2010, ഡിസംബർ 23, വ്യാഴാഴ്‌ച

ചലച്ചിത്രോത്സവത്തിലെ ഹരിതമുദ്രകള്‍


പാരിസ്ഥിതികമായ ആശങ്കകള്‍ ആഗോളതലത്തിലും പ്രാദേശികമായും നമ്മെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പതിനഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞത്. അന്താരാഷ്ട്ര ജൈവവൈവിധ്യ വര്‍ഷാചരണത്തിനിടയിലും, എന്‍ഡോസള്‍ഫാന് വീണ്ടുമൊരിക്കല്‍ കൂടി ക്ലീന്‍ ചിറ്റ് നല്‍കാനുള്ള 'സി.ഡി. മായി കമ്മറ്റിയെ' ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന സമരജ്വാല ആളിക്കത്തിച്ചു കൊണ്ട് കാസര്‍ഗോട്ടെ ഗ്രാമങ്ങള്‍ ഉറക്കമൊഴിക്കുകയായിരുന്നു അപ്പോഴും. അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങു തിരുവനന്തപുരത്തും, കാസര്‍ഗോടുനിന്നെത്തിയ സുഹൃത്തുക്കള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കണ്ണിനെ കലക്കുന്ന ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കാന്‍ കൈരളി തിയേറ്ററിന്റെ നടയില്‍ സ്വന്തം കാറ് തന്നെ ഗാലറിയായി നല്‍കി ബിനുലാലിനെപ്പോലുള്ള യുവാക്കള്‍ മുന്നോട്ടുവന്നു. അപ്പോള്‍ അക്കാദമി ചലച്ചിത്രോല്‍സവത്തിന്റെ ശുഭ്രവും കുലീനവുമായ തിരശ്ശീലയെ മറയാക്കി എങ്ങിനെ ഈ തപിക്കുന്ന ചിത്രങ്ങളുടെ ചൂടില്‍ നിന്നും രക്ഷപ്പെടും. ഭാഗ്യമെന്നു പറയട്ടെ, പ്രത്യക്ഷത്തിലല്ലെങ്കിലും അക്കാദമിയുടെ ഈ വര്‍ഷത്തെ ചലച്ചിത്രോല്‍സവ അടയാളങ്ങലിലെല്ലാം ജൈവവൈവിദ്യ വര്‍ഷാചരണത്തിന്റെയും പ്രകൃതിയോടുള്ള കനിവാര്‍ന്ന സമീപനത്തിന്റെയും മുദ്രകള്‍ തെളിഞ്ഞു കാണാമായിരുന്നു.

ചലച്ചിത്രോല്‍സവത്തിന്‍റെ പ്രധാന പ്രസാദമായ 'നമ്പര്‍ ' സഞ്ചി യിലാണ് വ്യത്യാസം ആദ്യം ‘മണത്തത്’. അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായി പരുത്തിത്തുണി കൊണ്ടുള്ള ബേഗ്. ഒന്നാന്തരം നാടന്‍ പരുത്തിസഞ്ചിയുടെ മണം ചലച്ചിത്രോല്‍സവം കഴിയുന്നത് വരെ തോളിലും മനസ്സിലും തങ്ങിനിന്നു. അതില്‍ പച്ചയില്‍ അഴക്‌ വിടര്‍ത്തിയ 'പതിനഞ്ച് 'എന്ന തവണ സംഖ്യക്ക് പുറമേ പച്ചവിരലടയാളം മാത്രം. സ്വാഭാവിക പരുത്തിയുടെ ക്രീം നിറത്തിനു മേല്‍ ഹരിതമുദ്രകള്‍ കട്ടിയില്‍ തെളിഞ്ഞു നിന്നു. കറുപ്പിലും മറ്റു കടുംനിറത്തിലും പതിവായി കിട്ടികൊണ്ടിരുന്ന സിന്തറ്റിക്ക് വസ്തുകൊണ്ടുള്ള സഞ്ചിയുടെ സ്ഥാനത്താണിത് എന്നതാണ് ഇതിനെ എടുത്തു പറയത്തക്കതാക്കുന്നത്. തിരുവനതപുരത്തെക്ക് ഫിലിം ഫെസ്റ്റിവെലിനായി മാത്രം എത്തിച്ചേരുന്ന  പത്തായിരത്തിനടുത്തു ഡെലിഗേറ്റുകള്‍ക്ക് നല്‍കാറുള്ള സിന്തറ്റിക്ക് സഞ്ചികളാണ് ഓരോ വര്‍ഷവും ചലച്ചിത്ര അക്കാദമിയുടെ പാരിസ്ഥിക സംഭാവനയായി ഉണ്ടാകാറുള്ളത്. 

