പാഠപുസ്തകങ്ങള്‍ ജനകീയ സ്കാനിങ്ങിനു വിധേയമായപ്പോള്‍ പരിഗണിക്കപ്പെട്ടത് അതിലെ ടെക്സ്റ്റ് മാത്രമല്ല; ചിത്രങ്ങള്‍ കൂടിയാണ്. ചിലരുടെ ചിത്രങ്ങള്‍ തെളിയാതിരുന്നതും മറ്റുചിലരുടെത് ബഹുവര്‍ണത്തില്‍ എക്സ്ട്രാ തെളിച്ചത്തോടെയായതും പകല്‍ വെളിച്ചത്തില്‍ നോക്കിയപ്പോള്‍ ചിലര്‍ക്ക് തിരിഞ്ഞു. വരക്കപ്പെട്ട കാര്‍ട്ടൂണ്‍ ടൈപ്പിലുള്ള ചില ചിത്രങ്ങള്‍ക്ക് രചയിതാക്കള്‍ സ്വപ്നത്തില്‍പ്പോലും വിചാരിക്കാത്ത സാമ്യങ്ങളും അര്‍ത്ഥങ്ങളും മാധ്യമ സുഹൃത്തുക്കള്‍ കണ്ടെത്തി. ചിത്രങ്ങളുടെ നിലവാരം, സ്റ്റൈല്‍, മീഡിയം ഒക്കെ ചര്‍ച്ചയ്ക്കു വിധേയമായി. സത്യത്തില്‍ പാഠപുസ്തകങ്ങളില്‍ ഇന്നേവരെ കടന്നു വരാത്ത ഒരിനം, ചിത്ര വായന അറിയാതെയാണെങ്കിലും ഒരു അധിക അഭ്യാസമായി അതില്‍ കടന്നുകൂടി. അധ്യാപകരും പാഠപുസ്തകത്തിലെ ചിത്രങ്ങളില്‍ വ്യാഖ്യാനിക്കാന്‍ വല്ലതും കിടയ്ക്കുമെന്നു തിരിച്ചറിഞ്ഞു.
മറ്റു പുസ്തകങ്ങളില്‍ നിന്നും പാഠപുസ്തകതിനുള്ള ഒരു വ്യത്യാസം അത് ഒരു സര്‍ക്കാര്‍ വസ്തു ആണ് എന്നതാണ്. അതില്‍ വരുന്ന ഓരോ കുത്തിനും കൊമയ്ക്കും വരയ്ക്കും കുറിക്കും സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നവര്‍ക്ക് മറുപടി പറയേണ്ടിവരും. പാഠപുസ്തകങ്ങള്‍ക്ക് മാത്രമല്ല സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍, പരസ്യങ്ങള്‍ എന്നിവയെല്ലാം എപ്പോഴും പൊതുസമൂഹത്തിന്റെ സൂക്ഷ്മ വായനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കും. രചിച്ചവര്‍ ഉദ്ദേശിച്ചതോ ഉദ്ദേശിക്കാത്തതോ ആയ ഏതൊരു അര്‍ത്ഥവും ആ ടെക്സ്റ്റുകളില്‍ നിന്നും സമൂഹം ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കും.
