2010, ജൂൺ 22, ചൊവ്വാഴ്ച
ഇരുട്ടില്‍ കറുത്ത പൂച്ചയെത്തേടുന്ന തൊഴില്‍ വിദ്യാഭ്യാസം
ബാങ്കില്‍ ജോലി നോക്കുന്ന എന്റെ സുഹൃത്തിന്റെയും അധ്യാപികയായ ഭാര്യയുടെയും നിരന്തര ഫോണ്‍ വിളികളായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളിലായി. മകളുടെ പ്ലസ് വണ്‍ ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട വേവലാതികള്‍ പങ്കുവെക്കാനായിരുന്നു എല്ലാ വിളികളും. എസ് എസ് എല്‍ സി ഫലം വരുന്നതിനു മുന്‍പ് തന്നെ മകളെ നഗരത്തിലുള്ള ഏറ്റവും മികച്ചതെന്നു പേരുള്ള എന്ട്രന്‍സ് ഓറിയൻറഡ് ട്യൂഷന്‍ സെന്ററില്‍ സയന്‍സ് കോച്ചിങ്ങിന് ചേര്‍ത്തിരുന്നു. എന്നാല്‍ അവരുടെ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ടാണ് മകളുടെ എസ് എസ് എല്‍ സി ഫലം വന്നത്. മലയാളം സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ മാത്രം എ+ ഗ്രേഡ്. സയന്‍സ് വിഷയങ്ങളില്‍ പലതിലും ബി+ ഉം ബി യും. എന്നിട്ടും കഥയില്ലാതെ പ്ലസ് വണ്ണിനു അപേക്ഷിച്ചത് പ്രധാനമായും സയന്‍സ് വിഷയങ്ങളില്‍ മാത്രം.ഒരിടത്ത് മാത്രം കണ്ണ് കൊള്ളാതിരിക്കാന്‍ കൊമേര്‍സിനും കൊടുത്തു. സമീപത്തെ ഒരു സ്കൂളിലും സയന്‍സിനു പ്രവേശനം ലഭിച്ചില്ല. കൊമേര്‍സിന് കിട്ടുകയും ചെയ്തു. ഈ വിഷമസന്ധിയില്‍ എന്ത് ചെയ്യണമെന്നറിയാനായിരുന്നു ഫോണ്‍ വിളികള്‍. കുട്ടിയുടെ സ്കോറിന്റെ അവസ്ഥയും കൊമേര്‍സിന്റെ സാധ്യതകളും ആദ്യം പറഞ്ഞു നോക്കി. അപേക്ഷിച്ച ഒരു സ്ഥലത്തും സയന്‍സിനു സാദ്ധ്യതയില്ലെന്ന് റാങ്ക് പൊസിഷന്‍ നോക്കി പറഞ്ഞു കൊടുത്തു. ജീവിതത്തില്‍ മുന്‍പെങ്ങും അനുഭവിച്ചിട്ടില്ലാത്ത വേവലാതിയോടെയാണ് അവര്‍ ആ ദിവസങ്ങള്‍ തള്ളിനീക്കിയത്. ട്യൂഷന്‍ ഒഴിവാക്കുക, കൊമേര്‍സിന് ചേരുക എന്നൊക്കെ പറയുന്നത് ആലോചിക്കാന്‍ വയ്യ. ഒടുവില്‍ ഒരു പരിഹാരം എളുപ്പത്തില്‍ കണ്ടെത്തി. "അടുത്തു തന്നെയുള്ള VHSE സ്കൂളില്‍ കഴിഞ്ഞ കൊല്ലം മുതല്‍ സയന്‍സ് ബാച്ചുണ്ട്. ബയോളജിക്ക് പകരം അനിമല്‍ ഹസ്ബന്ററിയെന്നോ മറ്റോ പേരുള്ള ഒരു വിഷയമാണ്. അത് സാരമില്ല. ഫിസിക്സ്, കെമിസ്ട്രി, മാത് സ് എന്നിവയെല്ലാം രണ്ടിടത്തും ഒരു പോലെ തന്നെ യാണ്. ട്യൂഷന്‍ ഒഴിവാക്കേണ്ട. എന്ട്രന്‍സ് എഴുതാം. " എന്ന് അദ്ദേഹം ആശ്വാസം കൂറി.
