2009, മേയ് 22, വെള്ളിയാഴ്‌ച

ഉളളംകൈയിലെ നിലവിളികള്‍



വ്യത്യസ്‌ത സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യരുടെ ലൈംഗികമായ തൃപ്‌തികളെയും അതൃപ്‌തികളെയും കുറിച്ച്‌ ആലോചിക്കുമ്പോള്‍, അവിചാരിതമായി സാക്ഷ്യം വഹിക്കേണ്ടിവന്ന രണ്ട്‌ സംഭവങ്ങളാണ്‌, അതിന്റെ എല്ലാ വിശദാംശങ്ങളോടെയും എന്റെ മനസ്സില്‍ തെളിയാറുളളത്‌. മനുഷ്യന്‍ ലൈംഗികമായി ആനന്ദം കണ്ടെത്തുന്ന വിചിത്രങ്ങളായ വഴികള്‍ കേവലം വ്യക്തികളുടെ മനോഘടനയുടെ പ്രതിഫലനമല്ലെന്നും സാമൂഹിക സാമ്പത്തക കാരണങ്ങളാണ്‌ അവയ്‌ക്ക്‌ നിദാനമാകുന്നതെന്നും ഞാന്‍ മനസ്സിലാക്കിയത്‌ ഈ സംഭവങ്ങളിലൂടെയാണ്‌. അന്നന്നത്തെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പോലും ആയാസപ്പെടുന്ന ഏറ്റവും സാധാരണക്കാരനായ മനുഷ്യന്‌ നഷ്‌ടപ്പെടുന്ന ജീവിതസൗഖ്യങ്ങളെക്കുറിച്ചുളള ആകുലതകളാണ്‌ ഈ സംഭവങ്ങളെ വിശകലനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്‌.
അനുഭവം ഒന്ന്‌:
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ എം.എ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ ഒന്നാമത്തെ സംഭവമുണ്ടാകുന്നത്‌. കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍, എസ്‌.എഫ്‌.ഐ. നേതാവ്‌ എന്നിങ്ങനെയുളള 'തലക്കന'ങ്ങളുമായി കോളേജ്‌ ഭരിക്കുന്ന കാലം. ഉയര്‍ന്ന രാഷ്‌ട്രീയ പ്രബുദ്ധതയാലും സര്‍ഗ്ഗാത്മക ചര്‍ച്ചകളാലും സമ്പന്നമായ 80കളുടെ അവസാനം. കോളേജിലെ മലയാളവിഭാഗത്തിന്റെ മുന്നിലെ നീണ്ട ഇടനാഴിയുടെ അവസാനമുളള പിരിയന്‍ ഗോവണി അന്ന്‌ കമിതാക്കളുടെ പറുദീസയായിരുന്നു. കമിതാക്കള്‍ ക്ഷീണിച്ച്‌ സല്ലാപങ്ങള്‍ അവസാനിപ്പിക്കുന്ന വൈകുന്നേരങ്ങളില്‍ , ഗോവണിക്ക്‌ സമീപമിരുന്ന്‌ ചൂടേറിയ ചര്‍ച്ചകളില്‍ സ്വയം മറക്കാറുണ്ടായിരുന്നു ഞങ്ങള്‍ . പിരിയന്‍ ഗോവണി വഴി ഇറങ്ങിയാല്‍ താഴെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌. അതിന്‌ തൊട്ടുമുന്നില്‍, കൂറ്റന്‍ മരങ്ങള്‍ ഇടതൂര്‍ന്ന്‌ നില്‍ക്കുന്ന, നട്ടുച്ചയ്‌ക്കും ഇരുണ്ടു കിടക്കുന്ന ലേഡീസ്‌ ഹോസ്റ്റല്‍ കോമ്പൗണ്ട്‌.
