2010, ഏപ്രിൽ 3, ശനിയാഴ്‌ച

വാഗണ്‍ ട്രാജഡിക്ക് സാധ്യതയുള്ള ക്ലാസ്സുമുറികള്‍


കാലത്താല്‍ നടത്തി വരാറുള്ള മേളപ്പൊലിമയോടെ  തന്നെ ഇത്തവണത്തെയും  എസ്  എസ്  എല്‍ സി പരീക്ഷയുടെ കൊടിയിറങ്ങി. ഒരുമാതിരിപ്പെട്ടവരൊക്കെ മികച്ച ട്യൂഷന്‍ സെന്ററില്‍ പ്ലസ് വണ്‍ ക്ലാസ്സില്‍ ഇരിപ്പും തുടങ്ങി. ഇനിയാണ് ഏകജാലകം, അഭിമുഖം, അഡ്മിഷന്‍ തുടങ്ങിയ കലാപരിപാടികള്‍. അതൊക്കെ ക്കഴിഞ്ഞ്  പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാവുമ്പോഴേക്കും ജൂലൈ ആഗസ്ത് മാസം ആവും.
ഇക്കൊല്ലം 4,66,518 കുട്ടികളാണ് ഔദ്യോഗികമായി എസ്  എസ്  എല്‍ സി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം ഇത് ഏകദേശം നാലര ലക്ഷം ആയിരുന്നു. അതില്‍ തൊണ്ണൂറ്റി രണ്ടു ശതമാനത്തിനുമേല്‍ പാസ്സായിരുന്നു. ആ 4,15,747 പേരില്‍ (ഇവര്‍ കൂടാതെ മുന്‍ വര്‍ഷത്തെ ബാക്കി, സേ പരീക്ഷയില്‍ കടന്നുകൂടിയവര്‍ മുതല്‍പ്പേരും ഉണ്ട് )  മഹാഭൂരിപക്ഷവും പ്രവേശനം തേടിയത് പ്ലസ് വണ്ണിനായിരുന്നു. 735 സര്‍ക്കാര്‍, 529 എയിഡഡ് , 439 അണ്‍ എയിഡഡ് സ്കൂളുകളിലായി 3,53,820 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം പ്ലസ് വണ്‍ ക്ലാസ്സില്‍ എത്തിച്ചേര്‍ന്നത്.
എണ്ണത്തിലുണ്ടായ നേരിയ വര്‍ധനയ്ക്ക് പുറമേ റിസള്‍ട്ട് തൊണ്ണൂറ്റഞ്ചിലേക്ക്  ഉയരുക കൂടി ചെയ്‌താല്‍ കാല്‍ ലക്ഷത്തോളം കുട്ടികളെങ്കിലും ഇക്കൊല്ലം അധികം ഉണ്ടാകാന്‍ സാധ്യതയുണ്ട്

എണ്ണത്തിന്റെയും വലിപ്പത്തിന്റെയും കാര്യത്തില്‍ ഇത് പഴയ പ്രീ ഡിഗ്രിയെ കിലോമീറ്ററുകള്‍ പിന്നിലാക്കും.കേരളത്തിലൊട്ടാകെ, ഏകദേശം 172 കൊളേജുകളിലായി ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയ സ്ഥാനത്താണ് ഈ കടല്‍പ്പെരുപ്പം. എന്നാല്‍ എങ്ങിനെയാണ് പ്ലസ് വണ്ണിന് ഇത്രയും സീറ്റുകള്‍ ഒരുക്കാന്‍ നമുക്ക് കഴിഞ്ഞത്? എണ്ണത്തിലുണ്ടായ ഈ ഭീമമായ വണ്ണം ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ആരോഗ്യത്തെ എങ്ങിനെയാണ് ബാധിച്ചത്? നാം വിഭാവനം ചെയ്ത പുതിയ പാഠ്യപദ്ധതി ഈ ഉത്സവത്തിനിടയില്‍ എവിടെയാണ് ചവിട്ടേറ്റു വീണത്‌? തിങ്ങി നിറഞ്ഞ നമ്മുടെ  ഹയര്‍ സെക്കന്ററി ക്ലാസ്സുമുറികള്‍ കുട്ടികളില്‍  ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ എന്തൊക്കെയാണ്?  അതെ കെട്ടിലും മട്ടിലും മറ്റൊരു പ്ലസ് വണ്‍ അഡ്മിഷന്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോഴെങ്കിലും ഇത്തരം ചില ആലോചനകള്‍ നമ്മള്‍ നടത്തേണ്ടതല്ലേ ?

