2009, മേയ് 25, തിങ്കളാഴ്‌ച

പൊള്ളത്തരത്തിനുമേല്‍ വിരിച്ച പകിട്ടുകള്‍.

ഇങ്ങനെ പോയാല്‍ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ സമീപത്തെത്താന്‍ പോലും കേരളത്തിലെ അണ്‍ എയിഡഡ്‌ എയിഡഡ്‌ വിദ്യാലയങ്ങള്‍ക്ക്‌ അടുത്തകാലത്തൊന്നും കഴിയുകയില്ല. ചില ഉദാഹരണങ്ങളിതാ:
(1) കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ ജില്ലയിലെ നാല്‌പത്‌ ഹയര്‍സെക്കന്ററി സ്‌കുളുകള്‍ക്ക്‌ ഒന്നരക്കോടി രുപ ?വീതം ഹയര്‍സെക്കന്ററികോംപ്ലക്‌സ്‌ നിര്‍മ്മിക്കുന്നതിനായി അനുവദിച്ചു.
(2) ഒരു ജില്ലയിലെ ഏഴ്‌ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്ക്‌ 12ാം ധനകാര്യ കമ്മീഷന്‍ 65 ലക്ഷം രുപ കെട്ടിടം,ലാബ്‌,ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്‌ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി അനുവദിച്ചു.
(3) സുനാമി പുനരധിവാസ പദ്ധതിയില്‍പ്പെടുത്തി തീരദേശങ്ങളിലെ ഓരോ ജില്ലയിലെയും ഇരുപതോളം സ്‌കുളുകള്‍ക്ക്‌ 20 മുതല്‍ 25ലക്ഷം രുപ വരെ കെട്ടിടനിര്‍മ്മാണത്തിനായി അനുവദിച്ചു.
(4) എം. പി, എം എല്‍.എ ഫണ്ടിന്റെ വലിയൊരു വിഭാഗവും സ്‌കുള്‍ വികസനപദ്ധതികള്‍ക്കായാണ്‌ ചെലവിടുന്നത്‌.
(5) തന്റെ മണ്‌ഡലത്തിലെ 19സ്‌കുളുകള്‍ക്കും ഉഘജ പ്രൊജക്‌ടര്‍ അടക്കമുള്ള സ്‌മാര്‍ട്ട്‌ ക്ലാസ്‌ റും എം. എല്‍.എ.അനുവദിച്ചു (പയ്യന്നുര്‍)
(6) ഹയര്‍സെക്കന്ററി ഡയരക്‌ടറേറ്റ്‌ ഐ.സി.ടി. കമ്പ്യുട്ടര്‍ വാങ്ങുന്നതിനായി എല്ലാ ഹയര്‍സെക്കന്ററി സ്‌കുളുകള്‍ക്കും 2ലക്ഷം രുപ അനുവദിച്ചു. കഴിഞ്ഞകൊല്ലം കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി 1 ലക്ഷം രുപ നല്‍കിയിരുന്നു. ലൈബ്രറി, ലാബ്‌ നവീകരണങ്ങള്‍ക്കായി 2ലക്ഷം രുപവേറെയും അനുവദിച്ചു.
(7) ഐ.ടി.അറ്റ്‌സ്റ്റുകള്‍ ഐ.സി.ടി.പദ്ധതിയില്‍പ്പെടുത്തി ലാപ്‌ടോപ്പ്‌, ഡിജിറ്റല്‍ ക്യാമറ, മൂവിക്യാമറ എന്നിവ ജില്ലയിലെ മിക്ക സ്‌കുളുകള്‍ക്കും അനുവദിച്ചു.
(8) എസ്‌. എസ്‌. എ വഴി സ്‌കൂള്‍ഗ്രാന്റ്‌, അധ്യാപകഗ്രാന്റ്‌ തുടങ്ങിയവയും ടോയ്‌ലറ്റ്‌,മറ്റുകെട്ടിടങ്ങള്‍ എന്നിവയ്‌ക്കുള്ള ഫണ്ടും വര്‍ഷങ്ങളോളമായി നല്‍കിവരുന്നു.
(9) തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പദ്ധതിവിഹിതത്തിന്റെ വലിയൊരു ശതമാനം തുകയും വിദ്യാലയങ്ങള്‍ക്കാണ്‌ അനുവദിക്കുന്നത്‌.
(10) സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ കളിക്കളങ്ങളുടെ വികസനത്തിനായി 5ലക്ഷം രൂപവരെ സ്‌കൂളുകള്‍ക്ക്‌ അനുവദിച്ചുവരുന്നു.
പൊതു വിദ്യാലയങ്ങള്‍ ആകര്‍ഷകമാക്കുക എന്ന സുദൃഢമായ തീരുമാനത്തിന്റെ വിവിധ തരത്തിലുള്ള പ്രതിഫലനങ്ങളാണിതൊക്കെ. കുട്ടികളില്‍ നിന്നും ഫീസ്‌ വാങ്ങി നടത്തിക്കൊണ്ടുപോകുന്ന അണ്‍ എയിഡഡ്‌ സ്ഥാപനങ്ങള്‍ക്കോ, സ്ഥിരമായി അധ്യാപകനിയമനങ്ങള്‍ നടക്കാത്ത എയിഡ്‌ഡ്‌ സ്‌കുളുകള്‍ക്കോ ഇത്രമാത്രം തുക ഭൗതികസൗകര്യങ്ങളുടെ വികസനത്തിന്‌ നീക്കിവെക്കാനാവില്ല എന്നത്‌ ഉറപ്പാണല്ലോ.

