2010, മേയ് 26, ബുധനാഴ്‌ച

ഐ.ടി. വിദ്യാഭ്യാസം

ഐ ടി യെ ക്കുറിച്ചുള്ള എന്റെ മുന്‍ പോസ്റ്റില്‍ ശ്രീ പ്രദീപ്‌ മാട്ടറ എഴുതിയ മറുപടിയ്ക്ക് പ്രതികരണമിടാന്‍ അവിടെ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. ഹലാക്കിന്റെ ഒരു എറര്‍. അത് ശരിയാകും വരെ ഇക്കാര്യങ്ങള്‍ നീട്ടി കൊണ്ട് പോകാനും വയ്യ. അതുകൊണ്ട് അവിടേക്ക് എഴുതിയത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.
എന്റെ മോണിട്ടറില്‍ തെളിയാത്ത ഐ ടി വിദ്യാഭ്യാസം എന്ന ലേഖനത്തിന്റെ പേരില്‍ കേട്ട കുറെ തെറി വിളികള്‍ക്ക് ചില മറുപടികള്‍ തയ്യാറാക്കിയ ശേഷമാണ് ശ്രീ പ്രദീപ്‌ മാട്ടറയുടെ പ്രതികരണം ശ്രദ്ധയില്‍ പെടുന്നത്. സത്യത്തില്‍ ഐ ടി മാസ്റര്‍ ട്രെയിനര്‍മാരുടെ, sitc മാരുടെ, ഭക്തരുടെ ചീത്ത വിളി ഭയന്ന് ബ്ലോഗിരിക്കുന്ന ഭാഗത്തേക്ക് ഭയത്തോടു കൂടി മാത്രമേ കുറച്ചു ദിവസമായി നോക്കാറുള്ളൂ. തികച്ചും ഒരു സംവാദത്തില്‍ ഇടപെടേണ്ടുന്ന പരിപൂര്‍ണമായ മാന്യത പുലര്‍ത്തികൊണ്ട് തന്നെ തനിക്കു പറയാനുള്ള കാര്യങ്ങള്‍, സ്വന്തം പിതൃത്വം വെളിവാക്കികൊണ്ട് തന്നെ അവതരിപ്പിച്ചതില്‍ അദ്ദേഹത്തോടുള്ള ബഹുമാനം ആദ്യം തന്നെ തുറന്നു കാട്ടട്ടെ.
 

" കമ്പ്യൂട്ടര്‍ സയന്‍സില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ ഒരു അദ്ധ്യാപകന്‍ സിസ്റ്റം അഡ്മിനിസ്ട്രറ്ററായുള്ള ഒരു ലാബില്‍ നടക്കാത്ത കാര്യങ്ങളാണ് ഐടി @ സ്കൂളിന്റെ പരിശീലനം മാത്രം കൈമുതലായുള്ള ഒരു SITC സാധിച്ചു തന്നിരിക്കുന്നത്." എന്ന പ്രദീപിന്റെ കളിയാക്കളില്‍ കാര്യമില്ല.അദ്ദേഹം സ്കൂള്‍ SITC യൊന്നും ആയിരുന്നില്ല. അവിടെ കമ്പ്യൂട്ടര്‍ പരിശീലിപ്പിക്കുന്ന മറ്റൊരു PGDCA ക്കാരന്‍ മാത്രം. ചില സിസ്റ്റം കുട്ടികളെ ഒഴിവാക്കി ഞങ്ങള്‍ക്ക് നല്‍കി എന്നത് തന്നെ വലിയ സഹായമായിരുന്നു. ഇത്തരത്തില്‍ ഓരോ പ്രതികരണത്തിനും ഞാന്‍ മറുപടി പറയുന്നില്ല. അതില്‍ കാര്യവുമില്ല. പക്ഷെ ഞാന്‍ ഐടി @ സ്കൂള്‍ പ്രൊജക്റ്റിനു എതിരാണെന്നോ  അതിന്റെ ശത്രു ആണെന്നോ താങ്കള്‍ വിചാരിക്കരുത്. സത്യത്തില്‍ അതിന്റെ ആവശ്യകതയെക്കുറിച്ച് ഉത്തമ ബോധ്യമുള്ള ഒരാള്‍ കൂടിയാണ് ഞാന്‍. എന്റെ ഏറ്റവും അടുത്ത ഒട്ടനവധി സുഹൃത്തുക്കള്‍  പ്രൊജക്റ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  കമ്പ്യൂട്ടര്‍ സയന്‍സില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ഉള്ള അധ്യാപകന് വിഷന്‍ ചെയ്യാന്‍ കഴിയാത്ത, സ്വപ്നം കാണാന്‍ കഴിയാത്ത ഒട്ടേറെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ഒരു സാദാ HSA ക്ക് കഴിയും. ഇത് ഏതു വിഷയത്തിനും ബാധകമായ കാര്യമാണ്. പക്ഷെ വിഷയം തന്റെ ഉള്ളില്‍ കടക്കണം. അതിനോട് നൂറു ശതമാനം കമിറ്റ് മെന്റ് ഉണ്ടാവണം. അതിന്റെ പുതിയ സാദ്ധ്യതകള്‍ ആരായാനും അത് ആര്‍ജിക്കാനും സമയം കണ്ടെത്തണം. ഇതൊക്കെ യാണ് പ്രധാനം. ഇത് പ്രൊജക്റ്റിലെ  എത്ര അധ്യാപകര്‍ക്ക് ഉണ്ട് എന്ന് മാത്രം താങ്കളുടെ ഉള്ളില്‍ കിടയ്ക്കട്ടെ.
 

