2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

ഉച്ചക്കഞ്ഞിയില്‍ അലിയുന്ന രാഷ്ട്രീയം.സ്‌കൂളിനെക്കുറിച്ചുള്ള ഏറ്റവും ഗൃഹാതുരമായ ഓര്‍മ്മയ്ക്ക് ഉപ്പുമാവിന്റെ മണമാണ്. ജീവിതത്തില്‍ പിന്നീട് ഉപ്പുമാവ് കഴിക്കുമ്പോഴെല്ലാം തിരഞ്ഞു കൊണ്ടിരുന്നത് അന്നത്തെ രുചിയും ഗന്ധവുമാണ്. ഒരു ദരിദ്രബ്രാഹ്മണന്‍ തനിക്കു  ദാനമായി കിട്ടിയ ഒരുപിടി അരി ചോറാക്കി കഴിക്കാനിരുന്നപ്പോള്‍ ദാരിദ്ര്യം കൊണ്ട് വലഞ്ഞ ഒരതിഥി വന്നു കയറിയതും അവര്‍ ആ ചോറ് അയാള്‍ക്ക് നല്കിയതും അയാള്‍ കൈകഴുകിയവെള്ളത്തിലൂടെ കടന്നുപോയപ്പോള്‍ ശരീരത്തിന്റെ പകുതി സ്വര്‍ണ്ണനിറമായി മാറുകയും ചെയ്ത കീരിയെക്കുറിച്ചുള്ള കഥ മഹാഭാരതത്തിലുണ്ട്. യുധിഷ്ഠിരന്‍ ചക്രവര്‍ത്തിയായപ്പോള്‍ യുദ്ധത്തിന്റെ പാപപരിഹാരാര്‍ഥം നടത്തിയ അശ്വമേധത്തില്‍ അനേകായിരം ബ്രാഹ്മണര്‍ക്ക് ഭക്ഷണവും വസ്ത്രവും പശുക്കളും പണവും ദാനം ചെയ്തു. മന:സ്സമാധാനത്തോടെ പാണ്ഡവന്മാര്‍ കൊട്ടാരമുറ്റത്ത് ഇരിക്കുമ്പോള്‍  ബ്രാഹ്മണരെ പൂജിച്ച തീര്‍ഥജലത്തില്‍ സ്വന്തം ശരീരം പലതവണ ആ കീരി മുക്കിയെത്തു. എന്നിട്ടും മറ്റേ പകുതി സ്വര്‍ണ്ണനിറമായില്ല. സ്‌കൂളിലെ ഉപ്പുമാവിനെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് ഇത് വെറുമൊരു കഥയല്ല എന്ന് മനസ്സിലാവാറ്. ഉള്ളംകൈയിലോ നോട്ടുബുക്കിലെ പേപ്പര്‍ കീറിയോ വാങ്ങിയിരുന്ന പൊള്ളുന്ന ആ വിഭവത്തിന്റെ സുവര്‍ണ്ണരുചി മുന്തിയ ഹോട്ടലുകളിലെ പേര് മാറിയും മാറാതെയും ലഭിച്ച ഒരു ഉപ്പുമാവിനുമുണ്ടായിട്ടില്ല.  രുചി നാവിന്റെ കുത്തകയല്ലെന്നും ഹൃദയത്തിന്റെ അടിത്തട്ടോളമെത്തുന്ന ഓര്‍മ്മയുടെ കുമിളകളാണ് പലപ്പോഴും അത് നിശ്ചയിക്കുന്നതെന്നും തോന്നാത്തവരില്ല. രുചിയെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പോലും നമുക്ക് ഇന്ന് കഴിയുന്നില്ല. അതിന്റെ ആവശ്യവുമില്ല. എല്ലാം എപ്പോഴും കയ്യെത്തും ദൂരത്തു തന്നെയുണ്ട്. ഏതു പ്രിയ രുചിയേയും കൊന്നുകളയുന്നത് സമൃദ്ധിയാണ്. ഭക്ഷണം ഇന്ന് കൂടുതലായും ഒട്ടിനില്‍ക്കുന്നത് വിശപ്പിനോടും രുചിയോടുമല്ല. തീഷ്ണമായ ഗന്ധവും കാഴ്ചയുടെ പൊലിമയുമാണ് അതിന്റെ പ്രാഥമിക അനുഭവം. അപ്പോഴാണ് ഒരിക്കലും നിറയെ കഴിക്കാന്‍ കിട്ടാത്തതും കാഴ്ചയ്ക്ക് അരോചകവും പേപ്പറില്‍പ്പോലും വിളമ്പിത്തരുന്നതുമായ സ്‌കൂളിലെ ഉപ്പുമാവ് ഒന്നിലേറെ തലമുറയുടെ രുചിയുടെ അവസാനവാക്കായത്. വലിയ പാത്രത്തിന്റെ അടിയിലെ കരിഞ്ഞുണങ്ങിയ ഉപ്പുമാവിന് വേണ്ടിയാണ് എന്റെ പലകൂട്ടുകാരും അത് കഴുകി വൃത്തിയാക്കാനുള്ള കഠിനമായ ജോലി സ്വയം ഏറ്റെടുത്തത്. അവരുടെ പ്രിയത്തിനു പാത്രമാവുക ഉപ്പുമാവ് പ്രേമികളുടെ വലിയ ആശകളിലൊന്നായിരുന്നു.
വീട്ടില്‍പ്പോയി ഊണ് കഴിക്കാന്‍ സൌകര്യമുള്ളത് കൊണ്ട് സ്‌കൂളില്‍ നിന്നും ഉപ്പുമാവുവാങ്ങാന്‍ ഞങ്ങള്‍ സഹോദരങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് അതിനായി പാത്രം ലഭിക്കുകയില്ല. എങ്കിലും പലപ്പോഴും ഉപ്പുമാവിനുള്ള ക്യൂവില്‍ കൊതിവെള്ളം നുണഞ്ഞ് സ്ഥാനം പിടിച്ചിട്ടുണ്ട്. ക്യൂവിലെ ഉന്തും തള്ളും, വാങ്ങിയ ഉപ്പുമാവ് തട്ടിപ്പറിക്കലും തുടങ്ങി രസകരമായ ഓര്‍മ്മയുടെ ചേരുവകളും ആ കാലത്തിന്റെ ചിത്രത്തളികയില്‍ പൊങ്ങിക്കിടപ്പുണ്ട്. എന്നാല്‍ ഉപ്പുമാവിനെക്കുറിച്ചുള്ള പൊള്ളുന്ന ഒരോര്‍മ്മയാണ് അതില്‍ ഹൃദ്യം.