മനോഹരമായ കെട്ടിടങ്ങളും കളിസ്ഥലവും സ്‌മാര്‍ട്ട്‌ ക്ലാസ്‌റൂമുകളും, ഡിജിറ്റല്‍ ലൈബ്രറിസൗകര്യങ്ങളും മാത്രമാണോ ഒരു സ്‌കൂളിനെ മികച്ചതും പരിഗണാനാര്‍ഹവും ആക്കുന്നത്‌. അത്യന്താധുനികമായ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അവയൊന്നും തൊട്ടും നോക്കാന്‍ മനസ്സുറപ്പും സമയവും ഇല്ലാത്ത അധ്യാപകരാണ്‌ അവിടെയുള്ളതെങ്കിലോ? വിദ്യാര്‍ത്ഥിയുടെ പക്ഷത്ത്‌ നിന്ന്‌ നോക്കുമ്പോള്‍ വിവരസാങ്കേതികവിദ്യയുടെ അതിശയിപ്പിക്കുന്ന പിന്തുണയും പുതിയ പഠനരീതിയുടെ ആത്മവിശ്വാസവും ഇന്നവര്‍ക്കുണ്ട്‌ ചീത്തഅധ്യാപകരും ശരാശരി അധ്യാപകരും അപരുടെ സമയം മിനക്കെടുത്തുന്ന കത്തികള്‍ മാത്രമല്ലേ? മിടുക്കരായ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ അപമാനത്തോടെയല്ലാതെ നില്‍ക്കാന്‍ കഴിയുന്ന എത്രശതമാനം അധ്യാപകരുണ്ട്‌.
അധ്യാപകന്‍ സഹപഠിതാവും ജനാധിപത്യവാദിയും മാര്‍ഗനിര്‍ദ്ദേശകനും ഗവേഷകനും സുഹൃത്തും ആണെന്നാണ്‌ പുതിയ കാഴ്‌ചപ്പാട്‌. എങ്ങിനെയാണ്‌ `അകം ശുന്യവും പുറം പകിട്ടും 'കൊണ്ടുനടക്കുന്ന ബഹുഭുരിപക്ഷം അധ്യാപകര്‍ക്കും ഇങ്ങനെ ആകാന്‍ കഴിയുക. ഏകാധിപത്യത്തിന്റേയും ചൂരലിന്റേയും അപമാനിക്കലിന്റെയും എളുപ്പവഴിയാണ്‌ അവര്‍ക്ക്‌ പഥ്യം. അധ്യാപകന്റെ മാറിയ റോള്‍ അവര്‍ക്ക്‌ ഏട്ടിലെ പശു.
സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്‌ പണം പറ്റുന്ന കേരളത്തിലെ വിവിധ തരത്തിലുള്ള അധ്യാപകരെ താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന മെച്ചം സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ തന്നെയാണ്‌. എയിഡഡ്‌ സ്‌കൂളിലെ ഇന്നത്തെ വിലക്കയറ്റത്തിനൊപ്പം മത്സരിക്കാന്‍ ശരാശരിക്കാര്‍ക്കൊന്നും കഴിയില്ല. കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷത്തോളമായി അവിടുത്തെ വിലനിലവാരം അതാണ്‌. ആറ്‌ ലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം വരെ. ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ ഉള്ള ഭാര്യമാര്‍, പുത്തന്‍പണക്കാരുടെ പെണ്‍മക്കള്‍, സ്‌ത്രീധനം കുറഞ്ഞുകിട്ടാന്‍ സമ്പാദ്യം മുഴുവന്‍ മാനേജരുടെ കാല്‍ച്ചുവട്ടില്‍ സമര്‍പ്പിക്കുന്ന രക്ഷാകര്‍ത്താക്കളുടെ പുന്നാരമക്കള്‍ എന്നിവരുടെ അഭയ കേന്ദ്രമാണ്‌ എയിഡഡ്‌ സ്‌കൂള്‍ അധ്യാപക