2012, ജൂലൈ 27, വെള്ളിയാഴ്‌ച

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് സ്‌കൂള്‍ നല്‍കുന്ന ശിക്ഷകള്‍


പഠനപ്രവര്‍ത്തനങ്ങളുമായും സാംസ്‌കാരിക പരിപാടികളുമായും ബന്ധപ്പെട്ട് സ്‌കൂളിലെത്തുന്ന അതിഥികള്‍ പലതരത്തിലുള്ള സന്ദേഹങ്ങള്‍ക്ക് വിധേയരാകാറുണ്ട്. സ്‌കൂളിലെ കുട്ടികളോട് സംസാരിക്കാനുള്ള ഭാഷ മുതല്‍ പരിഭ്രമങ്ങള്‍ ആരംഭിക്കും. പറയുന്ന ആശയം കുട്ടികള്‍ക്ക് മനസ്സിലാകുമോ? കുട്ടികളോടാണോ വിളിച്ചുകൊണ്ടുവന്ന മാഷന്മാരോടാണോ സംസാരിക്കേണ്ടത്? കനത്ത രീതിയില്‍ പറഞ്ഞില്ലെങ്കില്‍ കേട്ടിരിക്കുന്ന അധ്യാപകര്‍ എന്ത് വിചാരിക്കും എന്ന് തുടങ്ങി പലവിധ ആശങ്കയിലാരിക്കും അവര്‍. അടക്കവും ഒതുക്കവുമില്ലാതെ എന്താണ് നടക്കുന്നതെന്നുപോലുമറിയാതെ ഇരിക്കുന്ന കുട്ടികളുടെ മുന്നില്‍ വലിയ വിഷയങ്ങളെ സംബന്ധിച്ച് പ്രസംഗിക്കുക എന്ന സ്വയം വലിച്ചിട്ട ശിക്ഷ അനുഭവിക്കാത്ത സാംസ്‌കാരിക പ്രവര്‍ത്തകര്‍ കുറവായിരിക്കും. പരിപാടി കഴിഞ്ഞാലും പറഞ്ഞത് നന്നായോ എന്ന് കുറെ നേരം വേവലാതികൊള്ളും. എന്റെ സ്‌കൂളില്‍ ഇത്തരം പരിപാടികള്‍ക്ക് വരുന്ന അടുത്ത സുഹൃത്തുക്കളായ പലരും ഇക്കാര്യം പങ്കുവെക്കാറുണ്ട്. അപ്പോഴൊക്കെ ഞാന്‍ ആശ്വസിക്കാറുള്ളത് തിരുവനന്തപുരം മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് എനിക്കുണ്ടായ പോലൊരു അനുഭവം ഉണ്ടായിട്ടില്ലല്ലോ എന്നാണ്. അത് പറഞ്ഞിട്ട് ഈ വിഷയത്തിന്റെ മറ്റു പാഠങ്ങളിലേക്ക് കടക്കാം.

സംഭവം രണ്ടായിരത്തി ഏഴിലോ എട്ടിലോ ആണ്. തിരുവനന്തപുരത്തു വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മിക്ക വര്‍ഷവും പങ്കെടുക്കാറുണ്ട്. അത്തവണ ചലച്ചിത്രോത്സവത്തിനു പോകുമ്പോള്‍, അന്ന് തിരുവനന്തപുരം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ മലയാളം അധ്യാപകനായിരുന്ന ഡോ. പി.കെ തിലക് ഒരു കാര്യം ഏല്‍പ്പിച്ചിരുന്നു. പൂരക്കളിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി എങ്ങിനെയെങ്കിലും സംഘടിപ്പിച്ചു കൊണ്ട് വരണം. ഞാന്‍ അതിന്റെ ഒരു ഡി വി ഡി യു മായാണ് പോയത്. ഡി വി ഡി വാങ്ങിക്കുന്നതിനു വേണ്ടി ഞങ്ങള്‍ താമസിക്കുന്ന മുറിയിലെത്തിയ തിലക് അപ്രതീക്ഷിതമായി മറ്റൊരാവശ്യവും കൂടെ മുന്നോട്ടു വെച്ചു. ''നീ വന്നു എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് മുന്നില്‍ ഇതൊന്നു അവതരിപ്പിക്കണം. ഒരു പതിനഞ്ചു മിനുട്ട്. ഡോക്യുമെന്ററി തുടങ്ങി നീ മടങ്ങിക്കോളൂ''.
ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷക്ലാസില്‍ പൂരക്കളിയെക്കുറിച്ചു പഠിക്കാനുണ്ട്. അന്തരിച്ച, ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ പ്രഗത്ഭ പൂരക്കളി ആചാര്യന്‍ രാമന്തളി എം. കൃഷ്ണന്‍ പണിക്കരുമായുള്ള ഒരു അഭിമുഖം. പാഠപുസ്തക സമിതി അംഗമെന്ന നിലയില്‍ ഉത്തരകേരളത്തിന്റെ ഈ ജനകീയ കലാരൂപത്തെ പുസ്തകത്തില്‍ കൊണ്ടുവരുന്നതില്‍ ചെറിയൊരു പങ്ക് ഞാനും വഹിച്ചിട്ടുള്ളതിനാലും ആ സമിതിയുടെ നേതാവ് തിലകനായതുകൊണ്ടും ആ അപേക്ഷ തള്ളിക്കളയല്‍ എളുപ്പമല്ല. പതിനഞ്ചു മിനുട്ടില്‍ കൂടുതല്‍ പൂരക്കളിയെക്കുറിച്ചു പറയാന്‍ എന്റെ കൈയ്യില്‍ കോപ്പില്ല എന്ന് അറിയുന്നത് കൊണ്ട് അത് ആദ്യം ഉറപ്പിച്ചു, കൃത്യം പതിനഞ്ചു മിനുട്ട്. അതില്‍ കൂടുതല്‍ പറയാന്‍ പറ്റില്ല. പതിനൊന്നരക്കുള്ള സിനിമക്ക് ഞാന്‍ കേറിയിരിക്കും. ഏതായാലും ഒരു ക്ലാസിലെ അറുപതു കുട്ടികള്‍ക്കല്ലേ. നിനക്കറിയുന്നത് പറഞ്ഞാല്‍ മതി എന്ന് അവനും സമ്മതിച്ചു.

