2009, മേയ് 24, ഞായറാഴ്‌ച

അകക്കോവിലില്‍ വിളക്കുള്ളവര്‍
വിശകലനം ചെയ്യുക

``അകക്കോവിലിലുള്ളൊരു
വിളക്കിന്‍
പ്രതിബിംബമായ്‌

അനങ്ങാതെ
തിരിത്തുമ്പ-

ത്തിരിക്കും
സര്‍വസാക്ഷിതാന്‍'
'

സമകാല ജാതി മതസംഘര്‍ഷങ്ങളുമായി ബന്ധപ്പെടുത്തി ഈ വരികളുടെ ആശയം വിശകലനം ചെയ്യുക.
പി. കുഞ്ഞിരാമന്‍ നായരുടെ അതീവഹൃദ്യമായ `ദീപം' എന്ന ഭാവഗീതത്തിലെ അവസാന വരികളാണ്‌ മുകളിലെ ചോദ്യത്തില്‍ ഉദ്ധരിച്ചിരിക്കുന്നത്‌. ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതസന്ദര്‍ഭങ്ങള്‍ക്കെല്ലാം സാക്ഷിയായ ദീപത്തെ ഭാവാത്മകമായി അവതരിപ്പിക്കുന്ന ഈ കവിതയില്‍ പ്രത്യക്ഷമായ സാമൂഹ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി മലയാളം പാഠപുസ്‌തകത്തില്‍ `ചേതോഹരക്കാഴ്‌ചകള്‍' എന്ന സാഹിത്യാസ്വാദനത്തിനായുള്ള യൂണിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ്‌ രചനകളിലെല്ലാം സാമൂഹികപ്രശ്‌നങ്ങള്‍ മുഴുത്ത രൂപത്തില്‍ പൊങ്ങിക്കിടപ്പുണ്ട്‌. ``ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും....'' എന്നു പറഞ്ഞതുപോലെ ചോദ്യകര്‍ത്താവിന്‌ `ദീപ'ത്തിലും താല്‍പര്യം സാമൂഹികപ്രശ്‌നങ്ങളുടെ ചോരമണം തന്നെ.

