2009, സെപ്റ്റംബർ 6, ഞായറാഴ്‌ച

പാടി നീട്ടി ഗുരുവായ ലഘുക്കള്‍


ദുരവസ്ഥയുടെ കഥ ടീച്ചര്‍ ഇങ്ങനെ ഉപസംഹരിച്ചു
''ഒടുവില്‍ സമൂഹത്തിന്റെ എതിര്‍പ്പ് സഹിക്കാന്‍ കഴിയാതെ ചാത്തനും സാവിത്രിയും ആത്മഹത്യം ചെയ്തു.''
''അല്ല ടീച്ചര്‍, ചാത്തനും സാവിത്രിയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നിടത്തല്ലേ ദുരവസ്ഥ അവസാനിക്കുന്നത്.''
നേരത്തെ കഥയറിയാവുന്ന ഒരു മിടുക്കന്‍ സംശയവുമായി എഴുന്നേറ്റു.
''അല്ല. പിന്നീട് അവര്‍ ആത്മഹത്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ പറയുന്നത് കേട്ടാല്‍ മതി.''
ടീച്ചര്‍ വിളറിപ്പോയ മുഖം ഒരുവിധം ശരിയാക്കി അടുത്തതിലേക്ക് കടന്നു.

എന്റെ സുഹൃത്ത് അവന്ടറെ സ്‌കൂളിലെ ഒരു അധ്യാപികയെക്കുറിച്ച് പറഞ്ഞ കഥ ഇപ്പോള്‍ ഓര്‍ത്തത് അധ്യാപക അവാര്‍ഡ് ജോതാക്കളുടെ പടവും വാര്‍ത്തയും പത്രത്തില്‍ കണ്ടതുകൊണ്ടാണ്. അവന്റെ സ്‌കൂളിലെ ഒരു അധ്യാപികയ്ക്ക് അവാര്‍ഡ് ഉണ്ട് എന്നു വായിച്ച ഉടനെ ഫോണ്‍ ചെയ്ത് ഉറപ്പിച്ചു. അത് അവര്‍ക്ക് തന്നെയല്ലേ? പൊട്ടിച്ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അതെ! അതെ!


കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന അധ്യാപക അവാര്‍ഡുകള്‍ സത്യത്തില്‍ ഇന്ന് അധ്യാപകര്‍ ഗൗരവപൂര്‍വം പരിഗണിക്കുന്ന ഒന്നല്ല. ഇതിന്റെ ഉള്ളുകള്ളികളെക്കുറിച്ച് അത്രയൊന്നും ഗ്രാഹ്യമില്ലാത്ത നാട്ടുകാര്‍ക്കാണ് ഇതൊരു ആഘോഷം. അനുമോദനങ്ങള്‍... സ്വീകരണങ്ങള്‍... എങ്കിലും ശ്രദ്ധിച്ചുനോക്കിയാല്‍ കാണാം. താലപ്പൊലിക്കും ബാന്റുമേളത്തിനും പിറകില്‍ അവാര്‍ഡ് ജേതാവിനെ എഴുന്നള്ളിക്കുന്നതിന് തൊട്ടടുത്ത നില്‍ക്കുന്ന സംഘാടകസമിതി ചെയര്‍മാന്റെ ചുണ്ടിലെ പരിഹാസച്ചിരി. ഇതെങ്ങനെ സംഘടിപ്പിച്ചുവെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം എന്നല്ലേ ആ കൊലച്ചിരിയുടെ അര്‍ത്ഥം.

