2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

സ്വാശ്രയപ്രശ്നം എന്ന മുച്ചീര്‍പ്പന്‍

കഴിഞ്ഞ മൂന്നു വര്ഷമായി വിദ്യാഭ്യാസ മേഖലയില് നടത്തി വരുന്ന ഗുണപരമായ മാറ്റങ്ങളെ കാണാതെ സ്വാശ്രയ പ്രശ്നം എന്നാ പൊതിയാ തേങ്ങയില് കടിച്ചു വലിക്കുന്ന മാധ്യമ ചര്ച്ചകളെക്കുറിച്ച് ...


`` ജനിച്ച ഉടനെ തന്തയുടെ തലയെടുത്തു. എങ്ങിനെയും ജീവന്‍ നില്‍ക്കട്ടെയെന്നു കരുതി എന്തെല്ലാം ചെയ്‌തു. മുന്തിയ ഡോക്‌ടര്‍മാരെ കാണിച്ചു. പ്രശ്‌നം വെപ്പിച്ചു. അങ്ങ്‌ ഡല്‍ഹിയിലോളം കൊണ്ടുപോയി നോക്കി. പ്രാണനൊഴിച്ച്‌ എല്ലാം അവിടെ നിന്ന്‌ ഓപ്പറേഷന്‍ ചെയ്‌ത്‌ നീക്കി. ഒന്നും പോരാഞ്ഞ്‌ കൊല്ലാകൊല്ലം മുന്തിയ ഹോട്ടലില്‍ വെച്ച്‌ സുഖചികിത്സയും നടത്തി. എന്നിട്ടെന്താ ... ഒരു രക്ഷയുമില്ല. കുടുംബത്തിനകത്താണെങ്കില്‍ വന്നുകയറിയ അന്ന്‌ തൊട്ട്‌ അടിയുണ്ടാക്കാന്‍ തുടങ്ങിയതാ. എല്ലാവരെയും വെറുപ്പിച്ചു. കൊല്ലങ്ങളായി ഒരു ശല്യവുമില്ലാതെ തറവാട്ടില്‍ ഉണ്ടും ഉറങ്ങിയും കഴിയുന്ന കാര്‍ന്നോന്മാരെ വരെ വെറുപ്പിച്ചു. അവരുപോലും നാക്കെടുത്തു ശപിക്കാന്‍ തുടങ്ങി. കുലം മുടിയാന്‍ കാലത്തു പിറന്ന മുച്ചീര്‍പ്പന്‍...''

ഈ പ്‌രാക്ക്‌ മറ്റാരുടേതുമാകാന്‍ വഴിയില്ലല്ലോ, സംഭവം സ്വാശ്രയ പ്രശ്‌നത്തെക്കുറിച്ചാവുമ്പോള്‍. ഭൂജാതനായ അന്നു മുതല്‍ കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ ഇത്രമാത്രം പ്രത്യാഘാതങ്ങളുണ്ടാക്കിയ മറ്റൊരു കേസുകെട്ട്‌ കേരള ചരിത്രത്തിലുണ്ടോ?
കൂത്തുപറമ്പില്‍ അഞ്ച്‌ ചെറുപ്പക്കാരുടെ ജീവന്‍ കുരുതി കഴിച്ചു. സമരത്തിന്റെ യുദ്ധഭൂമിയില്‍ ഒട്ടനവധി യുവാക്കളുടെ ചോര ചെളിവെള്ളം പോലെ റോഡില്‍ കെട്ടിനിന്നു. കുട്ടികള്‍ ഫീസ്‌ അടക്കാന്‍ പാങ്ങില്ലാതെ ആത്മഹത്യയിലഭയം തേടി. എന്തിനധികം, കെട്ടുറപ്പുള്ള ഒരു മുന്നണിയില്പ്പോലും ഛിദ്രമുണ്ടാക്കി. ഇതൊന്നും പോരാഞ്ഞ്‌ ചിലര്‍ ഇപ്പോള്‍ തന്നിഷ്‌ടപ്രകാരം കാശ്‌ മേടിക്കുകയും വിദ്യാഭ്യാസം അല്‍പ്പാപ്പമായി നല്‍കുകയും ചെയ്യുന്നു. ആരെ പേടിക്കാന്‍!

