2010, ഫെബ്രുവരി 20, ശനിയാഴ്‌ച

കവിയുടെ കാല്പാടുകള്‍

                                   പരിചിതമായ ചാരായശാലയില്‍
                                   നരകതീര്‍ത്ഥം പകര്‍ന്നു കൊടുക്കുന്ന
                                   പരിഷയോട് ഞാന്‍ ചോദിച്ചു,
                                   "ഇന്ന് ജോണിവിടെ വന്നുവോ?"

                                    പൊട്ടിച്ചിരിച്ചുകൊണ്ട് ഒരു പരിചയം
                                    ഗ്ലാസ്സ് നീട്ടുന്നു
                                   " താനെവിടെയായിരുന്നിത്രനാളും കവേ?
                                   " ഇത് ചെകുത്താന്റെ രക്തം, കുടിക്കുക".
                                   "ഇവിടെയുണ്ടായിരുന്നു ജോണ്‍
                                    എപ്പോഴോ ഒരു ബൊഹീമിയന്‍ ഗാനം
                                    പകുതിയില്‍ പതറി നിര്‍ത്തി അവനിരങ്ങിപ്പോയി
                                    അവനു കാവലാളാര്? ഈ ഞങ്ങളോ?"

                                          ജലരഹിതമാം ചാരായം
                                          ഓര്‍ക്കാതെ ഒരു കവിള്‍മോന്തി.
                                          അന്നനാളത്തിലൂടെരിപൊരിക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി.
                                                                                   എവിടെ ജോണ്‍.
അനുഭവങ്ങളുടെ കരുത്താണ് എഴുത്തിന്റെ കാതല്‍ ( സ്നേഹവും?) എന്ന് സംശയമില്ലാതിരുന്ന ഒരു തലമുറയുടെ അവസാനത്തെ കണ്ണിയാകാം ബാലചന്ദ്രന്‍ ചുള്ളിക്കാട്. അനുഭവങ്ങളുടെ ഒരു വന്‍ കരയെത്തന്നെ  സാഹിത്യത്തിലേക്ക് കൊണ്ടുവന്നത്  ബഷീറായിരുന്നു  എന്ന് എം. എന്‍. വിജയന്‍ മാഷ്‌ നിരീക്ഷിച്ചിട്ടുണ്ട്. അനുഭവങ്ങള്‍ തേടിയുള്ള യാത്രയായിരുന്നു അത്തരക്കാര്‍ക്കു ജീവിതത്തിലെ ഓരോ നിമിഷവും. 
അനുഭവങ്ങളുടെ മുള്‍മെത്തകള്‍ക്കു മുകളിലൂടെ നടക്കുക എന്നത്  പുതിയ കാലത്തിനു സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. ശീതീകരിച്ച, സുഗന്ധപൂരിതമായ വാഹനങ്ങളില്‍, മുറികളില്‍ സഞ്ചരിച്ചും ഉണ്ടും ഉറങ്ങിയും കഴിയുമ്പോള്‍ ഇടയ്ക്ക് ഒരു ഷോക്ക് ചികിത്സപോലെ ചില അനുഭവകഥനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ഒരുകാലത്തിന്റെ ഉപ്പുപരലുകലുമായി  രുചിയില്‍ എത്തുമ്പോള്‍ നാം മുഖം കോട്ടുന്നു.പരിഹസിക്കുന്നു.  സാമ്പ്രദായിക ചിന്ത മലീമസമാക്കിയിട്ടില്ലാത്ത നവവും ഋജുവുമായ പരീക്ഷണങ്ങള്‍ക്കാക്കായി ഒരു തലമുറ തങ്ങളുടെ ജീവിതത്തെയാണ് അന്ന് വിട്ടുകൊടുത്തത്. പിന്നീട് കഥയായും കവിതയായും അനുഭവങ്ങളായും  അവ അച്ചടിച്ച്‌ വന്നപ്പോള്‍ മലയാളിയുടെ തനതു ഹിപ്പോക്രസി വച്ച് നമ്മള്‍ അവയെ വെറും ബഡായി എന്ന് ചിറികോട്ടി ചിരിച്ചു തള്ളി. ചുള്ളിക്കാടിന്റെ 'ചിദംബരസ്മരണ' യ്ക്കും ഈ ഗതി തന്നെയായിരുന്നു. അവയില്‍ എഴുതപ്പെട്ട സത്യത്തിന്റെ ചൂര് പിടിച്ചെടുക്കുവാനുള്ള ജന്തുസഹജമായ ഘ്രാണശക്തി ( കള്ളനാണയങ്ങള്‍ ക്കിടയില്‍ നിന്ന് എങ്ങിനെ യഥാര്‍ത്ഥ സാഹിത്യം തിരിച്ചറിയും എന്നതിന് ടോള്‍ സ്റ്റോയി   നല്‍കുന്ന ഉത്തരമാണിത് , എങ്ങിനെയാണോ മൃഗങ്ങള്‍ ആയിരക്കണക്കിന് വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് ആവശ്യമുള്ളത് മാത്രം സ്വാഭാവികമായി തിരെഞ്ഞെടുക്കുന്നത് അതുപോലെ യഥാര്‍ത്ഥ സാഹിത്യം തിരിച്ചറിയാന്‍ നമുക്ക് കഴിയും") നമ്മള്‍ക്ക് അപ്പോഴേക്കും കൈമോശം വന്നിരുന്നു. 

