2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

നിങ്ങള്‍ എന്നെ ആക്കിയതും ഞാന്‍ നിങ്ങളെ 'ആക്കി'യതും.


'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' എന്ന അടിസ്ഥാന വാക്യത്തില്‍ നിന്നാണ് 'നിങ്ങള്‍ ആരെ കമ്യൂണിസ്റ്റാക്കി', 'നിങ്ങള്‍ എന്നെ കോണ്ഗ്രസ്സാക്കി' എന്നീ രചനാന്തരണങ്ങള്‍ ഉണ്ടാവുന്നത്. ഇത് ഒരു വ്യാകരണ ചിന്തയല്ല. മറിച്ച് ഒരു വാക്യം ഭിന്ന കാലഘട്ടങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ അതിനു കൈവരുന്ന മാനവും മാനക്കേടും ഓര്‍ത്തുകൊണ്ടുള്ള ചില വിചാരങ്ങളാണ്. ഈ മൂന്നു വാക്യങ്ങളും പൊതുവായി വിരല്‍ ചൂണ്ടുന്ന 'നിങ്ങള്‍ ' എന്നതിന് ചരിത്രത്തിന്റെ ഓരോ ഘട്ടവും ഉത്പാദിപ്പിക്കുന്ന അര്‍ഥം വ്യത്യസ്തമോ ചിലപ്പോള്‍ വിരുദ്ധമോ ആണ്. ഇതില്‍ ആദ്യത്തെ രണ്ടു വാക്യങ്ങളും അവയുടെ സാമൂഹിക  ഉത്കണ്ഠകളാല്‍ കേരളീയ സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ നേടിയിരുന്നു. അവയില്‍ മിടിക്കുന്നത്‌ സമൂഹത്തെക്കുറിച്ചുള്ള ആധിയാണ്. ജന്മിത്തത്തിന്റെ ദുരഹങ്കാരങ്ങള്‍ക്ക് മീതെ ചെങ്കൊടിയുയര്‍ത്തിപ്പിടിച്ചുകൊണ്ട് 'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' യിലെ പരമുപിള്ള ആ വാക്യം ഉച്ചരിക്കുമ്പോള്‍ തകരാന്‍ തുടങ്ങിയത്, പാട്ടവും വാരവും കാണവും കുഴിക്കാണവും അവകാശമായ ഒരു വിഭാഗവും അരപ്പട്ടിണിയില്‍ ചളിക്കുഴമ്പു വരമ്പുകളില്‍ പൊറുതി അവകാശമായ മറ്റൊരു വിഭാഗവും എന്ന വ്യവസ്ഥിതിയാണ്. അത് കേരള ജനത ഇന്ന് കൈവരിച്ച സകല സാമൂഹിക വളര്‍ച്ചയുടെയും ആദ്യത്തെ ഉണര്‍ത്തുപാട്ടാണ്‌. പരിവര്‍ത്തനത്തിന്റെ സംഘര്‍ഷം വിങ്ങി നില്‍ക്കുന്ന, 'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' എന്ന് ഓരോ വാക്കിലും ആവശ്യത്തിലധികം ഊന്നലുകള്‍ നല്‍കി, അഭിമാനം നഷ്ടപ്പെടുത്താതെ നടത്തുന്ന ഈ ഏറ്റുപറച്ചില്‍ പില്‍ക്കാലകേരളം കേട്ടത് സാമൂഹിക വിപ്ലവത്തിന്റെ അപരധ്വനിയായാണ്‌.

'നിങ്ങള്‍ ആരെ കമ്യൂണിസ്റ്റാക്കി?' എന്ന ചോദ്യത്തിന്റെയും നിറം ചുവപ്പാണ്, കുറേക്കൂടി കടുപ്പമുള്ള ചുവപ്പ്. ആദിവാസികളുടെ, ഭൂമിയില്ലാത്തവരുടെ, കിടപ്പാടമില്ലാത്തവരുടെ, അസംഘടിതരുടെ, മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങളില്‍ നിന്ന് ഉതിര്‍ന്നു വീണ രക്തത്തിന്റെ ചുവപ്പ്. 'നിങ്ങള്‍ ' എന്ന് വലത്തോട്ടു നീണ്ട കൈകള്‍ ഒരു പകുതി തിരിഞ്ഞ് പക്ഷെ ഇപ്പോള്‍ നീളുന്നത് ഇടത്തോട്ടാണെന്നു മാത്രം. ചില റോളുകള്‍ പൂര്‍ണമായും മാറി. പുതിയ നാടകത്തില്‍ പഴയ നായകന്‍ ഖല്നായകന്‍ ആയി. നിങ്ങള്‍ ആരെയും കമ്യൂണിസ്റ്റാക്കിയില്ല, അല്ലെങ്കില്‍ നിങ്ങള്‍ ആക്കിയത് കമ്യൂണിസ്റ്റുകാരെയല്ല എന്നെല്ലാം ഈ വരികള്‍ വ്യാഖ്യാനിക്കാം. കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് വന്നിട്ടുള്ള അപചയം ആണ് ഇപ്പോള്‍ ചരിത്രത്തിന്റെ റീലില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്. കാണുന്നത് യാഥാര്‍ത്ഥ്യമോ തിരശ്ശീലയിലെ വെറും തോന്നലോ? കമ്യൂണിസത്തിന്റെ ഏറ്റവം ചെറിയ പടവുകളില്‍ ഇരുന്നു നോക്കുന്നവര്‍ക്കും അതിന്റെ പതിനെട്ടാം പടി കയറിയവര്‍ക്കും ചിലപ്പോള്‍ സന്ദേഹം ഉണ്ടാകും.

തോപ്പില്‍ ഭാസിയേയും സിവിക് ചന്ദ്രനേയും നയിക്കുന്നത്, പക്ഷെ സാമൂഹികമായ ഉത്കണ്ഠകള്‍ തന്നെയാണ്. അവ കാലത്തിന്റെ ചൂണ്ടു പലകകള്‍ ആണ്. സാമൂഹികമായ പ്രതീക്ഷകളും നിരാശകളും ആണ് രണ്ടിന്റെയും പ്രേരണ. ഒന്ന് ശരിയും മറ്റേതു തെറ്റുമാകുന്നില്ല. തന്റെ സന്ദേഹങ്ങള്‍ ഇറക്കിവെക്കുക കൂടി ലക്ഷ്യമിടുന്ന പുതിയ കാലത്തിന്റെ എഴുത്തുരീതിയില്‍ പ്രത്യേകിച്ചും. എന്നാല്‍ , 'നിങ്ങള്‍ എന്നെ കോണ്ഗ്രസ്സാക്കി' എന്ന പേരിന്റെയും രൂപവും ഭാവവും ഇതില്‍ നിന്ന് തന്നെയാണ് ജനിച്ചതെങ്ങിലും ഉള്ളില്‍ അത് ഒതുക്കിവെക്കുന്നത് തീര്‍ത്തും വിരുദ്ധമായ മറ്റൊരു ലോകമാണ്. വൈയക്തിക മോഹഭംഗങ്ങളുടെ നുരകളും പാതകളും പൊങ്ങുന്ന പുറം വൃത്തിയുള്ള ഈ അഴുക്കുതൊട്ടി മലയാളിയുടെ ഗൃഹാതുരത്വമായ ആ വാക്യഘടനയെത്തന്നെ എല്ലാ കാലത്തേക്കുമായി കറപിടിപ്പിച്ചു.

