2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ചരടറ്റത്തെ കോമാളിപ്പാവകള്‍

മാതൃഭുമിയില്‍ ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.

ഒരു ഓപ്പറയുടെ റിഹേഴ്‌സല്‍ കാണാനിടയായ അനുഭവം ഓര്‍മ്മിച്ചുകൊണ്ടാണ്‌ ലിയോ ടോള്‍സ്റ്റോയ്‌ തന്റെ വിഖ്യാതഗ്രന്ഥം `എന്താണ്‌ കല' ആരംഭിക്കുന്നത്‌. ഒരു ഇന്ത്യന്‍ രാജാവിന്റെ വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള ഓപ്പറയുടെ ഗാനരംഗം ചിട്ടപ്പെടുത്തുകയാണവിടെ. പരിശീലനം ശരിയാകാതെ വരുന്നതില്‍ സംഘര്‍ഷഭരിതനായ സംവിധായകന്‍ നടീനടന്മാര്‍, സംഗീതസംവിധായകര്‍, നര്‍ത്തകികള്‍, സംഗീതവിദഗ്‌ധര്‍, എന്നിവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ചെയ്‌ത്‌, മടുപ്പിന്റെ അങ്ങേത്തലയ്‌ക്കലെത്തിയ കലാകാരന്മാര്‍ സംവിധായകന്റെ ശകാരം നിശ്ശബ്‌ദമായി സഹിച്ച്‌ തലതാഴ്‌ത്തിനില്‌കുന്നു. തന്റെ പ്രസക്തമായ ചോദ്യം ഉന്നയിക്കാന്‍ ടോള്‍സ്റ്റോയ്‌ തിരഞ്ഞെടുക്കുന്ന സന്ദര്‍ഭമാണിത്‌. ``ഈ പാടെല്ലാം പെടുന്നത്‌ ആര്‍ക്കുവേണ്ടിയാണ്‌? ഇതിന്‌ ആരെയെങ്കിലും സന്തോഷിപ്പിക്കാന്‍ കഴിയുമോ?'' കല മുന്നോട്ട്‌ വെക്കുന്ന ആനന്ദമോ സരളതയോ അല്ല ഒരു സാധാരണ ഓപ്പറയുടെ റിഹേഴ്‌സലില്‍പ്പോലും കാണാന്‍ കഴിയുന്നതെന്ന തിരിച്ചറിവില്‍ നിന്നാണ്‌ `കല എന്തെന്ന' അത്യന്തം ലളിതവും നിശിതവുമായ ചോദ്യത്തിലേക്കും തുടര്‍ന്ന്‌ തന്റെതടക്കമുള്ള വിഖ്യാതരചനകള്‍ വെറും കലാഭാസം മാത്രമാണെന്നുള്ള കണ്ടെത്തലിലേക്കും അദ്ദേഹം ചെന്നെത്തുന്നത്‌. എങ്കില്‍ കലയുടെ പേരില്‍ നമ്മുടെ സ്‌കൂള്‍കലോത്സവങ്ങള്‍ക്കു പിറകില്‍ നടക്കുന്ന സമാനതകളില്ലാത്ത സംഘര്‍ഷങ്ങളുടേയും കാപട്യങ്ങളുടേയും കഥയറിയുമ്പോള്‍ എന്തെന്ത്‌ കടുത്തതീരുമാനങ്ങള്‍ നിങ്ങളില്‍ നിന്ന്‌ ഉണ്ടാകില്ല!

കുട്ടികളുടെ കലാപരമായ കഴിവുകളുടെ മാറ്റുരയ്‌ക്കല്‍ വേദികള്‍ എന്ന നിലയ്‌ക്ക്‌ യുവജനോത്സങ്ങള്‍ക്ക്‌ എത്രമാത്രം പ്രസക്തിയുണ്ട്‌? വിദ്യാഭ്യാസ ലക്ഷ്യങ്ങളേയും രീതികളേയും കുറിച്ച്‌ ഇന്ന്‌ നാം മുന്നോട്ട്‌ വെക്കുന്ന കാഴ്‌ചപ്പാടുകള്‍ക്ക്‌ എത്രമാത്രം വിരുദ്ധമായാണ്‌ ഇതിന്റെ നടത്തിപ്പ്‌? യുവജനോത്സവ വേദികളിലും അതിന്റെ തയ്യാറെടുപ്പുകളിലും കലയുടെ ഉത്‌കൃഷ്‌ടമായ മൂല്യങ്ങള്‍ തന്നെയാണോ തിളങ്ങിനില്‍ക്കുന്നത്‌? ഈ ചോദ്യങ്ങള്‍ ഉന്നയിക്കുക മാത്രമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
യുവജനോത്സവങ്ങള്‍ പേരും ചേരുവകളും മാറ്റി കേരളാസ്‌കൂള്‍ കലോത്സവം എന്ന പേരിലാണ്‌ ഇപ്പോള്‍ അറിയപ്പെടുന്നത്‌. പ്രൈമറി മുതല്‍ ഹയര്‍സൈക്കന്ററി വരെയുള്ള കുട്ടികളെയും, അറബിക്‌, സംസ്‌കൃതം മുതലായ ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മത്സരഇനങ്ങളേയും ഉള്‍പ്പെടുത്തി നേരത്തെ ഉള്ളതിനേക്കാള്‍ വിപുമായാണ്‌ ഇപ്പോള്‍ സ്‌കൂള്‍ കലോത്സവങ്ങള്‍ നടത്തി വരുന്നത്‌.പേരല്ലാതെ സ്വഭാവത്തില്‍ കാതലായ ഒരു മാറ്റവും വരുത്താന്‍ ഇപ്പോഴും നമുക്കായിട്ടില്ല.

സ്‌കൂള്‍ തലംമുതലുള്ള കലോത്സവങ്ങളുടെ സംഘാടന രീതിയെക്കുറിച്ച്‌ സാമാന്യധാരണയുള്ള ആര്‍ക്കും അത്‌ എത്രമാത്രം വിദ്യാര്‍ത്ഥിവിരുദ്ധമാണെന്ന തിരിച്ചറിവുണ്ടാവും. കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ മത്സരഇനങ്ങളുടെ ദൈര്‍ഘ്യമേറിയ പട്ടികയില്‍ കൃത്യമായ പരിശീലനമുള്ളവര്‍ക്കല്ലാതെ, ഒരു സാധാരണവിദ്യാര്‍ത്ഥിക്ക്‌ പങ്കെടുക്കാന്‍ കഴിയുന്ന എത്ര ഇനങ്ങളുണ്ട്‌? സ്‌കൂളിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ കലോത്സവ പങ്കാളികള്‍ (കൃത്യമായ ആസൂത്രണത്തോടെ പങ്കെടുക്കുന്നവര്‍) അതുകൊണ്ടുതന്നെ അഞ്ച്‌ ശതമാനത്തിലും താഴെയാണ്‌. മുഴുവന്‍ കുട്ടികളില്‍ നിന്നും ഭീമമായ തുകപിരിച്ചാണ്‌ ഈ മഹോത്സവം സ്‌കൂളില്‍ നടത്തപ്പെടുന്നതെന്നോര്‍ക്കണം. സ്‌കൂളിലെ എത്രയോ പഠനസമയം നഷ്‌ടപ്പെടുത്തിയാണ്‌ ഇതിന്റെ സംഘാടനം. സ്‌കൂള്‍തലത്തില്‍ഹൗസ്‌ അടിസ്ഥാനത്തിലുള്ള മത്സരമായതുകൊണ്ട്‌, തങ്ങളുടെ ഹൗസുകളുടെ പേര്‌ മൈക്കിലുടെ ` ഭാവാത്മകമായി' അനൗണ്‍സ്‌ ചെയ്യുമ്പോള്‍ (മൈക്ക്‌ വിഴുങ്ങികളായ ചില അധ്യാപകരുടെ ഓളിയിടലുകള്‍ക്കില്‍ പോയിന്റ്‌ നില അനൗണ്‍സ്‌ ചെയ്യാനുള്ള പ്രത്യേകാവകാശം അക്കൊല്ലത്തെ കലോത്സവകണ്‍വീനര്‍ക്ക്‌ ആണ്‌) കയ്യടിക്കല്‍ മാത്രമായി കലോത്സവം അനുഭവിക്കുന്ന ബഹുഭൂരിപക്ഷം സാധാരണകുട്ടികള്‍ക്കും, രണ്ടുദിവസം പഠിപ്പില്ലാത്തതിന്റെ സന്തോഷം മാത്രമാണ്‌ സ്‌കൂള്‍ കലോത്സവം. വൈകുന്നതിനുമുമ്പ്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്ന ഒറ്റലക്ഷ്യമേ സംഘടിപ്പിക്കാന്‍ ഓടിനടക്കുന്ന അധ്യാപര്‍ക്കുമുള്ളൂ.

വിധി നിര്‍ണയമെന്ന നേരമ്പോക്ക്‌ :

കലോത്സവങ്ങളിലെ വിധിനിര്‍ണയവുമായി ബന്ധപ്പെട്ട തമാശകള്‍ അധ്യാപകര്‍ക്കിടയിലെ നേരംകൊല്ലി കഥകളിലെ മുഖ്യഇനമാണ്‌. സ്‌കൂള്‍ തലത്തിലെ വിധികര്‍ത്താക്കള്‍ അതത്‌ സ്‌കൂളിലെ അധ്യാപകരാണ്‌. പഠിക്കുന്നകാലത്തൊരിക്കലും കലോത്സവേദികളുടെയോ കലാപ്രവര്‍ത്തനത്തിന്റേയോ നാലയലത്തുപോലും ചെന്നിട്ടില്ലാത്ത പാവം പിടിച്ച അധ്യാപികമാരെയാണ്‌, അത്യന്തം ശ്രദ്ധയും വൈദഗ്‌ധ്യവും ആസ്വാദനക്ഷമതയും വേണ്ടുന്ന ഇനങ്ങളുടെ പോലും വിധികര്‍ത്താക്കളായി ഇരുത്തുന്നത്‌. (മിമിക്രി, മോണോ ആക്‌ട്‌, നാടകം, മൈം തുടങ്ങിയ ഇനങ്ങള്‍ക്ക്‌ നിലയവിദ്വാന്‍മാരായ ബു.ജികള്‍ ഇരിക്കാന്‍ അര്‍ദ്ധ സമ്മതം മൂളും) മിക്കവരും അബദ്ധത്തില്‍പ്പോലും അതുവരെ സ്റ്റേജില്‍ കയറിയവരായിരിക്കില്ല. (പി.ടി.എ യോഗത്തില്‍ സ്വാഗതം പറയുമ്പോള്‍ വിയര്‍ത്ത്‌ കളിച്ച്‌ വിക്കി വിക്കി ഒപ്പിച്ച ടിച്ചറാണ്‌ പ്രസംഗമത്സരത്തിന്റെ `ജഡ്‌ജ്‌'). ചില ഇനങ്ങളെക്കുറിച്ച്‌, നീന്തല്‍ പോസ്റ്റലായി പഠിച്ചപോലുള്ള വിവരമൊക്കെ ഉള്ള ആളുകള്‍ സ്‌കൂളിലില്ലെന്നല്ല. കുടുതല്‍ കുട്ടികള്‍ മത്സരിക്കുന്ന ഇനങ്ങള്‍ക്ക്‌ ഇവരൊന്നും ഇരുന്നുതരില്ല!

