2011, ജനുവരി 3, തിങ്കളാഴ്‌ച

കൂടിയ അര്‍ഥങ്ങള്‍ അളക്കുമ്പോള്‍


അളവ് മലയാളത്തിലെ സവിശേഷമായ ഒരു വാക്കാണ്. ഒരേ സമയം സാധാരണ നാമവും ക്രിയാ സൂചകവുമാണത്. അളന്ന ദൂരവും അളക്കുന്ന പ്രക്രിയയും അളവ് തന്നെ. രണ്ടര്‍ത്ഥത്തിലും അളവ് ഈ കൃതിക്ക് അനുയോജ്യമായ ശീര്‍ഷകമാണ്. ഇതിലെ ഇരുപത്തിയൊന്നു കുറിപ്പുകളും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അളവ് തന്നെയാണ്. ചിലപ്പോള്‍ ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ തനിക്കു നല്‍കിയിട്ടുള്ള തന്റെ പ്രദേശത്തെ വ്യക്തികള്‍ , സംഭവങ്ങള്‍ ‍, ചില പ്രശ്നപരിസരങ്ങള്‍ എന്നിവയാകാം, മറ്റു ചിലപ്പോഴത് തന്നെ രൂപപ്പെടുത്തിയെടുത്ത, മറ്റുള്ളവര്‍ക്ക് സാധാരണമെങ്കിലും തനിക്കു അമൂല്യങ്ങളായ അനുഭവങ്ങളാവാം. അളവുകാരനും അളവും അളക്കപ്പെട്ടതും ഈ 'അളവി'ലുണ്ട്. സാധാരണ ചെറുത്‌ /വലുത്, കൂടിയത് / കുറഞ്ഞത്‌ എന്നിങ്ങനെയാണ് അളവുകളുടെ ഫലം. എന്നാല്‍ 'അളവ്,' ദ്വന്ദ്വങ്ങളായി മാത്രം എന്തിനെയും അളന്നു ശീലിച്ച നമ്മുടെ കാഴ്ചകളെ എഴുത്തിന്റെ ഐന്ദ്രജാലികമായ വെള്ളി വെളിച്ചത്താല്‍ ഏകീകരിക്കുന്നു. അളവ് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന അതിരുകള്‍ ഇവിടെ മായുന്നു. വിഷയങ്ങളുടെ സ്വീകരണം പരിചരണം പ്രാധാന്യം എന്നതിലൊന്നും മുന്‍ വിധികളില്ലാത്ത, സൂക്ഷ്മമായ അനുഭാവാവിഷ്കാരമാണ് ഇതിലെ കുറിപ്പുകള്‍ ഓരോന്നും. അളന്നു തിരിക്കലല്ല, അളന്നു കൂട്ടുകയാണ് ഇതിലെ പ്രക്രിയ. ചില ചെറിയ അളവുകള്‍ തരിശായ വലിയ അളവുകളെക്കള്‍ മൂല്യവും പ്രയോജനവും  തരുന്നതുമായിരിക്കുമല്ലോ.

