2009, ജൂലൈ 15, ബുധനാഴ്‌ച

എസ്‌.എസ്‌.എല്‍.സി - ഒരു ആസന്നമരണചിന്താ`ദശകം'


1. വീണപൂവ്‌
അധികതുംഗപദത്തില്‍ രാജ്ഞിയെപ്പോലെ (അല്ല, രാജാവിനെപ്പോലെയോ?) വിരാജിച്ചിരുന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷ ഇതാ വാടിക്കൊഴിഞ്ഞു വീഴാറായിരിക്കുന്നു. ദയാഹര്‍ജി തള്ളിപ്പോയാല്‍ വധശിക്ഷ ഉറപ്പ്‌. ഈ നിലയോര്‍ത്താല്‍ കുമാരനാശന്‍ മാത്രമല്ല എല്ലാ ആശാന്മാരും `ഹാ പുഷ്‌പമേ' എന്ന്‌ പാടിപ്പോകും. എസ്‌.എസ്‌.എല്‍.സി വരെ പഠിപ്പിക്കുന്ന അധ്യാപകരുടെ മുഴുവന്‍ മാര്‍ക്കറ്റ്‌ വാല്യുവും ഒറ്റയടിക്ക്‌ ഇല്ലാതാക്കുന്ന ഈ അസാധാരണ നടപടി ഒരു സാമ്രാജ്യത്വ ഗൂഢാലോചന ആവാനാണ്‌ സാധ്യതയെന്നാണ്‌ താടിയുള്ളവര്‍ സംശയിക്കുന്നത്‌.

2. ഓടുന്ന പട്ടിക്ക്‌ ഒരുമുഴം മുമ്പേ
വിദ്യാഭ്യാസ വിഷയത്തില്‍ കേന്ദ്രം കേരളത്തെയാണ്‌ മാതൃകയാക്കുന്നത്‌ എന്നു കേള്‍ക്കുമ്പോള്‍ മൂക്കത്ത്‌ വിരല്‍വെക്കുന്ന ചില ശുദ്ധാത്മക്കളുണ്ട്‌. CBSE പരീക്ഷകളുടെ കടുപ്പവും NCERT പുസ്‌തകങ്ങളുടെ കനവും ചൂണ്ടിക്കാട്ടി ഈ വാദത്തെ അവര്‍ കുറേക്കാലമായി എതിര്‍ത്തു വരികയായിരുന്നു. ``നിങ്ങളുടെ സാമൂഹിക പ്രശ്‌നങ്ങളിലുള്ള ഊന്നലൊന്നും അവിടില്ല സാറേ, നല്ല കടുകട്ടി Content ആണ്‌ അവിടെ പഠിപ്പിക്കുന്നത്‌. അതാ ഞങ്ങള്‍ അങ്ങോട്ട്‌ ചാടിയത്‌``എന്ന്‌ വീമ്പിളക്കിയവരൊക്കെ കണ്ണുതള്ളിയിരിപ്പാണിപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന്‌ കബില്‍ സിബലിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തിപ്പട.
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്‌ (NCF 2005)രൂപീകരിക്കാന്‍ കേന്ദ്രം മാതൃകയാക്കിയത്‌ ആരെ? അതിന്റെ ആമുഖത്തില്‍ ബോള്‍ഡായി അച്ചടിച്ചിരിക്കുകയല്ലേ, കേരളത്തില്‍ കഴിഞ്ഞ ആറേഴുവര്‍ഷമായി നടന്നുവരുന്ന വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആണ്‌ ഞങ്ങള്‍ക്ക്‌ മാതൃകയെന്ന്‌! സാമൂഹികജ്ഞാന നിര്‍മ്മിതി (Social Constructivism) ബഹുമുഖബുദ്ധി (Multiple intligence)വൈകാരികമാനം ( Emotional quoieint) ഭാഷാസമാര്‍ജ്ജനം (Language aquisition) തുടങ്ങിയ സൈദ്ധാന്തിക ആയുധങ്ങളൊക്കെ പ്രയോഗിച്ച്‌ മൂര്‍ച്ച തിരിച്ചറിഞ്ഞത്‌ ഇവിടെയല്ലേ. അതല്ലേ ദേശീയതലത്തില്‍ പയറ്റാന്‍ അവര്‍ കൊണ്ടുപോയത്‌. പഠനം, വിലയിരുത്തല്‍ ഇതിലൊക്കെ മാതൃകയ്‌ക്കായി അവര്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുന്നതും ഇവിടെ നിന്നും ഉയരുന്ന വെളുത്ത പുകയ്‌ക്കായല്ലേ. ടെര്‍മിനല്‍ പരീക്ഷയുടെ എണ്ണം മൂന്നില്‍ നിന്നും രണ്ടാക്കിക്കുറക്കാന്‍ കഴിഞ്ഞ വര്‍ഷം നാം രഹസ്യമായി എടുത്ത തീരുമാനം അന്നേ അവര്‍ മണത്തറിഞ്ഞിരുന്നു. തെരഞ്ഞെടുപ്പ്‌ സമയമായതുകൊണ്ട്‌ തത്‌കാലം ഒന്നടങ്ങിയതാണ്‌. ഇവിടുത്തപ്പോലെ അവിടെ കുടുതല്‍ ബുദ്ധിജീവികളില്ലാത്തതുകൊണ്ട്‌ വിദ്യാഭ്യാസത്തില്‍ കേറിക്കളിച്ച്‌ വോട്ടുകളഞ്ഞ്‌ കളിക്കാന്‍ അവര്‍ക്ക്‌ താത്‌പര്യവുമില്ല. ഇനിയിപ്പോ അഞ്ചുവര്‍ഷം കഴിഞ്ഞല്ലേ. അപ്പോഴേക്ക്‌ ആളുകള്‍ ഇങ്ങിനെയൊരേര്‍പ്പാട്‌ മുമ്പുണ്ടായിരുന്നു എന്ന്‌ പോലും ഓര്‍ക്കില്ല. അതുകൊണ്ടാണ്‌ ചേരയെ തിന്നുമ്പോള്‍ നടുക്കഷണം തന്നെയാവട്ടെ എന്ന്‌ അവര്‍ തീരുമാനിച്ചത്‌. എസ്‌.എസ്‌.എല്‍.സി തന്നെ ഇത്തവണ ഫ്രൈ. ഞെട്ടിത്തരിക്കട്ടെ കേരളം!!

