2009, ജൂൺ 18, വ്യാഴാഴ്‌ച

ഒറ്റും തെറ്റുംമൈതാനപ്രസംഗത്തില്‍ ആദ്യം കത്തിക്കുക വസ്‌തുതകളുടെ ചൂട്ടുകളാണ്‌. സ്വര്‍ണം പൂശിയ വ്യാജതെളിവുകള്‍ അന്തരീക്ഷത്തിലുയര്‍ത്തിക്കാട്ടി ശ്രോതാക്കളെ ആവേശഭരിതരാക്കുന്നിടത്തേക്ക്‌ സത്യത്തിന്റെ പൂച്ചകള്‍ക്ക്‌ പതുങ്ങിപ്പോലും ചെല്ലാന്‍ കഴിയില്ല. പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെയുള്ള ഡോ.പി. സോമനാഥന്റെ ലേഖനവും (ഇതിലും ഭേദം ആഗോളവത്‌കരണം തന്നെ) ഉണ്ടാക്കിയത്‌ വെറും മുക്കുകൊണ്ടാണെന്ന്‌ തിരിച്ചറിയാന്‍ അത്‌ അല്‌പമൊന്ന്‌ ചുരണ്ടിനോക്കുകയേ വേണ്ടൂ. വിമര്‍ശനാത്മക ബോധനത്തെ അടിസ്ഥാന തത്വചിന്തയായി സ്വീകരിക്കുന്ന ഒരു പാഠ്യപദ്ധതി വിമര്‍ശനങ്ങളില്‍ നിന്ന്‌ ഒട്ടും മുക്തമല്ല; ആവുകയുമരുത്‌. വിമര്‍ശനാവബോധം ഒപ്പം വലിയ ഉത്തരവാദിത്വവുമാണ്‌. ഇതുവരെയുള്ള വസ്‌തുതകളുടെ സൂക്ഷ്‌മപഠനം, പുതിയതിനുവേണ്ടിയുള്ള ചിന്ത എന്നിവ അതാവശ്യപ്പെടുന്നു. സൂക്ഷ്‌മമായ അപഗ്രഥനമാണ്‌ ഓരോന്നിലും അന്തര്‍ഭവിച്ച ആന്തരിക വൈരുദ്ധ്യങ്ങളെയും ഇടര്‍ച്ചകളേയും വെളിച്ചത്തുകൊണ്ടുവരാന്‍ സഹായകമാവുന്നത്‌. ഇതിന്റെ തുടര്‍ച്ചതന്നെയാണ്‌ ബദലുകളെക്കുറിച്ചുള്ള അന്വേഷണവും. സോമനാഥന്റെ ലേഖനങ്ങളില്‍ മിക്കപ്പോഴും കാണാത്തത്‌ ഈ അപഗ്രഥനവും അന്വേഷണവും ആണ്‌. അവിടുന്നും ഇവിടുന്നും കടിച്ചെടുത്ത ചില പത്ര/പാഠപുസ്‌തക/പരീക്ഷാപേപ്പര്‍ കട്ടിംഗുകള്‍ നിരത്തല്‍, ഒട്ടും ബന്ധമില്ലാത്ത പലതിനേയും കൂട്ടിച്ചേര്‍ത്ത്‌ പുതിയ അര്‍ത്ഥപരിസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കല്‍ എന്നിവയാണ്‌ അദ്ദേഹത്തിന്‌ പഥ്യമായ വഴികള്‍.

പാഠ്യപദ്ധതി
വിമര്‍ശകര്‍ സാധാരണചെയ്യാറില്ലാത്ത ഒരു കാര്യം സോമനാഥന്‍ ചെയ്‌തത്‌ അഭിനന്ദിക്കാതെ വയ്യ. തന്റെ പക്ഷം മറയില്ലാതെ വെളിവാക്കുക എന്നതാണത്‌. ഇടതുപക്ഷം എന്ന്‌ പലരും അഭിമാനിക്കുന്നത്‌ അര്‍ത്ഥമില്ലാതെയാണെന്നും വലതുപക്ഷമെന്നുകേട്ടാല്‍ നെറ്റിചുളിയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം തുറന്നുതന്നെ പറയുന്നുണ്ട്‌. തന്റെ ഇടതുപക്ഷവിരുദ്ധമനോഭാവം ( `ഇതിലും ഭേദം ആഗോളവത്‌കരണം തന്നെ' എന്ന തീര്‍പ്പ്‌ പോലും എത്ര മനോഹരം!) ലേഖനത്തിലുടനീളം ഉരുക്കിയൊഴിക്കാന്‍ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‌ മടിക്കേണ്ടതില്ല. ഭാഷാപഠനം അടിയന്തിരമായി പ്രശ്‌നവത്‌ക്കരിക്കപ്പെട്ടത്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളിലൂടെയാണ്‌. ബിരുദതലത്തില്‍ ഗ്രേഡിംഗും സെമസ്റ്റര്‍ രീതിയും നടപ്പാക്കുന്നതിന്റെ മറവില്‍ പൊതുവായുള്ള ഭാഷാസാഹിത്യപഠനം വെട്ടിക്കുറക്കുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്‌തു എന്നതാണത്‌. ആശ്ചര്യജനകമായ കാര്യം സോമനാഥന്‍ ഇതിന്‌ പ്രതികൂട്ടില്‍ കയറ്റുന്നത്‌ ഹയര്‍സെക്കന്ററി തലം വരെ പാഠപുസ്‌തകങ്ങളും പാഠ്യവസ്‌തുതകളും രൂപം നല്‍കുന്നതില്‍ പങ്കാളികളായിട്ടുള്ള അധ്യാപകരെയാണ്‌. ഒറ്റുകാരെന്നാണ്‌ അവരെ അദ്ദേഹം വിശേഷിപ്പിക്കുന്നത്‌. ആ ഒറ്റുകാരെ കേട്ടിരുന്ന, അവരെ ചെരിപ്പെടുത്തെറിയാതിരുന്ന (അതാണല്ലോ ഇപ്പോഴത്തെ ഒരു സ്റ്റൈല്‍) മുഴുവന്‍ മലയാളം അധ്യാപകര്‍ക്കും കൂടി ഇതില്‍ പങ്കുണ്ടെന്ന്‌ അദ്ദേഹം കണ്ടെത്തുന്നു! ബിരുദതലത്തില്‍ ഭാഷാസാഹിത്യപഠനത്തെ എടുത്തുകളയുന്നണ്ടെങ്കില്‍ അതിനെ, കേരളത്തിന്റെ പൊതുമനസ്സിനെ ഉണര്‍ത്തി അധ്യാപക വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ പിന്തുണയോടെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതിന്‌ പകരം വ്യാജ ശത്രുക്കളെ സൃഷ്‌ടിച്ച്‌ അതിനെ പരിഹസിച്ച്‌ തൃപ്‌തിയടയുന്നത്‌ മേലനങ്ങാതിരിക്കുന്നതിലുള്ള സുഖത്തിന്‌ വേണ്ടിയാണ്‌; മറ്റേതിന്‌ കുറേ ഉഷ്‌ണിക്കേണ്ടിവരും. സ്വന്തം കാര്യമല്ലാതെ,മറ്റൊരു ജീവിയുടേയും ജീവിതപരിസരങ്ങളിലേക്ക്‌ നാളിതുവരെ എത്തി നോക്കിയിട്ടുപോലുമില്ലാത്ത കോളേജ്‌ വാധ്യാന്മാര്‍ക്ക്‌ ഇതിനെല്ലാം എവിടുന്ന്‌ നേരം? മറ്റൊന്ന്‌, യഥാര്‍ത്ഥത്തില്‍ ഈ പരിഹാസത്തിന്‌ കേരളത്തിലെ പ്രൈമറി, സെക്കന്ററി, ഹയര്‍സെക്കന്ററി തലത്തിലെ അധ്യാപകരും പാഠപുസ്‌തകത്തിനും പാഠ്യപദ്ധതിയ്‌ക്കും രൂപം നല്‍കിയവരും പാത്രമാകേണ്ടവരാണോ? അവിടങ്ങളില്‍ ഭാഷാസഹിത്യപഠനമൊന്നും ഇല്ലേ? പിന്നെന്താണ്‌ ഇവര്‍ ക്ലാസ്‌ മുറിയില്‍ കാട്ടിക്കൊണ്ടിരിക്കുന്നത്‌? സോമനാഥന്‍ പറയുന്നു:
 • വിദ്യാഭ്യാസത്തെ മൊത്തം കുട്ടിക്കളിയാക്കി മാറ്റി.
 • ഭാഷയേയും സാഹിത്യത്തേയും പടിയടച്ച്‌ പിണ്‌ഡം വെച്ചു.
 • പത്താം ക്ലാസ്‌ കഴിഞ്ഞുവരുന്ന ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും മലയാളമോ ഇംഗ്ലീഷോ എഴുതാനറിയില്ല.
 • പൊതുവിദ്യാലയങ്ങള്‍ എഴുത്തിനെ പാടേ തള്ളിക്കളഞ്ഞു.
 • നോട്ടീസും പോസ്റ്ററും എഴുതാനുള്ളതാണ്‌ ഭാഷ
 • തെറ്റുകള്‍ എന്നൊരു സംഗതിയേയില്ല.
 • ഉത്തരമെഴുതാന്‍ ഒരുങ്ങിയാല്‍ മാര്‍ക്കുകൊടുക്കണം. അതാണ്‌ ഗ്രേഡിംഗ്‌.
 • പൊതുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ അയക്കുന്നത്‌ ബുദ്ധിശൂന്യതയാണ്‌.
ആധികാരികതയുടെ തുപ്പല്‍ പുരട്ടി വലിച്ചുനീട്ടുന്ന ഈ റബ്ബര്‍മിഠായികള്‍ ആരെ സന്തോഷിപ്പിക്കാനാനാണ്‌? ആഗോള വല്‍കരണത്തിന്റെ സ്‌തുതിപാഠകാര്‍ക്ക്‌, അതിന്റെ ഭാഗമായി വ്യാപിച്ചിട്ടുള്ള `വിദ്യാഭ്യാസം ഒരു കച്ചവടച്ചരക്കാണ്‌' എന്ന സങ്കല്‌പനത്തെയും പിന്തുണക്കാതിരിക്കാന്‍ കഴിയില്ല. ലേഖനത്തിലുടനീളം തെളിയുന്ന CBSE പ്രകീര്‍ത്തനത്തിന്റെ കാരണവും മറ്റൊന്നല്ല. പണം കൊടുത്ത്‌ വിദ്യ വാങ്ങാന്‍ ഉത്സാഹിക്കുന്നരുടെ എണ്ണം പുതിയ പാഠ്യപദ്ധതിവരുന്നതിനുമുമ്പു തന്നെ കേരളത്തില്‍ പ്രബലമായിരുന്നു, ആഗോളവത്‌കരണശ്രമങ്ങളാരംഭിച്ച 90കള്‍ മുതല്‍ തന്നെ. ലോകകമ്പോളത്തിന്‌ നല്ല വിലക്ക്‌ വില്‍ക്കാന്‍ പാകത്തില്‍ സ്വന്തം മക്കളെ ഒരുക്കിനിര്‍ത്തേണ്ടവര്‍ CBSE സ്‌കൂളുകള്‍ക്ക്‌ മുന്നില്‍ ക്യൂ നിന്നു. പക്ഷേ കൂണുകള്‍ പോലെ പൊട്ടിമുളച്ച കേരളത്തിലെ CBSE സ്‌കൂളുകളുടെ നിലവാരത്തെക്കുറിച്ച്‌ നാളിതുവരെ ഒരൊറ്റ വിമര്‍ശനം പോലുമുണ്ടായിട്ടില്ല. NCERT രൂപം കൊടുക്കുന്ന പാഠപുസ്‌തകങ്ങളില്‍പോലും അത്തരം സ്‌കൂളുകള്‍ക്ക്‌ വിശ്വാസമില്ല. അവര്‍ക്കായി സ്വകാര്യ പ്രസിദ്ധീകരണശാലകള്‍ `നിലവാര' (വില?) മുള്ള പുസ്‌തകങ്ങള്‍ പുറത്തിറക്കും. പാഠപുസ്‌തകങ്ങള്‍ പുറത്തിറക്കുന്നതിനുമുമ്പ്‌ ആവശ്യമായ ഗവേഷണങ്ങളോ ചര്‍ച്ചകളോ ആശയ രൂപികരണങ്ങളോ പൂര്‍ത്തീകരിച്ചാണോ ഈ പുസ്‌തകങ്ങള്‍ തയ്യാറാക്കുന്നത്‌? ഇതിന്‌ ചാര്‍ത്തുന്ന വ്യക്തികളുടെ പേരുകള്‍ പലപ്പോഴും അവരുടെ സൗമനസ്യത്തിന്റെ തെളിവുകള്‍ മാത്രം. ?‌ പൊതുവിദ്യാലയങ്ങളിലേക്ക്‌ കുട്ടികളെ അയക്കുന്നത്‌ ബുദ്ധിശൂന്യതയാണെന്ന്‌ എല്ലാവരും കണ്ടെത്തിയെന്ന്‌ പറയുന്നതിലെ ആധികാരികതയ്‌ക്ക്‌ അടിസ്ഥാനമെന്ത്‌? ഇത്തരം ചോദ്യങ്ങളൊന്നും സോമനാഥന്‌ ബാധകമല്ല.