ഈ വിഷയം ഇപ്പോള്‍ ചിന്തിക്കാന്‍ ഇടവന്നത് ഒരു സര്‍ക്കാര്‍ പരസ്യം കൌതുകം ഉണര്‍ത്തിയതിനാലാണ്. രണ്ടു ദിവസം മുന്‍പ് എല്ലാ പത്രത്തിലും കേരള സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഒരു ഡമ്മി നാലിലൊന്ന് പരസ്യം ഉണ്ടായിരുന്നു. 'ആദിവാസികള്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശം' എന്ന ശീര്‍ഷകത്തോടെ ആദിവാസി ഭൂരേഖാവിതരണ മേളയുടെ. കുളത്തൂപ്പുഴ ( അതെവിടെ? ഏത് ജില്ല? സ്ഥല വിജ്ഞാനീയവുമായി ബന്ധപ്പെട്ട് ഈയുള്ളവന്റെ അറിവില്ലായ്മ സമ്മതിക്കുന്നതിനോടൊപ്പം അതുകൂടി അറിയിക്കാനല്ലേ ഈ പരസ്യം എന്ന് ഒരു സംശയം കൂടി കിടക്കട്ടെ. കുളത്തൂപ്പുഴയിലെ ബാലകന്‍ അത് തീര്‍ത്തുതരുമാറാകട്ടെ.) വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയില്‍ ആറ് മന്ത്രിമാരും സ്ഥലം എം. എല്‍. എ യും പങ്കെടുക്കുന്നുണ്ട്. അത്രയും പ്രധാനപ്പെട്ട ഒരു പരിപാടിയാണ് അത് എന്ന് സാന്നിധ്യം കൊണ്ട് തന്നെ മനസിലാക്കാം. മാത്രമല്ല മുത്തങ്ങ, ചെങ്ങറ തുടങ്ങിയ കേരളത്തിലെ സമീപകാല സാമൂഹികചരിത്രത്തിലെ നിര്‍ണായകമായ ചില സമരമുഖങ്ങളുടെ ഓര്‍മയും ഈ ഭൂമി വിതരണ പരസ്യം വായിക്കുമ്പോള്‍ ആര്‍ക്കും ഉണ്ടാകും.ഏറ്റുമുട്ടലിന്റെയും വെടിവെപ്പിന്റെയും രക്തസാക്ഷിത്വത്തിന്റെയും ആത്മഹത്യയുടെയും പട്ടിണിയുടെയും രോഗത്തിന്റെയുമെല്ലാം നടുക്കുന്ന ഓര്‍മകളാണ് ആദിവാസി ഭൂമി എന്നീ രണ്ടു പദങ്ങള്‍ സമാസിക്കുമ്പോള്‍ സാധാരണക്കാരനായ ഒരു മലയാളിയുടെ മനസ്സില്‍ ഉണ്ടാകുന്നത്. അതെല്ലാം മറന്നേക്കൂ എന്നാണു പരസ്യത്തിലെ, പരിപാടിയില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെയും പങ്കെടുക്കുന്ന ആറ് മന്ത്രിമാരുടെയും അധ്യക്ഷന്‍ കൂടിയായ സ്ഥലം എം.എല്‍.എ യുടെയും ചിരിക്കുന്ന മുഖങ്ങള്‍ പറയുന്നത്.
ഒരു പിടി മണ്ണ് - ഒരു സ്വപ്നഭൂമി, കേരളം ആദിവാസി വനാവകാശ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ഈ പരസ്യത്തില്‍, മന്ത്രിമാരുടെ ചിരിക്കുന്ന മുഖങ്ങള്‍ കഴിഞ്ഞാല്‍ ഉള്ളത് ഒരു ആദിവാസി കുടുംബത്തിന്റെ സംതൃപ്തമായ ജീവിത രംഗമാണ്. സര്‍ക്കാരിന്റെയോ സ്വകാര്യ ഏജന്‍സിയുടെയോ പോറ്റിലുള്ള ഒരു ചിത്രകാരന്‍ ആ സ്വപ്ന ഭൂമിയിലെ ജീവിതം ചിത്രീകരിച്ചതാണത്. ഒരു പിടി മണ്ണ് സ്വന്തമായ ആ കുടുംബത്തിന്റെ ആഹ്ലാദം മിക്ക മന്ത്രി ഓഫീസിലും കയറി ഇറങ്ങിയായിരിക്കും ( ചുരുങ്ങിയത് ആറ് ) പത്രത്തിലൂടെ ഒടുവില്‍ വെളിച്ചം കണ്ടത്. ആ ചിത്രമാണ് ഇവിടെ വായനയ്ക്ക് വിധേയമാക്കാന്‍ശ്രമിക്കുനത്. (ആദിവാസികളെക്കുറിച്ചുള്ള കേരളത്തിലെ പോതുമനസ്സിന്റെ ചിത്രം കൂടിയാകുന്നു അത് എന്നതിനാലാണ് ഇത് എന്ന് ഈ എഴുത്തിന്റെ ആമുഖം).