3. തലപോയ തെങ്ങ്‌
എസ്‌.എസ്‌.എല്‍.സി പരീക്ഷയെന്ന തലയില്ലാത്ത തെങ്ങിലാണല്ലോ LPSA,UPSA, HSA തുടങ്ങിയ സകല അസിസ്റ്റന്റുമാരും (മാഷന്മാരല്ല !) കയറേണ്ടതെന്നാലോചിക്കുമ്പോഴാണ്‌ ഏറ്റവും പ്രയാസം. പത്താം ക്ലാസിന്റെ സമീപപ്രദേശത്തുകൂടെപ്പോലും ജൂനിയര്‍ അധ്യാപകരെ നടക്കാന്‍ അനുവദിക്കാത്ത സ്‌കൂളുകളുണ്ട്‌. അതൊക്കെ തയക്കവും പയക്കവും വന്നിട്ട്‌. നൂറ്‌ ശതമാനം വിജയമെന്ന വെണ്ടയ്‌ക്ക വളരണമെങ്കില്‍ ചേര്‍ക്കേണ്ട വളം എന്തെന്ന്‌ ഞങ്ങള്‍ സീനിയര്‍ മാഷന്മാര്‍ല്ലേ അറിയൂ. അതിന്റെ പേറ്റന്റും ഞങ്ങള്‍ക്ക്‌, പത്താം ക്ലാസിലെ രക്ഷകര്‍ത്താക്കളെ യഥോചിതം ഉപദേശിക്കാന്‍ ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കു കഴിയും. റോഡിലിറങ്ങിയാല്‍ കാണാവുന്ന അവരുടെ കണ്ണുകളിലെ ബഹുമാനത്തോടെയുള്ള വണക്കം ഇനി പുച്ഛമായി മാറില്ലേ? ട്യൂഷനെന്നും പറഞ്ഞ്‌ തലചൊറിയുന്ന ഉദ്യോഗസ്ഥ ദുഷ്‌പ്രഭുക്കള്‍ ഇനി കണ്ടാല്‍ മൈന്‍ഡു ചെയ്യുമോ? ഈ ഹയര്‍സെക്കന്ററിക്കാരുടെ കാല്‌ എന്നാണോ സ്‌കൂളില്‍ കുത്തിയത്‌ അന്ന്‌ തീര്‍ന്നില്ലേ സ്‌കൂളിന്റെ അന്തസ്സ.്‌ (അസിസ്റ്റന്റല്ലാതെ ഉദ്യോഗപ്പേരാല്‍ തന്നെ ടീച്ചറായുള്ളത്‌ (HSST) അവരായതുകൊണ്ടാകുമോ അവര്‍ക്ക്‌ ഇത്ര അഹംഭാവം) ഇനിയിപ്പോ പൊതുപരീക്ഷയുടെ എല്ലാ പരിപാടിയും അവരെ ചുറ്റിപ്പറ്റിയായിരിക്കും. ഞാന്‍ റിട്ടയറുചെയ്‌തിട്ടു മതിയായിരുന്നു ഈ കൊലച്ചതി.