രണ്ടു സ്വാശ്രയകോളേജുകള്‍ = ഒരു സര്‍ക്കാര്‍ കോളേജ്‌ എന്ന ശ്രുതിമധുരമായ ഗാനം ചിട്ടപ്പെടുത്തിയത്‌ സാക്ഷാല്‍ എ.കെ. ആന്റണിയാണ്‌. ആക്കാലത്ത്‌ ലജ്ജാവതിയേക്കാള്‍ ഹിറ്റായിരുന്ന. തീവ്ര ഇടതുപക്ഷം പോലും കേരളത്തിലും സ്വാശ്രയമാവാം എന്ന ചിന്തയിലെത്തിയപ്പോഴാണ്‌ ഈ ഗാനം ഇറങ്ങിയത്‌ എന്നതും ശ്രദ്ധേയം. ഹയര്‍ സെക്കന്ററിയില്‍ നിന്ന്‌ പാസായെത്തുന്ന ലക്ഷങ്ങള്‍ നേരെ അടുത്ത വണ്ടിക്ക്‌ കര്‍ണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കുമല്ലേ വെച്ചടിക്കുന്നത്‌. പെട്ടിക്കടകള്‍ക്കുപോലും അവിടെ പേര്‌ `ഡീംഡ് യൂണിവേഴ്‌സിറ്റി' എന്നാണ്‌ കേള്‍വി. അവരടിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മഷിയുണങ്ങുന്നതിനുമുമ്പ്‌ കുട്ടികളുടെ കയ്യിലെത്തും. മാര്‍ക്ക്‌ എത്രയാണു വേണ്ടതെന്ന്‌ പറഞ്ഞാല്‍ മതി. നമ്മുടെ കാശെന്തിനാ വല്ലവന്റേയും പെട്ടിക്കടയില്‍ കൊണ്ടുപോയി ധൂര്‍ത്തടിക്കുന്നത്‌. ഇവിടെ കട തുറക്കാന്‍ പറ്റിയ ആളുകളൊന്നും ഇല്ലേ? ആരും വീഴുന്നയുക്തി! മാത്രമല്ല ഈ സര്‍ട്ടിഫിക്കറ്റുകള്‍ സായ്‌പന്‍മാരെയും അറബികളേയും കാണിച്ച്‌ തോട്ടിപ്പണി ഒട്ടകത്തെ നോക്കല്‍ തുടങ്ങിയ മുന്തിയപണി ചെയ്‌താണ്‌ നമ്മള്‍ ഇവിടെ കഞ്ഞികുടി മുട്ടാതെ കഴിയുന്നത്‌.

ഇതൊക്കെക്കൊണ്ടാണ്‌ പിറന്നുവീണ അപ്പോള്‍ തന്നെ ഈ തങ്കവളയിട്ട കൈകളില്‍ പിടിച്ചത്‌. പിന്നീടാണ്‌ മനസിലായത്‌ ഇത്‌ തിരിഞ്ഞു കിടക്കാന്‍ വാ പിളര്‍ത്തിയ പുലിയുടെ വാലാണെന്ന്‌. വിദ്യാഭ്യാസ മന്ത്രിക്ക്‌ ആശ്വാസം പകരാന്‍ പോലും മറ്റൊരാള്‍ ധൈര്യത്തോടെ വന്ന്‌ അല്‍പ്പ സമയം ഇതൊന്ന്‌ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ല. അവിടെക്കിടന്ന്‌ ചെയ്യാവുന്ന എല്ലാ കാര്യവും ചെയ്‌തിട്ടും കുടുംബക്കാരുടെ വരെ പഴിയാണ്‌. ഈ പുലിവാലില്‍ കിടന്ന്‌ കറങ്ങുന്നതുകാരണം മറ്റെന്തെങ്കിലും ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടോ? കണ്ണുതെറ്റിയാല്‍ ആ പുലിക്ക്‌ ബുദ്ധികുടും; തന്റെ തലകുടി അവന്റെ വയറ്റിലാവും.