പ്ലസ് വണ്ണിനു സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പണ്ടുതൊട്ടേ സര്‍ക്കാര്‍ സ്വീകരിക്കുന്ന എളുപ്പ വഴിയാണ് സീറ്റുകളുടെ എണ്ണം അമ്പതില്‍ നിന്നും പത്തു ശതമാനം ഉയര്‍ത്തുക എന്നത്. ഇപ്പോഴത്‌ വര്‍ദ്ധിച്ചു  ഇരുപതു ശതമാനമായി. അമ്പതായിരുന്നത് ശാശ്വതമായി അറുപതായ സ്ഥിതിയാണ്. കേരള കരിക്കുലം ചട്ടക്കൂട് നിര്‍ദ്ദേശിക്കുന്നത് ഹയര്‍ സെക്കന്ററിയില്‍ കുട്ടികളുടെ എണ്ണം നാല്‍പ്പത്തഞ്ച് എന്നതാണ്. എന്നാല്‍ സാമുദായികവും പ്രാദേശികവും ആയ പരിഗണനയുടെയും മറ്റു തൃപ്തി പ്പെടുത്തലുകളുടെയും പേരില്‍ സീറ്റുകള്‍ തത്വദീക്ഷയില്ലാതെ അനുവദിക്കാന്‍ ആര്‍ക്കും ഇവിടെ മടിയുണ്ടായില്ല. ഇത് പഠന പ്രവര്‍ത്തനങ്ങളെയും നിലവാരത്തെയും എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന് ആരും ചൂണ്ടിക്കട്ടിയില്ല!! ഫലമോ, നാല്‍പ്പതു ഹൈസ്കൂള്‍ / യു. പി. കുട്ടികള്‍ക്ക് ഇരിക്കാന്‍ വേണ്ടി കെട്ടിയുണ്ടാക്കിയ ചെറിയ ക്ലാസ് മുറിയില്‍ ഹയര്‍ സെക്കന്ററിയിലെ   മുതിര്‍ന്ന അറുപതു കുട്ടികള്‍ ഇടംവലം തിരിയാതെ, പുസ്തകസഞ്ചി മടിയില്‍നിന്ന് ഇറക്കാതെ രാവിലെ ഒന്‍പതു മണി മുതല്‍ വൈകുന്നേരം നാല് മണിവരെ ശ്വാസംമുട്ടിയിരുന്നു.

ഹയര്‍ സെക്കന്ററി ആരംഭിച്ചതിനു ശേഷം സയന്‍സ് ലാബ് , കംപ്യുട്ടര്‍ ലാബ് എന്നിവയുടെ കാര്യത്തില്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഉത്സാഹത്താല്‍ ഏറെ മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ക്ലാസ്സ് റൂമുകളുടെ കാര്യത്തില്‍ ഈ താത്പര്യം മിക്കയിടത്തും കുറവായിരുന്നു. നിലവിലെ ചെറിയ ക്ലാസുകള്‍ ഒപ്പിച്ചു കൊണ്ട് പോകുന്നത് വലിയ ഗൌരവമുള്ള കുറ്റമായി ആരും കണ്ടില്ല. ലാബുകളില്‍ തന്നെ കെട്ടിടത്തിന്റെ കാര്യത്തിലല്ലാതെ അതിനകത്തെ ഉപകരണങ്ങളുടെ എണ്ണം നിലവാരം ഇവ സംബന്ധിച്ച് വേവലാതികള്‍ ഉണ്ടായില്ല. അതുകൊണ്ട് തന്നെയാണ് ഇരുപതു കുട്ടികള്‍ക്ക് മാത്രം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന ലാബുകളില്‍ ഒന്നും രണ്ടും ബാച്ചുകളിലായി നൂറ്റിരുപതിലധികം കുട്ടികള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്. ഉപകരണങ്ങള്‍ പോയിട്ട് കെമിക്കലുകളും ആസിഡുകളും തന്നെ മരുന്നിനു മാത്രം.