ഈ ചോദ്യം ഇവിടെ എടുത്തു ചേര്‍ത്തത്‌ മറ്റൊരു കാര്യം ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ്‌. ഇതിന്‌ ഉത്തരമെഴുതേണ്ടത്‌ ബധിരരും മൂകരുമായ വിദ്യാര്‍ത്ഥികളാണ്‌!! അവര്‍ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പറിലെ `ലളിതമായ' ചോദ്യങ്ങളിലൊന്ന്‌!!
വിളക്ക്‌, സൂര്യന്‍, അകക്കോവിലിലുള്ള വിളക്ക്‌ (അത്മാവ്‌?), അതിന്റെ പ്രതിബിംബം എന്നിങ്ങനെ പരസ്‌പര ബന്ധത്താല്‍ അനന്തമായ അര്‍ത്ഥകല്‌പനകള്‍ ഉത്‌പാദിപ്പിക്കുന്ന ഭാവതലം ആ വരികള്‍ക്കകത്തുണ്ട്‌. ഉയര്‍ന്ന സാഹിത്യാസ്വാദനശീലത്തിന്റെയും ഭാഷാജ്ഞാനത്തിന്റേയും ചിന്തയുടേയും സഹായത്തോടെ മാത്രമേ ആ ഭാവതലത്തിലേക്കെത്തിച്ചേരാന്‍ കഴിയൂ. ഉയര്‍ന്ന സ്‌കോറിനു പുറമേ നല്ല അഭിരുചിയുമുള്ള പൊതുസ്‌കൂളിലെ ഒരു കുട്ടിക്കുപോലും സൂക്ഷ്‌മതലത്തിലേക്കിറങ്ങാന്‍ പ്രയാസമാകുന്ന ഇത്തരം കാവ്യഭാഗങ്ങള്‍, ഭാഷയുടെ സാധാരണഘടന പോലും തിരിച്ചറിയാന്‍ കഴിയാത്ത കുട്ടികള്‍ക്ക്‌ വിശകലനത്തിനായി നല്‍കുന്നത്‌ എന്തൊരു ക്രൂരതയാണ്‌. (`പോയിരുന്നു അവന്റെ ഞാന്‍ ഇന്നലെ വീട്ടില്‍' എന്ന വാക്യം ശരിയായ രീതിയില്‍ മാറ്റിയെഴുതാന്‍ പോലുമാകാത്ത കുട്ടികളാണ്‌. അതോടൊപ്പം നേരത്തേ മനഃപാഠമാക്കിയ ``സാമൂഹികപ്രശ്‌നങ്ങളുടെ ഏകാഗ്രമായ ആവിഷ്‌കാരത്വരയാണ്‌ ഗ്രന്ഥകര്‍ത്താവിനെ, ഘടനാപരമായും ആഖ്യാനപരമായും പുതിയ കാലത്തിന്റെ മുദ്രകളെപ്പേറുന്ന ഈ കഥാശില്‌പം മെനയാന്‍......'' എന്നു നീണ്ടുപോകുന്ന കടുകട്ടിവാക്യങ്ങള്‍ നിഷ്‌പ്രയാസം അവര്‍ എഴുതുകയും ചെയ്യും!).
ഹയര്‍സെക്കന്ററി മൂല്യനിര്‍ണയക്യാമ്പില്‍ വെച്ച്‌ ഇത്തരം വിദ്യാര്‍ത്ഥികളുടെ നാല്‍പതോളം പേപ്പറുകള്‍ എനിക്ക്‌ നോക്കേണ്ടിവന്നു. ബധിരരും മൂകരും എന്ന്‌ പുറത്തെഴുതി ഇരുപത്‌ ശതമാനം മാര്‍ക്ക്‌ അധികം നല്‍കണം എന്ന്‌ നിര്‍ദേശിക്കുന്നിടത്ത്‌ തീരുന്നതല്ല ഇവരുടെ വിദ്യാഭ്യാസകാര്യത്തില്‍ സര്‍ക്കാറിന്റെ ഉത്തരവാദിത്തമെന്നും മനുഷ്യത്വപരവും അക്കാദമികവുമായ ഒട്ടേറെ സങ്കീര്‍ണസമസ്യകള്‍ ഇതുമായി ബന്ധപ്പെട്ട്‌ ഉണ്ടെന്നും ഞാന്‍ വിചാരിക്കാന്‍ തുടങ്ങിയത്‌ അന്നുമുതലാണ്‌.

``പ്രത്യകപരിഗണന അര്‍ഹിക്കുന്ന കുട്ടികളെ പൊതുധാരയില്‍ എത്തിക്കാന്‍ സങ്കലിതവിദ്യാഭ്യാസം (inclusive education)കേരളത്തിലും നടപ്പിലാക്കേണ്ടതുണ്ട്‌. പരിമിതികളുള്ള കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ട്‌. അവര്‍ക്ക്‌ സാമൂഹികനീതി ഉറപ്പാക്കണം. പൊതുവിദ്യാലയങ്ങളില്‍ യാതൊരു ഉപാധിയുമില്ലാതെ പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികളേയും ചേര്‍ക്കണം. അതില്‍ ശാരീരികമോ വൈകാരികമോ സാമൂഹ്യമോ ഭാഷാപരമോ ആയ യാതൊരു വിമോചനവും പാടില്ല.'' കേരളാ പാഠ്യപദ്ധതി ചട്ടക്കൂട്‌-കെ.സി.എഫ്‌-2007- പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം.