4. സന്തോഷം കൊണ്ട്‌ എനിക്കിരിക്കാന്മേലേ....
ഹയര്‍സെക്കന്ററി വിഭാഗം സ്‌കൂളിലെത്തിയതോടെ ആരംഭിച്ച മൂപ്പിളമത്തര്‍ക്കം പുതിയൊരു മാനത്തിലേക്ക്‌ ഉയരുകയാണ്‌. പ്രിന്‍സിപ്പാള്‍മാര്‍ക്ക്‌ ഇരിക്കാന്‍ കസേരപോലും അനുവദിക്കാതിരുന്ന ആദ്യകാലത്തിന്റെ പകവീട്ടുത്സവമാണിപ്പോള്‍. അല്ലെങ്കില്‍ തന്നെ പച്ച മഷിയുമായി അവതരിച്ചവരാണ്‌ അവിടുത്തെ കൊച്ചുപിള്ളേര്‍ വരെ. ഹെഡ്‌മാസ്റ്ററുടെ മുറിക്കു മുന്നില്‍ അറസ്റ്റ്‌ ചെയ്യാനായി ക്യൂ നിന്ന അലവലാതികള്‍ നേരെ ഹയര്‍ സെക്കന്ററി സ്റ്റാഫ്‌ മുറിയിലേക്കല്ലേ ഇപ്പോള്‍ ഓട്ടം. അവിടെ ഏറ്റത്തിന്‌ പുല്ലന്‍കയറിയമാതിരിയല്ലേ (പുല്ലന്‍ = കൊച്ചുമത്സ്യങ്ങള്‍) ഗസറ്റഡ്‌ ആപ്പീസര്‍മാര്‍. പി.ടി.എയിലെ തുക ഹയര്‍സെക്കന്ററി പിള്ളേരില്‍ നിന്നാണ്‌ പിരിക്കുന്നതെന്ന അഹംഭാവം എങ്ങനെ സഹിക്കും. ഇപ്പോള്‍ സെക്രട്ടറി സ്ഥാനവും ഹയര്‍സെക്കന്ററിക്ക്‌. സ്റ്റാഫ്‌ റൂമില്‍ എക്‌സ്‌ക്യുട്ടീവ്‌ കസേരകള്‍. പ്രവേശനം ഏകജാലകം വഴി. പഠിക്കുന്നത്‌ NCERT പുസ്‌തകങ്ങള്‍. ഒന്നാന്തരം ലാബുകള്‍. കമ്പ്യൂട്ടര്‍ ലാബ്‌ അവരുടേത്‌ എ.സി. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ തുരുപ്പായിരുന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുമിതാ കീറിക്കളയാന്‍ പോകുന്നു.
ഹയര്‍ സെക്കന്ററിയെ സംബന്ധിച്ചിടത്തോളം തുള്ളിച്ചാടാന്‍ പറ്റിയ സന്ദര്‍ഭമാണ്‌. ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പൊതുപരീക്ഷകള്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ്‌ പ്രവേശനപരീക്ഷയുടെ പോലും അടിസ്ഥാനം ഹയര്‍സെക്കന്ററി പരീക്ഷയുടെ മാര്‍ക്ക്‌ . പതിനായിരം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍. ആനന്ദലബ്‌ധിക്കിനിയെന്തുവേണം.