എന്തൊക്കെ കാര്യങ്ങള്‍ വകുപ്പില്‍ ചെയ്‌തു. പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. (ആപത്തുകാലത്ത്‌ പക്കി പാമ്പാവും എന്നൊരു ചൊല്ലുപോലെ അതും വിഷം വെച്ച്‌ ഒന്നുരണ്ട്‌ കൊത്തുകൊത്തിയിരുന്നു. കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കുന്ന തന്ത്രം അറിയാവുന്നതുകൊണ്ട്‌ മാത്രം അന്ന്‌ രക്ഷപ്പെട്ടതാണ്‌.) കേന്ദ്രഫണ്ടും സംസ്ഥാന ഫണ്ടും ചെലവാക്കി തീര്‍ക്കാന്‍ ബുദ്ധിമുട്ടുന്ന എസ്‌.എസ്‌.എ വഴി കെട്ടിടങ്ങള്‍ എത്ര തീര്‍ത്തു. പരിശീലനം ലഭിക്കാത്ത അധ്യാപകരെ കാണണമെങ്കില്‍ അതിര്‍ത്തി കടക്കണം എന്നായി കെ.സി.എഫ്‌ ഉണ്ടാക്കി മുക്കിനുമുക്കിന്‌ ചര്‍ച്ച ചെയ്‌തു. ക്ലാസ്‌ മുറിയില്ലാത്ത, കറണ്ടില്ലാത്ത സ്‌കൂളില്‍പ്പോലും ബ്രോഡ്‌ ബാന്റും മള്‍ട്ടി മീഡിയ ലാബും സ്ഥാപിച്ചു. ഹയര്‍ സെക്കന്ററിയില്‍ ഏകജാലകം വഴി മുഴുവനാളെയും കയറ്റുകയും ഇറക്കുകയും ചെയ്‌തു. എന്തൊക്കെ ചെയ്‌തു. ആരെങ്കിലും മൈന്‍ഡ്‌ ചെയ്യാനുണ്ടായോ. ക്ഷമയ്‌ക്കുമില്ലേ ഒരതിര്‌.

സ്വാശ്രയ കരാര്‍ ചിലര്‍ക്ക്‌ രുചിക്കാത്തത്‌ അവരുടെ അടിസ്ഥാന വര്‍ഗ്ഗ പ്രേമം കൊണ്ടാണ്‌. അതൊക്കെ കഴുകിക്കളയുകയോ എന്നിട്ടും പോകുന്നില്ലെങ്കില്‍ തൊലിയടക്കം മുറിച്ചുമാറ്റുകയോ വേണ്ടുന്ന വെറും കറയല്ലേ സാര്‍ ഇക്കാലത്ത്‌. ആറായിരമെന്ന ഫീസ്‌ ഇരുപത്തയ്യായിരം ആക്കിയാല്‍ ഒരു ചുക്കുമില്ലെന്ന്‌ ഏത്‌ രക്ഷകര്‍ത്താവാണ്‌ ആണയിടാത്തത്‌. നിങ്ങള്‍ ഈ ബഹളമൊക്കെ ഒന്നു നിര്‍ത്തിയാല്‍ മാത്രം മതി. ഈ മെറിറ്റ്‌ ലിസ്റ്റില്‍ മുന്നില്‍ വരാന്‍ എത്രയാ തുലച്ചതെന്ന്‌ അവര്‍ക്കല്ലേ അറിയൂ. എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞ അന്ന്‌ രാത്രി തുടങ്ങിയ അധ്വാനമാണ്‌. പ്ലസ്‌ വണ്‍ തുടങ്ങുന്നതിനു മുമ്പേ തുടങ്ങി കോച്ചിംഗ്‌. എന്‍ട്രന്‍സിന്റെ ശ്രീ ശ്രീ ക്ക്‌ സമര്‍പ്പിച്ചത്‌ എത്ര ആയിരമാണെന്ന്‌ ആരൊടെങ്കിലും പറയാമോ ? അവിടെ ഹോസ്റ്റല്‍, യാത്ര, ഫോണാദികളായി പണം ഒഴുക്കിയതും ചുമ്മാതല്ല. റാങ്ക്‌ ലിസ്റ്റിന്റെ ആദ്യ പേജില്‍ തന്നെ ഇടം കിട്ടണം. പിന്നെയാണ്‌ രണ്ട്‌ മുക്കാലിന്‌ ഈ പിള്ളേര്‍ കണക്ക്‌ പറഞ്ഞ്‌ തെരുവിലിറങ്ങുന്നത്‌, കാശല്ല സാറേ പ്രശ്‌നം. നല്ല ഒന്നാന്തരം കോളേജില്‍ ഞങ്ങളുടെ പിള്ളേര്‍ക്ക്‌ പഠിക്കണം. ഹല്ല പിന്നെ.