അഞ്ചാം ക്ലാസിലാണ് അന്ന് പഠിക്കുന്നത്. ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടയുടന്‍ വീട്ടിലെത്തണമെന്നാണ് ശാസന. ഉപ്പുമാവിനുള്ള ക്യൂവില്‍ നിന്നാല്‍ വീട്ടിലെത്താന്‍ വൈകും. ഒരു ദിവസം നേരത്തെ ക്യൂവില്‍ സ്ഥാനം പിടിച്ചു. മുന്നിലും പിന്നിലും നില്‍ക്കുന്ന കൂട്ടുകാരുടെ കൈയ്യിലെല്ലാം പാത്രങ്ങളുണ്ട്. പാത്രങ്ങള്‍ കൊണ്ടുവരാത്തവര്‍ നോട്ടുബുക്കില്‍ നിന്നുള്ള പേപ്പറുകള്‍ പറിച്ചു റെഡിയായിട്ടുണ്ട്. ഞങ്ങളുടെ നോട്ടുപുസ്തകങ്ങള്‍ അന്ന് പ്രധാനമായും തീര്‍ന്നിരുന്നത് എഴുതിയല്ല; ഉപ്പുമാവ് വാങ്ങിക്കാന്‍ കീറിയെടുത്താണ്. എന്റെ കയ്യില്‍ പാത്രമോ പത്രമോ ഒന്നുമില്ല. അടുപ്പില്‍ നിന്നും അപ്പോള്‍ മാത്രം വാങ്ങിവെച്ച ഉപ്പുമാവിന്റെ വട്ടയില്‍ നിന്നും ആവിപാറുന്നുണ്ടായിരുന്നു. മുന്നിലെ കൂട്ടുകാര്‍ അവരുടെ പാത്രങ്ങളില്‍ വാങ്ങിച്ചു കഴിഞ്ഞു. ഇപ്പോള്‍ എന്റെ ഊഴമാണ്. നീട്ടിപ്പിടിച്ച പാത്രം കാണാഞ്ഞ്  ഉപ്പുമാവിലേക്ക് കുനിഞ്ഞിരിക്കുന്ന പ്യൂണോ മുതിര്‍ന്ന ക്ലാസിലെ കുട്ടിയോ ഒന്ന് തലയുയാര്‍ത്തി നോക്കി. രണ്ടു കയ്യും നീട്ടിപ്പിടിച്ചതോര്‍മ്മയുണ്ട്. പിന്നെ പൊള്ളിത്തിണര്‍ത്ത കൈകളും ഉയര്‍ത്തി ഓടുകയാണ്. ചെറുചിരിയോടെ ചുട്ടുപൊള്ളുന്ന ഉപ്പുമാവ് മൃദുലമായ കൈവെള്ളയിലേക്ക് ഇട്ടുതന്നത് ആരാണ്? ഓട്ടത്തിനിടയില്‍ വേവുന്ന ഉപ്പുമാവ് വീണു കാലുകളും പൊള്ളിയിരുന്നു. നിര്‍ത്താതെ കരഞ്ഞു കൊണ്ട് വീട്ടിലേക്കോടിയതും അമ്മ സ്‌കൂളിലെത്തി ആരെയൊക്കെയോ വഴക്ക് പറഞ്ഞതും പിന്നീട് ആരോ പറഞ്ഞ ഓര്‍മ്മയാണ്. 
നോബല്‍ സമ്മാന ജേതാവ്  അമര്‍ത്യാസെന്‍ സ്‌റ്റോക്ക്‌ഹോമില്‍ ചെയ്ത പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് ഇതിനിടെ വായിച്ചപ്പോഴാണ് ഉപ്പുമാവിന്റെ രുചിയുള്ള ഓര്‍മ്മകള്‍ ഉണര്‍ന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്; ''ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രീയ മുന്നേറ്റമായി നാം കരുതുന്ന, മനുഷ്യന്‍ ചന്ദ്രനിലെത്തിയ ആ നിമിഷത്തേക്കാള്‍ എത്രയോ പ്രധാനമാണ് ഇന്ത്യയില്‍ പല സ്‌കൂളുകളിലും ഏര്‍പ്പെടുത്തിയ ഉച്ചക്കഞ്ഞി വിതരണം. ഒരു പക്ഷേ, ചന്ദ്രനിലെത്താന്‍ ചെലവാക്കിയ ആ തുകകൊണ്ട് ലോകത്തെ എല്ലാ പാവപ്പെട്ട കുട്ടികള്‍ക്കും ഉച്ചക്കഞ്ഞിയും രാത്രിക്കഞ്ഞിയും നല്‍കാന്‍ നമുക്ക് കഴിഞ്ഞേനേ.'' ശാസ്ത്രത്തിന്റെയും പരിഷ്‌കാരത്തിന്റെയും പൂവിരി നടക്കാവില്‍ നില്‍ക്കുമ്പോള്‍ ഉച്ചക്കഞ്ഞിയെന്ന ചളിക്കുഴമ്പുവരമ്പുകളെ ഓര്‍ക്കാന്‍ തയ്യാറായതാണ് അദ്ദേഹത്തിന്റെ മഹത്വം. ദിനംപ്രതി ബഹിരാകാശത്തേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതും നാടൊട്ടുക്ക് വിമാനത്താവളങ്ങള്‍ ഉണ്ടാവുന്നതും ജില്ലകള്‍തോറും ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതും ആണ് വികസനം എന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ  ഉന്നതരായ ശാസ്ത്രഞ്ജരും ഭരണാധികാരികളും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നിടത്താണ് െ്രെപമറി സ്‌കൂളുകളിലെ വിശന്നിരിക്കുന്ന കുഞ്ഞുങ്ങളെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍ മനസ്സിലേക്ക് കുടിയേറ്റുന്നത്. എങ്ങിനെ എഴുതുമെന്നും വായിക്കുമെന്നും പോലും മനസ്സിലാകാത്ത അത്രയും വലിയ സംഖ്യകളുടെ അഴിമതികളാണ് അടുത്തകാലത്തായി നമ്മുടെ നാട്ടില്‍ നടക്കുന്നത്. വന്‍ കോര്‍പ്പറേറ്റുകള്‍ക്കല്ലാതെ  ഇന്ത്യയെ രക്ഷിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്ന കൂട്ടപ്പാട്ടാണ് എല്ലാ നിലയങ്ങളും പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം എന്നതുതന്നെ ഐ ഐ ടി കളും മെഡിക്കല്‍ കോളെജുകളും മാനേജ്‌മെന്റ് പഠനവും സാര്‍വ്വത്രികമാക്കുക എന്നതാണെന്ന പുതിയ സ്വാശ്രയ പാഠങ്ങളാണ് ഉത്പാദിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.  പാവപ്പെട്ടവരുടെ പഠനവും വിശപ്പും ഉച്ചക്കഞ്ഞിയും അതിനിടയില്‍ തീര്‍ത്തും അശ്രീകരമായ കാര്യമാണ്.
സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി നല്കിത്തുടങ്ങിയിട്ട് അധിക നാളുകളൊന്നും ആയിട്ടില്ല. പക്ഷെ അത് ഇന്ന് പൊതു വിദ്യാഭ്യാസത്തിനു നല്‍കുന്ന ആരോഗ്യം ചില്ലറയല്ല. അത് കഞ്ഞിയിലും പയറിലും മാത്രമൊതുങ്ങുന്ന അടുക്കളക്കാര്യവുമല്ല. കേരളത്തിലെങ്കിലും ഉച്ചക്കഞ്ഞി കുടിക്കുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ വരുന്നത് ഒരു നേരത്തെ കഞ്ഞിക്കുമുട്ടുള്ള വീടുകളില്‍ നിന്നല്ല. ആദിവാസി മേഖലകളില്‍ മത്സ്യത്തൊഴിലാളി മേഖലകളില്‍ മറ്റു ചില പിന്നോക്ക മേഖലകളില്‍ മാത്രമേ അക്ഷരത്തിനപ്പുരം സ്‌കൂള്‍ അന്നമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടാവൂ. അത്തരം മേഖലകളില്‍ ഉച്ചക്കഞ്ഞി നല്‍കി ഒതുക്കാവുന്നതല്ല അവരുടെ വയറിന്റെ പ്രശ്‌നങ്ങള്‍ .
ഉച്ചക്കഞ്ഞി ഒരു പേര് മാത്രമാണ്. കഞ്ഞി ദാരിദ്രത്തിന്റെ മുഷിഞ്ഞ മണമുള്ള വാക്കായിരുന്നു കഴിഞ്ഞ തലമുറയ്ക്ക്. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കിട്ടുന്ന കഞ്ഞി അവന്റെ മാറാത്ത ജീവിതാവസ്ഥയുടെ കൂടി സാക്ഷ്യമാണ്. ചോറായിരുന്നു വിശേഷം. ചോറുകൂടി ചേര്‍ന്നതായിരുന്നു അവര്‍ക്ക് എല്ലാ ആഘോഷങ്ങളും ആഹ്ലാദങ്ങളും. ഇന്ന് മിക്ക സ്‌കൂളുകളിലും ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കുട്ടികള്‍ക്ക് നല്‍കുന്നത് ചോറും കറികളും ആണ്. കഞ്ഞി (ഉച്ചഭക്ഷണം എന്ന നിലയില്‍ എടുത്താല്‍ മതി) കുടിക്കുന്ന നിരയില്‍ െ്രെപമറി ക്ലാസുകാര്‍ മാത്രമല്ല ഇന്നുള്ളത്. ഹൈസ്‌കൂളിലെയും ഹയര്‍ സെക്കന്ററിയിലെയും കുട്ടികള്‍ വരെ അതിലുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കേരളത്തില്‍ ഒമ്പതു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള പദ്ധതി കഴിഞ്ഞ ഭരണകാലത്ത് ആവിഷ്‌കരിച്ചിരുന്നുവെങ്കിലും ഇതുവരെയായും അത് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. മുതിര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോഴേക്കും ഉച്ചക്കഞ്ഞി അരുചിയും അപമാനവുമാകുന്ന അവസ്ഥയും കാണാതിരുന്നു കൂടാ. (അമിതഭക്ഷണത്തിന്റെ അനാരോഗ്യവും ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ പാചകത്തിനുള്ള സമയക്കുറവുമാണല്ലോ മധ്യവര്‍ഗ്ഗ മലയാളിയുടെ തീന്‍മേശകളിലേക്ക് വീണ്ടും കഞ്ഞിയും പയറിനെയും കുടിയിരുത്തിയത്)
യഥാര്‍ത്ഥത്തില്‍ സ്‌കൂളില്‍ നിന്ന് പൊതുവായി വിതരണം ചെയ്യുന്ന ഉച്ചഭക്ഷണവും മറ്റു പോഷകാഹാരങ്ങളും ( െ്രെപമറിതലത്തില്‍  പാല്, മുട്ട, പഴം എന്നിവയെല്ലാം ആഴ്ചയില്‍ പലദിനങ്ങളിലും നല്‍കി വരാറുണ്ട് ) ശരീരത്തിന്റെ ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. സാമ്പത്തികമായ പരിഗണനകള്‍ക്കപ്പുറം  അവ സൃഷ്ടിക്കുന്ന മാനവികമായ മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും വറ്റിപ്പോകാത്ത നനവായിരിക്കണം നമ്മുടെ വിശകലനത്തിന്റെ അടിസ്ഥാനയൂണിറ്റുകള്‍. എല്ലാ ഭിന്നതകള്‍ക്കുമപ്പുറം ഒരുമിച്ചും പങ്കിട്ടും കഴിക്കുന്ന ഭക്ഷണം സൃഷ്ടിക്കുന്ന സമത്വവും ഐക്യവും ദൃഡബന്ധവും മറ്റൊരു തരത്തിലും നമുക്ക് വിളമ്പിക്കൊടുക്കാന്‍ കഴിയില്ല. സ്‌കൂളുകളില്‍ യൂണിഫോം നടപ്പിലാക്കിയത് ഇതിന്റെ മറ്റൊരുതരത്തിലുള്ള പ്രായോഗിക പ്രവര്‍ത്തനമായിരുന്നു. എന്നാല്‍ ഇന്ന് യൂണിഫോം അതിന്റെ അടിസ്ഥാന ദര്‍ശനത്തില്‍ നിന്ന് തന്നെ അകന്നു പോവുകയും സ്‌കൂളിന്റെ അന്തസ്സിന്റെ അടയാളമാവുകയും ചെയ്തു. ആയിരങ്ങള്‍ മുടക്കിയാലും മറ്റാര്‍ക്കും ലഭിക്കാത്ത പ്രത്യേകം ഡിസൈന്‍ ചെയ്ത യൂണിഫോമുകളാണ് മിക്ക സ്‌കൂളുകള്‍ക്കും പഥ്യം. വെള്ളയോടൊപ്പം കറുപ്പും പച്ചയും മെറൂണും ചേര്‍ന്ന് സൃഷ്ടിച്ച ചിലവുകുറഞ്ഞ, വിദ്യാര്‍ത്ഥിയുടെ സമീപ ഭൂതകാലത്തെ അടിസ്ഥാന നിറം സ്‌കൂളുകളില്‍ നിന്ന് അപ്രത്യക്ഷമായി. മേനിക്കായി കോട്ടും ഒവര്‍ക്കോട്ടും ടൈയ്യും പുതുപുത്തന്‍ ഡിസൈനുകളും ഉള്ള യൂണിഫോം നിര്‍ബന്ധമാക്കുന്നവര്‍ പക്ഷെ അതിനായി സാധാരണക്കാരായ രക്ഷകര്‍ത്താക്കള്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെ കാണുന്നില്ല. ഒരുമയുടെ സന്ദേശം സ്വാദിഷ്ടമായി വിളമ്പുന്ന ഉച്ചഭക്ഷണ പരിപാടി പക്ഷെ ഇത്തരം എലീറ്റ് സ്‌കൂളുകളില്‍ നടപ്പിലാക്കുന്നുമില്ല. ഒരുമയുടെയും സമത്വത്തിന്റെയും വഴിയിലേക്ക് മലയാളി ചിന്തയിലെങ്കിലും ഇറങ്ങിവന്നത് ഒരുമിച്ച് ആഹരിച്ചുകൊണ്ടുകൂടിയാണ്. ഭേദചിന്തകളും ഉച്ചനീചത്വങ്ങളും സാമൂഹിക ജീവിതത്തില്‍ ഏറ്റവും കയ്പ്പ് നിറച്ചത് കേരളത്തില്‍ ആഹാരത്തിലും ഉടുപ്പിലും നടപ്പിലും ആണല്ലോ. മണ്ണില്‍ കുഴികുത്തി ഇലകള്‍ വെച്ചും സ്വന്തം ചിരട്ടയില്‍ മാത്രം വെള്ളം കുടിച്ചും ആണ് അധസ്ഥിതര്‍ അപമാനത്തിന്റെ ആഴം അളന്നത്. സമ്പന്ന വര്‍ഗ്ഗത്തിന്റെ എച്ചിലുകള്‍ക്കായി  ഊഴം കാത്തുനിന്ന അനുഭവം തൊട്ടു മുന്‍പ് വരെയുള്ള അധസ്ഥിത വര്‍ഗ്ഗതലമുറകള്‍ക്ക് പറയാനുണ്ടാകും. അതുകൊണ്ടാണ് സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പന്തിഭോജനം മുഖ്യ അജണ്ട ആയത്. ഒരുമിച്ചുള്ള ആഹാരം സമത്വത്തിന്റെ ഉയര്‍ന്ന നിലയാണെന്ന് അതിനായി എല്ലാ മര്‍ദ്ദനങ്ങളും സഹിച്ച സ്വാമി ആനന്ദതീര്‍ത്ഥന്നും എ കെ ജി യും വിശ്വസിച്ചിരുന്നു. സാമൂഹിക വിലക്കുകളെ ചവച്ചുതള്ളാനുള്ള രാകിമിനുക്കിയ ആയുധമായിരുന്നു അവര്‍ക്ക് പന്തിഭോജനം. (സന്തോഷ് എച്ചിക്കാനം പുതിയ കാലത്ത് മധ്യവര്ഗ്ഗത്തിനിടയില്‍ ആന്തരികമായി പ്രബലമായി ക്കൊണ്ടിരിക്കുന്ന ജാതി ചിന്തയുടെ രൂക്ഷമായ ഗന്ധവും രുചിയും ബോധ്യപ്പെടുത്താനും 'പന്തിഭോജനം' എന്ന സൂചകം തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.) 

