2015, ഏപ്രിൽ 14, ചൊവ്വാഴ്ച

കുട്ടിക്കച്ചവടത്തിന്റെ അങ്ങാടി നിലവാരം


സ്വന്തം സ്‌കൂളിലെ മാഷ് അകാലത്തില്‍ മരിച്ചതറിഞ്ഞ് അങ്ങോട്ടുപോകാന്‍ ധൃതിയില്‍ ഇറങ്ങുകയാണ് മാനേജര്‍ ദാമോദരന്‍ നമ്പ്യാര്‍. അപ്പോഴേക്കും മൂന്നു നാലുപേര്‍ ഓടിക്കിതച്ചെത്തി. കാര്യങ്ങള്‍ നേരെയങ്ങ് പറഞ്ഞു, 'നമ്പ്യാരെ സ്‌കൂളീന്ന് ഒരു മാഷ് മരിച്ചില്ലേ? ആ പോസ്റ്റ് ബുക്ക് ചെയ്യാന്‍ വന്നതാ...'.   മാഷ് മരിച്ചിട്ട് രണ്ടു മണിക്കൂറ്  പോലും ആയിട്ടില്ലല്ലോ എന്ന് അമ്പരക്കുന്നതിനിടയിലും, മരണ വിവരം അറിഞ്ഞ ഉടനെ താന്‍ പത്രത്തിലേക്ക് ഡ്രാഫ്റ്റ് ചെയ്തു വെച്ച പരസ്യം പോസ്റ്റ് ചെയ്യാത്തത് ലാഭമായെന്ന് നമ്പ്യാര്‍ ആശ്വാസം കൊള്ളുന്നു. അക്ബര്‍ കക്കട്ടിലിന്റെ 'അങ്ങാടി നിലവാരം' എന്ന കഥയാണ് മുകളില്‍ ചുരുക്കിയത്. എയിഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തെക്കുറിച്ചുള്ള തമാശകള്‍ കഥകളില്‍ വന്നതിനേക്കാള്‍ കൂടുതല്‍ മൂര്‍ത്തമായി ചിത്രീകരിക്കപ്പെട്ടത് സിനിമകളിലാണ്. ഇംഗ്ലീഷ് മീഡിയം (1999) എന്ന സിനിമയിലേതാണ് പെട്ടെന്ന് ഓര്‍മ്മ വരുന്ന സന്ദര്‍ഭം. 1997 മുതല്‍ നടപ്പിലാക്കിത്തുടങ്ങിയ പുതിയ പഠന രീതികളെ പരിഹസിക്കാനായും, പൊതുവിദ്യാഭ്യാസമോ മാതൃഭാഷയിലുള്ള പഠനമോ അല്ല ഇംഗ്ലീഷ് മീഡിയം അണ്‍ എയിഡഡ് സ്‌കൂളുകളാണ് നമ്മെ രക്ഷിക്കുക എന്ന് പറയാനുമായി എടുത്തതാണ് പ്രസ്തുത സിനിമയെങ്കിലും, അതില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന, കോഴ കൊടുത്ത് എങ്ങിനെയെങ്കിലും സ്‌കൂളില്‍ കയറിപറ്റാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെ എളുപ്പം മറക്കാന്‍ കഴിയില്ല. സ്‌കൂളിലെ മാവില്‍ നിന്നും വീണ് മാഷ് ആശുപത്രിയിലായി എന്നറിഞ്ഞ് അങ്ങോട്ടേക്ക് പുറപ്പെടുന്ന മാനേജരുടെ മുന്നിലേക്കാണ് സൈക്കിളില്‍ പറന്നുവന്ന് ആ കഥാപാത്രം മറിഞ്ഞുവീഴുന്നത്. ആശുപത്രിലായ മാഷ് മരിക്കാന്‍ സാധ്യതയുണ്ട് എന്ന് തിരക്കി ഉറപ്പിച്ചാണ് ധൃതിയില്‍ ഉള്ള ഈ വരവ്. പണമെത്രയായാലും ആ പോസ്റ്റ് അയാള്‍ക്ക് തന്നെ വേണം. 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം' (1988) എന്ന സിബി മലയിലിന്റെ ആദ്യകാല സിനിമയില്‍, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലുമില്ലാത്ത ഒരു കഥാപാത്രം വ്യാജ അധ്യാപന ബിരുദം കരസ്ഥമാക്കി മാനേജര്‍ക്ക് ആവശ്യത്തിന് കാശുകൊടുത്ത് സ്‌കൂളില്‍ ചേരുന്നതാണ് പ്രമേയം. ഉപ്പുമാവിന് 'സാള്‍ട്ട് മാംഗോ ട്രീ' എന്ന രസികന്‍ പേരുകൊടുക്കുന്ന മോഹന്‍ലാലിന്റെ കടുപ്പമുള്ള ഇംഗ്ലീഷ് പ്രകടനം കണ്ട്  ജഗതി അവതരിപ്പിക്കുന്ന നാണു മാഷ് അതീവ ഗൗരവത്തോടെ ചോദിക്കുന്നുണ്ട് ''ഇംഗ്ലീഷ് മീഡിയമായിരിക്കും അല്ലേ'' എന്ന്. കഥയും സിനിമകളിലെ ചില രംഗങ്ങളും പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് 'എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിന്  നിയന്ത്രണം വരുന്നു' എന്നത് മുഖ്യവാര്‍ത്തയായി ഈയിടെ പത്രങ്ങളില്‍ കണ്ടപ്പോഴാണ്.

