‍ക്കും മാര്‍ക്കിട്ടുവന്ന്‌ ക്ഷീണം തീര്‍ക്കുമ്പോഴാണ്‌ കണ്‍വീനറുടെ അടുത്ത തല ചൊറിയല്‍,``സര്‍, രണ്ട്‌ പഞ്ചവാദ്യമേയുള്ളൂ. അതുകൂടി ഒന്ന്‌... ''അധ്യാപകരായാല്‍ ഏതിനത്തിനും മാര്‍ക്കിടാം എന്ന്‌ ഉളുപ്പില്ലാത്ത ചിലര്‍ താന്‍ വിധിനിര്‍ണയം നടത്തിയ ഇനങ്ങളുടെ ലിസ്റ്റ്‌ നെഞ്ചുവിരിച്ച്‌ പ്രഖ്യാപിക്കുന്ന കാഴ്‌ച സ്‌കൂളിലെ അരോചക ദൃശ്യങ്ങളില്‍ ഒന്നാണ്‌. ജില്ലാതല മത്സരങ്ങളിലടക്കം ഇതാണ്‌ സ്ഥിതി. എങ്ങിനേയും ഒരു വിദഗ്‌ധനെ സംഘടിപ്പിക്കുക. ശേഷിക്കുന്ന രണ്ടുപേര്‍ ആരായാലും പ്രശ്‌നമില്ല. മാര്‍ക്കിടാനും അത്യാവശ്യത്തിന്‌ റിസല്‍ട്ട്‌ പ്രഖ്യാപിക്കാനും ഒരാളുണ്ടല്ലോ! പതിനായിരങ്ങള്‍ പരിശീലകനു ദക്ഷിണവെച്ച ്‌ വേദിയില്‍ ആടിപ്പാടുന്ന കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും അറിയില്ല; ജഡ്‌ജിവേഷം കെട്ടിയ മണ്ടന്‍മാരുടെ മുന്നിലാണ്‌ തങ്ങളുടെ പ്രകടനമെന്നത്‌. സമ്പത്തും ബന്ധവും ഉപയോഗിച്ചുള്ള സ്വാധീനിക്കല്‍പ്പോലുള്ള അടികലശലിലെത്താറുള്ള ആരോപണങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.

സ്വാഭിമാനമുള്ള ഒരു വിധക്കാരൊന്നും ഇപ്പോള്‍ ഈ പണിക്ക്‌ പോകാറില്ല. എന്നാല്‍ ഇതൊരു വരുമാനമാര്‍ഗ്ഗമായി കാണുന്ന കുറച്ചുപേരും ഉണ്ട്‌. ഏതെങ്കിലും ഒരു രംഗത്തുപോലും സാമാന്യമായ പ്രാഗത്ഭ്യം തെളിയിക്കാത്ത ഇക്കൂട്ടര്‍ നിരന്തരം ജഡ്‌ജിപ്പണി ചെയ്‌ത്‌ `തയക്കവും പയക്കവും' നേടിയവരാണ്‌. അവര്‍ ആധികാരികമായി, വിധിപ്രഖ്യാപനത്തോടൊപ്പം വിളമ്പുന്ന മണ്ടത്തരങ്ങള്‍ കുട്ടികളില്‍ കനത്ത തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നവയാണ്‌. ഇവിടേക്ക്‌ ഇവരെ വിളിക്കുന്ന സബ്‌ജില്ലാ/ജില്ലാ കണ്‍വീനര്‍മാര്‍ തിരിച്ച്‌ അവരുടെ സബ്‌ ജില്ലകളില്‍/ജില്ലകളില്‍ ജഡ്‌ജായിരിക്കുമെന്നത്‌ തീര്‍ച്ച. സദ്യയ്‌ക്കു ദേഹണ്ഡിക്കുന്നവര്‍ തായ്യാറാക്കി സൂക്ഷിച്ച ചാര്‍ത്തുപോലെ, താന്‍ വിധി നിര്‍ണയം നടത്തിവരുന്ന നാല്‌പതോളം ഇനങ്ങളുടെ അച്ചടിച്ച ചാര്‍ത്തുമായി എത്തുന്ന ചില വിദ്വാന്‍മാരും ഉണ്ട്‌. ഇത്തരക്കാര്‍ കലോത്സവ സംഘാടകരുടെ കണ്ണിലുണ്ണികളാണ്‌. ഏതിനത്തിനും ഇരുത്താം. ഏത്‌ ബ്ലാങ്ക്‌ വൗച്ചറിലും ഒപ്പിടീക്കാം.