'അളവ് - നോട്ടങ്ങളും ഓര്‍മ്മകളും' കേവലമായ അനുഭവക്കുറിപ്പുകളില്‍ നിന്നും വ്യത്യസ്തമാകുന്നത് അവ  പുലര്‍ത്തുന്ന അത്യന്തം സൂക്ഷ്മമായ നിരീക്ഷണത്താലാണ്. ഒറ്റനോട്ടമല്ല ഇതിലെ ഒരു കുറിപ്പും. മാത്രമല്ല ഒരു നോട്ടത്തില്‍ തുടങ്ങി മറ്റൊരു നോട്ടത്തില്‍ അവസാനിക്കുന്നവയുമല്ല ഇവ. ഒറ്റയൊറ്റയായ ആകുലികളെ കുറിച്ചുള്ള പാട്ടുകളല്ല, തികച്ചും ഗ്രാമീണമായ ജീവിതബോധത്തെ, അതിന്റെ സമഗ്രതയെയാണ് നാം ഈ കൃതിയില്‍ അനുഭവിക്കുക. കാഴ്ചകളില്‍ നിന്നും ഉള്ക്കാഴ്ചയിലേക്ക് നയിക്കാന്‍ കഴിയാത്ത, അലസമായ ഒരു ലഘു നിരീക്ഷണം പോലും ഈ കുറിപ്പുകളില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്. സര്‍ഗാത്മകമായ എഴുത്തിന്റെ കവാടം ഫിക്ഷന്‍ എഴുതുന്നവരുടെ വഴിയില്‍ മാത്രമല്ല എന്ന് കൂടി ഈ കൃതി നമ്മെ അതിന്റെ അതിസൂക്ഷ്മമായ നിരീക്ഷണത്താലും വിചാരങ്ങളാലും ബോധ്യപ്പെടുത്തുന്നു. 'കുഞ്ഞമ്പുവേട്ടന്റെ പെട്ടി' എന്ന കുറിപ്പില്‍ എഴുത്തുകാരനും  വായനക്കാരനും മേയുന്ന പാടങ്ങളെക്കുറിച്ചുള്ള   ഒരു താരതമ്യമുണ്ട്‌. " എഴുത്തുകാര്‍ക്ക് എഴുത്ത് വരുന്നത് എവിടെനിന്നാണ്? ലോകത്തില്‍ നിന്ന് - ലോകവുമായുള്ള ബന്ധങ്ങളില്‍ നിന്ന്. അവരും ലോകത്തെ വായിക്കുകയാണ്. ആ വായനയില്‍ നിന്നാണ് സാഹിത്യം ഉണ്ടാകുന്നത്. വായനക്കാരന്‍ ചെയ്യുന്ന വിശകലന പ്രവര്‍ത്തനങ്ങളെല്ലാം ലോകത്തെ മുന്‍ നിര്‍ത്തി സാഹിത്യകാരനും ചെയ്യുന്നുണ്ട്." വായനക്കാരന്റെ ചേരിയിലെ മുന്‍ നിരക്കാരന്‍ മാത്രമാണല്ലോ നിരൂപകന്‍ . സൂക്ഷ്മദര്‍ശിനിക്കുഴലിലൂടെയെന്നോണം നടത്തപ്പെടുന്ന ഈ കൌതുകകരമായ നോട്ടത്തില്‍ , തനിക്കു സുപരിചിതങ്ങളായവയെ മാറി നിന്ന് നോക്കിക്കാണാനും അവയ്ക്ക് പിന്നിലെ സാമൂഹിക ദര്‍ശനം ഇഴ പിരിക്കാനും ആണ് രാജഗോപാലന്‍ ശ്രമിക്കുന്നത്. തന്റെ അനുഭവങ്ങളെയും ഓര്‍മ്മകളെയും ആത്മരതിയുടെ ചൊറിച്ചലുണ്ടാക്കുന്ന ചേമ്പിലയില്‍ പൊതിഞ്ഞു വിളമ്പുന്ന അനുഭവമെഴുത്തു സാഹിത്യത്തിന്റെ പൊങ്ങുകള്‍ക്കിടയില്‍ , അവയെ ജീവിതത്തെ മുന്‍നിര്‍ത്തിയുള്ള സഫലമായ ചില വിചാരങ്ങളിലേക്ക് ആഴത്തില്‍ നടുന്ന ഈ പ്രക്രിയ അത്ര എളുപ്പമുള്ളതല്ല.