സ്‌കൂളിലെത്തിയ ഉടന്‍ പ്രിന്‍സിപ്പാളിനെ ഔപചാരികമായി ഒന്ന് പരിചയപ്പെടാനായി എന്നെ അങ്ങോട്ടാണ് കൊണ്ടു പോയത്. അവിടെയെത്തിയപ്പോള്‍ തിലകിന്റെ ഗൗരവം ഒന്ന് കൂടി. ''സാര്‍, ഇത് പയ്യന്നൂരില്‍ നിന്നും വന്ന പൂരക്കളി വിദഗ്ദന്‍  ശ്രീ. പ്രേമചന്ദ്രന്‍. അദ്ദേഹം ഇന്ന് എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് പൂരക്കളിയെക്കുറിച്ച് ഒരു ക്ലാസെടുത്തു കൊടുക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്...'' എന്നിങ്ങനെ പോയി പരിചയപ്പെടുത്തല്‍. അവന് ഒരു ഗമയല്ലേ എന്ന് കരുതി ഞാനും ഒരു പൂരക്കളി ആശാന്റെ ഭാവഹാവാദികളോടെ തലയാട്ടി അഭിനയിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് പ്രിന്‍സിപ്പാള്‍ ചാടിയെഴുന്നേറ്റു തിലകിനോട് ഗൗരവത്തില്‍ പറഞ്ഞു. ''തിലക്, നിങ്ങള്‍ എന്താണീ പറയുന്നത്. മലബാറില്‍ നിന്ന് ഒരു വിശിഷ്ട കലാകാരന്‍ വന്നു.  അദ്ദേഹത്തിന്റെ പ്രഭാഷണം ഒരു ക്ലാസില്‍ മാത്രം ഒതുക്കുകയോ? അതെന്തായാലും ശരിയല്ല. രണ്ടാം വര്‍ഷത്തെ മുഴുവന്‍ കുട്ടികളും ഇരിക്കട്ടെ. നമുക്ക് ഫോട്ടോയെല്ലാം എടുത്തു ഇതൊരു നല്ല വാര്‍ത്തയുമാക്കണം. പെട്ടെന്നുതന്നെ എല്ലാം അറേഞ്ചുചെയ്യൂ.'' ''അതാണ് സാര്‍ നല്ലത്. ആദ്യത്തെ പിരിയേഡ് ആയതുകൊണ്ട് ശങ്കിച്ചതാണ്. പെട്ടെന്ന് എല്ലാം അറേഞ്ച് ചെയ്യാം'', തിലക്. അവന്‍ ഇപ്പോള്‍ എന്റെ മുഖത്തു പോലും നോക്കുന്നില്ല. ക്ലാസില്‍ പോകുന്നു. നാല് ബാച്ചിലെയും കുട്ടികളെ വിടുന്നു. ചില പയ്യന്മാര്‍ നേരെ ഓഫീസില്‍ വരുന്നു. മാഷന്മാര്‍ കമ്പ്യൂട്ടര്‍ പരതുന്നു. പ്രൊജക്ടര്‍ മാഷേ വിളിക്കാന്‍ ഓടുന്നു. ആകെ ബഹളം. ഞാന്‍ അപ്പോള്‍ തന്നെ നല്ല പരിഭ്രമത്തിലായി. പൂരക്കളി കാലാകാരന്‍ എന്നെങ്ങാനും അടിക്കുറിപ്പോടെ എന്റെ ഫോട്ടോ പത്രത്തില്‍ വന്നാലുണ്ടാകുന്ന, അതെങ്ങാനും തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ കണ്ടാലുണ്ടാവുന്ന അവസ്ഥയോര്‍ത്ത് അവിടുന്ന് എഴുന്നേറ്റ് ഓടാനുള്ള മനസ്ഥിതിയിലായി. ഒരു പത്തു മിനുട്ട് നേരത്തെ അധ്വാനം കഴിഞ്ഞു തിലകന്‍ വിയര്‍ത്തു എന്റടുത്തെത്തി. ''നീ ബേജാറൊന്നും ആവണ്ട. ഒരു പതിനഞ്ചു മിനുട്ട് എന്തെങ്കിലും പറഞ്ഞു നിന്നാ മതി. പിന്നെ സിനിമ കാണിച്ചു കൊടുത്താല്‍ മതി.'' പൂരക്കളിയുടെ നാട്ടില്‍ വളര്‍ന്നിട്ടും അതിനെക്കുറിച്ച് ആധികാരികമായി പഠിക്കാത്തതില്‍ സ്വയം ശപിച്ചു. ഇനി വരുന്നിടത്ത് വെച്ച് കാണാം എന്നു വിചാരിച്ചു അവന്റെ കൂടെ ഹാളിലേക്ക് നടന്നു.