ഞാന്‍ എന്റെ ലേഖനത്തില്‍ മുന്നോട്ടു വെച്ച പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണ്. ഐ. ടി. ഒരു വിഷയമായി കേരളത്തില്‍ അവതരിച്ച രീതി, അതിന്റെ വിനിമയവുമായി ബന്ധപ്പെട്ടു ആദ്യകാലത്ത് സ്വീകരിച്ച നടപടികള്‍, അതിന്റെ പരിശീലനത്തിലെ ചില പ്രശ്നങ്ങള്‍, അതിന്റെ ഭാഗമായി നമ്മുടെ അധ്യാപകര്‍ക്ക് ഐ ടി യോടുള്ള സമീപനം, ഹയര്‍ സെക്കന്ററിയില്‍ ഇന്നും മൈക്രോസോഫ്റ്റ്‌ അടക്കി വാഴുന്ന സ്ഥിതി, ഇന്നും പാഠപുസ്തകങ്ങള്‍ ഐ ടി സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ മടികാട്ടുന്നത്  തുടങ്ങിയവയാണല്ലോ അവ. മിക്കവരും ഇതില്‍ നിന്നും അകന്നു നിന്നാണ് ചര്‍ച്ചയില്‍ ഇടപെട്ടതെന്നു കൊണ്ടാണ് ഇതെടുത്തു പറഞ്ഞത്.
 

ഈ ഏഴു വര്‍ഷത്തിനിടെ നമ്മുടെ പൊതു വിദ്യാഭ്യാസത്തിനുണ്ടായ മാറ്റങ്ങളെ കാണാതെ അതില്‍ നിന്നും അടര്‍ത്തി മാറ്റി പ്രൊജക്റ്റിന്റെ സംഭാവനയായി എല്ലാം കാണുന്നത് ശരിയാണോ? SSA വഴി, ധനകാര്യ കമ്മീഷനുകള്‍ വഴി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി, ജനപ്രതിനിധികള്‍ വഴി സ്കൂളുകള്‍ക്ക് കൈവന്ന ഭൌതിക സൌകര്യങ്ങള്‍, ലൈബ്രറികള്‍ ലാബുകള്‍ തുടങ്ങിയവയ്ക്ക് കൈവന്ന പുതുജീവന്‍ എന്നിവയുടെ ഭാഗമായി തന്നെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളില്‍ എത്തിയതിനെ കാണണം.
 

