2010, ജൂലൈ 25, ഞായറാഴ്‌ച

സ്‌കൂളിലെ കഷ്‌ടജീവിതവും കോച്ചിംഗ്‌ സെന്ററിലെ (വി)ശിഷ്‌ടജീവിതവും

ശ്രീ. എന്‍. ശ്രീകുമാര്‍ ഒരു കമന്റു വഴി ഓര്‍മിപ്പിച്ച പഴയ ഒരു പോസ്റ്റ്‌.
ഇപ്പോഴും പ്രസക്തമെന്നു തോന്നുന്നതിനാല്‍ പുന: പ്രസിദ്ധീകരിക്കുന്നു.


ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററിക്കുകൂടി പൊതുപരീക്ഷ ഏര്‍പ്പെടുത്തിയത്‌ ഉപകരമായത്‌ ഒരൊറ്റ വിഭാഗത്തിനാണ്‌-കേരളത്തിലെ സ്വകാര്യട്യൂഷന്‍/ കോച്ചിംഗ്‌ സ്ഥാപനങ്ങള്‍ക്ക്‌. ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ വ്യാപകമായതോടുകൂടി പൂട്ടാനാഞ്ഞ പാരലല്‍ കോളേജുകള്‍, ഞൊടിയിടയിലാണ്‌ വന്‍കിട കോച്ചിംഗ്‌ സ്ഥാപനങ്ങളുടെ ഫ്രാഞ്ചൈസികളായി മാറിയത്‌. നേരത്തെ പതിനൊന്നാം ക്ലാസ്‌ പഠനം കുറേക്കൂടി സ്വതന്ത്രവും ഉല്ലാസപ്രദവുമായിരുന്നത്‌ മാറി അതും പത്തിനെയും പന്ത്രണ്ടിനെയും പോലെ ജയപരാജയങ്ങളുടെയും ഗ്രേഡിന്റെയും മാര്‍ക്കിന്റെയും ഭീഷണിയുടെയും അമിത പ്രതിക്ഷകളുടെയും ഉത്‌കണ്‌ഠകളുടെയും തുലാസിലേക്ക്‌ വന്നു വീഴുകയും ചെയ്‌തു.