പരിശീലകരാണ്‌ താരങ്ങള്‍:

കലാപരിശീലകരാണ്‌ ശരിക്കും യുവജനോത്സവത്തിന്റെ താരങ്ങള്‍. ഈ കാലയളവില്‍ ഇവരുടെ വില വാനോളം ഉയരും. കലാതിലകങ്ങളെയും പ്രതിഭകളെയും പടച്ചുവിട്ടിരുന്ന സൂപ്പര്‍ ഗുരുക്കന്മാരെക്കുറിച്ച്‌ വന്ന ഫീച്ചറുകള്‍ എത്ര! ഇപ്പോള്‍ ഔദ്യോഗിക തിലക പ്രതിഭാപ്പട്ടങ്ങള്‍ ഇല്ലെങ്കിലും മാധ്യമങ്ങള്‍ പോയന്റെണ്ണി അവരെ കണ്ടെത്തുകതന്നെ ചെയ്യും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, കഥകളി, നാടകം തുടങ്ങിയ ഇനങ്ങള്‍ക്കുമാത്രമല്ല; നേരത്തെ അന്തസ്സ്‌ കുറവായിരുന്ന പ്രസംഗം, പദ്യം ചൊല്ലല്‍, മോണോ ആകട്‌, മിമിക്രി തുടങ്ങിയവയ്‌ക്കുപോലും ഇന്ന്‌ പ്രൊഫഷണല്‍ പരിശീലകരുണ്ട്‌. പരിശീലകരോട്‌ ചേര്‍ന്നാണ്‌ എല്ലാ ഒന്നാംസമ്മാനക്കാരും ക്യാമറയുടെ മുന്നില്‍ എത്തുന്നത്‌. കുട്ടികളുടെ സ്വാഭാവികമായ കഴിവുകളുടെ പ്രകാശനമെന്ന നിലയിലുള്ള വിരലിലെണ്ണാവുന്ന ഇനങ്ങള്‍പ്പോലും ഇപ്പോള്‍ കലോത്സവങ്ങളില്ല. കലോത്സവേദികളില്‍ ചൊല്ലാന്‍ മാത്രം എഴുതപ്പെടുന്ന കവിതകളും അവയുടെ ഘനഗംഭീരമായ ആലാപനങ്ങളും സി.ഡി.യില്‍ തയ്യാര്‍. രചനാമത്സരങ്ങളില്‍ പ്രയോഗിക്കേണ്ട തന്ത്രളെക്കുറിച്ചുള്ള വിദഗ്‌ധോപദേശത്തിനും ആളുകളുണ്ട്‌. വിധികര്‍ത്താക്കളെ വീഴ്‌ത്താനുള്ള തന്ത്രങ്ങളാണ്‌ പരിശീലകരുടെ ആയുധപ്പുരയിലെ ബ്രഹ്മാസ്‌ത്രം.
ഓരോ അവതരണങ്ങളും അതുകൊണ്ടുതന്നെ ഇന്ന്‌ മുറുക്കിക്കെട്ടിയ നിലയിലാണ്‌. സ്വാഭാവികമായ ചലനമോ വാക്കോ വികാരങ്ങളോ ഒന്നിലുമില്ല. എല്ലാം പ്രൊഷണല്‍ സ്‌പാര്‍ശമുള്ളത്‌; മുറുകിയത.്‌ താക്കോല്‍ കൊടുത്തു വിട്ട പാവകളെപ്പോലെ ഒരു ചുവട്‌ മാറാതെ അവര്‍ ആടിത്തിമിര്‍ക്കും; പാടിക്കുളിര്‍ക്കും. ഒരു സാക്ഷാത്‌കാരത്തെ കലായാക്കുന്നതിലെ അപൂര്‍വ്വത, കൈക്കാര്യം ചെയ്യുന്ന വ്യക്തിയുടെ ആത്മാവിന്റെ മുദ്രകൂടി അത്‌ വഹിക്കുമ്പോഴാണ്‌. എന്നാല്‍ തന്റേതായ ഒന്നുമില്ലാത്ത ഒരു കുട്ടിയെ സമ്പത്തിന്റെ ബലത്തില്‍ നിരന്തര പരിശീലനത്തിലൂടെ പ്രതിഭയാക്കിയെടുക്കുന്ന, പുഴുവിനെ പൂമ്പാറ്റയാക്കുന്ന വിദ്യ സ്‌കൂള്‍ കലോത്സവത്തിന്റെ കണ്ടുപിടുത്തമാണ്‌.

