2009, ഓഗസ്റ്റ് 15, ശനിയാഴ്‌ച

അപ്പത്തിലും അടയിലും കൂടുന്ന വിദ്യ!


പാഠ്യപദ്ധതി ഒരു തരത്തിലും അതിനു ശേഷമുളള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കും, ഉദ്യോഗങ്ങളിലേക്കുളള തെരഞ്ഞെടുപ്പ്‌ രീതി മറ്റൊരു രീതിയിലും. രണ്ടിനേയും അനുഗ്രഹിക്കുന്നത്‌ ഒരേ കൈകള്‍
ബോധപൂര്‍വ്വമാണോ ഈ കളികള്‍ ?




ദൈവത്തിനുളളത്‌ ദൈവത്തിനും, സീസറിനുളളത്‌ സീസറിനും എന്നത്‌ പ്രായോഗികതയുടെ നീതിവാക്യമാണ്‌. ഇരുപക്ഷത്തേയും വെറുപ്പിക്കാതെയുളള കാര്യസാധ്യത്തിന്റെ വഴി. ഇരുതോളിലും ഇറുക്കിപ്പിടിച്ചിരിക്കുന്ന താത്‌പര്യത്തിന്റെ ഞണ്ടുകളെ പറിച്ചെറിയാതെ നേരിന്റെ ധീരമായ വഴികളിലൂടെ മുന്നോട്ടുപോകാന്‍ കഴിയില്ല. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അജണ്ട നിശ്ചയിക്കുന്നവര്‍ നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌ ഓരോരുത്തര്‍ക്കും അവരവരുടെ കൂടെയാണ്‌ എന്ന്‌ തോന്നിക്കുന്ന പുതിയ രാസക്രീഡയുടെ വഴിയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

ആഗോളവല്‍ക്കരണത്തിന്റേയും ഉപഭോഗസംസ്‌ക്കാരത്തിന്റേയും വെളളപ്പൊക്കത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പൊതുവിദ്യാഭ്യാസമെന്ന ഗോവര്‍ദ്ധനം ഉയര്‍ത്തിപ്പിടിച്ച്‌ അതിനുകീഴില്‍ മൈനസ്‌ രണ്ടു മുതല്‍ പ്ലസ്‌ രണ്ട്‌ വരെയുളള എല്ലാ വിഭാഗങ്ങളേയും ചേര്‍ത്ത്‌ നിര്‍ത്താനായിരുന്നു. കെ.സി.എഫ്‌ (കേരള പാഠ്യപദ്ധതി ചട്ടക്കൂട്‌ 2007) ശ്രമം. പാഠ്യപദ്ധതിക്കനുസരിച്ച്‌ വിദ്യാഭ്യാസ വ്യവസ്ഥയെ അഴിച്ചു പണിയുന്നതിനുളള ആലോചനകളെ എന്നേ മണ്ണിട്ട്‌ മൂടിക്കഴിഞ്ഞു. സ്‌കൂള്‍ സമയമാറ്റം എന്ന ഐസുകട്ടയില്‍ ഇടിച്ചാണ്‌ വ്യവസ്ഥാപുന:ക്രമീകരണം എന്ന പുത്തന്‍ ടൈറ്റാനിക്ക്‌ തകര്‍ന്നത്‌. വിദ്യാഭ്യാസമേഖലയില്‍ മാറേണ്ടുന്ന ഉദ്യോഗസ്ഥ ഭരണസംവിധാനങ്ങള്‍ ,സ്‌കൂള്‍ ചുമതലാ വിഭജനം, അധ്യാപക - അനധ്യാപക നിയമനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ , പൊളിച്ചെഴുതേണ്ട അധ്യാപക കോഴ്‌സുകള്‍ എന്നിവയെക്കുറിച്ചൊക്കെ പഠിച്ച്‌ ഗവേഷണം നടത്തി സമര്‍പ്പിച്ച പേപ്പറുകള്‍ കാറ്റില്‍ എങ്ങോട്ടോ പാറിപ്പോയി. വിദ്യാഭ്യാസത്തിന്റെ ഗതി നിശ്ചയിക്കുന്നവരുടെ അവസാന പരിഗണനകളില്‍ പോലും ഇപ്പോള്‍ ഇതിനൊന്നും കടന്നുവരാന്‍ സമയമില്ല.

