കേരളാ ഹൈക്കോടതിയുടെ രണ്ടു ദിവസം മുന്‍പുണ്ടായ വിധിയാണ് പോലീസുകാര്‍ക്ക് ഈ സുവര്‍ണാവസരം ഒരുക്കാന്‍ പോകുന്നത്. നേരത്തെ ഒരു അധ്യാപക സമരകാലത്ത് പോലീസുകാര്‍ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം നടത്തുക പോലും ചെയ്തിട്ടുള്ള സംഭവവുമായി താരതമ്യം ചെയ്യുമ്പോള്‍ (ഏതു പോലീസുകാര്‍ക്കും ചെയ്യാവുന്നത് എന്ന പ്രയോഗംതന്നെ നടപ്പില്‍ വന്നത് അന്നാവാന്‍ മതി) കുട്ടികളുടെ തലയെണ്ണുന്ന ഈ പണി മറ്റേതു കൊഞ്ഞാണന്‍ മാര്‍ക്കും ചെയ്യാവുന്നതേയുള്ളൂ. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ട് ( കഴിഞ്ഞ അഞ്ചു വര്‍ഷം ആചാരവെടി വെക്കല്‍ മാത്രമായിരുന്നു കേരളത്തില്‍ ഏമാന്മാരുടെ പണി എന്നാണല്ലോ സത്യ കൃസ്ത്യാനിയായ ചെറിയാന്‍ ഫിലിപ്പിന്റെ പോലും വചനങ്ങള്‍ ) ഈ പണിയെങ്കിലും നടക്കട്ടെ എന്ന് കോടതിയും വിചാരിച്ചുകാണും. സര്‍ക്കാര്‍ എയിഡഡ് സ്കൂളുകളില്‍ വിത്തിന് വെച്ച മാതിരി കുറച്ചു കുട്ടികളെ ശേഷിക്കുന്നുള്ളൂ എന്ന് മാതൃഭൂമി മനോരമയാദികള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ പോലീസുകാര്‍ക്ക് ഇതില്‍ വലിയ പ്രയാസം നേരിടുകയുമില്ല. കൈകാലുകളില്‍ കൂട്ടാവുന്നതെയുള്ളൂ ഇവന്മാരുടെ ആകെമൊത്തംടോട്ടല്‍ . മറ്റൊരു ഉഗ്രന്‍ പ്രയോജനം കൂടി ഇതുവഴിയുണ്ട്. സര്‍ക്കാരിന്റെ ചിലവുകുറക്കല്‍ ആണല്ലോ കോടതിയടക്കം സര്‍വമാന ആളുകളുടെയും ആഗോള അജണ്ട. നാളെ പിള്ളാരുടെ എണ്ണം നോക്കാന്‍ ഇടിയന്‍ നാറാണപിള്ളയും ഹെഡ്കാന്‍സ്റ്റബ്ള്‍ മീശക്കാരന്‍ കുട്ടന്‍പിള്ളയും - പോലീസുകാരുടെ ആയകാലത്തെയുള്ള പ്രതിനിധികള്‍ - വരുന്നു എന്ന് കേട്ടാല്‍ ഒരു വിധപ്പെട്ട പിള്ളേരൊന്നും ആ സര്‍വേ നമ്പരില്‍ കൂടി ഒരാഴ്ച പോകില്ല എന്ന് ഉറപ്പാണല്ലോ .അതുവഴി, ഞാളെ ചെറിയപുത്തിയില്‍ പച്ചി മൂന്നാണ് എന്ന് ശ്രീനിവാസന്‍ പറഞ്ഞത് മാതിരി കൃത്യം കണക്കും കിട്ടും, പിള്ളാ