എല്ലാകാലവും തന്നിലേക്ക് തന്നെ തിരിഞ്ഞിരിക്കുന്ന പ്രത്യേകതരം സൂചിയാണ് ഈ യന്ത്രത്തിലുള്ളത്. ആത്മകഥ രാഷ്ട്രീയ ആത്മകഥയാകുമ്പോള്‍ രാഷ്ട്രീയമാണ് അതിനെ ഉയരത്തില്‍ കൊടിപോലെ പറപ്പിക്കേണ്ടത്. ഓരോ ഘട്ടത്തിലും താന്‍ ഉയര്‍ത്തിപ്പിച്ച രാഷ്ട്രീയ അവബോധത്തിന്റെ, അതിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ സൂക്ഷ്മതയുടെ അടയാളത്താലാണ് അത് വ്യത്യസ്തമാവേണ്ടത്. സമൂഹത്തിന്റെ ചലനങ്ങളാണ് അതില്‍ മിടിക്കേണ്ടത്. എന്നാല്‍ അബ്ദുള്ളക്കുട്ടി ഒഴുക്കി വിടുന്നത് തന്റേതു മാത്രമായ മോഹങ്ങളുടെയും ഇച്ഛാഭംഗങ്ങളുടെയും കണ്ണീര്‍ ചാലുകള്‍ മാത്രമാണ്. ആളുകളില്‍ സഹതാപമല്ല, തന്റെ തന്നെ രാഷ്ട്രീയ ധീരതയില്ലായ്മയുടെയും അധികാരത്തിനു വേണ്ടിയുള്ള കാത്തുനില്‍പ്പുകളുടെയും ഹിപ്പോക്രസിയുടെയും പേര്‍ക്കുള്ള അവജ്ഞയാണ് ഇതുണ്ടാക്കുക. ജനനത്തിന്റെ പിന്നിലുള്ള കഥകറിയാന്‍ നാഡീജ്യോതിഷിയുടെ അരികില്‍ പോയതിലും ഉമ്മൂമ്മയുടെ മരണ സമയത്ത് പള്ളിയില്‍ കയറാന്‍ കഴിയാത്തതിലും ജില്ലാ കമ്മിറ്റിയിലേക്ക് ഊഴം കാത്തു നിന്നതുമെല്ലാം വായിക്കുമ്പോള്‍ ആര്‍ക്കെങ്കിലും അബ്ദുല്ലക്കുട്ടിയോട് സഹതാപം തോന്നുന്നുവെങ്കില്‍ അവര്‍ വീടിനു പുറത്തിറങ്ങരുത്, സഹതാപം കൊണ്ട് മരിച്ചു പോകും. സകലമാന മനുഷ്യരും കഴിയുന്നത്‌ ഇതിനേക്കാള്‍ എത്രയോ ദയനീയ കഥകളുമായാണ്. താന്‍ താന്‍ എന്ന് അഹങ്കരിക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കു കഴിയും ഇതൊക്കെ പാടി നീട്ടി ഗുരുക്കളാക്കാന്‍ .

മന്‍മോഹന്‍ സിംഗിനും രാഹുല്‍ ഗാന്ധിക്കും വേണ്ടി പാടപ്പെടുന്ന ഭജനയില്‍ തീര്‍ച്ചയായും പിണറായി വിജയനും ഇ. പി. ജയരാജനും പി. ശശിയും കല്ലുകടിക്കുന്ന പദങ്ങളായിരിക്കും, അവര്‍ എത്രതന്നെ നല്ല ആളുകളായിരുന്നാലും. അവര്‍ ചതിയുടെയും വഞ്ചനയുടെയും സ്വാര്‍ത്ഥ താത്പര്യങ്ങളുടെയും പതാക വാഹകര്‍ . സത്യവാനും ഗാന്ധിയനും ആദര്‍ശധീരനും വികസനമോഹിയും ആയ തന്നെ കെണിവെച്ചു വീഴ്ത്തിയ പൊയ് നിലങ്ങള്‍ . രണ്ടു തവണ പാര്‍ലമെന്റിലും ഒരു തവണ ജില്ലാ പഞ്ചായത്തിലും നാല്‍പ്പതു വയസ്സിനു മുന്നേ തന്നെ പ്രതിഷ്ഠിക്കാന്‍ അവര്‍ നടത്തിയ ഗൂഢാലോചനകള്‍ എത്ര ഭയങ്കരമാനെന്നു ആലോചിച്ചു നോക്കൂ. അധികാരത്തിന്റെ വെള്ളിവെളിച്ചത്തില്‍ മാത്രം - അതിനു മുന്‍പ് ഒന്നോ രണ്ടോ തവണ സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറി, എസ്. എഫ്. ഐ. സംസ്ഥാന ഭാരവാഹി - തന്നെ തിളങ്ങാന്‍ സ്വര്‍ണത്താലത്തില്‍ പാര്‍ട്ടിയുടെ പൂമുഖത്ത് തന്നെ വെച്ചതിന്റെ ഗൂഢോദ്ദേശം താന്‍ അറിയാതെ പോയല്ലോ...എന്റെ പടച്ചോനെ ... മുല്ലപ്പള്ളിയെന്ന മതിലൂര്‍ ഗുരുക്കളെ അടിയറവു പറയിപ്പിച്ചെങ്കിലും പടനിലത്തു തന്നെ ചതിയാല്‍ വെടിവെച്ചു വീഴ്തപ്പെട്ട രക്തസാക്ഷിയായ തന്നെ തോളത്തേറ്റാന്‍ വന്നിരിക്കുന്നത് ആരെന്നു നോക്കൂ. സത്യം, ധര്‍മ്മം, അഹിംസ, നീതി, നിയമം ഇതിലൊക്കെ അടിയുറച്ചു ജീവിക്കുന്ന ഒരു പറ്റം സാധു മനുഷ്യര്‍ . ഇവരെ ഇത്രയും കാലം താന്‍ തിരിച്ചറിയാതെ പോയല്ലോ ...... മറ്റവന്മാരെ നമ്പിപ്പോയല്ലോ....എന്റെ ഉടയ തമ്പുരാനേ ... എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.

ഈ ആത്മകഥയുടെ പേജുകള്‍ മറിക്കുമ്പോള്‍ ഞാന്‍ കിടുങ്ങിക്കൊണ്ടിരുന്നത് ഇതിന്റെ ദയനീയത ഓര്‍ത്തുമാത്രമല്ല, മറിച്ച് ഒരു കാലത്ത് സുഹൃത്തായിരുന്ന ഈ സഖാവിനു വേണ്ടി ചെയ്തു കൂട്ടിയ ഒരു മാഹാപാതകത്തിന്റെ ഓര്‍മ്മയിലാണ്. 

അത് അടുത്ത പോസ്റ്റിലാവട്ടെ..

33 അഭിപ്രായങ്ങൾ:

  1. ഈ ആത്മകഥയുടെ പേജുകള്‍ മറിക്കുമ്പോള്‍ ഞാന്‍ കിടുങ്ങിക്കൊണ്ടിരുന്നത് ഇതിന്റെ ദയനീയത ഓര്‍ത്തുമാത്രമല്ല, മറിച്ച് ഒരു കാലത്ത് സുഹൃത്തായിരുന്ന ഈ സഖാവിനു വേണ്ടി ചെയ്തു കൂട്ടിയ ഒരു മാഹാപാതകത്തിന്റെ ഓര്‍മ്മയിലാണ്.

    മറുപടിഇല്ലാതാക്കൂ
  2. സ്മിത വല്ലിയാത്ത് പറഞ്ഞു.....
    മഹാപാതകങ്ങള്‍ പുണ്യങ്ങളായി വാഴ്ത്തപ്പെടുന്ന; പാപികളും കൊലയാളികളും വീരനായകരായും പുണ്യവാന്‍മാരായും പ്രതിഷ്ഠിക്കുന്ന കാലത്തിന്റെ പുതിയ തേരോട്ടങ്ങള്‍ക്കിടയില്‍ ചതഞ്ഞരഞ്ഞ് ചാവാന്‍ വിധിയുള്ള മനുഷ്യരുടെ മുന്നില്‍ അവതരിച്ച ഈ പുതിയ രക്ഷകരെ നമ്മള്‍ തോളിലേറ്റിയേ ഒക്കു എന്നായി ഇവരുടെ സുവിശേഷങ്ങള്‍ക്ക് ഓശാന പടതെയും പറ്റാതായി....... നവലോകസുകൃതം.... അല്ലാതെന്താ.....

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  4. Dear Premettan,

    Do you still believe that ours is a democratic set-up and have room for all these worries?

    The opinion from my little experience will be a big "No". I can list many such 'conflictual' personal experiences with politicians and bureaucrats alike; my fights and pathetic failures.

    Though your fights won't win to the basic sense of the term, i wish you the best in your endeavors.

    Keep writing...