5. പാലം കുലുങ്ങിയാലും
പൊതുവിദ്യാഭ്യാസത്തിന്റെ പല സമീപനങ്ങളും ഹയര്‍സെക്കന്ററിക്ക്‌ ബാധകമല്ല. പരീക്ഷയുടെ കാര്യം തന്നെ ഒരു ഉദാഹരണം. പത്താം ക്ലാസ്‌ വരെയുള്ള ടെര്‍മിനല്‍ പരീക്ഷകളുടെ എണ്ണം മൂന്നില്‍ നിന്ന്‌ രണ്ടായി കുറച്ചപ്പോള്‍, സ്‌കൂള്‍തലത്തില്‍ നടത്തിയിരുന്ന പ്ലസ്‌ വണ്‍ വാര്‍ഷിക പരീക്ഷകള്‍ പൊതു പരീക്ഷയായി മാറ്റുകയാണ്‌ ഹയര്‍സെക്കന്ററി വിഭാഗം ചെയ്‌തത്‌. പ്ലസ്‌ വണ്‍ പ്രവേശനം പൂര്‍ത്തിയാവുന്നത്‌ തന്നെ ആഗസ്‌ത്‌- സപ്‌തംബര്‍ മാസത്തിലാണ്‌. അപ്പോഴേക്കും യുവജനോത്സവം, കായികമേള, വിനോദയാത്ര എന്നിവയ്‌ക്കുള്ള സമയമായി. ക്രിസ്‌തുമസ്‌, മോഡല്‍ പരീക്ഷകള്‍ കൂടി മാറ്റി നിര്‍ത്തിയാല്‍ പഠനത്തിന്‌ ലഭിക്കുക നാലോ അഞ്ചോ മാസങ്ങളാണ്‌. ഇതുവെച്ചാണ്‌ മുഴുവന്‍ സിലബസ്സും ഉള്‍പ്പെടുത്തിട്ടുള്ള പൊതുപരീക്ഷ. അതില്‍ മാര്‍ക്ക്‌ കുറഞ്ഞുപോയെന്ന്‌ പരാതിയുള്ളവര്‍ക്ക്‌ ഇംപ്രൂവ്‌ചെയ്യാം. ഒന്നാം വര്‍ഷത്തെ മാര്‍ക്കുകൂടി ചേര്‍ത്തുകൊണ്ടാണ്‌ ഹയര്‍സെക്കന്ററിയുടെ ആകെ മാര്‍ക്ക്‌ കണക്കാക്കുക. ഇത്‌ പ്രൊഫഷണല്‍ കോളേജ്‌ പ്രവേശനത്തിന്‌ പരിഗണിക്കും. അപ്പോള്‍ ആരാണ്‌ ഇംപ്രൂവ്‌മെന്റ്‌ ചാന്‍സ്‌ വെറുതെ കളയുക. ഫലത്തില്‍ ഒന്നാം വര്‍ഷം രണ്ടു പരീക്ഷ! രണ്ടാം വര്‍ഷത്തെ പഠനം ശ്രദ്ധിക്കാതെ കുട്ടികള്‍ വിണ്ടും ഒരു മാസം ഒന്നാം വര്‍ഷ പുസ്‌തകങ്ങള്‍ തന്നെ പഠിക്കുന്നു. അവര്‍ പരീക്ഷയൊക്കെയെഴുതി സ്‌കൂളില്‍ തിരിച്ചെത്തുമ്പോഴേക്കും അധ്യാകര്‍ ഭാണ്ഡം മുറിക്കിത്തുടങ്ങിയിരിക്കും- വാല്വേഷന്‍ ക്യാമ്പിലേക്ക്‌. മിക്ക വിഷയങ്ങള്‍ക്കും പത്ത്‌ പതിനഞ്ച്‌ ദിവസം വരെ വാല്വേഷന്‍ വേണ്ടിവരും. രണ്ടാം വര്‍ഷം ആറ്‌ വിഷയം തോറ്റവര്‍ക്കും (SAY- Save A Year) പരീക്ഷയെഴുതാം. അതിന്റെ പരീക്ഷാ നടത്തിപ്പ്‌, ഉത്തരക്കടലാസ്‌ നോക്കല്‍ എന്നിവയും പഠനകാലത്ത്‌ തന്നെ. ചുരുക്കത്തില്‍ വെളുക്കന്‍ തേച്ചത്‌ പാണ്ടായത്‌ ഹയര്‍സെക്കന്ററിയുടെ മുഖത്താണ്‌. പരീക്ഷയൊഴിഞ്ഞൊരു നേരം അവിടില്ല.