ഐടി വിദ്യാഭ്യാസത്തെയും ഐടി ശാക്തീകൃത വിദ്യാഭ്യാസത്തെയും രണ്ടായി പിരിച്ചതാണ് നമ്മുടെ ദുര്യോഗം. ഇത് ഇന്‍സ്ട്രുമെന്റ് ബോക്സ് ഉപയോഗിക്കാന്‍ ഒരു വിദ്യാഭ്യാസം അത് കഴിഞ്ഞു 'ആരം' എന്തെന്നറിയാന്‍  മറ്റൊരു വിദ്യാഭ്യാസം എന്നത് പോലെയോ ആദ്യം അക്ഷരങ്ങള്‍ പഠിച്ച്, പിന്നെ പദം മുറിക്കാനും അതിന്റെ സാങ്കേതിക കാര്യങ്ങളും പഠിച്ച്  ഒരു കവിത പഠിയ്ക്കാം എന്ന് പറയുന്നത് പോലെയോ അല്ലേ. ഐടി ശാക്തീകൃത വിദ്യാഭ്യാസത്തിന്റെ ഭാഗമായി തന്നെ ഐ ടി സ്കില്ലുകളും ഉണ്ടാക്കിയെടുക്കാവുന്നതല്ലേയുള്ളൂ.

മറ്റൊന്ന് , "പാഠ്യ പദ്ധതി ചട്ടക്കൂടിനേക്കുറിച്ച് ഒന്നു പറയാതിരിക്കുകയാവും ഭേദം. വിവര വിനിമയ സാങ്കേതിക വിദ്യയേക്കുറിച്ച് വിവരമുള്ള എത്ര പേര്‍ ഇതു ഉണ്ടാക്കിയവരില്‍ ഉണ്ടായിരുന്നു? കണ്ടെത്തിയ കാര്യങ്ങള്‍ക്ക് എന്തെല്ലാം പരിഹാര നിര്‍ദ്ദേശങ്ങള്‍ അതില്‍ കണ്ടു, ആവോ !" എന്ന പ്രദീപിന്റെ നിഗമനം
അല്പം കടുപ്പമായിപ്പോയി. വിവര സാങ്കേതിക വിദ്യാഭ്യാസത്തെ ക്കുറിച്ചുള്ള പൊസിഷന്‍ പേപ്പര്‍ തയ്യാറാക്കിയത് അച്യുത് ശങ്കറിനെപ്പോലുള്ള കേരളത്തിലെ മികച്ച ഐ ടി ആക്ടിവിസ്ടുകളുടെ നേതൃത്വത്തിലുള്ള ഫോക്കസ് ഗ്രൂപ്പാണ് എന്നാണു ഞാന്‍ മനിസിലാക്കിയത്. അക്കാര്യങ്ങളാണ് ഇന്ന് മെല്ലെ നടപ്പിലാക്കി വരുന്നത്. അല്ലാതെ 'ഞാളെ ചെറിയ പുത്തിയില്‍' എന്ന് ഒരു സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞപോലെയുള്ളവരുടെ തലയില്‍ നിന്നുള്ള ആവിഷ്കാരമൊന്നുമല്ല.
 