സബ്‌ജില്ലാ, ജില്ലാതലങ്ങളിലെ കാര്യം കുറേക്കൂടി രസകരമാണ്‌. മാര്‍ഗ്ഗംകളി ഏത്‌ സംസ്‌കാരവുമായി ബന്ധപ്പെട്ട കലാരൂപമാണെന്ന അറിവു പോലുമില്ലാത്ത, ആദ്യമായി വേദിയില്‍ വെച്ച്‌ ഈ ഇനം കാണുന്ന ആളുകളടക്കം മുന്നിലെ `വിദ്‌ഗധനിരയില്‍' ഉണ്ടാകും. (ഇപ്പോഴത്തെ പല പ്രഗത്ഭജഡ്‌ജികളും മിക്കഇനങ്ങളും ജഡ്‌ജായി ഇരുന്ന്‌ മാത്രം കണ്ട്‌ പരിചയിച്ചവരാണ്‌). മലയാള പദ്യരചനയ്‌ക്കുവന്ന പാവത്താന്‍ അറബി, ഉറുദു, കന്നട പദ്യങ്ങള്‍ക്കും~ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കുത്ത്‌ തുടങ്ങിയ ഇനങ്ങള്‍ക്കും മാര്‍ക്കിട്ടുവന്ന്‌ ക്ഷീണം തീര്‍ക്കുമ്പോഴാണ്‌ കണ്‍വീനറുടെ അടുത്ത തല ചൊറിയല്‍,``സര്‍, രണ്ട്‌ പഞ്ചവാദ്യമേയുള്ളൂ. അതുകൂടി ഒന്ന്‌... ''അധ്യാപകരായാല്‍ ഏതിനത്തിനും മാര്‍ക്കിടാം എന്ന്‌ ഉളുപ്പില്ലാത്ത ചിലര്‍ താന്‍ വിധിനിര്‍ണയം നടത്തിയ ഇനങ്ങളുടെ ലിസ്റ്റ്‌ നെഞ്ചുവിരിച്ച്‌ പ്രഖ്യാപിക്കുന്ന കാഴ്‌ച സ്‌കൂളിലെ അരോചക ദൃശ്യങ്ങളില്‍ ഒന്നാണ്‌. ജില്ലാതല മത്സരങ്ങളിലടക്കം ഇതാണ്‌ സ്ഥിതി. എങ്ങിനേയും ഒരു വിദഗ്‌ധനെ സംഘടിപ്പിക്കുക. ശേഷിക്കുന്ന രണ്ടുപേര്‍ ആരായാലും പ്രശ്‌നമില്ല. മാര്‍ക്കിടാനും അത്യാവശ്യത്തിന്‌ റിസല്‍ട്ട്‌ പ്രഖ്യാപിക്കാനും ഒരാളുണ്ടല്ലോ! പതിനായിരങ്ങള്‍ പരിശീലകനു ദക്ഷിണവെച്ച ്‌ വേദിയില്‍ ആടിപ്പാടുന്ന കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും അറിയില്ല; ജഡ്‌ജിവേഷം കെട്ടിയ മണ്ടന്‍മാരുടെ മുന്നിലാണ്‌ തങ്ങളുടെ പ്രകടനമെന്നത്‌. സമ്പത്തും ബന്ധവും ഉപയോഗിച്ചുള്ള സ്വാധീനിക്കല്‍പ്പോലുള്ള അടികലശലിലെത്താറുള്ള ആരോപണങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.

സ്വാഭിമാനമുള്ള ഒരു വിധക്കാരൊന്നും ഇപ്പോള്‍ ഈ പണിക്ക്‌ പോകാറില്ല. എന്നാല്‍ ഇതൊരു വരുമാനമാര്‍ഗ്ഗമായി കാണുന്ന കുറച്ചുപേരും ഉണ്ട്‌. ഏതെങ്കിലും ഒരു രംഗത്തുപോലും സാമാന്യമായ പ്രാഗത്ഭ്യം തെളിയിക്കാത്ത ഇക്കൂട്ടര്‍ നിരന്തരം ജഡ്‌ജിപ്പണി ചെയ്‌ത്‌ `തയക്കവും പയക്കവും' നേടിയവരാണ്‌. അവര്‍ ആധികാരികമായി, വിധിപ്രഖ്യാപനത്തോടൊപ്പം വിളമ്പുന്ന മണ്ടത്തരങ്ങള്‍ കുട്ടികളില്‍ കനത്ത തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുന്നവയാണ്‌. ഇവിടേക്ക്‌ ഇവരെ വിളിക്കുന്ന സബ്‌ജില്ലാ/ജില്ലാ കണ്‍വീനര്‍മാര്‍ തിരിച്ച്‌ അവരുടെ സബ്‌ ജില്ലകളില്‍/ജില്ലകളില്‍ ജഡ്‌ജായിരിക്കുമെന്നത്‌ തീര്‍ച്ച. സദ്യയ്‌ക്കു ദേഹണ്ഡിക്കുന്നവര്‍ തായ്യാറാക്കി സൂക്ഷിച്ച ചാര്‍ത്തുപോലെ, താന്‍ വിധി നിര്‍ണയം നടത്തിവരുന്ന നാല്‌പതോളം ഇനങ്ങളുടെ അച്ചടിച്ച ചാര്‍ത്തുമായി എത്തുന്ന ചില വിദ്വാന്‍മാരും ഉണ്ട്‌. ഇത്തരക്കാര്‍ കലോത്സവ സംഘാടകരുടെ കണ്ണിലുണ്ണികളാണ്‌. ഏതിനത്തിനും ഇരുത്താം. ഏത്‌ ബ്ലാങ്ക്‌ വൗച്ചറിലും ഒപ്പിടീക്കാം.

പരിശീലകരാണ്‌ താരങ്ങള്‍:

കലാപരിശീലകരാണ്‌ ശരിക്കും യുവജനോത്സവത്തിന്റെ താരങ്ങള്‍. ഈ കാലയളവില്‍ ഇവരുടെ വില വാനോളം ഉയരും. കലാതിലകങ്ങളെയും പ്രതിഭകളെയും പടച്ചുവിട്ടിരുന്ന സൂപ്പര്‍ ഗുരുക്കന്മാരെക്കുറിച്ച്‌ വന്ന ഫീച്ചറുകള്‍ എത്ര! ഇപ്പോള്‍ ഔദ്യോഗിക തിലക പ്രതിഭാപ്പട്ടങ്ങള്‍ ഇല്ലെങ്കിലും മാധ്യമങ്ങള്‍ പോയന്റെണ്ണി അവരെ കണ്ടെത്തുകതന്നെ ചെയ്യും. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, കഥകളി, നാടകം തുടങ്ങിയ ഇനങ്ങള്‍ക്കുമാത്രമല്ല; നേരത്തെ അന്തസ്സ്‌ കുറവായിരുന്ന പ്രസംഗം, പദ്യം ചൊല്ലല്‍, മോണോ ആകട്‌, മിമിക്രി തുടങ്ങിയവയ്‌ക്കുപോലും ഇന്ന്‌ പ്രൊഫഷണല്‍ പരിശീലകരുണ്ട്‌. പരിശീലകരോട്‌ ചേര്‍ന്നാണ്‌ എല്ലാ ഒന്നാംസമ്മാനക്കാരും ക്യാമറയുടെ മുന്നില്‍ എത്തുന്നത്‌. കുട്ടികളുടെ സ്വാഭാവികമായ കഴിവുകളുടെ പ്രകാശനമെന്ന നിലയിലുള്ള വിരലിലെണ്ണാവുന്ന ഇനങ്ങള്‍പ്പോലും ഇപ്പോള്‍ കലോത്സവങ്ങളില്ല. കലോത്സവേദികളില്‍ ചൊല്ലാന്‍ മാത്രം എഴുതപ്പെടുന്ന കവിതകളും അവയുടെ ഘനഗംഭീരമായ ആലാപനങ്ങളും സി.ഡി.യില്‍ തയ്യാര്‍. രചനാമത്സരങ്ങളില്‍ പ്രയോഗിക്കേണ്ട തന്ത്രളെക്കുറിച്ചുള്ള വിദഗ്‌ധോപദേശത്തിനും ആളുകളുണ്ട്‌. വിധികര്‍ത്താക്കളെ വീഴ്‌ത്താനുള്ള തന്ത്രങ്ങളാണ്‌ പരിശീലകരുടെ ആയുധപ്പുരയിലെ ബ്രഹ്മാസ്‌ത്രം.
ഓരോ അവതരണങ്ങളും അതുകൊണ്ടുതന്നെ ഇന്ന്‌ മുറുക്കിക്കെട്ടിയ നിലയിലാണ്‌. സ്വാഭാവികമായ ചലനമോ വാക്കോ വികാരങ്ങളോ ഒന്നിലുമില്ല. എല്ലാം പ്രൊഷണല്‍ സ്‌പാര്‍ശമുള്ളത്‌; മുറുകിയത.്‌ താക്കോല്‍ കൊടുത്തു വിട്ട പാവകളെപ്പോലെ ഒരു ചുവട്‌ മാറാതെ അവര്‍ ആടിത്തിമിര്‍ക്കും; പാടിക്കുളിര്‍ക്കും. ഒരു സാക്ഷാത്‌കാരത്തെ കലായാക്കുന്നതിലെ അപൂര്‍വ്വത, കൈക്കാര്യം ചെയ്യുന്ന വ്യക്തിയുടെ ആത്മാവിന്റെ മുദ്രകൂടി അത്‌ വഹിക്കുമ്പോഴാണ്‌. എന്നാല്‍ തന്റേതായ ഒന്നുമില്ലാത്ത ഒരു കുട്ടിയെ സമ്പത്തിന്റെ ബലത്തില്‍ നിരന്തര പരിശീലനത്തിലൂടെ പ്രതിഭയാക്കിയെടുക്കുന്ന, പുഴുവിനെ പൂമ്പാറ്റയാക്കുന്ന വിദ്യ സ്‌കൂള്‍ കലോത്സവത്തിന്റെ കണ്ടുപിടുത്തമാണ്‌.

