2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ഹോം വര്‍ക്കുകളില്‍ അടക്കം ചെയ്യപ്പെടുന്നത്


സമകാലിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവരാത്ത, ഇന്ന് ആരെങ്കിലും എഴുതുകയോ പറയുകയോ ചെയ്യാന്‍ സാധ്യതയില്ലാത്ത വാക്കാണ് 'ഗൃഹപാഠം' എന്നത്. പുതിയ തലമുറയിലെ അധ്യാപകരെ സംബന്ധിച്ചുപോലും അപരിചിതമായ ഒരു പദമായിരിക്കുമത്; പിന്നെയല്ലേ കുട്ടികളുടെ കാര്യം. സത്യത്തില്‍ ഒരുപാട് അര്‍ത്ഥത്തിലേക്ക്  കാലുനീട്ടിയിരിക്കുന്ന ഒരു പഴഞ്ചന്‍ വാക്കാണ് ഗൃഹപാഠം. ഹോം വര്‍ക്ക് എന്നതിന്റെ മലയാളം മാത്രമല്ല അത്. ഗൃഹത്തില്‍ നിന്ന് പഠിക്കുന്ന എല്ലാ പാഠവും ഗൃഹപാഠത്തില്‍പ്പെടും. അല്ലെങ്കില്‍ ശരിയായ പഠനം ഗൃഹത്തില്‍ നിന്നും അതിന്റെ പരിസരത്തില്‍ നിന്നും തന്നെയല്ലേ? വലിയ ജീവിതപാഠങ്ങള്‍ വിദ്യാലത്തിന്റെ ഇടുങ്ങിയ ചുമരുകള്‍ക്കകത്തുനിന്നല്ല കുട്ടികള്‍ ആര്‍ജ്ജിക്കുന്നത് എന്നത് പുതിയ പാഠ്യപദ്ധതിക്കാലത്ത് കണ്ടുപിടിക്കപ്പെട്ട വന്‍കരയൊന്നുമല്ല എന്നതിന്റെ തെളിവ് കൂടിയാണ് ഈ പദം.

'പാഠം' എന്നത് പുതിയ ഭാഷയില്‍ 'ടെക്സ്റ്റ്' ആണ്. അപ്പോള്‍ ഗൃഹമാണ് ശരിയായ ടെക്സ്റ്റ്. അതിനെ ഇഴപിരിച്ചും അതില്‍ അടങ്ങിയ നാനാതരം ബന്ധങ്ങള്‍ സൂക്ഷ്മവിശകലനം ചെയ്ത് അര്‍ത്ഥങ്ങള്‍ നിര്‍മ്മിച്ചും ആണ് നാം പഠിക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാനകാഴ്ചപ്പാടിന്റെ വികാസം വീടിനെയും അത് മുന്‍ നിര്‍ത്തുന്ന സംസ്‌കാരത്തെയും അടിസ്ഥാനമാക്കിയായിരിക്കും എന്നത് മനശ്ശാസ്ത്രതത്വങ്ങളും അടിവരയിടുന്ന ഒന്നാണ്. ലോകത്തെത്തന്നെ ഒരു പക്ഷിക്കൂടായി  വിഭാവനം ചെയ്യുന്ന ഒരു ജ്ഞാനസംസ്‌കാരത്തിന് അനുയോജ്യവുമാണ് ഇത്തരം ചിന്തകള്‍.

പദത്തിന്റെ നിരുക്തി നുണഞ്ഞിരിക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. ഗൃഹപാഠം എന്ന പഴയ വാക്ക് കൊണ്ട് അര്‍ത്ഥമാകിയ ഒന്നും പുതിയ ഹോം വര്‍ക്കുകളും പ്രവര്‍ത്തനം കൊണ്ട് ഒന്നുതന്നെയാണോ എന്ന് വിചാരപ്പെടുകയാണ്. പഴയ ഗൃഹപാഠങ്ങള്‍  മറന്നു പോകാത്ത ആളുകള്‍ക്ക് മാത്രമേ ചിലപ്പോള്‍ ഈ വ്യത്യാസം പോലും പ്രസക്തമാകൂ. എന്തൊക്കെയാണ് ഹോം വര്‍ക്ക് എന്ന നിലയില്‍ നാം പൂത്തീകരിച്ചിരുന്ന പഴയ ഗൃഹപാഠങ്ങള്‍. കോപ്പിയെഴുത്ത്, നോക്കിയെഴുത്ത്, അപൂര്‍വ്വമായി കിട്ടുന്ന ഇമ്പോസിഷന്‍ എന്ന ശിക്ഷയുണ്ടെങ്കില്‍ അത്, ഗുണകോഷ്ടം കാണാതെ ചൊല്ലല്‍, പദ്യം കാണാതെ  പഠിക്കല്‍, ചില കണക്കുകള്‍ ചെയ്യല്‍ എന്നിവയില്‍ അത് ഒതുങ്ങി നിന്നിരുന്നു. ഗൃഹപാഠമൊന്നും ഇല്ലേ എന്ന ചോദ്യത്തില്‍ വീട്ടുകാരുടെ പഠനത്തിലുള്ള ഉത്തരവാദിത്വം അന്ന് തീര്‍ന്നിരുന്നു. കുട്ടിയുടെ ഇടത്തും വലത്ത് നിന്ന് പാഠപുസ്തകങ്ങളും ഗൈഡുകളും കമ്പോടു കമ്പ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പുതിയ പാരന്റിംഗ് കാലത്ത് അവിശ്വസനീയമായ ഒന്നായിരിക്കും ഇത്.