ചലച്ചിത്രോത്സവത്തിന്‍റെ ഈ വര്‍ഷത്തെ മുദ്രകളില്‍ എല്ലാം നിറഞ്ഞു നിന്നത് വിരലടയാളങ്ങള്‍ മാത്രമാണ്. കട്ടിയിലും ഇളം നിറത്തിലും അവ പ്രതലമാകെ മൂടി നിന്നു. കറുപ്പിലും വെളുപ്പിനും പുറമേ പച്ചയും അല്‍പ്പം ചുകപ്പും ചാലിച്ചുചേര്‍ത്തു നെയ്തെടുത്ത ഇത്തവണത്തെ പോസ്റ്ററുകള്‍ ആരുടെ മനസ്സിലും പച്ചയുടെ കുളിര്‍മ്മ നിറക്കുന്നതായിരുന്നു. കടും പച്ചയിലും ഇളം പച്ചയിലും ഉള്ള ചുണ്ടൊപ്പുകള്‍ ഇലകളെപ്പോലെ മനസ്സില്‍ തണല് വിരിച്ചു. താഴെ നരച്ച നിറത്തില്‍ കൈമുദ്രകള്‍ തന്നെ ആകാശവും തീര്‍ത്തു. IFFK എന്ന ഐക്കണ്‍ എഴുത്തിന് മുകളില്‍ , തുടുത്ത സൂര്യന്‍റെ മുട്ടയിട്ടെന്നോണം ചകോരം പാറിപ്പറന്നു. ഒറ്റ ലിപി പോലുമില്ലാതെ പോസ്റ്ററുകളുടെ പകുതി സ്ഥലം പച്ചയുടെ കാട് കയറി പടര്‍ന്നു നിന്നു. ഭീതിതമായ ഡിസൈനുകളിലും നിറച്ചാര്‍ത്തുകളിലും അഭിരമിക്കുന്ന ഫെസ്റ്റിവല്‍ പോസ്റ്ററുകളും ബോര്‍ഡുകളും ജൈവവൈവിദ്യ വര്‍ഷത്തിലെങ്കിലും ഇപ്രകാരം മാറ്റാന്‍ തോന്നിയതില്‍ അക്കാദമിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. കൈരളിയുടെ മുന്നിലെ ഗേറ്റില്‍ ,ന്യൂവിനു മുന്നിലെ നീണ്ട അലങ്കാരങ്ങളില്‍ പച്ച നിറഞ്ഞു നിന്നു. മീഡിയാ സെന്ററുകളും സ്റ്റാളുകളും മുളകൊണ്ടും തുണികൊണ്ടും കെട്ടിയുയര്‍ത്തി.   