മികച്ച ഒരധ്യാപകനും അവാര്‍ഡ് കിട്ടിയതായി നാളിതുവരെ കേട്ടുകേള്‍വിയില്ല. അവാര്‍ഡും മികവും ഒരുമിച്ച് കൂട്ടാവുന്ന മൂരികളല്ല. മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം അവാര്‍ഡ് ലഭിക്കുക സാമാന്യബുദ്ധിയുള്ള കൂട്ടര്‍ അപമാനമായി പോലും കാണാറുണ്ട്. തന്റെതന്നെ വീരസാഹസികകൃത്യങ്ങള്‍ ആയിരം പേജില്‍ ഉപന്യസിച്ചും എ.ഇ.ഒ./ഡി.ഇ.ഒ മുതല്‍ സംഘടനാനേതൃത്വം, രാഷ്ട്രീയമന്ത്രിതലം വരെ നീളുന്ന നൂറ്റൊന്നുപേരുടെ കാലുപിടിച്ചും ആണ് തൊണ്ണൂറ്റൊമ്പത് ശതമാനം പേരും ഈ സംഗതി ഒപ്പിക്കുന്നതെന്ന് അധ്യാപക വിദ്യാര്‍ത്ഥികള്‍ക്കുപോലും അറിയാം. അതുകൊണ്ടുതന്നെ ഏത് ആലിന്‍തണലായാലും കൊള്ളാം എന്ന് വിചാരിക്കുന്ന, തന്നെക്കുറിച്ചല്ലാതെ മറ്റൊരാളെക്കുറിച്ചും ചിന്തയില്ലാത്ത, ഏത് വളഞ്ഞ വഴിയിലൂടെയും പോകാനുളുപ്പില്ലാത്ത, സാമ്പത്തിക കാര്യത്തില്‍ അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്ത ചില ജന്മങ്ങളേ ഈ വഴിക്ക് നടക്കാറുള്ളൂ. അല്ലെങ്കില്‍ നിങ്ങള്‍ക്ക പരിചയമുള്ള ചില അവാര്‍ഡിതരെക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ. അപൂര്‍വം ചില ശുദ്ധാത്മാക്കളും കാണും.

അധ്യാപക അവാര്‍ഡുകള്‍ ശരിക്കും മറ്റേതൊരു മേഖലയിലെയും പോലെ മികവിന്റെ സാക്ഷ്യപത്രങ്ങളാവേണ്ടതല്ലേ. നേരിയ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടാകാമെ
ങ്കിലും അര്‍ഹിക്കുന്നവരില്‍ ഒന്നാമന്റെ കയ്യിലെത്തിയില്ലെങ്കിലും രണ്ടാമന്രേയോ മൂന്നാമന്റേയോ കയ്യിലെങ്കിലും മറ്റു അവാര്‍ഡുകള്‍ എത്തിച്ചേരാറുണ്ട്. അവ അഭിമാനത്തിന്റെ ചിഹ്നമായി ഇന്നും പ്രകാശിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് അധ്യാപക അവാര്‍ഡ് മാത്രം അധ്യാപകര്‍ക്കിടയിലെങ്കിലും അപകര്‍ഷതയുടെ മുഷിഞ്ഞ ഭാണ്ഡക്കെട്ടാവുന്നത്?
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി തോന്നുന്നത് ഇതിലെ സുതാര്യതയില്ലായ്മയാണ്. മികച്ച ചലച്ചിത്രകാരന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നിവരുടെയെല്ലാം മികവ് പൊതുസമൂഹത്തിനും അളക്കാവുന്നതാണ്. അവരുടെ രചനകള്‍, പ്രവര്‍ത്തനം ഇവ സമൂഹത്തിനുമുന്നില്‍ നിവര്‍ത്തിയിട്ട തുണിയാണ്. ആര്‍ക്കും പരിശോധിക്കാം. മേന്മകളെയും കുറവുകളെയും കുറിച്ച ചര്‍ച്ച ചെയ്യാം. എന്നാല്‍ ഒരു അധ്യാപകനെ പുരസ്‌കാരത്തിന്‍ അര്‍ഹനാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്താണ്? അത് സമൂഹത്തിനുമുന്നില്‍ പരസ്യപ്പെടുത്താനും അതില്‍ സമൂഹത്തിന് അഭിപ്രായം രേഖപ്പെടുത്താനും അവസരമുണ്ടോ?
അധ്യാപകന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതാര് എന്ന ചോദ്യം ധൈര്യപൂര്‍വം ഏറ്റെടുക്കാന്‍ തൊണ്ണൂറ് ശതമാനം അധ്യാപകരും സംഘടനകളും തയ്യാറല്ല. ക്ലാസ്മുറിക്കകത്തെ അധ്യാപകന്റെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. അപ്പോള്‍ വിധികര്‍ത്താക്കള്‍ തീര്‍ച്ചയായും കുട്ടികളായിരിക്കണം. അവരുടെ അനുഭവങ്ങളുടെ സീമകളെ വിസ്ത്ൃതമാക്കാന്‍ അന്വേഷണാത്മകമായ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ സൗഹൃദത്തിന്റെ ചൂട് പകര്‍ന്നുനല്‍കാന്‍, പ്രയാസങ്ങളില്‍ സാന്ത്വനമാകാന്‍ ഏത് അധ്യാപകന്/അധ്യാപികയ്ക്ക് കഴിയും? കുട്ടികള്‍ അവരെ ഒരിക്കലും ഒറ്റുകൊടുക്കില്ല. എത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് കഴിയും തന്റെ കുഞ്ഞുങ്ങള്‍ക്ക് താന്‍ ഇതൊക്കെയായിരുന്നുവെന്ന് നെഞ്ചത്ത് കൈവച്ചുപറയാന്‍?നിങ്ങള്‍ നല്‍കിയ ചായയുടെ ഗുണം നിങ്ങളല്ല, കുടിച്ചയാളാണ് നിശ്ചയിക്കേണ്ടതെന്ന് വിജയന്‍മാഷ് എത്രയോ മുമ്പേ പറഞ്ഞിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ അതവര്‍ കൃത്യമായി ചെയ്യുന്നുമുണ്ട്. ചിലപ്പോള്‍ കണ്ണുകളിലെ തിളക്കമായും മറ്റു ചിലപ്പോള്‍ മാരകമായ ഇരട്ടപ്പേരുകളായും. ഇന്നും അധ്യാപകപുരസ്‌കാരത്തിന്റെ ഒരു ഘട്ടത്തിലും കുട്ടികളുടെ അഭിപ്രായങ്ങള്‍ ആരായുന്നില്ല എന്നത് അത്ഭുതകരമാണ്.