ഗൃഹപാഠങ്ങള്‍ അന്ന് കുട്ടിക്കുതന്നെ ചെയ്തു തീര്‍ക്കാവുന്നതെയുണ്ടായിരുന്നുള്ളൂ. ഗൃഹപാഠം ചെയ്തു തീര്‍ക്കാത്തതിന്റെ പേരില്‍ ക്ലാസിനു പുറത്താക്കുകയോ മണിക്കൂറുകളോളം ബോര്‍ഡിനോ, ചുമരിനോ ചാരിനിര്‍ത്തുകയോ കൈവെള്ള തിണര്‍ത്തു പോങ്ങുമാറ് ചൂരല്‍ വീഴുകയോ ചെയ്തിരുന്നില്ല. ക്ലാസില്‍ ചെയ്തുതീര്‍ത്ത ക്രിയകളുടെ തുടര്‍ച്ചയായ ചില കണക്കുകളായിരുന്നു മിക്കപ്പോഴും അവ. പദ്യം മനപ്പാഠമാക്കലും ഗുണകോഷ്ടം ചോല്ലിപ്പിക്കലും അതിന്റെ താളം കൊണ്ട് വീട്ടുകാര്‍ പോലും ആസ്വദിച്ചിരുന്നു.
ഇന്ന് നല്ല വിദ്യാഭ്യാസത്തിന്റെ തെളിവുതന്നെ അദ്ധ്യാപകന്‍ നല്‍കുന്ന ഹോം വര്‍ക്കുകളുടെയും കുട്ടി അതിനു മുന്നില്‍ കുത്തിയിരിക്കുന്ന സമയത്തിന്റെയും അളവാണ്. അധ്യാപകന്റെ കണ്ണിലെ കുട്ടിയുടെ ഏറ്റവും പ്രധാനമായ ഗുണം ഹോം വര്‍ക്കുകള്‍ കൃത്യമായി ചെയ്യുന്നു എന്നതും ഏറ്റവും തല തെറിച്ചവന്റെ / അവളുടെ തെളിവ് ഇവ ചെയ്തുവരുന്നില്ല എന്നതുമാണ്. എപ്പോഴാണ് നമ്മുടെ കുട്ടികള്‍ അന്തമില്ലാത്ത പുസ്തകക്കെട്ടുകളുടെയും തീരാത്ത ഹോം വര്‍ക്കുകളുടെയും ഭാരത്തിനു കീഴെ ഞെരിഞ്ഞമരാന്‍ തുടങ്ങിയത്?
വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന മലയാളിയുടെ കാഴ്ചപ്പാട് പുതിയ ലായത്തിലേക്ക് മാറുന്നത് ആഗോളവത്കരണത്തിന്റെ തേരോട്ടക്കാലത്താണ്. നഗരകേന്ദ്രിതമായി നിലനിന്നിരുന്ന സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നമ്മുടെ ഗ്രാമങ്ങളിലേക്ക് വരെ ചേക്കേറി. നമ്മുടെ സാധാരണ സ്‌കൂളുകളിലെ പഠനം, പരീക്ഷ മുതലായവയെ അന്ന് രക്ഷകര്‍ത്താക്കളോ കുട്ടികളോ അധ്യാപകര്‍ പോലുമോ ജീവത്പ്രധാനമായ ഒരു സംഗതിയായി പരിഗണിച്ചിരുന്നില്ല. പത്താം ക്ലാസിലെ പൊതുപരീക്ഷ മാത്രമായിരുന്നു വിലയിരുത്തലിന്റെ അവസാന വാക്ക്. മോഡറേഷനും ഗ്രൂപ്പ് ചേര്‍ക്കലും എല്ലാം കൂടി ഇരുനൂറ്റിപ്പത്ത് തികയുന്നവര്‍ അറുപതു ശതമാനത്തില്‍ താഴെയായിരുന്നു. അമ്പതു ശതമാനം മാര്‍ക്ക് തന്നെ ഉപരിപഠനത്തിനു നല്ലമാര്‍ക്കായി.
പുത്തന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പഠനത്തിന്റെ ആന്തരികമായ ഗുണനിലവാരത്തിലല്ല കണ്ണ് വെച്ചത്. പഠനം എന്നത് അവര്‍ക്ക് മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു പരസ്യമോ ഉത്പന്നമോ ആയിരുന്നു. അതുകൊണ്ട് തന്നെ പൊതുസമൂഹത്തെ അക്കാര്യം ബോധ്യപ്പെടുത്തലായിരുന്നു അവരുടെ മുഖ്യ അജണ്ട. അതിനുള്ള ഒന്നാമത്തെ വഴിയായിരുന്നു ഹോം വര്‍ക്കുകള്‍. രാവേറെ ഇരുന്നാലും തീരാത്ത ഹോം വര്‍ക്കുകള്‍ പണം മുടക്കുന്ന രക്ഷകര്‍ത്താക്കളെ സന്തോഷിപ്പിക്കാനായിരുന്നു. വിദ്യ വാങ്ങിക്കുന്നവനും കൊടുക്കുന്നവനും തമ്മില്‍ കൂടുതല്‍ ആത്മാര്‍ഥത കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ഇടയില്‍ ഞെരിഞ്ഞമര്‍ന്നത് പാവം കുട്ടിയായിരുന്നു. ഈ രീതിശാസ്ത്രത്തിന്റെ വ്യാപനമാണ് പൊതു വിദ്യാലയങ്ങളിലെക്കും നീണ്ടത്. അപ്പോഴേക്കും പഠനത്തിലെ ശ്രദ്ധ പൊതുവിദ്യാഭ്യാസത്തിലും ആവശ്യപ്പെട്ട രക്ഷകര്‍ത്താക്കളും, സി ബി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ അധ്യാപനത്തിന്റെ വലിയ മാതൃകയായി കാണാന്‍ തുടങ്ങിയ പൊതുവിദ്യാലയത്തിലെ അധ്യാപകരും ഹോം വര്‍ക്കുകളെ മികവിന്റെ മുദ്രയായി  വായിക്കാന്‍ തുടങ്ങി. ഹോം വര്‍ക്ക് ചെയ്യാത്തതിന് കിട്ടിയ അടിയേറ്റു പൊള്ളിയ കൈവെള്ളയുമായി വീട്ടിലെത്തിയ കുട്ടിക്ക് ആശ്വാസത്തിന് പകരം അതില്‍ മുളക് തേക്കുന്ന ചീത്തയാണ് അവിടെനിന്നും കിട്ടിയത്.