ഒരു ലേഖനത്തിനകത്തുതന്നെ വരുന്ന ആന്തരിക വൈരുദ്ധ്യങ്ങളെ സോമനാഥന്‍ തിരിച്ചറിയാതെ പോകുന്നതെന്തുകൊണ്ടാണ്‌? `ചുരണ്ടിയാല്‍ സമ്മാനം കിട്ടുന്നതിന്‌ മാത്രമേ പ്രയോജനമുള്ളൂ' എന്ന പുതിയ യുക്തിയെ എതിര്‍ക്കേണ്ടുന്നത്‌ ഏത്‌ അടിസ്ഥാനത്തിലാണ്‌? അത്‌ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ, അതിന്റെ മാറിയ വഴികളെ തൊട്ടുകൊണ്ടായിരിക്കണം. അല്ലാതെ ചുരണ്ടാന്‍ പോലും ക്ഷമകാണിക്കാതെ, കണ്ടെത്തേണ്ടുന്നവയെ ഒറ്റനോട്ടത്തില്‍ കുറിച്ചുതരുന്ന CBSE വഴികളില്‍ കിടന്നുരുണ്ടുകൊണ്ടല്ല. ഈ വഴികളില്‍ നിന്ന്‌ ഭാഷാസാഹിത്യപഠനത്തിന്റെ സര്‍ഗ്ഗാത്മക വസന്തത്തിലേക്ക്‌ വിരിയുന്ന മൊട്ടുകളെത്ര? CBSE ,എന്‍ട്രന്‍സ്‌, സ്വാശ്രയം പ്രഭൃതികളാണല്ലോ മലയാളം സെക്കന്റ്‌ ലാംഗ്വേജും മെയിനും (പുതിയ ഭാഷയില്‍ കോമണ്‍ കോഴ്‌സും കോര്‍ കോഴ്‌സും) എടുക്കാന്‍ പോകുന്നത്‌! സാര്‍, അവര്‍ക്ക്‌ നിങ്ങളുടെ മലയാളപഠനമോ മലയാളത്തിലൂടെയുള്ള പഠനമോ ആവശ്യമില്ല. ഭാഷ, സംസ്‌കാരം, സാഹിത്യം എന്നിവ അവര്‍ക്കുമുന്നില്‍ പണ്ടേതോ കാലത്തെ ജീര്‍ണിച്ച ഭാണ്‌ഡകെട്ടുകള്‍ മാത്രം. അവിടെ നിന്ന്‌ നിങ്ങള്‍ക്ക്‌ എങ്ങിനെ കേള്‍ക്കാന്‍ കഴിഞ്ഞു `സ്‌ഫുടമായ ഭാഷയും സാഹിത്യത്തിന്റെ മധുരമൊഴികളും. (ചുരണ്ടിയാല്‍ സമ്മാനം കിട്ടുന്ന പന്തിയിലാണോ സോമന്റെ ആത്മാവ്‌? ശരീരം തൊഴിലുകൊണ്ട്‌ മലയാളം മാഷും. ഈ സംഘര്‍ഷം എങ്ങിനെ കുടഞ്ഞുകളയും. സോമന്‍ മലയാളം മാഷ് അല്ലെങ്കില്‍ മലയാളം നിരോധിക്കാന്‍ ആദ്യം ആവശ്യപ്പെടുന്നത് അദ്ദേഹം ആവുമായിരുന്നോ? ). മൂന്നാം ക്ലാസിലെ പാഠപുസ്‌തകത്തിലെ ചില കവിതകളുടെ പേരിലല്ല മലയാളപഠനത്തിന്റെ ജീവനിരിക്കിന്നത്‌. (പത്ത്‌ വര്‍ഷം മുമ്പ്‌ ഡോ. പി.കെ.തിലക്‌ രൂപം നല്‍കിയ ഒരു പാഠപുസ്‌തകത്തെ ഈ ചര്‍ച്ചയിലേക്ക്‌ കൊണ്ടുവന്ന അതിബുദ്ധിക്ക്‌ അഭിനന്ദനം). ഇത്തരം കാവ്യഭാഗങ്ങള്‍ ഏത്‌ രീതിയില്‍ വിനിമയം ചെയ്യണം, ഭാഷയുടെ വിവിധ ധര്‍മ്മങ്ങളില്‍ പ്രാവീണ്യമുണ്ടാക്കാന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഊന്നല്‍ നല്‍കെണ്ടത്‌? ഇതുമായിബന്ധപ്പെടുത്തി ഏതൊക്കെ സര്‍ഗാത്മകശേഷികളാണ്‌ ഉണര്‍ത്തേണ്ടത്‌, കവിതയുടെ താളം, ഭാവം, ശൈലി എന്നിവ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്‌ ഏത്‌ രീതിയാണ്‌ ഉപയോഗിക്കുന്നത്‌, കുട്ടികളുടെ മാനസികവും ശാരീരികവുമായ ശേഷികള്‍, താത്‌പര്യം, മനോഭവം ഇവയില്‍ വരുത്തേണ്ടുന്ന ഗുണപരമായ വ്യതിയാനങ്ങള്‍ എന്തൊക്കെ വേണം, അവയുമായി ബന്ധിപ്പിച്ച്‌ ഉണ്ടാക്കിയെടുക്കാനുദ്ദേശിക്കുന്ന ഉത്‌പന്നങ്ങള്‍ എന്തൊക്കെയാണ്‌ തുടങ്ങിയ ബോധനശാസ്‌ത്രപരമായ ടൂളുകള്‍ ഉപയോഗിച്ചാണ്‌ മലയാളപഠനത്തിന്റെ നിലവാരം താരതമ്യം ചെയ്യേണ്ടത്‌. കടമ്മനിട്ടയുടെ ശാന്തയില്‍ നിന്നും ഏഴാം ക്ലാസിലെ കുട്ടിക്ക്‌ പഠിക്കാനായി നിര്‍ദ്ദേശിച്ച, സോമനാഥന്റെ വിമര്‍ശനത്തിന്‌ പാത്രമായി പാഠഭാഗവുമായി ബന്ധിപ്പിച്ച്‌ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ്‌ പാഠപുസ്‌തകത്തിലും അധ്യാപകസഹായിലും നിര്‍ദ്ദേശിച്ചിരുന്നതെന്ന്‌ നോക്കുക.