ഉത്തരവ് വായിച്ച് അതിശയപ്പെട്ട് സ്ഥലകാല ബോധ്യം വരാന്‍ സ്വയം ഒന്ന് നുള്ളിനോക്കി വീണ്ടും വാര്‍ത്ത വായിച്ച് അങ്ങിനെ നിന്ന് പോയി. അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാവുന്ന പുക്കാറുകള്‍ ഓര്‍ത്ത് ആവേശം കൊണ്ടു. ഈ അധ്യയന വര്‍ഷം കുട്ടിച്ചോറായത് തന്നെ. എന്‍.എസ്.എസ്, എസ് എന്‍. ഡി. പി തുടങ്ങിയ ഹിന്ദു സമുദായ സംഘടനകള്‍, മലങ്കര, കത്തോലിക്ക, ലത്തീന്‍ തുടങ്ങി പ്രബലരായ കൃസ്തീയ കോര്‍പ്പറേറ്റ് മാനേജുമെന്റുകള്‍, എം ഇ എസ്, മുജാഹിദ് തുടങ്ങിയ മുസ്ലിം സമുദായ പ്രമാണിമാര്‍, ആയിരത്തിലധികം വരുന്ന വ്യക്തിഗത സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ സംഘടന തുടങ്ങിയവരൊക്കെ ഇനി വെറുതെയിരിക്കുമോ? സമരങ്ങള്‍, സ്‌കൂള്‍ അടച്ചു പൂട്ടലുകള്‍, തെരുവിലിറങ്ങിയുള്ള പ്രതിഷേധങ്ങള്‍ ഒക്കെക്കൂടി ഒരു അരങ്ങ് തന്നെയാവും ഇനിയുള്ള ദിനങ്ങള്‍. ഭരണം തന്നെ നിലം പതിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ പോയ ആലോചനകളുടെ വണ്ടി അങ്ങേയറ്റം സന്തോഷകരമായ ഒരു മാനസികാവസ്ഥയുടെ തണലിലാണ് ലാന്റ് ചെയ്തത്. ആവേശത്തോടെ തന്നെ തുടര്‍ വാര്‍ത്തകള്‍ക്കായി കണ്ണും കാതും കൂര്‍പ്പിച്ചു. ഭീകര നിരാശയായിരുന്നു ഫലം. എന്‍. എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ ദുര്‍ബ്ബലമായ ഒരു പ്രതിഷേധം ഒഴിച്ചാല്‍ മറ്റൊന്നും ഉണ്ടായില്ല. (സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന എയിഡഡ് സ്‌കൂളുകളെ തകര്‍ക്കുകയെന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാറിന്റെതെന്നാണ് അദ്ദേഹം ഉത്തരവില്‍ നിന്നും വായിച്ചെടുത്തത്). മത സമുദായ സംഘടനകളും മാനേജ്‌മെന്റ് അസോസിയേഷനും മന്ത്രിസഭാ തീരുമാനം സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നതുകൊണ്ടാവുമോ പ്രതിഷേധങ്ങള്‍ ഇല്ലാത്തത്? അല്ല ഇക്കാര്യത്തില്‍ സ്വകാര്യമായ വല്ല ഉടമ്പടികളും ഇരുകൂട്ടര്‍ക്കും ഇടയില്‍ നേരത്തെ രൂപം കൊണ്ടിരുന്നോ? ആകെ ഹലാക്കിലായി നില്‍ക്കുന്ന പ്ലസ് ടു വിഷയത്തില്‍ നിന്നും തത്കാലമൊന്നു തലയൂരാനായും ആളുകള്‍ ചര്‍ച്ചകളില്‍ പരസ്പരം കൊത്തിമരിക്കാനുമായി എടുത്തിട്ടതാണോ ഈ ഉത്തരവ്? ജാതിമത സംഘടനകളാല്‍ നയിക്കപ്പെടുന്നു എന്ന പഴി നിത്യവും കേട്ടുകൊണ്ടിരിക്കുന്ന ഒരു വലതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഇത്രയും വിപ്ലവാത്മകമായ നടപടിയോ? എന്തുതന്നെയായാലും എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത് ആത്മാര്‍ത്ഥതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ആണെങ്കില്‍ അത് കേരളത്തിന്റെ പൊതുമനസ്സിനെ തൊട്ടറിഞ്ഞത്തിന്റെ സഫലമായ തെളിവും നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ചരിത്രപരമായ ഇടപെടലും ആയി തീര്‍ച്ചയായും രേഖപ്പെടുത്തപ്പെടും.