 
പാഠ്യപദ്ധതിയുടെ മാറ്റം ഏട്ടിലെങ്കിലും കുട്ടിയെ കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടും ഈ അവസ്ഥയ്ക്ക് അടിസ്ഥാനപരമായ മാറ്റം വല്ലതുമുണ്ടായോ? ശിശുകേന്ദ്രിത വിദ്യാഭ്യാസരീതിക്കായി വാദിച്ച എല്ലാ വിദ്യാഭ്യാസ കമ്മീഷനുകളും അമിതമായ ഹോം വര്‍ക്കുകള്‍ നിരോധിക്കണം എന്ന് ഉറപ്പിച്ചു പറഞ്ഞു. ഭാരരഹിതമായ പഠനം (learning without burden) എന്ന ആശയം മുന്നോട്ടു വെച്ച പ്രൊഫ്. യശ്പാല്‍ കമ്മീഷന്‍, ഹോം വര്‍ക്കുകള്‍ നശിപ്പിച്ചു കളയുന്ന കുട്ടിയുടെ വൈകാരികവും സ്വാഭാവികവുമായ വളര്‍ച്ചയെ മുന്‍നിര്‍ത്തി, നാലാംക്ലാസ് വരെയുള്ള കുട്ടികളെ സ്‌കൂള്‍ ബാഗുകള്‍ വീട്ടിലേക്കു കൊണ്ടുപോകാന്‍ പോലും അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വെച്ചത്. ഈ നിര്‍ദ്ദേശം നടപ്പാക്കാന്‍ സി ബി എസ് ഇ ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും നമ്മുടെ നാടന്‍ സി ബി എസ് ഇ സ്‌കൂളുകള്‍ ഓരോ വര്‍ഷം കഴിയുംതോറും അതിന്റെ കനം കൂട്ടിക്കൂട്ടി വന്നതേയുള്ളൂ.
ഒരു പുതിയ രീതിശാസ്ത്രവും അതിന്റെ പ്രക്രിയകളും പഴയ രീതിയില്‍ നടപ്പിലാക്കിയാല്‍ അത് എങ്ങിനെ ഇരട്ടിവിഷമാകും എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ നമ്മുടെ പൊതുവിദ്യാലയത്തിലെ ഹോം വര്‍ക്കുകള്‍. പഠനം എന്നത് പ്രവര്‍ത്തനങ്ങളിലൂടെയും പ്രക്രിയകളിലൂടെയും നടക്കുന്ന ഒന്നാണ് എന്നതാണ് പുതിയ പഠനരീതിയുടെ അടിസ്ഥാന സങ്കല്പനം. പാഠപുസ്തകങ്ങളില്‍ അതുകൊണ്ടുതന്നെ പാഠത്തേക്കാള്‍  പ്രാധാന്യത്തോടെ പഠന പ്രവര്‍ത്തനങ്ങളായിരിക്കും നല്‍കിയിട്ടുണ്ടാവുക. ഒരു പ്രവര്‍ത്തനം ക്ലാസില്‍ അവതരിപ്പിക്കുന്നതിനു ചില പഠനപ്രശ്‌നങ്ങള്‍ നല്കിയിട്ടുണ്ടാകും. അത്തരം ചോദ്യങ്ങള്‍ പോലും ഹോം വര്‍ക്കുകളായി നല്‍കിവിടുന്ന അധ്യാപകരുണ്ട്. പാഠം വായിച്ച് കുട്ടി എന്ത് മനസ്സിലാക്കി എന്ന് തിരിച്ചറിയാന്‍ നല്‍കുന്ന അവധാരണ ചോദ്യങ്ങളാണ് അവ എന്നാണ് പലരും തെറ്റിദ്ധരിക്കുന്നത്. ചുരുങ്ങിയത് താന്‍ പഠിപ്പിക്കുന്ന വിഷയത്തിന്റെ അധ്യാപക സഹായിയെങ്കിലും വായിച്ചു നോക്കാന്‍ ക്ഷമയും താത്പര്യവും കാണിക്കാത്ത ഇവരെയും അധ്യാപകരെന്ന നിലയില്‍ നാം സഹിച്ചേ പറ്റൂ. ക്ലാസ്സില്‍ പൊതുവായി ചര്‍ച്ച ചെയ്യാന്‍ മാത്രം നിര്‍ദ്ദേശിച്ച ചോദ്യങ്ങളും ഹോം വര്‍ക്കുകള്‍! ചര്‍ച്ചയുമില്ല; സംവാദവുമില്ല!