    Regards,

    Marar

    മറുപടിഇല്ലാതാക്കൂ
  5. അബ്ദുള്ളക്കുട്ടി,മനോജ്‌,മഞ്ഞളം കുഴി അലി എന്നിവര്‍ നമുക്ക് നല്‍കുന്ന പാഠം എന്താണ്?
    കര്‍ശനമായ നമ്മുടെ പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവത്തിന് വന്ന സുഷിരങ്ങളിലൂടെ അമിതമായ ശുഭാപ്തി വിശ്വാസത്തോട് കൂടി നാം തന്നെ കടത്തി വിട്ട അല്പന്മാര്‍..!
    എങ്ങിനെയാണ്‌ മനോജിനെ പോലുള , അലിയെ പോലുള്ള ആളുകള്‍ നമ്മുടെ പാര്‍ട്ടിയുടെ "വലിയ" ആളുകള്‍ ആയി മാറിയത?
    പാര്‍ടി അങ്ങത്വതിനു പോലും കര്‍ശനമായ നിരീക്ഷണങ്ങള്‍ നടത്തിപോരുന്ന നമ്മള്‍ എന്തുകൊണ്ടാണ് പാര്‍ലിമെന്‍ഡറി കാര്യങ്ങളില്‍ ഇത്ര ലിബറല്‍ ആവുന്നത്?
    അത് തന്നെ ആണ് ഈ സമീപകാല വ്യക്തിത്വങ്ങള്‍ ഒര്മിപ്പിക്കുനത്..?

    മറുപടിഇല്ലാതാക്കൂ
  6. Dear preman master
    the term 'daivam' may be replaced as 'padachone'

    മറുപടിഇല്ലാതാക്കൂ
  7. mathrubhoomiyil vidhyabhyasa dhushippukal ezhuthiya p.premachandran enna
    AA MANUSHYAN NINGALAANO?

    മറുപടിഇല്ലാതാക്കൂ
  8. വളരെ നല്ല പോസ്റ്റ്...വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു ഏതെങ്കിലും പന്ന ആളിന്റെ കൂടെ ഒളിച്ചോടി പോകുന്ന ...ആളുടെ അവസ്ത്ത ..അധികാരം തലയ്ക്കു പിടിച്ചാല്‍ പിന്നെ കാണുന്നതെല്ലാം മുന്നോട്ടുള്ള വഴികള്‍ മാത്രം ..അതില്‍ ചവിട്ടി അരക്കപ്പെടുന്ന ജീവിതങ്ങള്‍ക്ക് എന്ത് വില ...

    മറുപടിഇല്ലാതാക്കൂ
  9. സ്മിത, മണി, അനീസ്‌ , മുന്‍സ്, അനൂപ്‌, ബെല്ലു, ആചാര്യന്‍ വന്നതിനും കമന്റിയതിനും നന്ദി.
    ബെല്ലു .. ആ മനുഷ്യന്‍ ഈ യുള്ളവന്‍ തന്നെ.. കൈക്കുറ്റപ്പാട് .. പോറ്ത്തേക്കണേ .. ദൈവവും അള്ളാവും ഞമ്മക്ക് ഒന്നുതന്നെ .. എങ്കിലും മതവികാരം വ്രണപ്പെടുമെങ്കില്‍ അനൌചിത്യമാകുമെങ്കില്‍ മാറ്റിയേക്കാം

    മറുപടിഇല്ലാതാക്കൂ
  10. പോസ്റ്റു വളരേ നന്നായി. പക്ഷേ അബ്ദുവിറെ ആത്മ കഥയിലെ കണ്ണൂരിലെ കൊലപാതക മത്സരത്തെ ക്കുറിച്ച് എന്ത് പറയുന്നു?

    മറുപടിഇല്ലാതാക്കൂ
  11. comment thikachum nirdhoshakaramayi karuthuka.
    Lekhanam nannayirunnu!!!!!
    IDAPEDAL THUDARUKA!!!!!

    മറുപടിഇല്ലാതാക്കൂ
  12. പാലം,
    കണ്ണൂരിലെ രാഷ്ട്രീയകൊലപാതക പരമ്പര തികച്ചും ആസൂത്രിതമാണ്. എല്ലാ പക്ഷത്തെയും നേതാക്കന്മാരടക്കം അതില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളികളുമാണ്. മറ്റുള്ളവരുടെ മേല്‍ എന്ത് അധികാരവും ആക്രമണവും നടത്തുന്ന മനോഭാവത്തില്‍ നിന്നും അബ്ദുള്ളക്കുട്ടിയടക്കം മുക്തരല്ല. അതെല്ലാം കഴിഞ്ഞു ഇപ്പോള്‍ ആ പാപഭാരം മറ്റുള്ളവരുടെ മേല്‍ കേട്ടിവേക്കുന്നത് കാപട്യമാണ്. മാത്രമല്ല ആരുടെ തോളിലാണ് ഇപ്പോള്‍ ചാരിയിരിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  13. ഇങ്ങനെയൊരു മനുഷ്യന്‍ ഇത്രയും കാലം പ്രസ്ഥാനത്തില്‍ എങ്ങനെ നില നിന്നു എന്നാലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഡി സി ബുക്സിലെ അലമാരയില്‍ "ആക്കിയ "പുസ്തകം കണ്ടപ്പോള്‍ കൌതുകത്തിനു ഒന്ന് എടുത്തുനോക്കി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അര്‍ദ്ധ രാത്രിയില്‍ ഈ മനുഷ്യന്റെ പേരില്‍ മുദ്രാവാക്യം വിളിച്ചത് ഓര്‍ത്തപ്പോള്‍ നാണവും മാനവും കെട്ടു ഞാന്‍ സ്വയം ഇല്ലാതായിപ്പോയി. ഇത്തരം കീടങ്ങള്‍ നേരത്തെ പോയത് എന്തോ, ഭാഗ്യം. പ്രേമെട്ടന്നു അഭിവാദ്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  14. dravicha oru rashtreeyam. ethra kalam athinte pazhaporul paranjum kurachum verodum. kshayicha ilakal adyam veezhum. shornurum, onchiyavum, ottappetta ottere vyakthithwangalum thiricharivinteyum thiruthalinteyum pathayilanu. pinarayiyum, e p jayarajanum, p sasiyum enthanennu kerala bhooripaksham thirichariyunnundu.
    ennittumentha preman mashe ingane

    മറുപടിഇല്ലാതാക്കൂ
  15. Many students who toiled hard for the victory of abdullakutty ask a philosophical question 'kalaminiyumurulum, vishuvarum varsham varum appolarennum enthennum arkariyam'These are hard times-One may smile and smile and be a villain. So beware-premanmash need not repent-mareejans rule the world . But still we must run the show
    Murali

