2010, ജൂലൈ 4, ഞായറാഴ്‌ച

മൂത്രപ്പുരകള്‍ ഉണ്ടാകുന്നത്.

സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ നടത്തിപ്പിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മല്‍ പുരസ്കാരം നേടിയ ഞങ്ങളുടെ ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ വിദഗ്ദ സംഘം പരിശോധനയ്കായി എത്തിയ ഒരനുഭവം പറഞ്ഞു കേട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള സംഘം എത്തുന്നതിന്റെ വിവരം മുന്‍കൂട്ടി പഞ്ചായത്തില്‍ അറിഞ്ഞിരുന്നു.  സംഘം സന്ദര്‍ശിക്കാന്‍ ഇടയുള്ള മുഴുവന്‍ സ്ഥലങ്ങളും നീറ്റാക്കി സുഗന്ധ പൂരിതമാക്കാന്‍ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും കക്ഷി രാഷ്ട്രീയ ഭേദമന്യേ കൈമെയ് മറന്നു ദിവസങ്ങളോളം ശ്രമദാനം നടത്തി. പഞ്ചായത്ത് ആഫീസും മത്സ്യ മാര്‍ക്കറ്റും ടൌണും നിരത്തുകളും എല്ലാം വെളുപ്പിച്ച് കുട്ടപ്പനാക്കി. പഞ്ചായത്തിനെ ശുചിത്വ പൂര്‍ണമാക്കാന്‍ കഴിഞ്ഞ രണ്ടു വര്‍ഷം നടത്തിയ മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങളും ഫോട്ടോയും വാര്‍ത്തകളും പ്രത്യേകം എടുത്തു വെച്ചു. അഭിമുഖം നല്‍കാനായി സ്ഥലത്തെ പ്രധാന ദിവ്യന്മാരെയെല്ലാം പരിശീലിപ്പിച്ചു തയ്യാറാക്കി. സംഘം എത്തുന്ന ദിവസം അതിരാവിലെ തന്നെ കേരളീയ വസ്ത്ര വിതാനത്തോടെ താലപ്പോലിയോടെ പഞ്ചയാത്തിന്റെ അതിര്‍ത്തിയില്‍ നിന്നും സ്വീകരിച്ചു ആനയിക്കാന്‍ തയ്യാറെടുത്തു നിന്നു. കേന്ദ്ര സംഘത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. കാറില്‍ എത്തിയ സംഘം വന്ന ഉടനെ അന്വേഷിച്ചത് സമീപത്തുള്ള പ്രൈമറി സ്കൂള്‍ എവിടെയാണ് എന്നാണ്. ഇതന്താ വിദ്യാഭ്യാസ സര്‍വെയോ എന്ന് അമ്പരന്ന പ്രസിഡണ്ട്‌ സംഘത്തെ ആദ്യം പഞ്ചായത്താഫീസിലേക്ക് കൊണ്ടുപോകാന്‍ ഉത്സാഹിച്ചു. ആദ്യം സ്കൂളില്‍ പിന്നെ ആപ്പീസില്‍ എന്ന സംഘത്തിന്റെ വാശിക്ക് മുന്നില്‍ പ്രസിഡണ്ട്‌ തലകുനിച്ചു. സംഘം വരുന്നത് പ്രമാണിച്ച് സ്കൂള്‍ വൃത്തിയാക്കാന്‍ ഹെഡ് മാഷോട് പറയാന്‍ വിട്ടുപോയതില്‍ സ്വയം തലക്കടിച്ചു. പെട്ടെന്ന് ഫോണില്‍ ബന്ധപ്പെട്ടു അത്യാവശ്യം സ്ഥലമെല്ലാം വൃത്തിയാക്കിയിടാന്‍ ഹെഡ് മാഷോട് പറയാന്‍ സില്‍ബന്ധിയെ ഏല്‍പ്പിച്ചു. കാറ് സ്കൂളിലെത്തിയതും സംഘം ആദ്യം അന്വേഷിച്ചത് മൂത്രപ്പുര എവിടെയാണെന്നാണ്. മൂത്രപ്പുരയുടെ സമീപത്തെത്തിയപ്പോള്‍ തന്നെ അവര്‍ മൂക്ക് പൊത്തി. പൊട്ടിപ്പൊളിഞ്ഞു വൃത്തികേടായ, അരഭിത്തികെട്ടിയ ആ മൂത്രപ്പുരയുടെ പരിസരം പോലും ദുര്‍ഗന്ധ പൂര്‍ണമായിരുന്നു. ചപ്പു ചവറുകളും ചെളിയും അടിഞ്ഞു കാലങ്ങളായി വൃത്തിയാക്കാത്ത അതിനകം യുഗങ്ങളായുള്ള മൂത്രം തളം കേട്ടിക്കിടക്കുന്നതുപോലെ മനം പിരട്ടലുണ്ടാക്കുന്നതായിരുന്നു. സംഘത്തിന് 'തൃപ്തി'യായി. "ഇനി അടുത്ത പഞ്ചായത്തിലേക്ക് പോകാം" അവര്‍ കാറില്‍ കയറാന്‍ തുടങ്ങുകയായി. "സാര്‍, പഞ്ചയാത്താപ്പീസും ടൌണും കൂടി കണ്ടിട്ട് പോകാം" പ്രസിഡണ്ട്‌ കെഞ്ചി. അതൊക്കെ വൃത്തിയാക്കാന്‍ കുറെ ദിവസമായി പെട്ട പാടും ഒഴുക്കിയ പണവും പ്രസിഡന്റിന്റെ മനസ്സിലൂടെ കടന്നു പോയി. "അതിന്റെ ആവശ്യമില്ല. നിങ്ങളുടെ ശുചിത്വ കാര്യത്തിലുള്ള ശ്രദ്ധയും പ്രവര്‍ത്തനങ്ങളും ഇതില്‍ നിന്നു തന്നെ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു". വണ്ടി വിടാന്‍ അവര്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അടുത്ത പഞ്ചായത്തിലെ ഒരു ഹൈസ്കൂളാണ് സംഘം സന്ദര്‍ശിച്ചത്. അവിടുത്തെ ഏറ്റവും പ്രശസ്തമായ സ്കൂള്‍. പക്ഷെ മൂത്രപ്പുരയുടെ അവസ്ഥ ആദ്യത്തേതിനേക്കാള്‍ പരിതാപകരം. രണ്ടു പഞ്ചായത്തുകളിലെയും സന്ദര്‍ശനം ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കി സംഘം മടങ്ങി.

