അധ്യാപകന്റെ വെട്ടിമാറ്റിയ കൈപ്പത്തിയില്‍ പുരണ്ടിരിക്കുന്നത് തീര്‍ച്ചയായും മതാന്ധതയുടെ ചോരപ്പാടുകളാണ്. ഏതിന്റെയും എന്തിന്റെയും നിറം സന്ദര്‍ഭത്തിനനുസരിച്ച് മാറ്റുന്ന മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ഒരു കണ്ണടയും പക്ഷേ ഇക്കുറി ആ ചോരപ്പാടുകളെ ന്യായീകരിക്കാനെത്തിയില്ല. സാംസ്കാരിക സാമൂഹിക രംഗത്തെ പ്രഗത്ഭര്‍ വിവിധ വീക്ഷണ കോണില്‍ നിന്ന് ഈ സംഭവത്തെ വിലയിരുത്തി. ഏറ്റവും ഒടുവില്‍ ആനന്ദ് അതില്‍ ഉള്‍പ്പെട്ട ഭരണകൂട റോളിനെയും സൂക്ഷ്മമായി കണ്ടെത്തുകയുണ്ടായി. മാതൃഭൂമി ലക്കം. അദ്ധ്യാപകന്‍ ചെയ്തു പോയ തെറ്റ് അദ്ദേഹത്തിന്റെ ബുദ്ധിശൂന്യതയുടെയും കടന്നു ചിന്തിക്കാനുള്ള കഴിവില്ലായ്മയുടെയും സാക്ഷ്യപത്രമായി എല്ലാവരും ചൂണ്ടിക്കാട്ടി. എങ്കിലും, മുഹമ്മദും പടച്ചോനും തമ്മില്‍ അയല മുറിക്കുന്നത് സംബന്ധിച്ച് നടത്തിയ സംഭാഷണത്തിലെ അത്യന്തം ജുഗുപ്സാവഹമായ അഭിസംബോധനകള്‍ മാറ്റി നിര്‍ത്തിയാല്‍ എന്തിനാണ് ആ ചോദ്യം, അതിന്റെ മുന്നും പിന്നും നല്‍കിയിരിക്കുന്ന ചോദ്യങ്ങള്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നത്, അവ കുട്ടികളുടെ ഏതേത് ശേഷികളുടെ വിലയിരുത്തലാണ് നടത്തുന്നത് എന്ന അടിസ്ഥാനപരമായ ചോദ്യങ്ങള്‍ എങ്ങുനിന്നും ഉണ്ടായില്ല. സത്യത്തില്‍ കേരളത്തിലെ അക്കാദമിക സമൂഹം ലജ്ജിച്ചു തലതാഴ്തേണ്ട സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ നിലവാരരാഹിത്യത്തിന്റെ കറുപ്പിലും വെളുപ്പിലും വെളിവാക്കപ്പെട്ട സാക്ഷ്യപത്രമാണ് ആ ചോദ്യപേപ്പര്‍. അത് ഒരു അധ്യാപകന്റെ വിവരക്കേടിന്റെയോ സമീപനത്തിന്റെയോ പ്രശ്നമല്ല, പഠനത്തെയും വിലയിരുത്തലിനെയും സംബന്ധിച്ച് ഇപ്പോഴും നമ്മുടെ സര്‍വകലാശാലകള്‍ വെച്ച് പുലര്‍ത്തുന്ന നൂറ്റാണ്ടുകള്‍ക്കു പിറകിലുള്ള ധാരണകളുടെ പ്രശ്നമാണ്. വിദ്യാര്‍ത്ഥികളുടെ തല ബൌദ്ധികമായി ചവിട്ടിയരച്ചു കൊണ്ടിരിക്കുന്ന, വെട്ടി വീഴ്ത്തുന്ന കോളേജു പഠനത്തിന്റെ ഇപ്പോഴും തുടരുന്ന (സെമസ്റ്ററൈസേഷനും ക്രെഡിറ്റ് സിസ്റ്റവും വന്നതിനു ശേഷമുള്ള ചോദ്യമാണ് മുകളില്‍ നല്‍കിയതെന്ന് ഓര്‍ക്കുക!!) രീതിശാസ്ത്രവും ഈ കേസിന്റെ അന്വേഷണ പരിധിയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്.