ഒരു വൈകുന്നേരം ഡിപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ എന്തോ വായിച്ച്‌ ഞാന്‍ തനിയെ ഇരിക്കുകയായിരുന്നു. നേരം ഇരുട്ടിത്തുടങ്ങി. ഹോസ്റ്റലിലേക്ക്‌ പോകാനൊരുങ്ങുമ്പോള്‍ , ലേഡീസ്‌ ഹോസ്റ്റലിന്‌ മുന്നിലെ റോഡില്‍ ഹോസ്റ്റലിന്‌ എതിര്‍വശത്തെ മതിലിനോട്‌ ചേര്‍ന്ന്‌ ഒരാള്‍ നില്‌ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടു. കഴുത്ത്‌ പൂര്‍ണ്ണമായും തിരിച്ച്‌ പിന്നിലെ ഹോസ്റ്റലിലേക്ക്‌ നോക്കി അയാള്‍ മൂത്രമൊഴിക്കുന്നതിലെ കൗതുകമാണ്‌ സൂക്ഷ്‌മമായി ആ രംഗം നിരീക്ഷിക്കാന്‍ പ്രേരണയായത്‌. കൗതുകം ഉടന്‍ തന്നെ ഞെട്ടലായി മാറി. അയാള്‍ മൂത്രമൊഴിക്കുകയായിരുന്നില്ല. ഹോസ്റ്റലിലേക്ക്‌ നോക്കി സ്വയംഭോഗം ചെയ്യുകയാണ്‌. ഉടുതുണി പൂര്‍ണ്ണമായും ഉയര്‍ത്തിപ്പിടിച്ച്‌ അയാള്‍ പൂര്‍ണ്ണവേഗത്തിലേക്കടുക്കുന്നത്‌ മങ്ങിയ വെളിച്ചത്തിലും എനിക്ക്‌ വ്യക്തമായി കാണാമായിരുന്നു. കുപ്പായത്തിന്റെ കുടുക്കുകള്‍ അഴിച്ചിട്ട മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യന് ‍. അമ്പരപ്പ്‌ മാറിയ നിമിഷം, സദാചാരവാദിയും കോളേജിലെ 'ധാര്‍മ്മികനിലവാരത്തിന്റെ കാവല്‍ഭടനു'മായ എന്റെ ചോര തിളച്ചു. 'എടാ...' എന്നലറിവിളിച്ചുകൊണ്ട്‌ അയാളെ പിടിക്കാനായി ഞാന്‍ ഗോവണി ഇറങ്ങി ഓടി. അപ്രതീക്ഷിതമായി കോളേജിന്റെ വരാന്തയില്‍ നിന്നുളള എന്റെ അലര്‍ച്ചയും ഓടിവരവും കണ്ട ആ മനുഷ്യന്‍ സംഗതി നിര്‍ത്തി വെപ്രാളത്തോടെ ഓടി. മെയിന്‍ റോഡുവരെ പിറകെ ഓടിയ എന്നെ വെട്ടിച്ചുകൊണ്ട്‌ അയാള്‍ ഏതോ ഇടവഴിയിലെ ഇരുട്ടിലേക്ക്‌ മറഞ്ഞു.
അനുഭവം രണ്ട്‌:
ഞാന്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ ചട്ടഞ്ചല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകനായി ജോലിചെയ്‌തു വരുന്ന സമയത്താണ്‌ രണ്ടാമത്തെ അനുഭവം ഉണ്ടാകുന്നത്‌. സ്‌കൂള്‍ കോമ്പൗണ്ടിന്റെ വടക്കുകിഴക്കേ മൂലയിലാണ്‌ അധ്യാപികമാരുടെയും പെണ്‍കുട്ടികളുടെയും മൂത്രപ്പുര. പ്രത്യേക മുറികളോ വാതിലുകളോ ഒന്നുമില്ലാത്ത, ഇടയില്‍ കല്ലുവച്ച്‌ കളളികള്‍ തിരിച്ച, ഒരാള്‍ പൊക്കത്തില്‍ അരഭിത്തി മാത്രമുളള പ്രാകൃതമായ ഒന്നായിരുന്നു അത്‌. അതിന്‌ പിറകിലെ മതിലിനപ്പുറം മാനേജരുടെ വിശാലമായ തെങ്ങിന്‍തോപ്പാണ്‌. മതിലിനും മൂത്രപ്പുരയ്‌ക്കുമിടയില്‍ കുറ്റിച്ചെടികളും പുല്ലും പടര്‍ന്ന്‌ പിടിച്ചിരിക്കുന്നു.