എല്ലാ എഴുത്തും തിരുത്താണെന്നു രാജഗോപാലന്‍ എന്‍ . എസ്. മാധവന്റെ 'തിരുത്തി'നെ  മുന്‍ നിര്‍ത്തി ഒരിക്കല്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ കുറിപ്പുകള്‍ തീര്‍ച്ചയായും വിളിച്ചു പറയുന്ന മറ്റൊരു കാര്യം എഴുത്തിന്റെ പ്രാധാന്യമാണ്. എഴുത്ത് ലോകബോധത്തില്‍ ഇടപെടാനുള്ള സുപ്രധാനമായ ഒരു മാര്‍ഗമാണ്. തനിക്കു ചുറ്റും തിമര്‍ത്തു പെയ്യുന്ന പുതിയ നാഗരികതയുടെ തരംഗങ്ങളെ എങ്ങിനെയാണ് അഭിസംബോധന ചെയ്യേണ്ടത് എന്നത് ചരിത്രത്തെയും പ്രത്യയശാസ്ത്രത്തെയും നെഞ്ചിലേറ്റുന്ന ഏതൊരാളുടെയും സങ്കീര്‍ണതയാണ് ഇന്ന്. ഒരേ സമയം അപ്പത്തിലും അടയിലും കൂടാന്‍ അവര്‍ക്കാവില്ല. 'പുലിവന്നാല്‍ വന്നോട്ടെ, സുപരീക്ഷിതങ്ങളെന്‍ കരങ്ങള്‍ ' എന്ന് ധീരമായി ഈ പാട്ടുകൂട്ടത്തില്‍ ചേരാതിരിക്കാനെ അവര്‍ക്കാവൂ. ഒരോര്‍മ്മപ്പെടുത്തലെന്നോണം പിന്നെ ചെയ്യാനുള്ളത് ഒരു കാലത്തിന്റെ മോഹിപ്പിക്കുന്ന സാഹസികതയും ഉരുകിവീണ വിയര്‍പ്പുതുള്ളികളും ആത്മാവില്‍ പറ്റിപ്പിടിപ്പിക്കത്തക്ക വണ്ണം കടലാസിലേക്ക് പകരുക മാത്രമാണ്. 'അളവി'ലെ കുറിപ്പുകള്‍ അത്തരമൊരു ധര്‍മ്മം കൂടി നിറവേറ്റുന്നുണ്ടെന്നു ഞാന്‍ വിചാരിക്കുന്നു. ഓര്‍മ്മകളുടെ ശ്രുതി ചേര്‍ത്തു ഒരു കാലത്തെക്കുറിച്ചും തന്റെ ചുറ്റുമുള്ള, മറ്റാരാലും എഴുതപ്പെടാനും  ചരിത്രത്തില്‍ ഭാഗഭാക്കാകാനും സാധ്യതയില്ലാത്ത മനുഷ്യരെക്കുറിച്ചും രാജഗോപാലന്‍ എഴുതുമ്പോള്‍ അത് കാലം തെറ്റിയുള്ള അറിയിപ്പുകളാകാതെ ജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വിസ്മയങ്ങളാകുകയാണ് ചെയ്യുന്നത്. അവരുടെ അനുഭവങ്ങള്‍ത്തന്നെ സമൂര്‍ത്തമാക്കുന്നത്, പുതിയ കാലത്തും അതിനു അര്‍ത്ഥമുണ്ടാകുന്നത് ഈ എഴുത്തിലൂടെയാവണം. മഹാരഥന്മാരുടെ ബൃഹദാഖ്യാനങ്ങളായി നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറമുള്ള ചെറിയ മനുഷ്യരുടെ വിസ്മയിപ്പിക്കുന്ന ചെയ്തികളെ ചരിത്രത്തിലേക്ക് ഇറക്കി നിര്‍ത്തുക കൂടിയാണ് ഈ കുറിപ്പുകളിലൂടെ ഇ. പി.രാജഗോപാലന്‍ ചെയ്തിരിക്കുന്നത്. ചരിത്രം, മിത്തുകള്‍ , ഓര്‍മ്മകള്‍ ,കേട്ടുകേള്‍വികള്‍ എല്ലാം എഴുത്തിന്റെ അത്യന്തം സര്‍ഗാത്മകമായ ഈ രാസപ്രക്രിയയില്‍ അദ്ദേഹത്തിനു കൂട്ടുണ്ട്. അനുഭവങ്ങളുടെ എഴുത്തിനു പുതിയൊരു മാര്‍ഗരേഖതന്നെയാവുന്നു 'അളവ്'.