`ശാന്ത' എന്ന കവിതയുടെ സമഗ്രഭാവം എന്താണ്‌? ഏതു സന്ദര്‍ഭത്തിലാണ്‌ വറ്റിപ്പോകുന്ന ഉറവകളെക്കുറിച്ച്‌ കവി ഉല്‍കണ്‌ഠാകുലനാവുന്നത്‌? കവിതയിലെ വരള്‍ച്ചയ്‌ക്ക്‌ മറ്റ്‌ അര്‍ഥതലങ്ങളുണ്ടോ? `ശാന്ത'(കടമ്മനിട്ടയുടെ കവിതകള്‍) എന്ന കവിതയുടെ സമഗ്രഭാവം ഉചിതസന്ദര്‍ഭത്തില്‍ കുട്ടികളെ പരിചയപ്പെടുത്തുമല്ലോ.
കടമ്മനിട്ടയുടെ `ശാന്ത' എന്ന കവിതയിലെ ഒരു ഭാഗം പാഠപുസ്‌തകത്തില്‍ കൊടുത്തത്‌ വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെ പ്രശ്‌നമേഖലയെ പ്രതിപാദിക്കാനാണ്‌. യഥാര്‍ഥത്തില്‍ കവിതയില്‍ സൂചിപ്പിക്കുന്ന വരള്‍ച്ചയ്‌ക്കു വിപുലമായ അര്‍ഥതലങ്ങളാണുള്ളത്‌. സ്വാതന്ത്ര്യനിഷേധവും ജനാധിപത്യധ്വംസനവും തീവ്രമായ പ്രതിഷേധത്തോടെ ആവിഷ്‌കരിക്കപ്പെട്ട കവിത എന്ന നിലയിലാണ്‌ കേരളീയര്‍ `ശാന്ത'യെ സ്വീകരിച്ചത്‌. മനോഹരമായ ബിംബങ്ങളും ഉചിതമായ പ്രയോഗങ്ങളുംകൊണ്ട്‌ സമ്പന്നമായ ഈ കവിതയുടെ സമഗ്രതലം ചെറുതായെങ്കിലും കുട്ടികളുമായി പങ്കുവയ്‌ക്കേണ്ടതുണ്ട്‌. വെള്ളം കിട്ടാതെ അലയുന്ന വേരുകളും തലകുമ്പിട്ടിരിക്കുന്ന കടത്തുകാരനുമെല്ലാം ഒരു ചരിത്രകാലഘട്ടത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന പ്രതീകങ്ങളാണെന്ന കാര്യം കൂടി കുട്ടികള്‍ അറിയണം. വരള്‍ച്ച എന്ന പ്രശ്‌നത്തിലൊതുങ്ങാതെ, ഈകവിതയുടെ ഒരു സമഗ്രതലം കുട്ടികളിലെത്തിക്കാന്‍ ശ്രമിക്കണം..............

പ്രയോഗഭംഗി

കവിതയുടെ സൗന്ദര്യാസ്വാദനത്തെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌ ഈ പ്രവര്‍ത്തനം. `ജലം തേടിപ്പോകല്‍' ഒരു സാധാരണ കാര്യമാണ്‌. എന്നാല്‍ ജലം തേടിപ്പോകുന്നതു വേരുകളാകുമ്പോള്‍ അവിടെ സവിശേഷമായ മറ്റൊരര്‍ഥംകുടി വന്നുചേരുന്നു. പ്രയോഗം അസാധാരണവും സൗന്ദര്യാത്മകവുമാകുന്നു. വയലിന്റെ സൗന്ദര്യം സാധാരണ പ്രയോഗമാണ്‌. എന്നാല്‍ `വയലിന്റെ വാത്സല്യം' സര്‍ഗാത്മക പ്രയോഗമാണ്‌. അപ്പോള്‍ കൈവരുന്ന മാതൃഭാവം ശ്രദ്ധയില്‍ കൊണ്ടുവരണം. ` തൊണ്ടവരണ്ട വയലുകള്‍' എന്ന പി. ഭാസ്‌ക്കാരന്റെ പ്രയോഗവും ശ്രദ്ധയില്‍പ്പെടുത്താം.`വെള്ളത്തിന്റെ ഉറവ'സാധാരണ പ്രയോഗമാകുമ്പോള്‍ `കാറ്റിന്റെ ഉറവ' അസാധാരണമാകുന്നു. ഇത്തരം പ്രയോഗങ്ങളാണു കാവ്യഭാഷയെ ശക്തമാക്കുന്നത്‌ എന്നു ബോധ്യപ്പെടുത്താന്‍ മറ്റ്‌ ഉദാഹരണങ്ങള്‍ നല്‍കണം. ............

`വറുതിക്കാഴ്‌ചക'ളില്‍ ചില സുക്ഷ്‌മചിത്രങ്ങളിലൂടെയാണല്ലോ കവി വേനലിന്റെ തീക്ഷ്‌ണതയും ക്രൂരതയും നമ്മെ അനുഭവിപ്പിക്കുന്നത്‌. ഒന്നും ചെയ്യാനില്ലാതെ, കടവില്‍ കയറ്റിവച്ച വള്ളത്തിന്റെ അമരത്ത്‌ മുട്ടിനിടയില്‍ തലതിരുകിയിരിക്കുന്ന കടത്തുകാരന്‍, കരിഞ്ഞുണങ്ങിയ വെള്ളരിവള്ളികള്‍, വരമ്പുകളിലെ വിടവുകളില്‍ ചത്തിരിക്കാവുന്ന തവളകള്‍, വറ്റിപ്പോയ നീരുറവയ്‌ക്കരികില്‍ അന്യോന്യം പുലഭ്യം പറയുന്ന ഗ്രാമീണര്‍, നിശ്ചലമായ മരങ്ങള്‍, അടിവയറ്റില്‍ മഴക്കാറിന്റെ നിറം പോലുമില്ലാത്ത ഈയാംപാറ്റകള്‍ മുതലായവ ശ്രദ്ധിച്ചല്ലോ. ഇത്തരം കല്‌പനകളിലൂടെ (ഇമേജുകളിലൂടെ) ഭാവം പകരുക എന്നത്‌ ആധുനികകവിതകളുടെ സവിശേഷതകളാണ്‌. ദൂരക്കാഴ്‌ചയില്‍ തന്നെ ശ്രദ്ധയില്‍ വരുന്ന വരണ്ടു വിണ്ടുകീറിയ നദിയുടെ ചിത്രത്തില്‍ നിന്ന്‌ മഴക്കാറിന്റെ അടയാളം വറ്റിപ്പോയ ഈയാംപാറ്റയുടെ അടിവയറ്റിലെ സൂക്ഷ്‌മദൃശ്യത്തിലെത്തിയാണ്‌ കവിത അവസാനിക്കുന്നത്‌. ......................

ഇത്തരം പ്രവര്‍ത്തനങ്ങള്‍ സോമനാഥന്‌ കുട്ടിക്കളിയും, കവിതകൊടുത്ത്‌ കഠിനപദം, വിപരീതം, പര്യായം, സന്ധി, സമാസം എന്നിവ പഠിപ്പിക്കുന്നത്‌ അമൂല്യമായ കാവ്യപഠനവും! കേരളത്തിലെ മുഴുവന്‍ ഹയര്‍സെക്കന്ററി മലയാളം അധ്യാപകരും നെഞ്ചോടുചേര്‍ത്ത പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്‌തകത്തിനെ കളിയാക്കാന്‍ ഒരു സാങ്കല്‌പികചോദ്യവും! വിസ്‌താരഭയത്താല്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാംവര്‍ഷ മലയാളപരീക്ഷയുടെ ചോദ്യപേപ്പര്‍ ഇവിടെ ഉദ്ദരിച്ചു ചേര്‍ക്കുന്നില്ല. ഓരോരചനയുടെയും ആന്തരികാര്‍ത്ഥത്തിലേക്കും വ്യാഖ്യാന സാധ്യതകളിലേക്കും ചിന്തയുടെ വെളിച്ചം തെളിക്കുന്ന, വൈവിധ്യപൂര്‍ണമായ വ്യവഹാരരൂപങ്ങളില്‍ ആവിഷ്‌കരിക്കുന്നതിനുള്ള ചോദ്യങ്ങളായിരുന്നു പൊതുപരീക്ഷയ്‌ക്ക്‌ ഉണ്ടായിരുന്നത്‌. (സമീപനവുമായോ പാഠപുസ്‌തകവുമായോ ഒരു ബന്ധവുമില്ലാത്ത കോളേജ്‌ വാധ്യാന്മാരിട്ടാലേ ചോദ്യപേപ്പറുകളുടെ രഹസ്യസ്വഭാവം നിലനില്‌ക്കു എന്നാണല്ലോ നമ്മുടെ വകുപ്പിന്റെ ധാരണ. ഇത്തരക്കാരിടുന്ന ചോദ്യപേപ്പറുകളുടെ ഗുണദോഷവിചിന്തനമാണ്‌ പാഠ്യപദ്ധതി ചര്‍ച്ച എന്ന്‌ വിചാരിക്കുന്നത്‌ എന്ത്‌ മണ്ടത്തരമാണ്‌?) ചോദ്യങ്ങള്‍ അറ്റന്‍ഡ്‌ ചെയ്യാന്‍ ശ്രമിച്ചാല്‍ ഫുള്‍മാര്‍ക്ക്‌ എന്നത്‌ എവിടെ നിര്‍ദ്ദേശിക്കപ്പെട്ടുവെന്ന്‌ സോമനാഥന്‍ വ്യക്തമാക്കണം. എഴുത്തു പരീക്ഷകള്‍ക്കായി ചോദ്യപേപ്പറുകള്‍ തയ്യാറാക്കുമ്പോഴുള്ള നിര്‍ദ്ദേശങ്ങളിലൊന്നാണ്‌ വ്യത്യസ്‌തനിലവാരക്കാര്‍ക്ക്‌ പ്രവേശിക്കാന്‍ കഴിയുന്ന ഒരു തലം ചോദ്യങ്ങള്‍ക്കുണ്ടാകണമെന്നത്‌. മണ്ടന്മാര്‍ക്ക്‌, ശരാശരിക്കാര്‍ക്ക്‌, മിടുക്കന്മാര്‍ക്ക്‌ എന്നിങ്ങനെ ഓരോ വിഭാഗത്തിനും കൃത്യമായും ചില ചോദ്യങ്ങള്‍ വീതിച്ചുകൊടുക്കലായിരുന്നല്ലോ പഴയരീതി. വിത്യസ്‌തനിലവാരക്കാര്‍ക്ക്‌ അവരവരുടെ തലത്തില്‍ നിന്ന്‌ പ്രതികരിക്കാന്‍ കഴിയുന്ന രീതിയിലാണ്‌ ഇന്ന്‌ ഓരോ ചോദ്യവും തയ്യാറാക്കപ്പെടുന്നത്‌. നല്‍കിയ ഒരു കവിതയുടെ ധ്വനിതലത്തിലൂന്നി കുറിപ്പ്‌ തയ്യാറാക്കണമെങ്കില്‍ അതിന്റെ സാമാന്യാശയതലം ആയിരിക്കും എന്‍ട്രിലെവല്‍. അതിന്‌ മൊത്തം സ്‌കോറിന്റെ പകുതിയില്‍ താഴെ മാത്രം സ്‌കോര്‍ ലഭിക്കും. ഒപ്പം ഘടന, ശൈലി എന്നിവയും പരിഗണിക്കപ്പെടും. അക്ഷരത്തെറ്റുകള്‍, വ്യാകരണപിശകുകള്‍, ആശയപരമായപിഴവുകള്‍ എന്നിവ അക്കമിട്ട്‌ നിരത്താന്‍ കുട്ടികളുടെ ഉത്തരക്കടലാസിന്റെ ഫോട്ടോസ്റ്റാറ്റ്‌ തപ്പിനടക്കുന്നവര്‍ക്ക്‌ പ്രളയകാലം വരെ അതിനുള്ള സാധ്യത ഉണ്ടായിരിക്കുകതന്നെ ചെയ്യും. കൗടില്യശാസ്‌ത്രത്തില്‍ അഗ്രഗണ്യരായ ഇവര്‍ക്ക്‌ ദയാദാക്ഷിണ്യമില്ലാതെ ശൂലത്തില്‍ കോര്‍ക്കാന്‍ ദലിതരുടെ, ആദിവാസികളുടെ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ തെറ്റുകള്‍ നിറഞ്ഞ ഉത്തരക്കടലാസുകള്‍ എത്രവേണമെങ്കിലും ലഭിക്കും. തെറ്റുകളോടൊപ്പം അവയില്‍ അവരെ അങ്ങിനെ ആക്കിത്തീര്‍ത്ത വ്യവസ്ഥയുടെ ചിഹ്നങ്ങള്‍ കാണുകയും, അത്‌ മറികടക്കാന്‍ വ്യക്തിപരമായും സാമൂഹികമായും തനിക്ക്‌ എന്തുചെയ്യാന്‍ കഴിയും എന്ന്‌ വേവലാതിപ്പെടുകയും ചെയ്യുന്നവരുടെ മുഖ്യപരിഗണന ഉത്തരക്കടലാസിലെ ചില പിഴവുകള്‍ മാത്രമാവുകയില്ല. തെറ്റുകള്‍ നിറഞ്ഞ ഉത്തരങ്ങള്‍ ഉറക്കെ വായിക്കുകയും ഉദാഹരിക്കുകയും ചെയ്യുന്ന ചിലരുണ്ട്‌. അവര്‍ ഇന്നുവരെ ഏതെങ്കിലും സദസ്സില്‍, തങ്ങള്‍ പഠിച്ച കാലത്തും ഇപ്പോഴും എഴുതുന്നതിനേക്കാള്‍ എത്രയോ മനോഹരമായും ആശയഭദ്രതയോടുകുടിയും കുട്ടികള്‍ എഴുതിയിട്ടുള്ള, ഉയര്‍ന്നനിലവാരത്തിലുള്ള ഉത്തരങ്ങള്‍ വായിച്ചിട്ടുണ്ടോ? ക്ഷമിക്കണം, പൂവിരി നടക്കാവുവിട്ട്‌ ചളിക്കുഴമ്പുവരമ്പുകള്‍ മാത്രം കാണുന്ന ഈ ശീലം ഒരു മനോരോഗമാണോ, ഡോക്‌ടര്‍.
സോമനാഥന്റെ മറ്റൊരു ഗുരുതരമായ ആരോപണം ക്രിറ്റിക്കല്‍ പെഡഗോജിയുടെ പേരില്‍ സൗന്ദര്യശാസ്‌ത്രത്തെ മതിലിനു വെളിയിലാക്കി സാമൂഹ്യശാസ്‌ത്രം ആ സ്ഥാനം കയ്യടക്കിയെന്നതാണ്‌ കേരളം അനുഭവിക്കുന്ന അതീവഗുരുതരമായ ചില സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്‌ പുതിയ കരിക്കുലം. ഇത്‌ പക്ഷേ ചെയ്യുന്നത്‌ ഓരോ വിഷയത്തിന്റയും തനത്‌ സ്വഭാവത്തേയും അതിലെ Concept കളെയും നിലനിര്‍ത്തിക്കൊണ്ടുമാത്രമാണ്‌. സാമൂഹികമായ വിഷയങ്ങള്‍ ക്ലാസ്‌മുറിയില്‍ ചര്‍ച്ചയ്‌ക്കു വരേണ്ടതില്ല എന്ന്‌ ഇന്നത്തെ ഏത്‌ വിദ്യാഭ്യാസപ്രവര്‍ത്തകനാണ്‌
പറയാന്‍ കഴിയുക. കുട്ടികള്‍ നാളത്തെ പൗരന്മാരല്ല അവര്‍ ഇന്നത്തെ പൗരന്മാരാണ്‌ എന്നതാണല്ലോ പുതിയ കാഴ്‌ചപ്പാട്‌ Pedagogy എന്നതിനുപകരം Andragogy എന്ന്‌ ഇന്ന്‌ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കൂടി വിളിക്കുന്നത്‌, സ്‌പൂണ്‍ ഫീഡിംഗിനുപകരം സ്വന്തം ചിന്താശെഷിയെ പ്രയോഗിച്ചുള്ള പഠനരീതിയെ മുന്‍ നിര്‍ത്തിയാണ്‌. ഭാഷയുടേയും സാഹിത്യത്തിന്റേയും പിറവിയും വികാസവും സാമൂഹികമായ ആവശ്യത്തിന്റെ പുറത്തല്ലേ? ഓരോ കാലത്തിന്റേയും സാമൂഹികമായ ആവശ്യങ്ങളോടുള്ള പ്രതിഭകളുടെ പ്രതികരണമല്ലേ അതത്‌ കാലത്തെരചനകള്‍? സമൂഹത്തെ നമുക്ക്‌ ഏത്‌ സാഹിത്യവിഭാഗത്തില്‍ നിന്നാണ്‌ മായ്‌ച്ചുകളയാന്‍ കഴിയുക? ഇന്ന്‌ എങ്ങിനെയാണ്‌ ഒരു വായനക്കാരന്‌ ഒരു രചനയിലെ സാമൂഹികജീവിതാംശങ്ങള്‍ കാണുമ്പോള്‍ വിറകൊള്ളാന്‍ കഴിയുന്നത്‌?

