കളരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കളരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഏപ്രിൽ 11, ബുധനാഴ്‌ച

നിലക്കുമോ ഈ മലക്കങ്ങള്‍ ?



കളരിപ്പയറ്റിലെ സവിശേഷമായ ഒരു വടക്കന്‍ സമ്പ്രദായമാണ് 'വട്ടേന്‍തിരിപ്പ് '. മലക്കങ്ങളാണ് ഈ രീതിയുടെ ജീവന്‍ . അറപ്പക്കൈ, പിള്ളതാങ്ങി, ദ്രോണമ്പള്ളി തുടങ്ങിയ മറ്റ് കളരി സമ്പ്രദായങ്ങളിലൊന്നും മലക്കങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം ഇല്ല. വട്ടേന്‍തിരിപ്പിനെ അതുകൊണ്ട് തന്നെയാണ് മലക്കക്കളരി എന്നും വിളിച്ചുവരുന്നത്. അഞ്ചോ, ആറോ ചുവടുകള്‍ മാത്രം ഓടി വന്ന് ആകാശത്തിലേക്കുയര്‍ന്ന് അവിടെ നിന്ന് പലതരത്തിലുള്ള തിരിച്ചലുകളും മറിച്ചലുകളും നടത്തി നിലത്തുവന്നു നില്‍ക്കുന്ന മലക്കങ്ങള്‍ കളരിപ്പയറ്റിലെ വിസ്മയങ്ങളാണ്. ജിംനാസ്റ്റിക്കുകളില്‍ മാത്രമാണ് കളരിപ്പയറ്റിന് പുറത്ത് ഇന്ന് ഇത്തരം പ്രകടനങ്ങള്‍ കാണാവുന്നത്.
മലക്കങ്ങളെ പരിഗണിച്ചുകൊണ്ടാണ് വട്ടേന്‍തരിപ്പ് സമ്പ്രദായത്തില്‍ കളരിനിര്‍മ്മാണം മുതല്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. കുഴിക്കളരി, തറക്കളരി എന്നിങ്ങനെ രണ്ടുതരത്തിലാണ് കളരി നിര്‍മ്മിച്ചു വരുന്നത്. ഇതില്‍ കുഴിക്കളരി, ഭൂമിയില്‍ നിന്നും കുഴിച്ചു പണിയുന്നതുകൊണ്ടു തന്നെ അതില്‍ വീണ്ടും കുഴിയെടുത്ത് 'ഒത്തക്കുണ്ട് ' പണിയുന്നതിന് നിര്‍വ്വാഹമില്ലാത്തതുകൊണ്ടും, മലക്കസമയത്ത് ചുറ്റുമുള്ള മണ്‍ഭിത്തിയില്‍ തട്ടാന്‍ സാധ്യതയുള്ളതുകൊണ്ടും മലക്കളരിക്ക് യോജിച്ചതല്ല. തറക്കളരിയാണ് അതുകൊണ്ടുതന്നെ വട്ടേന്‍ തിരിപ്പില്‍ നിര്‍മ്മിച്ചു വരുന്നത്.
ദൈവത്തറ വന്ദനത്തില്‍ നിന്നാണ് കളരിവിദ്യ അഭ്യസിച്ചു തുടങ്ങുന്നത്. ദൈവത്തറ വന്ദനത്തിലെ 'മിന്നിടേറ്റലില്‍ ' മലക്കത്തിന്റെ ആദ്യപാഠങ്ങളും ഉള്‍പ്പെടുന്നു. 'മിന്നിടേറ്റല്‍ ' പാദത്തിന്റെ മിന്നടിയും വിരലും മാത്രം നിലത്തുന്നിയുള്ള നില്‍പ്പാണ്. അഭ്യാസി 'മിന്നടിയല്‍' ഊന്നിനിന്ന് ശക്തി സംഭരിച്ചാണ് ആകാശത്തേക്ക് ഉയരുന്നത്. ഇവിടെ മിന്നടിയും വിരലും ചേര്‍ന്ന് ഒരു സ്പ്രിംഗ് ആക്ഷന്‍ ലഭിക്കുന്നു. ഓരോ വിരലിലും അനേകും എല്ലുകളുടെ ചേര്‍ച്ചയുണ്ട്. ഇതോടുചേര്‍ന്നുള്ള പേശികളാണ് ഈ ആക്ഷന്‍ നല്‍കുന്നത്. മലക്കത്തിനായി അഭ്യാസി ഓടിവന്ന് 'ഒത്തിക്കൂട്ടു'മ്പോള്‍ ( മലക്കത്തിനായി ആകാശത്തിലേക്ക് ഉയരുന്നതിന് തൊട്ടു മുന്‍പുള്ള നില) കാലിന്റെ മിന്നടിയിലാണ് ഉണ്ടാവുക. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് 'ഒതക്കലും'. രണ്ടോ മൂന്നോ ചുവടുകള്‍ മാത്രം വേഗത്തില്‍ വെച്ച്, ഒതച്ച് അവിടെ നിന്നും അഭ്യാസി മേല്‍പ്പോട്ട് ഉയരുന്നു. ഒതക്കലില്‍ പിഴച്ചാല്‍ ചാട്ടത്തിലും മലക്കത്തിലും പിഴക്കും.
മിന്നടിയേറ്റതിലൂടെ കാലില്‍ ശക്തികൊടുത്ത് ആകാശത്തേക്ക് ഉയരുന്നതുപോലെ ചില മലക്കങ്ങളില്‍ കൈയുടെ ആക്ഷനില്‍ നിന്നും ശക്തി സംഭരിച്ച് മറിയുന്ന രീതിയും ഉണ്ട്. 'കൈകുത്താത്ത ഓതിരം' മറിയുമ്പോള്‍ കൈയ്യുടെ വീശലില്‍ നിന്നും ആര്‍ജിക്കുന്ന ശക്തിയാണ് ഉപയോഗപ്പെടുന്നത്. അതുപോലെ കൈകൊണ്ടുള്ള പിടുത്തങ്ങളും ചലനങ്ങളും, ആകാശത്തില്‍ വെച്ച് പമ്പരം പോലെ കറങ്ങുന്ന മുട്ടുപിടിച്ചുള്ള മലക്കങ്ങള്‍ക്കും ഊര്‍ജ്ജം നല്‍കുന്നുണ്ട്. കൂടാതെ അന്തരീക്ഷത്തിലേയ്ക്കുയര്‍ന്ന ശേഷം മലക്കത്തിന്റെ ഗതിതന്നെ മാറ്റി വിടുന്ന ചില അത്ഭുത പ്രകടനങ്ങള്‍ക്കും കൈയ്യുടെ ആക്ഷനുകള്‍ സഹായിക്കും.
വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിന്റെ തനതായ ഇനമായ 'അരുവത്തെപ്പയറ്റിലും' മലക്കത്തിന് പിന്നീട് സഹായകമായ അഭ്യാസ ഇനങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാലിന്റെ ഉയര്‍ത്തി വീശലാണ് അരുവത്തെപ്പയറ്റിലെ മുഖ്യ ഇനം. അതുപോലെ തൊഴുക്കുത്തല്‍ , വളച്ചിടല്‍ തുടങ്ങിയ അരുവത്തെ പയറ്റിലെ ഇനങ്ങള്‍ തന്നെയാണ് പിന്നീട് മുന്‍പിലോട്ടും പിന്നിലോട്ടുമുള്ള പ്രധാന മലക്കങ്ങള്‍ക്ക് അടിത്തറയാവുന്നത്. തൊഴുകുത്തല്‍ എന്നത് നിന്നനിലയില്‍ നിന്ന് കൈ നേരെ മുകളിലേക്കുയര്‍ത്തി പിറകിലോട്ട് വളഞ്ഞ് നിലത്ത് കൈകുത്തി നിന്നശേഷം കാലുകള്‍ പിറകിലോട്ട് മറിച്ചിടുന്ന വിദ്യയാണ്. വളച്ചിടല്‍ കൈകള്‍ നേരെ മുന്നില്‍ കുത്തിയശേഷം കാലെടുത്ത് മുന്നോട്ടേക്ക് മറിച്ചിടുന്നതും.