എന്തിനും ഏതിനും പരിശീലകരെ ലഭിക്കുന്ന അവസ്ഥയാണ്‌ ചില പ്രത്യേക വിഭാഗങ്ങളെ പരിഗണിക്കാനായി ഉള്‍പ്പെടുത്തിയ ഇനങ്ങള്‍ക്ക്‌ (തമിഴ്‌, കന്നട ഇവ മാതൃഭാഷയായുള്ളവര്‍ക്കുള്ള പദ്യപരായണം, വടക്കേ മലബാറിലെ അനുഷ്‌ഠാനകലാരൂപമായ പൂരക്കളി മുതലായവ), വിഭാഗമോ ദേശമോ ഒന്നുമില്ലാതെ മറ്റേതൊരു ഇനത്തേയുംപോലെ കൈയാങ്കളിവരെയെത്തുന്ന വാശിയേറിയ മത്സരയിനമായി സംസ്ഥാനതലത്തില്‍ സ്ഥാനം നേടിക്കൊടുത്തത്‌. അത്യുത്തര കേരളത്തിലെ പൂരോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന പൂരക്കളിക്ക്‌, ഇവിടുത്തെ പൂരമോ പാടുന്നപാട്ടിലെ സാംസ്‌കാരിക ചിഹ്നങ്ങളോ ഒന്നും പരിചയമില്ലാത്ത, കോട്ടയത്തേയും ഇടുക്കിയിലേയും കുട്ടികള്‍ ഒന്നാംസ്ഥാനം നേടുന്നതും (അവരുടെ ഭാഷയില്‍ തുള്ളിക്കളി), ഒരിക്കല്‍ മത്സരിക്കാന്‍ ആളില്ലാതിരുന്ന തമിഴ്‌, കന്നട പദ്യം ചൊല്ലലുകളെ കലോത്സവതാരങ്ങളുടെ ഇഷ്‌ടഇനമായി മാറ്റിയതും പരിശീലകരുടെ അപദാനകഥകളില്‍ ചിലതുമാത്രം. തനിമയുള്ള കലാരൂപങ്ങളെ അതിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിന്നകറ്റി അഞ്ചും പത്തും മിനിറ്റിലൊതുക്കി കച്ചവടം ചെയ്യുമ്പോള്‍, ഒരു ജനതയുടെ കൂട്ടായ്‌മയേയും അതിലുടെ അവര്‍ വളര്‍ത്തിയെടുത്ത ചുവടുകളെയും താളങ്ങളെയും വായ്‌ത്താരികളെയുമാണ്‌ വിറ്റുതിന്നുന്നതെന്ന്‌ ഇവര്‍ അറിയുന്നില്ല. ഓരോ കലാരൂപത്തിനും അതിന്റേതായ തുടക്കവും വളര്‍ച്ചയും സമാപനവും അവതരണത്തിലുണ്ടാവും കലോത്സവങ്ങള്‍ക്കാവശ്യം ഇതില്‍ നടുക്കഷണം മാത്രമാണ്‌. മുന്‍പിന്‍ ബന്ധമില്ലാത്തതും എന്നാല്‍ മാംസളവുമായ ഈ നടുക്കഷണമാണ്‌ ഒരു കലാരൂപമെന്ന നിലയില്‍, അത്‌ പ്രചാരത്തിലില്ലാത്ത മറ്റിടങ്ങളില്‍ അറിയപ്പെടുന്നത്‌. സമ്മാനം മാത്രം ലക്ഷ്യമാകുമ്പോള്‍ സ്വാഭാവികമായും അയഞ്ഞ ഭാഗങ്ങള്‍ക്ക്‌ പഥ്യം കുറയുകയും വിധികര്‍ത്താക്കളെ പിടിച്ചിരുത്താനുള്ള ചുവടുകള്‍ക്കും താളങ്ങള്‍ക്കും രസങ്ങള്‍ക്കും പ്രിയമേറുകയും ചെയ്യും. മാത്രമല്ല,സമ്മാനം വാങ്ങിച്ചുകൊടുത്താല്‍ മാത്രമേ കരാര്‍ പ്രകാരം ഉറപ്പിച്ച മുഴുവന്‍ തുകയും പരിശീലകന്‌ ലഭിക്കു.