തൊട്ടുമുന്‍പ് ഹയര്‍ സെക്കന്ററി മേഖലയിലുള്ള എയിഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ഹയര്‍ സെക്കന്ററി ഡയറക്ടര്‍ ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. വളരെ സാധാരണമായതെങ്കിലും സൂക്ഷ്മമായ ചില ചിട്ടകള്‍ നിയമനങ്ങളില്‍ വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പ്രസ്തുത ഉത്തരവിലെ ചില നിര്‍ദ്ദേശങ്ങള്‍ ഇവയായിരുന്നു.
•  സര്‍ക്കാരിന്റെ അനുമതിക്കുശേഷമേ മാനേജര്‍മാര്‍ നിയമന നടപടികള്‍ സ്വീകരിക്കാവു,
•  ഒഴിവ് സംബന്ധിച്ച് രണ്ട് പ്രമുഖ പത്രങ്ങളില്‍ പരസ്യം നല്‍കണം. ഗ്രാമപ്പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെ നോട്ടീസ് ബോര്‍ഡുകളിലും അറിയിപ്പ് നല്‍കണം.
•  കൂടിക്കാഴ്ചാവിവരം രജിസ്‌ട്രേഡ് തപാലില്‍ ഏഴ് ദിവസംമുമ്പ് ഉദേ്യാഗാര്‍ഥിയെ അറിയിക്കണം.
•  ഇന്റര്‍വ്യു ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധി ഉണ്ടായിരിക്കണം. 
•  ബിരുദാനന്തര ബിരുദം (ഫസ്റ്റ്ക്ലാസ് 20, സെക്കന്‍ഡ് ക്ലാസ് 15), ബി.എഡ് (ഫസ്റ്റ്ക്ലാസ് 10, സെക്കന്‍ഡ്ക്ലാസ് 5), സെറ്റ്, എസ്.എല്‍.ഇ.ടി, ജെ.ആര്‍.എഫ്, നെറ്റ്, എം.എഡ്, എം.ഫില്‍ 5, പി.എച്ച്.ഡി.10, അധ്യാപന പരിചയം 5, ഒരേ വിഷയത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും 5, കലാകായിക മത്സര മികവ് 5, ദേശീയ മാധ്യമങ്ങളില്‍ രചന 5, കൂടിക്കാഴ്ചയിലെ പ്രകടനം10 എന്നിങ്ങനെ വെയിറ്റേജ് മാര്‍ക്ക് നല്‍കണം.
•  ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ച മാര്‍ക്കുള്‍പ്പടെയുള്ള റാങ്ക്‌ലിസ്റ്റ് ഇന്റര്‍വ്യു ദിവസമോ അടുത്ത ദിവസമോ പ്രസിദ്ധപ്പെടുത്തണം.
•  ഒരാള്‍ക്ക് പരമാവധി മാര്‍ക്ക് ചില വിഷയങ്ങളില്‍ 80 ഉം മറ്റു ചില വിഷയങ്ങളില്‍  70 ഉം ആയിരിക്കണം

വ്യക്തമായ അക്കാദമികമായ ദിശാബോധം ഉള്‍ക്കൊള്ളുന്ന പ്രസ്തുത ഉത്തരവ് ഇറക്കി ഏറെക്കാലമൊന്നും ഐ എ എസ്സുകാരനായ ഡയറക്ടര്‍ക്ക് അവിടെ തുടരാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും തത്പരകക്ഷികളെല്ലാം അതിലെ അപകടം മണത്തിരുന്നു. ഉത്തരവ് അപ്പാടെ മരവിപ്പിക്കുകയാണ് തുടര്‍ന്നുണ്ടായത്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്തു മാത്രമേ പുതിയ മന്ത്രിസഭാ തീരുമാനങ്ങളെയും നോക്കിക്കാണാന്‍ കഴിയുകയുള്ളൂ.
എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി നിയമങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് പോലും കേരളത്തെ സംബന്ധിച്ചിടത്തോളം ഇരുമുന്നണികള്‍ക്കും പേടിപ്പെടുത്തുന്ന അനുഭവമാണ്. ഇരുകൂട്ടര്‍ക്കും അതിനു തുനിഞ്ഞപ്പോഴൊക്കെ കൈ നന്നായി പൊള്ളിയിട്ടുണ്ട്. ചരിത്രത്തില്‍ എക്കാലത്തേക്കുമായി ഇടം പിടിച്ച ഒരു നിയന്ത്രണമാണ്, 'വിമോചനം' എന്ന ഭാഷയിലെ ഏറ്റവും മഹത്തായ ഒരു പദത്തെ നിഘണ്ടുവിന് വെളിയിലാക്കിയത്. 

എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസത്തിനും അത് വഴി നാടിന്റെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ മേഖലകള്‍ക്കും നല്‍കിയ വലിയ സംഭാവനകളെ എളുപ്പം ആര്‍ക്കും തമസ്‌കരിക്കാന്‍ കഴുയുമെന്നു തോന്നുന്നില്ല. കേരളത്തെ അതാക്കിമാറ്റിയ ഏറ്റവും സുപ്രധാനമായ ചവിട്ടുപടികളില്‍ ഒന്ന്, വിവിധങ്ങളായ താത്പര്യങ്ങളാണ് പിറകില്‍ ഉണ്ടായിരുന്നതെങ്കിലും, ജനതയെ അക്ഷര വെളിച്ചത്തിലേക്ക് നയിക്കുക എന്നതാണ് അതിന്റെയെല്ലാം അടിസ്ഥാനപടവ് എന്ന ധാരണയോടെ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.  ആധുനിക വിദ്യാഭ്യാസം എന്ന ശ്രേഷ്ടമായ പിടിവള്ളിയെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ കൈകളില്‍ എത്തിച്ചത് ഇത്തരം പള്ളിക്കൂടങ്ങളായിരുന്നു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിശാലസ്ഥലികളാണ് അക്കാലത്ത് ഇത്തരം വിദ്യാലയങ്ങള്‍ ആരംഭിക്കാനുള്ള ഭൗതികോര്‍ജ്ജം. എന്നാല്‍ രക്ഷകവേഷത്തിന്റെ പച്ചയ്ക്ക് പകരം ശിക്ഷകന്റെ കരിയോ താടിയോ ആണ് ഇന്ന് ഇത്തരം വിദ്യാലയങ്ങളുടെ മുഖത്തെഴുത്ത്. രണ്ടാമത്തെ തവണ ആവര്‍ത്തിക്കപ്പെടുന്ന ചരിത്രം പ്രഹസനമാണെന്നതുപോലെ ആളുകളെ ചിരിപ്പിക്കുന്ന കോമാളിത്തരങ്ങളുടെ കൂത്തരങ്ങാണ് ഇന്ന് എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ്.

1980-90 കള്‍ മുതലാണ് നമ്മുടെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ 'അര്‍ത്ഥ' സാധ്യതകള്‍ കൈവരിക്കുന്നത്. അധ്യാപകരെ നിയമിക്കുന്നതിലും കുട്ടികളെ പ്രവേശിപ്പിക്കുന്നതിലും അടങ്ങിയിട്ടുള്ള സാമ്പത്തികമായ നേട്ടങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വന്‍ ആദായമുണ്ടാക്കാവുന്ന വ്യവസായശാലകള്‍ ആക്കിമാറ്റി. അധ്യാപനത്തില്‍ താത്പര്യമുണ്ടായിരുന്ന, അക്കാദമികമായി മികച്ച നിലവാരമുണ്ടായിരുന്ന ആളുകള്‍ക്കാണ് അന്ന് അധ്യാപന കോഴ്‌സുകള്‍ക്ക് പ്രവേശനം പോലും ലഭിച്ചിരുന്നത്. സ്‌കൂളുകള്‍ നടത്തുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ പ്രീതി കൈവരിക്കാന്‍ സാധിച്ചാല്‍ വലിയ സാമ്പത്തിക ഇടപാടുകളോ ശുപാര്‍ശകളോ ഇല്ലാതെ അവര്‍ക്ക് എയിഡഡ് സ്ഥാപനങ്ങളില്‍ ജോലിയും ലഭിക്കുമായിരുന്നു. നല്ല അധ്യാപകരെ ലഭിക്കുക, നല്ല സ്‌കൂളെന്ന പേര് സമ്പാദിക്കുക ഇതൊക്കെയായിരുന്നു സ്‌കൂള്‍ നടത്തിപ്പുകാരായ ആ തലമുറയുടെ പ്രഥമ പരിഗണനകള്‍. നിയമിക്കപ്പെട്ട അധ്യാപകര്‍ മിടുക്കരായതുകൊണ്ട് അവരില്‍ മിക്കവാറും തൊട്ടടുത്ത വര്‍ഷങ്ങളില്‍ തന്നെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് പരീക്ഷയെഴുതി എത്തുകയും ചെയ്തു.
80 കള്‍ക്ക് ശേഷമാണ് ഈ മേഖലയിലെ വന്‍ സാധ്യതകള്‍ കണ്ടെത്തപ്പെടുന്നത്. കേരളത്തില്‍ അധ്യാപന കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവര്‍ തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണ്ണാടത്തില്‍നിന്ന് തുടങ്ങി ഷില്ലോംഗ് വരെപ്പോയി അധ്യാപന ബിരുദങ്ങളുമായി തിരിച്ചുവന്നു. ഇവരുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധന മാനേജ്‌മെന്റുകളുടെയും കണ്ണ് തുറപ്പിച്ചു. അധ്യാപക ജോലികള്‍ പരസ്യമായി ലേലം ചെയ്യുന്ന പശ്ചാത്തലം അതോടെ ഒരുങ്ങി. മലബാര്‍ മേഖലയിലെ അധ്യാപക ജോലികള്‍ക്കായി തിരുവിതാംകൂറില്‍ നിന്ന് ആളുകള്‍ കൂട്ടമായി ഇങ്ങോട്ട് വണ്ടികയറാന്‍ തുടങ്ങിയപ്പോഴാണ് ഇവിടുത്തെ ആളുകള്‍ അടുത്ത വണ്ടിക്ക് കര്‍ണാടകത്തിലേക്കും ബിഹാറിലേക്കും കുതിച്ചത്.