നിയമനം. സ്വാശ്രയത്തില്‍ പഠിച്ച്‌ സ്വാശ്രയത്വത്തിലൂടെ ജോലി സമ്പാദിച്ച ഇക്കൂട്ടരില്‍ നിന്ന്‌ എന്ത്‌ അക്കാദമിക്‌ കമ്മിറ്റ്‌മെന്റാണ്‌ പ്രതീക്ഷിക്കാന്‍ കഴിയുക. ഗൈഡുകള്‍ കാണാപ്പാഠം പഠിച്ചെഴുതി പാസാകാന്‍ കഴിയുന്നത്രയും ലാഘവത്തോടെ നടത്തുന്ന അതുകൊണ്ട്‌ തന്നെ ഭാഗ്യക്കുറിടിക്കെറ്റെടുക്കലാകുന്ന ഒന്നാണ്‌ ഇന്നത്തെ പി.എസ്സ്‌.സി അധ്യാപകപരീക്ഷകള്‍.അധ്യാപകഭിരുചി നിര്‍ണയിക്കുന്ന ചോദ്യങ്ങള്‍പോലും കാണാതെ പഠിച്ചെഴുതുന്നവരാണ്‌ ജയിക്കുന്നത്‌,യഥാര്‍ത്ഥ അഭിരുചിയുള്ളവരല്ല. അണ്‍ എയിഡസ്‌ സകുളൂകളുടെ കാര്യം പറയാനില്ല. 1000രുപ മുതല്‍ 3000രുപവരെ ശന്വളത്തിന്‌ രാവിലെ മുതല്‍ വൈകുന്നരം വരെ നില്‍ക്കാന്‍ ഒരാള്‍ എന്നതില്‍ കവിഞ്ഞ്‌ അവിടെ മറ്റൊന്നും പ്രസ്‌ക്തമല്ല. എത്രകുറച്ച്‌ ശന്വളം ആവശ്യപ്പെടുന്നു എന്നതാണ്‌ അവിടുത്തെ യോഗ്യത.
എന്തെങ്കിലുമാവട്ടെ, സ്‌കൂളിലെത്തിയ അധ്യാപകരെ ആ പ്രവൃത്തിക്ക്‌ യോഗ്യരാക്കുവാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക്‌ സാധിക്കുന്നുണ്ടോ? അവരെ `പ്രൊഫഷണനലൈസ്‌' ചെയ്യാന്‍ നമ്മുടെ അധ്യാപകപരിശീലനങ്ങള്‍ക്ക്‌ കഴിയുന്നണ്ടോ? അധ്യാപകന്റെ ഉത്തരവാദിത്വങ്ങള്‍ അവരെ ബോധ്യപ്പെടുത്താന്‍, അധ്യാപകസഹായികള്‍ക്കോ ക്ലാസ്റ്ററുകള്‍ക്കോ ആകുന്നുണ്ടോ? തന്റെ വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ജ്ഞാനം, അതില്‍ ഇന്നും നടക്കുന്ന ഗവേഷണങ്ങളെക്കുറിച്ചുള്ള ധാരണ, കേരളത്തിന്റെ സംസ്‌കാരത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള സാമാന്യമായ ബോധ്യം, സമകാലിക സാമൂഹികവിഷയങ്ങളെക്കുറിച്ചുള്ള സാമാന്യമായ അറിവ്‌, യുക്ത്യധിഷ്‌ഠിതമായി വസ്‌തുതകളെ വിലയിരുത്താനുള്ള കഴിവ്‌, ഐ ടി പോലുള്ള സാങ്കേതിക വിഷയങ്ങളില്‍ പ്രായോഗിക അറിവ്‌ എന്നിവയൊന്നുമില്ലാത്ത ഒരാളെ അധ്യാപകന്‍ എന്ന്‌ എങ്ങിനെ വിളിക്കും. ഇതുകൂടാതെ പുരോഗമനാത്മകമായ കാഴ്‌ചപ്പാട്‌, പാരിസ്ഥിതികബോധം മനുഷ്യത്വപരമായ ലോകവീക്ഷണം, എല്ലാവിഭാഗങ്ങളോടുമുള്ള പരിഗണന എന്നിവയും അധ്യാപകന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കണം ബി. എഡ്‌ പഠനകാലത്ത്‌ ആര്‍ക്കാനും വേണ്ടി പഠിച്ച മൃതവസ്‌തുതകളല്ല അധ്യാപനത്തിന്റെ ദര്‍ശനവും മന:ശാസ്‌ത്രവുമെന്ന്‌ അവരെ ബോധ്യപ്പെടുത്തിയേ കഴിയൂ. കാസ്ല്‌മുറിയിലെ തന്റെ വിനിമയത്തെ ശക്തവും പ്രായോഗികവുമാക്കാന്‍ ആവശ്യമായ പഠനതന്ത്രങ്ങള്‍ കണ്ടെത്താണങ്കിലും വിദ്യാഭ്യാസദര്‍ശനങ്ങളിലേക്ക്‌ മുഖം താഴ്‌ത്തട്ടെ. ഇതാണ്‌ തന്റെ ചോറെന്ന ഉത്തമ ബോധ്യത്തോടെ.