 ആപ്പ് അടിച്ചു കയറ്റിയ മാതിരി ഒരു ബെഞ്ചില്‍  ആറും ഏഴും പേര്‍ തിങ്ങി ഇരിക്കുന്നിടത്ത്‌ എന്ത് പ്രവര്‍ത്തനാധിഷ്ഠിത പഠനം! എന്ത് അറിവിന്റെ നിര്‍മാണം!! പുതിയ പാഠ്യപദ്ധതി മുന്നോട്ടു വയ്ക്കുന്ന സംഘ പഠനം, സംവാദാത്മകമായ പഠനം, അന്വേഷണാത്മകമായ പഠനം എന്നിവയൊന്നും ഹയര്‍  സെക്കന്ററിയില്‍  ക്ലച്ചു പിടിക്കാത്തതിന്റെ ഒരു കാരണം ഈ ജനനിബിഡത തന്നെയാണ്.  പൊതുവായ ഒരു ചര്‍ച്ച പോലും മുന്നോട്ടു കൊണ്ടുപോകാന്‍, കുട്ടികള്‍ വ്യക്തിപരമായി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍, അതില്‍ ഇടപെട്ട് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഒന്നും അവിടെ കഴിയില്ല. വിഷയത്തെക്കുറിച്ച് ആവും വിധം നീട്ടി നടത്തുന്ന ഒരു പ്രഭാഷണമാണ്  അതുകൊണ്ട് തന്നെ മിക്ക ഹയര്‍സെക്കന്ററി ക്ലാസ്സുകളും.
യഥാര്‍ത്ഥത്തില്‍ ഇത് രണ്ടു കൂട്ടരെ ശരിയായി ബാധിക്കും; ബുദ്ധിപരമായി കൂടുതല്‍ മുന്നില്‍ നില്‍ക്കുന്നവരെയും കുറച്ചു കൂടി പതുക്കെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നവരെയും. അവര്‍ക്ക് ആവശ്യമായ രീതില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കാനോ കൂടുതല്‍ ശ്രദ്ധ നല്‍കാനോ ഇവിടെ സാധ്യതയില്ല. ആശയപരമായി തെളിച്ചം കിട്ടാത്തവര്‍ മണ്ടന്മാരെന്ന വിളിയുടെ അഗാധ ഗര്‍ത്തത്തിലേക്ക് കാരുണ്യസ്പര്‍ശമില്ലാതെ വീണിരിക്കും. നിരന്തരമുള്ള അപമാനപ്പെടുത്തലുകള്‍ അവരെ സമൂഹവിരുദ്ധര്‍ പോലും ആക്കിത്തീര്‍ക്കും. ഇവര്‍ തന്നെയാണ് സ്കൂളിന്റെ 'ഡിസിപ്ലിനെ' തകര്‍ത്ത്  തരിപ്പണമാക്കുന്നവര്‍ എന്ന വിശേഷണത്തിന് കൂടി പിന്നീട് പാത്രമാവുന്നത്. ക്ലാസിലും സ്കൂളിലും ഇങ്ങനെ നോട്ടപ്പുള്ളിയായി അവനെ / അവളെ മാറ്റിത്തീര്‍ത്തത്  ഒരര്‍ത്ഥത്തില്‍ ഒട്ടും വ്യക്തിപരമായ ശ്രദ്ധകൊടുക്കാന്‍ കഴിയാത്ത തിങ്ങി നിറഞ്ഞ നമ്മുടെ  ക്ലാസ് മുറികൂടിയാണ്.


വ്യക്തിപരമായ ശ്രദ്ധ ഏറ്റവും കൂടുതല്‍ ആവശ്യമായ ഒരു ഘട്ടമാണ് ഹയര്‍ സെക്കന്ററി. ശരീരികമായും മാനസികമായും കൌമാരത്തിന്റെ സങ്കീര്‍ണവും തിരിച്ചറിയാന്‍ കഴിയാത്തതുമായ വഴികളിലൂടെ ഒറ്റപ്പെട്ടും കൂട്ടുചേര്‍ന്നും അലയാന്‍ അവേശമുണ്ടാക്കുന്ന ഘട്ടം. എന്നാല്‍ വ്യക്തിപരമായ ശ്രദ്ധ പോയിട്ട് കുട്ടികളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്  ഇന്ന്  ഹയര്‍ സെക്കന്ററി ക്ലാസ്സില്‍ ഉള്ളത്. ഒരു കുട്ടിയെ അവന്റെ / അവളുടെ കുടുംബ സാഹചര്യത്തോട് ചേര്‍ത്തും സഹജമായ കഴിവുകളോട് ചേര്‍ത്തും തിരിച്ചറിയാന്‍ അധ്യാപകന് കഴിയുമെങ്കില്‍ അവര്‍ ഒരിക്കലും പഠനത്തില്‍ പിന്നാക്കം പോവുകയോ സമൂഹവിരുദ്ധര്‍ ആയിത്തീരുകയോ ചെയ്യില്ല. അധ്യാപകനും വിദ്യാര്‍ത്ഥിയും മാത്രമല്ല അവര്‍തന്നെയുള്ള പരസ്പര ബന്ധം പോലും നേര്‍ത്ത് നേര്‍ത്ത് വരികയും തനിക്കു ഇണങ്ങുന്ന ചെറു ഗ്രൂപ്പുകളില്‍ ഒതുങ്ങുകയും ചെയ്യുന്നുണ്ട് ഇന്ന്.