90 കളോടെ രാജ്യത്തിന്റെ പൊതുനയം തന്നെ സ്വകാര്യനേട്ടവും സാമ്പത്തിക ലാഭവും മാത്രമാണെന്ന പുത്തന്‍സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലായി. ആഗോളകുത്തകകള്‍ക്ക് മാത്രം ബാധകമായ നയങ്ങള്‍ ആയിരുന്നില്ല അവ. പണം മാത്രമായി എല്ലാത്തിന്റെയും മൂല്യം അളക്കാനുള്ള ഏക ഉപാധി. അധ്യാപക നിയമനങ്ങളിലെ കോഴ ലക്ഷങ്ങളിലേക്ക് വളര്‍ന്നു. അക്കാദമികമായ മികവുകള്‍, മറ്റു തലങ്ങളിലുള്ള കഴിവുകള്‍ ഇവയെല്ലാം എടുക്കാനാണയങ്ങളാവുകയും മടിശ്ശീലയുടെ കനവും ഉന്നതങ്ങളില്‍ നിന്നുള്ള ശുപാര്‍ശകളും മുഖ്യ പരിഗണനകള്‍ ആവുകയും ചെയ്തു.1991 മുതല്‍ പ്ലസ് ടു സ്‌കൂളുകള്‍ കൂടി വ്യാപകമാവുന്നതോടെ എയിഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ കുതിരക്കച്ചവടത്തിനേക്കാള്‍ അധപതിച്ചു. അഴിമതിയുടെ കൂറ്റന്‍ തിരമാലകള്‍ കൂടി തീര്‍ത്തുകൊണ്ടാണ് ഇത്തരം ഭരണ നടപടികള്‍ കൂടി ഇവിടെയുണ്ടായത് എന്നതുകൊണ്ടുതന്നെ നാട്ടിലെ മാനേജര്‍മാര്‍ അധ്യാപക അനധ്യാപക ജോലികള്‍ പരസ്യ ലേലത്തിന് വെച്ചതിനെതിരെ ഒരു ചെറുവിരലും ആരുടെ ഭാഗത്തുനിന്നും അനക്കപ്പെട്ടില്ല. ഇരുപതും മുപ്പതും ലക്ഷം രൂപയും, വിദ്യാഭ്യാസ വകുപ്പിലെ പ്യൂണ്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതൃത്വം വേറെ നീളുന്ന ശുപാര്‍ശകളും എയിഡഡ് വിദ്യാലയങ്ങളിലെ നിയമനത്തിനുള്ള നടപ്പ് സമ്പ്രദായങ്ങളായി. പൊതുസമ്മതിയുടെ നിര്‍മ്മാണം ഇക്കാര്യത്തിലാണ് കേരളത്തില്‍ ആദ്യം നടപ്പില്‍ വന്നത്. കുറഞ്ഞ യോഗ്യത എങ്ങിനെയെങ്കിലും ഒപ്പിച്ചെടുത്ത, പണം എത്രവേണമെങ്കിലും കൊടുക്കാന്‍ തയ്യാറായ, വിദ്യാഭ്യാസം എന്നത് ചുക്കാണോ ചുണ്ണാമ്പാണോ എന്നുപോലും അറിയാത്ത അധ്യാപകരെക്കൊണ്ടും ലക്ചറര്‍മാരെക്കൊണ്ടും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമ്പുഷ്ടമായി. അക്കാദമികമായ മികവ് തെളിയിച്ച, സര്‍ഗ്ഗാത്മകമായ വഴികള്‍ അപരിചിതമാല്ലാത്ത മറ്റൊരു വിഭാഗത്തിനെ  ഇത്തരം സ്ഥാപനങ്ങളുടെ മതില്‍ക്കെട്ടിനരികില്‍പ്പോലും അടുപ്പിച്ചില്ല.     