ഇക്കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കാന്‍ ഇടയായത് സ്കൂളുകളിലെ അടിസ്ഥാന സൌകര്യത്തെ ക്കുറിച്ചുള്ള കേരള ഹൈക്കോടതി വിധിയാണ്.


സ്‌കൂളുകളില്‍ പ്രാഥമിക സൗകര്യമില്ലെന്നത് ഞെട്ടിപ്പിക്കുന്നു - ഹൈക്കോടതി
 മാതൃഭൂമി ഓണ്‍ലൈന്‍ Posted on: 22 Jun 2010


കൊച്ചി: തലസ്ഥാനമായ തിരുവനന്തപുരത്തുപോലും ചില സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രാഥമിക സൗകര്യമില്ലെന്നത് ഞെട്ടിപ്പിക്കുന്നുവെന്ന് ഹൈക്കോടതി. മറ്റു ജില്ലകളിലെ സ്ഥിതിയിലും വലിയ മാറ്റമില്ലെന്ന് ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ വിശദീകരണം പരിശോധിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് എസ്.എസ്.സതീശ് ചന്ദ്രനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്കുള്ള ഒരു ഗവ. സ്‌കൂള്‍ ഉള്‍പ്പെടെ എട്ട് സ്‌കൂളുകളില്‍ ടോയ്‌ലറ്റ് സൗകര്യമില്ലെന്ന് കാണിച്ച് ഡിപിഐ എ.പി.എം മുഹമ്മദ് ഹനീഷ് നല്‍കിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു.
സ്‌കൂളുകളില്‍ സൗകര്യമേര്‍പ്പെടുത്താന്‍ അനുവദിക്കപ്പെട്ട 220 കോടി രൂപ കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം പാഴായിപ്പോയിട്ടുണ്ടെന്ന് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചത് ശരിയെങ്കില്‍ അത് അധികാരികള്‍ക്ക് ഏറെ നാണക്കേടുണ്ടാക്കുന്നുവെന്നും കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. പ്രാഥമിക സൗകര്യമെന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയുടെ ഭാഗമാണെന്ന് കോടതി ഓര്‍മിപ്പിച്ചു. വിദ്യാര്‍ഥിനികള്‍ മാത്രമല്ല, സ്‌കൂളുകളില്‍ ഭൂരിപക്ഷം വരുന്ന അധ്യാപികമാരും വനിതാ ജീവനക്കാരും ഈ പരിമിതികളെ എങ്ങനെ അതിജീവിക്കുന്നുവെന്നതില്‍ കോടതി അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാ സ്‌കൂളുകളിലും ഏറ്റവും കുറഞ്ഞ അടിസ്ഥാന സൗകര്യമെങ്കിലും എത്രയും വേഗം ഏര്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. കുടിവെള്ളം, മൂത്രപ്പുര, ടോയ്‌ലറ്റ് എന്നിവയൊന്നുമില്ലാത്ത എത്ര സ്‌കൂളുണ്ടെന്നും അവിടെ എത്ര കുട്ടികള്‍ പഠിക്കുന്നുവെന്നുമാണ് ക്രോഡീകരിച്ച റിപ്പോര്‍ട്ടില്‍ പറയേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് നടപടി തുടങ്ങിയെന്നും എം.പി.മാരുടെയും എം.എല്‍.എ.മാരുടെയും സഹകരണം തേടുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. 

ഈ വാര്‍ത്ത സത്യത്തില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തോട് താല്പര്യമുള്ളവര്‍  ഗൌരവത്തില്‍ പരിഗണിക്കേണ്ട ഒന്നാണ്. കുട്ടികളുടെ പ്രാഥമിക സൌകര്യങ്ങളുടെ കാര്യത്തില്‍ നമ്മുടെ വിദ്യാഭ്യാസ അധികൃതര്‍ കാണിക്കുന്ന അക്ഷന്തവ്യമായ അലംഭാവത്തിന്റെ കടയ്കലാണ് ഈ വിധി തൊടുന്നത്. അതോടൊപ്പം സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കല്‍, അവയ്ക്കുള്ള ഗ്രാന്റ് പോലുള്ള സഹായങ്ങള്‍ നല്‍കല്‍, കെട്ടിടങ്ങളുടെ ഫിറ്റ് നെസ് നല്‍കല്‍ തുടങ്ങിയ പ്രക്രിയയെക്കുറിച്ചും ഇത് നമ്മളെ ചിന്തിപ്പിക്കും. എന്ത് കണ്ടിട്ടാണ് നമ്മുടെ ഭരണാധികാരികള്‍ കൊല്ലാകൊല്ലം സ്കൂളുകള്‍ക്ക് അംഗീകാരവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നത്? പക്ഷെ കോടതി ഈ അവസ്ഥയില്‍ 'ഞെട്ടിപ്പോയതാണ്' സ്കൂളിനെ  അറിയുന്നവരെ ഞെട്ടിക്കുന്നത്.  നമ്മുടെ പൊതു ഇടങ്ങളിലെ അടിസ്ഥാന സൌകര്യങ്ങളെ ക്കുറിച്ച് സാമാന്യ ബോധമുള്ള ആരും ഇതൊക്കെയേ നമ്മള്‍ക്ക് വിധിച്ചിട്ടുള്ളൂ എന്ന നിര്‍ഗുണാവസ്ഥയില്‍ എത്തിയിട്ട് കാലം ഏറെയായല്ലോ. നമ്മുടെ പൊതു വിദ്യാലയങ്ങളുടെ മൂത്രപ്പുരകളില്‍ ഒരു തവണയെങ്കിലും പോയിട്ടുള്ള ആര്‍ക്കും കാലങ്ങളായി അവയുടെ അവസ്ഥ ഇങ്ങിനെതന്നെയാണ് എന്ന് അറിയാതിരിക്കില്ലല്ലോ.

എപ്പോള്‍ മുതലാണ്‌ കേരളീയര്‍ക്ക് വൃത്തി, ശുചിത്വം എന്നിവയെല്ലാം മറ്റെല്ലാത്തിനെക്കളും പ്രധാനമായി തീര്‍ന്നത്? ആര്‍ക്കാണ് ഇവ ജീവനേക്കാളും അതിജീവിനത്തെക്കാളും പ്രഥമമായിത്തെര്‍ന്നത്‌? ശുചിത്വത്തെക്കുറിച്ച് ആരോഗ്യത്തെക്കുറിച്ച് മുള്‍മുനയില്‍ നിന്ന് കേരളീയര്‍ ഉത്കണ്ഠാകുലരാവുന്നത് വിറക്കുന്നത് സമീപകാലത്താണ്. മാധ്യമങ്ങള്‍, അതിലൂടെ ഉപരിവര്‍ഗ ആശയങ്ങള്‍ ചിത്തഭ്രമം പോലെ കേരളീയരില്‍ ഉറഞ്ഞു തുള്ളാന്‍ തുടങ്ങിയത് മുതലാണ്‌. എങ്ങും കൊടിയ വിഷസൂചികളുമായി ഭീകര രൂപികളായ കീടാണുക്കള്‍ നമ്മെ ആക്രമിക്കാന്‍ കാത്തിരിക്കയാണ് എന്ന് കൊച്ചു കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഇന്ന് 'ബോധ'മുണ്ട്. അവയെ നശിപ്പിക്കാന്‍ ഏറ്റവും മുന്തിയ കീടനാശിനികള്‍ തന്നെ വേണമെന്നതും ചോദ്യം ചെയ്യപ്പെടാത്ത പൊതുബോധമാണിന്ന്. വൃത്തിഹീനമായ ഒരിടത്തും ചവിട്ടരുത്, വിയര്‍പ്പുള്ള മനുഷ്യരുടെ സമീപത്തു പോലും പോകരുത്, മണ്ണോ  ചളിയോ കൈകാല്‍ കൊണ്ട് സ്പര്‍ശിക്കരുത്, ഫില്‍ട്ടര്‍ ചെയ്യാത്തതും നൂറു ശതമാനം അണുവിമുക്തമെന്നു ഉറപ്പില്ലാത്തതുമായ വെള്ളം കുടിക്കരുത് തുടങ്ങിയ കാര്യത്തില്‍ കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ക്ക് ഒറ്റ മനസ്സാണ്. കുത്തകകളുടെ പരസ്യങ്ങള്‍ അത്രമാത്രം കാണാപ്പാഠമാക്കിയവരാണ് നമ്മള്‍ മലയാളികള്‍.

മലയാളികളുടെ കുടംബ ഘടനയില്‍ വന്ന മാറ്റം, അത് വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പനങ്ങളില്‍ വരുത്തിയ മാറ്റം എന്നിവയും പരിശോധിക്കപ്പെടണമെന്നു തോന്നുന്നു. പറമ്പിന്റെ അങ്ങേ മൂലയില്‍ വീട്ടില്‍ നിന്നും ഒട്ടകന്ന് കക്കൂസുകള്‍ നിര്‍മ്മിച്ച നമ്മള്‍ ഇന്ന് ഓരോ കിടപ്പ് മുറിയിലും ഓരോ കക്കൂസ് എന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. പഴയ കാലത്തെ മല മൂത്ര ഗന്ധം വമിക്കുന്ന കക്കൂസുകള്‍ ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ കഴിയില്ല. അന്ന് അതെ സാധിക്കൂ. കാരണം പാനിയില്‍ എടുക്കുന്ന/ ബക്കറ്റില്‍ കൊണ്ട് പോകുന്ന കുറച്ചു വെള്ളം കൊണ്ട് വേണം സ്വയം വൃത്തിയാക്കലും കക്കൂസ് വൃത്തിയാക്കലും. അതിനും മുന്‍പ് കിണ്ടിയും വെള്ളവുമായി പ്രകൃതിയിലെക്കിറങ്ങിയവരായിരുന്നു നമ്മുടെ പൂര്‍വികര്‍. ഇന്ന് ഒഡോനില്‍ മണക്കുന്ന, ടൈല്‍സ് പാകിയ, എവിടെ വേണമെങ്കിലും വെള്ളമെത്തിക്കാന്‍ കഴിവുള്ള നിരവധി വെട്ടിത്തിളങ്ങുന്ന ടാപ്പുകള്‍ നിറഞ്ഞ കക്കൂസുകളിലല്ലാതെ ഇടത്തരം കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികള്‍ പോലും മല മൂത്ര വിസജനം നടത്തില്ല. ആ സൌകര്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ അതിനായുള്ള എന്ത് തോന്നലുകളേയും അടക്കി വെക്കും. പൊട്ടിയൊലിക്കുന്ന നമ്മുടെ സ്കൂള്‍ ടോയ് ലറ്റുകള്‍ അവരില്‍ ഓക്കാനം സൃഷ്ടിക്കും.
 