ചോദ്യപേപ്പറുകള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ വിലയിരുത്താനുള്ള ആത്യന്തികമായ ഉപകരണമല്ലെങ്കിലും അവിടെ നടക്കുന്ന പ്രക്രിയകളേയും വിനിമയത്തെയും സംബന്ധിക്കുന്ന മിനിമം ചില ധാരണകളെങ്കിലും നല്‍കും. ആ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ പ്രശ്നത്തിന് ആധാരമായ ചോദ്യപേപ്പര്‍ മതസ്പര്‍ദ്ധയ്ക്ക് അപ്പുറം ചില അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്താണ് നമ്മുടെ കോളേജുകളിലെ പഠനം, ഏതൊക്കെ ശേഷികളാണ് ക്ലാസ് റൂമുകളില്‍ സാര്‍ത്ഥകമാകുന്നത്, കുട്ടികള്‍ നിരന്തരം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്, വര്‍ഷത്തിന്റെയോ സെമസ്റ്ററിന്റെയോ അന്ത്യമെത്തുമ്പോള്‍ അവിരില്‍ ഉറച്ചിരിക്കും എന്ന് നാം വിശ്വസിക്കുന്ന കഴിവുകള്‍ എന്തൊക്കെയാണ് എന്നതൊക്കെ അവയില്‍ ചിലതാണ്. കുത്തും കോമയുമിടാനും പൊട്ട വാക്യങ്ങളിലെ തെറ്റുകണ്ടുപിടിക്കാനും കൊച്ചു കുട്ടികള്‍ക്ക് പോലും രണ്ടാമതൊന്നാലോചിക്കാതെ ഉത്തരം വിളിച്ചു പറയാന്‍ കഴിയുന്ന ഒറ്റവാക്കില്‍ ഉത്തരമെഴുതാനും തങ്ങളോട് ഇക്കാലത്തും നിരന്തരം ആവശ്യപ്പെടുന്ന ഒരു വിഷയത്തോടുള്ള അവരുടെ കാഴ്ചപ്പാട് എന്തായിരിക്കും? കഴിയുമെങ്കില്‍ ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ അവര്‍ ആഗ്രഹിക്കില്ലേ?
സെമസ്റ്ററൈസേഷന്‍ എന്ന കുമ്മായം പൂശി വെളുപ്പിക്കാന്‍ ശ്രമിച്ച കോളേജ് പഠനം അതിന്റെ എല്ലാ വൈകൃതങ്ങളോടെയും പഴയ ശവപ്പെട്ടിയില്‍ കിടന്നു പല്ലിളിക്കുകയാനെന്നു കണ്ടെത്താന്‍ ബിരുദ തലത്തില്‍ ഇപ്പോഴും ഉപയോഗിക്കുന്ന ചോദ്യമാതൃകകള്‍ പരിശോധിച്ചാല്‍ മതി. പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തെ അതിന്റെ എല്ലാ പൂര്‍ണതകളോടെയും പ്രയോജനപ്പെടുത്താറുള്ളത് മിക്കപ്പോഴും മാതൃഭാഷാപഠനമാണ്. അതുകൊണ്ട് 'സ്ഥാലീപുലികന്യായേനെ' ( ചോറ് വെന്തോ എന്നറിയാന്‍ ഒരു വറ്റുമാത്രം എടുത്തു ഞെക്കി നോക്കുന്ന വിദ്യ ) മലയാളം മെയിനിന്റെയും രണ്ടാംഭാഷയുടെയും (പുതിയ രീതിയില്‍ കോമണ്‍ പേപ്പര്‍ ) ഓരോ ചോദ്യപേപ്പര്‍ മാതൃക നല്‍കാം. ഒപ്പം ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പൊതു പരീക്ഷയുടെ ഒരു ചോദ്യവും പരിശോധിക്കാം.
എന്താണ് ഇവ ഇങ്ങനെ ആയിത്തീരാന്‍ കാരണം?