ചിത്രത്തിന്റെ പശ്ചാത്തലം കുന്നുകളാണ്. അതിന്റെ താഴ്വാരത്തിലെ കുറ്റിക്കാടിനു സമീപമാണ് സ്വപ്നഭൂമിയിലെ സ്വപ്നഭവനം. അത് വേലികെട്ടി വേര്‍തിരിച്ചിട്ടുണ്ട്. വീടിനു മുന്നില്‍ ആഹ്ലാദത്തോടെ ഒരു ആദിവാസി കുടുംബം.ഗൃഹനാഥന്‍, ഗൃഹനാഥ, രണ്ടു കുട്ടികള്‍.
വിജയകുമാര്‍ മേനോനെപ്പോലുള്ള ഒരു ചിത്രകലാ നിരൂപകന് ഒരു പുസ്തകമെഴുതാന്‍ പാകത്തില്‍ വിശദീകരണ പ്രാപ്തിയുള്ള, അത്യന്തം ധ്വന്യാത്മകമായ ഒരു ചിത്രം തന്നെയാണിത്. ഈ ചിത്രത്തെ മാത്രം വ്യാഖ്യാനിച്ചാല്‍ ആറ് മന്ത്രിമാര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഔചിത്യം പോലും പുഷ്പം പോലെ വിശദീകരിക്കാന്‍ കഴിയും.
പശ്ചാത്തലത്തിലെ കുന്നുകള്‍ നോക്കൂ. മൊട്ടകുന്നുകള്‍. കേരളത്തിന്റെ ബ്രാന്‍ഡ് ഐക്കണ്‍ ആകാന്‍ ഇതിലും പറ്റിയ ഇമേജ് വേറെയുണ്ടോ? വനവിസ്തൃതി അനുനിമിഷം കുറഞ്ഞു കൊണ്ടിരിക്കുന്ന ഒരു പഴയ 'കാട'ന്‍ നാടാണല്ലോ നമ്മുടേത്. വനമാഫിയകള്‍ വൈദ്യുതപദ്ധതികള്‍പ്പോലും നടപ്പിലാക്കാനും പാതിവഴിയില്‍ ഉപേക്ഷിക്കാനും ശക്തിനേടിയ ഒരു സംസ്ഥാനം! വന്‍കിട തോട്ടം മുതലാളിമാര്‍ ലക്ഷക്കണക്കിന് ഏക്കര്‍ വനം അനധികൃതമായി കൈയേറുകയും വെട്ടിവെളുപ്പിക്കുകയും ചെയ്തിട്ടും അവരെ തൊടാന്‍ ധൈര്യമില്ലാത്ത പ്രമാണിമാര്‍ എല്ലാം തീരുമാനിക്കുന്ന സംസ്ഥാനം! ഇതിന്റെയെല്ലാം ഉത്തരവാദിത്വം കാടും നാടും ഇല്ലാതായ ആദിവാസികള്‍ക്കും. അപ്പോള്‍ അവരുടെ സ്വപ്ന ഭൂമിക്കു പശ്ചാത്തലം മറ്റെന്താവാന്‍ ? വെളുത്തു വരുന്ന കുന്നുകള്‍ വനംമന്ത്രിയെ പരിപാടിക്ക് ക്ഷണിക്കുന്നതിന്റെ പശ്ചാത്തലം കൂടിയാവും. മലകളും കാടുകളും അഭയമായിരുന്ന ആദിവാസികളെ ആ പരിസത്തുനിന്നും അകറ്റുകയാണ് വനം മാഫിയയുടെ പ്രധാന കര്‍മ പരിപാടികളിലൊന്ന്. വനാവകാശ നിയമം എന്നത് പത്രപ്പരസ്യത്തിലെ മുദ്രാവാക്യം മാത്രം. വനം അവകാശപ്പെട്ടവര്‍ അത് അനുഭവിക്കുന്നു; യാതൊരു തടസ്സവുമില്ലാതെ. വനം എന്തായാലും ആദിവാസികള്‍ക്ക് കിട്ടില്ല എന്നത് ചിത്രത്തിലെ സ്വപ്ന ഭൂമിയില്‍ നിന്നും ആര്‍ക്കുംവായിക്കാം.