6. കീറിപ്പോയ നോട്ടീസുകള്‍
എസ്‌.എസ്‌.എല്‍.സി പരീക്ഷ നിര്‍ത്തലാക്കിയാല്‍ കുണ്ടിലിറങ്ങുന്ന മറ്റൊരു വിഭാഗം ഗൈഡ്‌ /ട്യൂഷന്‍ ലോബികളാണ്‌. പുതിയ പാഠ്യപദ്ധതി വന്നതുമുതല്‍ കൊള്ളക്കച്ചവടമാണ്‌ ലേബര്‍ ഇന്ത്യപോലുള്ള മാസികകള്‍ക്ക്‌. പുതിയ പാഠ്യപദ്ധതിയുടെ അമരക്കാരനായിരുന്ന പ്രൊഫ. എസ്‌. ശിവദാസിനെപ്പോലുള്ള ആക്‌ടിവിസ്റ്റുകളെത്തന്നെ കളത്തിലിറക്കിക്കളിച്ച്‌ ലേബര്‍ ഇന്ത്യ നടത്തിയ വിളവെടുപ്പുത്സവം `ഇല്ലം നിറ വല്ലം നിറ'ലൈനിലായിരുന്നു. (വിജയത്തിന്റെ സഞ്ചാരപഥം ഭൂമിയുടെ അതിര്‍ത്തികള്‍പോലും കടന്ന്‌ ബഹിരാകാശസീമയിലേക്ക്‌ നീണ്ടുകൊണ്ടിരിക്കയാണല്ലോ- ലേബര്‍ ഇന്ത്യ ഉടമസ്ഥനായ സന്തോഷ്‌ ജോര്‍ജ്‌ കുളങ്ങരയുടെ ബഹിരാകാശ ദൗത്യം ഓര്‍ക്കുന്നുണ്ടാവുമല്ലോ) വൈവിധ്യമാര്‍ന്ന ഒട്ടനവധി രചനാ പ്രവര്‍ത്തനങ്ങളുടെ സാധ്യതകളെ പടിയടച്ച്‌ പിണ്ഡം വെച്ചതിന്റെ ക്രെഡിറ്റ്‌ ശിവദാസന്‍ മാഷുക്കുള്ളതാണ്‌. സത്യം കാണാതിരുന്നു കൂടല്ലോ, ഒരു മിനിമം ഗ്യാരണ്ടിയുള്ള ഉത്തരങ്ങള്‍ കുറേ കുട്ടികള്‍ക്ക്‌ അതുകൊണ്ടുമാത്രമാണ്‌ കിട്ടിയത്‌. അഞ്ചു ലക്ഷം വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം S.S.L.C പരീക്ഷ എഴുതുന്നുണ്ടെങ്കില്‍ അതില്‍ പകുതിപ്പേരെങ്കിലും ഇത്തരം പഠനസഹായികള്‍ ഉപയോഗിക്കുന്നുണ്ടാവും. അവരാകട്ടെ ചെറിയക്ലാസില്‍ നിന്നുതന്നെ ഇതിന്റെ ഇരകളും ആയിരിക്കും. എസ്‌.എസ്‌.എല്‍.സി യെന്ന ഏക സുഷിരത്തിലേക്ക്‌ വാലുകടത്താനായുള്ള വര്‍ഷങ്ങളായുള്ള അധ്വാനം ഇങ്ങനെ ഏറെ ചെലവുള്ളതുമാണ്‌. അങ്ങനെ അനസ്യൂതം തുടര്‍ന്നുകൊണ്ടിരുന്ന കോടിക്കണക്കിന്‌ രൂപയുടെ കച്ചവടത്തിനാണ്‌ കബില്‍സിബല്‍ മന്ത്രി മാവോവാദികളേക്കാള്‍ തീവ്രവാദിയായി കുഴിബോംബ്‌ വെച്ചത്‌.
എല്‍. കെ. ജി മുതലാണ്‌ നാട്ടുനടപ്പനുസരിച്ച്‌ ട്യൂഷന്‍ ആരംഭിക്കുന്നത്‌. സ്റ്റേറ്റായാലും, CBSE ആയാലും എസ്‌.എസ്‌.എല്‍.സി എന്ന അവസാന ഹഡ്‌ല്‍ ചാടിക്കടക്കുകയാണ്‌ ഉദ്ദേശ്യം. അതുവരെ തോല്‍ക്കാനാണ്‌ ട്യൂഷന്‍ വേണ്ടത്‌. പുതുചെറുപ്പക്കാരേക്കാള്‍ ഉരഞ്ഞുരഞ്ഞ്‌ മൂര്‍ച്ച കൂടിയ മാഷന്മാര്‍ക്കാണ്‌ ഇവിടെയും പ്രിയം. വീട്ട്‌ ട്യൂഷന്‍, നാട്ടുട്യൂഷന്‍ വഴി ലക്ഷങ്ങള്‍ ശമ്പളത്തിനുപുറമെ ഉണ്ടാക്കുന്ന ഒട്ടനവധി മാഷന്മാരുണ്ടെന്നത്‌, ഈ മേഖലയെക്കുറിച്ചറിയുന്നവരില്‍ ഞെട്ടലുണ്ടാക്കില്ല. റിസല്‍ട്ടിനെക്കുറിച്ച്‌, സ്‌കൂളിനടുത്തുള്ള പല ട്യൂഷന്‍ സെന്ററുകളുടേയും അവകാശവാദം, ഏട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ `അതു ഞമ്മളാ' എന്ന സ്റ്റൈലില്‍ ആണ്‌. അവരൊക്കെ ഇപ്പൊഴെ ഡിസൈന്‍ ചെയ്‌തുവച്ച നോട്ടീസല്ലേ മന്ത്രി കീറി വെള്ളത്തിലിട്ടത്‌.

7. ഒരു സ്‌കൂളുകിട്ടിയിരുന്നെങ്കില്‍ ....
98 ശതമാനത്തിനടുത്താണ്‌ വര്‍ഷങ്ങളായി CBSE റിസല്‍ട്ട്‌. കൊണ്ടുപിടിച്ചു ശ്രമിച്ചതിന്റെ ഫലമായി സംസ്ഥാന റിസല്‍ട്ടും സമീപവര്‍ഷങ്ങളായി 90 നുമേലാണ്‌ നില്‍പ്പ്‌. ഫലത്തില്‍ പത്ത്‌ ശതമാനത്തിലും താഴെ മാത്രമാണ്‌ ഈ പരീക്ഷ വഴി പുറത്തിരുത്തപ്പെടുന്നവര്‍. ഈ പത്ത്‌ ശതമാനമാണ്‌ സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും കണ്ണിലുണ്ണികള്‍. ഇവരെ സമുദ്ദരിക്കുന്നതിനായി എന്തെല്ലാം പദ്ധതികള്‍! പി.ടി.എ, അധ്യാപകസംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ നടത്തുന്ന പ്രത്യേക കോച്ചിംഗുകള്‍ , നിശാപഠനം, കൈപ്പുസ്‌തകങ്ങള്‍ , പരീക്ഷകള്‍ തുടങ്ങി യുദ്ധകാലാടിസ്ഥാനത്തിലുള്ള പരിപാടികളാണ്‌ ജനുവരി മുതല്‍ സ്‌കൂളുകളില്‍ നടത്തിവരുന്നത്‌. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രധാന നേട്ടം തന്നെ S.S.L.C റിസല്‍ട്ട്‌ വര്‍ദ്ധിപ്പിച്ചതിന്റെ ശതമാനമാണ്‌. അതിനുവേണ്ടി കുട്ടികള്‍ക്ക്‌ വൈകുന്നേരങ്ങളില്‍ ലഘുഭക്ഷണം, രാത്രികാലങ്ങളില്‍ അത്താഴം എന്നിവക്കായി ലക്ഷങ്ങള്‍ വകയിരുത്തുന്നു. പുസ്‌തകമടിപ്പ്‌, പരീക്ഷകള്‍ക്കായി ജില്ലാപഞ്ചായത്തുകള്‍ അതിലുമധികം ലക്ഷങ്ങള്‍ നീക്കിവെക്കുന്നു. എല്ലാം പോയില്ലേ. ഇനി എന്തും പറഞ്ഞാണ്‌ ഹൈസ്‌കൂളുകളില്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌/മുനിസിപ്പല്‍ ചെയര്‍മാന്‍മാരും സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരും നെഞ്ചുവിരിക്കുക.