സ്‌കൂള്‍ കരിക്കുലത്തെ സംബന്ധിച്ചും അതിനുശേഷം വരുന്ന പരീക്ഷ - തെരഞ്ഞടുപ്പ്‌ രീതികളെക്കുറിച്ചും ഒരേ സമയം പുലര്‍ത്തുന്ന ഇരട്ടത്താപ്പ്‌ ആരെയും അമ്പരിപ്പിക്കുന്നതാണ്‌. അറിവ്‌ നിര്‍മ്മാണത്തിന്‌ വേണ്ടി അന്വേഷണവും ദേശസംസ്‌കൃതിയിലേക്കുളള ഇറങ്ങിച്ചെല്ലലും ആണ്‌ ആഗോള തലത്തില്‍ തന്നെ സമ്മതി നേടിയ ജ്ഞാനമാര്‍ഗ്ഗമെന്ന്‌ ഒരിടത്തും സമ്പന്നര്‍ തിങ്ങിപ്പാര്‍ക്കുന്ന കോച്ചിംഗ്‌ സെന്ററുകളുടെ കൃപാകടാക്ഷങ്ങള്‍ക്കനുസൃതമായി നിശ്ചയിച്ചിട്ടുളള തെരഞ്ഞെടുപ്പ്‌ രീതികള്‍ മറ്റൊരിടത്തും ഒരേ സ്വരത്തില്‍ പാടിപ്പുകഴ്‌ത്തുന്നത്‌ കേട്ടിരിക്കുക പ്രയാസം തന്നെയാണ്‌. തത്വത്തില്‍ ഒന്ന്‌ മുതല്‍ പന്ത്രണ്ട്‌ വരെയുളള പാഠ്യപദ്ധതി നാം ഒരുവട്ടം പരിഷ്‌കരിച്ചുകഴിഞ്ഞതാണ്‌. രണ്ടാം ഘട്ടപരിഷ്‌കരണത്തിന്റെ വേലിയേററം ഈ വര്‍ഷം പതിനൊന്നാം ക്ലാസ്സില്‍ കൂടി കയറാന്‍ പോവുകയാണ്‌. ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും 97 മുതല്‍ പുതിയ പാഠ്യപദ്ധതി എന്ന്‌ വിളികൊണ്ടതുമായ വിനിമയ രീതിയുടെ മുഖ്യപരിഗണനകള്‍ എന്തെല്ലാമായിരുന്നു? കേവലമായ ആവര്‍ത്തിച്ചുറപ്പിക്കലിനും, ഓര്‍മ്മിക്കലിനും പകരം കുട്ടികളുടെ സഹജമായ ചിന്താശേഷിയെ ഉണര്‍ത്തുകയും വികസിപ്പിക്കുകയും ചെയ്യുക, പഠനത്തെ ജീവിതവുമായി ബന്ധിപ്പിക്കുക, കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ പരിഗണിക്കുക ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരേയും ദരിദ്രരേയും പരിഗണിക്കുക, അവരുടെ ആര്‍ജ്ജിതമായ അറിവുകളെ മാനിക്കുക, വൈകാരികമായ ആരോഗ്യാവസ്ഥ പ്രദാനം ചെയ്യുക തുടങ്ങിയവയായിരുന്നു പാഠ്യപദ്ധതി സമീപനത്തിലെ ഏറ്റവും പുരോഗമനാത്മകമായ വശങ്ങള്‍ .