മോഡല്‍ സ്‌കൂളിലെ പ്രസിദ്ധമായ ഹാളാണ്. മുക്കാല്‍ ഭാഗം പിള്ളേരും ഹാളിനു വെളിയില്‍ രാവിലെ തന്നെ കിട്ടിയ ഫ്രീ പിരിയേഡിന്റെ സന്തോഷത്തില്‍ മതിമറന്നു കൂട്ടംകൂടി തമാശ പറഞ്ഞും ചിരിച്ചും ആവേശത്തിലാണ്. തിലകും മറ്റൊരു മലയാളം ടീച്ചറും കൂടി പിള്ളേരെ ഹാളിലേക്ക് കയറ്റാന്‍ അവരോടു വിനീതമായി അപേക്ഷിക്കുന്നത് കണ്ടപ്പോഴേ സദസ്സിന്റെ സ്വഭാവം ഏതാണ്ട് മനസ്സിലായി.
ഹാളിലേക്ക് കടന്നപ്പോള്‍ ഞങ്ങളെ വലിയൊരു വാദ്യഘോഷമാണ് എതിരേറ്റത്. ഹാളിലെ സ്‌റ്റേജില്‍ ഓര്‍ക്കസ്ട്രാ ടീമിനുള്ള ജാസിലും ഡ്രമ്മിലും ചില വിരുതന്മാര്‍ വെച്ച് കീറുകയാണ്. രണ്ടോ മൂന്നോ ടെക്‌നീഷ്യന്മാര്‍ സ്‌ക്രീനും പ്രോജക്ടരും കമ്പ്യൂട്ടറുമെല്ലാം റെഡിയാക്കുന്നുണ്ട്. ഒരു വിധം ഇവരെയെല്ലാം ഇരുത്തിയിട്ട് തിലക് സ്വാഗതം പറയാന്‍ ആരംഭിച്ചു. ഒരു മനുഷ്യനെ ബഹുമാനിക്കണമെന്നു സാമാന്യ വിവരമുള്ള ഒരാള്‍ക്ക് തോന്നാന്‍ എന്തൊക്കെ പറയണമോ അതൊക്കെ വെച്ച് തിലകന്‍ ആകുംപോലെ ശ്രമിക്കുകയാണ്. പൂരക്കളിക്കുള്ള ജ്ഞാനപീഠം കിട്ടിയ ആളാണെന്ന് മാത്രം പറഞ്ഞില്ല. അതിനു താഴെയുള്ള സര്‍വ്വവും തികഞ്ഞ പൂരക്കളിക്കാരനായി ഞാന്‍. ഭാഗ്യത്തിന് പകുതിപ്പേരും ഒരക്ഷരം പോലും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്റെ ഊഴമായി. ആദ്യം തന്നെ കൈയ്യിലുള്ള ഡി വി ഡി കമ്പ്യൂട്ടര്‍ ഒപ്പറേറ്റേഴ്‌സിനെ ഏല്‍പ്പിച്ചു. എഴുന്നേറ്റു പൂരക്കളിയെക്കുറിച്ച് സ്ഥിരം പറയാറുള്ള ഒന്നോ രണ്ടോ ഡയലോഗുകള്‍ പറയുമ്പോഴേക്കും, ഓ ഇതോ...എന്ന മട്ടില്‍ അവര്‍ പ്രതീക്ഷ കൈവിട്ടു. രാവിലെ തന്നെ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ പുതിയ പടം കാണിക്കുമെന്നാണ് അവര്‍ കരുതിയിരുന്നത്. അവര്‍ വീണ്ടും, നേരത്തെ ഞാന്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയത് എന്ന മട്ടില്‍ അവരുടെ സംഭാഷണത്തിലേക്ക്  തിരിച്ചുപോയി. നോക്കുമ്പോള്‍ മിക്കവാറും അവരുടെതായ ലോകത്താണ്. ഇങ്ങിനെ ഒരാള്‍ മുന്‍പില്‍ നില്‍ക്കുന്നു എന്ന ഭാവം പോലുമില്ലാതെ ദൂരെയിരിക്കുന്ന ചങ്ങാതിമാരെയൊക്കെ വിളിച്ചിട്ടാണ് സംസാരം. മുന്നില്‍ ഇരിക്കുന്ന അഞ്ചോ പത്തോ കുട്ടികള്‍, കണ്ടാല്‍ തന്നെ അറിയാം തനി പഠിപ്പിസ്റ്റുകളും പാവത്താന്മാരും ആണെന്ന്, അവരെ മാത്രം നോക്കിയായി പിന്നെയുള്ള എന്റെ പൂരക്കളി. അഞ്ചുമിനുട്ട് എങ്ങിനെയോ ഒപ്പിച്ചു. എന്റെ ഒച്ചയാണോ പിള്ളേരുടെ വിളിയും ബഹളവുമാണോ കൂടുതല്‍ കേട്ടത് എന്ന് അറിയില്ല. എങ്കില്‍ സിനിമ തുടങ്ങാം എന്ന് ഞാന്‍ ഒപ്പറേറ്റെഴ്‌സിനോട് ആംഗ്യം കാണിച്ചു. അപ്പോഴേക്കും അവര്‍ ഒരു പന്തികെടിലാണ്. എന്തായിട്ടും ഡി വി ഡി വര്‍ക്ക് ചെയ്യുന്നില്ല. നോക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ ഡി വി ഡി ഡ്രൈവ് അല്ല, സി ഡി ഡ്രൈവ് ആണുള്ളത്. തിലകന്‍ ഹാളിന്റെ അങ്ങേ മൂലയ്ക്ക് ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ നില്‍പ്പാണ്. സിനിമകൂടി വരാതായപ്പോള്‍ ഹാളിലെ ബഹളം സാമാന്യം ഉച്ചത്തില്‍ തന്നെയായി. ഓഫീസിലെ ഒരു കമ്പ്യൂട്ടറില്‍ ഡി വി ഡി പ്ലയര്‍ ഉണ്ടെന്നു ഒരു വിദഗ്ദന്‍ അറിയിപ്പുതന്നു. ഉടന്‍ തിലക് പിള്ളേരെയും കൂട്ടി അത് എടുക്കാന്‍ പോയി. അവിടെ അതില്‍ എന്തോ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പ്രിന്‍സിപ്പാളിനെയും ക്ലാര്‍ക്കിനെയും വെറുപ്പിച്ചുകൊണ്ടു ആ കമ്പ്യൂട്ടര്‍ അടിയോടെ ഇളക്കി കൊണ്ടുവന്നു. ഹാളിന്റെ ഏറ്റവും പിറകിലെ വാതിലിലൂടെയാണ് കമ്പ്യൂട്ടറും കൊണ്ടു മാഷുടെ വരവ്. പിള്ളേര്‍ കയ്യടിച്ചും വിസിലടിച്ചും ആ വരവ് ആഘോഷിച്ചു. പിന്നെ വിയര്‍ത്തുകൊണ്ട് ഞങ്ങളെല്ലാവരും ചേര്‍ന്ന് അതിനു കണക്ഷന്‍ കൊടുത്ത് സിനിമയിട്ടു. ഇതാ റെഡി, പൂരക്കളിവിളക്ക് തെളിഞ്ഞു. ഞാന്‍ വീണ്ടും മൈക്ക് കയ്യിലെടുത്തു സോദാഹരണം ഓരോന്നും വിശദീകരിക്കാന്‍ തയ്യാറെടുത്തു. അപ്പോഴാണ് അറിഞ്ഞത് ചിത്രമേയുള്ളൂ. സൗണ്ടില്ല. പോരെ പൂരം. പിറകില്‍ മറ്റൊരു മലയാളം ടീച്ചര്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ ടീച്ചര്‍, എന്നെ സമാധാനിപ്പിക്കാനെന്ന പോലെ പിള്ളേരോട് 'മിണ്ടാതിരിയെടാ..' എന്നൊക്കെ പറയുന്നുണ്ട്. ആര് കേള്‍ക്കാന്‍. തിലകിനെ വിളിച്ചു ഞാന്‍ കാര്യം പറഞ്ഞു. ''ഇതില്‍ മദര്‍ ബോര്‍ഡ് സി ഡി ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. സൌണ്ട് കിട്ടില്ല.'' പിന്നെന്തു വേണമെന്നായി അവന്‍. ഒരു  ഡി വി ഡി പ്ലെയര്‍ കിട്ടിയാല്‍ സംഗതി ഒപ്പിക്കാം എന്ന് ഞാന്‍. എങ്കില്‍ ഞാന്‍ ഇപ്പോള്‍ എന്റെ വീട്ടില്‍ പോയി  കൊണ്ടു വരാം.. നീ കുറച്ചു നേരം ആ കാണുന്ന ദൃശ്യങ്ങള്‍ ഒന്ന് വിശദീകരിച്ചു നില്‍ക്ക്. ഞാന്‍ അഞ്ചു മിനുട്ടുകൊണ്ട് എത്താം എന്നായി അവന്‍. ഞാന്‍ വീണ്ടും ദയനീയമായി മൈക്കിനടുത്തെക്കു പോയി. മുന്നില്‍ ഇരിക്കുന്ന എന്റെ പ്രിയ സുഹൃത്തുക്കളെയല്ലാതെ ഈ ലോകത്ത് വേറെ ആരും ഇല്ല എന്നഭാവത്തിലാണ് പറച്ചില്‍. ഇടയില്‍ കഴുത്തുയര്‍ത്തി ടീച്ചര്‍ അവിടെയില്ലേ എന്ന് നോക്കി. ഭാഗ്യം; അവര്‍ ജീവനും കൊണ്ട് അല്‍പ്പംമുന്‍പ് രക്ഷപ്പെട്ടിരുന്നു. പകുതി പിള്ളേരും 'ഇപ്പോള്‍ ഗ്രൂപ്പ് ഡിസ്‌ക്കഷനല്ലേ' എന്ന മാതിരി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഇരിപ്പാണ്. മുന്നിലെ എന്റെ നല്ല ശിഷ്യര്‍ മാത്രം മാഷ് അതൊന്നും ശ്രദ്ധിക്കെണ്ടാ; ഞങ്ങള്‍ക്ക് നന്നായി ഇഷ്ടപ്പെടുന്നുണ്ട് എന്ന മട്ടില്‍ അതിശ്രദ്ധ അഭിനയിക്കുന്നു.. സിനിമയില്‍ അപ്പോള്‍ കാണിക്കുന്നത് പൂരക്കുഞ്ഞുങ്ങള്‍ കാവ് വലം വെക്കുന്നതും മറ്റുമാണ്. ഞാന്‍ അവരെ നോക്കി സചിത്രവിവരണം നല്‍കുകയാണ്. തിലകിനെയാനെങ്കില്‍ കാണാനും ഇല്ല.

