2010, നവംബർ 23, ചൊവ്വാഴ്ച

ആത്മകഥയില്‍ ഇല്ലാത്തത്


മുന്‍ സുഹൃത്തും സഖാവുമായ എ പി അബ്ദുള്ളക്കുട്ടിയുടെ ആത്മകഥ വായിച്ചപ്പോഴാണ്  ആത്മപീഢയാല്‍ സമീപകാലത്ത് ഏറ്റവും പുളഞ്ഞു പോയത്. തന്നെ എല്ലാ പുണ്യത്തോടെയും ഏറ്റെടുക്കാന്‍ ഒരു പ്രസ്ഥാനം തയ്യാറാവുമ്പോഴെങ്കിലും ചെയ്തുപോയ പിഴവുകളെല്ലാം ഏറ്റുപറയാന്‍ ഇദ്ദേഹം ഔചിത്യം കാണിക്കുമെന്നു വിചാരിച്ചിരുന്നു. എന്നാല്‍ എല്ലാപിഴവിന്റെയും രാക്ഷസന്‍ കോട്ടയായ സി പി എമ്മും അവിടത്തെ നിഷ്കളങ്കനായ കുട്ടിയായ താനും എന്ന പൈങ്കിളി ദ്വന്ദം ഉളുപ്പില്ലാതെ വിളമ്പുന്നത് കണ്ടാണ്‌ നേരത്തെ സൂചിപ്പിച്ച (ഇവിടെ ) കുറ്റബോധം ഇരട്ടിയായത്.

ഇപ്പോള്‍ മാത്രമല്ല, അനുഭവങ്ങളെ കീറിമുറിച്ചു പരതുമ്പോള്‍ പലപ്പോഴും രത്നമോതിരങ്ങളല്ല ലഭിക്കാറുള്ളത്. കുറ്റബോധത്തിന്റെ കട്ടപിടിച്ച ചോരപ്പാടുകള്‍ കാലങ്ങളോളം മനസ്സില്‍ കിടന്നു പഴകി ,കറുപ്പ് നിറത്തില്‍ ചിലപ്പോള്‍ ചിന്തയിലേക്ക് ഉയര്‍ന്നു വരുമ്പോള്‍ മിക്കപ്പോഴും സ്വയംപുച്ഛവും തന്നോട് തന്നെയുള്ള   അറപ്പും തോന്നിയിട്ടുണ്ട്. ഏറ്റവും നല്ല മനുഷ്യരുമായി ബന്ധമുള്ള കാലത്ത് തന്നെ അങ്ങേയറ്റം ഹീനമായ പ്രവൃത്തികള്‍ ചെയ്യാന്‍ എങ്ങിനെ കഴിഞ്ഞു എന്ന്  അതിശയത്തോടെ വിചാരപ്പെടാനല്ലാതെ ഇപ്പോള്‍ എന്ത് സാധിക്കും. പൊയ്ക്കാലുകെട്ടിത്തന്നു ചിലര്‍ നമ്മളെ ഉയര്‍ത്തിപ്പിടിക്കുന്നത് ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്കാണെന്ന് ഇപ്പോള്‍ തിരിച്ചറിയാം. എന്നാല്‍ അന്ന് ലഹരി മരുന്ന് പോലെ അതിന്റെ മായികമായ ആകാശങ്ങളിലൂടെ ഒഴുകിനടക്കുമ്പോള്‍ അനുഭവിച്ചത് അഹന്ത, ആധിപത്യത്തിന്റെ സുഖം, വലിയവരുടെ അംഗീകാരം തുടങ്ങിയ അങ്ങേയറ്റം ചുരുങ്ങിയ ലോകത്തിലെ സന്തോഷങ്ങളായിരുന്നു. വലിയവരെന്നു അന്ന് വിചാരിച്ചിരുന്ന മനുഷ്യര്‍ എത്രമാത്രം ചെറിയവരാനെന്നു വെളിപ്പെട്ടപ്പോഴാണ് യഥാര്‍ത്ഥത്തില്‍ തല പാതാളത്തോളം താണു പോയത്.

ഒരു സുഹൃത്തിനോട്, സഹാപാഠിയോടു ചെയ്ത അങ്ങേയറ്റം നീചമായ പ്രവൃത്തിയുടെ കുറ്റബോധം പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരെ ഉള്‍വലിയാന്‍ നിമിത്തമായി. സൌഹൃദത്തെ എല്ലായ്പ്പോഴും രാഷ്ട്രീയ ബന്ധങ്ങല്‍ക്കൊപ്പമോ ഉപരിയോ ആയി പരിഗണിച്ചിരുന്ന ഒരാളായിട്ടു കൂടി വളഞ്ഞു പിടിച്ചുള്ള അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവരുടെ വാക്ക് ധോരണിയില്‍  മയങ്ങിയതിന്റെ ഫലം. അതിനു മുന്‍കൈയെടുത്ത ചുക്കാന്‍ പിടിച്ച സഖാവാകട്ടെ ചവിട്ടിക്കയറിയ എല്ലാ പടവുകളിലും കാറിത്തുപ്പി ക്കൊണ്ട് ഉന്നതങ്ങളില്‍ അധികാരത്തിന്റെ  വെള്ളി വെളിച്ചത്തില്‍ ആരെയൊക്കെയോ കെട്ടിപ്പിടിച്ചു കൊണ്ട് വെളുക്കെ ചിരിക്കുന്നു. തന്നെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തിയതിന്റെ ഒതുക്കിയതിന്റെ ഈഗോയുടെ തീണ്ടാരിത്തുണികള്‍ ആത്മകഥാ രൂപത്തില്‍ എടുത്തു നിവര്‍ത്തുന്നു. പുണ്യാളന്റെ രക്തം പറ്റിയ ഉടുപ്പുകള്‍ മാലോകര്‍  അഞ്ചാം പതിപ്പിലായി ആഘോഷിക്കുന്നു.

തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍ ഉണ്ടായിരുന്നത് കൊണ്ട് തൊട്ടടുത്ത വര്‍ഷം തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍ എത്തിയപ്പോള്‍ യൂനിവേര്‍സിറ്റി യൂണിയന്‍ കൌണ്‍സിലര്‍ സ്ഥാനം സുഹൃത്തുക്കള്‍ എന്നെ ഏല്‍പ്പിക്കുകയായിരുന്നു. നേരത്തെ തലശ്ശേരിയില്‍ ഉണ്ടായിരുന്നത് കൊണ്ടും അപ്പോള്‍ തലശ്ശേരി ക്രൈസ്റ്റ് കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടും ബി എഡ്ഡുകാരുടെ തലശ്ശേരിയുമായി ബന്ധപ്പെട്ട ദൈനംദിന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങള്‍ , കൂടെ വയനാട്ടുകാരനായ ജോസ് , മുക്കുന്നിലെ പ്രകാശന്‍ എന്നിവര്‍ , എപ്പോഴും ഉണ്ടാകാറുണ്ട്. ജോസ് അപ്പോള്‍ അവിടുത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സമാരാധ്യനായ സുഹൃത്ത് ആയിരുന്നു. ജോസ് ആയിരുന്നു ഞങ്ങളുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി. എസ് എഫ് ഐ പ്രവര്‍ത്തകരായ ഞങ്ങള്‍ ഒഴിച്ചുള്ളവര്‍ ഒറ്റ പാനലിലാണ് മത്സരിക്കുന്നത്. ഞങ്ങളുടെ പാനല്‍ ക്ലീയറായി തോറ്റു. ഞാന്‍ മൂന്നു വോട്ടിന്. ജോസ് അഞ്ചു വോട്ടിന്. മറ്റുള്ളവര്‍ അതിലും ദയനീയമായി. എങ്കിലും ജയിച്ച സുഹൃത്തുക്കളുമായി ഒരു പരിഭവവും ഉണ്ടായില്ല. ട്രെയിനിംഗ് കോളേജ് ആയതു കൊണ്ടുതന്നെ പല തരത്തിലുള്ള നിലപാടുകള്‍ ഉള്ളവരുണ്ടെങ്കിലും മറ്റു സംഘടനാ പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നു. വൈകുന്നേരം 'കുയ്യാലി' ( ലോകത്തിലെ ഏറ്റവും കാല്പനികമായ കള്ള് ഷാപ്പ് കുയ്യാലിയിലാണ് എന്നാണു വരുംകാല നാരായണന്റെ അഭിപ്രായം )യിലേക്കുള്ള ആഹ്ലാദ പ്രകടനം ഒരുമിച്ചുതന്നെ. യു. യു. സി യായി ജയിച്ച പ്രിയസുഹൃത്തും നാട്ടുകാരനുമായ രാജീവ് തോമസ്‌ കുറച്ചു അധികമായപ്പോള്‍ കെട്ടിപ്പിടിച്ചു കരച്ചില്‍ തുടങ്ങി.
"പ്രേമാ .. നീയാണെടാ ജയിക്കേണ്ടത്. ഞാന്‍ ഈ സ്ഥാനത്തിനു യോഗ്യനല്ലടാ.. "
സമാനാവസ്ഥയിലായ ഞാന്‍ താങ്ങിപ്പിടിച്ചു പറഞ്ഞു,
"നീ അങ്ങിനെ പറയല്ലെടാ രാജീവേ ..നീ യോഗ്യനായത് കൊണ്ടല്ലേ നിന്നെ എല്ലാവരും ചേര്‍ന്ന് തിരഞ്ഞെടുത്തത്. ജയിച്ചത്‌ ആരായാലും നമുക്ക് ഈ യൂണിയന്‍ പ്രവര്‍ത്തനം ഗംഭീരമാക്കണം."
ഹോസ്റ്റലില്‍ താമസിക്കുന്ന ഞങ്ങള്‍ തമ്മില്‍ അപ്പോഴേക്കും ആഴത്തിലുള്ള സൗഹൃദം വളര്‍ന്നിരുന്നു. സ്വതവേ നക്സലൈറ്റും അതില്‍ വിശേഷിച്ച് രാമചന്ദ്രന്‍ ഗ്രൂപ്പുമായ വരുംകാല നാരയാണന്‍ ആണ് പലതരത്തില്‍പ്പെടുന്ന സൌഹൃദങ്ങളുടെ നടുവിലെ മുഖ്യകണ്ണി. യൂണിയന്‍ പ്രവര്‍ത്തനം സാംസ്കാരികവേദി പോലെ നിത്യം പലതരത്തിലുള്ള പരിപാടികളാല്‍ എല്ലാവരും ചേര്‍ന്ന് സമ്പന്നമാക്കി. അപ്പോഴാണ്‌ കാലിക്കറ്റ് യൂനിവേര്‍സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്. സഖാവ് അബ്ദുള്ളക്കുട്ടി, എന്റെ ജൂനിയറായി പയ്യന്നൂര്‍ കോളേജില്‍ ഉണ്ടായിരുന്ന ഷംസു എന്നിവര്‍ ഒരു ദിവസം ഹോസ്റ്റലില്‍ എത്തി. അബ്ദുള്ളക്കുട്ടി അതിനു മുന്‍പ് തന്നെ എസ് എഫ് ഐ വഴി സുഹൃത്തായിരുന്നു. എട്ടു വര്‍ഷമായി എസ് എഫ് ഐ ആണ് കാലിക്കറ്റ് യൂനിവേര്‍സിറ്റി ഭരിക്കുന്നത്‌. ഇക്കൊല്ലം ഭരണം മിക്കവാറും കൈവിടും. അതാണ്‌ അവസ്ഥ. അങ്ങിനെയും യൂണിയന്‍ പിടിക്കണം. മറ്റെല്ലായിടത്തും സംഘടനാ സംവിധാനം കെ എസ് യു വിനും ശക്തമാണ്. ഇവിടത്തെ യു യു സി യുടെ അവസ്ഥയെന്താണ്. അതറിയാനാണ് അവര്‍ വന്നത്. രാജീവ്‌ കെ എസ് യു ക്കാരനാനെങ്കിലും അതിന്റെ പ്രത്യക്ഷത്തിലുള്ള പ്രവര്‍ത്തകനോന്നും ആയിരുന്നില്ല. "ഞാന്‍ ചിലപ്പോഴെ വോട്ടു ചെയ്യാന്‍ വരൂ." രാജീവ്‌ സഖാക്കളോട് പറഞ്ഞു. എന്നെയും കൂട്ടി അബ്ദുള്ള ക്കുട്ടി ടൌണിലോളം നടന്നു. "പ്രേമാ .. ഇവന്റെ വോട്ട് നമുക്ക് എങ്ങിനെയെങ്കിലും ചെയ്യണം. അതിനു എന്ത് മാര്‍ഗം വേണമെങ്കിലും നോക്കണം. ഈ ഒരു വോട്ടുണ്ടെങ്കില്‍ നമ്മള്‍ ജയിക്കും. ഒരു കാരണവശാലും അവന്‍ വോട്ട് ചെയ്യാന്‍ വരാന്‍ പാടില്ല..." "നീ കഴിക്കാറുണ്ടോ?" ഇടയില്‍ എന്നോട് ചോദ്യം. "വല്ലപ്പോഴും.." ഞാന്‍ അപമാനിതനായി തലതാഴ്ത്തി. "അല്ല.. ഞാന്‍ അങ്ങിനെ ചോദിച്ചതല്ല. ഉണ്ടെങ്കില്‍ എത്ര പാര്‍ട്ടി വേണമെങ്കിലും അവനുമൊന്നിച്ച്‌ നടത്തിക്കോ. എന്താ വേണ്ടതെന്നു വിചാരിച്ചാല്‍ വാങ്ങിക്കൊടുത്തെക്കണം. അവന്‍ എന്തായാലും വോട്ടു ചെയ്യാന്‍ വരരുത്." ആകെ ധര്‍മ്മസങ്കടത്തിലായ ഞാന്‍ ജോസുമായി സംസാരിച്ചു. ജോസു പറഞ്ഞു പാര്‍ട്ടിനടത്തലൊന്നും ശരിയല്ല. നേരിട്ട് പറയാം. പോകരുത് എന്ന്. ജോസ് അവനുമായി സംസാരിച്ചു. അപ്പോഴേക്കും പറ്റുമെങ്കില്‍ പോകും, ഇല്ലെങ്കില്‍ ഇല്ല എന്നുമാത്രം അവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോഴേക്കും നിരന്തരമുള്ള ഫോണ്‍ വിളിയാല്‍ ഇത് വലിയൊരു ബാധ്യതയായി. അപ്പോഴേക്കും രാജീവിന്റെ ആടിക്കളി കെ. എസ്. യു ക്കാര്‍  മണത്തു. അവനെക്കാണാനും വോട്ടു ചെയ്യിക്കാനും അവരുടെ നേതാക്കന്മാരും വരവ് തുടങ്ങി.

ഇലക്ഷന് തലേ ദിവസം എന്ത് ചെയ്യണമെന്നു അറിയാതെ ഞാനും ജോസും തല പുകഞ്ഞു. അന്നത്തെ തലശ്ശേരി ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ പ്രേമരാജന്‍ എന്ത് സഹായം വേണമെങ്കിലും വാഗ്ദാനം ചെയ്തു. ഉച്ചമുതല്‍ അബ്ദുള്ളക്കുട്ടി തലശ്ശേരിയില്‍ തന്നെ ക്യാമ്പ് ചെയ്തു. വേണമെങ്കില്‍ കടുത്ത വല്ല പരിപാടിയും ആലോചിക്കാം എന്നായി. ഒരു കാരണവശാലും അത്തരം ഒരു അഭ്യാസവും വേണ്ട എന്ന് ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞു.  ഭാഗ്യത്തിന് അത് ബി. എഡ്ഡിന്റെ പരീക്ഷ അടുത്ത സമയമായിരുന്നു. ഒരു പഠിപ്പിസ്റ്റായ രാജീവിനെ അക്കാര്യം പറഞ്ഞു കൊണ്ട് സ്ഥലത്തുനിന്നും മാറ്റാം എന്ന് തീരുമാനിച്ചു. അപ്പോഴേക്കും കെ. എസ്. യു ക്കാര്‍ മുന്തിയ ഒരടവെടുത്തു. രാജീവിന്റെ അടുത്ത കൂട്ടുകാരനും മാടായി കോളേജിലെ യു. യു. സി യുമായ ഒരു ഘടാഘടിയനെ അവര്‍ ഹോസ്റ്റലിലാക്കി. രാവിലെ കാറില്‍ തലശ്ശേരിയില്‍ നിന്നും രാജീവിനെയും കൂട്ടി കോഴിക്കോടെക്ക് പോകുകയാണ് അവനെ ഏല്‍പ്പിച്ച ഡ്യൂട്ടി. രാജീവനെ മറ്റൊരാള്‍ കാണുന്നത് പോലും അവന്റെ മുന്‍പില്‍ വെച്ച് എന്നായി. സംഭവം, നാളെ ഇവന്‍ വോട്ടു ചെയ്യാന്‍ പോയാല്‍ അടി നടക്കും എന്ന് ഉറപ്പാണ്. കാരണം ഈ വോട്ടു മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടാവും. അതുവരെയായും ഇക്കാര്യം രാജീവിനോട് ഞാന്‍ നേരിട്ട് സംസാരിച്ചിരുന്നില്ല. ഇനി മറ്റു വഴികളില്ല. വട്ടം കറങ്ങുന്ന സുഹൃത്ത് ടോയിലറ്റില്‍ പോയതക്കത്തിനു ഞാന്‍ രാജീവനെ മാറ്റി നിര്‍ത്തി സംസാരിച്ചു. " നാളെ നീ വോട്ടു ചെയ്യാന്‍ പോകുകയാണെങ്കില്‍ അവിടെ ഗുരുതരമായ അടിനടക്കും. നേരത്തെ എസ് എഫ് ഐ  ക്കാര്‍ വന്നപ്പോള്‍ വോട്ടു ചെയ്യാന്‍ വരില്ല എന്ന് നീ പറഞ്ഞതല്ലേ. അതുകൊണ്ട് നീ എത്തുമ്പോഴേക്കും അവര്‍ ചിലപ്പോള്‍ നിന്റെ വോട്ട് ചെയ്തിരിക്കും. പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ കഴിയില്ല." പാവം രാജീവ്‌ ആകെ വിഷമത്തിലായി. പോയാല്‍ അടി നടക്കും. പോയില്ലെങ്കില്‍ കൂട്ടുകാരനോട് എന്ത് പറയും. "നമുക്ക് തല്‍ക്കാലം ഇവിടുന്നു മാറാം. പിന്നെ എന്താണെന്ന് വെച്ചാല്‍ ചെയ്യാം. ഇന്ന് രാത്രി കമ്പൈന്‍ സ്റ്റഡിക്കായി നമ്മള്‍ ഇവിടുന്നു മാറുന്നു എന്ന് വിചാരിച്ചാല്‍ മതി." എന്റെ സ്വരത്തില്‍ സൌഹൃദത്തിനപ്പുറത്തു മറ്റേതോ ഭാവം കൂടി കലര്‍ന്നിരുന്നുവോ? രാജീവ് കൂടുതലൊന്നും ആലോചിച്ചില്ല. ഒരേ കട്ടിലില്‍ കിടന്ന കൂട്ടുകാരനറിയാതെ രാത്രി അവന്‍ എന്റെ കൂടെ ഇറങ്ങി വന്നു. ജോസും ഞാനും അവനെയും കൂട്ടി ഹോസ്റ്റലില്‍ നിന്ന്  പുറത്തിറങ്ങുമ്പോഴേക്കും, നേരത്തെതന്നെ ഹോസ്റ്റലിലിന് മുന്നിലൂടെ കറങ്ങിക്കൊണ്ടിരുന്ന കാറ് മുന്നിലെത്തുകയും അറിയാത്തത് പോലെ ഞങ്ങള്‍ ധര്‍മ്മടത്തെക്ക് ട്രിപ്പ് വിളിക്കുകയും ചെയ്തു. ധര്‍മ്മടത്തെ പി. എം. പ്രഭാകരന്‍ മാഷുടെ വീട്ടില്‍ ഞങ്ങള്‍ എത്തിച്ചേരുമെന്നു നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മറ്റൊരു നാടകത്തിന്റെ ഭാഗമായി ഒന്നും അറിയാത്ത മട്ടില്‍ പ്രഭാകരന്‍ മാഷ്‌ ധര്‍മ്മാ ടാക്കീസിലെക്കുള്ള വഴിയില്‍ കൂടി നടന്നു വന്നു. അന്ന് എന്തോ വിശേഷമുണ്ടായിരുന്നു. ന്യൂ ഇയറാണോ ഏപ്രില്‍ ഫൂള്‍ ആണോ എന്ന് ഇന്ന് ഓര്‍ക്കാന്‍ കഴിയുന്നില്ല. അതിന്റെ പേരിലാണ് നടത്തം.

അപ്രതീക്ഷിതമായി കാണുന്ന നാടകത്തില്‍ ഞങ്ങള്‍ പ്രഭാകരന്‍ മാഷോട് അപേക്ഷിക്കുന്നു. രണ്ടു ദിവസം ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരിടം വേണം. മാഷ്‌ സന്തോഷത്തോടെ എന്റെ വീട്ടിന്റെ മുകള്‍ നിലയില്‍ താമസിക്കാമല്ലോ എന്ന് സൌമനസ്യം കാട്ടുന്നു. ഞങ്ങള്‍ മാഷിന്റെ പഴയ തറവാട്ടിലെ മുകളിലെ നിലയില്‍ 'പെട്ടെന്ന് തരപ്പെട്ട ' സൌകര്യത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. മച്ചിന്റെ മുകളിലെ മുറിയില്‍ ഞാനും ജോസും രാജീവനും മാത്രം. അടുത്ത കൂട്ടുകാരന്‍ നാളെ ഉണര്‍ന്നു നോക്കുമ്പോള്‍ തന്നെ കാണാത്തതോര്‍ത്തു രാജീവ്‌ വിഷമിക്കുമ്പോള്‍ അതെ കാരണം കൊണ്ട് തന്നെ ഞങ്ങള്‍ ഉള്ളാലെ സന്തോഷിച്ചു. മുറിയിലെ ചെറിയ ജനാലക്കപ്പുറം കടലിന്റെ ഇരമ്പം. ധര്‍മ്മടം തുരുത്തും കടന്നു വരുന്ന തണുത്ത കാറ്റ്. പ്രഭാകരന്‍ മാഷ്‌ എന്നെ താഴത്തേക്ക്‌ വിളിച്ചപ്പോള്‍ ഷര്‍ട്ട്‌ പോലും ഇടാതെ ഞാന്‍ താഴേക്കിറങ്ങി. അവിടെ അപ്പോള്‍ സാക്ഷാല്‍ അബ്ദുള്ളക്കുട്ടി സഖാവ് ഹാജരുണ്ടായിരുന്നു. എന്നെ കണ്ടതും ഈ വീരോചിതമായ പ്രവൃത്തിയുടെ പേരില്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു. വാനോളം പുകഴ്ത്തി. വിജയ ലഹരിയുടെ അലകള്‍ അപ്പോഴേക്കും കവിളുകളില്‍ തുടിച്ചു തുടങ്ങിയിരുന്നു. ഉടന്‍ അടുത്ത ദൌത്യം എല്പിക്കപ്പെട്ടു. ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുന്ന രാജീവിന്റെ ചങ്ങാതിയുടെ ഐ. ഡി കാര്‍ഡും പൊക്കണം. അത് ഒരിക്കലും നടക്കില്ലെന്നു ഒഴിയാന്‍ നോക്കിയിട്ടും പറ്റിയില്ല. ഇല്ലെങ്കില്‍ പോട്ടെ ഒരു ശ്രമം നടത്തണമെന്നായി സഖാവിന്റെ നിര്‍ബന്ധം. ഷര്‍ട്ട്‌ മുകളിലെ മുറിയില്‍ അഴിച്ചുവേച്ചാണ് താഴെ ഇറങ്ങിയത്‌. അതെടുക്കാന്‍ മോളില്‍ പോയി താഴെ ഇറങ്ങുമ്പോള്‍ അവന്‍ അറിയില്ലേ? പിന്നെ എപ്പോഴെങ്കിലും അറിഞ്ഞാല്‍ .. ഒരു പാട് പ്രശ്നങ്ങള്‍ ഉണ്ട്. ഒന്നും കേള്‍ക്കാന്‍ സത്യസന്ധന്‍ തയ്യാറായിരുന്നില്ല. മറ്റാരുടെയോ കുപ്പായവുമിട്ടു കാറില്‍ അടുത്ത ലക്ഷ്യത്തിനായി പുറപ്പെട്ടു.

സമയം രണ്ടു മണി. കൂരിരുട്ടില്‍ പഴയ ഹോസ്റ്റല്‍ പ്രേതഭവനം പോലെ ഭീതി വിരിച്ചു നിന്നു. ഹോസ്റ്റലിന്റെ ഒന്നാം നിലയിലാണ് രാജീവിന്റെ മുറി. അവിടെയാണ് മറ്റേ നേതാവ് കിടന്നുറങ്ങുന്നത്. ഞാന്‍ കോണികയറി ഹാളിലേക്ക് കടക്കാനായി പതുക്കെ വാതിലില്‍ കൈവെച്ചു. അപ്പോഴേക്കും വാതില്‍ തനിയെ തുറന്നു വന്നു. അമ്പരന്ന എന്റെ മുന്നില്‍ പ്രതീഷ്. ഹോസ്റ്റലിലെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു പ്രതീഷ്. ആ സമയത്ത് പുറത്തു എന്നെക്കണ്ട് അവനും ഉള്ളില്‍ അവനെക്കാണ്ട് ഞാനും ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു. രാത്രിയില്‍ ഉറക്കമില്ലാതെ അശാന്തമായ മനസ്സുമായി നടക്കുന്ന പ്രതീഷ് നല്ല സഖാവുമാണ്. എന്താണ് സംഭവം എന്ന് അവനോടും പറഞ്ഞു. അവന്‍ 'ഇതാണോടാ നിന്റെയൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനം' എന്ന് മുഖമടച്ചു സുയിപ്പാക്കി. എന്ത് തന്നെയായാലും ചെയ്തെ മതിയാവൂ എന്ന് പറഞ്ഞു ഞാന്‍ 'ഡ്യൂട്ടി'ക്കായി മുന്നേറി. രണ്ടു കട്ടിലുകളിലായി മൂന്നു പേര്‍ കിടപ്പുണ്ട്. ബേഗുകളും പുസ്തകങ്ങളും കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നു. ഇതില്‍ ഏതിലാണ് ഇവന്റെ ഐ ഡി കാര്‍ഡ്. പതുക്കെ ഒരൊന്നിലായി തിരയാന്‍ തുടങ്ങി. പെട്ടെന്ന് മേശപ്പുറത്തിരുന്ന ഒരു സൂട്ട്കേസ് കൈ തട്ടി താഴേക്ക്‌ വീണു. മുറിയിലെ മറ്റുള്ളവര്‍ എഴുന്നേറ്റു. എന്താണെന്ന് തിരക്കുന്നതിനിടയില്‍ ഞാന്‍ പുറത്തെത്തിയിരുന്നു. ആദ്യത്തെ മോഷണ ശ്രമം. ഉള്ളില്‍ സ്വയം പുച്ഛം കൊണ്ട് ഉരുകിക്കൊണ്ട് കാറില്‍ മടങ്ങി.

രാവിലെ ഹോസ്റ്റലില്‍ രാജീവിനെക്കൂട്ടാനായി കെ ഏസ് യു ക്കാര്‍ വണ്ടിയുമായി എത്തി. തലേ ദിവസം നടന്ന സംഭവങ്ങള്‍ അവര്‍ ഊഹിച്ചുകാണും. തിരയാവുന്നിടത്തോക്കെ അവര്‍ രാജീവിനെ തിരഞ്ഞു. ഹോസ്റ്റല്‍ അരിച്ചു പെറുക്കിയത്തിനു പുറമേ സെയ്താര്‍പള്ളിയില്‍ ഞാന്‍ ഇടയ്ക് താമാസിക്കാറുള്ള മുറിയിലും ഭീഷണിയുമായി കയറിയിറങ്ങി.

ഞങ്ങള്‍ പ്രഭാകരന്‍ മാഷുടെ വീട്ടിലും ധര്‍മ്മടം ബീച്ചിലും ആയി വൈകുന്നേരം വരെ ചിലവഴിച്ചു. ഞങ്ങളെ എതിര്‍ക്കാന്‍ കഴിയാതെയും നാളെ കെ ഏസ് യു സുഹൃത്തുക്കളെ അഭിമുഖീകരിക്കേണ്ടത് ഓര്‍ത്തും രാജീവ്‌ മുഖം താഴ്ത്തിത്തന്നെയിരുന്നു. താന്‍ അകപ്പെട്ട അപമാനകരമായ അവസ്ഥയില്‍ വൈകുന്നേരം വരെ ഞങ്ങളുടെ മുന്നില്‍ അവന്‍ ഉരുകിത്തീരുന്നതിനു മനസ്സാക്ഷിക്കുത്തോടെ ഞങ്ങള്‍ കാവല്‍ നിന്നു. വൈകുന്നേരം തിരിച്ചു ഞങ്ങളോടൊപ്പം ഹോസ്റ്റലില്‍ എത്തിയപ്പോള്‍ , അവനെ വിജയിപ്പിക്കാനായി ഏറ്റവും അധികം പണിയെടുത്ത, എല്ലാവരും 'താവു' എന്ന് വിളിക്കുന്ന വിജയകുമാര്‍ രാജീവിന്റെ കോളറില്‍ പിടിച്ചു "ഇതിലും ഭേദം നിനക്ക് തൂങ്ങിച്ചാവുന്നതല്ലേടാ.." എന്ന് ചോദിച്ച് അലറി. അപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ശാരീരികമായി ഞങ്ങളില്‍ ഏറ്റവും കരുത്തനായ രാജീവ്‌ മുഖം പൊത്തി ഏങ്ങലടിച്ചു കൊണ്ട് കരഞ്ഞു. ഹോസ്റ്റലിലെ മുഴുവന്‍ കുട്ടികളുടെയും വെറുപ്പ്‌ നിറഞ്ഞ കണ്ണിനു മുന്നിലൂടെ തലകുനിച്ചു കൊണ്ട് ഞാനും ജോസും മുറിയിലേക്ക് കയറി.

പിന്നീടു സഖാവ് അബ്ദുള്ളക്കുട്ടി ലോകസഭയിലേക്ക് മത്സരിച്ചു. സംസ്ഥാനത്തിനകത്തെ എല്ലാ എസ് എഫ് ഐ പ്രവര്‍ത്തകരും കണ്ണൂരില്‍ എത്തി രാപ്പകലില്ലാതെ പണിയെടുത്തു. തൊട്ടടുത്തായിട്ടും ഒരിക്കല്‍ പോലും വിളിക്കാനോ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് പോകാനോ മനസ്സ് വന്നില്ല. രാജീവിനെ പിന്നീടും പലപ്പോഴും കണ്ടു. ഉള്ളില്‍ ഒട്ടും വെറുപ്പില്ലാതെ അവന്‍ നന്നായി പെരുമാറി. ആ സുഹൃത്തിന്റെ ഹൃദയ വിശാലതയുടെ പത്തിലൊന്നെങ്കിലും എനിക്ക് ഇല്ലല്ലോ എന്ന് സ്വയം നോക്കിക്കണ്ടു. എപ്പോള്‍ അബ്ദുള്ളക്കുട്ടി എന്ന് ഓര്‍ക്കുന്നുവോ അപ്പോഴെല്ലാം മുഖം പൊത്തിക്കരയുന്ന രാജീവിനെയും ഓര്‍ത്തു.

23 അഭിപ്രായങ്ങൾ:

  1. Sir plz leave abdullakkutty, because here we have other important matters to discuss.

    മറുപടിഇല്ലാതാക്കൂ
  2. അബ്ദുള്ളക്കുട്ടിമാര്‍ ഇപ്പോഴും ഉള്ളതും അബ്ദുള്ളക്കുട്ടിമാരെ തിരിച്ചറിയാന്‍ കഴിയാത്തതുമാണ് പ്രധാന പ്രശ്നം.

    മറുപടിഇല്ലാതാക്കൂ
  3. പലേടത്തും പലരും ഇങ്ങനെ ചതിയിലൂടെയും പല തരികിടകളിലൂടെയും തന്നെയാണല്ലേ ജയിക്കുന്നത്?

    മറുപടിഇല്ലാതാക്കൂ
  4. അനീസ്‌ ,സതീശന്‍, രാമചന്ദ്രന്‍ .. വന്നതിനു നന്ദി.
    സതീശന്‍‍, ചിലത് എഴുതിയെങ്കിലും മനസ്സിലുള്ള പ്രയാസം തീരട്ടെ എന്ന് കരുതി മാത്രം എഴുതിയതാണ്.

    മറുപടിഇല്ലാതാക്കൂ
  5. nishedhikkapettalum..thuranu parayan avasaramundaakumbol ellam ellavarum ariyattee...

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2010, നവംബർ 25 2:25 PM

    munp paranjirunnenkil kuttasammatham, party vittathinu sesham ippo paranjal party vitta virodham theerkkal

    മറുപടിഇല്ലാതാക്കൂ
  7. എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ ഉള്ളതല്ല എന്ന സത്യം ആവേശം കൊണ്ട് മറന്നതോ ?

    മറുപടിഇല്ലാതാക്കൂ
  8. അബ്ദുള്ളക്കുട്ടി എന്ന ഫ്രോഡുമായി തൊണ്ണൂറുകളുടെ രണ്ടാംപകുതിയില്‍ നടന്ന കോട്ടയം ജില്ലാ സമ്മേളനത്തില്‍ നേര്‍ക്കുനേര്‍ ഉടക്കാന്‍ ഇടയായിട്ടുണ്ടു്. അന്നു് ചങ്ങനാശ്ശേരി, വാഴൂര്‍ എന്നിവിടങ്ങളില്‍ എസ്എഫ്ഐക്കു നേരെ നിരന്തരം ഉണ്ടാകുന്ന ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കെതിരെ പ്രമേയമവതരിപ്പിക്കുംമുമ്പു് വികാരപരമായി സംസാരിച്ച ചങ്ങനാശ്ശേരി ഏരിയ ഭാരവാഹിയായിരുന്ന ഒരു പ്രസീഡിയം സഖാവിനു നേരെ (ഈ സഖാവിന്റെ പ്രസംഗം കേട്ടു് സമ്മേളപ്രതിനിധികളില്‍ ഭൂരിഭാഗവും എഴുന്നേറ്റുനിന്നു് പരിവാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിയിരുന്നു) അതേ കാരണത്താല്‍ നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചതും ഓര്‍ക്കുന്നു. പരസ്യമായി വിഭാഗീയതയ്ക്കു് ഊര്‍ജ്ജംപകരുന്ന സമീപനമായിരുന്നു, അബ്ദുള്ളക്കുട്ടിയുടേതു്. ആ ചവറുകാരണം അല്‍പ്പകാലത്തേക്കെങ്കിലും മടുപ്പുതോന്നിപ്പോയിരുന്നു, എനിക്കു്.

    മറുപടിഇല്ലാതാക്കൂ
  9. എനിക്ക് തോന്നുന്നത്...അബ്ദുള്ളക്കുട്ടി ന്യൂനപക്ഷം അല്ലായിരുന്നെങ്കില്‍ എപ്പോഴേ കൊലക്കത്തിക്ക് ഇരയകുമായിരുന്നു എന്നാണു ശെരിയല്ലേ?...

    മറുപടിഇല്ലാതാക്കൂ
  10. പ്രേമന്‍ മാഷ്‌ ഇതെഴുതിക്കൂടായിരുന്നു.
    എന്തോ.. ഒരാള്‍ ചതി കാട്ടിയാലും പൊറുക്കാന്‍ ഇടതു പക്ഷക്കര്‍ക്കു കഴിയണം.അതാണ്‌ ഇടതു പക്ഷമാനവികത.( വടക്ക് മനസ്സിലാകുമോ എന്തോ )അയാള്‍ മറു പക്ഷം ചേര്‍ന്നാല്‍ ചെറുക്കണം.ആശയം കൊണ്ടും ധീരമായ പ്രവര്‍ത്തി കൊണ്ടും.
    ആക്ഷേപം കൊണ്ടല്ല...

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2010, ഡിസംബർ 2 3:51 PM

    വെള്ളക്കൊടിയില്‍ 'മതേതരത്വം, സോഷ്യലിസം, ജനാധിപത്യം'
    ഇതോ ജനാധിപത്യം?
    നാണമുണ്ടോ എന്നു ചോദിക്കുവാന്‍ നാണമാകുന്നു.
    പൊരുതി ജയിക്കണം.ആദര്‍ശങ്ങള്‍ യുവാക്കളെങ്കിലും പണയപ്പെടുത്തരുത്.
    സമൂഹം യുവാക്കളില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നു.കഷ്ടം!

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2010, ഡിസംബർ 3 12:28 AM

    മാഷെ വേണ്ടായിരുന്നു എന്ന് തോനുന്നു അബ്ദുല്ലകൂട്ടി അത് ഒരു ചര്‍ച്ചക്ക് പോലും പറ്റിയ വിഷയമല്ല

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍2011, ജനുവരി 7 4:41 PM

    അബ്ദുള്ളകുട്ടി എന്നത് തന്നെ ഒരു അശ്ലീലമാണ്,ഇപ്പോള്‍ അത് എത്തേണ്ടിടത്എത്തി, ചെരെണ്ടിടത് ചേര്‍ന്നു,ഇനി ഈ അത്മകതക്ക് വീര്ന്ദ്രകുമാറിന്റെ വക പുരസ്‌കാരം കൂടിയയാല്‍ ബഹുജോറ്..! ഇതിനോക്കെയാണ് കേരളത്തില്‍ വലതുപക്ഷം എന്ന് വിളിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  14. abdullakkuttiyude thaniniram vyaktham

    മറുപടിഇല്ലാതാക്കൂ
  15. അജ്ഞാതന്‍2011, മാർച്ച് 5 11:48 AM

    Inganeyanu Kannur model ennu manasilayille.....
    Thurannu paranjathu nannayi. Ini ithtaram abhasam cheyyumbol ayiram vattam alochikkuka........

    മറുപടിഇല്ലാതാക്കൂ
  16. idathan mar enum anganeyanu, Swayam nyayeekarikkum. Preman mashum vibhinnanallennu manassilayi.

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2011, നവംബർ 9 2:46 PM

    Ellam Abdullakutty pozhadilulah vishamam kondanu - saramilla inizhum palarum cpm vidum - sindhu pozhille - kshama sheelikunnadu nalladanu

    മറുപടിഇല്ലാതാക്കൂ
  18. വട്ടേന്‍തിരിപ്പ്‌: ആത്മകഥയില്‍ ഇല്ലാത്തത് >>>>> Download Now

    >>>>> Download Full

    വട്ടേന്‍തിരിപ്പ്‌: ആത്മകഥയില്‍ ഇല്ലാത്തത് >>>>> Download LINK

    >>>>> Download Now

    വട്ടേന്‍തിരിപ്പ്‌: ആത്മകഥയില്‍ ഇല്ലാത്തത് >>>>> Download Full

    >>>>> Download LINK

    മറുപടിഇല്ലാതാക്കൂ
  19. വട്ടേന്‍തിരിപ്പ്‌: ആത്മകഥയില്‍ ഇല്ലാത്തത് >>>>> Download Now

    >>>>> Download Full

    വട്ടേന്‍തിരിപ്പ്‌: ആത്മകഥയില്‍ ഇല്ലാത്തത് >>>>> Download LINK

    >>>>> Download Now

    വട്ടേന്‍തിരിപ്പ്‌: ആത്മകഥയില്‍ ഇല്ലാത്തത് >>>>> Download Full

    >>>>> Download LINK pH

    മറുപടിഇല്ലാതാക്കൂ