ആ തലമുറയെ സ്കൂളിലേക്ക് സ്വാഗതം ചെയ്യണമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളും മെച്ചപ്പെടണം, ആധുനികമാകണം.
സ്കൂളുകളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഇപ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ട് എന്ന് ചില ഹെഡ് മാസ്റര്‍ മാരല്ലാതെ ആരും പറയില്ല. അത് സ്വന്തം കഴിവ് കേടു മറച്ചു വെക്കാനുള്ള ഒരു വിലകുറഞ്ഞ തന്ത്രമായി മാത്രം കണ്ടാല്‍ മതി. എസ് എസ് എ പദ്ധതി നടപ്പില്‍ വന്ന അന്ന് മുതല്‍ സ്കൂളുകളിലെ അടിസ്ഥാന സൌകര്യവികസനത്തിനു മുന്തിയ പരിഗണനയാണ് നല്‍കിയത്. അതില്‍ തന്നെ പ്രത്യേകിച്ചും മൂത്രപ്പുരകളുടെയും കക്കൂസുകളുടെയും നിര്‍മാണം.  പതിനായിരക്കണക്കിനു യൂനിറ്റുകളാണ്  കേരളത്തില്‍ അനുവദിച്ചത്. എസ് എസ് എ പദ്ധതി പ്രകാരം സ്കൂളില്‍ ഒരു കക്കൂസോ മൂത്രപ്പുരയോ ആവശ്യമുണ്ടെങ്കില്‍ അത് കൃത്യമായും ആസൂത്രണം ചെയ്തു ബി ആര്‍ സി കളില്‍ / ഗ്രാമ പഞ്ചായത്തുകളില്‍ അറിയിക്കുകയെ വേണ്ടൂ. പക്ഷെ ഇത് അമ്മായിയും കുടിച്ചു പാല്‍കഞ്ഞി എന്ന് പറഞ്ഞ പോലെ ഓണത്തിനും സംക്രാന്തിക്കും ഒരു ആവശ്യമായി ആ വഴി പോകുമ്പോള്‍ പറഞ്ഞാല്‍ പോരാ. കൃത്യമായും അതിന്റെ ഒരു പദ്ധതി, ആവശ്യമായി വരുന്ന തുക, നിര്‍മാണ രീതി ഇക്കാര്യങ്ങളൊക്കെ പ്ലാന്‍ ചെയ്തു കൊടുക്കാനും നിരന്തരം ഈ ആവശ്യം ഉന്നയിക്കാനും കഴിയണം. അതിനു ഗ്രാമസഭയെങ്കില്‍ അത്, പഞ്ചായത്ത് മെമ്പര്‍ വഴിയെങ്കില്‍ അങ്ങിനെ നിരന്തരം നമ്മുടെ ആവശ്യം അവരുടെ മുന്നില്‍ ഉണ്ടാകണം. തീര്‍ച്ചയായും നമ്മുടെ ശ്രമം ആത്മാർത്ഥമെന്നു  തോന്നിയാല്‍ എത്ര വലിയ പദ്ധതിയായാലും സഹായിക്കാന്‍ ആളുകളുണ്ടാവും. പക്ഷെ അതിനു മുന്നില്‍ നില്‍കാന്‍ സ്ഥാപനത്തിന്റെ മേധാവി ഉണ്ടാകണം.


സത്യത്തില്‍ മേധാവിയായ പ്രിന്‍സിപ്പാളോ ഹെഡ് മാസ്ടരോ ഹെഡ് മിസ്ട്രസോ ആത്മാർത്ഥമായി ശ്രമിച്ചാല്‍ വരുത്താന്‍ കഴിയാത്ത ഒരു അടിസ്ഥാന സൌകര്യങ്ങളും ഇന്ന്  സ്കൂളില്‍ ഇല്ല. സ്കൂളിനെ സഹായിക്കാന്‍ പൊതു സമൂഹം ഇരു കൈയും നീട്ടി തയ്യാറാണ്. അത് പ്രയോജനപ്പെടുത്താന്‍ ഭാവനാ പൂര്‍ണമായി ഉപയോഗിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നത് മാത്രമാണ് പ്രശ്നം. ആരൊക്കെയുണ്ട് സ്കൂളിനെ സഹായിക്കാനയിട്ട്.  സര്‍ക്കാരിന്റെ നേരിട്ടുള്ള സഹായം കൂടാതെ ത്രിതല പഞ്ചായത്തുകള്‍, എം. എല്‍. എ / എം. പി. ഫണ്ടുകള്‍, നബാര്‍ഡ് പോലുള്ള ഏജന്‍സികള്‍, പി. ടി. എ, എന്‍. ജി. ഓ. സംഘടനകള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, സ്കൂള്‍ വികസന സമിതി പ്രവര്‍ത്തകര്‍ എന്നിങ്ങനെ സ്കൂള്‍ എന്നാ പൊതു സ്ഥാപനത്തിനെ സഹായിക്കാനായി നൂറു കണക്കിന് കരുത്തുള്ള കൈകള്‍ ഉണ്ട്. വേറെ ആര്‍ക്കുണ്ട് / ഏതു സ്ഥാപനത്തിനുണ്ട് ഇത് പോലെ പൊതു സമ്മിതി. ഈയിടെ ഒരു സര്‍ക്കാര്‍ സ്കൂളിന്റെ ഓര്‍ക്കൂട്ട് കമ്യൂണിറ്റി നോക്കിയപ്പോള്‍ അതില്‍ ആയിരത്തി അഞ്ഞൂറില്‍ പരം പൂര്‍വ വിദ്യാര്‍ഥികള്‍ അംഗങ്ങളാണ്. ആരും അങ്ങോട്ട്‌ ആവശ്യപ്പെട്ടല്ല, സ്വന്തം സ്കൂളിന്റെ വിലാസത്തെ അഭിമാനമായി കൊണ്ട് നടക്കാന്‍ തയ്യാറായി ആയിരക്കണക്കിന് കുട്ടികള്‍. അവര്‍ മിക്കവാറും ഇന്ന് ജീവിതത്തിന്റെ നല്ല പടവുകളില്‍ ഇരിപ്പുരപ്പിച്ചവര്‍. അവരെ ബന്ധപ്പെടുക, നമ്മുടെ ആവശ്യം അവതരിപ്പിക്കുക : ഫലം അതിശയിപ്പിക്കുന്നതായിരിക്കും. ഇതിനു ആര് മുന്‍കൈയെടുക്കും എന്നത് മാത്രമാണ് പ്രശ്നം.