പുതിയ പാഠപുസ്തകങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കുന്ന സൗകര്യം അതില്‍ വലിയ ആശയ വിശദീകരണങ്ങള്‍ കൊടുത്തിട്ടില്ല എന്നതാണ്. എന്നുവച്ച് ആശയങ്ങള്‍ അവയിലില്ല എന്ന അര്‍ത്ഥമില്ല. ഒരു ആശയം (concept) കേവലം ഒരു വിവരണമായി നല്‍കുകയല്ല അതിന്റെ രീതി. പല പ്രക്രിയകളിലൂടെ അത് കുട്ടിയുടെതായി മാറുകയാണ് ചെയ്യേണ്ടത്. അതിനായുള്ള ഒരു ചോദ്യം മാത്രമായിരിക്കും പാഠപുസ്തകത്തില്‍ ഉണ്ടാവുക. ആ ചര്‍ച്ചയില്‍ എന്തൊക്കെ ഉയര്‍ന്നു വരണം, ഏതൊക്കെ തലത്തിലുള്ള അന്വേഷണങ്ങള്‍ വേണം എന്നൊക്കെ അധ്യാകസഹായിയില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടാവും. ഇത് പ്രാവര്‍ത്തികമാക്കുക അധ്യാപകന്റെ മിനിമം ജോലിയാണ്. തന്റെ ജോലിയോട് പ്രതിബദ്ധതയുള്ള ഒരധ്യാപകന്‍ അത് അവിടെനിന്നും എത്രയോ വളര്‍ത്തി വിദ്യാര്‍ത്ഥിയില്‍ ഒരു മനോഭാവരൂപീകരണം തന്നെ സാധിച്ചേക്കാം. നിര്‍ഭാഗ്യവശാല്‍ അത്തരം ചര്‍ച്ചയ്ക്കുള്ള ചോദ്യം കാണുന്നിടത്തെല്ലാം ഹോം വര്‍ക്ക് എന്നെഴുതി വിടുന്നവരാണ് കൂടുതല്‍ എന്നതാണ് നമ്മുടെ ദുര്യോഗം.

ഹാന്‍ഡ്ബുക്കുകള്‍  അധ്യാപകരുടെ മാത്രം കൈമുതലാണെന്നാണ് ഇപ്പോഴും പല സുഹൃത്തുക്കളും വിചാരിച്ചിരിക്കുന്നത്. ജില്ലാ ടെക്സ്റ്റ്ബുക്ക് ഡിപ്പോയില്‍ ചെന്നാല്‍ ഏതൊരു രക്ഷകര്‍ത്താവിനും ലഭിക്കുന്നതേയുള്ളൂ അത്. പല രക്ഷകര്‍ത്താക്കളുടെയും കയ്യില്‍ അതുണ്ട്. ഒരു പ്രവര്‍ത്തനത്തിന്റെ വഴികള്‍ എങ്ങിനെയാണ് അതില്‍ വിശദീകരിച്ചിരിക്കുന്നത് എന്ന് അവര്‍ക്ക് അറിയാം. ആശയതലത്തിലുള്ള ഒരു ചര്‍ച്ചയും നടത്താതെ, ആവശ്യമായ വിശദീകരണങ്ങളൊന്നും നല്‍കാതെ ടെക്സ്റ്റില്‍ ചോദ്യം കാണുന്നിടത്തെല്ലാം ഹോം വര്‍ക്ക് എന്നെഴുതി വിടുന്ന അധ്യാപകരെ അവര്‍ സഹതാപത്തോടെയാണ് കാണുന്നത്. പൊതുചര്‍ച്ചകളായും  സംവാദമായും അന്വേഷങ്ങളായും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ ഹോം വര്‍ക്കുകള്‍ എന്നെഴുതി വിടുന്ന അധ്യാപകര്‍ നശിപ്പിക്കുന്നത് പുതിയ പാഠ്യപദ്ധതിയുടെ സ്പിരിറ്റിനെ തന്നെയാണ്; പൊതുവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ തന്നെയാണ്. പുതിയരീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അധ്യാപകര്‍ പരിഗണിക്കുന്നേയില്ല. നേരത്തെ ഗൃഹപാഠങ്ങളില്‍ ചെയ്തത് പോലെ ലളിതമായ സഹായം കൊണ്ട് പരിഹരിക്കാവുന്നതല്ല ഇന്നത്തെ പഠനപ്രശ്‌നങ്ങള്‍. അവ പല പഠനസാമഗ്രികള്‍ പ്രയോജനപ്പെടുത്തി, പുസ്തകങ്ങള്‍ ഉപയോഗിച്ച് ചര്‍ച്ചയും ആശയ വ്യക്തതയും വരുത്തേണ്ടതായിരിക്കും. സ്‌കൂളില്‍ വെച്ച് മാത്രമേ  ഇത് ചെയ്യാന്‍ കഴിയുകയുള്ളൂ. പലപ്പോഴും സംഘമായി ചര്‍ച്ച ചെയ്യുമ്പോഴായിരിക്കാം മുന്നോട്ടു പോകാനുള്ള വഴികള്‍ തെളിയുക. ക്ലാസ്സില്‍ ചര്‍ച്ചചെയ്തു വ്യക്തത വരുത്തിയ ഒരു ആശയം വികസിപ്പിച്ചു ഒരു സമഗ്രരചനയായി മാറ്റുന്നതിനോ പൂര്‍ത്തിയാക്കിയ രചനകളെ മെച്ചപ്പെടുത്താനോ നല്‍കുന്നത് കുട്ടിക്ക് സ്വയം ഏറ്റെടുക്കാവുന്നതേയുള്ളൂ. എന്നാല്‍ പുസ്തകത്തില്‍ ചോദ്യചിഹ്നം കാണുന്നിടത്തെല്ലാം ഹോം വര്‍ക്ക് എന്ന് കോറിയിട്ട് കുട്ടിയെ നിരാലംബനാക്കി വീട്ടിലേക്കു വിടുന്ന അധ്യാപകര്‍ ഉണ്ണുന്ന ചോറിനു നന്ദി കാണിക്കാത്തവരാണെന്നു പറയേണ്ടിവരും.
ഹോം വര്‍ക്കുകളും പഠനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്നു ലോകത്ത് ഒരു അന്വേഷണവും തെളിയിച്ചിട്ടില്ല. വീടും വിദ്യാലയവും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന്റെ കടയ്ക്കല്‍ കത്തിയാവുന്നത് എടുത്താല്‍ പൊങ്ങാത്ത കുട്ടികളുടെ ഈ ഹോം വര്‍ക്കുകള്‍ തന്നെയാണ്. ചില രക്ഷകര്‍ത്താക്കളെങ്കിലും ഹോം വര്‍ക്കുകളെ പഠനമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇവ പഠനമല്ല എന്ന് മാത്രമല്ല, അത്യുല്പാദനം ലക്ഷ്യം വെച്ച,്  ശരിയായ പഠനത്തിനു മേല്‍ തളിക്കപ്പെടുന്ന മാരക കീടനാശിനി കൂടിയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടികളുടെ താത്പര്യത്തെ ഒരു കണികപോലും ഉണര്‍ത്താത്ത, വിരസമായ ഈ ജോലി പലരുടെയും പഠനം തന്നെ അവസാനിപ്പിക്കാനുള്ള കാരണവുമായിട്ടുണ്ട്.

കുട്ടികള്‍ക്ക് കൊടുത്തുവിടുന്ന തൊണ്ണൂറു ശതമാനം ഹോം വര്‍ക്കുകളും ചെയ്യുന്നത് രക്ഷകര്‍ത്താക്കള്‍ തന്നെയോ അല്ലെങ്കില്‍ അവര്‍ നൂറുശതമാനം സഹായിച്ചോ ആണ്. തനിയെ ചെയ്യുന്ന കുറച്ചു പേരാകട്ടെ തികച്ചും യാന്ത്രികമായാണ് അവ ചെയ്തു തീര്‍ക്കുന്നത്. വീട്ടില്‍ ഇടംവലം നിന്ന് സഹായിക്കാന്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ മിക്കപ്പോഴും ക്ലാസില്‍ അപമാനത്തിന്റെ കയ്പും കുടിച്ച് തലകുമ്പിട്ടു ഹോം വര്‍ക്കുകള്‍ എഴുതാത്ത പുസ്തകവും ഉള്ളം കൈയും നീട്ടിപ്പിടിക്കുന്നു. പുതിയ പുസ്തകങ്ങളിലെ പഠന വസ്തുക്കളോടൊപ്പവും അതിന്റെ രീതിശാസ്ത്രത്തോടോപ്പവും  എത്തിച്ചേരാന്‍ പഴയ പുലികളായ രക്ഷകര്‍ത്താക്കള്‍ക്ക് പോലും ആവുന്നില്ല. പിന്നെ എളുപ്പത്തില്‍ ചെയ്യാവുന്നത് ഗൈഡ് മാസികകള്‍ ഉദാരമായി വിതരണം ചെയ്യുകയാണ്. മിക്കപ്പോഴും പകര്‍പ്പെടുക്കലും കേട്ടെഴുത്തും മാത്രമായി മാറുന്നു, എത്രയോ ആലോചിച്ചു പാഠപുസ്തകങ്ങളില്‍ നല്‍കിയ പഠന പ്രവര്‍ത്തനങ്ങള്‍.