എന്തിനും ഏതിനും പരിശീലകരെ ലഭിക്കുന്ന അവസ്ഥയാണ്‌ ചില പ്രത്യേക വിഭാഗങ്ങളെ പരിഗണിക്കാനായി ഉള്‍പ്പെടുത്തിയ ഇനങ്ങള്‍ക്ക്‌ (തമിഴ്‌, കന്നട ഇവ മാതൃഭാഷയായുള്ളവര്‍ക്കുള്ള പദ്യപരായണം, വടക്കേ മലബാറിലെ അനുഷ്‌ഠാനകലാരൂപമായ പൂരക്കളി മുതലായവ), വിഭാഗമോ ദേശമോ ഒന്നുമില്ലാതെ മറ്റേതൊരു ഇനത്തേയുംപോലെ കൈയാങ്കളിവരെയെത്തുന്ന വാശിയേറിയ മത്സരയിനമായി സംസ്ഥാനതലത്തില്‍ സ്ഥാനം നേടിക്കൊടുത്തത്‌. അത്യുത്തര കേരളത്തിലെ പൂരോത്സവത്തോടനുബന്ധിച്ച്‌ നടക്കുന്ന പൂരക്കളിക്ക്‌, ഇവിടുത്തെ പൂരമോ പാടുന്നപാട്ടിലെ സാംസ്‌കാരിക ചിഹ്നങ്ങളോ ഒന്നും പരിചയമില്ലാത്ത, കോട്ടയത്തേയും ഇടുക്കിയിലേയും കുട്ടികള്‍ ഒന്നാംസ്ഥാനം നേടുന്നതും (അവരുടെ ഭാഷയില്‍ തുള്ളിക്കളി), ഒരിക്കല്‍ മത്സരിക്കാന്‍ ആളില്ലാതിരുന്ന തമിഴ്‌, കന്നട പദ്യം ചൊല്ലലുകളെ കലോത്സവതാരങ്ങളുടെ ഇഷ്‌ടഇനമായി മാറ്റിയതും പരിശീലകരുടെ അപദാനകഥകളില്‍ ചിലതുമാത്രം. തനിമയുള്ള കലാരൂപങ്ങളെ അതിന്റെ സാംസ്‌കാരിക ഭൂമികയില്‍ നിന്നകറ്റി അഞ്ചും പത്തും മിനിറ്റിലൊതുക്കി കച്ചവടം ചെയ്യുമ്പോള്‍, ഒരു ജനതയുടെ കൂട്ടായ്‌മയേയും അതിലുടെ അവര്‍ വളര്‍ത്തിയെടുത്ത ചുവടുകളെയും താളങ്ങളെയും വായ്‌ത്താരികളെയുമാണ്‌ വിറ്റുതിന്നുന്നതെന്ന്‌ ഇവര്‍ അറിയുന്നില്ല. ഓരോ കലാരൂപത്തിനും അതിന്റേതായ തുടക്കവും വളര്‍ച്ചയും സമാപനവും അവതരണത്തിലുണ്ടാവും കലോത്സവങ്ങള്‍ക്കാവശ്യം ഇതില്‍ നടുക്കഷണം മാത്രമാണ്‌. മുന്‍പിന്‍ ബന്ധമില്ലാത്തതും എന്നാല്‍ മാംസളവുമായ ഈ നടുക്കഷണമാണ്‌ ഒരു കലാരൂപമെന്ന നിലയില്‍, അത്‌ പ്രചാരത്തിലില്ലാത്ത മറ്റിടങ്ങളില്‍ അറിയപ്പെടുന്നത്‌. സമ്മാനം മാത്രം ലക്ഷ്യമാകുമ്പോള്‍ സ്വാഭാവികമായും അയഞ്ഞ ഭാഗങ്ങള്‍ക്ക്‌ പഥ്യം കുറയുകയും വിധികര്‍ത്താക്കളെ പിടിച്ചിരുത്താനുള്ള ചുവടുകള്‍ക്കും താളങ്ങള്‍ക്കും രസങ്ങള്‍ക്കും പ്രിയമേറുകയും ചെയ്യും. മാത്രമല്ല,സമ്മാനം വാങ്ങിച്ചുകൊടുത്താല്‍ മാത്രമേ കരാര്‍ പ്രകാരം ഉറപ്പിച്ച മുഴുവന്‍ തുകയും പരിശീലകന്‌ ലഭിക്കു.

കല സംഘാടനത്തിനുവേണ്ടി:

സ്‌കൂള്‍ തലം മുതലുള്ള കലോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനായി എത്രമാത്രം പണവും മനുഷ്യാധ്വാനവും ചെലവഴിക്കുന്നണ്ടെന്നാലോചിച്ചിട്ടുണ്ടോ? കുട്ടികളുടെ ആവശ്യത്തിനായി സ്‌കൂളില്‍ ചെലവിടുന്ന ഏറ്റവും വലിയ തുക കലോത്സവവുമായി ബന്ധപ്പെട്ടാണ്‌. സംസ്ഥാനയുവജനനോത്സവം കഴിഞ്ഞെത്തുമ്പോഴേക്കും പല സ്‌കൂളുകളുടേയും കലോത്സവ ഫണ്ട്‌ രണ്ടും മൂന്നും ലക്ഷം കഴിഞ്ഞിട്ടുണ്ടാവും. സ്‌കൂള്‍തലത്തില്‍ തന്നെ വിശാലമായ പന്തല്‍, ലൈറ്റ്‌& സൗണ്ട്‌, മേക്കപ്പ്‌, വാടകയ്‌ക്കെടുക്കുന്ന വസ്‌ത്രങ്ങള്‍, വാങ്ങിക്കൂട്ടുന്ന ഫാന്‍സി ഇനങ്ങള്‍..മിക്ക സ്‌കൂളുകള്‍ക്കും പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയ്‌ക്കുള്ളതുക ഇവിടെത്തന്നെ ചെലവാകും. ഓരോ രക്ഷകര്‍ത്താവും പരിശീലനത്തിനും മറ്റും ചെലവിടുന്ന പണം ഇതിനുപുറമെയാണ്‌. സബ്‌ജില്ലാ, ജില്ലാ യുവജനോത്സവങ്ങളുടെ ബഡ്‌ജറ്റ്‌ പത്ത്‌ ലക്ഷത്തിനടുത്തുവരും. സംസ്ഥാനയുവജനോത്സവത്തിന്‌ കോടിയിലധികവും. ഓരോ ഘട്ടത്തിലും, ഇത്‌ എന്തിനാണ്‌ ?ഇതിന്റെ പ്രയോജനമെന്താണ്‌ ?എന്നൊന്നും ആലോചിക്കാതെ അതതുപ്രദേശത്തെ ജനങ്ങള്‍ രാപ്പകല്‍ അധ്വാനിച്ചാണ്‌ കലോത്സവം ഗംഭീര വിജയമാക്കിത്തീര്‍ക്കുന്നത്‌. സ്‌കൂളില്‍ കലോത്സവ കാര്യങ്ങളില്‍ താത്‌പര്യമെടുക്കുന്ന അധ്യാപകര്‍ക്ക്‌ നഷ്‌ടപ്പെടുന്ന ക്ലാസുകളെത്ര! ഗ്രൂപ്പ്‌ ഇനങ്ങളുടെ പരിശീലനത്തിനായി കലോത്സവംമടുത്ത ദിവസങ്ങളില്‍ സ്‌കൂളില്‍ ക്ലാസുകള്‍ നടക്കാറേയില്ല. ഒക്‌ടോബര്‍, നവമ്പര്‍ മാസങ്ങളിലെ എല്ലാ സ്‌കൂള്‍ പ്രവര്‍ത്തനവും കലോത്സവത്തെ ചുറ്റിപ്പറ്റിയാണ്‌.

സംഘടാനമികവിന്റെ അടിസ്ഥാനത്തിലാണ്‌ സബ്‌ജില്ല മുതല്‍ സംസ്ഥാനതലം വരെയുള്ള കലോത്സവങ്ങള്‍ വിജയമാണോ പരാജയമാണോ എന്ന്‌ വിലയിരുത്തപ്പെടുന്നത്‌. സബ്‌ജില്ല മുതല്‍ വിവിധ സബ്‌കമ്മറ്റികളുടെ ചുമതല അധ്യാപകസംഘടനകള്‍ക്കാണ്‌. പ്രോംഗ്രാം, ദക്ഷണം എന്നീ അഭിമാനക്കമ്മറ്റികള്‍ പ്രബല അധ്യാപക സംഘടനകള്‍ വര്‍ഷതോറും വീതം വെക്കാറാണ്‌ പതിവ്‌. ശേഷിക്കുന്ന കമ്മറ്റികള്‍ ദുര്‍ബലവിഭാഗങ്ങള്‍ നോക്കിക്കൊള്ളും. ആരുടെയൊക്കെയോ ദയാദാക്ഷിണ്യം കൊണ്ട്‌ വീണുകിട്ടിയ അംഗീകാരത്തിന്റെ ബലത്തില്‍ നിലനില്‌ക്കുന്ന ഈര്‍ക്കിലി സംഘടനകള്‍ക്ക്‌ ആളും അര്‍ത്ഥവും കുട്ടാനുള്ള സുവര്‍ണാവസരമാണ്‌ കലോത്സവ നടത്തിപ്പ്‌. കമ്മറ്റികളുടെ ചുമതലകളുള്ള അധ്യാപക സംഘടനകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കുട്ടികളെയാണ്‌ പലപ്പോഴും ബാധിക്കാറുള്ളത്‌. തങ്ങളുടെ സംഘടനാബലത്തിന്റെയും സംഘടകമികവിന്റെയും കൊടിയടയാളമായി കലോത്സവ നടത്തിപ്പിനെ കാണുമ്പോള്‍ പലപ്പോഴും അയവില്ലാത്തതും കര്‍ക്കശവുമായ നിലപാടിലേക്ക്‌ അവര്‍ എത്തപ്പെടുന്നു. വിജയത്തിന്റെ അടിസ്ഥാനം അതാണ്‌. ഒരുങ്ങിയിറങ്ങിയ കുട്ടിയുടെ പ്രകടനത്തേക്കാള്‍ പ്രധാനം നിശ്ചയിച്ച സമയത്ത്‌ പരിപാടികള്‍ നടത്തിത്തീര്‍ക്കുക എന്നതാണ്‌, യോഗ്യരായ വിധികര്‍ത്താക്കളെകൊണ്ടു വരിക എന്നതിനുപകരം വിശ്വസ്‌തരായവരെ വിളിക്കുക എന്നതാണ്‌.

കലോത്സവങ്ങളുടെ ഇര:

കലോത്സവങ്ങളെപ്പോലെ കുട്ടികളില്‍ സംഘര്‍ഷം സൃഷ്‌ടിക്കുന്ന മറ്റൊന്നും സ്‌കൂളുകളില്‍ ഇന്നുണ്ടെന്നു തോന്നുന്നില്ല. അമിതമായ ഉത്‌കണ്‌ഠകള്‍ കുട്ടികളുടെ മനസ്സിലേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ,്‌ നിലനിന്നുപോന്നിരുന്ന മൂന്ന്‌ പരീക്ഷകളെ രണ്ടാക്കിചുരുക്കാന്‍ പോലും സര്‍ക്കാറിനെ പ്രേരിപ്പിച്ചത്‌. കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വിവിധഘട്ടങ്ങളില്‍ അനുഭവിക്കുന്ന ഭീകരമായ സംഘര്‍ഷങ്ങളുമായി താരതമ്യം ചെയ്‌താല്‍ പരീക്ഷപ്പേടി വെറും ഉമ്മാക്കി മാത്രം. കലോത്സവവേദിയുടെ അരങ്ങില്‍ നിന്നും അണിയറയില്‍ നിന്നും മാത്രമല്ല, ഒരു ഇനത്തിന്റെ പരിശീലനം ആരംഭിക്കുന്ന ദിവസം മുതല്‍ കുട്ടി ഇതിന്‌ വിധേയനാണ്‌ വിധേയയാണ്‌. അക്കാദമിക്‌ മികവില്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ വരാന്‍ കഴിയാത്ത മധ്യവര്‍ഗ്ഗമാണ്‌, കുട്ടികളെ ഈ ബഢവാഗ്‌നിയിലേക്ക്‌ തള്ളിവിടുന്നത്‌. സ്‌കൂളിലെ അധ്യാപകരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുന്ന പൊങ്ങച്ചം ഭാഗ്യമുണ്ടെങ്കില്‍ സംസ്ഥാന തലം വരെ കൊണ്ടുപോകാവുന്നതാണ്‌.

