2010, ഫെബ്രുവരി 3, ബുധനാഴ്‌ച

വളയുന്ന മോന്തായങ്ങള്‍ നിവര്‍ത്തുന്നതെങ്ങിനെ?

സ്കൂളുകള്‍ ഇന്ന് വിജ്ഞാന വിതരണ കേന്ദ്രങ്ങള്‍ മാത്രമല്ല. ഈ പ്രസ്താവനയെ സാധൂകരിക്കുന്ന ഒട്ടേറെ വസ്തുതകള്‍ ഇതെഴുതിക്കഴിയുമ്പോഴേക്കും മനസ്സില്‍ നിറയുകയാണ് . ഒന്ന്. വിവരവിനിമയ സാങ്കേതിക വിദ്യ സാധ്യമാക്കിയ വിജ്ഞാനത്തിന്റെ വ്യാപനവും എളുപ്പം പ്രാപ്യമെന്ന അവസ്ഥയും. രണ്ട്, പുതിയകാലം ആവശ്യപ്പെടുന്ന ജ്ഞാനം വിനിമയം ചെയ്യുന്നതില്‍ സ്കൂളുകള്‍ക്കുള്ള ദൌര്‍ബല്യങ്ങള്‍. മൂന്നു, വിജ്ഞാനത്തിനു പുറത്ത് സ്കൂളുകള്‍ക്ക് മാത്രം സാധ്യമാക്കാവുന്ന ഒട്ടേറെ ശേഷികളുടെയും മനോഭാവങ്ങളുടെയും രൂപീകരണം. ഇത്തരം കാര്യങ്ങളെ അടുത്തുനിന്നു നോക്കിക്കാണാതെയും അഭിമുഖീകരിക്കാതെയും നമുക്ക് ഈ പ്രസ്ഥാനവുമായി ഏറെ മുന്നോട്ടു പോകാന്‍ കഴിയില്ല.

വിജ്ഞാനം നമ്മുടെ കൈ വിരല്‍ തുമ്പത്താണ് എന്നത് തീര്‍ത്തും ഉത്തരവാദിത്യരഹിതമായി എല്ലാ ഹെഡ് മാഷന്മാരും സാധാരണ മാഷന്മാരും എടുത്തു പ്രയോഗിക്കുന്ന ഒരടിയാണ്. ഇങ്ങനെ പ്രസ്താവിക്കുമ്പോള്‍തന്നെ  അത് സാധ്യമാക്കിയ സംവിധാനങ്ങളെക്കുറിച്ചും  അത് എങ്ങിനെയൊക്കെയാണ് പ്രാപ്യമാകുന്നത് എന്നതിനെക്കുറിച്ചും അവര്‍ വച്ച് പുലര്‍ത്തുന്ന അജ്ഞത നമ്മെ അമ്പരപ്പിക്കും. മാത്രമല്ല വിജ്ഞാനത്തിന്റെ ഈ പുതിയ പ്രവാഹത്തില്‍ നിന്ന് ഒരു കൈക്കുടന്ന വെള്ളം കോരിയെടുക്കാന്‍ വിദ്യാര്‍ഥികളെ എന്തെങ്കിലും വിധത്തില്‍ സഹായിക്കാന്‍ തനിക്കു കഴിയുമോ എന്ന ചിന്തയും ഇവരെ അല്പം പോലും അലട്ടാറില്ല. മറ്റെല്ലാത്തിലും എന്നപോലെ ഇതിലും അവിടെനിന്നും ഇവിടെനിന്നും കേട്ട ചില വിജ്ഞാന ശകലങ്ങള്‍ ആധികാരികമായി വിളമ്പുന്നു എന്നുമാത്രം.