സ്കൂളിന്റെ മേധാവികളുടെ ഭാവനയില്ലായ്മയുടെ, കമ്മിറ്റ്മെന്റില്ലായ്മയുടെ, ഉത്തരവാദിത്വമില്ലായ്മയുടെ നിദര്‍ശനങ്ങളാണ്  സ്കൂളിലെ വൃത്തിഹീനമായ മൂത്രപ്പുരകളും കഞ്ഞിപ്പുരകളും പൊടിപിടിച്ച ലാബുകളും ലൈബ്രറികളും മറ്റും. സ്കൂളില്‍ എന്റെ കാലത്ത് എടുത്തു പറയത്തക്ക എന്ത് നേട്ടമാണ് താന്‍ ഉണ്ടാക്കേണ്ടത് എന്നത് വേവലാതിയേയല്ലാത്ത ഒരു HM / പ്രിന്‍സിപ്പാള്‍  സ്കൂളിന് എന്ത് സംഭവിച്ചാലാണ്  ഇളകുക. സ്കൂളിനെ സഹായിക്കാനായി നീളുന്ന കൈകളെ തട്ടിയകറ്റുന്നതിലായിരിക്കും  അവര്‍ക്ക് ഉത്സാഹം. പൊതു സമൂഹത്തോട് ഒരു കടപ്പാടുണ്ടാക്കുന്നത് മിക്ക  HM മാര്‍ക്കും / പ്രിന്‍സിപ്പാള്‍ മാര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. പിന്നെ അതൊരു ബാധ്യതയാകും. ചിലതിനൊക്കെ മറുപടി പറയേണ്ടി വരും. എന്തിനു വെറുതെ പോല്ലാപ്പിനു പോകണം. കുട്ടികള്‍ തത്കാലം മൂത്രമൊഴിച്ചില്ലെങ്കിലും പ്രശ്നമില്ല; ഇവന്മാരുടെയൊന്നും മുഖം കാണാന്‍ വയ്യ എന്ന മനോഭാവമാണ് മിക്കവര്‍ക്കും. ഇത് മാറിയാലേ സ്കൂളിലെ മൂത്രപ്പുരയുടെ എന്നല്ല, മറ്റു സൌകര്യങ്ങളുടെയും കാര്യത്തില്‍ നമുക്ക് മുന്നോട്ടു പോകാന്‍ കഴിയൂ.