ഹയര്‍സെക്കന്ററി
തലത്തിലെ വാര്‍ഷിക കോച്ചിംഗ്‌ ഫീസ്‌ 12000 ത്തിനും 15000 നും ഇടയിലാണ്‌.ഇത്‌ മുപ്പതിനായിരം വരെ ആകുന്ന സ്ഥാപനങ്ങളും ഉണ്ട്‌. പൊതുവിദ്യാഭ്യാസം സൗജന്യമാണ്‌ എന്നൊക്കെ വിശ്വസിക്കുന്നവരായി ഇക്കാലത്ത്‌ ഒരു രക്ഷകര്‍ത്താവും ഉണ്ടാവില്ല. വിദ്യാഭ്യാസം ഒരുപാട്‌ മുതല്‍ മുടക്കുള്ളതും ചെലവേറിയതും ആണെന്ന സമ്മതിപത്രം നേരത്തെ തന്നെ സമൂഹം അധികാരികള്‍ക്ക്‌ നല്‍കിയിരുന്നു. അതുകൊണ്ടാണ്‌ സ്‌കൂളിലെ IT പഠനത്തിനായി പ്രതിവര്‍ഷം 250 രൂപ വാങ്ങാനുള്ള തീരുമാനം ഒരെതിര്‍പ്പും കുടാതെ കേരളത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞത്‌.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളില്‍, വിദ്യാലയത്തിനകത്തെ പഠനത്തില്‍, തന്റെ കുട്ടിയുടെ കഴിവുകളില്‍ വിശ്വാസം നഷ്‌ടപ്പെട്ടവരാണ്‌ ഇന്ന്‌ കേരളത്തിലെ രക്ഷിതാക്കളില്‍ അധികവും. പണമിറക്കി പണം നേടുക എന്ന ചൂതാട്ടയുക്തിയാണ്‌ അവരെ ഭരിക്കുന്നത്‌. ഫീസ്‌ ഏറ്റവും കൂടിയ ട്യൂഷന്‍സെന്ററില്‍ കുട്ടിയ ചേര്‍ക്കുകയാണ്‌ ഏറ്റവും സുരക്ഷിതമായ മാര്‍ഗം. മുടക്കിയ കാശ്‌ നഷ്‌ടമാകാനുള്ള സാധ്യത ഇവിടെ വളരെക്കുറവ്‌. ഏറ്റവും ഉന്നതരായവര്‍ക്ക്‌ പ്രവേശനപരീക്ഷകളില്‍ ഇടറിയാലും പരിഭ്രമിക്കാനില്ല. മെഡിസിനുള്ള മുപ്പതോ നാല്‌പതോ ലക്ഷമോ, എഞ്ചിനീയറിംഗിനുള്ള അഞ്ചോ പത്തോ ലക്ഷമോ അവരുടെ കയ്യില്‍ ഇപ്പോഴെ റെഡി. തനിക്ക്‌ എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങള്‍ മക്കളിലൂടെയെങ്കിലും സാക്ഷാത്‌കരിക്കണം എന്ന സ്വപ്‌നത്താല്‍, മക്കളൂടെ പഠനത്തിനുവേണ്ടി സ്വന്തം ജീവിതസൗഭാഗ്യങ്ങള്‍പോലും ഉപേക്ഷിച്ച ഇടത്തരം രക്ഷകര്‍ത്താക്കളാണ്‌ കോച്ചിംഗ്‌ സെന്ററുകാരുടെ പ്രധാന ഇരകള്‍. മൂന്ന്‌ സയന്‍സ്‌ വിഷയങ്ങള്‍ക്കും തോറ്റ വിദ്യാര്‍ത്ഥിനിക്കായി SAY പരീക്ഷയുടെ ഫീസ്‌ അടക്കാന്‍ വന്ന രക്ഷകര്‍ത്താവിനോട്‌ `മകളെവിടെ' എന്ന്‌ ചോദിച്ചപ്പോള്‍ അവള്‍ എന്‍ട്രന്‍സ്‌ പരീക്ഷ എഴുതാന്‍ പോയിരിക്കുകയാണ്‌ എന്നാണുത്തരം! ഇദ്ദേഹവും മകളെ പന്ത്രണ്ടായിരം രൂപ നല്‍കി ഒരു വര്‍ഷം `എന്‍ട്രന്‍സ്‌ ഓറിയന്റഡ്‌' കോച്ചിംഗ്‌ സ്ഥാപനത്തില്‍ അയച്ചതാണ്‌. ഒട്ടുമിക്ക സര്‍ക്കാര്‍, എയിഡഡ്‌ ഹയര്‍ സെക്കന്ററി സ്‌കൂളുകളും ഇന്ന്‌ കോച്ചിംഗ്‌ സ്ഥാപനങ്ങളുടെ അനുബന്ധം മാത്രമാണ്‌. റജിസ്‌ട്രേഷന്‍, പരീക്ഷയെഴുത്ത്‌, പ്രാക്‌ടിക്കല്‍, തുടര്‍മൂല്യനിര്‍ണയം ഇവയ്‌ക്കുവേണ്ടി മാത്രം ഒരു സ്‌കൂള്‍. പഠനവും പരിശീലനവും കോച്ചിംഗ്‌ സെന്ററുകളില്‍!