മാനേജരുടെ തോട്ടത്തില്‍ പുല്ലരിഞ്ഞുകൊണ്ടിരുന്ന ജോലിക്കാരന്‍ ഒരു ദിവസം ഉച്ചയ്‌ക്ക്‌ ഓടിയെത്തി ഞങ്ങള്‍ കുറച്ചധ്യാപകരോട്‌ ഒരു സ്വകാര്യം പറഞ്ഞു; കുറച്ചധികം ദിവസമായി ഒരാള്‍ സ്‌ത്രീകളുടെ മൂത്രപ്പുരയ്‌ക്ക്‌ പിറകുവശത്ത്‌ പമ്മി നടക്കുന്നുണ്ട്‌. കൈയോടെ പിടികൂടാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഇപ്പോള്‍ അവന്‍ അവിടെയുണ്ട്‌. എങ്ങിനെയും പിടികൂടണം. ഒരു 'ഇന്റര്‍നാഷണല്‍ ക്രിമിനലി'നെ കൈയോടെ പിടികൂടാന്‍ പോകുന്നത്രയും ജാഗ്രതയോടെ മാനേജരുടെ പറമ്പുവഴി മതിലുചാടി ഞങ്ങള്‍ സംഭവസ്ഥലെത്തത്തി. അവിടെ കണ്ട കാഴ്‌ച അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. മൂത്രപ്പുരയുടെ ചുമരിനോട്‌ ചേര്‍ന്ന്‌ ഒരാള്‍ക്ക്‌ നീളത്തില്‍ ഒളിച്ചുകിടക്കാന്‍ പാകത്തില്‍, ചുളളിക്കമ്പുകളും പുല്ലും കൊണ്ട്‌ ഉണ്ടാക്കിയ ഒരു പൊത്ത്‌. അതില്‍ ശരീരത്തിന്റെ പകുതി ഭാഗവും കടത്തി ആ വൃത്തികെട്ട ചാലില്‍ കമിഴ്‌ന്നു കിടക്കുന്ന ഒരു മനുഷ്യന്‍ . ഒരു കാബിനില്‍ മൂത്രം പുറത്തേക്ക്‌ ഒഴുകിപ്പോകാനുണ്ടാക്കിയ ചെറു സുഷിരം ഇയാള്‍ വിദഗ്‌ധമായി വലിയൊരു പൊത്തുപോലെയാക്കി മാറ്റിയിരിക്കുന്നു. ഇപ്പുറത്തിരിക്കുന്നവര്‍ക്ക്‌ ഈ ദ്വാരം തിരിച്ചറിയാതിരിക്കാനായി പഴകിയ സിമന്റ്‌ തേപ്പിന്റെ നിറം തന്നെയുളള ഒരു സിമന്റ്‌ ചാക്കുകൊണ്ട്‌ അത്‌ പുറത്തുനിന്നും മറച്ചിരുന്നു.
ആക്രോശത്തോടെ ഞങ്ങള്‍ അയാളെ കമിഴ്‌ന്നുളള കിടപ്പില്‍ നിന്നും വലിച്ചുയര്‍ത്തി. ഞങ്ങളുടെ പിടിയിലകപ്പെട്ട ആ മനുഷ്യന്‍ രക്ഷപ്പെടാനുളള വെപ്രാളം തുടങ്ങി. പിന്നീട്‌ ഞങ്ങളുടെ മുന്നില്‍ ദയനീയമായ അപേക്ഷ തുടങ്ങി; ഉപദ്രവിക്കരുത്‌, ഇനി ആവര്‍ത്തിക്കില്ല, മാപ്പുതരണം. ദുര്‍ബലനായ ആ മനുഷ്യനെ തോട്ടത്തിലെ തെങ്ങിനോട്‌ ചേര്‍ത്തുനിര്‍ത്തി ആദ്യത്തെ അടി ഞാന്‍ തന്നെയാണ്‌ കൊടുത്തത്‌. പിഞ്ഞിതുടങ്ങിയ കുപ്പായത്തില്‍ പിടിച്ച്‌ വലിച്ച്‌ ഞങ്ങള്‍ കുട്ടികളുടെ മുന്നിലൂടെ അയാളെ റീഡിംഗ്‌ റൂമില്‍ എത്തിച്ചു. അമ്പേ മുഷിഞ്ഞു നാറിയ വേഷം. കുറ്റിരോമങ്ങള്‍ വളര്‍ന്ന ആ ദയനീയ മുഖം എനിക്കിന്നും ഓര്‍മ്മയുണ്ട്‌. പിന്നെ മാനേജരുടെ വരവ്‌ മര്‍ദ്ദനം, പോലീസിന്റെ വരവ്‌ മര്‍ദ്ദനം എന്നിവയും അരങ്ങേറി.