വായന, പങ്കുവെയ്‌ക്കല്‍, ആസൂത്രണം, ഗവേഷണം, പരിശീലനം എന്നിവയല്ലേ അധ്യാപകരെ നവീകരിക്കേണ്ടുന്ന ഉപാധികള്‍. ഇതില്‍ ഏതെങ്കിലും ഒന്നിലെങ്കിലും ഹൃദയപൂര്‍വ്വം താന്‍ പങ്കെടുത്തിട്ടുണ്ടോ എന്ന്‌ എല്ലാ അധ്യാപകരും നെഞ്ചത്ത്‌ കൈവച്ച്‌ ചോദിക്കേണ്ടതായുണ്ട്‌. മാസികകള്‍, പുസ്‌തകങ്ങള്‍ എന്നിവ പോയിട്ട്‌ പത്രങ്ങളെങ്കിലും ശ്രാദ്ധപൂര്‍വ്വം വായിക്കുന്ന എത്രപേരുണ്ട്‌ അദ്ധ്യാപകരില്‍? നേരംപോക്കിനുള്ള ഗോസിപ്പുമാസികകളല്ലാതെ, ഗൗരവത്തില്‍ സാമൂഹിക-രാഷ്‌ട്രിയ സംസ്‌കാരിക പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന ഏതെങ്കിലും പ്രസിദ്ധീകരണങ്ങള്‍ ഇവര്‍ മറിച്ചുനോക്കാറുണ്ടോ ? തന്റെ വിഷയത്തെക്കുറിച്ചുള്ള പുസ്‌തകങ്ങളോ സാഹിത്യകൃതികളോ കാണ്ടാല്‍ അവരുടെ മുഖം ചുളിയുന്നത്‌ നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ. അക്കാദമിക വിഷയങ്ങള്‍ ഗൗരവത്തോടെ പങ്ക്‌ വെയ്‌ക്കുന്ന ഏതെങ്കിലും അധ്യാപകകുട്ടായ്‌മകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാ? അതിനായി രുപം കൊടുത്ത ക്ലസ്റ്ററുകള്‍ പോലും വെറും വാചകമടിയായി അന്തരീക്ഷത്തില്‍ ലയിക്കാറല്ലേ പതിവ്‌. ?``സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാറിനെ ചീത്ത പറയാനുള്ള ഒരവസരം'' എന്നാണ്‌ ക്ലസ്റ്ററിനെ ഒരു അധ്യാപകന്‍ നിര്‍വ്വചിച്ചത്‌. വെറുതെ ഒരു ദിവസം നശിപ്പിച്ചു എന്ന ദീര്‍ഘനിശ്വാസം വിടുന്ന അക്കാദമീഷ്യന്മാര്‍ ബാക്കിദിവസം സ്‌കുളില്‍ ചെയ്യുന്ന മഹത്തായകാര്യങ്ങള്‍ പറയാതിരിക്കുന്നതാവും ഉചിതം. യഥാര്‍ത്ഥത്തില്‍ അധ്യാപകരുടെ കഴിവിലും അറിവിലും ഉള്ള അന്തരത്തെ ഒരു പരിധിവരെയെങ്കിലും മറികടക്കാനും കുട്ടിക്ക്‌ ലഭിക്കേണ്ടുന്ന ചുരുങ്ങിയ പഠനാനുഭവങ്ങള്‍ ഉറപ്പിക്കുവാനും ക്ലസ്റ്റര്‍ പോലുള്ള സംവിധാനങ്ങള്‍ എത്രഫലപ്രദമായി പ്രയോജനപ്പെടുത്താമായിരുന്നു. സ്‌കുള്‍ റിസോര്‍സ്‌ ഗ്രൂപ്പ്‌, സബ്‌ജക്‌ട്‌ റിസോര്‍സ്‌ ഗ്രൂപ്പ്‌ എന്നിവ അവയ്‌ക്കുള്ള മിനുട്‌സ്‌ ബുക്കില്‍ ഭദ്രം.