    മറുപടിഇല്ലാതാക്കൂ
  16. Dear Preman master,
    താങ്കളുടെ ലേഖനം വായിച്ചപ്പോൾ ഒരു കാര്യം ഓർമ്മിച്ചുപോയി. ഞാൻ അദ്ധ്യാപിക ആയിരുന്ന എന്റെ നാട്ടിലെ ഹൈസ്ക്കൂളിൽ ഒരു കെട്ടിട ഉദ്‌ഘാടനം നടത്തുന്നത് ‘സഖാവ്’അബ്ദുള്ളക്കുട്ടി. ചടങ്ങിൽ വരുന്നവർക്ക് ബൊക്കെകൊടുത്ത് സ്വീകരണം എന്റെ ചുമതലയാണ്. പൂച്ചെണ്ട് ഏർപ്പാടാക്കി.
    എന്നാൽ ഒരു പ്രശ്നം... പുതിയ പാർലിമെന്റ് മെമ്പർക്ക് ബൊക്കെ കൊടുക്കാൻ പത്തിലധികം പെൺകുട്ടികൾ തയ്യാറായി വരുന്നു. അവർ എന്റെ സമീപം ഒറ്റക്ക് വന്ന് ആവശ്യം പറയുകയാണ്. അതുംപോരാഞ്ഞ് തലേദിവസം രാത്രി ചില രക്ഷിതാക്കൾ എന്നെ ഫോൺ ചെയ്ത് ആവശ്യം പറഞ്ഞു, ‘അവരുടെ മകളെക്കൊണ്ട് അബ്ദുള്ളക്കുട്ടിക്ക് ബൊക്കെ കൊടുപ്പിക്കണം’.
    (എന്നാൽ പ്രശ്നം ഒഴിവാക്കാനായി ഈ ആവശ്യം പറയാത്ത ആൺ‌കുട്ടിയെക്കൊണ്ട് ഞാൻ പൂച്ചെണ്ട് കൊടുപ്പിച്ചു)
    അങ്ങനെ ഒരു സംഭവം ഉണ്ടായത് കണ്ണൂരിലെ ഒരു ഗ്രാമീണ സ്ക്കൂളിലാണ്. അന്ന് ചെറുപ്പക്കാരനായ ആ സഖാവ് അവരുടെ ആരാധനാ പാത്രമായിരുന്നു.
    ഇനി അല്പം സ്വന്തം കാര്യം,
    താങ്കൾ ഒരു അദ്ധ്യാപകനായതിനാൽ കൂടുതൽ അറിയാനായി ഒരു മെയിൽ അയക്കണമെന്നുണ്ട്. അതിനുള്ള സംവിധാനം പ്രൊഫൈൽ നോക്കിയപ്പോൾ കണ്ടില്ല.
    ... പയ്യന്നൂർ പരിസരത്ത് കൃത്യം 7 വർഷം അറിയപ്പെടുന്ന ഒരു ഗവ.ഹൈ.സ്ക്കൂളിൽ ഞാൻ പഠിപ്പിച്ചിരുന്നു. എന്റെ @മെയിൽ
    souminik@gmail.com

    മറുപടിഇല്ലാതാക്കൂ
  17. പ്രിയ വിനു,
    കാലഹരണപ്പെട്ടത് ഒന്നും നിലനില്‍ക്കില്ല. അത് പ്രകൃതിയുടെ കൂടി പാഠമാണ്. ആര് ശരി, ആര് തെറ്റ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ഓരോരാള്‍ക്കും അവരുടെ ചിന്ത, ആശയങ്ങള്‍ , താന്‍ കണ്ട /അറിഞ്ഞ ലോകം, അതില്‍ നിന്ന് സ്വരൂപിച്ച ആന്തരികലോകം എന്നിവ ഉണ്ടാകും. ചര്‍ച്ചകള്‍ ആശയവിനിമയങ്ങള്‍ എന്നിവ അതില്‍ ചിലപ്പോള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നല്കിയേക്കാം. പിണറായിയും ജയരാജനും ശശിയും ആരാണെന്ന് ഓരോരുത്തരുടെയും കാഴ്ചപ്പാടനുസരിച്ചു വ്യത്യസ്തമായിരിക്കും. വിമര്‍ശനത്തിനു എന്തായാലും അവര്‍ അതീതരല്ല. എനിക്ക് അറപ്പ് തോന്നിയത്, ഒരു പ്രത്യേക ഉദ്ദേശത്തിനു വേണ്ടി ചിലരുടെ കുറ്റങ്ങളെ എണ്ണുകയും അതിനേക്കാള്‍ ഒട്ടും നന്ന് പറയാനില്ലാത്തവരെ ആകാശത്തോളം പൊന്തിക്കുകയും ചെയ്യുന്ന കുല്സിതമായ ശ്രമം കാണുമ്പോഴാണ്.
    മുരളിയേട്ടന്‍ , വന്നതിനും കമന്റിയതിനും നന്ദി. "കാലമിനിയുമുരുളും , വിഷുവരും വര്‍ഷം വരും, അപ്പോളാരെന്നും എന്തെന്നും ആര്‍ക്കറിയാം " നല്ല ഓര്‍മ്മപ്പെടുത്തല്‍ .
    മിനി ടീച്ചര്‍ , മെയില്‍ അയക്കാം. വന്നതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  18. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  19. ലിജിത്ത് പയ്യന്നൂര്‍2010, നവംബർ 4 11:31 AM

    'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി'എന്ന മലയാളികളുടെ മനസ്സില്‍ തറച്ചു നില്‍ക്കുന്ന നാമത്തെ വ്യഭിചരിച്ച 'മഹാനുഭാവനോട് ' ഇങ്ങനെയെങ്കിലും പ്രതികരിച്ചതില്‍ സന്തോഷമുണ്ട്...ആയിരക്കണക്കിന് മലയാളികളുടെ മനസ്സില്‍ ഉള്ളതാണ് മാഷ്‌ പറഞ്ഞത്..ഈ നപുംസകത്തിന് വേണ്ടി വിളിച്ച മുദ്രാവാക്ക്യങ്ങള്‍ എന്നെ ആലോസരപെടുത്തി കൊണ്ടേയിരിക്കുന്നു...കുറെയേറെ പേരെ ഇപ്പഴും ആലോസരപെടുത്തുന്നു...

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍2010, നവംബർ 5 6:15 PM

    ചാത്തപ്പനെന്തു മഹ്ഷറ ! അബ്ദുള്ളകുട്ടി ആരാ മോന് ?
    കുട്ടി കുട്ടി അബ്ദുള്ളകുട്ടി.......
    പെട്ടി തുറന്നപ്പോള്‍ അത്ഭുതക്കുട്ടി ...

    കുറേനാളായി............. പണ്ട് വിപ്ലവം ചോരയില്‍ തിളച്ചു മറിഞ്ഞ കാലത്ത് K.S.U ആദിപത്യത്തെ അട്ടിമറിച്ചു കൊണ്ട് വിപ്ലവക്കുട്ടി ആയപ്പോള്‍ കൂടെ പഠിച്ച ഒരു പെണ്‍സഖാവ് സുഖിപ്പിച്ചു പ്രയോഗിച്ച ഈ കുട്ടി പ്രയോഗം നാലാള് കൂടുന്നിടത്തൊക്കെ സ്വയം പുകഴ്ത്തലിന്റെ അനന്തമായ അഹങ്കാരത്തിലേക്ക് വാരിവിതച്ചു മതിമറന്ന് ചിരിക്കുന്നു...

    തന്‍റെ ഈ നാറിയ ചിരിയുടെ തന്ത്രകുത്രന്ത്ര ഉള്ളുകള്ളികള്‍ ഒന്നും മനസ്സിലാക്കാന്‍ കഴിവുള്ള ഒരു മന്ദബുദ്ധിയും ഇല്ല കേരളനാട്ടില്‍ എന്ന തന്‍റെ അത്യുഗ ആത്മവിശ്വാസത്തിന്റെ വെളിപ്പെട്ലുകള്‍ ആണല്ലോ തന്‍റെ പെട്ടിതുറക്കുമ്പോള്‍ ഈ കഴുതകള്‍ കണ്ടുകൊണ്ടെയിരിക്കുന്നത്!
    അങ്ങിനെ ഞാന്‍ എന്നും എന്‍റെ അനന്തമായ അത്ഭുതങ്ങള്‍ കാട്ടി ബെന്സ് കാറില്‍ ഐസ്ക്രീമും കഴിച്ചങ്ങിനെ സൌര്യവിഹാരം നടത്തും...
    ഇടയ്ക്കിടെ എന്നെ ഇങ്ങനെയൊക്കെ ആക്കിയ പണ്ടെന്നോ ഞാന്‍ വിശ്വസിച്ചുപോയ ഉള്ളുപോള്ളയായ ആ വിശ്വാസപ്രമാണങ്ങളെയൊക്കെ തെറിയും പറയും.. മീശമുളയ്ക്കാത്ത തന്നെ പിടിച്ചു എം പി വരെ ആക്കിയ ആ പ്രസ്ഥാനത്തെ കാര്‍ക്കിച്ചു തുപ്പുകയും ചെയ്യും...ഞാന്‍ ആരാ മോന്‍?

    പള്ളിയില്‍ കയറണമെങ്കില്‍ ശഹാദത്ത് കലിമ ചെല്ലാന്‍ പറഞ്ഞ ഖത്തീബിനോട് പോയി പണി നോക്കാന്‍ പറഞ്ഞിട്ടാണ് നിരീശ്വരവാദിയായിരുന്ന അബ്ദുള്ളകുട്ടി പ്രസ്ഥാനത്തില്‍ ചേര്‍ന്നത്‌. ചെറുപ്പത്തില്‍ മദ്രസയില്‍ പഠിക്കാതെ പോയതിനു മോയ്ല്യാരുടെ കയ്യില്‍ നിന്നും കിട്ടിയ ചൂരല്കഷായമാണ് ആ കുട്ടിയെ ഒരു തികഞ്ഞ നിരീശ്വരവാദിയാക്കിയത്. അന്നുതൊട്ട് ഈശ്വരന്‍ ഇല്ലെന്നു വിശ്വസിച്ചു പോയ ആ കുട്ടി പിന്നെ വിശ്വസിച്ചത് വിരുധ്യാധിഷ്ടിതമായ ഭൌതികവാതത്തിലാണ്. ഈശ്വരന്‍ ഇല്ലാത്തതുകൊണ്ട് ഈശ്വര വിശ്വാസം ആവശ്യമില്ലെന്ന പ്രത്യയശാസ്ത്രതിലാണ്.അന്നൊരു മന്ത്രിയുടെ വഴിതടഞ്ഞു പ്രകടനം നടത്തിയതിനു ഉടുമുണ്ട് വരെ ഉരിഞ്ഞ് പോലീസുകാര്‍ പച്ചക്ക് പിടിച്ചു പെരുമാറിയതൊക്കെ പാര്‍ട്ടിയുടെ തലോടലായി മാറി കുട്ടിക്ക്‌ .മീശ മുളക്കുന്നതിനു മുന്‍പ് തന്നെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നു വന്നപ്പോളാണ് തന്‍റെ ജന്മം പോലെ തന്നെ ഒരു പിടിയുമില്ലാത്ത ജനനതിയതി മുള്ളുപോലെ കുത്തി വേദനിപ്പിച്ചത്. ഈ ഭൂമിയില്‍ പിറന്നു വീണ ദിവസം അറിയാനുള്ള ഇതൊരു മനുഷ്യന്റെയും അവകാശം ആ കുട്ടിക്കും ഇല്ലേ?
    അതുകൊണ്ടാണ് തന്‍റെ രക്ഷിതാക്കള്‍ പോലും ഓര്‍ത്ത് വെക്കാതിരുന്ന
    ആ സുദിനം എന്നാനെന്നറിയാന്‍ ഒരു നാഡീജ്യോതിഷിയെ കണ്ടത്.ദൈവത്തിനെ അലര്‍ജിയായ മൂരാച്ചികളായ സഖാക്കള്‍ക്ക്‌ അതത്ര രസിച്ചില്ല.


    അന്ന് തുടങ്ങിയതാണ് ആ കുട്ടിയെ കുറിച്ചുള്ള അപവാദപ്രചാരണങ്ങള്‍.താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി അച്ചടക്കമുള്ള ഒരു നല്ല പ്രവര്‍ത്തകനായി ജീവിച്ച കുട്ടിയെ പാര്‍ട്ടിയിലെ തന്നെ തല മൂത്തതും മൂക്കാത്തതും ആയ ചില ഗൂടാലോച്ചനക്കാര്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തുകയും, തനിക്ക് കിട്ടേണ്ടിയിരുന്ന സ്ഥാനമാനങ്ങള്‍ അപഹരിക്കുകയും ചെയ്തതോടെ കുട്ടി ഈശ്വരനെ സ്വപ്നം കണ്ടു തുടങ്ങി.
    -continue

    മറുപടിഇല്ലാതാക്കൂ
  21. അജ്ഞാതന്‍2010, നവംബർ 5 6:21 PM

    .ഒരുപണിയും ഇല്ലാതെ എ. കെ .ജി. സെന്‍ററില്‍ കട്ടന്‍ ചായ കുടിചിരുന്നപ്പോഴാണ് ..വിയറ്റ്നാമില്‍ നിന്ന് കുറ്റിയും പറിച്ചു വന്ന ആ ദാര്‍ശനികരായ സഖാക്കള്‍ തന്നെ നാണം കെടുത്തുന്ന ആ ചോദ്യം ചോദിച്ചത്. ഹേയ്..കുട്ടി ...ഞങ്ങളും നിങ്ങളെ പോലെ പാര്‍ട്ടി പ്രവര്‍ത്തകരാണ്..പക്ഷെ, നിങ്ങളുടെയൊക്കെ ജോലി എന്താണ് ?
    നിങ്ങളുടെയൊക്കെ വരുമാന മാര്‍ഗ്ഗം എന്താണ്?......
    സാക്ഷാല്‍ ഹോചിമിന്റെ നാട്ടില്‍ നിന്നു വന്ന ആ പെരട്ട സഖാക്കളുടെ പരിഹസാപൂര്‍ണമായ ചോദ്യത്തിന് ഞങ്ങള്‍ പാര്‍ട്ടിയെ സേവിച്ചു കൊണ്ട് ദിനേശ്‌ ബീഡി വലിച്ചിരിക്കുന്നു...പാര്‍ട്ടി ഞങ്ങള്‍ക്ക് ചിലവിനു തരുന്നു .. എന്ന് പറയാന് നാവു പോന്താതെ സ്വന്തമായി ഒരു കച്ചവടം നടത്തി വരുമാനമാര്‍ഗ്ഗം ഉണ്ടാക്കി കാണിച്ചു കൊടുക്കണം എന്ന് ആഗ്രഹിച്ചു പോയത് രണ്ടാമത്തെ തെറ്റ്.

    മലബാറിലെ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ പിറന്ന കുട്ടി ജീവിക്കാന്‍ വേണ്ടി പാര്‍ടി പ്രവത്തനത്തോടൊപ്പം ഒരു സൈഡ് ബിസിനെസ്സ്‌ തുടങ്ങിയത് പാര്‍ട്ടിയിലെ ചില അസൂയാലുക്കള്‍ക്ക് സഹിച്ചില്ല. കുട്ടി പാര്‍ട്ടി അറിയാതെ വന്‍കിട ബിസിനെസ്സ്‌ നടത്തി മണിമാളിക പണിയുന്നു ..ബാങ്ക് ബാലന്‍സ് കൂട്ടുന്നു എന്നൊക്കെ പറഞ്ഞു എന്തൊക്കെ കോലാഹലം നടത്തി ഈ ലളിതജീവിത വിവ്ളവ കുഷ്മാണ്ടങ്ങള്‍. കൂടെയുള്ളവന്‍ നന്നകുന്നത് കാണാന്‍ ഇഷ്ടമില്ലതവന്റെ മുഴുത്ത അസൂയ തന്നെ...അല്ലെങ്കില്‍ പിന്നെ തനിക്ക് സ്ത്രീധനം കിട്ടിയ തന്‍റെ വീടും പറമ്പും ഒക്കെ കാണിച്ചു കുട്ടി പാര്‍ട്ടിയെ പറ്റിച്ചു കാശുണ്ടാക്കി എന്ന് പ്രചരിപ്പിച്ചു തന്നെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരാം താഴ്ത്തുമോ?
    താന്‍ മതവിശ്വാസി അല്ലാതിരുന്നിട്ടു കൂടി തന്‍റെ ജീവിതത്തിലെ മതപരമായ ചില ചടങ്ങുകള്‍ തലയില്‍ മുണ്ടിട്ടു പോയി ചെയ്യേണ്ടി വന്നു ആ കുട്ടിക്ക്.പ്രസ്ഥാനത്തില്‍ വിശ്വസിക്കെ ഒരു സുപ്രഭാതത്തില്‍ ദൈവത്തെ കണ്ടെത്തുന്നവന്റെ വിശ്വാസപരമായ കാര്യങ്ങള്‍ രഹസ്യമായി ചെയ്യേണ്ടി വരുന്ന ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റ്‌കാരന്‍റെ ഗതികേട് ഇവിടെത്തെ നീരീശ്വരവാദികളായ ഗമണ്ടന്‍ സഖാക്കള്‍ക്ക് മനസ്സിലാകുമോ?
    പാര്‍ട്ടിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിച്ച തന്നെ പാര്‍ട്ടിക്ക്‌ ഉള്ളിലുള്ളവര്‍ തന്നെ അവഗണിക്കുകയും, തന്റെ മഹത്വത്തിനു അനുസരിച്ച് സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കുന്നതിനു പകരം തുടര്‍ച്ചയായി ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തു കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്തത്
    എന്നിട്ടും അതെല്ലാം സഹിച്ചു അച്ചടക്കമുള്ള സഖാവായി ലോക്കല്‍ കമ്മിറ്റിയുടെ ബാക്ക് ബെഞ്ചില്‍ പോയിരുന്നു ആ കുട്ടി.