ഭാഷാ ക്ലാസ്സുകളാവുമ്പോള്‍  എണ്ണം അറുപതിലും വര്‍ദ്ധിക്കും. മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം മുതലായ രണ്ടാം ഭാഷക്കാര്‍ക്ക് നേരത്തെ എണ്ണം അറുപതാണ്.  അതായത് അറുപതു കുട്ടികള്‍ക്ക് മേല്‍ എണ്ണം ഉണ്ടെങ്കില്‍ മാത്രമേ രണ്ടു ബാച്ചിന് കുട്ടികള്‍ ഉള്ളതായി പരിഗണിക്കൂ!! പലപ്പോഴും രണ്ടു ബാച്ചിലെ 120  കുട്ടികള്‍ രണ്ടു സെക്കന്റ് ലാന്‍ഗ്വേജ് തെരഞ്ഞെടുക്കുമ്പോള്‍ ഒന്നില്‍ നാല്പതും മറ്റതില്‍ എണ്‍പതും  കുട്ടികള്‍ ആകാറുണ്ട്. അത്തരം അവസരങ്ങളില്‍ ഈ കുടുസ്സു മുറികളിലെ എണ്ണം എണ്‍പതാകുന്നു. ക്ലാസ്സില്‍ കയറുന്നിടത്തുള്ള ഇത്തിരി വട്ടത്തിന്റെ ലക്ഷ്മണ രേഖയ്ക്കപ്പുരം ഒരടി വെക്കാന്‍ അധ്യാപകര്‍ക്ക് സ്ഥലമില്ല. ശബ്ദം കൊണ്ടും നോട്ടം കൊണ്ടും ഒരു വിധം പിടിച്ചു നില്‍കാന്‍ കഴിയാത്ത പാവങ്ങളായ അധ്യാപികമാരും അധ്യാപകന്മാരും 'നല്ലോണം എടങ്ങറാവും' അത്തരം ക്ലാസ്സുകളില്‍.

കലാ കായിക രംഗത്തെ പ്രവര്‍ത്തനങ്ങളില്‍, പഠനയാത്രകളില്‍, ക്ലബ്ബുകളുടെയും സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ ഒക്കെ ഈ എണ്ണപ്പെരുപ്പം ഹയര്‍ സെക്കന്ററിക്ക്  സൃഷ്ടിക്കുന്ന പരിമിതി എത്രയെന്നു പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഒപ്പം ഇത്രയും കുട്ടികളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പരിമിതമായ മൂത്രപ്പുരകള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും വലുതാണ്‌.