സമഗ്രാസൂത്രണം, പ്രവര്‍ത്തനാസൂത്രണം എന്നിവ പത്ത്‌ ശതമാനം പേര്‍പോലും ആത്മാര്‍ത്ഥമായി ചെയ്യുന്നില്ല. ഉള്ളവര്‍ തന്നെ ബോധ്യപ്പെടുത്തലിനായും നല്ല പിള്ള ചമയനായും മാത്രം. (ഇതിനിടെ വിവരാവകാശ നിയമപ്രകാരം ഒരാധ്യാപകന്റെ കഴിഞ്ഞ രണ്ട്‌ മാസത്തെ ദൈനംദിനാസൂത്രണരേഖയ്‌ക്ക്‌ ഒരു വിരുതന്‍ പണമാടച്ചതും മാഷ്‌ കുടുങ്ങിയതും അറിഞ്ഞില്ലോ) സ്വന്തം വിഷയമേഖലയിലും ക്ലാസ്‌റും അനുഭവങ്ങളുമായി ബന്ധപ്പെട്ടും ചെറിയരീതിയിലെങ്കിലുമുള്ള അന്വേഷണങ്ങള്‍ക്ക്‌ സാധ്യതയെത്ര! കുട്ടികള്‍ അഭിമുഖീകരിക്കുന്ന പഠനപ്രശ്‌നങ്ങള്‍ അതിനവരെ വ്യാകുലപ്പെടുത്തിയിട്ടുവേണ്ടേ അന്വേഷണങ്ങള്‍ക്കു മുതിരാന്‍! അധ്യാപക പരിശീലനങ്ങളുടെ കാര്യമാണ്‌. ഏറ്റവും കെങ്കേമം. കോടികളാണ്‌ ഓരോ വര്‍ഷവും അധ്യാപക പരിശീലനങ്ങള്‍ക്കായി സര്‍ക്കാര്‍ചെലവിടുന്നത്‌. ഭൂനികുതിയായും വീട്ടുനികുതിയായും വില്‍പ്പന നികുതിയായും ഏറ്റവും ദരിദ്രരടക്കം സര്‍ക്കാരിലൊടുക്കുന്ന പണമാണിതെന്ന്‌ ഓര്‍ക്കണം പരിശീലനത്തിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനും നടത്തുന്നതിനും മാത്രം കോടികള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ പ്രതിമാസം ശന്വളം കൊടുക്കുന്ന സ്ഥാപനങ്ങളെകുടി ഈ വിചരണയിലുള്‍പ്പെടുത്തണം. ഇവര്‍ തയ്യാറാക്കുന്ന മൊഡ്യുളുകള്‍ അധ്യാപകരുടെ ആവശ്യബോധത്തെ പരിഗണിച്ചാണോ? അവരെ ഏതെങ്കിലും വിധത്തില്‍ ആവേശഭരിതരാക്കാന്‍, ചലിപ്പിക്കാന്‍ പരിശീലനങ്ങള്‍ക്ക്‌ സാധിക്കാറുണ്ടോ? എത്രമാത്രം അലംഭാവത്തോടുകുടിയാണ്‌ നമ്മുടെ അധ്യാപകര്‍ പരിശീലനങ്ങളില്‍ പങ്കെടുക്കാറുള്ളത്‌? തനിക്ക്‌ അറിയാത്ത എന്ത്‌ കാര്യങ്ങളാണ്‌ ഇവിടെ കിട്ടിയത്‌ ഈ പറയുന്നതൊന്നും എന്റെ ക്ലാസ്‌ മുറിയില്‍, മണ്ടന്‍മാരായ കുട്ടികളുടെ അടുത്ത്‌ നടപ്പില്ല, ഇവിടെ പാഠം തീര്‍ക്കാന്‍ തന്നെ കഷ്‌ടപ്പെടുന്നതിതിടയിലാണ്‌ ഇത്തരം ഓരോ പുലിവാല്‌ എന്ന്‌ത്യാദി ആത്മഗതങ്ങളാല്‍ മുഖരിതങ്ങളല്ലേ പരിശീലനത്തിന്റെ ഇടവേളകള്‍.
തങ്ങളുടെ വിവരംകെട്ട എല്ലാ ജല്‌പനങ്ങളും കുട്ടികള്‍ തലയാട്ടി അംഗീകരിക്കുന്നതുകൊണ്ട്‌, തങ്ങള്‍ അല്‍പ ബുദ്ധികളാണെന്ന്‌ സ്വയം തിരിച്ചറിയാന്‍ ഈ വിഭാഗത്തിന്‌ ഒരിക്കലും കഴിയില്ല. (മിടുക്കരായ കുട്ടികള്‍ സഹതാപത്തോടെയാണ്‌ ഇത്തരം അധ്യാപകരെ നോക്കിക്കാണാറ്‌. അതവര്‍ കുട്ടുകാരോടും രക്ഷകര്‍ത്താക്കളോടും നല്ല ബന്ധമുള്ള അദ്ധ്യാപകരോടു