കഴിഞ്ഞ ദിവസങ്ങളില്‍ ക്ലാസ്സില്‍ വരാത്ത ശിഷ്യനെ ശിക്ഷിക്കാനായി, അവന്റെ ഉള്ളം കൈയിലേക്ക് ചൂരല്‍ പ്രയോഗിക്കാന്‍ ഒരിങ്ങി നിന്ന ഗുരുവിനോട് അവന്‍ വിറച്ചു കൊണ്ട് പറഞ്ഞു," മൂന്നു ദിവസമായി ഒന്നും കഴിക്കാത്തതിനാല്‍ ഇന്നലെ വഴിയില്‍ തലകറങ്ങി വീണത് കൊണ്ടാണ് സാര്‍ ക്ലാസ്സില്‍ വരാന്‍ കഴിയാത്തത് ". കക്കാടിന്റെ പ്രശസ്തമായ 'ശിഷ്യനായ ഗുരു' എന്ന കവിതയിലാണ് ഈ രംഗം. കേരളത്തിലെ വിദ്യാഭാസത്തെക്കുറിച്ചുള്ള ഒരു കാലത്തെ ചര്‍ച്ചകള്‍ മിക്കപ്പോഴും കറങ്ങിയിരുന്നത് ദാരിദ്രമെന്ന സാമൂഹിക ദുര്‍ഭൂതത്തെ ചുറ്റിയാണ്. 'കള്ളകുട്ടികള്‍ ഊണ് കഴിഞ്ഞു കയ്യ് മുഖത്ത് മണപ്പിക്കും' എന്ന് വൈലോപ്പിള്ളിയും, ഉച്ചയ്ക്ക് പട്ടിണി കിടക്കേണ്ടി വരുന്ന ഈ അവസ്ഥയെ തീവ്രമായി ചിത്രീകരിച്ചിട്ടുണ്ട്. പിന്നെയുള്ളത് ജാതീയവും മതപരവുമായ അസമത്വമാണ് . രണ്ടിലും പട്ടിണി കിടന്നും സ്കൂളിലെത്താനുള്ള, പഠിക്കാനുള്ള ദൃഡമനസ്സുകളുടെ ആവേശമാണ് ഉപസംഹാരത്തില്‍. അങ്ങിനെ പഠിച്ച് സമൂഹത്തിന്റെ ഉന്നത നിലയിലെതിയവര്‍, നിസ്വജനങ്ങളുടെ പ്രതീക്ഷയായിരുന്നവര്‍ അവരെ ചുറ്റിയുള്ള അപദാനങ്ങള്‍ ഇവ സത്യത്തില്‍ വിദ്യാഭ്യാസത്തിന്റെ നിലനില്പിന്റെ തന്നെ അക്കാലത്തെ ഊര്‍ജംആയിരുന്നു.
പട്ടിണി, വിശപ്പ് എന്നീ ആശയങ്ങളെ ഇന്നത്തെ ഒരു ക്ലാസ് മുറിയില്‍ അവതരിപ്പിക്കുമ്പോഴുള്ള വിമ്മിട്ടം സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെത് മാത്രമായി ചുരുക്കണോ? ഇവ ഒരു അനുഭവം എന്ന നിലയില്‍ വരാത്ത സമൂഹം തീര്‍ച്ചയായും നല്ലത് തന്നെ. എങ്കിലും കേരളീയ സമൂഹം നിരവധി സങ്കീര്‍ണപ്രക്രിയകളിലൂടെ, സാമൂഹിക മുന്നേറ്റങ്ങളിലൂടെ മറികടന്ന ഒരു അവസ്ഥ എന്ന നിലയിലെങ്കിലും ഇവയെ ആഴത്തില്‍ മനസ്സിലാക്കാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കഴിയേണ്ടതല്ലേ. ഈ ആലോചനകള്‍, ആഹാരത്തിനു ഒരു പ്രയാസവുമില്ലെങ്കിലും ഒന്നും കഴിക്കാതിരിക്കുന്നത് ഫാഷനാകുന്ന പുതിയ കാലത്തിന്റെ രീതി കണ്ട് അമ്പരക്കുമ്പോള്‍ ഉണ്ടായതാണ്.
ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസം ഇന്ന് കേരളത്തില്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. സ്കൂളില്‍ എത്തിച്ചേരുന്ന കുട്ടികളില്‍ തൊണ്ണൂറുശതമാനം പേരും കേരളത്തില്‍ ഹയര്‍ സെക്കണ്ടറിവരെ എത്തിച്ചേരുന്നു എന്നാണ് കണക്ക്. ദേശീയ ശരാശരി ഇത് നല്പത്തില്‍ താഴെയാണ്. (www.education.nic.in: gross enrolment rate for elementary education in 2007-8 was 85 percent, but for secondary education, the enrolment figure stood at 39 percent). മുണ്ട് എത്ര മുറുക്കിയുടുത്തും മക്കള്‍ക്ക് പഠനത്തിനാവശ്യമായ സര്‍വ സൌകര്യങ്ങളും ഒരുക്കാന്‍ കേരളത്തിലെ രക്ഷകര്‍താക്കളെ ഇന്ന് ആരും ഉപദേശിക്കേണ്ട. ഫീസും, പുസ്തകവും മാത്രമല്ല ഏറ്റവും പുതിയ ഫാഷനിലുള്ള ബാഗുകളും മൊബൈല്‍ ഫോണുകളും അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍തികളുടെ പക്കല്‍ വരെ ഇന്നുണ്ട്. സാമ്പത്തികമായ വിവേചനത്തിന് ഇരയാകുന്നവര്‍ മിക്കവാറും ആദിവാസികളും ദളിതരും മാത്രമാകും.( ഇത് ഗൌരവത്തോടെ ചര്‍ച്ച ചെയ്യേണ്ടുന്ന മറ്റൊരു വിഷയമാണ് ) ശേഷിക്കുന്ന മഹാഭൂരിപക്ഷത്തിനും വിശന്ന വയറുമായി ക്ലാസില്‍ വന്നിരിക്കേണ്ട ഒരവസ്ഥയുമില്ല. എന്നിട്ടും ചോദിച്ചുനോക്കിയാല്‍ അറിയാം രാവിലത്തെ ഭക്ഷണം കഴിക്കാതെ വരുന്നവര്‍, ഉച്ചയ്ക്കുള്ള ഭക്ഷണം കൊണ്ട് വരാത്തവര്‍ നമ്മുടെ ക്ലാസില്‍ എത്രയുണ്ടെന്ന്.
ക്ലാസ് PTA വിളിക്കുമ്പോള്‍ കുട്ടികള്‍ ആഹാരം കഴിക്കാത്തതിനെക്കുറിച്ച് അധ്യാപകരോട് രക്ഷിതാക്കള്‍ പരാതി പറയുന്നു. ഒന്നാം പിരിയേട് തന്നെ ഡെസ്കില്‍ തലവെച്ചു കിടക്കുന്നതെന്തിനെന്നു മാഷും അതിശയം കൂറുന്നു. ശാരീരികവും മാനസികവുമായ സംഘര്‍ഷങ്ങളാണ് ഭക്ഷണത്തോടുള്ള വിരക്തിയായി തെളിയുന്നതെന്നാണ് ഹയര്‍ സെക്കണ്ടറിയില്‍ നടത്തിയ ഒരു കൌണ്‍സിലിങ്ങില്‍ കണ്ടെത്തിയത്. (എന്നാല്‍ ചെറിയ കുട്ടികളില്‍ തന്നെ ഈ സ്വഭാവം എന്നെത്തെക്കാളും അധികം ശക്തമാണെന്ന് ഓരോരുത്തര്‍ക്കും അനുഭവം.)