വിനയരാഘവാന്‍ എന്ന ഞങ്ങളുടെ പഴയ ഹെഡ് മാസ്ടരെ ഇപ്പോള്‍ ഓര്‍മ വരികയാണ്. ഒരു വര്‍ഷം മാത്രമേ അദ്ദേഹം ഞങ്ങളുടെ സ്കൂളില്‍ ഉണ്ടായിരുന്നുള്ളൂ. സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഇദ്ദേഹത്തിനു ചെറിയ വട്ടുണ്ടോ എന്ന് ശങ്കിക്കാത്തവരായി ആരും ഉണ്ടായിരുന്നില്ല. രാവിലെ തന്റെ പഴയ പച്ച മാരുതിക്കാറില്‍ സാറ് വരുമ്പോള്‍ വീട്ടില്‍ നിന്നും കൊണ്ട് വന്നിരുന്നത് കൈക്കോട്ടും കത്തിയും മറ്റു ചില മണ്ണുമാന്തി ഉപകരണങ്ങളും ആയിരുന്നു. സ്കൂളിലെ വൃത്തികേടായ ഏതു സ്ഥലവും സ്വയം അദ്ദേഹം വൃത്തിയാക്കാന്‍ ഉത്സാഹിക്കുമായിരുന്നു. മനസ്സില്‍ എന്നും സ്കൂളിനെ കൊണ്ട് നടന്നിരുന്ന അദ്ദേഹത്തിനു സ്വന്തമായ ഒരു പ്രവര്‍ത്തന പദ്ധതി തന്നെയുണ്ടായിരുന്നു. അദ്ദേഹം സ്കൂള്‍  ശുചീകരണത്തിന് സ്വീകരിച്ചിരുന്ന തന്ത്രം, അത് നടപ്പിലാക്കിയ രീതി എന്നിവ മാതൃകാ പരമായിരുന്നു.  ഓരോ ക്ലാസ്സിലും ആറ് സ്കോഡുകള്‍ ഉണ്ടാക്കി. ഓരോ ദിവസവും ഒരു സ്കോഡിനാണ്  സ്കൂള്‍ ശുചീകരണത്തിന്റെ ചുമതല. പത്തോ പതിനഞ്ചോ അംഗങ്ങള്‍ ഉള്ള ഗ്രൂപ്പ് ഏറ്റവും വൃത്തിയായി സ്കൂള്‍ വിടുന്നതിനു തൊട്ടു മുന്നേ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇത് മോണിട്ടര്‍ ചെയ്യാന്‍ മാഷും ഉണ്ടാകും. കൃത്യമായ ചില സൂചകങ്ങള്‍ ഉപയോഗിച്ച് അന്നത്തെ ശുചീകരണം മാഷും മറ്റു രണ്ടുപേരും അടങ്ങുന്ന കമ്മറ്റി വിലയിരുത്തും. ഒരാഴ്ചത്തെ ശുചീകരണത്തിന്റെ ഫലം അടുത്ത അസ്സംബ്ലിയില്‍ പ്രഖ്യാപിക്കും. അതിനായി തയ്യാറാക്കിയ റോളിംഗ് ട്രോഫി അധ്യാപകര്‍ മാറി മാറി അതതു ഗ്രൂപ്പുകള്‍ക്ക് നല്‍കും. ശുചീകരണം തികച്ചും മത്സരാധിഷ്ടിതമാക്കാന്‍ ഇത് വഴി അദ്ദേഹത്തിനു കഴിഞ്ഞു. ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചു എന്ന് മാത്രമല്ല, വര്‍ഷാന്ത്യം വരെ അതെ സ്പിരിറ്റോടെ അത് കൊണ്ട് പോകാന്‍ കഴിഞ്ഞു എന്നത് കൂടിയാണ് മാഷുടെ പ്രത്യേകത. ഉള്ള പതിഞ്ചോളം ടോയ് ലറ്റുകളും ഏറ്റവും വൃത്തിയായി സൂക്ഷിക്കാന്‍, അത്തരമൊരു മനോഭാവം കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ ഇത്തരം ശ്രദ്ധ ഏറെ ഉപകാരപ്രദമായിരുന്നു.
ടോയ് ലറ്റിലെ പൊട്ടിയ ബക്കെറ്റ് ആരു വാങ്ങിക്കണം എന്ന് HM ഉം  പ്രിന്‍സിപ്പാളും തര്‍ക്കമുള്ള സ്കൂളുകള്‍ എത്രയോ ഉണ്ട്. ഉള്ള  ടോയ് ലറ്റുകള്‍  വൃത്തിയാക്കുകയും മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്യുന്നതിന് പകരം പുതിയവ അടുത്തടുത് പണിയുന്നത് കൊണ്ട് ഒരു കാര്യവുമില്ല. കുറെ സ്ഥലം അങ്ങിനെയും പോകും എന്ന് മാത്രം.

യഥാര്‍ത്ഥത്തില്‍ കേവലം ചില മുറികളുടെ പ്രശ്നം മാത്രമല്ല സ്കൂളിലെ ടോയ് ലറ്റുകളുടെത്. അത് ഒരു മനോഭാവത്തിന്റെ കൂടി പ്രത്യക്ഷീകരണം ആണ്. തന്റെ വീട്ടിലെ ഓരോ മുറിയും സുഗന്ധ പൂരിതമാകണം എന്നുള്ള താല്‍പ്പര്യം ഏതു പരിധി വരെ നമ്മുടെ അധ്യാപകര്‍ക്ക് നീട്ടി കൊണ്ട് പോകാന്‍ കഴിയും അവിടെയെല്ലാം ശുദ്ധിയുടെ നറുമണം തളിക്കപ്പെടുകതന്നെ ചെയ്യും; അത് സ്കൂളിലെ  ടോയ് ലറ്റുകള്‍ ആയാല്‍ പോലും.       

14 അഭിപ്രായങ്ങൾ:

 1. സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് കേവലം ഒരു ഭൌതിക പ്രശ്നം മാത്രമല്ല.സ്കൂളിന്റെ മേധാവികളുടെ ഭാവനയില്ലായ്മയുടെ, കമ്മിറ്റ്മെന്റില്ലായ്മയുടെ, ഉത്തരവാദിത്വമില്ലായ്മയുടെ നിദര്‍ശനങ്ങളാണ് സ്കൂളിലെ വൃത്തിഹീനമായ മൂത്രപ്പുരകളും കഞ്ഞിപ്പുരകളും പൊടിപിടിച്ച ലാബുകളും ലൈബ്രറികളും മറ്റും. അത് ഒരു മനോഭാവത്തിന്റെ പ്രത്യക്ഷീകരണം കൂടി ആണ്. തന്റെ വീട്ടിലെ ഓരോ മുറിയും
  സുഗന്ധ പൂരിതമാകണം എന്നുള്ള താല്‍പ്പര്യം ഏതു പരിധി വരെ നമ്മുടെ അധ്യാപകര്‍ക്ക് നീട്ടി കൊണ്ട് പോകാന്‍ കഴിയും അവിടെയെല്ലാം ശുദ്ധിയുടെ നറുമണം തളിക്കപ്പെടുകതന്നെ ചെയ്യും; അത് സ്കൂളിലെ ടോയ് ലറ്റുകള്‍ ആയാല്‍ പോലും.