അല്‍പ്പം കഴിഞ്ഞപ്പോള്‍ തിലക് ഒരു ഡി വി ഡി പ്ലെയറും പൊക്കിപ്പിടിച്ച് ഹാളിന്റെ പിറകില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴുണ്ടായ അതിശക്തമായ കൈയ്യടിയില്‍ നിന്നും ചൂളം വിളിയില്‍ നിന്നുമാണ് എനിക്ക് അത് തിലകിന്റെ വരവാണെന്ന് മനസ്സിലായത്. ആഹ്ലാദാരവങ്ങളുടെ അകമ്പടി മാഷ് സ്‌റ്റേജിനു മുന്നിലെത്തുന്നതുവരെ തുടര്‍ന്നു. പെട്ടെന്നുതന്നെ ഡി വി ഡി പ്ലെയര്‍ വഴി കാണിക്കാന്‍ പറ്റുമോ എന്ന ശ്രമം തുടങ്ങി. അപ്പോഴാണ് ഓര്‍ത്തത് അതില്‍ നിന്ന് ആംപ്ലിഫെയറിലേക്ക് കണക്ഷന്‍ കൊടുക്കാനുള്ള വയര്‍ ഇല്ല. ''ഞാന്‍ ഒരു മിനിട്ടിനകം അതുകൊണ്ടു വരാം.. നീ കുറച്ചു നേരം കൂടി എന്തെങ്കിലും പറഞ്ഞു ഒപ്പിക്ക്.. ''എന്ന് പറഞ്ഞു തിലക് വീണ്ടും പുറത്തേക്കോടി. കൈയ്യടി, ചൂളമടി, ആരവം ഇവ ഒന്നുകൂടി ആവര്‍ത്തിച്ചു. ഞാന്‍ മനസ്സില്ലാ മനസ്സോടെ വീണ്ടും മൈക്കിനു മുന്നിലെത്തി. മുന്നിലെ അഞ്ചാറു പോരുടെ മുഖത്തു മാത്രം നോക്കി എന്തൊക്കെയോ ചിലത് പറയാന്‍ ശ്രമിച്ചു. ഇപ്പോള്‍ അവരുടെ ചുണ്ടിലും ഒരു പരിഹാസച്ചിരിയുണ്ടോ? ശ്രദ്ധ നടിച്ചു ഇവര്‍ എന്നെ കളിയാക്കുകയാണോ? ഹാളിലെ ബഹളം അതിന്റെ ഉച്ചസ്ഥായില്‍ ആണിപ്പോള്‍. ക്ഷമയ്ക്കുമില്ലേ ഒരതിര്. ഞാന്‍ മൈക്കിലൂടെ ഒരലര്‍ച്ചയായിരുന്നു. ''പരിപാടി അവസാനിച്ചു, എല്ലാവരും എണീറ്റ് ക്ലാസിലേക്ക് പൊയ്‌ക്കോളൂ...'' പിന്നെ മിന്നല്‍ വേഗത്തില്‍ ഹാളും കടന്ന്, സ്‌കൂളും കടന്ന് റോഡിലെത്തി. ഒരു ഓട്ടോ കൈകാട്ടി നിര്‍ത്തി നേരെ തിയേറ്ററിലേക്ക് വിടാന്‍ പറഞ്ഞു. അപ്പോള്‍ മൊബൈലില്‍ തിലകിന്റെ വിളി വന്നു. ''ഇതാ ഞാന്‍ വയറുമായി എത്തി.. നീ എവിടെ..'' ''വയറു നീ പുഴുങ്ങിത്തിന്നോ.. ഇമ്മാതിരി പിള്ളേര്‍ക്ക് ക്ലാസെടുക്കുന്നതിനു പകരം കൈക്കോട്ടു പണിയെടുക്കുന്നാതാടാ ഭേദം..'' ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

 

വ്യക്തിപരമായ ഇക്കാര്യം വിശദീകരിച്ചത് അത് സ്‌കൂളില്‍ പൊതുവേ നടക്കുന്ന  സാംസ്‌കാരികവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന ഏറെ കൗതുകങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ്. പലപ്പോഴും ഒരു ക്ലാസ് മുറിയില്‍ സഫലമായി നടക്കുന്ന/നടത്തേണ്ട പ്രവര്‍ത്തനത്തെ സ്‌കൂളിലെ പൊതുപരിപാടിയായി മാറ്റുകയാണ് പതിവ്. മുമ്പാണെങ്കില്‍ വളരെ താത്പര്യമുള്ള ഒരു മാഷ് മുന്‍കൈയെടുത്തു ഒരു വര്‍ഷത്തിലെങ്ങാന്‍ സ്‌കൂളില്‍ ഒരതിഥി എത്തിയാല്‍ ആയി. ഇന്ന് അങ്ങിനെയല്ല. ചരിത്രവുമായി ബന്ധപ്പെട്ട്, പരിസര പഠനവുമായി ബന്ധപ്പെട്ട്, ഭാഷാ പഠനവുമായി ബന്ധപ്പെട്ട് ഏറെ പല വ്യക്തികളെയും സ്‌കൂളില്‍ കൊണ്ടു വരേണ്ട ആവശ്യമുണ്ട്. പാഠപുസ്തകം തന്നെ അത് ആവശ്യപ്പെടുന്നുണ്ട്. കുട്ടികളുമായുള്ള അഭിമുഖത്തിന്. സോദാഹരണ ക്ലാസുകള്‍ക്ക്, അവതരണങ്ങള്‍ക്ക് എന്നിങ്ങനെ. അമ്പതില്‍ താഴെവരുന്ന കുട്ടികള്‍ക്കാണെങ്കില്‍ ഇത്തരം പരിപാടികളില്‍ അവര്‍ക്ക് നന്നായി ഇടപെടാനും അവതരിപ്പിക്കപ്പെടുന്ന ആശയങ്ങളെക്കുറിച്ച് വ്യക്തത വരുത്താനും കഴിയും. എന്നാല്‍ അത് ആളറിയില്ലല്ലോ. പേരും ആഭിനന്ദനവും കിട്ടില്ലല്ലോ.