ഇതാ, ഇപ്പോള്‍ വിദ്യാഭ്യാസ അവകാശ നിയമവും പ്രാബല്യത്തില്‍ വന്നു. പ്രൈമറിയിലും സെക്കന്ററിയിലും കുട്ടികളുടെ എണ്ണം 35 എന്ന് നിജപ്പെടുത്തപ്പെട്ടു കഴിഞ്ഞു. ഇപ്പോഴെങ്കിലും നമുക്ക് തീരുമാനിക്കാന്‍ കഴിയുമോ ഹയര്‍ സെക്കന്ററി സ്പെഷല്‍ റൂല്‍സില്‍ നിര്‍ദ്ദേശിക്കപ്പെട്ട പ്രകാരം ഒരു ക്ലാസ്സില്‍ അന്‍പത് കുട്ടികള്‍ എന്ന നിലയിലെങ്കിലും ഇക്കൊല്ലത്തെ അഡ്മിഷന്‍ നിര്‍ത്താന്‍ കഴിയുമോ എന്ന്? എണ്ണത്തിന്റെ കാര്യത്തിലുള്ള ഈ ഉദാസീനത ഹയര്‍ സെക്കന്ററി ക്ലാസ്സ് മുറികളെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞേ ഒക്കൂ. അല്ലെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ നിലവാരമില്ലാത്തതിന്റെ പേരില്‍ രാജ്യത്തെ 44 കല്‍പ്പിത സര്‍വകലാശാലകളുടെ അംഗീകാരം റദ്ദാക്കിയത് പോലെ, ഇവിടത്തെ ഹയര്‍ സെക്കന്ററി കോഴ്സിനെത്തന്നെ  റദ്ദാക്കിയെന്നു വരും.  കാരണം നിലവാരമില്ലായ്മയുടെ പ്രധാനകാരണമായി അതില്‍ ചൂണ്ടിക്കാട്ടിയത് നൂറു കുട്ടികള്‍ക്ക് പ്രവേശനം നല്കേണ്ടിടത്തു മിക്കവരും നൂറ്റന്‍പതും ഇരുനൂറും കുട്ടികള്‍ക്ക്  പ്രവേശനം നല്‍കി എന്നതാണ്.  അങ്ങിനെയുള്ള ഒരു മാനക്കേടില്‍ നിന്ന് രക്ഷപ്പെടാനെങ്കിലും ഇക്കൊല്ലം ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ അമ്പതു കുട്ടികളിലധികം ഉണ്ടാകില്ലെന്ന് നമ്മുടെ അധിക്കാരികള്‍ തീരുമാനിക്കുമോ?                     

5 അഭിപ്രായങ്ങൾ:

  1. എണ്ണത്തിന്റെ കാര്യത്തിലുള്ള ഈ ഉദാസീനത ഹയര്‍ സെക്കന്ററി ക്ലാസ്സ് മുറികളെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞേ ഒക്കൂ. അല്ലെങ്കില്‍, കേന്ദ്ര സര്‍ക്കാര്‍ നിലവാരമില്ലാത്തതിന്റെ പേരില്‍ രാജ്യത്തെ 44 കല്‍പ്പിത സര്‍വകലാശാലകളുടെ അംഗീകാരം റദ്ദാക്കിയത് പോലെ, ഇവിടത്തെ ഹയര്‍ സെക്കന്ററി കോഴ്സിനെത്തന്നെ റദ്ദാക്കിയെന്നു വരും. കാരണം നിലവാരമില്ലായ്മയുടെ പ്രധാനകാരണമായി അതില്‍ ചൂണ്ടിക്കാട്ടിയത് നൂറു കുട്ടികള്‍ക്ക് പ്രവേശനം നല്കേണ്ടിടത്തു മിക്കവരും നൂറ്റന്‍പതും ഇരുനൂറും കുട്ടികള്‍ക്ക് പ്രവേശനം നല്‍കി എന്നതാണ്. അങ്ങിനെയുള്ള ഒരു മാനക്കേടില്‍ നിന്ന് രക്ഷപ്പെടാനെങ്കിലും ഇക്കൊല്ലം ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ അമ്പതു കുട്ടികളിലധികം ഉണ്ടാകില്ലെന്ന് നമ്മുടെ അധിക്കാരികള്‍ തീരുമാനിക്കുമോ?

    മറുപടിഇല്ലാതാക്കൂ
  2. During the days of Pre-Degree Courses, students had the freedom 2 escape from class rooms to breath fresh air outside, minimising the teacher-student ratio!
    The minus point of plus two is that inside the wagon [tragedy] the teachers give practical sessions of Jallian Wala Bagh massacre as well!!
    The suffocated are shot 2 death!!
    They will resurrect from the dead like Christ the tiger, one day!
    Wish u all a happy Easter!!

    മറുപടിഇല്ലാതാക്കൂ
  3. valare pradhanappetta oru prasnamaanu thankal unnayichirikkunnathu. pakshe badhirakarnangalil ithonnum kelkkillallo....

    മറുപടിഇല്ലാതാക്കൂ
  4. താങ്കളുടെ ഈ പോസ്റ്റ് ബ്ലോഗനയിൽ വായിച്ചു.