പക്കമേളക്കാരുടെ താന്‍ പോരിമയ്‌ക്ക്‌ മങ്ങലേല്‍പ്പിക്കാന്‍ കഴിഞ്ഞെങ്കിലും, മൈക്ക്‌ സെറ്റ്‌കാരന്റെ ലോക്കല്‍ പ്ലെയറില്‍ എപ്പോഴും നിന്നുപോകാവുന്ന സി.ഡി. നൃത്ത ഇനത്തിലെ കുട്ടിക്ക്‌ നല്‍ക്കുന്ന ഉത്‌കണ്‌ഠ വിവരണാധീതമാണ്‌. എത്രകഴിവുണ്ടെങ്കിലും സ്‌കൂളില്‍ത്തന്നെ പരിശീനം ഏര്‍പ്പെടുത്തിയ ഇനങ്ങളില്‍ പങ്കാളികളാവണമെങ്കില്‍ ഓരോ കുട്ടിയും നിശ്ചിതതുക കണ്ടെത്തിയേ പറ്റൂ. കഴിവും താത്‌പര്യവും കൊണ്ടുമാത്രം ഏതെങ്കിലും ദരിദ്രനായ ഒരു കുഞ്ഞ്‌ ഈ ഇനത്തില്‍പെട്ടുപോയിട്ടുണ്ടങ്കില്‍ അവന്‍ അനുഭവിക്കേണ്ടി വരുന്ന അപമാനം ഭീകരമായിരിക്കും. മിക്ക പരിശീലകരുടേയും ഭാവവും ഭാഷയും സര്‍ക്കസ്സിലെ മൃഗശിക്ഷകന്‍മാരില്‍ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ല. പത്ത്‌ രൂപ കുട്ടികളുടെ പരിപാടിക്കായി സംഭവന ചെയ്യണമെന്ന ചര്‍ച്ച സ്റ്റാഫ്‌ റൂമില്‍ എത്തിയാല്‍, `കാശുള്ളവരെ കുട്ടിയാല്‍മതി, ഇതൊന്നും സ്റ്റാഫിന്റെ ചുലതലയല്ലെന്ന്‌' എടുത്തടിക്കുന്ന സാറമ്മാരാണല്ലോ മിക്കയിടത്തും. ആരുടെ താത്‌പര്യങ്ങള്‍ക്കാണ്‌ നമ്മുടെ സ്‌കൂള്‍ കലോത്സവത്തില്‍ മുന്‍തൂക്കം എന്ന്‌ ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്‌. ഏറ്റവും ചുരുക്കത്തില്‍ എന്തായാലും അത്‌ കുഞ്ഞുങ്ങളുടേതല്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. വേദികള്‍ക്കുപിന്നിലും പ്രോംഗ്രാം കമ്മറ്റി ഓഫീസിലും പൊട്ടിച്ചിതറുന്ന കണ്ണീരിന്റെ പരലുകള്‍ക്ക്‌ വര്‍ഷം കഴിയുന്തോറും വര്‍ദ്ധന മാത്രമേ ഉണ്ടാകുന്നുള്ളൂ. നിസ്സാരമായ പിഴവുകള്‍ക്കുകൂടി ഇവിടെ ശിക്ഷ കനത്തതാണ്‌. സാങ്കേതികമായി വരുന്ന എല്ലാ പിഴവിന്റെയും രക്തസാക്ഷി കുഞ്ഞുങ്ങളാണ്‌. രാത്രി വൈകിവരെ നീളുന്ന അവതരണങ്ങള്‍, വേഷവും മേക്കപ്പുമിട്ട്‌, മറ്റ്‌ ചിലപ്പോള്‍ മേക്കപ്പ്‌ മുഴുമിപ്പിക്കും മുമ്പേ സ്റ്റേജിലേക്കുള്ള ഓട്ടം (തിരക്കില്‍ ഉടുത്ത കെട്ടിയ വേഷ്‌ടിയും മുണ്ടും അഴിഞ്ഞു വീഴുമോ എന്നതിലല്ലാതെ തിരുവാതിരക്കളിയുടെ പാട്ടിലോ താന്‍ ശ്രദ്ധിച്ചേയില്ലെന്ന്‌ ഒരു കുട്ടിയുടെ സാക്ഷ്യം), ചാക്യാര്‍കൂത്തിന്റെ വേഷമഴിക്കാതെ അറബിപദ്യം ചൊല്ലാനുള്ള ജാള്യത, അര്‍ഹതയുടെ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനങ്ങള്‍, ചിലപ്പോള്‍ കാരണ്യം തേടി ഹൈക്കോടതിവരെയുള്ള യാത്ര... ഇതിലും തീക്ഷ്‌ണമായ സങ്കടങ്ങളിലേക്ക്‌ ഒരു കുട്ടിയെ കലോത്സവത്തിനല്ലാതെ മറ്റെന്തിന്‌ തള്ളിവിടാനാകും.

കലാപ്രകടനങ്ങള്‍ക്കുള്ള വേദിയെന്ന നിലയില്‍ ഇന്ന്‌ ആരെങ്കിലും കലോത്സവവേദികളെ പരിഗണിക്കാറുണ്ടോ? ആരാണ്‌ സബ്‌ ജില്ലാ, ജില്ലാ, സംസ്ഥാനകലോത്സവങ്ങളിലെ പ്രേക്ഷകര്‍? വേദികളില്‍ നിന്നും വേദികളിലേക്കുള്ള മത്സരാര്‍ത്ഥികളുടേയും അകമ്പടിക്കരുടേയും ഓട്ടത്തിനിടയില്‍ ഏകാഗ്രമായി നടക്കേണ്ട കലാസ്വാദനത്തിന്‌ ആര്‍ക്കാണ്‌ നേരം. തങ്ങളുടെ ഊഴമാകാന്‍ കാത്തിരിക്കുന്ന കുറേ കുട്ടികളും അവരൊത്തുവന്ന രക്ഷകര്‍ത്താക്കളും അധ്യാപകരുമല്ലാതെ ആരാണ്‌ വേദികള്‍ക്കുമുന്നില്‍ ഉള്ളത്‌. അവര്‍ അന്വേഷിക്കുന്നതാവട്ടെ തങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ മെച്ചമാണോ ഇത്‌? ഇവര്‍ക്ക്‌ വല്ല ചുവടും പിഴക്കുന്നണ്ടോ? ആര്‍ക്കാവും സമ്മാനം? എന്നതുമാത്രം. മാധ്യമപ്രവര്‍ത്തകരും, അവതരണമികവിനപ്പുറം, ബൈലൈന്‍ സ്റ്റോറിയായി വല്ലതും കിടയ്‌ക്കുമോ എന്ന കഴുകന്‍ കണ്ണുകളുമായാണ്‌ വേദിക്കരികിലൂടെ പറന്നു നടക്കുന്നത്‌. കലോത്സവത്തിന്റെ പേരില്‍ അല്ലാതെ, കലയുമായി ബന്ധപ്പെട്ട മറ്റൊന്നിനും- അത്‌ കല പകരുന്ന അനുഭൂതികളാവട്ടെ, മറ്റെന്തുമാവട്ടെ- ഈ സര്‍വ്വേ നമ്പറില്‍ പ്രവേശനമില്ലെന്ന കാര്യം ഇതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും- കുട്ടികള്‍ക്കൊഴികെ -ഇന്നറിയാം.

ക്രേന്ദീകരിച്ചുള്ള കലോത്സവങ്ങള്‍ പ്രസക്തമായ ഭൂതകാലത്തില്‍ നിന്നും ഭിന്നമാണ്‌ ഇന്നത്തെ സാധ്യതകളും പഠനത്തോടുള്ള നമ്മുടെ സമീപനവും. കുട്ടികളുടെ സര്‍ഗാത്മകമായ മികവുകളെ അന്ന്‌ ക്ലാസ്‌ മുറിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. കാണാപ്പാഠം പഠിക്കലും ആവര്‍ത്തിച്ചുറപ്പിക്കലും മുറജപമായിരുന്ന അക്കാലത്ത്‌ ഇത്തരം വേദികള്‍ക്ക്‌ പ്രതിഭകളുടെ അവതരണസ്ഥലങ്ങളെന്ന നിലയ്‌ക്ക്‌ സാംഗത്യമുണ്ടായിരുന്നു. അന്ന്‌ യുവജനോത്സവ വിജയികള്‍ക്ക്‌ ഗ്ലാമറോ, മുന്‍പേജിലെ കളര്‍ചിത്രമാവാനുള്ള യോഗമോ, സിനിമ/സീരിയല്‍ സ്വപ്‌നങ്ങളോ, ഗ്രേസ്‌ മാര്‍ക്കുകളോ, പ്രൊഷണല്‍ സീറ്റുകളിലെ സംവരണമോ ഉന്നമല്ലായിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ കൊട്ടിഘോഷിക്കപ്പെട്ട്‌ നടത്തപ്പെടുന്ന മേളകളിലല്ല സ്‌കൂളിലെ സര്‍ഗാത്മകതയുടെ മുളകള്‍ അന്വേഷിക്കേണ്ടത്‌. ക്ലാസ്‌മുറിക്കകത്തും പുറത്തും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന എത്രയോ ചെറിയ ചെറിയ ആഘോഷങ്ങള്‍, ദിനാചരണങ്ങള്‍, ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെ സജീവമായ പങ്കാളിത്തവും ആവിഷ്‌കരണങ്ങളും പ്രതിഭയുടെ തിളക്കമല്ലെങ്കില്‍ പിന്നെന്താണത്‌? ഭാഷാ ക്ലാസുമുറികളില്‍ നടക്കേണ്ടുന്ന രചനാപ്രവര്‍ത്തനങ്ങള്‍, ആടാനും പാടാനുമുള്ള നിരന്തരമായ സന്ദര്‍ഭങ്ങള്‍, ശാസ്‌ത്ര സാമൂഹിക ശാസ്‌ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട്‌ തയ്യാറാക്കുന്ന ഉത്‌പന്നങ്ങള്‍, കണ്ടെത്തലുകള്‍ ഇവയിലൊക്കെക്കൂടിയും ഒരു കുട്ടിയുടെ സര്‍ഗാത്മകതയുടെ ആഴം കണ്ടെത്താന്‍ സ്‌കൂളില്‍ കഴിയില്ലേ? ഭീമമായ പണചെലവോ, നിരവധി വര്‍ഷം നിണ്ടുനില്‍ക്കുന്ന.പരിശീലനമോ ഇവിടെ വിജയിയെ നിശ്ചയിക്കുന്നതിന്‌ അടിസ്ഥാനമാകുന്നില്ല. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ വിശ്വാസത്തിലെടുക്കാനും ഏറ്റെടുക്കാനും നമുക്ക്‌ കഴിയുമോ എന്നതാണ്‌ ചോദ്യം ഇങ്ങനെ കണ്ടെത്തുന്ന പ്രതിഭകളുടെ സര്‍ഗാത്മകായ ആവിഷ്‌കാരത്തിന്‌, നാം കെട്ടിപ്പൂട്ടിവെച്ച സ്‌കൂള്‍ വാര്‍ഷികങ്ങളെ ഒന്ന്‌ മിനുക്കിയെടുക്കുകയേ വേണ്ടതുള്ളൂ. വാര്‍ഷികാഘോഷങ്ങളും നാടിന്റെ ഉത്സവങ്ങളാവട്ടെ. അവിടെ മത്സരങ്ങളില്ല. തെരഞ്ഞെടുപ്പില്ല. പ്രതിഭാപട്ടമില്ല. രക്ഷകര്‍ത്താക്കളും നാട്ടുകാരും സമീപസ്‌കൂളിലെ കുട്ടികളും സ്‌കൂളിലെത്തട്ടെ. മൂന്നോ നാലോ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ അവര്‍ ഉല്ലാസത്തോടെ അവരുടെ സര്‍ഗാത്മകതയ്‌ക്ക്‌ ചിറകുനല്‍കുക തന്നെ ചെയ്യും.