പൊതുവിദ്യാഭ്യാസം സാര്‍വ്വത്രികമാകുന്നതിന്  മുന്‍പ് വളരെ ദൂരെയുള്ള സ്‌കൂളുകളിലേക്ക് പൊതിച്ചോറ് കൊണ്ടുപോകുന്നതിനെക്കുറിച്ചും പോകാത്തതിനെക്കുറിച്ചും എഴുതപ്പെട്ട രചനകള്‍ മലയാളത്തില്‍ ഏറെയുണ്ട്. എം ടി യുടെ 'കര്‍ക്കിടകം' ഉച്ചപ്പട്ടിണികിടന്നു ക്ലാസിലിരിക്കുന്ന ബാല്യത്തെക്കുറിച്ചുള്ള ഓര്‍മ്മയാണ്. കക്കാടിന്റെ 'ശിഷ്യനായ ഗുരു' പട്ടിണി കിടന്നു തളര്‍ന്നുവീഴുന്ന കുട്ടിയെക്കുറിച്ചാണ്. ആഢ്യത്വം കൊണ്ട് ഹോട്ടല്‍ ഭക്ഷണം പോലും നിഷിദ്ധമായ കുട്ടി ഉച്ചയുടെ കത്തുന്ന വിശപ്പകറ്റാന്‍ കായലിന്റെ തീരത്ത് ചെന്നിരിക്കുന്ന അനുഭവം വൈലോപ്പിള്ളിയും കുറിച്ചിട്ടുണ്ട്. ''കള്ളക്കുട്ടികള്‍ ഊണുകഴിഞ്ഞ് കയ്യുമുഖത്തു മണപ്പിക്കും''(കടല്‍ കാക്കകള്‍). വിശപ്പ് അസഹനീയമാവുന്ന വ്യത്യസ്തമായ വിദ്യാലയാനുഭവങ്ങളാണ് ഇവയെല്ലാം ഓര്‍മ്മിക്കുന്നത്. കാരൂരിന്റെ 'പൊതിച്ചോറ ്' കുട്ടിയുടെ മാത്രം അനുഭവമല്ല വിശപ്പ് എന്നുകൂടി കാട്ടിത്തന്നു. എരിയുന്ന വയറുമായി പുസ്തകത്താളിലെ അക്ഷരങ്ങള്‍ പെറുക്കിയെടുക്കുന്ന വിദ്യാലയ ജീവിതത്തിന്റെ ശേഷിപ്പുകള്‍ സാഹിത്യത്തില്‍ ഇങ്ങനെ നൂറ്റൊന്നാവര്‍ത്തിക്കപ്പെട്ടതാണ്.
അപ്പോഴേക്കും പൊതു വിദ്യാഭ്യാസം സാര്‍വ്വത്രികമാവുകയും ഓരോ പഞ്ചായത്തിലും നിരവധി സ്‌കൂളുകള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. സമീപത്തുതന്നെയുള്ള വിദ്യാലയങ്ങള്‍ അപമാനമാകുന്ന പുതിയ ഹൈജീന്‍ കാലം അന്ന് പുലര്‍ന്നിട്ടുമില്ല. മിക്കവര്‍ക്കും ഒരോട്ടത്തിനു ഉച്ചഭക്ഷണത്തിനായി വീട്ടില്‍ എത്തിച്ചേരാമായിരുന്നു. വീട്ടില്‍ പോയി വരാന്‍ കഴിയാത്തവര്‍ നേരത്തെ പറഞ്ഞ ഉപ്പുമാവില്‍ വിശപ്പടക്കി. വിദ്യാഭ്യാസമാണ് ജീവിത സുരക്ഷയുടെ ഉറപ്പുള്ള കോട്ടയിലേക്കുള്ള താക്കോല്‍ പഴുത് എന്ന് മലയാളികള്‍ അപ്പോഴേക്കും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. തൊട്ടപ്പുറമുള്ള സാധാരണ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍ക്ക് 'മോശം സ്റ്റാന്‍ഡേര്‍ഡ്' ആണെന്ന് അവര്‍ എളുപ്പം കണ്ടെത്തി. അപ്പോഴേക്കും പുത്തന്‍ സി ബി എസ് ഇ സ്‌കൂളുകളും ആ വാര്‍പ്പില്‍ പണിത ചില എയിഡഡ് സ്‌കൂളുകളും മികച്ച വിദ്യാഭ്യാസത്തിന്റെ വില്‍പ്പനശാലകള്‍ എന്ന പേര് നേടിക്കഴിഞ്ഞിരുന്നു. കിലോമീറ്ററുകള്‍ക്കപ്പുറമുള്ള അത്തരം സ്‌കൂളുകളിലേക്കുള്ള കുട്ടിയുടെ യാത്ര രക്ഷകര്‍ത്താവിന്റെ അന്തസ്സിന്റെ അടയാളമായി. സ്‌കൂളിലേക്കുള്ള വാഹനം, അവിടുത്തെ മുന്തിയ യൂണിഫോമുകള്‍, സ്‌കൂള്‍ ബാഗുകള്‍ (പുസ്തകങ്ങള്‍ സൂക്ഷിക്കുവാനും നഷ്ടപ്പെട്ടു പോകാതിരിക്കാനും ചെറിയ ക്ലാസുകളില്‍ കൊണ്ടുപോയിരുന്ന, വീട്ടില്‍ നിന്നുതന്നെ മെടഞ്ഞ വയറുകൊണ്ടുള്ള ബാഗുകള്‍ ഹൈസ്‌കൂളിലെത്തുമ്പോഴേക്കും കറുത്ത റബ്ബര്‍ പട്ടയിലെക്കും ഇലാസ്റ്റിക്കിലേക്കും മാറിയതും പഴയ കാലത്തിന്റെ മുറിഞ്ഞു തുടരുന്ന ഓര്‍മ്മയാണ്) ഇവയെല്ലാം കുട്ടിയെക്കാളും സന്തോഷിപ്പിച്ചത് രക്ഷകര്‍ത്താക്കളെയാണ്. സ്‌കൂള്‍ ബാഗുകള്‍ ചോറ്റുപാത്രം വെക്കാനുള്ള (അത് കഞ്ഞിപാത്രമല്ല എന്നത് 'ക്ലാസ് വാറി'ന്റെ മറ്റൊരു ഭാഷാവികൃതി) വിശേഷപ്പെട്ട സൗകര്യങ്ങളോടെയാണ് നിര്‍മ്മിക്കപ്പെട്ടത്. പരസ്യങ്ങളില്‍ പൊരിച്ചെടുത്ത മധ്യവര്‍ഗ്ഗത്തിന്റെ ആരോഗ്യസങ്കല്‍പ്പങ്ങളായിരുന്നു അതില്‍ നിറയെ. ചോറും കടന്ന്, നൂഡില്‍സും കോണ്‍ഫ്‌ളേക്കും വിവിധ ഫ്‌ളേവറുകളില്‍ അവയില്‍ മാറി