യൌവ്വനത്തെ അതിന്റെ എല്ലാ കരുത്തോടും അനുഭവിച്ച തലമുറകൂടിയായിരുന്നു അവരുടേത്. വിശ്വാസവും അതിന്റെ പേരിലുള്ള കലഹങ്ങളും അലഞ്ഞുതിരിയലും പട്ടിണിയും അവര്‍ക്ക് കൂടുതല്‍  കരുത്തു പകര്‍ന്നിട്ടെയുള്ളൂ. അവരുടെ ഓര്‍മ്മകള്‍ പോലെത്തന്നെയാണ് അവര്‍ അലഞ്ഞ ജനപഥങ്ങള്‍ അവരെക്കുറിച്ച് ഈട്ടം കൂട്ടിയിട്ടുള്ള കഥകളും. ബാലചന്ദ്രന്‍ 'ചിദംബര സ്മരണകളില്‍' ഇറക്കി വെക്കുന്നത് ഒരുകാലം നടന്നു തീര്‍ത്ത വഴികളില്‍ ഉരുകിവീണ വിയര്‍പ്പിനെക്കുറിച്ചും കണ്ണീരിനെക്കുറിച്ചും അപമാനങ്ങളെക്കുറിച്ചും ആണ്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിരല്‍ സ്പര്‍ശം നീണ്ടുചെന്ന ദുരിതക്കയങ്ങള്‍ ഒട്ടൊന്നുമല്ല അതിലുള്ളത്. ചിദംബര സ്മരണ ഖണ്ഡശ  പ്രസിദ്ധീകരിച്ചു വരുമ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നത് ഒരിക്കല്‍ അതില്‍ പരിവേഷങ്ങളൊന്നുമില്ലാതെ തോമാച്ചനും കയറി വരും എന്നാണ്‌. 
ബാലചന്ദ്രനുമൊത്തുള്ള തന്റെ ഹൃദയസ്പര്‍ശിയായ അനുഭവം അവന്‍ അത്ര  ആവേശത്തോടെയാണ് എന്നോട് വിവരിച്ചത്. 'ചിദംബര സ്മരണയിലെ' അനുഭവകഥകളെ അവിശ്വസിക്കാതിരിക്കാന്‍ എനിക്ക് തുണയായതും തോമാച്ചന്‍ പറഞ്ഞ ആ കഥയുടെ ചൂടും ചൂരും തന്നെയാണ്. മാത്രമല്ല അവന്‍ പറയുമ്പോള്‍ ബാലചന്ദ്രനിലെന്നത് പോലെ അതിനു കഥയുടെ ചാരുത തെല്ലും കൈവരുന്നുമില്ല. 'ചിദംബര സ്മരണ'യിലേതുപോലെ പരിണാമഗുപ്തിയൊന്നുമില്ലാതെ വഴിയില്‍ അത് അവസാനിക്കുകയും ചെയ്യും.

കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമായ കുടിയാന്മലയിലെ  ചാരായ ഷാപ്പിലെ മാനേജരും പ്രധാന എടുത്തുകൊടുപ്പുകാരനുമായിരുന്നു തോമാച്ചന്‍. സഹൃദയന്‍. നാട്ടിലെ പ്രധാനി.

അന്നും പതിവുപോലെ തോമാച്ചന്‍ രാവിലെ തന്നെ ഷാപ്പ്‌ തുറന്നു. രാവിലെയെത്തുന്ന ഒന്ന് രണ്ടു പതിവുകാരുണ്ട്. പുലര്‍ച്ചയ്ക്ക് തന്നെ ഒരു ഇരുനൂരെങ്കിലും അടിച്ചില്ലെങ്കില്‍ അന്ന് ഒന്നും നേരെയാകില്ല എന്ന് വിചാരിക്കുന്ന രണ്ടു ബ്രാൻറ് കുടിയന്മാര്‍. എപ്പോഴും നല്ല കൈനീട്ടം. അവരുടെ നാമം വാഴ്ത്തപ്പെടട്ടെ. തോമാച്ചന്‍ അടിച്ചു തളിച്ച് വിളക്ക് കൊളുത്തുമ്പോഴേക്കും ഒരാള്‍ റെഡി.
"തോമാച്ചാ, ഒരു ഇരുനൂറിങ്ങെടുത്തേ.."
തോമാച്ചന്‍ കര്‍ത്താവിനെയോര്‍ത്തു അന്നത്തെ ആദ്യത്തെ ഇരുനൂറ്‌ ഒഴിച്ചു. ഗ്ലാസും സോഡയും നീക്കിവെച്ചു തൊടാന്‍ വല്ലതും എടുക്കണോ എന്ന് ചോദിക്കാനായുമ്പോഴേക്കും പുറത്തു നിന്ന് അടുത്ത വിളി പൊങ്ങി.
"തോമാച്ചാ, എനിക്കും ഒരു ഇരുനൂറെടുക്കൂ..."
പുറത്തുനിന്നും ഉള്ളിലേക്ക് പ്രവേശിച്ച രൂപത്തെ അതിശയത്തോടെ തോമാച്ചന്‍ വീണ്ടും വീണ്ടും നോക്കി.

താന്‍ ഷാപ്പ്‌ തുറക്കുന്നതിനു മുമ്പുതന്നെ പുറത്തു പമ്മി നില്‍ക്കുന്നതായി കണ്ട രൂപത്തെ തോമാച്ചന്‍ ഇപ്പോഴാണ് ശരിക്കും ശ്രദ്ധിച്ചത്. മുടിയും താടിയും കാടുപോലെ വളര്‍ന്നു ജഡപിടിച്ചിരിക്കുന്നു. മുഷിഞ്ഞു നാറിയ കുപ്പായവും നിലത്തിഴയുന്ന ചെളിപിടിച്ച മുണ്ടും. തോളില്‍ മുഷിഞ്ഞ ഒരു തുണി സഞ്ചി. കരഞ്ഞെന്നവണ്ണം കലങ്ങിയ കണ്ണുകള്‍. മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ മൂക്കിള മീശയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു. എത്രയോ ദിവസമായി വെള്ളം കണ്ടിട്ട് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാകും. ആഹാരമില്ലാതെ ദിവസങ്ങള്‍ എത്രയോ കഴിച്ചുകൂട്ടിയതിന്റെ ക്ഷീണം മുഖത്തുനിന്നും തൊട്ടെടുക്കാം. ഒരു യാചകനെക്കാള്‍  ദയനീയനായി തന്റെ നേര്‍ക്ക്‌ നടന്നു വരുന്ന രൂപത്തെ തോമാച്ചന്‍ അത്ഭുതത്തോടെ നോക്കിനിന്നു.
ആരാണിത്... എന്നെ എങ്ങിനെ പരിചയം... എവിടെവെച്ച്.... എപ്പോള്‍ ..
തോമാച്ചന്‍ ഓര്‍മയുടെ അരികുകളിലും മടക്കുകളിലും എല്ലാം വീണ്ടും വീണ്ടും തപ്പി നോക്കി. ഇല്ല തെളിയുന്നില്ല.. ആരാണിയാള്‍? അതിരാവിലെ ചാരയഷാപ്പിലെത്തുന്ന ഞാനറിയാത്ത ആരാണ് ഈ പ്രദേശത്ത്‌?
"തോമാച്ചാ, എനിക്കും ഒരു ഇരുനൂറെടുക്കൂ..."

അപ്പോഴേക്കും കൌണ്ടറിനു മുന്നിലെത്തിയ അയാള്‍ ശാന്തമായി ഒന്നുകൂടി ആവര്‍ത്തിച്ചു. സൌമ്യമെങ്കിലും പരുക്കനായ ആ ശബ്ദവും തോമാച്ചന്റെ ഹൃദയത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നതെങ്കിലും പിടിതരാതെ ലഹരിയിലെന്നവണ്ണം വേച്ചുകളിക്കുന്നു. ഇതിനിടയില്‍ ചാരായം പകരലും മറ്റു അനുസാരികള്‍ നിരത്തലും എല്ലാം തോമാച്ചന്‍ നിര്‍വഹിച്ചിരുന്നു. നരകതീര്‍ത്ഥത്തിന്റെ പാനോപചാരത്തില്‍ മുഴുകിയ ആഗതന്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. ഒടുവില്‍ ഷാപ്പില്‍ നിന്നും അയാള്‍ പുറത്തിറങ്ങും വരെ തോമാച്ചന്‍ തന്റെ ഏനക്കേടും കൊണ്ടു വെരുകിനെപ്പോലെ പൊറുതിമുട്ടി. നിരത്തിന്റെ അങ്ങേ ചെരുവില്‍ അപ്രത്യക്ഷമാകും വരെ തോമാച്ചന്‍ അയാളെത്തന്നെ നോക്കിനിന്നു. 

വഴിയില്‍ വേര്‍പിരിഞ്ഞു പോയ എന്തോ ഒന്നിന്റെ നഷ്ടത്താലെന്നവണ്ണം ഒരെത്തും പിടിയും കിട്ടാതെ, എടുത്താല്‍ ഒന്നും കയ്യില്‍ കിട്ടാതെ ആലോസരപ്പെടുന്നതിനിടയില്‍ ഒരു മിന്നായം പോലെ മനസ്സില്‍ തെളിഞ്ഞു; ബാലചന്ദ്രന്‍ ചുള്ളിക്കാട്!!... അതെ... അത് ചുള്ളിക്കാട് തന്നെ!! പിന്നെ ഷാപ്പും തുറന്നിട്ട്‌ ഒരോട്ടമായിരുന്നു. ബസ് സ്റ്റോപ്പിലേക്ക്  .. പ്രതീക്ഷ തെറ്റിയില്ല. കുനിഞ്ഞ മുഖവുമായി കവി ബസ് സ്റ്റോപ്പില്‍ ഒരു കടയുടെ തിണ്ണയില്‍ ഇരിക്കുന്നു. 
"നിങ്ങ കവിയല്ലേ.. ബാലചന്ദ്രന്‍ ചുള്ളിക്കാട്?"
കവി മുഖമുയര്‍ത്തി നോക്കി. ചാരായ ശാലയില്‍ നരകതീര്‍ത്ഥം പകുര്‍ന്നു തന്ന തോമാച്ചന്‍. അതെ എന്ന് കവി തലയാട്ടി.
"നിങ്ങ ഇപ്പൊ എന്റെ കൂടെ വരണം. വൈന്നേരം  ഞാന്‍ വേണെങ്കി വണ്ടി കേറ്റി വിട്ടേക്കാം."