ഈ സൈദ്ധാന്തിക ലക്ഷ്യങ്ങളെ പ്രയോഗത്തില്‍ എത്തിക്കുന്നതിനുളള എന്തെന്ത്‌ പരിശ്രമങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ മുതലിറക്കിയത്‌. പാഠപുസ്‌തക പരിഷ്‌ക്കരണങ്ങള്‍ , നിരന്തരമായ അധ്യാപക പരിശീലനങ്ങള്‍ , നിരന്തര മൂല്യനിര്‍ണ്ണയം, ക്ലസ്റ്ററുകള്‍ , മോണിറ്ററിംഗ്‌, ഓണ്‍സൈറ്റ്‌ സപ്പോര്‍ട്ട്‌ പരീക്ഷയിലെ പരിഷ്‌കാരങ്ങള്‍ ..........എല്ലാം പുതിയ പാഠ്യപദ്ധതിക്കുവേണ്ടിയുളള കഠിനാധ്വാനങ്ങള്‍ . നിരന്തര മൂല്യനിര്‍ണ്ണയത്തില്‍ ചേര്‍ക്കുന്ന വെളളം, എണ്ണം തികയ്‌ക്കാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ , പ്രഹസനമാകുന്ന മോണിറ്ററിംഗ്‌, ക്ലാസ്സ്‌റൂമിനെ ശക്തിപ്പെടുത്തുന്നതിനു പകരം മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിനുളള കുറുക്കുവഴികള്‍ തേടല്‍ തുടങ്ങിയ പോരായ്‌മകളൊക്കെ ഉണ്ടെങ്കിലും പണ്ടുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്‌തമായി സജീവവും ചലനാത്മകവും സംവാദാത്മകവും ആയിരുന്നു പുതിയ സമീപനം. കുട്ടികള്‍ ഉണ്ടാക്കിയ എത്ര എത്ര ഉല്‍പന്നങ്ങള്‍ , ആശയവിനിമയത്തിലും അവതരണത്തിലും അവര്‍ നേടിയ ഉയര്‍ച്ചകള്‍ , പരീക്ഷാരീതീയില്‍ വന്ന ഗുണകരമായ മാറ്റങ്ങള്‍ എന്നിവ പ്രത്യക്ഷത്തില്‍ തന്നെ ആര്‍ക്കും ദര്‍ശിക്കാവുന്നവയായിരുന്നു.

വിലയിരുത്തലിനെ
സംബന്ധിച്ച കാഴ്‌ചപ്പാടിലുണ്ടായ മാറ്റമാണ്‌ ദേശീയതലത്തില്‍ തന്നെ നമ്മുടെ പാഠ്യപദ്ധതിയെ ശ്രദ്ധാര്‍ഹമാക്കിയത്‌. നിരന്തരമൂല്യനിര്‍ണ്ണയ ഫലത്തെ നിങ്ങള്‍ക്ക്‌ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം. എന്നാല്‍ എഴുത്തുപരീക്ഷയില്‍ വരുത്തിയ അടിസ്ഥാനപരമായ മാറ്റത്തെ കാണാതിരിക്കാന്‍ കഴിയില്ല. പ്രധാനപ്പെട്ടതെന്ന്‌ സര്‍വ്വ സമ്മതമായ ചില കാര്യങ്ങള്‍ കാണാതെ പഠിക്കുകയും ചോദ്യത്തിന്റെ തുമ്പുകാണുമ്പോള്‍ തന്നെ ഉത്തരം യാന്ത്രികമായി പകര്‍ത്തുകയും ചെയ്യുന്ന പ്രാകൃതമായ ഒരു എഴുത്തുപരീക്ഷയ്‌ക്ക്‌ പകരം, കുട്ടിയുടെ ചിന്താശേഷിയെ പരിഗണിക്കുന്ന, സന്ദര്‍ഭത്തെ അപ്പോള്‍ വിശകലനം ചെയ്‌തും അപഗ്രഥിച്ചും എത്തിച്ചേരുന്ന നിഗമനങ്ങളെ ആരായുന്ന, പ്രയോഗക്ഷമതയ്‌ക്ക്‌ ഊന്നല്‍ നല്‍കുന്ന ഒരു എഴുത്തുപരീക്ഷാസമ്പ്രദായം നമുക്ക്‌ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. കാണാപ്പാഠം പഠിച്ചവരെ പിന്തള്ളി ചിന്തയുടെ തെളിച്ചവും പരന്ന വായനയുടെ പിന്‍ബലവുമുള്ളവര്‍ മുന്നിലെത്തി. ഇനി ഒരിക്കലും തിരിച്ചുപോകാന്‍ കഴിയാത്ത വണ്ണം ധീരമായി പരീക്ഷാരീതികള്‍ നമുക്ക്‌ നവീകരിക്കാന്‍ കഴിഞ്ഞു, രാജ്യത്തിനാകെത്തന്നെ മാതൃകയായിക്കൊണ്ട്‌.