പ്രൈമറി,സെക്കന്ററി, ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ എപ്രകാരമുള്ള പഠന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു കടന്നു വന്ന കുട്ടികളോടാണ് നമ്മള്‍ ഇപ്രകാരമുള്ള സമീപനം എടുക്കുന്നതെന്ന് ആലോചിക്കണം. 2005 മാര്‍ച്ച് മുതലുള്ള എസ്. എസ്. എല്‍.സി പരീക്ഷയിലാണ് പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. ഓര്‍മ്മിക്കുക, അപഗ്രഥിക്കുക, വിശകലനം ചെയ്യുക, താരതമ്യം ചെയ്യുക, സര്‍ഗാത്മകമായി ആവിഷ്കരിക്കുക, ഭാവന പ്രയോഗിക്കുക മുതലായ ഉയര്‍ന്ന നിലവാരത്തിലുള്ള ചിന്താപ്രക്രിയകളെ മുഖ്യമായി കണ്ടുകൊണ്ടു ആവിഷ്കരിച്ച ഒരു എഴുത്ത് പരീക്ഷാ പരീക്ഷണമാണ് സത്യത്തില്‍ സ്കൂള്‍ ക്ലാസ് മുറികളെ അടിമുടി നവീകരിച്ചത്. ഇത്തരത്തില്‍ ഉള്ള ചോദ്യരൂപങ്ങള്‍ അന്ന് വരെ നമ്മുടെ അധ്യാപകര്‍ പരിചയിച്ചിരുന്നില്ല. പ്രയോഗക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയുള്ള 'പടവുകള്‍' പോലുള്ള നിരവധി പഠന സാമഗ്രികള്‍ ക്ലാസ് റൂം പരിശീലനത്തിനായി തയ്യാറാക്കിയാണ് അധ്യാപകരെയും കുട്ടികളെയും പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ പരീക്ഷാഹാളില്‍ പതറലില്ലാതെ നേരിടാന്‍ പ്രാപ്തരാക്കിയത്. പാഠഭാഗങ്ങള്‍ കാണാപ്പാഠം പഠിച്ച് ചോദ്യത്തിന്റെ ഏതെങ്കിലും ഒരു കഷണത്തില്‍ നിന്ന് സന്ദര്‍ഭം തിരിച്ചറിഞ്ഞ്, മനപ്പാഠം പഠിച്ചവ അതുപോലെ ചര്‍ദ്ദിച്ചു വെയ്ക്കുന്ന ഒരു രീതിയ്ക്ക് പകരം നേരത്തെ പരിചയപ്പെട്ട ആശയങ്ങളെ പുതിയ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കുന്ന, മറ്റൊന്നുമായി താരതമ്യം ചെയ്യുന്ന, മറ്റൊരു തലത്തില്‍ നോക്കിക്കാണുന്ന, പുതിയ ഒന്നില്‍ നേടിയ ജ്ഞാനം പ്രയോഗിച്ചു നോക്കുന്ന ഒരു എഴുത്ത് പരീക്ഷാരീതി. 2007 മുതല്‍ ഹയര്‍ സെക്കന്ററിയിലും ഈ രീതി നടപ്പില്‍ വന്നു. ക്ലാസ് റൂം പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി എഴുത്ത് പരീക്ഷയേയും കാണുന്ന ഈ രീതി മറ്റൊരു തരത്തില്‍ ക്ലാസ് റൂം പ്രവര്‍ത്തനത്തെയും ശക്തമാക്കാന്‍ സഹായിച്ചു. " പരിസ്ഥിതിയും വികാസനവും എന്ന വിഷയത്തെ ക്കുറിച്ചുള്ള സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട ഒരു ആശയമാണ് മുകളില്‍ നല്‍കിയത്. അതിനോട് പ്രതികരിച്ചുകൊണ്ട് നിങ്ങളുടെ രണ്ടു സംശയങ്ങള്‍ ഉന്നയിക്കുക" എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ക്ക് പല മാനങ്ങള്‍ ഉണ്ട്. ഇത്തരം ചോദ്യങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി പഠിച്ചുവെക്കാവുന്നതല്ല. അതതു സന്ദര്‍ഭത്തില്‍ തന്റെ ബുദ്ധിയും ചിന്താശേഷിയും ഉപയോഗിച്ച് കണ്ടെത്തെണ്ടാവയാണ്.ഒപ്പം സെമിനാറുകള്‍ പോലുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലാസ് മുറിയില്‍ ഉറപ്പിക്കുക കൂടിയാണ് അവ ചെയ്യുന്നത്. 2007 മുതല്‍ കോളേജുകളില്‍ എത്തുന്നത് സ്വന്തം ചിന്തയെ പ്രയോഗിച്ചു കൊണ്ട് ഓരോ സന്ദര്‍ഭങ്ങളെയും പ്രശ്നങ്ങളെയും നിര്‍ദ്ദാരണം ചെയ്യാന്‍ പരിചയിച്ച വിദ്യാര്‍ത്ഥികളാണ്. ആശയ വിനിമയത്തിന്റെ കാര്യത്തിലും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള മനസ്സിന്റെ കാര്യത്തിലും ലോക ബോധത്തിന്റെ കാര്യത്തിലും കുറേക്കൂടി മുന്നില്‍ നില്‍ക്കുന്ന കുട്ടികള്‍. അവരെയാണ് ക്ലാസ് മുറിയില്‍ കുത്തും കോമയുമിടാന്‍ പഠിപ്പിക്കുന്നത്!!