ഈ രണ്ടു സന്ദര്‍ഭങ്ങളിലെയും കഥാപാത്രങ്ങളുടെ ശരീരഘടനയും മുഖഭാവവും ഏകദേശം ഒന്നുതന്നെയായിരുന്നു. കഷ്‌ടപ്പാടിന്റെ വിണ്ടുകീറിയ മുഖത്തെഴുത്തുകള്‍ , എഴുന്ന്‌ നില്‍ക്കുന്ന ജീവിതപരാജയത്തിന്റെ എല്ലിന്‍കൂട്‌. ദാരിദ്രത്തിന്റെയും ജീവിതനൈരാശ്യത്തിന്റെയും കരി അവരില്‍ നിന്നും തൊട്ടെടുക്കാം. ലൈംഗികതയെ ഇത്രയും ജൂഗുപ്‌സാവഹമായ രീതിയില്‍ നിറവേറ്റാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്താവാം? അസന്മാര്‍ഗ്ഗികളെന്നും വൃത്തികെട്ടവരെന്നും വിളിച്ച്‌ ഇവരെ പരിഹസിക്കുകയും ശിക്ഷിക്കുകയും ചെയ്യാന്‍ നമുക്കെന്തവകാശം? ലൈംഗികതൃപ്‌തി എന്നത്‌ ഉപരിവര്‍ഗ്ഗ പട്ടുമെത്തകളില്‍ മാത്രം കിതപ്പാറ്റുന്ന ഒന്നാണോ? ഈ സംഭവങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ കുറ്റബോധത്തോടൊപ്പം എന്നില്‍ നിറയുന്ന ചിന്തകള്‍ ഇതൊക്കെയാണ്‌.

ലൈംഗികാനന്ദത്തിന്റെ വൈവിധ്യപൂര്‍ണമായ വഴികളെ ദീര്‍ഘദീര്‍ഘമായി വര്‍ണിച്ചിട്ടുളള കാമശാസ്‌ത്രത്തിലെ അധ്യായങ്ങള്‍ ഉപരിവര്‍ഗ്ഗത്തിന്റെ കാമവൈരസ്യത്തെ ആട്ടിയകറ്റാനുളളതാണ്‌. നീലസിനിമകളും പോര്‍ണോസൈറ്റുകളും പുതിയകാലത്തും അവര്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. മധ്യവര്‍ഗ്ഗത്തിനും ഉപരിവര്‍ഗ്ഗത്തിനും ലൈംഗികത കിട്ടാക്കനിയല്ല. അമിതോപയോഗം കൊണ്ടുളള ചെടിപ്പാണ്‌ അവിടെ പ്രശ്‌നം. അതകറ്റാന്‍ അവര്‍ക്ക്‌ വയാഗ്രയുടെ ഊര്‍ജ്ജവും കൊച്ചമ്മ മാസികകളിലെ ഉപദേശവും റെഡി. എന്നാല്‍ മഹാഭൂരിപക്ഷം വരുന്ന അടിസ്ഥാനവര്‍ഗ്ഗത്തിന്‌ പ്രജജനനത്തിനുളള വഴി എന്നതിനപ്പുറത്തേക്ക്‌ ലൈംഗികതയെ അനുഭവിക്കുവാന്‍ കഴിയുന്നുണ്ടോ?
ഇതിനു കാരണമായി രണ്ട്‌ സംഗതികളാണ്‌ ഉളളതെന്ന്‌ ഞാന്‍ വിചാരിക്കുന്നു. ഒന്ന്‌ ഉപരിമധ്യവര്‍ഗ്ഗം സ്വന്തം താല്‍പ്പര്യത്തിനായി സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന കൃത്രിമമായ ധാര്‍മ്മികതയുടെ ഇരുമ്പുമറ.