കഴിഞ്ഞ കാലം മുഴുവന്‍ പുതിയ പാഠ്യപദ്ധതിക്ക്‌ ചെല്ലും ചെലവും നല്‍കി അതിനെ പോറ്റി വളര്‍ത്തിയത്‌ ഇടതുപക്ഷം തന്നെയാണ്‌. 1994 ല്‍ ഡി.പി.ഇ.പി യിലൂടെ ആരംഭിച്ച വിദ്യാഭ്യാസത്തിന്റെ ഈ അലകും പിടിയും മാറ്റല്‍ പ്രക്രിയ 2007ല്‍ 12-ആം ക്ലാസ്സ്‌ പിന്നിടുന്നതോടു കൂടി ഒരു ഘട്ടം പൂര്‍ത്തിയായി കഴിഞ്ഞു. അങ്ങനെ വന്ന കുട്ടികള്‍ പ്രവേശന പരീക്ഷാകാര്യാലയത്തിന്റേയും കേരളാ പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്റേയും പരീക്ഷകളാണ്‌ ഇപ്പോള്‍ എഴുതി വരുന്നത്‌. ഒന്നാലോചിച്ചാല്‍ ആടാന്‍ പഠിച്ചവനോട്‌ നെയ്യാന്‍ ആവശ്യപ്പെടുമ്പോലുളള പരീക്ഷകളാണിവ.

എന്‍ട്രന്‍സ്‌
പരീക്ഷകളുടേയും പി.എസ്‌.സി പരീക്ഷകളുടേയും ചോദ്യങ്ങള്‍ ഇപ്പോഴും തയ്യാറാക്കുന്നതിന്റെ മാനദണ്‌ഡങ്ങള്‍ എന്താണ്‌ ? കുറഞ്ഞ സമയത്തിനകത്ത്‌ പരമാവധി ചോദ്യങ്ങള്‍ തെറ്റില്ലാതെ ചെയ്‌തുതീര്‍ക്കുക എന്ന പഴകിത്തുരുമ്പിച്ച വളയം എങ്ങനെ ഈ പുതിയ കുട്ടികള്‍ക്ക്‌ മുന്നിലും ഇവര്‍ പിടിക്കുന്നു ? കഴിഞ്ഞ പത്തു പതിനഞ്ച്‌ വര്‍ഷങ്ങളായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ നയത്തെ മുഖവിലക്കെടുക്കാനും അതിനനുസരിച്ച്‌ മാറാനും എന്തുകൊണ്ട്‌ ഇത്തരം സ്ഥാപനങ്ങള്‍ തയ്യാറാക്കുന്നില്ല? ഇവിടെയാണ്‌ ഒരേ സമയം അപ്പത്തിലും കൂടും അടയിലും കൂടും എന്ന നാടന്‍ യുക്തി ഫലപ്രദമാകുന്നത്‌.