കോളേജുകളില്‍ എത്തുന്ന കുട്ടികളുടെ നിലവാരത്തിന്റെ കാര്യത്തില്‍ കുത്തനെ ഇടിവുണ്ടായെന്നു നിരന്തരം പരാതി പറയുന്നവരാണ് മിക്ക കോളേജു വാദ്ധ്യാന്മാരും. പലര്‍ക്കും മാതൃഭാഷ പോലും നേരാം വണ്ണം എഴുതാന്‍ അറിഞ്ഞു കൂടാ, ഇംഗ്ലീഷില്‍ വ്യാകരണത്തെറ്റില്ലാതെ ഒരു വാക്യം എഴുതാനോ ഉച്ചാരണ ശുദ്ധിയോടെ രണ്ടു വാക്ക് പറയാനോ കഴിയുന്നില്ല, ഒരു കാര്യത്തെ ക്കുറിച്ചും സാമാന്യധാരണയില്ല ഇങ്ങനെ പോകുന്നു പരാതികളുടെ വെള്ളിമീന്‍ചാട്ടങ്ങള്‍. വളരെ ഗൌരവത്തില്‍ പരിഗണിക്കേണ്ടത് തന്നെയാണ് ഈ പരാതികള്‍. അത് പക്ഷെ കൃത്യമായ ഒരു പഠനത്തിന്റെ പിന്‍ബലത്തോടെ ആയിരിക്കണം. നിലവില്‍, കോളേജിലെത്തുന്ന കുട്ടികളുടെ പഠന നിലവാരരാഹിത്യത്തിന്റെ ഉത്തരവാദിത്വം ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കും അവിടെ കുറഞ്ഞതിന്റെ ഉത്തരവാദിത്വം ഹൈസ്കൂള്‍ അധ്യാപകര്‍ക്കും അവിടെയും കുറഞ്ഞതിന്റെ ഉത്തരവാദികള്‍ പ്രൈമറി അധ്യാപകരും ആണ്. പ്രൈമറി പ്രീ പ്രൈമറിക്കാര്‍ എളുപ്പത്തില്‍ ആ ചീത്തപ്പേര് ചിള്ളി രക്ഷിതാക്കളുടെ കോര്‍ട്ടിലേക്കിടും. പാവം രക്ഷിതാവ് ആ ചീത്തപ്പേരിന് കൊടുക്കാവുന്നിടത്തോളം ശിക്ഷ ചെറുക്കന് അല്ലെങ്കില്‍ ചെറുക്കിക്ക് കൊടുത്തതിനു ശേഷം സ്വന്തം തലവരയെ ശപിച്ച് വിഷാദ രോഗത്തിന് അടിമപ്പെടും. എന്നാല്‍ നിലവാര രാഹിത്യത്തിന്റെ നെല്ലിപ്പലക മുഴുക്കെ കാണാവുന്നത് കോളേജു പഠനത്തിലാണെന്നു ഇപ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നിത്തുടങ്ങിയിട്ടുണ്ട്.