    പിന്നെയാണ് ആ കുട്ടിക്ക്‌ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാകുന്നത്. കേരളത്തില്‍ കാണുന്ന എല്ലാ നന്മകളുടെയും കാരണക്കാര്‍ തങ്ങളാണെന്ന് വീമ്പിളക്കുന്ന ഇടതന്മാരുടെ അക്രമരാഷ്ട്രീയം കണ്ടു പേടിച്ചു പോയി ആ പാവം കുട്ടി. തികഞ്ഞ സമാധാന വാദിയും ഇടിപടങ്ങളിലെ ചോര കണ്ട് തല കറങ്ങി വീഴുന്ന കുട്ടി ..കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും, അരിഞ്ഞു വീഴ്തലും കണ്ടു മനസ്സ് മടുത്തു ദൈവത്തിലേക്ക് മടങ്ങുന്നത്

    മറുപടിഇല്ലാതാക്കൂ
  22. അജ്ഞാതന്‍2010, നവംബർ 5 6:34 PM

    continue-

    അവിടെ നിന്ന് കുട്ടിക്ക്‌ വെളിപാടുണ്ടായി....
    അത് ഇതൊക്കെയാണ്
    തെറ്റ് ചെയ്യാതിരിക്കാന് ആരെയെങ്കിലും ഭയക്കണം..അത് ദൈവം ആണെങ്കില്‍ കൂടുതല്‍ നല്ലത്.. അങ്ങിനെ ദൈവത്തെ ഭയക്കുമ്പോള്‍ നമുക്ക് സഹജീവികളെ വെട്ടികൊല്ലാന്‍ തോന്നില്ല.. മതനിരപേക്ഷ ഇന്ത്യന്‍ സാഹചര്യത്തില്‍ മതത്തെ നിഷേധിച്ചു കൊണ്ട് കമ്മുനിസ്റ്റ്‌ ആശയങ്ങള്‍ക്കും ,പ്ര്യത്യയ ശാസ്ത്രങ്ങള്‍ക്കും നിലനില്‍പ്പില്ല.അതുകൊണ്ട് തന്നെ താന്‍ ഇതുവരെ വിശ്വസിച്ച പ്രമാനങ്ങളൊക്കെ തെറ്റാണ്. അതെല്ലാം എഴുതിവെച്ചത് കുറെ ബുദ്ധിക്ക് സ്ഥിരതയില്ലാത്ത കഴുതകളും. തന്നെ പോലുള്ള കഴുതക്കുട്ടികള്‍ അതൊക്കെ വായിച്ചു മൂക്കുത്തി പ്രസ്ഥാനത്തില്‍ ചെന്ന് വീണു. ഇപ്പോള്‍ കുട്ടിക്ക് ബുദ്ധി വെച്ച്.
    വര്‍ഷത്തില്‍ മുന്നൂറു ദിവസവും ഹര്‍ത്താലും , ബന്ദും നടക്കുന്ന സംസ്ഥാനത്, വികസന വിരോധികളായ കുറെ വയസ്സന്‍സഖാക്കളും കൂടി ആകുമ്പോള്‍ എങ്ങിനെയാണ് കേരളം ദുബായ് പോലെ ആവുക?
    അതിനാണ് നമ്മള്‍ ഗുജറാത്തിലേക്ക് പോകേണ്ടത് ..മോടി ഏമാനേ കണ്ടു പഠിക്കേണ്ടത്.
    കമ്മ്യൂണിസത്തിന്‍റെ അതിഭയങ്കരമായ തെറ്റുകള്‍ കണ്ടു പിടിച്ച ആ ത്വാതികന്‍ നേരെ നടന്നു മഹത്തായ തന്റെ ആശയങ്ങളോട് കൈകോര്‍ത്തു നില്‍ക്കുന്ന വലതുവഴിയില്‍...എന്നിട്ട് തനിക്കെന്തെന്കിലും പറ്റിയോ?
    ഇനിയിപ്പോള്‍ പറ്റിയാല്‍ തന്നെ തന്നെ ഒരിക്കലും യാതീമാക്കില്ലന്നും , തന്നെ കാവിയുടുപ്പിച്ചു സംരക്ഷിച്ചോളാമെന്നും വാക്ക് തന്നിട്ടുണ്ട് തന്‍റെ ബി. ജെ. പി. സഖാക്കള്‍. ഞാന്‍ ആരാ മോന്‍?

    സമ്പൂര്‍ണസോഷ്യലിസമാണ് തങ്ങളുടെ പ്രധാന അജണ്ട എന്ന് നയപരിപാടികളില്‍ മാത്രം എഴുതിവെച്ചു മൂത്ത് നരക്കുന്നത് വരെ പാര്‍ടി ചിലവില്‍ പഠിച്ചു കാലം കഴിക്കുന്ന എസ്. എഫ്‌.ഐ സഖാക്കള്‍ കല്ലേറ് നടത്തിയാലോന്നും ജനകീയ ജനാതിപത്യ വിപ്ലവം നടക്കില്ലെന്ന് മനസ്സിലായപ്പോള്‍,

    ബൂര്‍ഷ്വാവിപ്ലവങ്ങളിലൂടെ ഇന്ത്യയെ കരകയറ്റിയ മന്മോഹന്സിങ്ങിനോട് ആരാധന തോന്നി വഴിതെറ്റി പോയതില്‍ കുട്ടിയെ കുറ്റം പറയാനൊക്കുമോ?
    ഞങ്ങള്‍ ജനപക്ഷത് നിന്ന്കൊണ്ടാണ് കാര്യങ്ങള്‍ നടപ്പാക്കുന്നത് എന്ന് മിമിക്രി കാണിച്ചു പൊതുജന കഴുതകളെ ചിരിപ്പിച്ചു കയ്യടി നേടുന്നതല്ലാതെ ഈ തൊഴിലാളി പ്രസ്ഥാനത്തില്‍ നിന്ന് കൊണ്ട് തനിക്ക് ജനങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനു കഴിയില്ലെന്ന് തിരിച്ചരിഞ്ഞ ആ മഹാനായ പോതുപ്രവര്തകനെയാണ് ഇന്ന് ഈ ചുവപ്പ് തിമിരം ബാധിച്ച സഖാകള്‍ അവഹേളിക്കാന്‍ മാത്രമായി പിന്തുടര്‍ന്ന് നടക്കുന്നത്.

    ആരൊക്കെ എന്തൊക്കെ ചെയ്താലും പറഞ്ഞാലും തന്‍റെ അളിയന്മാരും ,അച്ചന്മാരും , ദൈവങ്ങളും ജീവിചിരിക്കുന്നിടത്തോളം തന്‍റെ ഐസ്ക്രീമില്‍ നിന്ന് ഒരു തുള്ളി പോലും പുറത്ത് പോകില്ല. ഇന്‍ അഥവാ പോയാല്‍ തന്നെ തന്‍റെ പിന്നാലെ അത്ഭുദങ്ങളും കൊണ്ട് നടക്കുന്ന പടച്ചവന്‍ കാത്തോളും....
    അതുകൊണ്ട് ഈ മഹാനായ ഞാന്‍ ഇങ്ങനെ സുഖിച്ചും, രമിച്ചും, നാറിയ ചിരി ചിരിച്ചും ഇങ്ങനെ വിരാജിക്കും...
    കെ.ഇ.എന്‍ മാഷ് പറഞ്ഞ പോലെ ....
    ചാത്തപ്പന് എന്ത് മഹ്ഷര .....അബ്ദുള്ളകുട്ടി ആരാ മോന്‍ ?