വനത്തില്‍ നിന്നും കൃത്യം വേലികെട്ടി തിരിച്ചാണ് ചിത്രത്തിലെ കുടുംബത്തിനു വീട് നല്‍കിയിരിക്കുന്നത്. കാടും വീടും തമ്മിലുള്ള അതിരാണ് വേലി. തന്റെ ആവാസ വ്യവസ്ഥയില്‍ നിന്നും അവനെ ഈ വേലി എന്നെന്നേക്കുമായി വേര്‍പെടുത്തുന്നു.
നാളെ നാഗരികനാവേണ്ട അവനു അതിനു വേണ്ട പരിശീലനം ഇന്നേ നല്‍കണം. പൊതു ഇടമായി കാടിനെ കണ്ട അവനെ സ്വകാര്യസ്വത്ത് എന്ന പുതിയ റവന്യൂനിയമം പഠിപ്പിക്കണം. സ്വകാര്യതയുടെ,സ്വാര്‍ഥതയുടെ, ഉപഭോഗത്തിന്റെ പുതിയ വഴി അവനെ പഠിപ്പിക്കാന്‍ തീര്‍ച്ചയായും റവന്യൂമന്ത്രിക്കു കഴിയും.
ചിത്രത്തിലെ വീടാണ് കലാപരതയില്‍ മുന്നിട്ടു നില്‍ക്കുന്ന ബിംബം. അടിത്തറ ഇല്ലാത്തതും കമ്പുകളില്‍ ഉയര്‍ത്തിക്കെട്ടിയതുമായ ഒരു പുല്ലുമേഞ്ഞ കുടില്‍. ആദിവാസിയുടെ സ്വപ്ന ഗൃഹം.ഇതിലും മികച്ച ഒരു വീട് ആഗ്രഹിക്കാന്‍ ആദിവാസികള്‍ക്ക് എന്ത് അവകാശം. പ്രകൃതിയുടെ മടിത്തട്ട് എന്നുതന്നെ പറയാവുന്ന ഒരു വീടായിരിക്കണമല്ലോ ആദിവാസിക്ക് പ്രിയം. റിസോര്‍ട്ടുകളിലും മറ്റും ഇപ്പോള്‍ ഇങ്ങനത്തെ വീടാണ് എന്ന് ഏതു കാഴ്ചക്കാരനും അസൂയപ്പെടും. കോടികളുടെ മണിമന്ദിരങ്ങള്‍ അവര്‍ക്ക് ഒട്ടും ചേരില്ല. "സ്വപ്നഗൃഹങ്ങള്‍ നിങ്ങള്‍ എന്തിനു നിര്‍മ്മിക്കണം; ഇതാ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് ഞങ്ങള്‍ നിങ്ങള്‍ക്കായി അണിയിച്ചൊരുക്കുന്ന സ്വപ്നഗൃഹം" എന്നാണ് കേരളത്തിലെ എല്ലാ റിയാല്‍ എസ്റ്റേറ്റ് കോര്‍പ്പറേറ്റുകളുടെയും ഫ്ലാറ്റ് മുതലാളിമാരുടെയും വാഗ്ദാനം. അത്തരം സ്വപ്ന ഭാവന നിര്‍മ്മാതാക്കളാണ് പത്രം, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളുടെ തന്നെ നിലനില്‍പ്പിന്റെ അടിസ്ഥാനം. രാവും പകലും എല്ലാ മലയാളികളും താലോലിക്കുന്നത് അത് അല്ലെങ്കില്‍ അതുപോലൊന്ന് എന്നാണ്. പക്ഷെ ആദിവാസിയുടെ കാര്യത്തിലാവുമ്പോള്‍ അത് ഒരു ടെറസ്സ് പോയിട്ട് ഓടിട്ട വീടുപോലുമാകാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. 'ചോര്‍ച്ച, തണുപ്പ്, മഴ ഇതൊന്നും അവര്‍ക്ക് പ്രശ്നമല്ലെന്നെ'. ഈ പൊതുബോധത്തിന്റെ അടയാളമാണ് ചിത്രകാരന്‍ മിഴിവുറ്റ രീതിയില്‍അവതരിപ്പിച്ചിരിക്കുന്നത്. വനം മന്ത്രിക്കു തന്നെ ഭവന നിര്‍മാണ വകുപ്പും ഉള്ളത് കൊണ്ട് പ്രക്രുതിക്കനുസൃതമായ ഭവനനിര്‍മാണത്തെക്കുറിച്ച് ഒരു കവിതയുമാകാം.