തന്നെയും പറഞ്ഞ്‌ ചിരിക്കാറുണ്ട്‌). എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ലോകത്തേറ്റവും പ്രയാസമുള്ള വിഭാഗം എന്ന ലോകത്താകമാനമുള്ള ചീത്തപ്പേര്‌ കളയാതിരിക്കാന്‍ നമ്മുടെ അധ്യാപകരും ഉത്സാഹം കാണിക്കാറുണ്ട്‌. തന്റെ സ്വകാര്യമായ നേട്ടങ്ങളെക്കുറിച്ച്‌, പ്രതീക്ഷകളെക്കുറിച്ച്‌, ഉത്‌കണ്‌ഠകളെക്കുറിച്ച്‌ അല്ലാതെ മറ്റൊന്നും അവരുടെ തലയില്‍ കയറില്ല. കുട്ടികളിലെ പഠനവൈകല്യങ്ങള്‍ എങ്ങിനെ പരിഗണിക്കപ്പെടണം എന്ന്‌ ക്ലാസെടുക്കാന്‍ വന്ന ഡോക്‌ടര്‍ക്ക്‌ അധ്യാപകരുടെ സ്വന്തം കുട്ടികളുടെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉപദേശിക്കാതെ ഒരു വാക്ക്‌പോലും സംസാരിക്കാന്‍ കഴിയാതെ വന്ന സന്ദര്‍ഭവും പരിശീലനത്തിലുണ്ടായിട്ടുണ്ട്‌. കേരളം അഭിമുഖീകരിക്കുന്ന നിര്‍ണ്ണായക പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി, അതത്‌ വിഷയത്തിന്റെ തലത്തില്‍ നിന്നും അതിനെ മറികടന്നുകൊണ്ടും ചര്‍ച്ചകൊണ്ടു ചെയ്യുന്ന സമീപനത്തോടെ വികസിപ്പിച്ചെടുത്ത പുതിയ പാഠ്യപദ്ധതി, കേരളത്തില്‍ നിലവിലുള്ള എത്ര അധ്യാപകര്‍ക്ക്‌ ഏറ്റെടുക്കാനാവും. വിമര്‍ശനാത്മകപഠനം മുന്നോട്ടുവെക്കുന്ന എന്തിനേയും ചോദ്യം ചെയ്യുക എന്ന ആശയത്തില്‍ തൊട്ടാല്‍ ഷോക്കടിച്ച്‌ ആദ്യം മരിക്കുന്നത്‌ അധ്യാപകരായിരിക്കും.
അങ്ങേയറ്റം പാരമ്പര്യവാദികളും സവര്‍ണ്ണമൂല്യങ്ങള്‍ സൂക്ഷിക്കുന്നവരും അന്ധവിശ്വാസികളും സുഖലോലുപരും ഉപഭോഗാസക്തി പിടിപ്പെട്ടവരും പാരസ്ഥിതികബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവരും സ്വാര്‍ത്ഥരും ആയ ഒരു വിഭാഗമാണ്‌, ഇതിനെയെല്ലാം ചോദ്യം ചെയ്യാനുള്ള ചങ്കുറപ്പുണ്ടാക്കുകയാണ്‌ വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം എന്ന്‌ നമ്മുടെ കുട്ടികളെ പഠിപ്പിക്കാന്‍ പോകുന്നത്‌.
''ഒന്നു പോ മാഷേ , വിദ്യാഭ്യാസം എന്ന സംഗതി തന്നെ തനിക്ക്‌ മാസം ഒരു പത്തിരുപതിനായിരം രൂപ ശമ്പളം തരാനുള്ള ഒരേര്‍പ്പാടാണെന്ന്‌ അറിയാത്തതുപോലെ.''
സമര്‍പ്പണം
സാമൂഹിക ശാസ്‌ത്രക്ലാസ്സില്‍ സംശയം ചോദിച്ച എന്റെ മകളെ `` വരാന്തയിലൂടെ ഹെഡ്‌മാസ്റ്റര്‍ പോകുമ്പോള്‍ സംശയം ചോദിക്കുന്നത്‌ എന്നെ ചീത്തകേള്‍പ്പിക്കുന്നതിനല്ലേ'' എന്ന്‌ ആക്രോശിച്ച്‌ പുസ്‌തകം കൊണ്ട്‌ അടിച്ച അധ്യാപികയ്‌ക്ക്‌.