8. തമ്മില്‍ കുത്തുന്ന കാളകള്‍
പന്ത്രണ്ടാം ക്ലാസുവരെയുള്ളൂ ബെല്ലും ബ്രേക്കുമില്ലാത്ത ഈ പോക്ക്‌. അതുകഴിഞ്ഞാല്‍ അടുത്തടുത്ത്‌ വന്‍ ബമ്പുകളാണ്‌ (Bumb) നിര്‍ത്തിനിര്‍ത്തിയേ പോകാന്‍ കഴിയൂ. വര്‍ഷം രണ്ട്‌ തവണയായി അഞ്ചും ആറും പരീക്ഷകളാണ്‌. സെമസ്റ്ററൈസേഷന്‍ എന്നാണ്‌ പേര്‌. ഇവിടെ പരിഷ്‌കരണം പരീക്ഷകളയാനാണെങ്കില്‍ അവിടെ പരിഷ്‌കരിക്കുന്നത്‌ പരീക്ഷകൂട്ടാന്‍ മാത്രമാണ്‌. സിദ്ധാന്തം രണ്ടിലും ഒന്നുതന്നെ. പ്രൊഫഷണല്‍ പഠനം നേരത്തെ അങ്ങിനെയായിരുന്നു. പ്രൊഫഷണല്‍ പഠനത്തിന്‌ പ്രിയമേറിയപ്പോള്‍ നിറംകെട്ട ബിരുദപഠനത്തെ മിനുക്കാനാണ്‌ സെമസ്റ്റര്‍ സമ്പ്രദായമെന്ന ആ സുന്ദരിയെ ഇങ്ങോട്ടേക്കും കൊണ്ടുവന്നത്‌, ആറാറുമാസത്തെ ഇന്‍സ്റ്റന്‍ന്റ്‌ പഠനം. അവിടെ, കണ്ടത്തില്‍ പണി വരമ്പത്തു കുലി. ഇവിടെ പന്ത്രണ്ട്‌ വര്‍ഷത്തെ തടവുകഴിഞ്ഞ്‌ ജയില്‍ മോചിതനാകുമ്പോള്‍ അതുവരെയുള്ള കുലി. ഒരുമിച്ചേ കൊടുക്കു.

9. മൂന്നാറില്‍ ഉരുണ്ട ബുള്‍ഡോസര്‍
അവധിക്കാലത്തെ എസ്‌.എസ്‌.എല്‍.സി പേപ്പര്‍ വാല്വേഷനാണ്‌ ഒട്ടുമിക്ക മാഷന്മാര്‍ക്കും ശമ്പളത്തിനുപുറത്തുള്ള ഏകവരുമാന പ്രതീക്ഷ. വാല്വേഷന്‍ പ്രതിഫലമായും പിന്നീടുള്ള ലീവ്‌സറണ്ടര്‍ വഴിയും ലഭിക്കുന്ന അഞ്ചെട്ടായിരം രൂപയാണ്‌ അടുത്തസ്‌കൂള്‍ സീസണിലേക്ക്‌ കുട്ടികളെ ഒരുക്കാനായും അവധിക്കാലയാത്രക്കായും പലരും കണ്ടുവെക്കുന്നത്‌. കാശ്‌ മാത്രമല്ലല്ലൊ കാര്യം. വാല്വേഷന്‍ ഡ്യൂട്ടി ലഭിക്കുക എന്നതു തന്നെ വലിയൊരു അംഗീകാരമാണ്‌. പേപ്പര്‍ വാല്വേഷനുള്ള പുറപ്പാടുതന്നെ എത്ര ഗൗരവത്തിലാണ്‌. തങ്ങളുടെ കുഞ്ഞുങ്ങളുടെ തലവര തീരുമാനിക്കാന്‍ പോകുന്ന ഇവരെ അംശം അധികാരിയെ കാണുന്നതിനേക്കാള്‍ ഭയഭക്തിബഹുമാനത്തോടെയല്ലേ പൊതുജനം നോക്കിനിന്നിരുന്നത്‌. കാല്‍ക്കൊല്ലപരീക്ഷയെ തൂക്കിയെറിഞ്ഞതിനേക്കാള്‍ ലാഘവത്തോടെയല്ലേ ഹൈസ്‌കൂള്‍ മാഷന്മാരുടെ മക്കയും മദീനയും ശബരിമലയും വേളാങ്കണ്ണിയുമൊക്കെയായ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെ ഇടിച്ചു നിരപ്പാക്കിയത്‌.