സര്‍ക്കാര്‍
നിര്‍ദ്ദേശിക്കുന്ന പത്തോ പന്ത്രണ്ടോ വരികള്‍ കാണാതെ പഠിക്കുന്നതിനപ്പുറത്തേക്ക്‌ കവിതാപഠനം എത്രമാത്രം വളര്‍ന്നു എന്ന്‌ തിരിച്ചറിയാന്‍ സോമനാഥന്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമം നടത്തണം. ഏതൊരു സാഹിത്യകൃതിയായാലും അതിന്റെ തെരഞ്ഞെടുപ്പുമുതല്‍ വിനിമയം വരെ മുഖ്യമായി കാണുന്നത്‌ ആസ്വാദനാംശം തന്നെയാണ്‌. പ്രയോഗഭംഗി, ചൊല്ലല്‍ സവിശേഷതകള്‍, അര്‍ത്ഥതലങ്ങള്‍, ഔചിത്യം, ധ്വനി എന്നിവയിലേക്കൊക്കെ വളരുന്ന ചര്‍ച്ചകളാണ്‌ ക്ലാസില്‍ നടക്കുന്നത്‌. ഉപരിപ്ലവമായി അതിലെ സാമൂഹികപ്രശ്‌നങ്ങളെക്കുറിച്ചുമാത്രം ഉപന്യസിച്ചു പോകുന്നവരുണ്ടാവാം. അത്‌ അത്തരക്കാരുടെ കഴിവുകേട്‌ മാത്രം. പാഠപുസ്‌തകവും അധ്യാപകസഹായിയും ആവശ്യപ്പെടുന്നത്‌ അതല്ല. കടമ്മനിട്ടയുടെ `ശാന്ത'യില്‍ ഒരു വരള്‍ച്ചയുണ്ട്‌. അത്‌ നന്മയുടെ, സത്യത്തിന്റെ, ജനകീയതയുടെ വരള്‍ച്ചകൂടിയാണെന്നത്‌ ആ കവിതയുടെ ചര്‍ച്ചയില്‍ ക്ലാസില്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും. ഇതിനൊരു മറുവാദം കൂടിയുണ്ട്‌. സാമൂഹികശാസ്‌ത്രത്തില്‍, പല പ്രശ്‌നങ്ങളിലേക്കും കുട്ടികളുടെ ശ്രദ്ധയെ കൊണ്ടുപോകാന്‍ അവര്‍ ഉപയോഗിക്കുന്നത്‌ മലയാള കവിതകളെയും കഥകളെയുമാണ്‌. അതൊരു വളര്‍ച്ചയായി പരിഗണിക്കാമോ സാര്‍.

നേരത്തെ കാണുന്നതിനേക്കാള്‍ തെറ്റുകള്‍ രചനയില്‍ വരുന്നതെന്നത്‌ പക്ഷേ ഗൗരവപൂര്‍വ്വം ആലോചിക്കേണ്ടതാണ്‌. ഒരു കാരണം,`ഹംസത്തിന്റെ ദൗത്യപാടവം' `എഴുത്തച്ഛന്‍ നമ്മെ ഉപദേശിക്കുന്ന ആചാര്യന്‍' ഇവയില്‍ രണ്ടില്‍ ഒരു ഉപന്യാസം തീര്‍ച്ചയായും പത്താംക്ലാസിലെ പൊതുപരീക്ഷയ്‌ക്കു വരുമെന്നറിയുന്നതുകൊണ്ട്‌ അവ അടിച്ചിട്ടായാലും കാണാപ്പാഠം പഠിപ്പിക്കുമായിരുന്നു പണ്ട്‌. അവിടെ തെറ്റുകള്‍ കുടുതല്‍ വരാന്‍ സാധ്യത കുറവ്‌. അധ്യാപകന്‍ എഴുതികൊടുക്കുന്നത്‌ കുട്ടി പരീക്ഷക്കടലാസില്‍ പകര്‍ത്തുന്നു. ഇന്ന്‌ ഒരു പുതിയ സാഹചര്യമാണ്‌ ഓരോ ചോദ്യവും കുട്ടിയുടെ മുന്നില്‍ ഉയര്‍ത്തുന്നത്‌. താന്‍ മനസിലാക്കിയ ആശയങ്ങള്‍/സ്വായത്തമാക്കിയ ശേഷികള്‍ പ്രയോഗിക്കുന്നതിനാണ്‌ ഊന്നല്‍. രചനകള്‍ സ്വതന്ത്രമായി അപ്പോള്‍ ജനിക്കുന്നവയാണ്‌. അതില്‍ നേരത്തേതിനേക്കാള്‍ കുടുതല്‍ അക്ഷരതെറ്റുകള്‍ സ്വാഭാവികം. ഇത്‌ തിരുത്തുവാനുള്ള സന്ദര്‍ഭം പൊതുപരീക്ഷയല്ല, ക്ലാസ്‌ മുറിയാണ്‌. ഇന്ന്‌ കുട്ടികളുടെ രചനകള്‍ പലരീതിയില്‍ റിഫൈന്‍മെന്റിന്‌ വിധേയമാക്കണമെന്ന ആശയവും അതിന്റെ പ്രായോഗികരീതികളും അധ്യാപകര്‍ക്ക്‌ സ്വായത്തമാണ്‌. എഴുത്തിനെ ചിതറിച്ചുകളഞ്ഞു, സംസാരഭാഷയ്‌ക്കാണ്‌ ഊന്നല്‍ എന്നിത്യാദി ആരോപണങ്ങള്‍ ഡി.പി.ഇ.പി വിമര്‍ശനത്തിന്റെ തുടര്‍ച്ചയാണ്‌. വാമൊഴി പ്രയോഗങ്ങള്‍ ധാരാളം ഉപയോഗിച്ചുള്ള സാഹിത്യരചനകള്‍, നാടന്‍ പാട്ടുകള്‍ എന്നിവ പുതിയ പാഠ്യപദ്ധതിക്കാലത്ത്‌ പാഠപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ എന്നത്‌ ശരിയാണ്‌. പ്രാദേശികഭാഷാപഠനം, പ്രാദേശിക ചരിത്ര-സംസ്‌കാര പഠനം എന്നിവയ്‌ക്ക്‌ ഇന്ന്‌ ലോകത്താകമാനം കൈവന്നിട്ടുള്ള പ്രാധാന്യം എന്താണ്‌ നന്മുടെ നിരൂപകന്മാര്‍ കാണാതെ പോകുന്നത്‌? (പ്രാദേശികഭാഷയെന്നു കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ്‌ ഇവര്‍ക്കു ഹാലിളകുന്നത്‌?)അത്തരം ഭാഷമാതൃകയില്‍ തന്നെ എഴുതിയാല്‍ മതി എന്ന്‌ ആരെങ്കിലും നിര്‍ദ്ദേശിച്ചിരുന്നോ?

