വട്ടേന്‍തിരിപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വട്ടേന്‍തിരിപ്പ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015 ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

വജ്ദയുടെ പ്രതിരോധങ്ങള്‍


എല്ലാ നല്ല ചലച്ചിത്രങ്ങളേയും ഏതെങ്കിലും തരത്തില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാവുന്നതാണ്. കാരണം പുതിയ കാലത്തും സിനിമതന്നെയാണ് സാമൂഹിക വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്നത്. ചലച്ചിത്രങ്ങളെ അറിവുനിര്‍മ്മാണപ്രക്രിയയുടെ ഏറ്റവും സാധ്യതയുള്ള ഉപകരണമായി തിരിച്ചറിഞ്ഞുകൊണ്ടാണ് അവയ്ക്ക് ഇന്ന് ക്ലാസ് മുറികളിലടക്കം സുപ്രധാന സ്ഥാനം നല്‍കിവരുന്നത്. ലോകത്തിലെ മികച്ച പല ചിത്രങ്ങളും നേരിട്ട് വിദ്യാഭ്യാസത്തെ തന്നെ പ്രമേയമാക്കിയിട്ടുമുണ്ട്. വിദ്യാഭ്യാസ സിനിമകള്‍ എന്ന് വിഭാഗം തിരിച്ച് രേഖപ്പെടുത്താന്‍ മാത്രം എണ്ണപ്പെട്ട ചിത്രങ്ങള്‍ ഈ വഴിയില്‍ ഉണ്ടായിട്ടുണ്ട്. ത്യാഗപൂര്‍ണ്ണമായ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍, അതിലുള്‍പ്പെട്ടവര്‍ തമ്മിലുള്ള അതിശക്തമായ ഹൃദയ ബന്ധങ്ങള്‍, ആത്മസമര്‍പ്പണം തന്നെ നടത്തി ശരിയായ പാതകളിലേക്ക് പഠിതാക്കളെ നയിക്കുന്നവര്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ എന്നിങ്ങനെയുള്ള പ്രമേയങ്ങളാണ് ഇവയില്‍ ചിലതിനെങ്കില്‍ വിദ്യാഭ്യാസമെന്ന മര്‍ദ്ദകോപകരണം എങ്ങിനെയാണ് വിദ്യാര്‍ത്ഥികളെയും അതിലുള്‍പ്പെട്ട മറ്റുള്ളവരെയും ഭീകരമായി തകര്‍ത്തുകളയുന്നതാണ് മറ്റുചില ചിത്രങ്ങളുടെ പ്രമേയം. 2013 ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി നോമിനേഷന്‍ ലഭിച്ച സൗദി അറേബ്യന്‍ സിനിമയായ 'വജ്ദ', സ്‌കൂളിനെയും അതുദ്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും അതില്‍ അന്തര്‍ഭവിച്ച കാപട്യങ്ങളെയും വളരെ ലളിതമായി തുറന്നുകാട്ടിക്കൊണ്ടാണ് സമീപകാല ലോകസിനിമയില്‍ സുപ്രധാനമായ സ്ഥാനം നേടിയത്.

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വഴികാട്ടി മാത്രമല്ല. അത് സ്വയം സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനവും ആണ്. ബാറ്റില്‍ഷിപ് പൊട്ടൈംകിന്‍ ലോകത്തെമ്പാടുമുള്ള പോരാളികളുടെ ആവേശമാണെങ്കില്‍ വജ്ദ പോലുള്ള ചിത്രങ്ങള്‍ സ്വയം സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കുകയാണ്. എവിടെയാണോ അടിച്ചമര്‍ത്തലുകളും നിയന്ത്രണങ്ങളും മനുഷ്യന്റെ അസ്തിത്വത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത് അവിടങ്ങളില്‍ അങ്ങേയറ്റം അപകടകരമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ട് ചലച്ചിത്ര പ്രതിഭകള്‍ സിനിമയെന്ന മാധ്യമത്തെ സ്വാതന്ത്ര്യത്തിന്റെ അപരലോകം കാട്ടികൊടുക്കാന്‍ എങ്ങിനെ പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ സമീപകാല നിദര്‍ശനം കൂടിയാണ് വജ്ദ.

ചലച്ചിത്രനിര്‍മ്മാണത്തിനും പ്രദര്‍ശനത്തിനും ഏറെ വിലക്കുകള്‍ ഉള്ള രാജ്യമാണ് സൗദി അറേബ്യ. ഇന്നും സജീവമായ ഒരു സിനിമാതിയേറ്റര്‍ പോലും അവിടില്ല. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് സൗദി സംവിധായകരുടെതായി പുറത്തുവന്നത്. പൊതുസ്ഥലങ്ങളില്‍ വെച്ച് സിനിമ ചിത്രീകരിക്കുന്നതിനും അവിടെ അനുവാദം ലഭിക്കില്ല. സ്ത്രീകള്‍ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നതിനും ഏറെ വിലക്കുകള്‍ ഉണ്ട്. ഈ പരിമിതികളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഹൈഫ അല്‍ മണ്‍സൂര്‍ എന്ന യുവ സംവിധായിക, അവര്‍ രാജ്യത്തെ ആദ്യവനിതാ സംവിധായിക കൂടിയാണ്, വജ്ദ എന്ന ഹൃദ്യമായ ചലച്ചിത്രം ഒരുക്കിയത്. അതീവ ലളിതമായ ഒരു പ്രമേയം തികച്ചും അനാര്‍ഭാടമായി പറയുന്നതിനിടയില്‍ തന്നെ ആ രാജ്യത്ത് നിലനില്‍ക്കുന്ന സ്ത്രീകള്‍ക്കെതിരായ കാഴ്ചപ്പാടുകളെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപചയത്തെയും സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. പുരുഷന്മാരടക്കമുള്ള അഭിനേതാക്കള്‍ക്ക് ഒരു സ്ത്രീ നിര്‍ദ്ദേശങ്ങള്‍കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതിനാലും പൊതുസ്ഥലങ്ങളിലെ സിനിമാ ചിത്രീകരണം നിരോധിക്കപ്പെട്ടതായത് കൊണ്ടും ഒരു വാനില്‍ മറഞ്ഞിരുന്നു വാക്കി ടോക്കിയില്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്താണ് ഈ ചിത്രം ഹൈഫ അല്‍ മണ്‍സൂര്‍ ഷൂട്ട് ചെയ്തത് എന്ന് കൂടി അറിയുമ്പോഴേ ഒരു സമരായുധമായ സിനിമ എന്ന നിലയില്‍ വജ്ദയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ.