10. എട്ടുകോളത്തില്‍ `പോയി'
പത്താം ക്ലാസ്‌ പരീക്ഷ നിര്‍ത്തലാക്കുമ്പോള്‍ കുഴഞ്ഞുപോകുന്ന മറ്റൊരു വിഭാഗം പത്രക്കാരാണ്‌. എസ്‌.എസ്‌.എല്‍.സി പരീക്ഷ പത്രക്കാരുടെ ചാകരയാണ്‌. വാര്‍ത്തകളുടെ അക്ഷയപാത്രം. പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പുകള്‍, പ്രത്യേക പതിപ്പുകള്‍, ചോദ്യവിശകലനങ്ങള്‍ തുടങ്ങി ജനുവരിയോടെ തുടങ്ങും മേളം. ചോദ്യം പുറത്താകല്‍, ചോദ്യക്കെട്ടുകള്‍ സ്‌കൂളിലെത്തിക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്കോ ചുമട്ടുകാര്‍ക്കോ വരുന്ന പിഴവുകള്‍ തുടങ്ങിയ എക്‌സ്‌ക്ലൂസീവുകളും ഭാഗ്യമുണ്ടെങ്കില്‍ കിടയ്‌ക്കും. രക്ഷിതാക്കളുടെ ഉത്‌കണ്‌ഠയെ കൂര്‍പ്പിച്ചുനിര്‍ത്തുന്നതിലാണ്‌ ലേഖകരുടെ മിടുക്ക്‌. `എസ്‌.എസ്‌.എല്‍.സി. ചോദ്യപേപ്പറുകള്‍ക്ക്‌ പോലീസ്‌ കാവലില്ല; രക്ഷിതാക്കള്‍ ആശങ്കയുടെ മുള്‍മുനയില്‍' തുടങ്ങിയ ശീര്‍ഷകങ്ങള്‍ പരീക്ഷയ്‌ക്ക്‌ തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ വെണ്ടയ്‌ക്കയായി മിക്കപ്പോഴും ഉണ്ടാകാറുണ്ട്‌. പരീക്ഷ തുടങ്ങുന്ന ദിവസങ്ങളിലും അവസാനിക്കുന്ന ദിവസവും ഒരുക്കിനിര്‍ത്തി ഫോട്ടോയെടുക്കാന്‍, ബൈ ലൈന്‍ സ്റ്റോറികള്‍ മെനയാന്‍ വൈദഗ്‌ദ്യം നേടിയ പ്രത്യേക വിഭാഗം തന്നെ മിക്ക പത്രങ്ങളിലുമുണ്ട്‌. ചോദ്യത്തില്‍ വരുന്ന അക്ഷരപ്പിശകുകള്‍ കണ്ടെത്താന്‍ , ഗുണദോഷങ്ങള്‍ വിശകലനം ചെയ്യാന്‍ ഫോട്ടോ സഹിതം അധ്യാപകര്‍ റെഡി. `വാല്വേഷന്‍ ക്യാമ്പുകളില്‍ മാര്‍ക്ക്‌ദാനം' തുടങ്ങിയ സെന്‍സേഷണലുകള്‍ക്കും സാധ്യതയെത്ര. ഫലപ്രഖ്യാപനത്തിന്റെ വിശേഷങ്ങള്‍, റാങ്കില്ലെങ്കിലും ഗ്രേഡുവെച്ച്‌ മികച്ചവരെ കണ്ടെത്തല്‍, നൂറുമേനി കൊയ്‌തെടുത്തവര്‍ തുടങ്ങി റിസല്‍ട്ടുമായി ബന്ധപ്പെട്ടാണെങ്കില്‍ വാര്‍ത്തകളുടെ പെരുമഴയാണ്‌. മൊത്തത്തില്‍ പത്രക്കാരുടെ മൂന്ന്‌ നാലുമാസത്തെ രൂചികരമായ വിഭവങ്ങള്‍ക്കുള്ള മാംസക്കഷണമാണ്‌ പുഴുവരിച്ചു എന്ന്‌ കണ്ടെത്തി കടലിലേക്ക്‌ വലിച്ചെറിയാന്‍ മന്ത്രി ശ്രമിക്കുന്നത്‌. `പോയി' എന്ന്‌ ബോള്‍ഡായി എട്ടുകോളത്തില്‍ ഒറ്റ ടൈറ്റിലിനപ്പുറം ഇനി എന്തുചെയ്യും?