സര്‍ക്കാരില്‍
നിന്ന്‌ പതിനായ്യായിരം മുതല്‍ കാല്‍ലക്ഷം രൂപ വരെ പ്രതിമാസം ശമ്പളമായി പറ്റുന്ന അധ്യാപകര്‍തന്നെയാണ്‌ കോച്ചിംഗ്‌ സെന്ററുകളില്‍ നിന്ന്‌ അത്രയുമോ അതിലുമേറെയോ സമ്പാദിച്ചുകൊണ്ട്‌ പൊതുവിദ്യാഭ്യാസത്തെ ഒറ്റുകൊടുക്കുന്നത്‌. അവരുടെ കോച്ചിംഗ്‌ സെന്ററുകളിലെ പ്രഭാഷണങ്ങളും പ്രവൃത്തികളുമാണ്‌, വിദ്യാലയത്തെക്കുറിച്ചും അധ്യാപകരെക്കുറിച്ചും രക്ഷകര്‍ത്താക്കള്‍ക്കുള്ള വിശ്വാസം തകര്‍ത്തത്‌. പാഠ്യപദ്ധതി, അധ്യാപക പരിശീലനങ്ങള്‍, മൂല്യനിര്‍ണയം, ക്ലസ്റ്ററുകള്‍ എന്നിവയെ അങ്ങേയറ്റം വിഷലിപ്‌തമായ വാക്കുകളാല്‍ അധിക്ഷേപിക്കുന്ന ഇവര്‍, പ്രതിമാസം തുപ്പലുതൊട്ട്‌ നോട്ടുകളെണ്ണി വാങ്ങുന്ന കാര്യത്തില്‍ മാത്രമാണ്‌ സ്വന്തം വിദ്യാലയത്തില്‍ ശുഷ്‌കാന്തി കാട്ടുന്നത്‌.
ചെറുക്ലാസുകളില്‍ നിന്നേ ആരംഭിക്കുന്ന ട്യൂഷന്‍ സംസ്‌ക്കാരം കുട്ടിയുടെ പ്രായോഗികജീവിതത്തിലും ശാരീരിക-മാനസിക ആരോഗ്യത്തിലും വരുത്തുന്ന ഗുരുതരമായ താളഭംഗങ്ങള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്‌. ഉരുവിട്ടുറപ്പിക്കാനും കാണാപ്പാഠം പഠിക്കാനും മാത്രം ആവശ്യപ്പെട്ടിരുന്ന ഒരു പഠനരീതിയുടെ സ്ഥാനത്ത്‌ സ്വന്തം ചിന്താശേഷിയെയും അന്വേഷണത്വരയെയും ആശയവിനിമയപാടവത്തെയും കേന്ദ്രസ്ഥാനത്ത്‌ വെക്കുന്ന മറ്റൊരു രീതിശാസ്‌ത്രം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ്‌ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍. നേരത്തെ ട്യൂഷനുകള്‍ അല്‌പമെങ്കിലും ഉപകാരപ്രദമായിരുന്നത്‌ ഇവിടെ നടന്നതിന്റെ (ചിലപ്പോള്‍ തിരിച്ചും) ആവര്‍ത്തനം ഒരിക്കല്‍ക്കൂടി നടക്കുന്നു എന്നതുകൊണ്ട്‌ മാത്രമാണ്‌. ചില വസ്‌തുതകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ അവ സഹായകമാവുന്നു. എന്നാല്‍ ഇന്ന്‌ സ്‌കൂളുകളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന രീതിയുടെ കടകവിരുദ്ധമായ രീതിയാണ്‌ ട്യൂഷന്‍ സെന്ററുകളില്‍ സ്വീകരിക്കപ്പെടുന്നത്‌. ചില ശേഷികള്‍ (Skill) വളര്‍ത്തിയെടുക്കാനുള്ള പരിശീലനം മാത്രം. (പരിശീലനമെന്നപദം തന്നെ മനുഷ്യര്‍ക്കല്ല മൃഗങ്ങള്‍ക്കാണ്‌ കുടുതല്‍ ചേരുക). ഒരിടത്ത്‌ അസൈന്മെന്റുകളും പ്രൊജക്‌ടുകളും ഫീല്‍ഡ്‌ സ്റ്റഡിയും സംവാദവും ചര്‍ച്ചയും. മറ്റേയിടത്ത്‌ ആവര്‍ത്തിച്ചുറപ്പിക്കലും കാണാപ്പാഠം പഠിക്കലും. സ്വാഭാവികവും ജൈവികവുമായ അറിവുനിര്‍മ്മാണവും കൃത്രിമവും യാന്ത്രികവുമായ ഓര്‍മ്മപരീക്ഷണവും. രണ്ട്‌ രീതിയും ഒരേ സമയം പീഡിപ്പിക്കുന്ന കുട്ടികളുടെ നിലവിളി ആര്‌ കേള്‍ക്കാനാണ്‌?

