2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച
ഒറ്റ വാക്കില്‍ ഒതുങ്ങില്ല ഒരു ജീവിതം
ചോദ്യങ്ങള്‍ ഒരേ ഗൈഡില്‍ നിന്നു തന്നെ പകര്‍ത്തി എന്ന് കണ്ടുപിടിക്കപ്പെട്ട് പല പി.എസ്.സി പരീക്ഷകളും റദ്ദാക്കപ്പെട്ടു കൊണ്ടിരിക്കയാണ്. പി.എസ്.സി നടത്തുന്ന പരീക്ഷകളെ സംബന്ധിച്ച് ചില വിചാരങ്ങള്‍
കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ സമീപകാലത്ത് നടത്തിയ രണ്ട് പരീക്ഷകളാണ് ഒരേ തരത്തിലുളള ആരോപണത്തിന് വിധേയമായത് (എച്ച്. എസ്സ്. എ ഫിസിക്കല്‍ സയന്‍സും അപ്പെക്‌സ് സൊസൈറ്റികളിലെ ക്ലാര്‍ക്കും). അതില്‍ ഒരു പരീക്ഷ റദ്ദാക്കിക്കഴിഞ്ഞു. മിക്കവാറും മറ്റെതിന്റേയും ഗതി അതുതന്നെയായിരിക്കും. ഒരേ ഗൈഡില്‍ നിന്ന് ക്രമനമ്പറും എന്തിന് തെറ്റായ ഉത്തരങ്ങള്‍ പോലും മാറാതെ തുടര്‍ച്ചയായി ഇരുപത്തി അഞ്ചോളം ചോദ്യങ്ങള്‍ പകര്‍ത്തി എന്നതാണ് ചോദ്യപേപ്പറിനെക്കുറിച്ചുണ്ടായ ആരോപണം. തൊണ്ടിസഹിതം മാധ്യമങ്ങള്‍ സംഭവം പുറത്തുകൊണ്ടുവന്നു. സമാനമായ നിരവധി സംഭവങ്ങള്‍ കേരള പി.എസ്.സി യുടെ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഓരോ പരീക്ഷ റദ്ദാക്കപ്പെടുമ്പോഴും ആ പരീക്ഷയ്ക്കു വേണ്ടി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, നഷ്ടപ്പെടുത്തിയ ഉറക്കങ്ങള്‍, ചെയ്ത യാത്രകള്‍ എന്നിവയൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കിയവരെയോ പി.എസ്.സിയെയോ അലോസരപ്പെടുത്താറില്ല. തൊഴിലന്വേഷകരുടെ ഹൃദയഭാരം ഒരു സര്‍ക്കാര്‍ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിഗണന കുറഞ്ഞ ഒന്നാണല്ലോ.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഴിമതിരഹിതവും സുതാര്യവും ആണ് കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ എന്നാണ് വെപ്പ്. മറ്റിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗം ഭരണക്കാരുടെ വരദാനമോ പാര്‍ട്ടിഫണ്ടുകളിലേക്ക് സാമ്പത്തിക സമാഹരണത്തിനുളള കുറുക്കുവഴികളോ ആണ്. മഹാഭൂരിപക്ഷത്തിനും അവിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗം സ്വപ്നം കാണാന്‍ പോലും കഴിയാത്ത കോഹിനൂര്‍ രത്‌നമാണ്. ഉയര്‍ന്ന പൗരബോധവും സാമൂഹികനീതിയെക്കുറിച്ചുളള സങ്കല്‍പ്പങ്ങളും പൊതുസമൂഹത്തിന്റെ ജാഗ്രതയും മാധ്യമങ്ങളുടെ ഇടപെടലും ആണ് കേരളത്തില്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെ അഴിമതിയുടേയും സ്വജനപക്ഷപാദത്തിന്റേയും ചളിക്കുഴമ്പുകള്‍ പുരളാതെ സംരക്ഷിച്ചു നിര്‍ത്തുന്നത്. എഴുത്തുപരീക്ഷയ്ക്ക് തുല്യമായ നൂറ്മാര്‍ക്ക് തന്നെ നല്‍കിയിരുന്ന അഭിമുഖങ്ങള്‍ക്ക് 20 മാര്‍ക്കായി കുറച്ചത്, എഴുത്തുപരീക്ഷയില്‍ ഓരോ ഉദ്യോഗാര്‍ത്ഥിക്കും ലഭിച്ച മാര്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത്, ഇപ്പോള്‍ ഇന്റര്‍വ്യൂവില്‍ ലഭിച്ച മാര്‍ക്കും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനുളള തീരുമാനം എന്നിവ സംശുദ്ധിയിലേക്കും സുതാര്യതയിലേക്കും ഉയരുന്നതിനുളള പി.എസ്.സിയുടെ ചുവടുവെപ്പുകള്‍ തന്നെയാണ്. അഴിമതി കുറഞ്ഞതിന് മറ്റൊരു കാരണം പി.എസ്.സി ബോര്‍ഡിന്റെ ഘടനയാണ്. ഇടതുസര്‍ക്കാര്‍ നിയമിച്ച അംഗങ്ങള്‍ വലതുകാലത്തും, വലതുസര്‍ക്കാര്‍ നിയമിച്ച അംഗങ്ങള്‍ ഇടതുഭരണകാലത്തും ആണ് ബോര്‍ഡ് ഭരിക്കുക. അപ്പോള്‍ ഭരണക്കാരുടെ വിളി എന്ന ദുര്‍ഭൂതത്തെ ഒരളവുവരെ പടിക്കുപുറത്തു നിര്‍ത്താമല്ലോ.
അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുളള സംവിധാനം, ഓണ്‍ലൈനില്‍ മുഴുവന്‍ സേവനങ്ങളും നല്‍കുന്നതിനുളള ശ്രമം തുടങ്ങി ഐ.ടിയുടെ സാധ്യതകളും കേരള പി.എസ്.സി സമര്‍ത്ഥമായി ഉപയോഗിച്ച് വന്നു. എന്നാല്‍ ഇപ്പോഴും പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷകള്‍ അതിന്റെ പ്രാകൃതാവസ്ഥയുടെ ഭീഭത്സമായ പ്രത്യക്ഷപ്പടലാണ്. ഏതോ ഒരു 'വിദഗ്ധന്‍' തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ പരീക്ഷാഹാളില്‍ വെച്ച് പൊട്ടിക്കുമ്പോഴായിരിക്കും അതിലെ മണ്ടത്തരങ്ങള്‍ ഭീകരമായി ഇളിച്ചുകൊണ്ട് പുറത്തുവരിക. കുറേ ചോദ്യങ്ങള്‍ ഒരുമിച്ച് ഒറ്റ ഗൈഡില്‍ നിന്ന് പകര്‍ത്തപ്പെടുമ്പോഴേ പിടിക്കപ്പെടുകയുളളൂ. രണ്ടോ മൂന്നോ ഗൈഡുകളില്‍ നിന്ന് അല്പം ശ്രദ്ധയോടെ സെലക്ട് ചെയ്യുക എന്ന അരമണിക്കൂര്‍ നേരത്തെ പണി . ഇതാണ് 'വിദഗ്ധന്റെ' ചോദ്യമിടല്‍. ഇന്ന് ലക്ഷങ്ങളും കടന്ന് കോടികളിലേക്കാണ് പി.