    മാഷ് പറയുന്നതിൽ കാര്യമൊക്കെയുണ്ട്. എന്നാലും പത്താം ക്ലാസ്സ് ജയിക്കുന്ന എല്ലാ കുട്ടികൾക്കും സ്കൂളിൽ പഠിക്കാൻ ആ‍ാഗ്രഹമുണ്ടാകും. അവരെ സംബന്ധിച്ച് അഡ്മിഷൻ കിട്ടുക എന്നതാണ് പ്രധാനം. രക്ഷകർത്താക്കളും അതെ! അനാവശ്യമാ‍യ ദൌർലഭ്യവും അതുവഴി വിവേചനവും എന്തിന്? സ്കൂളിൽ കിട്ടിയില്ലെങ്കിൽ കുട്ടികൾ ഓപ്പൺ സ്കൂളിൽ പോകും. അതിന്റെ നിലവാരവും ഉത്തരവാദിത്വവും അറിയാമല്ലോ. പാരലൽ കോളേജുകളെ ആശ്രയിച്ചാണ് അവ മുന്നോട്ട് പോകുന്നത്. പിന്നെ മെരിറ്റിന്റെ കാര്യം പറയുകയാണെങ്കിൽ ചില മേഖലകളിൽ വളരെ മെരിറ്റ് കുറഞ്ഞവർക്കു പോലും സ്കൂൾ പ്രവേശനം ലഭിക്കുന്നു. എന്നാൽ ചില മേഖലകളിൽ സീറ്റുകളുടെ കുറവ് കാരണം അതേനിലവാരത്തിലും അല്പം ഉയർന്നവർക്ക് പോലും സ്കൂൾ പ്രവേശനം ലഭിക്കുന്നില്ല. മാനേജ്മെന്റ് സ്കൂളുകളിലാകട്ടെ കാശുവാങ്ങിയും അല്ലാതെ വേണ്ടപ്പെട്ടവർക്കൊക്കെ പ്രവേശനം ലഭിക്കുന്നു. പണവും സ്വാധീനവും ഒന്നുമില്ലാത്ത കുറെ പാവം കുട്ടികൾ മാത്രം ഗ്രേഡ് കുറഞ്ഞതിന്റെ പേരിൽ സ്കൂളുകളിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നു. അവർ ഓപ്പൺ സ്കൂളിൽ അഥവാ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് പാരലൽ കോളേജുകളിൽ പഠിക്കുന്നു. പരീക്ഷക്ക് പേപ്പർ നോക്കുമ്പോൾ മന:പൂർവ്വം പാരലൽ കുട്ടികൾക്ക് മാർക്ക് കുറച്ച് അവരെ തോല്പിക്കുന്നു. സ്കൂൾ കുട്ടികളുടെ പരീക്ഷാപ്പേപ്പറുകൾ ലിബറലായി നോക്കി പരമാവധി ജയിപ്പിക്കുന്നു. കാരണം സ്കൂളിൽ തോൽവി വന്നാൽ സ്കൂൾ അദ്ധ്യാപകർക്കും നാണക്കേടല്ലേ? ആത്മാർത്ഥമായി തന്നെയാണ് പാരലൽ കോളേജുകളിലും കുട്ടികളെ പഠിപ്പിക്കുന്നതും കുട്ടികൾ പഠിക്കുന്നതും. പക്ഷെ പാരലൽകാരോട് എന്നും വിവേചനവും. പിന്നെ പല മാനേജ് സ്കൂളുകളിലും ഇന്നും പരീക്ഷാ ക്രമക്കേടുകൾ അഭങ്കുരം തുടരുന്നുണ്ട്. അവിടെ എത്ര മോശപ്പെട്ട കുട്ടികളും ജയിച്ചു കയറും. ചോദ്യ പേപ്പറുകൾ പുറത്തെത്തിച്ച് ആൻസർ എഴുതി വാങ്ങി കുട്ടികൾക്ക് നൽകുന്ന സമ്പ്രദായം ഇന്ന് ഇല്ലെന്ന് പറയാമോ? അപ്പോൾ അവിടെ സർക്കാർ സ്കൂളുകളിലെ കുട്ടികളും വിഡ്ഡികളാക്കപ്പെടുന്നു. അവിടെ ഈ കൃത്രിമം നടക്കില്ലല്ലോ. പിന്നെ എന്തിനീ പ്രഹസനങ്ങൾ?

    എസ്.എസ്.എൽ.സി പരീക്ഷ തന്നെ നിർത്തി എല്ലാ കുട്ടികളെയും പ്രമോട്ട് ചെയ്ത് പ്ലസ്- ടുവിൽ പ്രവേശിപ്പിക്കണമെന്നും എല്ലാസ്കൂളുകളിലും പത്താം ക്ലാസ്സിലെ ഡിവിഷനുകൾക്കനുസരിച്ച് പ്ലസ് ടൂ അനുവദിക്കണമെന്നുമാണ് ഈയുള്ളവന്റെ പക്ഷം. അതു പോലെ ഡി-പ്ലസിനും താഴെ ഒരു ഗ്രേഡു തന്നെ ആവശ്യമില്ല. പത്തു പന്ത്രണ്ട് വർഷം സ്കൂളിൽ വന്നു പോകുന്ന കുട്ടികൾ ഒരു പക്ഷെ അക്ഷരം പഠിച്ചില്ലെങ്കിലും എന്തെങ്കിലുമൊക്കെ പഠിച്ചിരിക്കും; അറിവായും അനുഭവമായും. അവരെ തോല്പിച്ച് മനോവീര്യപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല. പ്രമോട്ട് ചെയ്ത് അർഹിക്കുന്ന ഗ്രേഡും നൽകി വിടണം. അതു പോലെ പ്ലസ്-ടൂവിന് വ്യത്യസ്ഥ കോംബിനേഷൻ തന്നെ ആവശ്യമില്ല. അതൊക്കെ ഡിഗ്രി മുതൽ മതി. പ്ലസ് ടു വരെ ഇപ്പോഴത്തെ പത്താം ക്ലാസ്സ് പോലെ സിലബസ് നൽകി പഠീപ്പിക്കണം. അപ്പോൾ ചോദിക്കും പിന്നെ എൻട്രൻസും മറ്റും എങ്ങനെയെന്ന്! അതിന് പിന്നീട് ഒരു വർഷത്തെ പ്രത്യേക കോഴ്സും പ്രവേശന പരീക്ഷയും വയ്ക്കണം.

    മാഷേ ഇങ്ങനെ പോകുന്നു ഈയുള്ളവന്റെ ചിന്തകൾ!

    മറുപടിഇല്ലാതാക്കൂ
  5. താങ്കളുടെ ഈ പോസ്റ്റ് ബ്ലോഗനയിൽ വായിച്ചു.

    മാഷ് പറയുന്നതിൽ കാര്യമൊക്കെയുണ്ട്. എന്നാലും പത്താം ക്ലാസ്സ് ജയിക്കുന്ന എല്ലാ കുട്ടികൾക്കും സ്കൂളിൽ പഠിക്കാൻ ആ‍ാഗ്രഹമുണ്ടാകും. അവരെ സംബന്ധിച്ച് അഡ്മിഷൻ കിട്ടുക എന്നതാണ് പ്രധാനം. രക്ഷകർത്താക്കളും അതെ!

    അനാവശ്യമാ‍യ ദൌർലഭ്യവും അതുവഴി വിവേചനവും എന്തിന്?

    സ്കൂളിൽ കിട്ടിയില്ലെങ്കിൽ കുട്ടികൾ ഓപ്പൺ സ്കൂളിൽ പോകും. അതിന്റെ നിലവാരവും ഉത്തരവാദിത്വവും അറിയാമല്ലോ. പാരലൽ കോളേജുകളെ ആശ്രയിച്ചാണ് അവ മുന്നോട്ട് പോകുന്നത്.

    പിന്നെ മെരിറ്റിന്റെ കാര്യം പറയുകയാണെങ്കിൽ ചില മേഖലകളിൽ വളരെ മെരിറ്റ് കുറഞ്ഞവർക്കു പോലും സ്കൂൾ പ്രവേശനം ലഭിക്കുന്നു. എന്നാൽ ചില മേഖലകളിൽ സീറ്റുകളുടെ കുറവ് കാരണം അതേനിലവാരത്തിലും അല്പം ഉയർന്നവർക്ക് പോലും സ്കൂൾ പ്രവേശനം ലഭിക്കുന്നില്ല.

    മാനേജ്മെന്റ് സ്കൂളുകളിലാകട്ടെ കാശുവാങ്ങിയും അല്ലാതെ വേണ്ടപ്പെട്ടവർക്കൊക്കെ പ്രവേശനം ലഭിക്കുന്നു.

    പണവും സ്വാധീനവും ഒന്നുമില്ലാത്ത കുറെ പാവം കുട്ടികൾ മാത്രം ഗ്രേഡ് കുറഞ്ഞതിന്റെ പേരിൽ സ്കൂളുകളിൽ നിന്ന് അകറ്റി നിർത്തപ്പെടുന്നു. അവർ ഓപ്പൺ സ്കൂളിൽ അഥവാ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് പാരലൽ കോളേജുകളിൽ പഠിക്കുന്നു.