കോച്ചിംഗ്‌
സെന്ററുകള്‍ നിലനില്‍പ്പിനായി കളിക്കുന്ന തുരുപ്പാണ്‌ പാഠഭാഗങ്ങള്‍ മുന്‍കൂട്ടി പഠിപ്പിക്കല്‍ എന്നത്‌. പാഠത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ അധ്യാപകര്‍, വിഷയത്തെക്കുറിച്ച്‌ എന്തൊക്കെ മുന്നറിവുകള്‍ കുട്ടി ആര്‍ജ്ജിച്ചിട്ടുണ്ട്‌ എന്ന്‌ തിരിച്ചറിയുന്നതിനായി ചില ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്‌. വലിയ വായില്‍ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുന്നത്‌ ട്യൂഷന്‍ സന്താനങ്ങളായിരിക്കും. എല്ലാ തലകളും പിന്നീട്‌ അവളുടെ/അവന്റെ നേര്‍ക്ക്‌ വടക്കുനോക്കിയന്ത്രത്തിന്റെ സൂചിപോലെ തിരിഞ്ഞിരിക്കും. കുട്ടികളെ വ്യക്തിപരമായോ സംഘങ്ങളായോ ഒരു പ്രവര്‍ത്തനത്തിന്റെ വ്യത്യസ്‌ത ഘട്ടത്തിലുടെ കടത്തിക്കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക്‌ സ്വന്തം ചിന്താശേഷി ഉപയോഗിച്ച്‌ ഉത്തരങ്ങള്‍ / മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അവര്‍ മുന്നോട്ടുപോകും. കണ്ടെത്തുന്ന ഉത്തരങ്ങളേക്കാള്‍ പ്രധാനം അതിന്റെ പ്രക്രിയയ്‌ക്കാണ്‌. ഇതാണ്‌ കുട്ടിയില്‍ ആത്മവിശ്വാസം നിറയ്‌ക്കുന്നത്‌. ഓരോ പ്രശ്‌നങ്ങളെയും നേരിടാനുള്ള പ്രയോഗികാനുഭവം പ്രദാനം ചെയ്യുന്നത്‌. പുതിയ വഴികള്‍ ആരായാന്‍ പ്രേരണയാകുന്നത്‌. ഇതെല്ലാം പൂര്‍ണാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്നു എന്നല്ല. അതിനായിയുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. അതിനെ ഒട്ടാകെ തുരങ്കം വെക്കുന്നത്‌ ട്യൂഷന്‍സെന്ററുകളില്‍ ഹൃദയവും ബുദ്ധിയും കെട്ടിത്തൂക്കിയ പുതിയ കാലത്തെ അധ്യാപകര്‍ തന്നെയാണ്‌. സ്‌പൂണില്‍ ഫീഡ്‌ ചെയ്‌ത്‌ കയറ്റിയ വിജ്ഞാനശകലങ്ങളുടെ ബലത്തില്‍ ഉന്നതസ്‌കോര്‍ / നില നേടിയ പലരും ജീവിതത്തിന്റെ ചരല്‍പ്പാതകളില്‍ കാലിടറിവീഴുന്നത്‌ മാത്രം ആരും കാണുന്നില്ല.