ഏറ്റവും രസകരമായ കാര്യം ആര് പറഞ്ഞതും എഴുതിയതും വിശ്വാസമില്ലാതെയാണ് പോലീസുകാരെ ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നാണ്. മാഷന്മാരെക്കുറിച്ച് ഇക്കാലമത്രയും സമൂഹത്തിനുണ്ടായിരുന്ന ചില ധാരണകളെക്കൂടിയാണ് കോടതി വൃത്തിയായി പൊളിച്ചടുക്കിയത്.സത്യം, നന്മ, നേര്, നെറി എന്നിങ്ങനെയുള്ള സദ് ഗുണങ്ങള്‍ കുട്ടികളില്‍ പാകി മുളപ്പിക്കാന്‍ ആഗോള ടെണ്ടര്‍ വിളിച്ചുറപ്പിച്ച ഒരു വിഭാഗത്തെയാണ് വാക്കിനു വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ എന്ന് പരസ്യമായി കോടതി വിളിച്ചിരിക്കുന്നത്. സ്കൂളിലെ കുട്ടികളുടെ എണ്ണമെങ്കിലും വൃത്തിയായി കൊടുക്കാതെ കൃത്രിമം കാട്ടി സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും കാശ് കട്ടെടുക്കുന്നവര്‍ എന്ന് പരിഹസിച്ചിരിക്കുന്നത്. തീര്‍ച്ചയായും കള്ളന്മാര്‍ക്കുള്ള ശിക്ഷകള്‍ ഇവര്‍ക്ക് ലഭിക്കുക തന്നെ വേണം. എയിഡഡ് സ്കൂളുകള്‍ എന്ന് കേട്ടാലെ കേരളത്തിലെ പൊതുമനസ്സിന് കലിയാണ്. മാനജര്‍മാര്‍ തുകയുടെ വലിപ്പത്തില്‍ മാത്രം അധ്യാപകരുടെ യോഗ്യതകള്‍ നോക്കികണ്ടു നിയമനം നടത്തുകയും ശമ്പളം കൃത്യമായും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുകയും ചെയ്യുന്ന ലോകത്തിലെ മറ്റൊരിടത്തും കേട്ടുകേള്വിയില്ലത്ത സംവിധാനത്തിന്റെ ഓമനപ്പേരാണല്ലോ എയിഡഡ് സ്കൂള്‍ എന്നത്.
പഴയകാലത്ത് നിയമിക്കപ്പെട്ടുപോയ ചില ഹതഭാഗ്യര്‍ ഒഴികെ ( ആ തലമുറ മിക്കാവാറും കുറ്റിയറ്റു കഴിഞ്ഞു ) ലക്ഷങ്ങള്‍ വാരിയെറിയാതെ ആരും ആ വഴി നടന്നിട്ടില്ല. അതൊന്നും പോരാതെയാണ് അണ്‍ എയിഡഡ്സ്കൂളുകളില്‍ നിന്നും പിള്ളേരെ ഇറക്കി കളിക്കുന്നത്. മിക്ക സ്കൂളുകളിലും പരിശോധനക്കെത്തുന്ന പാവംപിടിച്ച മാഷന്മാരെയും ടീച്ചര്‍മാരെയും കറക്കാനും വട്ടംചുറ്റിക്കാനും വിദഗ്ദ്ധന്മാരായ, പിള്ളാരെ ഒരു ക്ലാസ്സില്‍ നിന്ന് നാല് ക്ലാസിലേക്ക് നിമിഷങ്ങള്‍ക്കകം മാറ്റാന്‍ കഴിവുള്ള സീനിയര്‍മാര്‍ ഉണ്ട്. അവരെപ്പേടിച്ച് ഏകദിന പരിശോധനയ്ക്ക് പോയ ഒരു പാവം മാഷും ഒന്നും റിപ്പോര്‍ട്ട് ചെയ്യില്ല. പൊറ്റക്കാടിന്റെ 'ഇന്‍സ്പെക്ഷന്‍ 'എന്ന കഥയില്‍ ജീവിതത്തിന്റെ പൊറുതികേടു കൊണ്ടു സ്കൂളില്‍ പോകാത്ത കുട്ടികളെ അത്യാവശ്യം പ്രലോഭിപ്പിച്ചും രക്ഷിതാക്കളെ സോപ്പിട്ടും ക്ലാസ്സില്‍ പിടിച്ചിരുത്തുന്ന പാവം മാഷുടെ കഥയുണ്ട്. ചേട്ടന്റെ കുപ്പായം ളോഹ പോലെ ഇട്ടുവന്ന, സീറ്റില്‍ ഒരിക്കലും ഇരിക്കാത്ത ഒരുവനെക്കുറിച്ച് പൊറ്റക്കാട് ഗംഭീരന്‍ ഒരുപമ നടത്തുണ്ട്. മാഷ് ഈ ചങ്ങാതിയെ പിടിച്ചു ബലമായി ഇരുത്തും. പിടിവിടുമ്പോള്‍ കക്ഷി ഓട്ടോമാറ്റിക് ആയി പൊങ്ങും. ഇങ്ങനെ ഞെക്കലും താഴ്തലും പൊങ്ങലും ആവര്‍ത്തിക്കുമ്പോഴാണ് ഉപമാ പ്രയോഗം, 'ഹാര്‍മോണിയത്തിന്റെ കട്ടപോലെ'. കഥ അവസാനിക്കുന്നത്, ഇന്‍സ്പെക്ഷനെക്കുറിച്ചും ഗ്രാന്റിനെക്കുറിച്ചും മാത്രം ആലോചിച്ചു സമനില തെറ്റിയ ആ മാഷ്, ദിവസങ്ങളായി പട്ടിണി കിടക്കുന്ന, അസുഖബാധിതയായ മകളെ ചികിത്സിക്കാന്‍ പോലും വഴിയില്ലാത്ത ആ പാവം, കണ്ടാമൃഗത്തെക്കുറിച്ച് ചോദിക്കുന്ന കുട്ടിയോട് "കണ്ടാമൃഗത്തിനു എത്ര ഗ്രാന്റുകിട്ടും?" എന്ന് തിരിച്ചു ചോദിക്കുന്നിടത്താണ്.
പോലീസിനെ ഉപയോഗിച്ച് കുട്ടികളുടെ തലയെണ്ണുന്നത് അത്യാവശ്യമായി വരുന്ന സന്ദര്‍ഭത്തിലെക്കാണ് കാര്യങ്ങളുടെ പോക്ക്. സ്വന്തം പോസ്റ്റുകള്‍ നിലനിര്‍ത്താന്‍ , മാനേജ്മെന്റിന് ലാഭമുണ്ടാക്കി കൊടുക്കാന്‍ , റിസള്‍ട്ട് വര്‍ദ്ധിപ്പിക്കാന്‍ എന്ത് കടുംകൈയും ചെയ്യാന്‍ മടിക്കാത്ത ക്വട്ടേഷന്‍ സംഘമായി പ്രവര്‍ത്തിക്കുന്ന അധ്യാപഹയര്‍ ഇപ്പോള്‍ മിക്ക സ്കൂളിലും ഉണ്ട്. ഏകജാലക പ്രവേശനം പോലും അട്ടിമറിക്കാന്‍ മാനേജ്മെന്റിന് ഒത്താശ ചെയ്തുകൊടുത്ത പ്രിന്‍സിപ്പാള്‍മാര്‍ അനവധി ഉള്ള നാടാണ് ഇന്ത നാട്. തട്ടിപ്പ് കൈയോടെ പിടികൂടിയാലും ഇവിടെ ഒന്നും നടക്കില്ല. അത്രമാത്രം മുറുക്കമുള്ളതാണ് നമ്മുടെ സംഘടിത ശക്തി. സര്‍ക്കാര്‍ ആപ്പീസുകളിലെ കൈക്കൂലി പകല്‍ വെളിച്ചം പോലെ പരന്നൊഴുകിയിട്ടും സംഘങ്ങള്‍ നോക്കുമ്പോള്‍ സംഗതി കാനല്‍ജലം പോലെ, അടുത്തെത്തുമ്പോള്‍ ഒന്നുമില്ല, എല്ലാം വെറും തോന്നല്‍ . മറ്റൊരര്‍ത്ഥത്തില്‍ അപ്പീസുകളിലെ അഴിമതിയെക്കാള്‍ ഭീകരമാണ് കുട്ടികളുടെ എണ്ണം തിരിമറിചെയ്ത് പോസ്റ്റ് നേടുന്ന മാഷന്മാര്‍ ചെയ്യുന്നത്. മറ്റേതു ഒരാളുടെ വ്യക്തിപരമായ നഷ്ടമാണെങ്കില്‍ ഇത് ഓരോ പൌരനേയും കാലങ്ങളോളം ചോര്‍ത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനം തന്നെയാണ്.
മറ്റൊന്ന് കൂടി കാണണം. ഏതു രാജ്യത്തെ പോലീസിനെയാണ് നാം ഇക്കാര്യം ഏല്‍പ്പിക്കുന്നത് എന്നതാണത്. ലോക്കപ്പിലെ ഉരുട്ടിക്കൊല, പ്രതിയെ പീഢിപ്പിച്ചുകൊല്ലല്‍ , പ്രമാണിമാര്‍ക്കെതിരെ മിണ്ടാട്ടമില്ലായ്മ എന്നിത്യാതി കടുത്ത ആരോപണങ്ങള്‍ പത്രക്കാര്‍ ചാര്‍ത്തിക്കൊടുത്ത പോലീസല്ലേ അത്.
ആലോചിച്ചു നോക്കൂ, രാവിലെ ഒരു വണ്ടി പോലീസ് സ്കൂളിനുമുന്നില്‍ .സുരേഷ് ഗോപിയുടെ പ്രേതം കൂടിയ എസ്. ഐ. സര്‍വീസ് റിവോള്‍വര്‍ കൈവിരലില്‍ ചുഴറ്റി ക്കൊണ്ട് നേരെ ക്ലാസിലേക്ക്. നിങ്ങള്‍ ഇതുവഴി ഓഫീസ് കവര്‍ ചെയ്യണം. നിങ്ങള്‍ ഹൈസ്കൂള്‍ കെട്ടിടത്തില്‍ അന്വേഷിക്കണം. ഞങ്ങള്‍ ഇതുവഴി ഏഴില്‍ ചെന്ന് കേറാം. ഹാന്‍സ് അപ്പ് ... എന്താ മാഷേ പഠിപ്പിക്കുന്നത്? ശരി ..ഇനി ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം...
ഒന്നിനും രണ്ടിനും മുട്ടി ഒരുവിധപ്പെട്ട മാഷന്മാരൊക്കെ അപ്പോഴേക്കും കുനിഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടാവും.
ഗംഭീരം ഞാന്‍ മുഴുവനായി പിന്തുണയ്ക്കുന്നു
മറുപടിഇല്ലാതാക്കൂവിദ്യാര്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ എന്നാ നിലയില്‍, താങ്കള്‍ പറഞ്ഞതിനോട് 99% യോജിക്കുന്നു. എങ്കിലും ഇത്തരം തട്ടിപ്പ് നടത്തി സര്‍ക്കാര്‍ ഗ്രാന്റ് കൈക്കലാക്കുന്ന മാനേജ്‌മന്റ്‌കള്‍ക്കെതിരെ , എന്ത് ചെയ്യാന്‍ കഴിയും. -- എന്നുകൂടി സംഘടിത അധ്യാപക പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ശമ്പള വര്‍ധനവിന് വേണ്ടി മാത്രം ശബ്ദം ഉയര്‍ത്താതെ, ഒരു സാമൂഹ്യ പ്രശ്നമായി കണ്ടു ഇടപെടാന്‍ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം.
മറുപടിഇല്ലാതാക്കൂപോലീസിന്റെ കണക്കും, അധ്യാപകരുടെ കണക്കും എടുത്തിട്ട് ശരാശരി കാണാന്‍ കുട്ടികളെ ഏല്‍പ്പിക്കാം.. അപ്പോക്കിട്ടുന്ന കണക്കല്ലേ കണക്ക്..
മറുപടിഇല്ലാതാക്കൂമാനേജ്മെന്റുകള് നടത്തുന്ന അഴിമതിയുടെ ഒരു ചെറിയ ശതമാനം പോലും ഇവിടത്തെ പല കൈക്കൂലിക്കാരും ചെയ്യുന്നില്ല. 100 ഉം 500 ഉം കൈക്കൂലിക്ക് പകരം എയിഡഡ് മേഖലയില്‍ 20 ലക്ഷവും 30 ലക്ഷവും ഒക്കെയാണ് എന്നതാണ് തമാശ..
പോലീസുകാര്‍ തന്നെ എണ്ണട്ടേന്നേ നമുക്ക് നോക്കാം..
പോലീസെ തലയെണ്ണിയാല്‍ (അവര്‍ ശരിക്കും പണി ചെയ്താല്‍!) ജോലി നഷ്ടപെടുന്ന അധ്യാപകരുടെയും അവരുടെ ലക്ഷങ്ങള്‍ വരുന്ന കോഴപ്പണം തിരിച്ചു കൊടുക്കേണ്ടി വരുന്ന മാനേജ്‌മന്റ്‌ന്റെയും വേദനയെ കുറിച്ച് എന്താ ആരും ഒന്നും പറയാത്തത്?
മറുപടിഇല്ലാതാക്കൂഅവര്ക്ക് വേണ്ടി എന്റെ വക ഒരു ഇറ്റു കണ്ണുനീര്‍! :)
this is about ur first paragraph.ningalude jeevitham oru thadavarayallennu bodyappeduthanum atha nokku athanu thadavara ennu choondikkanikkanum aanu bharanakoodam jeevithathinu purathu thadavarakal panithittirikkunnath. the same applicable to our schools and education system. rajunaran
മറുപടിഇല്ലാതാക്കൂവാക്കിനു വിശ്വസിക്കാന്‍ കൊള്ളാത്തവര്‍.....
മറുപടിഇല്ലാതാക്കൂഹെന്റമ്മേ ...ഞാനും ഒരു സ്കൂള്‍ മാഷ് ആണേ ....
hai ethra sari.......!
മറുപടിഇല്ലാതാക്കൂസത്യസന്ധമായ കണ്ടെത്തലുകള്‍ പക്ഷെ തലതെറിക്കുന്നവരുടെ വിലാപം അകലെയല്ല .ഒന്ന് സഹതപിക്കാന്‍ വഴിയുണ്ടോ? Ganganikat
മറുപടിഇല്ലാതാക്കൂഒറ്റനാള് സുല്‍ത്താന്മാരായ എച്ച്.എസ്.എകള്‍ക്കു കിനാവു (ക)നഷ്ടം. പോസ്‌റ്റ് തെറിക്കാനിടയുള്ള ലലനാമണിയില്‍ നിന്നേല്‍ക്കുന്ന ദയനീയശൃംഗാരവും ഇനി പ്രതീക്ഷിക്കാനില്ല. തന്‍ താമരമെത്തയില്‍ ഉറക്കം വരാതെ.........
മറുപടിഇല്ലാതാക്കൂരണ്ടു ബസ്സുകളുടെ കഥ യുടെ പൂര്‍ണ്ണരൂപത്തിനായി
മറുപടിഇല്ലാതാക്കൂClick Here
മാഷേ, ഇതേ കാര്യത്തെക്കുറിച്ച് മാഷ്ടെ പോസ്റ്റ് വരുന്നതിനു മുമ്പ്തന്നെ, വിധിയുടെ പിറ്റേദിവസം തന്നെ, ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഒരാള്‍ കൂടെ അതേ കാര്യങ്ങള്‍ എഴുതിക്കണ്ടതില്‍ സന്തോഷം....
മറുപടിഇല്ലാതാക്കൂ:)
പള്ളിക്കൂടത്തില്‍ പോലീസ് വന്ന് തലയെണ്ണല്‍ നടത്തിയാല്‍ എന്താകുഴപ്പം? പഴയ പോലീസിന്റെ പ്രതിബിംബം വരച്ചുകാട്ടി ലേഖകന്‍ ഒരു പുകമറ സൃഷ്ടിക്കുകയാണ്. മാനേജ്മെന്റ് അഴിമതികളെയും അധ്യാപകരിലെ നികൃഷ്ടരെയും തുറന്ന് കാണിക്കുന്നതിനെ എന്തിനു ഭയപ്പെടണം. പോലീസുകാര്‍ നല്ലരീതിയില്‍ വന്ന് എണ്ണമെടുത്താല്‍ ഒരു കുഴപ്പവും സംഭവിക്കില്ല.
മറുപടിഇല്ലാതാക്കൂYour observation is fantastic; But..........
മറുപടിഇല്ലാതാക്കൂതലയെണ്ണുന്ന ദിവസം ടീച്ചറും കുട്ടികളെ പിടിക്കാന് ഓടുന്ന വീട്ടുകാരും സൂപ്പര്പരിശോധനയ്ക്കു വരുമ്പോള് കസേര തെറിക്കാനിരിക്കുന്ന ടീച്ചറും മാനേജറുടെ ശിങ്കിടിയും കൊടുക്കുന്ന കവറിന്റെ കനത്തില് എണ്ണം ഊതിവീറ്പ്പിച്ചു കുമ്പനിറച്ച് കുലുങ്ങിച്ചിരിച്ച് ഇറങ്ങിപോകുന്ന മേലാപ്പീസറുമാരും ഇനി എന്തുചെയ്യുമാവൊ?
മറുപടിഇല്ലാതാക്കൂസ്മിത അരവിന്ദ്
വായിച്ചു, വിശദമായ കമന്റ് പിന്നീട് എഴുതാം.
മറുപടിഇല്ലാതാക്കൂഇങ്ങനെയൊരു കാര്യം എഴുതിയത് നന്നായി.
മറുപടിഇല്ലാതാക്കൂപോലീസ് വന്നാൽ തലയെല്ലാം നേരെ നിൽക്കുമോ?
ഇവിടെ വന്നാൽ ഒരു കഴുകന്റെ
കഥ വായിക്കാൻ കഴിയും.
Splendid! Our education is a mimicry. The majority adorns this hypocrisy.Your observations add spice to it. Murali
മറുപടിഇല്ലാതാക്കൂപണ്ടത്തെ പോലീസല്ലല്ലോ ഇപ്പൊ. ഇപ്പൊ 'ജനകീയ' പോലീസും മന്ത്രിയും ഒക്കെ അല്ലെ. പിന്നെ ഇന്നത്തെ അധ്യാപകരില്‍ എത്ര പേര്‍ ആ ജോലിയുടെ മഹത്വം കാത്തു സൂക്ഷിക്കുന്നുണ്ട്? കുറച്ചു പേരുണ്ട്, സമ്മതിക്കുന്നു. പക്ഷെ പലരും സംഘടന ജോലിയും പഞ്ചായത്ത് ഭരണവും ബ്ലേഡ് കമ്പനി / കൃഷി ഒക്കെ കഴിഞ്ഞിട്ട് ബാക്കി ഉള്ള സമയത്ത് പഠിപ്പിക്കുന്നവര്‍ അല്ലെ? ശരിക്കുള്ള എണ്ണം ഉണ്ടെങ്കില്‍ ആര് എണ്ണിയാലും കണക്കു ഒന്ന് തന്നെ ആവെണ്ടതല്ലേ? മടിയില്‍ കനമുള്ളവനല്ലേ വഴിയില്‍ ഭയം ഉള്ളു :)
മറുപടിഇല്ലാതാക്കൂആശംസകള്!!