4 അഭിപ്രായങ്ങൾ:

 1. നല്ല പോസ്റ്റ്. വിദ്യാഭ്യാസത്തിന്റെ സ്മസ്ത മേഖലകളിലും വലിയ മാറ്റം ഉണ്ടായിട്ടും ബി.എഡ്, ടീ.ടി.സി തുടങ്ങിയ അധ്യാപക പരിശീലന കോഴ്സുകള്‍ പഴയത് പോലെ ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നത് എന്തുകൊണ്ട്? ബി.എഡിന് അഡ്മിഷന്‍ കിട്ടാന്‍ അധ്യാപനാഭിരുചിയും ഐ.ടി.പരിജ്ഞാനവുമൊക്കെ പരീക്ഷിക്കുന്ന എന്‍ട്രന്‍സ്സ് പരീക്ഷ ഒരു വര്‍ഷം മാത്രമേ സര്‍ക്കാര്‍ നടത്തിയുള്ളൂ. പിന്നീട് അതില്‍ നിന്ന് എന്ത് കൊണ്ട് പിന്മാറി?
  ആര്‍ക്കും ചെയ്യാവുന്ന പണിയാണ് അധ്യാപനം എന്ന് സര്‍ക്കാര്‍ തന്നെ തിരുമാനിച്ചിരിക്കുന്നോ?
  ഒരു അരിപ്പയുടെ അഭാവം ആണ് പ്രധാന പ്രശ്നം എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 2. വായന, പങ്കുവെയ്‌ക്കല്‍, ആസൂത്രണം, ഗവേഷണം, പരിശീലനം എന്നിവയല്ലേ അധ്യാപകരെ നവീകരിക്കേണ്ടുന്ന ഉപാധികള്‍. ഇതില്‍ ഏതെങ്കിലും ഒന്നിലെങ്കിലും ഹൃദയപൂര്‍വ്വം താന്‍ പങ്കെടുത്തിട്ടുണ്ടോ എന്ന്‌ എല്ലാ അധ്യാപകരും നെഞ്ചത്ത്‌ കൈവച്ച്‌ ചോദിക്കേണ്ടതായുണ്ട്‌. മാസികകള്‍, പുസ്‌തകങ്ങള്‍ എന്നിവ പോയിട്ട്‌ പത്രങ്ങളെങ്കിലും ശ്രാദ്ധപൂര്‍വ്വം വായിക്കുന്ന എത്രപേരുണ്ട്‌ അദ്ധ്യാപകരില്‍?