കെ.സി.എഫിന്റെ കാഴ്‌ചപ്പാടിനു പിറകിലുള്ള ദാര്‍ശനികതലം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തരം കുട്ടികളോട്‌ യാതൊരു വിവേചനവും അരുത്‌; എല്ലാ തരത്തിലുള്ള അറിവും ലഭിക്കാന്‍ അവര്‍ക്കവകാശമുണ്ട്‌, ഒറ്റപ്പെടല്‍ അവരുടെ ആത്മവിശ്വാസത്തെ ഇല്ലായ്‌മ ചെയ്യും, ഇവരെ കൂട്ടത്തില്‍ ചേര്‍ത്തുകൊണ്ടേ മറ്റുള്ളവര്‍ക്ക്‌ ഇവരോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താന്‍ കഴിയൂ, മറ്റുതരത്തിലുള്ള ഇവരുടെ കഴിവുകള്‍ സ്‌കൂളിന്‌ മൊത്തം ബോധ്യപ്പെടണം എന്നിങ്ങനെയുള്ള ചിന്തകള്‍ ആധുനിക മനുഷ്യബോധത്തിന്റെ പ്രതിഫലനം കൂടിയാണ്‌. inclusive education പൂര്‍ണമായും കേരളത്തില്‍ നടപ്പില്‍ വരുത്തിക്കഴിഞ്ഞിട്ടില്ല. ബധിരമൂകവിദ്യാര്‍ത്ഥികള്‍ക്കായി മാത്രം ഹയര്‍സെക്കന്ററി തലം വരെയുള്ള നിരവധി സ്‌കൂളുകള്‍ ഇന്നും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവര്‍ക്കുള്ള ഇപ്പോഴത്തെ പാഠ്യപദ്ധതിയും പരീക്ഷാരീതിയും തന്നെ എത്രമാത്രം ഭീകരമാണെന്ന്‌ തിരിച്ചറിയുമ്പോഴേ, വെളുക്കാന്‍ തേച്ചത്‌ പാണ്ടായതുപോലെയാകുമോ inclusive education എന്ന്‌ നമ്മളും ആശങ്കിക്കുകയുള്ളൂ.

പഴയ വ്യവഹാരവാദത്തില്‍ നിന്നും വിഭിന്നമായ ജ്ഞാനനിര്‍മിതി, സാമൂഹിക ജ്ഞാനനിര്‍മിതി, ബഹുമുഖബുദ്ധി, ഭാഷാസമാര്‍ജനം, വൈകാരികബുദ്ധി എന്നിങ്ങനെയുള്ള, ലോകമെങ്ങും അംഗീകാരം നേടിയ ദര്‍ശനങ്ങളുടെ വെളിച്ചത്തിലാണ്‌ പുതിയ പാഠ്യപദ്ധതി പടുത്തുയര്‍ത്തിയിരിക്കുന്നത്‌. പഴയ ക്ലാസ്‌റൂം വിനിമയവും പരീക്ഷാരീതിയും നമ്മുടെ ഓര്‍മയിലും ഉണ്ടല്ലോ. ഏതൊക്കെയാണ്‌ പ്രധാനഭാഗങ്ങള്‍ എന്ന്‌ അധ്യാപകന്‍ പാഠപുസ്‌തകത്തില്‍ അടയാളപ്പെടുത്തും. അല്ലെങ്കില്‍ നോട്ട്‌. അതിന്‌ അപ്പുറവും ഇപ്പുറവും പോകാത്ത പരീക്ഷകള്‍. ഏതെങ്കിലും ചില വാക്കുകള്‍ കൊണ്ട്‌ ചോദ്യം തിരിച്ചറിയുകയും പുറത്തേക്ക്‌ വരികയും ചെയ്യുന്ന രിതിയാണത്‌.
പൊതുവിഭാഗത്തിലെ ഒരു കുട്ടിയെപ്പോലെതന്നെ ഏത്‌ വിഭാഗം കുട്ടികളേയുംപരിശീലിപ്പിച്ചെടുത്താല്‍ നൂറ്‌ ശതമാനം മാര്‍ക്കും ഉറപ്പ്‌.

കുട്ടി അറിവ്‌ നിര്‍മ്മിക്കുന്നു എന്നതാണ്‌ പുതിയ കാഴ്‌ചപ്പാട്‌. പരീക്ഷണനിരീക്ഷണങ്ങളിലൂടെയും സംവാദത്തിലൂടെയും താരതമ്യത്തിലൂടെയും തന്റെ ഉള്ളില്‍ ഉറച്ച ഓരാശയത്തെ വ്യത്യസ്‌തമായ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിനാണ്‌ ഊന്നല്‍. എഴുത്തുപരീക്ഷാരീതിയും കുറേ മാറിയിട്ടുണ്ട്‌. താന്‍ മനസിലാക്കിയവ ഒരു പുതിയ സാഹചര്യത്തില്‍ പ്രയോഗിക്കുവാനാണ്‌ എഴുത്തുപരീക്ഷയിലും കുട്ടിയോട്‌ ആവശ്യപ്പെടുന്നത്‌.

