2009, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

കാള കിടക്കും കയറോടും


ആവശ്യമാണ്‌ സൃഷ്ടിയുടെ മാതാവെന്ന ചൊല്ല്‌ പുതിയകാലത്ത്‌ അന്വര്‍ത്ഥമാക്കിയത്‌ ഹയര്‍ സെക്കണ്ടറി വകുപ്പാണ്‌. എട്ടുലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ അക്കാദമികവും പരീക്ഷാസംബന്ധവുമായ മുഴുവന്‍ കാര്യങ്ങളും നിര്‍വ്വഹിക്കേണ്ടുന്ന ഹയര്‍ സെക്കണ്ടറി ഡയരക്ടരെറ്റും ഇരുനൂറു മുതല്‍ ആയിരംവരെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും ആവശ്യമായ സ്റ്റാഫിന്റെ അഭാവത്തില്‍ വീര്‍പ്പുമുട്ടുന്നതിനുളള പരിഹാരമായാണ്‌ കമ്പ്യൂട്ടര്‍ വത്‌കരണം വകുപ്പ്‌ കാര്യക്ഷമതയോടെ നടപ്പിലാക്കിയത്‌. അതും കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ.

സംസ്ഥാനത്തെ ആയിരത്തി ഇരുനൂറിലധികം വരുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍, തുടങ്ങിയിട്ട്‌ 17 വര്‍ഷം കഴിഞ്ഞിട്ടും ക്ലാര്‍ക്ക്‌, പ്യൂണ്‍ മുതലായ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മാറി വന്ന സര്‍ക്കാരുകളൊന്നും ശ്രമിച്ചില്ല. ഔദ്യോഗികമായ എഴുത്തുകുത്തുകള്‍, വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വമ്പിച്ച ഉത്തരവാദിത്തങ്ങള്‍, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ മുതലായവ നിര്‍വ്വഹിക്കേണ്ടത്‌ 21 പിരിയഡിലധികം പഠിപ്പിക്കുകകൂടി ചെയ്യേണ്ടുന്ന പ്രിന്‍സിപ്പല്‍മാരാണ്‌. സംസ്ഥാന ഹയര്‍ സെക്കണ്ടറി ഓഫീസില്‍ ആകട്ടെ നൂറില്‍ താഴെ ജീവനക്കാര്‍ മാത്രമാണുള്ളത്‌. ഈ പശ്ചാത്തലത്തിലാണ്‌ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമം ഹയര്‍ സെക്കണ്ടറി വകുപ്പ്‌ ഏറ്റെടുത്തത്‌. വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ തന്നെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ അനന്തസാധ്യതകള്‍ ഇത്രമാത്രം പ്രയോജനപ്പെടുത്തിയ മറ്റൊരു വിഭാഗമില്ല.

ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ മെറിറ്റ്‌, സംവരണതത്ത്വം ഇവ പാലിച്ചുകൊണ്ട് നടത്തേണ്ടുന്ന സങ്കീര്‍ണ്ണമായ പ്രവേശന പ്രക്രിയയാണ്‌ വകുപ്പിന്റെ വലിയൊരു തലവേദന. എന്നാല്‍ ഏകജാലക പ്രവേശനമെന്ന പൂര്‍ണ്ണമായും ഐ.ടി അധിഷ്‌ഠിതമായ പ്രക്രിയയിലൂടെ ഏറ്റവും സൂതാര്യമായി ഈ സങ്കീര്‍ണ്ണതയെ മറികടക്കാന്‍ സെക്കണ്ടറി വകുപ്പിന്‌ സാധിച്ചിട്ടുണ്ട്‌. ഔദ്യോഗികമായ മുഴുവന്‍ കത്തിടപാടുകളും ഹയര്‍ സെക്കണ്ടറി വെബ്‌ പോര്‍ട്ടല്‍ വഴിയാണ്‌ ഇന്ന്‌ സാധിക്കുന്നത്‌. സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും മാത്രമല്ല വിവിധ വിവരങ്ങള്‍ ശേഖരിക്കാനാവശ്യമായ സോഫ്‌റ്റ്‌ വെയറുകള്‍ വരെ ഈ പോര്‍ട്ടല്‍ വഴി സ്‌കൂളുകളിലെത്തിക്കാനും ഉചിതമായ ഡാറ്റാകള്‍ ശേഖരിക്കാനും ഇന്ന്‌ വകുപ്പിന്‌ നിഷ്‌പ്രയാസം സാധിക്കുന്നു. മുഴുവന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഡാറ്റാബാങ്ക്‌ എന്നിവയും പോര്‍ട്ടല്‍ വഴി ശേഖരിക്കാന്‍ വകുപ്പിനു കഴിഞ്ഞിട്ടുണ്ട്‌.

ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷത്തെയും പൊതുപരീക്ഷകള്‍, തുടര്‍ന്ന്‌ SAY, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകള്‍ (അതും അന്‍പതിലധികം വ്യത്യസ്‌തമായ വിഷയകോമ്പിനേഷനുകളില്‍!): ഈ ഭഗീരഥയത്‌നമാണ്‌ സൈബര്‍ ഗംഗയെ വകൂപ്പിലേക്കിറക്കിക്കൊണ്ടുവരിക വഴി സാധ്യമാക്കിയത്‌. നിരന്തരമൂല്യനിര്‍ണയഫലം അപ്പപ്പോള്‍ രേഖപ്പെടുത്താനും അപ്‌ലോഡ്‌ ചെയ്യുവാനുമുള്ള സംവിധാനം, പരീക്ഷ ഡ്യൂട്ടി, വാല്യേഷന്‍ ക്യാമ്പുകളുടെ വിശദാംശങ്ങള്‍ മുതലായവ നിര്‍വ്വഹിക്കുതിനുളള സോഫ്‌റ്റ്‌ വെയറുകള്‍ എന്നിവ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ചില തെളിവുകള്‍ മാത്രം.