4 അഭിപ്രായങ്ങൾ:

  1. എസ്‌.എസ്‌.എല്‍.സി പരീക്ഷ നിര്‍ത്തലാക്കിയാല്‍ കുണ്ടിലിറങ്ങുന്ന മറ്റൊരു വിഭാഗം ഗൈഡ്‌ /ട്യൂഷന്‍ ലോബികളാണ്‌. പുതിയ പാഠ്യപദ്ധതി വന്നതുമുതല്‍ കൊള്ളക്കച്ചവടമാണ്‌ ലേബര്‍ ഇന്ത്യപോലുള്ള മാസികകള്‍ക്ക്‌. പുതിയ പാഠ്യപദ്ധതിയുടെ അമരക്കാരനായിരുന്ന പ്രൊഫ. എസ്‌. ശിവദാസിനെപ്പോലുള്ള ആക്‌ടിവിസ്റ്റുകളെത്തന്നെ കളത്തിലിറക്കിക്കളിച്ച്‌ ലേബര്‍ ഇന്ത്യ നടത്തിയ വിളവെടുപ്പുത്സവം `ഇല്ലം നിറ വല്ലം നിറ'ലൈനിലായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. മാഷ്‌ പറഞ്ഞ പലതിനോടും യോജിപ്പുണ്ട്‌..എന്നാല്‍ ചില വിയോജിപ്പുകളും ഉണ്ട്‌..ഇവിടെ മാഷ്‌ പറഞ്ഞ ഒരു സത്യത്തെ പ്പറ്റി മാത്രം പറയട്ടെ.ഗൈഡു സംസ്കാരത്തിന്‌ അറുതിവരുമെന്നു കരുതിയ പുതിയ പാഠ്യപദ്ധതി പുതിയൊരു വ്യവസായത്തെ കൊണ്ടുവന്നു.ലേബര്‍ ഇന്‍ഡ്യ...ഇന്ന് അദ്ധ്യാപകര്‍ പോലും ഇതിന്റെ പ്രചാരകരും സ്ഥിരം വരിക്കാരുമാണ്‌.ലേബര്‍ ഇന്‍ഡ്യകിട്ടിയില്ലങ്കില്‍ പഠിത്തം അവതാളത്തിലായി എന്നാണ്‌ പല രക്ഷകര്‍ത്താക്കള്‍ക്കും ചിന്ത.നമ്മുടെ പാഠപുസ്തകമാണിതിന്‌ എല്ലാം കാരണം.പുസ്തകത്തില്‍ ..കണ്ടുപിടിക്കൂ...ചര്‍ച്ചചെയ്യൂ....എന്നിങ്ങനേയും ചെദ്യങ്ങളും മാത്രമേയുള്ളൂ..ധാരാളം എഴുതാനുണ്ട്‌...പിന്നെ

    മറുപടിഇല്ലാതാക്കൂ
  3. മണിഷാരത്ത്‌,
    എല്ലാം കണ്ടുപിടിക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയും. അതിനാവശ്യമായ ആസൂത്രണം അധ്യാപകര്‍ നടത്തണമെന്നു മാത്രം. ലേബര്‍ ഇന്ത്യയിലെ ഗുളികകള്‍ക്കപ്പുറം ആദ്യം അന്വേഷണം നടത്തേണ്ടത്‌ അവരല്ലേ. കൂടാതെ വിശദമായ അധ്യാപക സഹായിയും കൂട്ടിനുണ്ട് . ഒന്നും ചെയ്യാതിരിന്നിട്ട് ലേബര്‍ ഇന്ത്യയിലെ ഉത്തരങ്ങള്‍ എഴുതിക്കൊടുക്കുന്നവരും ഉണ്ട്. എന്തുചെയ്യാന്‍ ആരാണ് ഇതൊക്കെ ശ്രദ്ധിക്കാന്‍?

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2009, ജൂലൈ 18 11:17 PM

    പ്രേമമ്മാഷ് തെളിച്ചു പറ, കബില് സിബിലാണോ ബോബിസാറാണോ ആരാണ് മിടുക്കന്. മാഷിപ്പോ ആരുടെ കൂടെയാ. സി.ബി.എസ്. ഇ.യോടു കടുത്ത വിരോധവും പുച്ഛവും ഉണ്ടെന്ന് മാതൈംമാണ് വഏക്തമാകുന്നതു്. കേരള പാഠ്യപദ്ധതിയെക്കുറിച്ച് സാറിന് സത്യത്തില് മമതയാണോ പുച്ഛമാണോ. ചുമ്മാ കളിതമാശപറയാതെവ ഒന്നു തെളിച്ചുപറമാഷേ.

    മറുപടിഇല്ലാതാക്കൂ