അല്ല ആര്‍ക്കാണറിയാത്തത്‌ ഈ എന്‍ട്രന്‍സ്‌ എന്നു പറയുന്ന ഏര്‍പ്പാടുതന്നെ ഞങ്ങള്‍, കാശുള്ളവര്‍ മാത്രം ഇത്തരം ഇടങ്ങളില്‍ എത്തപ്പെടാന്‍ കണ്ടുപിടിച്ച മാര്‍ഗമാണെന്ന്‌. ``ബി. പി.എല്ലുകാര്‍ എന്‍ട്രന്‍സിന്റെ ആദ്യ ലിസ്റ്റില്‍ വരികയോ? ഹ...ഹ..എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം. വരും ചിലപ്പോള്‍; കള്ളപ്പണം കൊണ്ട്‌ കൊട്ടാരം തീര്‍ത്തെങ്കിലും ഇപ്പോഴും റേഷന്‍ കാര്‍ഡില്‍ പ്രതിവര്‍ഷവരുമാനം അഞ്ഞൂറില്‍ താഴെയുള്ള ചില എക്‌സ്‌ട്രാഭാഗ്യവന്മാര്‍. അല്ലാതെ ശരിക്കുള്ള ബി.പി.എല്ലുകാര്‍ തത്‌കാലം എന്തെങ്കിലുമൊരു ബി.എ. പഠിച്ചാല്‍ മതി. പിള്ളേര്‍ക്കെന്തിനാ കോഴിക്കഷണം, ചാറ്‌ മതി എന്നല്ലേ പ്രമാണം.
ഹയര്‍ സെക്കന്ററിയില്‍ പാഠ്യപദ്ധതി (അതെന്താണെന്ന്‌ പിടിപാടുള്ളവര്‍ മാഷന്മാര്‍ക്കിടയില്‍ തന്നെ കുറവാണ്‌. പാഠപുസ്‌തകം, നോട്ട്‌ ബുക്ക്‌, പ്രാക്‌ടിക്കല്‍, പരീക്ഷ, ഗൈഡ്‌ ഇതൊക്കെ എന്തെന്ന്‌ ഓര്‍ക്കല്‍ തന്നെ കഷ്‌ടി. പിന്നെയാണ്‌ പാഠ്യപദ്ധതി) മാറി എന്ന്‌ ആണയിടാന്‍ തുടങ്ങിയിട്ട്‌ കൊല്ലം മൂന്ന്‌ കഴിഞ്ഞു. അറിവിന്റെ നിര്‍മ്മാണമാണ്‌ പഠനം, അത്‌ വസ്‌തുതകളെ കേവലം ആവര്‍ത്തിച്ചുറപ്പിക്കലോ ഓര്‍മ്മിക്കലോ അല്ല, അന്വേഷണവും കണ്ടെത്തലുകളും അവതരണങ്ങളും ആണ്‌ പ്രധാനം, കുട്ടിയുടെ ചിന്താശേഷിയുടെ പ്രയോഗമാണ്‌ അറിവുനിര്‍മ്മാണത്തിന്റെ വഴി, ബഹുമുഖ ബുദ്ധിയുള്ളവരായ കുട്ടികളെ എല്ലാവരേയും ഒരേ പോലെ കണ്ടാവരുത്‌ പഠന പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത്‌, അവരുടെ വൈകാരികമായ അവസ്ഥ പരിഗണിച്ചുവേണം പഠനം തുടങ്ങിയവയാണ്‌ പാഠ്യപദ്ധതിയുടെ അടിസ്ഥാനങ്ങള്‍ എന്ന്‌ ജില്ലാതല സംസ്ഥാനതല പരീശിലകര്‍ക്കുപോലും ഇന്ന്‌ ഓര്‍മ്മയുണ്ടാവില്ല. പരീക്ഷകളും കുറച്ചൊക്കെ മാറി. ഇതൊക്കെ പരിഷ്‌കരിക്കാന്‍ ഏളുപ്പമാണ്‌. സ്‌കൂള്‍ മാത്രം ആശ്രയിച്ച്‌ പഠിക്കാന്‍ ഞങ്ങളെന്താ സാറോ ബി.