നിരന്തരമായ പരിശീലനങ്ങളിലൂടെ മാത്രം വിജയിക്കാവുന്ന ഈ പരീക്ഷാരീതികള്‍ മാറ്റി മറിക്കേണ്ട കാലം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു. യോഗ്യതാപരീക്ഷയ്‌ക്കുശേഷം ഇത്തരമൊരു പ്രവേശനപരീക്ഷ ഏര്‍പ്പെടുത്തുന്നതുതന്നെ നിലവിലുളള വിദ്യാഭ്യാസത്തോടുളള , അതിന്റെ വിനിമയരീതിയോടും വിലയിരുത്തല്‍ രീതികളോടും ഉളള അവിശ്വാസത്തെയാണ്‌ കാണിക്കുന്നത്‌. സാമൂഹിക നീതിക്കും അവസര സമത്വത്തിനും വേണ്ടി പ്രക്ഷോഭം നടത്തുന്ന പ്രസ്ഥാനങ്ങള്‍ക്കു പോലും കാശുളളവനെ മാത്രം ദൈവരാജ്യത്തിലേക്ക്‌ കടത്തിവിടുന്ന ഈ സൂചിക്കുഴയെ തകര്‍ത്തെറിയാന്‍ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യസ രംഗം അപ്പാടെ സമ്പന്നര്‍ക്കും, നഗരവാസികള്‍ക്കും പതിച്ചുകൊടുക്കുന്ന പ്രവേശനപരീക്ഷകളെ, അതിലൂടെ തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റുകളെ വേദപ്രമാണങ്ങളേക്കാള്‍ വിശുദ്ധരാക്കുന്നതും ഇവര്‍ തന്നെയല്ലേ ? അന്വേഷിക്കുകയും, കണ്ടെത്തുകയും,അപഗ്രഥിക്കുകയും , താരതമ്യപ്പെടുത്തുകയും നിഗമനങ്ങളിലെത്തുകയും ചെയ്യാന്‍ 12 വര്‍ഷവും ഉപദേശിക്കുകയും സാമ ദാന ഭേദ ദണ്‌ഡങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ്‌ പതിമൂന്നാം വര്‍ഷം സൂത്രവാക്യങ്ങളും രാസനാമങ്ങളും കാണാതെ പഠിക്കലാണ്‌ മുഖ്യമെന്ന്‌ ഉപദേശിക്കുന്നത്‌.

പി
.എസ്‌.സി പരീക്ഷകളുടെ കാര്യം ഇതിലും കഷ്‌ടമാണ്‌. കേരള സര്‍ക്കാരിന്റെ ശമ്പളം വാങ്ങി ജീവിക്കാന്‍ തയ്യാറാകുന്ന ഒരാളോട്‌ കേരളസംസ്‌ക്കാരത്തെ ക്കുറിച്ചും മലയാളഭാഷയെ ക്കുറിച്ചും ചോദിക്കാന്‍ നമുക്ക്‌ അറപ്പാണ്‌. നമ്മുടെ ചരിത്രവും പാരമ്പര്യവും എന്താണ്‌? സമ്പന്നമായ നമ്മുടെ നാട്ടുവഴക്കങ്ങള്‍ എന്തൊക്കെയാണ്‌?കലയുടെയും സംസക്കാരത്തിന്റേയും നൂപുരമണികള്‍ കിലുങ്ങിയിരുന്നത്‌ എവിടെ നിന്നാണ്‌? ഇതൊക്കെ അറിയുന്നതിനേക്കാള്‍ പ്രധാനം ഗൈഡ്‌ബുക്കുകളിലെ മണ്ടന്‍ ചോദ്യോത്തരങ്ങള്‍ കാണാതെ പഠിക്കലാണ്‌. ഗണിതവും യുക്തിചിന്തയും അഭിരുചി പോലും ചോദ്യോത്തരങ്ങളായി കാണാപ്പാഠം പഠിക്കുകയാണ്‌ വേണ്ടത്‌. കാരണം ചോദ്യങ്ങള്‍ തയ്യാറാക്കുന്ന കടല്‍ക്കിഴവന്‍മാര്‍ അവര്‍ പഠിച്ച കാലത്തെ പുന:സൃഷ്‌ടിക്കാനാണല്ലൊ ശ്രമിക്കുന്നത്‌. ഈ ചോദ്യത്തരങ്ങള്‍ പരിശീലിപ്പിക്കാനും നഗരങ്ങളില്‍ എത്രയെത്ര കേന്ദ്രങ്ങള്‍!

പഠനം
ഒരു തരത്തിലും, തെരഞ്ഞെടുപ്പ്‌ മറ്റൊരു തരത്തിലുമാക്കി നിലനിര്‍ത്തുന്നത്‌ എന്തൊരു കൊടിയ ക്രൂരതയാണ്‌. ഒരേ സമയം രണ്ടിനും സര്‍വ്വൈശ്വര്യങ്ങളും ചൊരിഞ്ഞ്‌ അനുഗ്രഹിക്കുന്നതും ഒരേ കൈകള്‍ തന്നെ. ഒരു സമൂഹത്തെ അപ്പാടെ ഈ തെരഞ്ഞടുപ്പ്‌ പ്രക്രിയകളുടെ പൊതുനിരത്തില്‍ നിന്നും അയിത്തം കല്‍പ്പിച്ച്‌ അകറ്റി നിര്‍ത്താനല്ലേ ഇവ ഇത്രമാത്രം ഹൈടെക്ക്‌ ആയി നിലനിര്‍ത്തുന്നത്‌. ഈ രാജപാതയിലേക്കുളള പ്രവേശനത്തിനായി നാട്ടുമ്പുറത്തുകാരും, പിന്നാക്കക്കാരും എപ്പോഴാണ്‌ അര്‍ഹരാകുക. അതിനായുള്ള മറ്റൊരു പ്രവേശന വിളമ്പരത്തിന്‌ അവര്‍ കാതോര്‍ത്തിരിക്കുകയാണ്‌. അതിനുവേണ്ടിയുളള സത്യാഗ്രഹ പന്തലില്‍ അവരോടൊപ്പം മുന്‍നിരയിലിരിക്കാന്‍ വിപ്ലവകാരികളുടെ പുതിയ തലമുറയില്‍ നിന്നും എത്ര പേരുണ്ടാകും?

1 അഭിപ്രായം:

  1. പഠനം ഒരു തരത്തിലും, തെരഞ്ഞെടുപ്പ്‌ മറ്റൊരു തരത്തിലുമാക്കി നിലനിര്‍ത്തുന്നത്‌ എന്തൊരു കൊടിയ ക്രൂരതയാണ്‌. ഒരേ സമയം രണ്ടിനും സര്‍വ്വൈശ്വര്യങ്ങളും ചൊരിഞ്ഞ്‌ അനുഗ്രഹിക്കുന്നതും ഒരേ കൈകള്‍ തന്നെ. ഒരു സമൂഹത്തെ അപ്പാടെ ഈ തെരഞ്ഞടുപ്പ്‌ പ്രക്രിയകളുടെ പൊതുനിരത്തില്‍ നിന്നും അയിത്തം കല്‍പ്പിച്ച്‌ അകറ്റി നിര്‍ത്താനല്ലേ ഇവ ഇത്രമാത്രം ഹൈടെക്ക്‌ ആയി നിലനിര്‍ത്തുന്നത്‌. ഈ രാജപാതയിലേക്കുളള പ്രവേശനത്തിനായി നാട്ടുമ്പുറത്തുകാരും, പിന്നാക്കക്കാരും എപ്പോഴാണ്‌ അര്‍ഹരാകുക. അതിനായുള്ള മറ്റൊരു പ്രവേശന വിളമ്പരത്തിന്‌ അവര്‍ കാതോര്‍ത്തിരിക്കുകയാണ്‌. അതിനുവേണ്ടിയുളള സത്യാഗ്രഹ പന്തലില്‍ അവരോടൊപ്പം മുന്‍നിരയിലിരിക്കാന്‍ വിപ്ലവകാരികളുടെ പുതിയ തലമുറയില്‍ നിന്നും എത്ര പേരുണ്ടാകും?

    മറുപടിഇല്ലാതാക്കൂ