എസ്.സി പരീക്ഷാ ഗൈഡുകളുടെ വില്‍പന. കൂടാതെ പ്രമുഖ പത്രങ്ങള്‍ക്കെല്ലാം ഇയര്‍ബുക്കുകളും പരീക്ഷാസഹായികളും ഉണ്ട്. കടം വാങ്ങിയും പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന നക്കാപ്പിച്ച ഒടുക്കിയും തൊഴിലന്വേഷകരായ പാവങ്ങള്‍ ഈ ഗൈഡുകള്‍ വാങ്ങിക്കൂട്ടും. 'കഴിഞ്ഞ പരീക്ഷയിലെ 60% ചോദ്യങ്ങളും ഞങ്ങളുടെ ഗൈഡില്‍ നിന്ന് ' എന്നാണല്ലോ ഗൈഡുകമ്പനികളുടെ ഗീര്‍വാണം. 'ഉഗാണ്ടയുടെ പ്രസിഡന്റിന്റെ ഭാര്യയുടെ അനുജന്റെ പേരെന്ത് ? എന്ന രീതിയില്‍ പരസ്യം നല്‍കുന്നതുകൊണ്ട് തന്നെ പി.എസ്.സി പരീക്ഷയില്‍ അളക്കുന്ന പൊതുവിജ്ഞാനത്തെക്കുറിച്ചുളള പൊളളത്തരം മനസ്സിലാക്കാമല്ലോ. ഇതൊന്നും പോരാഞ്ഞ് 'ഉറങ്ങാന്‍ കളള് വേറെ കുടിക്കണം' എന്ന് പറഞ്ഞ മാതിരി ഇത്തരം മണ്ടത്തരങ്ങള്‍ ഓര്‍മ്മയില്‍ പെട്ടെന്ന് ലഭിക്കത്തക്കവണ്ണം സൂക്ഷിക്കുന്നതിനായി പതിനായിരങ്ങള്‍ ഫീസ് നല്‍കിയുളള പരിശീലനങ്ങള്‍ വേറെയുമുണ്ട്.
ഒരു സാധാരണ പൗരന്റെ ജീവിത പരിസരങ്ങളുമായി - അത് ദേശീയമാകട്ടെ അന്തര്‍ ദേശീയമാകട്ടെ- യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വിവരങ്ങളാണോ പൊതുവിജ്ഞാനമെന്ന പേരില്‍ പരിശോധിക്കപ്പെടേണ്ടത്. ഒറ്റ വാക്കിലൊതുക്കാവുന്ന ലോകത്തെ മുഴുവന്‍ വിവരങ്ങളും കാണാതെ പഠിക്കാന്‍ കഴിയുന്നവനാണോ ഏറ്റവും വലിയ വിജ്ഞാനി. ഗണിതവും യുക്തിചിന്തയും, അഭിരുചിനിര്‍ണ്ണയവും എല്ലാം എളുപ്പത്തില്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഒറ്റവാക്കിലെ ചോദ്യോത്തരങ്ങളാകുമ്പോള്‍ അതിന്റെ ഒക്കെ പിറകില്‍ പ്രവര്‍ത്തിക്കേണ്ട യുക്തിചിന്തയും, വിശകലനപാടവവും, സഹജതാല്‍പര്യങ്ങളും ആര്‍ക്കും വേണ്ടാത്ത മറ്റേതോ രാജ്യത്തിലെ നാണയങ്ങളാവുകയല്ലേ ? ഒറ്റ വാക്കില്‍ ഒരു ജീവിതത്തിലെ ആര്‍ജ്ജിതാനുഭവങ്ങളെ മുഴുവന്‍ ഇറക്കിവെക്കാന്‍ ആര്‍ക്ക് കഴിയും ?
എന്തുകൊണ്ട് ഇത്തരമൊരു പരീക്ഷാരീതി എന്നതിന്റെ ഉത്തരം നടത്തേണ്ടുന്ന പരീക്ഷകളുടെ എണ്ണത്തെക്കുറിച്ചുളള ഭീതിയാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് പരീക്ഷകളാണ് പി.എസ്.സി നടത്തുന്നത്. എന്നാല്‍ ഇത്രമാത്രം വൈവിധ്യമുളള തൊഴിലവസരങ്ങള്‍ കേരള സര്‍ക്കാരിനു കീഴിലുണ്ടോ എന്ന് അമ്പരക്കുമ്പോഴേക്കും അറിയും ഇതില്‍ മിക്കതും വ്യത്യസ്ത വകുപ്പിനു കീഴിലുളള ഒരേ തസ്തികയിലേക്കാണ് എന്നത്. എന്തുകൊണ്ട് ഒരേ തസ്തികയിലേക്കുളള പട്ടികയില്‍ നിന്ന് വ്യത്യസ്ത വകുപ്പുകളിലേക്കുളള ആളുകളെ ലഭ്യമാക്കിക്കൂടാ ? ജോലിയുടെ സ്വഭാവമനുസരിച്ച് നടത്തുന്ന പത്തോ പതിനഞ്ചോ പരീക്ഷകളില്‍ നിന്ന് ആറ്റിപ്പെറുക്കിയെടുത്താല്‍ കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഒഴിവുകളിലേക്കും ആവശ്യമായ റാങ്ക് ലിസ്റ്റുകള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലേ ? അപൂര്‍വ്വം ചില വിദഗ്ധമേഖലകള്‍ ഒഴിച്ച് മറ്റുളള തൊഴിലുകളെ സ്വഭാവമനുസരിച്ച് ക്ലസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലേ ? ഇത്തരം ആലോചനകള്‍ ഗൗരവപൂര്‍വ്വം പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഏറ്റെടുക്കേണ്ട കാലം വൈകിയിരിക്കുന്നു.
ചോദ്യങ്ങള്‍ പുറത്താകല്‍, തെറ്റായ സൂചകങ്ങള്‍, വിവരണാത്മകമായ ഉത്തരങ്ങള്‍ വിലയിരുത്തുമ്പോള്‍ വരുന്ന ആത്മനിഷ്ഠത എന്നിവയും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടേണ്ട പരിമിതികളാണ്.കോളേജ് ലക്ചറുടെ പരീക്ഷകള്‍ക്കുളള ചോദ്യപേപ്പര്‍ മുതല്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റിന്റെ ചോദ്യപേപ്പര്‍ വരെ ചോര്‍ന്ന വിവരം മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സ്വാര്‍ത്ഥ ചിന്തയുടെ ഇത്തിരിവട്ടം മാത്രം കാണാന്‍ കെല്‍പ്പുളള വിദഗ്ധര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസൃതമായി ചോദ്യപേപ്പര്‍ പുറത്താക്കുകയാണ് ചെയ്യുന്നത്; പലപ്പോഴും സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി. ആര്‍ക്കെതിരേയും ഒരു നടപടിയും ഉണ്ടാകുന്നില്ല! പി.എസ്.സി ഉത്തരസൂചകങ്ങള്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടടുത്ത ദിവസം മുതല്‍ ഉറക്കമിളച്ച് പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഫാക്‌സായും, തപാലായും പി.എസ്.സിക്ക് ശരിയായ ഉത്തരങ്ങള്‍ അയക്കാന്‍ തുടങ്ങും. വസ്തുതാപരമായിത്തന്നെ തെറ്റായതിന്റെ പേരില്‍ 40% ചോദ്യങ്ങളും പരിഗണിക്കാത്ത പരീക്ഷകളും ഉണ്ടായിട്ടുണ്ട്.കിഴക്ക് എന്നതിനു പകരം പടിഞ്ഞാറ് എന്ന് വിദഗ്ധന്‍ കൊടുത്ത ഉത്തരസൂചകങ്ങള്‍ നിരവധി. ബന്ധപ്പെട്ട ആര്‍ക്കുമെതിരെയും ഒരു നടപടിയുമില്ല! വിവരണാത്മകമായ ഉത്തരങ്ങളില്‍ വീഴുന്ന മാര്‍ക്ക് ഉദ്യോഗാര്‍ത്ഥിയുടെ തലവരയ്ക്കനുസരിച്ചിരിക്കും. വീണാല്‍ വീണതുതന്നെ. മറ്റു പരീക്ഷകളെ പ്പോലെ പുനര്‍മൂല്യനിര്‍ണ്ണയമോ ഉത്തരക്കടലാസിന്റെ ഫോട്ടോക്കോപ്പി നല്‍കലോ ഇവിടെ ബാധകമല്ല. എത്ര മാര്‍ക്കിട്ടാലും ആരും ചോദിക്കാനില്ല, ആര്‍ക്ക് എതിരെയും ഒരു നടപടിയുമില്ല!! ഇതൊന്നും പോരാഞ്ഞാണ് ഗൈഡുകളില്‍ നിന്ന് വളളിപുളളി മാറാത്ത ചോദ്യങ്ങള്‍ പകര്‍ത്തല്‍. 'എന്തതിശയമേ.............' എന്ന് എങ്ങനെ പാടാതിരിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പി.എസ്.സി ഉത്തരസൂചകങ്ങള്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടടുത്ത ദിവസം മുതല്‍ ഉറക്കമിളച്ച് പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഫാക്‌സായും, തപാലായും പി.എസ്.സിക്ക് ശരിയായ ഉത്തരങ്ങള്‍ അയക്കാന്‍ തുടങ്ങും. വസ്തുതാപരമായിത്തന്നെ തെറ്റായതിന്റെ പേരില്‍ 40% ചോദ്യങ്ങളും പരിഗണിക്കാത്ത പരീക്ഷകളും ഉണ്ടായിട്ടുണ്ട്.കിഴക്ക് എന്നതിനു പകരം പടിഞ്ഞാറ് എന്ന് വിദഗ്ധന്‍ കൊടുത്ത ഉത്തരസൂചകങ്ങള്‍ നിരവധി. ബന്ധപ്പെട്ട ആര്‍ക്കുമെതിരെയും ഒരു നടപടിയുമില്ല! വിവരണാത്മകമായ ഉത്തരങ്ങളില്‍ വീഴുന്ന മാര്‍ക്ക് ഉദ്യോഗാര്‍ത്ഥിയുടെ തലവരയ്ക്കനുസരിച്ചിരിക്കും. വീണാല്‍ വീണതുതന്നെ. മറ്റു പരീക്ഷകളെ പ്പോലെ പുനര്‍മൂല്യനിര്‍ണ്ണയമോ ഉത്തരക്കടലാസിന്റെ ഫോട്ടോക്കോപ്പി നല്‍കലോ ഇവിടെ ബാധകമല്ല. എത്ര മാര്‍ക്കിട്ടാലും ആരും ചോദിക്കാനില്ല, ആര്‍ക്ക് എതിരെയും ഒരു നടപടിയുമില്ല!! ഇതൊന്നും പോരാഞ്ഞാണ് ഗൈഡുകളില്‍ നിന്ന് വളളിപുളളി മാറാത്ത ചോദ്യങ്ങള്‍ പകര്‍ത്തല്‍. 'എന്തതിശയമേ.............' എന്ന് എങ്ങനെ പാടാതിരിക്കും.
മറുപടിഇല്ലാതാക്കൂ"..എന്ന് അമ്പരക്കുമ്പോഴേക്കും അറിയും ഇതില്‍ മിക്കതും വ്യത്യസ്ത വകുപ്പിനു കീഴിലുളള ഒരേ തസ്തികയിലേക്കാണ് എന്നത്. എന്തുകൊണ്ട് ഒരേ തസ്തികയിലേക്കുളള പട്ടികയില്‍ നിന്ന് വ്യത്യസ്ത വകുപ്പുകളിലേക്കുളള ആളുകളെ ലഭ്യമാക്കിക്കൂടാ ? ജോലിയുടെ സ്വഭാവമനുസരിച്ച് നടത്തുന്ന പത്തോ പതിനഞ്ചോ പരീക്ഷകളില്‍ നിന്ന് ആറ്റിപ്പെറുക്കിയെടുത്താല്‍ കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഒഴിവുകളിലേക്കും ആവശ്യമായ റാങ്ക് ലിസ്റ്റുകള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലേ ?.."
മറുപടിഇല്ലാതാക്കൂവളരെ പ്രസക്തമായ ഒരു നിരീക്ഷണമായി തോന്നി ഇത്. PSC യുടെ ജോലിഭാരത്തില്‍ നാടകീയമായ കുറവ് ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു ചുവടുവെയ്പ്പ് ആയിരിക്കുമത്. ലേഖനത്തിന് നന്ദി :)