    മറുപടിഇല്ലാതാക്കൂ
  23. അജ്ഞാതന്‍2010, നവംബർ 5 6:36 PM

    മോന്ത കണ്ടാലറിയാം ഒരു വശപ്പിശകനാണെന്ന്. പക്ഷെ മുന്പൊന്നും ഈ വശപ്പിശക് ഒരു സ്വത്വചിന്തയായി തോന്നിയിയിട്ടില്ലായിരുന്നു. കാരണം വിപ്ലവത്തിന്റെ അണ്ഡ്കഡാഹ താടിവേഷമായിരുന്നല്ലോ ഈ കുട്ടികുട്ടേട്ടനന്ന്.

    വെറുമൊരു ചോട്ടാ സഖാവായിരുന്ന ഈ മഹാനായ മുജ്ജന്മ വിപ്ലവകാരി ഇപ്പോള് സവാരിനടത്തുന്നത് അല്ലെങ്കില് ഇരയാടനത്തിനു പോകുന്നത് ജനീലിയയെപ്പോലെ പതിനാലഴകുള്ള ഒരുഗ്രന് ബെന്സ് കാറില്. ഉലാത്തലും,ഉലത്തലും ജോധാ അക്ബറിലെ സാക്ഷാല് റിത്വിക്കിനെ പോലും വെട്ടിക്കളയുന്ന ഗമയിലും. എന്തൊരു ഗാംഭീര്യം. എന്തൊരു രാജകല. (ശവി)

    കുട്ടികുട്ടേട്ടന് മിനിയാന്നത്തെ ജന്മത്തില് വികാരമുള്ളതും വിവേഹമില്ലാത്തതുമായ ഒരു തങ്ങളുപ്പൂപ്പയായിരുന്നത്രെ. ഇന്നലത്തെ ജന്മത്തിലോ കേരള മോഡലില് ഇടിവെട്ടും പേമാരിയും വഴിയിലിരിന്ന് വിസര്ജ്ജനവും നടത്തുന്ന ഒരു സാക്ഷാല് മുന്തിയയിനം ചെ ഗുവേരയും. ഇന്നീപുതുജന്മത്തിലല്പം വ്യത്യസ്തം വേഷം. ഐസ്ക്രീം നുണയാനും, അതിന്റെ മൊത്തകച്ചവടം നടത്താനും ആഗ്രഹിച്ചത്യാഗ്രഹിച്ച് രാഷ്ട്രീയത്തിന്റെ നാറിയ വിഹായസ്സില് ഒരു റജീനാനക്ഷത്രമായി ഇളിയ്ക്കുന്ന ഒരു പാവം കുട്ടികുട്ടേട്ടന്. കഴിഞ്ഞജന്മത്തില് മേലെറിഞ്ഞു കല്ലേറു പഠിച്ച, നമ്മുടെ സക്ഷാല് മറ്റേ കുഞ്ഞി ഐസ്ക്രീം വ്യാപാരിയുടെ അളിയങ്കാക്ക.

    ഈ കുട്ടികുട്ടേട്ടനെ കുറ്റം പറയാന് എങ്ങിനെ കഴിയും. നിയമസഭയിലെ സെണ്ട്രല് എയര്കണ്ടീഷ്ണറിന്റെ ചൂടില് നിന്നും (വിയര്പ്പു നാറുന്ന നികുതിപിച്ചക്കാശിന്റെ ശാപവും, നെടുവീര്പ്പുമേറ്റേറ്റ് നിയമസഭയുടെ അകത്തളം വിയര്ക്കാറുണ്ടെന്ന് ആരോ നിലവിളിയ്ക്കുന്നതുകേട്ടിട്ടുണ്ട്, പണ്ട്.) ഒരു തുള്ളി തണുപ്പു കായാന് ഒരു റിസോര്ട്ടിലേക്കൊന്നു പൊകാമെന്നു വെച്ചാല് അതിനും സമ്മതിയ്ക്കില്ലെന്നോ ഈ നശിച്ച നാറാണക്കല്ലു സഖാക്കള്. നൂറുകിലോമീറ്റര് താണ്ടി എന്തെങ്കിലും തിന്നെങ്കിലേ കുട്ടികുട്ടേട്ടനു വയറും, കരളും നിറയുകയുള്ളുവെന്ന് ഇവര്ക്കറിയാത്തതാണൊ? കുശുമ്പിന്റെ തിമിരവും ആള്ഷിമേഴ്സും പിടിച്ച തെമ്മാടിക്കൂട്ടം. വയറുനിറച്ച് മ്രഷ്ടാന്നമുണ്ട്, പൊന്മുടിയിലെ ഏതെങ്കിലും ചള്ളയിലെ മരച്ചോടിന് ശീതളഛായയിലോ, അല്ലെങ്കില് അവിടെ ആരും കാണാത്ത പാര്ലര് വരാന്തയിലോ ഇരുന്ന് അനാവശ്യരോമശല്യങ്ങള് പറിച്ചു കളിയ്ക്കാം, രസിയ്ക്കാം എന്നൊക്കെ വിചാരിച്ചതിത്ര തെറ്റാണോ? ഇനി തെറ്റാണെങ്കില് തന്നെ മാസാമാസം മക്കയില് പോയി തൌബ(പശ്ചാതാപം) ചെയ്യാറുണ്ടല്ലോ. അതുകൊണ്ട് കുട്ടികുട്ടേട്ടന് സ്വര്ഗ്ഗം ഉറപ്പാണ്. നിങ്ങളെയൊക്കെ അവിടെവെച്ച് കണ്ടോളാം, ശല്യങ്ങളെ. എന്തിനും ഏതിനും ഒരു ചെയ്ചൊക്കെ വേണ്ടെ കൂട്ടുകാരെ. പുതിയ അളിയങ്കാക്ക പറയുന്നതും, പഠിപ്പിച്ചു തരുന്നതും (ഇടയ്ക്കൊക്കെ അങ്ങോട്ടും പഠിപ്പിക്കാറുണ്ട്, കേട്ടാ) ഇതു തന്നെയാണ്. അതുകൊണ്ടു മാത്രമാണ് ദരിദ്രവാസിയായ അയല്വാസിയുടെ ഭാര്യ്യെക്കൊണ്ട് മുടി പറിപ്പാക്കാമെന്നും, പറിച്ചുപറിച്ചുപറിവെച്ച് രസിക്കാമെന്നും വെച്ചത്. ഇതിലൊരു തെറ്റും കുട്ടികുട്ടന് കയ്ക്കുന്നില്ല, സഖാക്കളെ...സൊറി, സഖാക്കളല്ലാലെ
    -continued

    മറുപടിഇല്ലാതാക്കൂ
  24. അജ്ഞാതന്‍2010, നവംബർ 5 7:27 PM

    ഈ ചുവപ്പു ചാനലിനെ കൊണ്ട നല്ല മാനുഷരെല്ലാം ശരിയ്ക്കും തോറ്റിരിക്കുന്നു. ഇത്തരത്തിലുള്ള നശിച്ച ഇടപെടല്കൊണ്ട് ഇക്കൂട്ടര്ക്കെന്തുണ്ടു ഗുണം. എന്താ ഒറ്റുകാര്ക്കൊന്നും വികാരം പാടില്ലെന്നുണ്ടൊ? മുല്ലപ്പെരിയാര് പൊട്ടി പാഞ്ഞു വരുന്നതുപോലെയുള്ള വികാരങ്ങളെ എവിടെയെങ്കിലും ഒലിപ്പിച്ചെങ്കിലും കളയാന് പാടില്ലെന്നുണ്ടൊ? കഴിഞ്ഞ ജന്മത്തിലും ഞമ്മളിങ്ങനെയൊക്കെയായിരുന്നു. സംശയമുണ്ടെങ്കില് അന്നത്തെ SFI സഖാക്കിളികളോടു ചോദിച്ചു നോക്കു. അപ്പോളറിയാം. പക്ഷെ അന്നൊക്കെ ഈ ബുദ്ധിയും വിവരവുമില്ലാത്ത, പോലീസേന്മാരുടെയും ക്യാമ്പസ് പ്രാമാണിമാരുടെയും തല്ലുകൊള്ളാന് മാത്രം നടക്കുന്ന ഈ മുഷിഞ്ഞു മുടിഞ്ഞവര് എപ്പോഴും വളഞ്ഞു സംരക്ഷിച്ചിരുന്നെന്നു മാത്രം. മന്ദഫുദ്ധികള്..എന്നാലും ഒരു പുടിയും കിട്ടുന്നില്ല പടച്ചോനെ, ഇവരിതെന്തു ഭാവിച്ചാണെന്ന്. ഈ കുട്ടികുട്ടനെ രക്ഷിക്കണെ.. നീയും, അളിയങ്കാക്കയും, പിന്നെ സദാ തുപ്പാക്കിയുമായി (ആവശ്യമുള്ളപ്പോള് നല്ലവരായ ഇവര് മാറി നിന്നു തരും) ഒപ്പം നടക്കുന്ന വയറിന്മേല് എക്സ്ട്രാ മസിലുകളുള്ള പോലീസുകാരും മാത്രമാണു രക്ഷ.. രക്ഷിക്കണേ..

    കഴിഞ്ഞ ജന്മത്തില് വീരവിപ്ലവകാരിയായിരിയ്ക്കുമ്പോള് വെറും രണ്ടുചക്ര സൈക്കിളില് കുണ്ടി വേദനിച്ചു യാത്ര നടത്തിയിരുന്ന കുട്ടികുട്ടന്, തണുത്തു മരവിച്ച ജനീലിയന് ബെന്സില് (ഇടയ്ക്ക്) സവാരി നടത്തുന്നതു കാണുമ്പോള് കുശുമ്പന്മാര് വെറുതെ പ്രശ്നങ്ങളുണ്ടാക്കുകയാണ്. കൂടെ നരച്ചവരും നരയില്ലാത്തവരുമായ കിക്കിടിലന് പീസുകളുമുണ്ടാകും. ഈ ഭാരതമഹാ രാജ്യത്ത് സ്തീകളുമായി യാത്ര ചെയ്യല് ഹറാമാണോ? അല്ലാ, അറിയാന് മേലാഞ്ഞിട്ടു ചോദിക്കുവാ.. സമ്മതിച്ചു, മക്കയിലിത് ഹറാമാണ്. അതുകൊണ്ട് ഞമ്മളവിടെപ്പോകുമ്പോളൊന്നും ഇത്തരം കുണ്ടാമണ്ടികള് ചെയ്യാറുമില്ലല്ലോ. continue

    മറുപടിഇല്ലാതാക്കൂ
  25. അജ്ഞാതന്‍2010, നവംബർ 5 7:27 PM

    എന്തായാലും ഇപ്രാവശ്യത്തെ കളി പാളി. കാശും പോയി ‘ഓന്‘ മലിനവുമായി. ഒരാവശ്യമില്ലാതെ ചുവപ്പന്മാരും അവരുടെ വിരൂപയായ ചാനലും ശരിക്കുമിത് ആഘോഷിച്ചു. ഉണ്ണിത്താന് മാലാഖയെ പച്ചയ്ക്കു പിടിച്ചവര് ചെയ്തതുപോലെ ക്യാമറയുടെ മുന്പിലിരുത്തി ക്രൂരമായി പീഡിപ്പിച്ചൊന്നുമില്ല. കഴിഞ്ഞജന്മത്തിലെങ്കിലും, താനും ഈ ആള്ക്കൂട്ടത്തിലെ ഒരു ‘ക്രിമിനലായ’ അക്രമിയായിരുന്നല്ലൊ. ഉണ്ണിത്താന് മാലാഖയെ പരിരക്ഷിച്ചതുപോലെ എല്ലാ ഒന്നാം റെയ്റ്റിങ്ങ് ചാനലുകളും ഞമ്മന്റെ തുണയ്ക്കും പാഞ്ഞത്തി. ചര്ച്ചാ പുണ്യാഹം നടത്തി. ആ ചാനലുകളിലെ മാണിക്യക്കസേരയിലിരുന്ന് എത്രപേരാണ് കുട്ടികുട്ടേട്ടനു വേണ്ടി തൊണ്ടപൊട്ടി പാടിയത്. ഇങ്ങനെയുള്ള ത്രിവര്ണ്ണനിമിഷങ്ങളിലാണ് പുതിയ അവതാരമെടുത്തതില് അഭിമാനവും അഹങ്കാരവും നിര്ഗ്ഗളഗളഗളഗളിയ്ക്കുന്നത്. (കഴിഞ്ഞ ജന്മത്തിലാണ് ഇങ്ങനെ പൂച്ചയോടെ പിടിയ്ക്കപ്പെട്ടിരുന്നതെങ്കില് എന്താക്കുമായിരുന്നു ഈ ചാനല്തെണ്ടികള്) താങ്ക് യൂ അള്ളാ… മെനി മെനി താങ്ക്സ്.

    മറുപടിഇല്ലാതാക്കൂ
  26. അജ്ഞാതന്‍2010, നവംബർ 5 7:49 PM

    പ്രേമെന്‍ മാഷ് ക്ഷമിക്കണം......
    കേരളത്തിലെ മഹാന്മാരുടെ ആത്മകഥ ചരിത്രത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച അബ്ദുള്ള കുട്ടിയുടെ (നളിനീ ജമീലയുടെ വേശ്യ ചരിത്രത്മകഥ തോറ്റു പോകുന്ന!) കഥയില്‍ കേരളത്തിലെ ഒരു ബ്ലോഗര്‍ എഴുതിയ മുകളിതെ കുറിപ്പുകള്‍ കൂടെ ചേര്‍ത്ത് 25 പതിപ്പ് ഇറക്കുവാന്‍ മാതൃഭൂമി വീരേന്ദ്ര ഗൌഡ മുതലാളിയോടെ താഴ്മയോടെ അപേക്ഷിക്കുന്നു... !!!!

    മറുപടിഇല്ലാതാക്കൂ
  27. അജ്ഞാതന്‍2010, നവംബർ 6 10:12 PM

    ."""ഈ ആത്മകഥയുടെ പേജുകള്‍ മറിക്കുമ്പോള്‍ ഞാന്‍ കിടുങ്ങിക്കൊണ്ടിരുന്നത് ഇതിന്റെ ദയനീയത ഓര്‍ത്തുമാത്രമല്ല, മറിച്ച് ഒരു കാലത്ത് സുഹൃത്തായിരുന്ന ഈ സഖാവിനു വേണ്ടി ചെയ്തു കൂട്ടിയ ഒരു മാഹാപാതകത്തിന്റെ ഓര്‍മ്മയിലാണ്""

    @ പ്രേമന്‍ മാഷ്...,, ,
    ഇങ്ങനെ ഒരുപാടു ഓര്‍മ്മകളുടെ കിടുക്കത്തിലാണ് കേരളത്തിലെ ഓരോ സാംസ്‌കാരിക പ്രവര്‍ത്തകനും,പുരോഗമന പ്രസ്ഥാനങ്ങളുടെ അനുഭാവികളും....
    എം വീ രാഘവനും ഗൌരി അമ്മയ്ക്കും കെ വേണുവിനും ഒരുകാലത്ത് സിന്ധബാട് വിളിച്ചവരും,
    എം എന്‍ വിജയന്‍ മാഷിനും ,ഉമേഷ്‌ ബാബുവിനും ,ആസാദിനും വേണ്ടി കേരളത്തില്‍ അങ്ങോളംവേദികള്‍ഒരുക്കി ,വിയര്‍പ്പോഴുക്കിയവരും.....
    ചരിത്രം തിരിഞ്ഞു കടിക്കുന്ന ചെരിപ്പനെന്നു എന്ന് വിജയന്‍ മാഷ് തന്നെ പറഞ്ഞുവേചിട്ടുണ്ടല്ലോ..!

    മറുപടിഇല്ലാതാക്കൂ
  28. Dear Preman Mash
    I Congradulate your bold response to Mr."ABADHA KUTTY" More response already posted.
    Once more I congradulate you .

    മറുപടിഇല്ലാതാക്കൂ
  29. ഒരു ശിഖണ്ഠി കഥാപാ(തത്തെ തൊലി പൊളീച്ചുകാട്ടിയതിന് നന്ദി

    മറുപടിഇല്ലാതാക്കൂ