പൊതുവിദ്യാഭ്യാസത്തെത്തന്നെ വിഴുങ്ങാന്‍ വാ പിളര്‍ക്കുന്ന മറ്റൊരു സത്വത്തെ അപ്പോഴൊന്നും ആരും കണ്ടിരുന്നില്ല. അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളായിരുന്നു അവ. യാതൊരു സാമൂഹിക നിയന്ത്രണങ്ങളുമില്ലാതെയും ഭരണാധികാരികളുടെ മൗനാനുവാദത്തോടെയും അവ പൊതുവിദ്യാഭ്യാസത്തിന്റെ വേരുകള്‍ പൊട്ടിച്ചുകൊണ്ട് വളര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. തുച്ഛമായ വേതനമെങ്കിലും മേലധികാരികളുടെയും ഉടമസ്ഥരുടെയും പ്രീതി സമ്പാദിക്കാനായി അവിടങ്ങളിലെ അധ്യാപകര്‍ പകലന്തിയോളം ഒഴുക്കിയ വിയര്‍പ്പും മത – ജാതി പരിവേഷങ്ങളുടെ പിന്തുണയും സാമൂഹിക അന്തസ്സിന്റെ അളവുകോല്‍ എന്ന പുതിയ പദവിയും ഒക്കെ ചേര്‍ന്ന് അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ പെട്ടെന്ന് തന്നെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പോലും ഏക രക്ഷാമാര്‍ഗ്ഗം എന്നനിലയില്‍ സമൂഹത്തില്‍ പ്രബലമായി. കുട്ടികളുടെ എണ്ണം കഷ്ടിച്ചൊപ്പിച്ച് എയിഡഡ് സ്‌കൂളുകളില്‍ നിയമനം നേടിയ അധ്യാപകര്‍, മാനേജര്‍ക്ക് എണ്ണിക്കൊടുത്ത പണത്തിന്റെ പലിശ മാത്രമാണ് തന്റെ ശമ്പളം എന്ന ഗര്‍വ്വിനാല്‍ ക്ലാസ് മുറിക്ക് ആവശ്യമായ ഗൗരവം നല്‍കാത്തതിനാല്‍, അത്തരം സ്‌കൂളുകളുടെ നിലവാരം കുത്തനെ താഴോട്ടുപോകാന്‍ തുടങ്ങിയതും അണ്‍ എയിഡഡ് വിദ്യാലയങ്ങളുടെ വളര്‍ച്ചയ്ക്ക് വളമായി. കുട്ടികളെ അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ ചേര്‍ക്കാനെത്തിയ സാധാരണക്കാര്‍ ഞെട്ടിയത്, അവിടങ്ങളില്‍ തങ്ങള്‍ക്കു മുന്നില്‍ അവരുടെ കുട്ടികളുടെ കൈയും പിടിച്ച് ക്യൂവില്‍ ഉണ്ടായിരുന്ന, കുട്ടികളെ തങ്ങളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ വലിയ ഓഫറുകള്‍ നല്‍കി വീട്ടില്‍ നിരന്തരം വന്നിരുന്ന സര്‍ക്കാര്‍ എയിഡഡ് സ്‌കൂളിലെ അധ്യാപകരെ കണ്ടാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം മാത്രമല്ല പൊതുബോധം തന്നെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇത്തരം വിദ്യാലയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആശയങ്ങളും മൂല്യബോധവും ഇടുങ്ങിയ ചിന്താഗതികളും ആണെന്ന് ആദ്യം തിരിച്ചറിയേണ്ടുന്ന പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ തന്നെ അതിന്റെ അനൗദ്യോഗിക പ്രചാരകരായതാണ് നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്ന്.

എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ അഴിമതിയും ശുപാര്‍ശകളും കാലുപിടുത്തങ്ങളും മാറ്റിനിര്‍ത്തിയാലും ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഒഴിവാക്കുക പ്രയാസകരമാണ്. ഇതിന്റെയെല്ലാം ഭാഗമായി, ഒരു കാലത്ത് മെച്ചപ്പെട്ട അക്കാദമിക അന്തരീക്ഷം നിലനിന്നിരുന്ന നമ്മുടെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ ഇന്ന് എവിടെക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്? വിദ്യാഭ്യാസത്തിന്റെ പേരില്‍ അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും അവ എപ്രകാരമാണെന്നും പൊതുസമൂഹവും സൂക്ഷ്മമായി വിലയിരുത്തേണ്ടതല്ലേ? അധ്യാപക നിയമനത്തിലെ അഴിമതികളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണത്തെക്കാള്‍ പ്രാധാന്യത്തോടെ നടക്കേണ്ടത് ഇത്തരമൊരു സാമൂഹികമായ ഓഡിറ്റിംഗ് ആണ്. കാരണം ഒരു അക്കൗണ്ടന്റ് ജനറലിന്റെയും കണക്കില്‍ വരാത്ത ചില മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും കാഴ്ച്ചപ്പാടുകളുടെയും നഷ്ടം അപ്പോള്‍ മാത്രമേ നമുക്ക് കണ്ടെത്താന്‍ കഴിയൂ. അത് കുട്ടികളുടെ നഷ്ടത്തില്‍ മാത്രം ഒതുങ്ങുകയില്ല: സമൂഹത്തിന്റെ പൊതുബോധത്തിന്റെയും പൊതു ഇടപടലുകളുടെയും നഷ്ടമായിത്തീര്‍ന്ന് നാം നേടിയെടുത്ത പലതിന്റെയും ഇനി ഒരിക്കലും തിരിച്ചുവരാത്ത തിരോധാനം തന്നെയായിത്തീരും.

സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും ഇന്ന് ഒരു എയിഡഡ് സ്‌കൂളിലോ കോളെജിലോ അധ്യാപകരാവുക എന്നത് ആലോചിക്കാന്‍ പോലും അസാധ്യമായ ഒന്നാണ്. ഇരുപത്, മുപ്പത്, നാല്‍പ്പത് എന്നിങ്ങനെ പത്തിന്റെ ഗുണിതങ്ങളായി കുതിച്ചുയരുന്ന ലക്ഷങ്ങളുടെ സംഭാവന തരപ്പെടുത്തുക എന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ ഏറ്റവും മേല്‍ത്തട്ടില്‍ നില്‍ക്കുന്ന വിഭാഗത്തിനു മാത്രമേ ഈ ജോലികള്‍ പ്രാപ്തമാകൂ. അപേക്ഷകരില്‍ ഏറ്റവും കഴിവുകുറഞ്ഞ, മിനിമം യോഗ്യതകള്‍ വളരെ പ്രയാസപ്പെട്ട് തരപ്പെടുത്തിയ, എന്നാല്‍ സാമ്പത്തികമായി ഉയര്‍ന്ന ഒരാള്‍ക്കായിരിക്കും ആ വിഷയത്തില്‍ ഗവേഷണം നടത്തുകയും മൗലികമായ ഇടപെടലുകള്‍ നടത്തുകയും ചെയ്ത മറ്റൊരാളെ പിന്‍തള്ളി ആ ജോലി ലഭിക്കുക. അക്കാദമികമായ എന്ത് ഉത്തരവാദിത്വം, ആത്മാര്‍ത്ഥത, സമര്‍പ്പണം ആണ് അവരില്‍ നിന്ന് ആവശ്യപ്പെടാന്‍ കഴിയുക.