എവിടെയാണ് പഠന നിലവാരം സത്യത്തില്‍ കുറയുന്നത് എന്നത് സംബന്ധിച്ച് ഒരു സൂക്ഷ്മ പരിശോധനയ്ക്ക് സമയമായിട്ടുണ്ട്. എസ്. എസ്. എല്‍. സി യുടെ തൊണ്ണൂറ്റി ഏഴ് ശതമാനമോ സി. ബി എസ്. സി യുടെ തൊണ്ണൂറ്റി ഒന്‍പതര ശതമാനമോ വിജയം കാണിക്കുന്നത് അപ്പടി വിശ്വസിക്കാമോ? ഹയര്‍ സെക്കന്റരിയിലെ തുടര്‍ പഠന യോഗ്യത നേടുന്ന എഴുപതു ശതമാനം തികച്ചു യോഗ്യരായവര്‍ തന്നെയാണോ? പക്ഷെ ഒരു കാര്യം സംശയമേതുമില്ലാതെ പറയാം, ഈ യോഗ്യത നേടുന്നവരില്‍ ഏറ്റവും അവസാനത്തെ പടവുകളില്‍ വരുന്ന തൊണ്ണൂറു ശതമാനം പേരും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സാമുദായിക പദവിയിലോ സാമ്പത്തിക ശ്രേണിയിലോ ഉള്ളവരായിരിക്കുമെന്ന്. നിലവാരക്കുറവിന്റെ പഴി മിക്കപ്പോഴും ഈ വര്‍ഗത്തോടുള്ള അസഹിഷ്ണുതയുടെ രസക്കൂട്ടുകള്‍ കൂടി ചേര്‍ത്താവും വിളമ്പുക. കുട്ടികള്‍ ഈ നിലവാരത്തിലാണെങ്കില്‍ ഞങ്ങള്‍ എങ്ങിനെ ഇവരെ നന്നായി പഠിപ്പിക്കും എന്നാണ് കോളേജു മാഷന്മാരുടെ തുരുപ്പുചോദ്യം. പിള്ളേര്‍ക്കെന്തിനാ കഷണം; ചാറ് മാത്രം പോരെ എന്ന് കോഴിക്കറിവെച്ചപ്പോള്‍ പണ്ടേതോ കാരണവര്‍ പറഞ്ഞതുപോലെ. അതിന്റെ ഉത്തരവാദിത്വവും പാവം കുട്ടികളുടെ മണ്ടയ്ക്ക്!!
കുട്ടികളെ കേവലം ചില വസ്തുതതകള്‍ ഓര്‍മിച്ചു വെക്കാനുള്ള ഒരു യന്ത്രമായി കാണുന്നവര്‍ക്കല്ലാതെ മേല്‍പ്പറഞ്ഞ രീതിയിലുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുമോ.
കടമ്മനിട്ട രാമകൃഷ്ണന്റെ കാട്ടാളന്‍ എന്ന കവിത വിശദമായി പഠിപ്പിച്ചതിനു ശേഷം വാര്‍ഷിക പരീക്ഷയ്ക്ക് ചോദിക്കുന്നു,
' ഉരുള്‍ പൊട്ടിയ മാമല പോലെ
ഉലകാകെ യുലയ്ക്കും മട്ടില്‍
അലറീ കാട്ടാളന്‍ '
എ. അലറിയതാര്?
ബി. രചയിതാവാര്?
സി. കവിത ഏത്?
ഡി. അലര്‍ച്ച ഏത് പോലെ?
ഇത്തരം ചോദ്യങ്ങള്‍ ഇനിയും വായിക്കാന്‍ ധൈര്യമുള്ളവര്‍ക്ക്
ഇവിടെ ഞെക്കിയാല്‍ കുറച്ചുകൂടെ കിട്ടും. മൂന്നാം തരത്തിലെ കുട്ടികള്‍ ഉത്തരം പറയുന്ന ( സത്യത്തില്‍ ഇത് അവരെ അപമാനിക്കലാണ്. അവിടുത്തെ മലയാളം പരീക്ഷയുടെ ചോദ്യം എന്തായാലും ഇതിലും കടുപ്പമാണ് ) ഇത്തരം സാധനങ്ങള്‍ക്ക് ഉത്തരമെഴുതുകയാണ് വേണ്ടതെങ്കില്‍ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ക്ലാസ്സില്‍ കയറുമോ? പിന്നെ നമ്മളായി കഷ്ടപ്പെട്ട് താരതമ്യത്തിനും വിലയിരുത്തലിനും മറ്റുമായി കവിതകളോ കഥകളോ ലേഖനങ്ങളോ തപ്പിപ്പിടിക്കേണ്ട ആവശ്യമില്ലല്ലോ മാഷന്മാര്‍ക്ക്.