സര്‍ക്കാര്‍
, എയിഡഡ്‌ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപകന്മാര്‍ തന്നെയാണ്‌ കോച്ചിംഗ്‌ സെന്ററുകളിലെയും താരങ്ങള്‍. തങ്ങളുടെ ആത്മാവ്‌ പണയം വെച്ച കോച്ചിംഗ്‌ സ്ഥാപനങ്ങളിലേക്ക്‌ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനാണ്‌ ഇവര്‍ മാതൃസ്ഥാപനങ്ങളില്‍ ചെല്ലുന്നത്‌. തങ്ങളുടെ സ്ഥാപനത്തില്‍ ചേരാത്ത കുട്ടികളെ പ്രാക്‌ടിക്കല്‍, തുടര്‍മൂല്യനിര്‍ണ്ണയം എന്നിവകാട്ടി ഭീഷണിപ്പെടുത്തുവാന്‍ പോലും തയ്യാറാകുന്നവരുണ്ട്‌. പഴയ ട്യൂട്ടോറിയല്‍ കോളേജിലെ അധ്യാപകരെ ഓര്‍മ്മയില്ലേ. സ്ഥിരം ജോലി ലഭിക്കുന്നതിനുമുന്നിലെ ഇടവേളകളില്‍ ഒട്ടനവധിപേര്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്‌തിരിക്കും. ക്ലാസുകള്‍ കഴിഞ്ഞാലും സംസ്‌കാരിക -രാഷ്‌ട്രീയ പ്രശ്‌നങ്ങളുടെ ചര്‍ച്ചയും വിശകലനവുമായി, അവിടുന്ന്‌ ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചുള്ള ചിന്തയില്ലാതെ, സൗഹൃദങ്ങളുടെ ലഹരിയുമായി കഴിഞ്ഞ ഒരു കാലത്തെക്കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മ്മകള്‍ ഒട്ടനവധി പേര്‍ക്കുണ്ടാവും. കാറിലും ബൈക്കിലും വന്നിറങ്ങി മണിക്കൂറുകള്‍ക്ക്‌ ആയിരങ്ങള്‍ വിലപേശിവാങ്ങിക്കുന്ന, പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ ജീവിക്കുന്ന പുതിയ കാലത്തെ കോച്ചിംഗ്‌ വിദഗ്‌ധര്‍ക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയില്ല അക്കാലം. സംസ്ഥാനത്തെ മൂന്ന്‌ലക്ഷത്തോളം വരുന്ന ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളില്‍ രണ്ട്‌ ലക്ഷത്തിനടുത്തുവരും സയന്‍സ്‌ വിദ്യാര്‍ത്ഥികള്‍. ഇതില്‍ പകുതിപ്പേരെങ്കിലും സ്ഥിരമായി കോച്ചിംഗിന്‌ പോകുന്നവരാണെന്ന്‌ കണക്കുകൂട്ടിയാല്‍ തന്നെ രണ്ടുവര്‍ഷത്തേക്കായി 150 മുതല്‍200 കോടി രൂപയാണ്‌ രംഗത്ത്‌ മുടക്കപ്പെടുന്നത്‌ (75,000 X10,000 X2).നൂറ്‌ശതമാനവും പ്രയോജനരഹിതമായ ഒരു വ്യായാമത്തിനായി ദരിദ്രസംസ്ഥാനം പ്രതിവര്‍ഷം മുടക്കുന്നത്‌ 150 കോടി രൂപ. തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ കഞ്ഞികുടിക്കായല്ല തുക വിഭജിച്ചുപോകുന്നതെന്ന്‌ ഓര്‍ക്കണം. എന്‍ട്രന്‍സ്‌ എടുത്തുകളഞ്ഞാലും ഇല്ലെങ്കിലും ഇത്‌ കൂടിവരികയേയുള്ളു. നഗരങ്ങളില്‍ മാത്രം മുന്‍വര്‍ഷങ്ങളില്‍ ഒതുങ്ങിയിരുന്ന കോച്ചിംഗ്‌ സെന്ററുകള്‍ ഇന്ന്‌ ഗ്രാമീണമേഖലയില്‍പ്പോലും ഒഴിച്ചുകുടാന്‍ കഴിയാത്ത സ്ഥാപനങ്ങളായിത്തീര്‍ന്നു.