  മറുപടിഇല്ലാതാക്കൂ
 2. പൊതു ശൗ ച്യാലയങ്ങള്‍ ഒരു സമൂഹത്തിന്റെ ശുചിത്വത്തിന്റ് സംസ്കാരത്തിന്റെ അടയാളങ്ങളഅണ്‌. എങ്കില്‍ നമ്മുടെ നാട്ടിലെ ബസ്റ്റാന്റിലെ റെയില്‍വ്വെസ്റ്റേഷനിലെ എന്തിന്‍ എയര്‍പോര്‍ട്ടിലെ പോലും ശൗച്യാലയങ്ങളുടെ സ്ഥിതി എന്താണ്‌..സ്കൂളുകളിലെ മൂത്രപ്പുരകളിലെ ഈ അവസ്ഥ തന്നെയണ്‌ നമ്മളെ പൊതുനിരത്തുകളില്‍ തിരിഞ്ഞുനിന്ന് മതിലുകളിലേക്കും ഓടകളിലേക്കും മൂത്രമൊഴിക്കാന്‍ പഠിപ്പിക്കുന്നതും...ചൊട്ടയിലെ ശീലം..............
  പിന്നെ തിളങ്ങുന്ന കക്കൂസുകളും മിന്നുന്ന പൈപ്പുകളും മാത്രമല്ല അധ്യാപകരുടെ സമീപനങ്ങളുംകൂടി പൊതുവിദ്യാലയങ്ങളില്‍നിന്നും കുട്ടികളെ അകറ്റാന്‍ കാരണമഅകുന്നുണ്ട്............പിന്നെ തിളങ്ങുന്ന കക്കൂസിന്റെ പൊങ്ങച്ചം കൂടി ചേര്‍ന്നാല്‍..............നമ്മുക്ക് വിമര്‍ശനങ്ങള്‍ തുടരാം.

  മറുപടിഇല്ലാതാക്കൂ
 3. ധീര്‍ഘവീക്ഷനമുള്ള അധ്യാപകരുടെ ഇടപെടല്‍ സ്കൂളിലെ സുചീകരണം യാധര്‍ത്യമാക്കും
  കാക്കയാണ് സുചീകരണത്തിന്റെ മാതൃകയെന്ന് വൈലോപ്പള്ളി ശ്രീധരമേനോന്‍
  കണ്ണുതുറക്കാന്‍ ഉതകുന്ന ലേഖനംധീര്‍ഘവീക്ഷനമുള്ള അധ്യാപകരുടെ ഇടപെടല്‍ സ്കൂളിലെ സുചീകരണം യാധര്‍ത്യമാക്കും
  കാക്കയാണ് സുചീകരണത്തിന്റെ മാതൃകയെന്ന് വൈലോപ്പള്ളി ശ്രീധരമേനോന്‍
  കണ്ണുതുറക്കാന്‍ ഉതകുന്ന ലേഖനംധീര്‍ഘവീക്ഷനമുള്ള അധ്യാപകരുടെ ഇടപെടല്‍ സ്കൂളിലെ സുചീകരണം യാധര്‍ത്യമാക്കും
  കാക്കയാണ് സുചീകരണത്തിന്റെ മാതൃകയെന്ന് വൈലോപ്പള്ളി ശ്രീധരമേനോന്‍
  കണ്ണുതുറക്കാന്‍ ഉതകുന്ന ലേഖനം

  മറുപടിഇല്ലാതാക്കൂ
 4. pinnale vannavarude pravarthanangaliloodeye
  mumbe nadannavarude mahatham ariyulluuuuuuu

  മറുപടിഇല്ലാതാക്കൂ
 5. പൊതു ശൗ ച്യാലയങ്ങള്‍ ഒരു സമൂഹത്തിന്റെ ശുചിത്വത്തിന്റ് സംസ്കാരത്തിന്റെ അടയാളങ്ങളഅണ്‌. എങ്കില്‍ നമ്മുടെ നാട്ടിലെ ബസ്റ്റാന്റിലെ റെയില്‍വ്വെസ്റ്റേഷനിലെ എന്തിന്‍ എയര്‍പോര്‍ട്ടിലെ പോലും ശൗച്യാലയങ്ങളുടെ സ്ഥിതി എന്താണ്‌..സ്കൂളുകളിലെ മൂത്രപ്പുരകളിലെ ഈ അവസ്ഥ തന്നെയണ്‌ നമ്മളെ പൊതുനിരത്തുകളില്‍ തിരിഞ്ഞുനിന്ന് മതിലുകളിലേക്കും ഓടകളിലേക്കും മൂത്രമൊഴിക്കാന്‍ പഠിപ്പിക്കുന്നതും...ചൊട്ടയിലെ ശീലം..............
  പിന്നെ തിളങ്ങുന്ന കക്കൂസുകളും മിന്നുന്ന പൈപ്പുകളും മാത്രമല്ല അധ്യാപകരുടെ സമീപനങ്ങളുംകൂടി പൊതുവിദ്യാലയങ്ങളില്‍നിന്നും കുട്ടികളെ അകറ്റാന്‍ കാരണമഅകുന്നുണ്ട്............പിന്നെ തിളങ്ങുന്ന കക്കൂസിന്റെ പൊങ്ങച്ചം കൂടി ചേര്‍ന്നാല്‍..............നമ്മുക്ക് വിമര്‍ശനങ്ങള്‍ തുടരാം.

  മറുപടിഇല്ലാതാക്കൂ
 6. സ്കൂളുകളിലെ അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് കേവലം ഒരു ഭൌതിക പ്രശ്നം മാത്രമല്ല.സ്കൂളിന്റെ മേധാവികളുടെ ഭാവനയില്ലായ്മയുടെ, കമ്മിറ്റ്മെന്റില്ലായ്മയുടെ, ഉത്തരവാദിത്വമില്ലായ്മയുടെ നിദര്‍ശനങ്ങളാണ് സ്കൂളിലെ വൃത്തിഹീനമായ മൂത്രപ്പുരകളും കഞ്ഞിപ്പുരകളും പൊടിപിടിച്ച ലാബുകളും ലൈബ്രറികളും മറ്റും. അത് ഒരു മനോഭാവത്തിന്റെ പ്രത്യക്ഷീകരണം കൂടി ആണ്. തന്റെ വീട്ടിലെ ഓരോ മുറിയും
  സുഗന്ധ പൂരിതമാകണം എന്നുള്ള താല്‍പ്പര്യം ഏതു പരിധി വരെ നമ്മുടെ അധ്യാപകര്‍ക്ക് നീട്ടി കൊണ്ട് പോകാന്‍ കഴിയും അവിടെയെല്ലാം ശുദ്ധിയുടെ നറുമണം തളിക്കപ്പെടുകതന്നെ ചെയ്യും; അത് സ്കൂളിലെ ടോയ് ലറ്റുകള്‍ ആയാല്‍ പോലും.

  മറുപടിഇല്ലാതാക്കൂ
 7. eethu jooliyum theerrkunnatinte pinnale ethunna audit enna kantakoodaliye bhayakkunnavaraanu bhuuribhaagam headmaastermaarum nakkaapichapoole ssa vechuneettunna fund athukontu aarum vaangarilla .ennaal corporation nalkunna project avar santhashathode vangunnu kaaranam athil fund thottukalikkendallo. sarkkarinte nadapadikramangalil sutaaryatha varaatha kaalathoolam ee prathbhaasam thudarum ennu thonnunnu

  മറുപടിഇല്ലാതാക്കൂ
 8. മാഷേ,ഞാൻ മൂന്നു പെൺകുട്ടികളുടെ തന്തയാണ്.കൊല്ലം പട്ടണത്തിൽ തന്നെയാണ്.മലയാളം മീഡിയത്തിലാണ്,അതും സാധാരണ ഗവ:സ്കൂളിൽ.മാഷീ പറഞ്ഞതിനോട് യോജിപ്പാ‍ണ്.പട്ടത്താനം ഗവ:യൂ.പി.എസ്സിൽ.രാധാകൃഷ്ണൻ എന്നൊരു ഹെഡ്മാസ്റ്റരുണ്ട്.കെ.ജി.ടി.ഏ.യുടെയാളാണ്.അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള സൂക്ഷമത ഞങ്ങൾ പി.ടി.എ.പ്രശംസിക്കാറുണ്ട്.
  ഇവിടെ നമ്മുടെ അദ്ധ്യാപക സമൂഹത്തിന്റെ നിലപാടുകളാണ് പരിശോധിക്കേണ്ടുന്നത്.

  മറുപടിഇല്ലാതാക്കൂ
 9. ആദ്യമായൊരു സല്യൂട്ട് :)

  ഏറെ പ്രസ്കതമായ വിഷയം പക്ഷെ ആരും അധികം ചർച്ചക്കെടുക്കാത്തതും :(

  നമ്മുടെ സർക്കാർ സ്കൂൾ എന്നല്ല. കിശ നിറയെ കാശ് വാങ്ങുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ പോലും വേണ്ടത്ര സൌകര്യങ്ങൾ ഇക്കാര്യത്തിലില്ല എന്നതാണ് സത്യം

  >>യഥാര്‍ത്ഥത്തില്‍ കേവലം ചില മുറികളുടെ പ്രശ്നം മാത്രമല്ല സ്കൂളിലെ ടോയ് ലറ്റുകളുടെത്. അത് ഒരു മനോഭാവത്തിന്റെ കൂടി പ്രത്യക്ഷീകരണം ആണ്. തന്റെ വീട്ടിലെ ഓരോ മുറിയും സുഗന്ധ പൂരിതമാകണം എന്നുള്ള താല്‍പ്പര്യം ഏതു പരിധി വരെ നമ്മുടെ അധ്യാപകര്‍ക്ക് നീട്ടി കൊണ്ട് പോകാന്‍ കഴിയും അവിടെയെല്ലാം ശുദ്ധിയുടെ നറുമണം തളിക്കപ്പെടുകതന്നെ ചെയ്യും; അത് സ്കൂളിലെ ടോയ് ലറ്റുകള്‍ ആയാല്‍ പോലും. <


  ഈ പറഞ്ഞതിനോട് പകുതി യോജിക്കാനേ കഴിയുകയുള്ളൂ. കാരണം അധ്യാപകരുടേ മനോഭാവം മാത്രം പോരാ മാനേജ്മെന്റും ഇക്കാര്യത്തിൽ സഹകരിക്കേണ്ടിയിരിക്കുന്നു.

  വൈക്കം മുഹമ്മദ് ബഷിറിനോട് ഒരാൾ പള്ളി എവിടെ എന്നന്വേഷിച്ചപ്പോൾ കുറച്ച് നടന്നാൽ മൂത്രത്തിന്റെ ഗന്ധം വരും അവിടെ തന്നെ എന്ന് മറുപടി പറഞ്ഞത് സ്കൂളിന്റെ കാര്യത്തിലും ശരിയാണ്. അപ്പോൾ ഇത് ഒരു തരത്തിൽ നമ്മുടെ ശീലങ്ങളുടെ മനോഭാവത്തിന്റെ ആകെത്തുകയാണെന്ന് പറയുന്നതും ശരിതന്നെ.

  മറുപടിഇല്ലാതാക്കൂ
 10. അജ്ഞാതന്‍2010, ജൂലൈ 30 11:15 AM

  athirthiyilde jeevitham

  anubhavam pankital nannai

  മറുപടിഇല്ലാതാക്കൂ
 11. athirthiyilde jeevitham

  anubhavam pankital nannai

  മറുപടിഇല്ലാതാക്കൂ