ക്ലാസ് മുറികളുടെ ശാക്തീകരണം എന്നത് പലപ്പോഴും നാം മറന്നു പോവാറാണ് പതിവ്. നോട്ടീസടിക്കലും പത്രത്തില്‍ ഫോട്ടോ വരുത്തലുമാണ് മുഖ്യമായ കാര്യം എന്ന നിലയിലേക്ക് നമ്മുടെ സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ മാറിയിരിക്കുകയാണ്. നഗരസഭയുടെയും പി.ടി.എ യുടെയും കാണക്കെടുപ്പുകളില്‍ അതായിരിക്കും മുഖ്യം. അതുകൊണ്ട് മാധ്യമശ്രദ്ധ കിട്ടുന്ന കാര്യങ്ങള്‍ മാത്രം പേരിനു ചെയ്യുകയും അതിന്റെ ഫോട്ടോ ഗംഭീരമായി പത്രത്തില്‍ നാലുകോളം വാര്‍ത്ത വരികയും ചെയ്യുന്നതില്‍ സംതൃപ്തി അടയുന്ന എത്രയോ പേരുണ്ട്. തങ്ങള്‍ മുന്‍പ് ഏറ്റെടുത്ത/മുഴക്കിയ മുദ്രാവാക്യങ്ങളുടെ ആശയം തന്നെ കൊല്ലമൊന്നു കഴിയുന്നതിന്‍ മുന്‍പ് അവര്‍ മറന്നു പോയിട്ടുണ്ടാകും.

ക്ലാസ് മുറികളില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന്റെ പൊതുപരിപാടിയായി തെറ്റിദ്ധരിക്കുന്നത് കൊണ്ട് അത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന അധ്യാപകരും ഏറെ പ്രശ്‌നങ്ങള്‍ അനുഭവിക്കാറുണ്ട്. പുറത്തു നിന്നും ഒരു സുഹൃത്തിനെ, സാംസ്‌കാരിക പ്രവര്‍ത്തകനെ കൊണ്ടുവന്നു ഒരു ചെറിയ ക്ലാസ് കുട്ടികള്‍ക്ക് നല്‍കണമെങ്കില്‍ അതിനു സ്‌കൂളിലെ മുഴുവന്‍ ആളുകളെക്കണ്ട് വെറ്റിലയും അടക്കയും വെക്കണം. സീനിയേര്‍സിനെയും പ്രബലന്മാരെയും പ്രത്യേകം കണ്ടു പറയണം. ഇല്ലെങ്കില്‍ ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന ആഢ്യത്തം എന്തൊക്കെ അപകടമാണ് വരുത്തുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് 'ധര്‍മ്മം കിട്ടിയില്ലെങ്കിലും നായ കടിക്കാതിരുന്നാല്‍ മതി' എന്നാണു താത്പര്യമുള്ള അധ്യാപകര്‍ പോലും വിചാരിക്കാറ്.

സ്‌കൂളില്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ കൃത്യമായും ആസൂത്രണം ചെയ്യാത്തത് കൊണ്ട് ഏറെ സമയവും അധ്വാനവും നഷ്ടപ്പെടുന്നതും പതിവാണ്. ആ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു എന്തെല്ലാമാണ് നടക്കേണ്ടത്, അതിനു ഏതൊക്കെ സാങ്കേതിക സൌകര്യങ്ങള്‍ ആവശ്യമായി വരും ഇതൊക്കെ പലപ്പോഴും അതിഥികളൊക്കെ എത്തിയശേഷമായിരിക്കും ആലോചിക്കുക. കമ്പ്യൂട്ടറും പ്രൊജക്ടറും ഒക്കെ വേണ്ടുന്നതാണെങ്കില്‍ പറയുകയും വേണ്ട. ശബ്ദമുണ്ടെങ്കില്‍ ചിത്രമുണ്ടാവില്ല, ലാപ്പിലുണ്ടെങ്കില്‍ സ്‌ക്രീനിലുണ്ടാവില്ല, വിന്റോസിലുള്ളത് ലിനക്‌സിലാവില്ല എന്നിങ്ങനെ പോകും പിടികിട്ടാത്ത പ്രശ്‌നം. ഇന്ന് സ്‌കൂളില്‍ ഇല്ലാത്ത ഉപകരണങ്ങളില്ല. പക്ഷെ,  ഇതൊക്കെ ആത്മവിശ്വാസത്തോടെ എങ്ങിനെ/ എപ്പോഴൊക്കെ  ഉപയോഗിക്കാം എന്ന് മിക്ക അധ്യാപകര്‍ക്കും അറിവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാര്യമായ പരിശീലനം ഇക്കാര്യത്തില്‍ അവര്‍ക്ക് നല്‍കാത്തതാണ് ഒരു പ്രശ്‌നം. നമ്മള്‍ ഇതൊക്കെ പഠിച്ചേ തീരൂ എന്ന് ഉള്ളില്‍ തോന്നാത്തത് പ്രഥമവും പ്രധാനവുമായ പ്രശ്‌നവും. കൂടുതല്‍ ആലോചനകളും ആസൂത്രണവും ഇല്ലാതെ, വഴിപാടായോ റിപ്പോര്‍ട്ടുകളില്‍ കാണിക്കാനായോ പത്രവാര്‍ത്തയ്ക്കായോ വേണ്ടി നടത്തുന്ന പരിപാടികള്‍ക്കായി സ്‌കൂളിലേക്ക് സാംസ്‌കാരിക പ്രവര്‍ത്തകരെ ക്ഷണിക്കുന്ന നമ്മുടെ അധ്യാപകര്‍ കുട്ടികളുടെയും അതിഥികളുടെയും വിലയേറിയ സമയമാണ് യഥാര്‍ത്ഥത്തില്‍ നശിപ്പിക്കുന്നത്.

(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയില്‍ വന്നത്.)

23 അഭിപ്രായങ്ങൾ:

  1. "പുറത്തു നിന്നും ഒരു സുഹൃത്തിനെ, സാംസ്‌കാരിക പ്രവര്‍ത്തകനെ കൊണ്ടുവന്നു ഒരു ചെറിയ ക്ലാസ് കുട്ടികള്‍ക്ക് നല്‍കണമെങ്കില്‍ അതിനു സ്‌കൂളിലെ മുഴുവന്‍ ആളുകളെക്കണ്ട് വെറ്റിലയും അടക്കയും വെക്കണം. സീനിയേര്‍സിനെയും പ്രബലന്മാരെയും പ്രത്യേകം കണ്ടു പറയണം. ഇല്ലെങ്കില്‍ ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന ആഢ്യത്തം എന്തൊക്കെ അപകടമാണ് വരുത്തുക എന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ട് 'ധര്‍മ്മം കിട്ടിയില്ലെങ്കിലും നായ കടിക്കാതിരുന്നാല്‍ മതി' എന്നാണു താത്പര്യമുള്ള അധ്യാപകര്‍ പോലും വിചാരിക്കാറ്."