അവാര്‍ഡിനുള്ള അപേക്ഷ സ്വയം തയ്യാറാക്കുക എന്നതില്‍ക്കവിഞ്ഞ് നാണം കെട്ട ഒരു പ്രവൃത്തി ഇക്കാലത്തുണ്ടാകുമോ. തന്റെ വീരസാഹസിക കൃത്യങ്ങള്‍ ആണ്ടും തീയതിയും തെളിവും വെച്ച് നിരത്തണം. ആശംസാപ്രസംഗം നടത്തി കുളമാക്കിയ പരിപാടികളുടെ നോട്ടീസുകള്‍ തുടങ്ങി ക്ലാസില്‍ പരീക്ഷാപേപ്പര്‍ വിതരണം ചെയ്യുന്നതിന്റെ വരെ തെളിവുകളുണ്ടാക്കി സമര്‍പ്പിക്കണം. (അധ്യാപകഅവാര്‍ഡ് ലഭിച്ച ഒരാള്‍ കഴിഞ്ഞവര്‍ഷം ഡിജിറ്റല്‍ ക്യാമറ വാങ്ങിച്ചതിന്റെ രഹസ്യം സഹപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴാണ് പിടികിട്ടിയത്.)

അധ്യാപകര്‍ ആരായിരിക്കണം, എന്തായിരിക്കണം അയാളുടെ പ്രവൃത്തിപഥങ്ങള്‍, വിദ്യാര്‍ത്ഥികള്‍ രക്ഷകര്‍ത്താക്കള്‍ പൊതുസമൂഹം എന്നിവയുമായിട്ടുള്ള അദ്ദേഹത്തിന്റെ ബന്ധം എങ്ങിനെയായിരിക്കണം, പഠനം, പാഠ്യപദ്ധതി എന്നിവയെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ മാതൃകാപരമായി മുന്നോട്ടുവെക്കാന്‍ കഴിയുന്ന സന്ദര്‍ഭമായി അധ്യാപകപുരസ്‌കാരം മറേണ്ടതുണ്ട്. അത് അങ്ങനെയാകണമെങ്കില്‍ പരിഗണിക്കപ്പെടുന്ന അധ്യാപകരെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, പ്രാദേശികസമൂഹം എന്നിവര്‍ക്കൊക്കെ അവസരം ലഭിക്കണം. ഒപ്പം നിലനില്‍ക്കുന്ന ക്ലാസുമുറിയെ സംബന്ധിക്കുന്ന അവരുടെ കാഴ്ചപ്പാടുകള്‍ ആഴത്തില്‍ പരിശോധിക്കണം. സ്‌കൂളിന് വേണ്ടി അവര്‍ ഏറ്റെടുത്ത മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ , നടപ്പാക്കിയ നൂതനമായ പദ്ധതികള്‍, സ്‌കൂളിന്റെ പൊതുനിലവാരം ഉയര്‍ത്തുന്നതിനുവേണ്ടി നടത്തിയ ഇടപെടലുകള്‍ ഇവയെല്ലാം കൃത്യമായി വിലയിരുത്തപ്പെടണം. അവരുടെ മുന്‍കൈയില്‍ സ്‌കൂളില്‍ നടപ്പാക്കിയ പദ്ധതികളാണ് അവാര്‍ഡിനുള്ള യഥാര്‍ത്ഥ സാക്ഷ്യപത്രങ്ങളാവേണ്ടത്. അതുകൊണ്ടുതന്നെ അധ്യാപകന് ലഭിക്കുന്ന അവാര്‍ഡ് സ്‌കൂളിലുള്ള അവാര്‍ഡായി മാറേണ്ടതുണ്ട്. അയാളുടെ സ്വപ്നപദ്ധതി സ്‌കൂളില്‍ ആവിഷ്‌കരിക്കുന്നതിനുള്ള വമ്പിച്ച സാമ്പത്തിക പിന്തുണയായിരിക്കണം അവാര്‍ഡിന്റെ കേന്ദ്രബിന്ദു.