പി.എല്ലുകാരാണോ? അത്ര കൊച്ചാക്കാതെ. സ്‌കൂളില്‍പ്രാക്‌ടിക്കല്‍, നിരന്തരമൂല്യനിര്‍ണയം, പരീക്ഷാ സെന്റര്‍, റജിസ്‌ടേഷന്‍ ഇത്യാദി കാര്യങ്ങള്‍ മാത്രം. പഠിപ്പ്‌ പണ്ടേപ്പോലെ കാണാപ്പാഠം തന്നെ. അതിനല്ലേ ട്യൂഷന്‍ സെന്ററുകള്‍. ആദ്യം ഉറപ്പിക്കേണ്ടത്‌ അവിടുത്തെ സീറ്റാണ്‌. സംഗതി ശരിയാ.. പിള്ളേര്‍ക്ക്‌ കുറച്ച്‌ കഷ്‌ടപ്പാടു തന്നെയാ. ശരിക്ക്‌ മൂത്രമൊഴിക്കാന്‍ പോലും വിടാതുള്ള പരിശീലനമാ രണ്ടുവര്‍ഷം പരിശീലനത്തിടയില്‍ അച്ഛന്‍ മരിച്ചൊരു കുട്ടിക്ക്‌ നല്‍കിയത്‌ ഒരു ദിവസത്തെ അവധി മാത്രം. രണ്ടാം ദിനം ഇവിടെ ഹാജരുണ്ടാവണം. അച്ഛന്റെ ആത്മാവൊക്കെ ബലിച്ചോറിനായി പരീക്ഷ കഴിയും വരെ കാത്തിരിന്നോളും അന്യോന്യം മിണ്ടുകയോ അധ്യാപകരോട്‌ സംസാരിക്കാന്‍ വിചാരിക്കുകയോ ചെയ്‌താല്‍ ശിക്ഷ ഉറപ്പ്‌. പിന്നെ പുതുപുത്തന്‍ കാറില്‍ പറക്കുന്ന, ബംഗ്ലാവുപോലുള്ള വീട്ടില്‍ കഴിയുന്ന ഡോക്‌ടര്‍മാരെയും എഞ്ചിനീയര്‍മാരെയും കണ്ട്‌ നാളെ അതുപോലാവാന്‍ ഈ കഷ്‌ടപ്പാടൊക്കെ സഹിക്കുന്നു എന്ന്‌ മാത്രം. പതിനെട്ട്‌ വയസ്സില്‍ താഴെയുള്ളവര്‍ കുട്ടികളാണെന്നും അവരെ ശാരീരികമായോ മാനസീകമായോ പീഡിപ്പിക്കരുതെന്നും ഉള്ള നിയമങ്ങളൊന്നും ഇവിടെ ബാധകമല്ല. രണ്ടുകൊല്ലം നോക്കിയിട്ടും റാങ്ക്‌ ലിസ്റ്റില്‍ മുന്നില്‍ വന്നില്ലെങ്കില്‍, ഒരു അവസരം കൂടിയുണ്ട്‌; റിപ്പീറ്റേഴ്‌സ്‌ എന്ന ലേബില്‍. കാശ്‌ അല്‍പ്പം കുടുമെങ്കിലും ആ ലേഹ്യം കഴിച്ചാല്‍ ഏത്‌ കടുത്ത പരീക്ഷയും ജയിക്കാം. വിചാരിച്ചിടത്ത്‌ പ്രവേശനം ഉറപ്പ്‌.