കേരളത്തിലെ ഒട്ടുമിക്ക ഹൈസ്കൂളുകളും ഹയര്‍ സെക്കന്ററി സ്കൂളുകളായി ഉയര്‍ത്തപ്പെട്ടിരിക്കുന്ന സവിശേഷമായ സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കുന്നതിന് കൂടുതല്‍ സാംഗത്യം ഉണ്ടെന്നു തോന്നുന്നു. സ്കൂള്‍ ആത്യന്തികമായി കുട്ടിക്ക് എന്തൊക്കെ നല്‍കണം എന്ന് കൃത്യമായ കാഴ്ചപ്പാടില്ലാത്ത ഭരണാധികാരികളാണ് ഇന്ന് മിക്ക സ്കൂളുകളുടെയും തലപ്പത്ത് ഇരിക്കുന്നത്. കുട്ടികളുടെയും സ്കൂളിനെ നിലനിര്‍ത്തുന്ന പൊതു സമൂഹത്തിന്റെയും അവകാശങ്ങളെക്കുറിച്ച്, ഓരോകാലത്തും മാറി വരുന്ന പാഠ്യപദ്ധതി സമീപനങ്ങളെക്കുറിച്ച്, സ്കൂളില്‍ വിനിമയം ചെയ്യുന്ന ഓരോ വിഷയത്തിന്റെയും ജ്ഞാനതലങ്ങലെക്കുറിച്ച്, കുട്ടികളില്‍ ഓരോ കാലത്തും പാകി മുളപ്പിക്കേണ്ട മൂല്യങ്ങളെയും മനോഭാവങ്ങളെയും കുറിച്ച്  അവര്‍ വച്ച് പുലര്‍ത്തുന്ന അജ്ഞത അങ്ങേയറ്റം പരിതാപകരമാണ്. ഇത് സ്കൂളിലും കുട്ടികളിലും ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ഏറെയാണ്‌.  ഇതു എങ്ങിനെ പരിഹരിക്കും എന്നത് അഭിസംബോധന ചെയ്യാതെ, വീണ്ടും വീണ്ടും സ്കൂള്‍ പരിഷ്കരണത്തിനായി നമ്മള്‍ കോടികള്‍ തുലച്ചുകൊണ്ടിരിക്കുന്നത്, നികുതിയൊടുക്കുന്ന ഓരോ പൌരനോടും ഈ നാടിനോടും നാം ചെയ്യുന്ന കഠിനമായ വഞ്ചനയാണ്.

സ്വാതന്ത്ര്യത്തിലേക്ക് എളുപ്പ വഴിയില്ല എന്ന് പറഞ്ഞത്  പോലെ സ്കൂളുകള്‍ സമഗ്രമായി പരിഷ്കരിക്കുന്നതിനും എളുപ്പവഴികളൊന്നുമില്ല. അധ്യാപക ശാക്തീകരണം മാത്രമാണ് അതിന്റെ വഴി. അധ്യാപക പരിശീലനങ്ങളുടെ നിലവാരവും  ചര്‍ച്ച ചെയ്യേണ്ടത് തന്നെ. എന്നാല്‍ പരിശീലനത്തിന് അധ്യാപകരെ അയക്കാന്‍ പോലും വൈമുഖ്യമുള്ള ഹെഡ്ഡുമാരും പ്രിന്‍സിപ്പല്‍മാരും ആണ് ഉള്ളതെങ്കിലോ? ഒരു അദ്ധ്യാപകന്‍ പരിശീലനത്തിന് പോയില്ലെങ്കില്‍, അതൊരു നല്ല പരിശീലനമാണെങ്കില്‍ നഷ്ടം കുട്ടികള്‍ക്കാണെന്നു ചിന്തിക്കാന്‍ പോലും ഇവര്‍ തയാറാകുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ഗൌരവപൂര്‍വ്വം ആലോചിക്കേണ്ടത് സ്കൂള്‍ ഭരണ മേധാവി എന്നത് , നിശ്ചിത വയസ്സെത്തുമ്പോള്‍ ആര്‍ക്കും ലഭിക്കുന്ന ഒരു മധുരമുള്ള കേയ്ക്കായി ഇനിയും നിലനിര്‍ത്തണോ എന്നതാണ് . സ്കൂള്‍ അധ്യാപന കാലത്ത് ആകമാനം ഏറ്റവും നിരുത്തരവാദമായും വൃത്തികെട്ടനിലയിലും പെരുമാറിയ വിധ്വന്മാര്‍ക്ക് പോലും ഒരു ദിവസം താലത്തില്‍ വെച്ച് നീട്ടുന്ന പദവിയാണിത് എന്ന അവസ്ഥമാറിയേ കഴിയൂ.