ഇത്തരത്തില്‍ നമ്മുടചെ അധ്യാപക അവാര്‍ഡുകള്‍ പരിഷ്‌കരിക്കപ്പെടണം. പാടിനീട്ടി ലഘുക്കളെ ഗുരുക്കളാക്കി, ആരുടെയൊക്കെയോ മുന്നില്‍ ഓച്ഛാനിച്ച നേടേണ്ട ഒന്ന് എന്ന ഇന്നത്തെ നിര്‍വചനം പുതുക്കിപ്പണിയണം. സ്വന്തമായി അപേക്ഷിക്കാതെ അതതു മേലധികാരികള്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി നടത്തുന്ന കണ്ടെത്തലുകള്‍, അവസാനഘട്ടത്തില്‍ ആവശ്യമെങ്കില്‍ പരിഗണനയ്ക്കുവരുന്ന കുറച്ചുപേരുടെ സ്‌കൂള്‍/പ്രദേശ സന്ദര്‍ശനം, അഭിരുചി നിര്‍ണയം ഇവയിലൊക്കെക്കൂടെ ഏറ്റവും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകനെ കണ്ടെത്താന്‍ കഴിയും. സ്വന്തം സ്‌കൂളിലെ വിവരക്കേടിന്റെ പര്യായമായ, കുട്ടികളുടെ ശത്രുവായ ഒരധ്യാപകന്/അധ്യാപികയ്ക്ക് അവാര്‍ഡ് ലഭിച്ചെന്ന വാര്‍ത്ത പത്രത്തില്‍ വായിക്കേണ്ടിവരുന്ന അതേ സ്‌കൂളിലെതന്നെ നന്നായി അല്ലെങ്കില്‍ ശരാശരിയായി പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകന്റെ/അധ്യാപികയുടെ മനോനില എത്ര ദയനീയമായിരിക്കും? പരിഷ്‌കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇതൊന്ന് നിര്‍ത്തലാക്കാനെങ്കിലും കഴിയുമോ സാര്‍?

4 അഭിപ്രായങ്ങൾ:

 1. മറ്റ് അവാർഡുകളൊക്കെ തികച്ചും നീതിയുക്തവും സമർഹവുമായ സാഹചര്യത്തിൽ,ഇതും അങ്ങനെയാവുമായിരിക്കേണ്ടതുണ്ട്:)

  മറുപടിഇല്ലാതാക്കൂ
 2. d govt. shud c dat all awards r banned by issuing an ordinance. awrds shu not b paywards.
  instead of giving awards 2 a single individual genius, a group of d best is to b given credit.
  grading is 2 b introduced here as well.

  മറുപടിഇല്ലാതാക്കൂ
 3. അപ്പൊ അങ്ങിനെയാണല്ലേ ഇത് ഒപ്പിക്കുന്നത്. പറഞ്ഞുതന്നതിന് നന്ദി

  മറുപടിഇല്ലാതാക്കൂ