സ്വന്തം
സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കാന്‍ കഴിയുന്ന കഴിവുള്ള അധ്യാപകര്‍ തന്നെയാണ്‌ സ്‌കൂളുകളെ ഒറ്റുകൊടുത്തുകൊണ്ട്‌ പ്രവണതയ്‌ക്ക്‌ ശക്തി പകരുന്നത്‌. സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ മറ്റധ്യാപകര്‍ക്കുകൂടി താത്‌പര്യം നഷ്‌ടപ്പെടുന്ന രീതിയിലാണ്‌ ഇതിപ്പോള്‍ എത്തിനില്‍ക്കുന്നത്‌. ക്ലാസില്‍ പുതുതായി, നല്ല ആസൂത്രണത്തോടെ അവതരിപ്പിക്കേണ്ടുന്ന ഒരു പ്രശ്‌നം കേവലം കാണാപ്പാഠം പഠിക്കേണ്ട വസ്‌തുതയായി ട്യൂഷന്‍ ക്ലാസില്‍ നിന്നും പൊതിഞ്ഞു കൊടുത്തിരിക്കും. സ്‌കൂളില്‍ സ്‌പെഷല്‍ ക്ലാസുകള്‍ എടുക്കണമെങ്കില്‍, കുട്ടികള്‍ക്കായി ക്യാമ്പുകളോ ചലച്ചിത്രപ്രദര്‍ശനങ്ങളോ നടത്തണമെങ്കില്‍ കോച്ചിംഗ്‌ ക്ലാസുകാരുടെ കൂടി അനുവാദം ആവശ്യമാണ്‌. അല്ലെങ്കില്‍ കുട്ടികള്‍ ഉണ്ടാവില്ല ഇതിനൊന്നും. ഇതിന്‌ മുന്‍കൈയെടുത്ത അധ്യാപകന്‍/ അധ്യാപിക കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും കോച്ചിംഗ്‌സെന്ററുകാരുടെയും കരിമ്പട്ടികയിലും ആകും.
സ്‌കൂളിലെയും കോച്ചിംഗ്‌സെന്ററിലെയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്ന കുട്ടികളുടെ അവസ്ഥ അതിദയനീയമാണ്‌. പുലര്‍ച്ചെ ആരംഭിക്കുന്ന ഇവരുടെ പഠനക്ലാസുകള്‍ ചിലപ്പോള്‍ രാത്രിവരെ നീളും. അതിനുശേഷം വേണം രണ്ടിടങ്ങളിലെയും രചനകള്‍ പൂര്‍ത്തീകരിക്കാനും ടെസ്റ്റുകള്‍ക്ക്‌ തായ്യാറാവാനും. തനിക്കുവേണ്ടി രക്ഷകര്‍ത്താക്കള്‍ മുടക്കിയിട്ടൂള്ള ഭീമമായ തുകയെക്കുറിച്ചുള്ള ചിന്ത, അവരുടെ പ്രതീക്ഷകള്‍, വിഷയത്തില്‍ പലതും തനിക്ക്‌ പിടികിട്ടാത്തതിലുള്ള ഉത്‌കണ്‌ഠ എന്നിവ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഊഹാതീതങ്ങളാണ്‌. ഭീതിയുടെയും ഉത്‌കണ്‌ഠകളുടെയും കൊടുമുടിയിലേക്ക്‌ കുട്ടികളെ ഉന്തിക്കേറ്റുന്നതാണോ വിദ്യാഭ്യാസം? പ്രാഥമിക കൃത്യങ്ങള്‍പോലും ശരിയായി നിര്‍വ്വഹിക്കാതെ, നേരത്തിനും കാലത്തിനും വല്ലതും കഴിക്കാതെ, ശരിയായി ഉറങ്ങാതെ നിര്‍വ്വഹിക്കേണ്ട ഒന്നാണോ വിദ്യാഭ്യാസം? തൊട്ടടുത്തിരിക്കുന്ന കുട്ടിയെവരെ മനസ്സില്‍ ശത്രുവായി പ്രതിഷ്‌ഠിച്ച്‌ നടത്തേണ്ട പോരാട്ടമാണോ വിദ്യാഭ്യാസം ? വിദ്യാഭ്യാസമെന്ന ആര്‍ക്കും തട്ടിക്കളിക്കാവുന്ന പന്തിനെ കച്ചവടത്തിന്റെ കോര്‍ട്ടില്‍ നിന്ന്‌ വിശാലമായ മൈതാനത്തിലേക്ക്‌ കൊണ്ടുവരുന്നതുവരെ ഇത്തരം ചോദ്യങ്ങള്‍ക്കുതന്നെ പ്രസക്തിയുണ്ടാവില്ല.