ഇനി ഏതെങ്കിലും കുട്ടി താത്പര്യപൂര്‍വം ഒരു പ്രവര്‍ത്തനം ഏറ്റെടുത്തു എന്ന് കരുതൂ. അത് ക്ലാസ്സില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടോ? അധ്യാപകന് അത് സൂക്ഷ്മമായി പരിശോധിക്കാന്‍, അതിലെ മെച്ചപ്പെടുത്തേണ്ട വശങ്ങളെക്കുറിച്ച് കുട്ടിയെ ബോധ്യപ്പെടുത്താന്‍, രചനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എവിടെ സമയവും സൗകര്യവും. അന്വേഷണം പലപ്പോഴും ഹോം വര്‍ക്കുകള്‍ ചെയ്‌തോ എന്ന ചോദ്യത്തിലോതുങ്ങും. ചെയ്യാത്തവര്‍ക്ക് ശിക്ഷ നല്‍കണമെങ്കില്‍ തന്നെ നല്ലൊരു സമയം കണ്ടെത്തണം. നല്‍കിയ വിഷയത്തെക്കുറിച്ചും അതിന്റെ രചനാപരമായ സവിശേഷതകളെക്കുറിച്ചും ആഴത്തില്‍ ധാരണയുള്ള ഒരാള്‍ക്കേ ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളൂ. അതുണ്ടെങ്കില്‍ പ്രധാനപ്പെട്ട രചനാപ്രവര്‍ത്തനങ്ങളെ ഹോം വര്‍ക്ക് എന്ന് ലേബലൊട്ടിച്ചു പൊട്ടാതെ, ഉടയാതെ കുട്ടിയുടെ തലയിലേക്ക് എടുത്തുവെക്കില്ലല്ലോ?

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെത്തന്നെ വേരോടെ നശിപ്പിക്കുന്ന മാരകമായ ചില പ്രവണതകള്‍ കൂടിയാണ് ഹോം വര്‍ക്കുകളിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ആത്യന്തികമായി വിദ്യാഭ്യാസത്തിന്റെ ഫലമാകേണ്ടുന്ന നന്മ, സത്യസന്ധത, സുതാര്യത, പരസ്പര ബഹുമാനം, ആര്‍ജ്ജവം എന്നിവയ്ക്ക് പകരം ഇവയ്ക്കു നേര്‍വിപരീതങ്ങളായ പലതുമാണ് ഇവ കുട്ടികളില്‍ പാകി മുളപ്പിക്കുന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ കള്ളം പറയുന്നത് ഹോം വര്‍ക്കുകളുടെ പേരിലാണ്. അഷിതയുടെ 'കല്ലുവെച്ച നുണകള്‍' എന്ന കഥ, ഹോം വര്‍ക്കുകള്‍ചെയ്യാതെ സ്‌കൂളിലെത്തുന്ന കുട്ടി പറയുന്ന കളവുകളെയാണ്  പിന്തുടരുന്നത്.  ഹോം വര്‍ക്കുകള്‍ ചെയ്യുന്നില്ലെന്ന് മാത്രമല്ല അതിനു കാരണമായി അവള്‍ കളവുകളും  പറയുന്നു എന്നും അധ്യാപികമാര്‍ക്ക് പരാതിയുണ്ട്. ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച് ഇതിന്റെ പേരില്‍ അവളുടെ അമ്മ  അപമാനിക്കപ്പെടുന്നു. കഥ അവസാനിക്കുന്നത് മുതിര്‍ന്നവരായ അധ്യാപകരും രക്ഷകര്‍ത്താക്കളും ചെയ്യുന്ന വലിയ കാപട്യങ്ങള്‍ തുറന്നുകാട്ടികൊണ്ടാണ്. അതിസമ്പന്നരായ ആളുകള്‍ക്ക് മാത്രം പഠിക്കാനായി വിദ്യാലയങ്ങള്‍ ഉണ്ടാക്കുന്നതിലും എടുത്താല്‍ പൊങ്ങാത്ത ഹോം വര്‍ക്കുകള്‍ കുഞ്ഞുങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നതിലും കവിഞ്ഞ കുറ്റമല്ല, ചെയ്യാന്‍ കഴിയാത്ത ഹോം വര്‍ക്കുകളെന്നും അവ ചെയ്യാത്തതിന്റെ ശിക്ഷകളില്‍ നിന്നും രക്ഷപ്പെടാന്‍ കുഞ്ഞുങ്ങള്‍ പറയുന്ന നുണകളെന്നും ഇവയ്ക്ക് യഥാര്‍ഥത്തില്‍ ശിക്ഷ ലഭിക്കേണ്ടത് കുഞ്ഞുങ്ങള്‍ക്കല്ല എന്നുമാണ് അഷിത പറയുന്നത്. ഹോം വര്‍ക്കുകള്‍ അച്ഛനുമമ്മയുമാണ് ചെയ്തതെങ്കിലും താനാണവ ചെയ്തത് എന്ന കപടമായ അഭിമാനബോധം അവനില്‍ നിറയ്ക്കുന്ന തെറ്റായ ലോകബോധവും വീക്ഷണങ്ങളും ഒന്നും പരിഗണിക്കപ്പെടുന്നില്ല. ഇങ്ങനെ നന്നായി ചെയ്തുവന്നു അധ്യാപകരുടെ ഓമനയായി മാറുന്ന കുട്ടികളോടുള്ള വെറുപ്പും അസൂയയും നാള്‍ക്കുന്നാല്‍ വര്‍ദ്ധിച്ച് അവരുടെ മനോനില തന്നെ തകരാറിലാകുന്നത് ആരും കാണുന്നില്ല. വാശി, മടി, ദേഷ്യം, വഴക്ക് തുടങ്ങി ഒട്ടു വളരെ ശീലങ്ങള്‍ കനം വെക്കുന്നത് അമിതമായ ഹോം വര്‍ക്കുകളുടെ ഭാരവും അതിന്റെ പേരിലുള്ള അപമാനങ്ങളും ചെറുപ്രായത്തിലെ പേറേണ്ടിവരുന്നത് കൊണ്ടാണ് എന്നതും ആരും തിരിച്ചറിയുന്നില്ല.


പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ തന്നെ ക്ലാസ് മുറിക്കകത്തും പുറത്തും പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്ന സമയത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകും. ഒരു പ്രവര്‍ത്തനം പലപ്പോഴും ക്ലാസ് മുറിക്ക് പുറത്തേക്കുപോകാം. ക്ലാസില്‍ നടക്കേണ്ടുന്ന സംവാദത്തിനുള്ള, അന്വേഷണാത്മകമായ ഒരു പ്രവര്‍ത്തനത്തിനുള്ള വിഭവങ്ങള്‍ തേടിയാകാം, സമൂര്‍ത്തമായ ഒരു പ്രാദേശികാനുഭവം തേടിയാകാം, ദേശത്തിന്റെ മുദ്രകള്‍ പതിഞ്ഞു കിടക്കുന്ന സസ്യങ്ങളോ നാടോടി കലാരൂപങ്ങളോ തിരഞ്ഞാകാം. അതിലൊക്കെ  കുട്ടിയുടെ ജിജ്ഞാസയുടെ താത്പര്യത്തിന്റെ മധുവും പുരണ്ടിരിക്കും. ആ വഴികള്‍ അവര്‍ക്ക് ഹൃദ്യമാകും. അതിലെ രസങ്ങള്‍ അവരുടെ അനുഭവങ്ങളെ തിളക്കമുള്ളതാക്കും. എന്നാല്‍ ഇത്തരത്തിലുള്ള അന്വേഷണങ്ങളല്ല അവര്‍ക്ക് പലപ്പോഴും ക്ലാസ് മുറിക്കു പുറത്ത് ഏറ്റെടുക്കേണ്ടി വരുന്നത്. അത് ഏകതാനമായ, മടുപ്പുളവാക്കുന്ന, കുട്ടികളിലെ ഒരു തരത്തിലുള്ള വൈവിധ്യവും പരിഗണിക്കാതെ നല്‍കപ്പെടുന്ന ഹോം വര്‍ക്കുകളായി മാറിയതാണ് പാഠ്യപദ്ധതിക്ക് നേരിട്ട കുഴപ്പം. കുട്ടിയെ പുസ്തകത്തിനു മുന്നില്‍ ഇരുത്താനായി ക്ലാസ് പി ടി എ കളില്‍ ഹോം വര്‍ക്കുകള്‍ കൂടുതല്‍ നല്‍കാന്‍ ആവശ്യപ്പെടുന്ന രക്ഷകര്‍ത്താക്കളുണ്ട്. അവ നഷ്ടപ്പെടുത്തുന്ന കുട്ടിയുടെ  വൈവിധ്യപൂര്‍ണ്ണമായ അനുഭവങ്ങളെക്കുറിച്ച് ആര്‍ക്കുണ്ട് വേവലാതി. കുട്ടിയെ എല്ലാതരത്തിലുമുള്ള  സാമൂഹികാനുഭാവങ്ങളില്‍ നിന്നും വിലക്കുന്ന റോളുകളാണ് ഇന്ന് ഹോം വര്‍ക്കുകള്‍ക്കുള്ളത്. വീടിനു പുറത്തു മറ്റൊരു ലോകമുണ്ടെന്ന്, ചിലപ്പോള്‍ ഒരു വീടുകൊണ്ടും സ്‌കൂളുകൊണ്ടും പൂരിപ്പിക്കാന്‍ കഴിയാത്ത വിശാലമായ പൊതു ഇടങ്ങളുണ്ടെന്നു അവന് തിരിച്ചറിയാന്‍ കഴിയാത്തത്, ഹോം വര്‍ക്കുകള്‍ അവര്‍ക്കുചുറ്റും തീര്‍ത്ത വേലികള്‍ക്ക് ഉയരം കൂടിയതുകൊണ്ടാണ്. കൂട്ടുകാരുമായും സമൂഹവുമായും ഇടപഴകാനുള്ള, കായികവിനോദങ്ങളിലേര്‍പ്പെടാനുള്ള, ഉയര്‍ന്ന വായനയുടെ അനുഭവലോകത്തിലേക്ക് കുതിക്കുവാനുള്ള എത്ര വിലയേറിയ സമയമാണ്, യാതൊരു ഗൗരവവുമില്ലാതെ നമ്മുടെ അധ്യാപകര്‍ തച്ചുടയ്ക്കുന്നത്. കുട്ടിയുടെ ശരീരത്തിലും മനസ്സിലും രൂപപ്പെടേണ്ടുന്ന ഉറച്ച സിരാപടലങ്ങലെയാണ് ഹോം വര്‍ക്കുകളെന്ന ശവപ്പെട്ടികളില്‍ അവര്‍ അടക്കം ചെയ്യുന്നത്. 

പക്ഷെ, വിദ്യാഭ്യാസത്തില്‍ എന്തിനെക്കുറിച്ചൊക്കെ പരാതികളുണ്ടായാലും രക്ഷിതാക്കള്‍ക്ക് വലിയ ആക്ഷേപങ്ങളില്ലാത്തത് ഹോം വര്‍ക്കുകളെക്കുറിച്ചാണ്. അതിനുത്തരം, ഹോട്ടലില്‍ ചായ എടുക്കുന്നയാളോടും മാഷോടും ഒരിക്കലും പാരാതി പറയരുത് എന്ന തമാശയിലുണ്ട്. ചായ എടുക്കുന്നയാള്‍ പിണങ്ങിയാല്‍ ചിലപ്പോള്‍ ഗ്ലാസ് കഴുകിയ വെള്ളത്തില്‍ ചായയെടുത്തു എന്നുവരാം, മാഷിനു ദേഷ്യം വന്നാല്‍ വീണ്ടും അത് അനുഭവിക്കേണ്ടി വരുന്നത് പാവം നമ്മുടെ കുട്ടികളല്ലാതെ മറ്റാരാണ്? 
(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ജൂലൈ ലക്കത്തില്‍ വന്നത്.) 

5 അഭിപ്രായങ്ങൾ:

  1. നല്ല കാതല്‍ ഉള്ള വര്‍ക്കിനു ഒരു ഹോം ഉണ്ട്
    അതു കുട്ടിയുടെ മനസ്സില്‍ ആണ്
    സ്ഥലവും കാലവും കുട്ടിക്ക് തടസമല്ല

    അധ്യാപകരും സംവിധാനവും കരുതുന്നു
    കുട്ടികള്‍ വീട്ടില്‍ ചെന്നാല്‍ പിന്നെ എല്ലാം ഉപേക്ഷിച്ചു കളയുമെന്ന്.
    മുഷിഞ്ഞ വസ്ത്രങ്ങള്‍ ഊരി എറിയുന്നത് പോലെ അദ്ധ്യാപകന്‍ നല്‍കിയ അന്നത്തെ മുഷിപ്പ് ഊരി എറിയണം
    പക്ഷെ മധുരമാണ് കിട്ടിയതെങ്കിലോ അതു പൊന്നു പോലെ സൂക്ഷിക്കും
    ഹോം വര്‍ക്ക് ചെയ്യാത്ത അധ്യാപകര്‍ ആണ്‌ ഹോം വര്‍ക്കിന്റെ മൊത്തക്കച്ചവടക്കാര്‍
    അവര്‍ക്കറിയാം ഗൈഡ് നോക്കി പകര്‍ത്തി വെക്കാന്‍ ആണ്‌ കുട്ടികള്‍ പോകുന്നത് എന്ന്
    പുറം ലോകത്തേക്കുള്ള വാതില്‍ അടയ്ക്കല്‍ ആണ് ഒരു ചതി
    ചെങ്ങാതികളെ ഓടിക്കലാണ് മറ്റൊന്ന്
    പ്രതികരണ നേരങ്ങള്‍ ഇല്ലാതാക്കല്‍ ആണ്‌ ഇനിയുമൊരു പാതകം
    ഞാന്‍ പഠിച്ചപ്പോള്‍ ഹോം വര്ക് കുറവായിരുന്നു .എനിക്ക് ഏഴാം ക്ലാസ് മുതല്‍ നാട്ടിലെ ലൈബ്രറിയില്‍ നിന്നും വായിക്കാന്‍ അവസരം കിട്ടി. ഇന്നത്തെ ഹോം വര്‍ക്കുകള്‍ അതും അടയ്ക്കുന്നു
    ഇത്രയും കടുത്ത വര്‍ക്കുകള്‍ ചെയ്താലും ക്ലാസില്‍ അത് വിശകലനം ചെയ്യപ്പെടുന്നുമില്ല
    പഠനം സംവാദത്തെ നിഷേധിക്കുകയാണ്
    അധ്യാപകര്‍ക്കുള്ള അവാര്‍ഡ് നല്‍കുമ്പോള്‍ ഞാന്‍ ഹോം വര്‍ക്ക് എത്ര നല്‍കി എന്നൊരു സാക്ഷ്യ പത്രം കൂടി ആവാം

    മറുപടിഇല്ലാതാക്കൂ
  2. ഉത്തരവാദിത്വബോധമുള്ള, തികച്ചും പുരോഗമനചിന്തകള്‍ ഉള്ള ഒരു മാഷിണ്റ്റെ കാര്യമാത്രപ്രസക്തമായ ചിന്തകള്‍. പക്ഷേ ഇത്‌ രണ്ടും ഇന്ന്‌ അനാവശ്യമാണ്‌. ഡോക്ടറോ എഞ്ചിനീയറോ ആകാന്‍ ഇന്നത്തെ കാലത്ത്‌ ഇതല്ല ആവശ്യം.

    നന്ദി, മാഷേ...

    മറുപടിഇല്ലാതാക്കൂ
  3. മക്കളുടെ പ്രോജക്റ്റുകൾക്ക് വേണ്ടി ചോദ്യാവലിയുമായി നാട്ടിലുടനീളം നടക്കുന്ന രക്ഷിതാക്കളെ ഓർത്തുപോയി.

    മറുപടിഇല്ലാതാക്കൂ