    കറക്ട്!

    ഇന്നലെ നമ്മുടെ തട്ടത്തുമലയിലെ സ്കൂളിൽ കുരീപ്പുഴ ശ്രീകുമാർ പങ്കെടുത്ത ഒരു പരിപാടിയിലും ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ഒരു സ്കൂൾ മാഷ് എന്നോട് പറഞ്ഞിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സജീം,
      നന്ദി. കുരീപ്പുഴ കഴിഞ്ഞ വര്‍ഷം എന്റെ സ്കൂളില്‍ വന്നിരുന്നു. കവിക്ക്‌ ഒരു നല്ല മൈക്ക് മാത്രം മതി. (പലപ്പോഴും അതും നേരാം വണ്ണം പ്രവര്‍ത്തിക്കാറില്ല. ഇടയില്‍ നിന്ന് പോക്കും, ചൂളം വിളിയും.. അതും അതിഥികളെ മടുപ്പിക്കും ) കവിയുടെ ചൊല്ലലും കവിതയുടെ വശ്യതയും കുട്ടികളെ പിടിച്ചിരുത്തും. പ്രത്യേകിച്ചും ഹയര്‍ സെക്കന്ററിയില്‍ അവര്‍ക്ക് പഠിക്കുവാനുള്ള 'മനുഷ്യ പ്രദര്‍ശനം' എന്ന കവിതയുടെ ചര്‍ച്ചയെല്ലാമായി നല്ല പരിപാടിയായിരുന്നു അത്.

      ഇല്ലാതാക്കൂ
  2. നന്നായി പാടാനറിയുന്ന വ്യക്തിയാണെങ്കിൽ ആവശ്യം വരുമ്പോൾ സദസ്സിനെ പിടിച്ചിരുത്താം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യമാണ് നൂറു ശതാമാനം
      എല്ലാ സ്കൂളിലും ഇതുതന്നെ വഴി ict it എന്നൊക്കെ പറഞ്ഞു course കഴിഞ്ഞ കുറെ ആളുകള്‍ സ്കൂളില്‍ ഉണ്ടാവും അവര്‍ക്ക് മണ്ണും പിണ്ണാക്കും എന്താ ന്നു അറിയില്ല

      ഇല്ലാതാക്കൂ
  3. അജ്ഞാതന്‍2012, ജൂലൈ 27 1:03 PM

    കുട്ടികളോടാണോ വിളിച്ചുകൊണ്ടുവന്ന മാഷന്മാരോടാണോ സംസാരിക്കേണ്ടത്?

    മറുപടിഇല്ലാതാക്കൂ
  4. അനുഭവം ഗുരു..... വായന തുടരുമ്പോൾ ആ രംഗം ഞാൻ മനസ്സിൽ കാണുകയായിരുന്നു..... തിലകൻമാഷിന്റെ പാച്ചിലും പ്രേമൻ മാഷിന്റെ ഒളിച്ചോട്ടവും......
    ഇനി അൽപം ഗൗരവം പലപ്പോഴും സ്കൂളിൽ ഇത്തരം പ്രകടനങ്ങൾ പ്രഹസനങ്ങളായി തീരാറുണ്ട്..... ഹൈസ്കൂൾ കുട്ടികൾക്കുള്ള പരിപാടിയിൽ യു പി കുട്ടികൾ മുൻബെഞ്ചിൽ സ്ഥാനം പിടിച്ച് ഒപ്പിക്കുന്ന വിക്രിയകൾ നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്......

    മറുപടിഇല്ലാതാക്കൂ
  5. പ്രേമന്‍,സംഗതി നന്നായി.ഒരുപാട് പറയാനുള്ള കാര്യമാണ്.ഇത്തരം പരിപാടികള്‍ നടത്തിയും പരിപാടിക്ക് പോയിട്ടും ഉള്ള അനുഭവം ഏറേയുണ്ട് .
    നടത്താന്‍ പോകുന്ന പരിപാടിയെക്കുറിച്ച് നല്ല ധാരണയുണ്ടാവുക ,നല്ല ഹോംവര്‍ക്ക് ചെയ്യുക,മറ്റൊരാള്‍ ചെയ്തതുപോലെ ഒരിക്കലും ചെയ്യാതിരിക്കുക,സ്വയം ആസ്വദിക്കാന്‍ കഴിയാത്തതൊന്നും ചെയ്യാതിരിക്കുക,ടാര്‍ഗറ്റ് ഗ്രൂപ്പ് തിരിച്ചറിയുക, നോവല്‍ ആയതുമാത്രമേചെയ്യുകയുള്ളൂ എന്ന നിര്‍ബന്ധം പിടിക്കുക..ഇത്രയുമൊക്കെ ആയാല്‍ വലിയ ഉയരങ്ങളിലെക്കും മാനങ്ങളിലേക്കുംഎത്താനാവും എന്നാണന്നുഭവം .ഒരു ദിവസം മുഴുവന്‍ ചര്‍ച്ച ചെയ്യാനുള്ള കാര്യമാണ്;അതിനുള്ള കോപ്പും ഉണ്ട് കയ്യില്‍.ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. ഇത് സ്കൂളുകളില്‍ സ്ഥിരം നടക്കുന്നതാണ്. ഒരു ടീചെരെങ്ങിലും ക്ലാസ്സില്‍ ഉണ്ടായത് ഭാഗ്യം. സാധാരണ അങ്ങനെയും ഉണ്ടാകാറില്ല.

    മറുപടിഇല്ലാതാക്കൂ
  8. പ്രേമന്‍ മാഷ്‌ ഈ അടുത്ത കാലത്ത് ഇത്രയേറെ ആസ്വദിച്ച മറ്റൊരു കുറിപ്പില്ല. കണ്ണാടിയില്‍ കാണുന്നത് പോലെ ഞങ്ങളുടെ മുഖം കണ്ടു . സന്തോഷം. നന്ദി

    മറുപടിഇല്ലാതാക്കൂ
  9. പ്രേമാ,എന്തെങ്ങിലും പൊതു പരിപാടി സ്കൂളുകളില്‍ ആസൂത്രണം ചെയ്യുന്ന മിക്കവര്‍ക്കും ഉണ്ടാവാന്‍ സാധ്യതയുള്ള അനുബവമാണ് നീ വരച്ചിട്ടത് .നന്നായി ...ചില പ്രായോഗിക നിര്‍ദേശങ്ങള്‍ കൂടി കൊടുക്കാമായിരുന്നു .ഡി .വി ഡി പ്ലയെരും പ്രോജെക്റെരും മറ്റും സ്ഥിരമായി സെറ്റ് ചെയ്യുന്നത് പോലുള്ള കാര്യങ്ങള്‍ .എഴുത്തുകാരെയും ചിന്തകരെയും മറ്റും സ്കൂളില്‍ വിളിക്കുമ്പോള്‍ പൊതു പരിപാടി ആക്കാതെ താല്പര്യമുള്ളവരെ വെച്ച് നടത്തുന്നതാണ് നല്ലത് .അതിനു വിഗതമായി നില്‍ക്കുന്നത് സ്കൂളുകാരുടെ പത്രപരസ്യ താല്പര്യമാണ് .മിക്ക സ്കൂളുകാരും എന്തെങ്കിലും പരിപാടി നടത്തുന്നത് തെന്നെ പിറ്റേന്ന് ഞെളിഞ്ഞു നില്‍ക്കുന്ന ഫോടോ പത്രത്തില്‍ വരാനാണ് .പിന്നെ സെനിയെര്സിനും മറ്റും വെറ്റില വെക്കുന്ന കാര്യം പറഞ്ഞത് ഇഷ്ട്ടായി .നല്ല പോസ്റ്റ്‌ .