2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

യഹിയമാഷും തീപ്പിടിച്ചോനും

സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ്‌ (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന്‌ ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച്‌ കുപ്പായമിട്ട്‌ അന്ന്‌ നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച്‌ നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക്‌ പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ്‌ സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക്‌ കൈയ്യും കൊടുത്ത്‌ പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത്‌ മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ്‌ ഒന്ന്‌ മിന്നി. മൂക്കുകൊണ്ട്‌ മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന്‌ തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക്‌ കുതിച്ചെത്തിയ മാഷോട്‌ ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന്‌ എത്തിയിട്ട്‌ രണ്ട്‌ മൂന്ന്‌ ദിവസമായി. എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര്‌ ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്‌.

എസ്‌.എസ്‌.എല്‍.സികാരനാണെങ്കിലും ബി.എ.കാരന്റെ ആകാരസുഷമയാണ്‌ അഴകന്‌. രാവിലെ നടന്ന ഒരടികലശലിന്റെ പേരില്‍ മൂപ്പര്‍ അപ്പോള്‍ ഇറങ്ങിനടന്നതാണ്‌. ഒരു വിവരവും ലഭിക്കാതെ വൈകുന്നേരം വരെ വേവലാതിപ്പെട്ടിരിക്കയായിരുന്നു. നാടും നാട്ടാരെയും തെരിയാത്ത ചിന്നപ്പൈതല്‍ ഇപ്പോള്‍ ഒരു വിവരം കിട്ടിയിട്ടുണ്ട്‌, ആള്‌ കാരന്തൂര്‌ എത്തിയിട്ടുണ്ട്‌ എങ്ങനെ കൊണ്ടുവരും. താന്‍ തനിയെ ചെന്ന്‌ പറഞ്ഞാല്‍ തിരട്ടുപ്പശല്‍ എന്തായാലും കേക്കുമാട്ടെ.

പ്രശ്‌നം അപ്പോഴേക്കും ഏറ്റെടുത്ത കഴിഞ്ഞ മാഷ്‌ ഉടന്‍ തന്നെ തന്റെ സ്ഥിരം ഓട്ടോക്കാരനായ കോയസ്സനെ മൊബൈലില്‍ വിളിച്ചു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ വലിയ പ്രയാസമില്ലാതെ ഉപേക്ഷിച്ചു വരാവുന്നത്രയും വര്‍ക്കിംഗ്‌ കണ്ടീഷനോടുകൂടി
ഓട്ടോയുമായി സ്ഥിരം കുറ്റി കോയസ്സന്‍ റെഡി. ഗാങ്ങിലെ അടുത്ത അംഗമായ സക്കീറിനെ വിളിച്ച്‌ വഴിയില്‍ നില്‍ക്കാന്‍ ശട്ടം കെട്ടി. ഓട്ടോ വിട്ടു. മാഷിനു പുറമേ ചെല്ലപ്പണ്ണനും വഴിയില്‍ നിന്ന്‌ കയറിയ സക്കീറുമായി ഓട്ടോ കാരന്തൂര്‌ എത്തി.

വെയിറ്റിംഗ്‌ ഷെഡ്ഡില്‍ നടന്നു ക്ഷീണിച്ച കുട്ടിപ്പുലി വീറോടെ ബലം പിടിച്ച്‌ ഇരിക്കയാണ്‌. യഹിയമാഷ്‌ ഒന്നേന്ന്‌ തൊട്ട്‌ തുടങ്ങി. കുടുംബം പോറ്റാന്‍ കണ്ടവന്റെ താടിയും മുടിയും വെട്ടുന്ന ചേട്ടന്റെ വേവലാതിയില്‍ തുടങ്ങി സ്ഥലത്തെ അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിലൂടെ മുന്നേറിയ പ്രഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ പയ്യന്‍
പുലിക്കണ്ണുകളില്‍ തീ പിടിപ്പിച്ച്‌ മാഷെ നോക്കി മുരണ്ടു.

"നീങ്കള്‍ ശൊല്ലരത്‌ എനക്ക്‌ തെരിയ മാട്ടെ എനിക്ക്‌ മലയാളം തെരിയാത്‌." എന്തിനും തയ്യാറായ സക്കീറും കോയസ്സനും അപ്പോഴേക്കും പുലിയെ വളഞ്ഞിരുന്നു.
എല്ലാവരും ചേര്‍ന്ന് ചെറുക്കനെ തൂക്കിയെടുത്തു. കോയസ്സന്‍ ചഡാക്ക്‌ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തതും ചെറുക്കന്റെ നിലവിളി പൊങ്ങിയതും ഒരുമിച്ചായിരുന്നു. വണ്ടിയുടെ ശബ്‌ദത്തേക്കാള്‍ കുറഞ്ഞ ആംപിയറില്‍ വണ്ടിയില്‍ നിന്ന്‌ ഒരു മുരള്‍ച്ച കേട്ട്‌ ആളുകള്‍ പുരികമുയര്‍ത്തുമ്പോഴേക്കും വണ്ടി അങ്ങാടി വിട്ടിരുന്നു.

ഓട്ടോയിലിരുന്ന്‌ തമിഴ്‌പുലി കുതറി, മറിഞ്ഞ്‌ പുറത്തേക്ക്‌ ചാടാനാഞ്ഞു. ചെല്ലപ്പണ്ണനും, യഹിയമാഷും, സക്കീറും ചേര്‍ന്ന്‌ പുലിയുടെ തലയും,കൈയും,കാലും,ഉടലും പൊതിഞ്ഞ്‌ പിടിച്ചു. ചെക്കന്‍ ഉച്ചത്തില്‍ നിലവിളി തുടങ്ങി. കാപ്പാത്തുങ്കോ..... കാപ്പാത്തുങ്കോ......വലത്തെ കൈകൊണ്ട്‌ കഴുത്തിനുളള പിടുത്തം വിടാതെ മാഷ്‌ ഇടത്തെക്കൈ കൊണ്ട്‌ ചെറുക്കന്റെ വായ പൊത്തി. കുതറലിനിടയില്‍ മാഷുടെ കൈ ചെറുക്കന്റെ വായിലായതും അപ്പോഴേക്കും വണ്ടി ഒരു ഗട്ടറില്‍ വീണതും തൊണ്ട പൊട്ടുമ്പോലെ മാഷ്‌ നിലവിളിച്ചതും ഒരുമിച്ചായിരുന്നു. വിടെടാ.........മോനേ.......കടി.......വിടെടാ......മോനേ..........
പുലിയുടെ പല്ലിനടിയില്‍ ഒരു റാത്തല്‍ മാംസം നഷ്‌ടപ്പെടുന്നതിനു മുമ്പേ മാഷ്‌ ഒരുവിധം കൈ പാട്ടിലാക്കിയതും ചെറുക്കന്‍ കരച്ചിലിന്റെ സൗണ്ട്‌ പൂര്‍വ്വാധികം ശക്തിയാക്കി.

അപ്പോഴേക്കും വാഹനം മൂഴിക്കല്‍ അങ്ങാടിയിലെത്തിയിരുന്നു. രാത്രി പത്തരമണിയായിട്ടും അങ്ങാടിയില്‍ ആളുകള്‍ കുറവല്ല. ആമവേഗത്തില്‍ കുതിക്കുന്ന വണ്ടിയില്‍ നിന്നും തമിഴില്‍ അലമുറയുയരുന്നത്‌ കേട്ട്‌ ആളുകള്‍ എത്തിനോക്കാന്‍ തുടങ്ങി. യഹിയമാഷുടെ മൊത്തം സ്വന്തക്കാരും, ബന്ധുക്കളും ഇടതിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ്‌ മൂഴിക്കല്‍‍. സ്വന്തം വകയായും ,ബീടര്‍ വകയായും ഉള്ള അനേകം ഇളയപ്പന്‍മാരും, കാരണവന്‍മാരും, മരുമക്കളുമടക്കം വൈകുന്നേരത്തെ ഈ ആള്‍ക്കൂട്ടത്തില്‍ ഉണ്ടാകുമെന്ന്‌ ഉറപ്പുളളതു കൊണ്ട്‌ മാഷ്‌ വണ്ടിയില്‍ തല പരമാവധി താഴ്‌ത്തിയിരുന്നു.

ഇതൊന്നും അറിയാതെ
മൂഴിക്കല്‍‍ അങ്ങാടിയുടെ കേറ്റത്തില്‍ ഒരു വേവലാതിയുമില്ലാതെ വണ്ടി കരിംപുക തുപ്പി നിന്നു. ഇക്കുറിയും വണ്ടി ഉപേക്ഷിച്ച്‌ തമിഴനേയും കൊണ്ട്‌ കടക്കാന്‍ ആലോചിക്കുന്നതിനിടയില്‍ തന്നെ ആളുകള്‍ വണ്ടി വളഞ്ഞിരുന്നു. താഴ്‌ത്തിപ്പിടിച്ച മുഖം ഉയര്‍ത്താതെ മാഷ്‌ ഇടംകണ്ണിട്ട്‌ വളഞ്ഞുനില്‍ക്കുന്ന ആളുകളെ നോക്കി. ശേഷിക്കുന്ന ബോധവും ഏകദേശം പോകുമെന്ന നിലയിലായി.
പടച്ചോനേ........തീപ്പിടിച്ചോന്‍......

തീപ്പിടിച്ചോന്‍ എന്ന് ആളുകള്‍ക്കിടയില്‍ ആദരപൂര്‍വ്വം വിളികൊണ്ടിരുന്ന സ്ഥലത്തെ പ്രധാന കേഡി പിരിച്ച മീശയുമായി റെഡിയായി നില്‍പ്പുണ്ട്‌, കൂടെ സ്ഥിരം ഗുണ്ടാസംഘവും. ചെക്കന്‍ സന്ദര്‍ഭം ഒന്നുകൂടി മൊതലാക്കാന്‍ കരച്ചിലിന്റെ സൗണ്ട്‌ മാക്‌സിമമാക്കി. ഓട്ടോയില്‍ സൈഡില്‍ ഇരിക്കുന്ന സക്കീറിനെയാണ്‌ നൂറുകൈകള്‍ ചേര്‍ന്ന്‌ ആദ്യം പുറത്തേക്ക്‌ പൊക്കിയെടുത്തത്‌.

ചെല്ലപ്പനണ്ണന്റെ അനിയനാണ്‌..........ഒളിച്ചുപോയടുത്തുനിന്ന്‌ കൂട്ടിക്കൊണ്ടുവരികയാണ്‌........... അവിടെയും, ഇവിടെയുമായി ഓരോന്ന്‌ വീഴുന്നതിനിടയില്‍ സക്കീര്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ചെല്ലപ്പണ്ണനും സ്വയമറിയാതെ പുറത്തെത്തിയിരുന്നു.

'ആമ സര്‍..... ഏങ്ക തമ്പി സര്‍.....' കുട്ടിപ്പുലി അപ്പോഴേക്കും കരച്ചില്‍ നിര്‍ത്തി പുറത്തെത്തിയിരുന്നു.
'നിന്റെ ചേട്ടനാണോടാ ഇത്‌....... നീ ഒളിച്ചു പോയതാണോടാ?' തീപ്പിടിച്ചോന്റെ തീപാറുന്ന ചോദ്യം. അതുവരെ മലയാളം തെരിയാതിരുന്ന ചെക്കന്‍ ശുദ്ധ തമിഴില്‍ ചൊല്ലി
അല്ല സര്‍ .........ഇത്‌ യാരെന്ന്‌ എനക്ക്‌ തെരിയാത്‌.

സക്കീറിനേയും ചെല്ലപ്പണ്ണനേയും ഓട്ടോറിക്ഷയുടെ ബോഡിയില്‍ ചേര്‍ത്തി നിര്‍ത്തിയുളള പ്രയോഗം ആരംഭിച്ചതും റിക്ഷ മറിഞ്ഞുവീഴുമോ എന്ന്‌ തലകുമ്പിട്ടിരിക്കുന്ന മാഷ്‌ പേടിക്കാന്‍ തുടങ്ങിയതും ഒരു എച്ച്‌. എസ്‌. എ ആയ മാഷെ പുഷ്‌പം പോലെ ആരോ പുറത്തേക്ക്‌ വലിച്ചെടുത്തതും ഒരുമിച്ചായിരുന്നു. ഒരു എച്ച്‌.എസ്സ്‌.എ യുടെ അന്തസ്സിനുചേര്‍ന്ന വിധം തീപ്പിടിച്ചോന്‍ തന്നെയാണ്‌ മാഷെ സല്‍ക്കരിക്കാന്‍ തുടങ്ങിയത്‌. ബോംബ്‌ പൊട്ടുന്ന ശബ്‌ദത്തോടൊപ്പം കണ്ണിന്റെ കോണില്‍ നിന്നും നൂറുകണക്കിന്‌ നക്ഷത്രങ്ങള്‍ തെറിച്ചു പോയിക്കൊണ്ടിരിക്കുന്നതുമേ മാഷ്‌ അറിഞ്ഞുള്ളൂ. പ്രത്യേകിച്ച്‌ വേദനയൊന്നും തോന്നിയില്ല. അപ്പോഴേക്കും ഇടതുകൈ ആദ്യത്തേതിനേക്കാള്‍ കനത്ത രീതീയില്‍ ബോംബിന്റേയും നക്ഷത്രത്തിന്റേയും ഇഫക്‌ട്‌ ഒന്നുകൂടി ഉണ്ടാക്കി. ഇതിനിടയിലും തീപ്പിടിച്ചോന്‌ ഇടതുകൈയ്യാണ്‌ കൂടുതല്‍ വശമുളളത്‌ എന്ന കാര്യം മാഷ്‌ ആലോചിച്ചിരുന്നു.

അപ്പോഴേക്കും നിലംപരിശായ അണ്ണനെ കണ്ട്‌ അല്‍പ്പം അലിവു വന്ന കരിമ്പുലിയില്‍ നിന്നും `ഇത്‌ ഏല്‍ അണ്ണന്‍ താന്‍ സാര്‍' എന്ന അമൃതവര്‍ഷിനി പെയ്‌തിറങ്ങിയിരുന്നു. അമ്പരന്ന ജനം എന്തുവേണമെന്നറിയാതെ സതംഭിച്ചുനില്‍ക്കുന്നതിനിടെ, ഇടിമിന്നലിന്റെ ഫലമായി കറണ്ടുപോയതുപോലെ മൊത്തം ഇരുണ്ടുകിടക്കുന്ന അങ്ങാടിയിലൂടെ മാഷ്‌ ആടി ആടി അല്‍പ്പം മുന്നോട്ട്‌ നീങ്ങി. ഒഴിഞ്ഞ ഒരു പീടികത്തിണ്ണയില്‍ ചെന്ന്‌ തളര്‍ന്നിരിക്കുന്ന മാഷുടെ തോളില്‍ ആരോ കൈവച്ചു. ഏത്‌ അമ്മാമന്‍, ഇളയപ്പ, വല്ല്യുപ്പ, മരുമോന്‍ എന്നൊക്കെ ചിന്തിച്ച്‌ വരാനുളളത്‌ വഴിയില്‍ തങ്ങില്ലല്ലോ എന്ന്‌ വിചാരിച്ച്‌ മാഷ്‌ തല ഉയര്‍ത്തി. രണ്ട്‌ കവിളിലും അയ്യഞ്ചു വിരലുകളുടെ പാട്‌ എഴുന്നു നില്‍ക്കുന്ന സക്കീറിന്റെ മുഖം കണ്ട്‌ പെട്ടെന്ന്‌ മാഷ്‌ക്ക്‌ ചിരിയാണ്‌ വന്നത്‌.
നിന്റെ മുഖത്തതാ അടിയുടെ പാട്‌.
സക്കീര്‍ മുഖത്തേക്ക്‌ കൈ കൊണ്ടുപോവുന്നതിനിടയില്‍ പിറുപിറുത്തു
മാഷിന്റെ മുഖവും ഒന്ന്‌ തടവിനോക്കിയേ.
മാഷിന്റെ മൃദുലമായ കൈവിരലുകള്‍ സ്‌കൂളിനപ്പുറവും ഇപ്പുറവും തീര്‍ത്ത ബംബിലൂടെയെന്നവണ്ണം കവിളിലൂടെ കയറിയിറങ്ങി നീങ്ങി.

2009 സെപ്റ്റംബർ 27, ഞായറാഴ്‌ച

2009 സെപ്റ്റംബർ 15, ചൊവ്വാഴ്ച

ഒറ്റ വാക്കില്‍ ഒതുങ്ങില്ല ഒരു ജീവിതം

ചോദ്യങ്ങള്‍ ഒരേ ഗൈഡില്‍ നിന്നു തന്നെ പകര്‍ത്തി എന്ന് കണ്ടുപിടിക്കപ്പെട്ട് പല പി.എസ്.സി പരീക്ഷകളും റദ്ദാക്കപ്പെട്ടു കൊണ്ടിരിക്കയാണ്. പി.എസ്.സി നടത്തുന്ന പരീക്ഷകളെ സംബന്ധിച്ച് ചില വിചാരങ്ങള്‍

കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ സമീപകാലത്ത് നടത്തിയ രണ്ട് പരീക്ഷകളാണ് ഒരേ തരത്തിലുളള ആരോപണത്തിന് വിധേയമായത് (എച്ച്. എസ്സ്. എ ഫിസിക്കല്‍ സയന്‍സും അപ്പെക്‌സ് സൊസൈറ്റികളിലെ ക്ലാര്‍ക്കും). അതില്‍ ഒരു പരീക്ഷ റദ്ദാക്കിക്കഴിഞ്ഞു. മിക്കവാറും മറ്റെതിന്റേയും ഗതി അതുതന്നെയായിരിക്കും. ഒരേ ഗൈഡില്‍ നിന്ന് ക്രമനമ്പറും എന്തിന് തെറ്റായ ഉത്തരങ്ങള്‍ പോലും മാറാതെ തുടര്‍ച്ചയായി ഇരുപത്തി അഞ്ചോളം ചോദ്യങ്ങള്‍ പകര്‍ത്തി എന്നതാണ് ചോദ്യപേപ്പറിനെക്കുറിച്ചുണ്ടായ ആരോപണം. തൊണ്ടിസഹിതം മാധ്യമങ്ങള്‍ സംഭവം പുറത്തുകൊണ്ടുവന്നു. സമാനമായ നിരവധി സംഭവങ്ങള്‍ കേരള പി.എസ്.സി യുടെ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഓരോ പരീക്ഷ റദ്ദാക്കപ്പെടുമ്പോഴും ആ പരീക്ഷയ്ക്കു വേണ്ടി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, നഷ്ടപ്പെടുത്തിയ ഉറക്കങ്ങള്‍, ചെയ്ത യാത്രകള്‍ എന്നിവയൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കിയവരെയോ പി.എസ്.സിയെയോ അലോസരപ്പെടുത്താറില്ല. തൊഴിലന്വേഷകരുടെ ഹൃദയഭാരം ഒരു സര്‍ക്കാര്‍ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിഗണന കുറഞ്ഞ ഒന്നാണല്ലോ.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഴിമതിരഹിതവും സുതാര്യവും ആണ് കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ എന്നാണ് വെപ്പ്. മറ്റിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗം ഭരണക്കാരുടെ വരദാനമോ പാര്‍ട്ടിഫണ്ടുകളിലേക്ക് സാമ്പത്തിക സമാഹരണത്തിനുളള കുറുക്കുവഴികളോ ആണ്. മഹാഭൂരിപക്ഷത്തിനും അവിടങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗം സ്വപ്നം കാണാന്‍ പോലും കഴിയാത്ത കോഹിനൂര്‍ രത്‌നമാണ്. ഉയര്‍ന്ന പൗരബോധവും സാമൂഹികനീതിയെക്കുറിച്ചുളള സങ്കല്‍പ്പങ്ങളും പൊതുസമൂഹത്തിന്റെ ജാഗ്രതയും മാധ്യമങ്ങളുടെ ഇടപെടലും ആണ് കേരളത്തില്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനെ അഴിമതിയുടേയും സ്വജനപക്ഷപാദത്തിന്റേയും ചളിക്കുഴമ്പുകള്‍ പുരളാതെ സംരക്ഷിച്ചു നിര്‍ത്തുന്നത്. എഴുത്തുപരീക്ഷയ്ക്ക് തുല്യമായ നൂറ്മാര്‍ക്ക് തന്നെ നല്‍കിയിരുന്ന അഭിമുഖങ്ങള്‍ക്ക് 20 മാര്‍ക്കായി കുറച്ചത്, എഴുത്തുപരീക്ഷയില്‍ ഓരോ ഉദ്യോഗാര്‍ത്ഥിക്കും ലഭിച്ച മാര്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത്, ഇപ്പോള്‍ ഇന്റര്‍വ്യൂവില്‍ ലഭിച്ച മാര്‍ക്കും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താനുളള തീരുമാനം എന്നിവ സംശുദ്ധിയിലേക്കും സുതാര്യതയിലേക്കും ഉയരുന്നതിനുളള പി.എസ്.സിയുടെ ചുവടുവെപ്പുകള്‍ തന്നെയാണ്. അഴിമതി കുറഞ്ഞതിന് മറ്റൊരു കാരണം പി.എസ്.സി ബോര്‍ഡിന്റെ ഘടനയാണ്. ഇടതുസര്‍ക്കാര്‍ നിയമിച്ച അംഗങ്ങള്‍ വലതുകാലത്തും, വലതുസര്‍ക്കാര്‍ നിയമിച്ച അംഗങ്ങള്‍ ഇടതുഭരണകാലത്തും ആണ് ബോര്‍ഡ് ഭരിക്കുക. അപ്പോള്‍ ഭരണക്കാരുടെ വിളി എന്ന ദുര്‍ഭൂതത്തെ ഒരളവുവരെ പടിക്കുപുറത്തു നിര്‍ത്താമല്ലോ.

അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിനുളള സംവിധാനം, ഓണ്‍ലൈനില്‍ മുഴുവന്‍ സേവനങ്ങളും നല്‍കുന്നതിനുളള ശ്രമം തുടങ്ങി ഐ.ടിയുടെ സാധ്യതകളും കേരള പി.എസ്.സി സമര്‍ത്ഥമായി ഉപയോഗിച്ച് വന്നു. എന്നാല്‍ ഇപ്പോഴും പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷകള്‍ അതിന്റെ പ്രാകൃതാവസ്ഥയുടെ ഭീഭത്സമായ പ്രത്യക്ഷപ്പടലാണ്. ഏതോ ഒരു 'വിദഗ്ധന്‍' തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ പരീക്ഷാഹാളില്‍ വെച്ച് പൊട്ടിക്കുമ്പോഴായിരിക്കും അതിലെ മണ്ടത്തരങ്ങള്‍ ഭീകരമായി ഇളിച്ചുകൊണ്ട് പുറത്തുവരിക. കുറേ ചോദ്യങ്ങള്‍ ഒരുമിച്ച് ഒറ്റ ഗൈഡില്‍ നിന്ന് പകര്‍ത്തപ്പെടുമ്പോഴേ പിടിക്കപ്പെടുകയുളളൂ. രണ്ടോ മൂന്നോ ഗൈഡുകളില്‍ നിന്ന് അല്പം ശ്രദ്ധയോടെ സെലക്ട് ചെയ്യുക എന്ന അരമണിക്കൂര്‍ നേരത്തെ പണി . ഇതാണ് 'വിദഗ്ധന്റെ' ചോദ്യമിടല്‍. ഇന്ന് ലക്ഷങ്ങളും കടന്ന് കോടികളിലേക്കാണ് പി.എസ്.സി പരീക്ഷാ ഗൈഡുകളുടെ വില്‍പന. കൂടാതെ പ്രമുഖ പത്രങ്ങള്‍ക്കെല്ലാം ഇയര്‍ബുക്കുകളും പരീക്ഷാസഹായികളും ഉണ്ട്. കടം വാങ്ങിയും പ്രൈവറ്റ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന നക്കാപ്പിച്ച ഒടുക്കിയും തൊഴിലന്വേഷകരായ പാവങ്ങള്‍ ഈ ഗൈഡുകള്‍ വാങ്ങിക്കൂട്ടും. 'കഴിഞ്ഞ പരീക്ഷയിലെ 60% ചോദ്യങ്ങളും ഞങ്ങളുടെ ഗൈഡില്‍ നിന്ന് ' എന്നാണല്ലോ ഗൈഡുകമ്പനികളുടെ ഗീര്‍വാണം. 'ഉഗാണ്ടയുടെ പ്രസിഡന്റിന്റെ ഭാര്യയുടെ അനുജന്റെ പേരെന്ത് ? എന്ന രീതിയില്‍ പരസ്യം നല്‍കുന്നതുകൊണ്ട് തന്നെ പി.എസ്.സി പരീക്ഷയില്‍ അളക്കുന്ന പൊതുവിജ്ഞാനത്തെക്കുറിച്ചുളള പൊളളത്തരം മനസ്സിലാക്കാമല്ലോ. ഇതൊന്നും പോരാഞ്ഞ് 'ഉറങ്ങാന്‍ കളള് വേറെ കുടിക്കണം' എന്ന് പറഞ്ഞ മാതിരി ഇത്തരം മണ്ടത്തരങ്ങള്‍ ഓര്‍മ്മയില്‍ പെട്ടെന്ന് ലഭിക്കത്തക്കവണ്ണം സൂക്ഷിക്കുന്നതിനായി പതിനായിരങ്ങള്‍ ഫീസ് നല്‍കിയുളള പരിശീലനങ്ങള്‍ വേറെയുമുണ്ട്.

ഒരു സാധാരണ പൗരന്റെ ജീവിത പരിസരങ്ങളുമായി - അത് ദേശീയമാകട്ടെ അന്തര്‍ ദേശീയമാകട്ടെ- യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വിവരങ്ങളാണോ പൊതുവിജ്ഞാനമെന്ന പേരില്‍ പരിശോധിക്കപ്പെടേണ്ടത്. ഒറ്റ വാക്കിലൊതുക്കാവുന്ന ലോകത്തെ മുഴുവന്‍ വിവരങ്ങളും കാണാതെ പഠിക്കാന്‍ കഴിയുന്നവനാണോ ഏറ്റവും വലിയ വിജ്ഞാനി. ഗണിതവും യുക്തിചിന്തയും, അഭിരുചിനിര്‍ണ്ണയവും എല്ലാം എളുപ്പത്തില്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ഒറ്റവാക്കിലെ ചോദ്യോത്തരങ്ങളാകുമ്പോള്‍ അതിന്റെ ഒക്കെ പിറകില്‍ പ്രവര്‍ത്തിക്കേണ്ട യുക്തിചിന്തയും, വിശകലനപാടവവും, സഹജതാല്‍പര്യങ്ങളും ആര്‍ക്കും വേണ്ടാത്ത മറ്റേതോ രാജ്യത്തിലെ നാണയങ്ങളാവുകയല്ലേ ? ഒറ്റ വാക്കില്‍ ഒരു ജീവിതത്തിലെ ആര്‍ജ്ജിതാനുഭവങ്ങളെ മുഴുവന്‍ ഇറക്കിവെക്കാന്‍ ആര്‍ക്ക് കഴിയും ?

എന്തുകൊണ്ട് ഇത്തരമൊരു പരീക്ഷാരീതി എന്നതിന്റെ ഉത്തരം നടത്തേണ്ടുന്ന പരീക്ഷകളുടെ എണ്ണത്തെക്കുറിച്ചുളള ഭീതിയാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് പരീക്ഷകളാണ് പി.എസ്.സി നടത്തുന്നത്. എന്നാല്‍ ഇത്രമാത്രം വൈവിധ്യമുളള തൊഴിലവസരങ്ങള്‍ കേരള സര്‍ക്കാരിനു കീഴിലുണ്ടോ എന്ന് അമ്പരക്കുമ്പോഴേക്കും അറിയും ഇതില്‍ മിക്കതും വ്യത്യസ്ത വകുപ്പിനു കീഴിലുളള ഒരേ തസ്തികയിലേക്കാണ് എന്നത്. എന്തുകൊണ്ട് ഒരേ തസ്തികയിലേക്കുളള പട്ടികയില്‍ നിന്ന് വ്യത്യസ്ത വകുപ്പുകളിലേക്കുളള ആളുകളെ ലഭ്യമാക്കിക്കൂടാ ? ജോലിയുടെ സ്വഭാവമനുസരിച്ച് നടത്തുന്ന പത്തോ പതിനഞ്ചോ പരീക്ഷകളില്‍ നിന്ന് ആറ്റിപ്പെറുക്കിയെടുത്താല്‍ കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഒഴിവുകളിലേക്കും ആവശ്യമായ റാങ്ക് ലിസ്റ്റുകള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ലേ ? അപൂര്‍വ്വം ചില വിദഗ്ധമേഖലകള്‍ ഒഴിച്ച് മറ്റുളള തൊഴിലുകളെ സ്വഭാവമനുസരിച്ച് ക്ലസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലേ ? ഇത്തരം ആലോചനകള്‍ ഗൗരവപൂര്‍വ്വം പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഏറ്റെടുക്കേണ്ട കാലം വൈകിയിരിക്കുന്നു.

ചോദ്യങ്ങള്‍ പുറത്താകല്‍, തെറ്റായ സൂചകങ്ങള്‍, വിവരണാത്മകമായ ഉത്തരങ്ങള്‍ വിലയിരുത്തുമ്പോള്‍ വരുന്ന ആത്മനിഷ്ഠത എന്നിവയും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടേണ്ട പരിമിതികളാണ്.കോളേജ് ലക്ചറുടെ പരീക്ഷകള്‍ക്കുളള ചോദ്യപേപ്പര്‍ മുതല്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റിന്റെ ചോദ്യപേപ്പര്‍ വരെ ചോര്‍ന്ന വിവരം മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. സ്വാര്‍ത്ഥ ചിന്തയുടെ ഇത്തിരിവട്ടം മാത്രം കാണാന്‍ കെല്‍പ്പുളള വിദഗ്ധര്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസൃതമായി ചോദ്യപേപ്പര്‍ പുറത്താക്കുകയാണ് ചെയ്യുന്നത്; പലപ്പോഴും സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി. ആര്‍ക്കെതിരേയും ഒരു നടപടിയും ഉണ്ടാകുന്നില്ല! പി.എസ്.സി ഉത്തരസൂചകങ്ങള്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടടുത്ത ദിവസം മുതല്‍ ഉറക്കമിളച്ച് പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ ഫാക്‌സായും, തപാലായും പി.എസ്.സിക്ക് ശരിയായ ഉത്തരങ്ങള്‍ അയക്കാന്‍ തുടങ്ങും. വസ്തുതാപരമായിത്തന്നെ തെറ്റായതിന്റെ പേരില്‍ 40% ചോദ്യങ്ങളും പരിഗണിക്കാത്ത പരീക്ഷകളും ഉണ്ടായിട്ടുണ്ട്.കിഴക്ക് എന്നതിനു പകരം പടിഞ്ഞാറ് എന്ന് വിദഗ്ധന്‍ കൊടുത്ത ഉത്തരസൂചകങ്ങള്‍ നിരവധി. ബന്ധപ്പെട്ട ആര്‍ക്കുമെതിരെയും ഒരു നടപടിയുമില്ല! വിവരണാത്മകമായ ഉത്തരങ്ങളില്‍ വീഴുന്ന മാര്‍ക്ക് ഉദ്യോഗാര്‍ത്ഥിയുടെ തലവരയ്ക്കനുസരിച്ചിരിക്കും. വീണാല്‍ വീണതുതന്നെ. മറ്റു പരീക്ഷകളെ പ്പോലെ പുനര്‍മൂല്യനിര്‍ണ്ണയമോ ഉത്തരക്കടലാസിന്റെ ഫോട്ടോക്കോപ്പി നല്‍കലോ ഇവിടെ ബാധകമല്ല. എത്ര മാര്‍ക്കിട്ടാലും ആരും ചോദിക്കാനില്ല, ആര്‍ക്ക് എതിരെയും ഒരു നടപടിയുമില്ല!! ഇതൊന്നും പോരാഞ്ഞാണ് ഗൈഡുകളില്‍ നിന്ന് വളളിപുളളി മാറാത്ത ചോദ്യങ്ങള്‍ പകര്‍ത്തല്‍. 'എന്തതിശയമേ.............' എന്ന് എങ്ങനെ പാടാതിരിക്കും.

2009 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

കാള കിടക്കും കയറോടും

ആവശ്യമാണ്‌ സൃഷ്ടിയുടെ മാതാവെന്ന ചൊല്ല്‌ പുതിയകാലത്ത്‌ അന്വര്‍ത്ഥമാക്കിയത്‌ ഹയര്‍ സെക്കണ്ടറി വകുപ്പാണ്‌. എട്ടുലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ അക്കാദമികവും പരീക്ഷാസംബന്ധവുമായ മുഴുവന്‍ കാര്യങ്ങളും നിര്‍വ്വഹിക്കേണ്ടുന്ന ഹയര്‍ സെക്കണ്ടറി ഡയരക്ടരെറ്റും ഇരുനൂറു മുതല്‍ ആയിരംവരെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും ആവശ്യമായ സ്റ്റാഫിന്റെ അഭാവത്തില്‍ വീര്‍പ്പുമുട്ടുന്നതിനുളള പരിഹാരമായാണ്‌ കമ്പ്യൂട്ടര്‍ വത്‌കരണം വകുപ്പ്‌ കാര്യക്ഷമതയോടെ നടപ്പിലാക്കിയത്‌. അതും കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ.

സംസ്ഥാനത്തെ ആയിരത്തി ഇരുനൂറിലധികം വരുന്ന ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍, തുടങ്ങിയിട്ട്‌ 17 വര്‍ഷം കഴിഞ്ഞിട്ടും ക്ലാര്‍ക്ക്‌, പ്യൂണ്‍ മുതലായ തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ മാറി വന്ന സര്‍ക്കാരുകളൊന്നും ശ്രമിച്ചില്ല. ഔദ്യോഗികമായ എഴുത്തുകുത്തുകള്‍, വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വമ്പിച്ച ഉത്തരവാദിത്തങ്ങള്‍, പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ മുതലായവ നിര്‍വ്വഹിക്കേണ്ടത്‌ 21 പിരിയഡിലധികം പഠിപ്പിക്കുകകൂടി ചെയ്യേണ്ടുന്ന പ്രിന്‍സിപ്പല്‍മാരാണ്‌. സംസ്ഥാന ഹയര്‍ സെക്കണ്ടറി ഓഫീസില്‍ ആകട്ടെ നൂറില്‍ താഴെ ജീവനക്കാര്‍ മാത്രമാണുള്ളത്‌. ഈ പശ്ചാത്തലത്തിലാണ്‌ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമം ഹയര്‍ സെക്കണ്ടറി വകുപ്പ്‌ ഏറ്റെടുത്തത്‌. വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ തന്നെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ അനന്തസാധ്യതകള്‍ ഇത്രമാത്രം പ്രയോജനപ്പെടുത്തിയ മറ്റൊരു വിഭാഗമില്ല.

ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ മെറിറ്റ്‌, സംവരണതത്ത്വം ഇവ പാലിച്ചുകൊണ്ട് നടത്തേണ്ടുന്ന സങ്കീര്‍ണ്ണമായ പ്രവേശന പ്രക്രിയയാണ്‌ വകുപ്പിന്റെ വലിയൊരു തലവേദന. എന്നാല്‍ ഏകജാലക പ്രവേശനമെന്ന പൂര്‍ണ്ണമായും ഐ.ടി അധിഷ്‌ഠിതമായ പ്രക്രിയയിലൂടെ ഏറ്റവും സൂതാര്യമായി ഈ സങ്കീര്‍ണ്ണതയെ മറികടക്കാന്‍ സെക്കണ്ടറി വകുപ്പിന്‌ സാധിച്ചിട്ടുണ്ട്‌. ഔദ്യോഗികമായ മുഴുവന്‍ കത്തിടപാടുകളും ഹയര്‍ സെക്കണ്ടറി വെബ്‌ പോര്‍ട്ടല്‍ വഴിയാണ്‌ ഇന്ന്‌ സാധിക്കുന്നത്‌. സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും മാത്രമല്ല വിവിധ വിവരങ്ങള്‍ ശേഖരിക്കാനാവശ്യമായ സോഫ്‌റ്റ്‌ വെയറുകള്‍ വരെ ഈ പോര്‍ട്ടല്‍ വഴി സ്‌കൂളുകളിലെത്തിക്കാനും ഉചിതമായ ഡാറ്റാകള്‍ ശേഖരിക്കാനും ഇന്ന്‌ വകുപ്പിന്‌ നിഷ്‌പ്രയാസം സാധിക്കുന്നു. മുഴുവന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഡാറ്റാബാങ്ക്‌ എന്നിവയും പോര്‍ട്ടല്‍ വഴി ശേഖരിക്കാന്‍ വകുപ്പിനു കഴിഞ്ഞിട്ടുണ്ട്‌.

ഒന്നാം വര്‍ഷത്തെയും രണ്ടാം വര്‍ഷത്തെയും പൊതുപരീക്ഷകള്‍, തുടര്‍ന്ന്‌ SAY, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകള്‍ (അതും അന്‍പതിലധികം വ്യത്യസ്‌തമായ വിഷയകോമ്പിനേഷനുകളില്‍!): ഈ ഭഗീരഥയത്‌നമാണ്‌ സൈബര്‍ ഗംഗയെ വകൂപ്പിലേക്കിറക്കിക്കൊണ്ടുവരിക വഴി സാധ്യമാക്കിയത്‌. നിരന്തരമൂല്യനിര്‍ണയഫലം അപ്പപ്പോള്‍ രേഖപ്പെടുത്താനും അപ്‌ലോഡ്‌ ചെയ്യുവാനുമുള്ള സംവിധാനം, പരീക്ഷ ഡ്യൂട്ടി, വാല്യേഷന്‍ ക്യാമ്പുകളുടെ വിശദാംശങ്ങള്‍ മുതലായവ നിര്‍വ്വഹിക്കുതിനുളള സോഫ്‌റ്റ്‌ വെയറുകള്‍ എന്നിവ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ചില തെളിവുകള്‍ മാത്രം.

കമ്പ്യൂട്ടര്‍ സഹായത്തോടെമാത്രം കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടുന്ന അവസ്ഥയുണ്ടായിട്ടും ഭൂരിപക്ഷം ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരും കമ്പ്യൂട്ടര്‍ സാക്ഷരരല്ല എന്നതാണ് ഏറ്റവും ദയനീയം. വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭിച്ചില്ല എന്ന ന്യായീകരണം നിരത്താമെങ്കിലും അത്യധികമായ മനുഷ്യാധ്വാനത്തെയാണ്‌ ഒന്നോ രണ്ടോ ക്ലിക്കുകള്‍ കൊണ്ട്‌ സാധ്യമാക്കുന്നതെന്ന കാര്യം സ്വയം ബോധ്യപ്പെടുകയും അതു വഴി ഈ കടമ്പയെ ധീരമായി മറികടക്കുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്യേണ്ടതുണ്ട്. ഈ പുതിയ വിജ്ഞാനശാഖയെ സ്വന്തം നിലയില്‍ സ്വാശീകരിക്കുന്നതിനാവശ്യമായ ഒരു പ്രവര്‍ത്തനവും ഇവരില്‍ നിന്നുണ്ടായിട്ടില്ല. ഇന്നും കമ്പ്യൂട്ടര്‍ അറിയുന്ന അധ്യാപകര്‍ക്കു മുമ്പില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനുവേണ്ടി തലകുനിക്കേണ്ടുന്ന അവസ്ഥയാണ്‌ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ ഉളളത്‌.

ഏതൊരു വകുപ്പും ഏറ്റെടുക്കുന്ന നൂതനമായ വഴികളും പരിപാടികളും വിജയിക്കണമെങ്കില്‍ ആദ്യം വേണ്ടത് അതിന്റെ തലപ്പത്ത് ഇരിക്കുന്നവര്ക്ക് ഇത്തരം കാര്യങ്ങളോടുള്ള താത്പര്യമാണ്. ഉപരിതലത്തില്‍ മറ്റാരെയെങ്കിലും കാണിച്ചുകൊടുക്കാനും വിശ്വസിപ്പിക്കാനും 'അമ്മായിയും കുടിച്ചു പാല്ക്കഞ്ഞി' എന്നമട്ടില്‍ ചില സംഭവങ്ങള്‍നടപ്പിലാക്കിയാല്‍ പോര. അതിനോട് അനുഭാവമുണ്ടാക്കിയെടുക്കാന്‍, അതിന്റെ രീതികളും മാര്ഗങ്ങളും ആരായാന്‍ ഇത് നടപ്പിലാക്കേണ്ട സ്ഥാപന മേധാവികള്ക്കും പരിശീലനങ്ങളും ബോധവല്ക്കരണങ്ങളും ആവശ്യമാണ്. സ്വന്തം നിലയില്‍ ഇവ ആര്ജിക്കാനുള്ള ശ്രമം സ്ഥാപന മേധാവികള്ക്കും വേണം.

ഭരണ പരമായ കാര്യനിര്‍വ്വഹണങ്ങള്‍ക്ക് മാത്രമല്ല Information & Communication ടെക്‌നോളജിയുടെ അക്കാദമികമായ സാധ്യതകളെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഘട്ടമാണ്‌ ഹയര്‍ സെക്കണ്ടറിയുടേത്‌. വെബ്‌ അധിഷ്‌ഠിതമായ എത്രയെത്ര പഠനസാമഗ്രികളാണ്‌ ഇന്ന്‌ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമായിട്ടുളളത്‌ .സര്‍ക്കാര്‍ സഹായത്തോയുകൂടി തന്നെ സ്‌കൂളുകള്‍ക്ക്‌ വെബ്‌സൈറ്റുകള്‍ ഓണ്‍ലൈന്‍ മാഗസിനുകള്‍ ഇവ തയ്യാറാക്കുന്നതിനുളള പിന്തുണ, അധ്യാപകരടെ കൂട്ടായ്‌മ വഴി രൂപപ്പെടുത്തിയിട്ടുള്ള ഒട്ടനവധി സംരംഭങ്ങള്‍ ഇവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഐ ടി മേഖലയെക്കുറിച്ചുളള വിശാലമായ കാഴ്‌ചപ്പാട്‌ തീര്‍ച്ചയായും ഒരു പ്രിന്‍സിപ്പലിന്‌ വേണ്ടതുണ്ട്‌.

അതുണ്ടാക്കിയെടുക്കാനുളള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്ക്‌ ഇനിയെങ്കിലും അവര്‍ തുടക്കമിട്ടില്ലെങ്കില്‍ ലോകം അവരെ പിന്തളളി മുന്നോട്ട്‌ കുതിക്കുകയും ചെയ്യും.