4 അഭിപ്രായങ്ങൾ:

  1. ഭീതിയുടെയും ഉത്‌കണ്‌ഠകളുടെയും കൊടുമുടിയിലേക്ക്‌ കുട്ടികളെ ഉന്തിക്കേറ്റുന്നതാണോ വിദ്യാഭ്യാസം? പ്രാഥമിക കൃത്യങ്ങള്‍പോലും ശരിയായി നിര്‍വ്വഹിക്കാതെ, നേരത്തിനും കാലത്തിനും വല്ലതും കഴിക്കാതെ, ശരിയായി ഉറങ്ങാതെ നിര്‍വ്വഹിക്കേണ്ട ഒന്നാണോ വിദ്യാഭ്യാസം? തൊട്ടടുത്തിരിക്കുന്ന കുട്ടിയെവരെ മനസ്സില്‍ ശത്രുവായി പ്രതിഷ്‌ഠിച്ച്‌ നടത്തേണ്ട പോരാട്ടമാണോ വിദ്യാഭ്യാസം ? വിദ്യാഭ്യാസമെന്ന ആര്‍ക്കും തട്ടിക്കളിക്കാവുന്ന പന്തിനെ കച്ചവടത്തിന്റെ കോര്‍ട്ടില്‍ നിന്ന്‌ വിശാലമായ മൈതാനത്തിലേക്ക്‌ കൊണ്ടുവരുന്നതുവരെ ഇത്തരം ചോദ്യങ്ങള്‍ക്കുതന്നെ പ്രസക്തിയുണ്ടാവില്ല.

    മറുപടിഇല്ലാതാക്കൂ
  2. ഒരുപാടുകാലമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഈ വിഷയം പ്രേമന്‍മാഷിലൂടെ സാക്ഷാത്കരിക്കപ്പെട്ടുകണ്ടതില്‍ നിറഞ്ഞ സന്തോഷം.
    ഉത്തരവാദപ്പെട്ടരുടെ ശ്രദ്ധയില്‍ പതിയുമെന്നു കരുതട്ടെ!

    മറുപടിഇല്ലാതാക്കൂ
  3. കാര്യമാത്രപ്രസ്ക്തമായ ലേഖനം.

    മറുപടിഇല്ലാതാക്കൂ
  4. നല്ല പോസ്റ്റ്‌!
    "മൂന്ന്‌ സയന്‍സ്‌ വിഷയങ്ങള്‍ക്കും തോറ്റ വിദ്യാര്‍ത്ഥിനിക്കായി SAY പരീക്ഷയുടെ ഫീസ്‌ അടക്കാന്‍ വന്ന രക്ഷകര്‍ത്താവിനോട്‌ `മകളെവിടെ' എന്ന്‌ ചോദിച്ചപ്പോള്‍ അവള്‍ എന്‍ട്രന്‍സ്‌ പരീക്ഷ എഴുതാന്‍ പോയിരിക്കുകയാണ്‌ എന്നാണുത്തരം!"
    ഏതു പ്രശ്നത്തിനും സൂത്രത്തില്‍ പരിഹാരം കാണാനുള്ള വഴിതേടുന്ന 'commonsense ' അതിസാമര്‍ത്ത്യം!
    ..ഒരുപക്ഷെ ഇതായിരിക്കും മലയാളികളെ ഭൂലോക ചെറ്റകള്‍ എന്ന് പൊതുവേ ശരിയായോ അല്ലെങ്കില്‍
    തെറ്റായോ വിലയിരുത്തുന്നത്

    മറുപടിഇല്ലാതാക്കൂ