ഈ വിചാരത്തിനു ആക്കം കൂട്ടുന്നതായിരുന്നു ചലച്ചിത്രോത്സവത്തിന്റെ ഒപ്പ് ചിത്രം ( signature film ). കടലിന്റെ അടിത്തട്ടില്‍ നിന്ന് ആരംഭിക്കുന്ന ഈ അനിമേഷന്‍ ചിത്രത്തില്‍ ആദ്യ ദൃശ്യത്തില്‍ തെളിഞ്ഞു വരുന്നത് ജീവി വര്‍ഗത്തിന്റെ ആദ്യ മുകുളങ്ങളാണ്. നിറച്ചാര്‍ത്തില്‍ കൊച്ചു മീനുകളും ചെടികളും വെള്ളത്തില്‍ തലയാട്ടി നിന്നു. അടുത്ത ദൃശ്യത്തില്‍ കരയുടെ ഉപരിതലത്തില്‍ താമരയ്ക്കും മറ്റു പൂക്കള്‍ക്കും വള്ളികള്‍ക്കുമിടയില്‍ ചെറുപക്ഷികളും ചിറകുവിരിച്ച കൌതുകങ്ങളും പറന്നു നടന്നു. അവിടെ നിന്ന് നിറങ്ങളില്‍ നീരാടിയ ചെറു പൂമ്പാറ്റകള്‍ ആകാശത്തേക്ക് തിരക്ക് കൂട്ടി. മേഘപടലങ്ങള്‍ക്കും മുകളില്‍ ചിരിച്ചുനിന്ന ചന്ദ്രനെ വലംവെച്ചു അവ സ്ക്രീനിലാകെ നിറഞ്ഞു മിടിച്ചു. ഒരിക്കല്‍ കൂടി സ്ക്രീന്‍ ഇരുണ്ടു തെളിഞ്ഞപ്പോള്‍ മിന്നാമിനിങ്ങുകള്‍ മിന്നുകയും കെടുകയും ചെയ്തു കൊണ്ടിരുന്നു. അവ, ചലച്ചിത്രോത്സവത്തിനു അരവിന്ദന്‍ തുല്യം ചാര്‍ത്തിക്കൊടുത്ത തോല്പാവക്കൂത്തിലെ വേഷത്തിന്റെ അലങ്കാരപ്പൊട്ടുകളായി പരിണമിക്കുമ്പോള്‍  ആ രൂപത്തില്‍ നിന്ന് പൂമ്പാറ്റകള്‍ മെല്ലെ പറന്നകലുന്നു. അപ്പോള്‍ അക്കാദമിയുടെ സ്വന്തം പക്ഷിയായ ചകോരം ശുഭ സൂചനയായി സ്ക്രീനിന്റെ ഇടത്ത് നിന്ന് വലത്തോട്ടു ചിറകടിച്ചു കൊലാഹലത്തോടെ പറന്നു ചെന്നു. 'ചാലേ വലത്തോട്ടൊഴിഞ്ഞ ചകോരാദി പക്ഷികളുടെ കോലാഹലം കേട്ടുകൊണ്ട് വിനിര്‍ഗമിച്ചു' എന്നാണല്ലോ കുചേലന്റെ കൃഷ്ണനെ കാണാനുള്ള പുറപ്പാട് വര്‍ണിക്കപ്പെട്ടിട്ടുള്ളത്. മറ്റു തരത്തില്‍ ദരിദ്രരായ പ്രേക്ഷകരെ സൌന്ദര്യത്തിന്റെ കൊട്ടാരങ്ങള്‍ക്കു അവകാശികളാക്കുകയാണല്ലോ ചലച്ചിത്രോല്‍സവയാത്രയും. ജലം, ഭൂമി, ആകാശം എന്നിവിടങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ജീവന്റെ തുടിപ്പുകളെ, ജൈവ വൈവിധ്യത്തെ സമഞ്ജസമായി കൂട്ടിയിണക്കാന്‍ ഒപ്പ് ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ഒന്‍പതു തിയേറ്ററുകളില്‍ രാപ്പകല്‍ അതിശക്തിയുള്ള എ. സി. പ്രവര്‍ത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്ന ഫ്ലോറോ യൂറോ കാര്‍ബണ്‍ , അതാതു ദിവസം ഒന്‍പതു തിയേറ്ററുകളിലും പതിക്കുന്ന ചലച്ചിത്രപ്രദര്‍ശനത്തിന്റെ വിശദാംശങ്ങളുടെ ഫ്ലക്സ് ബോര്‍ഡ്, പന്ത്രണ്ടായിരത്തില്‍ പരം ആളുകള്‍ നഗരത്തില്‍ എത്തിച്ചേരുമ്പോള്‍ ഉണ്ടാകുന്ന മറ്റു മാലിന്യങ്ങള്‍ എന്നിവ കാണാതെയല്ല ഈ കുറിപ്പ്. ആള്‍ക്കൂട്ടത്തിനെ വിളിച്ചുകൂട്ടുന്ന ഏതു ഉത്സവവും തീര്‍ച്ചയായും പരിസ്ഥിതിക്ക് ഏറെ കോട്ടങ്ങള്‍ നല്‍കും. അത് മുന്കൂട്ടിക്കാണാനും കഴിയുന്നത്രയെങ്കിലും കുറച്ചു കൊണ്ടുവരാനും ഒപ്പം പാരിസ്ഥിതികമായ ഒരവബോധം സൃഷ്ടിക്കാനും സംഘാടകര്‍ ഈ അവസരത്തില്‍ എത്രമാത്രം പരിശ്രമിക്കുന്നു എന്നതാണ് പ്രധാനം. പ്ലാസ്റ്റിക് മാലിന്യങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയും, വൈകുന്നേരം മുതലുള്ള പ്രദര്‍ശനങ്ങള്‍ തുറന്ന ഓഡിറ്റോറിയങ്ങളില്‍ ആക്കിയും കേരളത്തിന്റെ അഭിമാനമായ അന്താരാഷ്‌ട്ര ചലച്ചിത്രോല്സവത്തിനെ, മറ്റെല്ലാ തരത്തിലും നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ ചുറ്റുപാടുകള്‍ക്ക് ഇണക്കാന്‍ ചലച്ചിത്ര അക്കാദമി കൂടുതല്‍ ശ്രദ്ധ ചെലുത്തിയെ മതിയാകൂ.     