കുടുംബാസൂത്രണത്തിന്റെ അത്യുഗ്രന്‍ മാതൃകകൂടി ആദിവാസികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ലഭിച്ച സന്ദര്‍ഭം ചിത്രകാരന്‍ ഒട്ടും പാഴാക്കിയില്ലെന്നത് കാണാതിരുന്നുകൂടാ. നോക്കൂ അവരുടെ സംതൃപ്തിക്കടിസ്ഥാനം ആ അണുകുടുംബ വ്യവസ്ഥിതി അല്ലേ? ആദിവാസികളെ അവരുടെ കാലഹരണപ്പെട്ട കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും മോചിപ്പിച്ച് ആധുനികരാക്കാന്‍ ചിത്രകാരന്മാര്‍ക്കുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലാതെപോയല്ലോ. അല്ലെങ്കില്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയെ ഈ പരിപാടിയില്‍ നിന്ന് ഒഴിവാക്കുമോ?
ഗൃഹനാഥന്‍ ചെയ്യുന്ന തൊഴിലും ശ്രദ്ധിക്കാതെ പോകരുത്. പരമ്പരാഗതമായി ആദിവാസികള്‍ക്ക് സംവരണം ചെയ്ത കുട്ടനെയ്ത്ത്. കുട്ട നെയ്യുന്നത് മാത്രമാണ് ചിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതെങ്കിലും അതിനു മുമ്പ് അദ്ദേഹം ഇതിനു വേണ്ടി ചെയ്തിരിക്കാവുന്ന കായികമായ അധ്വാനവും കാണികള്‍ക്ക് ഊഹിക്കാനാവും. കായികമായ ഇത്തരം തൊഴിലല്ലാതെ മറ്റൊന്നും ഇത്തരക്കാര്‍ക്ക് പറ്റില്ലെന്ന് ആര്‍ക്കാണറിയാത്തത്. പരമ്പരാഗത തൊഴിലുകള്‍ എന്ത് നഷ്ടം സഹിച്ചും ചെയ്യാന്‍ ആദിവാസികളെയല്ലാതെ ഇന്ന് മറ്റാരെ കിട്ടാന്‍ . പരമ്പരാഗത തൊഴിലുകളുടെ മാഹാത്മ്യം അവരെ ബോധ്യപ്പെടുത്താന്‍ തൊഴില്‍ വകുപ്പ് മന്ത്രിക്ക് തീര്‍ച്ചയായും കഴിയും. അതുവഴി വിദേശനാണ്യം കുന്നു കുന്നായി നാട്ടിലേക്കു വരികയും ചെയ്യും.