ഭക്ഷണത്തോട് സെക്കണ്ടറി /ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ കാണിക്കുന്ന വിരക്തി സവിശേഷമായി പഠിക്കേണ്ട ഒരു വിഷയമായി തോന്നുന്നു. സ്വന്തം ശരീരത്തെ പറ്റിയുള്ള ശാസ്ത്രീയമായ ബോധം വികസിച്ചു വരേണ്ട, ചിന്തയുടെ തെളിച്ചം മിഥ്യാ ബോധത്തിന്റെ കടയ്കല്‍ തീവെക്കെണ്ടുന്ന സുപ്രധാനമായ ഒരു ഘട്ടമാണിത്. ആഹാരത്തിന്റെ ശാസ്ത്രീയമായ പ്രയോജനത്തെക്കുറിച്ച് ചെറു ക്ലാസുകളില്‍ വെച്ചേ പഠിച്ചു വന്നവരാണവര്‍. എന്നിട്ടും സ്വന്തം കാര്യത്തിലെത്തുമ്പോള്‍ ഏട്ടിലെ പശു ഒന്നും തിന്നാത്തതെന്ത്? നിലനില്‍ക്കുന്ന, പഠനം എന്ന തികച്ചും പ്രകൃതി വിരുദ്ധവും ശരീര വിരുദ്ധവും ആയ ഒരേര്‍പ്പാടാണ് ഇക്കൂട്ടത്തിലെ ഒന്നാം പ്രതി. ഭക്ഷണത്തെ അറിഞ്ഞ്, ആസ്വദിച്ച് കഴിക്കാനുള്ള ഒരു മനസ്സ് അവരില്‍ നിന്നും തട്ടിപ്പറിക്കുന്നത് അധ്യാപകരും രക്ഷിതാക്കളും തന്നെയാണ്. പഠനത്തിന്റെയും പരീക്ഷയുടെയും കെട്ടിത്തൂക്കിയ വാളിന്റെ ചുവട്ടിലിരുന്നാണ് അവര്‍ വല്ലവിധവും രണ്ടു വറ്റ് വാരിത്തിന്നുന്നത്. നാളെ ചെയ്തു തീര്‍ക്കേണ്ട അസ്സൈന്മെന്റുകള്‍, കാണിക്കേണ്ട റിക്കാര്‍ഡുകള്‍, എഴുതേണ്ട പരീക്ഷകള്‍ ഇവയാണ് അവരുടെ തൊണ്ടയിലെ വെള്ളം പ്രധാനമായും വറ്റിക്കുന്നത്. ഇത്രമാത്രം ടെൻഷനടിച്ചും, സ്വശരീരത്തെപ്പോലും പീഡിപ്പിച്ചും ആ൪ജിക്കേണ്ട ഒന്നാണോ വിദ്യാഭ്യാസം എന്ന ഈ ഏര്‍പ്പാട്.
മിക്ക ഹയര്‍ സെക്കന്ററി സ്കൂളിലും ക്ലാസ്സുകള്‍ ആരംഭിക്കുന്നത് രാവിലെ 9 മണിക്കാണ്. ഏറ്റവും മികച്ചതെന്നു കേള്‍വികേട്ട സ്കൂളുകള്‍ക്കായുള്ള ഓട്ടത്തിനിടയില്‍ വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള കിലോമീറ്ററുകള്‍ നീളുന്ന യാത്ര രക്ഷിതാക്കള്‍ക്കും ആദ്യപരിഗണനാ വിഷയമല്ല. സ്കൂള്‍ വിദ്യാര്‍ഥികളെ കാണുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസ്സുകള്‍ കൂടി ആവുമ്പോള്‍, പഠനത്തിനായുള്ള പെടാപ്പാട് ആരംഭിക്കുന്നത് രാവിലെ 7 മണി മുതലാവുന്നു. പുലര്‍കാല ട്യൂഷന്‍ കൂടിയാവുമ്പോള്‍ 5 മണിക്കിറങ്ങുന്നവരുമുണ്ട്. എന്തായാലും സ്കൂളില്‍ 9 മണിയ്ക്ക് എത്തിയില്ലെങ്കില്‍ ആദ്യം ഡിസിപ്ലിന്‍ കമ്മിറ്റി നേതാക്കള്‍, തുടര്‍ന്ന് ക്ലാസ് ടീച്ചര്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയവരുടെ കമന്റുകള്‍, വിചാരണ, ഭീഷണി ആദിയായവ നേരിടുമ്പോഴേക്കും ഒരുവിധപ്പെട്ടവരെല്ലാം സ്വന്തം വിധിയെ ആത്മാര്‍ഥമായും ശപിച്ചിരിക്കും. രാവിലെ തന്നെയുള്ള ഈ അപമാനത്തില്‍ നിന്നും രക്ഷപ്പെടുകയാണ് ഓരോ കുട്ടിയുടെയും സ്കൂളിനെ കുറിച്ചുള്ള ആദ്യത്തെ പരിഗണന. ഒന്നാം പിരിയേഡുതന്നെ മുഴുവന്‍ അധ്യാപകരുടെയും നോട്ടപ്പുള്ളിയാ
പഠനത്തെയും സ്കൂളിലെത്താനുള്ള സംഘര്‍ഷത്തെയും കൂടാതെ ഒരു ഫാഷനായും ആഹാരം കഴിക്കതിരിക്കുന്ന കുട്ടികളുണ്ട്. പെണ്‍കുട്ടികളുടെ കാര്യത്തിലാണ് ഇത് മിക്കപ്പോഴും സംഭവിക്കുന്നത്. അവരുടെ റോള്‍ മോഡലുകള്‍ ഐശ്വര്യാ റായിയെപ്പോലുള്ള സ്ലിംബ്യൂട്ടികള്‍. അതുപോലെ തന്നെ ജങ്ക് ഫുഡ്ഡുകള്‍, കൃത്രിമ പാക്കെറ്റ് ഫുഡ്ഡുകള്‍, ഫാസ്റ്റ് ഫുഡ്ഡുകള്‍ ഇവയെ സ്റ്റാറ്റസ് ചിഹ്നങ്ങളായി കാണുന്ന പ്രവണതയും ആരോഗ്യകരമായ ഒരു ഭക്ഷണ സംസ്കാരത്തില്‍ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ പിറകിലോട്ടു വലിക്കുന്നു.
ശരീരത്തിന്റെയും മനസ്സിന്റെയും പൂര്‍ണ സമര്‍പ്പണമാണ് ചിന്തയുടെയും ഏകാഗ്രതയുടെയും അടിസ്ഥാനമെന്ന് തിരിച്ചറിയുക, അതിനു ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും അറിയുകയും ആസ്വദിക്കുകയും ചെയ്യുക - ഇതെല്ലം പ്രധാനമെന്ന് ആരാണ് അവരെ ബോധ്യപ്പെടുത്തുക. ആരോഗ്യത്തെക്കുറിച്ചുള്ള ശരിയും ശാസ്ത്രീയവുമായ പാഠങ്ങള്‍ പരീക്ഷയ്ക്കായല്ലാതെ എന്തുകൊണ്ടാണ് അവരുടെ ജീവിത പാഠമാക്കാന്‍ സുവോളജിയും ബോട്ടണിയും മാറിമാറി പഠിപ്പിച്ചിട്ടും നമുക്ക് കഴിയുന്നില്ല. ശരീരത്തിന്റെ ഈ ഘട്ടത്തിലുള്ള ശ്രദ്ധ ഭാവിയില്‍ ഏതു പ്രതിസന്ധിഘട്ടത്തിലും തുണയാകും എന്നതാണ് ഓരോ ദിവസത്തെയും ആദ്യപാഠവും അവസാനപാഠവും ആകേണ്ടത്. 'ശരീരമാദ്യം ഖലു ധര്‍മ സാധനം' എന്നത് ഒരു പഴകിയ മന്ത്രം മാത്രമല്ല സ്കൂള്‍ അന്തരീക്ഷത്തിലെ സുപ്രധാനമായ ശീലമാക്കാന്‍ ആദ്യം ചുവടുകള്‍ വെക്കേണ്ടത് അധ്യാപകര്‍തന്നെയാണ്.