ആസ്വാദനം
, നിരുപണം, താരതമ്യം,വിശകലനം, വ്യാഖ്യാനം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഫലമായിഎത്രയെത്ര രചനകള്‍. സെമിനാര്‍ പ്രബന്ധങ്ങള്‍, റിപ്പോര്‍ട്ടുകള്‍, സംവാദക്കുറിപ്പുകള്‍,ഡയറി, പുസ്‌തകനിരൂപണം, ഫീല്‍ഡ്‌സ്റ്റഡിക്കുറിപ്പുകള്‍, ഉപന്യാസങ്ങള്‍, അഭിമുഖത്തിനുള്ള ചോദ്യവാലികള്‍ തുടങ്ങി ഇനിയും നീളുന്നു ഇവയുടെ പട്ടിക. ഇത്രമാത്രം രചനാപ്രവര്‍ത്തനങ്ങള്‍, സര്‍ഗാത്മക രചനകള്‍ ഇതിനുമുമ്പുള്ള നമ്മുടെ മലയാളം ക്ലാസുകള്‍ ആവശ്യപ്പെട്ടിരുന്നോ? എഴുത്തിന്റെ പ്രാധാന്യം കുറച്ചത്‌ പിന്നെങ്ങിനെ? വന്‍പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ ശബ്‌ദത്തോടൊപ്പം കുറച്ച്‌ വെളിച്ചമെങ്കിലും വേണ്ടേ മാഷേ? ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഭാഷാപഠനം വേണ്ടെന്നുവെക്കുന്നുവെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ടത്‌ മാറിയ ഭാഷാപഠനസങ്കല്‌പനങ്ങളുടെ അടിസ്ഥാനത്തിലാണ്‌. കേവലമായി ചില സാഹിത്യരചനകളുടെ ആശയം കാണാപ്പാഠം പഠിക്കല്‍ മാത്രമാണ്‌ അതെങ്കില്‍ അതെടുത്തുപോയാലും വലിയപ്രശ്‌നമില്ല, ചില മാഷന്മാര്‍ക്കല്ലാതെ. മറിച്ച്‌ മറ്റേതൊരു ജ്ഞാനശാഖയുംപോലെ അതിന്റേതായ ചരിത്രവും ആഴത്തിലുള്ള ധര്‍മ്മവും സൈദ്ധാന്തിക അടിത്തറയും വിശകലനരീതിയും ശാസ്‌ത്രവും ഉള്ള ഒരു പഠനമേഖലയാണ്‌ ഭാഷാപഠനമെന്നാണ്‌ നമ്മള്‍ സ്ഥാപിക്കേണ്ടത്‌. മാധ്യമപഠനം, വിവര്‍ത്തനം, ചരിത്രപഠനം, നരവംശശാസ്‌ത്രപഠനം, വിവര്‍ത്തനം തുടങ്ങിയ പഠനശാഖകളിലേക്ക്‌ വളരുന്നതിന്റെ അടിസ്ഥാനം ഭാഷാപഠനമാണ്‌. വ്യക്തിയില്‍ ഏറ്റവും ശക്തമായ ഊര്‍ജ്ജപ്രവാഹമായി മാറേണ്ട സൗന്ദര്യബോധം രൂപപ്പെടുത്താനും വളര്‍ത്താനും ഭാഷാസാഹിത്യപഠനത്തിലൂടെയല്ലാതെ കഴിയില്ല. ഈ കാഴ്‌ചപ്പാടോടുകുടിയാണ്‌ ഹയര്‍സെക്കന്ററി വരെയുള്ള പാഠപുസ്‌തകങ്ങളും പഠന പ്രര്‍ത്തനങ്ങളും ചിട്ടപ്പെടുത്തിട്ടുള്ളത്‌. ഭാഷാധ്യാപകരെ അവരുടെ പ്രവര്‍ത്തനങ്ങളുടെ അന്ത:സത്തയും ഗൗരവവും ബോധ്യപ്പെടുത്തിയും പുരോഗമനാത്മക ചിന്തയുടെ തേരാളികളാക്കാന്‍ പ്രേരിപ്പിച്ചും അല്ലാതെ ഇതൊന്നും സാധ്യമല്ല. അത്തരം പരിശ്രമങ്ങള്‍ക്ക്‌ കരുത്തു പകരുന്നതിനുപകരം, ഉന്നതവിദ്യാഭ്യാസ കൗണ്‍സലിനെ മുന്‍നിര്‍ത്തിയുള്ള സുസംഘടിതമായ അക്രമണത്തിലൂടെ ഒരു ജ്ഞാനശാഖയെത്തന്നെ തകര്‍ത്തുകളയാനായുന്ന ഈ സന്ദര്‍ഭത്തില്‍ പാളയത്തില്‍ത്തന്നെ പടകൂട്ടുന്നവരെയാണ്‌ ചരിത്രം ഒറ്റുകാരെന്നുവിളിക്കുക.

6 അഭിപ്രായങ്ങൾ:

 1. well done premanmash
  apt reply 4 an irresposible idea n ideology

  മറുപടിഇല്ലാതാക്കൂ
 2. Prema,
  Somanathane veruthe vidunnatha nallathu. Onnumillengilum addheham Anandan mashinu venda adi kodukkum. Athu kaalathinte anivaryathayanu. Unni

  മറുപടിഇല്ലാതാക്കൂ
 3. There has been lot of criticisms against the recent decision of the Higher Edu Council which undoubtedly betrayed bias against learning of language-
  Ithinte velichathil Dr.P.Somanath nte vimarsanathil sweekaryamaya amsangalenthenkilum undo ennu parisodhichasesham ( edathu-valathu pakshangalekkurichulla polemic ozhivakkikkondu) mattoru dishayilekku athu konduvaran kazhiyendathayirunnu ennu thonnunnu.

  The polemic about who supports globalization and who opposes appears to be irrelevant at least in the context of discussion here.
  For example,fears have already been expressed by many critics of DPEP that over indulgence with janapriyatha and user/market friendliness tend toward destabilizing the very foundations of epistemology and the praxis of learning itself.

  Udaharanathine:
  Padthanam palppayasavum school pravesam ulsavavum akkaitheerkkan naam engane shramichalum , athile yadhartha vedanayum saareerikavum maanasikamaya adhwanabharavum illathavukayilla.
  Kuttikale nammal veruthe buddhijeevikalakkiyal, valuthavumbol avar nammode thirichu chodikkum-
  ..bhaasha evidee?..arivu evidee?.. enthinu njangalkku athu nishedhichhu?... njangal schoolil varumbozhee budhhijeevikalum, arivullavarum enthunu nuna paranju?
  [ I didn't want here to problematize the way a particular poem is taken for teaching and learning...I was making few observations about the desirability of all of us coming together for doing something against the recent Higher Edu Council decision to sideline language education in favour of janapriyatha and market/user friendliness. In that sense, the polemic of who stands for/against globalization seems to be unfortunate; it is allthemore so, because we all live in a world of such relations with uncertain propensities and abilities to challenge the neoliberal world order in a true sense.