തോമാച്ചന്റെ നിര്‍ബന്ധത്തിനു വഴങ്ങുക മാത്രമായിരുന്നു കവിക്കുള്ള ഏക വഴി. തളര്‍ന്നു അവശനായ കവിയുടെ കൈപിടിച്ച് തോമാച്ചന്‍ അങ്ങാടിയിലൂടെ നടന്നു.
                    'അധികനേരമായ്‌ സന്ദര്‍ശകര്‍ക്കുള്ള
                    മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം
                    ജനലിനപ്പുറം ജീവിതം പോലെ ഈ
                   പകല്‍ വെളിച്ചം പൊളിഞ്ഞു പോയെങ്കിലും
                   ചില നിമിഷത്തില്‍ ഏകാകിയാം പ്രാണന്‍
                   അലയുമാര്‍ത്തനായ്‌ ഭൂതായനങ്ങളില്‍.. '
തന്റെ ചേട്ടന്‍, പ്രിയപ്പെട്ട ബേബിച്ചായന്‍  തൊണ്ട പൊട്ടുമാറുറക്കെ ചൊല്ലുന്ന വരികള്‍ എഴുതിയ കവിയാണ്‌ ഇപ്പോള്‍ തന്റെ കൂടെ. വിപ്ലവ പ്രസ്ഥാനങ്ങളുടെ സഹചാരിയായിരുന്ന ബേബിച്ചായനു പക്ഷെ പ്രിയം മറ്റൊരു കവിതയോടായിരുന്നു. തോമാച്ചന്റെ മനസ്സില്‍ അപ്പോള്‍ മുഴങ്ങി കൊണ്ടിരുന്നത്  'മാപ്പുസാക്ഷി'യാണ്.
                   "ജോസഫ്,
                   ഓരോര്‍മ്മതന്‍ ക്രൂരമാം സൗഹൃദം.
                   ശ്വാസനാളം കീറുമന്ധവേഗങ്ങളില്‍ 
                   കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളില്‍
                   നിന്റെ നക്ഷത്രമുദിക്കുന്നു പിന്നെയും." 

വഴിനീളെ കവി എന്തൊക്കെയോ പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു.

ഷാപ്പിനു പിന്നിലെ തന്റെ സ്പെഷല്‍ വിശ്രമ മുറിയില്‍ ഭക്ഷണമടക്കം  എല്ലാ സൌകര്യങ്ങളും ഒരുക്കി കവിയെ തോമാച്ചന്‍ അവിടെയാക്കി. ഒപ്പം ശുദ്ധമായ അരക്കുപ്പി ചാരായവും.
"ഞാന്‍ എടയ്ക്കു വരാം. എന്തായാലും വൈന്നേരം വരെ ഈടെ വിശ്രമിക്കാം. എന്താ വേണ്ടെതെന്ന് വെച്ചാല്‍ എന്നോട് ചോദിക്കണം."
തോമാച്ചന്റെ സ്നേഹപ്രകടനം കണ്ട കവി പൊട്ടിപ്പോയി. പിന്നെ ഒരു നിലവിളിയായിരുന്നു. "എന്റെ വലം കൈ പോയെടാ.. എന്റെ വലം കൈ പോയി.. എന്റെ ജോണ്‍ പോയി.. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അവനെ കൊന്നു..."
കുറച്ചു ദിവസം മുമ്പ് പ്രശസ്ത ചലച്ചിത്ര സംവിധായകനായ ജോണ്‍ എബ്രഹാം കോഴിക്കോട് വെച്ച്  ഒരു ലോഡ്ജിനു മുകളില്‍ നിന്നു വീണുമരിച്ച വാര്‍ത്ത പത്രത്തില്‍ കണ്ടത് തോമാച്ചന്‍ ഓര്‍ത്തു.  കവിയുടെ കരച്ചിലിന്റെ രഹസ്യം ഇപ്പോഴാണ് തോമാച്ചന് മനസ്സിലായത്‌.   