    പരീക്ഷക്ക് പേപ്പർ നോക്കുമ്പോൾ മന:പൂർവ്വം പാരലൽ കുട്ടികൾക്ക് മാർക്ക് കുറച്ച് അവരെ തോല്പിക്കുന്നു. സ്കൂൾ കുട്ടികളുടെ പരീക്ഷാപ്പേപ്പറുകൾ ലിബറലായി നോക്കി പരമാവധി ജയിപ്പിക്കുന്നു. കാരണം സ്കൂളിൽ തോൽവി വന്നാൽ സ്കൂൾ അദ്ധ്യാപകർക്കും നാണക്കേടല്ലേ?

    ആത്മാർത്ഥമായി തന്നെയാണ് പാരലൽ കോളേജുകളിലും കുട്ടികളെ പഠിപ്പിക്കുന്നതും കുട്ടികൾ പഠിക്കുന്നതും. പക്ഷെ പാരലൽകാരോട് എന്നും വിവേചനവും.

    പിന്നെ പല മാനേജ് സ്കൂളുകളിലും ഇന്നും പരീക്ഷാ ക്രമക്കേടുകൾ അഭങ്കുരം തുടരുന്നുണ്ട്. അവിടെ എത്ര മോശപ്പെട്ട കുട്ടികളും ജയിച്ചു കയറും. ചോദ്യ പേപ്പറുകൾ പുറത്തെത്തിച്ച് ആൻസർ എഴുതി വാങ്ങി കുട്ടികൾക്ക് നൽകുന്ന സമ്പ്രദായം ഇന്ന് ഇല്ലെന്ന് പറയാമോ?

    അപ്പോൾ അവിടെ സർക്കാർ സ്കൂളുകളിലെ കുട്ടികളും വിഡ്ഡികളാക്കപ്പെടുന്നു. അവിടെ ഈ കൃത്രിമം നടക്കില്ലല്ലോ.

    പിന്നെ എന്തിനീ പ്രഹസനങ്ങൾ?

    എസ്.എസ്.എൽ.സി പരീക്ഷ തന്നെ നിർത്തി എല്ലാ കുട്ടികളെയും പ്രമോട്ട് ചെയ്ത് പ്ലസ്- ടുവിൽ പ്രവേശിപ്പിക്കണമെന്നും എല്ലാസ്കൂളുകളിലും പത്താം ക്ലാസ്സിലെ ഡിവിഷനുകൾക്കനുസരിച്ച് പ്ലസ് ടൂ അനുവദിക്കണമെന്നുമാണ് ഈയുള്ളവന്റെ പക്ഷം.

    അതു പോലെ ഡി-പ്ലസിനും താഴെ ഒരു ഗ്രേഡു തന്നെ ആവശ്യമില്ല. പത്തു പന്ത്രണ്ട് വർഷം സ്കൂളിൽ വന്നു പോകുന്ന കുട്ടികൾ ഒരു പക്ഷെ അക്ഷരം പഠിച്ചില്ലെങ്കിലും എന്തെങ്കിലുമൊക്കെ പഠിച്ചിരിക്കും; അറിവായും അനുഭവമായും. അവരെ തോല്പിച്ച് മനോവീര്യപ്പെടുത്തേണ്ട യാതൊരു കാര്യവുമില്ല. പ്രമോട്ട് ചെയ്ത് അർഹിക്കുന്ന ഗ്രേഡും നൽകി വിടണം.

    അതു പോലെ പ്ലസ്-ടൂവിന് വ്യത്യസ്ഥ കോംബിനേഷൻ തന്നെ ആവശ്യമില്ല. അതൊക്കെ ഡിഗ്രി മുതൽ മതി. പ്ലസ് ടു വരെ ഇപ്പോഴത്തെ പത്താം ക്ലാസ്സ് പോലെ സിലബസ് നൽകി പഠീപ്പിക്കണം.

    അപ്പോൾ ചോദിക്കും പിന്നെ എൻട്രൻസും മറ്റും എങ്ങനെയെന്ന്! അതിന് പിന്നീട് ഒരു വർഷത്തെ പ്രത്യേക കോഴ്സും പ്രവേശന പരീക്ഷയും വയ്ക്കണം.

    മാഷേ ഇങ്ങനെ പോകുന്നു ഈയുള്ളവന്റെ ചിന്തകൾ!

    മറുപടിഇല്ലാതാക്കൂ