  മറുപടിഇല്ലാതാക്കൂ
 4. പ്രേമന്‍മാഷുടെ പ്രതികരണം നന്നായി. അദ്ദേഹം ഇടതുപക്ഷക്കാരനാണു് എന്നു വ്യക്തമായല്ലോ. ബ്രിട്ടീഷ് പാര്‍ലമെന്റിലെ സീറ്റുകളുടെ വിന്യാസമനുസരിച്ചാണു് ഇടതുപക്ഷമെന്ന പേരുവന്നതെന്നു് കേട്ടിട്ടുണ്ടു്. കേരളത്തിലെ ഇടതുപക്ഷം ഇടതുകമ്മ്യൂണിസ്റ്റും വലതുകമ്മ്യൂണിസ്റ്റും ഒന്നിച്ചിരിക്കുന്ന സ്ഥലമാണു്. പിന്നെയുള്ളതു് ജനതാദള്‍, കേരളകോണ്‍ഗ്രസ് എന്നൊക്കെ പറയുന്നവര്‍. ഇതില്‍ ഏതില്‍ പെടുന്നവര്‍ക്കും ഇടതുപക്ഷമെന്നു് അഭിമാനിക്കാം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്നണികളെ അവരവര്‍ നല്കുന്ന പേരില്‍ വ്യവഹരിക്കാം. പക്ഷെ കേരളസര്‍ക്കാറിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍/യു.ഡി.എഫ് സര്‍ക്കാര്‍ എന്നു വിളിക്കുന്നതില്‍ ജനാധിപത്യവിരുദ്ധതയുണ്ടു്. ആശയലോകത്തെ സംബന്ധിക്കുന്ന ഒരു പദമായാണു് ഇടതുപക്ഷം എന്നതു് ഉപയോഗിക്കുന്നതെങ്കില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ തന്നെയാണു് പ്രധാനം. ആഗോളവല്ക്കരണത്തിന്റെ അജന്‍ഡകളെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതു് ഇടതുമുന്നണി നേതൃത്വം നല്കുന്ന സര്‍ക്കാറാവുമ്പോള്‍ അതെല്ലാം ഇടതുപക്ഷമാണെന്നും അതു് ആഗോളവല്ക്കരണവിരുദ്ധമായ പ്രതിരോധമാണെന്നും വിശ്വസിക്കാന്‍ പ്രേമനു് സ്വാതന്ത്ര്യമുണ്ടു്. പക്ഷെ അതുകൊണ്ടു് വസ്തുതകള്‍ മാറുകയില്ലെന്നു മാത്രം. ഇങ്ങനെ വേഷപ്രച്ഛന്നമായി നടപ്പിലാവുന്ന ഇടനിലക്കാരുടെ ആഗോളവല്ക്കരണത്തെക്കാള്‍ നല്ലതു് സാമ്രാജ്യത്വം നേരിട്ട് നടപ്പിലാക്കുന്ന ആഗോളവല്ക്കരണമാണു്. ഒന്നുമില്ലെങ്കില്‍ തൊട്ടതിനും പിടിച്ചതിനുമെല്ലാം ആഗോളവല്ക്കരണമെന്നു് ഉദ്‌ഘോഷിക്കുന്ന ഇടനിലക്കാര്‍ ഒഴിവായിക്കിട്ടുമല്ലോ.

  കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന വിദ്യാഭ്യാസം വളരെ മികച്ചതാണെന്നു് പ്രേമന്‍മാഷ് കരുതുന്നതില്‍ കുറ്റപ്പെടുത്താനാവില്ല. കാരണം അതിന്റെ തലപ്പത്താണു് അദ്ദേഹമിരിക്കുന്നതു്. അതു പരിപൂര്‍ണ്ണമായും ശരിയാണെന്നു് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളെങ്കിലും ആ പദ്ധതിയില്‍ ഉണ്ടെന്നു് അറിയുന്നതുതന്നെ സന്തോഷം. പ്രേമന്‍ അക്കമിട്ടു പറയുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ തെറ്റാണെന്നു് ആരെങ്കിലും പറയുമോ. (തെരഞ്ഞടുപ്പു പത്രികയില്‍ ആരെങ്കിലും മോശമായ കാര്യങ്ങള്‍ എഴുന്നള്ളിക്കുമോ) പക്ഷെ `ശാന്ത' പ്രാഥമികമായും ജലദൗര്‍ലഭ്യതയെക്കുറിച്ചുള്ള ഒരു കവിതയാണു് എന്ന വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടു്. അതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി ആ കവിതയില്‍ സൂചിതമായിട്ടുണ്ടു് എന്ന ഔദാര്യമാണോ ആ കവിത അര്‍ഹിക്കുന്നതു്. അതിന്റെ അദ്ധ്യാപകസഹായി എന്തൊക്കെ പറഞ്ഞാലും ഈ നിലപാടിനെ മറികടക്കാനാവില്ല. മാത്രമല്ല ഉദ്ദേശ്യം എന്തുതന്നെ ആയാലും അതു് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു് മലയാളം ഒന്നാം പേപ്പറിലല്ല, രണ്ടാം പേപ്പറിലാണു് എന്ന വസ്തുത ശ്രദ്ധിക്കേണ്ടതാണു്. പണ്ടു് നോണ്‍ ഡീറ്റെയില്‍ എന്നു വിളിച്ച, വിശദപഠനം ആവശ്യമില്ലാത്ത ഒരു പുസ്തകത്തിലാണു് അതുള്ളതു്. സംസ്കൃതവും അറബിയും ഉറുദുവും മറ്റും ഒന്നാം പേപ്പറായി പഠിക്കുന്നവരടക്കം പഠിക്കേണ്ടതാണതു്. ആഴ്ചയില്‍ രണ്ടു പിരിയഡ് മാത്രമാണു് അതിനു് അനുവദിക്കപ്പെട്ടതു്. എന്നിട്ടും ഇത്രയും വിശദാംശത്തോടെ ആ പാഠപുസ്കത്തിലെ മുഴുവന്‍ ഭാഗവും ക്ലാസ്സില്‍ പരിഗണിക്കപ്പെടും എന്നാണു വാദിക്കുന്നതെങ്കില്‍ ഒന്നാം പേപ്പറിലെ പാഠങ്ങളുടെ സ്ഥിതി എന്താവും എന്നു് ഊഹിക്കാന്‍ പറ്റുന്നില്ല.

  ബാക്കി അടുത്ത കമന്റായി ചുവടെ വായിക്കുക

  മറുപടിഇല്ലാതാക്കൂ
 5. പ്രേമന്‍ മാഷ് വിചാരിക്കുന്നപോലെ കേരളത്തിലെ എല്ലാ സി.ബി.എസ്.ഇ- അണ്‍എയിഡഡ്‌സ്ക്കൂളുകളും ഉന്നതനിലവാരം പുലര്‍ത്തുന്നു എന്ന തെറ്റിദ്ധാരണയിലല്ല രക്ഷിതാക്കളില്‍ പലരും തങ്ങളുടെ കുട്ടികളെ അവിടേക്കയക്കുന്നതു്. പലതും നിലവാരം കുറഞ്ഞവതന്നെയാണെന്നു് രക്ഷിതാക്കള്‍ക്കറിയാം. പക്ഷെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ചും അവര്‍ക്കു ചില ധാരണകളുണ്ടു് എന്നതാണു് പ്രശ്‌നം. പക്ഷെ കേരളത്തിലെ ചില എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ പൊതുവിദ്യാലയത്തിലെ കുട്ടികളെക്കാള്‍ പത്തു ശതമാനംവരെ മാര്‍ക്കു കുറഞ്ഞാലും സി.ബി.എസ്.ഇ.യിലെ കുട്ടികളാണു് മികച്ചവര്‍ എന്നു് അവരുടെ പ്രവേശനത്തിനുള്ള നിബന്ധനയില്‍ വെളിവാക്കുന്നു. കഴിഞ്ഞദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു എഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറും ഇതേ കാര്യ അസന്നിഗ്ദ്ധമായി വെളിപ്പെടുത്തി. ഇതിനൊക്കെ പുറമെ, ചില ജില്ലകളിലെ വിദ്യാഭ്യാലപിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇരുപതോളം അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ അനുമതി നല്കിക്കൊണ്ടു് ഉത്തരവിറക്കുകയാണു് സ്വാശ്രയവിരുദ്ധ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം കൈക്കൊണ്ട നടപടി. ആര്‍ക്കാണു് മാഷേ പൊതുവിദ്യാലയത്തില്‍ വിശ്വാസം?