ചിത്രത്തിന്റെ ഫോക്കസ്സില്‍ ചിത്രകാരന്‍ കൊണ്ടുവന്നിരിക്കുന്നത് ആരെയാണെന്ന് നോക്കൂ. ഇടുപ്പിലും കൈയിലും പാത്രങ്ങളുമായി ആദിവാസി വീട്ടമ്മ വെള്ളം എടുക്കാന്‍ പോകുന്നു. അവരെത്തന്നെ ഫോക്കസ്സില്‍ നിര്‍ത്തിയത് സ്ത്രീ എന്ന പരിഗണന കൊണ്ടൊന്നുമല്ല. ഉദ്ദേശം അതിനു പിറകില്‍ ഉണ്ട്. നമ്മുടെ കാടുകള്‍ വെളുക്കുകയും കുന്നുകള്‍ മൊട്ടയാവുകയും ചെയ്തതിന്റെ ഏറ്റവും വലിയ ഇരകള്‍ ആദിവാസികള്‍ തന്നെയല്ലേ? അവരുടെ ഉപജീവനം മാത്രമല്ല കുടിവെള്ളം കൂടി മുട്ടിക്കുന്നതായിരുന്നു നമ്മുടെ എല്ലാ വികസന മാതൃകകളും. ആവാസ വ്യവസ്ഥയില്‍ നിന്നും പറിച്ചെറിയപ്പെടുക കൂടി ചെയ്യുന്ന ആദിവാസികള്‍ എവിടെയാണ് ചെന്ന് വീഴുക എന്നുകൂടി ധ്വന്യാത്മകമായി ഈ സ്ത്രീയുടെ അവസ്ഥ ചിത്രീകരിക്കുന്നുണ്ട്. അല്ലെങ്കിലും ഏത് നികൃഷ്ടാവസ്ഥയുടെയും യാതനകള്‍ അവകാശപ്പെട്ടത് സ്ത്രീകള്‍ക്ക് തന്നെയാണല്ലോ. സ്വന്തമായി ലഭിക്കുന്ന സ്വപ്നഭൂമിയില്‍ കിണറു കുഴിക്കുന്നതിനുള്ള സ്വൌകര്യം ഉണ്ടാവാന്‍ യാതൊരു സാധ്യതയും ഇല്ല. തൊട്ടുകൂടായ്മയുള്ളത് കൊണ്ടല്ല അവള്‍ക്ക് ഇരുകുടങ്ങളുമായി വെള്ളത്തിന് പോകേണ്ടി വന്നത്. ചിലപ്പോള്‍ സമീപ പ്രദേശങ്ങളില്‍ തന്നെ കിണറുകള്‍ ഉണ്ടാകാന്‍ വഴിയില്ല. കിണറ് സമീപത്താണെങ്കില്‍ ഒറ്റക്കുടത്തില്‍ വെള്ളമെടുത്താല്‍ മതിയായിരുന്നു അവള്‍ക്ക്. സ്വപ്നഭൂമി സ്വന്തമായാല്‍പ്പോലും കുടിവെള്ളത്തിനായി അല്പകാലം കൂടി ആദിവാസികള്‍ അലയേണ്ടിവരും എന്ന് സൂചിപ്പിക്കാന്‍ കൂടിയാണ് ജലവിഭവവകുപ്പ് മന്ത്രി തന്നെ ഇന്ന് ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത്.