കമ്പ്യൂട്ടര്‍ സഹായത്തോടെമാത്രം കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടുന്ന അവസ്ഥയുണ്ടായിട്ടും ഭൂരിപക്ഷം ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരും കമ്പ്യൂട്ടര്‍ സാക്ഷരരല്ല എന്നതാണ് ഏറ്റവും ദയനീയം. വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചില്ല എന്ന ന്യായീകരണം നിരത്താമെങ്കിലും അത്യധികമായ മനുഷ്യാധ്വാനത്തെയാണ്‌ ഒന്നോ രണ്ടോ ക്ലിക്കുകള്‍ കൊണ്ട്‌ സാധ്യമാക്കുന്നതെന്ന കാര്യം സ്വയം ബോധ്യപ്പെടുകയും അതു വഴി ഈ കടമ്പയെ ധീരമായി മറികടക്കുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്യേണ്ടതുണ്ട്. ഈ പുതിയ വിജ്ഞാനശാഖയെ സ്വന്തം നിലയില്‍ സ്വാശീകരിക്കുന്നതിനാവശ്യമായ ഒരു പ്രവര്‍ത്തനവും ഇവരില്‍ നിന്നുണ്ടായിട്ടില്ല. ഇന്നും കമ്പ്യൂട്ടര്‍ അറിയുന്ന അധ്യാപകര്‍ക്കു മുമ്പില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനുവേണ്ടി തലകുനിക്കേണ്ടുന്ന അവസ്ഥയാണ്‌ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ ഉളളത്‌.

ഏതൊരു വകുപ്പും ഏറ്റെടുക്കുന്ന നൂതനമായ വഴികളും പരിപാടികളും വിജയിക്കണമെങ്കില്‍ ആദ്യം വേണ്ടത് അതിന്റെ തലപ്പത്ത് ഇരിക്കുന്നവര്ക്ക് ഇത്തരം കാര്യങ്ങളോടുള്ള താത്പര്യമാണ്. ഉപരിതലത്തില്‍ മറ്റാരെയെങ്കിലും കാണിച്ചുകൊടുക്കാനും വിശ്വസിപ്പിക്കാനും 'അമ്മായിയും കുടിച്ചു പാല്ക്കഞ്ഞി' എന്നമട്ടില്‍ ചില സംഭവങ്ങള്‍നടപ്പിലാക്കിയാല്‍ പോര. അതിനോട് അനുഭാവമുണ്ടാക്കിയെടുക്കാന്‍, അതിന്റെ രീതികളും മാര്ഗങ്ങളും ആരായാന്‍ ഇത് നടപ്പിലാക്കേണ്ട സ്ഥാപന മേധാവികള്ക്കും പരിശീലനങ്ങളും ബോധവല്ക്കരണങ്ങളും ആവശ്യമാണ്. സ്വന്തം നിലയില്‍ ഇവ ആര്ജിക്കാനുള്ള ശ്രമം സ്ഥാപന മേധാവികള്ക്കും വേണം.


ഭരണ പരമായ കാര്യനിര്‍വ്വഹണങ്ങള്‍ക്ക് മാത്രമല്ല Information & Communication ടെക്‌നോളജിയുടെ അക്കാദമികമായ സാധ്യതകളെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഘട്ടമാണ്‌ ഹയര്‍ സെക്കണ്ടറിയുടേത്‌. വെബ്‌ അധിഷ്‌ഠിതമായ എത്രയെത്ര പഠനസാമഗ്രികളാണ്‌ ഇന്ന്‌ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമായിട്ടുളളത്‌ .സര്‍ക്കാര്‍ സഹായത്തോയുകൂടി തന്നെ സ്‌കൂളുകള്‍ക്ക്‌ വെബ്‌സൈറ്റുകള്‍ ഓണ്‍ലൈന്‍ മാഗസിനുകള്‍ ഇവ തയ്യാറാക്കുന്നതിനുളള പിന്തുണ, അധ്യാപകരടെ കൂട്ടായ്‌മ വഴി രൂപപ്പെടുത്തിയിട്ടുള്ള ഒട്ടനവധി സംരംഭങ്ങള്‍ ഇവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഐ ടി മേഖലയെക്കുറിച്ചുളള വിശാലമായ കാഴ്‌ചപ്പാട്‌ തീര്‍ച്ചയായും ഒരു പ്രിന്‍സിപ്പലിന്‌ വേണ്ടതുണ്ട്‌.

അതുണ്ടാക്കിയെടുക്കാനുളള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്ക്‌ ഇനിയെങ്കിലും അവര്‍ തുടക്കമിട്ടില്ലെങ്കില്‍ ലോകം അവരെ പിന്തളളി മുന്നോട്ട്‌ കുതിക്കുകയും ചെയ്യും.

1 അഭിപ്രായം:

  1. തലപ്പത്തിരിക്കുന്നവർ മറ്റുള്ളവരുടെ കളിപ്പാവയായി മാറാതിരിക്കാൻ അവർ തന്നെ സ്വയം മാറേണ്ടിയിരിക്കുന്നു.

    വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ചില്ല എന്നു പറയുന്നത് ഒരു തരം ഒളിച്ചോട്ടമാണ്.

    മറുപടിഇല്ലാതാക്കൂ