ഭാഷയുടെ അത്യന്തം സൂക്ഷ്മമായ പരിചരണമാണ്  ഇ. പി.രാജഗോപാലന്റെ നിരൂപണത്തിന്റെ കാതല്‍ . അപൂര്‍വവും കൌതുകകരവുമായ ഭാഷാ പ്രയോഗങ്ങള്‍ അദ്ദേഹത്തിനു വിരുന്നുകളാണ്. അവയ്ക്ക് മേല്‍ അടയിരിക്കാനും അര്‍ത്ഥത്തിന്റെ അടരുകള്‍ പൂത്തിരിപോലെ വിരിയിക്കാനും സവിശേഷമായ താത്പര്യം രാജഗോപലനുണ്ട്. 'തകരത്തമ്പുരാന്‍ ' എന്ന അപൂര്‍വമായ പ്രയോഗത്തിനു പിന്നിലെ അലച്ചിലാണ്  അതിലെ അധികാരത്തിന്റെ ഹുങ്കിനെ ചോദ്യചെയ്യുന്ന കീഴാള കരുത്തിനെ കണ്ടെത്തുന്നതിനു ഇടയാക്കുന്നത്. നാട്ടുചരിത്രം, തിയേറ്റര്‍ , ഫോക് ലോറിന്റെ സൈദ്ധാന്തിക പരിസരം, ഭാഷാശാസ്ത്രം എന്നീ വിചാരധാരകള്‍  ഈ വഴിയില്‍ വെളിച്ചത്തിനായി കൂടെയുണ്ട്. വാക്കുകളുടെ കൂടും തേടിയുള്ള ഈ യാത്ര ഇതിലെ പല  കുറിപ്പുകള്‍ക്കും കാരണമാവുന്നുണ്ട്. നിശാചരന്‍ , പൊന്തനും നൂലനും, അര്‍ത്ഥപാപം, തറവേല, പതി മുതലായവ നിഘണ്ടുക്കള്‍ക്കപ്പുരം സാമൂഹിക ജീവിതത്തില്‍ വാക്കുകളുടെ അര്‍ത്ഥമാരായുന്നവയാണ്. വാക്കുകളിലുള്ള ഈ സൂക്ഷ്മത ഈ കുറിപ്പുകളുടെ ഭാഷയിലും ജാഗ്രതയാവുന്നുണ്ട്. അമ്മ്യംകണ്ടം എന്ന കുറിപ്പില്‍ തെയ്യത്തിന്റെ മാന്ത്രികത എങ്ങിനെ തന്റെ വര്‍ണബോധത്തെ തീര്‍ത്തു എന്ന് പറയുന്നത് നോക്കുക. "കുണ്ടോര്‍ ചാമുണ്ടിയുടെ നിറഞ്ഞ ചുവപ്പ് - തിരിയോലയുടെ ഇളം പച്ച കലര്‍ന്ന മഞ്ഞയും വട്ടമുടിയിലെ ചന്ദ്രക്കലകളും കോലത്തിരികളുടെ പൊന്‍ വെളിച്ചവും ചുവപ്പിനോട് ചേര്‍ന്നുണ്ടാകുന്ന ചലിത സൌന്ദര്യമാണ് ഞാന്‍ നേരിലറിഞ്ഞ ആദ്യത്തെ വര്‍ണാനുഭവം. ആദിരൂപം പോലെ ഇത് എല്ലാ വര്‍ണ വിശകലനങ്ങളെയും സ്വാധീനിച്ചുകൊണ്ട് കൂടെ ജീവിക്കുന്നു." 'ഈ ഭാഷയൊന്നും പരിചയിക്കാത്ത പ്രായത്തിലും' തോരക്കാരത്തി പോലുള്ള തെയ്യങ്ങള്‍ മനസ്സില്‍ കേവലമായ  ആരാധനാ ബിംബങ്ങള്‍ എന്ന നിലയ്ക്കല്ല കുടികൊണ്ടത് എന്ന് ലേഖകന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭാഷ, സൌന്ദര്യ ബോധം ,സാമൂഹിക ബോധം ഇവ ഉരുവം കൊളളാനുണ്ടായ അനുഭവങ്ങള്‍ അവ എപ്രകാരം വികസിച്ചു എന്നതിന്റെ കൂടി തെളിവുകളാകുന്നു ഈ കുറിപ്പുകള്‍  . ഉത്സവങ്ങളെല്ലാം കാര്‍ണിവലുകലാകുന്ന കാലത്ത് അമ്മ്യം കണ്ടത്തെ പോലുള്ള അലങ്കാരങ്ങളും കെട്ടുകാഴ്ചകളും ഒഴിഞ്ഞ ആരാധനാലയങ്ങള്‍ നല്‍കുന്ന  അനുഭവത്തെ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് ' രാത്രിക്കോലം കഴിഞ്ഞ് വഴിയിലെക്കിറങ്ങുമ്പോള്‍ കൂടെവരുന്ന തണുപ്പിനു കൂടിയ അര്‍ത്ഥവും തോന്നാറുണ്ട്.' തെയ്യം കൂടുകയാണല്ലോ. ഭാഷയുടെ ചിലമ്പൊലി ഈ യാത്രയില്‍ അനുഭവത്തിനു പിന്നിലല്ല, വെളിച്ചമായി മുന്നില്‍ തന്നെയാണ്. അതുകൊണ്ടാണ്, "ചെമ്പിലോട്ടെ അറയ്കും സ്കൂളിനും ഇടയ്ക്കുള്ള വഴിയാണ് ആദ്യത്തെ ഓര്‍മ്മ. ഇന്നത്‌ താറിട്ട റോഡാണ്. അതിലെ  യാത്രക്കാരനായിരുന്ന ഒന്നാം ക്ലാസുകാരനോടൊപ്പം ഈ റോഡും ഇപ്പോള്‍  ഇക്കാര്യം  ഓര്‍ക്കുന്നുണ്ടാവും" എന്ന് ഉറപ്പായും എഴുതാന്‍കഴിയുന്നത്‌. ചെറിയ വാക്യങ്ങളില്‍ വലിയ മുഴക്കമുള്ള ആശയങ്ങള്‍ സന്നിവേശിപ്പിക്കുന്ന രീതി ഈ കുറിപ്പുകളുടെ മുഖമുദ്രയാണ്. പതിയെന്ന ആരാധനാലയത്തിന്റെ ലാളിത്യത്തെക്കുരിച്ചു പറയുമ്പോള്‍ തൊട്ടടുത്തെഴുതുന്ന വാക്യം 'പ്രകൃതിയോടു ഒരു യുദ്ധവുമില്ല' എന്നാണ്.  ആരാധനയടക്കമുള്ള മിക്ക മനുഷ്യ കര്‍മ്മങ്ങളും പ്രകൃതിയോടും മനുഷ്യനോടും തന്നെയുള്ള യുദ്ധമാകുന്ന കാലത്ത് ഈ വക്യമില്ലാതെ പതിയെക്കുറിച്ചു പറയുന്നത് അപൂര്‍ണമാവുകയെയുള്ളൂ. വാക്കുകളുടെ ലഹരി നിറോന്മേഷം കൊള്ളുന്ന മറ്റൊരു സന്ദര്‍ഭം വായനശാലയെക്കുറിച്ചുള്ള വിചാരത്തിലാണ്. "ഭാവനയുടെ വീടാണ് വായനശാല. ലഹരി പിടിപ്പിക്കുന്ന വാക്കാണ്‌ വായനശാല എന്നത്. വായനയ്ക്ക് മാത്രമായി ഒരു ശാല. വായനശാല വായനക്കാര്‍ വായനക്കാര്‍ക്കുവേണ്ടി ഉണ്ടാക്കി പ്രവര്‍ത്തിപ്പിക്കുന്ന വായനയുടെ ഇടമാണ്"

ഫോക് ലോര്‍ രാജഗോപാലന്റെ അന്വേഷണ വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മൌലിക വാദത്തിന്റെ ഉറയലും ഭൂതകാലാഭിരതിയുടെ ഉന്മാദവും ഇല്ലാതെ തികച്ചും വൈരുദ്ധ്യാത്മകമായി നാട്ടറിവുകളെ നോക്കിക്കാണാനും പുതിയ സാമൂഹിക ബോധ്യത്തോടെ അവയെ വിശകലനം ചെയ്യാനും നേരത്തെ തന്നെ രാജഗോപാലന്‍ ശ്രമിച്ചിട്ടുണ്ട്. സത്വത്തിന്റെ പുതിയ കാലത്തെ അമ്പാസിഡര്‍മാരാകാന്‍ ഫോക് ലോറിസ്റ്റുകളെ സമ്മതിക്കാതെ, ഒറ്റയൊറ്റ ഫോക്കുകളുടെ സത്വത്തിനപ്പുറം പാരസ്പര്യത്തിന്റെ, കൂട്ടായ്മയുടെ സംസ്കാരത്തെ കേരളീയതയുടെ അടിസ്ഥാനഭാവമായി കാണുന്ന ഈ മനോഭാവം തന്നെയാണ് ഇതിലെ ഒന്നാം ഭാഗത്തെ നാട്ടറിവുകളുമായി ബന്ധപ്പെട്ട ചിന്തകളിലും മുന്നില്‍ നില്‍ക്കുന്നത്. പുതിയ കാലത്തെ വ്യക്തി മലയാളിയെന്ന വിശാല ഫോക്കിനു പുറത്തുപോലും തന്റെ വ്യക്തിത്വത്തിന്റെ വേരുകള്‍ ആഴ്ത്തിയിട്ടുള്ളവനാണ് എന്ന നിരീക്ഷണത്തിനു ഇന്ന് മറ്റു തലങ്ങളിലും സാംഗത്യമുണ്ട്.

ഈ കുറിപ്പുകളില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു വാക്കിനെ ഈ ആലോചനയില്‍ നിന്ന് വിട്ടുകളയുന്നത് ശരിയല്ലല്ലോ. 'പലമ' എന്നതാണത്. ജീവിതത്തിന്റെ വൈവിധ്യങ്ങളെ അതിന്റെ തനതായ സ്വഭാവത്തോടെ ഉള്‍ക്കൊള്ളാന്‍  കഴിയുന്ന ഒരാള്‍ക്ക്‌ മാത്രമേ ഉത്തരവാദിത്വത്തോടെ ഈ വാക്ക് ഉപയോഗിക്കാന്‍ കഴിയൂ. പല നേരുകള്‍ പല കാഴ്ചപ്പാടുകള്‍ പല വിശ്വാസങ്ങള്‍ ഇവ മുന്‍ വിധികളില്ലാതെ അനുഭവിക്കാന്‍ എഴുതാന്‍ എടുക്കുന്ന ആര്‍ജവം ഇ. പി. രാജഗോപാലനെ പ്പോലെ ഒരാളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പലമ ഭൂമിയുടെ ചരിത്രത്തിന്റെ സ്വഭാവവുമാണ്. അതുകൊണ്ടുതന്നെ ഭൂമിയെക്കുറിച്ചും മനുഷ്യചരിത്രത്തെക്കുറിച്ചും പേര്‍ത്തും പേര്‍ത്തും പറയേണ്ടി വരുന്നത്. പറഞ്ഞു പറഞ്ഞു മിക്കപ്പോഴും ഭൂമിയിലാണ് എത്തുക. ഓണത്തെക്കുറിച്ച്‌ പറയുമ്പോഴും വായനയെക്കുറിച്ച്‌ പറയുമ്പോഴും കണ്ണുകള്‍ അവസാനം ചെന്നെത്തുന്നത് ഭൂമിയിലാണ്. അതിലെ വെളിച്ചം മാര്‍ക്സിയന്‍ വിശകലനരീതിയും. അതുകൊണ്ട് തന്നെ സാംസ്കാരികം എന്ന് പേരിട്ടു വിളിച്ചു വ്യവഹരിക്കാറുള്ള ആലോചനകള്‍ ഇ. പി. രാജഗോപാലനെ സംബന്ധിച്ചിടത്തോളം സാമൂഹികമാണ്. മിത്തുകളും പുരാവൃത്തങ്ങളും വൈയക്തികാനുഭവങ്ങളും സമൂഹമെന്ന വിശാലസ്ഥലികളില്‍ ആണ് പരിചരിക്കപ്പെടുന്നത്.

ഈ കുറിപ്പുകളില്‍ ഒറ്റപെട്ടു നില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുള്ള ഒന്ന് സ്കൂള്‍ ആണ്. മറ്റെല്ലാം സാധ്യതകളുടെ സൂക്ഷ്മമായ അന്വേഷണങ്ങളോ എത്തിച്ചേരാവുന്ന വ്യാഖ്യാനങ്ങളുടെ ആകാശങ്ങളോ  ആണ്. എന്നാല്‍ എഴുതിച്ചുരുക്കിയ ഒരേയൊരിടം വിദ്യാലയമാണ്. ശരിയാണ്, വിദ്യാലയത്തിന് ഒരുപാട് പരിമിതികള്‍ ഉണ്ട്. ഭരണകൂടത്തിന്റെ മറ്റൊരു സ്ഥാപനമാണ്‌ സ്കൂള്‍ . അതിനു വിമോചനാത്മകമായ സര്‍ഗാത്മകതയെയോ സ്വാതന്ത്ര്യത്തെയോ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയില്ല. ഇതൊന്നും പുതിയ ആശയമല്ല. ഇവ ഇപ്പോള്‍ സ്വീകാര്യമാവുന്നത് ഏതു അന്തരീക്ഷത്തിലാണ് എന്നതാണ് പ്രധാനം. എത്രയോ കാലമായി ഭരണകൂടം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്നുള്ളതിനേക്കാള്‍ ദുഷിച്ച രീതിയില്‍ ഈ അഭ്യാസം ഇവിടെ വിജയകരമായി നടത്തി വരുന്നു. ഇന്ന് അതിനു വന്നിട്ടുള്ള ഒരേയൊരു മാറ്റം അത് മാര്‍ക്സിസ്റ്റുകള്‍ മുന്നോട്ടു വെച്ച സാമൂഹിക ജ്ഞാനനിര്‍മ്മിതി, വിമര്‍ശനാത്മക പഠനം എന്നിങ്ങനെയുള്ള രീതിശാസ്ത്രത്തെ കൂടി പിന്‍പറ്റുന്നു എന്നതാണ്. സമൂഹവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെയാണ് അറിവ് നിര്‍മ്മിക്കപ്പെടുന്നതെന്നും, കേവലമായി വിനിമയം ചെയ്യുന്ന അറിവുകള്‍ ആര്‍ക്കുവേണ്ടി,ആരുടെ താത്പര്യ സംരക്ഷണത്തിനായി ആരുടെ നില ഭദ്രമാക്കുന്നതിനു വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടിട്ടുള്ളത് എന്നീ ചോദ്യങ്ങള്‍ നിരന്തരമായി ഉന്നയിക്കുന്നതിലൂടെയാണ് ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രത്തെ വെളിവാക്കാന്‍ കഴിയൂ എന്നും ഉള്ള ഈ സൈദ്ധാന്തികമായ അടിത്തറയാണ് അതിന്റെ കാതല്‍ .അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വെക്കാനെങ്കിലും ഒരു ഇടതുപക്ഷ ഗവണ്മെന്റിനെ കഴിയൂ.  കേരളം പോലുള്ള ഒരു പ്രദേശത്തു, വ്യത്യസ്ത തരത്തിലുള്ള വിദ്യാലയങ്ങളും അധ്യാപകരും താത്പര്യങ്ങളും ഉള്ള ഒരു സ്ഥലത്ത് ഇവ നടപ്പാക്കുന്നതില്‍ പിഴവുകള്‍ ഏറെ സംഭവിച്ചിട്ടുണ്ടാകാം. എന്നാല്‍ സര്‍ഗാത്മകതയുടെയും സ്വാതന്ത്രത്തിന്റെയും കോലുകള്‍ നീട്ടിയാണോ അവ അളക്കപ്പെടെണ്ടത് എന്ന സംശയമുണ്ട്‌.  അങ്ങിനെയെങ്കില്‍ ആദ്യം ഏതുതരത്തിലുള്ള സര്‍ഗാത്മകതയും സ്വാതന്ത്ര്യവും എന്ന് അത് നിര്‍വചിക്കപ്പെടണം.  "ഏറെ ദിവസങ്ങളിലെ ഇന്‍ സര്‍വീസ് പരിശീലനങ്ങളും പലതലത്തിലുള്ള പരിശോധനകളും അധ്യാപക വ്യക്തിത്വത്തിന്റെ സര്‍ഗാത്മകതയ്ക്കും സ്വാതന്ത്ര്യത്തിനും എതിരാണ്" എന്നിങ്ങനെയുള്ള കേവലമായ പരാമര്‍ശങ്ങളില്‍ അത് ഒതുക്കപ്പെടരുത്. സ്കൂള്‍ ഒരു സമര പോരാട്ടങ്ങളുടെയും അവസാന തയ്യാറെടുപ്പ് വേദിയല്ല. പിന്നീട് വളര്‍ന്നു വികസിക്കാവുന്ന ഒരുപാട് വിത്തുകള്‍ പാകി മുളപ്പിക്കാവുന്ന മണ്ണാണത്. തീര്‍ച്ചയായും അവിടം പുതിയ കാലത്തിനൊപ്പിച്ച കൊമാളിരൂപങ്ങളെ മാത്രം ചുട്ടെടുക്കുന്ന ചൂളകളാക്കാം. ഒപ്പം മനുഷ്യത്വത്തിന്റെ പച്ചപ്പിലേക്ക് വളര്‍ത്താവുന്ന ഫലഭൂയിഷ്ടമായ വിളനിലമായും അതിനെ നോക്കിക്കാണാം. പുറത്തു ആഞ്ഞു വീശുന്നത്  ഭരണകൂടങ്ങളെപ്പോലും നിസ്സാരമാക്കുന്ന കൊര്‍പ്പറേറ്റുകളുടെ  വസൂരിരോഗാണുക്കള്‍  നിറഞ്ഞ മാധ്യമ കൊടുങ്കാറ്റാണ് എന്നത് രാജഗോപാലനും അറിവുള്ളതാണ്‌. കുടുംബങ്ങളും വായനശാലകളും ഇപ്പോള്‍ നേരത്തെ ഈ പുസ്തകത്തില്‍ നിരീക്ഷിച്ചത് പോലെ കലാമണ്ഡലമാണ്.

സാഹിത്യം മാത്രമല്ല ഇന്ന് ഒരു നിരൂപകന് മുന്നിലുള്ളത്. അയാള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും സാമൂഹിക ജീവിതത്തിന്റെ ഉപ്പു പരലുകളിലൂടെ അയാള്‍ക്ക്‌ നടക്കേണ്ടി വരും . അപ്പോള്‍ താന്‍ ആര്‍ജിച്ച ചിന്തയുടെ വെള്ളി വെളിച്ചത്താല്‍ അവയെക്കൂടി തന്റെ രുചിയുടെ കുമിളകളിലേക്ക് എടുത്തുവെക്കാന്‍ അയാള്‍ തയ്യറാകേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് ഇ. പി. രാജഗോപാലന്റെ ഈ പുസ്തകംആസ്വാദ്യകരമാവുന്നത്.
 (ഇ. പി. രാജഗോപാലന്റെ അളവ് എന്ന കൃതിക്ക് എഴുതിയ പിന്‍കുറിപ്പ് )

അളവ് - ഇ. പി. രാജഗോപാലന്‍
പ്രസാധനം - പുസ്തകഭവന്‍ ,പയ്യന്നൂര്‍
വില - എഴുപത്തഞ്ചു രൂപ