മാറി പ്രത്യക്ഷപ്പെട്ടു. സമൃദ്ധികൊണ്ട് ആഹാരം മടുത്തു പോയ ഒരു തലമുറയെ വല്ലതും കഴിപ്പിക്കുകയായി രക്ഷിതാക്കളുടെ പുതിയ ഉത്കണ്ഠ. പുത്തന്‍ ചോറ്റുപൊതികള്‍ രുചിയുടെയും അഭിരുചിയുടെയും പൊതുധാരയില്‍ നിന്നു ഏറെ കുട്ടികളെ മാറ്റിത്തീര്‍ക്കുന്നത് നിരുത്സാഹപ്പെടുത്താന്‍  അധ്യാപകര്‍ക്കും കഴിഞ്ഞില്ല. ഉച്ചക്കഞ്ഞിക്ക് പേര് നല്‍കിയവരില്‍ തന്നെ വലിയൊരു വിഭാഗം ഓണത്തിനും പെരുന്നാളിനും ക്രിസ്തുമസ്സിനും കിട്ടുന്ന അരിമാത്രം വാങ്ങുന്നവരായി  കഞ്ഞിക്കുള്ള ക്യൂവില്‍ നിന്നും മാറിനിന്നു. യൂണിഫോമില്‍ മറച്ചുവെക്കാന്‍ കഴിയാത്ത പുതിയ വര്‍ഗ്ഗ/ സ്വത്വ  സമവാക്യങ്ങള്‍ സൗഹൃദങ്ങളായും ചെറുസംഘങ്ങളായും സ്‌കൂളുകളില്‍ നിന്നേ രൂപമെടുക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥിരാഷ്ട്രീയം പോലുള്ള, ഇവയ്ക്കപ്പുറത്തേക്ക് കുട്ടികളെ ഒരുമിപ്പിച്ചിരുന്ന ഘടകങ്ങള്‍ മയക്കുമരുന്നുകളെക്കാളും  അകറ്റപ്പെടേണ്ടവയാണെന്ന് കോടതികളും ഭരണാധികാരികളും കണ്ടെത്തി അവയെ സ്‌കൂളിന്റെ പടിക്ക് പുറത്താക്കിയിരുന്നു. സ്‌കൂളില്‍ നിന്നുതന്നെ നല്‍കുന്ന ഉച്ചക്കഞ്ഞി നിര്‍ബന്ധമായും കുടിക്കണമെന്നു വന്നാല്‍ വലിയൊരു വിഭാഗം ചിലപ്പോള്‍ സ്‌കൂള്‍ തന്നെ ഉപേക്ഷിച്ചു പോകാനും മതി എന്നതുകൊണ്ട് അക്കാര്യത്തിലൊക്കെയുള്ള നിര്‍ബന്ധം സ്‌കൂള്‍ അധികാരികള്‍ക്കും ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. എങ്ങിനെ കേരളീയ സമൂഹം നേരത്തെ ഉണ്ടാക്കിയെടുത്ത സാമൂഹിക പിന്തുണകള്‍ അതിന്റെ നേര്‍ വിപരീതദിശയിലേക്കു തിരിയുന്നു എന്നതിന്റെ മറ്റൊരുദാഹരണമാകുമോ ഇതും?
സമീപകാലത്ത് വന്ന പഠനത്തില്‍ നമ്മുടെ സ്‌കൂള്‍ കുട്ടികളുടെ കായികക്ഷമത അത്യന്തം ദയനീയമാനെന്നു കണ്ടെത്തപ്പെടുകയുണ്ടായി. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ. സ്‌കൂള്‍ സമം പഠനം എന്ന പുതിയ മന്ത്രമാണ് ഈ ആഭിചാര ക്രിയയില്‍ ഉരുക്കഴിക്കപ്പെട്ടത്. പുലര്‍ച്ചെ തുടങ്ങി രാത്രിവരെ നീളുന്ന ക്ലാസുകളും കോച്ചിംഗ് ക്ലാസുകളും ഓര്‍മ്മ മാത്രമുള്ള യന്ത്രങ്ങളായി നമ്മുടെ കുട്ടികളെ ചുരുക്കിയിരിക്കുന്നു. പുലര്‍ച്ചെ ചോറ്റുപൊതിയില്‍ കുത്തി നിറക്കുന്ന കുറച്ചു ചോറും കറികളോ അല്ലെങ്കില്‍ വീടോട്ടലില്‍ പാകപ്പെടുത്തിയ ഫാസ്റ്റ് ഫുഡ്ഡോ ഈ ദീര്‍ഘമായ സമയത്തെ അവരുടെ ഊര്‍ജ്ജാവശ്യങ്ങളെ തൃപ്തിപ്പെടുത്തുമെന്നു വിചാരിക്കുന്നത് എന്തൊരു അജ്ഞതയാണ്. രാവിലെ പൊതിഞ്ഞു കൊണ്ട് പോയ ഭക്ഷണത്തിന്റെ തണുത്തു വിറങ്ങലിച്ച പ്രേതരൂപം കാണുമ്പോള്‍ തന്നെ മിക്ക കുട്ടികള്‍ക്കും മനം പിരട്ടും. സ്‌കൂളില്‍ എത്തപ്പെടുന്ന പോതിച്ചോറുകളിലെ ആഹാരത്തെക്കാലും ആണ് അവിടങ്ങളിലെ വേസ്റ്റ് ബിന്നുകളില്‍ കുമിഞ്ഞു കൂടുന്ന ഭക്ഷണാവഷിഷ്ടം. പാചകം ചെയ്തു മൂന്നു മണിക്കൂര്‍ കഴിഞ്ഞ ആഹാരം വിഷമാണെന്ന് പ്രകൃതി ജീവനം. അങ്ങിനെയെങ്കില്‍ അവ കളയുന്നത് ആരോഗ്യത്തെ കുറക്കുകയില്ല, വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ. സ്‌കൂളിലെ പലവിധ ക്രമീകരണങ്ങളില്‍ മിക്കപ്പോഴും വെട്ടിച്ചുരുക്കപ്പെടുന്ന സമയം ഉച്ചയ്ക്കുള്ള ഇടവേളയാണ് എന്നതുകൂടിയാകുമ്പോള്‍ ഒന്നോ രണ്ടോ വറ്റ് പെറുക്കിത്തിന്നല്‍ മാത്രമാകുന്നു ഈ കലാപരിപാടി. കൊണ്ടുപോകുന്നതിനേക്കാളും കളയുന്നവയാണ് ചോറ്റുപൊതികളെങ്കില്‍ വരുത്തി വെച്ച മറ്റൊരു ഉച്ചപ്പട്ടിണിയിലാണ് നമ്മുടെ ബഹുഭൂരിപക്ഷം കുട്ടികളും.
സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടി ശക്തിപ്പെടുത്തേണ്ടത് കുട്ടികള്‍ക്ക്/ രക്ഷകര്‍ത്താക്കള്‍ക്ക്  ഇടയിലുള്ള സാമ്പത്തികമായ അസന്തുലിതാവസ്ഥയ്ക്കുള്ള പരിഹാരം എന്ന നിലയ്ക്ക് മാത്രമല്ല. ഇന്ന് അത് കൂടുതല്‍ പ്രസക്തമായിത്തീരുന്നത് വാടിക്കൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യക്ഷമതയുടെ കാര്യത്തിലാണ്. ഒരുമിച്ചുള്ള ഭക്ഷണം സൃഷ്ടിക്കുന്ന കൂട്ടായ്മയുടെയും ഒന്നെന്ന ബോധത്തിന്റെതുമായ ഉയര്‍ന്ന മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ അത് വികസിക്കേണ്ടതുണ്ട്. ഗ്യാസ് അടുപ്പുകളും ധാന്യങ്ങളും പച്ചക്കറികളും മറ്റും ശരിയായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളുമുള്ള ആധുനികമായ അടുക്കള സ്‌കൂളിന്റെ ഏറ്റവും പ്രാഥമികമായ ആവശ്യമാകണം. പാചക ജോലി സ്‌കൂള്‍ ശുചിത്വം പോലെയോ ഓഫീസ് ജോലി പോലെയോ പ്രധാനമായി പരിഗണിക്കപ്പെടണം.
'ഫണ്ടില്ല; സ്‌കൂള്‍ ഉച്ചഭക്ഷണം നിലയ്ക്കുന്നു', 'ഉച്ചക്കഞ്ഞിയില്‍ വെള്ളം ചേര്‍ക്കുന്നു', 'സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലേക്ക്', 'സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയില്‍', 'പൊതുവിദ്യാലയത്തിലെ ഉച്ചഭക്ഷണ പദ്ധതി തകര്‍ക്കാന്‍ നീക്കം' തുടങ്ങിയവ സമീപ കാലത്ത് വേദനയോടെ വായിച്ച പത്രവാര്‍ത്തകളാണ്. സ്‌കൂള്‍ അനുഭവമുള്ള ഏതൊരാള്‍ക്കും അറിയാവുന്ന ഏറ്റവും പ്രാഥമികമായ കാര്യം സ്‌കൂളില്‍ വലിയ തരത്തിലുള്ള വെട്ടിപ്പുകള്‍ നടക്കാത്ത ഒന്നാമത്തെ കാര്യം ഉച്ചക്കഞ്ഞി വിതരണമാണെന്നതാണ്. അതിനെ കൂടുതല്‍ സാങ്കേതികമാക്കാനും അതില്‍ നിന്ന് ഒന്നോ രണ്ടോ രൂപ ലാഭിക്കാനും നടത്തുന്ന ശ്രമങ്ങള്‍ തീര്‍ച്ചയായും അതിന്റെ പുകകൂടി കണ്ടേ അടങ്ങൂ എന്ന് വാശിയുള്ളവരില്‍ നിന്നെ ഉണ്ടാകൂ. സ്‌കൂളില്‍ ലാപ്‌ടോപ്പുകളും ഡി.എല്‍.പി പ്രൊജക്ടറുകളും വാങ്ങി നല്‍കുന്നതിന് കാണിക്കുന്ന ഉത്സാഹം ( അത് ഇപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ടാബ്‌ലറ്റ് പി സി നല്‍കുന്നത് വരെ എത്തിനില്‍ക്കുന്നു) തെറ്റെന്നു പറയാന്‍ കഴിയില്ല. പക്ഷെ അത്, വിശപ്പടക്കുക എന്ന പ്രാഥമികമായ ധര്‍മ്മത്തിനപ്പുറം, സ്‌കൂള്‍ വിദ്യാഭ്യാസം കൊണ്ട് നാം ആന്ത്യന്തികമായി ലക്ഷ്യമിടുന്ന, കുട്ടിയെ ഒരുമയുടെ ഉരുളകള്‍ ഊട്ടി സാമൂഹിക ജീവിയാക്കുക എന്ന വലിയ ലക്ഷ്യം ഇപ്പോള്‍ പരിമിതമായെങ്കിലും നിര്‍വ്വഹിക്കുന്ന ഉച്ചക്കഞ്ഞിയില്‍ മണ്ണിട്ടുകൊണ്ടാവരുതെന്നേയുള്ളൂ.


(പയ്യന്നൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എതിര്‍ദിശ മാസികയുടെ ഓണപ്പതിപ്പില്‍ വന്നത്.) 

6 അഭിപ്രായങ്ങൾ:

 1. മലയാളം വെന്തു കലങ്ങുന്നതില്‍ ആര്‍ക്കാണ് ചേതം?
  ഉച്ചക്കഞ്ഞിയില്‍ പാറ്റ ഇടുക എന്ന ചൊല്ല് വെറുതെ ആവരുതല്ലോ .