ടേമിന് അനുസരിച്ച് പാഠഭാഗങ്ങളുടെയും സിലബസ്സിന്റെയും വഴിപ്പാടുകള്‍ മുറപോലെ പൂര്‍ത്തിയാക്കുന്ന ഒരു തരം അനുഷ്ഠാനങ്ങളാണ് ഇപ്പോള്‍ അവിടങ്ങളിലെ വിദ്യാഭ്യാസം. നവീനമായ ഒരു ചിന്തയും അവിടെ സ്വാഗതം ചെയ്യപെടില്ല. പരമ്പരാഗത ശീലങ്ങളുടെയും നടപടികളുടെയും പുനരുത്പാദനത്തില്‍ മാത്രം അവര്‍ ജാഗരൂകരായിരിക്കും. ശമ്പളവും പെന്‍ഷനും ഉറപ്പിക്കുന്നതിനപ്പുറം അക്കാദമികമായ കുതിപ്പുകള്‍ക്കൊപ്പം നില്‍ക്കാനോ അവയ്ക്ക് വഴികാട്ടിയാവാനോ അവര്‍ തയ്യാറാവില്ല. ജീവിതം കൊണ്ട് സന്ദേശം തീര്‍ത്ത മഹനീയ മാതൃകകളെ ഉദാഹരിക്കാന്‍ അവര്‍ക്കൊരിക്കിലും സാധിക്കില്ല. എല്ലാവിധ പുരോഗമനചിന്തകളെയും അവര്‍ വക്രിച്ച ഒരു പുച്ഛച്ചിരികൊണ്ട് ആട്ടിപ്പായിക്കും. അവരുടെ മുന്നില്‍ വര്‍ഷങ്ങളോളം ഇരിക്കേണ്ടിവരുന്നതില്‍ സ്വയം പുച്ഛവും അപമാനവും തോന്നി ക്ലാസിന് പുറത്തേക്കിറങ്ങാന്‍ ഒരാള്‍ എപ്പോഴെങ്കിലും സ്വയം ശേഷി ആര്‍ജ്ജിക്കുമെങ്കില്‍ അപ്പോള്‍ മാത്രമേ ഏതെങ്കിലും തരത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍  വിദ്യാഭ്യാസവകുപ്പിന് കീഴില്‍ വരികയുള്ളൂ.

പണം കൊടുക്കാതെ, പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന ഒരു പരീക്ഷയെഴുതി നിയമിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം ഇത്തരക്കാര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജുകളിലും ഇല്ല എന്ന് ഒരിക്കിലും പറയാന്‍ കഴിയില്ല. പേരെടുത്തു പറയാവുന്ന കഴിവുറ്റ എത്രയോ അധ്യാപകര്‍ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടുതാനും. (പക്ഷെ അവരില്‍ മിക്കവരും, എയിഡഡ് നിയമനം ഒരു വന്‍ കച്ചവടം ആകുന്നതിനു മുന്‍പ് അത്തരം സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടവരാണ് എന്നത് മറ്റൊരു പരമാര്‍ത്ഥം) കെട്ടുകണക്കിന് പണം വാരിയെറിഞ്ഞ്, കോഴ്‌സുകളും പോസ്റ്റുകളും സൃഷ്ടിക്കുകയും അതിന്റെ പതിന്മടങ്ങ് അധ്യാപക നിയമനത്തിനായി കോഴ വാങ്ങുകയും ചെയ്യുന്ന, ബ്രോക്കര്‍ / റിയല്‍ എസ്‌റ്റേറ്റ് രീതിയിലുള്ള കച്ചവടത്തിലേക്ക് എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിക്കുന്നത്, ദൂരവ്യാപകമായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയേയും നന്മകളെയും കടലിലേക്കൊഴുക്കിക്കളയും. മുപ്പതു കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരു ബാച്ച്, നാല്‍പ്പതു പേരുണ്ടെങ്കില്‍ ഒരു ഡിവിഷന്‍, പത്തുപേരുണ്ടെങ്കില്‍ ഒരു കോഴ്‌സ് എന്നിങ്ങനെ കുട്ടികളെ തങ്ങളുടെ കച്ചവടത്തിന്റെ കരുക്കളായി മാത്രം കാണുന്ന എയിഡഡ് മാനേജുമെന്റുകള്‍ക്കാണ്, കുട്ടികളെ കടത്തുന്നവര്‍ക്കുള്ള ശിക്ഷയേക്കാള്‍ വലിയ ദണ്ഡനം നല്‍കേണ്ടുന്നത്. അവര്‍ കാട്ടിക്കൂട്ടുന്ന വൃത്തികേടുകളാണ് അധ്യാപക സമൂഹത്തെ പൊതുസമൂഹത്തിനു പിന്നില്‍ മിക്കപ്പോഴും അപമാനിതരാക്കി നിര്‍ത്തുന്നത്.

2 അഭിപ്രായങ്ങൾ:

  1. വിദ്യാഭ്യാസക്കച്ചവടം നിലവിൽ വന്ന ശേഷം പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ സാമൂഹിക വിദ്യാഭ്യാസ നിലവാരവും അതുവഴിയുണ്ടായ സാമൂഹിക-കുടുംബ പ്രതിബദ്ധതയില്ലായ്മയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.

    മറുപടിഇല്ലാതാക്കൂ
  2. മറ്റു മേഖലകളിലെ നിലവാരക്കുറവു പോലെയല്ല വിദ്യാഭ്യാസ മേഖല. അതിന്റെ കുറവുകൾ നാടിന്റെ ഭാവിയെ തന്നെ നേരിട്ട് ബാധിക്കും. വിജ്ഞാന പ്രദമായലേഖനം.

    മറുപടിഇല്ലാതാക്കൂ