രണ്ടു കുട്ടികളെയാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ആഹ്ലാദത്തോടെ പന്തിനു പിറകെ പായുന്ന ഒരാണ്കുട്ടിയും കുടിലിന്റെ തിണ്ണയില്‍ കളിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയും. സ്വപ്ന ഭൂമിക്കായി കാലങ്ങളായുള്ള കാത്തിരിപ്പ് സഫലമായതിന്റെ ആഹ്ലാദം ചിത്രീകരിക്കാന്‍ കുട്ടികളെത്തന്നെ മാധ്യമമാക്കിയതിന്റെ ഔചിത്യം ശ്രദ്ധേയമാണ്. ആദിവാസി കുട്ടികളെപ്പോല്‍ ജീവിതത്തിന്റെ മധുരം നുണയാന്‍ ഭാഗ്യമുള്ളവര്‍ ആര്?അവരില്‍ മിക്കവര്‍ക്കും സ്കൂളുകള്‍ പോലും അന്യം. വിദ്യാഭ്യാസമെന്ന പന്തയക്കുതിരക്ക് പിറകെ കേരളത്തിലെ മുഴുവന്‍ രക്ഷകര്‍ത്താക്കളും ഓടിത്തളരുമ്പോള്‍ അതിന്റെയൊന്നും ടെന്‍ഷനില്ലാതെ കഴിഞ്ഞുകൂടുന്നത് ആദിവാസികള്‍മാത്രം. അവരുടെ കുട്ടികള്‍ക്ക് ട്യുഷനും സ്പെഷല്‍ ക്ലാസ്സും ബാധകമല്ല. കുട്ടികളുടെ കളികള്‍ തിരെഞ്ഞെടുക്കുന്നതില്‍പ്പോലും ചിത്രകാരന്‍ കാണിച്ച സൂക്ഷ്മത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പെണ്‍കുട്ടിക്ക് ചോറും കറിയും ഉണ്ടാക്കുന്നതുപോലുള്ള കളി നല്‍കുമ്പോള്‍ ആണ്‍കുട്ടി പന്തിനു പിറകെ ഓടുകയാണ്. ലിംഗ വിവേചനത്തിന്റെ ആദ്യ പാഠങ്ങള്‍ കളികളിലൂടെയാനല്ലോ പകരേണ്ടത്.
ഇതിലെ ഓരോ സൂക്ഷ്മാംശത്തെയും വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ ഇന്നും നാളെയും സംഗതി തീരില്ല. ഉള്ളില്‍ ഈട്ടം കൂടിയ ആശയങ്ങളുടെ പ്രത്യക്ഷീകരണമാണല്ലോ വാക്കുകളും വരകളും. ഇതല്ലാതെ 'തന്നതില്ല പരനുള്ളു കാട്ടുവാന്‍ ഒന്നുമേ നരനുപായമീശ്വരന്‍'. അപ്പോള്‍ ഓരോ വക്കും വരയും ആശയങ്ങളുടെ ഒളിച്ചും തെളിച്ചും വെച്ച ഭൂഖണ്ഡങ്ങളെ പ്രധിനിധാനം ചെയ്യും. ആദിവാസികളെക്കുറിച്ചുള്ള കേരളത്തിന്റെ പൊതുബോധത്തിന്റെ പ്രത്യക്ഷത്തില്‍ കാണാത്ത മഞ്ഞുമലകളെത്തന്നെയാണോ ഈ സര്‍ക്കാര്‍ പരസ്യവും ഉള്ളില്‍ വഹിക്കുന്നത്. എങ്കില്‍ ഹാ കഷ്ടം എന്നല്ലാതെ എന്ത്പറയാന്‍!
ആദിവാസികളെക്കുറിച്ചുള്ള കേരളത്തിന്റെ പൊതുബോധത്തിന്റെ പ്രത്യക്ഷത്തില്‍ കാണാത്ത മഞ്ഞുമലകളെത്തന്നെയാണോ ഈ സര്‍ക്കാര്‍ പരസ്യവും ഉള്ളില്‍ വഹിക്കുന്നത്. എങ്കില്‍ ഹാ കഷ്ടം എന്നല്ലാതെ എന്ത്പറയാന്‍!
മറുപടിഇല്ലാതാക്കൂbrave observations
മറുപടിഇല്ലാതാക്കൂhi mash
മറുപടിഇല്ലാതാക്കൂits a good model 4 reading pictures. but d reader's eye/ideology also wil b out as language is a double-edged sword!
i used 2 explain d lession by david considine inserted in d +2 english text book by 'reading'the cover picture of +2 malayalam text book! y ravi varma n vangogh! [papa n passionate man!]a woman with a child and yellow flowers. man is absent but his arrival is anticipated. the passionate men at work in the making of d curriculam [haha] etc.
ആദ്യമായണിവിടെ.നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂaralikoottamblogspot.com സന്ദർശിക്കുമല്ലോ.
മറുപടിഇല്ലാതാക്കൂgood obv
മറുപടിഇല്ലാതാക്കൂ