  കാര്യങ്ങളെ സൂക്ഷ്മമായി പഠിച്ചും വിശകലനം ചെയ്തും പൂച്ചു പുറത്താകാതെ സത്യങ്ങള്‍ വിളിച്ചു പറയുന്നതിന്റെ രീതി പ്രേമന്‍ മാഷ് കാണിച്ചുതരുന്നതു നോക്കുക. ``....അടിച്ചിട്ടായാലും കാണാപ്പാടം പഠിച്ചിരുന്നു പണ്ടു്. അവിടെ തെറ്റുകള്‍ വരാന്‍ സാദ്ധ്യത കുറവു്. അദ്ധ്യാപകന്‍ എഴുതിക്കൊടുക്കുന്നതു് കുട്ടി പരീക്ഷക്കടലാസ്സില്‍ പകര്‍ത്തുന്നു. ഇന്നു് ഒരു പുതിയ സാഹചര്യമാണു് ഓരോ ചോദ്യവും കുട്ടിയുടെ മുന്നില്‍ ഉയര്‍ത്തുന്നതു്. താന്‍ മനസ്സിലാക്കിയ ആശയങ്ങള്‍/സ്വായത്തമാക്കിയ ശേഷികള്‍ പ്രയോഗിക്കുന്നതിനാണു് ഊന്നല്‍. രചനകള്‍ സ്വതന്ത്രമായി അപ്പോള്‍ ജനിക്കുന്നവയാണു്. അതിനല്‍ നേരത്തേതിനെക്കാള്‍ കൂടുതല്‍ അക്ഷരത്തെറ്റുകള്‍ സ്വാഭാവികം'' വിചിത്രംതന്നെ ഈ നിരീക്ഷണം. ഉള്ളില്‍നിന്നു് സ്വയംരൂപപ്പെട്ടുവരുന്ന ഭാഷാപ്രയോഗങ്ങളാണു് മനപ്പാഠമാക്കി പുനരുല്പാദിപ്പിക്കുന്ന ഭാഷാപ്രയോഗങ്ങളെക്കാള്‍ സ്വാഭാവികവും എളുപ്പവും പിഴവുകള്‍ കുറഞ്ഞതും എന്നാണു് ഇതുവരെ കേട്ടിട്ടുള്ളതു്. മനപ്പാഠരീതി യാന്ത്രികമാണെന്നു് സ്ഥാനത്തും അസ്ഥാനത്തും പറയുന്ന പുതിയപാഠ്യപദ്ധതിയുടെ ആധികാരികവക്താവായ പ്രേമന്‍ മാഷ് വാദിച്ചുവാദിച്ചു് മനപ്പാഠരീതിയാണു് പിഴവുകുറഞ്ഞ എഴുത്തിനു് നല്ലതു് എന്നുവരെ പറഞ്ഞുകളഞ്ഞു. ഈ വാദപ്രകാരം കുറ്റമറ്റ ഭാഷാപ്രയോഗത്തിനു് മനപ്പാഠരീതി ആവിഷ്ക്കരിക്കണം എന്നല്ലേ സിദ്ധിക്കുക. അതിനു് അടിച്ചേ തീരൂ എന്ന ശാഠ്യം ഒഴിവാക്കുന്നതു് നന്നു് എന്നൊരു മാനഷികമുഖം നല്കിയെന്നു മാത്രം.

  പഠനത്തിന്റെ യാന്ത്രികരീതി പുതിയപദ്ധതിയില്‍നിന്നു് തുടച്ചുമാറ്റി എന്നൊക്കെ ഊറ്റം കൊള്ളുന്നതു നല്ലതുതന്നെ. അതിന്റെ സ്വഭാവം വ്യക്തമാകാന്‍ സ്ക്കൂള്‍ വിടുന്ന നേരത്തു് ചില ബുക്ക്സ്റ്റാളുകളിലെ തിരക്കു നോക്കിയാല്‍ മതി. അധികവും അദ്ധ്യാപകരാണു് അവിടെ എത്തുന്നതു്. ` ഒരു സ്വാതന്ത്ര്യസമരനേതാക്കള്‍, ഒരു പച്ചക്കറികള്‍, ഒരു മൃഗങ്ങള്‍, ഒരു കവികള്‍' എന്നെല്ലാം അവര്‍ തിരക്കുകൂട്ടും. കുട്ടികളുടെ ശേഖരണത്തിനു് ചിത്രങ്ങള്‍ വാങ്ങി വീട്ടിലെത്താനുള്ള തത്രപ്പാടിലാണവര്‍. പ്രൊജക്ടുകളും ശേഖരണങ്ങളും എല്ലാം മാര്‍ക്കറ്റില്‍ സുലഭം. ഗൈഡുകളുടെ കഥ പഴയതിനെക്കാള്‍ കൂടുതലായിട്ടേയുള്ളൂ. പ്രേമന്‍ മാഷേ സ്ക്കൂളിനെ മാത്രം ആശ്രയിച്ചു പഠിക്കുന്നവരുടെ തലമുറ അവസാനിച്ചെന്നു തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 6. അവസാനഭാഗം

  ``അക്ഷരത്തെറ്റുകള്‍, വ്യാകരണപ്പിശകുകള്‍, ആശയപരമായ പിഴവുകള്‍ എന്നിവ അക്കമിട്ടു നിരത്താന്‍ കുട്ടികളുടെ ഉത്തരക്കടലാസ്സിന്റെ ഫോട്ടോസ്റ്റാറ്റ് തപ്പിനടക്കുന്നവര്‍ക്കു് പ്രളയകാലം വരെ അതിനുള്ള സാദ്ധ്യത ഉണ്ടായിരിക്കുകതന്നന്ന ചെയ്യും.'' തെറ്റുകള്‍ ഉണ്ടാകുന്നുണ്ടു് എന്നദ്ദേഹം അംഗീകരിക്കുന്നു. അതു് എല്ലാ കാലത്തുമുണ്ടാകും എന്നും സമ്മതിക്കുന്നു. പിന്നെ എന്താണു് ഇതില്‍ വിശേഷമായി പറയാനുള്ളതു്? ഇപ്പോള്‍ തെറ്റുകളുടെ ആവൃത്തി വളരെ കൂടതലാണു്. എന്നിട്ടും ഈ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനെക്കുറിച്ചു് നിലവിലുള്ള പദ്ധതി ആലോചിക്കുന്നു പോലുമില്ല എന്നതാണു് ചൂണ്ടിക്കാണിക്കുന്നതു്. അതിനുള്ള ശ്രമം പ്രേമന്‍ മാഷുടെ പ്രതികരണത്തിലും കാണുന്നില്ല. പ്രേമന്‍ മാഷുടെ തുടര്‍ന്നുള്ള ചില പരാമര്‍ശങ്ങള്‍ നോക്കുക. ``കൗടില്യശാസ്ത്രത്തില്‍ അഗ്രഗണ്യരായ ഇവര്‍ക്കു് ശൂലത്തില്‍ കോര്‍ക്കാന്‍ ദലിതരുടെ, ആദിവാസികളുടെ, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ തെറ്റുകള്‍ നിറഞ്ഞ ഉത്തരക്കടലാസ്സുകള്‍ എത്രവേണെങ്കിലും ലഭിക്കും.'' എന്താണു് പ്രേമന്‍ മാഷെ ഇങ്ങനെയൊക്കെ പറയുന്നതു്. ദലിതരും ആദിവാസികളും ദരിദ്രരുമെല്ലാം എഴുതുന്നത്രയും തെറ്റുകളുടെ കൂമ്പാരമാണെന്നോ? സമ്പന്നരും സവര്‍ണ്ണരും എഴുതുന്നത്രയും തെറ്റില്ലാത്ത മലയാളമാണെന്നോ? എന്താവേശത്തിന്റെ പുറത്തായാലും ഇങ്ങനെയെല്ലാം പറയാമോ? ഇതാണോ പ്രേമന്‍ മാഷുടെ ദലിതപ്രേമം? എന്തും പറയാന്‍ അവകാശം വാങ്ങിയിട്ടുള്ള ആളാണെങ്കിലും സവര്‍ണ്ണസമ്പന്നന്മാര്‍ വരുത്തുന്ന പിഴവുകളുടെ ഉത്തരവാദിത്തം മാത്രമേ ഈ വിദ്യാഭ്യാസപദ്ധതി ഏറ്റെടുക്കൂ എന്നൊക്കെ പരസ്യമായി പറയാമോ?

  മറുപടിഇല്ലാതാക്കൂ