പാഠപുസ്തകങ്ങളുടെ e copy കൂടിയാണ് നമ്മള്‍ തയ്യാറാക്കേണ്ടത്. എല്ലാ സപ്പോര്‍ട്ട് മെറ്റീരിയലുകളും വെബില്‍ എത്തിക്കുകയും അവിടെ നിന്ന് ലിങ്കുകള്‍ വഴി ടെക്സ്റ്റ്‌ , ഓഡിയോ, വീഡിയോ, പവര്‍ പോയന്റുകള്‍, ചിത്രങ്ങള്‍ മുതലായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് അഭികാമ്യം. ഇതിനു അത്യാവശ്യമായി വേണ്ടത് ഐ ടി വിദഗ്ദ്ധരും അതതു വിഷയത്തിലെ വിദഗ്ദ്ധരും പാഠ്യ പദ്ധതിയെ സംബന്ധിച്ച് നല്ല ഗ്രാഹ്യമുള്ളവരും ഒരുമിച്ചിരിക്കുകയാണ്. (താങ്കള്‍ സൂചിപ്പിച്ച, ഐ ടി സാദ്ധ്യതകള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗം കലങ്ങിപ്പോയത് അതിന്റെ മുന്നൊരുക്കങ്ങള്‍ തീര്‍ത്തും ദുര്‍ബലമായത് കൊണ്ടുകൂടിയാണ്.) ഏഴാം ക്ലാസിലെ പുതിയ പാഠപുസ്തകങ്ങള്‍ക്ക് ഐ ടി സപ്പോര്‍ട്ട്  മെറ്റീരിയലുകള്‍ നല്‍കാനുള്ള ആലോചനകളില്‍ ഏറ്റവും നന്നായി അതിന്റെ സാദ്ധ്യതകള്‍ കണ്ടെത്തുകയും ആ മെറ്റീരിയലിന്റെ ഒരു സ്റ്റൈല്‍ അവതരിപ്പിക്കുകയും ചെയ്തത് ഞാന്‍ അടക്കമുള്ള മലയാളം ഗ്രൂപ്പായിരുന്നു. പക്ഷെ പിന്നീട് മലയാളത്തിനു അത്തരമൊരു സാമഗ്രി വേണ്ടെന്നു വെക്കുകയാനുണ്ടായത്. ഒന്‍പതാം തരത്തിലെ മലയാളം പാഠപുസ്തകത്തില്‍ മാധ്യമ പഠനം എന്ന യൂണിറ്റില്‍ സ്വദേശാഭിമാനിയുടെ പത്ര പ്രവര്‍ത്തനത്തില്‍ നിന്നും തുടങ്ങി ടെലിവിഷനിലൂടെ വളര്‍ന്നു നവമാധ്യമ പഠനത്തിലാണ് അത് അവസാനിക്കുന്നത്. അവിടെ ബ്ലോഗുകളെക്കുറിച്ച് ഒരു പാഠഭാഗം തന്നെയുണ്ട്. ബ്ലോഗിന്റെ സാദ്ധ്യതകള്‍ പ്രവര്‍ത്തന രീതി എന്നിവ വിശദമായി ഈ വര്‍ഷത്തെ അധ്യാപക പരിശീലനത്തില്‍ കടന്നു വരുന്നുമുണ്ട്. 
എട്ടു പ്രശ്ന മേഖലകളെ അടിസ്ഥാനപ്പെടുത്തിയാണ് പാഠപുസ്തകങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. ഓരോ വിഷയവും അതിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി, കേരളം ഗുരുതരമായി അഭിമുഖീകരിക്കുന്ന ഈ പ്രശ്നമേഖലകളെക്കുറിച്ച് കുട്ടികളില്‍ ധാരണ വളര്‍ത്തുകയാണ് വേണ്ടത്. ഇതില്‍ എല്ലാ വിഷയങ്ങള്‍ക്കും എല്ലാ പ്രശ്ന മേഖലയും പ്രയോജനപ്പെടുത്താന്‍ കഴിയണമെന്നില്ല. ജലചൂഷണം സംബന്ധിച്ച ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കിട്ടിയ ഡാറ്റകളെ പലതരത്തില്‍ അപഗ്രഥിക്കാന്‍, പട്ടികകള്‍ തയ്യാറാക്കാന്‍, താരതമ്യപ്പെടുത്താന്‍ ചിലപ്പോള്‍ ഗണിതത്തിനു സഹായിക്കാന്‍ കഴിയും.

ഗൌരവത്തിലുള്ള, വിദ്യഭ്യാസത്തിനകത്തും പുറത്തുമുള്ള ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഞാന്‍ ഈ സ്ഥലം പ്രയോജനപ്പെടുത്തുന്നത്. നമ്മുടെ ഐ ടി എന്‍ജിനീയര്‍ പറഞ്ഞ പോലെ "ആരുടേയും തലയില്‍ കേറി മലമൂത്ര വിസര്‍ജനം"( ശ്രീഹരിയെ കളിയാക്കുന്ന എന്ജിനീയറിംഗ് കോളേജ് അധ്യാപകന്റെ വായന, മനസ്സിലാക്കല്‍, എഴുത്ത് എന്നിവയെക്കുറിച്ചോര്‍ത്തു ദുഖിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ ) നടത്താനല്ല. ഇത് പഠിപ്പിച്ചത് ഭാഗ്യത്തിന് ഐ ടി @ സ്കൂളുമല്ല. ഐ ടി @ സ്കൂളിലെ എത്ര മാസ്റര്‍ ട്രെയിനര്‍മാര്‍ ബ്ലോഗു ചെയ്യാറുണ്ട് എന്നും അറിയില്ല. അത് നിര്‍ബന്ധം ആയതു കൊണ്ട് പറയുകയല്ല.

 
ഉബുണ്ടു കസ്റ്റമൈസ്  ചെയ്തതൊന്നും ഇതുവരെ ഫീല്‍ഡില്‍ അറിയില്ലല്ലോ. ഇപ്പോഴും 'സ്പെയിസിന്റെ' ലോഗോ ഐ ടി @ സ്കൂളിന്റെ ലിനക്സ് പതിപ്പുകളുടെ ഡസ്ക് ടോപ്പില്‍ ഉണ്ടല്ലോ.  അതായത് 'സ്പെയിസിന്റെ' സഹായത്തോടെ തയ്യാറാക്കിയ ലിനക്സ് തന്നെയാണ് നമ്മളെല്ലാവരും ഉപയോഗിക്കുന്നത്. 
പുതിയ പാഠപുസ്തകങ്ങള്‍ കഴിഞ്ഞ വര്‍ഷമല്ലേ ഇറങ്ങേണ്ടത്? ബാക്കിയുള്ള അമ്പതോളം പുസ്തകങ്ങള്‍ മാറിയപ്പോള്‍ ഇതിനു മാത്രം എന്ത് പറ്റി? പുതിയ പുസ്തകങ്ങള്‍ പഠിച്ച കഴിഞ്ഞ കൊല്ലത്തെ എട്ടാം ക്ലാസ്സിലെ, ഈ വര്‍ഷത്തെ ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ആരുടെ കൊള്ളരുതായ്മ കൊണ്ടാണ് ഐ ടി യുടെ മാത്രം പഴഞ്ചന്‍ സാമാനം പഠിക്കേണ്ടി വരുന്നത്? എല്ലാത്തിന്റെയും അടിസ്ഥാന കാരണം നമുക്കറിയാവുന്നത്‌ തന്നെ. ഞാന്‍ ലേഖനത്തിന്റെ അവസാന ഭാഗത്ത് ചൂണ്ടിക്കാട്ടിയപോലെ ഇതിന്റെയൊക്കെ തലപ്പത്തിരിക്കുന്നവര്‍ രണ്ടോ മൂന്നോ കിലോമീറ്റര്‍ ചുറ്റളവിന് ഉള്ളിലാണ്. ചിലര്‍ ഒരേ കോമ്പൌണ്ടി നുള്ളിലും.എങ്കിലും ആര് ആരോട് ആവശ്യപ്പെടും,  ആര് മുന്‍കൈ എടുക്കും എന്ന വലിപ്പ ചെറുപ്പത്തെക്കുറിച്ചുള്ള ശങ്ക, ചില ഗുമസ്തരുടെ തീര്‍പ്പുകള്‍ എന്നിവ ഇതൊന്നിനും സമ്മതിക്കില്ല. അതിനെ മറികടക്കാന്‍ കൂടിയാണ് ഇത്തരത്തിലുള്ള ചില എഴുത്തുകള്‍ എന്ന് മാത്രം പറഞ്ഞു നിര്‍ത്തട്ടെ.

3 അഭിപ്രായങ്ങൾ:

  1. ആര് ആരോട് ആവശ്യപ്പെടും, ആര് മുന്‍കൈ എടുക്കും എന്ന വലിപ്പ ചെറുപ്പത്തെക്കുറിച്ചുള്ള ശങ്ക, ചില ഗുമസ്തരുടെ തീര്‍പ്പുകള്‍ എന്നിവ ഇതൊന്നിനും സമ്മതിക്കില്ല. അതിനെ മറികടക്കാന്‍ കൂടിയാണ് ഇത്തരത്തിലുള്ള ചില എഴുത്തുകള്‍

    മറുപടിഇല്ലാതാക്കൂ
  2. where ignorance is bliss
    it is foolish 2 b wise!!

    rudeness is a weak man's
    way of showing strength!!

    d 'poten'tial of I.T. is
    yet 2 b determined here!!

    grow young wid me friend
    d worst is yet 2 b!! [4 ha]

    മറുപടിഇല്ലാതാക്കൂ