പഠനവസ്‌തു, പഠനരീതി, പരീക്ഷ ഇവ മൂന്നും ശ്രദ്ധാപൂര്‍വം ചിട്ടപ്പെടുത്തിയില്ലെങ്കില്‍, പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഇവ ഒരു പീഡനമായി മാറും. ഹയര്‍സെക്കന്ററി തലത്തില്‍ എന്‍.സി.ഇ.ആര്‍.ടി. രൂപം കൊടുക്കുന്ന ഭാരിച്ച സിലബസ്‌ തന്നെയാണ്‌ ഇവര്‍ക്കും നല്‍കുന്നത്‌. എഞ്ചിനീയറിങിനും വൈദ്യശാസ്‌ത്രത്തിനും മറ്റ്‌ ശാസ്‌ത്ര-സാമൂഹിക ശാസ്‌ത്രഗവേഷണങ്ങള്‍ക്കും അടിസ്ഥാനമാകണം എന്നുദ്ദേശിച്ചിട്ടുള്ള `കനപ്പെട്ട സിലബസ്‌' അത്തരം മേഖലകള്‍ നിര്‍ഭാഗ്യവശാല്‍ അന്യമായിട്ടുള്ള (അപൂര്‍വം പ്രതിഭകള്‍ അത്തരം മേഖലകളിലേക്കും വന്നിട്ടുണ്ട്‌.) ഈ കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്‌ ക്രൂരതയല്ലാതെ മറ്റെന്താണ്‌? സിലബസ്‌ ഭാരം, പുസ്‌തകഭാരം എന്നിവ പൊതുവിദ്യാര്‍ത്ഥികള്‍ക്കുമേല്‍ അല്‌പം കൂടിയാല്‍ ഹാലിളകുന്ന ദേശീയ വിദ്യാഭ്യാസ വിചക്ഷണരും ഇക്കാര്യത്തില്‍ മൗനം പൂകുന്നു. അതീവശ്രദ്ധയോടെയുള്ള പരിശീലനത്താല്‍ അവരില്‍ ഉല്‍പാദിപ്പിച്ചെടുത്തിട്ടുള്ള പരിമിതമായ ഭാഷാശേഷിയില്‍ നിന്നുകൊണ്ട് , ഇത്തരം ഗഹനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുക എത്രമാത്രം പ്രയാസകരമായിരിക്കും? ആവര്‍ത്തിച്ചുറപ്പിക്കുക എന്നതിനുപകരം സ്വീകരിച്ചിട്ടുള്ള പഠനതന്ത്രങ്ങള്‍ ഇവര്‍ക്ക്‌ എത്രമാത്രം വഴങ്ങും? സെമിനാര്‍, സംവാദം, പാനല്‍ ചര്‍ച്ച, പൊതുചര്‍ച്ച, പ്രഭാഷണം, ആസൈന്‍മെന്റുകള്‍, കവിതാകഥാ പാരായണങ്ങള്‍, ഫീല്‍ഡ്‌ സ്റ്റഡി, അഭിമുഖം, ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവയാണ്‌, ഒട്ടും കേള്‍വിയും സംസാരശേഷിയും ഇല്ലാത്ത കുട്ടികള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ള പുസ്‌തകങ്ങളിലേയും പഠനപ്രവര്‍ത്തനങ്ങള്‍!!! ഇതില്‍ എത്രയെണ്ണം ഏറ്റെടുക്കാന്‍ ഈ വിഭാഗത്തില്‍ പെടുന്ന ഒരു കുട്ടിക്ക്‌ കഴിയും? ഇവയിലൂടെ വേണം ഗണിതവും ശാസ്‌ത്രവും സാമൂഹിക ശാസ്‌ത്രവും ഭാഷയും ഇവര്‍ ആര്‍ജിക്കാന്‍! ഏറ്റെടുക്കല്‍ കഴിയാത്തത്രയും ഭാരം ഇവര്‍ക്കുമേല്‍ കെട്ടിയേല്‍പിക്കാന്‍ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്ത്തിലെയും കരിക്കുലം കമ്മിറ്റിയിലേയും കാണാനും കേള്‍ക്കാനും പറയാനും കഴിവുള്ള വിദഗ്‌ദ്ധര്‍ക്ക്‌ എന്ത്‌ അവകാശമാണുള്ളത്‌?
പുതിയ രീതിയിലുള്ള എഴുത്തുപരീക്ഷകളാണ്‌ ഇവര്‍ക്കുമേലുള്ള മറ്റൊരു അശനിപാതം. ചോദ്യങ്ങള്‍ വിശദീകരിച്ചുകൊടുക്കാനായി പത്തോ പന്ത്രണ്ടോ കുട്ടികള്‍ക്ക്‌ ഒരു ഹെല്‍പര്‍ ഉണ്ടെങ്കില്‍പ്പോലും ചോദ്യങ്ങള്‍ ശരിയാംവണ്ണം വായിച്ച്‌ മനസ്സിലാക്കാന്‍ തന്നെ അവര്‍ക്ക്‌ പറ്റാറില്ല. ഇവര്‍ക്കായി പ്രത്യേകം ചോദ്യപേപ്പറുകള്‍ തയ്യാറാക്കാറുണ്ടെങ്കില്‍ പോലും പൊതുചോദ്യപേപ്പറുകളില്‍ നിന്ന്‌ അവയ്‌ക്ക്‌ വലിയ വ്യത്യാസമൊന്നും ഉണ്ടാകാറില്ല. അത്രയും ലാഘവത്തോടെയാണ്‌ ഇക്കാര്യങ്ങളെ കാണുന്നത്‌ എന്നതാണ്‌ ഇതിനര്‍ത്ഥം. ഇത്തരം കുട്ടികളെ രണ്ടു വാക്കുകളെങ്കിലും പഠിപ്പിച്ചിട്ടുള്ള ഒരാള്‍ വേണം ഇവര്‍ക്കായുള്ള ചോദ്യപേപ്പറുകള്‍ അന്തിമമായി തെരഞ്ഞെടുക്കേണ്ടത്‌.
പഠിക്കാന്‍ താല്‍പര്യപ്പെട്ടു എന്നതിന്റെ പേരില്‍ മാത്രം ഈ മൂന്നു വടികള്‍കൊണ്ടും ഇവരെ ശിക്ഷിക്കാന്‍ നമ്മുടെ വിദ്യാഭ്യാസവകുപ്പിനല്ലാതെ മറ്റാര്‍ക്ക്‌ കഴിയും. അന്താരാഷ്‌ട്ര നിലവാരമുള്ള മുദ്രാവാക്യങ്ങള്‍ മെനയുന്നതിനപ്പുറം, അവരെ തിരിച്ചറിഞ്ഞുകൊണ്ട്‌ അവര്‍ക്കായി ചെറുവിരലെങ്കിലും അനക്കാന്‍ ആരാണ്‌ നമ്മുടെ വകുപ്പിനെ ഉപദേശിക്കുക