  പല സത്യങ്ങളും വിളിച്ചു പറഞ്ഞിരിക്കുന്നു ഒരു പക്ഷെ മറ്റുചിലര്‍ മാഷിനെ കല്ലെറിഞ്ഞേക്കാം. കുറിക്കു കൊണ്ടവര്‍ വെളിച്ചത്തു വരട്ടെ !

  മനോഹരമായിരിക്കുന്നു
  ആത്മാര്‍ഥമായ ആശംസകള്‍

  NB:അഭിപ്രായം പറയാനുള്ളടത്ത് നിന്ന് ഈ വാക്ക് തിട്ടപ്പെടുത്തല്‍ ഒഴിവാക്കിക്കുടേ

  മറുപടിഇല്ലാതാക്കൂ
 3. അധ്യാപകരെ കുറിച്ചുള്ള സാറിന്റെ കാഴ്ചപ്പാട് വായിച്ചു...വാസ്തവം...ഒരു പഴയ ചൊല്ലുണ്ട് " ആയിരം എരപ്പാളികളെ നന്നാക്കാന്‍ ഒരു ദിവസം മതി...എന്നാല്‍ ഒരധ്യാപകനെ നന്നാക്കാന്‍ ഒരു വര്‍ഷമുണ്ടായാലും പറ്റില്ല" ഒരു ഡി. ആര്‍ ജി യുടെ ആത്മഗതം ആയി മാത്രം ഇതിനെ കണ്ടാല്‍ മതി....കൂടുതല്‍ ഒന്നുംപറയുന്നില്ല....

  മറുപടിഇല്ലാതാക്കൂ
 4. മാഷേ,
  ഞാന്‍ സൌത്താഫ്രിക്കയില്‍ ജോലി ചെയ്യുന്ന ഒരദ്ധ്യാപികയാണ്.

  നാട്ടിലെ വിദ്യാഭ്യാസരീതികളെ കുറിച്ചു മനസിലാക്കുന്നതില്‍ താല്പര്യമൂണ്ട്. അതിലേക്കായി പല ബ്ലോഗുകളും വായിച്ചിട്ടുമൂണ്ട്.പക്ഷെ അവയൊന്നും തരാത്ത ഒരു യഥാതഥമായ വിവരം മാഷിന്റെ ഈ ബ്ലോഗു തരുന്നു എന്നു പാറയുന്നത് മുഖസ്തുതിയായി എടുക്കരുത്.

  ഗവണ്മെറ്റു സ്കൂളുകളില്‍ റിസോഴ്സസ് വര്‍ദ്ധിക്കുതോറും അവയുടെ നിലവാരം കുറയുന്നു. ഇതാണോ അവസ്ഥ. ഇന്നത്തെ പത്രത്തില്‍ വായിച്ചു ഒരു 1,20,000 കുട്ടികള്‍ ഗവണ്മെന്റു സ്കൂളുകളീല്‍ നിന്നു പിരിഞ്ഞുപോകുന്നു എന്ന്.

  കുട്ടികളുടെ നിലവാര്‍ത്തേക്കുറിച്ച്, അതു സര്‍ക്കാരു സ്കൂളിലായാലും സ്വകാര്യമായാലും ഒരു അന്തര്‍ദേശീയ വിലവാരത്തോടു കിടപിടിക്കുന്ന വിധത്തിലൊന്നുമില്ല.

  മാഷിന്റെ പോസ്റ്റുകള്‍ ഇപ്പോഴായി ഒന്നും കാണുന്നില്ലല്ലോ. ഞാന്‍ ഈയിടെയാണ് ഈ പോസ്റ്റുകള്‍ കണ്ടത്.

  പൊസ്റ്റുകള്‍ പ്രതീക്ഷിച്ചുകോണ്ട്

  പ്രസന്ന

  മറുപടിഇല്ലാതാക്കൂ