മെയ്ത്താരിയിലെ എല്ലാ അഭ്യാസങ്ങളും മലക്കത്തിന് ആവശ്യമായ വടിവും വഴക്കവും ശരീരത്തിന് ലഭിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണ്. അതുപോലെ മിക്ക മലക്കങ്ങളും വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിലെ അങ്കത്താരിയിലും ഉള്‍പ്പെടുന്നു. ഉറുമി, വാള്‍ ഇവയുമായി അഭ്യാസി ജനക്കൂട്ടത്തിനിടയില്‍ നിന്നും പറന്നുയര്‍ന്ന് അങ്കത്തട്ടിലേക്ക് പറന്നിറങ്ങുന്നത് വലവീശല്‍ എന്ന മലക്കമുപയോഗിച്ചാണ്.
ഒത്തക്കുണ്ട് വട്ടേന്‍ തിരിപ്പ് സമ്പ്രദായത്തിലുള്ള കളരികള്‍ക്ക് നിര്‍ബന്ധമാണ്. കളരിയുടെ കിഴക്ക് തെക്കെ മൂലയിലാണ് ഒത്തക്കുണ്ട് തീര്‍ക്കുന്നത്. അര അടിയോളം ആഴത്തിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഈ കുഴി വണ്ടും (പതിര് ) ഉമിയും ഉപയോഗിച്ചാണ് നിറക്കുക. പഴയകാലത്ത് ഇവ യഥേഷ്ടം ലഭിച്ചിരുന്നുവല്ലോ. ഒത്തക്കുണ്ടിന്റെ തെട്ടുമുന്നില്‍ 'ഒത്തിക്കുട്ടി' അന്തരീക്ഷത്തിലേക്കുയര്‍ന്ന്, മറിഞ്ഞ് ഒത്തക്കുണ്ടിലേക്കാണ് വീഴുക. വണ്ട് നിറച്ചകുഴിയില്‍ വീഴുമ്പോള്‍ അഭ്യാസിക്ക് യാതൊരുവിധ പരിക്കും ഉണ്ടാവുന്നില്ല.
സാധാരണയായി കളരികളില്‍ വൈകുന്നേരങ്ങളിലാണ് മലക്കം പഠിച്ചു വരുന്നത്. രാവിലെ ശരീരം കൊണ്ടുള്ള അഭ്യാസങ്ങളാണ് പഠിക്കുക. വൈകുന്നേരത്തെ കളരിപ്പയറ്റ് കോല്‍ക്കളിയോടെയാണ് തുടങ്ങുന്നത്. ശരീരത്തിനും മനസ്സിനും സുഖം തരുന്ന കോല്‍ക്കളി അവസാനിക്കുമ്പോഴേക്കും ശരീരം ചൂടായിട്ടുണ്ടാകും പിന്നീടാണ് മലക്കത്തിന് പിടിക്കുക.
കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ എത്തിക്കുന്ന പല മലക്കങ്ങളും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. അത്തരത്തിലുള്ള മലക്കങ്ങള്‍ അടുത്ത തലമുറയെ പഠിപ്പിക്കാന്‍ അറിവും ആരോഗ്യവുമുള്ള ഗുരുനാഥന്മാരുടെ അഭാവമാണ് ഇതിനുള്ള പ്രധാന കാരണം. ഞങ്ങളുടെ സ്വന്തം ഗുരുനാഥനും ജീവന്‍ മശായിയുമായ പി പി നാരായണന്‍ ഗുരുക്കള്‍ക്ക്‌ ഇപ്പോള്‍ പഴതുപോലെ കുട്ടികളെ കൈവെള്ളയിലിട്ടു ആകാശത്തേക്ക് ഉയര്‍ത്തിത്തട്ടാന്‍ കഴിയുന്നില്ല. ശിഷ്യന്‍മാരായ മുരാരിയും വിനുവും ശ്രീകുമാറും ഉത്തമനും ബാബുരാജും പക്ഷെ ഈ  വിദ്യകള്‍ ഇനിയും വറ്റിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. അത്യന്തം ശ്രദ്ധാപൂര്‍വ്വമായും ഏകാഗ്രതയോടെയും വേണം മലക്കത്തിന് പിടിക്കാന്‍ . പിടിക്കുന്ന ആളുടെ ശ്രദ്ധ അല്‍പമൊന്നു പാളിയാല്‍ പറ്റുന്ന വീഴ്ചകളില്‍ ചിലപ്പോള്‍ ജീവാപായം പോലും സംഭവിക്കാം. അതോടൊപ്പം പഠിതാവിനൊപ്പം ഓടിവരാനും അയാളെ പിടിച്ചുനിര്‍ത്തി അന്തരീക്ഷത്തില്‍ പല മറിച്ചലുകള്‍ മറിയിക്കാനും ഉള്ള ശരീരാരോഗ്യവും മലക്കത്തിനു പിടിക്കുന്ന ഗുരുനാഥനുണ്ടാവണം. കുട്ടികള്‍ അരയില്‍ കെട്ടുന്ന കച്ച പിടിച്ചാണ് മലക്കം മറിയിക്കുന്നത്. പിറകില്‍ വാലോടു കൂടിയുള്ള കച്ചകെട്ടിലും വട്ടേന്‍ തിരിപ്പ് സമ്പ്രദായം മറ്റു കളരി രീതികളില്‍ നിന്നും വ്യത്യസ്തമാണ്. പക്ഷെ ഈ അസാധാരണമായ വിദ്യകള്‍ പഠിച്ചെടുക്കാന്‍ കളരിയില്‍ അവശേഷിച്ചിരിക്കുന്ന കുട്ടികള്‍ എത്ര കുറവാണ്!   രാവിലെയും വൈകുന്നേരവുമായി മൂന്നും നാലും മണിക്കൂര്‍ കളരിയില്‍ ചിലവഴിക്കാന്‍ ഇന്നത്തെ തിരക്കില്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയുന്നുമില്ല.

മലക്കത്തില്‍ പറ്റുന്ന പലതരത്തിലുള്ള അസ്ഥിഭംഗങ്ങള്‍ക്കും ചതവുകള്‍ക്കും പരിക്കുകള്‍ക്കും ചികിത്സിക്കുന്നതിനുള്ള ഒന്നാന്തരം അസ്ഥിഭംഗചികിത്സാ രീതിയും വട്ടേന്‍തിരിപ്പ് വികസിപ്പിച്ചെടുത്തിരുന്നു. ഏറെ മലക്കങ്ങള്‍ അപ്രത്യക്ഷമായെങ്കിലും വീഴ്ചകള്‍ക്കും പരിക്കുകള്‍ക്കും ഉള്ള ചികില്‍സ ഇന്ന് കൂടുതല്‍ ആവശ്യമായി വന്നിരിക്കുന്നു. എല്ലാ വീഴ്ചകളും ഗുരുക്കളുടെ നെഞ്ചത്ത് നിന്നും കളരിക്ക് പുറത്തേക്ക് വന്നല്ലോ?

ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം കിട്ടിയിട്ട് വേണ്ടേ ഗുരുക്കളെ മലക്കം പഠിക്കാന്‍ . ഇതിന്മേലാണെങ്കില്‍ ഏതു മലക്കവും ഒരു കൈ നോക്കാം...

2011 ഒക്‌ടോബർ 11, ചൊവ്വാഴ്ച

'മലതാങ്ങി' എന്ന അപൂര്‍വ്വ ഔഷധം.


പുതിയൊരു ഔഷധസസ്യത്തെപ്പറ്റിയാണ്‌ ഇത്തവണ നാരായണന്‍ ഗുരുക്കള്‍ക്ക്‌ പറയുവാനുണ്ടായിരുന്നത്.  ഗുരുക്കള്‍ക്ക്‌ കഴിഞ്ഞ മാസം ഒരു ആന്‍ജിയോപ്ലാസ്റ്ററി കഴിഞ്ഞിരുന്നു. ഞാന്‍ കാണുന്ന കാലം മുതല്‍ കടുത്ത ആസ്ത്മയുടെ ഇരയായിരുന്നു അദ്ദേഹം. തന്റെ നിരന്തരമായ കളരി പരിശീലനം കൊണ്ടും ചിട്ടയായ ജീവിതം കൊണ്ടും ആണ് ആസ്ത്മയുടെ ആക്രമണങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറിയിരുന്നത്. ഇപ്പോള്‍ എഴുപത്തഞ്ചിനടുത്ത ഗുരുക്കള്‍ക്ക് പിന്നിട്ട ജീവിത വഴികളിലെ ഓരോ ചുവടും വാള്‍തിളക്കത്തോടെ ഓര്‍മ്മയില്‍ എത്തും.

പച്ച മരുന്നുകള്‍ക്ക് പിന്നാലെയുള്ള ഗുരുക്കളുടെ യാത്രകള്‍ ആരംഭിക്കുന്നത് സ്കൂള്‍ വിദ്യാഭ്യാസ കാലത്താണ്. ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങളില്‍ അദ്ദേഹം മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തനായിരുന്നു. അക്കാലത്ത്  ചികിത്സക്കായി ഗുരുക്കളെ  കൂട്ടാന്‍ ആളുകള്‍ സ്കൂളിലെക്കായിരുന്നു വരാറുണ്ടായിരുന്നത്. അദ്ദേഹം ആകട്ടെ പലപ്പോഴും പീച്ചാളി നാരായണന്‍ ഗുരുക്കള്‍ എന്ന അക്കാലത്തെ പ്രശസ്തനായ കളരി ഗുരുക്കളുടെ കൂടെ കളരിയിലോ മറ്റേതെങ്കിലും സ്ഥലത്തോ ആയിരിക്കും. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് അന്ന് പീച്ചാളി നാരായണന്‍ ഗുരുക്കള്‍ നടത്തിയിരുന്ന കളരിയുടെ ചുമതല നാരായണന്‍ ഗുരുക്കള്‍ക്ക് ആയിരുന്നു. കളരി പഠനത്തോടൊപ്പം കളരി ചികില്‍സയുടെ ബാലപാഠങ്ങളും തന്റെ ഗുരുക്കളുടെ മുഖത്തു നിന്ന് നേരിട്ടുതന്നെ മനസ്സിലാക്കാന്‍ കുട്ടിയായിരുന്ന നാരായണന് ഭാഗ്യമുണ്ടായി. ഓരോ ചികിത്സയും, സൂക്ഷ്മദൃക്കായിരുന്ന ആ കുട്ടിക്ക് പകര്‍ന്നു കൊടുത്ത അനുഭവങ്ങള്‍ വലുതായിരുന്നു. അതോടൊപ്പം അപൂര്‍വ്വമായ ഔഷധക്കൂട്ടുകള്‍ , പച്ചമരുന്നുകള്‍ , രോഗനിര്‍ണയ തന്ത്രങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിനും അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു. കളരി ചികിത്സയ്ക്ക് പിന്നാലെയുള്ള അലച്ചിലുകളില്‍ നിന്നാണ് ഏച്ചില്‍ , മുക്കണ്ണന്‍ പെരിയില, വട്ടപ്പെരികം,സൂത്രവള്ളി, ഇടിഞ്ഞില്‍  തുടങ്ങി നാട്ടുവൈദ്യത്തില്‍ ഉപയോഗിച്ചിരുന്ന പല അപൂര്‍വ്വ പച്ച മരുന്നുകളെക്കുറിച്ചും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മുതിര്‍ന്നതോട് കൂടി അപൂര്‍വ്വമായ ചികിത്സകള്‍ എവിടെ നടക്കുന്നുണ്ടെങ്കിലും, അതെത്ര ദൂരമായാലും അവിടെ ചെന്ന് അത് സ്വായത്തമാക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ ഉത്സാഹം കൂടുകയേ ഉണ്ടായിട്ടിള്ളൂ. അത്തരത്തിലുള്ള ഒരു ഔഷധവിദ്യ മനസ്സിലാക്കിയെടുത്തതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

തളിപ്പറമ്പിലെ ചിറവക്കിനടുത്ത കൂവട്ടു കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ അപൂര്‍വ്വമായ ചില പച്ചമരുന്നുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു എന്ന് പലരില്‍ നിന്നായി നാരായണന്‍ ഗുരുക്കള്‍ കേട്ടറിഞ്ഞിരുന്നു. ഏകദേശം മുപ്പതു നാല്‍പ്പതു കൊല്ലങ്ങള്‍ക്ക് മുമ്പാണ്. വൈദ്യരാണെങ്കില്‍ അതീവ ഗോപ്യമായാണ് മരുന്ന് തയ്യാറാക്കുന്നതും പ്രയോഗിക്കുന്നതും. പച്ചമരുന്നിന്റെ തെളിരില കോഴിമുട്ടയുടെ വെള്ളയും ചേര്‍ത്തു അരച്ച് തന്റെ സമീപം തന്നെ വച്ചിരിക്കും. അത് പുരട്ടി പെട്ടെന്ന് തന്നെ തുണി കൊണ്ട് ചതവോ പൊട്ടലോ ഉണ്ടായ ഭാഗം കെട്ടും. അരച്ച മരുന്ന് എന്തൊക്കെ ചേര്‍ത്തു ഉണ്ടാക്കിയതാണെന്ന് നോക്കണമെങ്കില്‍ , മരുന്ന് നേരിട്ട് നമുക്ക് കാണാന്‍ പോലും പറ്റില്ല. അകത്ത് കഴിക്കാനുള്ള തൈലമാണെങ്കില്‍ കുപ്പിക്ക് പുറത്തു മരുന്നിന്റെ പേരോ മറ്റു കാര്യങ്ങളോ ഒന്നും എഴുതുകയുമില്ലല്ലോ. എന്തായാലും മരുന്ന് അത്യന്തം ഫലപ്രദമാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എങ്ങിനെയായാലും ഈ മരുന്നിനെക്കുറിച്ച് അറിയണമെന്ന് ഗുരുക്കള്‍ നിശ്ചയിച്ചു.  ആദ്യം നേരെ വൈദ്യരുടെ അടുത്തു തന്നെ പോയി. ചികിത്സയ്ക്ക് എന്ന വണ്ണമാണ് പോയിരുന്നതെങ്കിലും അദ്ദേഹത്തെ കണ്ടപ്പോള്‍ മുഖത്ത് നോക്കി കളവു പറയാന്‍ തോന്നിയില്ല. കാര്യം തുറന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം ഒന്നും വിട്ടു പറയുന്നില്ല. സാധാരണ പ്രയോജനപ്പെടുത്തുന്ന ചില മരുന്നുകളെക്കുറിച്ചാണ് പറയുന്നത്. അതൊന്നും അല്ല ഈ തൈലത്തിലെ പ്രധാന മരുന്ന് എന്ന് അവിടുന്ന് വരുന്ന മണം കൊണ്ട് തന്നെ ഗുരുക്കള്‍ക്ക് മനസ്സിലായിരുന്നു. എങ്കില്‍ ശരി എന്ന് പറഞ്ഞു അദ്ദേഹം എഴുന്നേറ്റു. അന്ന് തിരിച്ചു വന്നെങ്കിലും ഇത് എന്താണെന്ന് പഠിച്ചേ പറ്റൂ എന്ന് ഗുരുക്കള്‍ അപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചിരുന്നു. വൈദ്യര്‍ക്കു മരുന്ന് ഉണ്ടാക്കാന്‍ സഹായിയായി നില്‍ക്കുന്ന ഒരാളെക്കുറിച്ച് അപ്പോഴാണ്‌ അദ്ദേഹം കേട്ടത്. അയാള്‍ മരുന്നുണ്ടാക്കാന്‍ സഹായിക്കുക മാത്രമല്ല വൈദ്യരുടെ കൂടെ കാട്ടില്‍ മരുന്ന് തേടാനും നായാട്ടിനും പോകുന്ന ഒരാള്‍ ആയിരുന്നു. ഏറെ കാലത്തെ ശ്രമഫലമായാണ് അയാളുടെ പക്കല്‍ നിന്ന് 'മലതാങ്ങി' എന്ന പച്ചമരുന്നാണ് അദ്ദേഹം ചികിത്സക്കായി ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിഞ്ഞത്. മരുന്നിന്റെ പേര് മാത്രമല്ല ഉപയോഗക്രമം എന്തൊക്കെ തരത്തില്‍ ഉപയോഗിക്കാം എന്ന കാര്യമെല്ലാം മനസ്സിലാകുന്നത്‌.

സാധാരണയായി മലമ്പ്രദേശത്താണ് ഈ മരുന്ന് കണ്ടു വരുന്നത് അതുകൊണ്ടാവാം ഇതിനെ മലതാങ്ങി എന്ന് വിളിച്ചുവരുന്നത്‌. മലയിടുക്കുകളില്‍ വള്ളിവള്ളിയായി കാണപ്പെടുന്ന മനോഹരമായ ഒരു ചെടിയാണിത്. മറ്റു മരുന്നുകളെ അപേക്ഷിച്ച് ഇലകള്‍ തീരെ പശയില്ലാത്തതാണ്. ഇളം തളിരുകള്‍ക്ക് നേരിയ ചുവപ്പുനിറവും മറ്റു ഇലകള്‍ക്കും വള്ളികല്‍ക്കും പച്ചനിറവുമാണ്. പച്ച നിറത്തിലുള്ള ഇലകള്‍ പൊടിച്ചാല്‍ പൊടിഞ്ഞു പോകും. പൊതുവേ ഇലകള്‍ പരുപരുത്ത പാറപ്പുറങ്ങളില്‍ വളരുന്നത്‌ കൊണ്ടാവാം പരുക്കനാണ്. തീര്‍ത്തും ജലരഹിതമായതുകൊണ്ടുതന്നെ ഇലകള്‍ പൊടിച്ചാല്‍ പൊടിയുകയെ ഉള്ളൂ. അതുകൊണ്ട് തന്നെ ഇതില്‍ നിന്ന് നീര് പിഴിഞ്ഞ് എടുക്കണമെങ്കില്‍ അവ വാട്ടിപ്പിഴിയണം. ഇങ്ങനെ രസം എടുത്താണ് തൈലങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഈ തൈലമാകട്ടെ പുറമേ പുരട്ടുവാനും അകത്തു കഴിക്കുവാനും ഉത്തമമാണ്.

ഇലകള്‍ മാത്രമല്ല മലതാങ്ങിയുടെ സമൂലഭാഗങ്ങളും ചികിത്സയില്‍ ഉപയോഗിക്കാവുന്നത്രയും ഔഷധ ഗുണമുള്ളതാണ്. തളിര് ഭാഗം അരച്ചെടുത്ത് ഉപയോഗിക്കാം. ഇല വാട്ടിപ്പിഴിഞ്ഞാണ് തൈലത്തില്‍ ചേര്‍ക്കുന്നത്. വേരാകട്ടെ തൈലം ഉണ്ടാക്കാനുള്ള കല്‍ക്കത്തിനു ഉത്തമമാണ്. തൈലത്തില്‍ മുക്കിക്കെട്ടിയാല്‍ അസ്ഥിഭംഗം ഉള്ള ഭാഗത്തെ വേദന പൂര്‍ണ്ണമായി ശമിക്കുകയും നീര് കുറയുകയും ചെയ്യും. വയറു വേദനക്കും ശരീര വേദനക്കും തൈലം അകത്തു കഴിക്കുന്നതും നല്ലതാണ്. അകത്തു കഴിക്കുമ്പോള്‍ സമം പശുവിന്‍ നെയ്യിനൊപ്പം വേണം കഴിക്കാന്‍ .

ശരീരപുഷ്ടിക്കും മലതാങ്ങിയുടെ വേര് ചേര്‍ത്തു ഉണ്ടാക്കുന്ന ലേഹവും ഇലയില്‍ നിന്നുള്ള എണ്ണയും ഉപയോഗപ്രദമാണ്. ശരീരത്തിന് ബലവും പുഷ്ടിയുമുണ്ടാകുന്നതിനു നാടന്‍ ചികിത്സയില്‍ ഇത്രയധികം ശക്തിയുള്ള മറ്റൊരു മരുന്ന് ഇല്ലെന്നു തന്നെയാണ് ഗുരുക്കളുടെ അഭിപ്രായം. ഒടിവ് ചതവ് മറ്റു അസ്ഥി സംബന്ധമായ വേദനകള്‍ എന്നിവ മുഖ്യമായും ചികിത്സിക്കുന്ന ഗുരുക്കളെ സംബന്ധിച്ചിടത്തോളം ഈ പച്ചമരുന്നിനെക്കുറിച്ചുള്ള അറിവ് വളരെ വിലപ്പെട്ടതായിരുന്നു. അന്ന് ഈ ചെടി പയ്യന്നൂരിനടുത്ത കോറോം, കാനായി ഭാഗങ്ങളില്‍ സമൃദ്ധമായി ഉണ്ടായിരുന്നു. ഇപ്പോള്‍ എഴിമലയില്‍ ഈ മരുന്ന് ധാരാളമായി കണ്ടു വരുന്നുണ്ട്. ഇതില്‍ നിന്നും ഉണ്ടാക്കിയ തൈലവും മറ്റു മരുന്നുകളും അദ്ദേഹത്തിന്റെ ചികിത്സാനുഭവത്തിലെ  പ്രധാന അധ്യായങ്ങളിലെല്ലാം സുഗന്ധംപരത്തി നില്‍പ്പുണ്ട്.

2010 ഡിസംബർ 4, ശനിയാഴ്‌ച

ഒരു 'ഏച്ചില്‍ ' മാഹാത്മ്യ കഥ

ഏച്ചില്‍ ചെടി
 പാരമ്പര്യവൈദ്യ ഫെഡറേഷന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ അവതരിപ്പിക്കാനുള്ള പ്രബന്ധത്തിന്റെ വിശാദാംശങ്ങള്‍  സംസാരിക്കാനാണ് നാരായണന്‍ ഗുരുക്കള്‍ വന്നത്. ഞങ്ങളുടെ സ്വന്തം ജീവന്‍മശായ് ആണ് എല്ലാവരും നാരായണേട്ടന്‍ എന്ന് വിളിക്കുന്ന നാരായണന്‍ ഗുരുക്കള്‍ . ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും കളരിപ്പയറ്റ് പഠിക്കാനും പഠിപ്പിക്കാനും അതിലെ സൂക്ഷ്മമായ കളരി ചികിത്സ സ്വ്വയത്തമാക്കാനും വേണ്ടി ഉഴിഞ്ഞു വെച്ച കര്‍മയോഗി. ഗുരുക്കളുടെ ഒഫീഷ്യല്‍ സ്പോക് മാനും എഴുത്തുകുത്തുകളുടെ പരികര്‍മ്മിയുമായ ഞാന്‍ കുട്ടിക്കാലത്ത് അദ്ദേഹത്തിന്‍റെ ചൂരല്‍പ്രയോഗങ്ങള്‍ കളരിയില്‍ നിന്ന് ഏറെ ഏറ്റുവാങ്ങിയിട്ടുള്ള മടിയനായ ശിഷ്യനായിരുന്നു. (കളരിയിലെ ഉഴിച്ചില്‍ ദിനങ്ങളെക്കുറിച്ചുള്ള  ഓര്‍മ്മ ഇവിടെയുണ്ട്.). കളരി ചികിത്സയില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു അപൂര്‍വ്വ ഒറ്റമൂലിയെക്കുറിച്ചാവാം അവതരണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.  നമ്മുടെ പറമ്പുകളില്‍ സാധാരണയായി കാണുന്ന സസ്യങ്ങളുടെ ചികില്സാപരമായ പ്രയോജനത്തെക്കുറിച്ച് അദ്ദേഹം വാചാലനായി. ഇതില്‍ നിന്ന് 'ഏച്ചില്‍ ' (ശാസ്ത്രീയ നാമം  Aporosa lindleyana ) എന്ന ചെടിയുടെ ഔഷധ ഗുണത്തെക്കുറിച്ചാവാം പ്രബന്ധം എന്ന് ഞങ്ങള്‍ ഒടുവില്‍ തീരുമാനിച്ചു. ഏച്ചിലിന്റെ അത്യപൂര്‍വ്വമായ ഫലസിദ്ധിയെക്കുറിച്ച് സ്വന്തം അനുഭവങ്ങള്‍ അദ്ദേഹം നിരത്തി. ആയുര്‍വേദത്തില്‍ പോലും പ്രയോജനപ്പെടുത്താത്ത എത്രയെത്ര ഔഷധങ്ങള്‍ നമ്മുടെ സസ്യ ശേഖരത്തിലുണ്ട് എന്ന് ആ കഥകള്‍ കേട്ട് ഞാന്‍ അതിശയിച്ചു പോയി.


ആയുര്‍വേദമെന്ന  സമ്പ്രദായം മാത്രമല്ല ആരോഗ്യ - രോഗചികിത്സാ രംഗത്ത് നിരവധി നാട്ടുകൈവഴികളും നമുക്കുണ്ടായിരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ നാട്ടുചികിത്സയുടെ പാരമ്പര്യം വമ്പിച്ചതാണല്ലോ. അതില്‍ തന്നെ കളരിചികിത്സ കേരളത്തിന്റെ ഏറ്റവും പഴയ ചികിത്സാപദ്ധതിയില്‍ ഒന്നാണ്. കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റിനോപ്പം തന്നെ ജനിച്ചു വളര്‍ന്നതാണ് കളരി ചികിത്സയും. കളരിപ്പയറ്റിനകത്ത് അതിസാഹസികമായ രീതിയില്‍ അഭ്യാസികള്‍  വിദ്യകള്‍ പരിശീലിക്കുമ്പോള്‍ അവര്‍ക്ക് സംഭവിക്കാനിടയുള്ള വീഴ്ചകള്‍ , ഉളുക്കുകള്‍ ചതവുകള്‍ , മറ്റു അപകടങ്ങള്‍ ഇവ തക്ക സമയത്ത് ചികിത്സിക്കുന്നതിനായി ആയുര്‍വേദത്തില്‍ നിന്നും വ്യത്യസ്തമായി ഒട്ടു വളരെ ചികിത്സാവിധികള്‍ കളരികള്‍ വികസിപ്പിച്ചെടുത്തിരുന്നു. പ്രത്യകിച്ചും അസ്ഥിഭംഗചികിത്സയിലും മറ്റും കളരി- മര്‍മ്മ ചികിത്സകര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ , ചികിത്സാരീതികള്‍ എന്നിവ അത്ഭുതകരമായ ഫലങ്ങള്‍ ഉള്ളവയാണ്. ഞങ്ങളുടെ സമ്പ്രദായമായ മലക്ക കളരിയെന്നറിയപ്പെടുന്ന 'വട്ടേന്‍ തിരിപ്പി'ല്‍ അത്യപൂര്‍വവും അത്ഭുതാവഹവുമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന ഒട്ടനവധി ഔഷധങ്ങളും ചികിത്സാ വിധികളും ഉണ്ട്.

വട്ടേന്‍ തിരിപ്പില്‍ അസ്ഥിഭംഗചികിത്സയില്‍ ഉപയോഗിക്കുന്ന അപൂര്‍വയിനും ഔഷധമാണ് 'ഏച്ചില്‍ '. ഏച്ചില്‍ ചെടിയുടെ അപൂര്‍വമായ സിദ്ധികളെക്കുറിച്ച് പുറംലോകം അറിഞ്ഞതിനു ഒരു കഥയുടെ പിന്നണിയുണ്ട്. വട്ടേന്‍ തിരിപ്പ് ശൈലിയുടെ അത്യുജ്വലനായ ഗുരുവര്യനായിരുന്നു ചുവാട്ട ഗുരുക്കള്‍ . നാടാറ് മാസം കാടാറ് മാസം എന്നത് അക്കാലത്തെ കളരി ഗുരുക്കന്മാരുടെ ജീവിത ശൈലിയാണ്. വേഷം മാറിയും മാറാതെയും ഉള്ള ഇത്തരം യാത്രകളിലായിരിക്കണം പുതിയ വൈദ്യമുറകളും അഭ്യാസങ്ങളും അവര്‍ പഠിച്ചെടുക്കുന്നത്‌. തച്ചോളി ഒതേനന്റെയും ജേഷ്ഠന്‍ കോമന്റെയും യാത്രകള്‍ വടക്കന്‍ പാട്ടുകളില്‍ സുലഭമാണല്ലോ. അത്തരത്തിലൊരു യാത്രയില്‍ ചുവാട്ട ഗുരുക്കള്‍ അന്നൂരില്‍ നിന്ന് കുഞ്ഞിമംഗലത്തെത്തി. നടന്നു ക്ഷീണിച്ച ഗുരുക്കള്‍ ദാഹം തീര്‍ക്കാനായി ഒരു നായര്‍ തറവാടില്‍ എത്തി. അല്‍പ്പം വെള്ളത്തിനായി ആവശ്യപ്പെട്ട ഗുരുക്കള്‍ക്ക്‌ വാതിലിനു മറഞ്ഞുനിന്ന ഒരു യുവതിയുടെ സ്വരം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു. ഇവിടെ ഇപ്പോള്‍ മുതിര്‍ന്നവര്‍ ആരുമില്ലെന്നും അവരെല്ലാം കൃഷി ചെയ്യാന്‍ പോയിരിക്കുകയാണെന്നും അവള്‍ അറിയിച്ചു. കിണ്ടിയും വെള്ളവും വാതിലിനു മറഞ്ഞു നിന്ന് മുന്നോട്ടു നീക്കിയതല്ലാതെ യുവതി പുറത്തേക്ക് വന്നതേയില്ല. താന്‍ ആരാണെന്ന് വെളിവാക്കിയിട്ടും അവള്‍ പുറത്തേക്ക് വരാതായപ്പോള്‍ ഗുരുക്കള്‍ക്ക്‌ തോന്നി അവള്‍ക്കു പ്രശ്നമെന്തോയുണ്ടെന്ന്. എന്ത് തന്നെയായാലും ഭയപ്പെടെണ്ടതില്ലെന്നും താന്‍ അവളെ ബാധിച്ച പ്രശ്നത്തിന് പരിഹാരമുണ്ടാക്കാം എന്നും ഗുരുക്കള്‍ ഉറപ്പു കൊടുത്തതിനു ശേഷമാണ് അവള്‍ വാതിലിനു പുറത്തേക്ക് നീങ്ങി നിന്നത്. അപ്പോഴാണ്‌ ഗുരുക്കള്‍ക്ക്‌ പ്രശ്നത്തിന്റെ ഗൌരവം ബോധ്യപ്പെട്ടത്. ആ യുവതിയുടെ ഒരു സ്തനം മറ്റത്തിനെയപേക്ഷിച്ചു വളരെ വലിപ്പം കൂടിയാണിരിക്കുന്നത്. യുവതി ഇക്കാരണത്താല്‍ മറ്റുള്ളവരുടെ കൂടെ പുറത്തിറങ്ങുകയോ ആള്‍ക്കാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യാറില്ല. ആയുധങ്ങളും ചികിത്സാ ഉപകരണങ്ങളും കൈയ്യിലുണ്ടായിരുന്ന ഗുരുക്കള്‍ മറ്റൊന്നും ആലോചില്ല. അപ്പോള്‍ തന്നെ യുവതിയെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അവളുടെ വലിപ്പമുള്ള സ്തനം അടിയില്‍ നിന്ന് മുറിച്ചുമാറ്റി മറ്റതിനൊപ്പം നീളം കണക്കാക്കി ഒട്ടിച്ചു ചേര്‍ത്തു. ആ പറമ്പില്‍ നിന്നുതന്നെ പറിച്ചെടുത്ത ഒരു പച്ചിലമരുന്നാണ് ഗുരുക്കള്‍ മുറിവ് കെട്ടാന്‍ പ്രധാനമായും ഉപയോഗിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഗുരുക്കള്‍ ഉടന്‍ തന്നെ അവിടുന്ന് പുറപ്പെട്ടു പോരുകയും ചെയ്തു.

യുവതിയുടെ ആങ്ങളമാരും ബന്ധുക്കളും വീട്ടിലെത്തിയത്തിന് ശേഷമാണ് ഇക്കാര്യങ്ങളെല്ലാം അറിയുന്നത്. കഷ്ടിച്ച് രണ്ടാഴ്ച കഴിഞ്ഞു കെട്ടെല്ലാം അഴിച്ചു നോക്കിയപ്പോള്‍ യാതൊരു തരത്തിലും തിരിച്ചറിയാന്‍ കഴിയാത്ത തരത്തില്‍ സ്തനം ശരീരത്തോട് ചേര്‍ന്നിരുന്നു. ഇതില്‍ അതിശയപ്പെട്ട അവര്‍ ആരാണ് അപൂര്‍വ സിദ്ധി വിശേഷമുള്ള ആ വൈദ്യര്‍ എന്ന് ആരായാന്‍ തുടങ്ങി. ലക്ഷണം വെച്ചും ആ ഭാഗത്ത് ഗുരുക്കളെ കണ്ട ചിലരുടെ വാക്കുകള്‍ വെച്ചും ആങ്ങളമാര്‍ ഉറപ്പിച്ചു, അത് ചുവാട്ട ഗുരുക്കള്‍ തന്നെ. ഉടന്‍ തന്നെ ഗുരുക്കളുടെ വീട്ടിലെത്തിയ അവര്‍ ‍, ഈ പുണ്യകൃത്യത്തിനു യുക്തമായ എന്തെങ്കിലും പ്രതിഫലം അവരില്‍ നിന്ന് ഗുരുക്കള്‍ കൈക്കൊള്ളണമെന്ന് ശഠിച്ചു. ഗുരുക്കള്‍ ഒരു തരത്തിലും വഴങ്ങിയില്ല. ഒടുവില്‍ പോകാന്‍ നേരം ദക്ഷിണയായി തങ്ങളില്‍ നിന്നു വെറ്റിലയും അടയ്ക്കയുമെങ്കിലും വാങ്ങണമെന്ന് ശാഠ്യം പിടിച്ചു. ആ സമ്മര്‍ദ്ധത്തിനു  ഗുരുക്കള്‍ വഴങ്ങി. ദക്ഷിണയും വെച്ച് അവര്‍ പോയതിനു ശേഷമാണ്  ഗുരുക്കള്‍ ദക്ഷിണ എന്തെന്നു നോക്കിയത്. പൊന്നനുജത്തിയുടെ ജീവിതം തിരിച്ചു തന്നതിന് പൊന്നുകൊണ്ടുണ്ടാക്കിയ വെറ്റിലയും പൊന്നിന്റെ അടയ്ക്കയും ആണ് അവര്‍ കാഴ്ചവെച്ചത്. ഗുരുക്കള്‍ കഥ ഇങ്ങനെ അവസാനിപ്പിച്ചു, ചുവാട്ട തറവാട്ടുകാര്‍ ആ സ്വര്‍ണവെറ്റില വിറ്റ് വാങ്ങിയ നിലങ്ങള്‍ ഇന്നും അറിയപ്പെടുന്നത് 'വെറ്റിലക്കണ്ടം' എന്നാണ്!!  (കണ്ടം = വയല്‍ )

അന്ന് അവരുടെ മുറിവായ കൂടാന്‍ ഗുരുക്കള്‍ ഉപയോഗിച്ച പച്ചമരുന്നാണ് എച്ചില്‍ . കള്ള് ചെത്തുന്നവര്‍ ആണ് സാധാരണയായി ഏച്ചില്‍ ഇല ഉപയോഗിക്കാറുള്ളത്. ചെത്തുന്ന പൂക്കുല ഓരോ ദിവസവും അല്‍പ്പാല്‍പ്പം മുറിക്കുമല്ലോ. മുറിവായിലൂടെ ഒഴുകി വീഴുന്ന കള്ളിന്‍ തുള്ളികള്‍ പൂക്കുലക്കകത്തെക്ക് പോകാതിരിക്കാന്‍ ചെത്തുകാര്‍ മുറിവായയില്‍ ഏച്ചില്‍ ഇല മുറിച്ച് ഉരയ്ക്കും. ചെത്തിയ ഉടനെയുള്ള കള്ള് അസ്ഥിസ്രാവം പോലുള്ള രോഗങ്ങളില്‍ പ്രധാനപ്പെട്ട ഔഷധമാകുന്നത് അതില്‍ ഏച്ചില്‍ ഇലയുടെ ഗുണം കൂടി ചേരുന്നത് കൊണ്ടാണ്.

ഏച്ചില്‍ ഇല പ്രധാന ഔഷധമായി പ്രയോജനപ്പെടുത്തിയ തന്റെ ഒരു അനുഭവം കൂടി നാരായണന്‍ ഗുരുക്കള്‍ സ്മരിക്കുകയുണ്ടായി. അന്നൂര്‍ പ്രദേശത്തു ഒരിക്കല്‍ ഒരു കാളക്കുട്ടന്‍ സ്വന്തം കയറില്‍ കാലു കുടുങ്ങി അത് വലിച്ചു മുറുക്കി. ഓട്ടത്തിലും വീഴ്ചയിലും കയറു മുറുകി കാലിന്റെ എല്ല് പൊട്ടി. പൊട്ടിയ എല്ലിന്‍ കഷണം കാലിലെ മാംസം തുളച്ചു രണ്ടിഞ്ചു പുറത്തേക്ക് വന്നിരുന്നു. അലോപ്പതി ഡോക്ടര്‍മാര്‍ വന്നു കാലുമുറിച്ചു മാറ്റുകയല്ലാതെ വേറെ വഴിയില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു. ഈ സമയത്താണ് ചില പരിചയക്കാര്‍ നാരായണന്‍ ഗുരുക്കളെ വിവരമറിയിക്കുന്നത്. അദ്ദേഹം ചെന്ന്, പൊട്ടി പുറത്തേക്ക് വന്ന എല്ല് ആദ്യം കഴുകി വൃത്തിയാക്കി. ചീന്തിപ്പോയ അഗ്രഭാഗം കൃത്യമായും മുറിച്ചു എല്ലുകള്‍ ചേര്‍ത്തു വെച്ചു. ഏച്ചില്‍ ഇല എണ്ണയില്‍ അരച്ച് മഞ്ഞളും ചേര്‍ത്ത് പാകപ്പെടുത്തി മുറി ഭാഗത്ത് കനത്തില്‍ പിടിപ്പിച്ച് ചേര്‍ത്തു കെട്ടി. കൃത്യം ഒരാഴ്ച കഴിയുമ്പോഴേക്കും എല്ലുകള്‍ കൂടാന്‍ തുടങ്ങിയിരുന്നു. രണ്ടു മൂന്നാഴ്ചകം കാളക്കുട്ടന്‍ സാധാരണ നില പ്രാപിച്ചു. ഇക്കാര്യം പത്രങ്ങളിലും മറ്റും വാര്‍ത്തയായിരുന്നു. ജില്ലയിലെ നിരവധി ചികിത്സകര്‍ കാളക്കുട്ടനെ കാണായി എത്തിയിരുന്നു.

നാരായണന്‍ ഗുരുക്കള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഇപ്രകാരം അപൂര്‍വ സിദ്ധികളുള്ള നിരവധി നാട്ടുമരുന്നുകളും അവയുടെ പ്രയോഗങ്ങളും അന്യം നിന്നു പോകുന്നത് ഓര്‍ത്ത്‌ ഞാന്‍ വേവലാതിപ്പെട്ടു. ഇവ എപ്പോഴെങ്കിലും പ്രയോഗിക്കണമെങ്കില്‍ വ്യാജ ചികിത്സകന്‍ അല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഈ 'ജീവന്‍മശായ് ' മാര്‍ എപ്പോഴും കയ്യില്‍ കരുതണമെന്നല്ലേ ഇപ്പോള്‍ 'രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്റ്റീഷണര്‍മാര്‍ ' പറയുന്നത്.