2 അഭിപ്രായങ്ങൾ:

  1. താങ്കൾ ഉയർട്ത്തിയ പ്രശ്നം തികച്ചും പരിഗനിക്കപ്പെടേണ്ടതാണ്‌.ബധിരരും മൂകരുമായ കുട്ടികൾ മറ്റുള്ളവർക്കൊപ്പം പരിഗണന അർഹിക്കുന്നുണ്ടെങ്കിലും അവരുടെ പരിമിതികൾ നമ്മൾ കാണാതിരുന്ന് കൂടാ.ഹ്‌റസ്വമായ ഇടപെടലുകളിൽ ഒതുക്കാതെ ദീർഘ്മായ നടപടികൾ സ്വീകരിക്കപ്പെടേണ്ട ഒരു വിഷയമാണ്‌ ഇത്‌.

    മറുപടിഇല്ലാതാക്കൂ
  2. ഫോണ്ട് കളര്‍ കടും കറുപ്പ് തന്നെ ആക്കിയാല്‍ വായിക്കാന്‍ പ്രയാസം ഉണ്ടാകില്ല..
    ഇപ്പൊള്‍ മങ്ങിയ അക്ഷരങ്ങളാണ് കാണുന്നത് ...

    മറുപടിഇല്ലാതാക്കൂ