സ്കൂളുകള്‍ ഇന്ന് അധ്യാപകനും വിദ്യാര്‍ഥികളും തമ്മില്‍ വിജ്ഞാനം കൈമാറ്റം ചെയ്യുന്ന ലളിതമായ ഒരാലയം മാത്രമല്ല. ഒരു കഷണം ചോക്കുകൊണ്ടും മഷി പുരളാത്ത നരച്ച ബോര്‍ഡു  കൊണ്ടും തീരുന്ന ഒരേര്‍പ്പാട് മാത്രവുമല്ല അത്. പരസ്പര ബന്ധത്തിന്റെയും  നാളെ കൈ മുതലാകേണ്ട ആത്മവിശ്വാസത്തിന്റെയും വിനിമയ പാഠത്തിന്റെയും വളര്‍ത്തുശാലയും  പ്രയോഗവേദിയും ആണത്.  ക്ലാസ് മുറിയിലും സ്കൂളിലും ലഭിക്കുന്ന ഓരോ അനുഭവവും വ്യക്തിത്വത്തിന്റെ രൂപീകരണത്തിലെ നിര്‍ണായക പടവുകള്‍ ആണ്. വാക്കിലും പ്രവൃത്തിയിലും അവര്‍ എല്ലായിടത്തുനിന്നും പ്രതീക്ഷിക്കുന്നത് ഉചിതമായ ജീവിത മാതൃകകളാണ്. അവരുടെ കാഴ്ചപ്പാടുകളുടെ ആകാശങ്ങളെ സൗന്ദര്യത്തിന്റെയും ഉദാത്തസ്നേഹത്തിന്റെയും ആദര്‍ശത്തിന്റെയും മഴവില്ലുകൊണ്ട് വിസ്മയിപ്പിക്കാന്‍ ഇന്നത്തെ നമ്മുടെ സ്കൂള്‍ അന്തരീക്ഷത്തില്‍ ആര്‍ക്കു കഴിയും? അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍, നേതൃത്വം നല്‍കാന്‍ നമ്മുടെ സ്കൂള്‍ ഭരണത്തലവന്മാര്‍ക്ക് കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ ആരെയാണ് സ്കൂളുകളില്‍ ഇതിനു ചുമതലപ്പെടുത്തിയിട്ടുള്ളത്?

സ്കൂളുകളുടെ ഭരണത്തലവന്മാര്‍ ശരിയായ കാഴ്ചപ്പാട് ഉള്ളവരാണെങ്കില്‍ തന്നെ ഇന്ന് പൊതുവിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന ഒട്ടേറെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ കഴിയും.  ഓരോ വിഷയവുമായും ബന്ധപ്പെട്ടു ഏറ്റവും ചുരുങ്ങിയത് ക്ലാസ്സില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍, അതിന്റെ വിനിമയ രീതികള്‍ ,വിത്യസ്ത വിഷയങ്ങളുടെ മൂല്യനിര്‍ണയ സമീപനം, വ്യത്യസ്ത ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു ഓരോ വിഷയത്തിന്റെയും സാധ്യതകള്‍ എന്നിവയെക്കുറിച്ച് ധാരണയുള്ള ഒരു ഭരണ മേധാവിക്ക് മാത്രമേ മികച്ച ഒരു അക്കാദമിക് നേതൃത്യ്വം സ്കൂളില്‍ നല്‍കാനാവൂ." ' ഈ മാസം സയന്‍സ് ക്ലബ്ബുമായി ബന്ധപ്പെട്ടു പരിപാടികളൊന്നും നടന്നില്ലല്ലോ മാഷേ, നമുക്ക്  ഒരു സി. ഡി. പ്രദര്‍ശനവും ചര്‍ച്ചയും വെച്ചാലോ?' ' മലയാളത്തില്‍ ഈ മാസമല്ലേ സാര്‍  നാടക ക്യാമ്പ് സംഘടിപ്പിക്കേണ്ടത്. അതിനു പി. റ്റി എ യോഗം വിളിക്കാനുള്ള സമയമായില്ലേ? ' " എന്ന് ഓര്‍മിപ്പിക്കുന്ന ഒരു മേലധികാരിയെക്കുറിച്ച് ആലോചിച്ചു നോക്കൂ.  അവിടെ ആര്‍ക്കു ഉഴാപ്പാനാവും; സ്വന്തം ചുമതലകള്‍ മറക്കാന്‍ കഴിയും?

അക്കാദമിക മോണിട്ടറിംഗ്  എന്ന ഒരു പരിപാടിയാണ് ഇന്ന് പോതുവിദ്യാലയങ്ങളില്‍ തീര്‍ത്തും നടക്കാത്തത്. അത് എന്താണ്, എങ്ങിനെ - എപ്പോള്‍ നടത്തും എന്നതിനെ സംബന്ധിച്ച യാതൊരു ധാരണയും വിധിവശാല്‍ മിക്ക ഹെഡ്ഡിനും പ്രിന്‍സിക്കും ഇല്ല. അതോകൊണ്ടുതന്നെ അങ്ങേയറ്റം ഭീകരമായ ക്ലാസ്സുകളെപ്പോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ സഹിക്കേണ്ടിവരുന്നു. അവരുടെ മണ്ടത്തരങ്ങള്‍, ക്രൂര പരിഹാസങ്ങള്‍ എന്നിവയുടെ ഇരകളായ കുട്ടികള്‍ക്ക് ഒന്ന് പരാതിപ്പെടാനോ ആശ്വാസം ലഭിക്കാനോ ഇന്ന് ഇടങ്ങളില്ല. ഹെഡ്മാസ്റര്‍ എന്ന ബിംബം തന്നെ വാര്‍ത്തെടുക്കപ്പെട്ടിട്ടുളളത് കാരിരുമ്പ് പരുവത്തിലുള്ള പരുക്കന്‍ ചേരുവകള്‍ കൊണ്ടാണ്. ഇവരെ അനുകരിച്ച്  ഹെഡ് മിസ്‌ട്രസ്  മാരും ആ ഷേപ്പിലേക്ക്  പരുവപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇവരുടെ ബ്രാന്‍ഡ് ഐക്കണ്‍ തന്നെ പിറകില്‍ ഒളിച്ചുപിടിച്ച ചൂരലും അകം തുളയ്കുന്ന നോട്ടവും ആണ്. കുട്ടികളുടെ  പ്രശ്നങ്ങളെ  മനശ്ശാസ്ത്രപരമായി  സമീപിക്കാന്‍ അധ്യാപകരെ ഉപദേശിക്കേണ്ട കക്ഷിയാണ്, ഒരു പുസ്തകമെടുക്കാന്‍ മറന്നു പോയതിന്, ഇടയില്‍ ഉച്ചത്തിലൊന്ന് സംസാരിച്ചതിന് അവരെ വെയിലത്ത് നിറുത്തി പോരിച്ചെടുക്കുന്നത്. അവര്‍ കണ്ടും കെട്ടും പഠിച്ചത് അതുമാത്രമാണല്ലോ! അക്കാദമിക മോണിട്ടരിംഗ് ആണ് സ്കൂള്‍ മേലധികാരിയുടെ പ്രഥമവും പ്രധാനവുമായ ചുമതലയെന്നു ക്ലാര്‍ക്കിനു സമീപമിരുന്നിരുന്നു അവര്‍മറന്നുപോയിരിക്കുകയാണ്. 


സ്കൂളിന്റെ സമഗ്രപുരോഗതിയെക്കുറിച്ച് ശരിയായ കാഴ്ചപ്പാടില്ലാത്ത  ഭരണ മേലധികാരിയുടെ നടപടികള്‍ സ്കൂളുകളുടെ അവസ്ഥയെ എത്രമാത്രം പിന്നോട്ടടിപ്പിക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്, കൊഴിഞ്ഞു പോക്കിന്റെ ശതമാനത്തിലുണ്ടാകുന്ന വര്‍ഷം പ്രതിയുള്ള വര്‍ധന. എന്താണ് ഈ പദവിയിലിരുന്നു തനിക്കു ചെയ്യാന്‍ കഴിയുക, അതിനു താന്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തണം എന്ന് ആലോചിക്കുന്നതിനു പകരം യാതൊരു കച്ചറയും കൂടാതെ തനിക്കു എങ്ങിനെ പെന്‍ഷന്‍ പറ്റാം എന്നതാണ് പലരുടെയും ചിന്താവിഷയം.
ഇന്ന് സ്കൂളുകള്‍ക്ക് മുട്ടില്ലാത്തത് കെട്ടിടങ്ങള്‍ക്കും മറ്റ് ഭൌതിക സംവിധാനങ്ങള്‍ക്കുമാണ്. എം. പി, എം. എല്‍. എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എസ്. എസ്. എ എന്നിവരൊക്കെ സ്കൂള്‍ അധികൃതര്‍ ഭൌതിക സംവിധാനങ്ങള്‍ക്ക്‌ ആവശ്യപ്പെടാത്തതിനു ഇങ്ങോട്ട് പേടിപ്പിക്കുകയാണിപ്പോള്‍. എന്നാല്‍ ഇവ ഏറ്റെടുത്ത് പണി പൂര്‍ത്തിയാക്കാന്‍ സ്കൂള്‍ അധികാരികള്‍ക്ക് താത്പര്യമില്ല. സ്കൂളിന്റെ സമഗ്രമായ പുരോഗതിയേക്കാള്‍ തത്കാലം പെന്‍ഷന്‍ ഉറപ്പിക്കട്ടെ. ഇതാണവരുടെ മനോഭാവം!

തന്റെ  സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കാനും ചുമതലകള്‍ വിഭജിച്ച് കൊടുക്കാനും താത്പര്യമുള്ള എത്ര സ്കൂള്‍ മേലധികാരികളുണ്ട്?  തന്റെ സഹപ്രവത്തകര്‍ ചെയ്ത ഒരു നല്ല  കാര്യത്തെ സര്‍വാത്മനാ പിന്തുണക്കുകയും അവരെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്യാന്‍ ഇവരില്‍ എത്ര പേര്‍ തയ്യാറാകും. അങ്ങിനെ ചെയ്‌താല്‍ താന്‍ മോശക്കാരനായിപ്പോവുമെന്ന ഭയമില്ലത്തവര്‍ ആരുണ്ട്‌. സ്കൂളിലെത്തുന്ന രക്ഷകര്‍ത്താക്കളോടുള്ള നമ്മുടെ സ്കൂള്‍ തലവന്മാരുടെ പെരുമാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ. തന്റെ സ്ഥാപനത്തില്‍ അവര്‍ കുട്ടികളെ ചെര്‍ത്തതുകൊണ്ടാണ് താന്‍ മാസം പത്തിരുപതിനായിരം എണ്ണിവാങ്ങുന്നതെന്ന ചിന്ത അപ്പോള്‍ അവരുടെ സമീപത്തുകൂടെപ്പോലും പോകില്ല. ഇങ്ങോട്ട് വല്ല പരതിയുമായാണ് വന്നതെങ്കില്‍ ഇര കണ്ട കഴുകനെപ്പോലെ തലവനും ഉപതലവന്മാരും ചേര്‍ന്ന് ചാടിവീഴും, ഇവനെ കൊത്തിക്കീറിയിട്ടു തന്നെകാര്യം.

എന്തുകൊണ്ട്  ഇതെല്ലാം? നേരത്തെ പറഞ്ഞത് പോലെ, സ്കൂള്‍ മേധാവി എന്ന സ്ഥാനം വിദ്യാഭ്യാസമെന്ന പ്രക്രിയയോട് പോലും കമിറ്റഡല്ലാത്ത ഒരു വിഭാഗത്തിന്റെ കയ്യില്‍ ഒരു സുപ്രഭാതത്തില്‍ വന്നു ചേരുന്നതാണ് ഒന്നാമത്തെയും പ്രധാനപ്പെട്ടതുമായ കാരണം. നിശ്ചിതമായ ഒരു പ്രായമെത്തുമ്പോള്‍, സര്‍വീസ് പൂര്‍ത്തിയാവുമ്പോള്‍ ഒരവകാശമെന്നപോലെ ലഭിക്കുന്നതാണ് സ്ഥാപനമേധാവി എന്ന അവസ്ഥ മാറിയെ പറ്റൂ. ഇത് കേവലം ഫയലുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരാപ്പീസ് അല്ല. ഒരു തലമുറയെ ആകെത്തന്നെ ഒരു രാഷ്ട്രത്തിന്റെ ഭൌതികവും  സാംസ്കാരികവുമായ ഉന്നമനത്തിനു വേണ്ടി പരുവപ്പെടുത്തെണ്ട വിളഭൂമിയാണ്. മണ്ണിനെയും വിളയെയേയും പരിചരണത്തെയും  നാളും തിഥിയും അനുസരിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന, മണ്ണിനെ കച്ചവടച്ചരക്കാക്കാന്‍ ഒരിക്കലും മനസ്സനുവദിക്കാത്ത തകഴിയുടെ 'കൃഷിക്കരനെ'പ്പോലെ തന്നെയാണ് ഒരു നല്ല പ്രധാനാധ്യാപകനും. അപ്പോള്‍ ആ സ്ഥാനത്തേക്ക് കയറിയിരിക്കാന്‍ വരുന്നത് ആരെന്നു നോക്കിയേ മതിയാവൂ. സര്‍വീസിന്റെ വയസ്സറിയിച്ച ആര്‍ക്കും ഇരിക്കാവുന്ന വഴിയിലെ സര്‍വേക്കല്ലാവരുത് ആ സീറ്റ്.


വിദ്യാഭ്യാസ വകുപ്പിന്റെ തന്നെ വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല ഉദ്യോഗസ്ഥരായി പകുതിപ്പേരെ നേരിട്ട് നിയമിക്കുന്ന രീതി ഉണ്ട്. സര്‍ക്കാര്‍ വകുപ്പുകളില്‍പ്പോലും സ്ഥാപന  മേധാവിയായി  വരുന്നത് പകുതിപ്പേരെങ്കിലും നേരിട്ടോ അഭിരുചി നിര്‍ണയിക്കപ്പെട്ടോ ആയിരിക്കും. മത്സരധിഷ്ടിതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ കഴിവ് മാത്രമാണ് ഉയര്‍ച്ചകള്‍ക്ക്  അടിസ്ഥാനം. സ്കൂള്‍ മേധാവിയായി വരേണ്ടുന്നതും കഴിവും അഭിരുചിയും ഉള്ള ആളുകള്‍ തന്നെയാണ്. പ്രത്യേകിച്ചും അക്കാദമികതലത്തിലും  മാനേജ് മെന്റ്  തലത്തിലും ഒട്ടു വളരെ കാര്യങ്ങള്‍ ചെയ്യേണ്ടുന്ന പുതിയ സ്കൂള്‍ സാഹചര്യത്തില്‍. ഈ തലങ്ങളിലോക്കെ നടക്കുന്ന പരിശീലനങ്ങളില്‍ പങ്കെടുക്കയും തന്റെ അക്കാദമികവും ദാര്‍ശനികവുമായ കാഴ്ചപ്പാടുകള്‍ തുറന്നു വെളിപ്പെടുത്തുകയും ചെയ്യുന്ന നിശ്ചിത അധ്യാപന പരിചയമുള്ള ആളുകള്‍ക്ക് കൂടി കടന്നു വരാന്‍ പാകത്തില്‍ ഈ പദവിയെ പുനര്‍ നിര്‍ണയിച്ചില്ലെങ്കില്‍, നമ്മുടെ സ്കൂള്‍ മേലധിക്കരികളുടെ കസേരയുടെ മുകളില്‍ ഇങ്ങനെ ഒരു ബോര്‍ഡു കൂടി തൂക്കിയിടാം; 'റിട്ടയര്‍മെന്റ് അടുത്തവര്‍ക്കുള്ള സുഖവാസ സ്ഥലം'.

7 അഭിപ്രായങ്ങൾ:

  1. തലക്കെട്ട് അസ്സം.ഉള്ളടക്കം ഗംഭീരം
    www.tomskonumadam.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. നന്നായി മാഷേ, നന്നായി. ഇങ്ങനെ പറയാനും ചിലരൊക്കെ വേണ്ടേ. മിക്ക വിദ്യാലയങ്ങളുടെയും അവസ്ഥ ഇത് തന്നെ. അനുഭവം സാക്ഷി. എന്തെങ്കിലും ചെയ്യുന്നവരെക്കൂടി നിശബ്ദരാക്കും ഈ മേലാളന്മാര്‍. ഇത് ഒരു സര്‍ക്കുലറായി അയയ്ക്കാനുകുമോ മാഷേ.

    മറുപടിഇല്ലാതാക്കൂ
  3. mashe, orupaadushaarayi! humanitiesum scienceum vendatha technology oriented aaya samoohatheyanu maashu udaaharicha vidya "ABHYAASA" reethi vaarthedukkunnathu. Obamayude mukhamulla Indian thalakal. ivideyulla sakalathinodum puchcham maatramanu ivarilkanunna vikaaram. aathmaviswaasamillaatha manassil snehavum nanmayumillatha multiplex theaterukalil cokeum popcornumaayi samayam kollunna jaavayum c++um cherthu chaavu yantrathodu samvadikkaan mathramariyunnavar!!!.
    oru maattam venam maashe! ippokku nallathinalla!
    congratulations!

    Plus Minus and Equal to
    Mani G Marar
    manigmarar@gmail.com

    മറുപടിഇല്ലാതാക്കൂ
  4. പ്രേമന്‍ മാഷുടെ ബ്ലോഗ്‌ ഇപ്പോഴാണ് കാണുന്നത്.ഞാന്‍ ബ്ലോഗ്‌ എഴുതുന്നതിനു മുമ്പേ ഇത് വായിക്കണമായിരുന്നു എന്ന് തോന്നുന്നു.എല്ലാ അധ്യാപകരുടെ ഇടയിലും ഇവ ചര്‍ച്ചാ വിഷയമാക്കെണ്ടതുന്ദ്..

    മറുപടിഇല്ലാതാക്കൂ
  5. മസ്സിലുകള്‍ അല്‍പ്പമൊന്ന് അയയട്ടെ മാഷേ ..!!
    വിദ്യാഭ്യാസ രംഗം ഐ ടി രംഗത്തെക്കാള്‍ പുരോഗതി നേടിയിരിക്കുന്ന കാലഘട്ടത്തില്‍ പ്രേമന്‍ മാഷ്‌ പറഞ്ഞത് പോലെ വളഞ്ഞ ഒരുപാട് മോന്തായങ്ങള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നു എന്നത് വാസ്തവമാണ്. സ്കൂളുകള്‍ ഇന്ന് അധ്യാപകനും വിദ്യാര്‍ഥികളും തമ്മില്‍ വിജ്ഞാനം കൈമാറ്റം ചെയ്യുന്ന ലളിതമായ ഒരാലയം മാത്രമല്ല. ഒരു കഷണം ചോക്കുകൊണ്ടും മഷി പുരളാത്ത നരച്ച ബോര്‍ഡു കൊണ്ടും തീരുന്ന ഒരേര്‍പ്പാട് മാത്രവുമല്ല അത്. പരസ്പര ബന്ധത്തിന്റെയും നാളെ കൈ മുതലാകേണ്ട ആത്മവിശ്വാസത്തിന്റെയും വിനിമയ പാഠത്തിന്റെയും വളര്‍ത്തുശാലയും പ്രയോഗവേദിയും ആണത്. ഇത് മനസ്സിലാവണമെങ്കില്‍ ആദ്യം അദ്ധ്യാപകന്‍ ചിരിക്കാന്‍ പഠിക്കണം . കേവലം 14 മസ്സിലുകള്‍ മാത്രം ഉപയോഗിച്ച് ചിരിക്കാവുന്നിടത്ത് 72 മസ്സിലുകള്‍ നിര്‍ല്ലോഭം ഉപയോഗിച്ച് മണിക്കുറുകള്‍ ..അല്ല , ദിവസങ്ങളോളം ദ്വേഷ്യം കാണിക്കുന്ന ആ മുഖമൊന്ന് തെളിയണം. സഹജീവികളോട് .. സ്വന്തം മക്കളോട് ..
    ടി.സി.വി.സതീശന്‍ .

    മറുപടിഇല്ലാതാക്കൂ