വൈകുന്നെരമായപ്പോഴേക്കും തോമാച്ചന്റെ അടുത്ത ഒന്ന് രണ്ടു കൂട്ടുകാരും എത്തിച്ചേര്‍ന്നു. പിന്നെ ആഘോഷമായി കവിയെ കുളിപ്പിച്ച്, മുടിയും താടിയുമെല്ലാം വെട്ടി ഒതുക്കി, നല്ല വസ്ത്രങ്ങള്‍ ധരിപ്പിച്ച്  ആളെ ഒരു മനുഷ്യക്കോലത്തിലാക്കി. ഷാപ്പില്‍ തത്കാലം വേറെ ഒരാളെ ആക്കി തോമാച്ചന്‍ കവിയെ നാടുകാണിക്കാന്‍ കൊണ്ടുപോയി. അതിനിടയില്‍ കവിയെ കുടിയാന്മല അങ്ങാടിയില്‍ പരിചയപ്പെടുത്തി. വലിയ പേരുകാരനായ ഒരാള്‍ തന്റെ ഒപ്പം നടക്കുന്നതിന്റെ ഗമ തോമാച്ചന്‍ രഹസ്യമായി ഉള്ളില്‍ അനുഭവിച്ചു. കുന്നിന്‍ മുകളിലും പുഴയോരാത്തും പറങ്കി മാവിന്‍ തോട്ടത്തിലുമെല്ലാം രാത്രിവരെ കവിയും കൊണ്ട് അലഞ്ഞുതിരിഞ്ഞു. 

അന്നുമുതല്‍ അങ്ങാടിയിലെ ഏതു കടയില്‍ നിന്നും കവിക്ക്‌ ബീടിയോ സിഗരറ്റോ എന്തുവേണമെങ്കിലും വാങ്ങാം. ആരും കാശ് വാങ്ങില്ല എന്നായി. എല്ലാം തോമാച്ചന്റെ ശട്ടംകെട്ടല്‍.

എന്നും രാവിലെ കുളിച്ചു വൃത്തിയായി കവി ഗ്രാമത്തിന്റെ വഴികളിലൂടെ, പുഴക്കരയിലൂടെ പ്രകൃതിയെ അറിഞ്ഞു കൊണ്ട് നടന്നു. വൃത്തിയുള്ള തുണിസഞ്ചിയില്‍ എഴുതാനുള്ള പേപ്പറുകളും അരക്കുപ്പി ചാരായവും തോമാച്ചന്‍ സംഭരിച്ചു വെച്ചിരിക്കും. തോമാച്ചന്റെ അടുത്ത സുഹൃത്തായ കവി വന്നത് അപ്പോഴേക്കും ആ കുഗ്രാമത്തില്‍ വലിയ സംഭവമായി മാറിയിരുന്നു. കവിതയെഴുത്തിന്റെ  സര്‍ഗാത്മകമല്ലാത്ത ഒരു വശം അന്നാണ് തോമാച്ചന് മനസ്സിലായത്‌.  രാത്രിയില്‍ താന്‍ അന്ന് കുറിച്ചിട്ട വരികള്‍ കവി തോമാച്ചനെ ഏല്‍പ്പിക്കും. എന്നിട്ട് അതിനെ വാക്കുകളായി മുറിക്കാന്‍ പറയും. പിന്നെയാണ് പ്രശ്നം. അതില്‍ തനിക്കു തീരെ മോശമെന്ന് തോന്നുന്ന പദങ്ങള്‍ വെട്ടാന്‍ കവി ആവശ്യപ്പെടും. 'എന്റീശോയേ..ഞാന്‍ നോക്കുമ്പം നല്ല കലക്കന്‍ വാക്കുകളാ എല്ലാം.ഇതിലേതു വെട്ടാനാണ് ഞാന്‍ പറയുക'. പിന്നെ കവിതന്നെ അതിലെ വാക്കുകളുടെ ഓരോ പ്രശ്നവും പറഞ്ഞു ഓരോന്നായി വെട്ടും. ചിലപ്പോള്‍ കവിത മുഴുവനും.

അങ്ങിനെ സ്വപ്ന സമാനമായ നാലോ അഞ്ചോ ദിവസങ്ങള്‍. തന്റെ ചേട്ടന്‍ ബേബിച്ചായന്‍ അപ്പോള്‍ മറ്റെന്തോ ആവശ്യത്തിനു ദൂരെയെവിടെയോ പോയാരുന്നു. ബേബിച്ചായന്‍ വന്നിട്ട് വേണം ഒന്ന് ഞെട്ടിക്കാന്‍. ആരാധിക്കുന്ന കവിയിതാ മുമ്പില്‍. കഴിഞ്ഞ നാലഞ്ച് ദിവസമായി എന്റെ മാത്രം അതിഥി.

ആറാം ദിനവും രാവിലെ പതിവുപോലെ കവി സഞ്ചിയില്‍ പേപ്പറുകളും ചാരായവുമായി പുഴയോരത്തെക്ക് പോയി. വൈകുന്നേരം വരേണ്ട സമയമായിട്ടും അന്ന് കവി തിരിച്ചെത്തിയിട്ടില്ല. തോമാച്ചന് ആകെ പരിഭ്രമമായി. അദ്ദേഹത്തിനു വല്ലതും സംഭവിച്ചു കാണുമോ? എവിടെയെങ്കിലും വീണോ മറ്റോ കിടക്കുന്നുണ്ടാവുമോ? തോമ്മാച്ചന്‍ സുഹൃത്തുക്കളുമായി കവി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം തിരക്കി. കുന്നും മലയും കയറിയിറങ്ങി. പുഴയോരത്തും കശുമാവിന്‍ കാടുകളിലും അരിച്ചു പെറുക്കി. എവിടെയും ഇല്ല. എല്ലായിടത്തും ഇരുട്ടു പരന്നു.

തന്നോട് ഒന്നും പറയാതെ കവി പോകുമോ? ഇത്ര ദിവസം താന്‍ പോന്നു പോലെ നോക്കിയിട്ട്? പിന്നെ ഒന്നും ആലോചിച്ചില്ല. ജീപ്പ് വിളിച്ച് മുപ്പതു കിലോ മീറ്ററോളം ദൂരെയുള്ള തളിപ്പറമ്പ്  ടൌണ്‍ വരെ പോവുക തന്നെ. തളിപ്പറമ്പ്, പിന്നെ കണ്ണൂര്‍, പയ്യന്നൂര്‍... ആ രാത്രി മുഴുവന്‍ തോമാച്ചന്‍ കവിയെ തിരഞ്ഞു നടന്നു. എവിടെയും കവിയുടെ പൊടിപോലുമില്ല. നാളെ ചിലപ്പോള്‍  ബേബിച്ചായന്‍ വരും; തന്റെ പ്രിയ കവിയെ നേരില്‍ കാണാന്‍ കൊതിച്ച്...

എന്തുകൊണ്ടായിരിക്കും തന്നോട് ഒരു വാക്ക് പോലും പറയാതെ കവി അപ്രത്യക്ഷനായത്? അവന്റെ മനസ്സ് സങ്കടം കൊണ്ട് പൊട്ടിപ്പോയി. 'വിലാപത്തിന്‍ നദിപോലിരുണ്ടൊരപ്പാതയില്‍' രാത്രിയില്‍ അവനിരുന്നു ഉറക്കെ കരഞ്ഞു.    

4 അഭിപ്രായങ്ങൾ: