2009, ജൂൺ 29, തിങ്കളാഴ്‌ച

കുഴമ്പുപുരാളത്ത സ്റ്റെതസ്‌കോപ്പുകള്‍


ആദിത്യനെ ചവിട്ടിത്തടവാനായി കളരിയിലെത്തിക്കുകയാണ്‌ കുറച്ചുദിവസമായുള്ള രാവിലെത്തെ ഡ്യൂട്ടി. ഞങ്ങളുടെ കളരിയില്‍ (ചന്തന്‍ സ്‌മാരക കളരി സംഘം, തായിനേരി, പയ്യന്നുര്‍) മഴക്കാല ചവിട്ടിത്തടവല്‍ ആരംഭിച്ചിട്ട്‌ ഒരാഴ്‌ചയായി. ഞാന്‍ കളരിയില്‍ പഠിച്ചിരുന്ന കാലത്ത്‌ എല്ലാവരും രാത്രി കളരിയിലെത്തി അവിടെത്തന്നെ കിടക്കുകയായിരുന്നു പതിവ്‌. ചവിട്ടിത്തടവലിന്‌ തലേന്നത്തെ വയറിളക്കലോടെയാണ്‌ ഈ ദിവസങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ ഒരു വര്‍ഷം നീണ്ട സ്വപ്‌നങ്ങള്‍ അവസാനിക്കാറ്‌. ഒരേ സമയം ഉത്‌കടമായ സന്തോഷവും ഒട്ടൊരു ഭീതിയും ഉള്‍ക്കൊള്ളുന്നതാണ്‌ ആ സ്വപ്‌നങ്ങള്‍ . പുലര്‍ച്ചെ തടവിക്കഴിഞ്ഞയുടന്‍ അടുത്ത ഹോട്ടലില്‍ നിന്നുള്ള ആവിപാറുന്ന കടലക്കറി, ചവിട്ടിത്തടവി വീട്ടിലെത്തുമ്പോള്‍ അമ്മ പകരുന്ന ശര്‍ക്കരയും ഉള്ളിയും പശുവിന്‍നെയ്യും ചേര്‍ത്ത ചൂടുകാപ്പി, തടവുന്ന കുട്ടികള്‍ക്കായി പ്രത്യേകം ലഭിക്കുന്ന പഴവും മുട്ടയടങ്ങുന്ന ഭക്ഷണം, ചവിട്ടിത്തടവുമ്പോള്‍ എല്ലുകളെല്ലാം ഇളകുമെന്നും അതുകൊണ്ട്‌ ഈ കുട്ടികളെ ഈ സമയം അടിക്കരുതെന്നും ഗുരുക്കള്‍ രക്ഷിതാക്കള്‍ വഴി സ്‌കൂളിലെത്തിക്കുന്ന അഭ്യര്‍ത്ഥന എന്നിങ്ങനെ ആ ദിവസങ്ങളില്‍ ലഭിച്ചിരുന്ന വി.ഐ.പി. പരിഗണനയാണ്‌ നിഗൂഢമായ സന്തോഷത്തിന്‌ അടിസ്ഥാനമെങ്കില്‍ , തടവുന്നതിനിടയില്‍ ശരീരം പലതരത്തിലുള്ള വളയ്‌ക്കലുകള്‍ക്ക്‌ വിധേയമാക്കുമ്പോഴുണ്ടാകുന്ന വേദനയാണ്‌ ഭീതിയ്‌ക്ക്‌ കാരണം.

സന്ധ്യയ്‌ക്ക്‌
മുമ്പുതന്നെ ആഹാരം കഴിച്ച്‌ കളരിയിലെത്തിയാല്‍ അവിടെ മറ്റൊരു ലോകമാണ്‌; ഞങ്ങള്‍ മാത്രമുള്ളൊരു ലോകം. തടവുന്ന പതിനാല്‌ ദിവസവും ഞങ്ങള്‍ മുപ്പതോളം പേരുണ്ടാകും ഒരുമിച്ച്‌ കിടക്കാന്‍ . നാരായണന്‍ ഗുരുക്കളുടെ (അന്ന്‌ ഞങ്ങളും ഇന്ന്‌ എന്റെ മകനടങ്ങുന്ന പുതിയ കുട്ടികളും ഗുരുക്കളെ നാരായണേട്ടന്‍ എന്നാണ്‌ വിളിക്കാറ്‌) അനുഭവ കഥനങ്ങളും ഓരോരാളെയായുള്ള കളിയാക്കലുകളും, ഞങ്ങളുടെ കൂട്ടത്തില്‍ അന്ന്‌ മുതിര്‍ന്നവനായ മുരാരിയുടെ രഹസ്യകഥകളും നിറം പകര്‍ന്ന ആ രാത്രികള്‍ ഞങ്ങള്‍ക്ക്‌ ഉറങ്ങുവാനുള്ളതായിരുന്നില്ല. ആദിത്യനെയും കൊണ്ട്‌ പുലര്‍ച്ചെ കളരിയിലേക്ക്‌ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുള്ളത്‌ ആ ദിനങ്ങളിലനുഭവിച്ച ലഹരിയെക്കുറിച്ചാണ്‌.

കളരിയും
കളരി ചികിത്സയും ഞങ്ങളുടെ നാടിന്റെ ജീവനാഡിയായിരുന്നു. കേരളത്തില്‍ തെക്കന്‍ , വടക്കന്‍ , മധ്യകേരളം എന്നിങ്ങനെ ദേശപരമായും ദ്രോണമ്പള്ളി, പിള്ളതാങ്ങി, വട്ടേന്‍തിരിപ്പ്‌, അറപ്പക്കൈ, ഒടിമുറിശ്ശേരി എന്നിങ്ങനെ ശൈലീപരമായും വ്യത്യസ്‌തമായ കൈവഴികള്‍ കളരിപ്പയറ്റിനുണ്ട്‌ . ഇവയില്‍ എല്ലാ ശാഖകള്‍ക്കും തനതായ ഒരു ചികിത്സാപദ്ധതിയും ഉണ്ടായിരുന്നു. ഉഴിച്ചിലാണ്‌ കളരിചികിത്സയിലെ പ്രധാനപ്പെട്ട ഒരിനം.കളരി
ചികിത്സയില്‍ അഗ്രഗണ്യരായ പി. പി. നാരായണന്‍ ഗുരുക്കളെപ്പോലുള്ള ജീവന്‍മശായ്‌മാര്‍ ഒരു നാടിന്റെ ആരോഗ്യപരിപാലനരംഗത്ത്‌ ചെയ്‌തുവന്നിരുന്ന സേവനങ്ങള്‍ സര്‍ക്കാരിന്റെ ഒരു കാനേഷുമാരിയിലും വരില്ല. ചികിത്സയെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍ നാം ബിലാത്തിക്കാരെക്കാളും പരിഷ്‌കാരികളാണ്‌. ലോകം തന്നെ സംശയത്തോടെ ഉറ്റുനോക്കുന്ന വാക്‌സിനുകള്‍ ഏതൊക്കെയോ ഏജന്‍സികളുടെ താത്‌പര്യാനുസരണം ഭക്ഷണം വിതരണം ചെയ്യുന്നതിനേക്കാള്‍ താത്‌പര്യത്തോടെയും മേളത്തോടെയും പതിവായി നമ്മുടെ വായിലെത്തിക്കാന്‍ ജനകീയ സര്‍ക്കാരുകള്‍ക്ക്‌ എന്ത്‌ ശുഷ്‌കാന്തിയാണ്‌. ഇവിടെത്തന്നെയാണ്‌, ജീവിതത്തിലുടനീളം പ്രതിരോധത്തിന്റെ ഊര്‍ജ്ജം സിരകളിലൊഴുക്കുന്ന കളരിപരിശീലനം പോലുള്ള നമ്മുടെ ശീലങ്ങള്‍ ഉറക്കുത്തിപ്പോകുന്നതും. വട്ടേന്‍ തിരിപ്പ്‌ എന്ന ഞങ്ങളുടെ സവിശേഷത കളരിസമ്പ്രദായത്തില്‍ (മലക്കക്കളരി എന്നും വിളിച്ചുവരാറുണ്ട്‌ ) ആധുനിക ജിംനാസ്റ്റിക്‌സിനോട്‌ കിടപിടക്കുന്ന ഒട്ടേറെ ഇനങ്ങളുണ്ട്‌. ചവിട്ടിയുയര്‍ന്ന്‌ ആകാശത്തില്‍ മുന്നും നാലും കരണം മറിഞ്ഞ്‌ മുന്‍കാലില്‍ പൂച്ചയെപ്പോലെ വന്നിറങ്ങുന്ന മലക്കങ്ങള്‍ , കഴുത്തും കൈകാലുകളും തോര്‍ത്തുകൊണ്ട്‌ ബന്ധിച്ചതിനുശേഷം ആകാശത്തിലേക്കുയര്‍ന്ന്‌ മറിയുന്ന പടം എന്നിവ ഇന്നും ആളുകളെ വിസ്‌മയിപ്പിക്കും. മലക്കത്തിന്‌ പ്രധാന്യം കൊടുക്കുന്നതുകൊണ്ടുതന്നെ അതു പരിശീലിപ്പിക്കുമ്പോള്‍ വരാവുന്ന ഒട്ടനവധി അപകടങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ട്‌ വട്ടേന്‍തിരിപ്പ്‌ സമ്പ്രദായം അതിവിശിഷ്‌ടമായ ഒരു അസ്ഥിഭംഗചികിത്സാരീതി വളര്‍ത്തിയെടുത്തിരുന്നു. അതിനായി പ്രത്യേകമായുള്ള പച്ചമരുന്നുകള്‍ , അങ്ങാടിമരുന്നുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള ഔഷധക്കുട്ടൂകള്‍ കെട്ടല്‍ രീതികള്‍ , വെറുംകൈ പ്രയോഗങ്ങള്‍ , ചികിത്സോപകരണങ്ങള്‍ എന്നിവ ഈ സമ്പ്രദായത്തിലുണ്ട്‌. ചതവുപറ്റിയ ഭാഗത്ത്‌ എത്ര വീര്‍ത്തുവന്ന നീരിനേയും മണിക്കൂറുകൊണ്ട്‌ വറ്റിക്കുന്ന, കോഴിമുട്ടയുടെ വെള്ളയില്‍ ഒട്ടനവധി പച്ചമരുന്നുകള്‍ അരച്ചുചേര്‍ത്ത്‌ ഉണ്ടാക്കുന്ന മരുന്ന്‌ (ഒരിടത്തും അടങ്ങിയിരിക്കാത്ത, വീഴ്‌ചയും മറിവും ചതവും പതിവാക്കിയ ആദിത്യനെ വേദനയില്‍ നിന്ന്‌ രക്ഷിക്കാറുള്ളത്‌ ആ മരുന്നാണ്‌), വേദനാസംഹാരിയായ പ്രത്യേകസുഗന്ധമുള്ള ഒരു തൈലം എന്നിവ ഞങ്ങളുടെ കളരിയുടെ മാത്രം പ്രത്യേകതയാണ്‌. മുപ്പത്തിരണ്ട്‌ വര്‍ഷങ്ങള്‍ക്കുശേഷവും ചവിട്ടിത്തടവലിനുപയോഗിക്കുന്ന`മുക്കൂട്ട്‌' എന്ന്‌ വിളിക്കുന്ന ആ കുഴമ്പിന്റെ മണത്തിന്‌ ഒരു വ്യത്യാസവുമില്ല എന്നതുതന്നെ എന്ത്‌ അതിശയമാണ്‌. നാല്‌പതോളം കുട്ടികളെയും സുഖചികിത്സയ്‌ക്കായി എത്തുന്ന മുതിര്‍ന്നവരേയും പതിനാല്‌ ദിവസം ഉഴിയാനുള്ളത്രയും കുഴമ്പുണ്ടാകുന്നതിനായുള്ള പച്ചമരുന്നുകള്‍ക്കും അങ്ങാടി മരുന്നുകള്‍ക്കുമായി നാരായണന്‍ ഗുരുക്കള്‍ മഴക്കാലമെത്തുന്നതിനുമുമ്പേ ഇന്നും ഓടുന്നു.


ചികിത്സാപരമായി നടത്തുന്ന ഉഴിച്ചിലും ശാരീരിക സൗഖ്യത്തിനും വഴക്കത്തിന്‌ വേണ്ടിനടത്തുന്ന ഉഴച്ചിലും കളരിയില്‍ ചെയ്‌തുവരാറുണ്ട്‌. ആയുര്‍വേദ ചികിത്സാപദ്ധതിയിലെ ഉഴിച്ചിലില്‍നിന്നും വ്യത്യസ്‌തമാണ്‌ കളരിയിലെ ചവിട്ടി ഉഴിച്ചില്‍ . പ്രത്യേകമായി തയ്യാറാക്കിയ കുഴമ്പുപയോഗിച്ച്‌ (മുക്കി എന്നുതന്നെ പറയണം) നെറ്റിത്തടം മുതല്‍ കാല്‍വിരലുകള്‍വരെ കാലുകൊണ്ടുള്ള (ഇതിനുശേഷം കൈത്തടവും ഉണ്ടാവും) ഉഴിച്ചില്‍ ശരീരത്തിന്‌ പ്രദാനം ചെയ്യുന്ന ഊര്‍ജ്ജം ചെറുതല്ല. രക്തധമനികളെയും പേശികളെയും അറിഞ്ഞു നീങ്ങുന്ന ഉഴിച്ചിലുകാരന്റെ പാദചലനം അങ്ങേയറ്റം ശ്രദ്ധയോടു കൂടിയായിരിക്കും. മുകളില്‍ നിന്നും തൂക്കിയിട്ട കയറിലും സഹായിയുടെ കൈത്തണ്ടയിലും മുറുകെപ്പിടിച്ച്‌ സ്വന്തം ഭാരത്തെ നിയന്ത്രിച്ചായിരിക്കും ഉഴിച്ചിലുകാരന്റെ പാദങ്ങള്‍ ഉചിതമായ കനത്തില്‍ തടവുന്നയാളുടെ ശരീരത്തിലൂടെ പുളഞ്ഞുകൊണ്ട്‌ നീന്തുന്നത്‌. ഏറെ പരിശീലനം വേണ്ടുന്ന ചവിട്ടി ഉഴിച്ചില്‍ അതുകൊണ്ടുതന്നെ ശരിയായി അഭ്യസിച്ചവരില്‍ നിന്നല്ലാതെ സ്വീകരിക്കുന്നതും അപകടകരമാണ്‌.
പാരമ്പര്യ വൈദ്യന്മാര്‍ക്ക്‌ ചികിത്സിക്കാനുള്ള രജിസ്‌ട്രേഷന്‍ നല്‍കുമ്പോള്‍ സന്തോഷിക്കുന്നത്‌ അവരുടെ സംഘടനയിലുള്ള അംഗങ്ങള്‍ മാത്രമല്ല. ഒരു ജന്മം മുഴുവന്‍ കാടായ കാടുകളിലും നാട്ടിന്‍പുറത്തെ ഇടവഴികളിലും വയല്‍ വരമ്പുകളിലും മരുന്ന്‌ തേടി അലഞ്ഞ കുറേ മനുഷ്യരുണ്ട്‌; ചികിത്സയറിയുന്ന മുന്‍തലമുറക്കുമുമ്പില്‍ തങ്ങളുടെ ഇന്ദ്രിയങ്ങള്‍ മലര്‍ക്കെ തുറന്നിട്ട്‌, അവരുടെ പരികര്‍മ്മികളായി നിന്നും ശുശ്രൂഷിച്ചും അവര്‍ നേടിയെടുത്ത ജ്ഞാനമുണ്ട്‌; തൊട്ടുനോക്കിയും നാഡിപിടിച്ചും ലക്ഷണങ്ങളറിഞ്ഞും അവര്‍ തിരിച്ചറിഞ്ഞ രോഗങ്ങളും അവയ്‌ക്കുള്ള ചികിത്സാവിധികളുമുണ്ട്‌. ഇവയെയാണ്‌ ഓവര്‍ക്കോട്ടിന്റേയും സ്റ്റെതസ്‌ക്കോപ്പിന്റേയും ബലത്തില്‍ കുറേപ്പേര്‍ നിഷേധിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്‌. `കുഞ്ഞിന്‌ മുലപ്പാല്‍ കൊടുക്കുന്നത്‌ അമ്മയുടെ സൗന്ദര്യം നശിപ്പിക്കുമെന്ന്‌ പ്രചരിപ്പിച്ച്‌ ബേബിഫുഡ്ഡുകള്‍ക്ക്‌ മാര്‍ക്കറ്റൊരുക്കിക്കൊടുത്തതിലും, വലിയ പാതകത്തിനാണ്‌ നിങ്ങള്‍ ഇറങ്ങിത്തിരിച്ചതെന്നോര്‍ക്കുക. `വ്യാജഡോക്‌ടര്‍ പിടിയില്‍' എന്ന ഏതുദിവസവും വരാവുന്ന ഒരു പത്രവാര്‍ത്തയെപ്പേടിച്ച്‌, തനിക്കറിയാവുന്നതും തൊട്ടടുത്തള്ളതുമായ പച്ചമരുന്ന്‌ ഉപയോഗിച്ച്‌ ശമിപ്പിക്കാവുന്ന മഞ്ഞക്കാമലയെ ചികിത്സിക്കാതിരിക്കുന്ന നാട്ടുവൈദ്യന്റെ ധര്‍മ്മ സങ്കടങ്ങള്‍ക്കാണ്‌ ഈ സര്‍ക്കാര്‍ ഉത്തരവ്‌ മൃതസഞ്‌ജീവനിയായിരിക്കുന്നത്‌. ചികിത്സിക്കാനറിയുന്ന ഒരു ആയുര്‍വേദ ഡോക്‌ടര്‍ക്കും ഇവര്‍ ഭീഷണിയല്ല; മറിച്ച്‌ അറിവിന്റെ അക്ഷയഖനികളാണ്‌. സ്വാശ്രയത്തിലെ എന്‍ .ആര്‍ .ഐ , മാനേജ്‌മെന്റ്‌ മണ്ടന്മാരുടെ പിത്തലാട്ടങ്ങള്‍ക്ക്‌ ഈ മേഖലയിലെ ബുദ്ധിയുള്ള കുട്ടികള്‍ ചെവികൊടുക്കരുത്‌.

7 അഭിപ്രായങ്ങൾ:

 1. Very good post. We are missing all these in today's world. Sad. The worst part is, people with half knowledge jump in to this, to make money.

  Still, we have few good people. Hope all will be able to find the right people and these valuable knowledge and people remain as it is.

  മറുപടിഇല്ലാതാക്കൂ
 2. ഈ നല്ല പോസ്റ്റിനു നന്ദി. നിങ്ങൾ വടക്കുള്ളവർ ഇത്തരം പാരമ്പര്യങ്ങൾ നിലനിർത്താൻ കൂടുതൽ ഉത്സാഹിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ.

  മറുപടിഇല്ലാതാക്കൂ
 3. you keep up a tradition and that is a very good thing!

  post is informative and useful!

  മറുപടിഇല്ലാതാക്കൂ
 4. sir, paramparya vaidyamaar chikithsikkunnathinu ayurveda drs ethiralla.paaramparythinte peril arivillaathavar kayarikkudi janangaleyum naadineyum vanchich janangalude arogyvum ayusum nasippikkunnu. njsngal athinnanu ethiru. aayurvedavum paranpryathil ninnu thanneyaanu ippol kaanunna nilayil ethiyath. paarmprya vaidyanmaare oru pariksha nadathi, athil kazhivu theliyikkunnavarkku practice chayyan anumathi nalkikkotte. njangal athinu ethiralla...

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2009, ജൂലൈ 6 12:00 PM

  Preman Mash,

  Really wonderful post. You have done a very good ground work on Kalari. This is the same Kalari, where Sasi from Book Line Payyanur is Teaching?

  When I come on leave I would like to meet you. I am also from Payyanur only. Last time when I had a ligament tear, I went to Maveli Sudhakaran Gurukkal as I was not knowing about Narayanan Gurukkal in Thayineri.

  Expecting a detailed post on Kalari, with pictures. In anticipation of meeting you in person too.

  with best wishes

  Vinu

  മറുപടിഇല്ലാതാക്കൂ
 6. Hallo preman,

  Feel nolstagia. I was also a student of the same kalari during 1980 - 1981. Still I felt the smell and taste of the same 'Kadalakari' and 'Neykappi' that I had immediately after 'Chavuttithadal' in the early morning. I remember the same experience to me also in the school that you explained. Thank you for reminding me my old klari days.
  K.V.Jayakumar, Keerthanam, Thayineri, Payyanur.

  മറുപടിഇല്ലാതാക്കൂ
 7. പ്രേമേട്ടാ..ലേഖനം അതീവ ഹൃദ്യം..നമ്മുടെ നാടിന്റെ തനതു സമ്പ്രദായങ്ങള്‍ മനസ്സിലാക്കാതെ മുഖം തിരിക്കുന്ന പുതു തലമുറ ഇന്നും അന്നും പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നു..കുറച്ചു നാള്‍ എങ്കിലും നാരായണന്‍ കുരിക്കളുടെ ശിഷ്യനായി ഞാനും എന്റെ ചെറുപ്പകാലത്ത് കളരിയില്‍ ഉണ്ടായിരുന്നു..

  മറുപടിഇല്ലാതാക്കൂ