    മറുപടിഇല്ലാതാക്കൂ
  10. ശരിയായ ആസൂത്രണത്തിന്റെ അഭാവമാണ് ഇത്തരം പ്രശ്‌നങ്ങളുടെ കാരണം. കുട്ടികള്‍ക്ക് താത്പ്പര്യമുണ്ടോ എന്നു നോക്കാനും ഇല്ലെങ്കില്‍ അവരില്‍ താത്പ്പര്യം ജനിപ്പിക്കാനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്താതെയുള്ള ഏതു പഠന-പഠനാനുബന്ധപ്രവര്‍ത്തനങ്ങളുടേയും ഗതി ഇതായിരിക്കും. ചിലപ്പോള്‍ നമ്മോളോടുള്ള സ്‌നേഹം കൊണ്ട് കുട്ടികള്‍ മിണ്ടാതടങ്ങിയിരുന്നേക്കാം, അതുകൊണ്ടും പ്രയോജനമൊന്നുമില്ല.
    ............................
    അനുബന്ധം :
    നിനക്ക് ഇതുതന്നെ കിട്ടണം. തിലകനും. ഇനിയെങ്കിലും വേണ്ടാത്ത കുണ്ടാമണ്ടികളൊക്കെ പാഠപുസ്തകത്തില്‍ തിരുകി വയ്ക്കുമ്പോള്‍ ആലോചിക്കമല്ലോ!

    മറുപടിഇല്ലാതാക്കൂ
  11. പ്രേമേട്ടാ...
    ഈ എഴുതതിനു ഒരു ചെറു കഥ വായിക്കുന്ന സുഖം ഉണ്ട്. തിലകന്‍ മാഷുടെ ഓരോ ചലനവും സിനിമയില്‍ എന്ന പോലെ മുന്നില്‍ കാണാന്‍ കഴിയുന്നു. എഴുതിന്ടെ ഉള്ളടക്കം വാസ്തവം !

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2012, ജൂലൈ 29 8:28 AM

    പുതിയ ബോധന രീതിയെക്കുറിച്ചും സിലബസ് മാഹാല്മ്യത്തെക്കുറിച്ചും ഒക്കെ ഘോരഘോരം ലേഖനങ്ങള്‍ പടച്ചുവിടുന്ന പ്രേമന്‍ മാഷിന്റെയും തിലകന്‍ മാഷിന്റെയും ഒക്കെ കയ്യിലിരിപ്പും സ്കൂളിലിരിപ്പും ഒക്കെ ഇങ്ങനെയോക്കെയാണെന്നു എഴുതിയതില്‍ നന്ദിയുണ്ട് സാര്‍ ... ഇത്രയും കാലം inferiority complex കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാത സുഹൃത്തേ,
      'പുതിയ ബോധന രീതിയെക്കുറിച്ചും സിലബസ് മാഹാല്മ്യത്തെക്കുറിച്ചും'എഴുതുമ്പോള്‍ തന്നെ അവയിലെ പല നടപ്പ് ദോഷങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. ഈ ലേഖനത്തിന്റെ അന്തസത്തയും അതുതന്നെയല്ലേ..പിന്നെ ഒരു സ്കൂളില്‍ ,പഠിക്കുന്നതിനുള്ള ഒരു പാഠഭാഗത്തിന്റെ ഡോക്യുമെന്ററി കാണിക്കാന്‍ പോയതാണോ അതിനു അവിടുത്തെ ഒരു സുഹൃത്ത് അതിനു ശ്രമിച്ചതാണോ അപരാധം എന്ന് മനസ്സിലാകുന്നില്ല. എന്തായാലും നന്ദി. ലേഖനങ്ങള്‍ പടച്ചുവിടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചോളാം എന്ന് മാത്രം.

      ഇല്ലാതാക്കൂ
    2. അജ്ഞാതന്‍2012, ജൂലൈ 29 12:27 PM

      ഒരു അപരാധവും സാറ് ചെയ്തിട്ടില്ല. പഠിക്കേണ്ട സമയത്ത് പഠിക്കുകയും നല്ല മാര്‍ക്ക് ലഭിക്കുകയും( തന്നെ തന്നെ... byheart പടിപ്പൂ തന്നെ ...) ഒക്കെ ചെയ്തിട്ടും ഒരു ദുബായ്ക്കാരന്റെ ഭാര്യയായിപ്പോകുകയും അദ്ദേഹത്തിന്റെ വെയിലുകൊണ്ട് വിയര്‍ത്ത കാശ് കൊടുത്തു ഒരു aided സ്കൂളില്‍ ജോലി തരപ്പെടുത്തുകയും ചെയ്ത എന്നെപ്പോലെയുള്ള മന്ദബുദ്ധികളാണ് പുതിയ വിദ്യാഭ്യാസ രീതിക്ക് തുരങ്കം വെക്കുന്നത് എന്നൊക്കെ സാര്‍ വലിയ വിവരമുള്ളവര്‍ വായിക്കുന്ന വാരികളില്‍ എഴുതിയത് കണ്ടപ്പോള്‍ അപകര്‍ഷതാബോധം കൊണ്ട് ചൂളിപ്പോകുമായിരുന്നു. പക്ഷെ ക്ലാസ്സുമുറിയില്‍ നമ്മളെപ്പോലുള്ള ശരാശരിക്കാര്‍ക്ക് അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ സാറിനെപ്പോലുള്ള വലിയ ആളുകള്‍ക്കും ഉണ്ടാകുന്നണ്ടല്ലോ എന്നറിഞ്ഞപ്പോള്‍ കുറച്ചു ആശ്വാസം തോന്നി. എന്ന് കരുതി സാറ് നിര്‍ത്തേണ്ട... പരിഹാസവും പഴിചാരലും മറ്റുള്ളവര്‍ മണ്ടന്മാരെന്ന പ്രസ്താവനകളും തുടരട്ടെ, ഒരു വാശി കയറി നമ്മളും നന്നായാലോ...!