7 അഭിപ്രായങ്ങൾ:

  1. പ്ലാസ്റ്റിക് മാലിന്യങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയും, വൈകുന്നേരം മുതലുള്ള പ്രദര്‍ശനങ്ങള്‍ തുറന്ന ഓഡിറ്റോറിയങ്ങളില്‍ ആക്കിയും കേരളത്തിന്റെ അഭിമാനമായ അന്താരാഷ്‌ട്ര ചലച്ചിത്രോല്സവത്തിനെ, മറ്റെല്ലാ തരത്തിലും നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ ചുറ്റുപാടുകള്‍ക്ക് ഇണക്കാന്‍ ചലച്ചിത്ര അക്കാദമി കൂടുതല്‍ ശ്രദ്ധ ചെലുത്തിയെ മതിയാകൂ.

    മറുപടിഇല്ലാതാക്കൂ
  2. പരിസ്ഥിതി സംരക്ഷണം മുദ്രാവാക്യങ്ങളിലും പോസ്റ്ററുകളിലും ഒതുങ്ങുന്ന, മാലിന്യ സംസ്കരണം നമ്മുടെ പണിയല്ലപ്പാ എന്നു ഗമയിൽ മൊഴിയുന്ന മലയാളിയുടെ മുന്നിൽ പച്ചയുടെ ഇത്തിരി വെട്ടം തെളിക്കാൻ ചലച്ചിത്രോത്സവത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതൊരു ചെറിയ കാര്യമല്ല. ഇതുകൊണ്ടു അവസാനിപ്പിക്കാതെ മനസ്സിൽ നിന്നു മനസിലേക്കു കൊളുത്തിയ കെടാവിളക്കായി അതു പ്രകാശിപ്പിക്കാൻ കഴിയുമ്പോഴേ ആ യജ്ഞം ചൈതന്യവത്താകു അല്ലാത്തപക്ഷം അതു വെറും.......

    മറുപടിഇല്ലാതാക്കൂ
  3. watch this short film and add ur comments

    http://www.youtube.com/watch?v=vDOM1rk_jso

    മറുപടിഇല്ലാതാക്കൂ
  4. watch above short film its about pollution and campus politics watch and add ur comments pls its a request..................


    http://www.youtube.com/watch?v=vDOM1rk_jso

    മറുപടിഇല്ലാതാക്കൂ
  5. പ്രസംഗത്തില്‍ മാത്രം ഒതുങ്ങുന്ന പരിസ്ഥിതിസ്നേഹം നമുക്കിനിയും വേണോ? നാം ഓരോരുത്തരും എത്ര ലാഘവത്തോടെയാണ് ഈ ഭൂമിയെ മലിനമാക്കുന്നത് എന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? ആത്മാര്‍ത്ഥമായ ഒരു ഇടപെടല്‍ നാം നടത്തുന്നുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  6. PRATHIKARANANGALELLAAM CHAAYAKKOPPAYIL ODUNGAATHIRUNNENKIL.. CHURUNGIYA PAKSHAM MANNINODUM PACCHAPPINODUMULLA SNEHAMENKILUM...

    മറുപടിഇല്ലാതാക്കൂ
  7. ഫെസ്റ്റിവലിന് എത്താൻ പറ്റിയില്ല. എങ്കിലും പരിസ്ഥിതി സംബന്ധമായ ,ഈ വിലയിരുത്തൽ നന്നായി. കാണുമ്പോൾ നാം കണ്ണു തുറന്നിരിക്കണമല്ല്ലോ...

    മറുപടിഇല്ലാതാക്കൂ