കല സംഘാടനത്തിനുവേണ്ടി:

സ്‌കൂള്‍ തലം മുതലുള്ള കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനായി എത്രമാത്രം പണവും മനുഷ്യാധ്വാനവും ചെലവഴിക്കുന്നണ്ടെന്നാലോചിച്ചിട്ടുണ്ടോ? കുട്ടികളുടെ ആവശ്യത്തിനായി സ്‌കൂളില്‍ ചെലവിടുന്ന ഏറ്റവും വലിയ തുക കലോത്സവവുമായി ബന്ധപ്പെട്ടാണ്‌. സംസ്ഥാനയുവജനനോത്സവം കഴിഞ്ഞെത്തുമ്പോഴേക്കും പല സ്‌കൂളുകളുടേയും കലോത്സവ ഫണ്ട്‌ രണ്ടും മൂന്നും ലക്ഷം കഴിഞ്ഞിട്ടുണ്ടാവും. സ്‌കൂള്‍തലത്തില്‍ തന്നെ വിശാലമായ പന്തല്‍, ലൈറ്റ്‌& സൗണ്ട്‌, മേക്കപ്പ്‌, വാടകയ്‌ക്കെടുക്കുന്ന വസ്‌ത്രങ്ങള്‍, വാങ്ങിക്കൂട്ടുന്ന ഫാന്‍സി ഇനങ്ങള്‍..മിക്ക സ്‌കൂളുകള്‍ക്കും പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയ്‌ക്കുള്ളതുക ഇവിടെത്തന്നെ ചെലവാകും. ഓരോ രക്ഷകര്‍ത്താവും പരിശീലനത്തിനും മറ്റും ചെലവിടുന്ന പണം ഇതിനുപുറമെയാണ്‌. സബ്‌ജില്ലാ, ജില്ലാ യുവജനോത്സവങ്ങളുടെ ബഡ്‌ജറ്റ്‌ പത്ത്‌ ലക്ഷത്തിനടുത്തുവരും. സംസ്ഥാനയുവജനോത്സവത്തിന്‌ കോടിയിലധികവും. ഓരോ ഘട്ടത്തിലും, ഇത്‌ എന്തിനാണ്‌ ?ഇതിന്റെ പ്രയോജനമെന്താണ്‌ ?എന്നൊന്നും ആലോചിക്കാതെ അതതുപ്രദേശത്തെ ജനങ്ങള്‍ രാപ്പകല്‍ അധ്വാനിച്ചാണ്‌ കലോത്സവം ഗംഭീര വിജയമാക്കിത്തീര്‍ക്കുന്നത്‌. സ്‌കൂളില്‍ കലോത്സവ കാര്യങ്ങളില്‍ താത്‌പര്യമെടുക്കുന്ന അധ്യാപകര്‍ക്ക്‌ നഷ്‌ടപ്പെടുന്ന ക്ലാസുകളെത്ര! ഗ്രൂപ്പ്‌ ഇനങ്ങളുടെ പരിശീലനത്തിനായി കലോത്സവംമടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ ക്ലാസുകള്‍ നടക്കാറേയില്ല. ഒക്‌ടോബര്‍, നവമ്പര്‍ മാസങ്ങളിലെ എല്ലാ സ്‌കൂള്‍ പ്രവര്‍ത്തനവും കലോത്സവത്തെ ചുറ്റിപ്പറ്റിയാണ്‌.