അല്ലെങ്കില്‍ തന്നെ തന്റെ വിഷയത്തിന്റെ മേഖലയിലെങ്കിലും അത്യാവശ്യം താത്പര്യം കാണിക്കുന്ന എത്രപേര്‍ അക്കൂട്ടത്തിലുണ്ട് എന്ന് എണ്ണി നോക്കേണ്ടതുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ നിലവാരം കുറഞ്ഞവര്‍ക്കുള്ള സംവരണ സ്ഥലമായി കോളേജുകള്‍ മാറിത്തീര്‍ന്നത് ( മിടുക്കന്മാര്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും ആകാന്‍ നാളുകള്‍ക്കു മുന്‍പേ ഒരുങ്ങിയിട്ടുണ്ടാകും. 'തിരിവല്ലേ' ഞങ്ങള്‍ക്ക് കിട്ടുന്നത് എന്നൊരു മാഷിന്റെ വിലാപം.) അനുഗ്രഹമായത് അവിടങ്ങളിലെ അധോമുഖവാമനന്മാര്‍ക്കാണ്. ഓറെ ചെറിയ പുത്തിയില്‍ നിന്ന് നമ്മളെ എടങ്ങേറാക്കുന്ന ഒന്നും വരില്ല. ഇത്തിരിവട്ടം മാത്രം കാണ്മവരും ഇത്തിരിവട്ടം ചിന്തിക്കുന്നവരുമായ അവരാണ് കോളേജുകളെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും അന്വേഷണ പഥങ്ങളാക്കുന്നതിനു പകരം കൊച്ചുവര്‍ത്തമാനങ്ങളുടെയും ഗൈഡ് അധിഷ്ടിത പഠനത്തിന്റെയും നാറുന്ന വെളിമ്പറമ്പുകളാക്കുന്നത് . അവര്‍ ആര്? എന്ന് ?എവിടെവെച്ച് ?എപ്പോള്‍? അത് നിര്‍വഹിച്ചു എന്നല്ലാതെ മറ്റെന്തു ചോദിക്കാന്‍!! ( കോളേജുകളിലെ ഏറ്റവും നന്നായി പഠിപ്പിക്കുന്ന, ഇത്തരത്തില്‍ ചോദ്യങ്ങള്‍ വരുന്നതില്‍ പ്രയാസപ്പെടുന്ന എന്റെ സുഹൃത്തുക്കളോട് മുന്‍കൂര്‍ ക്ഷമാപണം )
ഇപ്പോള്‍ എസ്.എസ്. എല്‍.സി, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പൊതു പരീക്ഷാ ചോദ്യപേപ്പറുകള്‍ അയല്‍വക്കത്തെ ഏതെങ്കിലും കുട്ടികളുടെ അടുത്തു നിന്ന് സര്‍വകലാശാലാ അധ്യാപകര്‍ ഒന്ന് വാങ്ങി നോക്കണം. കൊമാല എന്ന ചെറു കഥയിലെ ഒരു കഥാപാത്രമായ ബേങ്ക് സെക്രട്ടറിയുടെ വാക്കുകള്‍ നല്‍കുന്നു.
"കണ്ണീരിന്റെ മാനദണ്ഡം വച്ച് കടം എഴുതിത്തള്ളാന്‍ തുടങ്ങിയാല്‍ പിന്നെ ബേങ്കും പൂട്ടി വീട്ടിലിരുന്നാല്‍ മതി. മനുഷ്യന്റെ ജീവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ല"
കൊമാല എന്ന കഥയിലെ ബേങ്ക് സെക്രട്ടറിയുടെ വാക്കുകളാണിത്. ഈ നിലപാടിനോടുള്ള നിങ്ങളുടെ പ്രതികരണം കുറിപ്പായി എഴുതുക.
ഇവിടെ കുട്ടികള്‍ക്ക് ബേങ്ക് സെക്രട്ടറിയെ ന്യായീകരിച്ചോ അദ്ദേഹത്തിന്‍റെ വാക്കുകളെ വിമര്‍ശിച്ചോ തങ്ങളുടെ പ്രതികരണങ്ങള്‍ രഖപ്പെടുത്താം. അവ എത്ര മാത്രം യുക്തിസഹമാണ്, തനിമയുള്ളതാണ്, അവതരിപ്പിച്ചത് എങ്ങിനെയാണ് എന്നെല്ലാമാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്. ( കൂടുതല്‍ ചോദ്യങ്ങള്‍ മേല്‍ ലിങ്കിലുള്ളത് ശ്രദ്ധിക്കുമല്ലോ ). മിക്ക കുട്ടികളും ഇത്തരത്തില്‍ ഉത്തരം നല്‍കും. കാരണം സ്വന്തമായ ചിന്തയെ പ്രകാശിപ്പിക്കവിധത്തിലാണ് അവരുടെ പഠനം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
ഏറ്റവും പ്രധാനമായ മറ്റൊരു സംഗതിയുണ്ട്. സ്കൂളുകളിലെ പഠനം സംവാദാത്മകവും അന്വേഷണാത്മകവും അവതരണാത്മകവും, അക്കാദമികവും സര്‍ഗാത്മകവുമായ രചനാ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളതും ആക്കുമ്പോള്‍ പൊതുസമൂഹത്തിനുണ്ടായ സംശയം ഇത്തരം കാര്യങ്ങള്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ ഏറ്റെടുക്കാന്‍ ആ പ്രായത്തിലെ കുട്ടികള്‍ക്ക് എത്രമാത്രം കഴിയും എന്നതായിരുന്നു. പഠനം എന്നത് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന ചിന്തയുടെ ഫലമാണെങ്കില്‍ അത് ഏറ്റവും ഫലപ്രദമാവുക സര്‍വകലാശാലാ പഠന കാലയളവിലാണ്. സ്വയം പഠനത്തിന്റെ പ്രകാശ വീഥികളിലേക്ക് അവരെ ആത്മവിശ്വാസത്തോടെ നയിക്കാന്‍, ഉചിതമായ സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍, ചിന്തകളെ വ്യത്യസ്തമായ കൈവഴികളിലേക്ക് നയിക്കാന്‍ കൈല്‍പ്പുള്ളവര്‍ നമ്മുടെ കോളേജുകളില്‍ ഉണ്ടോ എന്നത് മാത്രമാണ് ചോദ്യം. സയന്‍സിലെ ഏറ്റവും പ്രധാനമായ സിദ്ധാന്തങ്ങളായാലും സാമൂഹിക ചരിത്രത്തിലെ രക്തരൂക്ഷിതമായ അധ്യായമായാലും അവ തന്റെ ബുദ്ധിക്കനുസരിച്ച് കഥാപ്രസംഗം നടത്താനല്ലാതെ വിദ്യാര്‍ഥികളുടെ ഒരു അനുഭവമാക്കാന്‍ കഴിയുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. അക്കാദമികമായ എന്ത് ഉന്നമനമാണ് നമ്മുടെ പല കോളെജുകളും അവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് എന്ന ചോദ്യം ചോദിക്കാതെ, അവരെ ബുദ്ധി ജീവികളെന്ന നിലയില്‍ പരിചരിക്കാനും സമൂഹത്തിലെ ഏതുകാര്യത്തെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാന്‍ അവകാശമുള്ളവര്‍ എന്ന സ്ഥാനപ്പേര് നിലനിര്‍ത്താനും പൊതു സമൂഹം ഏറെക്കാലം അനുവദിക്കുമെന്ന് തോന്നുന്നില്ല.
ചോദ്യക്കടലാസിലെ ചോദ്യങ്ങള്‍ മാര്‍ക്കിടുന്നതിനുള്ള വെറുമൊരു ഉപാധി മാത്രമല്ല. അത് എന്താണ് ഇവര്‍ ക്ലാസ് മുറിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ സാക്ഷ്യപത്രമാണ്. ഇഞ്ചാതി സംഗതികള്‍ പൂരിപ്പിക്കുന്നതിനോ രണ്ടു വാക്കില്‍ കാണാതെ പഠിച്ചത് ചര്‍ദ്ദിക്കുന്നതിനോ ആണ്, അവരുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഈ പ്രായത്തില്‍ നിങ്ങള്‍ അവരെ നിര്‍ബന്ധിക്കുന്നതങ്കില്‍ പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ ശിക്ഷാര്‍ഹരാണ്. ചോദ്യപേപ്പറിലെ മതസ്പര്‍ദ്ധ അങ്ങിനെ നോക്കുമ്പോള്‍ താരതമ്യേന ചെറിയ കുറ്റമാണ്.