ഒരുപാട് കോണുകളില്‍ നിന്ന് വ്യാഖ്യാനിക്കാവുന്ന ഈ സംഭവം ഇവിടെ എഴുതിയത് VHSE എന്ന കോഴ്സിനെക്കുറിച്ചു നിലനില്‍ക്കുന്ന സങ്കല്പങ്ങള്‍, തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആലോചനകള്‍ എന്നിവ വിശദമാകുന്നതിനു വേണ്ടിയാണ്.
ഗതിമുട്ടിയ ഘട്ടത്തില്‍ ഹയര്‍ സെക്കന്ററിക്ക് പകരം വെയ്ക്കാവുന്ന ഒന്നായിട്ടാണോ VHSE കോഴ്സ് വിഭാവനം ചെയ്യപ്പെട്ടത്? പിന്നീട് ഏതു വിഷയത്തിന്റെയും തുടര്‍ പഠനത്തിന് അടിസ്ഥാനമാകേണ്ടുന്ന ഒരു പൊതു പാഠ്യപദ്ധതിയാണോ അവിടെ പിന്തുടരേണ്ടത്? ഹയര്‍ സെക്കന്ററി കോഴ്സുകള്‍ക്ക് കിട്ടാത്ത കുട്ടികളെയാണോ VHSE സ്വാഗതം ചെയ്യേണ്ടത്? മൊത്തത്തില്‍ ഹയര്‍ സെക്കന്ററി കോഴ്സുകളെ തൊഴിലധിഷ്ഠിതമാക്കാന്‍ എപ്രകാരമാണ് നാം ആലോചിക്കേണ്ടത്? ഇത്തരം വിഷയങ്ങളില്‍ ഇനിയും നാം ചര്‍ച്ച വൈകിച്ചു കൂടാ.
വോക്കെഷനല്‍ ഹയര്‍ സെക്കന്ററി കോഴ്സുകള്‍ കേരളത്തില്‍ ആരംഭിച്ചിട്ട് പത്തിരുപത് വര്‍ഷമാകാറായി. വിദ്യാഭ്യാസത്തെ ക്കുറിച്ചുള്ള ഗാന്ധിയന്‍ ആദര്‍ശങ്ങളാണ് തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല്. "ഞാന്‍ ഒരു കുട്ടിയുടെ വിദ്യാഭ്യാസം ആരംഭിക്കുക അവനെ ഉപകാരപ്രദമായ ഒരു കൈത്തൊഴില്‍ പഠിപ്പിച്ചു കൊണ്ടായിരിക്കും" എന്നാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കര്‍ക്കശമായ നിലപാട്. വിദ്യാഭ്യാസം എന്നുള്ളത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് എന്താണ് എന്നുള്ളത് " അക്ഷര ജ്ഞാനം മാത്രമെടുത്താല്‍ അത് വിദ്യാഭ്യാസമേ ആകുന്നില്ല. വിദ്യാഭ്യാസം കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് ഒരു വ്യക്തിയുടെ ആത്മീയവും ഭൌതികവും മാനസീകവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരം എന്നാണ് " എന്ന നിര്‍വചനത്തില്‍ വ്യക്തമാണ്. തൊഴില്‍ പഠിപ്പിക്കുന്നതിനെ ഗാന്ധിജി നോക്കിക്കണ്ടത് ബുദ്ധിയുടെ വികാസത്തിനുള്ള ഉത്തമമായ വഴി എന്ന നിലയ്കുമാണ്. തൊഴിലിനേയും വിദ്യാഭ്യാസത്തെയും സംബന്ധിക്കുന്ന ഗാന്ധിജിയുടെ പരികല്‍പ്പനകള്‍ പിന്തുടരാന്‍ സ്വതന്ത്ര ഇന്ത്യയിലെ വിദ്യാഭ്യാസ ചിന്തകര്‍ക്ക് കഴിഞ്ഞില്ല. ആധുനികതയുടെ യുക്തികളാല്‍ നയിക്കപ്പെട്ട അക്കാലത്തെ നെഹ്രുവടക്കമുള്ള നേതാക്കന്മാര്‍ക്ക് അതിനു കഴിയുകയുമില്ല. ഇന്ത്യയെ ഇംഗ്ലണ്ടിനെപ്പോലെ അക്കാലത്ത് ഉയര്‍ന്നു വന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളെ പോലെ വികസനത്തിന്റെ പുതുവെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് തൊഴിലിനേയും വിദ്യാഭ്യാസത്തെയും സമഗ്രമായി നോക്കിക്കാനാണോ രണ്ടിനെയും വിളക്കിചെര്‍ക്കാനോ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമുക്കായില്ല; നമ്മുടെ മിക്ക വിദ്യാഭ്യാസ കമ്മീഷനുകളും ഇവ തമ്മില്‍ ബന്ധപ്പെടുത്തെണ്ടാതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിട്ടും. തൊലിപ്പുറത്തെ മരുന്ന് പുരട്ടല്‍ പോലെ ചില നടപടികള്‍ ഉണ്ടായില്ലെന്നല്ല. പൊതുവിദ്യാലയങ്ങളില്‍ തന്നെ ക്രാഫ്റ്റിനും തുന്നലിനും അധ്യാപകരുണ്ടായത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. എന്റെ ക്രാഫ്റ്റ് അധ്യാപകനെ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. അദ്ദേഹം ക്ലാസ്സില്‍ വന്ന ഉടനെ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. "എഴുതാനുള്ളവര്‍ എഴുതിക്കോ വായിക്കാനുള്ളവര്‍ വായിച്ചോ"! ഈ ഡയലോഗിന് വര്‍ഷങ്ങളോളം ഒരു മാറ്റവുമുണ്ടായിരുന്നില്ല. അദ്ദേഹത്തിനു ഏറ്റവും നന്നായി അറിയാവുന്ന കൈത്തൊഴില്‍ ഏതു ബഹളത്തിനിടയിലും ശാന്തമായി ഉറങ്ങാന്‍ കഴിയും എന്നതായിരുന്നു.
കേരളത്തില്‍ വൊക്കെഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ ആരംഭിക്കുന്നത് 1983 - 84 വര്‍ഷത്തിലാണ്. ( എന്താണ് VHSE വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെന്നറിയാന്‍ vhse വകുപ്പിന്റെ സൈറ്റില്‍ പോയാല്‍ അതുമാത്രം മരുന്നിനു പോലും കണ്ടുകിട്ടില്ല. സംശയമുള്ളവര്‍ക്ക് പരീക്ഷിക്കാം. http://www.vhse.kerala.gov.in/ ) ഏകദേശം കാല്‍ നൂറ്റാണ്ട് പിന്നിട്ട ഈ മേഖല ഇന്ന് വിലയിരുത്തപ്പെടുന്നത് എങ്ങിനെയാണ് എന്നത് കേരള കരിക്കുലം ഫ്രെയിം വര്‍ക്കില്‍ വിശദമായിട്ടുണ്ട്. " വൊക്കെഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ ഭൌതിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങള്‍ നില നില്‍ക്കുന്നു. ലാബ്, ലൈബ്രറി, വര്‍ക്ക് ഷെഡ് ഇവ പര്യാപ്തമല്ല. പരിശീലന കേന്ദ്രങ്ങള്‍ ഇല്ല. പാഠ്യപദ്ധതിയില്‍ അശാസ്ത്രീയത നിലനില്‍കുന്നു. കാലഹരണപ്പെട്ടതും അയവില്ലാത്തതുമായ പാഠ്യപദ്ധതി പ്രായോഗികമായ പഠനത്തിനു പ്രാധാന്യം നല്‍കുന്നില്ല. കുട്ടിയുടെ പ്രായത്തിനും പ്രാകൃതത്തിനും അനുയോജ്യമല്ലാത്ത ഉള്ളടക്കമാണ് നിലവിലുള്ളത്. ഉത്പാദന വിപണന രംഗത്തെ വെല്ലുവിളികള്‍ നേരിടാന്‍ പാഠ്യപദ്ധതി കുട്ടിയെ സഹായിക്കുന്നില്ല. തൊഴില്‍ പഠനത്തിനു ലക്‌ഷ്യം വെച്ച് തുടങ്ങിയ വൊക്കെഷണല്‍ ഹയര്‍ സെക്കന്ററയില്‍ ക്രമേണ തൊഴില്‍ ഇതര വിഷയങ്ങള്‍ പ്രാമുഖ്യം നേടുകയാണ് ചെയ്തത്. ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരു എളുപ്പ വഴിയായി ഈ കോഴ്സ് മാറി. അതുകൊണ്ടുതന്നെ പഠിക്കുന്ന തൊഴില്‍ മേഖലയില്‍ ആഴത്തിലുള്ള അനുഭവങ്ങള്‍ നേടാന്‍ നമ്മുടെ കുട്ടികള്‍ക്ക് കഴിയാതെ പോയി."
VHSE വിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന അതീവ ഗുരുതരമായ പ്രതിസന്ധികള്‍ എണ്ണമിട്ടു നിരത്തുന്നുണ്ട് ഈ പഠനത്തില്‍. കേരളത്തില്‍ അര്‍ഹമായ തയ്യാറെടുപ്പുകളോടെയോ ആലോചനകളുടെയോ അടിസ്ഥാനത്തിലല്ല തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം ആരംഭിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിന്റെ പൊതുമനസ്സിനെ സ്പര്‍ശിക്കാനോ അതിന്റെ വിശ്വാസം നേടിയെടുക്കാനോ ഈ കോഴ്സിനു ഇരുപത്താറു കൊല്ലമായിട്ടും കഴിഞ്ഞിട്ടില്ല. പത്തുവര്‍ഷത്തിനിടയില്‍ കേരളത്തിലെ മധ്യവര്‍ഗത്തിന്റെയും സാധാരണക്കാരുടെയും വിശ്വാസവും പണവും പിടിച്ചെടുക്കാന്‍ കഴിഞ്ഞ എത്ര സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ നമ്മുടെ നാട്ടില്‍ പടര്‍ന്നു പന്തലിച്ചു. ലിഫ്റ്റ് ടെക് നോളജിയും ഫയര്‍ ആന്‍ഡ് സേഫ്ടിയും എക്സറേ വെല്‍ഡിങ്ങും ഹോട്ടല്‍ മാനേജ്മെന്റും പഠിക്കാന്‍ പതിനായിരങ്ങള്‍ വലിച്ചെറിയാന്‍ സാധാരണക്കാര്‍ പോലും ബാങ്കുകള്‍ക്ക് മുന്നിലും ചിട്ടിക്കമ്പനികള്‍ക്ക് മുന്നിലും ആരുടെയൊക്കെയോ ദയാദാക്ഷിണ്യങ്ങള്‍ക്ക് വേണ്ടി കാത്തുകെട്ടിക്കിടന്നു. തൊട്ടടുത്തുള്ള തൊഴിലധിഷ്ടിത ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള സ്ഥാപനത്തെ കാണാതെ ( കേരളത്തില്‍ ഓരോ ജില്ലയിലെയും തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി സ്കൂളിന്റെ എണ്ണം താഴെ നല്‍കുന്നു. ) എങ്ങിനെ വയനാട്ടിലെയും മൂന്നാറിലെയും മംഗലാപുരത്തെയും തൊഴില്‍ കച്ചവട സ്ഥാപനങ്ങളെ പരിഗണിക്കാന്‍ സധാരണക്കാരടക്കം നിര്‍ബന്ധിക്കപ്പെട്ടു എന്നത് പഠിക്കേണ്ട ഒരു വിഷയമാണ്. ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കേരളത്തില്‍ തൊഴിലധിഷ്ഠിത കോഴ്സ് നടത്താന്‍ ചുമതലപ്പെട്ടവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുമോ?
പല VHSE കോഴ്സുകള്‍ക്കും ഇപ്പോഴും കേരള ഗവണ്മെന്റിന്റെ പോലും നിയമനത്തിന് അംഗീകാരം ഇല്ലെന്നു കേള്‍ക്കുന്നു. മറ്റു രാജ്യങ്ങളിലോ സംസ്ഥാനങ്ങളിലോ യൂണിവേര്‍സിറ്റികളിലോ പോകട്ടെ കേരളാ പി എസ്. സി തന്നെ അംഗീകരിക്കാത്ത കോഴ്സുകളാണ് ഇപ്പോഴും ഇവിടെ നടത്തുന്നതെങ്കില്‍ ആരാണ് അതിന്റെ ഉത്തരവാദി. ഇവിടെ പരിശീലിപ്പിക്കുന്ന പല തൊഴിലുകളും കാലഹരണപ്പെട്ടതാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തൊഴിലിനെ പരമപ്രധാനമായി കാണുന്ന ഒരു ജനത, മനുഷ്യ വിഭവത്തെ മുഖ്യമായും കയറ്റുമതി ചെയ്യുന്ന ഒരു സമൂഹം എന്നെല്ലാം മലയാളി വിശേഷിക്കപ്പെടുന്ന ഒരു സന്ദര്‍ഭത്തിലാണ്, തൊഴിലധിഷ്ടിത പരിശീലനം നല്‍കാനായി ഒരു ബാച്ച് തികയ്ക്കാനുള്ള ഇരുപത്തഞ്ചു കുട്ടികളെ പിടിയ്ക്കാന്‍ vhse അധ്യാപകര്‍ നെട്ടോട്ടമോടുന്നത്. കുട്ടികളെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇത്രയും നാള്‍ പ്രാധാന്യമില്ലാതിരുന്ന സയന്‍സ് വിഷയം ഇപ്പോള്‍ മിക്ക vhse ക്കാരും പ്രധാനമായി എടുക്കുന്നത്.
vhse കോഴ്സിനു ചേരുന്ന കുട്ടികള്‍ക്ക് നല്‍കേണ്ട വിഷയങ്ങളാണോ non vocational എന്ന് പറഞ്ഞു ഇന്ന് നല്‍കുന്നത്. കടുപ്പം കൊണ്ട് കടിച്ചാല്‍ പൊട്ടാത്ത ഫിസിക്സും കെമിസ്ട്രിയും മാത് സും കൊണ്ട് പത്തില്‍ പത്തു എ പ്ലസ് വാങ്ങിയ കുട്ടിപോലും വിയര്‍ക്കുന്ന ഹയര്‍ സെക്കന്ററി സിലബസ്സാണ് തൊഴില്‍ പരിശീലനം, ഓണ്‍ ദ ജോബ് ട്രെയിനിംഗ് തുടങ്ങിയ പരിപാടികള്‍ കൂടി ഉള്‍പ്പെട്ട vhse ക്കാര്‍ക്ക് നല്‍കുന്നത്. അധികമായ ഈ കണ്ടന്റിന്റെ ഭാരമാണ് ഒരു വിഭാഗം കുട്ടികളെ ഈ സ്ട്രീമില്‍ നിന്നും അകറ്റുന്നത്.
vhse നടപ്പാക്കിയത് മുതല്‍ ഹൈസ്കൂളിലെ ഹെഡ് മാസ്റ്റര്‍ക്ക് ചുമതല നല്‍കി പ്രിന്‍സിപ്പാള്‍ എന്ന വിളിപ്പേരിട്ടു ആദരിച്ചു വരികയായിരുന്നു. ഹൈസ്കൂളിലെ നൂറായിരം പ്രശ്നങ്ങള്‍ക്ക് തന്നെ പരിഹാരം കാണാന്‍ കഴിയാതെ പ്രാന്തെടുത്തു നടക്കുന്നതിനിടയിലാണ് കുറച്ചു ഗസ്റ്റ് അധ്യാപകരെയും വെച്ച് ഒരു കോഴ്സ് നടത്തേണ്ടുന്ന ഉത്തരവാദിത്വം കൂടി വരുന്നത്. ആരാണ് ഗൌരവത്തില്‍ ഈ കോഴ്സിനെ ശ്രദ്ധിച്ചത്? ആരുമില്ല. കേന്ദ്ര ഗവണ്മെന്റ് ഫണ്ട് തരുന്നത് കൊണ്ട് നമ്മള്‍ ഒരു കോഴ്സ് ആരംഭിച്ചു. അത്രമാത്രം. അവിടുത്തെ സിലബസ്, തൊഴില്‍ മേഖലകള്‍, പരിശീലനം, ഉപരി പഠന സാധ്യതകള്‍, അവര്‍ക്കുള്ള സംരംഭങ്ങള്‍ ഇതൊക്കെ കേരളത്തിന്റെ പൊതു സമൂഹത്തില്‍ എത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഒരു നാഷണല്‍ സെമിനാര്‍ നടന്നിരുന്നു. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തിന്റെ സിലബസ് വികസിപ്പിക്കാനെന്ന പേരില്‍. തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി ആരംഭിച്ച് കാല്‍ നൂറ്റാണ്ടിനു ശേഷം, നിലവിലുള്ള VHSE കളെ കൂടാതെ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തെ മൊത്തത്തില്‍ തൊഴിലധിഷ്ഠിതമാക്കാനുള്ള ആലോചനകളാണ് അവിടെ നടന്നത്. ശരിയാണ്, ഇത്രയും പേരെക്കൂടി തൊഴില്‍ പരിശീലനം കൂടി നല്‍കികൊണ്ട് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തിലൂടെ കടത്തിവിടുവാന്‍ കഴിഞ്ഞാല്‍ നല്ലതുതന്നെ. പക്ഷെ കേവലമായ ഉപകരണവാദം ആണ് ആ 'വര്‍ക്ക്‌ഷോപ്പില്‍' നിന്നും മുഴങ്ങിക്കൊണ്ടിരുന്നത്. കേരളത്തില്‍ പാടത്തിറങ്ങാന്‍ ആളില്ല, തേങ്ങ പറിക്കാന്‍ ആളില്ല, കെട്ടിടം പണിക്കു ആളില്ല, നല്ല ആശാരിയില്ല എന്നിങ്ങനെ. എന്നാല്‍ ഇതാണോ നാം ഒരു വലിയ സ്ട്രീമിനെ തൊഴിലധിഷ്ഠിത പരിശീലനം നല്കാനാവശ്യപ്പെടുന്നതിനുള്ള യുക്തി.
പ്രൈമറി തലം മുതല്‍ തന്നെ തൊഴിലിനോടുള്ള നമ്മുടെ ഇന്നുള്ള മനോഭാവം മാറ്റിയെടുക്കുകയല്ലേ വേണ്ടത്. അതിനു ഏതു തൊഴിലിനും മഹത്വമുണ്ടെന്നു വീമ്പിളക്കിയതുകൊണ്ട് , പ്രസംഗിച്ചത് കൊണ്ട് കാര്യമില്ല. ഏതെങ്കിലും ഒന്നോ രണ്ടോ തൊഴിലില്‍ പരിശീലനം നല്കലായി ഒതുങ്ങി പ്പോകാതെ പരമാവധി തൊഴിലുകളുമായി പരിചയപ്പെടാന്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് ആദ്യം വേണ്ടത്. അത് കേവലമായി തൊഴില്‍ പഠനത്തിന്റെ കള്ളികളില്‍ ഒതുങ്ങുകയും അരുത്. എങ്ങിനെ വിവിധ പാഠ്യവിഷയങ്ങളെ ഓരോ ഘട്ടത്തിലും നിശ്ചയിക്കുന്ന തൊഴിലുമായി ഉദ്ഗ്രഥിക്കാന്‍ കഴിയും എന്നും ഗൌരവത്തില്‍ അന്വേഷണ മുണ്ടാകണം. യഥാര്‍ത്ഥത്തില്‍ രൂപപ്പെടുത്തിയെടുക്കേണ്ടത് ഒരു തൊഴില്‍ സംസ്കാരമാണ്. അതിനായി ഓരോ തൊഴിലിലെയും വിദഗ്ദരെ സ്കൂളിനകത്തെക്ക് ക്ഷണിച്ചു കൊണ്ട് വരുവാന്‍ കഴിയണം. അവരെ ശരിയായ അധ്യാപകരായി പരിഗണിക്കാന്‍ കഴിയണം. തൊഴിലിനെ ബുദ്ധിയുടെ ഏറ്റവും മൂര്‍ത്തമായ പ്രയോഗസ്ഥലിയാക്കാന്‍ ആവണം. തൊഴില്‍ശാലകളുടെയും വിദഗ്ദരുടെയും സഹായത്തോടെ പ്രായോഗിക പരിശീലനം ലഭിക്കാന്‍ സാഹചര്യമുണ്ടാകണം.
അല്ലെങ്കില്‍ ശൈശവ വിവാഹം പോലെ ചെറുപ്പത്തിലേ ഇന്ന ആള്‍ക്ക് ഇന്ന ട്രേഡ് എന്ന് നാം, തന്നില്‍ ഒളിച്ചു വെച്ച ചിന്തയുടെയും ബുദ്ധിയുടെയും നിധികുംഭങ്ങളെ കണ്ടെത്തുന്നതിനുമുമ്പേ ഓരോ കുട്ടിക്കും മേല്‍ ഒട്ടിച്ചു വെച്ച് അവന്റെ / അവളുടെ സാധ്യതകളുടെ വാതിലുകളടയ്ക്കും.
ലേബലുകള്‍:
തൊഴില്‍,
ലേഖനം,
വിദ്യാഭ്യാസം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)