റിയാദില്‍ താമസിക്കുന്ന വജ്ദ എന്ന പതിനൊന്നു വയസ്സുകാരിയുടെ സ്വപ്‌നങ്ങളെയും  അവള്‍ അഭിമുഖീകരിക്കുന്ന സാമൂഹിക യാഥാര്‍ഥ്യങ്ങളെയും ആണ് ഈ സിനിമ ലളിതമായി പകര്‍ത്തുന്നത്. മദ്രസയില്‍ മതപാഠങ്ങള്‍ കൂട്ടമായി ഉരുവിടുന്ന കുട്ടികളില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഈ ഏറ്റുചൊല്ലലില്‍ വജ്ദയ്ക്കുള്ള മടുപ്പ് അവളുടെ ചെറിയ ചലനങ്ങളിലൂടെ വ്യക്തമാക്കിക്കൊണ്ടാണ് സംവിധായിക തന്റെ കഥാപാത്രത്തിന്റെ റിബല്‍ സ്വഭാവം തുടക്കത്തിലെ നമ്മെ ബോധ്യപ്പെടുത്തുന്നത്. അവളുടെ കാന്‍വാസ് ഷൂവിനെയും സൂക്ഷ്മതയോടെ നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള സ്‌കൂള്‍ ഷൂസുകളാണ് മറ്റെല്ലാവരും അണിയുന്നതെങ്കില്‍ ആണ്‍കുട്ടികള്‍ അണിയുന്നതരം ക്യാന്‍വാസ് ഷൂസാണ് വജ്ദ ധരിക്കുന്നത്. പിന്നീട് ഈ ഷൂസ് ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് പ്രിന്‍സിപ്പാള്‍ അവളോട് കര്‍ക്കശമായി പറയുന്നുമുണ്ട്. അപ്പോഴും വജ്ദ തന്റെ ഷൂസ് മാറ്റുന്നില്ല. മറ്റുകുട്ടികളുടെത് പോലെയാകാന്‍ അവള്‍ അതില്‍ കറുപ്പ് മഷിതേക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ഈ ഷൂസിനെയാണ് സംവിധായിക മുഖ്യമായും പ്രയോജനപ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്‌കൂളില്‍ നിന്ന് ചെറിയ തെറ്റുകള്‍ക്ക് പോലും ലഭിക്കുന്ന വലിയ ശിക്ഷകള്‍ സിനിമയുടെ തുടക്കം മുതലേ സംവിധായിക കാട്ടിത്തരുന്നുണ്ട്. ശരിയാം വണ്ണം ഖുറാന്‍ വാക്യങ്ങള്‍ ഉരുവിടാന്‍ കഴിയാത്തതുകൊണ്ട് വജ്ദയെ സ്‌കൂളില്‍ പൊരിവെയിലത്ത് നിര്‍ത്തുകയാണ്. 'വിശ്വാസത്തിന്റെ വെളിച്ചത്തോടെ  എന്റെ ഹൃദയത്തെ ഞാന്‍ നിന്നിലേക്ക് ഉയര്‍ത്തുന്നു' എന്ന ഖുറാന്‍ വാക്യം കുട്ടികള്‍ ഉറക്കെ ചൊല്ലുമ്പോള്‍ വജ്ദ കത്തിക്കാളുന്ന ഉച്ചവെയിലിലേക്ക് തന്റെ കണ്ണുകള്‍ ഉയര്‍ത്തുകയാണ്.
വജ്ദയുടെ ഉമ്മ വീട്ടില്‍ നിന്നും വളരെ അകലെ ഒരു സ്‌കൂളിലാണ് ജോലിചെയ്യുന്നത്. ഉപ്പ ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ മാത്രമേ വീട്ടിലെത്തൂ. വീടിന്റെ അകത്തളങ്ങള്‍ ഒരു അമേരിക്കന്‍ വസതിയെന്നപോലെ ആധുനികമായ അടുക്കള ഉപകരണങ്ങളാലും കമ്പ്യൂട്ടര്‍ ഗെയിമുകളാലും പോപ് സംഗീതത്തിനാലും നിറഞ്ഞതാണ്. എന്നാല്‍ വീടിനു പുറത്തു മതത്തിന്റെ കര്‍ശനമായ വിലക്കുകളും നിയന്ത്രണങ്ങളും എല്ലാ ചലനങ്ങളെയും നിയന്ത്രിച്ചുകൊണ്ടുണ്ട്. അയല്‍വീട്ടിലെ അബ്ദുള്ളയാണ് വജ്ദയുടെ കൂട്ട്. അവളെ പരാജയപ്പെടുത്താന്‍ അബ്ദുള്ളയുടെ കയ്യില്‍ പ്രധാനപ്പെട്ട ഒരായുധമുണ്ട് അവന്റെ സൈക്കിള്‍. സൈക്കിളില്‍ വന്നു അവളുടെ ശിരോവസ്ത്രം തട്ടിപ്പറിക്കുകയും അവളെ പരിഹസിക്കുകയും ചെയ്യുന്നുണ്ട് അവന്‍. തനിക്കും ഒരു സൈക്കിള്‍ കിട്ടട്ടെ. അപ്പോള്‍ ഞാന്‍ നിന്നെ തോല്പ്പിച്ചിരിക്കും എന്ന് അവള്‍ ആത്മവിശ്വാസത്തോടെ അവനു മറുപടി കൊടുക്കുകയും ചെയ്യുന്നു. എന്തുതന്നെയായാലും ഞാന്‍ ഒരു സൈക്കിള്‍ സ്വന്തമാക്കുമെന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ച ഒരു രാജ്യത്ത് ഒരു പെണ്‍കുട്ടിക്ക് സൈക്കിള്‍ ലഭിക്കുക എന്നത് ക്ഷിപ്രസാധ്യമല്ല. എങ്കിലും അതിനായി അവള്‍ കഠിനമായി പ്രയാസപ്പെടാന്‍ തന്നെ തീരുമാനിക്കുന്നു.

സമീപത്തെ കടയില്‍ പുതുതായെത്തിയ സൈക്കിള്‍ അവളുടെ മനം കവരുന്നു. അത് മറ്റാര്‍ക്കും വില്‍ക്കാതിരിക്കാന്‍ അവള്‍ കടക്കാരനുമായി സൗഹൃദം സ്ഥാപിക്കുന്നു. സൈക്കിളിന്റെ വില 800 റിയാലാണ്. അമ്മയുടെ കയ്യില്‍ കുറച്ചു പണം ഇരിപ്പുണ്ടെന്ന് അവള്‍ക്കറിയാം. പക്ഷേ, പെണ്‍കുട്ടികള്‍ സൈക്കിള്‍ ഓടിക്കുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണ്. സൈക്കിള്‍ ഓടിക്കുന്ന പെണ്‍കുട്ടികള്‍ പിന്നീട് പ്രസവിക്കില്ല എന്നുവരെ അവര്‍ ധരിച്ചിട്ടുണ്ട്. ബാപ്പയും കുടുംബത്തിലെ മറ്റാളുകളും മാത്രമല്ല സമൂഹം തന്നെ തന്റെ മകളെ സൈക്കിള്‍ ഓടിക്കുകയാണെങ്കില്‍ ഒറ്റപ്പെടുത്തും എന്ന് അവര്‍ സത്യമായും ഭയക്കുന്നു. ഭീഷണികളും മുന്നറിയിപ്പുകളും അവളെ തളര്‍ത്തുന്നില്ല. നൂലുകള്‍ കൊണ്ട് ബ്രേസ്ലറ്റുകള്‍ ഉണ്ടാക്കിയും ഓഡിയോ കാസറ്റുകളില്‍ പാട്ടുകള്‍ മിക്‌സ് ചെയ്‌തെടുത്തും കൂട്ടുകാരികള്‍ക്ക് നല്‍കി അവള്‍ സ്വന്തമായി പണം സമ്പാദിക്കാന്‍ ആരംഭിക്കുന്നു. സ്‌കൂളിലെ കൂട്ടുകാരിയായ അബീറിനെ കുറച്ചു റിയാലുകള്‍ക്ക് വേണ്ടി അവള്‍ സഹായിക്കുന്നു. തന്റെ സഹോദരനെന്ന് പറഞ്ഞ ചെറുപ്പക്കാരന് അബീറിന്റെ പുറത്തു നടക്കാനുള്ള പാസ് വജ്ദ എത്തിച്ചുകൊടുക്കുന്നു. അത് അബീറിന്റെ സഹോദരന്‍ അല്ലായിരുന്നെന്ന് പിന്നീടാണ് മനസ്സിലാവുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹുസ്സായുടെ വീട്ടില്‍ ഒരു കള്ളന്‍ കയറാന്‍ ശ്രമിച്ച വാര്‍ത്ത ഇതിനിടയില്‍ കുട്ടികളില്‍ പരക്കുന്നുണ്ട്. അത് കള്ളനൊന്നുമല്ല അവരുടെ കാമുകനാണെന്ന് കുട്ടികള്‍ക്കെല്ലാവര്‍ക്കും അറിയാം. വ്യക്തിജീവിതത്തില്‍, രാത്രിയില്‍ സ്വന്തം വീട്ടിലേക്ക് കാമുകനെ വിളിച്ചു വരുത്തുന്ന അവര്‍ പക്ഷേ സ്‌കൂളില്‍ നടപ്പാക്കുന്നത് കര്‍ശനമായ മത/സദാചാര പാഠങ്ങളാണ്. ആണുങ്ങള്‍ കാണുന്നിടത്ത് പെണ്‍കുട്ടികള്‍ കളിക്കുന്നത് അവര്‍ വിലക്കുന്നു, പര്‍ദ്ദ ധരിക്കാതെ വരുന്നവരെ അവ ഇടീക്കുന്നു, ശബ്ദം താഴ്ത്തി സംസാരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുന്നു. ചിരിച്ചുകൊണ്ട് സ്‌കൂളിലേക്ക് കയറി വരുന്ന കുട്ടികളോട് ഒരിക്കല്‍ അവര്‍ പറയുന്നുണ്ട്, 'സ്ത്രീകളുടെ ശബ്ദം പുറത്തുള്ള പുരുഷന്മാര്‍ കേള്‍ക്കാന്‍ പാടില്ലെന്നത് നിങ്ങള്‍ മറന്നോ? എത്ര തവണ ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട്, ഒരു സ്ത്രീയുടെ ശബ്ദം എന്നത് അവളുടെ നഗ്‌നതയാണെന്ന്!' ക്ലാസ് മുറിയിലെ കര്‍ക്കശമായ ചിട്ടകള്‍, മതശാസനകള്‍ പുരോഹിതന്മാരേക്കാള്‍ നിഷ്ഠയോടെ സ്‌കൂളുകളില്‍ നടപ്പാക്കുന്നത്... എല്ലാം സൂക്ഷ്മമായി കാട്ടിത്തന്നുകൊണ്ട് രാജ്യത്തെ വിദ്യാഭ്യാസം എവിടെയാണ് നില്‍ക്കുന്നതെന്നാണ് ഹൈഫ അല്‍ മണ്‍സൂര്‍ തുറന്നുകാട്ടുന്നത്. അവിഹിതമായത് എന്തോ ചെയ്തു എന്ന സംശയത്താല്‍ രണ്ടു പെണ്‍കുട്ടികളെ വിചാരണ ചെയ്യുന്ന സന്ദര്‍ഭം സിനിമയിലുണ്ട്. അവര്‍ സ്‌കൂളിനു പിന്നിലിരുന്ന് നെയില്‍ പോളീഷ് ഇടുകയായിരുന്നു. പക്ഷേ, അത് അധ്യാപകരുടെ വ്യാഖ്യാനത്തില്‍ മറ്റെന്തൊക്കെയോ ആയി. സ്‌കൂള്‍ അസംബ്ലി വിളിച്ച് പ്രിന്‍സിപ്പാള്‍ പറയുന്നു, 'സ്‌കൂളെന്നാല്‍ അറിവിനൊപ്പം സദാചാരവും അഭ്യസിക്കാനുള്ള ഇടമാണ്. ഒരു പാപപ്രവൃത്തി ചെയ്യുമ്പോള്‍ രണ്ടു കുട്ടികളെ സ്‌കൂളിനു പിന്നില്‍ വെച്ച് പിടിക്കുകയുണ്ടായി. ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുന്നതിനായി, ഇനി മുതല്‍ പൂക്കള്‍ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ നിങ്ങളെ അനുവദിക്കുന്നതല്ല. അതുപോലെ, സ്‌നേഹവും ആരാധനയും പ്രകടിപ്പിച്ചുകൊണ്ടുള്ള കത്തുകളും. കൈകള്‍ ചേര്‍ത്തുപിടിക്കാനും ആരെയും ഇനിമുതല്‍ അനുവദിക്കുന്നതല്ല.' അതേസമയം വജ്ദയുടെ ക്ലാസില്‍ പഠിക്കുന്ന, മതത്തിന്റെയും സ്‌കൂളിന്റെയും ചിട്ടവട്ടങ്ങള്‍ അനുകിടതെറ്റാതെ പെരുമാറുന്ന സല്‍മ എന്ന പെണ്‍കുട്ടിയുടെ വിവാഹം ഇതിനിടയില്‍ കഴിയുന്നുണ്ട്. അവളുടെ വിവാഹ ഫോട്ടോകള്‍ നോക്കി ഖുറാന്‍ പഠിപ്പിക്കുന്ന അധ്യാപിക അവളെ അഭിനന്ദിക്കുകയാണ്. വരന്റെ വയസ്സ് അവളോട് ടീച്ചര്‍ തിരക്കിയപ്പോള്‍ നാണത്തോടെ അവള്‍ പറഞ്ഞു, ഇരുപത്. സ്‌കൂളില്‍ നിന്ന് ആണ്‍കുട്ടികള്‍ പഠിക്കുന്ന പാഠം വജ്ദയോട് സുഹൃത്തായ അബ്ദുള്ള പറയുന്നുണ്ട്. അരയ്ക്കു ചുറ്റും സ്‌പോടകവസ്തുക്കള്‍ കെട്ടിവെച്ച് പൊട്ടിച്ചു മരിച്ച ഒരു കുട്ടിയെക്കുറിച്ച് അവന്‍ അവളോട് പറഞ്ഞു. 'അവനു വട്ടാണ്. അതെത്രമാത്രം വേദനയുണ്ടാക്കുന്നതായിരിക്കും!' എന്ന് വജ്ദ അതിശയം പ്രകടിപ്പിച്ചു. 'ദൈവത്തിനുവേണ്ടിയാണ് മരിക്കുന്നതെങ്കില്‍ ഒരു സൂചികുത്തുന്ന വേദനയെ കാണൂ. അതിനുശേഷം അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയരും, മാത്രമല്ല 70 വധുക്കളെയും അവന് ലഭിക്കും!' മതം നേരിട്ട് വിദ്യാഭ്യാസത്തില്‍ ഇടപെടുന്നമ്പോള്‍ അത് എങ്ങിനെയെല്ലാം നമ്മുടെ സ്‌കൂളുകളെയും കുഞ്ഞുങ്ങളെയും മാറ്റിത്തീര്‍ക്കും എന്നുള്ളതിന്റെ എവിടെക്കുമുള്ള തെളിവുകളാണ് 'വജ്ദ' എടുത്തുകാട്ടുന്നത്.

വജ്ദയുടെ ഉമ്മ ഒന്നിനെയും ചോദ്യം ചെയ്യാന്‍ കെല്പില്ലാത്തവരും ഭര്‍ത്താവിന്റെ ഹിതത്തിനനുസരിച്ച് ജീവിക്കുന്നവരും ആണ്. ഉമ്മ ഇറങ്ങാനായി താമസിച്ചു എന്ന് പറഞ്ഞ് അവരെ ശകാരിക്കുന്ന കാര്‍ െ്രെഡവറോട് വജ്ദയാണ് ഉത്തരം പറയുന്നത്. പരപുരുഷന്‍മാരുടെ മുന്നില്‍ ഇറങ്ങാത്ത സദാചാരനിഷ്ഠയുണ്ട് അവര്‍ക്ക്. ദിവസവും തന്നെ കൊന്നുകളയുന്ന സ്‌കൂളിലേക്കുള്ള കഠിനമായ യാത്ര ഒഴിവാക്കാന്‍ കഴിയുന്ന, മാന്യമായ ജോലി വീട്ടിനടുത്ത് കിട്ടുവാനുള്ള ഒരവസരം അവരുടെ കൂട്ടുകാരി ഒരുക്കിക്കൊടുക്കുന്നുണ്ട്. എന്നാല്‍ അവിടെ ജോലിചെയ്യുമ്പോള്‍ അന്യപുരുഷന്മാരോട് സംസാരിക്കേണ്ടി വരും, അത് തന്റെ ഭര്‍ത്താവിന് ഇഷ്ടമാകില്ല എന്ന് പറഞ്ഞ് അവള്‍ അത് തട്ടിക്കളയുന്നു. അദ്ദേഹത്തിന് ഇഷ്ടമില്ലാത്തത് ഒന്നും ചെയ്യാന്‍ പാടില്ല എന്ന് വജ്ദയെ താക്കീത് ചെയ്യുന്നു. ഭര്‍ത്താവിനും കൂട്ടുകാര്‍ക്കും വേണ്ടി ഭക്ഷണം പാകം ചെയ്ത്, വാതിലിനിപ്പുറം വെച്ച് മടങ്ങുകയും അവരുടെ ഉച്ഛിഷ്ടം ഭുജിക്കുകയും ചെയ്യുന്നു. എന്നിട്ടും എന്തുകാര്യം? ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നില്ല എന്ന ന്യായവും പറഞ്ഞ്, അയാള്‍ക്കായി അയാളുടെ ഉമ്മ കണ്ടെത്തിയ യുവതിയെ വിവാഹം കഴിക്കാനായി അവരെ ഉപേക്ഷിച്ച് ദാക്ഷിണ്യമില്ലാതെ അയാള്‍ കടന്നുകളയുന്നു.

സ്‌കൂളിലെ 'റിലിജിയസ് ക്ലബ്ബിന്റെ' ആഭിമുഖ്യത്തില്‍ നടക്കുന്ന ഖുറാന്‍ പാരായണ മത്സരമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. മത്സര വിജയിക്ക് ആയിരം റിയാലാണ് സമ്മാനമായി ലഭിക്കുക എന്ന പ്രലോഭനത്താല്‍ വജ്ദയും അതില്‍ പങ്കെടുക്കാന്‍ പേര് നല്‍കുന്നു. അന്നുവരെ ഖുറാന്‍ അവളുടെ വിഷയമേ അല്ലായിരുന്നു. സൈക്കിളിനോടുള്ള അടക്കാനാവാത്ത അഭിനിവേശമാണ് കഠിനമായ പരിശീലനത്തിന് അവള്‍ക്ക് തുണയായത്. അടുക്കളയില്‍ മാത്രം പാടാന്‍ വിധിക്കപ്പെട്ട മനോഹരമായി പാടുന്ന ഉമ്മയുടെ സഹായവും അവള്‍ക്ക് ലഭിക്കുന്നുണ്ട്. താന്‍ കാസറ്റും ബ്രേസ്ലറ്റും ഉണ്ടാക്കി വിറ്റ് സമ്പാദിച്ച പണം കൊണ്ട് ഖുറാന്‍ പഠിക്കാന്‍ സഹായിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം അവള്‍ വാങ്ങി. വജ്ദയുടെ മാറ്റം പ്രിന്‍സിപ്പലിനെയും അധ്യാപകരെയും സന്തോഷിപ്പിക്കുന്നുപോലുമുണ്ട്. ഖുറാന്‍ പാരായണ മത്സരത്തില്‍ അവള്‍ വിജയിച്ചു. വജ്ദ സ്‌കൂളിന്റെ അഭിമാനമാണെന്നും അവള്‍ മറ്റുകുട്ടികള്‍ക്ക് മാതൃകയാണെന്നും പ്രിന്‍സിപ്പാള്‍ സമ്മാനദാന ചടങ്ങില്‍ പ്രസ്താവിക്കുന്നു. സമ്മാനമായികിട്ടിയ 1000 റിയാല്‍ കൊണ്ട് നീ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വേദിയില്‍ വെച്ച് തന്നെ പ്രിന്‍സിപ്പല്‍ വജ്ദയോട് ചോദിച്ചു. അവള്‍ക്ക് ആലോചിക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. 'അങ്ങാടിയില്‍ നിന്ന് താന്‍ ഒരു സൈക്കിള്‍ വാങ്ങിക്കാന്‍ പോകുന്നു. പഠിക്കുവാനുള്ള സൈഡിലുള്ള പെഡലുകള്‍ ഇല്ലാത്തത്. കാരണം താന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചുകഴിഞ്ഞു.' വേദിയിലും സദസ്സിലുമുള്ള മുഴുവാനാളുകളും സ്തംഭിച്ചുനില്‍ക്കെ, പതറാത്തതും അരുതാത്തതാണ് ചെയ്യുന്നതെന്ന കുറ്റബോധം ഇല്ലാത്തതും ആയ വാക്കുകളാല്‍ അവള്‍ തലയുയര്‍ത്തിത്തന്നെ പറഞ്ഞുനിര്‍ത്തി. കര്‍ക്കശമായ മതപാഠങ്ങളാല്‍ വിധേയരായ ഒരു തലമുറയെ കെട്ടിപ്പടുക്കാനുള്ള തന്റെയും വിദ്യാഭ്യാസമെന്ന വ്യവസ്ഥയുടെയും തന്നെ താത്പര്യങ്ങളുടെ കോട്ടകളെയാണ് ചങ്കൂറ്റത്തോടെ ഒരു കൊച്ചുപെണ്‍കുട്ടി പൊളിച്ചടുക്കതെന്ന് പ്രിന്‍സിപ്പലിന് അറിയാമായിരുന്നു. അവളുടെ ആഗ്രഹങ്ങളെ ചവിട്ടിയരച്ചുകൊണ്ട് അവര്‍ പ്രഖ്യാപിക്കുന്നു, 'സൈക്കിള്‍ പെണ്‍കുട്ടികളുടെ കളിപ്പാട്ടമേ അല്ല. പ്രത്യേകിച്ചും സ്വന്തം ആത്മാവിനെയും കുലീനതയെയും പരിപാലിക്കുന്ന, അടക്കവും ഒതുക്കവുമുള്ള വിശ്വാസികളായ പെണ്‍കുട്ടികള്‍ക്ക്. നിന്റെ കുടുംബം ഇതിനു ഒരിക്കലും അനുവദിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ നമ്മള്‍ ആ തുക പലസ്തീനിലുള്ള നമ്മുടെ സഹോദരങ്ങള്‍ക്ക് സംഭാവന ചെയ്യുന്നു.' വജ്ദ കരയുകയോ തളരുകയോ ചെയ്തില്ല. പ്രിന്‍സിപ്പല്‍ രൂക്ഷമായി നോക്കിക്കൊണ്ട് അവളോട് പറഞ്ഞു, 'നിന്റെ ഈ വൃത്തികെട്ട സ്വഭാവം നിന്നെ ജീവിതകാലം മുഴുവന്‍ വേട്ടയാടും.' പരിഹാസം ധ്വനിക്കുന്ന മുഖഭാവത്തോടെ അവള്‍ എടുത്തുചോദിച്ചു, 'നിങ്ങളുടെ 'സുന്ദരനായ' കള്ളനെപ്പോലെ എന്നാണോ ഉദ്ദേശിച്ചത്?'

സ്ത്രീ സ്വത്വത്തിന്റെ ഉദ്‌ഘോഷണമാണ് ചിത്രത്തിന്റെ അന്ത്യം. ഖുറാന്‍ പാരായണമത്സര ദിവസം രാത്രിയാണ് ഉപ്പയുടെ പുതിയ വിവാഹവും. അന്ന് പകല്‍ മുഴുവന്‍ ഉമ്മ എവിടെയോ ആയിരുന്നു. വീട്ടില്‍ ആ രാത്രി വജ്ദ തനിച്ചായിരുന്നു. തന്റെ കഠിനമായ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിലല്ല, ഇനി ഒരിക്കലും തനിക്ക് ഒരു സൈക്കിള്‍ സ്വന്തമാക്കാന്‍ കഴിയില്ലല്ലോ എന്ന അകംപൊള്ളുന്ന നീറ്റല്‍ അവളെ ഒട്ടൊക്കെ ഉലയ്ക്കുന്നുണ്ട്. തളര്‍ന്നുറങ്ങിയ അവള്‍ രാത്രിയിലെപ്പോഴോ കണ്ണ് തുറന്ന്! നോക്കിയപ്പോള്‍ ഉമ്മ വീടിന്റെ മട്ടുപ്പാവില്‍ അസ്വസ്ഥയായി ഉലാത്തുകയാണ്. ഖുറാന്‍ പാരായണ മത്സരത്തില്‍ അവള്‍ വിജയിച്ചതും അവള്‍ അരുതാത്ത ആവശ്യം പരസ്യമായി ഉന്നയിച്ചതുമെല്ലാം അപ്പോഴേക്കും ഉമ്മ അറിഞ്ഞിരുന്നു. തനിക്ക് സമ്മാനത്തുക ലഭിക്കാത്തതില്‍ വിഷമിക്കുന്ന മകളെ കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ പറയുന്നു, 'അവരെയോ അവരുടെ പണമോ നിനക്ക് ആവശ്യമില്ല.' ഇന്നാണ് ഉപ്പയുടെ വിവാഹം എന്ന് അറിഞ്ഞപ്പോള്‍ ഉമ്മയോട് അവള്‍ പറയുന്നു, 'ഉപ്പയെ ഏറ്റവും ആകര്‍ഷിക്കുന്ന ആ ചുവന്ന പട്ടുകുപ്പായം വാങ്ങി അവിടെപ്പോയി നമുക്ക് ഉപ്പയെ കൂട്ടാം'എന്ന്. 'ഇനി അതിന്റെ ഒരാവശ്യവുമില്ല. നമുക്കിനി നമ്മള്‍ മാത്രമേയുള്ളൂ. മാത്രമല്ല, ആ പണം ഞാന്‍ ചെലവാക്കുകയും ചെയ്തു. ഈ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തി നീ ആയിരിക്കണം എന്നാണെന്റെ ആഗ്രഹം. ഈ ലോകത്ത് എനിക്കായി അവശേഷിച്ചിട്ടുള്ളത് ഇനി നീ മാത്രമാണ്.' ഉമ്മ അവളുടെ ഏറെനാളത്തെ സ്വപ്‌നം അവളുടെ മുന്നിലേക്ക് നീക്കിവെച്ചു. അവള്‍ വാങ്ങാന്‍ കൊതിച്ച സൈക്കിള്‍! 'ചുണക്കുട്ടിയായ ഒരു കൊച്ചു പെണ്‍കുട്ടിക്കുവേണ്ടി ആ കടക്കാരന്‍ ആഴ്ചകളായി ഇത് പിടിച്ചു വെച്ചിരിക്കയാണ്..' എന്ന് കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു. വിശാലമായ ലോകത്ത് പൊടുന്നനെ തനിച്ചായിപ്പോയ അമ്മയും മകളും പരസ്പരം പുണര്‍ന്നു നില്‍ക്കുമ്പോള്‍ അവര്‍ക്ക് പിന്നില്‍ ആകാശത്തില്‍ ഏതോ വെടിക്കെട്ടിലെ പ്രകാശങ്ങള്‍ ആഹ്ലാദത്തിന്റെ അമിട്ടുകള്‍ പൊട്ടിക്കുന്നുണ്ടായിരുന്നു. സ്വന്തം സൈക്കിളോടിച്ച്, അബ്ദുല്ലയെ തോല്‍പ്പിച്ച്, കാറുകളും മറ്റുവാഹനങ്ങളും ചീറിപ്പായുന്ന വിസ്തൃതമായ പൊതുനിരത്തിലെത്തി ആത്മവിശ്വാസത്തോടെ ലോകത്തെനോക്കി പുഞ്ചിരിക്കുന്ന മനോഹരമായ ഷോട്ടിലാണ് വജ്ദ അവസാനിക്കുന്നത്. 

കഥകൊണ്ടല്ല, കഥയിലെ ചില സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി സവിശേഷമായ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നത് കൊണ്ടാണ് വജ്ദ നമ്മുടെ ശ്രദ്ധയെ പിടിച്ചെടുക്കുന്നത്. സിനിമ നിഷിദ്ധമായ സൌദി അറേബ്യയിലെ ഒരു സ്‌കൂളില്‍ നിന്നാണ് വജ്ദയായി വേഷമിട്ട വാദ് മുഹമ്മദ് എന്ന പെണ്‍കുട്ടിയെ സംവിധായിക കണ്ടെത്തിയത്. ആദ്യമായി ക്യാമറയെ കാണുന്ന ആ പെണ്‍കുട്ടി അസാധാരണമായ അഭിനയ മികവാണ് കാട്ടുന്നത്. പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയ്ക്ക് കീഴില്‍ ജീവിക്കുന്ന ഏതൊരു നാട്ടിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഹൃദയത്തെ ഈ ചിത്രം ആഴത്തില്‍ സ്പര്‍ശിക്കും. അത് സ്ത്രീവിമോചനത്തിന്റെ കാഹളം വിളി ഉച്ചത്തില്‍ കേള്‍പ്പിക്കുന്നത് കൊണ്ടല്ല, അതിസാധാരണമായ സന്ദര്‍ഭങ്ങളിലൂടെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ കാഴ്ചയിലൂടെ അതിതീവ്രമായ ഇതേ പ്രശ്‌നങ്ങള്‍   യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിച്ചത് കൊണ്ടാണ്. 'അത് നീ ചെയ്യരുത്', 'അത് നിനക്ക് പറ്റിയതല്ല' എന്നിങ്ങനെ ചുറ്റിലുമുയരുന്ന കര്‍ശനമായ വിലക്കുകള്‍ക്കുള്ളില്‍ 'ഞാന്‍ ഇവിടെയുണ്ട്, ഞാന്‍ ഞാന്‍ മാത്രമാണ്, എനിക്ക് സാധിക്കാത്തതായി ഒന്നുമില്ല' എന്നൊക്കെ വിളിച്ചുപറയാന്‍ ശ്രമിക്കുന്ന വജ്ദയുടെ നിശ്ചയദാര്‍ഢ്യവും അവളുടെ കണ്ണുകളില്‍ സ്പുരിക്കുന്ന ആത്മവിശ്വാസവുമാണ് ഈ ചിത്രം പ്രേക്ഷകന്റെ മനസ്സില്‍ അവശേഷിപ്പിക്കുക. ആ സ്വപ്‌നങ്ങളെയും അത് നേടിയെടുക്കാനുള്ള ആത്മവിശ്വാസത്തെയും ഊതിത്തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് തല്ലിക്കെടുത്താതിരിക്കാനെങ്കിലും നാം ശ്രമിക്കേണ്ടതുണ്ടെന്ന് നിശ്ശബ്ദമായി ഈ സിനിമ അധ്യാപകരെയും ബോധ്യപ്പെടുത്തും.


2009 മേയ് 2, ശനിയാഴ്‌ച

കുറ്റവും ശിക്ഷയും

ഞങ്ങളുടെ ഹെഡ്‌മാഷായ (ഹയര്‍സെക്കന്ററി വന്നതിനു ശേഷം പ്രിന്‍സിപ്പാളെന്നാണ്‌ സ്ഥാനപ്പേര്‌ എന്ന്‌ അദ്ദേഹം നൂറ്‌ തവണ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും, തന്റെ മുറിയുടെ മുന്നിലും ഇരിപ്പിന്റെ പിന്നിലും മേശപ്പുറത്തും ബോര്‍ഡ്‌ സ്ഥാപിച്ചിട്ടും ഒരു രക്ഷയുമില്ല, മാഷന്മാരും, നാട്ടുകാരും ഹെഡ്‌മാഷെന്നാണ്‌ വിളി. പിള്ളേരാണെങ്കില്‍ പഴയ വിളിപ്പേരായ ഡിങ്കനില്‍ നിന്ന്‌ യാതൊരു വിധ പ്രമോഷനും നല്‍കിയതുമില്ല.) പരമേശ്വരന്‍മാഷിനെ കുറച്ചൊന്നു പരിചയപ്പെടുത്താതെ ഈ കുറിപ്പിനു മുന്നോട്ടുപോകാന്‍ കഴിയാത്തതുകൊണ്ട്‌ ആദ്യമേ അതിനുമുതിരട്ടെ.

ഏത്‌ ആള്‍ക്കൂട്ടത്തിലും ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പ്‌. ജില്ലയിലെ അറിയപ്പെടുന്ന കായികപ്രേമി. നമ്പൂതിരി ഫലിതത്തിലെ ഏത്‌ അതിശയോക്തിയേയും വെല്ലുന്ന ഭക്ഷണ പ്രിയന്‍. സ്ഥാനത്തും അസ്ഥാനത്തും പ്രയേഗിക്കുന്ന ഫലിതങ്ങളും സ്വയം അതാസ്വദിച്ചുകൊണ്ടുളള അട്ടഹാസവും. അരോഗദൃഢഗാത്രന്‍. അക്ഷരാര്‍ത്ഥത്തില്‍ ആജാനബാഹു. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ പിന്നെ മറക്കണമെങ്കില്‍ ബാക്കിയുളളവര്‍ക്ക്‌ അല്‍ഷിമേഴ്‌സ്‌ വരണം. (പരിചയപ്പെട്ടവര്‍ക്ക്‌ ഇന്നല്ലെങ്കില്‍ നാളെ ഒരു കോളിംഗ്‌ ബെല്ലിനപ്പുറം വാതില്‍ക്കല്‍ നിന്ന്‌ ഇടിമിന്നലോടെയുളള ആ ചിരി കാണുകയും കേള്‍ക്കുകയും ചെയ്യാം. അതിനുമാത്രം മാഷ്‌ക്ക്‌ തന്റെ നമ്പൂതിരി മാഹാത്മ്യം തടസ്സമല്ല. റിട്ടയര്‍മെന്റിനു ശേഷം തുടര്‍ച്ചയായി കോടിപതിയാകുന്നതും ഈ ചിരിയുടെ ബലത്തിലല്ലേ).

എന്തെങ്കിലും ചെറിയൊരു കാരണമുണ്ടെങ്കില്‍ ചുരുങ്ങിയത്‌ നാല്‌ ദിവസമെങ്കിലും മാഷ്‌ ഓണ്‍ഡ്യൂട്ടിയായിരിക്കും. വന്നാല്‍ തന്നെ, മാഷന്മാരില്ലാത്ത ക്ലാസില്‍ പിള്ളേര്‍ സാമ്പിള്‍ തൃശൂര്‍ പൂരം വെടിക്കെട്ട്‌ നടത്തിയാലും മൂത്രമൊഴിക്കാന്‍ പോകുമ്പോള്‍ പോലും ആ വരാന്തയിലൂടെ അദ്ദേഹം നടക്കില്ല. ഡിസിപ്ലിന്റെ കാര്യത്തില്‍ അത്ര ഉഷാറാണ്‌. എപ്പോഴെങ്കിലും കോപിഷ്‌ഠനായാലോ സ്‌ഫടികം ജോര്‍ജ്ജിനേക്കാള്‍ ക്രൂരന്‍. ആളെക്കുറിച്ച്‌ ഒരേകദേശ ചിത്രമായല്ലോ.
ഇനി സംഭത്തിലേക്കു കടക്കാം.
ഒന്നാം നിലയിലെ ഒരറ്റത്താണ്‌ പ്രിന്‍സിപ്പാള്‍ കം ഓഫീസ്‌ റൂം. ഒരു സാധാരണ ക്ലാസ്‌ മുറിയില്‍ ഷെല്‍ഫ്‌കൊണ്ട്‌ മറച്ച്‌ ഉണ്ടാക്കിയതാണ്‌ പ്രിന്‍സിപ്പാളിന്റെ കാബിന്‍ അഥവാ `ഊണുമുറി.' ക്ലാര്‍ക്ക്‌, പ്യൂണാദികള്‍ മാഷില്ലാത്ത ദിവസങ്ങളില്‍ പ്രത്യേകിച്ചും പലതരം വിനോദങ്ങളില്‍ ഏര്‍പ്പടുന്നത്‌ അപ്പുറത്തു ബാക്കിയുളള സ്ഥലത്തുവെച്ചാണ്‌. ക്ലാസ്‌ കട്ടു ചെയ്‌തും വെടിപ്രിയരായ മാഷന്മാര്‍ ലോകവിവരം വിളമ്പാനെത്തുമെന്നതിനാല്‍ അവിടെയാണ്‌ കൂടുതല്‍ സീറ്റുകളും സൗകര്യങ്ങളും.
മാര്‍ച്ചിലെ ചുട്ടുപൊളളുന്ന ഒരു പരീക്ഷക്കാലം. രാവിലത്തെ പരീക്ഷ കഴിഞ്ഞ്‌ ഉച്ചയ്‌ക്കുളള പരീക്ഷ ആരംഭിക്കുന്നതിനിടയിലുളള ഷോര്‍ട്ട്‌ ബ്രക്ക്‌. തന്റെ കാബിനില്‍ നിന്ന്‌ സമൃദ്ധമായ ഊണും കഴിഞ്ഞ്‌ (ആറോളം പാത്രങ്ങളിലായാണ്‌ മോരടക്കമുളള വിഭവങ്ങള്‍) മാഷ്‌ മുറിക്കുമുന്നിലെ വരാന്തയുടെ അരഭിത്തിയില്‍ വെച്ച്‌ പാത്രം കഴുകല്‍ ആരംഭിച്ചു. തൊണ്ടകാറിച്ചും കുലുക്കിയുഴിഞ്ഞുമുളള വാ കഴുകല്‍ പരിപാടി ആ ഏരിയയെത്തന്നെ പ്രകമ്പനം കൊളളിക്കുന്നതാണ്‌. (മാഷുടെ ഈ കുലുക്കിത്തുപ്പലിന്റെ രക്തസാക്ഷികള്‍ തൊട്ടുതാഴെയുളള ഒന്‍പത്‌ സിയിലെ പിള്ളേരാണ്‌. മാഷുളള ദിവസം ഈ കലാപരിപാടി ഓര്‍ക്കാതെ ആരെങ്കിലും പുറത്തുചാടിയാല്‍ ചൂടുളള ഒരു ഷവര്‍ബാത്ത്‌ സൗജന്യം. ഇതെന്താടാ ഈ നട്ടപ്പൊരിയുന്ന വെയിലത്ത്‌ മഴയോ എന്ന്‌ മേലോട്ട്‌ നോക്കി വാ പൊളിച്ചാല്‍ ഇല്ലത്തെ സംഭാരത്തിന്റേയും, സാമ്പാറിന്റേയും രുചി തനി മാപ്പിളക്കും അനുഭവിക്കാം. പെണ്‍കുട്ടികളാണ്‌ ഇരകളെങ്കില്‍ വൈകിട്ട്‌ വീട്ടിലെത്തി അമ്മ പേന്‍ നോക്കുമ്പോള്‍ ചീപ്പില്‍ കാരറ്റിന്റേയും, ബീറ്റ്‌റൂട്ടിന്റേയും വര്‍ണ്ണവിസ്‌മയങ്ങള്‍ ചിരിയുതിര്‍ക്കും.
കഴുകല്‍ സ്ഥലത്തുനിന്നു നോക്കിയാല്‍ മുന്നില്‍ വെയിലില്‍ പൊടിക്കാറ്റടിക്കുന്ന ചെമ്മണ്‍ ഗ്രൗണ്ട്‌. അന്ന്‌ കുലുക്കിയുഴിച്ചിലിന്റെ ചെറിയൊരു ഗ്യാപ്പിലാണ്‌ മാഷുടെ കണ്ണില്‍ രണ്ട്‌ വിരുതന്മാര്‍പ്പെട്ടത്‌. അവര്‍ ഗ്രൗണ്ടിന്റെ അങ്ങേത്തലയ്‌ക്കലൂടെ ചൂളമടിച്ചുകൊണ്ട്‌ നടക്കുകയാണ്‌. വെറും നിസ്സാര പ്രശ്‌നം. പക്ഷേ പാലം മറിഞ്ഞാലും കുലുങ്ങാത്ത കേളന്‍ ഉഗ്രമായൊന്നു കുലുക്കിത്തുപ്പി. സ്‌കൂള്‍ കോമ്പൗണ്ടിനുളളില്‍ ചൂളമടിയോ? സ്‌ഫടികം ജോര്‍ജ്ജിലേക്കുളള കൂടുമാറ്റം പെട്ടന്നായിരുന്നു.
ലത്തീഫേ..
(പ്യൂണായ പാവം ലത്തീഫ്‌ മാത്രമേ മാഷ്‌ പറഞ്ഞാല്‍ വല്ലതും കേള്‍ക്കൂ. മറ്റൊരു പ്യൂണായ വേണൂജിയാകട്ടെ, മാഷ്‌ വല്ലതും പറഞ്ഞാല്‍ `കുറേ നാളായി ചെവിയിലെന്തോ ഒരു വേദന; ഒന്നും കേള്‍ക്കാന്‍ പറ്റുന്നില്ല' എന്ന ആത്മഗതത്തോടെ മുണ്ടിന്റെ കോന്തല ചെവിയില്‍ക്കേറ്റിത്തിരിക്കാന്‍ തുടങ്ങും. എന്തെങ്കിലും കുറ്റം നാലുകിലോമീറ്ററപ്പുറത്തു നിന്നും പറഞ്ഞാല്‍ പിടിക്കുന്ന ആന്റിനയാണ്‌ മൂപ്പരൂടേത്‌.)

ദാ... ആ പോണ കഴുതകളെ നേരെ ഇങ്ങോട്ടു കൂട്ടിവാ..
`എന്താ സാര്‍ പ്രശ്‌നം?'
എന്താടോയിത്‌ ചന്തയാ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാ വിസിലടി? പിടിച്ചുകൊണ്ടുവാ രണ്ടിനേയും..ഒരു പാഠം പഠിപ്പിച്ചു വിടാം. ഇനിമേലില്‍ ഈ സൂക്കേട്‌ ഉണ്ടാവരുത്‌
ക്ലാസില്‍ വെച്ച്‌ പിള്ളേര്‍ കബഡി കളിച്ചാലും നോക്കാത്ത ആളാ ഗ്രൗണ്ടിലെ ചൂളംവിളി ഏറ്റുപിടിക്കുന്നത്‌ എന്നെല്ലാം പിറുപിറുത്ത്‌ മുറുകിത്തുടങ്ങിയ ഉറക്കം നശിപ്പിച്ച ദേഷ്യത്തോടെ ലത്തീഫ്‌ ഗ്രൗണ്ടിലേക്കോടി.
മാഷ്‌ കാബിനിലെത്തി, ശാസ്‌ത്രീയമായി ശിക്ഷ എങ്ങനെ നടപ്പിലാക്കാം എന്നാലോചിച്ച്‌ ഞെളിപിരികൊണ്ടു. ചൂരല്‍, സ്‌കെയില്‍, റൂളര്‍ എന്നിവ ഞാന്‍ ഞാന്‍ എന്ന്‌ പറയുമ്പോലെ മേശമേല്‍ തെളിഞ്ഞു നില്‍ക്കുന്നത്‌ മാഷില്‍ കണ്‍ഫ്യൂഷനുണ്ടാക്കി. ഒടുവില്‍ കൈപ്രയോഗം തന്നെ മെച്ചം എന്ന്‌ നിശ്ചയിച്ച്‌, `ഒരു മിഷ്യന്‍ കല്ല്‌ കിട്ടിയെങ്കില്‍ കൊത്തങ്കല്ലു കളിക്കാമായിരുന്നു' എന്ന്‌ മിമിക്രിക്കാര്‍ ജയനെ ഗോഷ്‌ഠികാണിക്കാന്‍ നില്‍ക്കുന്ന പോസില്‍ കൈനിവര്‍ത്തി റെഡിയായി നിന്നു. മൂന്നു മിനിട്ടിനകം രണ്ടു തലമുറിയന്മാര്‍ വാതില്‌ക്കല്‍ പ്രത്യക്ഷപ്പെട്ടു.
`വാടാ........ഇവിടെ' ആക്രോശം മുറിയുടെ വിസ്‌താരം ഒന്ന്‌ തൂട്ടിയതുപോലെ.
കിടാങ്ങള്‍ ക്യാബിനിന്റെ മിന്നിലെത്തിയതും മാഷ്‌ ഒരുവന്റെ പിടലിയില്‍ പിടുത്തമിട്ടു. `സാര്‍..........ഞാന്‍.........ഞാന്‍...............' അവന്‍ ബലിഷ്‌ഠമായ കൈയ്യില്‍ കിടന്ന്‌ പിടച്ചു.
`ഞാനോ..................എന്ത്‌ ഞാനെടാ...............തെമ്മാടി........ഇത്‌ സ്‌ക്കൂളോ, ചന്തയോ....'
കുനിച്ചു നിര്‍ത്തി അവന്റെ മുതുകത്തേക്ക്‌ 1200 മൈല്‍ സ്‌പീഡില്‍ ഒരുങ്ങി റെഡിയായി നിന്ന വലംകൈ പതിച്ചു. എത്രയോ വര്‍ഷം അധ്യാപകര്‍ക്കായുള്ള ഷോട്ട്‌പുട്ടില്‍ ഒന്നാം സ്ഥാനം നേടിയ കൈയാണത്‌.
ഒന്ന്‌.........രണ്ട്‌...........മൂന്ന്‌....
കൈയ്യല്ല പുറത്ത്‌ ഹിമാലയം, വിന്ധ്യന്‍ തുടങ്ങിയ പര്‍വ്വതങ്ങള്‍ വന്നു വീഴുന്നതായാണ്‌ പയ്യന്‌ തോന്നിയത്‌.

കുട്ടികളായാല്‍ അച്ചടക്കം വേണം ഓരോ പദത്തിന്റെയും കൂട്ടക്ഷരത്തിന്‌ താളമിട്ടാണ്‌ അടി. നാല്‌.........അഞ്ച്‌...........ആറ്‌.....
.....അല്ല..........സര്‍..........ഞാന്‍...........അയ്യോ.............
പറയാനോങ്ങുന്നത്‌ ഇടയില്‍ വന്നുവീഴുന്ന അടി വിഴുങ്ങുന്നതിനാല്‍ അവന്‌ ഒന്നും പറയാന്‍ കഴിഞ്ഞില്ല.
ഇതിനിടയില്‍ ദുര്യോധനവധം കഥകളി രംഗത്തേക്കാള്‍ ഭീകരമായ അലര്‍ച്ചയും താഢനവും ലൈവായി കാണുന്ന മറ്റവന്‍, കാബിനും വരാന്തയും ഗ്രൗണ്ടും നിമിഷാര്‍ദ്ധം കൊണ്ട്‌ താണ്ടി ജീവനും കൊണ്ട്‌ പറപറന്നു.
ഏഴ്‌..........എട്ട്‌........
ഇനിയിതാവര്‍ത്തിക്കുമോടാ? മാഷ്‌ നിവര്‍ന്ന്‌ നിന്ന്‌ ശ്വാസം വിട്ടു.
കരിമരുന്ന്‌ പ്രയോഗത്തിനുശേഷം താറുമാറായ, അമിട്ടുകുഴിച്ചിട്ട സ്ഥലം പോലെ തകര്‍ന്ന പുറവുമായി ശനിയന്‍ ആടിയാടി നിന്നു.
ഇല്ലസാര്‍...........ഒരിക്കലുമില്ല..............
എവിടെടാ നിന്റെ കൂട്ടുകാരന്‍..........
മറ്റവന്‍ രക്ഷപ്പെട്ടു എന്ന്‌ കൂടി അറിഞ്ഞപ്പോള്‍ തന്റെ കഷ്‌ടകാലമോര്‍ത്ത്‌ പയ്യന്‍ വലിയവായില്‍ നിലവിളി തുടങ്ങി. അടിയുടെ ഒച്ചയും ഹെഡ്‌മാഷുടെ അലര്‍ച്ചയും പയ്യന്റെ ദീനരോദനവുമെല്ലാം സംഭവത്തെ ഒരു കിലോമീറ്റര്‍ ദൂരെ വരെ എത്തിച്ചതുകൊണ്ട്‌ അപ്പോഴേക്കും വന്‍ ജനാവലി കാബിനു ചുറ്റും എത്തിയിരുന്നു. കാബിനു തൊട്ടപ്പുറം ക്ലാര്‍ക്കന്മാരുടെ സീറ്റിലിരുന്ന്‌ വെടി പറഞ്ഞുകൊണ്ടിരുന്ന പ്ലസ്‌ടുവിലെ ഫിസിക്‌സിന്റെ ബാലഗോപാലന്‍മാഷും കൂട്ടത്തിലുണ്ടായിരുന്നു. പയ്യന്‍ ആയാസപ്പെട്ട്‌ മുഖം ഉയര്‍ത്തിയപ്പോഴാണ്‌ അദ്ദേഹത്തിന്‌ ആളെ മനസ്സിലായത്‌. ക്ലാസിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍്‌ത്ഥി, പഠിപ്പിസ്റ്റ്‌, പഞ്ചപാവം ഒക്കെയായ മണികണ്‌ഠന്‍.കെ.വി യാണ്‌ ഈ ഇര.
മണീ.നീയോ........ ബാലഗോപാലന്‍ മാഷെ കണ്ടതും മണിയുടെ രോദനത്തിന്‌ നീളം കൂടി. സാര്‍....ആശ്രയത്തിനായി അവന്‍ മാഷെ ബലമായി കെട്ടിപ്പിടിച്ചു.
എന്തുപറ്റിയെടാ... എന്താ സംഭവം........ അവന്റെ മുഖം പിടിച്ചുയര്‍ത്തി ബാലഗോപാലന്‍ മാഷ്‌ ചോദിച്ചു.
ഞാന്‍.... സാറിനെക്കണ്ട്‌ ....നാളത്തെ....  ഫിസിക്‌സ്‌ ....പരീക്ഷയുടെ ....ചില സംശയങ്ങള്‍ .....ചോദിക്കാന്‍ വന്നതാ.... പേടിച്ച്‌ തുപ്പലുപോലും വറ്റിയ മണി മുറിച്ച്‌ മുറിച്ച്‌ ഇത്രയും പറഞ്ഞൊപ്പിച്ചു.
സൂചി വീണാല്‍ കേള്‍ക്കുന്ന സ്ഥിതി എന്ന ഉപമിപ്പിക്കുന്നതിന്‌ അപവാദമായി മണിയുടെ തേങ്ങലിനോടൊപ്പമുള്ള മുക്കിളവലിക്കുന്ന ശബ്‌ദവും ഹെഡ്‌മാഷുടെ കിതപ്പുമല്ലാതെ മറ്റൊന്നുമില്ല. ബാലഗോപാലന്‍ മാഷ്‌ അതിരൂക്ഷമായി ഹെഡ്‌മാഷെ, മണി തളര്‍ന്ന കണ്ണുകളുമായി ഇടയില്‍ കൈവിട്ട്‌ തറയില്‍ ചിതറിയ തന്റെ ഫിസിക്‌സ്‌ പുസ്‌തകങ്ങളെ, ഹെഡ്‌മാഷ്‌ പൊളിച്ചുപോയ വായയയുമായി ഇതെന്തു മറിമായമെന്ന മട്ടില്‍ കൂടിനില്‍ക്കുന്നവരെ...... രണ്ട്‌ മിനിട്ടോളം നീണ്ട സ്‌തംഭനാവസ്ഥയെ തകര്‍ത്തത്‌, ഉറക്കം നഷ്‌ടപ്പെട്ടതിന്റെയും വെയിലത്ത്‌ നടന്നതിന്റെയും പടികയറിയതിന്റെയും മുഴുവന്‍ ദേഷ്യവും കടിച്ചിറക്കിക്കൊണ്ടുള്ള ലത്തീഫിന്റെ ഒച്ചയാണ്‌
`സാറേ.... അവന്മാര്‌ രണ്ടും വന്നില്ല..... സാറിനെ.. മുഴുത്തെറിയും പറഞ്ഞാ രണ്ടും പോയത്‌. ഡിങ്കന്‍ എന്ന അവരുപയോഗിച്ച പദം വായിലോളം വന്നത്‌ ലത്തീഫ്‌ പണിപ്പെട്ടാണ്‌ വിഴുങ്ങിയത്‌.