സംഘടാനമികവിന്റെ അടിസ്ഥാനത്തിലാണ്‌ സബ്‌ജില്ല മുതല്‍ സംസ്ഥാനതലം വരെയുള്ള കലോത്സവങ്ങള്‍ വിജയമാണോ പരാജയമാണോ എന്ന്‌ വിലയിരുത്തപ്പെടുന്നത്‌. സബ്‌ജില്ല മുതല്‍ വിവിധ സബ്‌കമ്മറ്റികളുടെ ചുമതല അധ്യാപകസംഘടനകള്‍ക്കാണ്‌. പ്രോംഗ്രാം, ദക്ഷണം എന്നീ അഭിമാനക്കമ്മറ്റികള്‍ പ്രബല അധ്യാപക സംഘടനകള്‍ വര്‍ഷതോറും വീതം വെക്കാറാണ്‌ പതിവ്‌. ശേഷിക്കുന്ന കമ്മറ്റികള്‍ ദുര്‍ബലവിഭാഗങ്ങള്‍ നോക്കിക്കൊള്ളും. ആരുടെയൊക്കെയോ ദയാദാക്ഷിണ്യം കൊണ്ട്‌ വീണുകിട്ടിയ അംഗീകാരത്തിന്റെ ബലത്തില്‍ നിലനില്‌ക്കുന്ന ഈര്‍ക്കിലി സംഘടനകള്‍ക്ക്‌ ആളും അര്‍ത്ഥവും കുട്ടാനുള്ള സുവര്‍ണാവസരമാണ്‌ കലോത്സവ നടത്തിപ്പ്‌. കമ്മറ്റികളുടെ ചുമതലകളുള്ള അധ്യാപക സംഘടനകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കുട്ടികളെയാണ്‌ പലപ്പോഴും ബാധിക്കാറുള്ളത്‌. തങ്ങളുടെ സംഘടനാബലത്തിന്റെയും സംഘടകമികവിന്റെയും കൊടിയടയാളമായി കലോത്സവ നടത്തിപ്പിനെ കാണുമ്പോള്‍ പലപ്പോഴും അയവില്ലാത്തതും കര്‍ക്കശവുമായ നിലപാടിലേക്ക്‌ അവര്‍ എത്തപ്പെടുന്നു. വിജയത്തിന്റെ അടിസ്ഥാനം അതാണ്‌. ഒരുങ്ങിയിറങ്ങിയ കുട്ടിയുടെ പ്രകടനത്തേക്കാള്‍ പ്രധാനം നിശ്ചയിച്ച സമയത്ത്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്നതാണ്‌, യോഗ്യരായ വിധികര്‍ത്താക്കളെകൊണ്ടു വരിക എന്നതിനുപകരം വിശ്വസ്‌തരായവരെ വിളിക്കുക എന്നതാണ്‌.

കലോത്സവങ്ങളുടെ ഇര:

കലോത്സവങ്ങളെപ്പോലെ കുട്ടികളില്‍ സംഘര്‍ഷം സൃഷ്‌ടിക്കുന്ന മറ്റൊന്നും സ്‌കൂളുകളില്‍ ഇന്നുണ്ടെന്നു തോന്നുന്നില്ല. അമിതമായ ഉത്‌കണ്‌ഠകള്‍ കുട്ടികളുടെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ,്‌ നിലനിന്നുപോന്നിരുന്ന മൂന്ന്‌ പരീക്ഷകളെ രണ്ടാക്കിചുരുക്കാന്‍ പോലും സര്‍ക്കാറിനെ പ്രേരിപ്പിച്ചത്‌. കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വിവിധഘട്ടങ്ങളില്‍ അനുഭവിക്കുന്ന ഭീകരമായ സംഘര്‍ഷങ്ങളുമായി താരതമ്യം ചെയ്‌താല്‍ പരീക്ഷപ്പേടി വെറും ഉമ്മാക്കി മാത്രം. കലോത്സവവേദിയുടെ അരങ്ങില്‍ നിന്നും അണിയറയില്‍ നിന്നും മാത്രമല്ല, ഒരു ഇനത്തിന്റെ പരിശീലനം ആരംഭിക്കുന്ന ദിവസം മുതല്‍ കുട്ടി ഇതിന്‌ വിധേയനാണ്‌ വിധേയയാണ്‌. അക്കാദമിക്‌ മികവില്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ വരാന്‍ കഴിയാത്ത മധ്യവര്‍ഗ്ഗമാണ്‌, കുട്ടികളെ ഈ ബഢവാഗ്‌നിയിലേക്ക്‌ തള്ളിവിടുന്നത്‌. സ്‌കൂളിലെ അധ്യാപകരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്ന പൊങ്ങച്ചം ഭാഗ്യമുണ്ടെങ്കില്‍ സംസ്ഥാന തലം വരെ കൊണ്ടുപോകാവുന്നതാണ്‌.

പക്കമേളക്കാരുടെ താന്‍ പോരിമയ്‌ക്ക്‌ മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞെങ്കിലും, മൈക്ക്‌ സെറ്റ്‌കാരന്റെ ലോക്കല്‍ പ്ലെയറില്‍ എപ്പോഴും നിന്നുപോകാവുന്ന സി.ഡി. നൃത്ത ഇനത്തിലെ കുട്ടിക്ക്‌ നല്‍ക്കുന്ന ഉത്‌കണ്‌ഠ വിവരണാധീതമാണ്‌. എത്രകഴിവുണ്ടെങ്കിലും സ്‌കൂളില്‍ത്തന്നെ പരിശീനം ഏര്‍പ്പെടുത്തിയ ഇനങ്ങളില്‍ പങ്കാളികളാവണമെങ്കില്‍ ഓരോ കുട്ടിയും നിശ്ചിതതുക കണ്ടെത്തിയേ പറ്റൂ. കഴിവും താത്‌പര്യവും കൊണ്ടുമാത്രം ഏതെങ്കിലും ദരിദ്രനായ ഒരു കുഞ്ഞ്‌ ഈ ഇനത്തില്‍പെട്ടുപോയിട്ടുണ്ടങ്കില്‍ അവന്‍ അനുഭവിക്കേണ്ടി വരുന്ന അപമാനം ഭീകരമായിരിക്കും. മിക്ക പരിശീലകരുടേയും ഭാവവും ഭാഷയും സര്‍ക്കസ്സിലെ മൃഗശിക്ഷകന്‍മാരില്‍ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ല. പത്ത്‌ രൂപ കുട്ടികളുടെ പരിപാടിക്കായി സംഭവന ചെയ്യണമെന്ന ചര്‍ച്ച സ്റ്റാഫ്‌ റൂമില്‍ എത്തിയാല്‍, `കാശുള്ളവരെ കുട്ടിയാല്‍മതി, ഇതൊന്നും സ്റ്റാഫിന്റെ ചുലതലയല്ലെന്ന്‌' എടുത്തടിക്കുന്ന സാറമ്മാരാണല്ലോ മിക്കയിടത്തും. ആരുടെ താത്‌പര്യങ്ങള്‍ക്കാണ്‌ നമ്മുടെ സ്‌കൂള്‍ കലോത്സവത്തില്‍ മുന്‍തൂക്കം എന്ന്‌ ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്‌. ഏറ്റവും ചുരുക്കത്തില്‍ എന്തായാലും അത്‌ കുഞ്ഞുങ്ങളുടേതല്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. വേദികള്‍ക്കുപിന്നിലും പ്രോംഗ്രാം കമ്മറ്റി ഓഫീസിലും പൊട്ടിച്ചിതറുന്ന കണ്ണീരിന്റെ പരലുകള്‍ക്ക്‌ വര്‍ഷം കഴിയുന്തോറും വര്‍ദ്ധന മാത്രമേ ഉണ്ടാകുന്നുള്ളൂ. നിസ്സാരമായ പിഴവുകള്‍ക്കുകൂടി ഇവിടെ ശിക്ഷ കനത്തതാണ്‌. സാങ്കേതികമായി വരുന്ന എല്ലാ പിഴവിന്റെയും രക്തസാക്ഷി കുഞ്ഞുങ്ങളാണ്‌. രാത്രി വൈകിവരെ നീളുന്ന അവതരണങ്ങള്‍, വേഷവും മേക്കപ്പുമിട്ട്‌, മറ്റ്‌ ചിലപ്പോള്‍ മേക്കപ്പ്‌ മുഴുമിപ്പിക്കും മുമ്പേ സ്റ്റേജിലേക്കുള്ള ഓട്ടം (തിരക്കില്‍ ഉടുത്ത കെട്ടിയ വേഷ്‌ടിയും മുണ്ടും അഴിഞ്ഞു വീഴുമോ എന്നതിലല്ലാതെ തിരുവാതിരക്കളിയുടെ പാട്ടിലോ താന്‍ ശ്രദ്ധിച്ചേയില്ലെന്ന്‌ ഒരു കുട്ടിയുടെ സാക്ഷ്യം), ചാക്യാര്‍കൂത്തിന്റെ വേഷമഴിക്കാതെ അറബിപദ്യം ചൊല്ലാനുള്ള ജാള്യത, അര്‍ഹതയുടെ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനങ്ങള്‍, ചിലപ്പോള്‍ കാരണ്യം തേടി ഹൈക്കോടതിവരെയുള്ള യാത്ര... ഇതിലും തീക്ഷ്‌ണമായ സങ്കടങ്ങളിലേക്ക്‌ ഒരു കുട്ടിയെ കലോത്സവത്തിനല്ലാതെ മറ്റെന്തിന്‌ തള്ളിവിടാനാകും.

കലാപ്രകടനങ്ങള്‍ക്കുള്ള വേദിയെന്ന നിലയില്‍ ഇന്ന്‌ ആരെങ്കിലും കലോത്സവവേദികളെ പരിഗണിക്കാറുണ്ടോ? ആരാണ്‌ സബ്‌ ജില്ലാ, ജില്ലാ, സംസ്ഥാനകലോത്സവങ്ങളിലെ പ്രേക്ഷകര്‍? വേദികളില്‍ നിന്നും വേദികളിലേക്കുള്ള മത്സരാര്‍ത്ഥികളുടേയും അകമ്പടിക്കരുടേയും ഓട്ടത്തിനിടയില്‍ ഏകാഗ്രമായി നടക്കേണ്ട കലാസ്വാദനത്തിന്‌ ആര്‍ക്കാണ്‌ നേരം. തങ്ങളുടെ ഊഴമാകാന്‍ കാത്തിരിക്കുന്ന കുറേ കുട്ടികളും അവരൊത്തുവന്ന രക്ഷകര്‍ത്താക്കളും അധ്യാപകരുമല്ലാതെ ആരാണ്‌ വേദികള്‍ക്കുമുന്നില്‍ ഉള്ളത്‌. അവര്‍ അന്വേഷിക്കുന്നതാവട്ടെ തങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ മെച്ചമാണോ ഇത്‌? ഇവര്‍ക്ക്‌ വല്ല ചുവടും പിഴക്കുന്നണ്ടോ? ആര്‍ക്കാവും സമ്മാനം? എന്നതുമാത്രം. മാധ്യമപ്രവര്‍ത്തകരും, അവതരണമികവിനപ്പുറം, ബൈലൈന്‍ സ്റ്റോറിയായി വല്ലതും കിടയ്‌ക്കുമോ എന്ന കഴുകന്‍ കണ്ണുകളുമായാണ്‌ വേദിക്കരികിലൂടെ പറന്നു നടക്കുന്നത്‌. കലോത്സവത്തിന്റെ പേരില്‍ അല്ലാതെ, കലയുമായി ബന്ധപ്പെട്ട മറ്റൊന്നിനും- അത്‌ കല പകരുന്ന അനുഭൂതികളാവട്ടെ, മറ്റെന്തുമാവട്ടെ- ഈ സര്‍വ്വേ നമ്പറില്‍ പ്രവേശനമില്ലെന്ന കാര്യം ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും- കുട്ടികള്‍ക്കൊഴികെ -ഇന്നറിയാം.