  കഴിഞ്ഞ ഇടതു പക്ഷ സര്‍ക്കാരിന്റെ കാലം
  പത്താം ക്ലാസ് റിസള്‍ട്ട് കുറഞ്ഞ വിദ്യാലയങ്ങളെ കുറിച്ച് പഠിക്കാന്‍ പോയ ടീമില്‍ ഞാനും
  ചെങ്ങന്നൂരും മാവേലിക്കരയും സ്കൂളുകള്‍ സന്ദര്‍ശിച്ചു
  സ്കൂളില്‍ ഉച്ച ഭക്ഷണം ഏഴാം ക്ലാസ് വരെ കിട്ടും
  എട്ടിലെത്തിയാല്‍ ഉച്ചപ്പട്ടിണി
  ഈ (അ) ന്യായം മനസ്സിലാകാത്ത കുട്ടികള്‍ .
  രാവിലെ സ്കൂളില്‍ എത്തുന്നത് പല ദിവസവും കളി വയറുമായി
  ഇവരൊക്കെ പണിക്കു പോകും
  ഒരു കുട്ടി മൈക്ക് പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നു. രാത്രി ഉറങ്ങാതെ പകലിന്റെ വിശപ്പ്‌ തീര്‍ക്കാന്‍ പണിയുന്നു.
  മറ്റൊരാള്‍ പെയിന്റര്‍ ആണ്
  രണ്ടു പെണ്‍കുട്ടികള്‍ അമ്മയെ സഹായിക്കാന്‍ എന്ന പേരില്‍ വീട്ടു വേലയ്ക്കു പോകുന്നു .
  എന്താണ് സര്‍ക്കാര്‍ നിങ്ങള്ക്ക് വേണ്ടി ചെയ്യേണ്ടത്?
  ഉച്ച ഭക്ഷണം
  നല്ല അധ്യാപകര്‍
  ഇതായിരുന്നു മറുപടി
  ഇപ്പോഴും അ കുട്ടികളുടെ കണ്ണുകള്‍ എന്റെ മുന്നില്‍ .
  ഒരു പക്ഷെ ഉച്ച ഭക്ഷണം നിറുത്താന്‍ വേണ്ടി പഠനം രാവിലെ ഒമ്പത് മുതല്‍ ഒന്നര വരെ ആക്കി അധികാരികള്‍ .....
  ചത്ത എലികളെ ഉച്ച ഭക്ഷണത്തിനുള്ള അരിയില്‍ കണ്ടപ്പോള്‍ അതൊരു മുന്നറിയിപ്പായി എടുക്കണം എന്ന് ആരും കരുതിയില്ല
  ചത്ത എലിയുടെ വാല്‍ കുട്ടികളുടെ വിശപ്പിനു നേരെ ചൂണ്ടിയിരുന്നു .
  ഈ എലികള്‍ ആ അരി കഴിച്ചു ചത്തതാണോ?
  ഇനി എലി ചത്ത്‌ കിടക്കില്ല
  എലിയെപഴി ചാരി ചുടാം നമ്മുടെ ഇല്ലം


  മറുപടിഇല്ലാതാക്കൂ
 2. nostalgia??
  have heard about some american 'care'etc. in those days....
  please do look into the actual story behind such a charitable deed.

  മറുപടിഇല്ലാതാക്കൂ
 3. സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടി ശക്തിപ്പെടുത്തേണ്ടത് കുട്ടികള്‍ക്ക്/ രക്ഷകര്‍ത്താക്കള്‍ക്ക് ഇടയിലുള്ള സാമ്പത്തികമായ അസന്തുലിതാവസ്ഥയ്ക്കുള്ള പരിഹാരം എന്ന നിലയ്ക്ക് മാത്രമല്ല. ഇന്ന് അത് കൂടുതല്‍ പ്രസക്തമായിത്തീരുന്നത് വാടിക്കൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യക്ഷമതയുടെ കാര്യത്തിലാണ്. ഒരുമിച്ചുള്ള ഭക്ഷണം സൃഷ്ടിക്കുന്ന കൂട്ടായ്മയുടെയും ഒന്നെന്ന ബോധത്തിന്റെതുമായ ഉയര്‍ന്ന മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ്

  മറുപടിഇല്ലാതാക്കൂ
 4. കേരളത്തിലെ സ്കൂളുകളില്‍ മാതൃഭാഷയായി മലയാളം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍വളപ്പിനുള്ളില്‍ ഏതെങ്കിലും കുട്ടി മാതൃഭാഷ അറിയാതെ ഉച്ചരിച്ചുപോയാല്‍ പല അണ്‍ എയ്ഡഡ് സ്കൂളുകളിലും കുട്ടികള്‍ക്ക് ശിക്ഷ ഉറപ്പാണ്.മാതൃഭാഷയെ എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത് ?ഒരു സമൂഹത്തോട് കാണിക്കാവുന്ന ഏറ്റവും വലിയ അവഹേളനമാണ് ആ സമൂഹത്തിന്റെ ഭാഷയെ അപമാനിക്കുക എന്നത്. ഇന്ത്യയിലെ 22 ഭാഷകളെ (അസമിയ, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മീരി, മലയാളം, മറാഠി, ഒറിയ, പഞ്ചാബി, സംസ്കൃതം, സിന്ധി, തമിഴ്, തെലുഗു, ഉര്‍ദു, കൊങ്കണി, ഡോഗ്രി, മൈഥിലി, ഇംഗ്ലീഷ്, നേപ്പാളി, രാജസ്ഥാനി, മണിപ്പുരി) ദേശീയ ഭാഷകളായി ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തം ഭാഷയെ ഔദ്യോഗിക ഭാഷയായി തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്.എല്ലാ സംസ്ഥാനത്തിന്റെയും മാതൃ ഭാഷകളെ Prevention of Insults to National Honour Act,1971 ഉൾപെടുത്തി ,മാതൃഭാഷകളെ അപമാനിക്കുന്നവർക്കെതിരെ സർക്കാർ നിയമ നടപടി എടുക്കേണ്ടതാണ് .
  malayalatthanima.blogspot.in

  മറുപടിഇല്ലാതാക്കൂ