എന്നിട്ടും ചില ഏമ്പോക്കികള്‍ ഈ എന്‍ട്രന്‍സിനെ കുറ്റം പറയുന്നതാണു മനസ്സിലാവാത്തത്‌.എന്തു കഷ്‌ടപ്പാടാ ഇവിടെ. സാധാരണക്കാര്‍ക്കൊന്നും താങ്ങാന്‍ കഴിയില്ല. ഇത്രസമയത്തിനുള്ളില്‍ ഇത്ര ചോദ്യത്തിനുത്തരം കണ്ടെത്തണം. അതും കടുകട്ടിച്ചോദ്യം. തെറ്റിയെങ്ങാനും പോയാല്‍ നെഗറ്റീവ്‌ മാര്‍ക്കും. ഒരു കാര്യം ശരിയാ. സ്ഥിരം പാറ്റേണ്‍ ചോദ്യങ്ങളുണ്ടാകും. അതൊക്കെ തയ്യാറാക്കുന്നതും ഞങ്ങളുടെ സ്ഥാപനങ്ങളുമായി ബന്ധമുള്ളവരാണെന്ന്‌ അടക്കം പറയുന്നവരും ഉണ്ട്‌. അത്‌ കാര്യമാക്കേണ്ട. പക്ഷേ ഇവ ചെയ്‌ത്‌ പരിശീലിക്കണം. പരിശീലിച്ചാല്‍ ഏത്‌ ചെറുവളയത്തിലൂടെയും ചാടാം. ഏത്‌ കമ്പിമേലും നടക്കാം. സ്‌കൂളിലെ കാര്യം തീരുമാനിക്കുന്നതുപോലെ ഇവിടുത്തെ കാര്യം എളുപ്പത്തില്‍ തീരുമാനിക്കാമെന്നാ വിചാരിച്ചത്‌. തൊടാന്‍ പറ്റില്ല. തൊട്ടാല്‍ കത്തില്ലേ കേരളം. രണ്ടാം വിമോചന സമരമല്ല, സ്വാതന്ത്ര്യസമരം തന്നെ നടത്തും ഞങ്ങള്‍. ഇമ്മാതിരി അല്‍പം സ്റ്റാറ്റസ്സുള്ള പണികള്‍ക്ക്‌ കണ്ട `ചെമ്മാനേം ചെരുപ്പൂത്തിയേം' കേറ്റാനുള്ള അടവാണല്ലേ. ഗ്രാമീണര്‍ നാട്ടുമ്പുറത്തിന്റെ നന്മകളെല്ലാം അറിഞ്ഞാസ്വദിച്ച്‌ നാളികേര പാകത്തില്‍ റബ്ബറുവെട്ടിയും നാടന്‍ പണിയെടുത്തും കഴിയട്ടെ. ഭാഗ്യവാന്മാര്‍ പ്രകൃതിയുടെ മടിത്തട്ടില്‍ കഴിയാന്‍ യോഗമുള്ളവര്‍! ഡോക്‌ടര്‍, എഞ്ചിനീയര്‍ തുടങ്ങിയ പ്രയാസമുള്ള പണികളെല്ലാം ഞങ്ങള്‍ നഗരത്തിലെ സമ്പന്നര്‍ക്ക്‌ വിധിച്ചിട്ടുള്ളതാ! കഷ്‌ടം, അനുഭവിക്കുക തന്നെ. പക്ഷേ ഇതില്‍ക്കേറി ഇടപെടാന്‍ വരരുത്‌.

അല്ല.. ഞങ്ങള്‍ക്കറിയാം. എന്‍ട്രന്‍സ്‌ പരിഷ്‌കരണം എന്ന പുല്ല്‌ മുന്നില്‍ കെട്ടിത്തൂക്കാതെ ഈ സ്‌കൂളിലെ മാഷന്മാരെ മുന്നോട്ട്‌ നടത്തിക്കാന്‍ കഴിയില്ല. അതിനുവേണ്ടി ചില പ്രസ്‌താവനകളൊക്കെ നടത്തുമെന്നല്ലാതെ ഇത്‌ തൊട്ടുകളിക്കാന്‍ ബിനോയ്‌ സഖാവുപോലും ശ്രമിക്കില്ല എന്ന്‌.

2 അഭിപ്രായങ്ങൾ: