![]() |
'ദ സിനിമാ ടിക്കറ്റ് ' |
1 . 'ദ സിനിമാ ടിക്കറ്റ് '
സിനിമയോടുള്ള തങ്ങളുടെ അടക്കാനാകാത്ത അഭിനിവേശം മഹാന്മാരായ ചിലച്ചിത്രകാരന്മാര്‍ പ്രകാശിപ്പിച്ചിട്ടുള്ളത് മനോഹരമായ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടു മാത്രമല്ല. കഴിയുമ്പോഴൊക്കെ അവര്‍ സിനിമയെ തന്നെ പ്രമേയവുമാക്കി. സിനിമ അതിന്റെ ആരംഭം തൊട്ടുതന്നെ ജനങ്ങളെ അതിന്റെ കാന്തികമായ പ്രഭാവലയങ്ങളാല്‍ വലിച്ചെടുത്ത കലയാണ്. സിനിമയോടുള്ള ഉന്മാദസമമായ പ്രണയവും അതിനായി അലഞ്ഞ വഴികളും ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച ഓരോരുത്തരുടെയും ഓര്‍മ്മയിലെ വര്‍ണക്കാഴ്ചകളാണ്. ചലച്ചിത്രത്തെ പ്രമേയമാക്കി എടുക്കപ്പെട്ട സിനിമകളിലെല്ലാം ഈ അഭിനിവേശം, അനുഭവം പകര്‍ത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോകസിനിമയില്‍ ഒരു പ്രത്യേക വിഭാഗമായി നില്ക്കത്തക്ക വിധത്തില്‍ 'സിനിമയെക്കുറിച്ചുള്ള സിനിമകള്‍ ' സമ്പന്നമാണ്. ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ 'ക്യാമറാ ബഫ് ', ഗിസ്സപ്പേ ടെര്‍നാട്ടോറയുടെ ' സിനിമാ പാരഡൈസോ', അബ്ബാസ് കിയറസ്താമിയുടെ 'ക്ലോസ് അപ്പ് ', ഗൊദാര്‍ദിന്റെ ' കണ്‍ഡംപ്റ്റ് ', വെര്‍ത്തോവിന്റെ ' മാന്‍ വിത്ത് മൂവീ ക്യാമറാ', മക് മല് ബഫിന്റെ 'വണ്‍സ് അപ്പോണ്‍ എ ടൈം സിനിമ', ഒസാമ ഫൌസിയുടെ 'ഐ ലവ് സിനിമ ' എന്നിവ ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ചലച്ചിത്രങ്ങളാണ്. സിനിമയോടുള്ള ബാല്യകാലത്തെ അടക്കാനാകാത്ത ആകര്‍ഷണത്തെ അതീവ ഹൃദ്യമായി പകര്‍ത്തിയ ചിത്രങ്ങളാണ് ഇതില്‍ 'സിനിമാ പാരഡൈസോ'യും 'ഐ ലവ് സിനിമ'യും. ഈ ഗണത്തില്‍ പെടുത്താവുന്ന അതിമനോഹരമായൊരു ഹ്രസ്വചിത്രമാണ് നോര്‍വീജിയന്‍ ചിത്രമായ 'ദ സിനിമാ ടിക്കറ്റ് '.
പത്തു വയസ്സിനടുത്ത് പ്രായം വരുന്ന കുട്ടിയാണ് ഇതിലെ മുഖ്യ കഥാപാത്രം. അവന്റെയോ സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെയോ പേര് സിനിമയില്‍ ഉപയോഗിക്കുന്നില്ല. ഏതു പേരില്‍ ഏതു നാട്ടില്‍ ആയാലും ബാല്യത്തിന്റെ കുതൂഹലങ്ങളില്‍ ഒന്നാമത് സിനിമതന്നെയെന്നാവണം സംവിധായകന് ഓര്‍മ്മിപ്പിക്കുന്നത്. പാതയോരത്ത് സ്ഥാപിച്ച ബോര്‍ഡില്‍ സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നിടതാണ് 'സിനിമാ ടിക്കറ്റ് 'ആരംഭിക്കുന്നത്. പോസ്റ്ററൊട്ടിച്ചു കഴിഞ്ഞു അയാള്‍ പോയപ്പോഴേക്കും തൊട്ടു പിന്നിലെ മരത്തില്‍ നിന്നും അവന് ഉര്‍ന്നിറങ്ങി. ഉടന്‍ പ്രദര്‍ശനം ആരംഭിക്കുന്ന 'ഫ്ലാക്ലിപ്പാ ഗ്രാന്റ് പ്രിക്സ് ' എന്നാ സിനിമയുടെ പോസ്റ്റരാണ് അത്. ടിക്കറ്റ് നിരക്കില്‍ ഏറ്റവും താഴ്ന നിരക്ക് പത്തു ക്രോണ്‍ ആണ്. അവന്റെ കയ്യില്‍ മൂന്നു ക്രോണ്‍ ഉണ്ട്. ശേഷിക്കുന്ന പണം ഉണ്ടാക്കാന്‍ അവന് നടത്തുന്ന ശ്രമങ്ങളും അതില്‍ അനുഭവിക്കുന്ന വ്യത്യസ്ത വികാരങ്ങളും ആണ് സിനിമാ ടിക്കറ്റിന്റെ ശേഷിക്കുന്ന ഭാഗം.
പണം കണ്ടെത്തുന്നുതിനുള്ള ആദ്യ ശ്രമം അമ്മയുടെ പണക്കുടുക്കയില്‍ നിന്നുള്ള മോഷണം തന്നെ. അത് കയ്യോടെ പിടിക്കപ്പെടുന്നു. ചലച്ചിത്ര ഭാഷയുടെ അത്യന്തം ധ്വന്യാത്മകമായ ആവിഷ്കാരനാണ് ഇവിടെ കാണുന്നത്. അവന് വീട്ടിലെത്തുമ്പോള്‍ കാണുന്നത് അമ്മ അയയില്‍ ഉണങ്ങാനിട്ട പുതപ്പുകള്‍ , വളച്ചു കെട്ടിയ ചൂരല്‍ വടികളാല്‍ തല്ലി വൃത്തിയാക്കുന്നതാണ്. അവന് കുടുക്കയില്‍ നിന്നും പണം മോഷ്ടിക്കുന്നത് കാണുന്ന അമ്മ ആ വടിയില്‍ മുറുകെ പിടിക്കുന്നതെയുള്ളൂ. അടുത്ത ദൃശ്യം അടിവീണു തിണര്‍ത്ത പിന്നാമ്പുറം വെള്ളത്തില്‍ വെച്ച് കണ്ണീരൊലിപ്പിച്ചു ഇരിക്കുന്ന അവനെയാണ്. കണ്ണീരിനിടയിലും കിട്ടിയ ഒന്നോ രണ്ടോ നാണയം ഗൂഢമായി അവന് എടുത്തു നോക്കുന്നുണ്ട്. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ് അതുവരെ കിട്ടിയ നാണയങ്ങള്‍ തൊട്ടു തലോടിയാണ് അവന് ഉറക്കത്തിലേക്ക് പോകുന്നത്.
തൊട്ടടുത്ത ദിവസം മുതല്‍ ബാക്കി പണം ഉണ്ടാക്കുന്നതിനുള്ള കഠിനാധ്വാനത്തില്‍ അവന് ഏര്‍പ്പെടുകയാണ്. അയല്‍വാസികള്‍ക്ക് സാധനങ്ങള്‍ വാങ്ങിച്ചു കൊടുത്തും ഉപേക്ഷിക്കപ്പെടുന്ന മദ്യക്കുപ്പികള്‍ ശേഖരിച്ചും അവന് ഓരോ നാണയമായി സമ്പാദിക്കുന്നു. വലിയ പ്രോലോഭനങ്ങളെ അതിജീവിച്ചാണ് അവന് ആ നാണയം കൈക്കലാക്കുന്നത്. നാണയത്തിന് പകരമായി കടക്കാരന് നീട്ടുന്ന മിഠായികള്‍ നിരസിക്കാന്‍ അവനു പിന്ബലമാകുന്നത് സിനിമയുടെ കൂടിയ മധുരമാണ്. ഒടുവില്‍ ടിക്കറ്റിനു വേണ്ട പണം ഒത്തുവന്നപ്പോള്‍ അവന് സൈക്കിളുമായി തിയേറ്ററിലേക്ക് കുതിക്കുന്നു. വഴിയില്‍ കാത്തിരുന്ന നിര്‍ഭാഗ്യത്തില്‍ കൊണ്ട് അവന്റെ സൈക്കിളിന്റെ ടയര്‍ പഞ്ചാറായെങ്കിലും ആ സൈക്കിളും ഉരുട്ടിത്തന്നെ ഓടി അവന് തിയേറ്ററിലെത്തി. ക്യൂവില്‍ അവന്റെ ഊഴം എത്തുമ്പോഴേക്കും ഷോയ്ക്കുള്ള ടിക്കറ്റുകള്‍ തീര്‍ന്നു കഴിഞ്ഞിരിന്നു. പക്ഷെ അവനെ സഹായിക്കാനായി തിയേറ്ററിലെ ഓപ്പറേറ്റര്‍ താന്നെയെത്തുന്നു. ഓപ്പറേറ്റരുടെ മുറിയില്‍ നിന്നുതന്നെ രാജകീയമായി അവന് സിനിമ കാണുന്നിടത്താണ് 'സിനിമാ ടിക്കറ്റ് ' അവസാനിക്കുന്നത്.
'സിനിമാ ടിക്കറ്റ് ' എന്ന കൊച്ചു സിനിമ അതിന്റെ സവിശേഷമായ ചലച്ചിത്ര ഭാഷ കൊണ്ടാണ് നമ്മുടെ ഹൃദയം കവരുന്നത്. ഈ ചിത്രത്തില്‍ ഒരു സംഭാഷണശകലം പോലും സംവിധായകന് ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമയുടെ ഭാഷ കേവലമായ സംഭാഷണമല്ലെന്ന് കൂടിയാവാം ദൃശ്യങ്ങളിലൂടെ അതിമനോഹരമായ വിധത്തില്‍ വിനിമയം സാധ്യമാക്കി ക്കൊണ്ട് 'സിനിമാ ടിക്കറ്റ് ' തെളിയിക്കുന്നത്. അതിശയിപ്പിക്കുന്ന സൂക്ഷ്മതയാണ് സംവിധായകന് കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതില്‍ കാണിച്ചിരിക്കുന്നത്. രണ്ടു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന തിയേറ്ററിലെ ജീവിനക്കാരനെ നോക്കൂ. പോസ്റ്റര്‍ ഒട്ടിക്കുമ്പോഴും സിനിമയുടെ റീലുകള്‍ കൊണ്ട് വരുമ്പോഴും അയാളുടെ മുഖത്തു നിഴലിക്കുന്നത് ജീവിത പ്രയാസങ്ങളാണ്. എന്നാല്‍ ഇതെല്ലാം സിനിമയുമായി ബന്ധപ്പെട്ടതായത് കൊണ്ട് തന്നെ കണ്ടു നില്ക്കുന്ന കുട്ടിക്ക് അയാളോട് ആരാധനയാണ്. ശബ്ദ പഥത്തിന്റെ മനോഹരമായ ഉപയോഗം ഈ സിനിമയുടെ വിനിമയത്തില്‍ നിര്‍ണായക സ്ഥാനം കൈവരിക്കുന്നുണ്ട്. നാണയങ്ങള്‍ അട്ടിവെക്കുന്ന വൃദ്ധനായ കച്ചവടക്കാരന് മിഠായി കാട്ടി പ്രലോഭിപ്പിച്ചിട്ടും അവന് അത് വാങ്ങാതെ നാണയം തന്നെ വാങ്ങുമ്പോള്‍ ദേഷ്യം വന്ന് ഓരോതവണയും അയാള്‍ മേശമേല്‍ ഇടിക്കുന്ന ദൃശ്യത്തില്‍ ശബ്ദവും മനോഹരമായി ഇടപെടുന്നുണ്ട്. സിനിമയുടെ മായികമായ ആകര്‍ഷണത്തില്‍ കുടുങ്ങിയ കുട്ടിയുടെ വേദനകളും സിനിമയോടുള്ള അഭിനിവേശവും നിഗൂഡമായ ആനന്ദവും നമ്മെ അനുഭവിപ്പിക്കുന്ന ബാലനടന് അസാമാന്യമായ അഭിനയ ശേഷിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
സിനിമാ ടിക്കറ്റ് സംവിധാനം ചെയ്തത് ഗുണ്ണാര്‍ വികനെയാണ്. സിനിമയുടെ ശതാബ്ദി വര്‍ഷമായ 1995 ല്‍ നോര്‍വെയിലെ പ്രശസ്ത സിനിമാ തിയറ്റരായ 'ബെര്‍ജാന്‍ മുനിസിപ്പല്‍ സിനിമ'യാണ് ഈ ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. സിനിമയുടെ ചരിത്രത്തെയും ഒപ്പം ഭാവിയേയും ഉള്‍ക്കൊള്ളുന്ന ഒരു സിനിമയ്ക്കയുള്ള തിരക്കഥാ മത്സരത്തിലൂടെയാണ് ഇതിന്റെ നിര്‍മ്മാണം നടത്തപ്പെട്ടിട്ടുള്ളത്. നോര്‍വെയിലെ എക്കാലത്തെയും ജനപ്രിയ സിനിമയായ 'ഫ്ലാക്ലിപ്പാ ഗ്രാന്റ് പ്രിക്സ് ' എന്നാ കാര്‍ റേസിങ്ങുമായി ബന്ധപ്പെട്ട ചലച്ചിത്രത്തിനുള്ള സ്മരണാഞ്ജലി കൂടിയാണ് ഈ കൊച്ചു ചിത്രം.
അനുഭവങ്ങളെ രേഖപ്പെടുത്തുന്നതിന് ഓരോ മാധ്യമത്തിനും അതിന്റേതായ സവിശേഷതകള്‍ ഉണ്ട്. ആവിഷ്കരിക്കേണ്ട അനുഭവത്തിന്റെ ഒരുപാട് മുഹൂര്‍ത്തങ്ങളില്‍ നിന്ന് ഏറ്റവും തീവ്രമായവയെയും വൈകാരിക വിനിമയത്തിന് പ്രാപ്തമായവയെയും കണ്ടെത്തുക എന്നത് പ്രധാനമാണ്. ഈ ഒരു തിരിച്ചറിവിലേക്ക് കൊണ്ട് വരുന്നതിനു 'സിനിമാ ടിക്കറ്റ് ' പ്രയോജനപ്പെടുത്താവുന്നതാണ്. എം ടി യുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം പോലുള്ള കൃതികളില്‍നിന്ന് ചിലവ വായിക്കാം. അത്തരം ചര്‍ച്ചയുടെ തുടര്‍ച്ചയായി ചലച്ചിത്രത്തിലൂടെ ആവിഷ്കരിക്കപ്പെട്ട ഒരനുഭവം എന്നാ നിലയില്‍ ഈ കൊച്ചു ചിത്രം പ്രദര്‍ശിപ്പിക്കാം.ചലച്ചിത്ര പ്രദര്‍ശനത്തിനു ശേഷം സാധ്യതയുള്ള ക്ലാസ് റൂം ചര്‍ച്ചകള്‍ , പ്രവര്‍ത്തനങ്ങള്‍
- അനുഭവങ്ങളെ ആവിഷ്കരിക്കുന്നതില്‍ വ്യത്യസ്ത മാധ്യമങ്ങള്‍ക്കുള്ള വഴികള്‍ , ശക്തി ദൌര്ബല്യങ്ങള് എന്നിവ ചര്‍ച്ചചെയ്യാം.
സാമഗ്രികള്‍ : നിഴലാട്ടം: ഒരു ചലച്ചിത്ര പ്രേക്ഷകന്റെ ആത്മകഥ
(കല്‍പ്പറ്റ നാരായണന് , മാതൃഭൂമി ഓണപ്പതിപ്പ് 2010) , ദ സിനിമാ ടിക്കറ്റ് ( DVD - short 8 vision )
- എങ്ങിനെയാണ് സംഭാഷണഭാഷയെ പ്രയോജനപ്പെടുത്താതെ തന്നെ സിനിമ ആശയ വിനിമയം സാധ്യമാക്കുന്നത്? ചര്‍ച്ച
'ദ സിനിമാ ടിക്കറ്റ് ' എന്ന ചലച്ചിത്രത്തിന് ഒരു ആസ്വാദനം തയ്യാറാക്കുക.
ഈ സിനിമയിലെ കുട്ടിയുടെ സിനിമയോടുള്ള ഉത്കടമായ അഭിനിവേശത്തെ എങ്ങിനെയാണ് സംവിധായകന് നമ്മെ അനുഭവിപ്പിക്കുന്നത്?
- ദൃശ്യങ്ങള്‍ ഉദാഹരിച്ചു വിശദീകരിക്കുക.
- ദൃശ്യങ്ങള്‍ക്ക് സംഭാഷണം ഒരുക്കാം
- അടികിട്ടി കരയുന്ന മകനെ ആശ്വസിപ്പിക്കുന്ന അമ്മയും അവനും തമ്മില്‍ നടന്നിരിക്കാവുന്ന സംഭാഷണം.
- കടക്കാരനും കുട്ടിയും തമ്മിലുള്ള ഓരോ ദൃശ്യത്തിന്റെയും സംഭാഷണം.
ഒരു കാലത്ത് സിനിമ കാണുക എന്നത് ഒരു ഭാഗ്യമായിരുന്നു, പ്രത്യേകിച്ച് നാട്ടിൻപുറത്തുകാർക്ക്. ഇന്ന് കാലം മാറി, പോയകാലത്തുള്ള എന്റെ ഒരു സിനിമാ അനുഭവം
മറുപടിഇല്ലാതാക്കൂഇവിടെ വായിക്കാൻ
കഴിയും.
സിനിമയെ ക്ലാസ് മുറിയില്‍ എങ്ങിനെ പ്രയോജനപ്പെടുത്തും എന്നത് ഇന്ന് ഒരു വിഷയമാണ്. ഒരു സഹായക സാമഗ്രി എന്നതിനപ്പുറം പാഠം (ടെക്സ്റ്റ് ) ആയിത്തന്നെ സിനിമയെ ക്ലാസ് മുറിയില്‍ പ്രയോജനപ്പെടുത്താവുന്നതാണ് . ഭാഷ, മാനവിക വിഷയങ്ങള്‍ എന്നിവയില്‍ ഇതിന്റെ സാധ്യത വളരെ കൂടുതലാണ്. സിനിമ കണ്ടു കഴിയുന്നിടത്ത് അവസാനിക്കാതെ അതിന്റെ തെളിച്ചങ്ങളെ ക്ലാസില്‍ എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതിന്റെ ചില സൂചനകളാണ് ഇവിടെ.
മറുപടിഇല്ലാതാക്കൂപ്രേമന് മാഷ്
മറുപടിഇല്ലാതാക്കൂസിനിമ ടിക്കറ്റിനു മറ്റൊരു അനുഭവം ഉണ്ട്.
നമ്മുടെ അധ്യാപക സമൂഹത്തിന്റെ കപട സദാചാരം .
ഞാനും ഉണ്ണിയും (കാസര്‍ഗോഡ്) ഒരു എസ ആര് ജി പരിശീലനത്തില്‍ ഈ സിനിമ പരിചയപ്പെടുത്തി
ഉഗ്രന്‍ പ്രതികരണം. ആസ്വാദന കുറിപ്പും ചര്‍ച്ചയും വിലയിരുത്തലും .നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കേരളത്തില്‍ മുഴുവന്‍ കാണിക്കാന്‍ എര്പാട് ചെയ്തു.സി ഡി യും ജില്ലകള്‍ക്ക് നല്കി. ഡി ആര് ജി പരിശീലനം കഴിഞ്ഞു.
അപ്പോള്‍ ഒരു DIET പ്രിന്‍സിപ്പല്‍ വിളിച്ചു.
"കുടിയന്മാരുടെ ഈ ഫിലിം കാണിക്കണോ "
ഞാന്‍ ഞെട്ടി.
അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പരസ്യമായി കുടിക്കുന്നത് ......
അതോ ഞാന്‍ തമാശ കേട്ട് നാസ്വടിച്ചു ഫോണ വെച്ച്
അപ്പോള്‍ അടുത്ത വിളി
"സാര്‍
ആകെ കുഴപ്പം "
എന്താ കാര്യം ?
"ആണുങ്ങള് മൂത്രം ഒഴിക്കുന്നു.
ടീച്ചര്മാര് .."
എവിടുത്തെ ടീച്ചര്മാര്ക്കാന് പ്രശ്നം ഉണ്ടായത്?.
കൊല്ലം .....
പിന്നെയും വന്നു സദാചാരം മുട്ടിയ വിളികള്‍.ഒരു സംഘടനയും.
വഴിയില്‍ മൂത്രമൊഴിക്കുന്നത് മാത്രമേ അവര്‍ കണ്ടുള്ളൂ
ആ മോഡ്യൂളില്‍ സഫ്ദര്‍ ഹാഷ്മി ഗ്രൂപിന്റെ അവസാനത്തെ പൂവ് എന്നാ ചിത്രകതയും കൊടുത്തിരുന്നു.
പരിഷത്ത് മലയാളത്തില്‍ മൊഴി മാടം നടത്തിയത്.യുദ്ധത്തിനെതിരായത്.
കാര്‍ടൂണ്‍.അതിലും അശ്ലീലം ആരോപിക്കപ്പെട്ടു.തിരുവനന്തപുരം ആ ജോലി ചെയ്തു.നാണിപ്പിച്ചു
അങ്ങനെ ഒടുവില്‍ പിന്മാറേണ്ടി വന്നു (നാണം കെട്ട പിന്മാറ്റം )
നമ്മള് തോറ്റു പോകുമ്പോള്‍ ജയിക്കുന്നത് .
സിനിമയെ സമര്‍ത്ഥമായി എങ്ങിനെ സിനിമാ പഠനതിന്നും സാഹിത്യ പഠനത്തിനും പ്രയോജനപ്പെടുത്താം എന്നതിന് നല്ല ഉദാഹരണം തന്നെ ഇത്. പക്ഷെ കലാധരന്‍ മാഷ് പറഞ്ഞതുപോലെ ഉള്‍കൊള്ളാനും സമര്‍പ്പിക്കാനും തയ്യാറുള്ള അധ്യാപക സമുഹം എവിടെ ?
മറുപടിഇല്ലാതാക്കൂസിനിമ ക്ലാസ് മുറിയില്‍ പ്രയോജനപ്പെടുത്തേണ്ടതിനെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. പക്ഷേ ഇതിനു പകരം ഇന്ന് കേരളത്തില്‍ ഒരു രോഗം പോലെ പടര്‍ന്നു പിടിച്ചിരിക്കുന്നത് സ്കൂളുകളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള സിനിമാ നിര്‍മാണമാണ്. സിനിമ എങ്ങനെ കാണണം, ആസ്വദിക്കണമെന്ന ചര്‍ച്ച പോലും നടത്താന്‍ മടിക്കുന്നിടത്താണ് ഈ സിനിമ പിടുത്തം നടക്കുന്നതെന്നതാണ് ഏറെ വിചിത്രമായ കാര്യം. അടുത്തിടെ ഇങ്ങനെ സിനിമാ നിര്‍മാണത്തില്‍ പങ്കാളികളായ കുറച്ചു കുട്ടികളുമായി സംവദിക്കാനിടയായി. അവരുമായി നടന്ന അനൗപചാരിക ചര്‍ച്ചയില്‍ ഈ സംരംഭം അവരുടെ സിനിമാവബോധത്തിലോ, സിനിമാ സാക്ഷരതയിലോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് മനസ്സിലായി. അവരുടെ പ്രിയ സിനിമകള്‍ ഇപ്പോഴും മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇറങ്ങിയിട്ടുള്ള തട്ടു പൊളിപ്പന്‍ മസാല ചിത്രങ്ങള്‍ തന്നെയാണ്. സിനിമാമോഹങ്ങളുമായി നടക്കുന്ന ഒരു പറ്റം ചെറുപ്പക്കാരുടെ (അവിദഗ്ധരുടെ) ആഗ്രഹ പൂര്‍ത്തീകരണത്തിനുള്ള ഉപാധിയായി മാറിയിരിക്കുകയാണ് സ്കൂള്‍ സിനിമാ നിര്‍മ്മാണവും. (അപൂര്‍വമായി ചില അപവാദങ്ങള്‍ ഇല്ലെന്ന് പറയുന്നില്ല.)
മറുപടിഇല്ലാതാക്കൂഈ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തിലെ സിനിമാ സാധ്യതകളെക്കുറിച്ചുള്ള വേറിട്ട സാധ്യതകളുടെ അന്വേഷണങ്ങള്‍ കൂടുതല്‍ പ്രസക്തമാണ്
സിനിമ ക്ളാസ്സ്മുറിയെ എത്രമാത്രം ഉത്സാഹഭരിതമാക്കുമെന്നു നിരന്തരം കാണുന്ന ഒരാളാണു ഞാൻ.എന്റെ കുട്ടികൾക്ക് ഒരൊ യൂണിറ്റിലും നൽകാൻ ഏതെങ്കിലും ഹ്രസ്വചിത്രമോ ഡോക്യുമെൻട്രിയോ തിരയുന്നതാണ് ഇപ്പൊഴുള്ള താൽപര്യം അത്തരമൊരു അന്വേഷണത്തിലേക്കു എന്നെ നയിച്ചത് മാഷും. എന്റെ കുട്ടികൾ സിനിമാസംവിധായകരാകില്ലായിരിക്കാം പക്ഷെ നല്ല ആസ്വാദകരാണ്. അവർ കളർ ഓഫ് പാരഡൈസും, ഡ്രീംസും ഒക്കെ കണ്ട് ആഹ്ളാദിക്കുന്നതും വിതുമ്പുന്നതും കണ്ട് ആഹ്ലാദിക്കുന്ന ഒരു ടീച്ചറാണു ഞാൻ. എന്റെ ഭാഷാക്ലാസ്സുകൾ മറ്റേതൊരു വിഷയത്തേക്കാളും അവർ ഇഷ്ടപ്പെടൂന്നുണ്ട് എന്നത് എന്റെ സ്വകാര്യമായ ഒരു അഹങ്കാരവുമാണ് അതിലേക്കു എന്നെ വഴിനടത്തിയതു എന്റെ കൈയിൽ ഉണ്ടായിരുന്ന ഫീച്ചർസിനിമകളും ഹ്രസ്വചിത്രങ്ങളും ആണ്. ഓരോ ചിത്രങ്ങളഉം ക്ളാസ്സിൽ ഒറിപിടി ഭാഷാപ്രവർത്തനത്തിനുള്ള വാതിലുകൾ തുറന്നിടുന്നു അവർ അതിലേക്കു അഹ്ളാദത്തോടെ കടന്നു ചെല്ലുന്നു. തീർച്ചയായും സിനിമ ക്ലാസ്സ്മുറികളിൽ അത്ഭുതങ്ങൾ തീർക്കും ഉറപ്പ്.
മറുപടിഇല്ലാതാക്കൂസ്മിത അരവിന്ദ്.
മിനി, കലാധരന്‍ , അയനം , സ്മിത, സഞ്ജീവന് വായിച്ചതിനും കമന്റെഴുതിയനും നന്ദി.
മറുപടിഇല്ലാതാക്കൂകലാധരന് പറഞ്ഞത് പോലെ "ക്ഷീരമുള്ളോരു .. " എന്ന മനസ്ഥിതിയാണ് മിക്ക മാഷന്മാരുടെയും കൊടിയടയാളം. എങ്ങിനെ എല്ലാത്തിലും എന്തെങ്കിലും കുറ്റം കണ്ടെത്തി ഒന്നും ചെയ്യാതിരിക്കാം എന്ന് ഗവേഷണം നടത്തുന്ന ഇക്കൂട്ടരെ അവഗണിച്ചു കൊണ്ട് മാത്രമേ കാമ്പുള്ള വല്ലതും ചെയ്യാന്‍ കഴിയൂ. സിനിമാ ടിക്കറ്റ് പോലുള്ള ഒരു സിനിമയില്‍ , അരമിനുട്ടില്‍ താഴെ തികച്ചും അപ്രധാനമായി കാണിക്കുന്ന മൂത്ര മൊഴിക്കുന്നതും കള്ള് കുടിക്കുന്നതും മാത്രം കാണുന്ന ഒരു മാനസികാവസ്ഥയാണ് നാം പരിശോധിക്കേണ്ടത്. ഇവരുടെ സ്കൂളില്‍ ബയോളജി വിഷയം നിരോധിച്ചിട്ടുണ്ടാവുമോ?
അയനം, പറഞ്ഞത് നൂറു ശതമാനം ശരിയാണ്. സിനിമാപിടുത്തം നടക്കട്ടെ. പക്ഷെ അതിനു മുന്‍പ് കുറെ നല്ല സിനിമകള്‍ കാണണം, ആസ്വദിക്കണം, അവയുടെ നന്മ ചര്‍ച്ച ചെയ്യണം. അതിനു പക്ഷെ പ്രാധാന്യം കുറഞ്ഞു വരുന്നുണ്ടോ?
സ്മിത, നല്ല ഭാഷാദ്ധ്യാപകന്‍ ഒരിക്കലും പാഠപുസ്തകത്തില്‍ മാത്രം ഒതുങ്ങുന്നവരല്ലാല്ലോ? തുടര്‍ന്നും ഗംഭീരമായി ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ തുടരട്ടെ.
തിരുവനന്തപുരം ,,,ഒരു ഡി .ആര് .ജി .സഫ്ദര്‍ ...മാല ശ്രീ ..നാടകങ്ങള്‍...ചിന്തയില്‍ തീ പടര്‍ത്തിയ അനുഭവം കത്തി നില്‍പ്പുണ്ട് .അവസാനത്തെ പൂവ് കൈയ്യില്‍ കിട്ടിയപ്പോള്‍ പരിശീ ലനത്തില്‍ അതുപയോഗിക്കാന്‍ തീരുമാനിച്ചവരെ അഭിനന്ദിച്ചു പോയി .പക്ഷെ... ഡി.ആര്.ജി ആക്രോശങ്ങള്‍ കേട്ട് ഞെട്ടി .ശ രീര മെന്നാല്‍ അശ്ലീല മെന്ന പൊതു ധാരണയുടെ ബാക്കി പത്രം .നാം ശ രീ രത്തെ ഭയക്കുന്നതെന്തിനു എന്ന ചോദ്യത്തിനു മറുപടി...ശ്ശോ..കുട്ടികള്‍.. അധ്യാപകര്‍ ...അവരെന്തു കരുതും ഒരു കൂട്ടിചേര്‍ക്കലും,,ബിന്ദു ടീച്ചര്‍ അങ്ങനെയാണെന്ന് വച്ച്....മാഷെ.. മുട്ട് മടക്കി അവിടെ .അധ്യാ ..പരി ശീ ലനത്തിനു അതുപയോഗിച്ചു.ആകാശം പിളര്‍ന്നില്ല...അവരത് നോക്കി കാഴ്ചപ്പാടുകള്‍ കുറിച്ച് സഫ്ദ് രിനോട് ഹൃദയം ചേര്‍ത്തു വച്ചു. മനുഷ്യന് മനുഷ്യനെ കൊല്ലുന്നതില്‍ അശ്ലീലം കാണാത്തവര്‍... കേവലാഹ്ലാ ദ ങ്ങളുടെ ചുവരെഴുത്തുക ളായി മാറുന്നവരോട് സഹതാപം വര്‍ദ്ധിപ്പിക്കാന്‍ സിനിമാ ടിക്കറ്റ് കുറിപ്പ് സഹായിച്ചു. കനത്ത കുറിപ്പുകള്‍ ഇനിയുമുണ്ടാവുമല്ലോ
മറുപടിഇല്ലാതാക്കൂസിനിമ ടിക്കറ്റ് കണ്ട്ടപ്പോള് എനിക്ക് എന്റ്റെ കുട്ടിക്കാലം ഓര്‍മ്മ വന്നു
മറുപടിഇല്ലാതാക്കൂetharam modulukal victers chanalilude kattikkoode
മറുപടിഇല്ലാതാക്കൂപ്രേമന് മാഷേ, ദാ ഇവിടെ ഇത് സംബന്ധിച്ച് ഒരു വിവരശേഖരണം നടക്കുന്നു
മറുപടിഇല്ലാതാക്കൂcinimayalla prasnam.etrathoalam moolyam labhikkuvennadan. mattangal ulkkollan thayyarakukayanu adyapaka samooham thayyarakendad.
മറുപടിഇല്ലാതാക്കൂ