ക്രേന്ദീകരിച്ചുള്ള കലോത്സവങ്ങള്‍ പ്രസക്തമായ ഭൂതകാലത്തില്‍ നിന്നും ഭിന്നമാണ്‌ ഇന്നത്തെ സാധ്യതകളും പഠനത്തോടുള്ള നമ്മുടെ സമീപനവും. കുട്ടികളുടെ സര്‍ഗാത്മകമായ മികവുകളെ അന്ന്‌ ക്ലാസ്‌ മുറിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. കാണാപ്പാഠം പഠിക്കലും ആവര്‍ത്തിച്ചുറപ്പിക്കലും മുറജപമായിരുന്ന അക്കാലത്ത്‌ ഇത്തരം വേദികള്‍ക്ക്‌ പ്രതിഭകളുടെ അവതരണസ്ഥലങ്ങളെന്ന നിലയ്‌ക്ക്‌ സാംഗത്യമുണ്ടായിരുന്നു. അന്ന്‌ യുവജനോത്സവ വിജയികള്‍ക്ക്‌ ഗ്ലാമറോ, മുന്‍പേജിലെ കളര്‍ചിത്രമാവാനുള്ള യോഗമോ, സിനിമ/സീരിയല്‍ സ്വപ്‌നങ്ങളോ, ഗ്രേസ്‌ മാര്‍ക്കുകളോ, പ്രൊഷണല്‍ സീറ്റുകളിലെ സംവരണമോ ഉന്നമല്ലായിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ കൊട്ടിഘോഷിക്കപ്പെട്ട്‌ നടത്തപ്പെടുന്ന മേളകളിലല്ല സ്‌കൂളിലെ സര്‍ഗാത്മകതയുടെ മുളകള്‍ അന്വേഷിക്കേണ്ടത്‌. ക്ലാസ്‌മുറിക്കകത്തും പുറത്തും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന എത്രയോ ചെറിയ ചെറിയ ആഘോഷങ്ങള്‍, ദിനാചരണങ്ങള്‍, ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ സജീവമായ പങ്കാളിത്തവും ആവിഷ്‌കരണങ്ങളും പ്രതിഭയുടെ തിളക്കമല്ലെങ്കില്‍ പിന്നെന്താണത്‌? ഭാഷാ ക്ലാസുമുറികളില്‍ നടക്കേണ്ടുന്ന രചനാപ്രവര്‍ത്തനങ്ങള്‍, ആടാനും പാടാനുമുള്ള നിരന്തരമായ സന്ദര്‍ഭങ്ങള്‍, ശാസ്‌ത്ര സാമൂഹിക ശാസ്‌ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കുന്ന ഉത്‌പന്നങ്ങള്‍, കണ്ടെത്തലുകള്‍ ഇവയിലൊക്കെക്കൂടിയും ഒരു കുട്ടിയുടെ സര്‍ഗാത്മകതയുടെ ആഴം കണ്ടെത്താന്‍ സ്‌കൂളില്‍ കഴിയില്ലേ? ഭീമമായ പണചെലവോ, നിരവധി വര്‍ഷം നിണ്ടുനില്‍ക്കുന്ന.പരിശീലനമോ ഇവിടെ വിജയിയെ നിശ്ചയിക്കുന്നതിന്‌ അടിസ്ഥാനമാകുന്നില്ല. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ വിശ്വാസത്തിലെടുക്കാനും ഏറ്റെടുക്കാനും നമുക്ക്‌ കഴിയുമോ എന്നതാണ്‌ ചോദ്യം ഇങ്ങനെ കണ്ടെത്തുന്ന പ്രതിഭകളുടെ സര്‍ഗാത്മകായ ആവിഷ്‌കാരത്തിന്‌, നാം കെട്ടിപ്പൂട്ടിവെച്ച സ്‌കൂള്‍ വാര്‍ഷികങ്ങളെ ഒന്ന്‌ മിനുക്കിയെടുക്കുകയേ വേണ്ടതുള്ളൂ. വാര്‍ഷികാഘോഷങ്ങളും നാടിന്റെ ഉത്സവങ്ങളാവട്ടെ. അവിടെ മത്സരങ്ങളില്ല. തെരഞ്ഞെടുപ്പില്ല. പ്രതിഭാപട്ടമില്ല. രക്ഷകര്‍ത്താക്കളും നാട്ടുകാരും സമീപസ്‌കൂളിലെ കുട്ടികളും സ്‌കൂളിലെത്തട്ടെ. മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ അവര്‍ ഉല്ലാസത്തോടെ അവരുടെ സര്‍ഗാത്മകതയ്‌ക്ക്‌ ചിറകുനല്‍കുക തന്നെ ചെയ്യും.


1 അഭിപ്രായം:

  1. ബ്ലോഗന വായിച്ചിരുന്നു.. അഭിനന്ദനങ്ങൾ. ആ ബ്രെന്നൻ കോളേജ്‌ പോസ്റ്റ്‌ വായിച്ചപ്പോളാണു ആളെ മനസ്സിലായതു. പ്രേമേട്ടൻ ചെയർമേനായിരുന്ന അതെ യൂനിയാനിലുണ്ടായിരുന്ന ഒരു പ്രീഡിഗ്രി പ്രതിനിധി..

    മറുപടിഇല്ലാതാക്കൂ