ലൈംഗികതയെ സംബന്ധിച്ച എത്ര ഇടുങ്ങിയ ധാരണകളുമായാണ്‌ മധ്യവര്‍ഗ്ഗ/ ഉപരിവര്‍ഗ്ഗ കുടുംബങ്ങളിലെ കുട്ടികള്‍ വളര്‍ന്നു വരുന്നത്‌. സന്മാര്‍ഗ്ഗത്തിന്റെ അപ്പോസ്‌തലന്മാരായി സമൂഹത്തിന്റെ അധികാരശ്രേണികളിലെല്ലാം ഇടംപിടിച്ച ഇക്കൂട്ടര്‍ പ്രസരിപ്പിക്കുന്ന ആശയങ്ങളാണ്‌ സമൂഹത്തിന്റെ പൊതുലൈംഗിക ബോധമായി വികസിക്കുന്നത്‌. കന്യാകത്വം, ചാരിത്ര്യം, ഏക പങ്കാളി എന്നീ സങ്കല്‌പനങ്ങള്‍ക്ക്‌ സ്വകാര്യ സ്വത്തുമായുളള ബന്ധം എംഗല്‍സ്‌ വിശദീകരിച്ചത്‌ ഓര്‍ക്കുമല്ലോ? തങ്ങളുടെ സ്ഥാനമാനങ്ങളും പദവിയും അധികാരവും തലമുറകളിലേക്ക്‌ പകരുന്ന നിലയില്‍ ലൈംഗികതയെ കെട്ടിയിടാന്‍ , മെരുക്കാന്‍ ഇവര്‍ പടുത്തുയര്‍ത്തിയ സദാചാരനിയമങ്ങള്‍ക്ക്‌ സാധിച്ചു. ഇതാകട്ടെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ലൈംഗികാനന്ദത്തിന്റെ നേരിയ വഴികളെ (സദാചാരനിയമപ്രകാരം അവ വഴിവിട്ടതാകാം) പ്പോലും തടയുന്നവയായിരുന്നു. വിവാഹജീവിതാനന്തരം ഇണയില്‍ നിന്ന്‌ മാത്രം ലഭിക്കേണ്ടുന്ന ഒന്നായി ലൈംഗികാനന്ദത്തെ മനസ്സിലുറപ്പിച്ചാല്‍ , അങ്ങേയറ്റം ദുഷ്‌കരമായ ജീവിതപ്രയാസങ്ങള്‍ക്കിടയില്‍ ഇത്‌ സാധിക്കുക അവര്‍ക്ക്‌ അസാധ്യം. സദാചാരത്തെക്കുറിച്ചുളള ഉപരിവര്‍ഗ്ഗകാഴ്‌ചപ്പാടുകളെ കാറ്റില്‍ പറത്തികൊണ്ട്‌ ജീവിക്കുന്ന പെറുക്കിക്കൂട്ടങ്ങള്‍ ഇന്നുമെത്രയോ ഉണ്ട്‌. മറ്റൊന്ന്‌ ഇണയുമൊത്ത്‌ ശയിക്കുന്നതിനുപോലുമുളള ഭൗതികസൗകര്യങ്ങള്‍ ഈ വിഭാഗത്തില്‍ എത്രപേര്‍ക്കുണ്ട്‌? ഒറ്റ മേല്‍ക്കൂരക്കീഴില്‍ മറകളില്ലാതെ അഞ്ചും പത്തും പേര്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യേണ്ടപ്പോള്‍ ദമ്പതികള്‍ക്ക്‌ സഹശയനം ഒരു സ്വപ്‌നം മാത്രം. സന്താനോല്‍പ്പാദത്തിനുമപ്പുറം അതിന്‌ ലക്ഷ്യങ്ങളില്ല. അത്യന്തം ദയനീയമായ ജീവിതസാഹചര്യങ്ങളില്‍ അഭിനിവേശങ്ങളെ കെട്ടിനിറുത്തുകയല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ല.

ലേഡീസ്‌ ഹോസ്റ്റലിന്‌ മുന്നില്‍ സ്വയംഭോഗം ചെയ്യുന്ന മനുഷ്യനെ പിന്തുടരുന്ന വി.പി.ശിവകുമാറിന്റെ തൂലിക എത്തിച്ചേരുന്നതും ഇത്തരം ഒരു സാഹചര്യത്തിലാണ്‌. രോഗിയായ ഭാര്യ, വിശന്നുനിലവിളിക്കുന്ന കുഞ്ഞുങ്ങള്‍ ...ഇവിടെയെത്തുമ്പോള്‍ വായനക്കാരന്‍ ആ പാവത്തിന്റെ പക്ഷം ചേരുകയാണ്‌.
ലൈംഗികാനന്ദത്തിന്‌ തങ്ങളുടെതായ വഴികള്‍ കണ്ടെത്തിയ രണ്ട്‌ ദരിദ്രനാരായണന്മാരോട്‌ അപക്വമായി പെരുമാറിയ രീതിയെക്കുറിച്ചോര്‍ത്ത്‌ ലജ്ജിക്കുകയല്ലാതെ എന്തു ചെയ്യാന്‍ !


3 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, ഡിസംബർ 31 10:45 PM

    jeevithanubhavangalude kuravanu mashe.innalethe anubhavangalil ninnum ningal onnum padichittilla.randu durbalanmarude mel nadathiya kaikriyayum blogile lekhanangalum pakvathakkuravine kanikkunnu.

    മറുപടിഇല്ലാതാക്കൂ