      ഇല്ലാതാക്കൂ
    3. സുഹൃത്തേ,
      ദുബായ്ക്കാരന്റെ ഭാര്യ എന്നത് മാത്രമാണ് താങ്കളെ മനസ്സിലാക്കാനുള്ള ഇതിനകത്തുള്ള ഒരു 'ക്ലൂ'.. പിന്നെ aided സ്കൂളില്‍ ജോലി ചെയ്യുന്ന ഒരു അധ്യാപിക എന്നും. അങ്ങിനെ മാത്രം എന്തായാലും ചുരുക്കേണ്ട ഒരാളല്ല എന്ന് ഈ എഴുത്തില്‍ നിന്നും തെളിയുന്നു."....aided സ്കൂളില്‍ ജോലി തരപ്പെടുത്തുകയും ചെയ്ത എന്നെപ്പോലെയുള്ള മന്ദബുദ്ധികളാണ് പുതിയ വിദ്യാഭ്യാസ രീതിക്ക് തുരങ്കം വെക്കുന്നത് " എന്ന് എഴുതിയിട്ടില്ല. പൊതുവില്‍ ഞാന്‍ അടക്കമുള്ള അധ്യാപക സമൂഹത്തിന്റെ ചില പ്രശ്നങ്ങള്‍ ,പരിമിതികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടാകാം." ..പരിഹാസവും പഴിചാരലും മറ്റുള്ളവര്‍ മണ്ടന്മാരെന്ന പ്രസ്താവനകളും".. ആണ് എന്റെ എഴുത്തുകള്‍ എന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. എഴുത്തിന്റെയോ വായനയുടെയോ പ്രശ്നമാവാം.. നന്ദി.

      ഇല്ലാതാക്കൂ
    4. അജ്ഞാതന്‍2012, ജൂലൈ 29 5:56 PM

      പേരും മേല്‍വിലാസവും വെളിപ്പെടുത്താതെ ഇതെഴുതുന്നത് നാണംകെട്ട പണിയാനെന്നറിയാം സാര്‍ . സത്യം പറഞാല്‍ താങ്കളെയും താങ്കളുടെ ക്രൂവിനെയും നേരിടാനുള്ള ചങ്കുറപ്പ് ഇല്ലാത്തതുകൊണ്ട് തന്നെയാണ് ഇ സൂത്രപ്പണി. സാറിനെ കുറ്റപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല. അങ്ങനെ തോന്നിയെങ്കില്‍ സോറി , മതിയാക്കി. പണികള്‍ പലതും ബാക്കികിടക്കുന്നു. ഞായറാഴ്ചത്തെ തുണി കഴുകലും പാത്രം കഴുകലും പര്യവസാനിച്ചിട്ടില്ല. പാഠപുസ്തകത്തിലെ ജെന്റര്‍ സമവാക്യങ്ങള്‍ പുല്ലു തിന്നില്ലല്ലോ! ഒരിക്കല്‍ കൂടി സോറി സാര്‍ .

      ഇല്ലാതാക്കൂ
    5. സുഹൃത്തേ,
      സോറിയുടെ ആവശ്യം തീരെയില്ല.. ചില തെളിച്ചങ്ങള്‍ താങ്കളുടെ എഴുത്തില്‍ നിന്നും ലഭിച്ചു.. എന്തായാലും വായിക്കാനും ഇത്രയും പറയാനും കാണിച്ച സന്മനസ്സ് നൂറു ശതമാനം തിരിച്ചറിയുന്നു. നന്ദി.. എന്തെങ്കിലും എഴുതിയാല്‍ വീണ്ടും വരണം എന്ന് അപേക്ഷ..

      ഇല്ലാതാക്കൂ
  13. കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ച് പലതും മൻസിലാക്കാൻ പ്രേമൻ മാഷിന്റെ ബ്ലോഗ് ഉപകരിക്കുമെന്ന് ഞാൻ കഴിഞ്ഞ പോസ്റ്റിലും എഴുതിയിരുന്നു.
    ഞങ്ങളൊക്കെ ഇവിടെ(സൌത്താഫിക്ക) വിദ്യാഭ്യാസ സെമിനാറുകളിലും വർക്ക്ഷോപ്പുകളിലും പങ്കെടുക്കുമ്പോൾ അടിവരയിട്ടു പറയുന്ന കാര്യങ്ങളിൽ ഒന്നാണ്. If you do not plan, you plan to fail. എന്നാൽ എത്ര പരിശ്രമിച്ചാലും 100% എത്താറില്ല എന്ന ചിന്ത പലപ്പോഴും ഉണ്ടാകാറുണ്ട്.

    എന്നാലും മുഖ്യാതിധി എത്തിക്കഴിഞ് പരിപാടി പ്ലാൻ ചെയ്യാൻ പോകുന്നത് ഇത്തിരി കടന്ന കൈയ്യായി. 2007/8ൽ.

    അതെ, മാഷു പറഞ്ഞതു പോലെ, ഇതിനെക്കുറിച്ചൊക്കെ എഴുതണം. തോൽക്കാനും അവസരം ഉണ്ടാകാണം. അപ്പോഴാണ് യദ്ധാർഥത്തിൽ പ്ഠിക്കുന്നത്, പക്ഷെ നമ്മൂടെ നാട്ടിൽ അതിനവസരമില്ല്, എല്ലാവരും 100% എന്നങ്ങു കരുതും. തോക്കുകയും തോല്വിയിൽ നിന്നു പഠിച്ച് ജയിക്കയും ചെയ്യട്ടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രസന്നാ രാഘവന്‍
      സൌത്താഫിക്കയില്‍ നിന്നുള്ള ഈ എഴുത്ത് നന്നായി. സ്കൂളിലെ പല പരിപാടികളും കെട്ടുകാഴ്ചകള്‍ മാത്രമായിപ്പോകുന്നതിലുള്ള ചില പ്രയാസങ്ങലാണ് കുരിപ്പിലേക്ക് നയിച്ചത്.. അവിടുത്തെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചില ആശയങ്ങള്‍ പങ്കുവെക്കാമല്ലോ.. കഴിഞ്ഞ കമന്റും വളരെ നല്ലതായിരുന്നു. നന്ദി.

      ഇല്ലാതാക്കൂ
  14. പ്രേമാ കുറിപ്പ് കസറി. പ്രതികരണങ്ങളില്‍ ചിലത് പല കാരണങ്ങളാലും ശ്രദ്ദേയം ആയി. ആളുകള്‍ എങ്ങിനെ വായിക്കുന്നു എന്നതിന് മികച്ച ഉദാഹരണങ്ങള്‍.... പ്രതികാരദാഹികള്‍ കാത്തിരിപ്പുണ്ടെന്ന് ഈ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു... കുറച്ചു സൂക്ഷിച്ചോ കൊടിസുനിമാര്‍ ഉണ്ടാവും

    മറുപടിഇല്ലാതാക്കൂ